കൂത്താട്ടുകുളം
:ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം
തിരിച്ചറിയുന്ന നിമിഷമാണ് ജീവിതം തുടങ്ങുന്നതെന്നും എം.കെ. ഹരികുമാർ
അഭിപ്രായപ്പെട്ടു .
കൂത്താട്ടുകുളത്തെ മുതിർന്ന
വനിതകളുടെയും വനിതാപെൻഷൻകാരുടെയും സംഘടനയായ ജനനി സീനിയർ സിറ്റിസൻസ്
സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു
ഹരികുമാർ .ഹരികുമാറിനു ജനനി പ്രസിഡൻ്റ് എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിച്ചു.
ജീവിതം
ഒരുതവണ മാത്രം സംഭവിക്കുന്നു. ഒരു കൂട്ടം പൊടിയാണ് മനുഷ്യൻ. അത് ഓരോ
മനുഷ്യന്റെയും പ്രത്യേക രൂപത്തിൽ കാണപ്പെടുന്നത് ഈ പ്രപഞ്ചത്തിൻ്റെ
യാത്രയിൽ ഒരു തവണ മാത്രമാണ്. നമുക്ക് ഇനിയൊരു ആവർത്തനമില്ല .ഈ നിമിഷത്തിൽ
നമ്മൾ ആയിരിക്കുന്നു എന്നു പറയുന്നത് അതുല്യമാണ്.കാരണം ,മുമ്പ് ഇല്ലാത്ത
ഒരു അസ്തിത്വമാണിത്. ഇനി ഉണ്ടാവുകയുമില്ല. അതുകൊണ്ട് ഇത് അനന്യമാണ്
-ഹരികുമാർ പറഞ്ഞു
ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ
നിന്ന്: പുനർജന്മത്തിൽ വിശ്വസിക്കുന്നവരുണ്ടാകും. എന്നാൽ അങ്ങനെ
വിശ്വസിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് മനുഷ്യൻ്റെ രൂപത്തിൽ
തന്നെ ഇനിയും ജനിക്കാൻ കഴിയുമെന്നു പറയാൻ കഴിയില്ല. 'യോഗവാസിഷ്ട'ത്തിൽ
പറയുന്നുണ്ട് ,പല ജീവികളായി വീണ്ടും വീണ്ടും ജനിക്കേണ്ടിവരുമെന്ന്
.അതുകൊണ്ട് നമ്മളുടെ ഈ മനുഷ്യരൂപം ഒരേയൊരു പ്രാവശ്യം മാത്രമുള്ളതാണ്.
അതുകൊണ്ട് അതിനു മൂല്യമുണ്ട്.
ഞാൻ സർക്കാർ രേഖകൾ
പ്രകാരം ഒരു ജാതിയിലോ മതത്തിലോ ആയിരിക്കാം. എന്നാൽ ഒരു കലാകാരനായ എനിക്ക്
ജാതിയോ മതമോ ഇല്ല .എന്റെ ജാതി വൃക്ഷങ്ങളാണ് .കാറ്റാണ് എൻ്റെ മതം. സൂര്യനാണ്
എൻ്റെ ദൈവം .വൃക്ഷങ്ങൾ മനുഷ്യവംശത്തിന്റെ ആശ്രമങ്ങളാണെന്നു വിഖ്യാത
എഴുത്തുകാരൻ ഹെർമൻ ഹെസ്സെ പറഞ്ഞിട്ടുണ്ട്. ആരോടും വിദ്വേഷമോ പകയോ
ഇല്ലാതെയാണ് വൃക്ഷങ്ങൾ ജീവിക്കുന്നത്. മഹനീയമാണ് അതിൻ്റെ അസ്തിത്വം. അത്
അവാച്യമായ ഒരു സുഖം അനുഭവിക്കുന്നു. എൻ്റെ മതം കാറ്റാണ് .കാറ്റിനു
വേർതിരിവില്ല. ഏതെങ്കിലും ഒരു വിഭാഗത്തോടു കാറ്റിനു പ്രത്യേക
താല്പര്യമില്ല. കാറ്റ് പ്രാണനാണ്. എല്ലാവർക്കും ജീവൻ
നിലനിർത്തിക്കൊടുക്കുന്നത് വായുവാണ്. അതുകൊണ്ട് വായു എല്ലാവർക്കും
ഒരുപോലെയാണ്. വായു എല്ലാവരുടേതുമാണ്. അതാണ് യഥാർത്ഥ മതം .എൻ്റെ ദൈവം
സൂര്യനാണ്. സൂര്യൻ ആരോടും പ്രത്യേക പരിഗണന കാണിക്കുന്നില്ല. സൂര്യൻ
ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.സൂര്യൻ ഒരു പ്രത്യേക വിഭാഗത്തിനു
അനുകൂല്യം പ്രഖ്യാപിക്കുന്നില്ല .ഓരോ ജീവിയുടെയും നിലനില്പ് ഈ കാരണം കൊണ്ട്
തന്നെ പ്രധാനമാണ്.യാതൊന്നിനും ഒരു മേൽക്കൈ ഇല്ല. ഒന്നും മറ്റൊന്നിനേക്കാൾ
ശ്രേഷ്ഠമല്ല.
എന്നാൽ മനുഷ്യൻ എല്ലാ ഭൂതങ്ങളെയും
മലിനമാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ ജീവിതം എങ്ങനെ തുടരുമെന്ന ആശങ്ക
പരക്കുകയാണ്. മനുഷ്യൻ എല്ലാം മലിനമാക്കി .ഒരു ജീവിയെയും വെറുതെ
വിടുന്നില്ല.എല്ലാറ്റിനെയും കൊന്നു തിന്നുകയാണ്. എന്നാൽ ഒരു നായ കടൽ
ചീത്തയാക്കുന്നില്ല. ഒരു പാറ്റ പരിസ്ഥിതി നശിപ്പിക്കുന്നില്ല. അതുകൊണ്ട്
അവയ്ക്ക് മഹത്വമുണ്ട്. ഓരോ ജീവിയുടെയും അസ്തിത്വം അനന്യമാണ്. ഏതൊരു
ജീവിയായിരിക്കുന്നതും ഒരു വലിയ നേട്ടമാണ്. ഒരു പ്രാണിയായിരിക്കുന്നതുപോലും
വലിയ നേട്ടമാണ് .കാരണം ,അത് ആയിരക്കണക്കിനു വർഷങ്ങളായുള്ള പ്രതിബന്ധങ്ങളെ,
കാലാവസ്ഥാമാറ്റങ്ങളെ ,ഭൂകമ്പങ്ങളെ അതിജീവിച്ചുവന്നിരിക്കുന്ന ഒരു ജീവൻ്റെ
കണമാണ്. അതുകൊണ്ട് അതിൻ്റെ അതിജീവനത്തിനു സൗന്ദര്യമേറുന്നു .
എൻ്റെ
സാഹിത്യരചനയാരംഭിച്ചിട്ട് നാല്പത്തിരണ്ടു വർഷം പിന്നിട്ടു. അക്ഷരജാലകം
പംക്തി തുടങ്ങിയിട്ട് ഇരുപത്തിയേഴ് വർഷം പിന്നിടുകയാണ്. മുപ്പത്തഞ്ചു
പുസ്തകങ്ങളെഴുതി. പെട്ടെന്നു തന്നെ എല്ലാവരും പരവതാനി വിരിച്ചു തരുമെന്നു
ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു
ചോദനയല്ലാതെ മറ്റൊന്നും മനസിനെ ഭരിച്ചിട്ടില്ല .പുതിയ വായനക്കാരെ എനിക്കു
മിക്ക ദിവസങ്ങളിലും ലഭിക്കുന്നുണ്ട്. അതാണ് പ്രചോദനം.
No comments:
Post a Comment