- നഗരം എല്ലാ വസ്തുക്കളെയുംപുനർനിർവ്വചിക്കുന്നുഉത്തരാധുനികത(Post Modernism)ചില അർത്ഥങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. മതം ,ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വലിയ ആഖ്യാനങ്ങളെ തങ്ങളുടേതായ രീതിയിൽ പൊളിച്ചെഴുതാനും പുനരാഖ്യാനം ചെയ്യാനുമാണ് ഉത്തരാധുനികർ ശ്രമിച്ചത്. പരമ്പരാഗതമായി നാം ആശ്രയിക്കുന്ന ചില ഉരകല്ലുകളുണ്ട് ,സാമൂഹിക, സാംസ്കാരിക രംഗത്ത്.അത് പ്രബലമായിരുന്നു. മതത്തിൽ അനുശാസിക്കുന്നത്,ധർമ്മവ്യവസ്ഥകളിൽ പറഞ്ഞിട്ടുള്ളത് ഇന്നത്തെ മനുഷ്യരെയും സ്വാധീനിക്കുന്നു അല്ലെങ്കിൽ നിയന്ത്രിക്കുന്നു എന്ന ചിന്തയുടെ ഭാഗമാണത്.പുസ്തകങ്ങളാൽ നാം ചുറ്റപ്പെട്ടിരിക്കുകയാണല്ലോ. പുസ്തകത്തിൽ പറഞ്ഞതിനു പുറത്തേക്ക് പോകാൻ നിവൃത്തിയില്ല. നമുക്ക് സ്വപ്നം കാണണമെങ്കിൽ , അത് പുരാണങ്ങളിലോ സ്മൃതികളിലോ രേഖപ്പെടുത്തിയത് പോലെയാകണം. നമ്മുടെ ജീവിതത്തിൻ്റെ സ്വഭാവവും ലക്ഷ്യവും മുൻപേ തന്നെ നിശ്ചയിക്കപ്പെട്ടതാണ്. അതിൻ്റെ ആശയങ്ങളും പൂർവ്വനിശ്ചിതമാണ്. അതുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അയാൾക്ക് പരമ്പരാഗതമായി ലഭിച്ച ആശയത്തിൻ്റെ തുണ്ടുകൾ ഉപയോഗിച്ചാൽ മതി; ആചാരങ്ങൾ തുടർന്നാൽ മതി .അയാൾ ഒരു കാവൽഭടനെ പോലെയാണ്. പലതും കാത്തുസൂക്ഷിക്കുന്ന ജോലിയാണ് അയാൾക്ക് .ആ ജോലി കഴിഞ്ഞാൽ അയാൾ നിഷ്ക്രമിക്കുകയാണ്. മറ്റൊരാൾ അവിടേക്ക് കടന്നുവരും. ഈ ചാക്രികമായ സഞ്ചാരത്തെ ഉത്തരാധുനികർ എതിർത്തു .അവർ സംശയത്തോടെ അതിനെ നേരിട്ടു. പലതും സ്വാനുഭവങ്ങളിലൂടെ വെളിപ്പെടേണ്ടതാണെന്നു അവർ താത്വികമായി പറഞ്ഞു. സ്വന്തം മാർഗ്ഗം പ്രധാനമാണ് .മറ്റൊരാളുടെ വഴിയേ പോകുന്നവരെല്ലാം പരമ്പരാഗതവാദികളാണ്.സഞ്ചാരിയുടെ കാഴ്ചകൾസ്വന്തം വഴിവെട്ടുന്നവർ കലാപമാണ് തുടങ്ങിവയ്ക്കുന്നത്. തനിക്ക് പോകേണ്ടത് എങ്ങോട്ടാണെന്നു അറിയാം, അതിനു പുതിയൊരു വഴി വേണം. ആ വഴിയിൽ താൻ ആരുടെയും ഉപദേശം കേൾക്കുകയില്ല. തന്റെ ലക്ഷ്യത്തിനായി താൻ സഞ്ചരിക്കുകയാണ്. ഇതായിരുന്നു ഉത്തരാധുനികർ സ്വീകരിച്ച പാത . അവർ അതിനായി വികസിപ്പിച്ചതാണ് ആത്മപരിശോധന (self reference). ഒരാൾ ചുവരിൽ വരയ്ക്കുന്ന ചിത്രം എന്നു പറഞ്ഞാൽ നമുക്ക് ഊഹിക്കാനാവും .എന്നാൽ ചുമരിൽ അയാൾ വരച്ചു കൊണ്ടിരിക്കുന്നതിൻ്റെ ചിത്രം അയാൾ തന്നെ വരച്ചാലോ?അത് self reference ആണ്. സാഹിത്യത്തിൽ 'ഞാൻ' എന്ന വ്യക്തിഗതമായ പരാമർശത്തോടെ ആരംഭിക്കുന്ന കൃതികളിലെല്ലാം ഈ റഫറൻസുണ്ട്. താൻ ഈ ലോകത്തെ കാണുന്നത് എങ്ങനെയെന്നു അന്വേഷിക്കുകയാണ് .അതിൽ സത്യസന്ധതയുടെ ഒരു തലമുണ്ടെന്നു വായനക്കാർക്ക് തോന്നാം. ചിലപ്പോൾ 'ഞാൻ' എന്ന് പറയുന്നത് തന്നെ വ്യാജമായിരിക്കാം. അത് ഒരു കളിയാക്കലാണ്. സ്വന്തം ജീവിതത്തിലെ സത്യസന്ധതപോലും വിൽക്കാൻ വയ്ക്കുകയാണ്. സത്യത്തോടു കൂറില്ലെങ്കിൽ ,സത്യത്തോട് വിശ്വാസമില്ലെങ്കിൽ പിന്നെന്തിന് സത്യത്തിന്റെ പ്രതിപുരുഷനാകണം? അതുകൊണ്ട് പരമമായ സത്യത്തിനു പകരം വ്യാജസത്യവും കടന്നു വരുന്നു.ഉത്തരാധുനികതയുടെ ഈ കലാപമല്ല ഉത്തര-ഉത്തരാധുനികതയിലുള്ളത്. ഉത്തര- ഉത്തരാധുനികതയിൽ ഈ കലാപമെല്ലാം റദ്ദ് ചെയ്യപ്പെട്ടിരിക്കയാണ്. അവിടെ യാതൊന്നിനും ആധികാരികതയില്ലെന്നു സ്ഥാപിക്കപ്പെടുകയാണ്. വ്യക്തിക്ക് സ്വത്വമില്ല എന്നു വ്യക്തമാക്കപ്പെടുകയാണ്. ഒരാൾ എല്ലാകാലത്തും ഒരേ മാനസികാവസ്ഥ, ഒരേ അടയാളം ,ഒരേ വംശീയ സ്വഭാവം ,ഒരേ ജോലി, ഒരേ സാംസ്കാരിക പരിപ്രേക്ഷ്യം ചുമക്കുന്നില്ല.വ്യക്തി അവൻ്റെ സാഹചര്യമോ സമ്മർദ്ദമോ ഇഷ്ടമോ അനുസരിച്ച് ഓരോ നിമിഷത്തിലും ഉണ്ടായിത്തീരുന്നവനാണ്. അവനു നിയതമായ ഒരു സ്വഭാവമോ ലക്ഷ്യമോ ഇല്ല. അവൻ ഏത് വഴിക്കും സഞ്ചരിക്കാം. സഞ്ചാരത്തിൽ അവൻ കാണുന്നതാണ് കല.അവൻ പ്രേമിക്കുന്നു ,എന്നാൽ പ്രേമം നഷ്ടപ്പെട്ടുവെന്നു തോന്നിയാൽ കാമുകിയെ വെട്ടിക്കൊല്ലും. അവൻ ജനിച്ചുവീണ ഗ്രാമത്തിൽ തന്നെ കഴിയുന്നവനല്ല.പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്യൂഡൽ ഗ്രാമം പോലെയല്ല അത്; അവൻ ലോകത്തെ ഒന്നായി കാണുകയാണ് ,ഭൗതികമായ താത്പര്യങ്ങളുടെ പേരിൽ .സ്വന്തം നാടു വിട്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഓസ്ട്രേലിയയിലേക്കോ കുടിയേറുക മാത്രമല്ല, അവിടെ സ്ഥിരമായി താമസിക്കുകയാണ്. അവൻ ജനിച്ചു വളർന്ന കാലത്തെ യജമാനന്മാരോ നേതാക്കളോ ആരും തന്നെ അവനെ പിന്നീട് നിയന്ത്രിക്കുന്നില്ല. അവൻ വന്യമായി സ്വപ്നം കാണുകയാണ്. അവൻ സഞ്ചാരിയാണ് .തൊഴിലിൽപോലും അവൻ സ്ഥിരമായി നിൽക്കുന്നില്ല. തൊഴിൽ ഒരു ചവിട്ടുപടിയാണ്. തൊഴിലാണ് മനുഷ്യനെ നിർവ്വചിക്കുന്നതെന്ന പഴയ സിദ്ധാന്തമൊക്കെ അപ്രസക്തമായി. മനുഷ്യൻ തൊഴിൽ കണ്ടുപിടിക്കുകയാണ് .തൊഴിലാളി എന്ന സങ്കല്പത്തിനു ഉൾക്കൊള്ളാനാവാത്ത വിധം സാങ്കേതിക വിദഗ്ദ്ധൻ എന്ന മാനം രൂപപ്പെട്ടിരിക്കുന്നു.തൊഴിലാളിയേക്കാൾ ബൃഹത്തായ തൊഴിൽ പ്രതിഛായഓപ്പൺ എ.ഐ യുടെ പുതിയ കണ്ടുപിടിത്തങ്ങൾ ജീവിതത്തെ കുറെക്കൂടി ദൈവികമാക്കുന്നു. ഏത് വിഭവവും നൊടിയിടയിൽ തരാൻ നിങ്ങളുടെ ഫേസ്ബുക്ക് പേജിൻ്റെ മുകളിൽ ഓപ്പൺ എ ഐ റെഡിയാണ്.ഓപ്പൺ എ ഐ യുടെ പുതിയ പതിപ്പുകൾ വികസിപ്പിക്കുന്നവർ തൊഴിലാളികളല്ല; അവർ തൊഴിൽ കണ്ടുപിടിക്കുകയും അതോടൊപ്പം ജോലി ചെയ്യുകയുമാണ്. തൊഴിലിൻ്റെ സമയപരിമിതിയും ഇപ്പോഴില്ല. രാവിലെ പത്തു മുതൽ അഞ്ചു വരെ എന്ന തൊഴിൽ സങ്കൽപമല്ല ഇപ്പോഴുള്ളത്. തൊഴിലിനു അവസാനമില്ല .ടെലിവിഷൻ ചാനലുകൾ ,സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ,ഇൻറർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ അടച്ചിടുന്നില്ല. അവ എപ്പോഴും പ്രവർത്തിക്കുകയാണ്. തൊഴിലാളിയേക്കാൾ വലിയ ലോകമാണ് തൊഴിലിനുള്ളത്. തൊഴിലാളിയുടെ ജീവിതത്തേക്കാൾ ബൃഹത്തായ തൊഴിൽ പ്രതിഛായയാണുള്ളത്.അഞ്ചു വർഷം നീണ്ടു നിൽക്കുന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന ഒരു നടനു താൻ അഭിനയിച്ച രംഗങ്ങൾ പിന്നീട് കാണാൻ അവസരമില്ല .അത് കാണാൻ പോയാൽ അവൻ്റെ തൊഴിൽ മുടങ്ങും .അവനു അത് കാണേണ്ട ആവശ്യം തന്നെയില്ല.വ്യക്തികളിൽ പല സംസ്കാരങ്ങൾഒരു ആൻഡ്രോയിഡ് സിസ്റ്റമായ ഇൻസ്റ്റഗ്രാം ദശലക്ഷക്കണക്കിനു വീഡിയോകളും ഫോട്ടോകളുമാണ് ഒരു നിമിഷത്തിൽ സ്വീകരിക്കുന്നത്. അത് പ്രവർത്തിപ്പിക്കാൻ ഇരുപത്തിനാലു മണിക്കൂർ തൊഴിലാളി സേവനം വേണ്ട. അത് ഓട്ടോമാറ്റിക്കായി വിവരങ്ങൾ സ്വീകരിക്കുന്നു, ആപ്പിന്റെ സഹായത്തോടെ. നിങ്ങളുടെ പ്രൊഫൈൽ പേജ് മുമ്പ് കാണുകയോ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വിഷയങ്ങളുമായി താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടുള്ളവർക്ക് നിങ്ങളുടെ പോസ്റ്റുകൾ എത്തിച്ചുകൊടുക്കാൻ ഇൻസ്റ്റഗ്രാമിനു തൊഴിലാളിയെ വേണ്ട. എ.ഐ സേവനങ്ങളിലും പ്രത്യക്ഷ തൊഴിലാളിയെ വേണ്ട. ഇത് പുതിയൊരു പരിപ്രേക്ഷ്യമാണ്. അതു കൊണ്ട് വ്യക്തിയെ പഴയ രീതിയിൽ ഒരു സമ്പൂർണ്ണ ഉദ്ദേശലക്ഷ്യ പാക്കേജായി കരുതേണ്ടതില്ല.വ്യക്തികൾ ഒരു സംസ്കാരത്തെയല്ല , പല സംസ്കാരങ്ങളെ കൊണ്ടു നടക്കുകയാണ്. ഉത്തരാധുനികത വിവിധ ദേശങ്ങളിലെ സംസ്കാരങ്ങളെയും ശബ്ദങ്ങളെയും പരിഗണിക്കാൻ ഉപയോഗിച്ച ബഹുസ്വരത എന്ന ആശയമല്ലിത് .ഇത് ഒരാളിൽ തന്നെയുള്ള വിവിധ തരം ഉപകരണങ്ങളുടെ സാന്നിധ്യമാണ് ഉദ്ദേശിക്കുന്നത്. ഒരാളിൽ പല കാലങ്ങളും സംസ്കാരങ്ങളും ജീവിച്ചിരിക്കുന്നു;ആവശ്യത്തിനു അനുസരിച്ച് ഓരോന്നു പുറത്തുവരുന്നു എന്നേയുള്ളൂ .ഒരാളിൽ ക്ലാസിസവും നവാധുനികതയുമുണ്ട്. ഒരാളിൽ പുരാതനരംഗകലയും നവീന കലയുമുണ്ട് .എല്ലാത്തിനും ഇടം കൊടുക്കുകയാണ് ആധുനിക വ്യക്തി ചെയ്യുന്നത്. ഒരു വലിയ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിൽ ഓലമേഞ്ഞ കുടിലുകൾ കെട്ടിവച്ച് അതിൽ അറുപതുകളിലെ സിനിമാപോസ്റ്റർ ഒട്ടിച്ച്, പഴക്കുലയും തൂക്കി ചായ വിൽക്കുന്നത് കാലങ്ങളുടെ സംഗമമാണ് ,സംസ്കാരങ്ങളുടെ സംഗമമാണ്. ഇവിടെ രണ്ടു കാലങ്ങളെ യോജിപ്പിക്കാനുള്ള ഇടമാണ് വേണ്ടത്.ഇതിനെയാണ് ഫ്രഞ്ച് കലാസൈദ്ധാന്തികൻ നിക്കോളാസ് ബോറിയ Alter modernism എന്നു വിളിച്ചത്."A Movement connected to the creolisation of cultures and the fight for autonomy ,but also the possibility of producing singularities in a more and more standardised world" - ബോറിയ എഴുതി.കലാകാരൻ ,ഇതേപോലെയാണ് ഇന്നു പെരുമാറുന്നത്. അവനു നാട്ടതിർത്തികളോ ദേശാതിർത്തികളോ നോക്കിയിരിക്കാനാവില്ല .അവൻ കാലത്തിൽ സ്വതന്ത്രമായി പറക്കുന്നു. അവനു ഏത് ദേശത്തെയും സാംസ്കാരിക രൂപങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. ഇപ്പോഴും നമ്മുടെ സങ്കല്പം മാറിയിട്ടില്ലെന്ന് ഓർക്കണം. തനി കേരളീയ കവിതകളും നാടകങ്ങളും നോക്കിയിരിക്കുകയാണല്ലോ നമ്മൾ. കേരളീയ പശ്ചാത്തലത്തിൽ എഴുതിയില്ലെങ്കിൽ നല്ല നോവലാവുകയില്ല എന്നു വിധിക്കരുത്. എല്ലാം നമ്മുടെ പശ്ചാത്തലമാണ്. നാളെ ബഹിരാകാശ സഞ്ചാരികൾക്കിടയിലെ പ്രണയത്തെപ്പറ്റി നോവലുകളുണ്ടാവാം. അപ്പോൾ പറയുമോ ,ഈ ഭൂമിയുടെ പ്രശ്നങ്ങൾ എഴുതാത്തതുകൊണ്ട് നോവൽ നന്നായില്ല എന്ന്?മുൻപേ നിശ്ചയിക്കപ്പെട്ട മൂല്യമില്ലനമുക്ക് ഏത് സംസ്കാരത്തിലെയും കാലത്തിലെയും ചിഹ്നങ്ങളും സംഭവങ്ങളും ഉദാഹരിക്കാം. നമ്മൾ മൊബൈൽ ഫോൺ തുറന്നു വായിക്കുന്നത് ,സന്ദേശം അയയ്ക്കുന്നത്, ആസ്വദിക്കുന്നത്, കാണുന്നത് സ്വന്തം നാട്ടിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണോ? നാം ഈ ഉത്തര- ഉത്തരാധുനിക കാലത്തിൽ മുന്നറിയിപ്പൊന്നുമില്ലാതെ തന്നെ ആഗോള വിനിമയത്തിലേക്ക് എടുത്തറിയപ്പെട്ടിരിക്കുകയാണ്. ഫേസ്ബുക്ക് മെസഞ്ചറിൽ നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരിയുടെ ബ്ലോഗ് ലിങ്കിൽ സമകാലിക പ്രശ്നങ്ങളും ദർശനിക വിഷയങ്ങളും ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമുള്ള ആ വ്യക്തികളുമായി നമുക്ക് ആ ചാറ്റ് റൂമിൽ ആശയങ്ങൾ പങ്കുവയ്ക്കാം. നമ്മുടെ മുന്നിൽ മിഥ്യകളല്ല ,യാഥാർത്ഥ്യങ്ങളാണുള്ളത്.ബോറിയ എഴുതുന്നു: "Art likewise ,is no longer seeking to represent utopias ;rather ,it is attempting to construct concrete spaces."കലയുടെ പഴയ കാലത്തെ പ്രദർശന മൂല്യം സ്ഥിരമായിരിക്കുന്നതാണ് .ഒരു രൂപം എന്നാണോ സൃഷ്ടിക്കപ്പെട്ടത് അതിൻ്റെ പ്രദർശനമൂല്യം ആ കാലത്തെ മാത്രം പ്രതിനിധീകരിക്കുകയാണ്. ഇറ്റാലിയൻ പെയിൻ്റർ റാഫേലിൻ്റെ ഒരു ഛായാചിത്രം പതിനാറാം നൂറ്റാണ്ടിലെ കല എന്ന നിലയിലാണ് മനസ്സിലാക്കുന്നത്.ആ ചിത്രത്തിനുള്ള ഇടം വളരെ നിശ്ചിതമാണ്. ആ ചിത്രത്തിനു നമ്മുടെ കാലത്ത് പ്രവേശനം നേടാനാവില്ല .അത് പഴയകാലത്തിൽ ബന്ധിതമാണ് . എന്നാൽ ഇന്നു കലാകാരൻ തൻ്റെ കാലത്തിനകത്ത് കൃത്യമായി ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ സാർവകാലികതയ്ക്കും സാർവലൗകികതയ്ക്കും വേണ്ടി പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയാണ്. ബോറിയയുടെ അഭിപ്രായത്തിൽ ,ഒരു കലാസൃഷ്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പദവി ഒരു exchange circuit ലേക്ക് ഉയർത്തപ്പെടുമ്പോഴാണ്.ഇത് സാമൂഹികമായ തലത്തിലേക്ക് മാറ്റപ്പെടുന്ന പ്രക്രിയയാണ്. അതോടുകൂടി ആ കലാസൃഷ്ടിക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഉപയോഗമില്ല; മറിച്ച് വിനിമയമൂല്യമാണുള്ളത്. ഒരു കലാസൃഷ്ടിക്ക് വളരെ മുന്നേ തന്നെ നിശ്ചയിക്കപ്പെട്ട ഉപയോഗമില്ല എന്നു പറഞ്ഞാൽ അതിനു സാമൂഹ്യ സാംഗത്യമില്ല എന്നല്ല അർത്ഥം. കലാസൃഷ്ടിക്ക് അനന്തമായ സാദ്ധ്യതകളാണുള്ളത്. അത് ഏത് സാഹചര്യത്തിൽ ,എവിടെ പ്രതിഷ്ഠിക്കുന്നു എന്നത് പ്രധാനമാണ്.കഥകളി ചിട്ടയായി പഠിച്ചു ചെയ്യേണ്ട ഒരു കലാരൂപമാണ്. കഥകളി നടൻ്റെ അഭിനയസാമർത്ഥ്യം പ്രശംസിക്കപ്പെടുന്നത് സ്വാഭാവികമാണ്. കഥകളി ആസ്വദിക്കാനറിയുന്നവരാണ് ഒരു കാലത്ത് കളി കാണാൻ രാത്രി ഉറക്കമൊഴിച്ച് അരങ്ങിനു താഴെ കാത്തിരുന്നത്. എന്നാൽ ഒരു കഥകളി കലാകാരനെ വേഷം കെട്ടിച്ച് സംഗീതവും വാദ്യവുമായി നഗരത്തിലെ ഒരു ഐടി പാർക്കിന് മുന്നിൽ നിർത്തുകയാണെങ്കിലോ, ഉദ്ഘാടന ദിവസം? അത് സമ്മിശ്രമായ വികാരങ്ങളായിരിക്കും സൃഷ്ടിക്കുക . അവിടെ ഒരു മുഴുനീള കഥകളി ഉണ്ടാവില്ലല്ലോ. കഥകളി എന്ന കലാരൂപത്തിന്റെ പ്രതിപാദ്യത്തെ സൂചിപ്പിക്കാനും ധ്വനിപ്പിക്കാനും കഴിയും. ഇതുതന്നെ നഗരങ്ങളിലെ ഒഴുകുന്ന ജനത്തിനു പുതുമയാണ്. അവർ ആ കലാകാരനെ നോക്കാതെ പോവില്ല. അവർ നഗരത്തിൽ ആ വേഷം പ്രതീക്ഷിക്കുന്നില്ലല്ലോ. ആ വൈരുദ്ധ്യമാണ് ഇന്നത്തെ നഗര കേന്ദ്രീകൃതമായ കലാവസ്തുക്കളെ ആകർഷകമാക്കുന്നത്. കെട്ടിടങ്ങളും അതിനോടു ചേർന്ന കലാവസ്തുക്കളും ഇൻസ്റ്റലേഷനായി കാണുകയാണ് നല്ലത്.ഐടി പാർക്കിനു മുന്നിൽ കഥകളിഐടി പാർക്കും കഥകളിയും തമ്മിൽ ഒരു ബന്ധവുമില്ല .എന്നാൽ അവിടെ കൂടുന്നവർക്കെല്ലാം കഥകളിയുടെ വാദ്യസംഗീതവും കലാനുഭവവും അത് വാഗ്ദാനം ചെയ്യുന്നു .അവരെ പ്രലോഭിപ്പിക്കുകയാണ് ,ഏതോ പുരാതന കളിയിടത്തിലേക്ക് . നഗരത്തിലെ പ്രേക്ഷകനു അത് പരിചിതമല്ല. അവൻ കൗതുകത്തോടെയാവും അതിനെ വീക്ഷിക്കുക. കഥകളി കലാകാരനു അവിടെ പ്രത്യേക സാംഗ്യത്യമോ അർത്ഥമോ ഇല്ല. അതേസമയം ആ സംഘത്തിൻ്റെ സാന്നിധ്യം ആ അന്തരീക്ഷത്തെയും കലാപരമാക്കുന്നു. യഥാർത്ഥ്യത്തെ നേർപ്പിച്ചെടുക്കുന്നു. ഇവിടെ അർത്ഥം അന്വേഷിക്കുന്നത് വ്യർത്ഥമാണ്. ഒരു പൂർണ്ണ കഥകളിയുടെ രസാത്മകത അവിടെയില്ല. അതുകൊണ്ടുതന്നെ കഥകളിയിൽ നിന്നു 'കഥ' എടുത്തു മാറ്റപ്പെടുകയാണ്.അർത്ഥത്തെ നശിപ്പിക്കുകയാണ് ഈ കാലം ലക്ഷ്യം വയ്ക്കുന്നത്. അർത്ഥരാഹിത്യത്തിൻ്റെ വിഭിന്നമായ ആവിർഭാവങ്ങളുണ്ട്. ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ചിന്തിച്ച ജെഫ്രി ടി നീലോൺ (Jeffrey T Nealon)പറയുന്നത് ഈ കാലത്തിലെ വസ്തുക്കൾക്കും അനുഭവങ്ങൾക്കും അവസാനമില്ലെന്നാണ് (Never ending end of everything).അന്തിമമായി വസ്തുവിന്റെ ഉപയോഗവും മൂല്യവും പലയിടങ്ങളിൽ പലതാണ് .ഒരു വസ്തുവിന്റെ മൂല്യം അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിൻ്റെ മുൻകൂട്ടിയുള്ള സങ്കല്പം നോക്കേണ്ടതില്ല. ഒരു ക്രിക്കറ്റ് ബോളിന്റെ ഉപയോഗം നമുക്കറിയാം. നഗരത്തിലെ ഒരു പുതുതലമുറ റസ്റ്റോറന്റിലെ ടേബിളിൽ ഒരു ക്രിക്കറ്റ് ബോൾ ഭംഗിയായി അലങ്കരിച്ചു വച്ചിരിക്കുകയാണെങ്കിലോ? അതിനു അപ്പോൾ വേറൊരു മൂല്യമാണ് ഉണ്ടാവുക. അത് ഒരു കാഴ്ചവസ്തുവായി പ്രാധാന്യം നേടുന്നു .വസ്തുവിന്റെ നിർമ്മാണ സമയത്തുള്ള മൂല്യമല്ല അതിനു പിന്നീട് ലഭിക്കുന്നത്.നഗരം എല്ലാ വസ്തുക്കളെയും പുനർനിർവ്വചിക്കുകയാണ് .കുട്ടികളുടെ പാവകൾ എവിടെവയ്ക്കുന്നുവോ അതിനനുസരിച്ച് അവയുടെ മൂല്യം മാറുന്നു.സ്വീകരണമുറിയിലെ പാവ ഒരു സുഹൃത്തായി മാറുകയാണ് .കാറിൻ്റെ പിറകിലെ സീറ്റിനടുത്ത് പിറകിലോട്ട് തിരിച്ചുവച്ചിരിക്കുന്ന പാവ കുട്ടികളുടെ കളിപ്പാട്ടമല്ലാതാവുന്നു. അത് മുതിർന്നവരെയും ആകർഷിക്കുന്നു.സാംസ്കാരിക ചിഹ്നം എന്ന നിലയിലാണ് ഇന്നു വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ ,ഡിസൈനുകൾ, കലാരൂപങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നത്. വിവിധ കാലങ്ങളിലെ ചിഹ്നങ്ങൾ ഉപയോഗിച്ച് ഒരു രസതന്ത്രം സൃഷ്ടിക്കുന്നിടത്താണ് ഇന്നത്തെ കലാകാരൻ ശ്രദ്ധിക്കേണ്ടത്. അതിർത്തികൾ ഭേദിക്കാനുള്ളതാണ്. ഒരു കലാരൂപത്തിന്റെയും അതിരുകളിൽ ഒതുങ്ങുകയല്ല വേണ്ടത്. വിവിധങ്ങളായ ദൃശ്യങ്ങളെ, വസ്തുക്കളെ എങ്ങനെ ഉചിതമായി സമ്മേളിപ്പിച്ച് നമ്മുടേതായ സൗന്ദര്യം, ദൃശ്യമാനം സൃഷ്ടിക്കാമെന്നാണ് ഇന്നത്തെ എഴുത്തുകാർ ആലോചിക്കേണ്ടത്.അമേരിക്കൻ എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്സ് (George Saunders) എഴുതിയ (Lincoln in the Bardo)എന്ന നോവൽ ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ് .ഈ നോവലിലെ ശ്രദ്ധേയമായ ആഖ്യാനം ബാർദോയെക്കുറിച്ചുള്ളതാണ്. മരണത്തിനും പുനർജന്മത്തിനും ഇടയിലുള്ള ഒരു സാങ്കല്പിക ഇടമാണത്. ഒരു കൂട്ടം ബുദ്ധമതവിശ്വാസികൾ അങ്ങനെ കരുതുന്നുണ്ട് .ബുദ്ധന്റെ സമാധിക്കുശേഷമാണ് ഇങ്ങനെയൊരു ആശയം ഉയർന്നുവന്നതെന്നു കരുതുന്നു. ഒരാളുടെ മരണത്തിനു ശേഷം അയാൾ ബാർദോയിൽ തങ്ങുകയാണ്. അതിനുശേഷമാണത്രേ പുനർജന്മത്തിലേക്ക് പോകുന്നത്. സോണ്ടേഴ്സിൻ്റെ നോവലിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ മകൻ വില്യമിൻ്റെ മരണമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. വില്യമിനെ ബാർദോയിൽ കണ്ടുമുട്ടുകയാണ്.ബുദ്ധമതത്തെയും ബാർദോയെയും ലിങ്കണുമായി ബന്ധിപ്പിക്കുന്ന ഈ നോവൽ മരണത്തിനു പുതിയ സൗന്ദര്യം നൽകുകയാണ്. ചരിത്രത്തെ കലയാക്കുകയാണ്.
No comments:
Post a Comment