Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 1/എം.കെ. ഹരികുമാർ

 







യുക്തിവാദികൾ ദൈവത്തെയാണ് ആദ്യം കടന്നാക്രമിക്കുന്നത്. ദൈവം നമ്മെ മരണത്തിൽ നിന്നു രക്ഷിക്കുമോ തുടങ്ങിയ വളരെ ആഴം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട് .ദൈവത്തെ ആദ്യമേ തന്നെ ആക്രമിച്ചാൽ തങ്ങൾ സുരക്ഷിതരായി എന്ന ധാരണയാണ് അവർക്കുള്ളത്. യുക്തിയുടെ ആധാരം, വ്യവസ്ഥ ദൈവത്തിലാണ് അവർ കാണാൻ ശ്രമിക്കുന്നത്. അവിടെ യുക്തിയില്ലെന്ന് പ്രഥമദൃഷ്ട്യാ ചിന്തിച്ചാൽ പിന്നെ യാതൊന്നും സമസ്യയായി അവശേഷിക്കുന്നില്ല
എന്നാണ് അവരുടെ നിഗമനം.

ദൈവത്തിൽ വിശ്വസിക്കാത്തവർ എങ്ങനെയാണ് ദൈവത്തെ നിഷേധിക്കുക ? ദൈവം ഉണ്ടെന്ന് ചിന്തിക്കുന്നിടത്താണ് അതിനെ നിഷേധിക്കേണ്ടി വരുന്നത്. പ്രേമം ഉണ്ടെങ്കിലേ അത് നിഷേധിക്കാനാവൂ. പ്രേമം എന്താണെന്ന് അറിയുന്നതുകൊണ്ടാണ് അതിനെ വേണ്ടെന്നു വയ്ക്കുന്നത്. പ്രേമം എന്ന അറിവ് പ്രേമനിഷേധിയുടെ മനസ്സിലുണ്ട്, എത്ര നിരാകരിച്ചാലും.  അതുകൊണ്ട് പ്രേമം അവിടെത്തന്നെയുണ്ട്. അവൻ അത് പ്രത്യക്ഷത്തിൽ നിഷേധിക്കുന്നു എന്നേയുള്ളൂ .എന്നാൽ ഗർഭാശയത്തിൽ കിടക്കുന്ന ഒരു കുഞ്ഞിന് ഏതിനെയെങ്കിലും നിഷേധിക്കാനാവുമോ ? ഇല്ല. അതുകൊണ്ട് ഗർഭത്തിലിരിക്കുന്ന ശിശു ദൈവത്തെ അംഗീകരിച്ചേ പറ്റൂ.  പിറവിക്ക് മുമ്പ് നാം എല്ലാ അറിവുകളെയും അംഗീകരിക്കുകയായിരുന്നു. എങ്ങനെയാണ് ബീജവും അണ്ഡവും ഉണ്ടായത് .ഒരു ദിവസം ,ഈ പ്രപഞ്ചത്തിലാദ്യമായി ചന്ദ്രനിൽ നിന്ന് ജലത്തിലേക്ക് വീണതല്ല നമ്മെ സൃഷ്ടിച്ച ബീജം .അത് നൂറ്റാണ്ടുകളായി ഉണ്ടായിരുന്നു. സഹസ്രാബ്ദങ്ങളായി ഉണ്ടായിരുന്നു. ഒരു ബീജകണം ഉണ്ടാകാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്തോ ?നമ്മൾ സൃഷ്ടിച്ചതല്ല അത്. സർഗ്ഗശേഷികൊണ്ട് നമ്മുടെ പൂർവ്വകാലത്തെ സ്വാധീനിക്കാനാവില്ലല്ലോ .

അപാരസിദ്ധികളടങ്ങിയ പേടകം

നമ്മൾ എങ്ങനെയോ ജനിച്ചതാണ്. നമുക്ക് വേണ്ടി എവിടെയെങ്കിലും പറഞ്ഞുറപ്പിച്ച ഒരു ബീജസങ്കലനമല്ല നടന്നത്. ബീജവും അണ്ഡവും  കൂടിച്ചേർന്നത് ആകസ്മികമായ ഒരു സംഭവമായിരുന്നു. നമ്മുടെ മാതാപിതാക്കളെ നാം തിരഞ്ഞെടുക്കുകയല്ലല്ലോ .നമ്മൾ  എവിടെയോ ആദ്യമായി പിറവിയെടുക്കുന്നു. ഏതോ ഗർഭപാത്രത്തിൽ നാം വന്നു വീഴുകയാണ് .ആരാണ് നമ്മെ പറഞ്ഞയച്ചത്? എന്താണ് അതിൽ കൃത്യമായി ആവർത്തിക്കപ്പെടുന്ന വ്യവസ്ഥ ?സമ്പൂർണമായ ഒരു വ്യവസ്ഥയല്ലേ അത്? അനേകമനേകം സിദ്ധികൾ അടക്കം ചെയ്ത ഒരു പേടകമാണ് ശിശുശരീരം .

അതിൽ അറിയപ്പെടാത്ത പലതും ഉറങ്ങിക്കിടക്കുന്നു. മൂവായിരം  വർഷങ്ങൾക്കു മുമ്പ് ഗർഭാശയത്തിൽ കിടന്ന ഒരു ശിശുവിൽ ആരും കണ്ടെത്തപ്പെടാത്ത എത്രയോ അറിവുകൾ നിലീനമായിരുന്നു. ഒരു മാന്ത്രികപ്പെട്ടിയല്ലേ ഈ ഭ്രൂണം? ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഇൻറർനെറ്റും സൂപ്പർ സോണിക് ജെറ്റും കണ്ടെത്താനുള്ള സിദ്ധി മൂവായിരം  വർഷം മുമ്പുള്ള ഭ്രൂണത്തിൽ നിലീനമായിരുന്നു. അത് പുറത്തുവന്നത് ഇപ്പോഴാണെന്നു മാത്രം. എല്ലാ അറിവുകളും ഒരു ഭ്രൂണത്തിൽ അന്തർലീനമായിരിക്കെ ,നമുക്കെങ്ങനെയാണ് യാതൊന്നിനോടും വിധേയത്വമില്ലാതെ എല്ലാം നമ്മുടെ നേട്ടമാണെന്ന് അഹങ്കരിക്കാനാവുന്നത്?.നമ്മുടെ സിദ്ധികൾ നാം തന്നെ കണ്ടുപിടിച്ചതാണെന്ന് എങ്ങനെ പറയാനാവും? ബിൽ ബ്രൈസൺ എഴുതുന്നു: "Typically a cell will contain some 20000 different types of protein ,and of these about 2000 types will each be represented by at least 50000 molecules ." ഒരു കോശത്തിൻ്റെ കാര്യമാണ് പറയുന്നത്. ഇരുപതിനായിരം വ്യത്യസ്ത പ്രോട്ടീനുണ്ടെന്ന് .അതിൽ രണ്ടായിരം എണ്ണത്തിൽ ഓരോന്നും പ്രതിനിധീകരിക്കാൻ അമ്പതിനായിരം തന്മാത്രകളുണ്ടെന്ന്! .ഇതല്ലേ ദുർഗ്രഹതയുടെ ഊരാക്കുടക്ക്?സൃഷ്ടി തന്നെ ദൈവികമായ ഒരു ഇടപെടലല്ലേ ?ശരീരത്തിൻ്റെ സങ്കീർണമായ ആന്തരികവ്യവസ്ഥകളും ബുദ്ധിപരമായ കഴിവുകളും നമ്മളിലേക്ക് സ്വയം വന്നതാണെന്ന് എങ്ങനെ പറയാനാകും? ഏതായാലും നമ്മൾ സൃഷ്ടിച്ചതല്ല. 

ഒരു ജീവിവർഗത്തിൽ നിന്നു അതേ ഇനത്തിൽപ്പെട്ട ജീവികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ  ഇതിനായി ചെലവഴിക്കപ്പെടുന്നത് ഒരു അണ്ഡവും ബീജവുമാണ് .എന്തൊരു അത്ഭുതമാണ്!. ഒരു ജൈവവ ശരീരത്തിലല്ലാതെ സൃഷ്ടി നടക്കുന്നുമില്ല. അപ്പോൾ അപാരമായ ഈ പ്രക്രിയയ്ക്ക് അതിഭൗതികമായ അല്ലെങ്കിൽ പ്രാപഞ്ചികമായ ഒരു ബോധത്തിന്റെ സഹായം വേണം.ജീവികൾക്കറിയില്ല തങ്ങൾ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ ആന്തരഘടന എങ്ങനെയാണ് കൃത്യമായി ഡിസൈൻ ചെയ്യപ്പെടുന്നതെന്ന്. ഇതാണ് ജീവിതത്തെ ദുരൂഹമാക്കുന്നത്. നമുക്ക് സൃഷ്ടിപരമായ ഒരു സംഭാവനയും നല്കാനാവില്ല ,നമ്മുടെ ശരീരത്തിൻ്റെയോ മനസിൻ്റെയോ നിർമ്മിതിയിൽ .വൈകാരികമായ അച്ചടക്കം പാലിക്കാൻ കഴിഞ്ഞേക്കും. വളരെ തെളിഞ്ഞതും ലളിതവുമായിരിക്ക തന്നെ ഓരോ സൃഷ്ടിയും അപ്രവചനീയമായ സിദ്ധികൾ ഉൾക്കൊള്ളുകയാണ്.എങ്ങനെ അത് പരിപാലിക്കപ്പെട്ടു. ഓരോ ജീവനും സുരക്ഷാവലയമുണ്ട്. അതിൻ്റെ തണലിൽ അത് വളരുന്നു. നമ്മൾ എങ്ങനെ ജീവിച്ചു എന്ന ചോദ്യം കോടാനുകോടി പൂർവ്വികർ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിൽ കൊണ്ടുപോയി നിർത്തും.

പിന്നിൽ തെളിയുന്ന അനേകം ഗർഭപാത്രങ്ങൾ 

നമ്മുടെ പൂർവികർ ആരായിരുന്നു? അവർ എങ്ങനെ പ്രതികൂല സാഹചര്യങ്ങളെ അതിലംഘിച്ചു മുന്നേറി ?.അവർ നൂറ്റാണ്ടുകളിലൂടെ  നടത്തിയ അതിജീവനയാത്രയിലാണ് നാം യാഥാർത്ഥ്യമായിത്തീർന്നത്.  നമ്മുടെ ജീവിതം തുടങ്ങിയത് കേവലം ഒരു ഗർഭപാത്രത്തിലല്ല .അതിനും മുമ്പ് അനേകമനേകം ഗർഭപാത്രങ്ങളിലാണ്. അവിടെയെല്ലാം അതിജീവിക്കപ്പെട്ട ഭ്രൂണങ്ങളുടെ വലിയൊരു കഥയുണ്ട്.  ഗുരു എഴുതുന്നു:

"ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ ?
കൽപ്പിച്ച പോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ !"

ഗർഭത്തിലിരുന്ന ഭ്രൂണത്തെ സ്നേഹത്തോടെ തുടരാൻ അനുവദിച്ച ഒരു ശക്തിയെ ഗുരു കാണുന്നു. ശാസ്ത്രീയമായി പലതും പറയാനുണ്ടാവും. മാതാവിൻ്റെ ആരോഗ്യവും ഭക്ഷണവും മറ്റും അതിനു സഹായകമായിട്ടുണ്ടാവും . അത് ഏവർക്കും ഗ്രഹിക്കാനാവുന്ന കാര്യങ്ങളാണ്.എന്നാൽ അതിനുമപ്പുറത്ത് അതിൽ യാദൃശ്ചികതയുടെ ഒരു ഘടകമുണ്ട്. ദോഷകരമായ ലോകസാഹചര്യം ,മതലഹളകൾ, വന്യജീവികളുടെ ആക്രമണം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവയെല്ലാം നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന പൂർവികർ എങ്ങനെ അതിജീവിച്ചു?അവർ അതിജീവിച്ചത് കൊണ്ടാണല്ലോ നമുക്ക് പിറക്കാനായത്. നമ്മൾ ശൂന്യമായ ഒരിടത്ത് ശിശുവായി പിറന്നവരല്ല ;ദീർഘിച്ച, വളരെയേറെ കാലപ്പഴക്കമുള്ള ഒരു ശ്രംഖലയിലെ കണ്ണി മാത്രമാണ്. നമ്മൾ ഒറ്റയ്ക്ക് ആരുമല്ല .നമുക്ക് പിന്നിലാണ് രഹസ്യങ്ങളും സാഹസികതയുമുള്ളത്. ഭ്രൂണത്തെ അൻപോട് കൂടി വളർത്തിയ ദൈവത്തെ വണങ്ങണമെന്ന് ഗുരു പറയുന്നത് ജീവൻ്റെ വിനീതമായ ഭാവമാണ്.ഏറ്റവും ശുദ്ധമായ ഒരു പ്രാർത്ഥനയാണത്. ഭഗവാനിൽ കൃപ കാണുന്നത് അപ്പോഴാണ് .നമ്മുടേതല്ലാത്ത സിദ്ധികൾ നമുക്ക് വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നു .ആ പ്രാപഞ്ചികശക്തി ദുർഗ്രഹമായി നമ്മെ സൃഷ്ടിച്ചെങ്കിൽ അതിൽ എന്തോ കാര്യമുണ്ട്.

അറിയപ്പെടാത്ത രഹസ്യങ്ങൾ അതിലുണ്ട് .അതുകൊണ്ട് അവിടെ വണങ്ങാതിരിക്കാനാവില്ല. നമ്മൾ ജനിക്കാൻ വേണ്ടി, ജീവിച്ചിരുന്ന ആരും മുൻകൂട്ടി യാതൊന്നും തീരുമാനിച്ചിട്ടില്ല. ഒരു കുട്ടി ജനിക്കുന്നു എന്നേയുള്ളൂ. ആ കുട്ടി ഒരു വ്യക്തിയാകുമ്പോൾ അത് ആരുടെയും മുൻകൂട്ടിയുള്ള പദ്ധതിയല്ല. ടാഗോർ എന്ന കവിക്ക് വേണ്ടിയല്ല മാതാപിതാക്കൾ അദ്ദേഹത്തെ സൃഷ്ടിച്ചത്. ഇതാണ് രഹസ്യം. 

ആത്മാവിൻ്റെ അമൃത് 

നമ്മൾ നേരത്തേ തന്നെ ആസൂത്രണം ചെയ്യപ്പെട്ടതല്ല .എന്നാൽ നമ്മൾ ജനിച്ചിരിക്കുന്നു .ലോകത്ത് ആരെയും ആരും മുൻകൂട്ടി ആസൂത്രണം ചെയ്ത് സൃഷ്ടിക്കുന്നില്ല. സൃഷ്ടിപ്രക്രിയയുടെ ഫലം സൃഷ്ടികർത്താവിൻ്റേതു പോലുമല്ല.അതുകൊണ്ടാണ് ഗുരു പറയുന്നത് അത് പ്രപഞ്ചശക്തികളുടെ തീരുമാനമാണെന്ന്.

"മണ്ണും ജലം കനലുമംമ്പരമോടു കാറ്റു - മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നൽകി വളർത്ത ശംഭോ! "

പഞ്ചഭൂതങ്ങൾ കൊണ്ടാണല്ലോ സൃഷ്ടിക്കുന്നത്. എന്നാൽ അതുകൊണ്ട് അവസാനിക്കുന്നില്ല. നമ്മളെല്ലാം ലൗകികജീവികളാണ്. വെറുമൊരു സൃഷ്ടി മാത്രമല്ല; ജീവിത ദു:ഖവും സംഘർഷവും ചിന്തകളിൽ നിന്ന് വിട്ടുമാറുന്നില്ല.നമ്മൾ ജീവിത വേദനയിൽ പിടയാൻ വിധിക്കപ്പെട്ടവരാണ് .ജീവിതത്തിൻ്റെ സഹജമായ ഭാവം ദുഃഖമാണ്. കാരണം, യാതൊന്നും നമ്മുടെ കൈകളിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്. അതിനപ്പുറമാണ് അപ്രവചനീയമായ ഭാവി. മനുഷ്യൻ നിസ്സഹായനായി  ജീവിതസമസ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് .

ഗർഭപാത്രത്തിൽ കിടക്കുമ്പോൾ തന്നെ ജീവിതദുഃഖം ആരംഭിക്കുകയാണ്. സ്വകർമ്മങ്ങൾ നയിക്കുന്ന വഴിയേ പോകുന്ന നാം അവിടെത്തന്നെ ചതിക്കപ്പെടുന്നു.തിരഞ്ഞെടുപ്പുകൾ നമ്മുടെതാണല്ലോ .ഒരു നിർണയമെടുത്തിട്ട് അത് പിന്നീട് മാറ്റാനാവില്ല .സ്വന്തം തിരഞ്ഞെടുപ്പുകളുടെ ദുഃഖം നമ്മുടെ വിധിയാണ് .ജീവിതത്തിന്റെ പൊരുൾ അറിയാത്തതുകൊണ്ട്, എടുക്കുന്ന നിർണയങ്ങൾ മിക്കപ്പോഴും പാളിപ്പോകുന്നു .ഭാവി അജ്ഞാതമാകയാൽ ഈ ലോകം  മുന്നിൽ ഒരു ഇരുൾപ്പരപ്പാണ്. ദേവത എന്ന ഗുരു വിളിക്കുന്നത് ഈ ജീവിതത്തിന്റെ ദുർഗ്രഹമായ വ്യവസ്ഥയെയാണ്. യാതൊന്നിനാലും ലൗകികദു:ഖത്തെ മറികടക്കാനാവില്ല. ശരീരം വേദനിക്കാനുമുള്ളതാണ്, മനസ്സും അതുപോലെതന്നെ.സ്നേഹവും ദുഃഖവും നമ്മുടെ സമീപത്തു തന്നെയാണുള്ളത്, നമ്മുടെ നിർണയങ്ങളുടെ ഫലം എന്ന നിലയിൽ .അലംഘനീയമായ ജീവിത വ്യഥയിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയുമില്ല. എന്നാൽ അത്യുത്ഭുതകരമായ ഒരു കാര്യം സംഭവിച്ചിരിക്കുന്നു.'പിണ്ഡത്തിന് അമൃത് ൽകി' എന്നു ഗുരു പറഞ്ഞത് ശ്രദ്ധിക്കണം. വെറുമൊരു ഭ്രൂണമായി, യാതൊരു നിർണയവും ഉത്തരവാദിത്തവും നിർവ്വഹിക്കാൻ കഴിയാത്ത ശരീരത്തിന് അമൃത് നൽകിയിരിക്കുകയാണ്. എന്താണ് ആ അമൃത് ?അത് ആത്മാവിന്റെ അമൃതാണ്. പരമമായ ആനന്ദത്തിന്റെ അനുഭവത്തിൽ പരമമായ സൗഖ്യം ലഭിക്കും. കെട്ടുപാടുകളിൽ നിന്നകന്നിരിക്കാനുള്ള ഒരു സാധ്യത നമ്മുടെ ശരീരമെന്ന ഏടാകൂടത്തിൽ ദൈവം വിളക്കിച്ചേർത്തിട്ടുണ്ട്. അതാണ് പ്രതീക്ഷ. എല്ലാ തിരിച്ചടികളെയും മറികടക്കാൻ ആ അമൃതരസത്തിനു കഴിയും. ധ്യാനത്തിലൂടെയും മൗനത്തിലൂടെയും  പ്രാർത്ഥനയിലൂടെയും സദ്പ്രവൃത്തിയിലൂടെയും ദൈവചിന്തയിലൂടെയും നാം എത്തിപ്പിടിക്കാനാഗ്രഹിക്കുന്നത് ആ ആനന്ദമാണ്. മനസ്സിലൂടെ മഹത്തായ ആനന്ദത്തിലേക്ക് പ്രവേശിക്കാമെന്ന് പഠിപ്പിക്കുന്ന ഒരു എഞ്ചിനീയറിങ് ശരീരത്തിന്റെയുള്ളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.അവിടെയാണ് നാം ഈ പ്രപഞ്ചശക്തിയുടെ സൃഷ്ടി എന്ന മാന്ത്രികതയുടെ രഹസ്യമറിയുന്നത്.




  • No comments: