Followers

Sunday, September 29, 2024

ഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ

 






മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ മതദർശനത്തെക്കുറിച്ച് പറയുമ്പോൾ മിക്കവാറും പേരും ഈ വാക്യം ഉദ്ധരിക്കാറുണ്ട്. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വീക്ഷണമാണിത്. സങ്കീർണമായ ആശയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി കാലുഷ്യമുണ്ടാക്കുന്ന രീതിയല്ല ഗുരുവിൻ്റേത്.ഗുരു യാതൊന്നും അനാവശ്യമായി ദീർഘിപ്പിച്ച് സംസാരിച്ചിട്ടില്ല. സംക്ഷിപ്തമായി കാര്യങ്ങൾ ഗ്രഹിക്കുന്നതുകൊണ്ട്, കുറച്ച് പറയുന്നതാണ് ശരി എന്നാണ് ഗുരുവിൻ്റെ നിലപാട് .

മതം എന്ന വലിയ ആശയസംഹിതയെ  വ്യാഖ്യാനിച്ചു പഠിപ്പിക്കുകയല്ല ഗുരു ചെയ്തത്. മതത്തിൻ്റെ സാരം എന്താണെന്ന് മനസ്സിലാക്കുകയും അത് ഉൾക്കൊള്ളാൻ മനുഷ്യർക്ക് എത്ര ശക്തിയുണ്ട് എന്ന് പരിശോധിക്കുകയുമാണ് ഗുരു  ചെയ്തത്. എന്നാൽ ഓരോ മതത്തിൽപ്പെട്ടവരും അവരുടെ പെരുമാറ്റത്തിലെ വിഭാഗീയത പോരാഞ്ഞിട്ട് തർക്കിക്കുകയും പരസ്പരം ദ്രോഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ഗുരു മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞത്.അത് വാസ്തവത്തിൽ, ഒരു ഉപദേശമല്ല;ഒരു വിഷാദമാണ്. അതിനടിയിൽ ഗുരു അനുഭവിച്ച പ്രതിസന്ധികൾ കാണാനാകും.

മനുഷ്യൻ നന്നാകാത്തതിലുള്ള വിഷമം കൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നത് .എങ്ങനെയെങ്കിലും, മതത്തിൽ വിശ്വസിച്ചോ അല്ലാതെയോ ,നന്നായാൽ മതി. മതത്തിൽ വിശ്വസിക്കുന്നതിന് യുക്തിചിന്ത വേണ്ട .വിശ്വാസം ചതിക്കില്ല എന്നാണ് അവരുടെ 'വിശ്വാസം.'

റഷ്യൻ ദൈവശാസ്ത്രജ്ഞനായ നിക്കോളാസ് ബെർദ്യേവ് പറഞ്ഞു:  "The will to originality is not the will to be peculiar and unlike anybody else;it means the desire to derive one's consciousness from its primary source." ഈ ആശയസഹൃദയത്വത്തിൽ നിന്നു കൊണ്ട് പറയാം മൗലികമാകാനുള്ള ആഹ്വാനമാണ് ഗുരുവിൻ്റെ മതബോധത്തിൽ കാണാനാവുന്നത്. കളവും കാപട്യവും വെടിഞ്ഞ് ഉന്നതമായ ശുദ്ധി നേടണമെന്ന് ഗുരു പറഞ്ഞത് ഈ മൗലികതയെക്കുറിച്ചു തന്നെയാണ്. മൗലികത വേണമെങ്കിൽ പ്രത്യേകത നേടിയാൽ പോരാ ;അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായാൽ പോരാ. മനുഷ്യന്റെ ബുദ്ധിയുടെ, ബോധത്തിന്റെ പ്രാഥമിക തലത്തിൽ നിന്ന് ഉയരണം. കുറേക്കൂടി ഉന്നതമായ ഒരു വിതാനത്തിലെത്തണം. അപ്പോഴാണ് നമ്മുടെ ചിന്തകളുടെ പരിമിതി മനസ്സിലാവുന്നത്.

ദൈവത്തിനു മതമില്ല 

God has no religion_ ഗാന്ധിജി പറഞ്ഞത് ശ്രദ്ധിക്കണം. ദൈവത്തിന് മതമില്ലെന്ന്. അതുകൊണ്ട് നമുക്ക് മതമില്ല. നമ്മുടെ മതബോധത്തിന്റെ ഉന്നമനമാണത്. അത് മതവിരുദ്ധതയല്ല. വീക്ഷണപരമായ ഉയർച്ചയാണ്. ഇതാണ് നാം ഗുരുദർശനത്തിൽ നിന്ന് കണ്ടെത്തേണ്ടത്. ഏത് മതമായാലും നാം കൂടുതൽ നല്ല മനുഷ്യരാകണമെന്നതിൽ ഒരു വഴി ചൂണ്ടിക്കാണിച്ച് തരുകയാണ്. ആ പ്രസ്താവനയിൽ ആന്തരികമായ പരിവർത്തനത്തിന് വേണ്ടതായ ഉൽകൃഷ്ടമായ മനസ്സിനെക്കുറിച്ച് പറയുന്നില്ല. എന്നാൽ ഗുരു അത് ഉദ്ദേശിക്കുന്നുണ്ട്.മതവിശ്വാസമുള്ള എല്ലാവർക്കും നല്ല ധർമ്മബോധമോ സ്വഭാവമോ ഇല്ല. ബുദ്ധസന്യാസിമാരെക്കുറിച്ച് സഹോദരൻ അയ്യപ്പനുമായുള്ള സംഭാഷണത്തിൽ ഗുരു പറയുന്നത് ശ്രദ്ധിക്കണം: "ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? മത്സ്യം തിന്നുന്നവരും കള്ളുകുടിക്കുന്നവരും ധാരാളമുണ്ടെന്ന് നാം അറിയുന്നു." ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? മതവിശ്വാസിയായതുകൊണ്ട് ഒരു ഉത്തമവ്യക്തിയാകുന്നില്ല.മറ്റു മതങ്ങളിൽപ്പെട്ടവർക്കും ഇത് ബാധകമാണെന്ന് ഗുരു പിന്നീട് സൂചിപ്പിക്കുന്നുണ്ട്. അതിൻ്റെയർത്ഥം ഇങ്ങനെ വ്യാഖ്യാനിക്കാം: ഒരു മതവിശ്വാസിയായാലും പിന്നെയും നല്ലതിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കണം. അവിടെയാണ് മൗലികത. "പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം .ഈ മൂന്നു വിധത്തിലും തെറ്റുകൾ വരരുത്. തെറ്റുകൾ വന്നശേഷം ഹേ ,തെറ്റിപ്പോയല്ലോ എന്ന് തിരുത്താൻ സംഗതി വരാത്തവണ്ണം മനസ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ."ഇതാണ് ഗുരുവിൻ്റെ മതം. ഇതിലെല്ലാം അടങ്ങിയിരിക്കുന്നു .പ്രവൃത്തിയിൽ ശുദ്ധതയില്ലാത്തവന് എത്ര ഉത്കൃഷ്ടമായ മതം ഉണ്ടായിട്ടും പ്രയോജനമില്ല .

സമകാലികരായ ചില ആത്മീയാചാര്യന്മാർ ചിന്തിക്കുന്നതു പോലെ ശാന്തത കൈവരിച്ച് ഒരിടത്തിരുന്നാൽ ഏറ്റവും വലിയ വിദ്യാഭ്യാസമായി എന്ന് ഗുരു പറഞ്ഞിട്ടില്ല. ഗുരുവിൻ്റെ മാർഗത്തിൽ, നന്മ പ്രവൃത്തിയിലുണ്ടാകുമ്പോഴാണ്  ഉയർന്ന മാർക്ക്. വെറുതെ ശാന്തനായിരുന്നാൽ പോരാ ,ധ്യാനിച്ചാൽ പോരാ. ഗുരുവിൽ  ധ്യാനം പോലും പ്രവർത്തനമാണ്. പതിതർക്ക് വെളിച്ചം കൊടുക്കുന്ന ഒരു സാർത്ഥവാഹകനാവണം മനുഷ്യൻ. അതാണ് ഗുരുവിൻ്റെ മതത്തിൽ ഉൾപ്പെടുന്ന ഒരുവൻ.

അവന് ജാതിയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജാതി ഈ ലോകത്ത് എല്ലാവർക്കും ഒന്നുതന്നെയാണ്. ആ ജാതി സമഭാവനയാണ്, തുല്യതയാണ്, ആദരവാണ്, സമർപ്പണമാണ്, അനുകമ്പയാണ്, ക്ഷേമമാണ്. അതിൽ ഒന്നിക്കുമ്പോഴാണ് ലോകം ആ 'ഏകജാതി'യിലേക്ക് ഉയരുന്നത്. വാക്ക് ,വിചാരം, കർമ്മം എന്നിവയുടെ ശുദ്ധിയിലൂടെയാണ് ഗുരുവിന്റെ മതം പ്രഫുല്ലമാകുന്നത്.അതാണ് ഗുരുവിൻ്റെ ജീവന്മുക്താവസ്ഥ. മനുഷ്യൻ്റെ പരമമായ പദമാണത്. അത് ഒരു ശ്രേണിയാണ്. അവിടേക്കാണ് നാം എത്തിച്ചേരേണ്ടത്. അത് ഒരു പരിണാമഘട്ടമാണ്. ആത്മീയമായ പരിവർത്തനമാണത് .എല്ലാ മതങ്ങളിലും ആത്മീയമായ  രൂപാന്തരത്തിനും ആയിത്തീരലിനുമുള്ള നിർദ്ദേശങ്ങളുണ്ട്. പ്രാർത്ഥനകളും വ്രതങ്ങളും അതിനുള്ളതാണ് .ഗുരു പറയുന്നത് ഇങ്ങനെയൊക്കെ ചെയ്താലും ചിലർക്ക് നല്ല മനുഷ്യനാകാൻ കഴിയുന്നില്ലെന്നാണ്.

എന്താണ് മൗലികത ?

അതുകൊണ്ട് സമ്പൂർണ ശുദ്ധി വേണ്ടിയിരിക്കുന്നു. സമ്പൂർണ്ണ ശുദ്ധിവൽക്കരണമാണ് ഗുരുവിൻ്റെ മതം. ഇതാണ് ഒറിജിനാലിറ്റി അഥവാ മൗലികത .ഇതാണ് ജീവന്മുക്താവസ്ഥ .മനസിനെ അഴുക്കിൽ നിന്ന് മുക്തമാക്കാനുള്ള ആശയങ്ങളാണ് ഗുരുവിൻ്റെ മതത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് മനുഷ്യൻ്റെ പതിതമായ ബോധത്തിൽ നിന്ന് ഉൽകൃഷ്ടമായ ബോധത്തിലേക്കുള്ള ഉത്ഥാനമാണ്.

അമേരിക്കൻ എഴുത്തുകാരൻ ജോൺ ബറൗസ് പറഞ്ഞു: "One of the hardest lessons we have to learn in this life,and one that many persons never learn ,is to see the devine ,the celestial ,the pure ,in the common ,the near at hand - to see that heaven lies about us here in this world." ജീവിതത്തിലെ ഏറ്റവും കഠിനമായ പാഠങ്ങളിലൊന്നിനെപ്പറ്റിയാണ് വിവരിക്കുന്നത്. അത് പലരും ഒരിക്കലും പാലിക്കാത്തതാണ്. നമ്മുടെ സമീപത്തുള്ളതിൽ ,ഏറ്റവും സാധാരണമായതിൽ ദൈവികതയും സ്വർഗീയതയും പരിശുദ്ധതയും കണ്ടെത്തുക എന്നതാണത്. സ്വർഗ്ഗം ഈ ലോകത്തിൽ തന്നെയാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. പലപ്പോഴും  അയഥാർത്ഥ്യമായതിനുവേണ്ടി അലയാനാണല്ലോ മനുഷ്യൻ എന്ന വിശ്വാസിയുടെ വിധി. അവന് ഈ ജീവിതത്തെ നിരാകരിക്കേണ്ടി വരുന്നു. വളരെ ഏകാന്തവും, വ്യക്തിപരമായ അതിജീവനത്തെ മാത്രം ലക്ഷ്യമാക്കുന്നതുമായ വീക്ഷണം പലപ്പോഴും മഹത്വവൽക്കരിക്കപ്പെടുകയാണ്. ചുറ്റുമുള്ളവരുടെ ഉന്നമനമോ ഐക്യമോ ഇത്തരം നിർമ്മിത ആത്മീയതയിൽ കാണാനുണ്ടാവില്ല .ആത്മീയത ഒരാളുടെ ഒഴിഞ്ഞോട്ടത്തിനു വേണ്ടി നിർമ്മിച്ചെടുക്കുന്നതാവരുത്. ജീവിതത്തിനു പരിശുദ്ധിയും മൃദുലവുമായ ഭാവങ്ങൾ ഇല്ലാതാവുമ്പോൾ എല്ലാം നിർമ്മിക്കേണ്ടിവരും .നിർമിതിയിൽ കൃത്രിമമായി ഒരു തലമുണ്ട്. എന്തെന്നാൽ അത് നിർമ്മിക്കുക എന്ന പ്രവർത്തനത്തെ മുൻകൂട്ടി കണ്ടു ചെയ്യുന്നതാണ്.ഈ നിർമ്മിതിയുടെ നേരെ വിപരീതമാണ് ബറൗസ് ചൂണ്ടിക്കാണിക്കുന്നത് .ഏറ്റവും അടുത്തുള്ള വസ്തുവിൽ ദൈവികത അല്ലെങ്കിൽ വിശുദ്ധി ഉണ്ടെന്ന് കാണാൻ കഴിഞ്ഞാൽ നാം നന്നാകുന്നതിനു തെളിവായി. ഏറ്റവും നിസ്സാര വസ്തുവിൽ കാണാൻ ശ്രമിക്കേണ്ടത് ജീവിതത്തിൻ്റെ മഹത്വമായിരിക്കണം. സ്വർഗീയമായത് നമ്മെ കാത്ത് ഏറ്റവും നിസ്സാര വസ്തുവിൽ പോലുമുണ്ട്. അതിനരികിലൂടെ നാം അന്ധരെപ്പോലെ കടന്നുപോവുകയാണ്. പിന്നെ എങ്ങനെയാണ് വെളിച്ചത്തിലൂടെ അഭിവൃദ്ധി പ്രാപിക്കാനാവുക.?കണ്ണുണ്ടായിട്ടും അന്ധരെപ്പോലെ നടന്നു പോകുന്നവരോട് വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ പ്രയോജനമുണ്ടോ?

ബറൗസ്സ് പറയുന്നതിൽ ഒരു മഹത്തായ മനുഷ്യപ്പെരുമാറ്റമുണ്ട്. ഗുരുവിൻ്റെ മതത്തിലും അതു കാണാം.ഗുരു ഒരു വ്യവസ്ഥാപിത മതം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഗുരുവിൻ്റെ മതം ഒരാശയമാണ്, പ്രബുദ്ധതയാണ്. വിശ്വാസത്തിനും ദൈവത്തിനുമിടയിൽ നാം സ്വയം കാണുക, സ്വന്തം ഉത്തരവാദിത്വം നിറവേറ്റുക എന്നീ വെല്ലുവിളികൾ ഉയർത്തുകയാണ്. വിശ്വാസിയായിരുന്നതുകൊണ്ട് മാത്രം ഈ ആശയത്തെ ഉൾക്കൊള്ളാനാവില്ല. ദൈവികതയെ ബൗദ്ധികമായി പിന്തുടർന്നാലും സാധ്യമാകില്ല. ഇതിനിടയിൽ പ്രജ്ഞയിൽ നാം സ്വയം സാക്ഷ്യപ്പെടുത്തണം. അതിന്  മനുഷ്യർക്കിടയിലെ ജാതി വ്യത്യാസങ്ങൾ അസ്തമിക്കണം. ജാതിചിന്ത മനസ്സിൽ തിടം വച്ച് നിൽക്കുകയാണെങ്കിൽ ഗുരുവിന്റെ മതത്തിൻ്റെ വിശുദ്ധ ആദർശത്തിലേക്ക് എത്തിച്ചേരാനാവില്ല .

ശുദ്ധി ഒരു ബാഹ്യനിർമ്മിതിയല്ല 

വിശുദ്ധിയിലൂടെ ജീവൻമുക്താവസ്ഥയാണ് അവിടെ സാക്ഷാത്കരിക്കപ്പെടുന്നത്. ജീവിതത്തിലെ രമ്യത എന്ന് പറയുന്നത് പ്രായോഗികമായി മനസ്സിലാക്കണം. രമ്യത മനസ്സിൽ നിന്നുത്ഭവിക്കണം. അത് നിർമ്മിതിയാകരുത്. മനസ്സിലില്ലാത്തതുകൊണ്ട് രമ്യതയെ പ്രതിമയിൽ ആവിഷ്കരിച്ചാൽ മതിയാവുകയില്ല. ഇവിടെ നാം കാണുന്നത് ആശയത്തിന്റെ, ശുദ്ധിയുടെ ബാഹ്യനിർമ്മിതികളാണ്.കോട്ടുകോയിക്കൽ വേലായുധനുമായുള്ള  സംഭാഷണത്തിൽ ഗുരു പറയുന്നു: "അപ്പോൾ മതസാഹിത്യം എങ്ങനെയായിരുന്നാലും മനുഷ്യർ ദുഷിച്ചാൽ ഫലമില്ല. മനുഷ്യൻ നന്നാകണം .ജാതി പോകണം .പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം."

എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്ന ഗുരുദർശനം ഇവിടെ കാണാം. മതതത്ത്വങ്ങൾക്ക് ആന്തരികമായി ഐക്യമുണ്ട് .എന്നാൽ മനുഷ്യത്വമോ? മനുഷ്യത്വമില്ലാത്തവർ മതത്തിൻ്റെ പേരിൽ കലഹിച്ചാൽ  അത് ഒരു അസംബന്ധം നാടകമായിരിക്കും. 

"പലമതസാരവുമേകമെന്നു പാരാ- തുലകിലൊരാനയിലന്ധരെന്ന പോലെ പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം"

ഇത് സി.വി.കഞ്ഞുരാമനുമായുള്ള സംഭാഷണത്തിൽ ഗുരു കുറേക്കൂടി വിശദീകരിക്കുന്നുണ്ട്. അന്ധന്മാർ ആനയെ വിവരിക്കുന്നതു പോലെയാണ് മനുഷ്യർ സ്വന്തം മതത്തെപ്പറ്റി പറയുന്നതെന്ന്  വിശദീകരിക്കുകയാണ്. "രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠകൊണ്ട് ഒന്ന് മറ്റൊന്നിനെ തോൽപ്പിക്കുവാൻ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനം ഉണ്ടാകണമെങ്കിൽ സമബുദ്ധിയോടു കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസം ഇല്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ട് കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം"_ഗുരുവിൻ്റെ വാക്കുകൾ .ഇപ്പോൾ ഗുരുവിൻ്റെ മതത്തിൻ്റെ ആത്മീയതലം കിട്ടുകയാണ്. സർവ്വമതങ്ങളുടെയും ഏകത്വമാണത്. എല്ലാ മതങ്ങളുടെയും ശുദ്ധിയും പ്രബുദ്ധതയും ഇവിടെ ഒന്നായി ചേരുകയാണ്.എന്നാൽ ഗുരുവിൽ ഒരു മതനിഷേധിയുണ്ട്. എല്ലാ തത്ത്വങ്ങൾക്കും അപ്പുറത്തുള്ള ഒരു സത്യദർശിയുടെ മനോനിലയാണത്. "ജീവാത്മാക്കൾക്ക് ഊർദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാൽ സൂക്ഷ്മം അവർ താനെ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ. സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല. മതത്തിന് അവൻ പ്രമാണമാണ്. ബുദ്ധമതം പഠിച്ചാണോ ബുദ്ധൻ നിർവ്വാണമാർഗം ഉപദേശിച്ചത്.? ബുദ്ധൻ നിർവ്വാണമാർഗ്ഗം ആരാഞ്ഞറിഞ്ഞ് ആ മാർഗം ഉപദേശിച്ചു. അത് പിന്നീട് ബുദ്ധമതമായി. ബുദ്ധന് ബുദ്ധമതം കൊണ്ട് പ്രയോജനമുണ്ടോ?"

ഗുരുവിൻ്റെ മതം സ്വയം നവീകരണത്തിൽ 

ഗുരുവിൻ്റെ മതം ഒരു സ്ഥാപനമല്ല. ഒരു ദിവസം രാവിലെ ഒരു ഓഫീസിൽ ചെന്ന് ഫീസടച്ച് പ്രവേശിക്കാവുന്ന മതമല്ല അത്.ഒരു ആചാരത്തിലൂടെയും അത് സാധ്യമല്ല. ഗുരുവിൻ്റെ മതം  നിരന്തരമായ സ്വയം നവീകരണത്തിലൂടെ സാക്ഷാത്കരിക്കേണ്ടതാണ്. അത് ആഭ്യന്തരമായ പരിവർത്തനത്തെ ഓർമ്മിപ്പിക്കുന്നു .മനുഷ്യൻ സ്വയം അറിയുകയാണ് പ്രധാനം. ഈ മതം മനുഷ്യൻ്റെ അസ്തിത്വപരമായ ബോധത്തിലേക്കുള്ള യാത്രയാണ്. അത് മൗലികമാകുന്നത് അങ്ങനെയാണ്. അത് ജീവന്മുക്താവസ്ഥയെ തേടുകയാണ്. അത് അന്ധതയിൽ നിന്നുള്ള മോചനമാണ്. ഏകത്വത്തിൽ ലയിക്കുമ്പോഴാണ് അത് തെളിഞ്ഞുവരുന്നത്. അത് സഹൃദയത്വമാണ്. പ്രവൃത്തിയിലും ചിന്തയിലും ശുദ്ധി കൈവരിക്കുമ്പോഴാണ് ജ്ഞാനം പ്രകാശിക്കുന്നത്. അതാണ് സർഗാത്മകത .സഹൃദയത്വമില്ലാത്തവർക്ക് ലോകം യാന്ത്രികമായ ഭൗതികാനുഭവമായി തോന്നും. ഭൗതികമായതിൻ്റെ അപ്രസക്തിയെക്കുറിച്ചുള്ള ബോധ്യമാണ് സർഗാത്മകത. എന്തെന്നാൽ സർഗ്ഗാത്മകതയിൽ അയഥാർത്ഥമായതെന്ന് തോന്നുന്നതാണ് യഥാർത്ഥമായത്. അത് ആത്മീയമായ അറിവിൻ്റെ സ്വാംശീകരണമാണ്.

ചില വ്യാഖ്യാതാക്കൾ ഗുരുവിൻ്റെ മതo ഹിന്ദുമതമാണെന്ന് ധരിച്ചിട്ടുള്ളതായി കാണുന്നുണ്ട് .അവർക്ക് തെറ്റിദ്ധരിക്കാൻ പല കാരണങ്ങളുമുണ്ട്. പ്രധാനമായി , ഗുരുവിൻ്റെ പേര് ,ക്ഷേത്രപ്രതിഷ്ഠകൾ , പ്രാർത്ഥനകൾ ,കീർത്തനങ്ങൾ തുടങ്ങിയവ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഒരു മതത്തോടും വിരോധമില്ല എന്നാണ് ഗുരുവിൻ്റെ പേരും ക്ഷേത്രപ്രതിഷ്ഠകളും വ്യക്തമാക്കുന്നത്.നാരായണൻ എന്ന പേര് സ്വീകരിച്ചതു കൊണ്ട് ഒരാൾ ഹിന്ദുവാകുന്നില്ല; ഒരർത്ഥവും ആമന്ത്രണവുമാണത്. അത്രയും മതി. ക്ഷേത്രപ്രതിഷ്ഠകൾ ഒരു സൂചകമാണ് ,അടയാളമാണ്. ദൈവത്തിലേക്ക്, ദൈവാനുഭവത്തിലേക്ക് തൻ്റെയടുത്തുവരുന്നവരെ പ്രവേശിപ്പിക്കാനുള്ള ഒരു പ്രത്യക്ഷ മാർഗ്ഗമാണിത് .സൂക്ഷ്മം അറിഞ്ഞവന് എന്തും പാവനമാണ്. എന്നാൽ വൈകാരികജീവിതത്തിൽ ആടിയുലയുന്നവന് പ്രത്യക്ഷ രക്ഷാമാർഗ്ഗങ്ങൾ വേണം. പ്രാർത്ഥനകളും കീർത്തനങ്ങളും അതിനുള്ളതാണ് .മനസ്സിന് ശാന്തി വേണമല്ലോ. അതിന് ബാഹ്യമായ ചില ഇടങ്ങളും പ്രത്യക്ഷതകളും വേണം. കടലിന്റെ തീരം, കുന്നിൻ്റെ മുകൾ, മനുഷ്യന് കടന്നുചെല്ലാനാവുന്ന വനപ്രദേശങ്ങൾ തുടങ്ങിയവ അതിനു സഹായിക്കും. മനുഷ്യർ വ്യാവഹാരിക ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടാനാഗ്രഹിക്കുന്നു .അതിന് വഴികൾ ആവശ്യമാണ്. ഏതൊരു സാധാരണവ്യക്തിയിലും ഒരു സത്യാന്വേഷിയുടെ, അവതൂതന്റെ ചെറിയ അങ്കുരങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനാവണമെന്നില്ല. മനസ് പൂർണമായി അതിലേക്ക് സമർപ്പിച്ചാലേ ചെറിയ അങ്കുരങ്ങളെ ഒരു അഗ്നികുണ്ഡമായി മാറ്റിയെടുക്കാനാവൂ.

ആത്മീയമായ വിമോചനം 

മനസ്സിലെ നേരിയ പ്രകാശത്തെ പെരുപ്പിച്ച് ആത്മചൈതന്യമാക്കാൻ  കഠിനമായ അർപ്പണം വേണം. അതിന് സഹജമായ വാസനയും വേണം .അത് അസാധ്യമാകുന്നത് കൊണ്ട് മനുഷ്യർ ഇടവേളകളിൽ ശാന്തിതീരങ്ങളിലേക്ക് പോകും. തീർഥാടനവും മറ്റും അതിനുള്ളതാണ് .ആത്മാവിലെ വിസ്മരിക്കപ്പെട്ട ദിപാങ്കുരങ്ങളിലേക്കുള്ള തിരിച്ചു നടത്തമാണിത്; അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രാചീനമായ ശാന്തിതടാകങ്ങൾ തേടിയുള്ള യാത്രയാകാം. നേരിയ ഒരു ഇടവേളയിലാണത് ലഭിക്കുക .അത് കഴിഞ്ഞ് വീണ്ടും പഴയ സംഘർഷത്തിലേക്കും ഓട്ടത്തിലേക്കും മടങ്ങേണ്ടവരാണവർ .

മനസ്സിൻ്റെ അടിത്തട്ടിലെ ഈ അങ്കുരങ്ങളെ കൂടുതൽ ശോഭയോടെ വളർത്തിയെടുത്ത് പെരുമാറ്റവും സ്വഭാവവും മെച്ചപ്പെടുത്താനാണ് ഗുരു ക്ഷേത്രപ്രതിഷ്ഠകളിൽ ഏർപ്പെട്ടത്. അത് ഒരു മതപ്രചാരണമല്ല. ദൈവം എന്ന സംസ്കാരത്തെ അറിയിക്കാനുള്ള ഒരു മഹാവിദ്യാഭ്യാസ വിപ്ലവമാണ് .അജ്ഞതയിൽ കാട്ടാളത്തത്തിലേക്ക് പോകുന്ന മനസ്സിനെ ദൈവികതയുടെ സാക്ഷരത കൊണ്ട് വൈദ്യുതീകരിക്കാൻ അത്  വളരെ ഉപകരിക്കും. ഗുരുവിന് മതചിഹ്നങ്ങൾ ,മതസൂചകങ്ങൾ പേരുകൾ, മൂർത്തികൾ എല്ലാം സാർത്ഥകമായ, ദിവ്യമായ ഉപകരണങ്ങളാണ്. അത് നമ്മെ വിശുദ്ധീകരിക്കും .ഗാർഹിക ജീവിതത്തിൽ എല്ലാവരും നമ്മെ നിയമത്തിന്റെ കണ്ണിലൂടെയാണല്ലോ നോക്കുന്നത്. മറ്റുള്ളവർ നിയമം തെറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ സിസിടിവി ക്യാമറകളായി ഓരോ മനുഷ്യനും സ്വയം മാറുകയാണ്. നിയമത്തിന് വിധേയമായാൽ ഒരു നല്ല വ്യക്തിയാകാം എന്ന ഒറ്റമൂലിയാണ് സാമൂഹിക സ്ഥാപനങ്ങൾക്കുള്ളത്. അവരത് രാഷ്ട്രീയത്തിലും പ്രയോഗിക്കുന്നു .എന്നാൽ ഉള്ളിലെ പുരാതനമായ ദീപാങ്കുരങ്ങളെ സാരസ്വതമായ ജീവന്മുക്തിയിലേക്ക്, കൂടുതൽ ഉന്നതമായ വ്യക്തിത്വത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ് ഗുരുവിൻ്റെ മതബോധം.

മനുഷ്യർക്ക് ആരാധനാലയങ്ങൾ വേണം .ഭക്ഷണവും പാർപ്പിടവും വസ്ത്രവും പോലെ പ്രധാനപ്പെട്ടതാണ് ആത്മീയമായ വിമോചനവും. ആത്മവിമോചനത്തിനുള്ളതാണ് ആരാധനാലയങ്ങൾ .അത് കെട്ടുപാടുകളിൽ നിന്ന് വിടുതൽ നൽകും. പരമമായ ഒന്നിനുവേണ്ടി അർപ്പിക്കാൻ തന്നിൽ ഇനിയും പച്ചപ്പ് ബാക്കിയുണ്ടെന്ന സന്ദേശമാണ് ശിവൻ്റെ മുന്നിൽ മൂന്നു കൂവളത്തിലകൾ അടങ്ങിയ ഒരു ചെണ്ട് സമർപ്പിക്കുമ്പോൾ ഉണ്ടാകുന്നത്. അത് സങ്കുചിതമായ വെറുപ്പിൽ നിന്നും ആകുലതകളിൽ നിന്നും മോചിപ്പിക്കുകയാണ്. എന്തിനാണ് ഭൂതകാലത്തിന്റെ തീരാത്ത വിഷാദങ്ങൾ? 'ശിവസ്തവ'ത്തിൽ ഗുരു അത് സ്ഫുടം ചെയ്തെടുക്കുന്നുണ്ട് .

എണ്ണിയെണ്ണി പിന്നിലാക്കുന്നത് 

"അപരമിതൊക്കെയും പരിചയിക്കുമതിലിരു-
ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!
ജപപടമംഗമാമിതിലിരുന്നു ജപിക്കുകിലി - 
ങ്ങുപരതി വന്നു ചേരുമകതാരി ലൊരിമ്പമതാം "

ജീവിതത്തിലെ പരാജയങ്ങളുടെ കൂട്ടത്തിലാണ് ആശനിരാശകൾ. മനസ്സ് അതറിയണം. മനസ്സിലിരുന്ന് മനസ്സിന് മുകളിൽ സഞ്ചരിക്കണം .മനസ്സിലെ തോന്നലുകളെ മനസ്സിൽ തന്നെ നിരീക്ഷിക്കണം. ദൈവത്തെ ജപിക്കുകയാണെങ്കിൽ ഹൃദയാകാശത്തിൽ അല്പം സന്തോഷം കിട്ടാതിരിക്കില്ല. ആ സന്തോഷം എല്ലാത്തിനോടുമുള്ള ആശകളെ ബന്ധിക്കുന്നതാണ്. ജീവന്മുക്തി എന്ന് ഗുരു പറയുന്നത് ഈ അവസ്ഥയാണ്. ഇത് ഭൗതികജീവിതത്തിൽ തന്നെയുള്ളതാണ്. നമ്മുടെ ജൈവകോശത്തിനുള്ളിൽ അതിൻ്റെ മുകളങ്ങളുണ്ട്. അത് അനുഭവിക്കുമ്പോഴാണ് അതിലൂടെ മുക്തി എന്ന ആശയമുണ്ടാകുന്നത് . എന്താണ് ജപമാല ?അത് പൂർവ്വാപരജീവിതമുഖങ്ങളെ എണ്ണിയെണ്ണി പിന്നിലാക്കുന്ന വിദ്യയാണ്. നാം മുന്നോട്ടാണല്ലോ നീങ്ങുന്നത്. ജനനം ആദ്യവും മരണം അവസാനവുമാണല്ലോ .അതുകൊണ്ട് മുന്നോട്ടാണ് യാത്ര. ആ യാത്രയിൽ പൂർവ്വബിന്ദുക്കളെ നാം പിന്നിൽ ഉപേക്ഷിക്കുകയാണ്. ശൈശവകാലം, ബാല്യകാലം, കൗമാരകാലം, യൗവ്വനകാലം എല്ലാം എന്തെല്ലാം തന്നു? എല്ലാറ്റിനെയും നമ്മൾ, കൃതജ്ഞതയുള്ളവരായിരിക്ക തന്നെ , ക്രൂരമായ നിസംഗതയോടെ പിന്നിൽ ഉപേക്ഷിച്ചിരിക്കുന്നു; അല്ലെങ്കിൽ അവയെയെല്ലാം നമ്മിൽ നിന്ന് എടുത്തുമാറ്റിയിരിക്കുന്നു .ഈ പിന്തള്ളൽ ,എടുത്തുമാറ്റൽ ജപമാലയിൽ ഗുരു ഒതുക്കിയിരിക്കുന്നു.


ഗുരുവിൻ്റെ ദൈവത്തെക്കൂടി അറിഞ്ഞാലേ ഈ മതാത്മകതയുടെ അർത്ഥം പൂർണമാകൂ. ഗുരു ദൈവത്തെ തന്നിൽതന്നെ കണ്ടെത്താനാണ് ശ്രമിച്ചത്. ദൈവം അദൃശ്യതയാണ്. ആ അദൃശ്യതയെ  തേടുന്നതാണ് നാം കാണുന്നത്.

"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ 
പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം.
കാണും നിറം തരമിതൊക്കയഴിഞ്ഞെഴും നിൻ 
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!"
(ഇന്ദ്രിയവൈരാഗ്യം)

എന്തു കണ്ടാലും, നാം ഒരിക്കൽ അതെല്ലാം മറക്കണം .കണ്ണിന് ഒരു ദണ്ഡവുമില്ല. കണ്ണ് അതിൻ്റെ ജോലി ചെയ്യുന്നുവെന്നേയുള്ളു. ഇന്ദ്രിയങ്ങളിലൂടെ എന്തെല്ലാം നേടിയാലും അതൊക്കെ ഉപേക്ഷിക്കേണ്ടിവരും. നിറവും തരവുമെല്ലാം നശിക്കാനുള്ളതാണ്. കാണുന്നതിനും അപ്പുറമാണ് ദൈവികത എന്ന് ധ്വനിപ്പിക്കുകയാണ് .നമ്മുടെ തന്നെ ദൈവികത നമ്മളിൽ മറഞ്ഞിരിക്കുകയാണ്. അത് കാണാനാണ് മതം വേണ്ടത്.

നാം സൃഷ്ടിയും സ്രഷ്ടാവുമാണ്. സൃഷ്ടിജാലവുമാണ്. സൃഷ്ടിക്കുള്ള സാമഗ്രിയാണ് .ദൈവം സൃഷ്ടിയാണ്, സ്രഷ്ടാവാണ്, സൃഷ്ടിജാലമാണ്, സൃഷ്ടിക്കുള്ള സാമഗ്രിയാണ്. ദൈവത്തിൻ്റെ സൃഷ്ടിയായ നാം ദൈവമാകുന്നതങ്ങനെയാണ്.നാം തന്നെ സ്രഷ്ടാവാണ് .മറ്റൊരു ജീവനെ സൃഷ്ടിക്കുക മാത്രമല്ല, എണ്ണമറ്റ സർഗപ്രക്രിയകളിലൂടെ നാം പലതിനെയും സൃഷ്ടിക്കുന്നു. സൃഷ്ടിജാലവും ദൈവികമാണല്ലോ. നമ്മുടെ സൃഷ്ടികളെല്ലാം ദൈവികമാണ്. സൃഷ്ടിക്കുള്ള സാമഗ്രികളായ പ്രകൃതിയും ഭാവനയും മറ്റു വസ്തുക്കളുമെല്ലാം ഒരു ചങ്ങലയിലെന്ന പോലെ കോർക്കപ്പെട്ടിരിക്കുന്നു. അപ്പോൾ ദൈവികത കുറേക്കൂടി അടുത്തുവരുന്നു. നാം സ്വയം മലിനപ്പെടുത്തുന്ന സ്വഭാവമുള്ളവരാകയാൽ ,ഓരോ നിമിഷവും ജാഗ്രത പാലിച്ചുകൊണ്ട് ദൈവികത നേടണം.പ്രവൃത്തിയിലും ചിന്തയിലും ശുദ്ധത നേടിയാലേ ദൈവത്തിലേക്കെത്താനാവൂ. അവിടെയാണല്ലോ ജീവന്മുക്താവസ്ഥ .അതുകൊണ്ട് ദൈവത്തെ അറിയാനായി കൂടുതൽ ശുദ്ധത കൈവരിക്കേണ്ടതുണ്ട്. ദൈവത്തെ അപകീർത്തിപ്പെടുത്തരുത്, ചീത്തയാക്കരുത് .അപ്പോൾ ആ ദൈവം ചീത്ത പ്രവൃത്തികൾ ചെയ്യാൻ കൂട്ടുനിൽക്കും .ഇതിനെ പ്രതിരോധിക്കുമ്പോഴാണ് ഗുരുവിൻ്റെ ദൈവം തെളിഞ്ഞു വരുന്നത്.


No comments: