എം.കെ.ഹരികുമാർ |
മതങ്ങൾ
തമ്മിൽ തർക്കിക്കേണ്ട; ആരും ജയിക്കാൻ പോകുന്നില്ല. കാരണം ,തർക്കിക്കുന്നവൻ
സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവനെ
പരാജയപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ട് തർക്കിക്കുന്നതിനേക്കാൾ നല്ലത്
വായിക്കുകയും പഠിക്കുകയും ചെയ്യുന്നതാണ്. വായിച്ചവർ എഴുതുന്നത് നല്ലതാണ്.
മറ്റുള്ളവർക്ക് പ്രയോജനമുണ്ടാവും.സ്വന്തം പരിമിതികളെക്കുറിച്ച് നന്നായി
പഠിക്കുക. ആ പരിമിതികളെ മറന്ന് പ്രാപഞ്ചികമായ ഉയരങ്ങളിൽ എങ്ങനെ എത്താമെന്ന്
ആലോചിക്കുക .ഈ ആലോചനയ്ക്ക് ഒരു പ്രാപഞ്ചിക മാനമുണ്ട്. അതാണ് ആലുവയിലെ
സർവമതസമ്മേളനത്തിലൂടെ നൂറ് വർഷങ്ങൾക്കു മുമ്പ്(1924) ഗുരു ആവിഷ്ക്കരിച്ചത്.
കേരളത്തിലെ ബൗദ്ധികമേഖലയെ ബാധിച്ച അന്ധതമസ്സിനു ഒരു ചികിത്സയായിരുന്നു
അത്. പുതിയൊരു സംവാദത്തിൻ്റെ വാതിൽപ്പുറങ്ങൾ കാണാറായി. പരിമിതവൃത്തത്തിൽ
കഴിഞ്ഞവരെ ബോധോദയത്തിലേക്ക് നയിക്കുകയായിരുന്നു. വീക്ഷണപരമായ അന്ധതയാണ്
ചോദ്യം ചെയ്യപ്പെട്ടത്. വിദ്യാസമ്പന്നരുടെ ആത്മീയമായ അഹങ്കാരം ,ശാഠ്യം
,ഭാഗിക വീക്ഷണം ,അന്ധത ,മന്ദത ,ദുര തുടങ്ങിയവയാണ് ആ സമ്മേളനത്തിലൂടെ
ഇടിഞ്ഞു വീണത്. ഇവിടെ രാജാക്കന്മാർ പോലും ജാതി വെറിയാണ് നടപ്പാക്കിയത്. അതു
കൊണ്ടാണല്ലോ വൈക്കം സത്യാഗ്രഹം വേണ്ടി വന്നത്.
നാഥൻ്റെ റോൾ കളി
ശ്രീനാരായണ
ഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ പ്രവേശന കവാടത്തിൽ ഗുരുവിൻ്റെ
നിർദ്ദേശപ്രകാരം എഴുതിവെച്ചത് 'വാദിക്കാനും ജയിക്കാനുമല്ല , അറിയാനും
അറിയിക്കാനുമാണ്' എന്നാണ്.ഈ വാക്യം ഒരു വിപ്ളവമാണ്. വെറുതെ തർക്കിക്കാൻ
വന്ന് തോൽക്കരുതെന്നാണ് അതിൻ്റെയർത്ഥം. ഇന്ന് ഏതെങ്കിലും വിദ്യാസമ്പന്നനോട്
സംസാരിക്കാൻ പറ്റുമോ ?അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കയല്ലേ .ഗുരുവിൻ്റെ
വാക്യം കാലങ്ങളെയും കടന്ന് പായുന്ന കുതിരയാണ്.ആരാണ് അതിനെ പിടിച്ചുകെട്ടാൻ
വരുക? ആരും വരില്ല .ഇന്ന് പല പണ്ഡിതന്മാരും പ്രമുഖരും സർവ്വമതമൈത്രി,
ജാതിരഹിത ജീവിതം എന്നെല്ലാം പറയുന്നുണ്ടെങ്കിലും അതെല്ലാം വാക്കുകളിൽ
മാത്രമാണ് ജീവിക്കുന്നത്. താഴ്ന്നജാതിൽപ്പെട്ടവരെ ദ്രോഹിക്കാനാണ്
ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലംപതിഞ്ഞവൻ പരാതി പറയാൻ പാടില്ല.
പറഞ്ഞാൽ അവൻ ഒരു ലഹള തുടങ്ങി വയ്ക്കുകയാണത്രേ!.
ഏതാനും
നാൾ മുമ്പ് യാത്രികനും സാഹിത്യകാരനുമായ പി.ആർ.നാഥൻ 'എൻ്റെ
ഉത്തരവാദിത്വം'(ഹംസധ്വനി, മാർച്ച്) എന്ന ലേഖനത്തിൽ എഴുതിയത് പരാജയത്തെ
നേരിടുന്ന വ്യക്തി ഒന്നിനെക്കുറിച്ചും പരാതി പറയാൻ പാടില്ലെന്നാണ്.
മറ്റുള്ളവർ ബോധപൂർവ്വം കരുക്കൾ നീക്കി ഒരാളെ പലയിടങ്ങളിൽ നിന്ന് താഴെ
ഇറക്കുന്നത് ബോധ്യപ്പെട്ടാലും മിണ്ടാൻ പാടില്ലത്രേ. അനീതിയെന്ന് ഉറപ്പുള്ള
കാര്യങ്ങളെക്കുറിച്ച് മിണ്ടരുതെന്നാണ് അദ്ദേഹത്തിൻ്റെ ഉപദേശം. അഫ്ഗാനിസ്ഥാൻ
ആക്രമിക്കാൻ വന്നാലും അതിനെക്കുറിച്ച് പരാതി പറയാൻ പാടില്ല .അഫ്ഗാനിസ്ഥാൻ
ആക്രമിച്ചത് നമ്മുടെ കുഴപ്പം കൊണ്ടാണെന്ന് കരുതിക്കൊള്ളണമെന്ന് !
അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്: "നമുക്ക് പരാജയങ്ങൾ സംഭവിക്കുന്നു
.വിചാരിച്ച പലതും നടക്കുന്നില്ല. മറ്റുള്ളവർ നമ്മെ വെറുക്കുന്നു. അതിനുള്ള
കാരണങ്ങൾ നാം കണ്ടുപിടിക്കുന്നു. എന്നേക്കാൾ മോശക്കാരായവർ ജീവിതത്തിൽ
വിജയിക്കുന്നുണ്ടല്ലോ.? എൻ്റെ ജാതിയാണ് എൻ്റെ ശത്രു. ഇവിടം വർഗീയത
കൊടികുത്തി വാഴുന്നു. സകലർക്കും എന്നോട് അസൂയയാണ്. വാസ്തവത്തിൽ എന്താണ്
സംഭവിച്ചത്? നമ്മിൽ പലരും വാസ്തവ ത്തെ അന്വേഷിച്ചു പോകാറില്ല.
പരാജയത്തിന്റെ ഉത്തരവാദി നാം തന്നെയാണ്. നമുക്കെല്ലാം അതിൽ ഒരു റോൾ
അഭിനയിക്കേണ്ടിയിരിക്കുന്നു. എനിക്ക് എഴുത്തുകാരന്റെയും പ്രഭാഷകൻ്റെയും
റോൾ അഭിനയിക്കണം. വീട്ടിലെത്തിയാൽ ഭർത്താവാകണം. എൻ്റെ റോൾ ഭംഗിയായി
നിർവഹിക്കുന്നതിനു പകരം ഞാൻ ശ്രദ്ധിക്കുന്നത് ചുറ്റുമുള്ളവർ അവരുടെ ഭാഗം
ഭംഗിയായി അഭിനയിക്കുന്നുണ്ടോ എന്നാണ് .സ്വന്തം സംഭാഷണം വ്യക്തമായി
വേണ്ടുന്ന സമയത്ത് പറയുന്നതിന് പകരം ഞാൻ മറ്റുള്ളവരുടെ സംഭാഷണം
ശ്രദ്ധിക്കുന്നു. അവർക്ക് തെറ്റ് പറ്റുമ്പോൾ അവരെ പരിഹസിക്കുന്നു. ഈ കഥ
ഇങ്ങനെയല്ലല്ലോ എഴുതേണ്ടത് എന്നാലോചിക്കുന്നു. അതിൽ അവരുടെ ധർമ്മം
ശരിയാംവണ്ണം നിർവഹിക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കുകയും അവരെ
വിമർശിക്കുകയും ചെയ്യുന്നു. ഇവിടെ മറന്നു പോകുന്നത് സ്വന്തം
കർത്തവ്യങ്ങളാണ്. "
പി.ആർ. നാഥൻ ഒരു
എഴുത്തുകാരനെന്ന നിലയിൽ പരാജയപ്പെടാൻ കാരണമെന്താണെന്ന് ഇതിൽ നിന്ന്
മനസിലാക്കാം. വീട്ടിൽ റോൾ അഭിനയിക്കുകയാണെന്ന് ! അവനവനോടെങ്കിലും
ആത്മാർത്ഥത കാണിക്കുക. ആരെ ബോധ്യപ്പെടുത്താനാണ് ഈ റോളുകളി. ?നാഥൻ്റെ
വാക്കുകൾ സത്യഭാമമാർക്ക് പ്രോത്സാഹനവും അർഹതപ്പെട്ട രാമകൃഷ്ണൻമാർക്കൊരു
ചവിട്ടുമാണ്. സ്വന്തം കർത്തവ്യം ചെയ്ത് പിന്മാറിക്കൊള്ളണമെന്ന് .
വിമർശിക്കാൻ വരരുതെന്നാണ് നാഥൻ്റെ താക്കീത്. നാഥനെയൊക്കെ ആര്
വിമർശിക്കുന്നു.? ഒരു നല്ല കൃതി എഴുതിയിട്ടുണ്ടോ നിങ്ങൾ ? നിലം പതിഞ്ഞവരെ
ഏമാൻമാർക്ക് ചവിട്ടിക്കൊണ്ടിരിക്കാമല്ലോ എന്ന ചിന്തയിൽ നിന്നാണ് നാഥൻ്റെ
വാക്കുകൾ. മറ്റുള്ളവരുടെ പരിഹാസത്തെയും അനീതികളെയും വിമർശിക്കാൻ പാടില്ല
.നാഥൻ്റെ മനസിലിരുപ്പ് വ്യക്തമാണ്. നാഥൻ സ്റ്റാറ്റസ്സ്കോ നിലനിർത്താൻ
ആഗ്രഹിക്കുന്നു. ഇപ്പോൾ സാമൂഹികമായ അധികാരങ്ങളും പദവികളും കൈയ്യടക്കി
വച്ചിരിക്കുന്നവരെ വിമർശിക്കരുത്; പകരം അവർ തരുന്നത് വാങ്ങി തൃപ്തിപ്പെട്ട്
അനുസരണയോടെ കർത്തവ്യം ചെയ്ത് പിന്മാറിക്കൊള്ളണം .
നാഥനെ
പോലുള്ളവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാ അനീതികളും ചോദ്യം
ചെയ്യപ്പെടാതെ തന്നെ നിലനിന്നുകൊള്ളണം എന്നാണ്. അഭിനേതാവ് സ്വന്തം സംഭാഷണം
നന്നായി പറഞ്ഞ് വീട്ടിൽ വന്നു കിടന്നുറങ്ങിയാൽ മതി. ഇത്രയും ജീർണമായ,
ജുഗുപ്സാവഹമായ 'സാരോപദേശം' കേട്ടിട്ടേയില്ല. കൗരവസഭയിൽ പാഞ്ചാലിയുടെ
വസ്ത്രം വലിച്ചു പറിച്ചപ്പോൾ അവരോട് അരുത് എന്ന് പറയാൻ ഒരു പണ്ഡിതനെയും
കണ്ടില്ല .ഒരു നാഥനും അവിടെയില്ലായിരുന്നു. ഭീഷ്മരുടെ നാവ് പൊന്തിയില്ല
.ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രം വലിച്ചു പറിക്കുന്നത് തുടരട്ടെ, അയാൾ
കർത്തവ്യം ചെയ്യുകയാണല്ലോ. അയാളെ ചോദ്യം ചെയ്യരുത്! കാരണം ,അതിൻ്റെ
കാരണക്കാർ നമ്മളാണല്ലോ ! ചോദ്യം ചെയ്യുന്നവനാണ് തെറ്റ് ചെയ്യുന്നത്.ആ സഭയിൽ
യുയുത്സുവാണ് വസ്ത്രം പിടിച്ചു പറിക്കരുതെന്ന് പറഞ്ഞത്.യുയുത്സുവിനു
ധർമ്മമുണ്ട്. അവന് അനീതി കണ്ടാൽ എതിർക്കണം. ആ എതിർപ്പിലാണ് അവൻ
ജീവിക്കുന്നത്.ഈ ഭൂമിയെ തൊട്ട് അത് സ്പന്ദിക്കുന്നുണ്ടെന്ന് അവൻ
തിരിച്ചറിയുന്നത് ഇങ്ങനെ അനീതിക്കെതിരെ ശബ്ദമുയർത്തുന്നതുകൊണ്ടാണ്. ജാതി
ഒരുവൻ്റെ ശത്രുവാണെന്ന് തോന്നിയെങ്കിൽ അത് അവൻ്റെ കുറ്റമല്ല; സമൂഹത്തിലെ
ഒരു പ്രബല വിഭാഗം അവനെ ജാതിയുടെ പേരിൽ, നിറത്തിന്റെ പേരിൽ
കുറ്റപ്പെടുത്തുന്നത് തുടരുകയാണല്ലോ. അപ്പോൾ മേൽപ്പറഞ്ഞ മാന്യൻ പറയും
,താഴ്ന്ന ജാതിക്കാരനല്ലേ അതുകൊണ്ട് എതിർക്കേണ്ട ,കർത്തവ്യം ചെയ്ത് വീട്ടിൽ
പോവുക .ഇതിൻ്റെ തുടർച്ചയാണ് സത്യഭാമയിലുടെ കേട്ടത്. ഇത്തരം ഭാമമാർ
അദൃശ്യരായി എവിടെയും ജീവിക്കുന്നു, ആർക്കും പിടികൊടുക്കാതെ .
മനുഷ്യമനസിലെ അഴുക്ക് നീക്കാൻ
ഗുരു
സർവമത സമ്മേളനം സംഘടിപ്പിച്ചത് മനുഷ്യമനസ്സിലെ ഈ അഴുക്ക് നീക്കാനാണ്. എത്ര
നീക്കിയാലും പിന്നെയും വെറുപ്പിൻ്റെ ആഫ്രിക്കൻ പായൽ മാത്രം
ബാക്കിയാവുമെന്ന് അറിയാം .എത്ര പഠിപ്പിച്ചാലും പഠിക്കില്ല എന്നറിയാം. എത്ര
വിദ്യാഭ്യാസം നേടിയാലും ചിലരുടെ ഉള്ള് തെളിയില്ല. ഒളിയമ്പ് എയ്യുന്നതാണല്ലോ
ശീലം. പക്ഷേ, വേറെ എന്താണ് വഴി? ഈ ഉദ്ബോധനങ്ങൾ തന്നെ. എത്ര വായിച്ചാലും
ചിലർ മനസ്സിൽ സൂക്ഷിക്കുന്നു. ആരു പറഞ്ഞാലും അത് ഉപേക്ഷിക്കില്ല. മനുഷ്യൻ
ഒരു ദൈവമാകേണ്ടവനായിരുന്നു. എന്നാൽ അവൻ ദുഷ്ടബുദ്ധികൊണ്ട്,
വകതിരിവില്ലാത്തതുകൊണ്ട്, അമിതമായ അഹങ്കാരം കൊണ്ട് എല്ലാം നശിപ്പിച്ചു.
അവൻ എങ്ങുമെത്തിയില്ല. മറ്റൊരുവനെ ജാതിയുടെ പേരിൽ വെറുക്കുന്നത് വരെയേ അവന്
വളരാൻ കഴിഞ്ഞിട്ടുള്ളൂ.ഇതാണ് നിത്യമായ അന്ധകാരം.
ചിലർ
പ്രഭാഷണങ്ങളിലൂടെ ഗുരുവിനെ പൊക്കിയടിക്കും. എന്നാൽ അവരുടെ മനസ്സിൽ
വൃത്തികെട്ട വിവേചന ബുദ്ധി പ്രവർത്തിക്കുകയാണ്, രാക്ഷസനെ പോലെ.
സർവ്വമതസമ്മേളനത്തിൽ സ്വാഗതപ്രസംഗം ചെയ്തത് പ്രഗത്ഭനായ സത്യവ്രത സ്വാമിയാണ്
. ജാതിയുടെ സകല അടയാളങ്ങളും ദൂരേക്ക് വലിച്ചെറിഞ്ഞ ആ മനീഷി ഇങ്ങനെ
പറഞ്ഞു: "ഓരോ മതത്തിന്റെയും പേരും പറഞ്ഞു നടക്കുന്നവരിൽ വലിയ ഭൂരിഭാഗവും
അവരുടെ വലിയച്ഛൻ്റെ മതത്തിൻ്റെ പേര് പറയുകയല്ലാതെ തങ്ങളുടെ മതത്തിന്റെ പേര്
പറയുകയല്ല ചെയ്യുന്നത്. ആത്മജ്ഞാനവർദ്ധനയ്ക്ക് അധ്വാനിക്കേണ്ട
മതോപദേഷ്ടാക്കന്മാർ അവരുടെ ബുദ്ധിയെയും ശക്തിയെയും ധനത്തെയും
സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അധ്വാനത്തിൽ വിനിയോഗിച്ചതിന്റെ
അനിഷ്ടഫലമാണ് നാം ഈ കാണുന്നത്. "
സ്വന്തം മതം
കണ്ടെത്തണമെന്നാണ് സ്വാമി ആഹ്വാനം ചെയ്യുന്നത്. അവനവൻ ആത്മരക്ഷാർത്ഥം സത്യം
തേടണമെന്ന് .അതിലൂടെ ആനന്ദത്തെക്കുറിച്ച് അറിവ് ലഭിക്കും. പൊരുൾ മറ്റൊരാൾ
പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിലെ
കഥാപാത്രം ഇത് തിരിച്ചറിയുന്നുണ്ട്. അവൻ ഗുരുക്കന്മാ രിൽ നിന്ന്
കേട്ടതൊന്നും ഉൾക്കൊണ്ടില്ല. അവന്റെ അനുഭവത്തിൽനിന്ന് നേരിട്ട് ഗ്രഹിക്കാൻ
വേണ്ടി അലഞ്ഞു. അവസാനം പ്രകൃതിയിൽ നിന്നാണ് ആ വലിയ സത്യം ഗ്രഹിച്ചത്. ഈ
പ്രപഞ്ചം വലുതിനെയും ചെറുതിനെയും ദൃശ്യമായതിനെയും അദൃശ്യമായതിനെയും
ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും എല്ലാം
കൂട്ടിക്കുഴച്ചിരിക്കുകയാണെന്നും അന്തിമമായി യാതൊന്നും മറ്റൊന്നിൽ നിന്ന്
ഭിന്നമല്ലെന്നും അവൻ ഉൾക്കൊള്ളുകയാണ്. ഈ സത്യം ഏത് പുസ്തകത്തിനു തരാൻ
കഴിയും?
പ്രത്യയശാസ്ത്രവൽക്കരണം
ലോകം
ആഗ്രഹിക്കുന്നത് ശാന്തിയാണ്. പലരും അത് സമ്മതിക്കുകയില്ല. കാരണം,
സംഘട്ടനവും ചോരയും കണ്ണീരുമാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. മനുഷ്യമനസ്
ഹിംസയിലേക്ക് തിരിഞ്ഞിരിക്കയാണ്. ഒന്നിന് മറ്റൊന്നിനെ എതിർക്കാതെ
ജീവിക്കാനാവില്ല .എന്നാൽ ഗുരു ജീവിച്ചത്, പ്രവർത്തിച്ചത് എല്ലാവരുടെയും
ഭിന്നതകളെ ഒഴിവാക്കി ഒരിടത്തേക്ക് കൂട്ടിയോജിപ്പിക്കുന്നതിനാണ്. ഇത്
മനസിലാക്കാത്തവരുണ്ട്. ബി.രാജീവൻ ഒരു ലേഖനത്തിൽ എഴുതിയിരിക്കുകയാണ്
ശ്രീനാരായണ ഗുരു മുതലാളിത്തത്തിനു അനുകൂലമായ നിലയിൽ ചിന്തിച്ചു എന്ന്
.എന്താണ് മുതലാളിത്തം ? രാജീവന് എന്തിനെയും പ്രത്യയശാസ്ത്രവൽക്കരിച്ച്
പ്രാകൃതമായ ചില വിഭജനങ്ങളിലേക്ക് എത്തിക്കാനാണ് ആഗ്രഹം. കാലഹരണപ്പെട്ട ഈ
വിഭജനങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുക. ഗുരുവിൻ്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്.
അതിനായി ഗുരു കഷ്ടപ്പെട്ടു. ശാരീരികമായി അത്യധ്വാനം ചെയ്തു. നിരന്തരം
സഞ്ചരിച്ചും ഉദ്ബോധിപ്പിച്ചും എഴുതിയും പ്രസംഗിച്ചും ഗുരു ഈ കേരളത്തെ ഒരു
കർമ്മചൈതന്യ വിഹാരമാക്കി.അതിനാണ് സന്യാസി സംഘം പോലും രൂപീകരിച്ചത്.
സന്യാസിസംഘത്തിൻ്റെ ലക്ഷ്യം കുമാരനാശാൻ വിശദീകരിക്കുന്നുണ്ട്:
"വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും അനുമാനിക്കാവുന്നതായി സ്വാമിയുടെ
അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന പാവനമായ അഭിപ്രായം തൻ്റെ ശിഷ്യന്മാരായ
സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേക സംഘം സ്ഥാപിച്ചതുമൂലം
ജാതിഭേദം കൂടാതെ പൊതുവിൽ നാടിനും ജനങ്ങൾക്കും ഒരുപോലെ ആധ്യാത്മികമായ
ശ്രേയസ്സും സദാചാര സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും ഉള്ള അഭിവൃത്തി
ഉണ്ടാകുന്നതിന് വേണ്ടി യത്നിപ്പാൻ വേണ്ട ഏർപ്പാടുകൾ
ചെയ്യണമെന്നുള്ളതായിരുന്നു."
സന്യാസികൾ നാടിനു
അഭിവൃദ്ധിയുണ്ടാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഇതാണ് ഗുരുവിൻ്റെ
സന്യാസസങ്കല്പം.ആ സങ്കല്പത്തിൽ നിന്നുണ്ടാകുന്നതാണ് സർവമതമൈത്രിയും
സഹോദര്യവും ഏകാത്മകതയും .
മതങ്ങളെ ഉപജീവിച്ചു കബളിപ്പിക്കൽ
സംഘങ്ങൾ വളർന്നു വന്നതിനെക്കുറിച്ച് സത്യവ്രതസ്വാമികൾ സ്വാഗത പ്രസംഗത്തിൽ
സൂചിപ്പിക്കുന്നുണ്ട്: " മതസ്ഥാപകൻമാരായ മഹാത്മാക്കളുടെ
അധ്യാത്മസിദ്ധാന്തങ്ങൾ സമ്മതങ്ങളായിത്തീർന്നുവെന്ന് കണ്ടപ്പോൾ ആ
സിദ്ധാന്തങ്ങളെ ജനങ്ങൾക്കുപദേശിക്കുവാനുള്ള പാവനമായ ജോലി കൈയേറ്റ
പുരോഹിതന്മാർ, ആ ജോലി അത്യന്തം ആദായകരമായ ഒരു ഉത്തമം കുശലം വിദ്യയെന്ന്
അനായാസേന മനസിലാക്കി. ഇങ്ങനെയുള്ള ഏർപ്പാടുകൾ എല്ലാം ഉണ്ടാക്കിയാൽ ആ ജോലി
അധികം ആദായകരമാക്കിത്തീർക്കാമോ അങ്ങനെയുള്ള ഏർപ്പാടുകളെല്ലാം അവർ
ഉണ്ടാക്കിത്തീർത്തു. മതങ്ങളോടനുബന്ധിച്ചു ഉണ്ടായിട്ടുള്ള മിക്ക
തന്ത്രമന്ത്രവാദികളുടെയും വിശ്വാസാചാരങ്ങളുടെയും എല്ലാം ആഗമം
ഇങ്ങനെയാകുന്നു."
മതത്തിൻ്റെ നടത്തിപ്പിൽ പലതും
ലാഭേച്ഛയോടെ കടന്നുകയറി പ്രവർത്തിക്കുന്നതുമൂലം അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും മുടക്കമില്ലാതെ സമൂഹത്തിൽ നിലനിൽക്കുന്നു. തങ്ങൾ ജനിച്ച
സമുദായത്തെയോ മതത്തെയോ പൂർവ്വകല്പിതമായി കാണുന്നുത് അതുകൊണ്ടാണ്.
ജനിക്കുന്നതിന് മുമ്പ് തന്നെ മതം തിരഞ്ഞെടുക്കാൻ കഴിയില്ലല്ലോ. മതം
മനുഷ്യന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടിയാണെന്ന് പലർക്കും ഉറപ്പില്ല.
എല്ലാ മതത്തിങ്ങളിമുള്ള സാരം ഒരു ബിന്ദുവിൽ തന്നെ വന്നു ചേരുകയാണ്. ഗുരു
'ആത്മോപദേശശതക'ത്തിൽ എഴുതി:
" പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ പലവിധം യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം."
പല
മതവിശ്വാസികൾ അവരവരുടെ മതത്തെപ്പറ്റി പറയുന്നത് ഒരു വമ്പ് പറച്ചിലാകരുത്.
ആനയെ അന്ധന്മാർ വിവരിക്കുന്നത് പോലെയാവരുത് .അപ്പോൾ സമ്പൂർണ്ണമായ കാഴ്ചയുടെ
അനുഭവമുണ്ടാകില്ല. മതത്തിൽ ഏകമായ പ്രാപഞ്ചിക സാരം തേടുക . സമഗ്രമായി
അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. അവിടെ ദൈവത്തിൻ്റെ ഹൃദയം എന്ന പോലെ
മനുഷ്യന്റെ ഹൃദയവും കാണാനാകും.
No comments:
Post a Comment