Followers

Sunday, December 23, 2007

ഈ ഇലകളില്‍ സ്‌നേഹംdec23



ഈ ഇലകളില്‍ സ്‌നേഹം


ഈ ഇലകള്‍ കൊണ്ട്‌
എനിക്ക്‌ കഞ്ഞികോരി
കുടിക്കാന്‍
അമ്മ കുമ്പിളുണ്ടാക്കി
തന്നിട്ടുണ്ട്‌.
അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന്
ഇപ്പോഴറിയുന്നു.
അന്ന് കഞ്ഞി കുടിക്കാത്ത
എന്നെ അതിലേക്ക്‌
ആകര്‍ഷിക്കാനായിരുന്നു
അമ്മ് കുമ്പിളുണ്ടാക്കിയത്‌.
ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്
കഞ്ഞി കുടിക്കു എന്ന് ആരും
പറയുന്നില്ല.
ആ കഞ്ഞിയില്‍ വെള്ളത്തിനും
വറ്റിനും പുറമേ
മറ്റൊന്നുകൂട്ടിയുണ്ടായിരുന്നു.
അമ്മയുടെ മനസ്സ്‌.
അത്‌ കിട്ടണമെങ്കില്‍
കൂത്താട്ടുകളത്ത്‌ തന്നെ പോകണം
ആശാന്‍റ്റെ കളരിയില്‍
പേടിച്ചിരിക്കുന്ന എനിക്ക്‌
വാട്ടിയ വാഴയിലയില്‍
അമ്മ കൊണ്ടുവന്ന്
തരാറുണ്ടായിരുന്ന
പൊതിച്ചോറിന്‍റ്റെ ഗന്ധം,
ഭീതിയും സ്‌നേഹവും നിറച്ച്‌
ഇപ്പോഴും എന്നെ ചലിപ്പിക്കുന്നു.
ആ ഗന്ധം ഇപ്പോള്‍
അപൂര്‍വ്വമാണ്‌.
ജീവിതത്തിന്റെ വരണ്ട ,
സ്നേഹരഹിതമായ
യാത്ര മടുക്കുമ്പോള്‍,
ഞാന്‍ ഒരു വാഴയില
കീറിയെടുത്ത്‌ വാട്ടി ചോറ്‌
വിളമ്പി അമ്മയുടെ
ആ പഴയ ഗന്ധം കിട്ടുമോയെന്ന്
നോക്കാറുണ്ട്‌.
വാഴയിലപോലും
എന്നെ മറന്നുവോ?
വാഴയിലയ്‌ക്ക്‌
എന്നെ മനസ്സിലാവുന്നില്ലെനുണ്ടോ?

മിത്രമേ,
ഇതു തൊണ്ണൂറ്റിയൊന്‍പതാമത്‌ പോസ്‌റ്റാണ്‌.
നൂറാം പോസ്‌റ്റ്‌ വിശേഷാല്‍ പതിപ്പാണ്‌.
ശ്രദ്ധിക്കുമല്ലോ.