ഗ്രീൻ റൂം പഴയ ഒരു സങ്കല്പമല്ല
ഇരുപത്തിയൊന്നാം
നൂറ്റാണ്ടിൽ കലയെക്കുറിച്ചും അതിൻ്റെ അന്തിമമായ ഫലത്തെക്കുറിച്ചുള്ള
വീക്ഷണങ്ങൾ തകിടം മറിഞ്ഞിരിക്കയാണ്. ജീവിതത്തിന്റെ ഗതിയിലുണ്ടായ
മാറ്റത്തിന് അനുസരിച്ച് മനുഷ്യൻ വേറൊരു പ്രായോഗികതയ്ക്ക് ഓരം ചേർന്നു
പോകുകയാണ്.പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ ഒരു നാടകം പലതവണ റിഹേഴ്സൽ
ചെയ്ത ശേഷമാണ് രംഗത്തവതരിപ്പിക്കുക .എന്നാൽ അവതരണത്തിനുശേഷം സംവിധായകന്
പിന്നെയും പലതും നന്നാക്കാനുള്ളതിനെക്കുറിച്ചാവും പറയാനുണ്ടാവുക .കാരണം
,സംവിധായകൻ ഒരു പെർഫെക്ഷനിസറ്റാണ്. വീണ്ടും വീണ്ടും അതിനായി
പരിശ്രമിക്കുന്നു. മനസ്സിൽ ഒരു ചിത്രമുണ്ടാവും. അതിലേക്കുള്ള ഓട്ടമാണ്
റിഹേഴ്സലുകൾ .പലവട്ടം സ്റ്റേജിൽ ആവർത്തിച്ചാലും
പൂർണതയിലെത്തണമെന്നില്ല.ക്ലാസിക് പാരമ്പര്യത്തിലുള്ള കലകൾക്കെല്ലാം
പൂർണ്ണതയെക്കുറിച്ചുള്ള സങ്കല്പങ്ങളുമുണ്ട്. ആ കലാരൂപങ്ങൾ
സൈദ്ധാന്തികമായാണ് ജീവിക്കുന്നത്. പൂർണതയില്ലാതെ അതിനു നിലനില്പില്ല .
ഒരു
നാടകത്തിനു നീയതമായ ചട്ടക്കൂട് ആവശ്യമായിരുന്നു .അതിൽ അഭിനയത്തിനു
പ്രാധാന്യമുണ്ടായിരുന്നു. നിശ്ചയമായും നാടകത്തിന് ഒരന്ത്യമുണ്ടാകും. കാണികൾ
അത് കാണാനായി സൃഷ്ടിക്കപ്പെട്ടവരാണ്. ഒരു നാടകം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ
അത് എന്തായിത്തീരുമെന്നാണ് പ്രക്ഷകൻ ആലോചിക്കുന്നത്. പ്രധാന
കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കും എന്നറിയാനാണ് പ്രേക്ഷകൻ
കാത്തിരിക്കുന്നത്. നാടകത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ അത് പ്രേക്ഷകൻ്റെ
ഉദ്വേഗമാണ്. 'നിങ്ങളെങ്ങനെ കമ്മ്യൂണിസ്റ്റാക്കി ' എന്ന നാടകത്തിന്റെ
അന്ത്യത്തിനാണ് പ്രാധാന്യം. കമ്മ്യൂണിസ്റ്റുകാരനാവുന്നത് എങ്ങനെയെന്നാണ് ആ
നാടകം പറയുന്നത് .പ്രേക്ഷകനെ ഒരു നൂതന ലോകത്തെക്കുറിച്ച്
ചിന്തിപ്പിക്കുന്നതിനാണ് തോപ്പിൽ ഭാസി അതെഴുതിയത്.ഇരുപതാം നൂറ്റാണ്ടിന്റെ
അന്ത്യം വരെ ഈ കലാനുഭവം ,ഈ പ്രേക്ഷക മനോഭാവമാണ് നിലനിന്നത്. ഇപ്പോൾ അതിനെ
പിന്തുടർന്ന് പലരും ഇതേ രീതിയിൽ എഴുതുന്നുണ്ട്.
പൂർത്തിയായ ഉല്പന്നം വേണ്ട
എന്നാൽ
ഉത്തര-ഉത്തരാധുനികമായ കലാനുഭവം മാറുകയാണ്. സമ്പൂർണമായ ഒരു പ്രമേയം
ഇല്ലാതായി. ഒരു പ്രമേയത്തിന്റെ വികാസമോ പരിണാമമോ അപ്രധാനമായി. ഉള്ളടക്കം
തന്നെ അതിൻ്റെ അനുകരണമായി ;അല്ലെങ്കിൽ ഉള്ളടക്കത്തെക്കുറിച്ചുള്ള ആലോചനകളും
അതിനെ കളിയാക്കിക്കൊണ്ടുള്ള വർത്തമാനങ്ങളും പ്രധാനമായി. ഒരു കലാസൃഷ്ടിയുടെ
അന്തിമമായ പൂർത്തീകരണം ,അല്ലെങ്കിൽ പൂർത്തിയായ ഉൽപ്പന്നം എന്ന നിലയിലുള്ള
പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് .ടെലിവിഷൻ്റെ വരവോടെയാണ് ഈ സങ്കൽപം
പിറവി കൊണ്ടത് .ഒരു സാഹിത്യകൃതിയുടെയോ നാടകത്തിൻ്റെയോ ആദിമധ്യാന്ത
പൊരുത്തമുള്ള ആഖ്യാനം അവിടെത്തന്നെ നിൽക്കുന്നുണ്ടെങ്കിലും,
അതിനപ്പുറത്തേക്ക് പ്രേക്ഷകസമൂഹം സഞ്ചരിക്കുകയാണ് .
ഒരു
ടെലിവിഷൻ സ്കിറ്റ് ,സംഗീത പരിപാടി തുടങ്ങിയവ ഒരു പൂർണ്ണമായ നിർമ്മിതി
എന്ന നിലയിൽ പോലും അവതരിപ്പിക്കേണ്ടതില്ല. ഒരു കലാവസ്തുവിന്റെ സങ്കല്പത്തിൽ
നിന്ന് വ്യതിചലിച്ച് ,കച്ചവടത്തിനും വിനോദത്തിനും മാത്രം പ്രാധാന്യം
കൊടുത്തുകൊണ്ട് പലതും രംഗത്തുവരുന്നു. ഗ്രീൻ റൂമിൽ കലാകാരന്മാർ വന്നു
പരിശീലനം നേടുകയാണ് ചെയ്യുന്നത്. അവിടെ ചുമയങ്ങൾ ഇടുന്നു.ഗ്രീൻ റൂമിൽ
കലാവിദഗ്ദ്ധന്മാരുടെ സാന്നിധ്യമുണ്ടാകും. രംഗത്തവതരിപ്പിക്കുന്നതിനു
മുൻപുള്ള ഒരുക്കങ്ങളാണ് അവിടെ സംഭവിക്കുന്നത്. എന്നാൽ ഗ്രീൻ റൂമിലെ
സംഭവങ്ങൾക്ക് വിപണിമൂല്യമുണ്ടെന്നും അത് ടെലിവിഷനിൽ സംപ്രേഷണം ചെയ്താൽ
പണമുണ്ടാക്കാമെന്നു മാണ് ഈ കാലം പഠിപ്പിക്കുന്നത് .
ഒരു
സ്കിറ്റിനു വേണ്ടി കലാകാരന്മാർ ഒത്തുകൂടുന്നതും അവർ തമ്മിൽ തൊഴിൽപരമായ
പ്രശ്നങ്ങളുടെ പേരിൽ കലഹിക്കുന്നതും ഷൂട്ട് ചെയ്ത് സംപ്രേഷണം
ചെയ്യാവുന്നതാണ് .അത് കാണാൻ ധാരാളം പേരെ കിട്ടും. സമീപകാലത്ത് ഒരു ചാനലിൽ
നടിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കുക്കറി ഷോ സംഘടിപ്പിച്ചിരുന്നു.
കുക്കറി ഷോയുടെ അവതരണണത്തെയും അതിൻ്റെ സമ്മാനത്തിന് അർഹമാകുന്നതിന്
വേണ്ടതായ മാർക്കിനെയും പറ്റി പറഞ്ഞ് ചില അംഗങ്ങൾ തമ്മിൽ വലിയ വാഗ്വാദം
നടന്നു. അവരിൽ ചിലർ പരസ്പരം ഏറ്റുമുട്ടുക മാത്രമല്ല ഉച്ചത്തിൽ
തെറിവിളിക്കുകയും ചെയ്തു.പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചാനൽ അത്
അതേപടി സംപ്രേഷണം ചെയ്തു. പ്രേക്ഷകർക്ക് അത് പുതിയ അനുഭവമായിരുന്നു
.അതിന്റെ യർത്ഥം, ഒരു ഗ്രീൻ റൂമിൽ എന്തു തന്നെ സംഭവിച്ചാലും അതറിയാനുള്ള
സൗകര്യവും അവകാശവും പ്രേക്ഷകർക്കുണ്ട് എന്നാണ്. എഡിറ്റ് ചെയ്യുന്നത്
അധാർമ്മികമാണത്രേ .നഗ്നമായ സംഘട്ടനങ്ങൾക്കായി അവർ കാത്തിരിക്കുകയാണ്. അവർ
പരിപൂർണമായ കലാസൃഷ്ടിക്ക് വേണ്ടിയല്ല വന്നിട്ടുള്ളത്. ഏതും കലാനുഭവത്തിന്റെ
ഭാഗമായി സ്ഥാനം നേടുകയാണ്.
തെറ്റിച്ചു പാടുന്നവൻ സാംസ്കാരിക ഉല്പന്നം
പി.
ലീലയോ എം. എസ് .സുബ്ബലക്ഷ്മിയോ പാടുന്നത് എത്രയോ വർഷത്തെ പരിശീലനം
കൊണ്ടാണ്. ആദ്യമൊക്കെ സ്റ്റേജിൽ പാടുമ്പോൾ വലിയ സംഘർഷമായിരിക്കും. കാരണം
,പഠിച്ച പാഠങ്ങൾ അതേ രീതിയിൽ പുനരാവിഷ്കരിക്കാൻ കഴിഞ്ഞോ ,അല്ലെങ്കിൽ ഗായിക
എന്ന നിലയിൽ തൻ്റേതായ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ സാധിച്ചോ തുടങ്ങിയ
സന്ദേഹങ്ങൾ അവരെ മഥിച്ചിരിക്കണം. എന്നാൽ ഇതൊന്നും പുതിയകാലത്ത്
പ്രസക്തമല്ല. .പ്രേക്ഷകർക്ക് അന്തിമസൃഷ്ടി വേണ്ട; അവർ തിരക്കുള്ളവരാണ്.
അവർ വിനോദത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നു. സാംസ്കാരിക ഉല്പന്നമെന്ന
നിലയിൽ വരുന്നതെല്ലാം വിൽക്കാനുള്ളതാണ്. എല്ലാറ്റിനും ഉപഭോക്താവുണ്ട്.
ടിവിയിലെ
ഒരു സംഗീത പരിപാടിയിൽ കുട്ടികൾ പാടുമ്പോൾ അതിന് പൂർണ്ണത വേണ്ട; പൂർണത
പാടില്ല. അത് മത്സരമാണ് .വേറെ പലരും പാടിയ പാട്ടുകൾ കുട്ടികൾ വന്നു
പാടുകയാണ്. വിധികർത്താക്കൾ അതിലെ തെറ്റുകൾ തിരുത്തിക്കൊടുക്കുന്നത്
പ്രേക്ഷകർ കാണാൻ തയ്യാറായിരിക്കുകയാണ് .സ്കൂൾ, കോളേജ് തലങ്ങളിലെ
പരമ്പരാഗതമായ ഗാനാലാപന മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റുകൾ
ചൂണ്ടിക്കാണിച്ചല്ല മാർക്കിടുന്നത്. ചാനലിൽ കുട്ടികളെ പാട്ട്
പഠിപ്പിക്കുന്നതും ഒരു ഷോയാണ്. അതിന് വിപണിമൂല്യമുണ്ട്. ഒരു കുട്ടി
പാടുന്നതും തെറ്റുന്നതും ഇടയ്ക്ക് വച്ച് നിർത്തുന്നതും പിന്നീട് പാടുന്നതും
ഫേസ്ബുക്കിലിട്ടാൽ ഒരു ദിവസം കൊണ്ട് ഒരു ലക്ഷം പേർ സന്തോഷത്തോടെ കാണും .
അങ്ങനെ ഒരു രംഗം സ്റ്റേജിൽ പ്രതീക്ഷിക്കാനാവില്ല .സ്റ്റേജിൽ വന്ന് ഒരു
കുട്ടി തെറ്റിച്ചു പാടുകയോ പാട്ടുനിർത്തുകയോ ചെയ്താൽ ആളുകൾ കൂവി
വിളിക്കുമായിരുന്നു. സ്റ്റേജ് യാഥാസ്ഥിതികമായ ഇടമാണ്.
ഇത്
പ്രേക്ഷകരുടെ പുതിയ വർഗ്ഗമാണ്. പാട്ടുകാരൻ ഒരു പാട്ട് പാടി
തെറ്റിക്കുമ്പോഴാണ് സാംസ്കാരിക ഉല്പന്നമുണ്ടാകുന്നത്. എന്തെന്നാൽ ,അതിനു
കാണികൾ എന്ന ഉപഭോക്തൃവർഗത്തിൻ്റെ പിന്തുണയുണ്ട്. പാട്ടുകാരന് പാട്ട്
തെറ്റിപ്പോകാൻ സാധ്യതയുണ്ട് .പാടാൻ സ്വാതന്ത്ര്യമുണ്ട് .പാട്ട്
പഠിപ്പിക്കുന്നതിന് വിപണിയുണ്ട് .എന്തിനും വിപണിയാണ്. അത് കാണാൻ
പ്രേക്ഷകർക്ക് സമയമുണ്ട്. അതു കൊണ്ട് കലയുടെ പൂർണ്ണത എന്ന ആശയമിവിടെയില്ല
.ആർക്കും കലാകാരനാകാം. അതിനുള്ള വേദികൾക്ക് ക്ഷാമമല്ല. സാഹിത്യത്തിന്റെയും
മറ്റു ക്ലാസിക്കൽ കലകളുടെയും സങ്കല്പങ്ങൾക്ക് വെളിയിൽ പുതിയ അനുഭവങ്ങളും
പരീക്ഷണങ്ങളുമാണ് കാണാനാകുന്നത്. പ്രദർശനയോഗ്യമായത് എല്ലാം
പ്രദർശിപ്പിക്കാം എന്നതാണ് ഉത്തര - ഉത്തരാധുനിക കാലത്തിൻ്റെ സവിശേഷത.
അനശ്വരത പ്രലോഭിപ്പിക്കുന്നില്ല
ഒരു
ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയിൽ നല്ലപോലെ പാടാൻ അറിയുന്നവരെയല്ല
തേടുന്നത്; പരിശീലിപ്പിച്ചാൽ പാടാൻ കഴിയുന്നവരെയാണ് .പാടാൻ ദീർഘകാലത്തെ
പഠനമോ പരിശീലന മോ പോലും ആവശ്യമില്ല .ജീവിതകാലം മുഴുവൻ കലാഭ്യസനം
നേടിയവരാണോ ,താത്പര്യത്തിൻ്റെ പേരിൽ കലയിലേക്ക് വന്ന് സമൂഹമാധ്യമത്തിലൂടെ
ശ്രദ്ധ നേടി വൈറലായവരാണോ ഇന്ന് കൂടുതൽ അറിയപ്പെടുന്നത്? തീർച്ചയായും
വൈറലായവർ ശ്രദ്ധിക്കപ്പെടുന്നു.
അവർക്ക് സ്ഥിരപ്രതിഷ്ഠ വേണമെന്ന് ആഗ്രഹമില്ല. അവർ തന്നെ ഒരു ഷോയാണ്. അവർ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നില്ല.
ഡാവിഞ്ചിയുടെ
'മൊണാലിസ,' വാൻഗോഗിൻ്റെ 'ദ് സ്റ്റാറി നൈറ്റ്' തുടങ്ങിയ ചിത്രങ്ങൾ
അനശ്വരതയാണ് തേടുന്നത്. അത് കലയെക്കുറിച്ചുള്ള തത്ത്വചിന്തയും
സൗന്ദര്യാവബോധവും അഗാധമായി അനുഭവിപ്പിക്കുന്നു. ക്ളാസിക്കൽ കലയിൽ
പൂർണതയെക്കുറിച്ചുള്ള അനുഭവം അഗാധമായിരുന്നു .എന്നാൽ ഇന്നത്തെ കലാകാരനെ
അനശ്വരതയല്ല പ്രലോഭിപ്പിക്കുന്നത്. തൽസമയം ആകർഷിക്കപ്പെടാനുള്ള അവസരമാണ്
.അവനു കാത്തിരിക്കാൻ നേരമില്ല. കാരണം ,അവൻ സൃഷ്ടിക്കുന്ന സാംസ്കാരിക
ഉൽപ്പന്നം പെട്ടെന്ന് തന്നെ കാലഹരണപ്പെടും .അനേകം പേർ ഈ രംഗത്തുണ്ടല്ലോ .
പഴയ
ടെക്സ്റ്റുകൾ ഒരാൾ എഴുതിയുണ്ടാക്കുന്നതാണ് .അതിൽ വായനക്കാരനു ഒന്നും
ചെയ്യാനില്ല. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമ സേതുമാധവൻ്റെ സൃഷ്ടിയാണ്.
കാണി അതു കണ്ടു കൊള്ളണം. കാണിക്ക് ഇടാപെടാനാവില്ല. എത്ര വർഷം കഴിഞ്ഞാലും
കാണിക്ക് ഒരു അധികാരവും കിട്ടില്ല. സംവിധായകൻ ഒരു ഏകാധിപതിയാണ്; കാണി
അടിമയും. ഇവിടെയാണ് ടെലിവിഷൻ്റെയും കമ്പ്യൂട്ടറിൻ്റെയും ലോകത്ത് വ്യക്തി
ഒരു നിയന്താവാകുന്നത്. വ്യക്തിയുടെ ഇഷ്ടത്തിനാണ് വില.ടെലിവിഷൻ
പ്രോഗ്രാമുകളിൽ സ്ക്രിപ്റ്റ് അല്ലെങ്കിൽ ടെക്സ്റ്റ് ഒരു വ്യക്തി
എഴുതുന്നതായിക്കൊള്ളണമെന്നില്ല. രാത്രിയിൽ അവതരിപ്പിക്കുന്ന പ്രൈം ടൈം
ന്യൂസ് ചർച്ചകൾ നോക്കൂ. അവിടെ ചർച്ച നയിക്കുന്ന വ്യക്തികൾ വാർത്ത
സൃഷ്ടിക്കുന്നു. ഒരു സ്ക്രിപ്റ്റ് ഇല്ല .പ്രേക്ഷകർ വോട്ടു ചെയ്ത് ജേതാവിനെ
നിശ്ചയിക്കുന്നതും ഫോൺ ഇൻ പരിപാടികളിലൂടെ അവൻ ഇടപെടുന്നതും പുതിയ ലോകമാണ്
തുറന്നിടുന്നത്. റേഡിയോ വാർത്തകൾ ഒരാൾ എഴുതി വായിക്കുന്നതാണെങ്കിൽ ടെലിവിഷൻ
വാർത്തകൾ തത്സമയം ജനിക്കുകയാണ്. അത് പലർ റിപ്പോർട്ട് ചെയ്യുകയാണ്.ഒരു
പൂർവ്വ നിശ്ചിതമായ സ്ക്രിപ്റ്റില്ല. അതുകൊണ്ടാണ് ബ്രിട്ടീഷ്
നവസൈദ്ധാന്തികനായ അലൻ കിർബി
ഇങ്ങനെ പറഞ്ഞത് "What is central
now is the busy ,active ,forging work of the individual who would one
have called it's recipient." വെറും സ്വീകർത്താവായി മാത്രം ഒതുങ്ങിക്കഴിഞ്ഞ
വ്യക്തി ഇന്ന് സ്വന്തം ഇഷ്ടത്തിനൊത്ത് എന്തും തിരഞ്ഞെടുക്കുന്നു.
മനുഷ്യർക്ക്
ചിരകാല പ്രാപ്തമായ കലാസങ്കൽപങ്ങളോ ,അവബോധമോ ഇന്നാവശ്യമില്ല .ഇന്ന് സൃഷ്ടി
എന്ന പേരിൽ എന്തെങ്കിലും നിർമ്മിച്ചു കൊണ്ടിരുന്നാൽ മതി. നിശ്ചലതയും
നിശ്ശബ്ദതയും കലാകാരനെ സമൂഹത്തിൽ തന്നെ അപ്രത്യക്ഷമാക്കും .അതുകൊണ്ട്
കലാകാരന്മാർ അവർക്കുവേണ്ടിയെങ്കിലും എന്തെങ്കിലും നിർമ്മിച്ചേ മതിയാകൂ.
ചാനലുകളിൽ ഒരു കലയുടെയും ആവിഷ്കാരമില്ല
ഗ്രീൻ
റും എന്നത് ഒരു വലിയ സാന്നിധ്യമാണിപ്പോൾ. അവതരിപ്പിക്കാൻ വേണ്ടി
തയ്യാറാക്കുന്നതിന്റെയെല്ലാം വീഡിയോ എടുത്ത് സൂക്ഷിക്കുന്നത് ഇന്ന് ഒരു
അടിസ്ഥാനനിയമം പോലെയായിട്ടുണ്ട്. അതിൻ്റെയർത്ഥം, ആ തയ്യാറെടുപ്പുകൾക്ക്
വിപണിമൂല്യമുണ്ടെന്നാണ്. പ്രേക്ഷകൻ കറയറ്റ ,പണിക്കുറതീർന്ന
ഉൽപ്പന്നങ്ങൾക്കായല്ല സമയം ചെലവഴിക്കുന്നത്. പരിപൂർണ്ണതയുടെ നിയമങ്ങളും
മാമൂലുകളും അനുസരിച്ച് സൃഷ്ടി നടത്തുന്നവൻ കണ്ടേക്കാം. അവർ ഇന്നു
പരമ്പരാഗതമായ ഒരു കൂട്ടം മാത്രമാണ്. ഒരു അനുഷ്ഠാനം എന്ന നിലയിലാണ് ഇപ്പോൾ ഈ
കലകൾ രംഗത്ത് വരുന്നത് .വലിയ കഥകളി കലാകാരന്മാരുടെ ഒരു സവിസ്തര
പ്രതിപാദനമോ ആവിഷ്കാരമോ ഇന്ന് ഒരു സാംസ്കാരികോത്സവത്തിലും കാണാനില്ല.
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിൽ കഥകളിക്ക് വേണ്ടി മണിക്കൂറുകൾ ചെലവഴിക്കാൻ
പ്രമാണിമാർ രാത്രി തോറും സഞ്ചരിക്കുമായിരുന്നു. ഇപ്പോൾ അത്തരം
കലാവിഷ്കാരങ്ങൾ തനിയാവർത്തനമോ അനുഷ്ഠാനമോ ആയിത്തീർന്നിരിക്കുന്നു.
ഇന്നത്തെ
പ്രേക്ഷകനെ അത് ഗാഢമായി ആകർഷിക്കുന്നില്ല. കലാസ്വാദനത്തിനു ധാരാളം
കാര്യങ്ങൾ പഠിക്കേണ്ട ഒരു ബാധ്യതയും ഈ പ്രേക്ഷകർക്കില്ല . അവർ കല എന്ന
പരമ്പരാഗത അർത്ഥത്തെ തന്നെ നിരാകരിക്കുകയാണ്. മനുഷ്യാനുഭവത്തെ കലാകാരൻ
ചെത്തിയെടുത്ത് പ്രദർശിപ്പിക്കുന്നത് അവർക്ക് വേണ്ട;ആ അനുഭവത്തെ അവർ
സ്വന്തം മാർഗത്തിലൂടെ സമീപിക്കുന്നു ,ആസ്വദിക്കുന്നു.
ഒരു ഷോയിൽ
കലാകാരന്മാർ സംസാരിക്കുന്നത് ,അവരുടെ ശരീരഭാഷ, കലോൽപന്നത്തെക്കുറിച്ചുള്ള
ചർച്ച തുടങ്ങിയവയെല്ലാം ചാനലുകൾ വിറ്റഴിക്കുന്നു. ചാനലുകളിൽ ഒരു
കലാരൂപത്തിന്റെയും ആവിഷ്കാരമില്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം.
കലാരൂപങ്ങളെ പല കലങ്ങളിൽ എങ്ങനെ പാചകം ചെയ്യണമെന്നും അതെങ്ങനെയെല്ലാം
പ്രേക്ഷകർക്ക് സമ്മാനിക്കണമെന്നുമുള്ള അനൗപചാരിക പരീക്ഷണങ്ങളാണ്
അവിടെയുള്ളത് .ഇത് നമ്മൾ കഴിഞ്ഞ നൂറ്റാണ്ടിൽ തുടർന്നു വന്ന സമീപനങ്ങളിൽ
നിന്നുള്ള വ്യതിയാനമാണ്. വ്യക്തികേന്ദ്രീകൃതമായ, കലാകേന്ദ്രീകൃതമായ
അനുഭവലോകം പ്രാചീനവും പരമ്പരാഗതവുമായി അവശേഷിക്കുകയാണ് ;പകരം, വ്യക്തികളുടെ
തിരഞ്ഞെടുപ്പ്, വ്യക്തിഗതമായ ഇഷ്ടങ്ങൾ, വിനോദത്തിന്റെ അധാർമ്മികവും
ലക്ഷ്യരഹിതവുമായ ഇടങ്ങൾ പ്രത്യക്ഷപ്പെടുകയാണ്.
വാർത്താ ചാനലുകളുടെ ഒളിഞ്ഞുനോട്ടം
ദേവരാജൻ
മാഷിൻ്റെ കാലത്ത് ഗായകനെ പാട്ട് പഠിപ്പിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല.
ഗായകൻ പാടുന്നത് മാത്രമേ പുറത്തുവരൂ.ഗായകനെയാണ് ആളുകൾ ശ്രദ്ധിച്ചിരുന്നത്.
സംഗീതസംവിധായകൻ എന്താണ് ചെയ്തിരുന്നത് എന്നറിയാവുന്നവർ , ഗാനം
കേൾക്കുന്നവരിൽ പത്ത് ശതമാനത്തിൽ താഴെ മാത്രം.എന്നാൽ ഇപ്പോൾ സംഗീത
സംവിധായകൻ പുറംലോകത്തേക്ക് വന്നു. അയാൾ പരസ്യമായി പാട്ടു
പഠിപ്പിക്കുന്നു.അയാൾ പാട്ടു പഠിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ
ഒരു ദിവസം കൊണ്ട് ഒരു ലക്ഷം പേർ കാണും. ദേവരാജൻ മാഷ് യേശുദാസിനെ പാട്ട്
പഠിപ്പിക്കുന്ന ഒരു വീഡിയോ ഇല്ലാതെ പോയത് ,ഈ സാധ്യതയെക്കുറിച്ച് അന്നത്തെ
സാങ്കേതിക വിദഗ്‌ദ്ധർക്ക് അറിവില്ലാത്തതു കൊണ്ടാണ് .ഏതിനും കലാമൂല്യവും
വിപണിയുമുണ്ടെന്ന് വന്നിരിക്കുകയാണ്. ഇതാണ് ഉത്തര- ഉത്തരാധുനികതയുടെ
സ്വഭാവം .ഇതിനെ ആദർശവത്ക്കരിക്കാൻ ഉദ്ദേശമില്ല എന്നറിയിക്കട്ടെ.
കലാകാരനാകാൻ
കഷ്ടപ്പെടാൻ മനസ്സില്ലാത്തവർക്ക് ഒരു 'ഡിസ്‌ലൈക്ക്' കൊണ്ട് താൻ ഒരു
വിമർശകനാണെന്ന് തെളിയിക്കാം. കലാവിരുദ്ധനായ ഒരാൾ തൻ്റെ കലാപരമായ അഭിനിവേശം
കപടമായി കാണിച്ചു കൊടുത്തേക്കാം. അതാണ് ഇന്നത്തെ സമൂഹം പേറുന്ന ഗ്രീൻ റൂം.
ഓരോ വ്യക്തിയുടെയും താൽക്കാലികവും സ്വകാര്യവുമായ ഭാവനകളുടെ ഗ്രീൻ റൂമാണത്.
വ്യക്തിക്ക് എവിടേക്കും ഒളിഞ്ഞു നോക്കണം. അത് കാണിച്ചു കൊടുക്കുന്ന
മാധ്യമങ്ങൾ വിജയിക്കുന്നു. ഒരർത്ഥത്തിൽ ,വാർത്താ ചാനലുകൾ പോലും ചെയ്യുന്നത്
അതാണ് -ഗ്രീൻ റൂമിലെ ചർച്ചകൾ .കോലായിലെ ചർച്ചകൾ ആഗോള ചർച്ചയാക്കി
കാണിക്കുന്നു. മേൽത്തരം ജനാധിപത്യ വേട്ടയാടൽ എന്ന് വീമ്പിളക്കി കൊണ്ടു
തന്നെ വ്യക്തികളുടെ രഹസ്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നു, റിപ്പോർട്ട്
ചെയ്യുന്നു, പണമുണ്ടാക്കുന്നു ,പ്രശസ്തി നേടുന്നു.
No comments:
Post a Comment