Followers

Wednesday, December 25, 2024

ഉത്തര- ഉത്തരാധുനികത - 4 എം.കെ.ഹരികുമാർ





സംസ്കാരത്തിൻ്റെ ഉല്പാദകരാവാം


കമ്പോളത്തിൽ നിന്നു വാങ്ങാവുന്നതും കമ്പോളത്തിൽ വിൽക്കാവുന്നതും മാത്രമാണ് മൂല്യം എന്ന ചിന്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ലോകം ചൂണ്ടിക്കാണിക്കുന്നത് .എല്ലാറ്റിനും ഒരു വിലയുണ്ട്. എന്തും റീസൈക്കിൾ ചെയ്യാവുന്ന വിധം സാങ്കേതികശാസ്ത്രം വികസിച്ചിരിക്കുകയാണ്. ഒരാൾ മരിച്ചാൽ അയാളുടെ പ്രധാന അവയവങ്ങളെല്ലാം മറ്റുള്ളവർക്കായി വീതിച്ചെടുക്കാം. അങ്ങനെ നോക്കുമ്പോൾ ഒരാൾ മരിക്കുകയല്ല, വീണ്ടും ജീവിക്കുകയാണ്.ഈ പുന:ചംക്രമണം അവസാനിക്കുന്നില്ല. മനുഷ്യൻ പല അവയവങ്ങളിലൂടെ പലരിൽ ജീവിക്കുന്നത് റീസൈക്കിളിംഗിൻ്റെ പുതിയ  ലോകമാണ് .പ്ളാസ്റ്റിക് ,ഇരുമ്പ് ഉല്പന്നങ്ങൾ റീസൈക്കിൾ ചെയ്യുന്നതു പോലെയാണിത്. ഒരു പ്ലാസ്റ്റിക് കസേരയുടെ ജീവിതം ഏതാനും വർഷങ്ങളിലേക്ക് നീളുന്നു ,ചിലപ്പോൾ അത് മാസങ്ങളായി ചുരുങ്ങുന്നു.പ്ലാസ്റ്റിക് കണങ്ങൾ ഒരു കസേരയായി രൂപപ്പെടുന്നതും കുറച്ചുകാലം ജീവിക്കുന്നതും ഒരിക്കൽ മാത്രമാണ്. പിന്നീട് ആ കസേര പഴയ മൂല പ്ലാസ്റ്റിക് കണങ്ങളായി മാറ്റപ്പെടുന്നു. അതിൽ നിന്നു പുതിയ പ്ലാസ്റ്റിക് കസേരകൾ ഉണ്ടാക്കപ്പെടുന്നു. മനുഷ്യൻ്റെ ജീവിതവും ഇങ്ങനെയാണ്. അമേരിക്കൻ ,ബ്രിട്ടീഷ് ഗ്രന്ഥകാരനായ  ബിൽ ബ്രൈസൺ (Bill Bryson)എഴുതിയ എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിംഗ് (A Short History Nearly Everything) എന്ന കൃതിയിൽ ഇത് വിശദീകരിക്കുന്നുണ്ട്.
"Every atom you possess has almost certainly passed through several stars and been part of millions of organisms on its way to becoming you. " നിങ്ങൾ ഉൾക്കൊള്ളുന്ന കണങ്ങൾ എതെല്ലാം നക്ഷത്രങ്ങളിലൂടെ , ദശലക്ഷക്കണക്കിനു ജീവികളിലൂടെ സഞ്ചരിച്ചിട്ടുണ്ടായിരിക്കും ,നിങ്ങൾ എന്ന വ്യക്തിയായിത്തീരാൻ! . നമുക്കെല്ലാം പ്രാപഞ്ചികമായ ഈ മഹാകാലദൈർഘ്യത്തിൽ ഒരിക്കൽ മാത്രമാണ് നമ്മുടെ രൂപമുള്ളത്, അല്ലെങ്കിൽ ഈ ജീവിതമുള്ളത്.  ഗാന്ധിജി, ഐൻസ്റ്റീൻ തുടങ്ങിയവർ  ഇതേപോലെ കോടിക്കണക്കിനു വർഷങ്ങളിലൂടെ സഞ്ചരിച്ച ധൂളികളാൽ നിർമ്മിതമാണ്. പ്രകൃതിയിൽ നിന്ന് എങ്ങനെയോ സ്വാംശീകരിച്ച ധൂളികളുടെ പ്രത്യേക അനുപാതത്തിലുള്ള സമ്മേളനമാണത്. ആ കൂടിച്ചേരൽ ഒരിക്കൽ മാത്രമാണ്  ഈ പ്രപഞ്ചത്തിൽ യഥാർത്ഥമാകുന്നത് .ഗാന്ധിജി എന്ന വ്യക്തി രണ്ടാമതൊരിക്കൽ സംഭവിക്കുന്നില്ല. നമ്മളും അങ്ങനെ തന്നെ. അതുകൊണ്ട് നമ്മളെല്ലാം ഈ പ്രപഞ്ചത്തിലെ ധൂളികളുടെ പ്രത്യേക പാക്കേജാണ് ;ഒരിക്കൽ മാത്രമുള്ള പാക്കേജ്.

റീസൈക്കിളിംഗ് 

അത് കഴിഞ്ഞാൽ നമ്മൾ ധൂളികളായി  വിഭജിക്കപ്പെടുന്നു. ഇതല്ലേ പ്രകൃതിയുടെ മഹാ അതിശയമായ റീസൈക്ലിംഗ് ?.ഒരാൾ ഉപയോഗിച്ച ശരീരവും ചിന്തകളും സ്വപ്നങ്ങളും ഒരു ഘട്ടത്തിൽ പലതായി വിഘടിച്ച് പലരിലേക്ക് പോകുന്നു.! ഒരു മനുഷ്യന്റെ രൂപീകരണത്തിനു ഉപയോഗിച്ച വസ്തുക്കളെല്ലാം വിവിധ പുനരുപയോഗങ്ങൾക്കായി മാറ്റപ്പെടുന്നു .മരണം ഒരു റീസൈക്ലിങ്ങാണ്. ഒരിക്കൽ മാത്രമാണ് നമ്മൾ ഒരു അസ്തിത്വമായിരിക്കുന്നുള്ളൂ എന്ന യാഥാർത്ഥ്യമാണ് ദുഃഖത്തിനു വ്യാപ്തി വർദ്ധിപ്പിക്കുന്നത്.റീസൈക്കിൾ ചെയ്യാവുന്ന ഒരു ഉൽപ്പന്നം എന്ന  നിലയിലേക്ക് ആധുനിക മനുഷ്യശരീരം മാറിയിരിക്കുന്നു .അതുകൊണ്ട് ശരീരം പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള ഒരു വസ്തുവാണ് .ആ വസ്തുവിന്റെ ഉടമസ്ഥാവകാശം അതിൻ്റെ യഥാർത്ഥ ഉടമയ്ക്കല്ല ;അതിനെ നിരീക്ഷിക്കുന്നവർക്കും പരിപാലിക്കുന്നവർക്കുമാണ്.

വൈദ്യശാസ്ത്രം ഇന്നു ഒരു സംസ്കാരമാണ്. ഒരാൾ രോഗിയാവുകയോ രോഗിയാണെന്ന് സംശയിക്കുകയോ ചെയ്യുന്നതോടെ ചികിത്സ എന്ന ബൃഹത്തായ ഒരു സംസ്കാരം ആരംഭിക്കുകയാണ്. ചികിത്സ ഒരു മെഗാ ഇവന്റാണിന്ന്.  ആശുപത്രി ഒരു ചികിത്സാലയം മാത്രമല്ല ;ഒരു ഫൈവ്സ്റ്റാർ വസതിയും വലിയ തുക മുടക്കി നേടേണ്ട സാംസ്കാരിക സാഹചര്യവുമാണ്. ധാരാളം പണം കൊടുത്താലേ ഉന്നതമായ ആതുരസേവനത്തിന്റെ സംസ്കാരം ലഭിക്കുകയുള്ളൂ. ഡിജിറ്റൽ ,ഹൈടെക് ,മൾട്ടിപ്പിൾ സേവനങ്ങളുടെ ഒരു സമുച്ചയമാണ് ഇന്നത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മെഡിസിറ്റികളും .രോഗി ഒരു അതിഥിയാണ്. ആശുപത്രി ഒരു സിറ്റിയായി രൂപാന്തരപ്പെടുകയാണ്.രോഗിയെ വിഐപി എന്ന നിലയിൽ  പരിഗണിക്കേണ്ടതുണ്ട്. അതാണ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്. രോഗിക്ക് ഒരു പരാതിയും ഉണ്ടാകാൻ പാടില്ല .എന്തിനും ഏതിനും പണം കൊടുക്കുന്ന രോഗി താൻ ആരോഗ്യരക്ഷാനഗരത്തിലെ ഒരു വിലയേറിയ സന്ദർശകനാണെന്നു തിരിച്ചറിയുന്നുണ്ട്  . 

തൻ്റെ ശരീരം വൈദ്യശാസ്ത്ര വിദഗ്ധന്മാർക്ക് ,പ്രത്യേകിച്ചും സ്പെഷലിസ്റ്റുകൾക്ക്  നീക്കിവെച്ചിട്ടുള്ളതാണെന്ന ഉത്തമ ബോധ്യത്തിലാണ് അയാൾ സകലവിധ ടെസ്റ്റുകൾക്കും വിധേയനാകുന്നത്. ടെസ്റ്റുകൾക്ക് അയാൾ നിന്നു കൊടുക്കുന്നത് ഒരു മേൽത്തരം സാംസ്കാരിക അവകാശമായാണ് പരിഗണിക്കപ്പെടുന്നത്. ആവശ്യത്തിനു ടെസ്റ്റുകളെടുക്കാൻ തന്നെയാണ് രോഗി എന്ന സന്ദർശകൻ്റെ പദ്ധതി. അതിനു തടസ്സം നിന്നാൽ അയാൾ മനുഷ്യാവകാശപ്രശ്നവും നിയമപ്രശ്നവും ഉന്നയിക്കാൻ സാധ്യതയുണ്ട്.

രോഗിയുടെ ശരീരം ഡോക്ടർക്ക് ഭാവന ചെയ്യാനള്ളത് 

ടെസ്റ്റുകളിലൂടെയാണ് രോഗി തന്നെക്കുറിച്ച് മനസ്സിലാക്കുന്നത്. ഒരു വ്യക്തിക്ക് സ്വയം മനസ്സിലാക്കാവുന്ന കാര്യങ്ങളെയെല്ലാം  തിരസ്കരിക്കുന്നതാണ് ഇന്നത്തെ രോഗികളുടെ മന:ശാസ്ത്രം. അവൻ തൻ്റെ ശരീരം നൽകുന്ന സൂചനകളെയോ താക്കീതുകളെയോ അറിവുകളെയോ വിശ്വസിക്കുന്നില്ല: പകരം മെഡിക്കൽ വിദഗ്ധന്മാരുടെ വാക്കുകളെയും ടെസ്റ്റ് ഫലങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഡോക്ടറെ അവൻ ഒരു പ്രവാചകനായി കാണുന്നു. ഡോക്ടർക്ക് വേണ്ടി അവൻ മരുന്ന് കഴിക്കും. ഡോക്ടർക്ക് വേണ്ടി അവർ മരുന്നിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കും. ഡോക്ടർക്ക് വേണ്ടി രോഗങ്ങളുടെ ഗ്രാഫിൽ അവൻ കുതിച്ചുയരുക തന്നെ ചെയ്യും .അവൻ്റെ ശരീരം ഡോക്ടറുടെ ഒരു ഇടമാണ് .ഡോക്ടറുടെ ഭാവനയ്ക്കനുസരിച്ച് ആ ശരീരം മാറുന്നു .ഡോക്ടർ അവിടെ തന്റെ ക്ളിനിക്കൽ ,ശരീരശാസ്ത്ര സിദ്ധികൾ കൊണ്ട് ചതുരംഗം കളിക്കുന്നു. ലാബ് ഫലങ്ങൾ ഒരാളുടെ ജാതകം തന്നെയാണ്. ലാബ് ഫലങ്ങൾ എല്ലാം പ്രവചിക്കുന്നു .ജീവിതത്തിൻ്റെ അപാരമായ പ്രവചനങ്ങളുടെ ഒരു കാലിഡോസ്കോപ്പാണ് ലാബ് ഫലങ്ങൾ .വ്യക്തികളുടെ ചിന്തകൾ രാഷ്ട്രീയത്തിലും മതത്തിലും വിനോദത്തിലും ചുറ്റിത്തിരിയുമ്പോൾ ശരീരകോശങ്ങളും ശ്രവങ്ങളും  അവയവങ്ങളും മറ്റൊരു ദിശയിൽ കൂട്ടലും കിഴിക്കലും നടത്തുന്നു. 

രോഗി എന്ന പദവിയുള്ള വ്യക്തി അവന്റെ ശരീരത്തെ ഡോക്ടറുടെ കണ്ണുകളിലൂടെ കാണാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ ചെയ്താൽ അവനു സമാധാനം കിട്ടുന്നു ;സ്വന്തം ശരീരത്തിൻ്റെ രോഗാവസ്ഥകളെ  മറക്കാൻ അത് സഹായിക്കുന്നു. ശരീരം ഡോക്ടർക്ക് നൽകിയ ശേഷം രോഗി രോഗത്തെക്കുറിച്ചുള്ള ആലോചനകളെ വിട്ടിട്ട് ജീവിതത്തിൽ എവിടെ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാമെന്ന് പരിശോധിക്കുന്നു.

രോഗിക്ക് എപ്പോഴും ഉന്നത വ്യക്തി എന്ന പദവി വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഈ രംഗത്ത് അതിജീവിക്കുന്നത്. രോഗിയെ ആദരിച്ചാലേ അവൻ്റെ രോഗത്തെ പണമാക്കി മാറ്റാനാവൂ. രോഗം ഒരു വ്യവസായശാല പോലെയാണ്. അതിനെ ഉപജീവിച്ച് നിരവധി ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളും ലാബുകളുമാണ് പ്രവർത്തിക്കുന്നത്.സ്കാനിംഗ് ,ശസ്ത്രക്രിയ തുടങ്ങിയ വലിയ പ്രക്രിയകൾ പലതരം അനുബന്ധ സ്ഥാപനങ്ങളെ  സൃഷ്ടിച്ചിരിക്കുകയാണ് .മെഡിക്കൽ ഉപകരണങ്ങൾ നിരന്തരം നവീകരിക്കപ്പെടുകയാണ്. ഏറ്റവും നൂതനമായ ടെസ്റ്റുകളിലൂടെയും പരിശോധനകളിലൂടെയും കടന്നു പോകുന്ന ഒരു രോഗിയാണ് ഇന്നത്തെ മെഡിക്കൽ വ്യവസായത്തിൽ ഒരു സുപ്രധാന വ്യക്തിയായിരിക്കുന്നത്. അതുകൊണ്ട് രോഗിയാവുകയും  അതിൻ്റെ ഫലമായി ഏറ്റവും വിലകൂടിയ ചികിത്സ തേടുകയും ചെയ്യുന്നവൻ ഒരു സാംസ്കാരിക വ്യക്തിയാവുകയാണ്.അവനെ ശ്രദ്ധിക്കാനും പരിചരിക്കാനും ആളുകളുണ്ടാകും .

വ്യത്യസ്തതയ്ക്ക് വേണ്ടി എന്തും ചെയ്യും 

സംസ്കാരം രണ്ടായിരാമാണ്ടിനു മുൻപ് ,ഉത്തര- ഉത്തരാധുനികതയ്ക്ക് മുൻപ് ,ഡിജിറ്റൽ ആധുനികതയ്ക്കു  മുൻപ് കലകളുടെ ,ആരാധനയുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായിരുന്നു. കലകളിലും അനുഷ്ഠാനങ്ങളിലും പ്രാവീണ്യമുള്ളവരെ സാംസ്കാരിക ജീവികളായി കരുതുമായിരുന്നു. സാംസ്കാരികജീവിതം കല,സാഹിത്യം, അനുഷ്ഠാനം തുടങ്ങിയ മേഖലകളുമായി താദാത്മ്യം പ്രാപിച്ചതായിരുന്നു. ആ ധാരണയാണ് ഇപ്പോൾ ഇളകിയിരിക്കുന്നത്. സംസ്കാരത്തെ പരമ്പരാഗതമായ ചില വ്യവഹാരങ്ങളുടെ മതിൽക്കെട്ടിനകത്ത് തളയ്ക്കാനാവില്ല. സംസ്കാരം ഇന്നു ഒരു വലിയ പഠനവിഷയമാണ്. അമേരിക്കൻ സാംസ്കാരിക സൈദ്ധാന്തികനായ ജോർജ് യൂഡിസ്(George Yudice) പറഞ്ഞു ,സംസ്കാരം പ്രകൃതിവസ്തു പോലെയാണെന്ന്. വായു, വെള്ളം എന്നിവ പോലെ സംസ്കാരം എല്ലാവർക്കും തുറന്നു കിട്ടിയിരിക്കുന്നു. സംസ്കാരം എല്ലാവരുടെയും ജീവിതത്തോടൊപ്പം വളരുകയാണ് .ഡീസൽ വാഹനങ്ങളിൽ നിന്ന് കമനീയമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയവർ സംസ്കാരത്തിൻ്റെ തലത്തിൽ ഒരടി മുന്നിലാണ് . എന്തെന്നാൽ ഇന്നത്തെ ഏറ്റവും നവീനമായ ഒരു വാഹനസംവിധാനത്തിലേക്ക് അവർക്ക് പ്രവേശനം കിട്ടിയിരിക്കുന്നു.റീസൈക്കിളിംഗിൻ്റെ ഈ ആഗോള സമ്പദ് വ്യവസ്ഥയിൽ വ്യക്തികൾക്ക് ഏതെങ്കിലും ഒരു കമ്പാർട്ട്മെൻറിൽ തളച്ചിടാൻ താൽപര്യമില്ല .അവർ സഞ്ചരിച്ചും അനുഭവിച്ചും മുന്നേറുകയാണ്. വിനോദസഞ്ചാരം പോലും ഇതിൻ്റെ ഭാഗമാണ്.സാഹസികമായി ഒരു പ്രദേശത്ത് സഞ്ചരിക്കുമ്പോൾ അയാൾ സാംസ്കാരികമായി ഉയരുകയാണ്. 

ഹിമാലയത്തിൽ പോകാൻ  എല്ലാവർക്കും കഴിയില്ല ;പണവും സമയവും ആരോഗ്യവും വേണം. എന്നാൽ ഇപ്പോൾ ഹിമാലയത്തിൽ പോയി വന്ന ധാരാളം പേരുണ്ട്. അതുകൊണ്ട് ആ യാത്ര ഇപ്പോൾ സാമാന്യമായി. അതുകൊണ്ട്  അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുകയാണ്. അങ്ങനെ യാത്ര ചെയ്യുമ്പോൾ അയാൾക്ക് സമൂഹത്തിൽ ഏകാന്ത പരിവേഷം കിട്ടും. അയാൾ അതിൻ്റെ പേരിൽ തിരിച്ചറിയപ്പെടും. വില കൊടുത്ത് വാങ്ങാവുന്ന സംസ്കാരം ഇതു മാത്രമല്ല, വേറെയുമുണ്ട്. വലിയ മാളുകളിലും സൂപ്പർ റസ്റ്റോറൻ്റുകളിലും പോയി ഭക്ഷണം കഴിക്കുന്നത് സാമൂഹ്യ മായ പദവി ഉയർത്തുന്നു .എല്ലാവർക്കും അത് സാധ്യമല്ലെന്നതാണ് അതിൻ്റെ മൂല്യം.വില കൂടിയ ഭക്ഷണം കഴിക്കുന്നത് വിശപ്പിൻ്റെ ഭാഗമായല്ല; ഒരു കൗതുകത്തിന്റെയും ജീവിതശൈലിയുടെയും സാംസ്കാരിക ആവശ്യമെന്ന നിലയിലാണ് .വ്യക്തികൾ അവരുടെ അനുഭവത്തെ ഇങ്ങനെയെല്ലാം വേറിട്ടതാക്കുന്നു. കൂടുതൽ വലിയ സാംസ്കാരിക മുദ്ര സ്വന്തമാക്കാനാണ് ആളുകൾ ബഹിരാകാശത്ത് പോകാൻ തയ്യാറെടുക്കുന്നത്. 

വിവിധ ഉൽപ്പന്നങ്ങളുടെ ബ്രാൻഡുകൾ, സാംസ്കാരിക ചിഹ്നങ്ങളുടെ റോളാണ് വഹിക്കുന്നത്. വിലയുടെ അടിസ്ഥാനത്തിൽ അതിൻ്റെ ഉപയോക്താക്കൾക്ക് സമൂഹത്തിൽ വ്യത്യസ്ത പരിഗണന ലഭിക്കുന്നു. സംസ്കാരം ഒരു ന്യൂനപക്ഷത്തിൻ്റേതാകുന്നത് അതിനുവേണ്ടി വരുന്ന വർദ്ധിച്ച ചെലവിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ പ്രകൃതിവിഭവം പോലെയാണ് സംസ്കാരം എന്നിരിക്കെ സാമൂഹ്യ മാധ്യമങ്ങളിലും ഫാഷൻ ഡ്രസുകളിലും ജീവിതശൈലിയിലും വ്യത്യസ്തത പുലർത്തിക്കൊണ്ടും മനഷ്യൻ സാംസ്കാരികജീവിയാകുന്നു.

സ്വന്തം പോസ്റ്റുകൾ കൊണ്ട് വൈറലായി പ്രശസ്തി നേടുന്നവർ പണം മുടക്കി അനുഭവം വിലയ്ക്കു വാങ്ങുന്നവർക്ക് ബദലാവുകയാണ്.അതേസമയം വ്യക്തികൾ അവരുടെ ജീവിതത്തെ യഥാർത്ഥമായി അനുഭവിക്കുന്നതിനു പകരം ഒരു പ്രതീതിയാക്കുന്നു ,അല്ലെങ്കിൽ  കൃത്രിമമായ യാഥാർത്ഥ്യമായി  അംഗീകരിക്കുന്നു. അറിവുകളെയും വാർത്തകളെയും പിന്തുടുരുന്നതും സംസ്കാരം തന്നെ. എന്നാൽ സത്യത്തിൻ്റെ വാർത്തകളെ വിട്ട് വ്യാജവാർത്തകൾക്കു പിന്നാലെ മനുഷ്യൻ പായുന്നത് ഒരു ദുരന്തമാവുകയാണ്. വ്യക്തികൾ സാംസ്കാരികാനുഭവത്തിനും അതിൻ്റെ വിവരണത്തിനുമായി വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണ്. അത് ഒരു വ്യക്തിയുടെ ആവശ്യമായി തീർന്നിരിക്കുകയാണ്.സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെടാൻ വ്യാജ വാർത്തകൾ വേണമെന്ന അവസ്ഥയാണ് ഇന്നുള്ളത്. വ്യത്യസ്തമാവുകയാണ് (To perform difference) ഓരോരുത്തരുടെയും ലക്ഷ്യം. അതിനായി അവർ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ പോകുന്നു, അന്തർദേശീയ ഭക്ഷണം കഴിക്കുന്നു; ഹോം സ്റ്റേ കോട്ടേജുകളിൽ പോയി പാചകം ചെയ്തു രുചിക്കുന്നു, സാഹസിക സഞ്ചാരികളാവുന്നു, കീറിയ വസ്ത്രങ്ങൾ ധരിക്കുന്നു. തലമുടിയിൽ ദിനംപ്രതി പരിഷ്കാരങ്ങൾ വരുത്തുന്നു. സെൽഫി എടുക്കുന്നു, സെൽഫി എടുത്തുകൊണ്ട് മരിക്കുന്നു. അങ്ങനെ നുറുകൂട്ടം പ്രവൃത്തികൾ ഒരാളെ ഇന്നു സാംസ്കാരികമായ അനുഭവത്തിലേക്ക് നിർബന്ധിക്കുന്നു. 

അനുഭവങ്ങൾ കമ്പോളവത്ക്കരണത്തിനു 

സംസ്കാരത്തെ പുതിയ ആഗോളവൽക്കരണ സാഹചര്യം ഒരു വ്യവസായത്തിലേക്ക് എത്തിച്ചിരിക്കുകയാണ് .ഏറ്റവും പുരാതനവും നവീനവുമായ ജീവിതചിത്രങ്ങളെ ഒരുമിച്ചു കൊണ്ടു വരുമ്പോഴാണ് സാംസ്കാരികമായ സംഘർഷത്തിലൂടെ പുതിയൊരു വികാരമുണ്ടാകുന്നത് .ഫൈവ്സ്റ്റാർ ഹോട്ടലിന്റെ മുറ്റത്ത് കള്ള് ഷാപ്പിന്റെ ബോർഡ് വച്ചാലുണ്ടാകുന്ന വൈകാരികമായ ഉരസൽ  വിചിത്രമായി തോന്നാം. എന്നാൽ കള്ള് കുടിക്കുന്നത് ഏറ്റവും അപ്രതീക്ഷിതവും അസാധാരണവും ചെലവേറിയതുമായ സ്ഥലങ്ങളിലാകുമ്പോൾ അത് സംസ്കാരമാവുകയാണ് .അമ്പതുകളിലെയും അറുപതുകളിലെയും ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമാപോസ്റ്ററുകൾ ത്രീസ്റ്റാർ ഹോട്ടലുകളുടെ ഉമ്മറത്ത് ഒട്ടിച്ചുവെച്ച് 'ചായക്കട' നടത്തുന്നത് വ്യത്യസ്തമായ അനുഭവത്തിനു വേണ്ടിയാണ്. എല്ലാ അനുഭവങ്ങളെയും കമ്പോളവത്ക്കരിക്കുകയാണ്. മുടിവെട്ടാനോ ,ചായ കുടിക്കാനോ  ഫൈവ്സ്റ്റാർ ഹോട്ടലിലേക്ക് വരൂ എന്നാണ് ആഹ്വാനം .

സംസ്കാരമെന്ന് വിവക്ഷിക്കുന്ന ആശയം കേവലം ഒരു സമൂഹത്തിന്റെയോ വ്യക്തിയുടെയോ പൈതൃകത്തിൻ്റെയോ പരിധിയിൽ ഒതുങ്ങുന്നതല്ല. അത് വികസിക്കുകയാണ്; സാമ്പത്തിക, വാണിജ്യ ,വിനോദസഞ്ചാര ആവശ്യത്തിന്റെ ഒരു ഉൽപ്പന്നമായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.സംസ്കാരത്തിൻ്റെ ഭാഗമാവുകയല്ല നാം ;അത് ഉല്പാദിപ്പിക്കുകയാണ്. സംസ്കാരം നമുക്ക് ഉല്പാദിപ്പിക്കാം; അല്ലെങ്കിൽ ലോകത്തിലെ ഏതു സ്ഥലത്തുനിന്നും ചരിത്രഘട്ടത്തിൽ നിന്നും കലാരൂപങ്ങളെ, പ്രതീകങ്ങളെ സ്വീകരിക്കാം. ചിഹ്നങ്ങൾ ശേഖരിക്കാം. അതെല്ലാം നമ്മുടെ സൗന്ദര്യ ബോധത്തിനും വീക്ഷണത്തിനും അനുസരിച്ച് ഉപയോഗിക്കാം. കാലങ്ങളും സംസ്കാരങ്ങളും കൂടിക്കലർന്ന് വരുന്നത് പുതിയ കലാവ്യവഹാരവും അനുഭൂതിയും അർത്ഥവുമായി മാറ്റപ്പെടുന്നു. അങ്ങനെ നമ്മെത്തന്നെ നമുക്ക് പുനർവിഭാവന ചെയ്യാം. സംസ്കാരത്തെ സൃഷ്ടിക്കാം. സംസ്കാരത്തിന്റെ ഉത്പാദകരാവാം.


No comments: