Followers

Monday, July 21, 2025

ആവിഷ്ക്കാര സ്വാതന്ത്യം പല്ലുപോയ സിംഹം /എം.കെ.ഹരികുമാർ

 




എന്താണ് ആവിഷ്കരിക്കാനുള്ളത് ?തോന്നുന്നതെല്ലാം പകർത്തുന്നത് ഈ ഗണത്തിൽപ്പെടില്ല .എന്തെങ്കിലും പുതുതായി പറയാനുണ്ടാകണം.  എന്നാൽ പുതിയതായി യാതൊന്നും കൈയിലില്ലെങ്കിലും ഒരാൾക്ക് എത്രപുറം വേണമെങ്കിലും എഴുതാനൊക്കും. അത് എഴുത്തിനോടുള്ള അതിരുവിട്ട  ആസക്തിയുടെ ഫലമാണ്. പുതിയ ഒരു ആശയമോ ചിന്തയോ സംശയമോ പോലും ഇല്ലാതെ എഴുതുന്നവരാണ് അധികവും .അവർ ആവിഷ്കരിക്കുകയല്ല; തങ്ങളുടെയുള്ളിലെ ഏതോ ഒരു പ്രേരണയിൽ നീങ്ങുന്നവരാണ്. അവർ ലോകത്തെ ആന്തരികമായി ഉണർത്തുന്നില്ല.അവർ സ്വയമൊരു പ്രതിനിധാനമാകുന്നില്ല. മറ്റുള്ളവർ പലപ്പോഴായി എഴുതിയ കാര്യങ്ങൾ ആവർത്തിച്ചു എഴുതിക്കൊണ്ടിരിക്കുകയാണ് .ഈ യാന്ത്രികതയെ മറയ്ക്കാൻ അവർ ചെയ്യുന്ന ഒരു വേലയാണ്  മതദ്രോഹകരമായി എഴുതുക എന്നത്. മതങ്ങളെയോ ദൈവങ്ങളെയോ അപമാനിച്ച് എഴുതിയാൽ വിവാദമുണ്ടാവും. അതിലൂടെ കൂടുതൽ ശ്രദ്ധ കിട്ടുമെന്നു വിചാരിക്കുന്നവരുണ്ട്. സ്വന്തമായി യാതൊന്നും പറയാനില്ലാത്തവർ ഈ വഴി സ്വീകരിക്കാറുണ്ട്. ആശയപരവും തത്ത്വചിന്താപരവും ശൈലീപരവും കലാപരവുമായ അപൂർവ്വ കണ്ടെത്തലുകളെ മാധ്യമങ്ങളോ സാംസ്കാരിക സ്ഥാപനങ്ങളോ എഴുത്തുകാരോ വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല. ചിലർ ഇത്തരം ആഴക്കാഴ്ച്ചകൾ കാണാൻ അശക്തരാണ്.ഇവർ കണ്ടുപിടിക്കുന്ന രക്ഷാമാർഗ്ഗമാണ് ആവിഷ്കാരസ്വാതന്ത്ര്യം എന്ന പിടിവള്ളി .ആവിഷ്കാരസ്വാതന്ത്ര്യം എന്ന തുറുപ്പു കൈയിലുണ്ടെന്നു കരുതി എന്തും എഴുതാമെന്നു വിചാരിക്കേണ്ട .അങ്ങനെയൊരു സ്വാതന്ത്ര്യം എവിടെയുമില്ല .

സ്റ്റാറ്റസ്കോ ഉപേക്ഷിക്കണം

കലാകാരനു ഒറ്റയ്ക്ക് ജീവിക്കാം. ഒറ്റയ്ക്ക് പ്രതിഷേധിക്കാം. അനീതിയെ എതിർക്കാം. സത്യത്തിനു വേണ്ടി പോരാടാം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കാം.  വിഗ്രഹങ്ങളെ തച്ചുടയ്ക്കാം. ഉറച്ചു പോയ ധാരണകളെ തിരുത്താനാണല്ലോ എഴുതുന്നത് .എഴുതുക എന്നു പറഞ്ഞാൽ കേട്ടെഴുതുക, നോക്കിയെഴുതുക , പകർത്തിയെഴുതുക എന്നൊന്നും അർത്ഥമാക്കരുത്.എഴുതുക എന്നാൽ മായ്ച്ചു കളയുക എന്നും അർത്ഥമുണ്ട്; മായ്ച്ചു കളഞ്ഞു പുതിയത് എഴുതുകയാണ്. ഇവിടെ നൂറ്റാണ്ടുകളായി ചിന്തിച്ചു ശീലിച്ചതിന്റെ അടയാളങ്ങൾ ഉണ്ടാകാൻ പാടില്ല .സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടി എഴുതാൻ പോകരുത് .അപ്രിയമായത്, ജീർണിച്ചത് മാറണമെന്നു തീവ്രമായി  ആഗ്രഹിക്കുന്നതുകൊണ്ടാണ് ഒരാൾ എഴുതുന്നത് .അത് അയാളുടെ വിധിയാണ്. 

എഴുത്ത് വളരെ അർത്ഥപൂർണവും കാലങ്ങളോളം നിലനിൽക്കുന്നതും ഒട്ടും ആഘോഷമോ പരസ്യമോ ഇല്ലാത്തതുമായ പ്രവൃത്തിയാണ്. കഴുതയെ കൊണ്ട് ഭാരം എടുപ്പിക്കുക എന്നു പറയുമല്ലോ. അതുപോലെ  ഒത്തുതീർപ്പ് എന്ന കഴുതയുടെ പുറത്ത് വിയോജിക്കുന്നവരുടെ ആശയഭാരമാണ് കയറ്റുന്നത്.ആ കഴുത ചിലപ്പോൾ അത് മനസ്സിലാക്കില്ല. മനസ്സിലാക്കിയില്ലെങ്കിലും ഇഷ്ടക്കേട് കാണിക്കാൻ വേണ്ടി കാലുകൊണ്ട് തൊഴിച്ചെന്നുവരും. അത് കാര്യമാക്കേണ്ടതില്ല .അത് എഴുത്തുകാരൻ എപ്പോഴും പ്രതീക്ഷിക്കണം. അയാൾക്ക് ഈ പ്രവൃത്തിയിൽ സംഘബലം ഉണ്ടാവാൻ പ്രയാസമാണ് .കാരണം അയാൾ ഒരു ആൾക്കൂട്ടത്തിന്റെ ചിന്തകൾ കടമെടുക്കുകയല്ല ചെയ്യുന്നത്. അയാൾ തന്നെ അലട്ടിയ പ്രശ്നത്തിനുള്ളിലേക്കാണ് സഞ്ചരിക്കുന്നത് .എപ്പോഴും ഈ അലട്ടലുണ്ടാകും .എന്താണ് ഈ അലട്ടൽ? യാതൊരു ഉത്തരവും കണ്ടെത്താനാവാത്തതിന്റെ പ്രശ്നമാണ് അതിലുള്ളത്. ജീവിതത്തിനു ഒരുത്തരം ഇല്ലാതാവുകയും ഒരു യുക്തിയും ഫലിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. താൻ ജീവിക്കുന്നു, എന്നാൽ അതിൻ്റെ പരിണതി എന്താണ്? എങ്ങനെയെല്ലാമാണ് ഒരാളുടെ ചിന്തകളുടെ ഉത്തരവാദിത്വം അയാളുടെ മാത്രം കുറ്റമാകുന്നത് ?  ഈ അലട്ടൽ ഒരാളിൽ സൃഷ്ടിക്കുന്ന ആധിയിൽ നിന്നാണ് ചിലപ്പോഴെങ്കിലും എഴുത്തിലേക്ക് തിരിയുന്നത്. എഴുതുമ്പോൾ അതുവരെ നിലനിന്ന, ശരിയെന്നു തെറ്റിദ്ധരിച്ച അഴുകിയ ലോകം തകരുകയാണ് ചെയ്യുന്നത്.

മറ്റുള്ളവരുടെ ദൈവത്തെ നിഷേധിക്കരുത് 

പലർ എഴുതിയത് തുടച്ചുകളയാൻ എഴുത്തുകാരൻ ബാധ്യസ്ഥനാണ്. അങ്ങനെയാണ് അയാൾ താൻ എഴുതുന്നു എന്നു സ്ഥാപിക്കുന്നത്; സ്വയം സ്ഥാപിക്കേണ്ടതുണ്ട്. സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. ഇങ്ങനെയുള്ള ആകുലതകളിൽ നിന്നു ഊർജ്ജം സ്വീകരിച്ച് എഴുതുമ്പോൾ അതോടൊപ്പം ജീവിക്കുന്നു എന്ന സത്യം മറന്നുപോകരുത്. നമ്മെപ്പോലെ ചിന്തിക്കാത്തവരാണ് ഭൂരിപക്ഷവും. ഒരാളെപ്പോലെ അയാൾ മാത്രമാണ് ചിന്തിക്കുക .ഈ അനന്യത എഴുതാൻ പ്രേരണയാവുന്നുണ്ട് .അത് ഒരുകൂട്ടം ആളുകളെ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ വ്യക്തിപരമായ നുണകൾ പ്രചരിപ്പിക്കാനോ , ദൈവങ്ങളെയും മതങ്ങളെയും നിന്ദിക്കാനോ കിട്ടുന്ന ലൈസൻസല്ല . അങ്ങനെ തെറ്റിദ്ധരിക്കരുത്.എഴുത്തുകാരനു  ദൈവത്തിൽ വിശ്വാസമില്ലെങ്കിൽ വേണ്ട. അയാൾ ദൈവവിശ്വാസിയാണെന്നു കള്ളം പറയുകയും വേണ്ട. അയാൾക്ക് ദൈവനിഷേധിയാകാം. പക്ഷേ അത് മറ്റുള്ളവരുടെ ദൈവമാകേണ്ടതില്ല. ഒരു ദൈവത്തിൽ വിശ്വസിക്കാത്തവൻ ആ ദൈവത്തെ എതിർക്കേണ്ടതില്ല. സ്വന്തം ദൈവത്തെ എതിർക്കാം. അത് മറ്റുള്ളവരുടെ ദൈവമാകരുത്. നമുക്ക് മറ്റൊരാളുടെ പവിത്രമായ വിശ്വാസത്തെ ,ആചാരത്തെ, ജീവിതത്തെ കളിയാക്കാനോ പുച്ഛിക്കാനോ അവകാശമില്ല. ആശയപരമായാണ് വിയോജിക്കേണ്ടത്. മഹാന്മാരായ സാഹിത്യകാരന്മാർ ഇത് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.
ഷേക്സ്പിയർ ,ദസ്തയെവ്സ്കി തുടങ്ങിയവർ ഉദാഹരണം. ഷേക്സ്പിയർ മനുഷ്യമനസിലേക്കാണ് സഞ്ചരിച്ചത്. മനുഷ്യൻ്റെ ആഭ്യന്തരലോകം പ്രവചനാതീതമാണെന്നു അദ്ദേഹം കാണിച്ചു തന്നു .ദൈവവും ചെകുത്താനും തമ്മിലുള്ള സംഘട്ടനമാണ് ദസ്തയെവ്സ്കിയുടെ ദ് ഇഡിയറ്റ് ,ബ്രദേഴ്സ് കരമസോവ് തുടങ്ങിയ കൃതികളിൽ ചിത്രീകരിക്കുന്നത്. മനുഷ്യനിൽ ദൈവവും ചെകുത്താനുമുണ്ട് .അവിടെ സംഘർഷമുണ്ട്. ആരാണ് ജയിക്കുക ?എന്നാൽ ദസ്തയെവ്സ്കി ദൈവത്തെ നിന്ദിച്ചില്ല, വിചാരണ ചെയ്യുന്നുണ്ടെങ്കിലും .അത് ദസ്തയെവ്സ്കിയുടെ ദൈവമായിരുന്നു; റഷ്യാക്കാരുടെ ദൈവമല്ലായിരുന്നു.

ഗ്രീക്ക് നോവലിസ്റ്റ് കസൻദ്സാക്കിസ് 'ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനം' എഴുതി. അദ്ദേഹത്തിനു അപാരമായ സിദ്ധികളുണ്ടായിരുന്നു. Zorba the Greek തുടങ്ങിയ കൃതികൾ അത് വ്യക്തമാക്കിത്തരുന്നുണ്ട്. എന്നാൽ ക്രിസ്തുവിനെ എന്തിനാണ് വ്യക്തി എന്ന നിലയിൽ വിലയിരുത്തുന്നത്? ക്രിസ്തു കേവലം ഒരു സാധാരണ വ്യക്തിയായല്ല ഈ ലോകത്ത് നിലനിൽക്കുന്നത്.കോടിക്കണക്കിനാളുകളുടെ ആരാധനയുടെയും അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും പ്രശ്നമാണ്. ക്രിസ്തു ഒരു വ്യക്തിയല്ല; ഒരു കാലമാണ് ,മനുഷ്യരുടെ ആലോചനയുടെ ,പ്രാർത്ഥനയുടെ കൂട്ടമാണ്. ക്രിസ്തു ഒറ്റയ്ക്ക് ജീവിച്ചതിൻ്റെയോ അനുഭവിച്ചതിന്റെയോ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലല്ല കാലം പിന്തുടരുന്നത്. വചനവും പ്രവൃത്തിയുമാണ് നോക്കുന്നത്. അതിനെ കുത്തി നോവിച്ച് നോവലിസ്റ്റ് ഒരു സാഡിസ്റ്റാകേണ്ട സാഹചര്യം സൃഷ്ടിക്കേണ്ടതില്ല. എഴുത്തുകാരനു ദൈവനിന്ദയിൽ ഏർപ്പെടണമെന്നുണ്ടെങ്കിൽ അത് സർഗാത്മകമായി ചെയ്യാം. ബുദ്ധിപരമായി പ്രമേയത്തെ ക്രമീകരിക്കണം .കസൻദ്സാക്കിസ് ചെയ്തത് 
ക്രിസ്തുവിനെ സാധാരണ മനുഷ്യനായി കണ്ട് വിചാരണ ചെയ്യുകയായിരുന്നു. ക്രിസ്തുവിൻ്റെ ലൈംഗിക ചോദന തിരയേണ്ട ആവശ്യമെന്താണ്? ആ നിലയിലല്ല ക്രിസ്തുവിനെ ആളുകൾ കാണുന്നത് .ക്രിസ്തുവിന്റെ സന്ദേഹങ്ങളും പ്രലോഭനങ്ങളും  തിരയുക വഴി നോവലിസ്റ്റ് ആരാധിക്കുന്നവരെ ആശങ്കയിലാഴ്ത്തി. താൻ കുരിശേറുന്നതിൻ്റെ ആവശ്യമെന്തെന്നു ക്രിസ്തു ആലോചിക്കുന്നതായി നോവലിസ്റ്റ് എഴുതുന്നു. ക്രിസ്തുവിൻ്റെ  ദൈവികതയെ റദ്ദാക്കാൻ ശ്രമിച്ചതാണ് നാം കാണുന്നത്‌ .ഇത്  ആവിഷ്കാരത്തിന്റെ പേരിൽ നടന്ന ദുസ്വാതന്ത്ര്യമാണ്.കസൻദ്സാക്കീസ് ക്രിസ്തുവിനെയല്ല വ്യക്തിപരമായി അന്വേഷിക്കേണ്ടിയിരുന്നത്. തൻ്റെ സാഹിത്യകൃതിക്ക് വേണ്ടി മറ്റൊരു ക്രിസ്തുവിനെ സൃഷ്ടിക്കേണ്ടിയിരുന്നു. അത് വേറൊരു കഥാപാത്രമാവണം. വേറൊരു പേര് അതാവശ്യപ്പെടുന്നുണ്ട്. അതിലൂടെ നോവലിസ്റ്റിനു ഈ വിചാരണ തുടരാനാവും.

നിരന്തരം അന്വേഷിക്കുക 

റുമേനിയൻ -ഫ്രഞ്ച് നാടകകൃത്ത് യുജിൻ അയനെസ്കോ എഴുതിയ 'കാണ്ടാമൃഗം'(Rhinoceros) എന്ന നാടകത്തിൽ ഒരു നഗരത്തിലെ മനുഷ്യർ കാണ്ടാമൃഗങ്ങളായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ബെറിംഗർ എന്ന എഴുത്തുകാരനാണ് ഇതിനു സാക്ഷി. അയാൾ ഒറ്റപ്പെടുന്നു. അയാൾക്ക് ആരോടും ആശയവിനിമയം സാധിക്കുന്നില്ല. അയാളുടെ സുഹൃത്തുക്കൾ കാണ്ടാമൃഗങ്ങളായി മാറിയിരിക്കുന്നു.കാണ്ടാമൃഗക്കൾക്കറിയില്ല തങ്ങൾ മനുഷ്യരായിരുന്നുവെന്ന്.  ഭൂരിപക്ഷം പേരും ഒരു അന്ധതയിലേക്ക് അനുരഞ്ജനപ്പെടുന്നതിനെയാണ് നാടകകൃത്ത് വിമർശിക്കുന്നത്. എന്നാൽ നേരിട്ടുള്ള, വളരെ പ്രകടമായ ഒരു വിമർശനമല്ല; സർഗാത്മകമായ, ബുദ്ധിപരമായ പ്രതിഷേധമാണിത്. നാടകകൃത്തിൻ്റെ രചനാപരമായ സാമർത്ഥ്യമാണിത്. അങ്ങനെയാണത്  ചിത്രീകരിക്കേണ്ടത് .അത് കാണുന്നവർ തങ്ങളുടെ ഭാവനയ്ക്കും ബുദ്ധിക്കും അനുസരിച്ചാണ് ഉൾക്കൊള്ളേണ്ടത്. ഒരു പ്രസ്താവന പോലെ ലളിതമായി അത് ചെയ്യാൻ പാടുള്ളതല്ല. അയനെസ്കോ ഈ സമൂഹത്തിലെ എല്ലാ പ്രബലസ്ഥാപനങ്ങളെയും രാഷ്ട്രീയ സദാചാരത്തെയും മാമൂലുകളെയും ജനങ്ങളെയും ജീവിതകാലം മുഴുവൻ ഒരു ചരടിൽ കോർത്തിടുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റ് പ്രഹരിക്കുകയാണ്.എന്നാൽ അത് കാണുന്നവർക്ക്, വായിക്കുന്നവർക്ക് തങ്ങളെ വ്യക്തിപരമായി ദ്രോഹിക്കാൻ, കളിയാക്കാൻ വേണ്ടി ചെയ്തതാണെന്നു തോന്നുന്നില്ല. ഇതാണ് കലയുടെ മാജിക്. കലാപരമായ അവതരണത്തിനാണ് പ്രാമുഖ്യം.വളരെ വ്യക്തമായ, സ്ഥൂലമായ, പ്രകടമായ പ്രസ്താവനകൾക്കോ സ്ഥാപിക്കപ്പെടലുകൾക്കോ സർഗാത്മകതയുടെ പിൻബലം കിട്ടില്ല.
കല നിരന്തരം അന്വേഷിക്കാനുള്ള ഒരു സാധ്യത അവശേഷിപ്പിക്കേണ്ടതുണ്ട്.

എഴുത്തുകാരൻ തേടേണ്ടത് തൻ്റെ അസ്തിത്വപരമായ സമസ്യകളാണ്. അതിൽ രാഷ്ട്രീയവും മതവും കലർന്നേക്കാം. അപ്പോഴും അതിൻ്റെ ആവിഷ്കാരം കാലാപരമായിരിക്കണം .'ദൈവമില്ലെങ്കിൽ എന്തും അനുവദനീയമാണ്' - ദസ്തയെവ്സ്കി എഴുതി. ചിന്തയിൽ ദൈവം മരിക്കുകയാണെങ്കിൽ ആർക്കും എന്തും ചെയ്യാമെന്ന നിലവരും. ധാർമികമായ ,സദാചാരപരമായ അവലംബമില്ലാതാകും.  മനുഷ്യമനസിലുള്ള ദൈവം ഒരു തിരുത്തൽ ശക്തിയായിരിക്കുന്നിടത്താണ് മതം പ്രവർത്തിക്കുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി ഒരു ക്രൂരജീവിയാണ് .അവനിലെ തെമ്മാടിയെ നിയന്ത്രിക്കാനാണ് ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവം അവൻ്റെ മനസിലാണുള്ളത്. മനസ്സിലെ ദൈവം മനസ് ഇല്ലാതാകുന്നതോടെ തിരോഭവിക്കും .ഒരു ഭ്രാന്തൻ്റെ മനസിൽ ദൈവമില്ലല്ലോ. അവൻ ദൈവത്തെ നഷ്ടപ്പെട്ടവനാണ്. ദൈവവിചാരം നഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് പിന്നെ ആശ്രയിക്കാനുള്ളത് ജനാധിപത്യത്തിലും നിയമത്തിലുമൊക്കെയാണ്. നിയമങ്ങൾ എപ്പോഴും നമ്മെ  നിയന്ത്രിക്കണമെന്നില്ല. ശിക്ഷ കൊടുക്കണമെങ്കിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്നു സ്ഥാപിക്കപ്പെടേണ്ടതുണ്ട്. അതിനു തെളിവുകളും വിചാരണയും വേണം. മനുഷ്യമനസിലെ തെറ്റുകൾക്ക് നിയമങ്ങളെ പേടിക്കേണ്ടതില്ല. അതിനു എന്തിനാണ് തെളിവുകൾ ?അവിടെ വിചാരണ നേരിടേണ്ടതില്ല.എന്നാൽ മനസ്സാക്ഷി അല്ലെങ്കിൽ സത്യവുമായുള്ള മുഖാമുഖം മനുഷ്യമനസ്സിലുണ്ടായാൽ മനസ്സിനെ സ്വയം നിയന്ത്രിക്കാൻ തോന്നും. 

പാദപതനശബ്ദത്തിൽ ബുദ്ധിസം 

നാം നടക്കുമ്പോൾ കാൽപാദങ്ങൾ മണ്ണിൽ പതിയുന്ന ശബ്ദം കേൾക്കാം. ആ ശബ്ദത്തിനു കാതോർക്കാൻ കഴിവുള്ളവർക്ക് അതിൻ്റെ സംഗീതം കേൾക്കാം. പാദപതനങ്ങളുടെ സംഗീതം. അത് ആസ്വദിക്കാനുള്ളതാണ്. അതിൽ സ്നേഹവും ആത്മനിർവൃതിയും അപരസ്നേഹവുമുണ്ട് .നമ്മളാണ് കാലുകൾ വയ്ക്കുന്നത്. ഓരോ കാൽവെപ്പും അർത്ഥപൂർണ്ണമാകണമെന്നു ആഗ്രഹിക്കുമ്പോൾ മറ്റുള്ളവരെ ദ്രോഹിക്കാൻ തോന്നുകയില്ല. കാൽപാദങ്ങളുടെ സംഗീതം വിശ്വാസമാണ് ,ആത്മവിശ്വാസമാണ്. നമ്മുടെ സ്വന്തം സംഗീതമാണത് പുറപ്പെടുവിക്കുന്നത് .നമ്മളോടുള്ള സ്നേഹത്തിൻ്റെ ഭാഷയാണത്. അതിൽ ആത്മനിർവൃതിയുള്ളതുകൊണ്ട് സ്വയം നന്നാവണമെന്ന ഒരാഹ്വാനമുണ്ട്. അതിനാൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു ചിന്തയ്ക്ക് അവിടെ പ്രസക്തിയില്ല. സ്വയം നന്നാവാൻ ശ്രമിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്യുമ്പോൾ അർത്ഥവത്തായ ഒരു ജീവിതക്രമം തുടങ്ങുകയായി. ആ കാലടിശബ്ദം സംഗീതമായി ആസ്വദിക്കുമ്പോൾ അത് പരോപകാര പ്രവർത്തനത്തിന്റെ നിശ്ശബ്ദമായ അനുവാദവും പ്രേരണയുമാണ്. അവനവനോടു തന്നെയുള്ള ആഹ്വാനം. അതാണ് പ്രവർത്തനമാകുന്നത്. അതിലാണ് ദൈവമുള്ളത്.ശ്രീനാരായണഗുരു പറഞ്ഞ 'പ്രവൃത്തിയിലെ ദൈവം' ഇതാണ്. സദ്പ്രവൃത്തികളാണ് ഉദ്ദേശിച്ചത്. മറ്റുള്ളവർക്ക് പ്രിയങ്കരമായത് ചെയ്യുക. അപ്പോൾ സുഖം ലഭിക്കും. സ്വന്തം പാദചലനങ്ങളുടെ ശബ്ദത്തിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നതാണ് ബുദ്ധതത്ത്വത്തിലടങ്ങിയിരിക്കുന്ന സാരം. ഇതുതന്നെയായിരിക്കണം ആവിഷ്ക്കാരത്തിൻ്റെയും മർമ്മം .ആവിഷ്കാരം അവനവനിലേക്കു തന്നെയുള്ള ഒരു സഞ്ചാരമാണ് .

No comments: