Followers

Wednesday, July 30, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ /കലാശാലകളിലെ സാഹിത്യചർച്ച/july 28, 2025



Aksharajalakam 



യൂണിവേഴ്സിറ്റികളിലെ  സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല .അവിടെ  സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം .സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  ബ്രിട്ടീഷുകാരുടെ അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത് ?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച യാന്ത്രികമായിത്തീരുന്നു

കലാശാലകളിലെ സാഹിത്യം  പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല .സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ  ആഴത്തിലുള്ള കാഴ്ചകൾ ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു. 
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.

സ്വത്വം എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.

സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി 

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ ഭാഗമായി ചില  സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത് മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു. ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത വിധം ലോകം വികസിക്കുകയാണെന്നു മറന്നു.

ലോകത്തെ ,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്.  താൻ അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി തയ്യാറാക്കിയാൽ അതിലൂടെ  ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു  നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി  ലോകത്തെയാകമാനം ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്.  അവൻ അതിനു ഉത്തരവാദിയാണ്. അവൻ അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം. നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല. ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം .യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ  എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ ചിന്താക്കുഴപ്പമില്ലാത്തവരാണ്.  ചിന്തിക്കുന്നവർക്കാണ് ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്. 

ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല 

കലാശാലകളിലെ സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ  ചെയ്യുകയാണ്.

കലാശാല അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്? ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ നിന്ന്  പിഴുത് മാറ്റുന്ന പ്രക്രിയയാണ്  അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ കലാസ്വാദകനായതുകൊണ്ടാണ് ഇത്  സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ് നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്. ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ് സംവിധായകൻ കണ്ടെത്തുന്നത്. 

ഇതെല്ലാം അദ്ദേഹത്തിൻ്റേതായ  അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്. സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ  അതിജീവനമാണത്. അങ്ങനെയാണ്  സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ  കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും കലാകാരൻ എന്ന  നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കഠിന പരിശ്രമമായി  കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.

എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത് 

അദ്ധ്യാപകർ എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല; അവർ കണ്ടെത്തിയതാണ്.  

പാർട്ടികളുടെ സമീപനത്തിലെ യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്.  പാർട്ടികളുടെ യുക്തിപരമായ സമീപനം വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ് പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ് അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ  കടന്നുവരാതെ നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.

നമ്മുടെ കാലത്ത് കലാശാലകളിൽ  എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല  പ്രഭാഷണം. പ്രഭാഷകനു ഒരു വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്. 

പ്രചാരണത്തിനു പോകുന്നവർ 

എഴുത്തുകാർ അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ പ്രായോഗികതയിലേക്ക് നിപതിക്കുന്നത്  സാംസ്കാരികമായ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച് ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത് വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.

സമീപകാലത്തെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു .വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ തിരഞ്ഞെടുപ്പു  പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ വിമർശനമുണ്ടായി.  ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ പ്രവൃത്തി  അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം  മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്.  സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക് ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്. 

എഴുത്തുകാരനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ  തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക് തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ സാധിക്കും.

രജതരേഖകൾ 

1)വിശ്വൻ പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ് അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്, സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്. ജീവിതത്തെ  സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ പടനിലം .വർഷങ്ങളായി  തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ  ഇതിന് തെളിവാണ് .ഈ ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ എഴുതുന്നതെന്നു വിശ്വൻ  പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു വായനക്കാർക്ക് ബോധ്യപ്പെടും .

2)ആധുനിക നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്. 

3)എം.ആർ. വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ് ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു അനുവാചകനു തോന്നണം.

'അഴിഞ്ഞുപോയ 
സീബ്രാവരകൾ 
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ 
കൂട്ടിയിടിച്ചവർ 
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട 
തർക്കങ്ങൾ.'

4)ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ 'ദൃശ്യവിസ്മയങ്ങളുടെ  രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്. അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ  വ്യത്യസ്തനായ ഹരിഹരന്റെ 'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി  ഛായാഗ്രഹണം ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത 'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .

5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി. 

'മിക്സി പോലുള്ള 
അധികാരയന്ത്രങ്ങളിൽ 
അരഞ്ഞുകൊണ്ടിരിക്കണം. 
വേവിൻ്റെ നൊമ്പരങ്ങളിൽ 
തിളച്ചു മറിയണം.
മുളകു ചിന്തകൾ 
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ 
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ 
ഫ്രിഡ്ജിൽ മനമൊന്നു 
തണുപ്പിക്കണം.'

എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ് 
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി . 

6)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'


metrovartha , july 28, 2035

അക്ഷരജാലകം /എം.കെ. ഹരികുമാർ / സഹനത്തിൽ നിന്ന് സംസ്കൃതം /july 23, 2025


Aksharajalakam



ഒരു സ്വപ്നത്തിനു പിന്നാലെ യാത്ര ചെയ്യാൻ കഴിയുന്നവർ വളരെ വിരളമാണ്. നിലവിലുള്ള സുരക്ഷാകവചങ്ങൾ ഉപേക്ഷിച്ചു  സാഹസികയാത്ര ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നതെന്നാണ് നോവലിസ്റ്റ്  പാവ്ലോ കൊയ്ലോ 'ആൽക്കിമിസ്റ്റ്' എന്ന കൃതിയിൽ  ചൂണ്ടിക്കാണിക്കുന്നത്. ഒരു ആട്ടിടയൻ യുവാവ് തൻ്റെ സ്വപ്നത്തിൽ കണ്ട നിധി തേടി ഈജിപ്തിലെ പിരമിഡിനടുത്തേക്ക് യാത്ര പോകുന്നു. ആ യാത്രയിൽ അയാൾ സ്വതന്ത്രനായിരുന്നു. യാത്രയിൽ പല വ്യക്തികളുമായി പരിചയപ്പെട്ടു .അപ്പോൾ അയാൾ തൻ്റെ പരിമിതമായ സാഹചര്യങ്ങളെ ഉപേക്ഷിക്കുകയായിരുന്നു.പലതും ഗ്രഹിച്ചു.നിധി തേടിപ്പോയ സാൻ്റിയാഗോ എന്ന ആ യുവാവ് ഒടുവിൽ താൻ യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുകയാണ്. അവിടെ ഒരു ഒഴിഞ്ഞ പള്ളിയുടെ സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നു അയാൾക്ക് താൻ തേടി നടന്ന  നിധി ലഭിക്കുന്നു .എന്നാൽ ഈ നിധിയേക്കാൾ വിലപ്പിടിപ്പുള്ളത് താൻ യാത്ര ചെയ്ത ഇടങ്ങളിലെ വിശേഷബുദ്ധിയുള്ള ചിലരുമായി സംസാരിക്കാനും സഹകരിക്കാനും കഴിഞ്ഞതാണെന്നു അയാൾ മനസ്സിലാക്കുന്നു.

അയാൾക്ക് ഈ ലോകത്തിൻ്റെ മൃദുലമായ സ്നേഹവും ബന്ധവും എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. ലാഭനഷ്ടങ്ങളുടെയും പ്രതാപങ്ങളുടെയും ഭയങ്ങളുടെയും പിന്തുടർച്ചകളുടെയും ഇടയിൽ കിടന്നു വട്ടം കറങ്ങിയിരുന്ന അയാൾക്ക് അത്  മനസ്സിലാക്കാനാവാത്ത കാര്യങ്ങളായിരുന്നു .സ്വർഗ്ഗം നമ്മുടെ അരികിലുണ്ട്; അല്ലെങ്കിൽ അതിൻ്റെ സൂചനകൾ ആരൊക്കെയോ നമ്മളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്.എന്നാൽ നമ്മുടെ അഹങ്കാരവും പദവിയും സമ്പത്തും അത് സ്വീകരിക്കാൻ തടസ്സമാവുന്നു. മറ്റൊരാളുടെ വാക്കുകൾ കേൾക്കാൻ കഴിയാത്ത വിധം ഈഗോ വളർന്നിരിക്കയാണ് .

സ്വയം അറിയുന്നത് 

എത്രയോ പേർ അനവസരത്തിലും ആവശ്യത്തിലും നമുക്ക് വേണ്ടതായ വാക്കുകൾ പറഞ്ഞിരിക്കുന്നു .എന്നാൽ അതൊന്നും നമ്മൾ കേൾക്കുകയില്ല. കേൾക്കാനുള്ള മനസ്സില്ല. ഈ കഥാപാത്രം സാഹസികമായ യാത്രയ്ക്കൊടുവിൽ, അത് ഒരു സ്വപ്നത്തിൽ നിന്നു ലഭിച്ച പ്രചോദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, യഥാർത്ഥമായ ജീവിതത്തെ അറിയുന്നു.സ്വത്തിൻ്റെ ഉടമസ്ഥതയോ  വിനിയോഗമോ ആവശ്യമാണെങ്കിലും  അതിനേക്കാൾ സ്വയം അറിയുന്നതിൻ്റെ ഭംഗിയുണ്ട്. സാൻറിയാഗോ തേടിയ നിധി ഈജിപ്തിലല്ല; അയാൾ  നേരത്തെ ജീവിച്ച സ്ഥലത്ത് തന്നെയായിരുന്നു. നമ്മളിൽ സൂക്ഷിച്ച നിധി കാണാതെ, അത് ദൂരെ എവിടെയോ ഉള്ള ഒരു പിരമിഡിലുണ്ടെന്നു തെറ്റിദ്ധരിച്ച് യാത്ര ചെയ്യുന്ന സാൻ്റിയാഗോമാരല്ലേ  ഭൂരിപക്ഷവും ?

സ്വപ്നങ്ങളെ മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കാം ;ഒരു ലക്ഷ്യമല്ല, അതിലേക്കുള്ള യാത്രയാണ് പ്രധാനമെന്നു കൊയ്ലോ പറയുന്നു. കൊയ്ലോ നിർദ്ദേശിക്കുന്ന സ്വയം പരിവർത്തനപ്പെടുത്താനുള്ള ഒരു മാർഗ്ഗം ഇതാണ്: "നാം സ്നേഹിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആരാണോ  അതിനേക്കാൾ നല്ലൊരു  മനുഷ്യജീവിയായി മാറാനാണ് എപ്പോഴും പരിശ്രമിക്കുന്നത്. നമ്മൾ നല്ലതാകാൻ പ്രയത്നിക്കുമ്പോൾ ചുറ്റിനുമുള്ളതെല്ലാം കൂടുതൽ നന്നാവുന്നു.' വളരെ ലളിതമായ ഒരു ജീവിതസത്യമാണിത്.ഏത് വസ്തുവിനെയും സ്നേഹിക്കാം; അതിനു ജീവൻ വേണമെന്നില്ല.  സ്നേഹിക്കുമ്പോൾ നാം ഒരു പാലം പണിയുകയാണ് .അതുവരെ നമുക്ക് അജ്ഞാതമായ ഒരു ലോകമാണത്.  നാം ഒരു ബന്ധത്തിന്റെ പാതയിൽ യാത്ര തുടങ്ങുകയാണ് .അത് തീർച്ചയായും നമ്മെ ഉണർത്തും. നമ്മുടെ ബുദ്ധി പോലും വർദ്ധിപ്പിക്കും. നാം ഇന്ദ്രിയങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സൂക്ഷ്മ ഗ്രഹണശക്തി ഉണ്ടാകാം .നാം ശാരീരികമായി മെച്ചപ്പെടുകയാണ്. അതിൻ്റെ ഭാഗമായി ആഭ്യന്തരലോകത്ത് വിശുദ്ധവും നന്മനിറഞ്ഞതുമായ അനുരണനങ്ങൾ ഉണ്ടാവുകയാണ് .ഒരു വിശുദ്ധ സന്ദേശം ലഭിച്ച പോലെ നാം ഉത്സുകരാവുന്നു.

സ്നേഹം എന്ന അനുഭൂതി 

നമ്മെ കൂടുതൽ ശ്രദ്ധിക്കാൻ നമുക്ക് തോന്നുന്ന സന്ദർഭമാണിത്.  വസ്തുവിനോടുള്ള സ്നേഹം നമ്മെ വലിയ മനുഷ്യരാക്കും. പുസ്തകങ്ങളെയോ വീട്ടുപകരണങ്ങളെയോ സ്നേഹിക്കാം; അവയ്ക്ക് ജീവനില്ലെങ്കിൽ പോലും  തിരിച്ചു സ്നേഹിക്കും .നന്ദി കാണിക്കും. ഒരു വസ്തുവിനോടുള്ള സ്നേഹം അതിന്മേലുള്ള നിരീക്ഷണം ആർദ്രമാക്കും. ഒരു പൂപ്പാത്രമാണെന്നു കരുതുക .അതിനെ നാം എന്നും  തുടച്ചു വൃത്തിയാക്കുക .അപ്പോൾ അത് തിളങ്ങിയിരിക്കും. അത് ജീവിതത്തിനു വേണ്ടി ത്രസിക്കും. നമ്മുടെ മനസ്സിൻ്റെ ഊർജ്ജ കണങ്ങളിലേക്ക് ആ പാത്രം അടുത്തു വരും .നമ്മുടെ ആരോ ആണ് അതെന്നു ഓർമിപ്പിക്കും .അത് സ്നേഹത്താൽ മാത്രം നേടുന്ന അനുഭൂതിയാണ് .എന്നാൽ അതിനെ ശ്രദ്ധിക്കാതായാൽ ഭംഗി നഷ്ടപ്പെടും. കറുത്ത പാടുകൾ വീഴും .അത് വിഷാദത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും .അതിൻ്റെ  സൂചനകളോട് ഈ ലോകം പ്രതികരിക്കുന്നില്ലല്ലോ എന്ന വിഷാദമാണത്. ഒടുവിൽ അത് ആത്മഹത്യ ചെയ്യും. ഇത് മനുഷ്യൻ സമീപിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണ് .നാമാണ് അതിന്റെ ചാലകശക്തി. ഒരു ചെടിക്ക് ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്ന പക്ഷം അത് ജീവൻ്റെ തുടിപ്പ് കാണിക്കും .അത് പ്രതിപ്രവർത്തിക്കുകയാണ് .ഈ ലോകത്ത് ഏറ്റവും അത്ഭുതകരമായത് ജീവനാണ് .ജീവനെ നമുക്ക് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. അത് നൂറ്റാണ്ടുകളായുള്ള ഒരു യാത്രയിലൂടെ അതിജീവിച്ചു വരുന്നതാണ് .അത് എപ്പോഴും അത്ഭുതമാണ്. അത് ഏതോ രഹസ്യപ്രവർത്തനം പോലെ ഉണ്ടാവുകയാണ്. 

പ്രത്യുൽപാദനത്തിലൂടെ ഒരു പുതുജീവൻ പിറക്കുന്നത് അത്ഭുതമാണ് .അങ്ങനെയൊരു  സത്യത്തെ ഈ പ്രപഞ്ചം നിലനിർത്തിയിരിക്കുന്നു .അത് ആവർത്തിക്കുന്നു .അതിൽ നാം വിശ്വസിക്കുകയാണ് .ഒരു വിത്തിൽ നിന്നു നാമ്പ് പൊട്ടിമുളക്കുമെന്നു നാം വിശ്വസിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്യുന്നു .അതാണ് പ്രപഞ്ചത്തിന്റെ പദ്ധതി .ഒരു നെൽവിത്ത് നട്ടാൽ വളർന്നു  കതിരുണ്ടായി വിളഞ്ഞു അതിൽ നിന്നു അരി ഉണ്ടാക്കിയെടുക്കാമെന്നത് പ്രപഞ്ചസത്യമാണ്. ആ സത്യത്തെ നശിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റിക്കും  മതപുരോഹിതനും സാധ്യമല്ല .ഈ പ്രപഞ്ചസത്യത്തെ അനുഭവിക്കുകയാണ് നമ്മുടെ മാർഗ്ഗം.

സ്നേഹിക്കുന്നതോടെ ചുറ്റിനുമുള്ള ലോകം കൂടുതൽ നന്നാവും എന്നു പറഞ്ഞല്ലോ .നാം ഓരോന്നിനെയും അതാതിൻ്റെ ഇടത്തു നിന്നു നമ്മുടെ ആത്മാവിൻ്റെ സൂപ്പർ ഹൈവേയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് . അങ്ങനെ പ്രാപഞ്ചികമായ ,ഏകവും സുന്ദരവുമായ ഒരു ബന്ധത്തിലേക്ക് നാം എത്തിച്ചേരുന്നു. അത് ഓർമ്മകൾ ഉല്പാദിപ്പിക്കുകയാണ് .നമ്മുടെ അസ്തിത്വത്തിനു  അർത്ഥമുണ്ടാകുകയാണ്. നാം യാതൊന്നിലേക്കും മനസ്സ് കൊടുക്കാതെ അവനവനിൽ മാത്രം കെട്ടിക്കിടക്കുകയാണെങ്കിൽ അതുല്യമായ ഈ അനുഭൂതി നേടാനാവുകയില്ല .അന്യവൽക്കരണത്തിന്റെ ഫലമായി നാം തിന്മയെ തേടുകയാണ് ചെയ്യുക.

പ്രണമിക്കുമ്പോൾ 

ഒരു ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നു ദസ്തയെവ്സ്കി പറഞ്ഞത് ശ്രദ്ധിക്കണം:'ഒരാളെ അയാളുടെ ചിരിയിലൂടെ നമുക്ക് മനസ്സിലാക്കാം. നിങ്ങൾക്ക് ഒരാളുടെ ചിരി ഇഷ്ടമാണെങ്കിൽ, അയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നതിനു മുമ്പ് ആത്മവിശ്വാസത്തോടെ പറയാനാവും അയാൾ ഒരു നല്ല മനുഷ്യനാണെന്ന്.' ഈ ചിരിയുണ്ടാകുന്നത് ശാന്തവും മൃദുലവുമായ ബന്ധം ചുറ്റുപാടിനോടു   ഉണ്ടാകുമ്പോഴാണ് .വളരെ അനായാസമായ ചിരിയായിരിക്കുമത്. ആ ചിരി നൈസർഗികമായിരിക്കും. അത് ചുണ്ടുകൾക്കിടയിലായിരിക്കില്ല വിരിയുക; ഹൃദയത്തിലായിരിക്കും. ഹൃദയത്തിലുമല്ല ,അയാൾ സ്നേഹിച്ച വസ്തുക്കളുടെ മുമ്പിലായിരിക്കും - അയാൾ സ്നേഹിച്ച മനുഷ്യരുടെ പാദങ്ങൾക്ക് മുന്നിൽ പ്രണമിക്കുന്നതിൻ്റെ പ്രസാദമായിരിക്കും.

ആരുടെയും പാദങ്ങളിൽ  നമസ്കരിക്കരുതെന്നു പറയുന്നവർക്ക് അതിൻ്റെ ന്യായം കാണുമായിരിക്കും. എന്നാൽ ജീവിതത്തിലെ സന്ദിഗ്ദ്ധമായ ഒരു ഘട്ടത്തിൽ നിന്ന് അത്ഭുതകരമായി നമ്മെ കരകയറ്റിയ ഒരാളുടെ അടുത്ത് ചെല്ലുമ്പോൾ നാം ദൈവികമായ ഒരു സാന്നിധ്യം അനുഭവിക്കുന്നുണ്ടെങ്കിൽ അവിടെ പ്രണമിക്കാം. അത് ഒരു ആത്മനവീകരണമാണ് .നമ്മെ നിലനിർത്തിയ എല്ലാ പ്രപഞ്ചശക്തികൾക്കും മുന്നിലാണ് ആ പ്രണാമം .ആരുടെ മുന്നിലാണോ നമസ്കരിക്കേണ്ടത് അയാൾ കേവലം ഒരു വ്യക്തിയായിരിക്കാം. എന്നാൽ  സകല പ്രപഞ്ചശക്തികളും അനുകൂലമായി നിന്നാൽ മാത്രമേ ഒരു യാത്ര പുറപ്പെടാനും സ്നേഹിക്കാനും കൃഷി ചെയ്യാനും കണ്ടുമുട്ടാനും കഴിയൂ.
ഏതെങ്കിലുമൊരു തടസ്സം വന്നാൽ എല്ലാം തകിടം മറിയും. പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം പ്രപഞ്ചശക്തികളുടെ ശാന്തമായ അനുഭവം വേണം.

എന്താണ് സരളമായ ആത്മീയത? അതിനു ഒരു ചിട്ടയുമില്ല .അത് ആത്മാവിന്റെ അന്വേഷണമാണ്, അനുഭൂതിയാണ്. ഒരാൾ സ്വയം അറിയുന്ന നിമിഷമാണത്. ഇത് ഒരു ഗാനമാണ്, ഈ ഗാനത്തിൽ ഞാൻ അലിയുന്നു ,ഒഴുകുന്നു എന്നറിയുമ്പോൾ ആത്മീയത ഉണ്ടാകുന്നു. ആത്മാവിന്റെ വിഹായസിലൂടെയുള്ള യാത്രയാണത്.  യാതന സഹിക്കാം, എന്നാൽ യാതനയെക്കുറിച്ചുള്ള ഭയം അസഹനീയമാണെന്നു കൊയ്ലോ എഴുതിയിട്ടുണ്ട്.'നിങ്ങൾ ഹൃദയത്തിലേക്ക് ചെവിയോർക്കുക. അതിനെല്ലാമറിയാം. എന്തെന്നാൽ അത് ലോകത്തിന്റെ വലിയ ബോധത്തിൽ നിന്നുണ്ടായതാണ്. അത് ഒരു ദിവസം അങ്ങോട്ട് തിരിച്ചു പോകാനുള്ളതാണ്. നമുക്ക് ആത്മനിയന്ത്രണമുണ്ടാകുന്നത് ഒരു ഭാഗ്യം പോലെയാണ്. ഒരു മനുഷ്യനിൽ പലരാണ് ആധിപത്യം പുലർത്തുന്നത്. നാം ഒറ്റയ്ക്കല്ലല്ലോ. നമ്മെ നയിക്കുന്നത് ആരാണ്? ആരുടെയോ പ്രേരണയിൽ, ഏതോ കേട്ടുകേൾവിയിൽ നാം മുന്നോട്ടു കുതിക്കുകയാണ്. പൂർണമായി ചിന്തിച്ചല്ല പ്രവർത്തിക്കുന്നത് .ഒരാളെ പോലീസ് ഓടിക്കുകയായിരുന്നു. ഓടുന്ന വെപ്രാളത്തിൽ അയാൾ റോഡിലേക്ക് കുതിച്ചു .എന്നാൽ ഒരു വശത്തു നിന്ന് വാഹനം അതിവേഗം പാഞ്ഞുവന്നത് അയാൾ കണ്ടില്ല. അയാളെ അത് ഇടിച്ചു തെറിപ്പിച്ചു.  ഒരു സെക്കൻഡിനുള്ളിലാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പെട്ടെന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ആരുടെ പക്കലും അനേകം ചാനലുകളില്ല .ഒരേയൊരു ബോധേന്ദ്രിയാണ് എല്ലാവരും ഉപയോഗിക്കുന്നത് .പഠിക്കാനും മീൻ പിടിക്കാനും വണ്ടിയോടിക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനും പ്രത്യേകം ബോധേന്ദ്രിയങ്ങളില്ല .ആകെ ഒന്നുമാത്രം. ബോധേന്ദ്രിയത്തിൻ്റെ  തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കില്ല. ധൃതി എല്ലാറ്റിൻ്റെയും താളം തെറ്റിക്കും. ഒരാൾക്ക് സ്വന്തം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ ഈ ലോകത്ത് അവസരങ്ങളുണ്ടെന്നാണ് പാവലോ കൊയ്‌ലോ പറയുന്നത്. അതിനു പക്ഷേ ,അവനവൻ വിചാരിക്കണം. ഓരോരുത്തരെയും കാത്ത് ഓരോ നിധിയുണ്ടത്രേ. വ്യക്തിപരമായ കടമ്പകളാണ് ഏറ്റവും വലിയ പ്രതിബന്ധം .അവനവൻ്റെ കാലിലെ ചങ്ങല സ്വയം കെട്ടിയതാണെങ്കിൽ അത് അഴിച്ചു മാറ്റാൻ മറ്റാരും വരികയില്ല. 

സംസ്കരിക്കേണ്ടത് 

ഒരു ഉൾവിളി ഉണ്ടാവുക എന്നു പറയാറുണ്ട് .പ്രാപഞ്ചികബോധത്തിലേക്ക്, പ്രാപഞ്ചികമായ ജീവിതത്തിന്റെ ഒഴുക്കിലേക്ക് പ്രവേശനം കിട്ടുന്നതിന്റെ സൂചനയാണത്. കൊയ്ലോയുടെ വാക്കുകൾ:'ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുമ്പ് പ്രപഞ്ചബോധം എല്ലാറ്റിനെയും പരീക്ഷിക്കുന്നു. അത് തിന്മയായത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്; നമുക്ക് വേണ്ടിയാണ്. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു പുറമേ നമ്മുടെ യാത്രയിൽ പഠിച്ചതിലെല്ലാം വൈദഗ്ദ്ധ്യം നേടണം. ഇത് പലരും  ശ്രദ്ധിക്കാറില്ല.'

തിരിച്ചടികളെക്കുറിച്ചാണ് ,അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. എപ്പോഴും അനുകൂലമായിരിക്കുന്ന ഒരു വ്യവസ്ഥയുമില്ല. പ്രതിബന്ധങ്ങളെ പഠിക്കുകയാണ് പ്രധാനം .ജീവിതം നശിക്കുന്നതാണെന്നു കൂടി ഓർത്താൽ നല്ലതാണ് .ഈ നിമിഷത്തിൽ മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ. ഭൂതകാലം ഓർമ്മകളായി ചിതറിപ്പോയിരിക്കുന്നു .ഭാവിയാകട്ടെ ആരുടെയും ഗ്യാരണ്ടിയല്ല. എന്നാൽ ഈ നിമിഷം സന്തോഷത്തോടെയിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? കൊയ്ലോ എഴുതുന്നു:  നിങ്ങൾക്ക് ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ സന്തോഷം നേടാം .ജീവിതം ഒരു  സൽക്കാരമാണ് ,നല്ലൊരു വിരുന്നാണ്. എന്തുകൊണ്ടെന്നാൽ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്.'

ജീവിതത്തിലെ ഈ നിമിഷത്തെ സംസ്കരിച്ചെടുക്കുക;അപ്പോൾ അത്  സംസ്കൃതമാകുകയാണ്. ഏതു വികാരവും ചിന്തയും സംസ്കൃതമാക്കാം. അവ്യക്തതകളിൽ നിന്ന് ,കാലുഷ്യങ്ങളിൽ നിന്ന് ,അലങ്കോലങ്ങളിൽ നിന്ന് മിതത്വത്തിൻ്റെ ,സഹനത്തിൻ്റെ ,സംയമനത്തിൻ്റെ ,സഹിഷ്ണുതയുടെ അംബരാന്തത്തിലേക്ക് ഉയരുമ്പോഴാണ് ഈ സംസ്കൃതത്തിലെത്തിച്ചേരുന്നത്. 

എല്ലാറ്റിലും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാം ഒന്നാണ്.എല്ലാറ്റിനും തമ്മിൽ ഒരു ചേർച്ചയുണ്ട്. അത് അറിയുന്നതിനു കൊയ്ലോ നിർദ്ദേശിക്കുന്നത് ഇതാണ്: 'ഞാൻ എല്ലാവരെയും പോലെ ഒരുവനാണ്. ഈ ലോകത്തെ ഞാൻ കാണുന്നത്, ഇവിടെ എന്ത് നടന്നു കാണാൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ  അടിസ്ഥാനത്തിലല്ല; യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ  ആശ്രയിച്ചാണ്.'
കുട്ടികളോടു അസാധാരണ ജീവിതം തിരഞ്ഞെടുക്കണമെന്നു ഉപദേശിക്കരുതെന്നു താവോയിസ്റ്റ്  പരിശീലകനായ വില്യം മാർട്ടിൻ 'ദ് പേരൻ്റ്സ് താവോ ചേ ചിoഗ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അത്  ഇങ്ങനെയാണ്: 'അവർ സാധാരണ ജീവിതത്തിൻ്റെ അത്ഭുതവും അതിശയവും കണ്ടുപിടിക്കട്ടെ. വളർത്തൃമൃഗങ്ങളും ആളുകളും  മരിക്കുമ്പോൾ എങ്ങനെയാണ് വേദനിക്കേണ്ടതെന്നു പഠിപ്പിക്കുക .ഒരു കൈവന്ന്  സ്പർശിക്കുമ്പോഴുണ്ടാകുന്ന അനന്തമായ ആനന്ദത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക. അങ്ങനെ സാധാരണത്വത്തെ അവർ ചൈതന്യപൂർണമാക്കട്ടെ.'

രജതരേഖകൾ 

1)അഞ്ചൽ ദേവരാജൻ എഴുതിയ 'ഗ്രീഷ്മായനം (ആശ്രയമാതൃനാട് ,ജൂലായ്) തീക്ഷ്ണവികാരങ്ങളുടെ ഉലയിൽ പാകപ്പെടുത്തിയ കവിതയാണ് .മണ്ണിൽ പുതഞ്ഞ കവിതയെ ഉയർത്തിയെടുക്കുകയാണദ്ദേഹം . വേനൽച്ചൂടിൽ കഷ്ടപ്പെടുന്ന ഒരു വൃക്ഷത്തിന്റെ ചിന്തകളാണിത് .കവി എഴുതുന്നു:

'ഉൽക്കകളിൽ വീണെരിയുന്ന സൂര്യനായ് 
ഇരുളിൽ പൊരിമണലണിയുന്ന ഭൂമിയായ് 
എന്നോ പിണങ്ങിയോരുന്നിദ്രഗീതമായ്
ഈ സൗരയൂഥത്തുരുത്തിൽ 
ഒരിത്തിരി തീപ്പൊരി തേടുന്ന 
പൂത്തിരിക്കോലമായുണരാൻ 
ഉലയൂതിയിനിയുമിരിപ്പൂ ഞാൻ .'

കാല്പനികതയുടെ ഭംഗിയും അറിവിൻ്റെ കാന്തിയും പ്രസരിപ്പിച്ച കവിതയാണിത്. ഒരു വൃക്ഷം വേറിട്ട ഒരു മതാനുഭവമാണ്. മഹാസാഹിത്യകാരനായ ഹെർമൻ ഹെസ്സെ വൃക്ഷങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി:'വൃക്ഷങ്ങൾ പ്രബോധകരാണ്. കൂട്ടമായി ജീവിക്കുന്നത് കാണുമ്പോൾ ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരു വൃക്ഷം ഒറ്റയ്ക്ക് നിൽക്കുന്നത് കാണുമ്പോഴും ഞാൻ ബഹുമാനിക്കുന്നു. ഏകാന്തവ്യക്തികളായ സംഗീതജ്ഞൻ  ബീഥോവൻ ,തത്ത്വജ്ഞാനി നിഷെ എന്നിവരെ പോലെയാണ് ഒറ്റയ്ക്ക് നിൽക്കുന്ന വൃക്ഷങ്ങൾ.'

2)ബഹിരാകാശത്ത് പോയി വന്ന ശുഭാംശുവാണ് ഇന്നു ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ജീവി. ഇന്നു സംസ്കാരം ആർജിക്കുകയാണ്.  സാംസ്കാരം അപൂർവ അനുഭവമാണ്. ഇന്ത്യയിൽ മറ്റാർക്കും ഇല്ലാത്ത അനുഭവം ശുഭാംശുവിനുണ്ട് .ഏറ്റവും വിലകൂടിയ കാറിലോ വിമാനത്തിലോ സഞ്ചരിക്കുന്നവർക്ക്, ഏറ്റവും സമ്പന്നനായ ,ചെലവ് ചെയ്യുന്ന വ്യക്തികൾക്ക് ഈ ജ്ഞാനമില്ല , അനുഭവമില്ല. ഇന്നു സംസ്കാരം അപൂർവതയാണ്. ഏറ്റവും വിലകൂടിയ അനുഭവം വാങ്ങുന്നവനാണ് ഏറ്റവും വലിയ സാംസ്കാരിക ബുദ്ധിജീവി. ശുഭാംശുവിനെ പോലെ ബഹിരാകാശത്തെ മര്യാദയും ജീവിതരീതികളും സദാചാരവും മറ്റാർക്കും അറിയില്ല. ശുഭാംശുവിൻ്റെ  ബഹിരാകാശ വസ്ത്രം ഇന്നു ഒരു ഇന്ത്യക്കാരനും ധരിച്ചിട്ടില്ല. 

3)സ്വത്വം, സാങ്കേതികത ,വസ്തുനിഷ്ഠത, ആത്മനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള വിശകലനം ഇന്നു പ്രസക്തമല്ലെന്നു 'ഓട്ടോമോഡേണിസം' എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റോബർട്ട് സാമുവൽസ് അഭിപ്രായപ്പെടുന്നു. എല്ലാ അനുഭവങ്ങളെയും ഒന്നിപ്പിക്കുകയാണ് ഓട്ടോമോഡേണിസം .അവിടെ ആത്മീയം ,ഭൗതികം എന്ന വേർതിരിവില്ല. ഒരു ഓട്ടോമോഡേൺ പ്രക്രിയയാണ് ഇന്നത്തെ ജീവിതം. അത് എല്ലാറ്റിനെയും നവീകരിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം പഴയ ജീവിതരീതിയുമായി ആധുനിക സാങ്കേതികത ഇഴുകിച്ചേരുകയും  ചെയ്യുന്നു.

4)സ്നേഹം ഒന്നിൻ്റെയും ഉടമസ്ഥത അവകാശപ്പെടുന്നില്ല .അത് സ്വാതന്ത്ര്യത്തെ തുറന്നു വിടുകയാണ്  ചെയ്യുന്നതെന്നു ടാഗോർ പറഞ്ഞു. സ്നേഹം സ്വന്തമാക്കാനുള്ളതല്ലെന്നും  സ്വതന്ത്രമാക്കാനുള്ളതാണെന്നും പറഞ്ഞാൽ ഇന്നത്തെ കമിതാക്കൾ സമ്മതിക്കുമോ എന്നറിയില്ല. ഇന്നു സ്നേഹം എന്നു പറയുന്നത് ഒരു പ്രായോഗിക നോട്ടമായി ചുരുങ്ങിപ്പോയിട്ടുണ്ട് .യഥാർത്ഥ സ്നേഹം ചരാചരങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ്. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

5)മലയാള ചെറുകഥയിൽ അത്ഭുതകരമായ പരീക്ഷണവും പരിവർത്തനവും സാധ്യമാക്കിയ  സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും,''ഒരിടത്ത്' എന്നീ കഥകൾ വായിക്കണം .സാഹിത്യകലയുടെ നവാനുഭവം ലഭിക്കും .

6)മുമ്പൊരിക്കൽ ഒരു കഥാകൃത്ത് കേരള സാഹിത്യ അക്കാദമിയുടെ ഹാളിൽ ചേർന്ന യോഗത്തിൽ ഇങ്ങനെ പറഞ്ഞു: 'തൻ്റെ കഥകൾ വായനക്കാരിലേക്ക് എത്തിക്കാൻ ഒരു വിമർശകനെയും കണ്ടില്ല .ഇത് വളരെ നിരാശയുണ്ടാക്കി.' വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണിത്. ഒരു കഥാകൃത്തിനെ വായനക്കാരിലേക്ക് എത്തിക്കാനുള്ള വാഹനമോ ഏജൻസിയോ അല്ല സാഹിത്യവിമർശകൻ .അയാൾ ഒരു ഇടനിലക്കാരനല്ല ;ഒരു കലാകാരനാണ്.അയാൾ തൻ്റെ സർഗാത്മകമായ നിമിഷത്തിൽ, അഭിരുചിക്കനുസരിച്ച് സാഹിത്യത്തെയും കലയെയും  തേടുകയാണ് ചെയ്യുന്നത് .ഒരാളുടെ പ്രമോഷനുവേണ്ടി എഴുതുന്നയാൾ വിമർശകനല്ല .വിമർശകനു ഒരു നിമിഷമുണ്ട് .അയാൾ സ്വയം കണ്ടെത്താനാണ് എഴുതുന്നത്.

7)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാം നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'

metrovartha daliy, july 23, 2025

M K HARIKUMAR -BOOKS AND ACTIVITIES

 

 


 

 M K Harikumar hails from Koothattukulam, located in Ernakulam, Kerala. His father is M. K. Krishnan, and his mother is Sarojini Krishnan. He completed his education at Koothattukulam Government UPS, Koothattukulam High School, Kuravilangad Devamatha College, and Muvattupuzha Nirmala College. He was a member of the editorial committee of Mangalam and Kerala Kaumudi publications. His first article was published in the magazine ‘Sankramanam’ (Thiruvananthapuram).

He is a member of the Executive committee of the official language of the Government of Kerala. He served as the editor of the magazine ‘malayalasameeksha.com’. Currently, he is the editor of the online portal ‘my Impressio.com’. He was awarded the Junior Fellowship by the Ministry of Culture, Government of India. In 1998, he started the weekly literary column ‘Aksharajalakam’ in Kerala Kaumudi. Later, Akshara Jalakam continued for several years in Kalakaumudi. Now, after 28 years, Aksharajalakam continues in Metrovartha Daily.The two volumes of Aksharajalakam have been honored with the Abu Dhabi Shakti Award. His novel Sreenarayanaya has been honoured by The Sivagiri Math  with the Sree Narayana Award.

The Global Human Rights Trust and the Manipur Asian International University jointly conferred upon him an Honorary Doctorate.

He currently writes columns IN Pachhamalayalam
(Anudhavanam), Gurudevan (On Guru and the Politics of the Soul), and ‘Sahodaran’ (What is Literature? What is Art?).

His book ‘Navadvaitham – Vijayante Novels’ received the Vilasini Award from the Kerala Sahitya Academi. He has received numerous accolades and awards such as the Ankanam Award, Dubai Excellence Award, London Boolok Award, Mumbai Ragasudha Award, Pune Pravasi Shabdam Award, Kerala Sahitya Academi Scholarship, Oruma Award, Dr. M. Leelavathi's C. P. Menon Award, Express Herald Award for Best Columnist in Malayalam (USA), Swathi Award, Samakalika Kerala Award, and Thrissur Sahridayavedi Award.

His first work, ‘Athmayanangalude Khazakki’ (1984), led to the creation of the Athmayanangalude Khazakki Award, which has been presented for over two decades to outstanding works in various fields of literature. He has published 35 books in total.

ഡോ.എം.കെ ഹരികുമാർ 

സ്വദേശം കൂത്താട്ടുകുളം .അച്ഛൻ എം. കെ. കൃഷ്ണൻ .അമ്മ സരോജിനി കൃഷ്ണൻ .കൂത്താട്ടുകുളം ഗവൺമെൻറ് യുപിഎസ്, കൂത്താട്ടുകുളം ഹൈസ്കൂൾ, കുറവിലങ്ങാട്  ദേവമാതാകോളജ് ,മൂവാറ്റുപുഴ നിർമ്മലാകോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മംഗളം, കേരളകൗമുദി എന്നിവിടങ്ങളിൽ പത്രാധിപസമിതിയംഗമായിരുന്നു. ആദ്യ ലേഖനം 'സംക്രമണം' മാസികയിൽ (തിരുവനന്തപുരം) അച്ചടിച്ചു.

കേരളസർക്കാരിൻ്റെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതിയംഗമാണ്. മലയാളസമീക്ഷ.കോം എന്ന മാസികയുടെ എഡിറ്ററായിരുന്നു. ഇപ്പോൾ മൈ ഇംപ്രസിയോ ഡോട്ട് കോം എന്ന ഓൺലൈൻ പോർട്ടലിൻ്റെ എഡിറ്ററാണ്.കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരികവകുപ്പിൻ്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. 1998 ൽ കേരളകൗമുദിയിൽ 'അക്ഷരജാലകം എന്ന പ്രതിവാര സാഹിത്യപംക്തി ആരംഭിച്ചു .പിന്നീട് കലാകൗമുദിയിൽ അക്ഷരജാലകം വർഷങ്ങളോളം തുടർന്നു. 28 വർഷം പിന്നിട്ട അക്ഷരജാലകം ഇപ്പോൾ 'മെട്രോവാർത്ത'യിൽ തുടരുന്നു. ഇന്നു ഇന്ത്യയിൽ ഇത്രയും ദീർഘകാലമായി തുടരുന്ന ഒരു സാഹിത്യ പംക്തി വേറെയില്ല.  അക്ഷരജാലകത്തിനു (രണ്ടു വാല്യങ്ങൾ) അബുദാബി ശക്തി അവാർഡ് ലഭിച്ചു.ശിവഗിരി മഠത്തിൻ്റെ പുരസ്കാരം 'ശ്രീനാരായണായ'യ്ക്ക് ലഭിച്ചു. 

ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്നു ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
ഇപ്പോൾ പച്ചമലയാളം (അനുധാവനം), ഗുരുദേവൻ(ഗുരുവും ആത്മാവിൻ്റെ രാഷ്ട്രീയവും),സഹോദരൻ(എന്താണ് സാഹിത്യം ,കല?)പംക്തികൾ എഴുതുന്നു.

നവാദ്വൈതം - വിജയൻ്റെ നോവലുകളുടെ എന്ന പുസ്തകത്തിനു കേരള സാഹിത്യഅക്കാദമിയുടെ വിലാസിനി പുരസ്കാരം ലഭിച്ചു. അങ്കണം അവാർഡ് ,ദുബായ് എക്സലൻസ് അവാർഡ്, ലണ്ടൻ ബൂലോക അവാർഡ് ,മുംബൈ രാഗസുധ അവാർഡ് ,പൂനെ പ്രവാസിശബ്ദം അവാർഡ് ,കേരള സാഹിത്യഅക്കാഡമി സ്കോളർഷിപ്പ്, ഒരുമ അവാർഡ് ,ഡോ.എം. ലീലാവതി ഏർപ്പെടുത്തിയ സി.പി. മേനോൻ അവാർഡ് ,മലയാളത്തിലെ ഏറ്റവും  മികച്ച കോളമിസ്റ്റിനുള്ള എക്സ്പ്രസ് ഹെറാൾഡ് അവാർഡ് (അമേരിക്ക),സ്വാതി അവാർഡ് ,സമകാലികകേരളം അവാർഡ് ,തൃശൂർ സഹൃദയവേദി അവാർഡ് തുടങ്ങിയവയും ലഭിച്ചു. ആദ്യകൃതിയായ 'ആത്മായനങ്ങളുടെ ഖസാക്കി'(1984)ൻ്റെ പേരിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം വിവിധ ശാഖകളിൽപ്പെട്ട കൃതികൾക്ക് 'ആത്മായനങ്ങളുടെ ഖസാക്ക്  അവാർഡ്' സമ്മാനിച്ചിരുന്നു .35 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.