അഭിമുഖം
എം.കെ.ഹരികുമാർ / കെ.ജി.മഹേന്ദ്രകുമാർ
എം.കെ. ഹരികുമാറിൻ്റെ പുതിയ പുസ്തകമായ 'ബുദ്ധിസ്റ്റ് നീലാകാശങ്ങളെ ' മുൻനിറുത്തി ഒരു സംഭാഷണം .
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ
പ്രസാധകർ: ബോധി ബുക്സ്
Contact: 9061108334, 9447304886 (whatsaap
ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തനായ സാഹിത്യവിമർശകൻ എം.കെ.ഹരികുമാറാണ്.
വിമർശനത്തിൻ്റെ വിവിധ മേഖലകളിൽ ഒരേ പോലെ പ്രാഗത്ഭ്യം തെളിയിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞു. കഥ ,കവിത ,വിമർശനം ,തത്വചിന്ത ,നോവൽ ,സിദ്ധാന്തം ,കല
,വേദാന്തം തുടങ്ങിയ മേഖലകളുടെയാകെ വിമർശകനാണ് അദ്ദേഹം. സംവേദനാത്മക
വിമർശനം ,സ്യൂഡോ റിയലിസം ,ഉത്തര- ഉത്തരാധുനികത തുടങ്ങിയ സിദ്ധാന്തങ്ങൾ
അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഇതിനു പുറമെയാണ് ആനുകാലിക സാഹിത്യ
,സാംസ്കാരിക സംഭവങ്ങളുടെ അവലോകനവും വിമർശനവും കൊണ്ട് ഇന്ത്യയിൽ തന്നെ
താരതമ്യമില്ലാത്ത അക്ഷരജാലകം എന്ന പംക്തിയിലൂടെ കൂടുതൽ ശ്രദ്ധാലുക്കളായ
വായനക്കാരെ ആകർഷിച്ചിരിക്കുന്നത്. അനുധാവനം എന്ന പംക്തിയും
സമാനതകളില്ലാത്തതാണ്.
മലയാളവിമർശനത്തിൽ
തത്വചിന്തയുടെയും കലയുടെയും സമന്വയത്തിലൂടെ എം.കെ .ഹരികുമാർ
അവതരിപ്പിക്കുന്ന മൗലികവും സർഗാത്മകവുമായ സ്വരം വേറിട്ട് കേൾപ്പിക്കുന്ന
ഗ്രന്ഥമാണ് 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'.
അപൂർവമായി മാത്രം
സംഭവിക്കുന്ന കൃതിയാണിത്. സാഹിത്യത്തിൻ്റെ ആത്മാവ് ഇവിടെ
സ്പന്ദിക്കുകയാണ്. യാതൊന്നും അന്യമല്ലെന്ന അറിവ് നമ്മെ ചൂഴുന്നു. ഭാഷയിൽ
നവീനവിമർശനത്തിന്റെ സിദ്ധാന്തത്തിനും കലയ്ക്കും ഹരികുമാർ നൽകുന്ന
ദിശാസൂചിയായ സംഭാവനകളെക്കുറിച്ചും മലയാളവിമർശനത്തിന്റെ ബഹുസ്വരങ്ങൾക്കിടയിൽ
സ്വന്തം ഭാവുകത്വം സൃഷ്ടിച്ചതിനെക്കുറിച്ചും ഹരികുമാർ ഇവിടെ
സംസാരിക്കുന്നു.എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന പ്രതിവാര
സാഹിത്യപംക്തി ഇരുപത്തിയേഴ് വർഷം പിന്നിട്ടിരിക്കുന്നു. വായനക്കാർ
കാത്തിരുന്ന് വായിക്കുന്ന അക്ഷരങ്ങൾ .ഇത്രയും കാലമായി തുടരുന്ന ഒരു
സാഹിത്യ, സാംസ്കാരിക പംക്തി ഇപ്പോൾ ഇന്ത്യയിൽ വേറെയില്ലല്ലോ. ഈ
വാർത്തമാനകാലത്ത് മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ
തിളങ്ങുന്ന ഹരികുമാർ സാഹിത്യവിമർശകനെന്ന നിലയിൽ സൈദ്ധാന്തികനും
കലാകാരനുമാണ്. നവാദ്വൈതം, ഉത്തര- ഉത്തരാധുനികത ,സ്യൂഡോറിയലിസം ,തനിമനസ്
തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ഹരികുമാർ തൻ്റെ വിമർശനസമീപനങ്ങൾക്ക് പുതിയ
ഉള്ളടക്കവും അടിത്തറയും സൃഷ്ടിച്ചുകഴിഞ്ഞു.പുതിയ വിമർശനത്തിന്റെ
ആവിഷ്കർത്താവായി മാറിയ അദ്ദേഹം, 1984 ൽ എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക്
'വിമർശനത്തെ കവിതയിലേക്കും കലയിലേക്കും ഉയർത്തുകയായിരുന്നു.
ചോദ്യം: 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' എന്ന പേര് എങ്ങനെയാണ് കണ്ടെത്തിയത് ?
എം.കെ.ഹരികുമാർ
:വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാനെക്കുറിച്ച് മലയാളത്തിൽ
ആദ്യമായി ഒരു ലേഖനമെഴുതുന്നത് ഞാനാണ്. ആ ലേഖനത്തിന് നല്കിയ പേരാണിത്. ഒരു
ബുദ്ധിസ്റ്റ് തന്നിലേക്ക് തന്നെ ചൂഴ്ന്നിറങ്ങി സകലതിനെയും അതിൽ
ലയിപ്പിക്കുന്നു. ഏതൊരു വസ്തുവിലും കാമിക്കാത്തതും ആഗ്രഹിക്കാത്തതുമായ
തലമുണ്ട്. അത് അസ്തിത്വത്തിന്റെ ഏറ്റവും ലളിതമായ ഒരു സാന്നിധ്യമാണ്. ഒരു
ചെടി പോലെ നിസ്സംഗവും നിസ്വാർത്ഥവുമാകുന്നതിന്റെ കലയാണത് .നീലാകാശത്തിന്
പോലും ഒരു ബുദ്ധഭാവമുണ്ട്. അത് നിത്യമായ ഉൾപ്രകമ്പനങ്ങളിലാണ്.
ചോദ്യം:
ആമുഖത്തിൽ താങ്കൾ എഴുതി: 'ഇവിടെ ഭാഷ ശലഭങ്ങളുടെ പറക്കൽ പോലെയോ
ജലോപരിതലത്തിലേക്ക് പരൽമീനുകൾ കുതിച്ചുയരുന്ന പോലെയോ
എനിക്കനുഭവപ്പെട്ടു'എന്ന് ?
എം.കെ.ഹരികുമാർ: ഭാഷ
ഒരു കാര്യം പറയാനുള്ള ഏറ്റവും മിനിമം പരിപാടിയായി കാണരുത്. ഭാഷ
പറയുന്നതിനും അപ്പുറമാണ്. പലതും നാം പറയുന്നുണ്ടെങ്കിലും അപ്പോഴെല്ലാം
പറയാത്തത് അവശേഷിക്കുന്നു. ഭാഷയ്ക്കൊരു ഭാഷയുണ്ട്. ഒരാൾ മണിക്കൂറുകൾ
സംസാരിക്കുന്നുണ്ടെങ്കിലും ,അത് കഴിയുമ്പോൾ അയാൾ പറയാത്ത ഒരു ഭാഷ നമ്മളിൽ
അവശേഷിപ്പിക്കും. ആ ഭാഷയാണ് നാം പരിശോധിക്കുന്നത്. അതിലാണ് നാം സത്യം
അന്വേഷിക്കുന്നത്. അതുകൊണ്ട് ഭാഷ പ്രത്യക്ഷത്തിലുള്ള വാക്കുകൾ മാത്രമല്ല
സങ്കൽപ്പത്തിലേക്ക് വരുന്ന വാക്കുകളുമാണ്. ഭാഷ, യഥാർത്ഥത്തിൽ ,അതിന്
വെളിയിലാണ് അർത്ഥം തേടുന്നത്.
ചോദ്യം:മനുഷ്യാവസ്ഥയുടെ
അഗാധമായ സത്യങ്ങൾ ഒരു നക്ഷത്രസമൂഹം എന്ന പോലെ കാണാറാകുന്നു എന്നെഴുതിയത്
ഓർക്കുന്നു. അസ്തിത്വവ്യഥയാണോ ഉദ്ദേശിക്കുന്നത് ?
എം.കെ.ഹരികുമാർ:
അസ്തിത്വവ്യഥ എന്ന് കേൾക്കുമ്പോൾ തന്നെ മുൻവിധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മനുഷ്യൻ സ്വയം തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടവനാണ്. അതിൻ്റെ സംഘർഷത്തിൽ
അവനെപ്പോഴും ദുഃഖിതനാണ്. ഇതാണ് സാമാന്യമായ അർത്ഥം. എന്നാൽ ഇതിനേക്കാൾ
വിപുലമാണ് അർത്ഥം. ഒരു സ്കൂളിലും ഉൾപ്പെടാതെ ജീവിക്കുന്ന മനുഷ്യരുണ്ടിവിടെ
.അവർ എല്ലാറ്റിലേക്കും നോക്കുകയാണ്, വെളിച്ചത്തിനുവേണ്ടി. എല്ലാ തുരങ്കവും
ഇരുട്ടിൽ തന്നെ അവസാനിക്കുന്നു. കുറെ ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ തിരിച്ചു
പോരാനുള്ള വെമ്പലുണ്ടാവും. ഞാൻ ഒരു മതതത്വത്തിലോ തത്വചിന്തയിലോ
ഒതുങ്ങുന്നില്ല. ഞാൻ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നില്ല.
എല്ലാറ്റിലൂടെയും കടന്നുപോവുകയാണ്. പല സത്യങ്ങളുണ്ട് ,ആത്യന്തികസത്യം
ചിലപ്പോഴൊക്കെ പ്രകാശിക്കും. തൊട്ടടുത്ത നിമിഷം അത് ഇരുളിൽ മായുന്നു
.ജീവിതം ശരീരത്തിലാണ്. ചിലപ്പോളത് മനസ്സിലാണ്. ബുദ്ധിയിലും സ്വപ്നത്തിലും
ജീവിക്കുന്നു. പ്രേമത്തിലും അകൽച്ചയിലും മറവിയിലും ജീവിക്കുന്നു.എല്ലാം
കുറച്ചു നേരത്തേക്കെങ്കിലും സത്യമാണെന്ന് തോന്നിപ്പിക്കുന്നു. എല്ലാം
കൈവിട്ടു കളയുമെന്ന് ഉറപ്പായാൽ സ്വന്തം അറിവുകളിലേക്കും ആശ്രയങ്ങളിലേക്കും
മമതകളിലേക്കും തിരിച്ചുവരാനാകും. പൊരുളുകൾ അവസാനിക്കുന്നില്ല .
ചോദ്യം:
ഈ പുസ്തകത്തിൽ മയിൽപീലിയെ കുറിച്ചും പുലിയുടെ വിഷാദത്തെ കുറിച്ചും ഓരോ
ലേഖനം എഴുതിയിട്ടുണ്ട്. മലയാളഭാഷയിൽ ആദ്യമായിട്ടാണ് ഇത്തരം ലേഖനങ്ങൾ.ഇത്
അറിയാത്ത മേഖലകളിലൂടെയുള്ള സാഹസികസഞ്ചാരം പോലെ തോന്നിച്ചു. എങ്ങനെയാണ്
ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്?
എം.കെ.ഹരികുമാർ:
ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ അതിൻ്റെ തത്വചിന്തയുമുണ്ടാകും. മയിൽപീലി
എന്നിൽ അറിയാത്ത ലോകത്തെ അറിയാനുള്ള ആഗ്രഹം ജനിപ്പിച്ചു.അത് ദുരൂഹതയുടെ
നേർക്കുള്ള അമ്പെയ്ത്താണ്.പുലിയുടെ വിഷാദരോഗം ദൈവത്തിൻ്റെ ഒരു കെണിയാണെന്ന്
മനസിലായി .ഓരോ ജീവിയും അവയുടെ പ്രകൃതിയിൽ സുസജ്ജവും സ്വയം
സമ്പൂർണവുമാണെങ്കിലും അവയുടെ അതീതമായ അസ്തിത്വത്തിൽ തിരിച്ചടികളുടെയും
മറുപടിയില്ലാത്ത ചോദ്യങ്ങളുടെയും അസ്തിത്വത്തിൽ അസ്വതന്ത്രമാണ്.
പുലി
തൻ്റേതല്ലാത്ത ഒരു കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. അവിടെ എത്തിപ്പെടാതെ
പുലിയുടെ ജീവിതം പൂർണമാകുന്നില്ല.മനസ്സിലാക്കിയ കാര്യങ്ങൾ അല്ലേ മിക്കവരും
എഴുതുന്നത്? അറിയാത്ത കാര്യങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ തിരിയേണ്ടത്. അത്
നമ്മെ അലട്ടണം. മയിൽപീലി ഒരു ലോകം തുറക്കുകയാണ്.പുലി സ്വയമറിയാതെ ഒരു
കൂട്ടിലകപ്പെട്ടിരിക്കുന്നു .
ചോദ്യം: മറ്റൊരു
പ്രധാന ലേഖനം ദസ്തയെന്കിയെക്കുറിച്ചാണ്.പലരും എഴുതിയ ലേഖനങ്ങളിൽ
അദ്ദേഹത്തിൻ്റെ ചൂതുകളിയും അന്നയുമായുള്ള ബന്ധവുമൊക്കെയാണ്
വിവരിക്കുന്നത്. ചിലർ അദ്ദേഹം വധശിക്ഷയിൽ നിന്ന്
രക്ഷപ്പെട്ടതിനെപ്പറ്റിയാണ് എഴുതുക. എന്നാൽ താങ്കൾ അദ്ദേഹത്തിൻ്റെ ശരിയായ
ആത്മീയപ്രതിസന്ധികൾ ദർശനികമായ ഉൾക്കാഴ്ചകൾ ,പരിവ്റാജകത്വം, ദൈവവുമായുള്ള
സംഘർഷങ്ങൾ, ക്രിസ്തുവിനോടുള്ള പരാതി തുടങ്ങി വലിയ വിഷയങ്ങൾ
അപഗ്രഥിക്കുന്നു.ഇതിലൂടെ താങ്കൾ സ്വയം അപഗ്രഥിക്കുകയാണോ ചെയ്യുന്നത്.?
സ്വന്തം അസ്തിത്വപരമായ ആകുലതകളെ ഇതൾ വിടർത്തി പരിശോധിക്കുകയാണോ?
എം.കെ.ഹരികുമാർ:
തീർച്ചയായും സ്വയം അപഗ്രഥനമുണ്ട്. ഏതൊരു മൂല്യാന്വേഷണവും ചെന്നുചേരുന്നത്
നമ്മളിൽ തന്നെയാണ് .നമ്മളിലില്ലാത്തത് നമുക്ക് കണ്ടെത്താനാവില്ല .എന്നിൽ
ദസ്തയെവ്സ്കിയുണ്ടായിരുന്നു .അത് അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ്. അത്
എൻ്റെയുള്ളിലേക്കുള്ള നിരുപാധികമായ യാത്രയായി തീരുന്നു. അവനവനിലേക്കുള്ള
യാത്ര അഗാധഗർത്തത്തിനു മുകളിലുള്ള ഒരു ചരടിലെന്നപോലെയുള്ള സഞ്ചാരമാണ്. അത്
സാഹസികമാണ്. സ്വന്തം ശരീരത്തിന്റെ ഓരോ അണുവിലുമുള്ള അപസ്മാരവും ഭയവും
അഭിമുഖീകരിച്ചുകൊണ്ടുള്ള യാത്രയാണത്. സൂര്യനിൽ മുഴുവൻ ജീവിതവും
അടങ്ങിയിട്ടുണ്ടെന്ന ദസ്തയെവ്സ്കിയുടെ വാക്യം എന്നിലേക്കുള്ള നോട്ടവുമാണ്.
ചോദ്യം:
"മഹത്വം ഒരു അനുതാപരാഗമാണ്; അത് അപരത്വത്തെ ഇല്ലാതാക്കി മറ്റുള്ളവരുമായി
കൂടിച്ചേരുന്നതിൻ്റെ സത്തയാണ് " എന്ന് താങ്കൾ എഴുതുന്നത് തീച്ച് നാത്
ഹാനിനെപ്പറ്റിയുള്ള ലേഖനത്തിലാണ്. ബുദ്ധിസ്റ്റ് നീലാകാശങ്ങളെ
വീക്ഷിക്കുന്നത് ഈ അനുതാപ രാഗമാണോ?
എം.കെ.ഹരികുമാർ:
മറ്റുള്ളവരിലാണ് നാം നമ്മെ അന്വേഷിക്കേണ്ടത്. സ്വന്തം മഹത്വം സ്വയം
നിശ്ചയിക്കുന്ന രീതിയല്ല ഇത്. നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും
ചെയ്യുന്നുണ്ടെങ്കിൽ അതിലാണ് മഹത്വം. അത് അനുതാപരാഗമാണ്. ലോകക്ഷേമത്തിനായി
പ്രവർത്തിക്കുന്നവരാണ് മനുഷ്യരാശിയുടെ കണ്ണിയിൽ അണിചേരുന്നത് .തീച്ച് നാത്
ഹാൻ ബുദ്ധിസത്തെ തന്റേതായ രീതിയിൽ വികസിപ്പിക്കുകയും
വ്യാഖ്യാനിക്കുകയുമാണ് ചെയ്തത്. ധ്യാനത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ
മാറ്റാൻ സമയമായി എന്നാണ് ഈ ലേഖനത്തിൽ പറയാൻ ശ്രമിക്കുന്നത്.
ചോദ്യം:
വളരെ പ്രധാനപ്പെട്ട ഒരു ലേഖനമാണ് ബൈബിളിലെ സഭാപ്രസംഗകനെക്കുറിച്ചുള്ളത്.
ഇതുപോലൊരു ലേഖനം മലയാളത്തിൽ ആദ്യമാണ്. ആധുനിക പാശ്ചാത്യ സാഹിത്യത്തിൻ്റെ
ഉറവിടം ആ പ്രസംഗകന്റെ വാക്കുകളിലാണെന്ന് താങ്കൾ അഭിപ്രായപ്പെടുന്നു .
എം.കെ.ഹരികുമാർ:
സഭാപ്രസംഗകൻ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതുപോലെ സത്യം പറയാൻ വേറൊരു
ദാർശനികനും കഴിയില്ല. മനുഷ്യജീവിതത്തെ ഇത്രയും നന്നായി മനസ്സിലാക്കിയവർ
എത്ര പേരുണ്ട്? ജീവിതം അർത്ഥശൂന്യമാണെന്ന് പറയുന്നത് എത്ര
യുക്തിഭദ്രമായാണ്! യാതൊന്നിനും ഒരു പുതുമയുമില്ല. എല്ലാം ആവർത്തനങ്ങൾ
മാത്രമാണ്. സഭാപ്രസംഗകന്റെ ലോകം എനിക്ക് കഴിയുന്ന രീതിയിൽ അവലോകനം ചെയ്യാൻ
ശ്രമിച്ചിട്ടുണ്ട്.സാഹിത്യകൃതികളിലൂടെ അവതരിപ്പിക്കപ്പെടുന്ന മനുഷ്യൻ എന്ന
സങ്കല്പത്തെ അതെത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ആലോചിച്ചു.
ചോദ്യം:
ജീവജാലങ്ങളുടെ പക്കലുള്ള കോഡ് ,പ്രിയപ്പെട്ട വസ്തുക്കൾ ആത്മഹത്യ
ചെയ്യുന്നു എന്നിവ പ്രപഞ്ചവും ഇതരജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ
രഹസ്യം വെളിപ്പെടുത്തുന്ന അസാധാരണ ലേഖനങ്ങളാണ്. ശരിക്കും ഒരു ദാർശനികന്റെ
ലേഖനമാണത്. എല്ലാ തത്വസഹിതകൾക്കും അപ്പുറത്ത് മനുഷ്യൻ എന്താണെന്ന് ഇത്
നിർവ്വചിക്കുന്നതായി തോന്നി.
എം.കെ.ഹരികുമാർ:
വസ്തുക്കളെ സ്നേഹിക്കുന്ന നാം പെട്ടെന്ന് തന്നെ പിന്മാറുകയാണ് ചെയ്യുന്നത്.
കാരണം നമുക്ക് സ്നേഹവുമായി മുന്നോട്ടു പോകാനാവില്ല. അത് നമ്മുടെ
ഹൃദയത്തിലെ തിന്മയുടെ ഫലമാണ്. എന്നാൽ ഒരു വസ്തു നമ്മുടെ സ്നേഹത്തിൻ്റെ
ചുറ്റുവട്ടത്തിൽ വന്നാൽ അതിന് ജീവൻ വയ്ക്കുകയാണ് .സ്നേഹമില്ലാതായാൽ അത്
മരിക്കും. ഇത് എത്രയോ കാലമായി അനുഭവിക്കുന്നതാണ്. നമ്മുടെ സ്നേഹം വളരെ
പരിമിതവും രോഗഗ്രസ്തവുമാണ് .നമുക്ക് ഒന്നിനോടും മമതയില്ല. സകലതും രോഗത്താൽ
പീഡിപ്പിക്കപ്പെടുകയാണ്. എങ്ങനെ തിന്മയിലേക്ക് പതിക്കാം എന്നാണ്
ആലോചിക്കുന്നത്. ശരിയായ ബന്ധത്തിലും അമിതമായ സാഹസികതയ്ക്ക് ഇടമുണ്ടോ
എന്നാണ് പലരും നോക്കുന്നത്. തിന്മ ജനാധിപത്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയവും സാമുദായവുമെല്ലാം മനുഷ്യൻ്റെ തിന്മയെ
വ്യവസ്ഥാപിതമാക്കുകയാണ് ചെയ്യുന്നത്. അതിനോട് ചേരാതെ ഒരാൾക്കും നിലനിൽക്കാൻ
സാധിക്കാത്ത സാഹചര്യമാണുള്ളത്. വിദ്യാഭ്യാസമുള്ളവരും തൊഴിൽ മേഖലയിൽ
വിജയിച്ചവരുമാണ് ഇന്ന് ഈ വലയത്തിലകപ്പെടുന്നത്. രാഷ്ട്രീയവും അതിൻ്റെ
സാങ്കേതികമായ അധികാരത്തിന്റെ വ്യാജനിർമ്മിതികളായ പ്രശസ്തിയും പദവിയും
തെറ്റായ ജനാധിപത്യ സംസ്കാരത്തെ വളർത്തിയെടുത്തിരിക്കുന്നു .തെറ്റിനെ,
സ്വജനപക്ഷപാതത്തെ ,രാഷ്ട്രീയ പക്ഷപാതത്തെ സദാചാരമായി സ്വീകരിച്ച്
പ്രവർത്തിച്ചില്ലെങ്കിൽ പ്രതിബന്ധമുണ്ടാകും .ഇത് പല എഴുത്തുകാരെയും
നിശബ്ദരാക്കിയിരിക്കുകയാണ് .എല്ലാ കുത്തകങ്ങളും ഒരുമിച്ച് ചേരുകയും
കൈകോർത്തു നിൽക്കുകയാണ്. അവരുടെ ശക്തമായ അരുതായ്കകൾ വർണ്ണങ്ങൾ കൊണ്ട്
അലങ്കരിച്ച് പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്.ഈ പ്രവൃത്തിയിലൂടെ
സമൂഹത്തിൻ്റെ സഹജമായ സാന്നിദ്ധ്യങ്ങൾ തനിയെ ഇല്ലാതാകും.
ചോദ്യം: എഴുത്തുകാരൻ ആത്മഹത്യയുടെ വക്കിലാണോ?
എം.കെ.ഹരികുമാർ:
നിസ്സഹായരായ എഴുത്തുകാർ ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നതായി
മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നിസ്വാർത്ഥരായി, ആദർശനിഷ്ടയോടെ രചനയെ
സമീപിക്കുന്നവരെ ചില അധികാരശക്തികൾ തുടച്ചുനീക്കുന്നതിന്റെ
തിക്തഫലമാണിതെന്ന് മനസ്സിലാക്കുന്നു. സാഹിത്യരചനയിൽ ഇപ്പോൾ
രാഷ്ട്രീയത്തിനും പണത്തിനുമാണ് പ്രാധാന്യം. മുൻകാല എഴുത്തുകാരെ,
മൺമറഞ്ഞവരെ പ്രസാധകർ പോലും മറന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു വലിയ
പുസ്തകപ്രസാധനശാല സന്ദർശിച്ചപ്പോൾ അവിടെ പല പ്രമുഖരുടെയും പുസ്തകങ്ങൾ
കണ്ടില്ല. പ്രസാധകന് വേണ്ടപ്പെട്ട ചിലരുടെ പുസ്തകങ്ങൾ മാത്രമാണ്
വിൽക്കുന്നത്! അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളോടു പോലും അവർക്ക്
താല്പര്യമില്ല.
ചോദ്യം: റോമാ ചക്രവർത്തിയായിരുന്ന
മാർകസ് ഒറേലിയസിനെക്കുറിച്ച് ഈ പുസ്തകത്തിൽ മനോഹരമായ ഒരു ലേഖനമുണ്ട്
.ജീവിതത്തെക്കുറിച്ച് സത്യസന്ധമായ നിരീക്ഷണങ്ങളാണ് അദ്ദേഹം മുന്നോട്ട്
വെയ്ക്കുന്നത്. എന്തിനും ഉത്തരമുണ്ട്. പല ചോദ്യങ്ങളും ഉന്നയിക്കുന്നു.
ഒറേലിയസിൻ്റെ തത്വചിന്ത എന്താണെന്നും അത് എങ്ങനെയാണ് നമുക്ക് പ്രിയങ്കരമാവുന്നതെന്നും താങ്കൾ വിശദീകരിക്കുന്നുണ്ട്.
എം.കെ.ഹരികുമാർ
:മാർകസ് ഒറേലിയസ് ഒരു സാന്ത്വനമാണ്. പ്രക്ഷുബ്ധമായ ജീവിതവും അർത്ഥശൂന്യമായ
മുഴക്കങ്ങളും നമ്മുടേതാണ്. നാം എന്താണ് തേടുന്നത്? എന്താണ് നമുക്ക്
ലഭിക്കുന്നത് ?ഒറേലിയസ് അതെല്ലാം ആലോചിക്കുന്നു. ജ്ഞാനത്തിൻ്റെ സത്യസന്ധത
അപാരമാണ്. നമുക്കൊക്കെ സത്യസന്ധതയുണ്ടെന്ന് പറയാം. പക്ഷേ ജ്ഞാനമില്ല,
സ്വാതന്ത്രമില്ല.
നമുക്ക് ജ്ഞാനവും സ്വാതന്ത്ര്യവും ഉണ്ടായാലോ?
സത്യം പറയുകയില്ല. ഈ പ്രതിസന്ധി വിദ്യാഭ്യാസത്തിന്റെയും കുടുംബത്തിന്റെയും
വ്യക്തിപരമായ അതിജീവനത്തിന്റെയും ഭാഗമാണ്. കണ്ടീഷനിങ്ങിന്
വിധേയമായതുകൊണ്ട് നമുക്ക് ഒറേലിയസിനെ പോലെ സത്യം കാണേണ്ട ഉത്തരവാദിത്തമില്ല
.സ്വന്തം മഹത്വം കാണാൻ ഒരുവനും തയ്യാറല്ല എന്ന് ഒറേലിയസ് പറഞ്ഞതിന്റെ
അർത്ഥം മനസ്സിലാക്കണം.
ചോദ്യം: ദൈവം എന്ന
അനുഭവത്തെക്കുറിച്ച് ഒരു ലേഖനമുണ്ട് .അമേരിക്കൻ ഗ്രന്ഥകാരനായ നീലെ ഡൊണാൾഡ്
വാൽസിന്റെ 'കോൺവെർസേഷൻ വിത്ത് ഗോഡ്' എന്ന നാലുവാല്യങ്ങളുള്ള
പുസ്തകത്തെക്കുറിച്ച് എഴുതിയ ലേഖനമാണത്. താങ്കളെ ദൈവചിന്ത
ബാധിച്ചിരിക്കുകയാണ്?
എം.കെ.ഹരികുമാർ: ദൈവചിന്ത
എന്നെ ബാധിച്ചിട്ടുണ്ട്. ജീവിതത്തിലെ മൗനത്തിലും അത് തനിയെ വരും .ദൈവത്തെ
സൗന്ദര്യാത്മകമായാണ് ഞാൻ കാണുന്നത്. ഒരു മത്സ്യം വെള്ളത്തിൽ
നീന്തിത്തുടിക്കുന്നത് കാണുമ്പോൾ ഞാൻ ദൈവികമായ അനുഭൂതിയിലേക്ക് എത്തും.
മത്സ്യത്തിന്റെ നീന്തലിൽ ദൈവികതയുണ്ട്. ഇതാണ് സൗന്ദര്യം.
ദൈവം
എത്ര അനായാസമായി മത്സ്യത്തെ നീന്താൻ സജ്ജമാക്കിയിരിക്കുന്നു .എന്നാൽ
തീർത്തും ദൈവനിഷേധിയായ മനുഷ്യൻ മത്സ്യത്തെ കൊല്ലുന്നു. മനുഷ്യൻ ഓരോ
നിമിഷവും ദൈവത്തെ കൊല്ലുകയാണ്.ക്രിസ്തു ഓരോ നിമിഷവും
കുരിശിലേറ്റപ്പെടുന്നു.
ചോദ്യം:'ബുദ്ധിസ്റ്റ്
നീലാകാശങ്ങൾ' മലയാളവിമർശനത്തെ സജീവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വിമർശനത്തെ തത്വചിന്തയുടെയും കലയുടെയും ആവിഷ്കാരമാക്കുകയാണ്.
'ആത്മായനങ്ങളുടെ ഖസാക്ക്' ഒരു സറിയലിസ്റ്റ് ചിത്രം പോലെ, ആധുനിക
കവിതപോലെയാണ് വായിക്കേണ്ടത്. വിമർശകൻ്റെ മനസിലെ കവിതയാണത്. ഈ പുസ്തകം
താങ്കളുടെ ചിന്തയുടെ ബൃഹത് ലോകമാണ് അനാവരണം ചെയ്യുന്നത്. താങ്കൾ ഇതിനെ
എങ്ങനെ ഉൾക്കൊള്ളുന്നു.
എം.കെ.ഹരികുമാർ
:ഭാവുകത്വം മരിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു
പോയിക്കൊണ്ടിരിക്കുന്നത് .ആഴത്തിൽ ചിന്തിക്കുകയോ വളരെ ആലോചിക്കേണ്ടതായ ഒരു
വിഷയത്തെക്കുറിച്ച് കൂടുതൽ മനനം ചെയ്യുകയോ ആണെങ്കിൽ അതിനു പ്രതികരണം
കിട്ടാൻ പ്രയാസമാണ്. ഭാവുകത്വത്തിൻ്റെ പരിസരം ചുരുങ്ങിപ്പോയിരിക്കുന്നു.
ആളുകൾ ഇന്ന് കൂട്ടുകെട്ടുകളും ബന്ധങ്ങളുമുള്ളതുകൊണ്ട് കുറെ പുസ്തകങ്ങൾ
എഴുതി പ്രസിദ്ധീകരിക്കുന്നു ,അവാർഡ് വാങ്ങുന്നു. അതിനപ്പുറം ഒന്നുമില്ല.
ഭാവുകത്വപരമായി പ്രാധാന്യമുള്ള, വൈകാരികമായ, ദാർശനികമായ
വിഷയങ്ങളെക്കുറിച്ച് എഴുതുന്നത്, ഇന്നത്തെ സമൂഹത്തിൽ, റിസ്കാണ്. കാരണം, അത്
വായനയ്ക്ക്, ചർച്ചയ്ക്ക് വിഷയമാകുന്ന തരത്തിലുള്ള അന്തരീക്ഷമില്ല .
ആസ്വദിക്കുന്നവർ
കുറവാണ്.ഞാൻ ഭാഷാപരവും ആത്മീയവുമായ സൗന്ദര്യബോധമാണ്
ആവിഷ്കരിക്കുന്നത്.അതോടൊപ്പം പ്രസക്തമായ വാദങ്ങൾ ഉന്നയിക്കാറുണ്ട്.
വീണപൂവ്, ഖസാക്കിന്റെ ഇതിഹാസം എന്നീ കൃതികളെക്കുറിച്ചുള്ള പുസ്തകങ്ങൾ
ഇതിൻ്റെ ഭാഗമായിട്ടുള്ള ഉദ്യമങ്ങളാണ്.
പുതിയ ഒരു കണ്ടെത്തൽ ,ആശയങ്ങളുടെ പുതിയ ക്രമീകരണം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ചോദ്യം: 'അക്ഷരജാലകം' എന്ന പംക്തി എഴുതിതുടങ്ങുമ്പോൾ അത് സുദീർഘമായ ഒരു കാലയളവിലേക്ക് വളരുമെന്ന് കരുതിയിരുന്നോ ?
എം.കെ.ഹരികുമാർ:
അങ്ങനെയൊരു പ്രതീക്ഷയില്ലായിരുന്നു. എഴുതിതുടങ്ങിയപ്പോൾ തന്നെ എനിക്ക്
വായനക്കാരുടെ പിന്തുണ കിട്ടിക്കൊണ്ടിരുന്നു. വായനക്കാരുടെ ജിജ്ഞാസ ശരിക്കും
ഞാൻ അനുഭവിച്ചിട്ടുണ്ട്. 'അക്ഷരജാലകം' എന്ന പേര് ഇന്ന് സാഹിത്യത്തെപ്പറ്റി
പറയുന്ന പലയിടങ്ങളിലും ഉപയോഗിക്കുന്നു. ദൂരദർശനിൽ ഇതേ പേരിൽ
,സാഹിത്യകൃതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു പരിപാടി തുടങ്ങിയത് എൻ്റെ
പംക്തിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.ഇപ്പോൾ പത്രങ്ങളിൽ 'അക്ഷരജാലകം' എന്ന
പേരിൽ പംക്തി എഴുതുന്നവരുണ്ട് .'അക്ഷരജാലകം' സാഹിത്യപംക്തികളിലെ ഒരു
ബ്രാൻഡായി മാറിയതിന്റെ വിജയമാണിത്.
ചോദ്യം: എങ്ങനെയാണ് താങ്കൾ ഈ കാൽ നൂറ്റാണ്ടിൻ്റെ വിജയം നേടിയത്?
എം.കെ.ഹരികുമാർ
:വായനക്കാരോട് സത്യം പറയുകയാണ് ഞാൻ ചെയ്തത്. ആരുടെയും പരസ്യം ഞാൻ
ഏറ്റെടുത്തില്ല. ചിന്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ
ആരുടെയും സ്വാധീനമില്ലാതെ നീങ്ങാനാവും. സത്യം നമ്മെ സ്വതന്ത്രമാക്കും.ഞാൻ
സ്വാതന്ത്ര്യത്തെയാണ് അറിയാൻ ശ്രമിച്ചത്.ഒരു എഴുത്തുകാരൻ്റെ ജീവിതത്തിൽ
സ്വതന്ത്രനാവുന്നതിനാണ് മൂല്യം. ഇതിനു വലിയ പ്രയത്നം ആവശ്യമാണ്. എൻ്റെ
വായനയുടെ ഫലമായുണ്ടായ സ്വാതന്ത്ര്യമാണിത്. ഈ ചിന്തകൾ വായനക്കാരുമായി
പങ്കുവച്ചപ്പോൾ അവർ സ്വീകരിച്ചു.അവർ ഓരോ ആഴ്ചയിലും കാത്തിരുന്നു വായിച്ചു.
ചോദ്യം: താങ്കൾ സത്യം പറയുമ്പോൾ അത് പലർക്കും പ്രയാസമുണ്ടാക്കില്ലേ ?
എം.കെ.ഹരികുമാർ:
എനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലല്ലോ. ഞാൻ നേരിട്ട് കാണുകയോ
സംസാരിക്കുകയോ ചെയ്യാത്ത എഴുത്തുകാരെയും വിമർശിച്ചിട്ടുണ്ട്. അതിൽ ആശയപരവും
സൗന്ദര്യശാസ്ത്രപരവുമായ വിയോജിപ്പുകളേയുള്ളു.വിമർശനം ഇല്ലാതായാൽ സമൂഹം
ചീഞ്ഞുനാറും. എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിന്
ഉന്നതമായ സംശയങ്ങളും സത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും
ഉണ്ടായിരിക്കില്ല.
ചോദ്യം: 'അക്ഷരജാലകം' ഏതെല്ലാം ഇടങ്ങളിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?
എം.കെ.ഹരികുമാർ:
1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ കൊച്ചി എഡിഷനിലാണ് 'അക്ഷരജാലകം' ആദ്യം
പ്രസിദ്ധീകരിച്ചത്. പിന്നെ, അധികം താമസിയാതെ അത് പത്രത്തിൻ്റെ എഡിറ്റോറിയൽ
പേജിലേക്ക് മാറ്റി. ഇപ്പോൾ 'മെട്രോവാർത്ത'യിലാണ് പ്രസിദ്ധീകരിക്കുന്നത്.
കലാകൗമുദിയിൽ എട്ടു വർഷം എഴുതി. പിന്നീട് 'പ്രസാധകൻ' മാസികയിലും.
ചോദ്യം: എന്തുകൊണ്ടായിരിക്കും താങ്കളെപ്പോലെ കാൽനൂറ്റാണ്ടിലേറെ കോളമെഴുതുന്ന മറ്റൊരാളെ കാണാനില്ലാത്തത്?
എം.കെ.ഹരികുമാർ:
പംക്തി എഴുതുന്നത് വളരെ കഠിനമായ സപര്യയാണ്. എല്ലാ ആഴ്ചയിലും എഴുതണമല്ലോ.
പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടാകണം. സ്ഥിരമായി വായിക്കുന്ന
ശീലമുള്ളവർക്കേ ഇങ്ങനെ തുടർച്ചയായി എഴുതാനൊക്കൂ .സ്വന്തം കവിതയും
കഥയുമല്ലാതെ മറ്റൊന്നും വായിക്കാത്തവരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്
.അവർക്ക് പംക്തിയെഴുതാനുള്ള മാനസികാവസ്ഥയുണ്ടാവില്ല.സ്ഥിരമായി എഴുതാനുള്ള
ഊർജ്ജം അത്യാവശ്യമാണ്, ഒരു കോളമെഴുത്തുകാരന് .ലോക നിലവാരത്തിലുള്ള നവീനമായ
ആശയങ്ങളില്ലെങ്കിൽ കോളം ആരും ഗൗരവത്തിലെടുക്കില്ല. ആഴ്ചയിൽ ഒരു പുസ്തകം
,ഒരു ചിത്രം ,ഒരു സിനിമ ,ഒരു കവിത എന്നൊക്കെ പറഞ്ഞ് കോളമെഴുതുന്ന
പൈങ്കിളിക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് പോലും അത്തരം എഴുത്തുകൊണ്ട്
പ്രയോജനമില്ല .നിരന്തരമായി ആശയങ്ങളുമായി ഏറ്റുമുട്ടാനും പുതിയ
വീക്ഷണങ്ങളിലേക്ക് വളരാനും കഴിയുന്നവർക്കേ കോളം എഴുത്ത് സാധ്യമാകൂ .
ചോദ്യം: 'അക്ഷരജാലകം' മലയാള സാഹിത്യത്തെ സ്വാധീനിച്ചത് എങ്ങനെയാണ് ?താങ്കൾ അത് വിലയിരുത്തിയിട്ടുണ്ടോ.?
എം.കെ.ഹരികുമാർ:അക്ഷരജാലകം
,വായനക്കാരുടെ പംക്തിയാണ് .അവരാണ് അതിനെ നിലനിർത്തിയത്. എല്ലാ ആഴ്ചയിലും
അക്ഷരജാലകം വായിച്ചിട്ട് എനിക്ക് സന്ദേശമയയ്ക്കുന്നവരുണ്ട്.
കിട്ടിയില്ലെങ്കിൽ ചോദിച്ച് മേടിച്ച് വായിക്കും.ചിലർ ഇതിനെപ്പറ്റി
വാട്സപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും എഴുതാറുണ്ട്. ഇങ്ങനെ നല്ല വായനക്കാർ
കാത്തിരിക്കുന്നതു കൊണ്ട് ജാഗ്രത പാലിച്ചേ മതിയാകൂ.
ഏതെങ്കിലുമൊരു
പുസ്തകം പരിചയപ്പെടുത്താൻ വേണ്ടി മാത്രം കോളം
എഴുതിയിട്ടില്ല.അസംബന്ധങ്ങളും അർത്ഥശൂന്യതകളും നിറഞ്ഞ സാഹിത്യസംസ്കാരത്തെ
എതിർക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
ചോദ്യം:ഒരു കോളമെഴുത്തുകാരനെ വിജയിപ്പിക്കുന്നത് എന്താണ്?
എം.കെ.ഹരികുമാർ : നല്ല ഭാഷയും പുതിയ ചിന്തയുമാണ് പ്രധാന ഗുണങ്ങളായി വേണ്ടത്. ഭാഷയുണ്ടാകണമെങ്കിൽ ശരിയായ സാഹിത്യസംസ്കാരം അറിയണം.
ചോദ്യം:അക്ഷരജാലകം
വായനക്കാരുടെ ,സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന്റെ ചിന്താധാരയിൽ പരിവർത്തനം
വരുത്തിയതായി താങ്കൾ ചിന്തിക്കുന്നുണ്ടോ ? എന്താണത്?
എം.കെ.ഹരികുമാർ:
ദീർഘകാലമായി, അന്ധമായി പിന്തുടരുന്ന പല സങ്കല്പങ്ങളും എൻ്റെ പംക്തിയിൽ
ചോദ്യം ചെയ്യപ്പെട്ടു. അതിലൊന്ന് സ്വത്വം എന്ന ആശയത്തിനെതിരായ എൻ്റെ
സമരമാണ്. സ്വത്വം എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കുറെ എഴുത്തുകാരെ ഞാൻ
കണ്ടിട്ടുണ്ട്. എന്നാൽ സ്വത്വം ഒരു Pre modern ആശയമാണ്. ഇന്നത്തെ ലോകത്ത്
എഴുത്തുകാരനായാലും സാധാരണ വ്യക്തിയായാലും സാഹചര്യങ്ങൾക്കനുസരിച്ച്
മാറുകയാണ് ചെയ്യുന്നത്. വേഗതയേറിയ പുതിയ ജീവിതത്തിൽ പരമ്പരാഗതമായ
സങ്കല്പങ്ങൾ കലഹരണപ്പെടുകയാണ്. ഫ്രഞ്ച് തത്ത്വചിന്തകനായ പോൾ വിറിലിയോ
പറഞ്ഞതുപോലെ സമാധാനത്തിലായിരിക്കുന്നതിനും ഇന്ന് വേഗത വേണം .വേഗത ഒരു
പുതിയ മാനമാണ്. പ്രണയിക്കുന്നതും വേർപിരിയുന്നതും
അമിതവേഗത്തിലായിട്ടുണ്ടെങ്കിൽ അത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. പ്രേം
നസീർ സിനിമകളിലും ചങ്ങമ്പുഴയുടെ കവിതകളിലും കണ്ട പ്രണയം ഇന്ന് ആർക്കും
മനസിലാവുകയില്ല.
മറ്റൊന്ന്, സംസ്കാരം എന്ന ആശയമാണ്. കലയും പൈതൃകവുമല്ല സംസ്കാരത്തിന്റെ അളവുകോലുകളെന്ന് ഈ കോളത്തിൽ എഴുതി;
ഇത്
കോളത്തിലൂടെ സ്ഥാപിച്ചെടുത്തു. ഒരു വ്യക്തി പണം കൊടുത്ത് വാങ്ങുന്ന വസ്തു
സംസ്കാരത്തെ നിർണയിക്കുന്നു.വലിയ മാളുകളിലെ ഫുഡ് കോർട്ടിൽ പോയി ഭക്ഷണം
കഴിക്കുന്നത്, വലിയ കാറുകളിൽ സഞ്ചരിക്കുന്നത്, വലിയ കെട്ടിടങ്ങളിൽ
താമസിക്കുന്നത്... തുടങ്ങിയവ മനുഷ്യരുടെ സാംസ്കാരിക അടയാളങ്ങളായി
മാറിയിരിക്കുന്നു .പാവപ്പെട്ടവർക്കും ഇതെല്ലാം അനിവാര്യമായിരിക്കുന്നു.ഇത്
നേടിയില്ലെങ്കിൽ സംസ്കാരത്തിൻ്റെ ചന്തയിൽ ഇവർ പിന്തള്ളപ്പെടും.
ഉത്തരാധുനികത മരിച്ചു എന്ന് ഞാനാണ് ആദ്യം എഴുതിയത്. ഉത്തര-
ഉത്തരാധുനികതയുടെ വരവ് അറിയിച്ചു കൊണ്ട് 'അക്ഷരജാലക'ത്തിൽ ഞാൻ ധാരാളം
എഴുതി. അലൻ കിർബി ,നിക്കോളെ ബോറിയ ,റയോൾ ഇഷെൽമാൻ തുടങ്ങിയവരെ ഞാൻ ഇൻ്റർവ്യു
ചെയ്തതിൻ്റെ സംക്ഷിപ്ത വിവരം 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചിരുന്നു
.പിന്നീട് 'ഉത്തര- ഉത്തരാധുനികത' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.
ചോദ്യം:'അക്ഷരജാലക'ത്തോട് മറ്റു എഴുത്തുകാർ എങ്ങനെയാണ് പ്രതികരിച്ചത് ?
എം.കെ.ഹരികുമാർ:
സ്ഥാപിത താൽപര്യമില്ലാത്തവർ എൻ്റെ പംക്തിയെ എന്നും പിന്തുണച്ചിട്ടുണ്ട്.
സംവിധായകൻ കെ.എസ്.സേതുമാധവൻ മിക്കവാറും വിളിക്കുമായിരുന്നു .അദ്ദേഹം
ഇതിനെക്കുറിച്ച് കത്തെഴുതി പ്രസിദ്ധീകരിച്ചു.'അക്ഷരജാലക'ത്തിൻ്റെ രണ്ടു
വാല്യങ്ങൾ ഇപ്പോൾ സുജിലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചു ,രണ്ടു
വാല്യങ്ങളായിട്ട്. ഒരു പുസ്തകത്തിൻ്റെ പിൻകവറിൽ കെ.എസ്.സേതുമാധവൻ്റെ
കത്ത് ചേർത്തിട്ടുണ്ട്. മറ്റേ പുസ്തകത്തിൻ്റെ പിൻകവറിൽ ചെമ്മനം ചാക്കോയുടെ
കത്താണ് ചേർത്തിട്ടുള്ളത്. അദ്ദേഹം ഈ കോളത്തിന്റെ വലിയ ആരാധകനായിരുന്നു.
അദ്ദേഹം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കത്ത് എഴുതി
കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. വേറെയും ധാരാളം എഴുത്തുകാർ
'അക്ഷരജാലക'ത്തെ പ്രശംസിച്ചിട്ടുണ്ട്.
ചോദ്യം:
ഒരു കോളമിസ്റ്റിന് കലയോടുള്ള സമീപനം എന്താണ്? ദീർഘകാലയളവിൽ കോളമെഴുതുമ്പോൾ ,
ആവർത്തിക്കപ്പെടുന്ന ആശയങ്ങളും പരസ്പരവിരുദ്ധമായ ചിന്തകളും ഉണ്ടാവില്ലേ ?
എം.കെ.ഹരികുമാർ:
ഒരു കോളമിസ്റ്റിനു മാത്രമായി പ്രത്യേക സമീപനമില്ല. ഒരു
കലാകാരനായതുകൊണ്ടാണ് ഞാൻ വിമർശനമെഴുതുന്നത്. എന്നിലെ കലാകാരനും
തത്ത്വചിന്തകനും ചേർന്നാണ് എന്നെ വിമർശകനാക്കുന്നത്. അതുകൊണ്ട്
വിമർശനാത്മകതയുടെ സ്വാതന്ത്ര്യത്തെ അറിയാൻ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും.
ഒരു വിമർശകനായിരുന്നില്ലെങ്കിൽ കോളമെഴുതില്ലായിരുന്നു. ആ പംക്തിയെ
മുന്നോട്ടു കൊണ്ടുപോകുന്നത് എൻ്റെ വിമർശനാത്മക ബുദ്ധിയാണ്.അതേസമയം പംക്തിയെ
വിചാരാത്മകമാക്കുന്നത്, സൗന്ദര്യമുള്ളതാക്കുന്നത് എന്നിലെ
തത്ത്വചിന്താപരമായ ആലോചനകളാണ്.'ഒരു പൂച്ചയും ഒറിജിനലല്ല' എന്ന പേരിൽ
ഞാനൊരു ലേഖനം എഴുതിയിരുന്നു .കലയോടുള്ള എൻ്റെ സമീപനം ഇതിലുണ്ട്. ഞാൻ
ഒന്നിനെയും ഒറിജിനലായി കാണുന്നില്ല. കലാകാരൻ സൃഷ്ടിക്കുകയാണ്. അതുകൊണ്ട്
അത് പുതിയതാണ്; അല്ലെങ്കിൽ പുതിയതാകണം.ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അത്
ഒറിജിനലല്ലാതാകും. താൻ കണ്ട പൂച്ചയാണ് അയാൾ വരയ്ക്കുന്നത്. യാതൊരു
വസ്തുവും പ്രത്യക്ഷത്തിൽ പ്രതീതിയും പ്രതിഛായയുമാണ്. ഓരോ മനുഷ്യനും
കാണുന്നത് വിഭിന്നമായാണ്. കാഴ്ചകൾ പലതാണ്. ഒരു വസ്തുവിനെ ആയിരം കണ്ണുകൾ
നോക്കുന്നു. അതുകൊണ്ട് അതിനു വാസ്തവികതയില്ല. പലതരം പ്രതിഛായകളാണ്
ഉണ്ടാകുന്നത്.എഴുതുമ്പോൾ യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ
സൃഷ്ടിക്കുകയുമാണ്. എൻ്റെ വീക്ഷണത്തിൽ, പ്രകൃതിയിലെ കാഴ്ചകൾ -മേഘങ്ങൾ
,നദികൾ, സമുദ്രങ്ങൾ, വൃക്ഷങ്ങൾ, ആകാശം, പക്ഷികൾ ,പ്രാണികൾ ,മൃഗങ്ങൾ,
സൂര്യോദയം ,അസ്തമയം ,രാത്രി തുടങ്ങിയവയെല്ലാം സുന്ദരമാണ്. എന്നാൽ ആ
സൗന്ദര്യവുമായി നമുക്ക് ബന്ധമില്ല. നമ്മുടെ നിലനിൽപ്പിനെ അത് ഒരു തരത്തിലും
സംരക്ഷിക്കുന്നില്ല. പ്രകൃതിയിലുള്ള വസ്തുവിൽ സൗന്ദര്യം കാണുകയാണെങ്കിൽ,
ചിലപ്പോൾ മറ്റൊരാൾ സൃഷ്ടിച്ചത് കണ്ടാൽ രസം തോന്നണമെന്നില്ല. എന്നാൽ
കലാകാരൻ്റേത് ഒരു കലാപമാണ്. അയാൾ പ്രകൃതിയുടെ വസ്തുസൗന്ദര്യത്തിൻ്റെ പൂർണത,
തന്നെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിക്കുന്നത് .
കലാകാരന്
പരാജയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് .അയാൾ ഒരു പാർശ്വവീക്ഷണമാണ്
തേടുന്നത്. അതിൽപോലും അയാൾക്ക് അനശ്വരമായ ആനന്ദം കണ്ടെത്താനാവുന്നില്ല.
ഡാവിഞ്ചി തൻ്റെ ചിത്രങ്ങൾ പൂർണമായി വരച്ചു തീർത്തിരുന്നില്ല. എപ്പോഴും
വരച്ചും മിനുക്കിയുമിരിക്കും. പള്ളി അധികാരികൾ വരയുടെ അവസാന ഘട്ടത്തിൽ
ബലമായി ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു പതിവ്.വൈരുദ്ധ്യങ്ങൾ
ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തിക്കുന്തോറും പല ധാരണകളും മാറി വരും.
പുതിയ അപ്ഡേറ്റുകൾ വേണം. വൈരുദ്ധ്യങ്ങൾ ഉണ്ടായാലെന്താണ് ? അത് ചിന്തയുടെ
ലക്ഷണമാണ്. കലാകാരന് ഒരു കാര്യത്തിലും അന്തിമമായ
തീരുമാനത്തിലെത്താനാവില്ല.
ചോദ്യം: ഇരുപത്തിയഞ്ച് വർഷമായി താങ്കൾ 'അക്ഷരജാലകം' എഴുതുന്നു. ഓരോ ആഴ്ചയിലും പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്?
എം.കെ.ഹരികുമാർ:
എഴുതാനുള്ള ഒരു ത്വര എപ്പോഴുമുണ്ട്. എനിക്ക് അതിനുള്ള സമയം കിട്ടിയാൽ മതി.
എൻ്റെ പ്രകൃതിയിൽ അതിനുള്ള ഇന്ധനമുണ്ട് .ആശയങ്ങൾ മനസ്സിൽ എപ്പോഴും
ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും വായിച്ചാൽ അത്
കുറേക്കൂടി തീവ്രമാകും. വായിക്കുന്നത് കടം കൊള്ളാറില്ല. എൻ്റെ ചിന്ത ലോക
നിലവാരത്തിലുള്ളതാണെന്ന് ഞാൻ കരുതുന്നു. ഞാൻ മനസിൽ ആലോചിച്ച കാര്യങ്ങൾ ചില
പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിലും സംഭാഷണങ്ങളിലും കണ്ട്
ഞെട്ടിയിട്ടുണ്ട്. എൻ്റെ ചിന്തയ്ക്ക് പര്യാപ്തമായത് എൻ്റെ മനസിൽ നിന്നു
വരും. 'നവാദ്വൈതം' തുടങ്ങിയ ആശയങ്ങൾ അങ്ങനെ ഉണ്ടായതാണ്. പുതിയ
ആശയങ്ങളില്ലെങ്കിൽ എന്തിനാണ് ഒരു കോളമെഴുതുന്നത് ? ഒരു കോളമിസ്റ്റിൽ നിന്ന്
വായനക്കാർ പ്രതീക്ഷിക്കുന്നത് പുതിയൊരു ചിന്തയാണ് .നമ്മൾ
എഴുതിക്കഴിയുമ്പോൾ അത് അവരുടെതായിരുന്നുവെന്ന് അവർക്ക് തോന്നണം. ഹൃദയത്തോട്
ഹൃദയം സത്യം പറയണം. സത്യം നമ്മെ മോചിപ്പിക്കും.
ചോദ്യം: വായനക്കാരുടെ പ്രതികരണം എങ്ങനെയാണ്?
എം.കെ.ഹരികുമാർ:
വായനക്കാർക്ക് എന്നോട് വലിയ സ്നേഹമാണ്. അതെനിക്ക്
തിരിച്ചറിയാനായിട്ടുണ്ട്. ഞാനൊരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അവിടെ എന്നെ
കാണാൻ വന്ന ഒരു വായനക്കാരൻ 'അക്ഷരജാലക'ത്തിൻ്റെ കുറെ പേജുകൾ കട്ട് ചെയ്ത്
ഒരു ഫയലാക്കി കൊണ്ടുവന്നത് അത്ഭുതപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു
യുവാവ്, ഈ പംക്തിയുടെ പേജുകൾ ബയൻ്റ് ചെയ്തതിൻ്റെ ഫോട്ടോ വാട്സപ്പിൽ
അയച്ചുതന്നത് അതിശയിപ്പിച്ചു. 'അക്ഷരജാലകം' പ്രസിദ്ധീകരിച്ചു വരുന്നതിൻ്റെ
തലേ ദിവസം ഫോൺ ചെയ്ത് എന്തൊക്കെയാണ് 'അക്ഷരജാലക'ത്തിൽ
എഴുതിയിരിക്കുന്നതെന്ന് തിരക്കിയ കുറെ വായനക്കാരുണ്ട്.
ചോദ്യം:താങ്കളോട് ഈ പംക്തിയുടെ പേരിൽ മുഖ്യധാരയിലെ ചില എഴുത്തുകാർക്ക് അനിഷ്ടമുള്ളതായി അറിയാമോ ?
എം.കെ.ഹരികുമാർ:
തീർച്ചയായും ഇഷ്ടക്കേടുണ്ട് .അത് സ്വാഭാവികമാണ്. വലിയ രാഷ്ട്രീയ
സാഹിത്യകാരന്മാരുടെ പക്ഷപാതവും പിന്തിരിപ്പൻ അവസരവാദങ്ങളും എല്ലാവർക്കും
അറിയാമല്ലോ. അതുകൊണ്ട് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി, ജനാധിപത്യബോധമോ,
സഹിഷ്ണുതയോ ഇല്ലാതെ , പരസ്പരം പുകഴ്ത്തുന്ന അവരെ ഗൗരവത്തിലെടുക്കാൻ
തോന്നുന്നില്ല.
ചോദ്യം:താങ്കളുടെ ജലഛായ , ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകൾ വേണ്ടത്ര വായിക്കപ്പെട്ടില്ലെന്ന് തോന്നിയോ?
എം.കെ.ഹരികുമാർ
:വായന നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ടതല്ലല്ലോ. അത് നന്നായി
വായിക്കപ്പെട്ടു. 'ജലഛായ' പലരും പിന്നീട് കോപ്പിയടിച്ചു. ഒരു സുഹൃത്ത്
ഇതിൻ്റെ കണക്കെടുത്ത് കാണിച്ചതാണ്. നോവലിൻ്റെ കലയിൽ ,ഈ മലയാള സാഹിത്യത്തിൽ,
എന്റെ നോവലുകൾ മഹത്തായ സംഭാവനയാണെന്ന് എത്രയോ പേർ പറഞ്ഞു! രൂപത്തിലും
ഉള്ളടക്കത്തിലും ഇത്രയും പൊളിച്ചെഴുത്ത് സാധ്യമാക്കിയ വേറെ ഒരു കൃതി
ചൂണ്ടിക്കാണിക്കാൻ മലയാളസാഹിത്യത്തിലില്ല. അത്ര നൂതനമാണ് എൻ്റെ രചനകൾ .
അതുകൊണ്ട് ഈ കൃതികൾക്കെതിരെ ഗൂഢാലോചന ഉണ്ടാവും.
ചോദ്യം :എഴുതി തുടങ്ങിയിട്ട് അമ്പത് വർഷത്തോട് അടുക്കുകയാണല്ലോ. താങ്കൾ ഇതിനെ സ്വന്തം പശ്ചാത്തലത്തിൽ എങ്ങനെ കാണുന്നു ?
എം.കെ.ഹരികുമാർ
: മുപ്പത്തിയെട്ട് പുസ്തകങ്ങളെഴുതി. സമാഹരിക്കാൻ എത്രയോ ലേഖനങ്ങളുണ്ട്.
നമ്മൾ എഴുതി തുടങ്ങുമ്പോൾ സാഹസികരാവണം. മതിലുകൾ തകർക്കാനുള്ള ചിന്തയാണ്
പ്രധാനം .ചിന്തയ്ക്ക് ക്ഷീണം ബാധിച്ചാൽ പിന്നീട് എഴുതുന്നത് വ്യർത്ഥമാണ്.
തുടക്കത്തിൽ നമ്മെ എല്ലാവരും കൗതുകത്തോടെയാണ് കാണുന്നത്. എന്നാൽ
'ആത്മായനങ്ങളുടെ ഖസാക്ക് ' പോലുള്ള കൃതികൾ എഴുതുമ്പോൾ പലരും അകലും. കാരണം,
ഒരു ഗദ്യകലാകാരനെ ഉൾക്കൊള്ളാനുള്ള സർഗബലം മിക്കവർക്കുമില്ല. ഇവിടെ
സ്വന്തമായി ഒരു ആസ്വാദനം ,വിധിതീർപ്പ് സാധ്യമാകുന്നത് വളരെ കുറച്ചു പേർക്ക്
മാത്രമാണ്. വല്ലവരും പറയുന്നത് കേട്ട് സാഹിത്യം വായിക്കുന്നവരാണ്
ഭൂരിപക്ഷവും .നമ്മൾ ശക്തമായി എഴുതുമ്പോൾ ,ആ യാത്രയിൽ മതിലുകൾ ഇടിഞ്ഞു വീഴും
.അപ്പോൾ നമ്മെ സ്നേഹിക്കുന്നവർ കുറയും.യാഥാസ്ഥിതിക എഴുത്തുകാർ
നിശ്ശബ്ദമായി നമ്മെ നശിപ്പിക്കാൻ നോക്കും. അവർ ഭീരുത്വത്തിൻ്റെ ഫലമായ
കുശുമ്പിലേക്ക് കടക്കും. നമ്മുടെ ഒരു കൃതിയെങ്കിലും, വല്ലപ്പോഴും
പ്രകാശിതമാകുമ്പോൾ പോലും അവർ അസ്വസ്ഥരാകും. അവരുടെ ഭീരുത്വം പരിധിയില്ലാതെ
വളരും. ഞാൻ ഗദ്യത്തിൻ്റെ കലയിൽ പരീക്ഷണം നടത്തുന്നത് ചിലരെ വിറളി
പിടിപ്പിച്ചേക്കാം.'ആനന്ദത്തിന്റെ എഞ്ചിനീയറിങ്ങ്,''വാക്കുകൾ കടന്നു
ചെല്ലാത്ത ഇടങ്ങൾ' തുടങ്ങിയ തലവാചകങ്ങൾ കൊണ്ട് ഞാൻ ഭീരുക്കളെ ഒന്നുകൂടെ
അസ്വസ്ഥരാക്കും .
ചോദ്യം: മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി എഴുതിയത് താങ്കളാണല്ലോ ?
എം.കെ.ഹരികുമാർ:
ഞാൽ 2012 ൽ 'ഉത്തര -ഉത്തരാധുനികത' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ
അതിനു മുന്നേ തന്നെ 'അക്ഷരജാലക'ത്തിലൂടെ ഉത്തരാധുനികതയുടെ മരണത്തെ
ചൂണ്ടിക്കാണിച്ചിരുന്നു.
ചോദ്യം: ഉത്തരാധുനികത
മരിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ ?എന്നിട്ടും ചില
യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച്
ദിവസങ്ങൾ നീളുന്ന സെമിനാറുകൾ നടത്തുകയാണ് .
എം.കെ.ഹരികുമാർ:നമ്മുടെ
അക്കാദമിക് രംഗം വല്ലാതെ വരണ്ടു പോയിരിക്കുകയാണ്. നല്ല ഗദ്യമെഴുതുന്ന ഒരാൾ
പോലും ഇപ്പോൾ കലാശാലകളിലില്ല.ഗദ്യത്തെ കലാരൂപം എന്ന നിലയിൽ അറിയുന്നവർ ആ
മേഖലയിലില്ല .അവർ ഗവേഷണം ചെയ്യുന്ന ഉത്തരാധുനിക വിഷയങ്ങളിൽ തന്നെ
കുരുങ്ങിക്കിടക്കുകയാണ്. അവർക്ക് ദേശകാലപഠനങ്ങളല്ലാതെ വേറെ ഒന്നും
ചെയ്യാനില്ല .
![]() |
കെ.ജി.മഹേന്ദ്രകുമാർ
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ
പ്രസാധകർ: ബോധി ബുക്സ്
Contact: 9061108334, 9447304886 (whatsaap








