Followers

Thursday, September 6, 2012

മാനിഫെസ്റ്റോ - അവതാരിക -1

അവതാരിക
നവദർശനത്തിന്റെ നവനീതം
ഫാ. ഡോ.കെ.എം.ജോർജ്ജ്‌

ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ്‌ ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ്‌ ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ 'ശാസ്ത്രീയരീതി'യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്‌ നാച്ചുറൽ സയൻസിന്റെ 'രീതിശാസ്ത്രം' ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത്‌ മനുഷ്യരുടെ അനുദിനാവശ്യത്തിന്‌ ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്‌. മറ്റേത്‌ മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും പുതിയ വീക്ഷണങ്ങളും നമുക്ക്‌ നൽകുന്നവയാണ്‌. അത്‌ താത്ത്വികവിചിന്തനമാണ്‌. അതിന്‌ പ്രായോഗിക പ്രയോജനമൊന്നും പെട്ടെന്ന്‌ കാണുകയില്ല. പക്ഷേ അത്‌ മനോമണ്ഡലത്തെ പ്രകാശിപ്പിക്കുന്നു. ആ പ്രകാശം ആത്യന്തികമായി പ്രായോഗികഫലങ്ങൾ ഉളവാക്കുന്നു.
പുരാതനകാലം തൊട്ട്‌ എല്ലാ ദാർശനിക വിചിന്തനങ്ങളും നമ്മുടെ ബോധത്തെ ഓരോ തരത്തിൽ പ്രകാശിപ്പിക്കുകയോ ഉണർത്തുകയോ ചെയ്യുന്നതാണ്‌.

പ്രശസ്ത സാഹിത്യനിരൂപകനും ചിന്തകനുമായ ശ്രീ.എം.കെ.ഹരികുമാർ കുലീനമായ ഈ വിചാരധാരയിലാണ്‌ നിലകൊള്ളുന്നത്‌. അദ്ദേഹത്തിന്റെ സാഹിതീ മനനങ്ങൾക്ക്‌ സവിശേഷാർത്ഥം നൽകുന്നത്‌ തന്റെ ദാർശനിക പരിപ്രേക്ഷ്യമാണ്‌. മനുഷ്യാസ്തിത്വത്തെ അതിന്റെ ആകെത്തുകയിലും ആഴമായ തലങ്ങളിലും സ്പർശിക്കുന്നതാണ്‌ നല്ല സാഹിത്യമെങ്കിൽ, സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ വിചാരങ്ങൾ അസ്തിത്വസമസ്യയുടെ അന്തരാഗാരത്തിലേക്ക്‌ നമ്മെ നയിക്കുമെന്ന യുക്തിയാണ്‌ ഹരികുമാറിന്റെ സൗന്ദര്യ ശാസ്ത്രപരമായ ചിന്തകളിൽ കാണുന്നത്‌. ഇവിടെ സാഹിത്യാസ്വാദനവും സൗന്ദര്യശാസ്ത്രവിചാരവും സവിശേഷമായ ദാർശനിക വീക്ഷണങ്ങളും ഒരു സമ്യഗ്സംശ്ളേഷത്തിൽ പരസ്പരപൂരകങ്ങളായിത്തീരുന്നു.

നമുക്ക്‌ അനുഭവേദ്യമാകുന്ന യാഥാർത്ഥ്യത്തിന്റെ മൗലിക തത്ത്വങ്ങളെക്കുറിച്ചുള്ള വിചിന്തനവും വിശകലനവുമാണ്‌ പാശ്ചാത്യർക്ക്‌ തത്ത്വചിന്ത. സർവ്വത്തിന്റെയും ആദികന്ദം അഥവാ സ്രോതസ്സ്‌ [principium) ആയി വർത്തിക്കുന്ന തത്ത്വങ്ങൾ [principles)നിർദ്ധാരണം ചെയ്തെടുക്കുന്ന സങ്കീർണ്ണമായ ധൈഷണിക പ്രക്രിയയുടെ ഫലമായി ഉരുത്തിരിയുന്നതാണ്‌ ജ്ഞാനം (Sophia). ആ ജ്ഞാനത്തെ സ്നേഹിക്കുന്നവനാണ്‌ ഫിലോസഫർ അഥവാ 'ജ്ഞാനപ്രിയൻ'. തർക്കവും വിതർക്കവും സംവാദവും സമവായവും ഖണ്ഡനവും മണ്ഡനവും മനനവും ധ്യാനവും എല്ലാം ഉൾക്കൊള്ളുന്നതാണ്‌ ഈ സത്യാന്വേഷണ പ്രക്രിയ.

ഏതാണ്ട്‌ സമാനമായ ശൈലി തന്നെയാണ്‌ ഭാരതീയ തത്ത്വചിന്താപാരമ്പര്യത്തിലും ഉണ്ടായിരുന്നത്‌. അടുത്തകാലത്ത്‌ നൊബേൽ ജേതാവായ അമർത്യാസെൻ തന്റെ പുസ്തകത്തിൽ (The Argumentative Indian ) വ്യക്തമാക്കിയതുപോലെ നമ്മുടെ ദർശനധാരകൾ രൂപമെടുത്തതിനുപുറകിൽ സജീവമായൊരു സംവാദശൈലി ഉണ്ടായിരുന്നു. സകല വിജ്ഞാനത്തിന്റെയും ചെങ്കോലേന്തിയ യാജ്ഞവൽക്യനോട്‌ സംവദിക്കുന്ന വിദുഷികളായ ഗാർഗിയും മൈത്രേയിയും മറ്റും തെളിയിക്കുന്നത്‌ സ്ത്രീ-പുരുഷ ഭേദമില്ലാതെ പണ്ഡിതസദസ്സുകളിൽ തത്ത്വനിർദ്ധാരണ പ്രക്രിയ നടന്നു എന്നാണ്‌.

പുരാതന ഗ്രീസിലും ഭാരതത്തിലും ഈ പ്രക്രിയ 'ദർശന'മായി മാറുന്നുണ്ട്‌. സത്യദർശനമാണിത്‌. ഏകമായ സത്യത്തെ, വിവിധ കാഴ്ചപ്പാടുകളിലൂടെ ഷഡ്ദർശനങ്ങൾ വ്യാഖ്യാനിക്കുന്നു എന്നു പറയാമല്ലോ. പക്ഷേ ഭൗതികപ്രയോജനം എന്ന ഏക മാനദണ്ഡത്തിൽ ഊന്നിയ യാന്ത്രിക സംസ്കാരം മേൽക്കോയ്മ പ്രാപിച്ച ആധുനിക കാലഘട്ടത്തിൽ കിഴക്കും പടിഞ്ഞാറും ദാർശനികപാരമ്പര്യത്തിനു മങ്ങലേറ്റു. എന്നാൽ ഇപ്പോൾ തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റേയും സൂചനകൾ പാശ്ചാത്യ ചിന്തയിൽ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ആത്യന്തിക സത്യത്തെക്കുറിച്ചുള്ള താത്ത്വിക വിചിന്തനങ്ങൾ, ചിലപ്പോൾ കുറെ അമൂർത്തമാണെങ്കിൽപ്പോലും, പ്രകാശദായകമാണെന്നുള്ള തിരിച്ചറിവ്‌ പുതിയൊരു മൂല്യവ്യവസ്ഥയ്ക്കും സാമൂഹിക ക്രമത്തിനും വഴിതെളിച്ചേക്കാം. ഹരികുമാറിന്റെ ദാർശനിക മനനങ്ങൾ ഇത്തരുണത്തിലും വളരെ സംഗതമാണ്‌. മലയാളത്തിൽ, മനശ്ശാസ്ത്രത്തിന്റെയും പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലുള്ള സാഹിത്യവിമർശനം കുറച്ചൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഏതെങ്കിലുമൊരു ദാർശനിക പദ്ധതിയുടെ പിൻബലത്തിലുള്ള വിമർശനം കാര്യമായി ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. (മാർക്ക്സിസ്റ്റ്‌ സൗന്ദര്യശാസ്ത്രചിന്തകളെ മറക്കുന്നില്ല)
ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ തന്റെ സാഹിത്യമാനിഫെസ്റ്റോ ആവിഷ്കരിക്കാനുള്ള ശ്രമം ഹരികുമാർ നടത്തുന്നുണ്ട്‌ ചില ലേഖനങ്ങളിൽ . ഈ ശ്രമത്തിന്റെ ഭാഗമായാണ്‌ മറ്റു ലേഖനങ്ങളും തന്റെ തിരഞ്ഞെടുത്ത മൊഴികളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌.

ഏതൊരു ഉദാത്തമായ ആശയവും മൗലികവാദമായി മാറാനുള്ള ഭീഷണ്യമായ സാധ്യത നിലനിൽക്കുന്നതുകൊണ്ട്‌, സ്വയം നിരാസത്തിലൂടെ മാത്രമേ ആശയങ്ങൾക്ക്‌ സ്നേഹസാക്ഷാത്ക്കാരമുണ്ടായി, 'വലിയ ലോകങ്ങളുടെ പൊരുളുകൾ' തേടാൻ കഴിയൂ എന്നാണ്‌ ഹരികുമാർ വാദിക്കുന്നത്‌. ഖസാക്കിന്റെ ഇതിഹാസ' ത്തിൽ ഏതെങ്കിലും ഒരാശയം മറ്റുള്ളവയെക്കാൾ പ്രസക്തമാവാൻ നോവലിസ്റ്റ്‌ അനുവദിക്കുന്നില്ല. കാരണം ഓരോ ആശയവും അതിന്റെ ആന്തരികവൈരുദ്ധ്യം കൊണ്ടും, അതിനെതിരെ നിൽക്കുന്ന ബദലുകളുടെ ബാഹുല്യം കൊണ്ടും അസ്തവീര്യമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഒരാശയത്തിനും മൗലികവാദമായിത്തീരാനുള്ള സാദ്ധ്യത ഇല്ലാതാവുന്നു.
സാഹിത്യകൃതികൾ ഈ സ്വയംനിരാസത്തിന്റെ മാർഗ്ഗം സ്വീകരിക്കുമ്പോൾ, അവയ്ക്കുമുൻപിൽ അർത്ഥങ്ങളുടെ പ്രപഞ്ചം തുറക്കപ്പെടുകയായി. സൗന്ദര്യാത്മകമായ അതീന്ദ്രിയതയിലേക്കും മതാതീതമായ ആത്മീയതയിലേക്കും അവ വായനക്കാരെ ആനയിക്കുന്നു എന്നാണ്‌ ഹരികുമാറിന്റെ വാദം. ഇത്‌ എല്ലാ സ്വത്വവാദങ്ങളെയും നിഷേധിക്കുന്നു. അതിരുകവിഞ്ഞ സ്വത്വബോധം ചലനരഹിതമായ ജഡതയിലേക്കാണ്‌ നമ്മെ നയിക്കുന്നത്‌. മൗലികവാദം അതിന്റെ എല്ലാ ഭീകരതയോടും കൂടി അതിൽ കുടിയേറും. എന്നാൽ സ്വയംനിരാസം നിരന്തരമായ സ്വയം നവീകരണത്തിലൂടെ ആത്മവിമർശനത്തിലൂടെ, സർഗ്ഗപ്രവണമായ കർമ്മമാർഗ്ഗങ്ങൾ കണ്ടെത്തുന്നു.

ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്ന മനോഹരമായ മനനമാണ്‌ വെള്ളത്തെക്കുറിച്ച്‌ ഹരികുമാർ നടത്തുന്നത്‌. (ജലാത്മകത). വെള്ളത്തിന്റെ സ്വത്വം എന്നത്‌ ഒഴുക്കാണ്‌. ഒഴുക്കിലൂടെ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും ജലം തുടർച്ചയായി നിഷേധിക്കുന്നു. വെള്ളത്തിന്റെ അതിജീവന മന്ത്രമാണ്‌ ഒഴുക്ക്‌.
ഒഴുക്ക്‌ നിരാസമാണ്‌. നിശ്ചലതയെ നിരസിച്ചുകൊണ്ട്‌, ഭാവിയിലേക്കാണ്‌ വെള്ളം ഒഴുകുന്നത്‌. ചരിത്രമുണ്ടെങ്കിലും ആ "ചരിത്രത്തിന്റെ ചരിത്രാത്മകതയെ പരിഹസിച്ചുകൊണ്ട്‌ ഭാവിയെ നിർമ്മിച്ചുകൊണ്ടിരിക്കും" ഒഴുകുന്ന ജലം എന്നാണ്‌ ഹരികുമാറിന്റെ നിലപാട്‌.

ഇത്‌ മറ്റൊരു തരത്തിൽ വിശദമാക്കുകയാണ്‌ 'പത്രം ഒരൊഴുക്ക്‌', 'വഴികൾ' എന്നീ സുന്ദരമായ ലഘുലേഖനങ്ങൾ. നാം ദിവസവും നിവർത്തിവായിക്കുന്ന പത്രവും, അനുദിനം നടക്കുന്ന വഴികളും പെട്ടെന്നൊരു അർത്ഥദീപ്തിയിൽ തിളങ്ങിനിന്ന്‌ നമ്മുടെ ബോധത്തിന്റെ അന്തർമണ്ഡലങ്ങളിൽ ചൂടും വെളിച്ചവും പകരുന്നു. വാർത്തകളോടും വായനക്കാരോടും അവരുടെ ഇഷ്ടാനിഷ്ടങ്ങളോടും ഒരേസമയം വിശ്വസ്തതയും നിസ്സംഗതയും പുലർത്തുന്ന പത്രവും ഒരു പ്രവാഹമാണ്‌. വെള്ളം അതിരിക്കുന്ന പത്രത്തോട്‌ രൂപപരമായി കാണിക്കുന്ന വിശ്വസ്തതയും, പാത്രം തകർന്നാൽ ഒഴുകിപ്പോകുന്ന വെള്ളം അതിനോടു കാണിക്കുന്ന നിസ്സംഗതയും ,പത്രത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. "പത്രവും വെള്ളവും ഓരോ നിമിഷവും സ്വയം ഇല്ലാതാവുകയും മറ്റൊന്നായി മാറുകയും ചെയ്യുന്നു."

വഴിയും ഇതുപോലെത്തന്നെ. വാക്കു സൂചിപ്പിക്കുന്നതുപോലെത്തന്നെ, വഴി വഴി മാത്രം. അത്‌ നമുക്കൊരു ലക്ഷ്യമല്ല. വഴികൾ ഉണ്ടാകുന്നതു തന്നെ വഴിക്കുവേണ്ടിയല്ല. വഴിക്ക്‌ അതിൽത്തന്നെ സ്ഥായീഭാവമോ സ്ഥിര സ്വത്വമോ ഇല്ല. നാം യാത്രചെയ്യുമ്പോഴെ വഴി വഴിയാകുന്നുള്ളൂ. യാത്രതന്നെയാണ്‌ വഴി, വഴി തന്നെയാണ്‌ യാത്ര. ഇതാണു വഴിയുടെ മിഥ്യ എന്നു ഹരികുമാർ എഴുതുമ്പോൾ നാം ഇതുവരെ താണ്ടിയ എണ്ണമറ്റ വഴികൾ അതിസങ്കീർണ്ണമായ യാത്രകളായി. ചിദാകാശപര്യവേഷണങ്ങളായി, ആത്മാവിന്റെ തീർത്ഥാടനങ്ങളായി, ജീവന്റെയും മരണത്തിന്റെയും നിഗൂഢ സ്ഥലികളിലേക്കുള്ള നിരന്തര പ്രയാണമായി നമുക്കു മുൻപിൽ തെളിയുന്നു. നമ്മെ ഒരുനിമിഷം വിശ്വപഥികരാക്കാൻ പോന്ന ചിന്തകളാണ്‌ അവ.

പ്രകൃതിയിൽ അനുനിമിഷം നടക്കുന്ന മാറ്റങ്ങളെ കലയിലും സാഹിത്യത്തിലും ഉചിതമായി സന്നിവേശിപ്പിക്കുമ്പോഴാണ്‌ അവയ്ക്ക്‌ രസാനുഭൂതി ഉണർത്തുന്ന ചലനാത്മകത കൈവരുന്നത്‌. ഈ സത്യത്തെ 'ഓരോ വസ്തുവും പുതുതായി ജനിക്കുന്നു' എന്നു ചെറുലേഖനത്തിൽ ഹരികുമാർ വ്യക്തമാക്കുന്നു. എഴുത്തുകാരൻ ഏതുവസ്തുവിനെയും രൂപാന്തരപ്പെടുത്തുന്നു. വസ്തുവിനെ അതിൽ നിന്ന്‌ തന്നെ മോചിപ്പിക്കുക എന്ന 'കലാപ'ത്തിലാണ്‌ എഴുത്തുകാർ ഏർപ്പെടുന്നത്‌. മൗലികവാദത്തിൽ നിന്നും വ്യാജസ്വത്വത്തിൽ നിന്നുമാണ്‌ ഈ വിമോചനം. "ഏത്‌ വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌, അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ പരിചിതമല്ലാത്ത വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌".

ഇങ്ങനെ പ്രകൃതിവസ്തുക്കളെ നിരന്തരം പുനർജനിപ്പിക്കാനും, ആന്തരികമായി പരിവർത്തനം ചെയ്യാനും സഹായിക്കുന്ന പ്രക്രിയയെ "നവാദ്വൈതം" എന്നാണ്‌ ഹരികുമാർ വിശേഷിപ്പിക്കുന്നത്‌. അദ്വൈതചിന്ത അതിന്റെ പരമ്പരാഗതമായ അർത്ഥത്തിൽ, വിശ്വത്തിൽ വിവിധങ്ങളായ നാമരൂപങ്ങൾ ഉള്ള സകലത്തെയും ഒന്നായി കണ്ട്‌ 'ഏകം ഏവം അദ്വിതീയം' എന്ന ഏകതത്ത്വത്തിൽ വിലയിപ്പിക്കുകയാണല്ലോ. അതിൽനിന്ന്‌ വ്യത്യസ്തമായി ഓരോന്നും അതാതിന്റെ വ്യക്തിഗതമായ സ്വത്വം വിട്ട്‌, നിരന്തരം പരിവർത്തനവിധേയമായി, അനുസ്യൂതമായ കർമ്മധാരയിൽ സഹപ്രയാണം ചെയ്യുകയും പുതിയ സാഹചര്യങ്ങളും വലിയ ലോകങ്ങളുമായി താദാത്മ്യം പ്രാപിക്കയും അതേസമയം, മുൻനിർണ്ണയിക്കപ്പെട്ട ഏതെങ്കിലുമൊരു സ്വത്വത്തിൽ അതിന്റെ പ്രയാണം അവസാനിപ്പിക്കാതിരിക്കയും ചെയ്യുന്ന പ്രക്രയയെയാണ്‌ നവാദ്വൈതം എന്ന്‌ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നതെന്ന്‌ തോന്നുന്നു. ഈ പ്രക്രിയ പുനർനിർമ്മാണമാണ്‌. പുതിയ അർത്ഥങ്ങളുടെ പ്രകാശനമാണ്‌. പുതിയ പ്രപഞ്ചോൽപ്പത്തിയുടെ മഹാവിസ്ഫോടനമാണ്‌.

ഹരികുമാറിന്റെ നവാദ്വൈതത്തിലും സാക്ഷാത്ക്കാരമുണ്ട്‌. ഏകീഭാവമുണ്ട്‌. ഇല്ലെങ്കിൽ അദ്വൈതം എന്ന വാക്കുപയോഗിക്കാനാവില്ലല്ലോ. പക്ഷേ അത്‌ കർമ്മത്തെയും വ്യാവഹാരികലോകത്തെയും അവഗണിച്ചുകൊണ്ടല്ല, ആയിത്തീരലിന്റെ അനന്തസാധ്യതകൾ അനാവരണം ചെയ്തുകൊണ്ടാണ്‌ അനുസ്യൂതമായ സ്വത്വനിരാസത്തിലൂടെ ജനിമൃതികളെ ഒന്നാക്കുന്ന പ്രക്രിയയാകുന്നത്.

ഹരികുമാറിന്റെ നിരാസവാദം പ്രകൃതിയിലെ സ്വാഭാവികമായ പരിണാമ ഭാവവുമായി താരതമ്യം ചെയ്യാവുന്നതാണ്‌. ജീവജാലങ്ങളുടെ വളർച്ചയിൽ ഒരേസമയം നിരാസവും സ്വീകരണവുമുണ്ട്‌. പഴയകോശങ്ങളെ പുറന്തള്ളിയും പുതിയ കോശങ്ങളെ ഉൾക്കൊണ്ടുമാണല്ലോ ജീവൻ പരിണമിക്കുന്നത്‌. ഒരു മനുഷ്യശിശു പൂർണ്ണവളർച്ചയിലെത്തുമ്പോഴേക്കും എത്രയോ വട്ടം അതിന്റെ കോടാനുകോടി കോശങ്ങൾ മാറിക്കഴിഞ്ഞിരിക്കും. ഇത്‌ ജീവന്റെ മഹാരഹസ്യമാണ്‌. ജീവചൈതന്യമില്ലാത്തിടത്ത്‌ ഈ തള്ളലും കൊള്ളലും ഉണ്ടാവുകയില്ല. പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. സവിശേഷമായ ഒരു രൂപം അഥവാ ഡിസൈൻ പ്രാപിക്കാനുള്ള ലക്ഷ്യബോധം ജീവിക്കുള്ളിൽ അനന്തശയനം കൊള്ളുന്നതുകൊണ്ടാണല്ലോ ആ രൂപമാതൃകയിലേക്ക്‌ അത്‌ പരിണമിക്കുന്നത്‌. ഇവിടെ സ്വത്വബോധത്തിന്‌ പരിവർത്തനം വരുന്നുണ്ടെങ്കിലും അന്തർലീനമായ സ്വത്വത്തിന്റെ അനുസ്യൂതത നഷ്ടപ്പെടുന്നില്ല. ശിശു യൗവ്വനയുക്തനായാലും വൃദ്ധനായാലും ആൾ ഒന്നുതന്നെയാണല്ലോ. ജീവജാലങ്ങളുടെയും വസ്തുക്കളുടെയും വൈയക്തികസ്വത്വത്തെ പ്രപഞ്ചക്രമത്തിന്റെ അനിഷേധ്യഭാഗമായി കണക്കാക്കിയാൽ വളർച്ചയ്ക്കുവേണ്ടി അതിലുണ്ടാകുന്ന നിരാസ-സ്വീകരണങ്ങളെ സമഷ്ടിബോധവുമായി ബന്ധപ്പെടുത്താനാവും. വലയിലെ കണ്ണികൾ പോലെ, ജീവന്റെ വ്യക്തിസ്വത്വവും വിശ്വത്തിന്റെ സമഗ്രബോധവും ചേതനയുടെ ഒരു മഹാപാരസ്പര്യത്തിൽ സംസർഗ്ഗം ചെയ്യുന്നു. ഭൗതികശാസ്ത്രജ്ഞനും ദാർശനികനുമായ ഫ്രിറ്റ്ജോഫ്‌ കാപ്രയുടെ Web of Life തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ വഴിക്ക്‌ ചിന്തിപ്പിക്കുന്നവയാണ്‌. ആധുനിക ഹൈ എനർജി ഫിസിക്സിലും, 'കണികകൾ' (particles) എന്ന്‌ ദ്രവ്യമാത്രകളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, അവയ്ക്ക്‌ ഒറ്റതിരിഞ്ഞ്‌ സ്വത്വമില്ല. അനിർവചനീയമായ, അപ്രവചനീയമായ പരിഭ്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന കണികകളുടെ പരസ്പരബന്ധത്തിലാണ്‌ ഊർജ്ജസംബന്ധിയായ ധർമ്മങ്ങൾ നടക്കുന്നത്‌. തലച്ചോറിലെ ന്യൂറോൺ കോശങ്ങളാണെങ്കിലും, അവയുടെ ബന്ധങ്ങൾ [synapses)ആണ്‌ മസ്തിഷ്ക്കധർമ്മത്തിന്‌ ആധാരം. ഇത്തരമൊരു ആന്തരിക ബാന്ധവബോധം ബയോളജിയിലും ഫിസിക്സിലും മറ്റു ശാസ്ത്രങ്ങളിലും അടുത്തകാലത്തുണ്ടായതിനു സമാന്തരമായിട്ടാണ്‌ web,net,global തുടങ്ങിയ പ്രയോഗങ്ങൾ ഉരുത്തിരിഞ്ഞത്‌. മനുഷ്യന്റെ സാധാരണ ഭാഷയിൽ ശാസ്ത്രങ്ങൾക്ക്‌ പ്രകടിപ്പിക്കാൻ ആവാത്ത ചിലബോധത്തെയും അറിവുകളെയുമാണ്‌, അറിഞ്ഞോ അറിയാതെയോ എട്ടുകാലിയുടെ മാറാലയും മുക്കുവന്റെ വലയും കളിക്കാരുടെ പന്തുമെല്ലാം പ്രകടിപ്പിക്കുന്നത്‌.

ഈ പുതിയ ബോധത്തെ സാഹിത്യവിമർശനത്തിലേക്കും സൗന്ദര്യശാസ്ത്ര വിചിന്തനത്തിലേക്കും എങ്ങിനെ ആവാഹിക്കാം എന്നത്‌ പ്രസക്തമായ ഒരു ചോദ്യമാണ്‌. കവിത, നോവൽ, ചെറുകഥ, നാടകം, തുടങ്ങിയ പാരമ്പര്യ സാഹിത്യരൂപങ്ങളും, ചിത്രകല, ശിൽപ്പകല, നൃത്തം തുടങ്ങിയ സാമ്പ്രദായിക സുകുമാരകലകളും പുതിയ സിനിമയും ഇലക്ട്രോണിക്‌ മാധ്യമവും ഇന്റർനെറ്റും തുറന്നുതരുന്ന വിസ്മയകരമായ സൗന്ദര്യാനുഭൂതികളും എല്ലാം തമ്മിലുള്ള ബാന്ധവങ്ങളും സംഗമസംഘാതങ്ങളും സുപ്രധാനമാണ്‌. അവയെ പുതിയ ഭാവുകത്വത്തിന്റെ ഭാഗമായി പലരും സ്വീകരിച്ചു തുടങ്ങി. എങ്കിലും സാഹിത്യവിമർശനത്തിന്റെ മുഖ്യധാരയിൽ ഈ പുതിയ ബാന്ധവവിചാരം എത്തിയിട്ടില്ല എന്നുതോന്നുന്നു.

ഭാരതീയ കാവ്യശാസ്ത്രത്തിൽ സ്ഥായിഭാവവും സഞ്ചാരി (വ്യഭിചാരി) ഭാവങ്ങളും തമ്മിൽ വേർതിരിക്കുന്നുണ്ടല്ലോ .ഒന്നിലും സ്ഥായീഭാവമില്ല എന്ന നിലപാടെടുത്താൽ സഞ്ചാരി ഭാവങ്ങൾക്ക്‌ പ്രസക്തിയില്ലാതാവുകയും സൗന്ദര്യഭംഗം വരികയും ചെയ്യും. അതുപോലെ തന്നെ സ്ഥായീഭാവം അതിൽത്തന്നെ ചലനാത്മകമല്ലെങ്കിൽ ഭാവമേളനം അസാദ്ധ്യമായിത്തീരും. സഞ്ചാരിഭാവങ്ങളെ എത്രയും വിശാലമായ അർത്ഥത്തിലും സ്വാതന്ത്ര്യത്തിലും കണക്കിലെടുത്താൽ മേൽപ്പറഞ്ഞ വിവിധ മാധ്യമങ്ങളെയും ഭാവുകത്വങ്ങളെയും അവയുടെ സ്വകീയത നഷ്ടപ്പെടാതെ തന്നെ സർഗ്ഗസമന്വയത്തിലേക്ക്‌ നയിക്കാൻ കഴിയും. സൂര്യൻ സ്ഥായിയായി നിൽക്കുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനുചുറ്റും സഞ്ചരിക്കുന്നു എന്നാണല്ലോ കോപ്പർനിക്കസിനുശേഷം നാം പഠിച്ച പുതിയ ശാസ്ത്രം. എന്നാൽ ഇതൊരു താൽക്കാലിക സങ്കൽപമാണെന്ന്‌ ഇപ്പോൾ നമുക്കറിയാം. സൂര്യനും സൗരയൂഥവും അതുൾപ്പെടുന്ന ഗാലക്സിയും എല്ലാംതന്നെ പ്രപഞ്ചത്തിന്റെ വികസ്വരചലനത്തിന്‌ വിധേയമാണ്‌. ഏതെല്ലാം ആന്ദോളനങ്ങൾക്കും വികാസ-വികേന്ദ്രീകരണങ്ങൾക്കും അവ വിധേയമാണ്‌ എന്ന്‌ പൂർണ്ണമായും നമുക്കറിഞ്ഞുകൂടാ. അപ്പോൾ സ്ഥായി-സഞ്ചാരി ഭാവങ്ങളെയും ആകെത്തുകയിലുള്ള ചലനത്തിന്‌ വിധേയമാക്കുമ്പോൾ, നമ്മുടെ സൗന്ദര്യശാസ്ത്രത്തിന്‌ പുതിയ മാനങ്ങൾ കൈവരും. ഹരികുമാറിന്റെ നവാദ്വൈതചിന്തയും അനസ്യൂതനിരാസ-നവീകരണവാദവും ഇക്കാര്യങ്ങളെ കണക്കിലെടുക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
ഹരികുമാറിന്റെ സാഹിതീ ദർശനത്തെ ചൂഴ്‌ന്ന്‌ നിൽക്കുന്നത്‌ ഒരു പ്രവാഹബോധമാണ്‌. നിരന്തരമായ ഈ ധാരാത്മകത എല്ലാ സ്ഥാപനവൽക്കരണങ്ങളെയും സിദ്ധാന്തവാശികളെയും കടപുഴക്കിയെറിയുന്നു. ഈ പ്രവാഹത്തിന്റെ ഭാഗമായിട്ടാണ്‌ ആത്മികതയും സൗന്ദര്യവും സർഗ്ഗാത്മകതയും അദ്ദേഹം കാണുന്നത്‌. ഇത്‌ ഒരളവിൽ സോക്രട്ടീസിനും മുൻപുള്ള ആദിയവന ദാർശനികരിൽ ഒരാളായ ഹെറാക്ലീറ്റസിന്റെ ചിന്തയെ ഓർമ്മിപ്പിക്കുന്നു. " ആർക്കും ഒരേ നദിയിൽ രണ്ടുപ്രാവശ്യം കാൽവയ്ക്കാനാവില്ല" എന്നവാക്യം പ്രസിദ്ധമാണല്ലോ. ഭൗതിക യാഥാർത്ഥ്യത്തെ പ്രവാഹമായി (flux) കാണുന്ന ഈ വീക്ഷണം വളരെ ആധുനികവുമാണ്‌. 20-നൂറ്റാണ്ടിൽ ബ്രട്ടീഷ്‌ ദാർശനികനും ഗണിതജ്ഞനുമായിരുന്ന ആൽഫ്രഡ്‌ നോർത്ത്‌ വൈറ്റ്‌ ഹെഡ്‌ (1861-1947) രൂപം കൊടുത്ത 'പ്രോസ്സസ്‌ ഫിലോസഫി' ധാരാവാദത്തിന്റെ വളരെ പരിഷ്കൃതമായ രൂപമാണെന്ന്‌ പറയാം. അനുനിമിഷമുള്ള ആയിത്തീരലുകളുടെ ആകെത്തുകയാണ്‌ പ്രപഞ്ചം. ഓരോ ആയിത്തീരൽ സംഭവവും ഒറ്റപ്പെട്ട്‌ നിൽക്കാതെ തുടർച്ചയായ മാറ്റത്തിന്റെയും പുതുമയുടെയും ഭാഗമായി നമുക്ക്‌ അനുഭവവേദ്യമാകുന്നു. പാശ്ചാത്യ തത്ത്വവിചാരത്തിൽ പ്രബലമായിരുന്ന സത്ത. സ്ഥിരത, ഏകതാനത എന്നിവയെ എല്ലാം നിഷേധിച്ച്‌ ഈ ദർശനം ചരിത്രപരമായിത്തന്നെ ഭൂതകാലത്തിൽ നിന്ന്‌ പുതിയ ഭാവയിലേക്ക്‌ നിരന്തരം പരിണമിക്കുന്ന യാഥാർത്ഥ്യത്തെയാണ്‌ ഊന്നിപ്പറഞ്ഞത്‌. ഈ പ്രക്രിയയുടെ ചലനാത്മകതമൂലം, പരമ്പരാഗതവും സ്ഥാവരവുമായ മാനദണ്ഡങ്ങൾ കൊണ്ട്‌ ഇതിനെ അളക്കാനും അറിയാനും ആവില്ല എന്നായിരുന്നു വൈറ്റ്‍ഹെഡിന്റെ പക്ഷം.

പാശ്ചാത്യ ദർശനത്തിലും വേദശാസ്ത്രത്തിലുമെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ച ഈ ദാർശനിക വീക്ഷണത്തെ, ഹരികുമാറിന്റെ പ്രവാഹവാദവുമായി ബന്ധിപ്പിച്ച്‌ കാണുന്നത്‌ പ്രയോജനപ്രദമാണ്‌.
നിരന്തരചലനം നമ്മെ വിഭ്രമിപ്പിക്കും. നമ്മുടെ പരിചിതമായ ദിഗ്ബോധങ്ങളെ അത്‌ മായിച്ചുകളയും. സ്ഥലജലഭ്രമത്തിന്‌ വിധേയരാകും നാം. അതുകൊണ്ടാണ്‌ മനുഷ്യർ ഇളകാത്ത കുറ്റികൾ സ്ഥാപിക്കുന്നത്‌. അതിർക്കല്ലുകളിടുന്നത്‌. കാലത്തെ മണിക്കൂറായും മിനിറ്റായും സെക്കൻഡായും കീറിമുറിച്ച്‌ അടയാളപ്പെടുത്തി കൈത്തണ്ടയിൽ കൊണ്ടുനടക്കുന്നത്‌. സ്ഥലത്തെ അളന്ന്‌, അറകളായി തിരിച്ച്‌ കെട്ടിടം പണിത്‌ അതിൽ കയറി വാതിലടച്ച്‌ പാർക്കുന്നത്‌, എങ്കിലും ധൈര്യമുള്ളവർ ഇടയ്ക്കിടെ, അറകൾ തുറന്ന്‌, അടയാളങ്ങൾ പറിച്ചെറിഞ്ഞ്‌, വസ്ത്രമുരിഞ്ഞ്‌ സ്ഥലകാലങ്ങളുടെ അനന്തവിസ്തൃതികളിൽ നഗ്നരായി അലയുന്നു. അനുച്ചരണീയമാണ്‌ അവരുടെ അനുഭവം.

കപടവേഷങ്ങളണിഞ്ഞ നമ്മെ ഹരികുമാറിന്റെ ചിന്താസ്ഫുലിംഗങ്ങൾ വിവസ്ത്രരാക്കുന്നു. നമ്മുടെ ആടയാഭരണങ്ങൾക്ക്‌ തീ കൊളുത്തുന്നു. കലയിലും സാഹിത്യത്തിലും പുതിയൊരു സൗന്ദര്യ ചിന്താസരണിയുടെ സമാരംഭമാവട്ടെ നമുക്ക്‌ ലഭിച്ചിരിക്കുന്ന ഈ ദർശനസുകൃതം.

എന്റെ മാനിഫെസ്റ്റോ -അവതാരിക

അദ്വൈതത്തിന്റെ ആകാശംചാത്തനാത്ത്‌ അച്യുതനുണ്ണി
[എൻടെ മാനിഫെസ്റ്റോ എന്ന കൃതിക്കു ഡോ ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ അവതാരിക.]
ഒരു വസ്തുവും പുതുതായി ഉണ്ടാകുന്നില്ലെന്നും മുൻപില്ലാത്ത ഒന്നിന്‌ പുതിയ അവതാരം അസാധ്യമാണെന്നും ജ്ഞാനസ്വരൂപവും മൗലികവും അമൂർത്തവുമായ ബ്രഹ്മത്തിന്റെ വിവർത്തനമാണ്‌ പ്രാതിഭാസികപ്രപഞ്ചമെന്നും അദ്വൈതവേദാന്തം അനുശാസിക്കുന്നു. അനാദിയായ ഒരു സനാതനവ്യവസ്ഥയുടെ സാന്നിധ്യം എല്ലാ പദാർത്ഥങ്ങളുടെയും സത്തയിലുണ്ട്‌ എന്ന സാമാന്യതത്ത്വം വ്യത്യസ്തവീക്ഷണങ്ങൾക്കു വേരുപിടിയ്ക്കാനാവാത്തവിധം എല്ലാ ഭാരതീയദർശനങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്‌. പാശ്ചാത്യമായ ആധ്യാത്മികതത്ത്വചിന്തകളും ഏറെക്കുറെ ഇതേ വചനകേന്ദ്രിതവാദവും ശബ്ദകേന്ദ്രീതവാദവും ആവിഷ്കരിക്കുന്നു. ഈ സാന്നിധ്യത്തിന്റെ അതിഭൗതികത്തെ തകർക്കുന്നതാണ്‌ നീഷേയിൽനിന്നും ഹെയ്ഡഗറിൽനിന്നും പ്രചോദനം നേടിയ ദെറിദ, ഫൂക്കോ, ലകൻ, ദെല്യൂസ്‌ തുടങ്ങിയ ഉത്തരാധുനികരായ തത്ത്വചിന്തകരുടെ വിചാരപദ്ധതികൾ.

ദലവിഭജനം ചെയ്ത്‌ പരമാർത്ഥമന്വേഷിക്കുന്ന തീക്ഷ്ണധാരമായ ജ്ഞാനശാസ്ത്രത്തിന്റെ വിവാദഭുമികളിൽ ബുദ്ധിയും ഭാവനയും മനനവും ധ്യാനവും പരസ്പരം കലഹിച്ചും സമന്വയിച്ചും നൂറ്റാണ്ടുകളിലൂടെ സഞ്ചയിച്ച സത്താവിജ്ഞാനപരമായ ദർശനങ്ങൾ ദുരവഗാഹമായ വൈവിധ്യവും വൈപുല്യവുമാർന്നതത്രേ. അവയിൽ ഏറെക്കാലം ആണ്ടുമുങ്ങിയും നീന്തിത്തുടിച്ചും അനാസക്തിയോഗത്തിന്റെ വെളിച്ചം നിറഞ്ഞ മറുകരയെത്തുക എത്രയോ ദുഷ്കരമാണ്‌. പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിൽക്കടന്നു വന്നുപരിണമിക്കുന്ന പ്രപഞ്ചാവബോധത്തെ സ്വാത്മായതനവിശ്രാന്തമായ നിദിധ്യാസത്തിലൂടെ നവീകരിക്കുക അതിലേറെ ആയാസകരമാണ്‌. ത്രികാലാതിവർത്തിയായ പ്രതിഭയുടെ മൂന്നാം കണ്ണ്‌ കലാകാരനെന്നതുപോലെ തത്ത്വചിന്തകനും ആവശ്യമാകുന്നു. സർഗ്ഗാത്മകവും അസുലഭവുമായ ഈ ഉപലബ്ധികൊണ്ട്‌ അനുഗൃഹീതനായ ഒരു സത്യാന്വേഷകന്റെ ജീവിതദർശനമാണ്‌ എം.കെ.ഹരികുമാറിന്റെ ലഘുനിബന്ധങ്ങളിൽ തെളിഞ്ഞുവരുന്നത്‌.

'എന്റെ മാനിഫെസ്റ്റോ' - പ്രതിജ്ഞാപത്രം എന്ന പേരുതന്നെ സുദീർഘമായ മനനമഥനത്തിൽനിന്നുയർന്നുവന്ന ആത്മാവിഷ്കാരത്തിന്റെ സത്യസന്ധതയുടെ സാക്ഷ്യപത്രമാകുന്നു. പത്തൊൻപത് ലഘുപ്രബന്ധങ്ങളും സൂത്രരൂപമായ നൂറ്റൊന്ന് ലഘു വാക്യങ്ങളുമാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 'ലഘു'വെങ്കിലും ഇവ ഓരോന്നും ഗുരുവാണ്‌. പ്രജ്ഞയുടെ അരണി കടഞ്ഞു ചിതറുന്ന ദീപ്രസ്ഫുലിംഗങ്ങളുടെ ദീപ്തിവലയത്തിൽ ഭൂതപ്രകൃതിയും ആത്മീയതയും മാനവികതയും സംസ്കൃതിയും ഭാഷയും സാഹിത്യവുമെല്ലാം ഉരുകിച്ചേർന്ന്‌ നവീനമായ ഒരദ്വൈതാനുഭവമായി തിളങ്ങിനിൽക്കുന്നു.

'നവാദ്വൈത'മെന്നു ഹരികുമാർ വ്യപദേശിക്കുന്ന ഈ തത്ത്വവിജ്ഞാനം അദ്ദേഹത്തിന്റെ സ്വകീയമായ സത്താദർശനം തന്നെയാകുന്നു. അതിന്റെ ഉറവിടം തീർച്ചയായും പ്രാചീനരായ ഭാരതീയമനീഷികളുടെയും ആധുനികരായ പാശ്ചാത്യചിന്തകരുടെയും പ്രപഞ്ചവ്യാഖ്യാനങ്ങളിൽ കണ്ടെത്താം. എന്നാൽ, ആ പൂർവസൂരികളുടെ വാക്കുകളെയോ വീക്ഷണങ്ങളെയോ അതുപടി ആവർത്തിക്കുവാനോ അനുവർത്തിക്കാനോ ഹരികുമാർ മുതിർന്നിട്ടില്ല. അവരുടെ ചിന്താപദ്ധതികളിൽനിന്നു പ്രചോദനമുൾക്കൊണ്ട്‌ യുക്തിഭദ്രവും വ്യതിരിക്തവുമായ ഒരു നവദർശനം ആവിഷ്കരിക്കുകയും വ്യത്യസ്തപ്രതിഭാസങ്ങളിൽ അതിനെ സമന്വയിക്കുകയാണ്‌ ചെയ്യുന്നത്‌. അദൃഷ്ടപൂർവ്വവും അശ്രുതപൂർവ്വവുമായ വസ്തുതകൾ ഉൾക്കൊള്ളുക ഏറെ പ്രയാസമാണ്‌. അപരിചിതമായതിനെ മനസ്സ്‌ പ്രതിരോധിക്കുക സ്വാഭാവികമാണ്‌. അതുകൊണ്ട്‌ ഈ പ്രബന്ധങ്ങളിൽ പ്രകാശിക്കുന്ന കേന്ദ്രഭൂതമായ ദർശനത്തിന്‌ സാമാന്യവായനക്കാരന്റെ അവബോധത്തിലേക്ക്‌ അനായാസം കടന്നുചെല്ലാൻ കഴിഞ്ഞുവെന്ന്‌ വരില്ല. എന്നാൽ, ധാരണയും ധ്യാനവുംകൊണ്ട്‌ മൂന്നാംമിഴി തുറക്കുവാൻ കഴിയുന്നവന്റെ ഹൃദയാകാശത്തിൽ അത്‌ സ്വാനുഭവത്തിന്റെ വെളിച്ചമായിപ്പരക്കും.

സ്വത്വനിരാസമാണ്‌ വ്യക്തിയുടെ വികാസത്തിന്നാസ്പദമെന്ന ഋജുവായ തത്ത്വമാണ്‌ ഈ നവാദ്വൈതദർശനത്തിന്റെ കേന്ദ്രം. 'ഋജുവായ' എന്ന വിശേഷണം സ്വയം നിരസിക്കും; കാരണം, കേൾക്കുന്നമാത്രയിൽ തോന്നുന്നതു മാത്രമാണ്‌ അതിന്റെ ആർജവം. ദുർഗ്രഹവും സങ്കീർണ്ണവുമാണ്‌ അതിന്റെ പൊരുൾ. സത്യം, ശിവം, സൗന്ദര്യം മുതലായ ചില സങ്കൽപങ്ങൾ അടിസ്ഥാനപരമായ മൂല്യങ്ങളെന്നു ചിരകാലമായി നാം മാനിച്ചുപോരുന്നുണ്ടല്ലോ. അവ പരമാർത്ഥത്തിൽ വൈയക്തികവും സാമൂഹികവും പാരമ്പര്യബദ്ധവുമായ പലതരം അതിരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട്‌ വികസിക്കുവാനാകാത്ത അമൂർത്തഭാവങ്ങളാണ്‌. സ്വയം ആയിരിയ്ക്കുക എന്ന യാഥാസ്ഥിതികമായ മൗലികവാദത്തിനു വിഷയങ്ങളാണ്‌ ഇവയെന്ന്‌ ഹരികുമാർ നിരീക്ഷിക്കുന്നതിൽ യുക്തിയുണ്ട്‌. ഏത്‌ ആശയവും സ്വയം നിരസിക്കുമ്പോൾ മാത്രമേ അതിരുകൾ മറികടന്ന്‌, സ്ഥലകാലങ്ങളുടെ കെട്ടുകൾ പൊട്ടിച്ച്‌ അനന്തതയിലേക്ക് സർഗ്ഗാത്മകമായ പ്രയാണമാരംഭിക്കുകയുള്ളൂ. 'ഊഴിയിൽ അഖിലസാര' മെന്നു മാനിയ്ക്കപ്പെടുന്ന സ്നേഹത്തിന്റെ സാരം സ്വത്വനിരാസമാണല്ലോ. അഹംബോധപരതന്ത്രമായ ജീവാത്മാവിനെ നിരസിച്ച്‌ സർവതന്ത്രസ്വതന്ത്രമായ പരമാത്മാവിനെ സാക്ഷാത്കരിക്കണമെന്ന്‌ ഭാരതീയമായ ആർഷജ്ഞാനം പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. 'ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ' എന്ന്‌ ഹരിനാമകീർത്തനം ഉദ്ഘോഷിച്ചിട്ടുണ്ട്‌. ഇതുതന്നെയല്ലേ സ്വയംനിരാസമെന്ന നവാദ്വൈതം എന്നു ന്യായമായും സംശയിക്കാം. എന്നാൽ, പ്രാചീനമായ അദ്വൈതദർശനവും ഹരികുമാർ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മിൽ അടിസ്ഥാനപരമായ അന്തരമുണ്ട്‌. പ്രാചീനമായ അദ്വൈതത്തിൽ അമൂർത്തവും സർവ്വവ്യാപിയുമെന്നു പരികല്‍പ്പിക്കപ്പെടുന്ന പരമാത്മാവ്‌ അന്തിമവിശ്രാന്തിസ്ഥാനമാണ്‌. 'വിശ്രാന്തിസതത്വേന ഭോഗേന ഭുജ്യതേ' എന്ന്‌ പരമാത്മസ്ഥാനീയമായ രസത്തിന്റെ ആസ്വാദത്തെ നാട്യശാസ്ത്രവ്യാഖ്യാതാവായ ഭട്ടനായകൻ വിവരിക്കുന്നതു നോക്കുക. പരമപദമാണ്‌, ആവൃത്തിരഹിതമാണ്‌, അന്തിമവിലയസ്ഥാനമാണ്‌ പരമാത്മചൈതന്യം. അതിൽ വിലയംപ്രാപിച്ചുകഴിയുമ്പോൾ ജീവാത്മാവിനു പിന്നെ സ്വയംനിരാസമില്ല, യാത്ര അറുതിയിലെത്തുന്നു; വികാസം സ്തംഭിക്കുന്നു. ഏത്‌ വസ്തുവും അങ്ങനെ ജഡീഭാവതുല്യമായ പാര്യന്തികവിശ്രാന്തിപദം പ്രാപിക്കുന്നു എന്ന അധ്യാത്മവാദത്തിനു വിരുദ്ധമാണ്‌ നവാദ്വൈതം. "അദ്വൈതത്തിൽ വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളുമില്ലെന്നും എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷ്പിതമാണെന്നും പറയുന്നു. ഇത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌, നാം പിറവിയിൽത്തന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടൂ, അതേ സമയം നവാദ്വൈതത്തിൽ അറിവിനുവേണ്ടിയല്ല പോരാട്ടം" എന്ന്‌ 'സ്വത്വനിരാസ'മെന്ന ആദ്യപ്രബന്ധത്തിലും തുടർന്ന്‌ പലപ്രബന്ധങ്ങളിലും ഹരികുമാർ തന്റെ അദ്വൈതസങ്കൽപം വിശദമാക്കുന്നുണ്ട്‌. കർമ്മങ്ങളിലൂടെ തുടർച്ചയായി സ്വയം നിരസിച്ച്‌ വികസിക്കുകയത്രേ നവാദ്വൈതത്തിന്റെ ധർമ്മം. കാഫ്കയുടെ കഥാപാത്രങ്ങൾ സ്വയം നിരാകരിച്ചുകൊണ്ട്‌ ഏതാണ്‌ യാഥാർത്ഥ്യം എന്നു യുക്തിയിലൂടെ തിരയുകയും യുക്തിരാഹിത്യം നിർമ്മിക്കുകയും പുതിയൊരു യുക്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഈവിധം സ്വയംനിരാസത്തിന്റെ അനുസ്യുതിയത്രേ സാഹിത്യം. അത്‌ ഉറച്ചുപോയ ആശയങ്ങളെയും മൂല്യങ്ങളെയും നിരസിച്ചുകൊണ്ട്‌ ഓരോ വായനയിലും പുതിയ രൂപംപൂണ്ട്‌ ബൃഹത്തായ പ്രാപഞ്ചികാവസ്ഥകളിലേക്ക്‌ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു എന്ന ഹരികുമാറിന്റെ ജ്ഞാനശാസ്ത്രം പ്രപഞ്ചാനുഭവങ്ങളിലേക്കും കാവ്യാനുഭൂതിയിലേക്കും നമ്മുടെ അന്തർലോചനം തുറന്നുവെയ്ക്കുന്നു.

'അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത' 'ഭഗവദ്ഗീതയുടെ പുനരവലോകനം' എന്നീ പ്രബന്ധങ്ങളിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' പുനർവായനയ്ക്കു വിധേയമാക്കുന്നു. സ്വതന്ത്രമാവാൻ മോഹിക്കുന്ന പ്രകൃതിയത്രേ ഖസാക്കിലെ ഓരോ വരിയും. ഈ സ്വാതന്ത്ര്യമോഹമാകട്ടെ, പ്രകൃതിയിലെ ഓരോ വസ്തുവിലും ആശയത്തിലും പരസ്പരം നിരസിക്കുകയും സ്വയം നിരാകരിക്കുകയും ചെയ്യുന്ന അനേകം ഘടകങ്ങളുടെ സംഘർഷമാണ്‌. നോവലിലെ നായകനായ രവി ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. തനതായ അന്തഃസത്തയോ തത്ത്വശാസ്ത്രമോ അയാൾക്കില്ല. സംശയാലുവും ഭീരുവും ഭാവനാശാലിയുമായ അയാൾ ഭൗതികശാസ്ത്രത്തിലും തത്ത്വചിന്തയിലുമുള്ള താത്പര്യമുപേക്ഷിച്ച്‌ ഒരു കുഗ്രാമത്തിലെ വിദ്യാലയത്തിലാണ്‌ എത്തുന്നത്‌. അയാൾ തന്നിൽനിന്നുതന്നെ ഓടിയൊളിക്കുകയാണ്‌. പരസ്പരബന്ധമില്ലാത്ത പുസ്തകങ്ങൾ വായിക്കുന്ന അയാൾ പരസ്പരബന്ധമില്ലാത്ത യുക്തികൾ കൊണ്ട്‌ നിർമ്മിച്ചെടുക്കുന്നതെല്ലാം ഉത്തരക്ഷണത്തിൽ തകർന്നുപോകുന്നു, അർത്ഥവത്തായ കർമ്മങ്ങൾ ചേർന്നിണങ്ങി നിരർത്ഥകമായ ശൂന്യതയായീത്തീരുന്നു. 'ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്നു ബോധ്യപ്പെടുത്തുന്ന' കൃതിയാണ്‌ ഖസാക്കിന്റെ ഇതിഹാസമെന്ന നിരീക്ഷണത്തിന്റെ സാംഗത്യമിതാണ്‌. മിത്തും കൽപിതകഥയും യാഥാർത്ഥ്യവും ചരിത്രവും അധ്യാത്മവിദ്യയും രാഷ്ട്രീയവും കൂട്ടിക്കലർത്തി പുതിയ കാലത്തിലെ മനുഷ്യന്റെ ശിഥിലമായ അന്തർലോകങ്ങളെ പ്രശ്നവൽക്കരിക്കുകയും തുറന്നുകാണിക്കുകയുമത്രെ ഇതിഹാസത്തിന്റെ ലക്ഷ്യം. അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്കു കുറുകെ ഭഗവദ്ഗീതയോടു കലഹിക്കുകയും അതിനെ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന ഇതുപോലുള്ള മറ്റൊരു കൃതി ഇന്ത്യൻ ഭാഷകളിലില്ലെന്ന ഹരികുമാറിന്റെ നിഗമനം യുക്തിഭദ്രമാകുന്നു. സ്വന്തം ഭാരതീയതയാണ്‌ വിജയൻ കണ്ടെത്തുന്നത്‌. അസ്തിത്വവാദത്തിലെ അന്യവൽക്കരണത്തിന്റെ നിസ്സാഹായതയല്ല ഇതിഹാസത്തിലെ നിരർത്ഥകത. ശ്രീകൃഷ്ണന്റെ അദ്വൈതത്തോടു കലഹിച്ചും സമരസപ്പെട്ടും വിജയൻ സ്വന്തം ഉള്ളിൽനിന്ന്‌ ഭാരതീയത വീണ്ടെടുക്കുകയത്രെ. ഔപനിഷദമായ ആത്യന്തികരമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരത ഇതിൽകണ്ടെത്തുന്നുവെന്ന നിഗമനം ശൂന്യതയെ മഹായാനബുദ്ധമതത്തിലെ ശൂന്യവാദത്തിൽ നിന്നു വ്യതിരിക്തമാകുന്നു.

അസ്തിത്വത്തിന്റെ പരിമിതികളിൽ നിന്ന്‌ ആത്മനിരാസത്തിലൂടെ മോചനം തേടി അനേകം ജന്മവാസനകളുമായി നിരന്തരം രൂപാന്തരങ്ങളിലേക്കു സഞ്ചരിക്കുന്ന വസ്തുപ്രതിഭാസത്തിനു നിദർശനമത്രേ ജലം (ജലാത്മകത). മറ്റൊന്നായി മാറാനുള്ള ഉൽഭ്രാന്തമായ ആവേഗമാണ്‌ അതിന്റെ ഒഴുക്ക്‌, സ്ഥിരമായ രൂപമോ ആശയമോ ഇല്ലെന്നതാണ്‌ അതിന്റെ മോചനം, മൗലികവാദങ്ങളോട്‌, ചരിത്രത്തോട്‌, ജഡീഭവിച്ച ചിന്തകളോട്‌ കലഹിച്ച്‌ നിത്യപരിവർത്തനത്തിന്‌ വിധേയമാകുന്ന ലോകാവസ്ഥകളിലൂടെ യാത്രചെയ്ത്‌ അപരിചിതവും അനാവൃതവുമായ മണ്ഡലങ്ങളിൽ എണ്ണമറ്റ സാധ്യതകളായി പരിണമിക്കുന്ന ജലം നവാദ്വൈതത്തിന്റെ രൂപകമാകുന്നു.

വെള്ളംപോലെയാണ്‌ പത്രവും. പ്രസിദ്ധീകരിക്കുന്ന വാർത്തകളൊന്നും സ്വന്തമാണെന്നു കരുതാതെ പത്രം ഓരോനിമിഷവും സ്വയം തള്ളിക്കളയുകയും മറ്റൊന്നായി മാറുകയും ചെയ്തുകൊണ്ട്‌ വൈരുദ്ധ്യങ്ങളിലൂടെതന്നെ വൈരുധ്യങ്ങളെ മറികടക്കുകയാണ്‌ (ഇത്‌ നവാദ്വൈതത്തിന്റെ ആന്തരികതത്ത്വമാണ്‌. 'പത്രം ഒരൊഴുക്ക്‌')
ഓരോ പദാർത്ഥത്തിലും പരസ്പരം പൊരുത്തപ്പെടാത്ത യാഥാർത്ഥ്യങ്ങളുണ്ട്‌. പൂർണ്ണമായ യാഥാർത്ഥ്യമെന്തെന്നറിയില്ല. നാം തിരിച്ചറിയുന്ന യാഥാർത്ഥ്യംതന്നെ അവ്യക്തമോ സന്ദേഹാസ്പദമോ ആണ്‌. കാരണം, ഓരോ വസ്തുവും പ്രതീതിഗോചരമാകുമ്പോൾതന്നെ മറ്റൊന്നായി മാറുകയാണ്‌. അതുകൊണ്ട്‌, സാഹിത്യകാരന്റെ കടമ താൻ ജീവിക്കുന്ന ലോകത്തെ പുനർനിർമ്മിക്കുകയാണ്‌. ഏതു വസ്തുവിനെയും അതിൽനിന്നു മോചിപ്പിച്ച്‌ ആന്തരികപരിവൃത്തിയിലേക്ക്‌, നവാദ്വൈതത്തിലേക്ക്‌ അഭിസംക്രമിപ്പിക്കുകയാണ്‌ കവികർമ്മം (ഓരോ വസ്തുവും പുതുതായി ജനിക്കുന്നു)
യാഥാർത്ഥ്യംതന്നെ ബഹുസ്വരമായിത്തീരുന്ന പിൽക്കാലമുതലാളിത്തത്തിന്റെ ഉപഭോഗസംസ്കാരത്തിൽ ഭാഷയ്ക്ക്‌ ആത്യന്തികമായ ഹരിതസമൃദ്ധി നഷ്ടപ്പെട്ടു പോകുന്നു. അനുഭവങ്ങൾ അനേകം ശകലങ്ങളായിച്ചിതറുമ്പോൾ വ്യക്തിയുടെ സ്വാച്ഛന്ദ്യത്തിന്‌ ശിഥിലീകരണവും അർത്ഥത്തിനു ശോഷണവും സംഭവിക്കുന്നു. ഇത്‌ ഭാഷയുടെ മരണത്തിനു വഴിവെയ്ക്കുന്നു. അർത്ഥസാംഗത്യം പ്രശ്നവൽകൃതമാകുന്ന ഉത്തരാധുനികതയിൽ വാക്കുകൾ പ്രദർശനവസ്തുക്കളാകുന്നു. വർത്തമാനസമൂഹത്തിൽ ടെലിവിഷനും സിനിമയും സാഹിത്യവും പത്രവും ശകലീകൃതമായ സംവേദനംകൊണ്ട്‌ ആന്തരികമായ അർത്ഥരാഹിത്യം ബോധിപ്പിക്കുന്നു. ഈ സ്ഥിതിയിൽ നിരൂപകന്റെ ധർമ്മം പാഠത്തിലെ ചിഹ്നങ്ങളുപയോഗിച്ച്‌ ഭാഷയ്ക്കതീതമായ തലങ്ങളിൽ ഭാവനചെയ്യുകമാത്രമാണെന്നും നവാദ്വൈതത്തിന്റെ അനന്തവ്യാഖ്യേതയിലേയ്ക്കുള്ള ഭാഷയുടെ ഒഴുക്കാണിതെന്നുമാകുന്നു ഹരികുമാറിന്റെ പക്ഷം (ഭാഷ മരിച്ചു).

ജീവിതാവബോധത്തിന്റെ വാതിലുകൾ തുറക്കുന്നതിൽ ഭാവനയ്ക്കുള്ള പങ്ക്‌ സുപ്രധാനമാണ്‌. വൈരുദ്ധ്യങ്ങളെ സമാകലനം ചെയ്ത്‌ നഗരവൽകൃതമായ ആധുനികതയിൽ നഷ്ടപ്പെടുന്ന വ്യക്തിയെയും ഭാഷയേയും അതു കണ്ടെത്തുന്നു; ചിന്തയെ ഭരിയ്ക്കുന്ന ക്ഷണികമായ പലതരം ആവേഗങ്ങൾ അടയാളപ്പെടുത്തുന്നു. വ്യാമിശ്രിമായിത്തീരുന്ന അവബോധം ഗുണിതങ്ങളായിപ്പെരുകുന്നു(അവബോധത്തിന്റെ ഗുണിതങ്ങൾ). ഈ വ്യാമിശ്രണം സാഹിത്യത്തിന്റെ ആത്മീയതയിലും സംഭവിക്കുന്നുണ്ടെന്ന്‌ ഹരികുമാർ നിരീക്ഷിക്കുന്നത്‌ ശ്രദ്ധേയമാണ്‌. ഭൗതികതയും ആത്മീയതയും തമ്മിൽ വേർതിരിവില്ല. എല്ലാം പലതായിരിയ്ക്കെത്തന്നെ ഭേദങ്ങളെ മറികടന്ന്‌ സാക്ഷാൽക്കരിക്കുന്ന മതാത്മകമല്ലാത്ത സമന്വയദർശനമാണ്‌ ആത്മീയത. നിർവ്യക്തികമായ, അതിരുകളില്ലാത്ത നവീനമായ അദ്വൈതാവബോധം നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്നു. (ബദൽ ആത്മീയത).

ഈ നിരന്തരനവീകരണത്തിന്റെ സങ്കീർണ്ണത സാഹിത്യത്തിൽ പ്രതിഫലിക്കുന്നത്‌ ജീവിതാനുഭവങ്ങളിൽനിന്നുതന്നെയാണ്‌. പ്രകാശത്തേക്കാൾ വേഗംകൂടിയ മാനസികയാത്രകളിൽ മനുഷ്യൻ എപ്പോഴും വ്യാപരിക്കുന്നുണ്ട്‌. അവിടെ വഴികൾ മാഞ്ഞുപോകുന്നു, ലക്ഷ്യങ്ങൾ മാറിമറിയുന്നു. യാത്രതന്നെ വഴിയാകുന്നു. യാത്രയുടെ പരമലക്ഷ്യത്തെക്കുറിച്ച്‌ ഇതുവരെയുണ്ടായിരുന്ന വിശ്വാസങ്ങൾ അസ്തമിച്ചിരിക്കുന്നു. വർത്തമാനത്തെ നിരാകരിച്ചുകൊണ്ട്‌ നിർവഹിക്കുന്ന അറുതിയില്ലാത്ത, തിരിച്ചുവരവില്ലാത്ത യാത്ര എന്ന സങ്കൽപനത്തിൽ നവാദ്വൈതത്തിന്റെ കേന്ദ്രതത്ത്വം നിഹിതമാകുന്നു. (വഴികൾ).

നവാദ്വൈതത്തിൽ പരമപദവും പ്രതിഷ്ഠയുമില്ല. വെള്ളമൊഴുകുന്നതുപോലെ മനുഷ്യൻ സ്വയം നിരാകരിച്ചുകൊണ്ട്‌ കർമ്മപരമ്പരയിലൂടെ മാറിക്കൊണ്ടേയിരിക്കയാണ്‌. അപ്പോൾ വൃഷ്ടിയും സമഷ്ടിയും രണ്ടല്ലെന്നുവരും. ഭൗതികതയും ആത്മീയതയും രണ്ടല്ലെന്നുവരും. ഈ അദ്വൈതാനുഭൂതി വെളിച്ചം നിറഞ്ഞ അനന്തവിശാലമായ ആകാശമാണ്‌. അവിടെ സ്വാതന്ത്ര്യത്തിനു പരിമിതിയില്ല. സുഖം-ദുഃഖം, രാഗം-ദ്വേഷം, സ്വാർത്ഥം-ത്യാഗം, ജീവിതം-മരണം മുതലായ ദ്വന്ദ്വങ്ങളില്ല. അതാണ്‌ പ്രപഞ്ചാവസ്ഥയെന്ന അവബോധം .ഇത് പ്രാപഞ്ചികമെന്നു നാം കരുതുന്ന പ്രാതിഭാസികമായ സങ്കീർണ്ണതകളിൽ നിന്നു മോചനമരുളുന്നു. അതാണ്‌ ആത്മനിരാസത്തിന്റെ ആത്മസാക്ഷാത്കാരം. ഈ തത്ത്വം ഹരികുമാർ പല പ്രബന്ധങ്ങളിൽ പല ബിംബങ്ങളിലൂടെ പ്രപഞ്ചനംചെയ്തിട്ടുണ്ട്‌. ദുരവഗാഹമായ ഒരു വിഷയം ഇത്രയും ഋജുവും ലളിതവും ആകർഷകവുമായ ശൈലിയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത്‌ ചിന്തയിലും എഴുത്തിലുമുള്ള സമാധികൊണ്ടുതന്നെയാണ്‌.

ചിദാകാശത്തിലെ നക്ഷത്രസ്ഫുലിംഗങ്ങൾപോലെ നൂറ്റിയൊന്ന് സൂത്രവാക്യങ്ങൾ ഈ പുസ്തകത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നുണ്ട്‌. സങ്കേതബദ്ധമായ ചിന്താപാരമ്പര്യത്തിന്റെ അതിരുകൾക്കപ്പുറത്തുള്ള വികസ്വരമായ ചക്രവാളത്തിലേക്ക്‌ അവ നമുക്കു വഴി കാണിച്ചുതരുന്നു. മനുഷ്യാവസ്ഥയുടെ ദുഷ്പരിഹാര്യമായ പ്രശ്നങ്ങളിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. 'അൽപാക്ഷരമസന്ദിഗ്ധം സാരവദ്‌വിശ്വതോമുഖം' എന്ന സൂത്രസ്വഭാവം കൊണ്ടു സാന്ദ്രമായ അവയുടെ ഘടന പ്രജ്ഞയും കവിതയുമിടകലർന്ന ശിൽപചാതുരിയാൽ സമാകർഷകമാണ്‌.

നാം ഇതുവരെ നേടിവെച്ച അർത്ഥങ്ങളെയെല്ലാം മറികടന്ന്‌ നിരന്തരം പുതിയ അർത്ഥങ്ങളന്വേഷിച്ച്‌ അനന്തതയിലേക്ക് യാത്രചെയ്യുവാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു.

നിരാസത്തിന്റെ തത്ത്വം

നിരാസത്തിന്റെ തത്ത്വംഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌


ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുരോഗമിച്ചുവന്നപ്പോഴാണ്‌ ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന്‌ ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്‌. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി മാറിക്കഴിഞ്ഞിരുന്നു! സ്വയംനിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം."വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ്‌ 'കലാപ'മെന്ന്‌ ഇവിടെ വിവക്ഷിക്കുന്നത്‌. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ്‌ കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.

ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന്‌ ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക്‌ ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്‌. ഗരിമയുള്ളതുമാണ്‌. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്‌. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്‌. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.

'സ്വയം നിരാസം' ഗ്രന്ഥകാരന്‌ ഒരു തപസ്യപോലെയാണ്‌. സംസ്കൃതമനസ്സുകൾക്ക്‌ എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചുതന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക്‌ അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്‌. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്‌. അത്‌ ശബ്ദത്തെ യും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച്‌ അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്‌, ഒരു പുത്തൻ സുതാര്യതയിലേക്ക്‌ ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്‌. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്‌:-
"സമയമെടുത്തു ചിന്തിക്കുന്നത്‌ അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു)
ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത്‌ 'മൗലികവാദ'ത്തിന്‌ ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്‌. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ്‌ ഹിംസാത്മകതയ്ക്ക്‌ കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത്‌ ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക്‌ മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന്‌ ഈ പ്രമാണം വെളിപ്പെടുത്തുന്നു.

ഇക്കാലത്ത്‌ 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്‌. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്‌. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.

'പുനർജനി' എന്നത്‌ കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്‌. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന്‌ യേശക്രിസ്തു അരുൾ ചെയ്തു. അത്‌ ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്‌. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്‌. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്‌. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.

John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ്‌ വരുമ്പോഴേ
നാടു നാടായ്‌ നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്‌. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത്‌ അത്ഭുതാവഹമാണ്‌.
വഴിയാണ്‌ യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ 'വഴികൾ')

യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്‌, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട്‌ എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത്‌ സ്വയംനിരാസത്തിലാണ്‌. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതുമറ്റൊന്നിലേക്ക്‌ അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്‌. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ്‌ ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട്‌ എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത്‌ ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ്‌ പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന്‌ സെയിന്റ്‌ പോൾ പറയുന്നുണ്ട്‌.

സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്‌.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഢനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട്‌ യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട്‌ ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട്‌ പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞത്‌ എന്ന്‌ അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ്‌ പറഞ്ഞത്‌. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.

നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്‌] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്‌, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയ വളർച്ചയും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല. നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത്‌ എന്നാണ്‌ ഗ്രിഗോറിയോസിന്റെ വാദം. 'അവസാനിക്കാത്ത വളർച്ച' എന്ന്‌ അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക്‌ ഊർജ്ജവും സൗന്ദര്യവുമുണ്ട്‌. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്‌?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ്‌ ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്‌. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ്‌ അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക്‌ പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌ ഈ പുനർനിർമ്മാണം."

പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ്‌ സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്‌. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത്‌ ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്‌. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത്‌ 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്‌." (ഭാഷ മരിച്ചു)

ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്‌. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ്‌ സാഹിത്യത്തിന്റേത്‌." എന്നാണ്‌ അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തത്തന്നെയാണിത്‌. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്ര ദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്‌.

'ചലനവും പുരോഗതി'യും ഗ്രന്ഥകാരന്‌ ഒരു obsession പോലെയാണ്‌. അത്‌ സ്വാഗതാർഹവുമാണ്‌. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്‌. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്‌:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്‌!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രയോഗിക്കുന്നത്‌." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്‌! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.

"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ്‌ നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.

മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ്‌ 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന്‌ അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന്‌ 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട്‌ ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്‌. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.

'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന്‌ ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.

'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്‌. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.

പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.


. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.
പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആളമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.