Followers

Friday, May 7, 2010

manifesto-11

മാനിഫെസ്റ്റോ -11

വഴികൾ
എം.കെ.ഹരികുമാർ


അചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്‌. അതിൽനിന്ന്‌ നമുക്ക്‌ മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്‌. അവർ എവിടെയായിരുന്നാലും അതുണ്ട്‌. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്‌, ശരീരം ഇതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നു. ആർത്തിയും തീക്ഷ്ണമായ പിടിച്ചെടുക്കൽ മനോഭാവവും ശരീരത്തിനു താങ്ങാനാവുന്നില്ല എന്നതാണ്‌ വാസ്തവം. ശരീരം ഇന്ന്‌ മനസ്സിന്റെ നിയമരഹിതമായ ചംക്രമണംകൊണ്ട്‌ പൊറുതിമുട്ടുകയാണ്‌. ശരീരത്തിലെ മാലിന്യം പുറത്തുപോയാൽ, പിന്നെ ശരീരമില്ല എന്ന അവസ്ഥ വരുന്നു. മാലിന്യംകൊണ്ടാണ്‌ നാം ഓരോ പരിസരവും ഉണ്ടാക്കുന്നതെന്നത്‌ രഹസ്യമല്ല. ശരീരത്തിനു താങ്ങാവുന്നതിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യർ, യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണെന്ന്‌ ആരറിയുന്നു?


നമ്മുടെ സഞ്ചാരങ്ങൾ ആരെങ്കിലും അളക്കുന്നുണ്ടോ? ആയുസ്സിൽ നാം സഞ്ചരിക്കുന്നത്‌ കാലുകൾകൊണ്ട്‌ മാത്രമല്ല; മനസ്സുകൊണ്ടുകൂടിയാണ്‌. കാലുകളുടെ സഞ്ചാരത്തിന്‌, യന്ത്രങ്ങളുടെ കണ്ടുപിടിത്തം വേഗം കൂട്ടിയിട്ടുണ്ട്‌. പക്ഷേ, അതിനേക്കാൾ എത്രയോ മടങ്ങ്‌ നാം മനസ്സുകൊണ്ട്‌ സഞ്ചരിക്കുന്നു. പ്രത്യേക ക്ഷീരപഥങ്ങൾ ഉണ്ടായിരിക്കാം; പക്ഷേ, അത്‌ യാത്രകൾക്കൊത്ത്‌ രൂപപ്പെടുന്നതും യാത്രകളോടെ അവസാനിക്കുന്നതുമാണ്‌. നമ്മുടെ യാത്രകൾ ശലഭങ്ങൾ ചിറകുവീശി പറക്കുന്നതുപോലെയാണ്‌. വഴികൾ ഉണ്ടാകുമ്പോൾതന്നെ മാഞ്ഞുപോകുന്നു. അല്ലെങ്കിൽ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നു. വഴി നമുക്കൊരു ലക്ഷ്യമല്ല. വഴിക്ക്‌ സ്ഥായിഭാവമില്ല. വഴികൾ ഉണ്ടാകുന്നതുതന്നെ വഴിക്കു വേണ്ടിയല്ല. ലക്ഷ്യമാകട്ടെ, നിമിഷാർദ്ധങ്ങൾകൊണ്ട്‌ മാറിമറിയുന്നു. ലക്ഷ്യത്തിലെത്തുന്നത്‌ തന്നെ ലക്ഷ്യത്തിൽ തങ്ങാനല്ല. ലക്ഷ്യത്തിൽനിന്ന്‌ മടങ്ങുമ്പോഴും മറ്റൊരു വഴി നിർമ്മിക്കപ്പെടുന്നു. വാസ്തവത്തിൽ വഴികൾ ഉണ്ടായിരിക്കുന്നു എന്നതു തന്നെ നൈമിഷികമായ ഒരാവശ്യത്തിന്റെ ഭാഗമാണ്‌. അതിനപ്പുറം യാഥാർത്ഥ്യമില്ല. വഴികൾ നിലനിൽക്കുന്നില്ല. യാത്ര ചെയ്യുമ്പോഴെ വഴിയുള്ളു. യാത്രയിൽ വഴിയില്ല, യാത്രതന്നെയാണ്‌ വഴിയായിത്തീരുന്നത്‌. ഇതാണ്‌ വഴിയുടെ മിഥ്യ. വഴികളെത്രയോ നാം താണ്ടുന്നു. ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നതിനു സമാനമായി നമ്മുടെ മനസ്സും ഓടുന്നു. എത്രയോ വഴികളിൽ നാം അലയുന്നു. ഒടുവിലോ എല്ലാ വഴികളും ഇല്ലാതാവുകയും, അല്ലെങ്കിൽ വഴികളെപ്പറ്റിയുള്ള ചിന്തയ്ക്കു തന്നെ പ്രസക്തിയില്ലാത്ത വിധം അവ മാഞ്ഞുപോവുകയും ചെയ്യുന്നു. വഴികളുടെ അഭാവം അഥവാ, യാത്രകളുടെ അവസാനം എന്നതു മാത്രമായിത്തീരുന്നു ഫലം. ഇതു നവാദ്വൈതമാണ്‌.


നമ്മുടെ യുക്തിയും വികാരവും അപൂർവ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്‌. ആ യാത്രയാകട്ടെ സൗരയൂഥത്തെപ്പോലും തോൽപിക്കുന്നതാണ്‌. സൗരയൂഥങ്ങൾ അങ്ങനെതന്നെയുണ്ട്‌. അവയിലെ സഞ്ചാരികൾ അനശ്വരരാണ്‌. അവർ അവരുടെ സഞ്ചാരത്തെ ശാശ്വതവൽക്കരിച്ചിരിക്കുന്നു . അവർ ഒരേ സമയം വഴിയും യാത്രയുമാണ്‌. മാത്രമല്ല, അവരുടെ യാത്രകൾ, ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷ്യമോ മാർഗമോ ഏതെന്ന ചിന്തയോ വ്യത്യാസമോ പോലുമില്ലാതെ യാത്ര അവർക്ക്‌ അനുഷ്ഠാനമാണ്‌. യാത്രകളിലൂടെ അവർ തുടങ്ങിയിടത്തുതന്നെ വരികയും അന്ത്യമില്ലെന്നും അന്ത്യയാത്രയില്ലെന്നും ബോധ്യപ്പെടുകയും ചെയ്യുന്നു. വഴിയില്ലെങ്കിൽ യാത്രയില്ലെന്നും യാത്രയില്ലെങ്കിൽ വഴിയില്ലെന്നും അവർ സ്ഫുടീകരിക്കുകയാണ്‌.

വഴിയാണ്‌ യാത്ര. യാത്രയാണ്‌ വഴി. എന്നാൽ വേഗത്തെ അവർ യാത്രയ്ക്കും വഴിക്കും അപ്പുറമുള്ള, മറ്റൊരു മാനമാക്കുന്നു. വേഗം അവരുടെ ലക്ഷ്യത്തെയും ഭാഷയേയും കാലത്തെയും സമന്വയിപ്പിച്ചുകൊണ്ട്‌, യാഥാർത്ഥ്യത്തിന്റെ വ്യത്യസ്തവും നൂതനവുമായ മാനമായിത്തീരുന്നു. യാത്രകളെ അതിന്റെ സത്തയിൽ ഉറപ്പിച്ചു നിർത്തുന്നത്‌ വേഗമാണ്‌. വേഗമില്ലെങ്കിൽ യാത്രയില്ല. അതിവേഗയാത്രകളിലൂടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും യാത്രകളെ ഉള്ളടക്കങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽ നിന്നും മോചിപ്പിച്ച്‌ അതീതവും ബഹുലോകസ്പർശിയും ഇന്ദ്രിയാതീതവുമാക്കുന്നു. നക്ഷത്രയാത്ര സർവലോകങ്ങളെയും കടന്നുപോകുന്നു. അതുകൊണ്ടുതന്നെ, അവരുടെ യാത്രകൾ ആവർത്തിക്കാതെ തരമില്ല. ഏതോ കേന്ദ്രത്തെ ചൂഴുന്നുണ്ടെങ്കിലും, അത്‌ സകല കാലത്തെയും ശബ്ദത്തെയും ലോകത്തെയും മറികടന്നുകൊണ്ടുള്ള സനാതനമായ ആവർത്തനമാണ്‌. അതിൽനിന്ന്‌ വ്യതിചലിച്ചാൽ പിന്നെ യാത്രയില്ല; നിശ്ചലതയുടെ യാത്രയേയുള്ളു, നാശത്തിന്റെ യാത്രയേയുള്ളു.


മനുഷ്യന്റെ യാത്രയും ഒരുരീതിയിൽ ഇതുപോലെയാണ്‌. യാത്രയിൽ നിന്ന്‌ വ്യതിചലിച്ചാൽ നിശ്ചലതയിലേക്ക്‌ വീഴും. അത്‌ മരണമാണ്‌. വേഗത്തിൽ, മനുഷ്യൻ ഗ്രഹങ്ങളിൽനിന്നും നക്ഷത്രങ്ങളിൽനിന്നും വേറിട്ടാണ്‌ നീങ്ങുന്നത്‌. നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്ക്‌ വേഗം കൂടും. ചിലപ്പോൾ പ്രകാശത്തേക്കാൾ എത്രയോ ഇരട്ടിവേഗത്തിൽ നാം മനസ്സുകൊണ്ട്‌ സഞ്ചരിക്കുന്നു! വഴികളില്ലാത്ത യാത്രകൾ നമുക്കേയുള്ളു. ബാഹ്യമായി കാണാവുന്ന യാത്രകളുമല്ല. മനസ്സിന്റെയും ബുദ്ധിയുടെയും വികാരത്തിന്റെയും യാത്രകൾക്കു പുറമേ, അതീന്ദ്രിയമായ യാത്രകളുമുണ്ട്‌.
നമ്മുടെ യാത്രകൾ സംഗമിക്കുകയും നിവരുകയും മടങ്ങുകയും ചെയ്യുന്നതാകയാൽ അതിന്‌ രൂപമില്ല. പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കുള്ള പുറപ്പാടാണ്‌. എവിടെനിന്ന്‌ പുറപ്പെട്ട്‌, എവിടെയെത്തുമെന്ന്‌ പറയാനാവില്ല. എവിടെയെങ്കിലും എത്തണമെന്നാഗ്രഹിച്ചാൽപ്പോലും അവിടെത്തന്നെ നിൽക്കാനാവില്ല. പ്രേമത്തിലോ, ഭക്തിയിലോ അതുമായി ബന്ധപ്പെട്ട വസ്തുക്കളിലോ എത്തുന്നവർ, അവിടെനിന്ന്‌ വീണ്ടും നൂറുനൂറ്‌ കേന്ദ്രങ്ങളിലേക്ക്‌ പോയിവന്നുകൊണ്ടിരിക്കാം. അവനവനിലേക്ക്‌ തിരിച്ചെത്തുമ്പോൾതന്നെ, അത്‌ അന്തിമലക്ഷ്യത്തിലോ, വഴിത്താവളത്തിലോ എത്തിയ ശേഷം അതേ വേഗത്തിൽ തിരിച്ചുവന്ന്‌ വീണ്ടും എവിടേക്കോ പോയ്ക്കൊണ്ടിരിക്കും.

No comments: