Followers

Wednesday, February 12, 2025

എന്താണ് സാഹിത്യം,കല?- 6/ എം.കെ.ഹരികുമാർ

 

ആൽബേർ കമ്യു :രമ്യതയുടെയും പ്രക്ഷോഭത്തിൻ്റെയും തത്ത്വശാസ്ത്രം 


ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ ആൽബേർ കമ്യു The Rebel എന്ന കൃതിയിൽ എഴുതി: "കലാപ്രവർത്തനം ഒരേ സമയം യാഥാർത്ഥ്യത്തെ ഉയർത്തുകയും നിരാകരിക്കുകയും ചെയ്യുന്നു.'ഒരു കലാകാരനും യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുകയില്ല'- നിഷേ പറഞ്ഞു. അത് സത്യമാണ്. എന്നാൽ ഒരു കലാകാരനും യാഥാർത്ഥ്യമില്ലാതെ നിലനിൽക്കാനാവില്ല. കലാസൃഷ്ടി എന്നു പറയുന്നത് രമ്യതയ്ക്ക് വേണ്ടിയുള്ള വിളിയാണ്. അതേ സമയം അത് ഈ ലോകത്തെ നിരാകരിക്കലുമാണ്. എന്താണ് കുറവുള്ളത്, അല്ലെങ്കിൽ എന്താണ് ഈ ലോകം എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ നിരാകരിക്കുന്നത് .പ്രക്ഷോഭത്തെ ഇവിടെ അതിൻ്റെ ശുദ്ധമായ അവസ്ഥയിലാണ്, അതിൻ്റെ മൗലികമായ സങ്കീർണതയിലാണ്  നിരീക്ഷിക്കേണ്ടത് .അതുകൊണ്ട് പ്രക്ഷോഭത്തിൻ്റെ ഉള്ളടക്കത്തിൻ്റെ തലത്തിൽ ,കലയിൽ നിന്നു നാം പ്രതീക്ഷിക്കുന്നത് ആത്യന്തികമായ പരിപ്രേക്ഷ്യമാണ്. "

കല ഒരേ സമയം ഒരു ഉദ്ഘോഷണവും നിരാകരണവുമാണ്. നിഷെ പറഞ്ഞത് ഒരു കലാകാരനും യാഥാർത്ഥ്യത്തെ സഹിക്കില്ലെന്നാണ്.കലയിൽ ഒരു ഉയർത്തലുണ്ട്.നിലവിലുള്ളതിനെ കല ഉയർത്തിക്കൊണ്ടു വരുന്നു. അത് യഥാർത്ഥമായിരിക്കുന്ന അവസ്ഥയിലല്ല. കലാകാരന്റെ സ്വപ്നാത്മകവും ആദർശാത്മകവുമായ ഒരു ലോകത്തേക്കാണ് ഉയർത്തുന്നത്. കലാകാരൻ ചിത്രീകരിക്കുന്നതോടെ  അത് സാധാരണത്വത്തിൽ നിന്നുയരുന്നു. റാഫേലാൻ്റെ The Triumph of Galatea(1512),The Sistine Madonna എന്നീ ചിത്രങ്ങൾ (1512) അത് വിശദീകരിക്കും.നിറങ്ങൾ ഈ ലോകത്തിനപ്പുറത്തു നിന്നു  വരികയാണെന്നു തോന്നും. യാഥാർത്ഥ്യത്തോടു സഹിഷ്ണുതയോടെയിരിക്കാൻ കലാകാരനു കഴിയാത്തത് എന്തുകൊണ്ടാണ് ?യാഥാർത്ഥ്യം ഒരു അസംസ്കൃതവസ്തുമാണ്. അത് അപൂർണമാണ്. അതിൽ കലാകാരൻ  പ്രവർത്തിക്കുമ്പോഴാണ് സൗന്ദര്യബോധം പ്രകടമാകുന്നത്.

ഒരു നക്ഷത്രത്തെ വരയ്ക്കുമ്പോൾ കലാകാരൻ തൻ്റെ ആകുലതകൾ , അനുഭവങ്ങൾ അതിൽ ചേർക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ ഫോട്ടോ എടുത്താൽ കലാകാരന്റെ ക്രാഫ്റ്റ് കാണില്ല ;കലാകാരനാണ് യാഥാർത്ഥ്യം സൃഷ്ടിക്കുന്നത്. അതുകൊണ്ട് നിലവിലുള്ള യാഥാർത്ഥ്യം മതിയാകാതെ വരും.  യാഥാർത്ഥ്യമില്ലാതെ കലാകാരനു  മുന്നോട്ടുപോകാനാവില്ലെന്നു പറയുന്നത് ഇതിൻ്റെ തുടർച്ചയാണ്. പ്രത്യക്ഷത്തിലുള്ള ഒരു വസ്തുവിൽ നിന്നു പ്രചോദനം നേടുന്നതിനെക്കുറിച്ചാണ് കമ്യു പറയുന്നത് .കലാകാരനു വേണ്ടി ഓരോ വസ്തുവും പ്രത്യേക രീതിയിൽ പ്രത്യക്ഷമാവുകയാണ്.

അർത്ഥം കണ്ടെത്താൻ 

വില്യം മാരിസ് (William Maris)വരച്ച Cows at Evening എന്ന ചിത്രം നോക്കുക .അത് കലാകാരന്റെ പശുക്കളാണ്. അദ്ദേഹം കാണാൻ ആഗ്രഹിച്ചതാണ് ,മനസ്സിൽ കണ്ടതാണ്  വരച്ചത്. ഇന്നത്തെ സമൂഹത്തിൽ കൂടുതൽ പ്രശസ്തനാകുന്ന ഒരെഴുത്തുകാരൻ അറിഞ്ഞിരിക്കേണ്ടതിനെക്കുറിച്ച് കമ്യു അഭിപ്രായപ്പെട്ടത് ഇതാണ്: "പ്രശസ്തനാകുന്നത് ആ കലാകാരനല്ല; അയാളുടെ പേരിൽ മറ്റാരോ ആണ്. ആരോ അയാളെ സാവധാനം രക്ഷപ്പെടുത്തുകയാണ്. അവനിലെ യഥാർത്ഥ കലാകാരനെ ആരോ കൊല്ലുകയാണ്."കമ്യു പറയുന്ന രമ്യതയും നിരാകരണവും ഇവിടെ സ്പഷ്ടമാണ്. യഥാർത്ഥത്തിൽ ചിത്രകാരൻ കണ്ട പശുക്കളാണ് ഈ ചിത്രത്തിൻ്റെ ഹേതു. എന്നാൽ ആ പശുക്കൾ മാത്രമല്ല ചിത്രത്തിലുള്ളത്. ചിത്രത്തിൽ പ്രാപഞ്ചികമായ ഒരു നോട്ടം സൃഷ്ടിക്കപ്പെടുന്നു. ആകാശവും വൃക്ഷങ്ങളും സായംസന്ധ്യകളും പശുക്കളുടെ മേൽ വർണഗഹനമായ നിശ്ശബ്ദതയുടെ ഒരാവരണം കൊണ്ടുവരികയാണ് .ഇത് കലയുടെ അഭൗമമായ സൗന്ദര്യമാണ്. ഈ ലോകത്ത് സാക്ഷാത്കരിക്കാൻ  കഴിയാത്തത് കലാകാരൻ സൃഷ്ടിക്കുന്നു."വലിയ സെലിബ്രിറ്റിയായ എഴുത്തുകാരൻ പോലും ഒറ്റപ്പെട്ടവനാണ്. അയാളെ രാഷ്ട്രം  അറിയുന്നത് റേഡിയോയിലൂടെയും പത്രങ്ങളിലൂടെയുമാണ്. ഈ മാധ്യമങ്ങൾ അയാളെക്കുറിച്ച് വളരെ ലളിതവും സംക്ഷിപ്തവുമായ ഒരു വിവരം മാത്രമാണ് ജനങ്ങൾക്കു കൊടുക്കുന്നത്. ഈ ലോകത്തെ കലാകാരൻ നിരാകരിച്ചതുകൊണ്ടാണ് ഈ പശുക്കളുടേതു മാത്രമായ ഒരു ലോകം സൃഷ്ടിക്കപ്പെട്ടത്.രണ്ടു പശുക്കൾ ഒരു സ്ഥലത്ത് നിൽക്കുന്നത് പ്രത്യേക അർത്ഥം സൃഷ്ടിക്കണമെന്നില്ല .എന്നാൽ അതിൽ അർത്ഥം കണ്ടെത്താൻ കലാകാരൻ താത്പര്യമെടുക്കുന്നു. അതിലാണ് അയാളുടെ അസ്തിത്വം. ഈ അഭൗമസൗന്ദര്യമാണ്,ദൃശ്യമാണ് കലാകാരനെ നയിക്കുന്നത് .അതുമായി താദാത്മ്യം  പ്രാപിക്കാനാണ് അയാൾ വരയ്ക്കുന്നത്. ലോകത്തെക്കുറിച്ചുള്ള ഭാവനയുടെ അടിസ്ഥാനത്തിലാണ് കലാകാരൻ ലോകത്തെ തള്ളിക്കളയുന്നത്.


വളരെ അമൂർത്തവും ആശയരഹിതവും കുഴഞ്ഞുമറിഞ്ഞതും ഉത്തരമില്ലാത്തതുമായ ലോകം കലാകാരനെ വിഭ്രമിപ്പിക്കുന്നു. ആ കുഴച്ചിലിനിടയിൽ തൻ്റേതായ ഒരർത്ഥം സൃഷ്ടിക്കാമോ എന്നാണ് അയാൾ ആലോചിക്കുന്നത്. തിമോത്തി മോർട്ടൻ പറഞ്ഞതുപോലെ വസ്തുക്കളുടെ ജീവതത്ത്വപരമായ(ontological)അർത്ഥങ്ങൾ അന്വേഷിക്കാൻ കലാകാരൻ സ്വയം നിയോഗിക്കുന്നു. അപാരമായ വർണ്ണങ്ങളുടെ നിശ്ശബ്ദതകളും വികാരങ്ങളുമാണ് അയാളെ സഹായിക്കുന്നത്. ഇതാണ് പ്രക്ഷോഭം .നിലവിലില്ലാത്തതാണ് കണ്ടെത്തുന്നത് ,നിലവിലില്ലാത്തതാണ് സൃഷ്ടിക്കുന്നത് .ജീവിതത്തിൽ ഇതുപോലെയുള്ള ദൃശ്യങ്ങൾ നാം കണ്ടു മറന്നിട്ടുണ്ടെങ്കിലും കലാകാരന്റെ ഫ്രെയിമും സവിശേഷമായ വികാരവും നമുക്ക് ലഭിച്ചിട്ടില്ല .അതാണ് അയാൾ വരയ്ക്കുന്നത്. അയാൾ ഒരു ക്രമം അല്ലെങ്കിൽ രമ്യത സൃഷ്ടിക്കുകയാണ്.ഈ രമ്യത അർത്ഥശൂന്യതയ്ക്കെതിരെയുള്ള യുദ്ധവുമാണ്. രമ്യതയിൽ കാലം ഒളിച്ചുകടക്കുന്നു .ചരിത്രം ഒഴുകിപ്പോകുന്നു.

അജ്ഞാതത്വവുമായുള്ള ഏറ്റുമുട്ടൽ 

കമ്യു ഒരു അസ്തിത്വവാദി(existentialist)യും  അസംബന്ധവാദി(absurdist)യുമായിട്ടാണ് കരുതപ്പെടുന്നതെങ്കിലും ഇത്തരം ആശയങ്ങളുടെ ഉള്ളിലുള്ള യഥാർത്ഥ സ്പിരിറ്റ് എന്താണെന്നു പലരും അറിയുന്നുണ്ടോ എന്നു സംശയമാണ്. ജീവിതം അസംബന്ധമാണെന്നു കമ്യു വിലയിരുത്തുന്നത് ജീവിതത്തെ നിരാകരിക്കുന്നതിൻ്റെ ഭാഗമല്ല. ജീവിതത്തിൽ അർത്ഥത്തിനായി അന്വേഷിക്കുമ്പോൾ മനുഷ്യനു തൃപ്തികരമായ ഒരു ഉത്തരം കിട്ടുന്നില്ല. ഇതാണ് അസംബന്ധത്തിനു അടിസ്ഥാനം .ഇത് ജീവിതത്തിൻ്റെ പ്രകൃതമാണ്. അവിടെ ദൈവമോ അർത്ഥമോ സഹായിക്കുന്നതായി അനുഭവപ്പെടുന്നില്ല. അജ്ഞാതത്വവുമായുള്ള ഏറ്റുമുട്ടലാണ് ജീവിതം .അതിൽ ലക്ഷ്യത്തിൻ്റെ ഒരു അച്ചുതണ്ട് കാണാനാവുന്നില്ല. കമ്യുവിൻ്റെ ദ് പ്ളേഗ്, ദ് ഫാൾ ,ദ് സ്ട്രേഞ്ചർ എന്നീ നോവലുകളിൽ ഈ വികാരമാണ് പകരുന്നത്. 'ഈ ലോകത്ത് ഗൗരവമായ ഒരു താത്ത്വികപ്രശ്നമാണുള്ളത്: അത് ആത്മഹത്യയാണ്' എന്നു കമ്യു   എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്. ബുദ്ധികൊണ്ടോ ,ചിന്തകൊണ്ടോ ജീവിതത്തിൻ്റെ അർത്ഥരാഹിത്യത്തെ  പരിഹരിക്കാനാവാത്തതിന്റെ വ്യഥയാണ് ആത്മഹത്യയിലെത്തിക്കുന്നത്. മനുഷ്യനാകട്ടെ ,ഒരർത്ഥം തേടി അലയുകയാണ്.അതുകൊണ്ട് നിരാശപ്പെടാനാണ് അവൻ്റെ വിധി. ഒരുത്തരം നൽകാൻ മനുഷ്യന്റെ ലോകത്ത് യാതൊന്നുമില്ല. മനുഷ്യനു പരിഹരിക്കാനാവാത്ത ശൂന്യതയാണിത്. അതേസമയം ഈ ശൂന്യതയെ മറികടക്കണമെന്നാണ് ഒരു എഴുത്തുകാരനെന്ന നിലയിലുള്ള കമ്യുവിൻ്റെ നിലപാട്. ഭയാനകമായ ഒരു ക്രമരാഹിതത്തിലാണ് കമ്യു സ്വയം ദർശിക്കുന്നത്.ക്രമം എന്നു നാം വിളിക്കുന്നതെല്ലാം ക്രമരഹിതമായ ഒരു അവസ്ഥയാണ് അനുഭവിപ്പിക്കുന്നത്. അതാണ് കലാകാരൻ്റെ അരാജകത്വമായിത്തീരുന്നത്. എന്നാൽ സൃഷ്ടിപ്രക്രിയ മരണം പോലെയാണ് .അതുവരെ നിലനിന്നത് അവസാനിക്കുകയാണ്. ഒരു പുതിയ ക്രമമുണ്ടാക്കാനുള്ള ശ്രമമാണ്. അപ്പോൾ ഒരു വ്യക്തിയുടെ സകലസിദ്ധികളും ക്രമത്തിനെതിരായിരിക്കും. ഈ എതിരിടൽ ഇല്ലാതിരിക്കുന്നത് മരണത്തിനു തുല്യമാണ്. ഈ ലോകം അസ്വതന്ത്രമാണ്. അതുകൊണ്ട്  മനുഷ്യൻ പ്രക്ഷോഭകാരിയാവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.

"കലയുടെ ലക്ഷ്യം, ജീവിതത്തിൻ്റെ ലക്ഷ്യം എന്നു പറയുന്നത് ഓരോ മനുഷ്യനിലുമുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാകണം .ഒരു സാഹചര്യത്തിലും ഈ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യരുത്, താത്കാലികമായിപ്പോലും." 'ദ് ഫാൾ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഷാൻ ബാപ്റ്റിസ്റ്റ് ക്ളാമൻസ് പാരീസിൽ  അഭിഭാഷകനായിരുന്നു. എന്നാൽ അയാൾ ഒരു സ്വാർത്ഥനും സുഖദാഹിയുമായിരുന്നു. യാദൃശ്ചികമായി ഒരു ബാറിൽ കണ്ടുമുട്ടിയ ഒരാളോട് ക്ളാമൻസ് തൻ്റെ മനസ്സിനെ അലട്ടുന്നതെന്താണെന്നു വിശദീകരിക്കുകയാണ് .ഒഴുക്കിൽപ്പെട്ട  ഒരു സ്ത്രീയെ അയാൾക്ക് രക്ഷിക്കാൻ  കഴിഞ്ഞില്ല. ആ സംഭവം അയാളുടെ മനസിൻ്റെ അടിയിലിരുന്നു ഒരു ചുണ്ടെലയെപ്പോലെ അയാളെ കരണ്ടു തിന്നുകയാണ്. മനുഷ്യൻ ജീവിക്കുമ്പോഴല്ല ശരി തെറ്റുകൾ തലപൊക്കുന്നത്;ജീവിച്ചശേഷമുള്ള വീണ്ടുവിചാരത്തിലാണ്. ജീവിക്കുന്നതിനു സമാന്തരമായി അത് സഞ്ചരിക്കുന്നു. അയാൾ കുറ്റം ഏറ്റുപറയുന്നത് മനസാക്ഷി വീണ്ടെടുക്കാനാണ്. It's not the struggle that makes us artists,but Art that makes us struggle-കമ്യുവിൻ്റെ വാക്കുകൾ.ഈ നോവൽ കലാരൂപമെന്ന നിലയിൽ നമ്മെ യാതന അനുഭവിപ്പിക്കുകയാണ്.  മനുഷ്യൻ ഉത്തരവാദിത്വമുള്ള ജീവിയായിരിക്കണമെന്നാണ് സുചിതമാകുന്നത്. കേവലം വ്യക്തിവാദമല്ല ജീവിതം. സാമൂഹികമായ ജീവിതത്തിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും  വിനിയോഗിക്കുന്നതിൽ നാം ജാഗ്രത പാലിക്കണം.

അൾജീരിയക്കാരനായ മേഴ്സോ എന്ന അന്യനെക്കുറിച്ചാണ് കമ്യു 'ദ് സ്ട്രേഞ്ചർ' എന്ന നോവലിൽ പ്രതിപാദിക്കുന്നത്. ആ അന്യൻ ഒരു കൊലപാതകിയാണ്. കൊലപാതകത്തിനു ശേഷം അയാൾ  സ്വയം പരിശോധിക്കുന്നു .ഈ പ്രപഞ്ചത്തിനു മനുഷ്യാസ്തിത്വത്തിൻ്റെ കാര്യത്തിൽ യാതൊന്നും ചെയ്യാനില്ലെന്നാണ് കമ്യുവിൻ്റെ തത്ത്വശാസ്ത്രം .നിത്യമായ ഈ വൈരുദ്ധ്യം മനുഷ്യനെ കൂടുതൽ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു .ഗ്രീക്ക് പുരാണത്തിലെ സിസിഫസിനെക്കുറിച്ച് കമ്യു എഴുതിയ ലേഖനത്തിൽ (The Myth of Sisiphus) ജീവിതത്തിൽ സ്ഥായിയായ ഒരു മൂല്യമില്ലെന്നാണ് സ്ഥാപിക്കുന്നത്. സിസിഫസ് ഒരു വലിയ പാറ ഒരു കുന്നിലേക്ക് ഉരുട്ടിക്കയറ്റുകയാണ്. അതിനു ശേഷം അത് താഴേക്ക് ഉരുട്ടിവിടുന്നു. ജീവിതത്തിലെ കർമ്മങ്ങളുടെ ഫലശൂന്യതയാണ് ഇത് പ്രതീകാത്മകമായി ഉദാഹരിക്കുന്നത്. ഈ കല്ലുരുട്ടൽ വ്യർത്ഥതയുടെ ആവർത്തനമാണെങ്കിലും സിസിഫസ് അത് അവസാനിപ്പിക്കുന്നില്ല. സിസിഫസ് തൻ്റെ കർമ്മങ്ങൾക്ക് ഒരർത്ഥം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. നാമെന്താണ് എന്നു തീരുമാനിക്കുന്നത് നമ്മുടെ ചിന്തകളിലൂടെ, പ്രവർത്തനങ്ങളിലൂടെയാണ്. അല്ലെങ്കിൽ നാം ചിന്തയിൽ അടിമയായി കഴിയേണ്ടിവരും. എതിരിടുക എന്നത് മനുഷ്യന്റെ അടിസ്ഥാന ചോദനയാണ്. അത് സ്വാതന്ത്ര്യത്തിലേക്കാണ് എത്തിക്കുന്നത്.നിലവിലിരിക്കുന്നതിനെ  അന്ധമായി സ്വീകരിക്കരുത്. ഇതാണ് കമ്യു പ്രധാനമായി കണ്ടത്. നിലവിലുള്ളതിനെ നിരാകരിക്കുകയാണ് എഴുത്തുകാരുടെ  പ്രാഥമികമായ കർമ്മം. എല്ലാവരും അന്ധമായി പിന്തുടരുന്ന ക്രമത്തെ നിരാകരിച്ചു പുതിയ യുക്തി സൃഷ്ടിക്കണം. ഇതാണ് സർഗാത്മകത .അതിലൂടെ മാനവികതയുടെ അർത്ഥം  സ്ഥാപിക്കപ്പെടണം.

വ്യർത്ഥതയെ മറികടക്കുന്നത് 

മനുഷ്യജീവിതത്തിൻ്റെ വ്യർത്ഥതയ്ക്കെതിരെ പൊരുതിയാണ് രമ്യത സൃഷ്ടിക്കേണ്ടത്. പ്രക്ഷോഭം ഒരു ചീത്ത പ്രവൃത്തിയായി കാണുന്നവരുണ്ടാകും .എന്നാൽ അത് കമ്യുവിനു ഏറ്റവു അനിവാര്യമാണ്. ഓരോ വ്യക്തിയും അവനവൻ്റെ രീതിയിൽ പൊരുതിയാണ് അസ്തിത്വത്തിനു ഒരർത്ഥം കണ്ടുപിടിക്കേണ്ടത്. അതുകൊണ്ട് ജീവിതത്തിൻ്റെ സഹജമായ വ്യർത്ഥതയെ ഭയക്കേണ്ടതില്ല.മനുഷ്യൻ അതിനെ തൻ്റെ മൂല്യന്വേഷണം കൊണ്ട് മറികടക്കുകയാണ്. നവമനുഷ്യൻ്റെ മേഖല സർഗാത്മകതയുടേതാണ്. അവിടെ ഓരോ നിമിഷവും എതിരിട്ടാണ് അവൻ ജീവിക്കുന്നത്. മനുഷ്യനായിരിക്കുന്നതിനു അർത്ഥമുണ്ടെന്നാണ് ഇതിനർത്ഥം. ഇവിടെ കല ലക്ഷ്യം വയ്ക്കുന്നത് ഈ അർത്ഥമാണ്. അതുകൊണ്ടാണ് "Without freedom,no art;art lives only on the restraints it imposes on itself ,and dies of all others." എന്നു കമ്യു പറഞ്ഞത്.കലയിലൂടെ കലാകാരൻ്റെ സ്വാതന്ത്ര്യം മാത്രമല്ല ,കേവല മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഉന്നം വയ്ക്കുന്നത്. കല സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. അങ്ങനെയാണ് അത് അതുല്യമായ സ്വാതന്ത്ര്യത്തെ തേടുന്നത്. എഴുതുമ്പോൾ അതുവരെ നിലനിന്ന മിഥ്യ തകരുകയാണെന്നു കമ്യു എഴുതുന്നുണ്ട് .വാക്കുകൾ കൊണ്ട് മനസ്സിലാക്കാനാവാത്ത അപരിചിതത്വമാണ് ഓരോ വസ്തുവിനെയും ചൂഴുന്നത്. അതുകൊണ്ട് മനുഷ്യബുദ്ധിയിൽ അതെല്ലാം മിഥ്യകളായി മാറ്റിനിർത്തപ്പെടുന്നു. ഒന്നും  തിരയാനില്ല എന്ന തലത്തിലേക്ക് ചുരുങ്ങുന്നു

ഒരു സർഗാത്മക കലാകാരൻ എഴുതുമ്പോൾ മിഥ്യകൾ തകരുന്നു. ചില യാഥാർത്ഥ്യങ്ങൾ ഉരുത്തിരിയു രിയുന്നു ."സൗന്ദര്യത്തിന്റെ ഹൃദയത്തിൽ മനുഷ്യത്വരഹിതമായ എന്തോ ഉണ്ട് എന്നു കമ്യു ഓർമ്മിപ്പിക്കുന്നുണ്ട്.മലകൾ,സ്നിഗ്ദ്ധമായ ആകാശം ,മരങ്ങളുടെ ആകൃതി തുടങ്ങിയവയെല്ലാം കലാകാരൻ കാണുന്ന മാത്രയിൽ യാഥാർത്ഥ്യമായിത്തീരുകയും അതിനെക്കുറിച്ച് നിലനിന്ന അവ്യക്തത ,മിഥ്യ അവസാനിക്കുകയും ചെയ്യുന്നു.


ഒരു യഥാർത്ഥ എഴുത്തുകാരൻ തന്റെ കാലത്തെ സമൂഹം ആഗ്രഹിക്കുന്നതല്ല എഴുതേണ്ടതെന്നാണ് കമ്യുവിൻ്റെ അഭിപ്രായം .സമൂഹത്തിൽ ഭൂരിപക്ഷത്തിനും നിലവാരപ്പെട്ട ആശയങ്ങളാണുള്ളത് .അത് എപ്പോഴും കീഴടങ്ങൂ, അനുജനപ്പെടൂ, നിലവിലുള്ളതുമായി യോജിക്കൂ എന്നല്ലൊം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തേ ഉല്പാദിപ്പിച്ചതും പൊതുസമ്മതി നേടിയതുമായ ആശയങ്ങളുടെ ആവർത്തനമാണ് ഒരു സമൂഹം ആഗ്രഹിക്കുന്നത്. അപ്പോൾ സമൂഹത്തിനു യാതൊരു പ്രശ്നവുമില്ല. ചിന്തിക്കുകയോ പുതിയ ഒരു ക്രമത്തിനു വേണ്ടി യത്നിക്കുകയോ  വേണ്ടി വരുന്നില്ല. കലാകാരൻ സമൂഹത്തിലെ അനേകം റെഡിമെയ്ഡ് ഉത്പന്നങ്ങളിൽ ഒന്നു മാത്രമാകുന്നു.  ഇങ്ങനെയൊരു സ്ഥാനം കലാകാരനു കുറച്ചൊക്കെ ഉപകാരപ്രദവുമാണ്.സമൂഹം അത് പെട്ടെന്ന് അംഗീകരിക്കുകയും ആശീർവദിക്കുകയും ചെയ്യും. എഴുത്തുകാരൻ ഭരണവർഗത്തിനും അധികാരവ്യവസ്ഥയ്ക്കും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന ജീർണിച്ച ആശയം തട്ടിവിടാൻ മടിയില്ലാത്തവരെ പോലും എഴുത്തുകാരുടെയിടയിൽ ഈ കാലം കാണുന്നു. ചിന്ത നശിച്ചതിൻ്റെ ലക്ഷണമാണിത്. കമ്യു പറയുന്നത് ഇത്തരം എഴുത്തുകാർ പ്രത്യേകിച്ചു യാതൊന്നും സംഭാവന ചെയ്യുന്നില്ല എന്നാണ് .അവർ എന്താണ് എഴുതുതെന്നു സമൂഹത്തിലെ ഭൂരിപക്ഷത്തിനും അറിയുകയില്ല. കാരണം, അതിൽ നിന്നു അവർക്ക് ഒന്നും തന്നെ ലഭിക്കാനില്ല .എല്ലാം മുമ്പേ തന്നെ ഉറച്ചു പോയ ആശയങ്ങളും ഭാവനകളുമായിരിക്കും. വളരെ ഭദ്രമായി ഒരു സമൂഹം കൊണ്ടുനടക്കുന്ന ഭാവനകളെ പുനരാനയിക്കാൻ ശ്രമിച്ചാൽ അതിൽ ധാരാളം സാധ്യതകൾ എഴുത്തുകാർക്കു  ലഭിക്കും. അതിലൂടെ  ചിന്തിക്കാതിരിക്കുക എന്ന 'സ്വാസ്ഥ്യ'ത്തിലേക്ക് പ്രവേശിക്കാം.കമ്യുവിൻ്റെ  രചനാപരമായ ,പ്രക്ഷോഭകരമായ ആശയം രമ്യതയും നിരാകരണവുമാണെന്നു നേരത്തെ പ്രസ്താവിച്ചല്ലോ. ഈ രമ്യതയോ നിരാകരണമോ സമൂഹത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് നിലവാരപ്പെട്ട കലാരൂപങ്ങളുടെ ആവർത്തനത്തിൽ മുഴുകി കഴിയുന്ന എഴുത്തുകാരിൽ നിന്നു പ്രതീക്ഷിക്കരുത്. അവർ സുരക്ഷിതമായ അതിജീവനപാത എന്ന നിലയിൽ നിലവിലുള്ളതിനെ അതേപടി ചുമക്കുന്നവരാണ്. അതുകൊണ്ടാണ് കമ്യുവിൻ്റെ നോവലിലെ കഥാപാത്രം ഇങ്ങനെ പറയുന്നത് :"എനിക്കു കുറച്ചു സമയമേ ശേഷിക്കുന്നള്ളു. അത് ദൈവത്തിൻ്റെ പേരിൽ പാഴാക്കാൻ എനിക്കാഗ്രഹമില്ല."

സൗന്ദര്യത്തിനും സമൂഹത്തിനുമിടയിൽ 

ഇത് അസ്തിത്വത്തിൻ്റെ ദ്വീപിൽ  ഏകാകിയായി ഒഴിവാക്കപ്പെട്ടവൻ്റെ  വേദനയാണ് അറിയിക്കുന്നത്. സ്വയം   നിർണയിക്കാനും ലോകത്തെ അറിയാനും സമയം പോരാതെ വന്നിരിക്കുകയാണ് .മറ്റുള്ളവർ പറയുന്നതിനനുസരിച്ച് ,കീഴടങ്ങിക്കൊണ്ട് ജീവിക്കുകയാണെങ്കിൽ തനിക്ക് സ്വയം അറിയാനുള്ള അവസരം നഷ്ടപ്പെടും എന്ന അറിവാണത്. മനുഷ്യരുടെ സാധാരണ സന്തോഷങ്ങളും കഷ്ടപ്പാടുകളും ഉൽക്കൃഷ്ടമായ രീതിയിൽ അവതരിപ്പിച്ച്‌ ചടുലമാക്കാനുള്ള അവസരമാണ് സാഹിത്യമൊരുക്കുന്നത്. ഇത് കമ്യു പറഞ്ഞിട്ടുണ്ട് .ഇക്കാരണം കൊണ്ട് കലാകാരനു മറ്റെല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാനാവില്ല. പ്രാപഞ്ചികമായ സത്യത്തിലേക്ക് മുഖാമുഖം നിൽക്കാൻ ഇത് കലാകാരനെ സഹായിക്കുന്നു. കലാകാരൻ സൗന്ദര്യത്തിനും  സമൂഹത്തിനും ഇടയിലാണ് നിൽക്കുന്നത്. ഇതാണ് കമ്യുവിൻ്റെ ഉദാത്തമായ കാഴ്ചപ്പാട്. ലോകത്തെ മനസ്സിലാക്കുകയാണ് വേണ്ടത്; വിധി പറയാൻ തിടുക്കം കാണിക്കേണ്ടതില്ല.

എഴുത്തുകാരൻ ചരിത്രം സൃഷ്ടിക്കുന്നവരോടൊപ്പമല്ലെന്നു അദ്ദേഹം പറയുന്നുണ്ട്. ചരിത്രത്തെ സഹായിക്കുന്നവരോടൊപ്പമാണ് എഴുത്തുകാരൻ. അല്ലെങ്കിൽ എഴുത്തുകാരൻ ഒറ്റപ്പെട്ടുപോകും.കമ്യു പ്രഖ്യാപിച്ചത് ചുറ്റുമുള്ളവരുമായി സഹവസിക്കുന്ന സൗന്ദര്യനിയമമാണ്. പതിതരുടെ വേദന അറിയാനുള്ള മനസ്സ് പ്രധാനമാണ്.സൗന്ദര്യബോധമുള്ളവർ യാതൊന്നിനെയും പരിഗണിക്കാതെ സ്വന്തം ആത്മാവിൻ്റെ മോക്ഷത്തിനു മാത്രമായി എഴുതുന്നത് സദാചാരവിരുദ്ധമാണ്. അറിയപ്പെടാത്ത ഒരു തടവുകാരന്റെ നിശ്ശബ്ദത, അയാൾ ലോകത്തിൻ്റെ മറുവശത്ത്  അപമാനത്തിലേക്ക് വലിച്ചെറിയപ്പെട്ട യാളാണ്, അത് മതിയാവും ഒരെഴുത്തുകാരനെ ഉണർത്താൻ. അത്രയ്ക്കു സെൻസിറ്റീവാകണം. എന്തു കണ്ടാലും, അനുഭവിച്ചാലും പാറ പോലെയിരിക്കുന്നവർ എഴുതാതിരി ക്കുന്നതാണ് നല്ലത് .കാരണം, അവരുടെ എഴുത്തിൽ ലോകമോ സമൂഹമോ ഉണ്ടായിരിക്കില്ല.  സ്വാതന്ത്ര്യത്തിന്റെ പറുദീസയിൽ കഴിഞ്ഞാലും ഈ നിശ്ശബ്ദതയുടെ വിളി കേൾക്കാനുള്ള മാനസികാവസ്ഥ വേണം. പതിതൻ്റെ നിശ്ശബ്ദതയെ മറക്കാനല്ല ,കലയിൽ അതിനെ പ്രതിധ്വനിപ്പിക്കാനാണ് ഒരു സർഗാത്മക കലാകാരൻ പ്രവർത്തിക്കുക. ഇവിടെയാണ് കമ്യുവിൻ്റെ രമ്യത എന്ന ആശയം കൂടുതൽ വികസിക്കുന്നത്. താൻ ഒറ്റയ്ക്കല്ലെന്നും സംഗീതാത്മകമായ സൗന്ദര്യബോധത്തിൽ വന്നുചേരുന്ന മറ്റു മനുഷ്യരുടെ ഹൃദയവികാരങ്ങൾ തന്നോടൊപ്പമുണ്ടെന്ന അറിവ് ഒരു മാറ്റമാന്നെന്നും ഉൾക്കൊള്ളണം . കലയിലൂടെ ഒരാൾ കടത്തിവിടുന്നത് മനുഷ്യാവസ്ഥയുടെ അത്യന്തം ദയനീയമായ അനുഭവങ്ങളാണ്. അവിടെയാണ് ഒരാൾ  മനുഷ്യാവസ്ഥയെ ആഴത്തിൽ അറിയുന്നത്. 

സത്യങ്ങൾക്കു ജീവൻ വയ്പ്പിക്കാൻ 

രണ്ടു ജോലികളാണ് എഴുത്തുകാരനെ കാത്തിരിക്കുന്നതെന്നു കമ്യു പറയുന്നു. ആദ്യത്തേത് സത്യത്തോടുള്ള ആഭിമുഖ്യമാണ്. രണ്ടാമത്തേത്  സ്വാതന്ത്ര്യത്തിന്റെ ഉപയോഗമാണ്. എന്തിനാണ് ഈ ജോലികൾ? മറ്റുള്ളവരെ തൻ്റെ കലയിലേക്ക് സമന്വയിപ്പിക്കുന്നതിനാണ് - unite the greatest possible number of people.

നുണകളുമായി ഒത്തുതീർപ്പിലെത്തുകയാണെങ്കിൽ അതോടെ കലാകാരൻ അസ്തമിക്കും.   വ്യക്തിപരമായ പരിമിതികൾ ഉണ്ടായിരിക്കാം. എന്നാൽ കലാകാരൻ്റെ ക്രാഫ്റ്റിൻ്റെ ഔന്നത്യം രണ്ടു പ്രതിബദ്ധതകളിലാണ് വേരുകൾ ആഴ്ത്തിയിരിക്കുന്നത്. അറിയാവുന്ന കാര്യങ്ങളിൽ നുണ പറയാതിരിക്കുക; അടിച്ചമർത്തുന്നതിനോടു ചെറുത്തു നില്ക്കുക .ഇത് രമ്യതയിലും പ്രക്ഷോഭത്തിലുമാണ് എത്തിച്ചേരുക .  ഏകാധിപത്യത്തിന്റെ ശക്തമായ ഭീഷണിയുള്ളപ്പോൾ നിശ്ശബ്ദനാകാതെ വയ്യ. അപ്പോൾ നുണ പറയാതിരിക്കാനും ശ്രദ്ധിക്കണം. സത്യങ്ങൾക്ക് ജീവൻ വയ്പിക്കാൻ വേണ്ടി എഴുതുക. അല്ലാത്തപ്പോൾ മിണ്ടാതിരിക്കുക .ഒരു ലോകാഭിമുഖ്യമാണ് ഇതിനു പിന്നിലുള്ളത്.തന്നെപ്പോലെയുള്ളവരുടെ ശബ്ദങ്ങൾക്കായി കാതോർക്കുമ്പോഴും അതിനെക്കുറിച്ച് എഴുതുമ്പോഴും രമ്യതയുണ്ടാകും. അത് ലോകാഭിമുഖ്യത്തിലേക്ക് ആഴത്തിൽ വലിച്ചിഴയ്ക്കും. മാനസികവും ബുദ്ധിപരവുമായ തലത്തിൽ നമ്മെ നശിപ്പിക്കുന്നവരോട് അനുജനപ്പെടാതിരിക്കുന്നതിലൂടെയാണ്  പ്രചോദനം എന്ന ആശയം രൂപപ്പെടുന്നത്. അനുരഞ്ജനപ്പെടാതിരിക്കുന്നവൻ ഊർജ്ജം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിനായി പോരാടും. അത് ജീവിതത്തിനു ഒരർത്ഥം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നാം നമുക്ക് തന്നെ ഒരു ലക്ഷ്യമാകണം. അതിലൂടെയാണ് കലാസൃഷ്ടിയിൽ സൗന്ദര്യത്തിൻ്റെ അനിവാര്യത സൃഷ്ടിക്കപ്പെടുന്നത്. ക്രാഫ്റ്റിൽ ഉന്നതമായ മാർഗം കണ്ടെത്തുമ്പോഴും   നീതിക്കും സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കണം. 

കമ്യു എഴുതി: The only liberty possible is liberty as regards death.The really free man is the one who, accepting death as it is, at the same time accepts its consequences—that is to say, the abolition of all life's traditional values. കമ്യു ചൂണ്ടിക്കാട്ടുന്നത് സ്വാതന്ത്ര്യത്തിൻ്റെ അനിവാര്യതയാണ്. സ്വതന്ത്രനായവനു അവൻ്റെ വിധിയുടെ ഉത്തരവാദിത്തമുണ്ടായിരിക്കും .അവൻ സ്വന്തം മൂല്യങ്ങളിലേക്കാണ് തുരങ്കം നിർമ്മിക്കുന്നത്.

No comments: