Followers

Wednesday, February 14, 2024

നോവൽ ഒരു സാങ്കല്പിക ഭൂപ്രദേശം /എം.കെ.ഹരികുമാർ 

 

 


ഒരു നോവൽ എഴുതി കഴിയുമ്പോഴേക്കും ഒരു പുതിയ ഭൂപ്രദേശം ഉണ്ടാവുകയാണ്. ടോൾസ്റ്റോയിയുടെ 'അന്നാകരേനിന' അതിൻ്റെ വലിപ്പം കൊണ്ട് ഒരു വലിയ സത്യം സ്ഥാപിക്കുന്നുണ്ട്; അത് വാക്കുകളുടെ ഭൂപ്രദേശം എന്ന യാഥാർത്ഥ്യമാണ്.അത് കുറയ്ക്കാനോ നീട്ടാനോ കഴിയില്ല .അതിൻ്റെ ഒരു ഭാഗം വീതിച്ചു കൊടുക്കാനാവില്ല. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. അത് ടോൾസ്റ്റോയി സൃഷ്ടിച്ചതാണ്. അത് മറ്റാർക്കും അവകാശപ്പെട്ടതല്ല. മറ്റാർക്കും അതിൽ ഒന്നും കൂട്ടിച്ചേർക്കാനാവില്ല. വേറൊരാൾക്ക് അതിൻ്റെ വിസ്തൃതിയിൽ ഇടപെടാനാവില്ല .ഒരു വായനക്കാരന് അതിൻ്റെ മുമ്പിൽ  സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. കാരണം, അത് തുടങ്ങിയിരിക്കുന്ന ഒന്നാം പേജ് ലോകാവസാനം വരെ അങ്ങനെ തന്നെയേ വായിക്കാനാവൂ. ഒന്നാം പേജ് തുടക്കത്തിനുള്ളതാണ്.ആദ്യവാചകം വായിക്കാതെ ഒഴിച്ചിടാൻ ആർക്കും അവകാശമില്ല.അത് എവിടെ നിന്നു തുടങ്ങിയോ അവിടെ നിന്നാണ് വായനക്കാരനും തുടങ്ങേണ്ടത്. അത് ഒരു ഏകശിലയാണ്. വായനക്കാരന് വിശേഷിച്ച് സ്വാതന്ത്ര്യമില്ല.ടോൾസ്റ്റോയിയുടെ ഭൗതികവസ്തുവാണത്; കാരണം അതിന് പുസ്തകം എന്ന നിലയിലുള്ള രൂപവും ഉള്ളടക്കവുമുണ്ടല്ലോ.

വായനക്കാരൻ്റെ മുന്നിൽ അലംഘനീയമായ അവസ്ഥ 

അത് ഡിജിറ്റൽ രൂപത്തിലാക്കിയാൽ  തുടക്കവും ഒടുക്കവും അങ്ങനെ തന്നെയായിരിക്കും. നോവലിസ്റ്റ് ഒരിടത്ത് തുടങ്ങുന്നു; അയാൾ അവസാനിപ്പിക്കുന്നിടത്ത് മാത്രമേ വായനക്കാരനും അവസാനിപ്പിക്കാനാവൂ. ഒരു ഫ്ലൈറ്റിൽ കയറുന്നത് പോലെയാണ്. ഫ്ലൈറ്റ് എവിടെയാണോ ഉള്ളത്, അവിടെ നിന്നേ കയറാനൊക്കൂ . ഇറങ്ങണമെങ്കിൽ അത് ഫ്ലൈറ്റ് ലാൻഡ് ചെയ്യണമല്ലോ.
എന്നാൽ ഒരു വ്യത്യാസമുണ്ട്. ഫ്ളൈറ്റിനു സാന്ദർഭികമായി സമയം മാറ്റാനും ഇറങ്ങേണ്ട സ്ഥലം തിരഞ്ഞെടുക്കാനും അധികാരമുണ്ട്.

നോവലിൻ്റെ കാര്യത്തിൽ അതുമില്ല. അത് ഒരു വിചിത്രമായ തുടർച്ചയാണ്. ടോൾസ്റ്റോയ് ഒരു കഥ വിവരിക്കുകയാണ്. അദ്ദേഹത്തിൻ്റെ കഥപറയൽ രീതിയുണ്ട്. അതും അദ്ദേഹം നിശ്ചയിച്ചതാണ്.വായനക്കാരന് അത് മാറ്റിമറിക്കാനാവില്ല.നോവൽ വായിച്ചവസാനിപ്പിക്കാൻ അവന് സ്വന്തം മാർഗമില്ല.ടോൾസ്റ്റോയ് കഥ നിർത്തിയിടത്തു തന്നെ  എത്തിച്ചേരണം. ഇത് വ്യക്തമാക്കുന്നത് വായനക്കാരന് തൻ്റെ മുന്നിലുള്ള സാഹിത്യകൃതി ഒരു യാഥാർത്ഥ്യം മാത്രമല്ല; അലംഘനീയമായ അവസ്ഥയാണ്,അസ്പൃശ്യവുമാണ്. 

അത് വായിക്കുന്നയാൾക്ക് ഇഷ്ടം പോലെ വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കും; പക്ഷേ, ടെക്സ്റ്റ് അതേപടി ഉദ്ധരിച്ചേ പറ്റൂ. ടെക്സ്റ്റിൻ്റെ ധ്വനി എടുക്കാനായി സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടിരിക്കുന്നു.വായന എപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതാണ്. അതിനു ഒരു നിയതമായ മാർഗം മാത്രമേയുള്ളൂ. പത്താം പേജ് മുതൽ ഇരുപതാം പേജ് വരെ ഒരു വായനയില്ല.അത് അർത്ഥശൂന്യമാണ് .അന്നാകരേനിനയുടെ നൂറ്റി എഴുപതാം പേജ് മുതൽ മൂന്നൂറാം പേജ് വരെ മാത്രമുള്ള വായന ഒരിടത്തും അംഗീകരിക്കുന്നില്ല .കാരണം, അത് അപൂർണ്ണവും അനീതിയുമാണ്. ടോൾസ്റ്റോയിയുടെ നോവലാണ് വായിക്കേണ്ടത്; ഏതാനും പുറങ്ങളല്ല. വായിക്കുമ്പോൾ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ നമുക്കുള്ളു. 

അഖണ്ഡ ഭൗതികവസ്തു

വായനക്കാരൻ്റെ പ്രവൃത്തി നേരത്തെ തന്നെ വിഭാവന ചെയ്യപ്പെട്ടതാണ്. കൃതിയുടെ തുടക്കം മുതലാണ് വായിക്കേണ്ടത്. എങ്കിലേ അത് വായനയാകുന്നുള്ളൂ. സാഹിത്യകൃതി ഒരു അഖണ്ഡ ഭൗതികവസ്തുവാണ്. അത് കുറയ്ക്കാനോ വർദ്ധിപ്പിക്കാനോ അസാധ്യമാണ്‌ .അത് മനസിൽ വേറൊന്നായി അനുഭവപ്പെടുമ്പോൾ പോലും അതിൻ്റെ യാഥാർത്ഥഭാവത്തെ നിരാകരിക്കാനാവില്ല. 

അത് സൃഷ്ടിയുടെ യഥാർത്ഥ്യമായതുകൊണ്ട് ഒരു കാലത്തും മാറ്റാനാവില്ല. അത് എപ്പോൾ എഴുതപ്പെടുന്നുവോ പിന്നീടങ്ങോട്ട് കാലത്തിനോ വായനയ്ക്കോ വായനക്കാരനോ അതിൻ്റെ രൂപത്തെയോ വലിപ്പത്തെയോ വിസ്തൃതിയെയോ സ്വാധീനിക്കാനാവില്ല.എഴുതുന്നതോടുകൂടി അത് ലോകജീവിതത്തിൽ പുതിയ വിസ്തൃതിയുടെ അനുഭവം സൃഷ്ടിക്കുകയാണ്. ലോകത്തിൽ പുതിയൊരു ജൈവമേഖല പിറക്കുകയാണ് .അത് യാഥാർത്ഥ്യമാണ്. അതിന് ഒരിക്കലും ഒരു ഇളക്കവുമില്ല.

തിരുനൽവേലി ,വയനാട് തുടങ്ങിയ സ്ഥലങ്ങൾ പോലെ ആർക്കും മനസിലാക്കാവുന്നതും ക്ളിപ്തമായി കാണാവുന്നതുമല്ല ആധുനിക നോവലുകളിലെ ഭൂപ്രദേശം. അത് നോവലിസ്റ്റിൻ്റെ ഒരു ഡിസൈനാണ്.അത് എഴുന്നൂറ് പേജുള്ള ഒരു പുസ്തകത്തിലാണുള്ളത് എന്നതിനാൽ അതിനു ജീവനില്ലാതാകുന്നില്ല. യാഥാർത്ഥ്യങ്ങൾ വ്യക്തികളോ ഭൂവിഭാഗങ്ങളോ ആയി മാത്രമല്ല ജീവിക്കുന്നത് ;അത് ഒരാളുടെ ഭാവനയിൽ നിന്നുണ്ടാകുന്ന സാഹിത്യമായും ജീവിക്കുന്നു. കഥാപാത്രങ്ങൾ ജീവിക്കുകയാണ് ,നമ്മേ പോലെ . ടോൾസ്റ്റോയിയുടെ നോവൽ നമ്മുടെ മുമ്പിൽ വയ്ക്കുന്നത് ആർക്കും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ്. ഒരു പക്ഷേ, നോവലിസ്റ്റ് ചില സമീപനങ്ങളിലൂടെ തൻ്റെ രചനയിലെ സമസ്യകളെ ബുദ്ധിപരമായി മെരുക്കുന്നുണ്ടാകാം. കഥാപാത്രങ്ങളുടെ ഗതി മാറ്റിമറിച്ചുകൊണ്ടും  ലക്ഷ്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ പൊളിച്ചെഴുതിക്കൊണ്ടും  സൃഷ്ടിക്കുന്ന ഈ പ്രശ്നപരിഹാരങ്ങൾ താൽക്കാലികമായി അവസാനിച്ചു എന്ന് കരുതാം. പക്ഷേ ,അത് വായനക്കാരനിൽ തുടർചലനങ്ങൾ  ഉണ്ടാക്കിക്കൊണ്ടിരിക്കും. വായനക്കാരന് നോവലിലെ  സംഭവങ്ങളിൽ ഒന്നും ചെയ്യാനാകില്ല. അവൻ്റെ മനസ്സിലെ ചോദ്യങ്ങൾക്ക് എപ്പോഴും ഉത്തരങ്ങൾ ലഭിച്ചു കൊള്ളണമെന്നുമില്ല. ഇവിടെ അവൻ നോവലിസ്റ്റുമായി ആശയപരമായി വിയോജിക്കുന്നു .ഈ വിയോജിപ്പ് ഇന്ന് സൈബർ ലോകത്ത് ഒരു കൊടുങ്കാറ്റായി പുതിയ വേഷം ധരിച്ചെത്തുകയാണ്. 

ഗൂഗിളും നോവലും

വിയോജിപ്പും അകൽച്ചയും ഒരു ആചാരമായി കഴിഞ്ഞു. ഗൂഗിളൈസേഷൻ എന്ന പ്രക്രിയയിൽ, സാഹിത്യകൃതികളുടെ ആദിമദ്ധ്യാന്തപരമായ അഖണ്ഡതയാണ് നിരാകരിക്കപ്പെടുന്നത്. ഗൂഗിളിൽ പത്തുപേർ പരതുന്നത് പത്ത് രീതിയിലാണ്. ഒരു മുൻ മാതൃക അവിടെയില്ല .ഒരു സമ്പൂർണ ടെക്സ്റ്റ് എന്ന അർത്ഥത്തിൽ നോവൽ വായിക്കുന്നത് പോലെയുള്ള പാരതന്ത്ര്യം അവിടെയില്ല .ഗൂഗിൾ ഇടങ്ങളിൽ വ്യക്തി അവന്റെ തുടക്കമാണ് കണ്ടുപിടിക്കുന്നത്. അവസാനിപ്പിക്കുന്നതും അവനുവേണ്ടി മാത്രമാണ്. അവൻ്റെ ഇഷ്ടമാണ് നടപ്പാക്കുന്നത്. അവൻ നിരാകരിക്കുന്നതും വിയോജിക്കുന്നതുമെല്ലാം അവിടെ സ്വതന്ത്രമായ തിരച്ചിലുകളായി മാറുന്നു.ഒരു ദിവസത്തെ തിരച്ചിൽ പിന്നീടൊരിക്കലും ആവർത്തിക്കുകയില്ല. ലിങ്കുകളിലൂടെയുള്ള തിരച്ചിൽ ഒട്ടും പ്രവചനാത്മകമല്ല.അപ്രതീക്ഷിത ലിങ്കുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത് പുസ്തകം എന്ന യാഥാർത്ഥ്യത്തിന് വിപരീതമാണ്.

പല ദിവസങ്ങളിലെ പരതലുകളിലൂടെ ഒരു വായനക്കാരൻ തൻ്റെ താൽപര്യങ്ങളുടെയും വായനകളുടെയും വിവിധ റൂട്ടുകളാണ് കണ്ടെത്തുന്നത്. പക്ഷേ, അത് ആവർത്തിക്കുന്ന റൂട്ടല്ല. ഓരോ തിരച്ചിലിനും, ഓരോ റൂട്ടാണ്. 

No comments: