- 'അരുളാനന്ദക്കൂത്ത്' കാണാൻ ഗുരു ആഹ്വാനം ചെയ്യുകയാണ്. ഒരു സാധാരണ മർത്ത്യജന്മത്തിൽ അരുളിനു എവിടെയാണ് സ്ഥാനം? നാം പാപികൾ തന്നെയാണ്. ക്രിസ്തുമതത്തിൽ പറയുന്ന പാപത്തിൽ കഴമ്പുണ്ട്. അമ്മയോടുള്ള ബന്ധം നോക്കൂ. അമ്മ നിരുപാധികമായ സ്നേഹമാണ് തരുന്നത്.ആ ഗർഭപാത്രത്തെ നിഷേധിക്കാനാവില്ല. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്താലും ഇല്ലെങ്കിലും ആ സ്നേഹത്തിനു കുറവില്ല. അമ്മയ്ക്ക് സ്നേഹിക്കാതിരിക്കാനാവില്ല. അമ്മ ആ സ്നേഹത്തിന്റെ തീയിലാണ് കഴിയുന്നത്. സവിശേഷമായ സ്നേഹത്തിൻ്റെ അഗ്നിയില്ലെങ്കിൽ അമ്മയ്ക്ക് സമാധാനമുണ്ടാകില്ല. അമ്മ അതിൽ നിന്നു വ്യതിചലിക്കുകയില്ല. എന്നാൽ മക്കൾക്ക് അത് തിരിച്ചു കൊടുക്കാനാവില്ല. മക്കൾ വലുതാവുന്നതോടെ അവർ സ്വയം ജനിച്ചതാണെന്നു ചിന്തിച്ചു തുടങ്ങുന്നു. ചിലർ പറയാറുണ്ട് ,ഞാൻ ഞാൻ മാത്രമാണ് ,അതിൽ നിന്ന് ഞാൻ മാറില്ല എന്ന് .അവർ 'ഞാനാ'യിരിക്കുന്നതിൽ അഭിമാനമോ സന്തോഷമോ ഉള്ളവരാണ്. ആത്മാഭിമാനം വേണം. എന്നാൽ അത് അന്ധതയാകരുത്. സ്നേഹത്തിനു മുന്നിൽ കീഴടങ്ങാനുള്ള മനസ്സ് വേണം. മക്കൾ അങ്ങനെ ആത്മാഭിമാനികളാവുമ്പോൾ അമ്മയുടെ സ്നേഹത്തിനു പകരം കൊടുക്കാനാവാതെ വരും. അവൻ പാപം ചെയ്തവൻ തന്നെ. അമ്മയുടെ സ്നേഹത്തിന്റെ കടം തിരിച്ചു കൊടുക്കാനാവാത്ത അവൻ ദുർചിത്തനുമാണ്.അവൻ ആ പാപത്തിൽ തന്നെ കഴിയും .അവൻ്റെ അബോധത്തിലും ആ പാപമുണ്ടായിരിക്കും. എത്ര വലിയവനാണെങ്കിലും പാപം ചെയ്യുന്നത് ഇങ്ങനെയാണ്. പാപത്തിനു സ്ഥൂലവും സൂക്ഷ്മവുമായ ഭാവങ്ങളുണ്ട്. നടക്കുമ്പോൾ ഉറുമ്പുകളെയും സൂക്ഷ്മജീവികളെയും കൊല്ലാതിരിക്കാനാകില്ല .അത് പാപമാണ്. അങ്ങനെയും പാപം ചെയ്യുന്നു. പാപം ചെയ്യുന്നവർ അത് മറക്കും .ഒരു കിളിയെ കൊന്നവൻ അതോർത്തിരിക്കുമോ? അവനു അതിൻ്റെ പേരിൽ ഉരുകാനുള്ള ഹൃദയമില്ലല്ലോ.അവൻ അത് മറക്കുമ്പോഴും പാപം അവിടെ നിൽക്കും. ഈ പാപത്തിൽ നിന്നും മുക്താ നേടാൻ തപസ്സ് ചെയ്യണം. തപസ്സ് എന്നാൽ വനത്തിൽ പോയി ഒറ്റയ്ക്കിരിക്കുക എന്ന അർത്ഥം വേണ്ട. തപസ് ഒരു അർച്ചനയാണ് .ശുശ്രൂഷ ചെയ്യുന്നത് തപസ്സ്സ്വയം മറക്കുമ്പോഴാണ് തപസ്സിനു വഴി തുറക്കുന്നത്.അഹം ഇല്ലാതാകലാണത്. ശുശ്രൂഷ ചെയ്യുമ്പോൾ അത് തെളിയുന്നു. നമ്മുടേതല്ലാത്ത എന്തിനോടും വിനയമുണ്ടാകുകയാണെങ്കിൽ അതൊരു ചവിട്ടുപടിയാണ് .നമുക്ക് നേരിട്ട് ബന്ധമില്ലാത്തവർക്ക് ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞാൽ അത് തപസ്സാണ്. രോഗിയെ ശുശ്രൂഷിക്കുന്നത് തപസ്സാണ് - ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നുണ്ട്. ആത്മാർപ്പണമാണ്, സേവനമാണ് തപസ്സ്. ദാനം കൊടുക്കണം .ചിലർ സ്വന്തം വരുമാനത്തിൽ നിന്ന് ഒരു പങ്ക് മറ്റാർക്കും കൊടുക്കാതെ കിട്ടുന്നതെല്ലാം സ്വന്തം ശരീരത്തിനും സമ്പാദ്യത്തിനും മാത്രം എന്ന കാഴ്ചപ്പാട് മനുഷ്യത്വവിരുദ്ധമാണ്. നമ്മുടെ ഒരു പങ്ക് ആഹാരമോ സേവനമോ മറ്റൊരാൾക്ക് കൊടുക്കുമ്പോൾ തപസ്സുണ്ടാകുന്നു.നമ്മെ സ്നേഹിക്കുന്നവരുണ്ട് ,നാം സ്നേഹിക്കുന്നവരുണ്ട്. അവരുടെ ഏകാന്തതയെക്കുറിച്ച് നാം ഓർക്കണം. നാം അവരെ ദൂരേക്ക് മാറ്റി നിർത്തിയാൽ അവരുടെ മനസ്സിൽ ശൂന്യത നിറയും. അതിനു അനുവദിക്കരുത് .മനുഷ്യരെ അടുപ്പിച്ചു നിർത്തിയാൽ ശൂന്യത അകലും.കലുഷിതമായ ലൗകിക ജീവിതത്തിൽ പ്രശാന്തമായ കാഴ്ചകൾ വേണ്ടപോലെ വിനിമയം ചെയ്യപ്പെടണമെന്നില്ല. സൗന്ദര്യം എവിടെയോ മറഞ്ഞിരിക്കുകയാണ്. അതിനെ നേരിടാനുള്ള സാക്ഷരത നഷ്ടപ്പെടുന്നു ,അമിതമായ ഭൗതിക ലാഭത്വര നിമിത്തം .ഗുരു പറയുന്നത് ഈ കുഴഞ്ഞു മറിഞ്ഞ ലോകത്ത് സ്വന്തം തപസ്സിൽ നിലയുറപ്പിച്ച് പ്രാർത്ഥന ചെയ്യണമെന്നാണ്."തിങ്കളും കൊന്നയും ചൂടുമീശൻ പദ-പങ്കജം ചേർന്നു നിന്നാടുപാമ്പേ "ചന്ദ്രകലാധരനായ ഭഗവാനെ ഓർത്ത്, കൊന്ന ചൂടുന്ന ഈശ്വരനെ ഓർത്ത് ആടണമെന്നാണ് ഉപദേശം .ശിവനാണ് വിവക്ഷ. ശിവൻ നമ്മുടെയുള്ളിലാണ്. ശിവൻ്റെ രൂപം ആനന്ദക്കൂത്തിനെ ഓർമിപ്പിക്കുന്നു. ആനന്ദാത്മകമായ പാരമ്യതയാണത്.പ്രാപഞ്ചികമായ സന്തുലിതാസ്ഥയാണ് ആ രൂപത്തിലുള്ളത് .അവിടെ ജലമുണ്ട് ,ആകാശമുണ്ട് ,ചന്ദ്രനുണ്ട് , സർപ്പമുണ്ട്, സംഗീതമുണ്ട്, നടനമുണ്ട്, ചുടലയുണ്ട്, കുടുംബമുണ്ട്, അദൃശ്യതയുണ്ട് ,മരണമുണ്ട്, സ്ത്രീത്വമുണ്ട്.അത് പ്രാപഞ്ചികമായ ലയമാണ് .നടനവും സംഗീതവും ഒരുമിക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. ഒരാൾ ഒരു ദിവസം വെറുതെയിരുന്നു ചിന്തിച്ചാൽ ആനന്ദമുണ്ടാകില്ല .ചിന്ത ആനന്ദത്തിനു തടസ്സമാണ്. വെട്ടും തിരുത്തുമായി രൂപം കൊള്ളുകയാണ് ചിന്തകൾ .ചിന്ത അലകളുണ്ടാക്കുന്നു .അലകൾ ശക്തി പ്രാപിക്കുന്നു.ചിന്തയിൽ ഭാവനകളുണ്ടാകുന്നു. ചിന്തയില്ലാതിരിക്കുമ്പോൾ സൗന്ദര്യാനുഭവത്തിന്റെ സാകല്യമായ അനുഭൂതി ലഭിക്കുന്നു. ഒരു ശലഭം പൂവിൽ തേൻ നുകരുന്നത് കാണുമ്പോൾ ചിന്തിക്കാൻ ഒന്നുമില്ല. അത് ആനന്ദം തരും. സൂര്യോദയം ചിന്തിപ്പിക്കുകയല്ല, സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഈശന്റെ പദപങ്കജത്തോട് ചേർന്നു നിൽക്കാനാണ് പ്രാർത്ഥന. നാം എത്രയോ അകന്നു പോയവരാണ് !. പാപങ്ങളിൽ നിന്നു വിടുതൽ തേടാത്ത നമുക്ക് ശിവൻ്റെ പാദങ്ങൾക്കു സമീപം എത്താനാകുമോ ? ഗുരു സമസ്യ ഉന്നയിക്കുകയാണ്.മിഥ്യകൾ എണ്ണിയെണ്ണി തീരണംസ്വാർത്ഥപ്രേരിതമായ ചിന്തകൾക്ക് അറുതി വരുത്തിയ ശേഷം നാം ആരാണെന്നു സ്വയം ചോദിക്കേണ്ട ഘട്ടമാണിത്. ഇത്രയും കാലം നാം മറ്റാരോ ആണെന്ന ധാരണയിൽ കലഹിച്ചു .ഒന്നിനോടും യോജിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്. കരഞ്ഞ് കരഞ്ഞ് പ്രതിഷേധിച്ചു കൊണ്ട് പിറന്നവരാണല്ലോ നാം. പിറന്നപ്പോൾ എന്തു ബഹളമായിരുന്നു!. അമ്മ അതെല്ലാം സഹിച്ചു. ആ ബഹളങ്ങളും ഒത്തുതീർപ്പില്ലാത്ത ശാഠ്യങ്ങളും അമ്മയിൽ വിലയം പ്രാപിച്ചു. കലഹങ്ങൾക്കു തുടക്കമിട്ട നാം നടന്നു തുടങ്ങിയപ്പോൾ അതെല്ലാം മോഹങ്ങളായി പരിണമിച്ചു. എല്ലാം കൊതിക്കാനുള്ളതാണെന്ന പുതിയ ബോധ്യമുണ്ടായി. എല്ലാറ്റിനെയും നേരിടാൻ ഓടി. നേടിയതെല്ലാം വ്യർത്ഥമാണെന്നറിഞ്ഞു. എന്നിട്ടും വിട്ടില്ല ;ഓടിക്കൊണ്ടേയിരുന്നു. ശിവരൂപം ഒരു കാവ്യമാണെന്നു ഗുരു സങ്കൽപ്പിക്കുന്നത് 'ശിവശതക'ത്തിലാണ്."കുവലയനായകനർക്കനഗ്നിഹോതാ -വവനിതുടങ്ങിയ ഭൂതിയഞ്ചുമിന്നീതവ മറിമായമിതാർക്കറിഞ്ഞിടാവൂകവിജനകല്പിത കാവ്യമെന്നപോലെ! "ചന്ദ്രൻ, സൂര്യൻ, അഗ്നി, ഹോമം ചെയ്യുന്നവൻ, ഭൂമി എന്നീ അഞ്ചുഭൂതങ്ങൾ ശിവൻ്റെ മറിമായമാണെന്നു ആർക്കാണ് അറിയാവുന്നത്? ഇത് കവിയുടെ ഭാവന പോലെ തോന്നും. ശിവരൂപത്തിനു സൗന്ദര്യമാണ് ആകർഷണം .അത് പ്രാപഞ്ചിക രൂപമാണ് ;മനുഷ്യൻ്റെ ഭാവനയിലെ സങ്കുചിതത്വമല്ല. ഈ ശിവരൂപത്തിൻ്റെ പാദങ്ങളോടു ചേർന്നു നിൽക്കണമെങ്കിൽ വലിയ ചുവടുകൾ ആവശ്യമാണ്. മനുഷ്യൻ്റെ അന്തിമമായ വിശ്രാന്തി ആയിരിക്കാമത്. അവിടെയെത്തിയാൽ പിന്നെ എവിടേയ്ക്കും മടങ്ങാനില്ല. ജീവിതം മിഥ്യകളുടെ പടം പൊഴിക്കലാണ്. ശിവപദത്തിൽ എത്തുന്നതിനു വേണ്ടി പിന്നിൽ ഉപേക്ഷിക്കുന്നത് മിഥ്യകളുടെ ആവരണങ്ങളാണ്. ഇപ്പോൾ നാം മിഥ്യയുടെ പല അടരുകൾക്കിടയിലാണ്. ഒരു അടരുമാറ്റുമ്പോൾ മറ്റൊന്നു പൊന്തിവരും. അത് മാറ്റുമ്പോൾ മറ്റൊന്ന്. അവസാനമില്ലാത്ത യാത്ര എന്ന് ഇതിനെ വിശേഷിപ്പിക്കാം. ജീവിതം ഈ പടം പൊഴിക്കൽ തന്നെയാണ്. അബദ്ധധാരണകളും ചിന്തകളുമായി വന്നു മൂടുന്ന പടങ്ങൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ഒരിക്കൽ ശരിയെന്നു തോന്നിയത്, പിന്നീട് തെറ്റെന്ന് തോന്നുന്നത് ഇതുകൊണ്ടാണ്. ആർക്കും ജീവിതത്തിൽ പൂർണമായി ശരികൾ മാത്രം ചെയ്യാൻ ഒക്കില്ലല്ലോ. ചെയ്ത അബദ്ധങ്ങൾ തിരുത്താൻ വേറെ അബദ്ധങ്ങൾ വേണ്ടിവരും. വളരെ ആവേശത്തോടെ ,താൽപര്യത്തോടെ ചെയ്തതെല്ലാം കുറെ കഴിയുമ്പോൾ മിഥ്യയായി മാറുകയോ ഓർത്തു സങ്കടപ്പെടാനുള്ള വസ്തുതകളായി രൂപാന്തരപ്പെടുകയോ ചെയ്യും. മിഥ്യകൾ എണ്ണിയെണ്ണി തീരണം."എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽനിന്നിടും ദൃക്കു പോലുള്ളംനിന്നിലസ്പന്ദമാകണം"(ദൈവദശകം)രണ്ടു തരത്തിൽ ഗുരുവിൻ്റെ എണ്ണലിനെ സമീപിക്കാം.ഭൗതികവസ്തുക്കളുടെ എണ്ണലാണ് ഒന്ന്. ഓരോന്നും പരിശോധിക്കുക. ഓരോന്നിന്റെയും അർത്ഥം ആരായുക ആരാഞ്ഞറിഞ്ഞ് അത് ഉപേക്ഷിക്കുക. പിന്നീട് യാതൊന്നും എണ്ണാൻ അവശേഷിക്കാത്ത അവസ്ഥ വരും. അത് ജ്ഞാനികളുടെ അവസ്ഥയാണ്. അവർ തൊട്ടെണ്ണി പൊരുൾ ഒടുങ്ങുന്നത് കാണുന്നു. എന്താണോ തിരഞ്ഞത് അത് ബാക്കിയായി നിൽക്കാത്ത അനുഭവമുണ്ടാകും; അറിവുണ്ടാകും. അവിടെ ദൃക് നിന്നു പോകുന്നു. കണ്ണുകൾക്ക് പുതുതായൊന്നും കാണാനില്ല. അതുകൊണ്ട് നോട്ടം അവസാനിപ്പിക്കുന്നു. ഈ നിശ്ചലാവസ്ഥ ജ്ഞാനികളുടേതാണ്. എല്ലാ പൊരുളുകളും അറിഞ്ഞ ശേഷമുള്ള നിശ്ചലാവസ്ഥ. അപ്പോഴാണ് 'മോദസ്ഥിതനായി വസിക്കു'ന്നത്. അപ്പോൾ ഒരു ആകുലതയും അവശേഷിക്കുന്നില്ല. ആകുലതകൾക്ക് കാരണമായതെല്ലാം പൊരുളുകളുടെ എണ്ണലിൽ മിഥ്യകളായി നിലംപതിച്ചിരിക്കുന്നു .മനസ്സ് എവിടെയാണ് നിശ്ചലമാകുന്നത് -പരം പൊരുളിൽ .പൊരുളില്ലാത്ത അവസ്ഥയുടെ പൊരുളിൽ.മറ്റൊന്ന് സംസാരജീവിതത്തിന്റെ പ്രയാസങ്ങളുടെ എണ്ണലാണ് .ബാല്യം മുതൽ നാം എണ്ണി തുടങ്ങുന്നതാണ്. എന്തെല്ലാം പ്രതീക്ഷകളും പ്രതീക്ഷകളുടെ തകർച്ചകളും നാം എണ്ണുന്നു. സ്വപ്നങ്ങൾ സ്വപ്നങ്ങളായി നിന്നതുകൊണ്ട് എണ്ണാൻ പോലും അവസരം ലഭിച്ചില്ല. തിരിച്ചടികൾ എണ്ണിയാൽ തീരില്ല. പ്രേമവും പ്രേമഭംഗവും എണ്ണാൻ നേരമില്ല. അപമാനവും അപമാനവീകരണവും തുടരുക തന്നെ ചെയ്യും. എല്ലാം എണ്ണിക്കഴിയുമ്പോൾ ഒരു ശാന്തത ലഭിക്കും. ഇതൊന്നുമല്ല ജീവിതം എന്ന തിരിച്ചറിവ് ബാക്കിയാവും.അപ്പോൾ ഒരു പുഞ്ചിരി പൊഴിക്കാം. അവിടെ മനസ്സ് ലൗകികാതീതമായ ജ്ഞാനത്തിലേക്ക് ഉയരും .ശരീരത്തിൽ അസ്തിത്വംഅപാരമായ ഒരു അറിവ് വന്നു നമ്മെ വലയും ചെയ്യും. അതാണ് ഗുരു സൂചിപ്പിക്കുന്നുത്. ജീവിത ദുഃഖങ്ങളെ എണ്ണിയെണ്ണി പിന്നിലാക്കി എണ്ണാൻ ബാക്കിയൊന്നും ഇല്ലാതെ ദൃക്ക് നിശ്ചലമായി നിൽക്കുന്ന അവസ്ഥ ജീവിക്കുന്ന ഏതൊരുവനും നേരിടേണ്ടി വരും. ആത്മീയ സാക്ഷാത്കാരം നേടാനും ഈ ശരീരം വേണം. അസ്തിത്വം ശരീരത്തിലാണ്. ശരീരം എന്ന കൂട്ടിലാണ് നാം. ശരീരം എന്ന മണ്ണിലാണ് നാം വളരുന്നത്. ശരീരത്തിലെ വളമാണ് നമ്മുടെ ചിന്തകൾക്ക് ആധാരം. ചിന്തകളുടെ സാഹസികമായ സഞ്ചാരം, അഗാധ ഗർത്തത്തിനു മുകളിലെ ചരടിലൂടെയുള്ള സഞ്ചാരം ശരീരത്തിലാണ് നിബന്ധിച്ചിരിക്കുന്നത്. അസ്തിത്വത്തിന്റെ ഒരു കണമെങ്കിലും അനുഭവിക്കാൻ കഴിയുകയാണെങ്കിൽ കാഴ്ചയുടെ ഒരു അത്ഭുതം സംഭവിക്കും .എന്നാൽ എല്ലാം മിഥ്യയും അർത്ഥശൂന്യതയുമാണെന്നു തിരിച്ചറിയുന്ന നിമിഷം എണ്ണൽ നിർത്തി കണ്ണുകൾ ഒരു ശൂന്യതയിൽ അമരും. അവിടെയാണ് സൗഖ്യമെന്നു ഗുരു പറയുന്നു.പരമമായ കാരുണ്യം അവിടെയാണ്. ഉപഗുപ്തൻ്റെ മനസിലെ കാരുണ്യമല്ല,'കരുണ'യിലെ വാസവദത്തയുടെ കാരുണ്യമാണിത്. ജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട അവളുടെ മുന്നിൽ ഒരു നാടകത്തിൻ്റെ കപട തിരശീലയാണ് വീഴുന്നത്. അവൾ എണ്ണിയെണ്ണി പിന്നിൽ ഉപേക്ഷിച്ച പൊരുളുകൾ ഒടുങ്ങിയപ്പോൾ അവൾ അനുഭവിക്കുന്ന കാരുണ്യമാണത്. ഇനിയൊന്നും കണ്ടെത്താനില്ലെന്ന അറിവാണത്. സത്യമെന്നു വിശ്വസിച്ച ഉപഗുപ്തനും മിഥ്യയാണെന്നറിയുന്ന ഒരുവൾക്ക് കാരുണ്യമനുഭവിക്കാൻ ജീവിതത്തിൻ്റെ വിചിത്രവഴി താണ്ടണമായിരുന്നു. അപ്പോഴാണ് ഗുരുവിൻ്റെ ഈ വരികളുടെ അർത്ഥം വ്യക്തമാവുന്നത് ."വെണ്ണീറണിഞ്ഞു വിളങ്ങുംകണ്ണീരൊഴുകക്കണ്ടാടു പാമ്പേ."ശിവൻ്റെ ചുടലഭസ്മം പൂശിയ തിരുമേനി കണ്ട് അതിൽ ആനന്ദം അനുഭവിക്കുക .ഏറ്റവും ഉന്നതമായ കാരുണ്യമതാണ്. ഈ ജീവിതത്തിന്റെ സാക്ഷാത്കാരമാണത് .കയ്പും വിഷാദവും കുടിക്കാനാണല്ലോ മനുഷ്യൻ ഇവിടെ വന്നത്; അവന്റെ പ്രവൃത്തികളിലൂടെ അതാണ് ലഭിക്കുന്നതെങ്കിലും. ഒരുവൻ്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കേണ്ടത് ആനന്ദമാണ്. തെറ്റുകളും അബദ്ധങ്ങളും കടന്നാണ് ആ ബിന്ദുവിലെത്തുക. അവിടെയാണ് ജീവിതത്തിൻ്റെ ഭൂപ്രകൃതി തന്നെ മാറുന്നത് .ഗുരു അവിടെയാണ് മനുഷ്യത്വത്തിന്റെ ആത്യന്തികമായ ലക്ഷ്യം പൂർത്തിയാവുന്നതായി കാണുന്നത്. ശിവൻ്റെ തിരുമേനിയുടെ ചടുലഭസ്മം നശ്വരതയെക്കുറിച്ചുള്ള സന്ദേശവും അറിവും അനുഭവവുമാണ്. ഒന്നും ഈ ലോകത്ത് ശേഷിക്കുകയില്ല. എല്ലാം ലൗകികമായി തന്നെ ഇല്ലാതാകുമെന്ന അർത്ഥമാണിത് .പേരും ഊരും എല്ലാം താൽക്കാലികമാണ്. ആത്യന്തികകമായി തെളിയുന്നത് മറ്റൊന്നാണ് .ജീവിതസത്യങ്ങളുടെ നേർക്ക് നോക്കാൻ വിസമ്മതിക്കുന്നതു കൊണ്ടാണല്ലോ കൂടെ ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ ചുറ്റികയ്ക്ക് തല്ലിക്കൊല്ലുന്ന വാർത്തയുണ്ടാകുന്നത് .ഒരു പള്ളിയിലേക്ക് പോയി യാതൊരു കാരണവുമില്ലാതെ നിറയൊഴിക്കുന്നവൻ അത് ക്യാമറയിൽ പകർത്തി തൽസമയം ഫേസ്ബുക്കിലിടുകയാണ് .കൂട്ടുകാരിയെ ബലാൽസംഗം ചെയ്യുന്നവൻ അത് ക്യാമറയിൽ പകർത്തി സൂക്ഷിക്കുന്നു. ജീവിതത്തിൻ്റെ കൊഴിഞ്ഞുപോകുന്ന ഇലകളെക്കുറിച്ച് നാം പരക്കെ അജ്ഞരാണ്. അതുകൊണ്ട് നമുക്ക് അന്ധരായേ പറ്റൂ.വഞ്ചനയിൽ നിന്നു ആനന്ദമോ ?ഹിംസിക്കുന്നതിൽ നിന്നാണ്, വഞ്ചനയിൽ നിന്നാണ് മിക്കവരും ആനന്ദം തേടുന്നത്. ഒരു സുഹൃത്തിൻ്റെ കൂടെ വിനയവും സ്നേഹവും പ്രകടിപ്പിച്ചു നടക്കുന്നു. അധികം താമസിയാതെ അവനെ അന്ധാളിപ്പിച്ചുകൊണ്ട്, അവൻ്റെ സ്നേഹമൊന്നും താൻ യഥാർത്ഥമായി കാണുന്നില്ലെന്നു സൂചന നൽകിക്കൊണ്ട് വെറുപ്പോടെ പെരുമാറുന്നു!. ഈ ഹിംസയിൽ നിന്നു ആനന്ദം ലഭിക്കുന്നവർ ഏറുകയാണ്.സ്വന്തം മതത്തിലും ജാതിയിലും വർണത്തിലും മിഥ്യാഭിമാനം പുലർത്തുന്നവർ അപരവിഭാഗങ്ങളുടെ മേൽ അപ്രതീക്ഷിതമായ അയിത്തം അടിച്ചേൽപ്പിക്കുന്നു. ഇതൊക്കെ അവിദ്യ അല്ലെങ്കിൽ മായ എന്ന പ്രതിഭാസമായി കാണുകയാണ് നല്ലത്.യഥാർത്ഥ ആനന്ദം ഇതല്ല . ഗുരുവിൻ്റെ ആനന്ദത്തിന്റെ എഞ്ചിനീയറിങ് പടിപടിയായി ഉയരുമ്പോഴാണ് ലഭിക്കുന്നത് .പടി ആറും കടന്ന് എന്നു പറയുന്നത് അതുകൊണ്ടാണ്. ചെറിയ കാര്യങ്ങളെ മനസ്സിലാക്കി, അതിൽ കടമ നിറവേറ്റി, അതിൻ്റെ മിഥ്യ അറിഞ്ഞ് മനുഷ്യോപകാരപ്രദമായി ,സമസ്ത ലോകത്തിന്റെയും ഹിതമറിഞ്ഞ് പെരുമാറാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ആനന്ദത്തിലേക്കുള്ള വഴി.ഗുരു ആ ആനന്ദം തേടിയാണ് ജനോപകാരപ്രദമായ സന്യാസം സ്വീകരിച്ചത് .സംസ്കൃത വിദ്യാലയം തുടങ്ങിയത് ,അധ:കൃതരായ കുട്ടികളെ പാചകപ്പുരയിൽ കയറ്റി ഭക്ഷണം പാചകം ചെയ്യിച്ചത് ,അവിദ്യയിൽ നിന്നു കരകയറ്റാൻ പാവപ്പെട്ടവർക്ക് ജ്ഞാനം പകർന്നത്, ജാതിമത അന്ധതയ്ക്കെതിരെ തേര് തെളിച്ചത് , ആത്മീയഗീതങ്ങൾ എഴുതിയത്, ദൈവശാസ്ത്രത്തെ വ്യാഖ്യാനിച്ചത്, കൃതികൾ എഴുതിയത്, സ്വതന്ത്രവും നന്മകളുള്ളതുമായ സമൂഹനിർമ്മിതിക്കായി അലഞ്ഞത്... ജനോപകാരപ്രദമായ സന്യാസത്തിൻ്റെ അടയാളങ്ങളായിരുന്നു ഇതെല്ലാം.ഇത് ഓർക്കുമ്പോഴാണ് ശിവൻ്റെ തിരുമേനിയിലെ ചുടലഭസ്മത്തിന്റെ അർത്ഥം വ്യക്തമാവുന്നത്. ഈ തിളച്ചു മറിയുന്ന സംസാരജീവിതത്തിൽ നിന്നു ആ ഭസ്മത്തിലേക്ക് നോക്കിയാൽ സാരം ഗ്രഹിക്കാം. എല്ലാം ആ ചുടലഭസ്മത്തിലേക്ക് കൂട്ടുചേരാനുള്ളതാണ് .അതറിഞ്ഞു കൊണ്ടാണ് ആടേണ്ടതെന്നു പാമ്പിനെ ഓർമ്മിപ്പിക്കുന്നു .
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Subscribe to:
Post Comments (Atom)
No comments:
Post a Comment