Followers

Friday, October 5, 2018

ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു/എം.കെ. ഹരികുമാര്‍




ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി. എന്‍റെ ചിന്തകള്‍ എന്ന് പറയുന്നതെന്താണ്? അത് ഞാന്‍ തന്നെയാണോ? എന്നിലെ എന്നെ സ്ഥിരമായി നിലനിര്‍ത്തുന്നതെന്താണ്? ഇതെല്ലാം ഒരു വാക്യത്തിലോ ഖണ്ഡികയിലോ പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്.

എനിക്ക് സായംസന്ധ്യകളെ നോക്കാന്‍ കഴിയും. ഒ.വി. വിജയന്‍ സായാഹ്നയാത്രകളുടെ അച്ഛാ എന്ന് വിളിക്കുന്നുണ്ട്. സായാഹ്ന യാത്രകള്‍ ഒരു വിടുതലാണ്. അവനവനില്‍ നിന്നുള്ള യാത്രകള്‍ അവിടെയുണ്ട്. എന്നാല്‍ അതിനെക്കുറിച്ചെഴുതിയപ്പോള്‍ ഞാന്‍ എന്‍റെ സായാഹ്നദര്‍ശനങ്ങളും യാത്രകളും തേടിപ്പിടിച്ചു. ഏതൊരാള്‍ക്കും ദര്‍ശനങ്ങളുണ്ട്. പക്ഷേ അത് പുറത്തുവരണമെന്നില്ല. ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു. പക്ഷേ അതിന്‍റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ ഭാഷവേണം. ഭാഷയില്ലാത്തവര്‍, വികാരത്തിന്‍റെ ആഘാതത്തില്‍ വീണുപോയേക്കാം.

ഭാഷയുണ്ടെങ്കില്‍ നമുക്ക് മറ്റൊരു രീതിയില്‍ ജീവിക്കാം. കവിക്കായാലും വിമര്‍ശകനായാലും അനുഭൂതിയെ പുനഃസൃഷ്ടിക്കാന്‍ ഭാഷവേണം. ഭാഷയുള്ളതുകൊണ്ടാണ് കവി നില്‍നില്‍ക്കുന്നത്. അസ്തമയത്തെ ഭാഷകൊണ്ടാണ് ഞാന്‍ അളന്നത്. എന്‍റെ അനുഭവം എന്‍റെ ഭാഷയാണ്. ഭാഷ നമ്മുടെ വിദൂരഗേഹമാണ്. അവിടേക്കെത്താന്‍ നാം യത്നിക്കണം. അതിനാണ് എഴുതുന്നത്. എല്ലായ്പ്പോഴും ഒരു തീവണ്ടിയുടെ ചക്രങ്ങള്‍ പാളത്തിലെന്നപോലെ കൃത്യമായി പറ്റിച്ചേര്‍ന്നിരിക്കാന്‍ വാക്കുകള്‍ക്ക് കഴിയണമെന്നില്ല. വാക്കുകളുടെ ചക്രങ്ങള്‍ പറ്റിച്ചേരേണ്ടത് അനുഭവം എന്ന പാളത്തിലാണ്. ഇതില്‍ കൃത്യത പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ എഴുതുന്നത് പാളം തെറ്റും.

എന്‍റെ ഭാഷകൊണ്ട് ഞാന്‍ എന്നെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍മ്മിച്ചെടുത്തു. എന്‍റെ ഭാഷ എന്നേക്കാള്‍ പ്രബുദ്ധമാണെന്ന വസ്തുതയുണ്ട്. അത് എന്നെക്കാള്‍ പുരാതനവും സംസ്കൃതവും നവീനവുമാണ്. അതിന്‍റെ ധ്വനികളും അലകളും പൂര്‍ണമായി ഗ്രഹിക്കാനും പ്രയാസമാണ്. എങ്കിലും ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്കി'ല്‍ എഴുതി: "ഭോഗാലസ്യത്തില്‍, ഓര്‍മ്മകളുടെ മഞ്ഞില്‍, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്‍റെ വിലോലമായ തന്ത്രികളുണര്‍ത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങള്‍ക്കുപരിയായി ആസക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്‍റെ ദേവനിലേക്ക് അഭയാര്‍ത്ഥിയായി നീങ്ങുന്ന ഖസാക്കിന്‍റെ പ്രാര്‍ത്ഥന സുരതത്തിന്‍റെ പ്രവര്‍ത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്‍റെ ക്ഷേത്രങ്ങള്‍ കൊണ്ട് മര്‍ത്ത്യനെ നവീകരിക്കുന്നു." ഈ ഭാഷ എന്‍റെ സര്‍വകലാശാല പഠനത്തിന്‍റെ സംഭാവനയല്ല; ആന്തരികതയുടെ സ്വഭാവത്തില്‍ നിന്നുണ്ടായതാണ്. ഒരു സ്കൂളിലും ഉള്‍പ്പെടാത്ത ഈ ഭാഷ പ്രത്യേക അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ടോ എന്ന് അറിയില്ല. അല്ലെങ്കില്‍തന്നെ, അര്‍ത്ഥം എന്താണ്? അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ അതുമാത്രം എഴുതിയാല്‍ മതിയായിരുന്നല്ലോ. ഏതോ കാലത്തിന്‍റെ അറിയാത്ത ഇടനാഴിയില്‍വച്ച് ഞാന്‍ എന്നെ അറിയുന്നതിന്‍റെ ഭാഷാപരമായ വീണ്ടെടുപ്പും അറിവുമാണ് ഇവിടെ തെളിയുന്നത്. ഇനി വ്യാഖ്യാനമെല്ലാം ഭാഷകൊണ്ടുമാത്രമേ സാധിക്കൂ എന്ന് അറിയണം. പക്ഷേ ഈ ഭാഷ എന്‍റെ വൈയക്തികമായ ഒരു ആന്തരലാവണ്യത്തിന്‍റെ സൃഷ്ടിയാണ്. എന്‍റെ അറിവുകളെ സൗന്ദര്യാത്മകമാക്കുന്നത് ഈ ഭാഷയാണ്. അതുകൊണ്ട് ഭാഷയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അസ്തിത്വത്തിന്‍റെ പ്രധാനഗുണം അത് പൂര്‍ണമായി ഒരിക്കലും അനാവൃതമാകുന്നില്ല എന്നതാണ്. അതിനെ അല്പാല്പമായി കണ്ടെത്താനാണ് എഴുതുന്നത്. നോവലിസ്റ്റ് മാത്രമല്ല, വിമര്‍ശനകനും ആ വഴിക്ക് നീങ്ങേണ്ട സന്ദര്‍ഭമുണ്ട്. ആത്മായനങ്ങളുടെ ഖസാക്ക് അതിന്‍റെ പാതയാണ് ചൂണ്ടിക്കാണിച്ചുതരുന്നത്.

ഒരുഭാഗം എടുത്തെഴുതുകയാണ്: അറിവിന്‍റെ ഏത് മുനയിലാണ് ലോകം തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവന്‍ വിരല്‍ത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നപോലെ. വിരലുകള്‍ അടര്‍ന്നുലഞ്ഞ് താഴെ വീഴുന്നതുപോലെ.

ഇത് എന്‍റെ ഭാഗമാണ്. എന്‍റെ ജീവിതത്തിന്‍റെ അജ്ഞാതത്വത്തെ പിന്തുടര്‍ന്നു ചെല്ലുന്ന ഭാഷാപരമായ യാത്ര.

No comments: