Followers

Thursday, October 29, 2009

ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ








aathmayanangngalute khasak/ m k harikumar

ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ-
-
കെ.ബി.പ്രസന്നകുമാർ
'ദുരന്തത്തെ അഭിദര്‍ശിക്കുന്നവര്‍ക്ക് ഒരു ലോകം നഷ്‌ടമാവുകയാണ്‌. നഷ്‌ടപെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും,
പരിഷ്‌കൃതിയുടേതുമായിരുന്നു.'
ഖസാക്കിന്റേത്‌ നഗ്ന സൗന്ദര്യമാണ്‌. ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം. പ്രകൃതിയുടേയും, കഥാപാത്രങ്ങളുടേയും അന്തരീക്ഷത്തിന്റേയും സമയത്തിന്റേയും നഗ്നതയിലേക്കാണ്‌ വിജയൻ പ്രയാണം നടത്തുന്നത്‌. അത്‌ ,എന്നാൽ നിരാസക്തമായ അന്വേഷണമാണ്‌. ഖസാക്കിലെ ജീവിതത്തിന്റെ കൊച്ചുകൗതുകങ്ങൾ മുതൽ മഹാദുരന്തങ്ങൾ വരെ വിജയൻ അഭിദർശിച്ചു. അതിലൂടെ ഖസാക്കിന്റെ മനസ്സും ഖസാക്കിന്റെ വിങ്ങിനിൽക്കുന്ന കാലവും അവിടെ ധ്വനിക്കുന്ന മനുഷ്യജീവിതത്തിന്റെ വിചിത്രസംഗീതവും വിജയൻ ആവിഷ്‌ക്കരിച്ചു. ഭാഷയും ചിന്തയും ദാഹവും ഒന്നായി . രവി എന്ന മനുഷ്യജീവന്റെ മഹാപ്രസ്ഥാനവേളയിലെ വഴിയമ്പലമായ ഖസാക്ക്‌ ,അവസാനിക്കാത്ത ആകുലതയും പ്രഹേളികാഭാവവും സൃഷ്ടിക്കുകയും എന്നാൽ ജീവസ്പന്ദങ്ങളുടെ സ്വപ്‌നസമയത്തെ നമുക്ക്‌ നൽകുകയും ചെയ്യുന്നു. അങ്ങിനെ ഖസാക്കിന്റെ ആ ഘടനക്ക്‌ രണ്ട്‌ മുഖ്യതലങ്ങൾ കൈവരുന്നു.
ഒന്ന് , നിര്‍മ്മമതയുടേയും അനാസക്തിയുടേയും ആവര്‍ത്തനങ്ങളുടേയും തളം കെട്ടിനിൽക്കുന്ന കാലത്തിന്‍റേയുമാണ്‌. രണ്ടാമത്തേത്‌ ,പെയ്യുന്ന മഴയും കുട്ടികളും ഹരിതാഭമായ പ്രകൃതിയും ദിശാസൂചന നൽകുന്ന ,പിന്നെയും തളിർത്തുലയേണ്ട ഒരു ജീവിതത്തിന്റേയാണ്‌. എന്നാൽ കുഞ്ഞുങ്ങളിലൂടെ പ്രസാദിക്കുന്ന ജീവിതത്തെ വിജയൻ പൊലിപ്പിച്ചെടുക്കുന്നില്ല. അങ്ങനെ ഉച്ചമയക്കത്തിന്റെ ആലസ്യവും മുനിഞ്ഞുനിൽക്കുന്ന കാലവർഷത്തിന്റെ ഇരുൾ സമയങ്ങളും ഖസാക്കിനു നൽകുന്ന വിഷാദസാന്ദ്രതയുടെ ചരാചരപ്രകൃതിയെ അന്വോഷിച്ചുപോകുന്ന പ്രാണിയായ ഒരു മനുഷ്യൻ, ഖസാക്കിലൂടെ ,നമ്മുടെ പരിസരങ്ങളിലൂടെസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.അത്‌ ഒ.വി.വിജയനാണ്‌.

ഖസാക്കിന്റെ വായനയിലും പഠനത്തിലും യുക്തിയുടെ അംശമല്ല ഏറിയകൂറും ഉപയോഗിക്കപ്പെട്ടത്‌. ഖസാക്ക്‌ സൃഷ്‌ടിച്ച യാഥാർത്ഥ്യത്തെ അതിജീവിക്കുന്ന ഭാവധ്വനികളെ ,ഇംപ്രഷണിസ്റ്റ്‌ ശൈലിയിൽ സമീപിക്കുവാനാണ്‌ ശ്രമങ്ങൾ പലതും നടന്നിട്ടുള്ളത്‌. വായനക്കാരെ നിശ്ശബ്ദരാക്കുന്ന, സ്വപ്‌നാടനം ചെയ്യിക്കുന്ന വശ്യമോഹനത ഖസാക്കിലെ ഭാഷക്കും കാഴ്‌ച്ചകൾക്കുമുണ്ട്‌.അതിൽ വീണുപോകയായിരുന്നു, നമ്മുടെ വായനാസമൂഹം .എന്നാൽ ഖസാക്കിന്റെ കവിത ,അതിന്റെ ഭാഷയിലൊ പ്രകൃതിയിലൊ രവിയിലൊ മാത്രം നിലകൊള്ളുന്ന ഒന്നല്ല. ഖസാക്കിൽ ചരിത്ര രചനയുണ്ട്‌. പുരാവൃത്തങ്ങളുടെ നികുംഭിലകൾ ഖസാക്കിൽ പലയിടത്തുമുണ്ട്‌. ഒറ്റപ്പെട്ട ഘോഷങ്ങളുയർത്തുന്ന രാഷ്‌ട്രീയപ്രക്രിയ ഉണ്ട്‌. മതാത്മകമായ ജീവിതന്തരീക്ഷമുണ്ട്‌. ഖസാക്കിലെ സാമൂഹ്യാന്തരീക്ഷം ശിൽപഭദ്രമല്ല. ലൈംഗികതയുടെ ദാഹവും ശമനവും അവിടെയുണ്ട്‌. ഇംപ്രഷണിസ്റ്റ്‌ സ്വഭാവം പൊതുവിൽ ദർശിക്കാമെങ്കിലും വിഭിന്നങ്ങളായ ഒട്ടനവധി ജാലകങ്ങളിലൂടെ ഖസാക്കിനെ നോക്കികാണാനുള്ള ശ്രമമാണ്‌ ശ്രി.എം.കെ.ഹരികുമാർ ആത്മായനങ്ങളുടെ ഖസാക്കിൽ നടത്തുന്നത്.മുഖ്യമായും ചരിത്രം ,മതം, നരവംശശാസ്ത്രം ,കാലം, മൃതി, പ്രകൃതി എന്നിങ്ങനെ അനേകം ജാലകങ്ങൾ ഖസാക്കിലേക്ക്‌ തുറക്കപെടുന്നതായി ഹരികുമാർ വയിക്കുന്നു.
-1983 -1989--കാലഘട്ടം. വായനയുടെ ആവേശവും ഭ്രാന്തും ശരമാരിപോലെ തീക്ഷ്‌ണങ്ങളായ പദാവലികളുമായി എം.കെ. ഹരികുമാർ കടന്നുവന്നത്‌ ഞാനോർക്കുന്നു. മലയാളത്തിൽ സാഹിത്യനിരൂപണത്തിന്‌ നവമായൊരു ഉണർവ്വും ഊർജ്ജവും കൈവന്ന കാലഘട്ടമാണത്‌. നിരൂപണം എന്നത്‌ സാഹിത്യത്തെ സംബന്ധിക്കുന്ന നിരവധി പ്രസ്താവമോ, വ്യാഖ്യാനമോ അല്ലെന്നും അത്‌ സർഗ്ഗാവിഷ്ക്കാരം തന്നെയാണെന്നും പ്രചരിതമായ നാളുകൾ .കെ.പി.അപ്പനും രാജകൃഷ്ണനും ആഷാമേനോനും,നരേന്ദ്രപ്രസാദും സാഹിത്യനിരൂപണത്തിന്റെ വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ മാറ്റിമറിച്ച നാളുകൾ. നവീനകഥയും നവീനകവിതയും വിശദമായ ചർച്ചകള്‍ക്ക്‌ വിധേയമായ നാളുകൾ. നിരൂപണകലയെ പുതിയൊരു വെളിച്ചത്തിൽ സർഗ്ഗാത്മകമായി അഭിദർശിച്ച സമയമാണിത്‌. നിരൂപണ ഭാഷ തന്നെ സർഗ്ഗാത്മകമായി പുനഃസൃഷ്ടിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായിട്ടോ ഈ നിരൂപണാന്തരീക്ഷത്തോടു പ്രതികരണമായിട്ടോ ആണ്‌ ഹരികുമാർ എ.ഏ രംഗത്തേക്ക്‌ പ്രവേശിക്കുന്നത്‌. സംക്രമണം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട (1983) 'വർത്തമാനത്തിന്‍റെ ബോധവിചാരണ' എന്ന ആദ്യലേഖനം മുതൽ- തന്നെ ഹരികുമാറിന്റെ വ്യത്യസ്തമായ ഭാഷാപ്രയോഗരീതിയും നമുക്കു കാണാൻ കഴിയും. യഥാർത്ഥത്തിൽ നവീന നിരൂപണം ആവിഷ്‌ക്കരിച്ച ഭാഷാതലവും ചിന്താതലവുമല്ല ഹരികുമാർ ഉപയോഗിച്ചതു്‌. അതു നൽകിയ വെളിച്ചത്തിൽ നിന്നുകൊണ്ട്‌ ,പുതിയൊരു കുതിപ്പു നടത്തുകയാണ്‌. ആകുലമായ ഒരു യുവമനസ്സിന്റെ വിചാരോർജ്ജം അതിലുണ്ടായിരുന്നു. തികച്ചും ഭ്രാന്തമോ, വിഭ്രാന്തമോ ആയ രീതിയായിരുന്നു അത്‌ . ആ വിധമുള്ള ഒരു മനസ്സിലേക്ക്‌ ഖസാക്കുപോലുള്ള രചന ആഴ്‌ന്നു വരുമ്പോൾ നടക്കുന്ന ഒരു പ്രതികരണ പ്രവർത്തനമാണ്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌'.ഇംപ്രഷണിസത്തിന്റെ സൗന്ദര്യാനുധാവനങ്ങളുടെ ഭൂമികയിൽ.ഖസാക്കിന്റെ ദർശനലോകത്തെ യുക്തിക്കതീതമായ ചില മനോഘടനകളിൽ നിന്നുകൊണ്ട്‌ അഭിദർശിക്കുവാനാണ്‌ ഹരികുമാർ ശ്രമിക്കുന്നത്‌. അത്‌` വിഭ്രാന്തിയുടെ കൂടി ഉപലബ്‌ധിയാണ്‌. എന്നാൽ ഖസാക്കിലെ മൗനത്തിന്റെ അർത്ഥ സംഗീതത്തലങ്ങൾ അത്‌ തിരിച്ചറിയാൻ ശ്രമിക്കുന്നു. കല വർത്തമാന കാലത്തെ താൽക്കാലികപ്രതിഭാസമല്ല .അത്‌ കാൽപ്പനികമോ യാഥാതഥ്യമോ അതിയാഥാതഥ്യമോ മിസ്റ്റിസിസമോ അല്ല .ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശ്ശബ്ദതയാണ്‌ എന്ന്‌ ഹരികുമാർ പറയുന്നു. ഈ നിശ്ശബ്ദതയുടെ രാഗഭേദങ്ങളെ ഖസാക്കിൽ നിന്നു കേൾക്കാൻ ഹരികുമാർ ശ്രമിക്കുന്നു.
സർറിയലിസ്റ്റ്‌ ഘടനയുള്ള ബിംബങ്ങൾ വരെ നിരൂപണകലയിൽ ഉപയോഗിക്കുന്ന വിചിത്രമായ ഒരു സമീപനം ഈ പുസ്തകത്തിനുണ്ട്‌. ഭാഷയുടെ വയലിൽ ചിന്തയുടെ വിത്തുകൾ വീശിയെറിയുകയാണ്‌ ഹരികുമാർ. ഒരു വലിയ പ്രവാഹംപോലെ ഒഴുകി വരുന്ന ഭാഷ സൃഷ്ടിക്കുന്ന അർത്ഥവിനിമയങ്ങൾ തികച്ചും മൂർത്തവുമല്ല. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ യുക്തിസഹമായ ഒരു പഠനം ആവശ്യമുള്ളവർ ഈ പുസ്തകം കയ്യിലെടുക്കരുത്‌. ഖസാക്കിന്റെ ദര്‍ശനപരപ്പുകളിലേക്ക് ,സ്വതന്ത്രമായ ഒരു അന്വേഷണയാത്രയാണ്‌ ഈ പുസ്തകം ലക്ഷ്യമാക്കുന്നത്‌. അത്‌ ആത്മായനമാണ്‌. ഖസാക്കിൽ ആത്മായനം ഉള്ളതുപോലെ , ഈ പുസ്തകത്തിലും ആത്മായനത്തിന്റെ വിചാരനിലാവുകളാണുള്ളത്‌. ഒരേ സമയം സത്യത്തിന്റേയും സ്വപ്‌നത്തിന്റേയും ഘടനയാണ്‌ ഖസാക്കിനുള്ളത്‌. ഒരു റിയലിസ്റ്റിക്‌ നോവലിന്റെ കഥനത്തുടർച്ച അതിനുണ്ട്‌. എന്നാൽ കഥനത്തിന്റെ ഇടവേളകളിലേക്ക്‌ മഞ്ഞോ, കാലവർഷമോ പോലെ അശാന്തമായ പ്രേരണകളും ചോദനകളും പലായനങ്ങളും ചരിത്രസ്മൃതികളും പെയ്‌തിറങ്ങുന്നു. യാഥാർത്ഥ്യവും അതീതയാഥാർത്ഥ്യങ്ങളും ഖസാക്കിൽ സാന്ദ്രമായി ഇടകലരുന്നു. ഈ അതീത യാഥാർത്ഥ്യങ്ങളിലേക്കാണ്‌ ഹരിയുടെ അന്വേഷണംമുഖ്യമായും നീങ്ങുന്നത്‌. പൊതുവിൽ പറഞ്ഞാൽ ഖസാക്കിന്റെ അതീതവായനയും അമൂർത്തവായനയും ഈ പുസ്തകത്തിലുണ്ട്‌. രചന യഥാർത്ഥമാണെങ്കിൽ അത്‌ ഭൂമിയോ മിത്തോ ദൈവശസ്ത്രമോ പോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആവാഹിക്കുന്ന വിസ്മൃതിയാവണം ,കലയാവണം -ഹരികുമാർ എഴുതുന്നു. ഈ വിസ്‌തൃതിയിലേക്കുള്ള ആത്മാടനമാണ്‌ ഹരികുമാർ നടത്തുന്നത്‌.

രാത്രിയിലൂടെ മൂളിപ്പോകുന്ന ആ ലൗകികസ്വരങ്ങൾ ഖസാക്കിലുണ്ട്‌. ആകാശത്തിലേക്ക്‌ കൈകൾ വിടർത്തി നിൽക്കുമ്പോൾ കൈകൾക്കിടയിലൂടെ മേഘങ്ങൾ ഒഴുകിപ്പോകുന്നു. ദുഃഖംപോലെയും സാന്ത്വനം പോലേയുംഇരുട്ട്‌. മരിച്ചവരുടെ ഓർമ്മകൾപോലെ തുമ്പികൾ. ഇരുളുന്ന ചുകപ്പിൽ നഷ്ടപ്പെടുന്ന കരിമ്പനകൾ .കനത്തു ശ്വസിക്കുന്ന പാതിര. രാത്രിയുടെ തുറവകൾ. പനന്തത്തയുടെ ധനുസ്സുകൾ ,ദൂരെ മിന്നി മിന്നി ഈരച്ചൂട്ടുകൾ-ഖസാക്കിലെ പ്രകൃതിയിലേക്ക്‌` ഇങ്ങനെ എത്രയോ കിളിവാതിലുകളാണ്‌ തുറക്കപ്പെടുന്നത്‌. കഥയും അതിന്റെ പശ്‌ച്ചാത്തലമായ ദേശവും എത്രയും അടുപ്പത്തോടെ നിലകൊള്ളുന്ന കഥ കഥനഭൂമിയാകുന്ന ,കഥനഭൂമി കഥയാകുന്ന ജൈവപ്രക്രിയ പുതിയ കാലത്തെ പല നോവലുകളിലുമുണ്ട്‌. ഗർസിയാ മർക്കോസിന്റെ രചനകളിൽ ദേശസ്മൃതികളും കഥയുമായി ഒന്നാകുന്നതിന്റെ സാന്ദ്രമായ കാഴ്‌ച്ച നമുക്കു കാണാം. ഈ ഉദ്‌ഗ്രഥനം ഖസാക്കിലുമുണ്ട്‌. ഈ പ്രകൃതിയിൽ കഥന ഭൂമിയുടെ ചരിത്രവും പുരാവൃത്തങ്ങളും കൂടി കടന്നുവന്ന്‌ ആഖ്യാനത്തിന്‌ ഇതിഹാസഭംഗി നൽകുന്നു. ഖസാക്കിൽ ചരിത്രവും സ്മൃതിപരമ്പരകളും കഥയുടെ കാലത്തിലെങ്ങും വിങ്ങിനിൽക്കുകയാണ്‌.


ഖസാക്കിനെ 'ദാർശനികപ്പൈങ്കിളി' എന്ന്` വിളിക്കുന്ന ചീത്ത വാക്കുകളും മലയാളത്തിലെ ഖസാക്ക്‌ സാഹിത്യവിചാരത്തിൽ വന്നിട്ടുണ്ട്‌. തികച്ചും നീതിരഹിതവും ക്രൂരവുമായ പുലഭ്യമാണത്‌ അടിച്ചേൽപ്പിക്കപ്പെടുന്ന ദാർശനികത ഖസാക്കിനില്ല. ദുഃഖാകുലമെങ്കിലും ജൈവപരമായ ഘടനയാണ്‌ ഖസാക്കിനുള്ളത്‌. യഥാർത്ഥത്തിൽ എല്ലാ ദേശങ്ങളിലുമുള്ള കാറ്റ്‌, മഴ, സസ്യജാലങ്ങൾ, രാത്രി, ഭൂമിയിൽ പടർന്നുനിൽക്കുന്ന നിശ്ശബ്ദത എന്നിങ്ങനെയുള്ള സാധാരണങ്ങളായ രൂപങ്ങളിലൂടേയാണ്‌ വിജയൻ ഖസാക്കിന്‌ ദാർശനികതയുടെ മിഴിവ്‌ നൽകുന്നത്‌. മനുഷ്യജന്മത്തിന്റേയോ ചരാചരജന്മങ്ങളുടേയോ ചില കാലസംബന്ധമായ യുക്തിഹീനതകൾ സത്യമായതുകൊണ്ടാണ്‌ ,ഒരു പക്ഷേ ഭാരതീയം എന്നു വിളിക്കാവുന്ന ചാക്രികത -പുനർജനി ധ്വനികൾ ഖസാക്കിൽ വീണുകിടക്കുന്നത്‌. യഥാർത്ഥത്തിൽ ഹൈന്ദവമായ ആദ്ധ്യാത്മിക സന്ദേഹങ്ങൾ ഖസാക്കിന്റെ ലക്ഷ്യമോ മാർഗ്ഗമോ അല്ല. ഖസാക്കിനെ ദുർവിചാരം ചെയ്യാൻ പഴുതുകൾ അന്വേഷിച്ചു നടക്കുന്നവർക്ക്‌ കിട്ടിയ ചില പഴുതുകളാണവ അവയെല്ലാം കേട്ട്‌ വിജയൻ ചിരിച്ചു. ഗ്രാമ്യഭാഷയുടേയും ശുദ്ധമലയാളത്തിന്റേയും മിശ്രണമാണ്‌ ഖസാക്കിൽ തൊണ്ണൂറ്റൊൻപതു ശതമാനവും ഉപയോഗിച്ചിരിക്കുന്നത്‌. എങ്കിലുംഖസാക്കിന്റെ മഹത്വത്തിൽ ഒരു വൈറസ്‌ നുഴഞ്ഞു കയറിയെന്നാണ്‌ എൻഎസ്‌.മാധവന്റെ കണ്ടുപിടുത്തം. കാരണം ഖഗം,നിയോഗം ഊഹാപോഹം എന്നിങ്ങനെ സംസ്കൃതപദങ്ങൾ അതിലുണ്ടത്രെ. 'പച്ചപ്പനന്തത്തേ എന്നു'അപ്പുക്കിളിയെ വിളിക്കുന്ന മാധവൻനായർ തന്നെയാണ്‌ കിളിയെ ഖഗം എന്നു വിളിക്കുന്നത്‌. മാധവൻനായർ ഒരു സംസ്കൃതപണ്ഡിതനല്ല. വിളിക്കുന്നത്‌` ഖഗം എന്നുമല്ല. 'കം' എന്നാണ്‌. കിളിയുടെ പൊട്ടത്തത്തെ ലോകത്തിനുമേൽ ഉയർത്തുന്ന നർമ്മത്തിന്റെ വിളിയാണ്‌ ഖകമേ എന്ന്‌ സംബോധനയിൽ പ്രകടമാകുന്നത്‌. അത്‌ മനസ്സിലാക്കുന്നതിന്‌ കഴിയാത്ത ഒരാളല്ല മാധവൻ. പിന്നെന്തേ ഇത്തരം വാദങ്ങൾ ഉയർത്തുന്നത്‌ എന്ന ചോദ്യത്തിന്‌ ഞാൻ മറുപടിയൊന്നും കാണുന്നില്ല. ദുഖകരമാണത്‌. ഖസാക്കിന്റെ ഇത്തരം ദുർബ്ബലവും സാധാരണവുമായ വായനകൾക്കുള്ള മറുപടി പോലെ 'ആത്മായനങ്ങലുടെ ഖസാക്കിലെ' അമൂർത്തമായ ബോധവർണ്ണങ്ങൾ നിലകൊള്ളുന്നു. ഹരികുമാർ പറയുന്നു കവിക്കച്ച ചുറ്റിയ രവിയുടെ അലസമായ യാത്രക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഓർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്‌. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്ങ്‌മൂലങ്ങളായി മൻസ്സിനെ നയിക്കുകയാണ്‌. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച്‌ സമഗ്രമായ ജൈവാനുഭവമായി ഉയർന്നു വരികയാണിവിടെ ,പ്രകൃതിയുടെ വത്‌സലപ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. വസ്തുക്കളും ഓർമ്മകളും മനുഷ്യരും പ്രകൃതിയും ലയിക്കുന്ന ജൈവസത്ത ,ഖസാക്കിന്റെ വിശുദ്ധമായ അനുഭവമേഖലയാണ്‌. സംസ്കൃതീകരണം പോലുള്ള തെറ്റായ വാദങ്ങൾ ആ അനുഭവമേഖലയെ ഇല്ലായ്‌മ ചെയ്യാനാണെന്ന്‌ വിചാരിക്കുന്നത്‌ എത്രയോ അപകടകരമാണ്‌.വിമർശിക്കപ്പെടേണ്ട കൃതിയല്ല ഖസാക്ക്‌ എന്ന്‌ പറയുകയല്ല ഇവിടെ ചെയ്യുന്നത്‌. യഥാർത്ഥത്തിൽ ഖസാക്കിന്റെ ഏറ്റവും നല്ല വിമർശകൻ വിജയൻ തന്നെയാണെന്നാണ്‌ പിൽക്കാലത്തെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വ്യക്‌തമാക്കുന്നത്‌. ഖസാക്കിന്റെ അനുഭവ സത്തകൾ സത്യമായിരിക്കെ തന്നെ അതിൽ നിന്ന്‌ വിടുതൽ നേടി പോകുവാൻ വിജയൻ ശ്രമിച്ചു. ധർമ്മപുരാണത്തിൽ എത്രയോ വ്യത്യസ്തമായ ഭാഷയും ക്രൂരഭാവനയും വിജയൻ ഉപയോഗിച്ചു. ഖസാക്ക്‌` പോലുള്ള ഒരു ഘടന ധർമ്മപുരാണത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. രചനാസംബന്ധമായ തന്റെ ശിൽപഘടനകളെ ആകെ പുതുക്കി വരുംകാലയാഥാർത്ഥ്യത്തിന്റെ നഗ്നതയിലേക്ക്‌ നീണ്ട ക്രൂരഭാവനയായിരുന്നു അത്‌.ധർമ്മപുരാണത്തിലെ യാഥാർത്ഥ്യത്തിന്റെ സമകാലീനതയിൽ വിസ്‌മയിച്ച്‌` ആകൃതിയെ ഖസാക്കിനുമേൽ പ്രതിഷ്‌ഠിക്കാനുള്ള ശ്രമവും നടന്നു. അത്തരമൊരു താരതമ്യം പ്രസക്തമല്ല. ഭാവനയുടെ രണ്ടു തരം പ്രവാഹങ്ങളാണത്‌. തികച്ചും വ്യത്യസ്തമായ സമയത്തിലും അനുഭവത്തിലും നിന്ന്‌ എഴുതിയവ ഇത്തരം താരതമ്യം പോലും ഖസാക്കിന്റെ വിപുലമായ ഭാവമേഖലയെ താഴ്‌ത്തിക്കെട്ടുവാൻ വെറുതെ ഉപയോഗിക്കപ്പെട്ടതാണ്‌. ഖസാക്ക്‌ തന്നെ ഇനിയും ഇത്തരം താരതമ്യങ്ങൾ വിശേഷിച്ചും പ്രസക്തമല്ല. മലയാളത്തിലെ നവീന നിരൂപകർ ചില ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെ ഖസാക്കിനെ തേടുകയേ ചെയ്‌തിട്ടുള്ളു. അത്‌ മലയാള സാഹിത്യത്തിൽ സൃഷ്ടിച്ച വിദ്യുത്‌ പ്രവാഹത്തെ സമഗ്രമായി നോക്കിക്കാണാനുള്ള ഉത്തരവാദിത്തം അവരിൽ പലരും ഏറ്റെടുത്തില്ല. വിജയന്റെ എഴുത്തനുഭവങ്ങൾ അത്തരം സമഗ്ര പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. ഈയൊരു സത്യത്തിലേക്ക്‌ കൂടിയാണ്‌ ആത്മായനങ്ങൾ വഴി ഹരികുമാർ പ്രവേശിക്കുന്നത്‌.ഖസാക്ക്‌ ഒരർത്ഥത്തിൽ നാഗരികതയേയും പരിഷ്‌ക്കൃതിയേയും നിഷേധിക്കുന്നുണ്ട്‌. അവയൊന്നും തന്നെ ജീവിതത്തിന്റെ അന്വേഷണപാതകളിൽ വലിയ ഉത്തരങ്ങൾ തരുന്നില്ല എന്ന ബോധം വിജയൻ പുലർത്തുന്നുണ്ട്‌. അതിനാലാണ്‌ ഈ അന്വേഷണത്തിന്‌ കിളിർത്തു വരുന്ന പുൽനാമ്പുകൾ പോലുള്ള ഒരു ഗ്രാമവ്യവസ്ഥയെ വിജയൻ തിരഞ്ഞെടുക്കുന്നത്‌. പ്രാകൃതവും നൈസർഗ്ഗികമായ ചില തലങ്ങളിൽ നിന്നുകൊണ്ട്‌ ജീവിതത്തെ നോക്കിക്കാണാനുള്ള ശ്രമം ഖസാക്കിലൂടെ നടത്തുന്നു. ആദിമമായ ചില ഭൂവിശുദ്ധികളിലേക്ക്‌ തല ചായ്‌ച്ച്‌ അലസമായി കിടന്ന്‌ ജീവിതത്തെ നോക്കി കൺചിമ്മാനുള്ള അനാസക്തമായ പ്രവൃത്തിയാണ്‌ രവി പലപ്പോഴും നടത്തുന്നത്‌.അതിനിടയിൽ ഖസാക്കിന്റെ ദുരന്തങ്ങളും ദുരന്തങ്ങളുടെ ച്ഛായയിൽ വിതുമ്പുന്ന ഖസാക്കിലെ മനുഷ്യരും രവിയിലേക്ക്‌ നടന്നുവരുന്നു. അത്‌ അയാളുടെ സന്ദേഹങ്ങളെ സ്വാധീനിക്കുകയും ദുഃഖതപ്തമായ സമയ സന്ധികൾ അയാൾക്ക്‌ സമ്മാനിക്കുകയും ചെയ്യുന്നു. കുരിശു ചുമക്കുന്നവന്റെ നിർമ്മമമായ സഹനം പോലെ രവി അവ തന്റെ നെഞ്ചിലേറ്റുന്നു. ഖസാക്കിന്റെ പ്രാകൃതമായ ഗ്രാമഘടന ചരിത്രത്തിന്റെ സാവധാനത്തിലുള്ള പാദചലനങ്ങൾ കേൾപ്പിക്കുന്നെന്ന്‌ ഹരികുമാർ പറയുന്നു. ഗ്രാമം, ദൃശ്യം,പ്രകൃതി എന്ന നിലയിൽ ഗ്രാമംമാറിപ്പോകുന്നു. ഗ്രാമത്തിന്റെ പശ്‌ച്ചാത്തലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന്‌ വിജയന്റെ സർഗ്ഗാത്മകബോധം തന്നെ വേണം. എന്നും ഹരികുമാർ പറയുന്നു. ഖസാക്കിന്റെ രചനാകാലത്ത്‌ തന്നെയാണ്‌ മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്‌ എന്ന്‌ പറയപ്പെടുന്നതും .കേരളത്തിൽ അപ്പോഴും ഗ്രാമപ്രകൃതിയുടെ അറിവും നാട്ടറിവും വിശുദ്ധമായ അജ്ഞതകളും നിലനിന്നിരുന്നു. നമ്മുടെ ചലച്ചിത്ര സ്ക്രീനിൽ പ്രേംനസീറും സത്യനും മറ്റും കഴുത്തു വെട്ടിച്ചും ,തുള്ളിക്കുഴഞ്ഞും മരംചുറ്റിപ്രേമം നടിച്ചുകൊണ്ടിരുന്നു. വളരെ പ്രാഥമികമായ കലാസ്വാദനതലം മുതൽ ഉന്നതമായ നാട്യവും (കഥകളി, കൂടിയാട്ടം) അതിഗഹനമായ സംഗീതവും(എം.ഡി.ആർ) ആധുനികത ഉൾപ്പെടെയുള്ള സാഹിത്യ ചിന്താബഹുലവും കേരളത്തിലുണ്ടായിരുന്നു. രണ്ടു കമ്മ്യൂണിസ്റ്റ്‌ ഭരണങ്ങൾ പൊലിഞ്ഞുപോയ കേരളത്തിൽ നക്സൽബാരി സന്ദേശവും പുത്തൻ വിപ്‌ളവ വസന്തത്തിന്റെ ഇടിമുഴക്കങ്ങളും ഖസാക്കിന്റെ രചനകാലത്തിന്‌ സമാനമായി ഉണ്ടായി. എന്നാൽഖസക്ക്‌ രാഷ്‌ട്രീയമായ ധ്വനികൾ ഉള്ള രചനയാണെങ്കിലും അത്‌ സമകാലിക സാംസ്ക്കാരികതയെ ഒഴിവാക്കിക്കൊണ്ട്‌ പുരാവൃത്തത്തിന്റേയും ഒട്ടനവധി അറിവില്ലായ്‌മകളുടേയും പിതൃഭൂമിയായി ,ഖസാക്കിലൂടെ വിജയന്റെ ഭൗതികരൂപത്തിന്‌ സമാനമായ ഒരാൾ അലഞ്ഞു. തന്റെ മനസ്സിലൂടെയും ഖസാക്കിലൂടെയും ഉള്ള അശാന്തമായ അലച്ചിൽ, ഖസാക്കിന്‌ യാത്രയുടേയും പ്രവാസത്തിന്റേയും ഗുപ്ത ഭംഗികൾ നൽകി ഗ്രാമം പ്രകൃതി, കലാസമസ്യകൾ ,യാത്ര, പ്രവാസം, ഏകാന്തത , സ്മൃതിപരമ്പരകൾ , ലൈംഗികതയുടെ കാപട്യമില്ലാത്ത ശുദ്ധമായ അനുഷ്ഠാനങ്ങൾ ,അറിയാതെ ഉള്ളിലേക്ക്‌ പടരുന്ന ഭയസംക്രമണങ്ങൾ ,മഴ, വർത്തമാനകാലം മാത്രമുള്ള അപ്പുക്കിളി , കൽപ്പകവൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ ,കാറ്റ്‌, പന, ഖസാക്കിന്റെ ഷെയ്‌ഖ്‌ തമ്പുരാൻ ,മൈമൂന, ദൈവപ്പെരുമാൾ ,കുട്ടാടൻ പൂശാരി ,വാറ്റ്‌ ചാരായം -ഖസാക്കിന്റെ എല്ലാ ജാലകങ്ങളിലേക്കും വീശിയെത്തുകയാണ്‌` ഹരികുമാർ.
ഖസാക്കിന്റെ ഇതിഹാസമെന്ന കലാസൃഷ്ടി യാഥാസ്ഥിതികർക്ക്‌ ഉള്ളടക്കവും മാധ്യമവുമായി പിളർന്ന്‌ മുറിവ്‌ ആസ്വദിക്കാനുള്ള ഒന്നല്ല എന്ന്‌ ബി.രാജീവൻ. ഈ കലാസൃഷ്‌ടിയുടെ സൂക്ഷമശരീരം വിചിന്തനം ചെയ്യപ്പെടുന്നതിന്‌ അതിനാൽ മറ്റ്‌ രീതികൾ ആവശ്യമായി വരുന്നു. അതിലെ ജൈവസംസ്കൃതിയുടെ ആരവം കേൾക്കുന്നതിന്‌ വിചിത്രയായൊരു ധ്യാന തലം സ്വീകരിക്കുകയാണ്‌ ഹരികുമാർ. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ്‌ ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള -ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു.

ഖസാക്കിലെ ചരാചര പ്രകൃതിയോട്‌ രവി സാന്ദ്രമായൊരു അടുപ്പം സാധിക്കുന്നുണ്ട്‌. അവിടത്തെ മരങ്ങളോടും പെയ്യുന്ന മഴയോടും കുഞ്ഞുങ്ങളോടും വലിയവരോടുമെല്ലാം . വിശുദ്ധമായ കാരുണ്യത്തിന്റെ നഗ്നത ആ മനസ്സിനുണ്ട്‌. സ്ത്രീയിലേക്കുള്ള അയാളുടെ നേർത്ത ആസക്തി പോലും ഈ കാരുണ്യത്തിന്റെ മനസ്സിൽ നിന്ന്‌ രൂപപ്പെടുന്നതാണ്‌. ശുദ്ധമായ ,കലർപ്പില്ലാത്ത ആനന്ദം അവിടെ അയാൾ ആഗ്രഹിച്ചു. യഥാർത്ഥത്തിൽ അതിലെല്ലാം അയാളുടെ സ്വയം പങ്കുവെക്കലും മനസ്സിന്റെ നഗ്നതയുമുണ്ട്‌. ഖസാക്കിന്റെ അന്തർദ്ധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്‌തു ചേർക്കാനുള്ള ഉദ്യമത്തെ ഹരികുമാർ പിൻതുടരുന്നുണ്ട്‌. അഹങ്ങളെല്ലാമൊഴിഞ്ഞ ഒരു ജീവൻ പരിസരപ്രകൃതിയിലേക്ക്‌ സ്വയം നിവേദിക്കുന്ന അനുഭവമാണ്‌ രവിയിൽ കാണുക.
സ്വന്തം ജീവിതം അയാൾ ഭൂമിക്ക്‌ ദാനമായി നൽകുന്നു. 'ഈശ്വരാ ഒന്നുമറിയരുത്‌ .ജന്മത്തിൽ നിന്ന്‌ ജന്മത്തിലേക്ക്‌ തല ചായ്‌ക്കുക എന്നതിൽ ഇഹലോകത്തിൽ നിന്നു വിടുതൽ മാത്രമല്ല ഉള്ളത്‌. ഇഹലോകത്തിലെ മറ്റ്‌ ജന്മങ്ങളിലേക്കും തല ചായ്‌ച്ച്‌ ശമിക്കാനുള്ള ആഗ്രഹം അവിടെയുണ്ട്‌. ഈയൊരു തലം ഹരികുമാർ വിശദീകരിക്കുന്നുണ്ട്‌. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽനിന്ന്‌ കൊണ്ട്‌ തിരക്കിയപ്പോൾ വിജയന്‌ അനേകം മനുഷ്യരുടെ അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം ,അതിന്റെ ഉടലിലേക്ക്‌ ഓരോ നരനും പദാർത്ഥവും അടുത്തടുത്ത്‌ പ്രവേശിക്കുകയാണെന്ന്‌ നാമറിയുന്നു. എന്ന്‌ ഹരി പറയുന്നു.ഖസാക്ക്‌` എത്തിപ്പിടിക്കുന്ന ദാർശനികമായ ഉന്നതികളെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.

എൻ.എസ്‌.മാധവൻ ഉൾപ്പെടെയുള്ള ,തികഞ്ഞ ധൈഷണിക ശേഷി പുലർത്തുന്ന എഴുത്തുകാർ ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട്‌ ഖസാക്കിനെ വിമർശിക്കുവാൻ ശ്രമിക്കുന്ന ഈ വേളയിൽ ഖസാക്കിനെ സൗന്ദര്യത്തിന്റേയും ചിന്തയുടേയും വ്യത്യസ്‌തമായ ചില ഉന്നതികളിൽ നിന്ന്‌ നോക്കിക്കാണാനുള്ള മൗലികമായ ശ്രമം രണ്ട്‌ ദശ്ശാബ്ദങ്ങൾക്കു മുമ്പ്‌ തന്നെ നടന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങളെ ഹരികുമാർ അവതരിപ്പിക്കുകയായിരുന്നു. നിശ്ച്ചയമായും ഈ പുസ്തകം സരളമായ ആഖ്യാനമല്ല . പലപ്പോഴും ഭ്രാന്തമായ പദങ്ങളുടെ ശക്തമായ കാറ്റ്‌ വന്നലയ്ക്കുന്നുണ്ട്‌. എന്നാൽ നമ്മുടെ സാധാരണത്വങ്ങളുടെ നേര്‍ യുക്തികളിൽ നിന്ന്‌ ഖസാക്കിനെ വായിക്കാൻ കഴിയില്ലെന്ന തോന്നലിൽ നിന്നാണ്‌ ഈ പുസ്തകം പിറക്കുന്നത്‌. സാഹിത്യത്തെ വിസ്‌മയം നിറഞ്ഞ കണ്ണുകൊണ്ടും തീചൂടിൽ നിലകൊള്ളുന്ന മനസ്സുകൊണ്ടു സമീപിച്ച ഇരുപത്തിയൊന്നുകാരന്റെ ആവേശം ഈ പുസ്തകത്തിലുണ്ടുതാനും. എന്നാൽ ദുർഗ്രഹത അമൂർത്തത ,ശിഥിലയുക്തികൾ എന്നീ വാദങ്ങൾ ഇതിനെതിരെ ഉയർന്നു. ഉന്നതമായ എഴുത്ത്‌ ,നിശ്ച്ചയമായും അജ്ഞാതസ്ഥലികളിൽ നിന്നുള്ള ഹൃദയസന്ദേശങ്ങള്‍ നമുക്ക്‌ നൽകും എന്ന്‌ ഉറച്ച്‌ വിശ്വസിച്ച ഒരു ചെറുപ്പക്കാരന്റെ പ്രതികരണമാണത്‌. ഒ.വി.വിജയൻ തന്നെ ഈ ശ്രമത്തെ സൗമനസ്യത്തോടെ സ്വീകരിച്ചു എന്നാണ്‌ ഞാൻമനസ്സിലാക്കിയിട്ടുള്ളത്‌. മാറ്റങ്ങൾ കണ്ടുപിടിക്കുന്ന ഡിറ്റക്‌ടീവല്ല സാഹിത്യവിമർശകൻ എന്ന്‌ ഈ പുസ്തകം ഇക്കാലത്ത്‌ നമ്മോട്‌ വിളിച്ചുപറയുന്നു. ആവാസത്തിന്റെ നൻമതിൻമകളൂം ക്രൂരഫലിതങ്ങളും ഉടൽ സംഗീതവും ശബ്ദരഹിതമായ ഇടവേളകളും ഖസാക്കിലൂടെ നോക്കിക്കാണാനുള്ള ശ്രമം
ഇവിടെയുണ്ട്‌ .
നിത്യമായ ധ്വനിക്കുന്ന സംഗീതംപോലെയുള്ള അശാന്തതയിലേക്ക്‌ വാക്കും കാഴ്‌ച്ചയും ബുദ്ധിയും നൈസർഗ്ഗികമായി ചേർന്നു നിൽക്കുന്ന ഖസാക്ക്‌ അനുഭവങ്ങളിലൂടെയുള്ള ആത്മയാനമായി ഈ പുസ്തകം മാറിനിൽക്കുന്നു. ജീവിതത്തിന്റെ അതീതശ്രുതികളും സൗന്ദര്യാധിഷ്ഠിതമായ അയുക്തികളും അന്വേഷിക്കേണ്ടതില്ലെന്ന്‌ വിചാരിക്കുന്നവർ, പരിസരങ്ങളിലെ സൂക്ഷ്‌മ സംഗീതം അപ്രസക്തമാണെന്ന്‌ വിചാരിക്കുന്നവർ ഈ പുസ്തകത്തെ ഒഴിവാക്കുക. പശുക്കൾ വരെ സൂക്ഷ്മമായ സംഗീതം കേട്ടാൽ ഒന്ന്‌ ധ്യാനിച്ചു നിൽക്കും. ഒരു കശാപ്പുമൃഗത്തെപോലെ ഖസാക്കിനെ കാണുന്ന മലയാളത്തിലെ ധൈഷണിക മൂർത്തികളേ നിങ്ങളും ഈ പുസ്തകത്തെ ശകലീകരിക്കുക. കാരണം ഇതിനൊരു പശുത്വം ഉണ്ട്‌. അത്‌ പാട്ട്‌ കേൾക്കും .ജീവിതത്തിലേക്ക്‌ വരുന്ന എല്ലാ സൂക്ഷ്‌മ സംഗീതത്തേയും കൊല്ലാൻ ശ്രമിക്കുന്നവരെ ,ഈ പുസ്തകത്തോട്‌ കരുണ കാണിക്കാതിരിക്കുക.


No comments: