ഗുരുദർശനവിചാരങ്ങളിൽ വഴിത്തിരിവാകുന്ന ലേഖനം
ഗുരുവിൻ്റെ
ആത്മീയചിന്തകളിലും കൃതികളിലും നിലനിൽക്കുന്ന തീവ്രവും നിഷ്കളങ്കവും
സർവവ്യാപിയുമായ ഭാവമാണ് ദൈവം. ആത്മാനുഭവമായ ദൈവവുമായുള്ള ഒരു നിരന്തരമായ
മുഖമുഖമാണത്. ദൈവത്തെ ആരായുകയും കണ്ടെത്തുകയും പുനരാവിഷ്ക്കരിക്കുകയും
ചെയ്യുന്ന അനന്തമായ പ്രക്രിയയാണത്. മിക്കവാറും രചനകളും ദൈവത്തെയാണ്
പ്രമേയമാക്കിയിരിക്കുന്നത് .ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ തന്നെ ഒരു
ദൈവത്തെ കണ്ടെത്തലാണ്. അവിടെ മനുഷ്യർക്ക് ദൈവമിരിക്കുന്ന അറ തുറന്നു
കൊടുക്കുകയാണ് ചെയ്തത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ
എത്രമാത്രം അഗാധമായിരുന്നുവോ അതിനേക്കാൾ ഭയാനകമായിരുന്നു ദൈവത്തിൽനിന്നുള്ള
വിച്ഛേദം. മനുഷ്യരെ ദൈവത്തിൽനിന്നകറ്റി നിർത്തുന്ന ഒരു സാമൂഹ്യസാഹചര്യമാണ്
ഉണ്ടായിരുന്നത്. ദൈവം വിലക്കപ്പെടുകയായിരുന്നു. ദൈവത്തെ മനുഷ്യരിൽനിന്നു
അകറ്റിനിർത്തുന്ന ഒരു സാമൂഹ്യസംവിധാനം പ്രവർത്തിച്ചിരുന്നു. അത് വരേണ്യരുടെ
ഒരു സദാചാരവും പൊതുധാരണയും സാമൂഹികമായ ക്രമവുമായിരുന്നു.
ജാതീയമായി
ഒറ്റപ്പെട്ടാലും തീരുന്നതായിരുന്നില്ല ദൈവവുമായുള്ള അകൽച്ച .ഇതാണ്
ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠയിലേക്ക് നയിച്ചത്. ഒരു സ്വാശ്രയ
,സ്വാഭിമാന, സ്വതന്ത്ര ,നിരാസ്പദ ദൈവം വേണമായിരുന്നു. ദൈവങ്ങളുടെ
ചരിത്രത്തിൽനിന്നു ,അതിൻ്റെ കുഴഞ്ഞുമറിഞ്ഞ തത്ത്വശാസ്ത്രങ്ങളിൽനിന്നു ,
ദൈവികമായ ആരാധനയുടെ മടുപ്പിക്കുന്ന ആചാരങ്ങളിൽനിന്നു , മാനുഷികമായ എല്ലാ
പരിഗണനകളും തമസ്കരിക്കപ്പെടുന്ന ദൈവചിന്തകളിൽനിന്നു ഒരു മോചനം
വേണമായിരുന്നു.ശുദ്ധനായ ഒരു മാനവനു വിലക്കുകളില്ലാതെ, ഉപാധികളില്ലാതെ
കടന്നു ചെല്ലാനാവുന്ന ഒരു ദൈവം വേണമായിരുന്നു. അതാണ് അരുവിപ്പുറത്തു
കണ്ടത്. ആ ദൈവം ഭാരതത്തിൻ്റെ നൂറ്റാണ്ടുകളായുള്ള മാമൂലുകളും സ്വാർത്ഥരായ
ആളുകളുടെ അന്ധമായ ഏകപക്ഷീയതയും ചുമക്കുന്നില്ലെന്നു ഗുരു ഉറപ്പുവരുത്തി
.അതുകൊണ്ടാണ് പരമ്പരാഗത രൂപത്തിലുള്ള വിഗ്രഹം ഒഴിവാക്കിയത് .
നൂറ്റാണ്ടുകളായി
പുരോഹിതർ കൊണ്ടുനടന്ന, നിർമ്മിച്ചെടുത്ത യുക്തിയുടെ ദൈവം എന്ന ശിൽപ്പമല്ല
ഗുരു സ്ഥാപിച്ചെടുത്തത്. ആത്മീയമായ ഉണർവ്വിനും വെളിച്ചത്തിനും വേണ്ടി
യാതൊരാൾക്കും സമീപിക്കാവുന്ന പാരസ്പര്യത്തിന്റെ ദൈവമാണത്. ജാതിയോ വർണ്ണമോ
ഇല്ലാത്ത ഒരു ദൈവത്തിനു ഒരു ചെറുസസ്യത്തെപോലെ വളരാനാവും.
പ്രാർത്ഥനാനിർഭരമായി, അകളങ്കിതമായി പ്രപഞ്ചചേതനയിലേക്ക് അഭയം തേടാൻ
കാത്തുനിൽക്കുന്ന ഏതൊരു മനുഷ്യനും വളരെ സരളമായി സംവദിക്കാവുന്ന ദൈവമാണത്.
ഈ ദൈവം മനുഷ്യനുമായി ഒരു ബന്ധം നിലനിർത്തുന്നു .മനുഷ്യൻ്റെ ശേഷിക്കൊത്ത്
അവനു ആവിഷ്കരിക്കാവുന്ന ദൈവമാണത്. ഗുരുവിൻ്റെ ദൈവം കേവലം ഒരു മൂർത്തിയോ
ദേവനോ അവതാരമോ അല്ല .ഗുരു അന്വേഷിക്കുന്ന ദൈവമാണത് .പല പേരുകളിൽ ,ഗുരു ആ
ദൈവവുമായി സംവാദത്തിലേർപ്പെടുന്നു.ഗുരുവിൻ്റെ കൃതികളിൽ ഈ
സംവാദാത്മകതയുണ്ട്. ആ ദൈവത്തിൽ സൗന്ദര്യമാണ് നിറയുന്നത്. അത്
മനുഷ്യമനസ്സിന്റെ ഏറ്റവും ഉന്നതമായ വിചാരവുമായി കൂടിച്ചേർന്നാണ്
നിലകൊള്ളുന്നത്. കലാപരമായ അനുഭൂതിക്ക് സമാനമായ ആത്മീയവികാരമാണ് ആ ദൈവം
.ദൈവവുമായി ഒരു നിമിഷം പോലും അകലാൻ അനുവദിക്കരുതെന്നാണ് ഗുരു
അപേക്ഷിക്കുന്നത് . ദൈവത്തോടാണ് ഇത് പറയുന്നത് .ദൈവവുമായി
സംസാരിക്കുകയാണ്.അതിൻ്റെയർത്ഥം ദൈവം മനസ്സിലാണുളളത് എന്നാണ് .
ബോധത്തിൽ
അറിയാത്തതൊന്നും നമ്മളുമായി ബന്ധമുള്ളതല്ല. ഈ ലോകത്തെ നമ്മൾ അറിയുന്നത്
മനസ്സിലൂടെയാണ്. മനസിൽ ഒരേസമയമല്ല ,പല കാലങ്ങളിലായാണ് അത്
നിലനിൽക്കുന്നത്. ഈ ലോകം വിപുലമായിക്കൊണ്ടിരിക്കുകയാണ്. ബാല്യകാലത്തുള്ള
ലോകമല്ല യൗവനത്തിൽ കാണുന്നത്. ലോകത്തെക്കുറിച്ചുള്ള ധാരണ അറിവ്
വർദ്ധിക്കുന്തോറും മാറുന്നു. ലോകം നാം എപ്പോഴും തിരയുകയാണ്. കണ്ടതു തന്നെ
വീണ്ടും കാണുമ്പോൾ മറ്റൊന്നാവും ഗ്രഹിക്കാനാവുക .
ദൈവം
മനസ്സിനുള്ളിലാണിരിക്കുന്നത്. ആ മനസ്സ് ഇല്ലാതായാൽ ദൈവവും ഇല്ലാതാകും.
മനസ്സിൻ്റെ സമനില തെറ്റിയാൽ ദൈവം താഴെ വീഴും . ദൈവത്തെ നിലനിർത്താൻ നാം
സമനിലയിൽ തുടരേണ്ടതുണ്ട്.
"ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻ തോണി നിൻ പദം "
എന്നു
എഴുതിയിരിക്കുന്നതിൽ ദൈവം മനസിലാണെന്നും അത് ഒരു നിമിഷം പോലും
നഷ്ടപ്പെടുത്തരുതെന്നുമാണ് അപേക്ഷിക്കുന്നത് .മനസ്സിലിരിക്കുന്ന
ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് .അതുകൊണ്ട് അത് ആത്മനിഷ്ടവും
കർമ്മപ്രധാനവുമാണ്. ഒരാൾ ഉണർന്നിരുന്നാലല്ലേ അയാളുടെ ദൈവത്തെ
അറിയാനൊക്കൂ.ഞങ്ങളെ കൈവിടരുതെന്നു പറഞ്ഞതിലൂടെ എപ്പോൾ വേണമെങ്കിലും അത്
നഷ്ടപ്പെടാവുന്നതാണെന്ന ധ്വനി പരക്കുന്നു. ഒരു ജാഗ്രത വേണമെന്നു സാരം.
ദൈവം വെറുതെ കിട്ടുന്നതല്ല; ഒരു വലിയ കോവിലിൽനിന്നു സുലഭമായി കിട്ടുന്നതല്ല
ദൈവം. ഈ ലോകത്ത് സർവ്വത്ര നിറഞ്ഞ് ദൈവം നിൽക്കുന്നുണ്ടെങ്കിലും അത്
നമുക്ക് കിട്ടണമെന്നില്ല .അത് വിരളമായിട്ടാണ് കാണപ്പെടുന്നത്. ദൈവം
നാവികനാണ്. ജീവിതമാകുന്ന സാഗരത്തിൽ അകപ്പെട്ട മനുഷ്യർക്ക് ദൈവത്തിന്റെ തോണി
വേണം, രക്ഷപ്പെടാൻ. ദൈവത്തിന്റെ പാദമാണ് ആ തോണി. ഈ സംസാരചക്രത്തിന്റെ
ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ ദൈവത്തിൻ്റെ തോണി വേണം. സമുദ്രത്തിലേക്ക് ഒരു
തോണി എത്തുന്നു; അത് ദൈവത്തിൻ്റെ പാദമായി സങ്കൽപ്പിച്ചിരിക്കുന്നു. ആ
പാദത്തിൽ അഭയം തേടുകയാണ് മനുഷ്യർ.
ദൈവികതയുടെ എഞ്ചിനീയറിംഗ്
ഗുരു
ആവിഷ്കരിക്കുന്ന ഈ ദൈവം ഒരു കോവിലിൽ കാണുന്ന വിഗ്രഹം പോലെ ഒന്നല്ല.
ഗുരുവിൻ്റെ ദൈവം ഒരു പാരസ്പര്യസംക്രമണ (reciprocal penetration)മാണ്. അത്
നമ്മോടു സംസാരിക്കുന്നുണ്ട് .അത് നമ്മളിൽ തന്നെയുള്ള ഒരു അപരത്വമാണ് .നാം
സംസാരിക്കുന്നതുകൊണ്ടു അത് സജീവമാകുന്നു. ദൈവത്തെ മനസ്സിലേക്ക്
കൊണ്ടുവരുമ്പോൾ അത് അനുഭൂതിയായി മാറുന്നു .കലാനുഭൂതിയാണത്. സൗന്ദര്യമാണ് ആ
ദൈവം.ദൈവത്തെ ഒരു ആവിക്കപ്പലായി കാണുക .ആ ആവിക്കപ്പൽ ദൈവത്തിൻ്റെ
പാദമാണെന്നു പറയുക .ഇതിൽ കാണുന്നതെന്താണ് ?കലാനുഭവമാണ്. അത് ഭാവനയിൽ
കാണാനുള്ളതാണ്. അതിൽ സൗന്ദര്യാനുഭവമുണ്ട്.
അത്
ഒരു ചിത്രത്തിൽ ആലേഖനം ചെയ്താൽ അവാച്യമായ അനുഭൂതിയുണ്ടാവും .ദൈവവുമായുള്ള
സംവാദമായി ഇത് ഉയർത്തപ്പെടുകയാണ് .ഈ ദൈവം ശ്രീകോവിലിലിരിക്കുന്ന ഒരു
മൂർത്തിയല്ല ;അതിനേക്കാൾ മനസ്സുമായി വിനിമയം ചെയ്യുന്ന ഒരു അർത്ഥമാണ്. അത്
ആലോചിക്കുന്തോറും സുന്ദരമായി തോന്നും. ഗുരുവിൻ്റെ ദൈവം സൗന്ദര്യാനുഭവമാണ്
.അത് ഒരാൾ സ്വയം അനുഭവിക്കേണ്ടതാണ്. അത് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല.
ദൈവത്തെ അറിയാതെ വെറുതെ ആരാധിക്കുകയല്ല, ദൈവവുമൊത്ത് ചിന്തിക്കുകയാണ്.
"നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "
ഇവിടെ
ഗുരുവിൻ്റെ ദൈവികതയുടെ എഞ്ചിനീയറിങ്ങ് കൂടുതൽ സൗന്ദര്യാത്മകമായി
ബോധ്യപ്പെടും. നീ സൃഷ്ടിയാണെന്നു ദൈവത്തോടാണ് പറയുന്നത് .ദൈവം
സൃഷ്ടിയാണെന്നു പറഞ്ഞാൽ എല്ലാ സൃഷ്ടിപ്രതിഭാസവും ദൈവമാണ് എന്നാണർത്ഥം.
എവിടെ സൃഷ്ടിയുണ്ടോ അവിടെ ദൈവമുണ്ട്. മനുഷ്യൻ ഒരു സൃഷ്ടിയാണ് .വിത്തിൽ
നിന്നു മുളയ്ക്കുന്ന വൃക്ഷം ഒരു സൃഷ്ടിയാണ് .പാത്രം ഒരു സൃഷ്ടിയാണ്. കവിത
സൃഷ്ടിയാണ്. ഒരു കഥ സൃഷ്ടിയാണ് .പെയിൻറിംഗ് സൃഷ്ടിയാണ് . കണ്ടുപിടിത്തം
സൃഷ്ടിയാണ്.പെൻസുലിൻ എന്ന മരുന്ന് സൃഷ്ടിയാണ്. സർഗാത്മകമായതെല്ലാം
സൃഷ്ടിയാണ്. ബുദ്ധിപരമായ നേട്ടം സൃഷ്ടിയാണ്. ശാസ്ത്രീയമായ അറിവുകൾ
സൃഷ്ടിയാണ് .ലോകം സൃഷ്ടിപരമാണ് .അത് വീണ്ടും വീണ്ടും സൃഷ്ടിപ്രക്രിയയിൽ
മുഴുകുകയാണ്. സൃഷ്ടി പ്രാപഞ്ചികമായ നൈരന്തര്യമാണ് .ഒരു മരച്ചീനി
തണ്ടിൽനിന്നു അനേകം മുളകൾ ഉണ്ടാകുന്നു. ഓരോന്നും സൃഷ്ടിപ്രക്രിയയുടെ
ഭാഗമാകുന്നു. കലയും ശാസ്ത്രവും ദൈവമാണെന്നു ഗുരു അർത്ഥമാക്കുകയാണ്.
ദൈവത്തിൻ്റെ അംശം പലതലങ്ങളിൽ പ്രകാശിക്കുകയാണ് .സ്രഷ്ടാവും ദൈവം തന്നെ
.മനുഷ്യൻ സ്രഷ്ടാവാണ് .
സന്താനോല്പാദനം നാം
സ്രഷ്ടാവാണെന്നു തെളിയിക്കുന്നു. അതുകൊണ്ട് മനുഷ്യൻ ദൈവമാണ്. മനുഷ്യനിൽ
നിന്നു വേർപെട്ട ഒരു ദൈവമില്ല .മനുഷ്യൻ തന്നെ ദൈവമാകുകയാണ് .മനുഷ്യനിലാണ്
ദൈവത്തെ അന്വേഷിക്കേണ്ടത്. മനുഷ്യബോധം കൊണ്ടാണ് ദൈവത്തെ അറിയാൻ
ശ്രമിക്കുന്നത്. അതുകൊണ്ട് മനുഷ്യബോധത്തിൽ ദൈവമിരിക്കുന്നു. സൃഷ്ടിജാലവും
ദൈവമാണ്. എന്തെല്ലാം സൃഷ്ടികളാണുള്ളത്! പ്രാണികൾ ,സസ്യങ്ങൾ, ജന്തുക്കൾ,
പറവകൾ തുടങ്ങി അനേകായിരം സൃഷ്ടികളുടെ ഒരു കൂട്ടമുണ്ട്. അതെല്ലാം ദൈവമാണ്.
ദൈവത്തെ ഇങ്ങനെ വിപുലമായി അനുഭവിക്കണമെന്നാണ് സാരം.നാം അന്തരംഗത്തിന്റെ
വ്യാപ്തി വർദ്ധിപ്പിക്കുമ്പോഴാണ് പരസ്പര സംവാദയോഗ്യമായ ജീവൻ്റെ അനേകം
രൂപങ്ങൾ എങ്ങനെ ഒരിടത്ത് സഹവർത്തിക്കുന്നു എന്നാരായാൻ കഴിയുന്നത്.
പ്രപഞ്ചമാണുള്ളത് ;നമ്മൾ എന്ന പ്രപഞ്ചം .അതിൽ നമ്മുടെ വിചാരങ്ങൾ
,പ്രവൃത്തികൾ ദൈവത്തെ അഭിവ്യഞ്ജിപ്പിക്കുകയാണ്.
എല്ലാ
സൃഷ്ടികളുമായി നാം പുലർത്തേണ്ടുന്ന രമ്യത ദൈവികതയുടെ ഭാഗമാണ്.
പരസ്പരാശ്രയത്വവും പരസ്പരവിനിമയവും ദൈവത്തെ അറിയുന്നതിൻ്റെ എൻജിനീയറിംഗാണ്.
മറ്റൊന്നുകൂടി ഗുരു അറിയിക്കുന്നുണ്ട്. അത് സൃഷ്ടിയുടെ സാമഗ്രിയാണ്.
മനുഷ്യസൃഷ്ടിക്ക് പ്രധാനമായ സാമഗ്രികൾ അണ്ഡവും ബീജവുമാണ്. അണ്ഡവും ബീജവും
പരസ്പരം പിന്തുണയ്ക്കണം. അത് പ്രാപഞ്ചികമായ ശരിയുടെ പ്രതീകമാണ്.
ജീവനുള്ളതും ജീവനില്ലാത്തതും സാമഗ്രിയാണ്. സൃഷ്ടിക്ക് വേണ്ട ശേഷി,ബുദ്ധി,
ശരീരം ,ആലോചന ,കാഴ്ച, കേൾവി തുടങ്ങിയവയെല്ലാം സാമഗ്രിയാണ്. അന്നവും ജലവും
വായുവും മണ്ണും ആകാശവും മനസ്സും സാമഗ്രിയാണ്. അതുകൊണ്ട് അവയെല്ലാം ദൈവമാണ്.
ദൈവത്തിൻ്റെ ലോകം വിപുലമാകുന്നതിനനുസരിച്ച് മനുഷ്യൻ്റെ ലോകവും
വികസിക്കുന്നു.
ഒരു മനുഷ്യൻ എന്ന നിലയിൽനിന്നു വിവേകവും
സംവേദനവുമുള്ള മനുഷ്യനിലേക്കു പ്രയാണം ചെയ്യുന്നതാണ് ദൈവികതയുടെ
എൻജിനീയറിങ്ങിൽ ഗുരു വിഭാവന ചെയ്യുന്നത്.
ദൈവത്തെ മനസിൽ കണ്ടുമുട്ടുന്നു
അവിടെയാണ്
നടുക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നത്. നാം ദൈവമാണെന്നു പറഞ്ഞല്ലോ.
ഒരേസമയം സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലത്തിലെ അംഗം ,സൃഷ്ടിക്കുള്ള സാമഗ്രി
എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നാം ദൈവമാണെന്നിരിക്കെ അത്
സാക്ഷാത്കരിക്കുന്നത് എങ്ങനെയാണ് ? ദൈവമായിരിക്കെ കിരാതവും മനുഷ്യനെന്ന
പദത്തിനു ചേരാത്തതും അധമവുമായ പ്രവൃത്തികൾ ചെയ്യുന്നതിലേക്ക്
ആകർഷിക്കപ്പെടുന്നതിലൂടെ ദൈവമെന്ന അവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
മഹത്തായ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിൻ്റെ സാമഗ്രിയുമാണ്. ദൈവത്തെ അവൻ
മനസ്സിലാണ് കണ്ടുമുട്ടുന്നത് .അവൻ ദൈവത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു
അസംസ്കൃതവസ്തുവാണ്. അസംസ്കൃതവസ്തുക്കൾ പൂർണമായും അവനാണ് വിതരണം
ചെയ്യുന്നത്.അങ്ങനെ അവൻ്റെ സങ്കല്പത്തിനൊത്ത് രൂപപ്പെടുന്ന ദൈവത്തെ യഥാർത്ഥ
ലക്ഷ്യത്തിലെത്തിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നു.
ദൈവത്തെ
നിലനിർത്താൻ അവൻ ബാധ്യസ്ഥനാണ് .അവൻ്റെ ചിന്തകളാണ് ദൈവത്തെ സൂക്ഷ്മത്തിൽ
നിന്നും സ്ഥൂലത്തിലേക്കും തിരിച്ചും സഞ്ചരിച്ച് ഒരാകാശം
രൂപപ്പെടുത്തുന്നതിനിടയാക്കുന്നത്. അവനു ദൈവത്തിൻ്റെ വളർച്ചയിൽ പങ്കുണ്ട്.
എല്ലാ വിദ്യാഭ്യാസവും നേടിയ ശേഷവും അന്യർക്ക് ഉപകരിക്കാത്ത
പ്രവൃത്തികളിലേർപ്പെടുന്നത് അവനിലെ ദൈവത്തെ വേണ്ടപോലെ
മനസ്സിലാക്കാത്തതുകൊണ്ടാണ്. തൻ്റെയുള്ളിലെ ദൈവം എല്ലാം അനുവദിക്കുന്നു.
മനുഷ്യൻ ചെയ്യുന്നതിൻ്റെയെല്ലാം ഭവിഷ്യത്ത് ദൈവത്തെ ബാധിക്കുന്നു. ഒരുവൻ
ദുഷിച്ച വാസനകളാൽ പ്രചോദിതനായി മനുഷ്യരെയും പ്രകൃതിയെയും ദ്രോഹിച്ച്
രക്തത്തിനായി ദാഹിക്കുകയാണെങ്കിൽ അവന്റെ ദൈവം അത്
സമ്മതിച്ചുകൊടുക്കേണ്ടിവരും. അവൻ ആ ദൈവത്തെ അങ്ങനെ വാസനാവികൃതിയിലാണ്
നിലനിർത്തിയിരിക്കുന്നത് .മറ്റൊരാളോടുള്ള ശത്രുത ,വെറുപ്പ് തുടങ്ങിയ
വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്ന ഒരുവൻ അവൻ്റെ
ദൈവത്തോടു പ്രാർത്ഥിക്കുന്നത് അതിനു തടസ്സമുണ്ടാവരുതെന്നായിരിക്കും. അവന്റെ
അരുതായ്കകൾക്കെല്ലാം ദൈവം കൂട്ടുനിൽക്കുമെന്നാണ് ചിന്ത. ഇങ്ങനെയാണ്
ദൈവത്തെ കെടുത്തിക്കളയുന്നത്.എന്നാൽ സദ്കർമ്മങ്ങളിലൂടെ, പരോപകാരപ്രദമായ
ചിന്തകളിലൂടെ ചുറ്റുമുള്ളവർക്ക് ഗുണം ചെയ്യുന്നവൻ അവന്റെ ദൈവത്തെ
മഹത്വപ്പെടുത്തുന്നു. ആ ദൈവം ആരെയും ചീത്തയാക്കാനോ അപകീർപ്പെടുത്താനോ
പ്രേരിപ്പിക്കുന്നില്ല. മനുഷ്യനിലെ പ്രവൃത്തികളുടെ മനോഹാരിതകൊണ്ടു ദൈവം
കൂടുതൽ ഉയർത്തപ്പെടുന്നു. ഇതാണ് ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവം .ഇത്
മതങ്ങളിലോ ആരാധനാലയങ്ങളിലോ കാണുന്ന അമൂർത്ത ദൈവമല്ല. മനുഷ്യൻ
സദ്ബുദ്ധികൊണ്ടും ശുദ്ധികൊണ്ടും സംവദിച്ചും പ്രതിപ്രവർത്തിച്ചും
സൃഷ്ടിക്കുന്നതാണ്.ഇവിടെ ദൈവവുമായി മനുഷ്യൻ നിരന്തരമായ സംഭാഷണത്തിലാണ്.
ദൈവത്തിനു ച്യുതി വരാതിരിക്കാൻ വേണ്ടി മനുഷ്യൻ കരുതിയിരിക്കണം. അത് അവനെ
കൂടുതൽ കരുത്തനും കർമ്മ ശ്രദ്ധയുള്ളവനുമാക്കുന്നു. മനുഷ്യൻ
ദൈവത്തോടൊപ്പമാകുന്നത് അങ്ങനെയാണ് .അവൻ്റെയുള്ളിലെ ദൈവവും അവനും മുഖാമുഖം
വരുന്നു.
ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിൻ്റെ ഒരു
പ്രസ്താവന നോക്കുക: "ഒരനുഭവത്തിനു മേൽ ഒരു ക്രമം കൊണ്ടുവരുന്നതാണ് കല.ഈ
ക്രമത്തെ ആസ്വാദനക്ഷമമാക്കുന്നതാണ് സൗന്ദര്യാത്മകത.' എല്ലാവർക്കും
അനുഭവങ്ങളുണ്ട്. എന്നാൽ അതിനു അർത്ഥമോ അനുഭൂതിയോ ഉണ്ടാകണമെന്നില്ല. അതിൽ
അന്തർലീനമായ വികാരത്തെ വ്യവസ്ഥ ചെയ്യാൻ കഴിയണമെന്നില്ല. അനുഭവത്തെ
ക്രമപ്പെടുത്തി ,അർത്ഥോല്പാദനത്തിനു വേണ്ടി സജ്ജീകരിക്കുമ്പോൾ ആവശ്യമായത്
മാത്രമാണ് എടുക്കുക. അത് മനുഷ്യവികാരങ്ങളുടെ ഉദ്ദീപനത്തിനു വേണ്ടി
ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്. സൗന്ദര്യാത്മകമാകുന്നത്, മനുഷ്യന്റെ
ചിന്തയിൽ ആസ്വാദനക്ഷമമായ , വൈകാരികമായ ഒരു അനുഭവക്രമം ഉണ്ടാകുമ്പോഴാണ്.
ലൂയി
ബാരഗൻ (Louis Barragon)പറയുന്നു ,വാസ്തുശില്പം കലയായി മാറുന്നത് അത്
അന്തരീക്ഷത്തിൽ ഒരു സൗന്ദര്യാത്മക വികാരം ജനിപ്പിക്കുമ്പോഴാണെന്ന്. അത്
കലയെ സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവർക്ക് സന്തോഷം നൽകും.
ദൈവം ചിന്തയിൽ ഒരു അനുസ്യൂതി
ഒരു
സൗന്ദര്യാത്മക വസ്തു (aesthetic object)എന്ന നിലയിലാണ് ഗുരുവിന്റെ ദൈവം
വികസിക്കുന്നത്. അത് നിശ്ചലമായിരിക്കുന്ന വിഗ്രഹമല്ല; മറിച്ച്
,ചലനാത്മകമായ ഒരു ഭാവിയാണ് സംസാരിക്കുന്നത്. സൗന്ദര്യാരുക വസ്തു അതിൻ്റെ
ആകർഷണം കൊണ്ട് നമ്മെ പ്രീതിപ്പെടുത്തുന്നു. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന
ഏതൊരു വസ്തുവിനും ഒരു സൗന്ദര്യാത്മക വസ്തുവാകാൻ കഴിയും. വികാരങ്ങളിൽ
പരിപൂർണതയുടെ പുതിയ ക്രമവും സന്തോഷവും ജനിപ്പിക്കണം. സൗന്ദര്യാത്മക വസ്തു
വൈകാരിക ലോകത്തിൽ ഒരു പ്രതികരണമുണ്ടാക്കുന്നു .അതാകട്ടെ ആ വസ്തുവിന്റെ
പ്രായോഗികമായ, വസ്തുസ്ഥിതി പ്രധാനമായ അസ്തിത്വത്തിനപ്പുറമാണ് നമ്മെ
സ്വാധീനിക്കുന്നത്. നാം വൈകാരികതലത്തിൽ ഒരു പരിവർത്തനത്തിനായി
നിർബന്ധിക്കപ്പെടുന്നു. നമ്മളിൽ അദൃശ്യമായിരുന്ന ഒരു സത്ത അതിൽ
ഉണ്ടായിരിക്കുന്നു .ഇങ്ങനെ സമസ്ത വസ്തുക്കളെയും വ്യക്തിപരവും
പ്രാപഞ്ചികവുമായ ഒരു കാലാവസ്തുവായി കാണുകയും അതിൽനിന്നു കിട്ടുന്ന
വൈകാരികമായി ഉണർവ്വിൽ ദൈവികതയിലേക്ക് ഉയരുകയുമാണ് ഗുരു ചെയ്തത് .ഇവിടെ
പ്രാചീനമായ വർണവെറിയോ വേദാത്മകമായ ശാഠ്യമോ ജാതീയമായ അസമത്വമോ ഒന്നുമില്ല.
അതെല്ലാം പരാജയപ്പെട്ടിരിക്കുന്നു. സർവകാലങ്ങളെയും കടന്നു പോകുന്ന സ്നേഹവും
ആനന്ദവുമാണ് ബാക്കിയാവുന്നത്.
" അങ്ങേത്തിരുവുള്ളൂറി '
യൊരൻപിൻ വിനിയോഗം " എന്ന് ആശാൻ ഗുരുവിനെക്കുറിച്ചെഴുതിയത്
ഇവിടെ
സംഗതമാണ്. ദൈവത്തിൽ അനുഭവിക്കുന്നത് വൈകാരികമായ അവസ്ഥയുടെ പൂർത്തീകരണമാണ്.
അത് വ്യക്തിനിഷ്ഠമാണ് .ഗുരുവിൻ്റെ ദൈവം ഒരുവനിൽ ചിന്തകൾ
ഉല്പാദിപ്പിച്ചുകൊണ്ടിരിക്കും. അത് ദൈവമെന്ന ബിന്ദുവിൽ അവസാനിക്കുകയല്ല
.ദൈവം വൈകാരികമായ ബന്ധം ,അത്ഭുതം ,ആകാംക്ഷ ,സൗന്ദര്യബോധത്തിൻ്റെ അനുരണനം
(aesthetic resonance) തുടങ്ങിയ വ്യാമിശ്രമായ അവസ്ഥകളിലേക്ക്
നയിക്കുകയാണ്. ഗുരുവിന്റെ ദൈവം ചിന്തയിൽ ഒരു അനുസ്യൂതിയാണ്. അതിൽ വ്യക്തി
ഇടപെടുകയാണ്. ഫ്രഞ്ച് ചിത്രകാരൻ ഹെൻട്രി മാറ്റിസ്(Henry Mattise)പറഞ്ഞു:
Colour
is a means of exerting a direct influence on the soul. വർണം
ചിത്രകാരന്റെ അന്തരംഗവുമായി സവിശേഷ വിനിമയം സാധ്യമാക്കുന്നുണ്ട്. വർണം ഒരു
വാതിലാണ്. അതിലൂടെ നോക്കുമ്പോൾ ലോകത്തെ മറ്റൊരു രീതിയിലാണ് കാണുക. വർണം
കലാകാരന്റെ മനസ്സിലേക്ക് തുറക്കുകയാണ്. അകം കാഴ്ചകളെ ഒപ്പിയെടുക്കാനുള്ള
മാധ്യമമാണ് വർണം. ഒരു വർണം വിവിധ വ്യതിയാനങ്ങളിൽ കാൻവാസിലേക്ക്
ആവാഹിക്കുന്നു.
ദൈവം ഒരു കലാവസ്തു
വർണത്തെ,
യഥാർത്ഥത്തിൽ, കലാകാരൻ കണ്ടെത്തുന്നതാണ് .അത് പ്രകൃതിയിൽനിന്നു നേരിട്ടു
പകർത്തുന്നതല്ല .കലാകാരൻ ആത്മാനുഭവത്തിന്റെ സൂക്ഷ്മത കളിലേക്കാണ്
വർണങ്ങളിലൂടെ നമ്മെ ക്ഷണിക്കുന്നത്. വർണം പല ഷേഡുകളിൽ കലാകാരനിൽ
ആവിഷ്കാരത്തിനു നിർബന്ധിക്കുന്നു. വർണം ഒരു ഭൗതികവസ്തുവല്ല ;അത് അതീതമായ
ലോകാനുഭവങ്ങളുടെ പ്രത്യക്ഷസൂചനകൾ മാത്രമാണ്. അതുകൊണ്ട് കലാകാരൻ
വർണവുമായാണ് സംവദിക്കുന്നത്.
ഗുരുവിൻ്റെ ദൈവം ഈ രീതിയിലാണ്
നിലകൊള്ളുന്നത് .അത് പരമ്പരാഗതമായ ആരാധനാമൂർത്തിയല്ല:
സ്വാതന്ത്ര്യത്തിലേക്കുള്ള ചിറകടിയൊച്ചയാണ്. ബന്ധനസ്ഥനായ ഒരുവൻ
സ്വതന്ത്രനായി സഞ്ചരിക്കുന്ന വിഹായസാണ് ഗുരുവിൻ്റെ ദൈവം .ഗുരു ദൈവത്തെ,
കലാകാരൻ നിറമെന്ന പോലെ ,പല ഷെയ്ഡുളിൽ ആവിഷ്കരിക്കുന്നു. ഒരു സൗന്ദര്യാത്മക
ദൈവത്തിനു നമ്മുടെ മനസ്സിൽ അറിവിന്റെയും ആനന്ദത്തിന്റെയും പാറ്റേണുകൾ
സൃഷ്ടിക്കാനാവും. അത് കാണുന്നതിനും അപ്പുറമാണ്, കേൾക്കുന്നതിനും
അപ്പുറമാണ്. കലാവസ്തുവായ പെയിൻ്റിംഗ് ചിത്രകാരൻ്റെ വിവിധ വികാരങ്ങൾ
പ്രതിഫലിപ്പിക്കുകയാണ്. ഒരു അലംകൃതമായ രീതിയിൽ വസ്തുക്കളെ ചിത്രകാരൻ
വിന്യസിക്കുകയാണ്. ഇതാകട്ടെ കലാകാരന്റെ മനസ്സിനെ പുറത്തുകൊണ്ടുവരാൻ
വേണ്ടിയാണ്. ഗുരുവിന്റെ ദൈവം ഒരു കാലാവസ്തുവിൻ്റെ ധർമ്മവും നിറവേറ്റുന്നു.
പല വികാരങ്ങൾ അത് ഉയിർപ്പിക്കുന്നു. മനസ്സിൻ്റെ വിപുലമായ ഭാവങ്ങൾ ,തലങ്ങൾ
ദൈവത്തിലൂടെ പുറത്തുവരുന്നു.ഗുരു ദൈവത്തെ ഒരേ രീതിയിലല്ല ഉൾക്കൊള്ളുന്നത്.
അത് ആത്മാവിന്റെ അനേകം പ്രതിഛായകളായി വർത്തിക്കുന്നു.
'ഇന്ദ്രിയവൈരാഗ്യ'ത്തിൽ ഇങ്ങനെ വായിക്കാം:
"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ -
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം ,
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലുതന്നു ജയിക്ക ശംഭോ!"
കണ്ടതിനൊന്നും
ശാശ്വതത്വമില്ല. എല്ലാ മായുകയാണ്. കണ്ടതെല്ലാം വിസ്മൃതമായിരിക്കുന്നു.
ഇക്കാര്യത്തിൽ കണ്ണിനു ഒരു ദുഃഖവുമില്ല. ജീവൻ പോയാൽ, നേരത്തെ
കണ്ടതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലല്ലോ. കണ്ടതിന്റെ നിറം, തരം
തുടങ്ങിയവയെല്ലാം ശൂന്യതയിൽ വിലയം പ്രാപിക്കുന്നു. ശേഷിക്കുന്നത്
ഒന്നുമില്ല. എല്ലാ കാഴ്ചകളും ഇല്ലാതായ ശേഷം ദൈവത്തിൻ്റെ പാദങ്ങൾ കണ്ടാൽ മതി
എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ സൗന്ദര്യാത്മകത
ദർശിക്കാം.നാം കണ്ടതൊക്കെ വ്യർത്ഥമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയതെല്ലാം
വ്യർത്ഥം. അതിനപ്പുറമുള്ള ഒരു ദൈവികതയെ പ്രതീക്ഷിക്കുകയാണ്.ഇത്
'ദൈവദശക'ത്തിൽ പ്രതിപാദിച്ച ദൈവത്തേക്കാൾ അമൂർത്തമാണ്. ഒരേ ദൈവത്തെ
പലരീതിയിൽ വീക്ഷിക്കുകയാണ്. ദൈവം മനസിൽ സൃഷ്ടിച്ച പ്രതിഛായകളാണ്
എഴുതുന്നത് .ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ആവിഷ്കരിക്കുകയുമാണ്.
ദൈവം
അദൃശ്യമാണെന്ന സുപ്രധാനമായ അറിവ് പതിയെ തെളിഞ്ഞുവരുകയാണ് .ദൈവത്തിനു
അദൃശ്യമായിരിക്കാനേ കഴിയൂ. പ്രത്യക്ഷതകൾ നമ്മുടെ ഐന്ദ്രിയാനഭവങ്ങളുടെ
ഭാഗമാണ്. ചോദ്യം ചോദിക്കുമ്പോൾ നേരിട്ടു വന്ന് ഉത്തരം തരുന്ന ഒരു ദൈവം
അസാധ്യമാണ്. ദൈവം നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കാൻ നിൽക്കുകയല്ലല്ലോ.
ദൈവത്തിനു നമ്മുടെ ചിന്തയുടെ അതിരുകൾക്കപ്പുറത്താണ് നിൽക്കാനാവുന്നത്.
നമുക്ക് കാണാനാവാത്തതുമുണ്ടല്ലോ. അത് കാണാൻ ദൈവത്തിനാവും. നമുക്ക്
കേൾക്കാനാവാത്തതു കേൾക്കാൻ ദൈവത്തിനേ കഴിയൂ. കാണാനാവാത്തതും
കേൾക്കാനാവാത്തതുമുണ്ടെന്നത് സത്യമാണ് .അതുകൊണ്ട് ആ മേഖലകളുടെ ഉടമസ്ഥത
ദൈവത്തിനു നൽകുന്നതിൽ സൗകര്യമുണ്ട്. നമ്മുടെ അദൃശ്യതകൾക്കെല്ലാം നമുക്ക്
ആലോചിക്കാവുന്നത് ദൈവത്തെയാണ്. പ്രകൃതിയിലും ജീവിതത്തിലും പലതും
മറഞ്ഞിരിക്കുന്നു. ആ അദൃശ്യതയുമായി ഗുരു സംവദിക്കുകയാണ്. അതുകൊണ്ടാണ്
എല്ലാ കാഴ്ചകളും അവസാനിച്ചാലും ദൈവത്തിൻ്റെ പാദത്തിന്റെ ആശ്രയം
ഉണ്ടാകുമെന്നു വിചാരിക്കുന്നത്.
അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്
'അർദ്ധനാരീശ്വരസ്തവ'ത്തിൽ എഴുതുന്നത് മറ്റൊരു പ്രതിഛായയിലാണ് :
"ദാരിദ്ര്യം കടുതായ് ,ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ !
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ ?
ആരുളളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ -
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ ?
കൂറർദ്ധനാരീശ്വരാ!"
ലോകജീവിതം
ദാരിദ്ര്യം ,വറുതി, കലാപം ,വംശീയ വിദ്വേഷം തുടങ്ങിയവയുടെ പിടിയിലാണ്.
എന്തുകൊണ്ട് ദൈവം ഇടപെടുന്നില്ല എന്നാണ് ചോദ്യം? ദൈവത്തെ ഗുരു ഭാവനയിൽ
കാണുകയാണ്. ഒരു ചിത്രമാണിത്. ജിവിതത്തിലെ വറുതി പരിഹരിക്കാൻ ആരാണുള്ളത്?
ലോകത്ത് സങ്കടങ്ങൾ അവസാനിക്കില്ല. ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്നു
വന്നേക്കാം. ആരുടെ ജീവിതവും സുരക്ഷിതമല്ല. ഇങ്ങനെയേ ജീവിതത്തിനു
നിലനില്പുള്ളു. അത് ആനയെപ്പോലെ ഇടയുന്നു .പ്രാവിനെ പോലെ കുറുകുന്നു.
സിംഹത്തെപ്പോലെ കടിച്ചുകീറുന്നു. പുഴുവിനെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്നു.
എല്ലാവരും വാർദ്ധക്യത്തിൽ കടുത്ത പീഡയനുഭവിക്കുന്നു. എല്ലാ കുട്ടികളും
മറ്റുള്ളവരുടെ ദയയിലാണ് വളരുന്നത്. ആ ദയ നഷ്ടപ്പെട്ടാൽ എല്ലാം തകിടം
മറിയും. അതുകൊണ്ട് ആരു സുരക്ഷാകവചമൊരുക്കും?
സൗന്ദര്യാത്മക
ദൈവം മനസ്സിൽ വിരിയിക്കുന്ന പ്രതിഛായകൾ ആത്മബന്ധമാണ് സൃഷ്ടിക്കുന്നത്.
'പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം' എന്നു ഗുരു
പറയുന്നതിൽ സൗന്ദര്യാത്മക ദൈവമാണുള്ളത് .മതസാഹിത്യവും ആചാരങ്ങളും
എങ്ങനെയായിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ലെന്നു ഗുരു പറയുന്നതിന്റെ
പൊരുളെന്താണ് ?വലിയ ക്ഷേത്രങ്ങളോ സങ്കീർണമായ ആചാരങ്ങളോ ഉച്ചത്തിലുള്ള
പ്രാർത്ഥനയോ പ്രയോജനം ചെയ്യുന്നില്ല, മനുഷ്യനിൽ സത്യവും നീതിയുമില്ലെങ്കിൽ
.പ്രവൃത്തിയിലാണ് ദൈവം. ഈ ദൈവത്തിനു പേരോ ശരീരമോ ഇല്ല. അത് പ്രവൃത്തിയുടെ
അർത്ഥമാണ് .അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്. ആ ദൈവം നമ്മെ കൂടുതൽ
നന്നാക്കുന്നു, പ്രചോദിപ്പിക്കുന്നു. മനുഷ്യനായി പിറന്നതിനു
അർത്ഥമുണ്ടെന്നു കാണിച്ചുതരുന്നു. അർത്ഥമില്ലാത്ത ജീവിതത്തിനു ഒരർത്ഥം
കണ്ടെത്തുകയാണ് മനുഷ്യൻ്റെ ലക്ഷ്യം. "സൂക്ഷ്മമറിഞ്ഞവനു മതം പ്രമാണമല്ല"
എന്നു ഗുരു പറഞ്ഞതിലൂടെ ദൈവത്തെ മതങ്ങളിൽനിന്നു മോചിപ്പിക്കുകയാണ് ചെയ്തത്
.മതം വേണ്ടാത്ത ഒരു സാരഗ്രാഫിയാണ് ഗുരുവെന്നു സൂചിതമാവുന്നു.പൊരുളുകൾക്ക്
മുന്നിൽ ആത്മാവിൽ നഗ്നനായി നിൽക്കുന്ന ഒരു അന്വേഷകനു ചിട്ടകളും
ചട്ടക്കൂടുകളും വേണ്ട; മനസ്സിലെ നേരു മതി. ആ നേരിനെ നഷ്ടപ്പെടുത്താതെ
നിലനിർത്താനാണ് ഓരോ നിമിഷവും മന്ത്രിക്കുന്നത്.
മതത്തിലൂടെയാണ്
നാം പൊതുവെ ദൈവത്തെ തേടുന്നത്. ദൈവങ്ങൾ സൃഷ്ടിച്ചതല്ല മതം .അത്
മനുഷ്യരുടേതാണ്. ക്രിസ്തുമതവും ബുദ്ധമതവും അവരുടെ ജീവിതകാലത്തിനു ശേഷം
സ്ഥാപിക്കപ്പെട്ടതാണ്. ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്.
അതിൻ്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ
ലോകത്താണുള്ളതെന്നാണ്.അതുകൊണ്ട് ദൈവവുമായി നേരിട്ടുള്ള സംവാദം
ആലോചിക്കാവുന്നതാണ്.
സകലബന്ധങ്ങളുടെ അന്തസാരം
ദൈവം ബോധത്തിലാണെന്നു പറഞ്ഞുവല്ലോ. 'ഇന്ദ്രിയവൈരാഗ്യ'ത്തിലെ ഈ ശ്ലോകം നോക്കുക:
"നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!"
പഞ്ചഭൂതങ്ങൾ
ചിദംബരത്തിലാണുള്ളതെന്നു ഗുരു അറിയിക്കുന്നു. ബോധമെന്ന ആകാശമാണത്.
ബോധത്തിലൂടെ നാം ലോകത്തെ അറിയുന്നു. ഭൂമിയിൽ കഴിയുന്ന ഒരുവനെ ആരാണ്
ദൈവവുമായി ബന്ധിപ്പിക്കുന്നത് ? അവൻ തന്നെയാണ് ആ ദൈവത്തെ കണ്ടെത്തേണ്ടത്.
ജലാലുദ്ദീൻ റൂമിയുടെ ഒരു വാക്യം ശ്രദ്ധിക്കണം: The beauty you see in me
is a reflection of you .സൗന്ദര്യം കണ്ടെത്തുന്നത് അവനവൻ്റെ സിദ്ധിയാണ്
,വിധിയാണ്. നിങ്ങളിലെ സൗന്ദര്യബോധമാണ് നിർണായകം. റൂമി പറയുന്നത് ,നിങ്ങൾ
അദ്ദേഹത്തിൽ കാണുന്ന സൗന്ദര്യം, മഹത്വം, രമ്യത നിങ്ങളുടെ തന്നെ
പ്രതിഫലനമാണ് എന്നാണ്. ഈ പ്രതിബിംബിക്കൽ ഒരു ലോകാനുഭവസാരമാണ് .ഈ ലോകത്ത്
നാം ഓരോരുത്തരും മറ്റുള്ളവരിൽ നമ്മെ കാണാൻ പ്രാപ്തരാണ് .ഒരു കുട്ടിയിൽ
നമ്മെ കാണണം .ഒരു ദരിദ്രനിൽ മറ്റാരെയുമല്ല കാണേണ്ടത്. ഒരു നായയിൽ ,പൂച്ചയിൽ
നമ്മെത്തന്നെ ദർശിക്കണം. അതാണ് ലോകസാരമായിത്തീരുന്നത്. നിങ്ങൾ കാണുന്ന
സൗന്ദര്യം നിങ്ങളുടെ തന്നെ പ്രതിഫലനമാണ്. ഒരു പൂച്ചയിൽ മനുഷ്യനെ
കാണുന്നവനാണ് അതിനെക്കുറിച്ച് കവിത എഴുതുന്നത്. അപ്പോഴാണ് മാനുഷികതയുടെ
വ്യാപ്തി അനാവൃതമാകുന്നത്. സൗന്ദര്യം നമ്മളിലാണുള്ളത്. അത് ഉള്ളതുകൊണ്ട്
മറ്റുള്ളവരിലും ദർശിക്കുന്നു .ചിലയിടങ്ങളിൽ നമ്മുടെ സൗന്ദര്യബോധത്തിനു
പെട്ടെന്നു ഐക്യം പ്രകടിപ്പിക്കാൻ തോന്നും. നിഗൂഢമായിരുന്നത് അനുകൂല
സാഹചര്യം വരുമ്പോൾ പുറത്തുവരുന്നു. ഒരു മന്ദാരപ്പൂവിൽ സൗന്ദര്യം കാണുന്നത്
നമ്മളിൽ ആ സൗന്ദര്യം നിലനിൽക്കുന്നതുകൊണ്ടാണ്. എന്താണ് ഈ സൗന്ദര്യം ?അത്
നമ്മുടെ തന്നെ ആന്തരികമായ പ്രപഞ്ചലയമാണ്. നാം തന്നെയാണല്ലോ പ്രപഞ്ചം.നമ്മൾ ഈ
നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കും ഒപ്പം ജീവിക്കുകയാണ്. അവയെല്ലാം നമ്മുടെ
ജീവിതത്തെ സ്വാധീനിക്കുന്നു. സൗന്ദര്യം എത്ര സ്പഷ്ടമായി നമ്മെ
നിർവ്വചിച്ചിരിക്കുന്നു .പ്രപഞ്ചത്തിൻ്റെ സഞ്ചാരവ്യൂഹത്തിലെ ഒരണുമാത്രമാണ്
നാം .പ്രപഞ്ചത്തിനൊപ്പം അണുവും ജീവിക്കുന്നു. നാം തനിച്ചല്ല, ഒരു
ബ്രഹ്മാണ്ഡവ്യൂഹമാണ് ഒപ്പമുള്ളത്. അതിലെ ഒരു സഹസഞ്ചാരിയായ നാം
സ്വതന്ത്രമായി ജീവിക്കുന്നില്ല; അതിൻ്റെ കൂടെ ജീവിക്കുകയാണ്. അതുകൊണ്ട്
നമുക്ക് അന്യവത്ക്കരിക്കാനോ അകലാനോ കഴിയില്ല. അകന്നിരിക്കുമ്പോഴും ഒരു വലിയ
വ്യവസ്ഥയുടെയും വ്യൂഹത്തിൻ്റെയും ഭാഗമാണ്.ഈ ബോധമുണ്ടാവുമ്പോൾ നമുക്ക്
എല്ലാറ്റിനോടും അടുപ്പം തോന്നും .ഒന്നും അന്യമല്ലെന്നറിയാം. വേർപിരിയുകയും
മരിക്കുകയും ചെയ്യുന്നത് ദുഃഖം ഉണ്ടാക്കുമല്ലോ. ദുഃഖം ഭൗതികതയിൽ
ജീവിക്കുന്ന മനുഷ്യരെയെല്ലാം നോവിക്കും. നാം വികാരങ്ങൾ കൊണ്ടാണ്
ജീവിക്കുന്നത്. സ്നേഹിക്കാതെ നമുക്ക് ജീവിക്കാനാകില്ല .എന്തിനോടെങ്കിലും,
ആരോടെങ്കിലുമുള്ള സ്നേഹമാണ് ജീവിതത്തിന്റെ അടിസ്ഥാനം. എല്ലാത്തിലും
ഏറ്റവും വിശുദ്ധവും നിഷ്കളങ്കവും ദാർശനികവുമായ താദാത്മ്യമാണ്
സൗന്ദര്യാനുഭവമായിത്തീരുന്നത്. ആ വസ്തുവിനോടു ഇഷ്ടം തോന്നാം.
അതിനെക്കുറിച്ച് മനസ്സിൽ തിരിച്ചും മറിച്ചും ചിന്തിക്കും .ചിന്തയിൽ
നിന്നാണ് എല്ലാം ഉടലെടുക്കുന്നത്.'സുബ്രഹ്മണ്യകീർത്തന'ത്തിൽ ഗുരു ദൈവത്തെ
അഭി ദർശിക്കുന്നത് മനസ്സിൻ്റെ സൗന്ദര്യാത്മകഭാവങ്ങളെ
സമന്വയിപ്പിച്ചുകൊണ്ടാണ് .
ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര ചൊരിയി-
ച്ചന്ധകാരനകറ്റി -
ച്ചിന്താസന്താനമേ
" എന്നു സുബ്രഹ്മണ്യനെ അഭിസംബോധന ചെയ്യുന്നു.ഇരുട്ടിനെ അകറ്റുന്ന
ഭംഗിയുള്ള ചുവന്ന കണ്ണുകളാണ് സുബ്രഹ്മണ്യൻ്റേത്. ഈ ശ്ളോകത്തിൽ
സുബ്രഹ്മണ്യനൊപ്പം ശിവനെയും ഗുരു കാണുകയാണ്.ശിവനും സുബ്രഹ്മണ്യനും
ഒരുമിച്ചു വരുന്നു. സ്വയം പിച്ചക്കാരനെന്നു ഗുരു പിന്നീടു
വിശേഷിപ്പിക്കുന്നുണ്ട്. എച്ചിൽ ചോറുണ്ടു നടക്കുന്നയാളാണെന്നും അതുകൊണ്ട്
'വല്ലോമൊരു ഗതി തരണേ'യെന്നും ഗുരു അപേക്ഷിക്കുന്നു .ഗുരുവിൻ്റെ അക്കാലത്തെ
ജീവിതം അവധൂതൻ്റേതായിരുന്നു. അപ്പോൾ ദൈവത്തെക്കുറിച്ചുള്ള ഭാവന ഏറ്റവും
തീവ്രമാകുന്നുണ്ട്. സുബ്രഹ്മണ്യനിൽ അത് കാണുകയാണ്. ഇവിടെ ദൈവം, ഗുരു ഈ
ലോകത്ത് കണ്ട സകല സാക്ഷാത്കാരഭാവങ്ങളുടെയും ആകെ ത്തുകയാണ്. എല്ലാറ്റിനോടും
ഗുരുവിനു അനുകമ്പയും സ്നേഹവുമാണ് ഉണ്ടായിരുന്നത്. അങ്ങനെ എല്ലാറ്റിനെയും
തന്നിലേക്ക് അടുപ്പിച്ചു നിർത്തുകയായിരുന്നു. ഒരു സകലബന്ധങ്ങളുടെ അന്തസാരം ഈ
ദൈവികതയുടെ പരപ്പാണ്. എല്ലാറ്റിലും കണ്ട ദൈവം ഒരു രൂപമാർജിക്കുകയാണ്.
ശുചിത്വം ദൈവത്തിൻ്റെ ഒരു പ്രവേശന കവാടം
ഗുരുവിൻ്റെ
സർവസ്വവുമായ അനുകമ്പയുടെയും മമതയുടെയും തലത്തിൽ സമഭാവന മാത്രമേയുള്ളൂ
.ജാതിയോ മതമോ ഇല്ല .ദൈവമാകട്ടെ, ഗുരുവിന്റെ സൗന്ദര്യാത്മകമായ ബോധത്തിന്റെ
സാരസ്വതവുമാണ്. ബോധത്തിന്റെ ഏറ്റവും ഉന്നതമായ ഒരു തലമാണത്.
അസ്തിത്വത്തിൻ്റെ ഒരുപടി മുകളിൽ അത് നിലനിൽക്കുന്നു. "ചൊല്ലെല്ലാമുണ്ടു
ചരടായെഴും പൊരു-
ളെല്ലയിലേറിനിന്നാടു പാമ്പേ"എന്നു
'കുണ്ഡലിനിപ്പാട്ടി'ൽ എഴുതുന്നത് ഇത് ഉറപ്പിക്കുന്നു. എല്ലാ ചൊല്ലും കടന്നു
ചെല്ലുമ്പോൾ പൊരുളാണ് അവശേഷിക്കുന്നത്. അവിടേക്കെത്തണം. ആ പൊരുളിന്റെ
ഉച്ചയിൽനിന്നു ആടണമെന്നാണ് ആവശ്യപ്പെടുന്നത്.
ദൈവങ്ങൾക്ക്
വേണ്ടി നിർമ്മിക്കുന്ന ക്ഷേത്രങ്ങൾ എത്ര ബൃഹത്താണ്. ദൈവത്തിന്റെ
മഹത്വത്തിനനുസരിച്ചാണ് ഇത് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഗുരു
ക്ഷേത്രത്തിനു പ്രതീകാത്മക ഭംഗിയാണ് വിഭാവന ചെയ്യുന്നത്. ചെറിയ
ക്ഷേത്രമാണെങ്കിലും വൃത്തിയുണ്ടായാൽ മതി. യാന്ത്രികമായി വന്നു വഴിപാട്
നടത്തി, സ്വന്തം കാര്യങ്ങൾ അവതരിപ്പിച്ച് മടങ്ങുന്ന ഒരു ഏർപ്പാടല്ല
ഗുരുവിനു ക്ഷേത്രം. അത് ഒരു ശുദ്ധീകരണശാലയാണ് - മനസിൻ്റെ .ഒരു സംഭാഷണത്തിൽ
അത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്,
ബിംബത്തെയല്ല. ഇതിന്റെ (ക്ഷേത്രത്തിൻ്റെ) ചുറ്റും പൂന്തോട്ടം ഉണ്ടാക്കണം.
നല്ല വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് ചുറ്റും തറകൾ കെട്ടണം. അപ്പോൾ
ജനങ്ങൾക്ക് വന്നിരുന്നു കാറ്റു കൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ
ഉണ്ടായിരിക്കണം. ക്ഷേത്രം ഒരറ്റത്ത് അങ്ങനെ നിന്നു കൊള്ളട്ടെ. ഭംഗിയും
വൃത്തിയുമുള്ള സ്ഥലമാണെങ്കിൽ ജനങ്ങൾ വരും. നല്ല വിചാരങ്ങൾ ഉണ്ടാകും.
ആരോഗ്യം വർദ്ധിക്കും."
ഇവിടെ ദൈവത്തെ മറ്റു
മാർഗങ്ങളിൽക്കൂടി അനുഭവിപ്പിച്ച് മനുഷ്യനെ അർത്ഥവത്തായ കർമ്മത്തിലേക്ക്
ആകർഷിക്കാനാണ് ഗുരു ഉദ്ദേശിക്കുന്നത്. ക്ഷേത്രം ആരാധിക്കുന്നതിനു
എന്നതുപോലെ കാറ്റുകൊള്ളാനും ഉപകരിക്കണം. അവിടെ വന്നാൽ മനോഹരമായ പൂക്കൾ
കണ്ടു മതിമറന്നു നിൽക്കണം. പൂക്കളുടെ ഗന്ധം പരക്കട്ടെ. ക്ഷേത്രങ്ങൾ
വായിക്കാനും പഠിക്കാനുമുള്ള ശാന്തമായ ഇടമാകണം. ദൈവം മനസ്സിലേക്ക് വരുന്നത്,
ചിലപ്പോൾ , വായനയിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് .എന്തൊരു മഹത്തായ ആശയം!
ഇതാണ് ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവത്തിൻ്റെ ഒരു സുന്ദരനിമിഷം.
ക്ഷേത്രത്തിനു ചുറ്റും ശുചിയായിരിക്കണം. ശുചിത്വം ദൈവത്തിൻ്റെ ഒരു
പ്രവേശനകവാടമാണ് .അശുദ്ധവും ദുർഗന്ധം നിറഞ്ഞതും വൃത്തിഹീനവുമായ ഒരിടത്ത്
ദൈവത്തെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. പരമ്പരാഗതമായ ദൈവചിന്തയെ അപനിർമ്മിച്ചു
കാറ്റും വെളിച്ചവും കയറുന്ന ,സുഗന്ധമുള്ള, വായിക്കാനും ചിന്തിക്കാനും
കഴിയുന്ന ഒരു പരിസരമാക്കി പരിവർത്തനപ്പെടുത്തുന്നു .ഇത് സൗന്ദര്യാത്മകമായ
സംവാദമാണ് .ദീർഘവും നിരന്തരവുമായ ഒരു അർത്ഥസംവാദത്തിലൂടെ ഒരു ദൈവത്തെ
സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സൗന്ദര്യത്തെ പുനരുജ്ജീവിപ്പിക്കുന്ന ശിവൻ
ദൈവികത
ഗുരുവിന്റെ വ്യക്തിപരമായ നോട്ടമോ വിചിന്തനമോ എന്നതിനപ്പുറമാണ്. അതിനു
സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട് .അത് ഗുരുവിൻ്റെ ഉപകരണമാണ്.
അതുകൊണ്ടാണ് പതിതൻ്റെ ഒറ്റപ്പെടലും പാരതന്ത്ര്യവും ഉയർന്നുവരുന്ന
ഘട്ടങ്ങളിലെല്ലാം ഗുരു ദൈവത്തെയും ദൈവസ്തുതിയെയും ഉപകരണങ്ങളായി
ഉയർത്തിക്കൊണ്ടുവരുന്നത്.
ഫ്രഞ്ച് സാഹിത്യകാരനായ ആൽബേർ കമ്യു
പറഞ്ഞു: Beauty no doubt ,does not make revolutions.But a day will come
when revolutions will have need of beauty. സൗന്ദര്യം വിപ്ലവം
കൊണ്ടുവരികയില്ല. വിപ്ലവങ്ങൾക്ക് സൗന്ദര്യത്തിന്റെ ആവശ്യമുള്ള ഒരു ദിവസം
വരും. എന്തിനാണ് വിപ്ലവത്തിനു സൗന്ദര്യം? വിപ്ലവങ്ങൾക്കും അതിന്റേതായ
തിരിച്ചടികളും കുഴപ്പങ്ങളും സംഭവിക്കും.പല വിപ്ലവങ്ങളും മനുഷ്യ
നിന്ദകൊണ്ടും കൊലകൾകൊണ്ടും ക്രൂരതുകൊണ്ടും വിലകെട്ടു പോയിട്ടുണ്ട്
.ചൈനയിലെ സാംസ്കാരിക വിപ്ളവത്തിൻ്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ
കൊല്ലപ്പെട്ടു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ സകല സംസ്കാരവും
ഇല്ലാതാക്കുന്ന പ്രവൃത്തികളുണ്ടായി .വിപ്ളവം വിജയിച്ചു എന്നു പറയുന്നത്
മനുഷ്യൻ്റെ മഹത്വം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്.
അതുകൊണ്ടാണ്
കമ്യു പറയുന്നത് വിപ്ലവത്തിനു സൗന്ദര്യം ആവശ്യമായിവരുമെന്ന്. മനുഷ്യമനസിനെ
വിമലീകരിച്ച് സ്വതന്ത്രമായി ചിന്തിക്കാനും അന്യരുടെ ജീവൻ സംരക്ഷിക്കാനും
സാധ്യമായ തരത്തിൽ വളരേണ്ടതുണ്ട് .മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണം.
സ്നേഹവും അഹിംസയും പുലരണം .സൗന്ദര്യം മനസ്സുകളെ വിഘടിപ്പിക്കുകയല്ല,
ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. ഡാവിഞ്ചിയുടെ 'മൊണാലിസ' എല്ലാവരെയും
യോജിപ്പിക്കുകയാണ് ,വിഘടിപ്പിക്കുകയല്ല. സൗന്ദര്യ പ്രചോദിപ്പിക്കും. നല്ല
ഒരു പാട്ട് കേട്ടാൽ അതുപോലെ പാടാൻ തോന്നും. സൗന്ദര്യം ജീവിതത്തിനു അർഥം
നൽകുകയാണ്.
ഗുരുവിൻ്റെ ദൈവം ജീവിതത്തിനു അർത്ഥം
നൽകുകയും അധർമ്മത്തെയും അനീതിയെയും ഹിംസയെയും എതിർക്കുകയും ചെയ്യുന്നു.
അരുവിപ്പുറത്തെ ശിവൻ ജാതിഭേദത്തെയും മതവൈരത്തെയും എതിർക്കുകയും രമ്യതയുടെ
സൗന്ദര്യത്തെ പുന:രുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ ദൈവം
സാംസ്കാരികജീവിതത്തിൽ ഇടപെടുന്നു. ജാതി,മതഭേദങ്ങളെ മറികടന്ന്
ഒരുമിപ്പിക്കുന്ന ശക്തിയായിത്തീരുന്നു. സൗന്ദര്യത്തിന്റെ ആവശ്യകതയാണ് ഇത്
കാണിക്കുന്നത്.










