സി.ജെ.തോമസിൻ്റെ കുറുക്കുവഴികൾ ,തകർച്ച എന്നീ ലേഖനങ്ങൾ
ഒരു
ആദർശമനുഷ്യൻ എന്ന സ്വപ്നം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണോ? അമ്പതുകളിലും
അറുപതുകളിലും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും അത് ഒരു വലിയ
പ്രതീക്ഷയായിരുന്നു. അധികാരമോ സമ്പത്തോ അല്ല ആദർശത്തെ സൃഷ്ടിക്കുന്നത്. ഒരു
ജീവിതരീതിയാണ്. അതിൽ ഗാന്ധിസമുണ്ട്, ബുദ്ധിസമുണ്ട് ,ഗുരുദർശനമുണ്ട്.
മനുഷ്യൻ ഒരു മരിക്കാത്ത പദമാണ്; അങ്ങനെയാകണം. ആ ലക്ഷ്യത്തെ മുന്നിൽ കണ്ടു
പ്രവർത്തിച്ച ധാരാളം പേരുണ്ട്. അവരുടെ വംശം ഏതാണ്ട് കുറ്റിയറ്റ നിലയിലാണ്
.മനുഷ്യത്വം എന്ന സ്വപ്നം പുസ്തകത്തിലെ ഒരു കടലാസിലൊതുങ്ങുമോ?
ടെക്നോളജിയുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകളുടെയും ഇടയിൽ മനുഷ്യൻ എന്ന
പദം വേറൊരുതലത്തിൽ പരിണമിച്ചിരിക്കുന്നു. പലരുടെയും മനസ്സിൽ
മനുഷ്യനെക്കുറിച്ചുള്ള ആദർശാത്മകസ്വപ്നങ്ങൾ തിരോഭവിക്കുകയാണ്. പകരം ലാഭവും
നഷ്ടവുമൊക്കെയാണ് ആധിപത്യം പുലർത്തുന്നത്. സി.ജെ. തോമസിന്റെ 'തകർച്ചകളുടെ
കാലം'(1951)എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'നമ്മുടെ നാട്ടിലെ
തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്ക് ജനാധിപത്യം എന്ന ആശയം തന്നെ ദഹിക്കാതെ
വന്നേക്കാം. അതുകൊണ്ടായിരിക്കണമല്ലോ ചിലർ ജനകീയ ജനാധിപത്യമെന്നും മറ്റും
പുനരുക്തിപ്രയോഗം നടത്തുന്നത്. അപ്പോൾ അവിടെ കുഴപ്പമില്ല. സംസ്കാരം,
സന്മാർഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്ത് വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ
നിവൃത്തിയില്ല. അത്ഭുതദർശനങ്ങളും അമെരിക്കൻ അർദ്ധനഗ്നകളും മറ്റുമാണ് ഇവയുടെ
കുത്തുക ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ നിലവിലുള്ളതിനെ ഓരോന്നോരോന്നായി
എടുത്തു പറഞ്ഞിട്ട് കാര്യമില്ല. അവ ഓരോന്നായി തകരുകയാണ്.'
ജീവിതം ഒരു നുണയോ ?
സി.ജെ
ഒരു പ്രവാചകനെ പോലെ പറയുകയാണ് .അദ്ദേഹം ഇന്നത്തെ അതിഭയാനകമായ
മനുഷ്യത്വരാഹിത്യവും സാംസ്കാരികമായ അധ:പതനവും കലാരംഗത്തെ മൂല്യത്തകർച്ചയും
മുൻകൂട്ടി കണ്ടിരുന്നുവെന്നല്ലേ ഇതു സൂചിപ്പിക്കുന്നത്. ഒരു
സംഘടിതവിശ്വാസത്തിനും ആദർശം വേണ്ട; സന്മാർഗം ഒരു സ്വപ്നം പോലെ അകന്നു
പോവുകയാണ്. ജീവിതം ഒരു നുണയായി പരിണമിച്ചിരിക്കുന്നു. ഒരു കഥയിൽ പോലും
ഇന്നു മനുഷ്യൻ്റെ ജീവിതത്തിലെ നേർക്കാഴ്ചകൾ കാണാനില്ല. കാട്ടിൽ പോയി പുലിയെ
കറിവെച്ച് കഴിക്കുന്നതിനെക്കുറിച്ചുള്ള കഥകളാണ് എഴുതപ്പെടുന്നത്.
കലയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വ്യാമോഹങ്ങൾ അസ്തമിച്ചുവെന്നു
സി.ജെ പറഞ്ഞത് ഇന്നു കൂടുതൽ തെളിമയോടെ കാണാവുന്ന സത്യമാണ്. കലയുടെ
പ്രയോക്താക്കൾ ഉള്ളടക്കം തന്നെ നഷ്ടപ്പെടുത്തി അധികാരത്തിന്റെയും
പദവിയുടെയും പിന്നാലെ പായുകയാണ്. ഒരുകാലത്ത് ആധുനികരെന്നു അവകാശപ്പെട്ടു
കൊണ്ട്, എല്ലാറ്റിനെയും തള്ളിപ്പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കിയവരുണ്ട്. അവർ
ഇന്നു പാർട്ടികളിൽനിന്നും വ്യവസ്ഥാപിത സമൂഹത്തിൽനിന്നും 'അംഗീകാരം' നേടാൻ
വേണ്ടി ഏതറ്റം വരെയും പോവുകയാണ് .അംഗീകാരങ്ങൾക്ക് പുല്ലുവില എന്നു
പെരുമ്പറ മുഴക്കിയവർ ഇപ്പോൾ ബാലസാഹിത്യ അവാർഡുകൾ പോലും
തട്ടിയെടുക്കുകയാണ്. അംഗീകാരങ്ങളിൽ പുളകം കൊള്ളുന്നു, കിനാവ് കാണുന്നു.
ഒരു വിമതസാഹിത്യകാരൻ എന്ന സങ്കല്പം ഉയർത്തിക്കൊണ്ടുവന്ന്, ഒരു റിബൽ പരിവേഷം
കൽപ്പിച്ചു കൂട്ടി സമ്പാദിച്ചവർ പിന്നീട് അതെല്ലാം ഉപേക്ഷിച്ച്
കക്ഷിരാഷ്ട്രീയത്തിലേക്കും വ്യക്തിപരമായ അംഗീകാരങ്ങളിലേക്കും
പദവികളിലേക്കും സ്വാർത്ഥതയോടെ കൂറുമാറുകയാണ്. ഇതാണ് നമ്മുടെ സാംസ്കാരികലോകം
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ നേരിട്ട വലിയ വെല്ലുവിളി .എന്നാൽ
താനൊരു വിമതനാണെന്നും പ്രക്ഷോഭകാരിയാണെന്നും വിളിച്ചു പറയാതിരിക്കുകയും ഓരോ
രചനയിലൂടെയും എതിർപ്പും പ്രക്ഷോഭവും സ്പഷ്ടമാക്കുകയും ചെയ്ത യു.പി ജയരാജ്,
ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർ ഒരുതരത്തിലും അംഗീകാരത്തിൻ്റെ
പിന്നാലെ പോയിരുന്നില്ല. അവർ തങ്ങളുടെ കഥകളിലാണ് വിശ്വസിച്ചത്. കാക്കനാടൻ
ഉന്നതമായ പ്രകാശഗോപുരമായിരുന്നു. കാക്കനാടൻ തൻ്റെ പ്രക്ഷോഭം
നിലനിർത്തുകയാണ് ചെയ്തത്. അദ്ദേഹം പദവികൾക്കു പിന്നാലെ ഓടിയലഞ്ഞില്ല
.നാമമാത്രമായ പദവികളിലൂടെ കിട്ടുന്ന പ്രശസ്തിയെ അദ്ദേഹം അവിശ്വസിക്കുകയാണ്
ചെയ്തത് .
പൊള്ളയായ പോരാട്ടങ്ങൾ
എന്താണോ
എഴുതുന്നത് അതിൽ എഴുതുന്നയാൾ ഉണ്ടാവണം. അതാണ് ജയരാജും ഉണ്ണികൃഷ്ണൻ
തിരുവാതിയോടും കാക്കനാടനും പാലിച്ചത്.അവർ ഇപ്പോഴും എഴുതിയതിൻ്റെ
മൂല്യത്തിൽ ജീവിക്കുന്നു. മലയാളകഥയുടെ യഥാർത്ഥ വായനക്കാർ ഇവരിലേക്ക് തന്നെ
തിരിച്ചു വരാതിരിക്കില്ല. സാംസ്കാരത്തിൻ്റെ 'വക്താക്കളുടെ' ഈ തകർച്ചയാണ്
ഏറെ വിഷാദമുണ്ടാക്കുന്നത്. സി.ജെയുടെ 'തകർച്ചകളുടെ കാലം' എന്ന ലേഖനം അതാണ്
ദീർഘദർശനം ചെയ്തത് .കലാരംഗത്തുള്ളവരുടെ ആദർശപ്രസംഗങ്ങളും
വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളും പൊള്ളയാണെന്നു അദ്ദേഹം
തുറന്നെഴുതുന്നു. "ചിന്ത തലച്ചോറെന്ന വസ്തുവിന്റെ ഒരു ഭാഗമാണ്.തലച്ചോറ്
ഉണ്ണുന്ന ചോറിൻ്റെ ഫലമാണ്. ഉണ്ണുന്ന ചോറ് സമുദായം ഉണ്ടാക്കുന്നതാണ്.
അതുകൊണ്ട് ഉത്തരം എളുപ്പത്തിൽ കിട്ടി .നമ്മുടെ ആശയങ്ങളും ആദർശങ്ങളുമെല്ലാം
സമുദായം ഉണ്ടാക്കിത്തീർത്തതാണ്. (തെറ്റിയാലെന്താ പാട് ,താനല്ലല്ലോ
തീരുമാനിച്ചത്,സമുദായമല്ലേ?)ഇങ്ങനെ ചിന്തയുടെ ഉത്തരവാദിത്വം പോലും
സമുദായത്തിന്റെ പുറത്ത് കെട്ടിവച്ച് കൈയിൽ കിട്ടിയ വിശ്വാസത്തെയും
മുറുകെപ്പിടിച്ച് അവർ ഇരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം
അന്വേഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു .സനാതനസത്യം കണ്ടെത്തിയിരിക്കുന്നു
.അത് ചോദ്യം ചെയ്യപ്പെട്ടാലും അവർക്ക് കുലുക്കമില്ല.' ഇക്കൂട്ടർ തങ്ങളുടെ
രഹസ്യമായ താൽപര്യങ്ങളുടെ നേട്ടത്തിനായി യാതൊരു യുക്തിവിചാരത്തിലേക്കും
പോകാതെ ഒരു മരവെപ്പിൽ അമരുകയാണ് .ഇവർ വായനക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഇവരെ
വിശ്വസിച്ച് വായിച്ചവരൊക്കെ വഴി തെറ്റിപ്പോയി. വായനക്കാരൻ്റെ തലയിൽ ദുരന്തം
കയറ്റിവെച്ച ഇവർ സ്വന്തം കാര്യങ്ങൾ നേടുമ്പോൾ വായനക്കാർ
വിസ്മരിക്കപ്പെടുന്നു. ഇവർക്ക് തിരിഞ്ഞുനോക്കാൻ ഒന്നുമില്ല. യാതൊരു
പ്രിയപ്പെട്ട ഓർമ്മകളും അവർക്കില്ല .പ്രിയപ്പെട്ട ഒരിടമോ ബന്ധമോ
അവർക്കില്ല. നിലവിലുള്ള സമുദായത്തിന്റെ വാശികളോടു ,ദുരാഗ്രഹങ്ങളോടു
ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഈ പൂർവ്വകാല വിമതർ ചെയ്യുന്നത് .അവർക്ക്
ഉപേക്ഷിക്കാനുള്ളത് അവരുടെ പൊയ്ക്കലൻ വിമതത്വം മാത്രമാണ്.
സി.ജെ.തുടർന്നെഴുതുന്നു:'ഇതുതന്നെയാണ് ഇന്നത്തെ കുഴപ്പം; കുഴപ്പമുണ്ട്
എന്ന വാസ്തവം മനസ്സിലാക്കാൻ തന്നെയുള്ള കഴിവില്ലായ്മ .ഓരോ വിശ്വാസവും
രൂപീകരിക്കാൻ ചെലവാക്കിയ ചിന്തയുടെ അനേകമിരട്ടി പ്രചരിപ്പിക്കാൻ വേണ്ടി
ചിലവാക്കപ്പെടുന്നു. അവയ്ക്ക് അംഗീകാരം കിട്ടി. ശ്രദ്ധ തത്ത്വത്തിൽ നിന്നു
പ്രസരണത്തിലേക്ക് തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്ന് വിറ്റവനും
വാങ്ങിയവനും അറിഞ്ഞുകൂടാ. പക്ഷേ, അത് കുറെ മനുഷ്യമനസ്സുകളിൽ
ഉറഞ്ഞുപിടിച്ചുകഴിഞ്ഞു .ആരെങ്കിലും അതിലെ ചളി കുത്തിയിളക്കിയാൽ, അയാൾ
കൺഫ്യൂഷൻ പരത്തുകയാണ്.' ഇതുതന്നെയാണ് ഇപ്പോഴും കാണാനാകുന്നത്. വ്യവസ്ഥിതിയെ
ചോദ്യം ചെയ്തവർ ആയുധം താഴെ വച്ച് കീഴടങ്ങിയെന്നു എഴുതിയാൽ അതിനെതിരെ അവർ
വാളെടുക്കും .കൺഫ്യൂഷൻ പരത്തുകയാണെന്നു ആരോപിക്കും.
വിമർശനമില്ലെന്നു സ്ഥാപിക്കൽ
അതുകൊണ്ടാണ്
ഇതെല്ലാം കണ്ടിട്ടും നമ്മുടെ യുവജന സാംസ്കാരിക വേദികളും സാഹിത്യവേദികളും
നിശ്ശബ്ദരായിരിക്കുന്നത്. അവരിൽ ഒരാൾ പോലും മിണ്ടുന്നില്ല. നിശ്ശബ്ദത ഒരു
രോഗം പോലെ പടരുകയാണ്. അതുകൊണ്ടാണ് യാതൊരു വിമർശനവും സാഹിത്യത്തിൽ
ഉയരുന്നില്ലെന്നു സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇ.പി. രാജഗോപാലൻ്റെ
നേതൃത്വത്തിൽ സാഹിത്യോത്സവത്തിൽ സംവാദം സംഘടിപ്പിക്കുന്നത്.ഇവിടെ
വിമർശനമില്ലെന്നു സ്ഥാപിക്കേണ്ടത് പലരുടെയും ആവശ്യമാണ്. അതിനു
ചൂട്ടുപിടിക്കുകയാണ് ഇ.പി.രാജഗോപാലിൻ്റെ ദൗത്യം.
ഒരു
യുവാവിനു പോലും ആദർശം എന്ന സങ്കല്പമില്ല. പ്രായോഗിക വിജയം മാത്രമാണ്
ലക്ഷ്യം. വ്യക്തിപരമായി ഒരു തത്ത്വചിന്തയോ സംസ്കാരമോ വേണമെന്നില്ല. എന്നാൽ
ഓരോ പ്രവർത്തിക്കും കനത്ത പ്രതിഫലം വേണം. വിജയിപ്പിക്കാൻ വേണ്ടി എന്തു
മാർഗ്ഗവും സ്വീകരിക്കുന്നവരെ സി.ജെ 'കുറുക്കുവഴികൾ' എന്ന ലേഖനത്തിൽ
വിമർശിക്കുന്നുണ്ട്. ലക്ഷ്യത്തിൻ്റെ കാര്യം ഓർക്കുമ്പോൾ മാർഗം
വഴിതെറ്റിപ്പോകും. 'ലക്ഷ്യം സ്വീകരിക്കുന്നതുതന്നെ വളരെ ആലോചിച്ചതിനുശേഷം
വേണം' എന്നു സി.ജെ മുന്നറിയിപ്പു നല്കുന്നുണ്ട്. എന്തിനാണ് ഒരു ലക്ഷ്യം
എന്നാലോചിക്കണം. ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെങ്കിൽ അത് നല്ലതാണോയെന്നു
ചിന്തിക്കണം. ലക്ഷ്യം നേടാൻ ഉത്സുകരാകുന്നവർക്ക് പല പരീക്ഷകളെ നേരിടേണ്ടി
വരും. അതാണ് കുറുക്കുവഴികൾ തിരഞ്ഞെടുക്കാൻ കാരണം. സ്വതന്ത്രമായി
ചിന്തിക്കുന്നവർ ഇല്ലാതാവുന്നത് ഇങ്ങനെയാണ്. ബുദ്ധിപരമായ അടിമത്തവും
സാംസ്കാരികമായ വ്യക്തിത്വ രാഹിത്യവും ഇത്രത്തോളം ഭീകരമായി കാണപ്പെട്ട ഒരു
കാലം കേരളപ്പിറവിക്ക് ശേഷം ഉണ്ടായിട്ടില്ല. സാഹിത്യരംഗത്ത് നവാഗതർ പോലും
സാംസ്കാരിക സദാചാരത്തെ ഉപേക്ഷിച്ചു ഭൗതികമായ നേട്ടത്തിനായി വ്യക്തിബന്ധങ്ങൾ
ഉപയോഗിക്കുന്നു.
സി.ജെയുടെ വാക്കുകൾ :'ഒന്നാമത്, നേരെയുള്ള
വഴിയേക്കാൾ നീളം കുറഞ്ഞ കുറുക്കുവഴി ഇല്ല. രണ്ടാമത് നിങ്ങളെത്തുന്ന
ലക്ഷ്യം തെറ്റാണെങ്കിൽ തിരിഞ്ഞു നടക്കാൻ പ്രപഞ്ചം നിങ്ങളെ അനുവദിക്കുകയില്ല
.അങ്ങെത്തിക്കഴിഞ്ഞ് എല്ലാം സാധിച്ചുകൊള്ളാം എന്ന് നിങ്ങൾ വിചാരിക്കുന്നു.
അങ്ങനെയെങ്കിൽ കൂലിയും കൈക്കൂലിയും കൊടുത്ത് മതത്തിൽ ആളുകളെ
ചേർക്കുന്നതിനെപ്പറ്റി നിങ്ങൾ എന്തു പറയുന്നു?"
സ്വന്തം രചനയിൽ വിശ്വാസമില്ലാത്തവർ
സ്വന്തം
രചനയുടെ, ടെക്സ്റ്റിന്റെ, കഥയുടെ, കവിതയുടെ ബലത്തിൽ ജീവിക്കാമെന്ന
വിശ്വാസം പല എഴുത്തുകാർക്കും നഷ്ടപ്പെട്ടു .അവർ ഒരു വാണിജ്യതന്ത്രത്തെയാണ്
പയറ്റുന്നത്. അടുത്തിടെ ഒരു നോവലിസ്റ്റ് തൻ്റെ നോവലിന്റെ പരസ്യത്തിനു ഒരു
രാഷ്ട്രീയനേതാവിനെ കൊണ്ട് പ്രശംസാവാചകം വീഡിയോയിൽ റെക്കോർഡ് ചെയ്ത്
പ്രചരിപ്പിരുന്നു. സാഹിത്യവിമർശനം രാഷ്ട്രീയ പ്രവർത്തകർ ഏറ്റെടുത്തതല്ല
;എഴുത്തുകാർക്ക് സ്വന്തം രചനയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്.
മലയാളത്തിലെ മികച്ച കവിത ഏതാണെന്ന് പറയാൻ ഡോ.എം.ലീലാവതിക്കു കഴിയും .എന്നാൽ
ആ ജോലി ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് ചെയ്യിപ്പിച്ച് വീഡിയോയിലാക്കി
പ്രചരിപ്പിക്കുന്നത് സി.ജെ പറയുന്നത് പോലുള്ള ഒരു തകർച്ചയാണ്; അല്ലെങ്കിൽ
കുറുക്കുഴിയാണ്. സി.ജെ 31 വയസ്സുള്ളപ്പോൾ എഴുതിയ ലേഖനമാണ്
'കുറുക്കുവഴികൾ'.1949 ൽ 'മംഗളോദയ'ത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ ലേഖനം
ഇപ്പോൾ കൂടുതൽ പ്രസക്തി നേടുകയാണ്. സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം
നീന്തുന്നവർ ഇക്കാലത്താണല്ലോ തിരശ്ശീല മാറ്റി മുന്നിലേക്കു വന്നത്.
സദാചാരത്തിൽനിന്നും
വിശ്വാസത്തിൽനിന്നും സ്നേഹത്തിൽനിന്നും വല്ലാതെ നിപതിച്ച ഒരു കാലമാണല്ലോ
ഇത്. ഇവിടെ ആദർശങ്ങൾക്കും നേരുകൾക്കും വിലയില്ല.ഇവിടെ സ്ഥാപനങ്ങളാണ് എല്ലാം
തീരുമാനിക്കുന്നത് .സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റിനാണ് വില. ഒരാൾ
എന്തെഴുതി എന്നു മനസ്സിലാക്കുന്നില്ല. പകരം, അയാളെ ഏത് സ്ഥാപനമാണ്
അംഗീകരിക്കുന്നത് എന്നാണ് നോക്കുന്നത് .ഇതാണ് സ്ഥാപനവൽക്കരണം .സാഹിത്യത്തിൽ
തത്ത്വചിന്താപരമായ ,സൗന്ദര്യാത്മകമായ വിചാരങ്ങളെ എങ്ങനെയാണ് ഒരു
വ്യവസ്ഥാപിതസ്ഥാപനത്തിനു 'അംഗീകരിക്കാൻ' കഴിയുന്നത്? ആ അംഗീകാരത്തിനു
വെളിയിലല്ലേ അതിൻ്റെ യഥാർത്ഥ അസ്തിത്വം ? എഴുതിയത് വായിച്ചു നോക്കി ഒരാൾ
എവിടെ നിൽക്കുന്നുവെന്നു മനസ്സിലാക്കാനുള്ള സിദ്ധി പലർക്കും
നഷ്ടപ്പെട്ടിരിക്കുന്നു.
രജതരേഖകൾ
1)മഹാപ്രതിഭയായ
പ്രൊഫ.ജി ബാലകൃഷ്ണൻ നായർ 'വസിഷ്ഠസുധ -യോഗവാസിഷ്ഠസാരം' എന്ന കൃതി
പരിഭാഷപ്പെടുത്തിയത് മലയാളത്തിനു നിത്യമായ സംഭാവനയാണ്. ഇത്രയും ഉന്നതമായ
ഒരു പരിഭാഷ മറ്റാർക്കെങ്കിലും സാധ്യമാണോ എന്നറിയില്ല .മുപ്പത്തിനായിരം
പദ്യങ്ങളുള്ള ഈ കൃതി വാത്മീകി രചിച്ചുവെന്നു പറയുന്നത് ശരിയല്ലെന്നു
സുകുമാർ അഴീക്കോട് വസിഷ്ഠമുനിയുടെ 'ശൈലിയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ
പറയുന്നുണ്ട്.ശ്രീരാമനു വസിഷ്ഠമുനി നല്കുന്ന താത്ത്വിക ഉപദേശമാണ് ഈ കൃതി
ഉൾക്കൊള്ളുന്നത്.
2)കൽപ്പറ്റ നാരായണൻ കവിതയെ
വല്ലാതെ തെറ്റിദ്ധരിച്ചിരിക്കയാണ്. യഥാർത്ഥ കവിതയ്ക്ക് പകരം പ്രസ്താവനകളും
തോന്നലുകളുമാണ് അദ്ദേഹം വളരെക്കാലമായി എഴുതിക്കൊണ്ടിരിക്കുന്നത്.
'സുരക്ഷാവലയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 23)എന്ന കവിതയിലെ ഈ വരികൾ
നോക്കുക: " അഞ്ചാളെ പച്ചയ്ക്ക്
വെട്ടി നുറുക്കിയ ആളാണ് .
കയ്യിൽ കിട്ടിയാൽ
ഏതാണ്ടതൊക്കെ അയാളോടും ചെയ്യാനുള്ള വെമ്പലിലാണ് ജനക്കൂട്ടം .
അതങ്ങ് കയ്യിൽ വച്ചാൽ മതി .
കുറ്റം കയ്യിലെടുക്കുമ്പോലെ
നിയമം കയ്യിലെടുക്കാൻ നോക്കണ്ട .
അതിലൊരാളെപ്പോലും അയാളെയൊന്നു
തൊട്ടുനോക്കാൻ പൊലീസ് അനുവദിക്കില്ല.
(തൊട്ടുനോക്കലിനൊക്കെ
പൊലീസ് നിഘണ്ടുവിൽ
മാരകമായ അർത്ഥമാണുള്ളതെന്നറിയാമല്ലോ)'
ഇത്
കവിതയാണോ ?എങ്കിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ പറയുന്നതൊക്കെ കവിതയാണ്.
കൽപ്പറ്റ കവിതയെ കൊല്ലുകയാണ്. അതിനു മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു
പൊങ്ങച്ചത്തിൻ്റെ ലേബലിൽ പിന്തുണ കൊടുക്കുകയാണ് .ഇതിൻ്റെ പേരിൽ ഇനി
കല്പറ്റയ്ക്ക് അവാർഡ് കിട്ടിയാലും അത്ഭുതമില്ല.കവിത വായിക്കാനും
ആസ്വദിക്കാനും കഴിയുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴും ഇവിടെയുണ്ട്. അവരുടെ
ബുദ്ധിയെ പരീക്ഷിക്കരുതെന്നു കൽപ്പറ്റയോടു അഭ്യർത്ഥിക്കുന്നു .മറ്റൊരു
കാര്യം കയ്യിൽ എന്നു തെറ്റായി പ്രയോഗിച്ചതാണ്. കൈയിൽ എന്നതാണ് ശരി.
3)മേതിൽ
രാധാകൃഷ്ണൻ്റെ ഒരു വീഡിയോ ഇന്റർവ്യൂ കാണാനിടയായി. മൊബൈൽഫോൺ
കണ്ടുപിടിച്ചത് ലോകത്തെ മാറ്റിമറിച്ചുവെന്നും സർഗാത്മക കലാകാരന്മാർക്ക്
ഇങ്ങനെയൊരു മാറ്റത്തിൻ്റെ പിതൃത്വം അവകാശപ്പെടാനാവില്ലെന്നും
അഭിപ്രായപ്പെടുന്നതു കണ്ടു. എന്തൊരു അസംബന്ധമാണിത്. മേതിൽ എക്കാലവും
കലയ്ക്കും സാഹിത്യത്തിനും എതിരെയാണ് പ്രവർത്തിച്ചത് .എത്ര വലിയ ഉപരിപ്ളവ
ചിന്തയാണ് മേതിൽ അവതരിപ്പിക്കുന്നത്!. ലോകത്തെ മൊബൈൽഫോൺ മാറ്റുന്നത് വേഗത,
സാങ്കേതികത എന്നീ തലങ്ങളിലാണ്. എന്നാൽ സാഹിത്യവും കലയും ലോകത്തെ
മാറ്റുന്നത് യാഥാർത്ഥ്യം, ബോധം ,മൂല്യം, അറിവ്, ജ്ഞാനം എന്നീ തലങ്ങളിലാണ്
.മഹാഭാരതം ഒരു മൂല്യമാണ്. അതാകട്ടെ ഒരു ചർച്ചയിലോ വായനയിലോ
അവസാനിക്കുന്നില്ല. ഫോൺ ഒരു തുടർ മൂല്യമല്ല; ഒരു സാങ്കേതിക സൗകര്യമാണ്.
പുതിയതൊന്നു കണ്ടു പിടിക്കുമ്പോൾ നിലവിലുള്ളത് അപ്രസക്തമാകും .ടൈപ്പ്
റൈറ്റർ ലോകത്തെ മാറ്റി; എന്നാൽ കമ്പ്യൂട്ടർ വന്നപ്പോൾ ടൈപ്പ് റൈറ്റർ
അപ്രസക്തമായി. ഷേക്സ്പിയറുടെ 'ഹാംലറ്റ്' ഒരിക്കലും അപ്രസക്തമാകുന്നില്ല.
ഈ വശത്തെക്കുറിച്ച് മേതിലിനു വലിയ ധാരണയില്ലെന്നു തോന്നുന്നു.
4)ഡോ.
കെ.ബി.ശെൽവമണി ചിന്താശൂന്യതകൊണ്ട് അലങ്കരിച്ച ലേഖനമാണ് 'വിതുമ്പിപ്പോയ
ചില്ലക്ഷരങ്ങൾ സ്വരങ്ങളിൽ കൂടൊരുക്കുമ്പോൾ (പ്രസാധകൻ ,ഫെബ്രുവരി).ലേഖകന്റെ
വാദം ഇങ്ങനെ സംഗ്രഹിക്കാം: കാക്കനാടൻ്റെ 'ഉഷ്ണമേഖല' ഒരു ക്ലാസിക് നോവലാണ്.
എന്നാൽ ഇതിനെ വിമർശകർ വല്ലാതെ അവഗണിച്ചു. ആരും ഒന്നും എഴുതിയില്ല
.കെ.പി.അപ്പൻ 'ഉഷ്ണമേഖല'യെക്കുറിച്ച് എഴുതിയില്ല .കാക്കനാടനെ ആരും ഇപ്പോൾ
ഓർക്കുന്നില്ല.
ഈ വാദങ്ങളിൽ കഴമ്പില്ലെന്നു
അറിയിക്കട്ടെ. ഉഷ്ണമേഖലയെക്കുറിച്ച് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .കെ.
പി. അപ്പൻ എഴുതുന്നത് അദ്ദേഹത്തിൻ്റെ കലാസങ്കല്പത്തിനു അനുസരിച്ചാണ്.
നാട്ടുകാർ പറയുന്നത് കേട്ടല്ല. കാക്കനാടനെ ഓർക്കാൻ കൊല്ലത്ത് ഒരു സ്മാരകം
ഉയരേണ്ടതാണ് .കൊല്ലത്തുകാർ വിചാരിക്കണം ;പാലക്കാട് ഒ.വി.വിജയൻ്റെ സ്മാരകം
ഉണ്ടായതു പോലെ.എന്നാൽ 'ഉഷ്ണമേഖല' ശ്രദ്ധിക്കപ്പെട്ട നോവലാണ്.ഈ
കൃതിയെക്കുറിച്ച് ഡോ.കെ.എം. തരകനും ഗോപി കൊടുങ്ങല്ലൂരും റേഡിയോയിൽ ചർച്ച
നടത്തിയത് ഓർക്കുകയാണ്.
5)സിബിൻ ഹരിദാസ് എഴുതിയ
'നാനോ കഥകൾ'(ഹരിതം ബുക്സ്) സൂക്ഷ്മതയിൽ സ്ഥൂലപ്രപഞ്ചം തേടുകയാണ് .ഇന്ന്
നാനോ കഥകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഈ കഥാകൃത്ത്.ഒരു കഥ ഇങ്ങനെയാണ്:
'ഇന്നലെ ഞാനും അയാളും പറഞ്ഞത് മനുഷ്യനെക്കുറിച്ചായിരുന്നു .ഇന്ന് ഞാനും അയാളും പറയുന്നത് അയാളുടെയും എൻ്റെയും മനുഷ്യരെക്കുറിച്ചാണ്.'
6)ഫ്രഞ്ച്
സാഹിത്യകാരൻ എമിലി സോളോയാണ് ഭൂതകാലത്തെക്കുറിച്ച് സത്യമായ ഒരു കാര്യം
പറഞ്ഞത്: 'എൻ്റെ മിഥ്യകളുടെ ശവപ്പറമ്പായിരുന്നു ഭൂതകാലം.'
7)മറ്റാരെയെങ്കിലും
ബോധിപ്പിക്കാൻ വേണ്ടി സേവനം ചെയ്യുന്നവരുണ്ടാകാം. ചിലർ സഹായം ചെയ്തിട്ട്
അത് വീഡിയോയിലും ഫോട്ടോയിലും ചിത്രീകരിച്ച് പരസ്യപ്പെടുത്താറുണ്ട്.
ഇതൊക്കെ ഓരോ വീക്ഷണമാണ്. ചിലർ സഹായം ചെയ്യും ;അത് രഹസ്യമാക്കി വയ്ക്കും.'ദ
ഗുഡ് എർത്ത്' എന്ന നോവൽ എഴുതിയ പേൾ എസ് ബക്കിൻ്റെ വാക്കുകൾ: 'സേവനം
ചെയ്യുന്നത് മനോഹരമാകണമെങ്കിൽ അത് സന്തോഷത്തോടെ ,നിറഞ്ഞ ഹൃദയത്തോടെ,
സ്വതന്ത്രമനസ്സോടെയാകണം.' ഭാഗവതത്തിൽ പറയുന്നുണ്ട് ,ഒരാളെ സഹായിക്കേണ്ടത്,
സംഭാവന ചെയ്യേണ്ടത് അവനെ ബഹുമാനിച്ചുകൊണ്ടു വേണമെന്ന്. കാരണം അവനിലും
ദൈവത്തിൻ്റെ ചൈതന്യമാണുള്ളത്.