Followers

Wednesday, March 27, 2024

കരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ




 
Chronicle of a death Fortold എന്ന പേരിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ നോവൽ ഓർക്കുമല്ലോ. 'പ്രവചിക്കപ്പെട്ട മരണത്തിൻ്റെ നാൾവഴികൾ' എന്ന് പരിഭാഷപ്പെടുത്താം. വാസവദത്തയുടെ ജീവിതവും മരണവും ഒരു ബുദ്ധകഥയിൽ കണ്ട് പ്രചോദിതനായാണ് കുമാരനാശാൻ 'കരുണ' എഴുതിയത്. എന്നാൽ വെറുതെ ഒരു പുരാവൃത്തം എഴുതുകയായിരുന്നില്ല ആശാൻ്റെ ലക്ഷ്യം.പ്രവചിക്കപ്പെട്ട ആ മരണത്തെ വെറുതെ പിന്തുടരുന്നതിൽ അർത്ഥമില്ല. ആശാൻ്റെ കാവ്യപരമായ പ്രചോദനങ്ങൾ കഥയുടെ വിവരണത്തിൽ അവസാനിക്കുന്നില്ല. അതിനു കുറേക്കൂടി വിപുലവും നാനാതരത്തിലുള്ളതുമായ അർത്ഥങ്ങളുണ്ടാവും. ഒരു വ്യാഖ്യാനവും വിമർശനവുമില്ലാതെ ആശാൻ ഒരു കൃതിയും എഴുതിയിട്ടില്ല. 'ചിന്താവിഷ്ടയായ സീത' ആർഷഭാരതത്തിൻ്റെ  അധികാരവ്യവസ്ഥയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന പാരതന്ത്ര്യത്തെയാണ് ആഖ്യാനം ചെയ്യുന്നത് .അതിലൂടെ ബലിഷ്ടമായ ഭാരതീയ സംസ്കൃതിയിലെ ചില വിപരീതങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ആശാൻ ചെയ്തത് .അർദ്ധനാരീശ്വരം എന്ന സങ്കല്പം രാമായണത്തിൽ ചിതറിവീഴുകയായിരുന്നു. അവിടെ സീത പുറത്താക്കപ്പെടുന്നു .സീതയ്ക്ക് ഭൂമിയുടെ അറകളിൽ അഭയം തേടേണ്ടി വന്നു. നിന്ന നില്പിൽ ഭൂമി പിളർന്നു പോകണമെന്ന് ആഗ്രഹിക്കുന്ന തരത്തിൽ സീതയെ ദുരിതത്തിലാക്കുകയായിരുന്നു. സ്ത്രീയുടെ പവിത്രതയും നിരപരാധിത്വവും തെളിയിക്കാൻ എവിടെയും ഒരു മാർഗ്ഗവുമില്ലെന്ന ഗതികേടാണ് ആശാൻ തുറന്നു കാണിക്കുന്നത്.

വിമർശനാത്മക മനസ് 

'ദുരവസ്ഥ' കേരളീയ മതഭ്രാന്തിന്റെ നേർക്കുള്ള അസ്ത്രമെയ്ത്താണ്. 'ചണ്ഡാലഭിക്ഷുകി' ജാതിയുടെ തമ്പുരാക്കന്മാരെ കളിയാക്കുകയാണ്. ജലത്തിനെന്ത് ജാതി എന്ന് ചോദിച്ചുകൊണ്ട് ആശാൻ ശരീരങ്ങളുടെ നിർവ്യാജമായ സത്യം എഴുതി തെളിയിക്കുന്നു. ഈ വിമർശനാത്മക മനസ് ആശാൻ്റെ കവിതകൾക്ക് ഒരു മുഴക്കം സമ്മാനിക്കുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയും  പുതിയ ക്രമപ്രശ്നം ഉന്നയിക്കുകയുമാണ് ആശാൻ്റെ രീതി. 
സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടി ആശാൻ എഴുതാറില്ല.ഒരു മാറ്റം അനിവാര്യമാണെന്ന ചിന്തയിലൂടെയാണ് ആശാൻ്റെ  കാവ്യാത്മകമായ ചിന്തകൾ സഞ്ചരിക്കുന്നത്. വേറൊരു പുസ്തകത്തിൽ വായിച്ച കഥ കവിതയാക്കി തൃപ്തിയടയുന്ന പ്രകൃതമല്ല ആശാന്റേത്. ആശാന് അതിൽ ചില വിയോജിപ്പുകളുണ്ടാകും. അത് ആവിഷ്കരിക്കാനാണ് ആശാൻ എഴുതുന്നത്.വാസവദത്തയുടെ കഥ വളരെ പ്രശസ്തമായിരുന്നു. അത് പുനരാഖ്യാനം ചെയ്യുക മാത്രമല്ല ആശാൻ്റെ ലക്ഷ്യം. വാസവദത്ത ഒടുവിൽ മരിക്കുകയാണല്ലോ. ആ മരണത്തെ വായനക്കാരുടെ മുന്നിൽ അതേപടി പകർത്തിവയ്ക്കുകയാണെങ്കിൽ അത് പദ്യനിർമ്മാണത്തിൽ കവിഞ്ഞ് ഒന്നുമല്ലെന്ന് ആശാനറിയാം. അതുകൊണ്ട് ആശാൻ 'കരുണ' എന്നു പേരിട്ടു വാസവദത്തയുടെ  ചരിത്രം വിവരിക്കുന്നത് തന്റെ ജീവിതാഭിമുഖ്യം ,തത്ത്വചിന്ത, പ്രതിഷേധം തുടങ്ങിയവ  വ്യക്തമാക്കാനാണ് .പരമ്പരാഗതമായ സന്യാസം, മനുഷ്യത്വം, കരുണ,മരണം എന്നീ സമസ്യകളെപ്പറ്റി ആശാനുള്ള വ്യത്യസ്തമായ ആശയങ്ങൾ ഈ കൃതിയിലൂടെ അനാവൃതമാകുന്നുണ്ട്.

വാസവദത്തയുടെ ജീവിതം വളരെ സ്വാർത്ഥവും സുഖപ്രേരിതവുമായിരുന്നു. അവൾ സമ്പത്തിനെയും പ്രൗഢിയെയും സ്നേഹിച്ചു. അവൾ യഥാർത്ഥത്തിൽ സ്നേഹത്തിന്റെ മഹത്വത്തിൽ വിശ്വസിച്ചിട്ടില്ലായിരുന്നു. അവൾ  സമൂഹത്തിൽ മാന്യന്മാരോട് സൗഹൃദം കൂടി അവരുടെയിടയിൽ ആകർഷകത്വം നിലനിർത്താനാണ് ജീവിച്ചത്. അതിൽ അവൾക്ക് കുറ്റബോധമില്ലായിരുന്നു. എന്നാൽ ഒരു ദിവസം അവൾക്ക് പ്രകൃതിയിലെ മൃദുവായ, സുന്ദരമായ പ്രേമത്തെക്കുറിച്ച് വൈകാരിക ജ്ഞാനമുണ്ടായി .അതിന് നിമിത്തമായത് ഒരു ഉപഗുപ്തനാണ്. ആ ഉപഗുപ്തനെ തൻ്റെ വസതിയിലേക്ക് ക്ഷണിക്കുന്നു. അയാളാകട്ടെ ആ ക്ഷണം നിരസിക്കുന്നു .വാസവദത്തയെക്കുറിച്ച് കേട്ട കഥകൾ അയാളെ അവളിൽ നിന്ന് അകറ്റിയെന്നതാണ് വാസ്തവം . അവളുമായി അടുക്കുന്നത് തന്നിലെ സന്യാസഭാവത്തിന് ക്ഷീണമുണ്ടാക്കുമെന്നതാവാം കാരണം.
"സമയമായില്ല പോലും സമയമായില്ല പോലും 
ക്ഷമയെൻ്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി "
എന്ന് വാസവഭത്ത വിലപിക്കുന്നു. ഉപഗുപ്തനെ അവൾ ശരിക്കും പ്രേമിക്കുകയാണ്. ഈ പ്രേമം ശുദ്ധമാണ്. അതുകൊണ്ടാണ് മറ്റാരോടും തോന്നാത്ത ഒരു വികാരം അവൾക്കുണ്ടായത്.

പ്രണയം മാത്രം 

വെറുമൊരു വേശ്യയായാണ് അയാൾ തന്നെ കാണുന്നതെന്നോർത്ത് അവൾ തകരുന്നു .ഉപഗുപ്തന്റെ കൈയിൽ പണമില്ല എന്ന് ചിന്തിച്ചിട്ടുണ്ടാവാം. എന്നാൽ വാസവദത്തയ്ക്ക് ഉപഗുപ്ത നിലുള്ള താല്പര്യം രതിയല്ല , പ്രണയമാണ്.ശാരീരികമായ ദാഹമല്ല അത്. ഒരു വേശ്യക്ക് ശാരീരികമായ  ദാഹമില്ല .അവൾക്ക് മറ്റുള്ളവരുടെ  ദാഹം ശമിപ്പിക്കണമെന്നു പോലും തോന്നണമെന്നില്ല .അവൾ ഒരു ലൈംഗികവ്യാപാരി മാത്രമാണ്‌ . അതേസമയം ഇവിടെ വാസവദത്ത ഉപഗുപ്തനുമായുള്ള ബന്ധത്തെ ലൈംഗികവ്യാപാരമായി കാണുന്നില്ല. 'പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ' എന്ന് തോഴിയോട് അവൾ ചോദിക്കുന്നത് അതിന് തെളിവാണ്.

"അനുരക്തരഹോ! ധനപതികൾ നിത്യമെൻ കാലിൽ 
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും 
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു -
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ."

ശരീരസൗന്ദര്യമുള്ളവർ എന്തിനാണ് സ്ത്രീകളിൽ നിന്ന് അകലുന്നത് എന്ന നിർവ്യാജമായ ചോദ്യവും അവൾ ഉയർത്തുന്നുണ്ട്. അവൾ ഉപഗുപ്ത നിലുള്ള പ്രതീക്ഷ വിടുന്നില്ല. അവനാൽ അല്പമെങ്കിലും അനുരാഗം അവശേഷിക്കുന്നുണ്ടോ എന്ന് ആരായിരുന്നു .
"അനുനയം ചൊൽമാൻ ചെവി തരുന്നുണ്ടോ? സഖീ ,യവ -
ന്നനുരാഗാങ്കുരം വാക്കിൽ സ്ഫുരിക്കുന്നുണ്ടോ?"

വാസവദത്തയുടെ അടുത്ത് വരുന്നതിൽ ലൈംഗിക വിചാരം വേണ്ട എന്ന് അവൾ തറപ്പിച്ചു പറയുന്നു. ഉപഗുപ്തനിണങ്ങുന്ന സന്ദർശനമാവാം.  ഒരു സന്യാസിക്ക് മനുഷ്യോപകാരപ്രദമായ സമ്പർക്കമാവാം. ലോകക്ഷേമമാണല്ലോ സന്യാസത്തിന്റെ പൊതു തത്ത്വം.അന്യർക്ക് ആയുസ്സും വപുസ്സും  ബലിചെയ്ത ഗുരുവിനെ ആശാൻ 'ഗുരുസ്തവ'ത്തിൽ ' പ്രതിപാദിക്കുന്നുണ്ടല്ലോ. ആ സങ്കല്പത്തിൽ നോക്കുമ്പോൾ സന്യാസിക്ക് ലോകോപകാരപ്രദമായ സ്നേഹവും സംവാദവും ആരോടുമാവാം. വാസവദത്തയോട് എന്താണ് പറയേണ്ടതെന്ന് സന്യാസിക്ക് തീരുമാനിക്കാം .അതിനുള്ള സന്യാസതത്ത്വമാണ് ഉൽകൃഷ്ടമായത്.  ആ സന്യാസദീക്ഷയാണ് സ്നേഹത്തിലും ദയയിലും  ജീവിതങ്ങളെ മുക്കിയെടുക്കുന്നത്. മറ്റുള്ളവരുടെ ക്ഷേമമാർഗത്തിൽ ഒരു നക്ഷത്രമായി സഞ്ചരിക്കാൻ സന്യാസിക്കു കഴിയണം .സന്യാസിക്ക് സ്വന്തം എന്ന നിലയിൽ യാതൊന്നുമില്ലല്ലോ.

'യതിമര്യാദയിൽത്തന്നെയവനോർക്കിൽ ക്ഷണിക്കുമെൻ
സദനത്തിൽ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ "

ഇത്രയും വാസവദത്ത സ്വയം വെളിപ്പെടുത്തുകയാണ്. അവൾ അതുവരെ തുടർന്നുവന്ന പുരുഷ ബന്ധങ്ങളിൽ നിന്നുള്ള വിടുതലാണിത്. അവൾ തന്റെ പരിശുദ്ധമായ ജീവിതത്തെ ചെളിയിൽ നിന്ന് ഉയർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ അപലപിക്കാൻ പാടില്ല. ഏതൊരു മനുഷ്യാത്മാവിനും നന്നാവാൻ ഒരു ഊഴമുണ്ട്. അത് മനുഷ്യത്വത്തിന്റെ ഉദയമാണ് .തെറ്റ് ചെയ്തവർക്കും മാനസാന്തരപ്പെടാം.

ഉപഗുപ്തൻ്റെയുള്ളിൽ അയിത്തം 

അത് മാനുഷികമായി കാണണം. തെറ്റിലൂടെ നടന്നവൻ എന്നും അങ്ങനെയല്ല. അവനിൽ അദമ്യമായ ഒരു വിളി ഉണ്ടായിക്കൂടെന്നില്ല . സാത്വികമായ അഭിലാഷങ്ങൾ മനുഷ്യനിൽ അസ്തമിക്കുന്നില്ല .ചില ഇടവേളകളിൽ അത് മറഞ്ഞു പോകുന്നു .ഭിക്ഷയാചിക്കാൻ വാസവദത്തയുടെ വസതിയിൽ ചെല്ലുന്നതിനെ ഉപഗുപ്തൻ ഇഷ്ടപ്പെട്ടില്ല എന്നാണോ ഇതിനർത്ഥം? എങ്കിൽ അത് നടുക്കമുണ്ടാക്കുന്നതാണ്. സ്വന്തം ഇഷ്ടത്തിനു ജീവിച്ച  വാസവദത്തയുമായി ഉപഗുപ്തനു അയിത്തമുണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം.അവൾ നിഷ്കാമ സൗന്ദര്യാരാധിക മാത്രമായിരിക്കാൻ ഇഷ്ടപ്പെട്ടു.

"അത് ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ-
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!"

ഉപഗുപ്തൻ ഭിക്ഷ യാചിക്കുന്നത് കണ്ടു നിൽക്കാൻ അവൾ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ട് ?സ്നേഹത്തിൽ നിന്നുണ്ടായ ആരാധന നിമിത്തം. സംഗീതത്തിലും പാട്ടിലും തനിക്കുള്ള കഴിവുകൾ ഈ ഉപഗുപ്തനെ കാണിച്ചു കൊടുക്കാൻ അവൾ ആഗ്രഹിക്കുന്നു. അത് ശുദ്ധ പ്രണയത്തിൻ്റെ ലക്ഷണമാണ്. ഒരു വേശ്യ ഇതാഗ്രഹിക്കുകയില്ല. 

"വ്യർത്ഥമായ് തോന്നുന്നു കഷ്ടമവൻ കാണാതെനിക്കുള്ള 
നൃത്തഗീതാദികളിലെ നൈപുണിപോലും "

ഇത് സഹൃദയത്വത്തിൻ്റെ ലക്ഷണമാണ്. കലാകാരി തന്റെ കലാപ്രകടനം താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നയാളിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ എന്തിന് അപഹസിക്കണം? അതിലെ നന്മ കാണുകയാണ് വേണ്ടത്.

വാസവദത്തയെക്കുറിച്ചുള്ള മുൻവിധികളും തന്നെക്കുറിച്ചുള്ള മിഥ്യാധാരണകളും ഉപഗുപ്തനെ ഒരു തടവറയിലാക്കുകയാണ് ചെയ്തത്. അയാൾക്ക് തുറന്ന് ചിന്തിക്കാനായില്ല .അയാൾ പരമ്പരാഗതമായ ധാരണകളുടെ വത്മീകത്തിനകത്തായിരുന്നു. അയാൾ ഒരു പാപകർമ്മം തുടങ്ങിവച്ചു. അതിൻ്റെ പരിസമാപ്തിക്കും കാർമ്മികത്വം വഹിക്കേണ്ടിവന്നു. കളരിപ്പയറ്റിൽ എതിരെ നിൽക്കുന്ന ആളിന്റെ വെട്ടു കൊള്ളാതിരിക്കാൻ പല അടവുകളുണ്ട്. അടവുകൾ മാറിമാറി നോക്കണം. പ്രബുദ്ധനായ ഏത് യോഗിയും തന്റെ നേർക്ക് വരുന്ന മിഥ്യകളെയും അസംബന്ധങ്ങളെയും തിന്മകളെയും നേരിടും .അടവുകൾ പ്രയോഗിക്കണം. പാപം തീണ്ടാതിരിക്കാൻ ഒഴിഞ്ഞു മാറണം. ഉപഗുപ്തൻ മുൻവിധിയോടെയാണെങ്കിലും അതാണ് ചെയ്തത്. കളങ്കിതയായ വാസവദത്ത  'ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ നിർവ്യാജമായ സ്നേഹത്തിൻ്റെ മഹത്വമറിഞ്ഞ് ഉപഗുപ്തനിൽ  അനുരാഗബദ്ധയായി .അത് നിരുപദ്രവകരമായിരുന്നു. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അവസാനിക്കുമായിരുന്നു ആ കൂടിക്കാഴ്ച .പവിത്രബന്ധത്തിന്റെ സുഗന്ധം പേറി തിരിച്ചു പോകാമായിരുന്നു.എന്നാൽ ആ സംയോഗത്തെ ഉപഗുപ്തൻ അവഗണിച്ചു. അത് മനുഷ്യത്വരഹിതമായി പരിണമിച്ചു.

പാപങ്ങൾ തേടി വരും 

പിന്നീട് ഒരു കൊലക്കുറ്റത്തിന് വാസവദത്ത പിടിയിലായി .നന്മകൾ പുലരാത്ത ലോകമാണിതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകണം. ഉപഗുപ്തനു മുന്നിൽ ഹൃദയം അനാവരണം ചെയ്യാൻ ശ്രമിച്ചു ,ഫലമുണ്ടായില്ല. സത്യം കേൾക്കാൻ കഴിവില്ലാത്തവരുടെ പ്രതിനിധിയായി ഉപഗുപ്തൻ കാണപ്പെട്ടു .വാസവദത്ത തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി.കുറ്റകത്യം ചെയ്യാനിടവന്നത് അങ്ങനെയാണ് .അവളെ അധികാരികൾ ശിക്ഷിച്ചു. കൈകാലുകൾ വെട്ടിമാറ്റി ചുടുകാട്ടിലെറിഞ്ഞു. രക്തം വാർന്ന്  മരണത്തിനുവേണ്ടി യാചിക്കുന്ന അവളെ ആരു നോക്കാൻ ?ആ തോഴിയാണ് അവളെ സഹായിക്കുന്നത്. എന്നാൽ ദുർഘടമായ ഒരു സാഹചര്യത്തിൽ എല്ലാ ആശകളുമറ്റു മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന വാസവദത്തയെ കാണാൻ ഉപഗുപ്തൻ വന്നു. ആ സ്ഥലം തന്നെ പാപത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്നു.

"വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്ക്- 
കളിപ്പാനൊരുക്കിയിട്ട കളം കണക്കേ 
നെടിയ ശാഖകൾ വിണ്ണിൽ നിവർന്നുമുട്ടിയിലയും 
വിടപങ്ങളും ചുരുങ്ങി വികൃതമായി ,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം ,മൂത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും ."

ആ അശ്വത്ഥം ആ സന്ദർഭത്തിൻ്റെ കാഠിന്യം അറിയിക്കുന്നുണ്ട്. ഉപഗുപ്തൻ പേറിയ പാപമാണവിടെ വേറൊരു രീതിയിൽ അഭിവ്യഞ്ജിപ്പിക്കുന്നത്.ക്ഷണിക്കാതെ വരാനും അറിയാം ഉപഗുപ്തന്. അവിടെ ഉപഗുപ്തൻ്റെ ആവശ്യമില്ല .സ്നേഹത്തോടെ ക്ഷണിച്ചിട്ടും ,അത് മനസ്സിലാക്കാൻ ശക്തിയില്ലാതിരുന്ന ഉപഗുപ്തൻ, മരണവെപ്രാളത്തിൽ ശരീരപിണ്ഡം മാത്രമായി കിടക്കുന്ന വാസവദത്തയെ കണ്ടു എന്ത് ഉണർത്തിക്കാനാണ് !.

എന്നാൽ ഈ കൂടിക്കാഴ്ച അയാൾ വിചാരിച്ചാൽ പോലും ഒഴിവാക്കാൻ കഴിയില്ല. ചെയ്ത പ്രവൃത്തികൾ എന്തുതന്നെയായാലും അവനവൻ്റെ പാപകർമ്മങ്ങൾ തേടി വരികതന്നെ ചെയ്യും. അത് ഒരു അപ്രതീക്ഷിതമായ പൂട്ടാണ് .അവിടെ എല്ലാ പ്രബുദ്ധവചനങ്ങളും നിലംപൊത്തും .പ്രകൃതി ഒരുക്കുന്ന കെണിയാണിത്. ചെയ്ത പ്രവൃത്തികളുടെ ഫലമാകാമതെന്ന് ചിന്തിക്കുന്നവരുണ്ട്.

സ്നേഹയോഗിയാണവൾ എന്ന് മനസ്സിലാക്കാൻ ഉപഗുപ്തനു ചുടലക്കാട്ടിൽ വരേണ്ടിവന്നു .ഇതാണ് ആശാൻ സ്ഥാപിക്കുന്നത്. ആ ഉപഗുപ്തനു പാപത്തിൽ നിന്ന് വിട്ടൊഴിയാനാവില്ല .പല അടവുകളും പ്രയോഗിച്ചു. പലയിടത്തും ഒഴിഞ്ഞു മാറിയെങ്കിലും, ഇവിടെ ഇതാ അയാൾ കാലിടറി വീഴുന്നു! . അയാൾക്ക്  കുറ്റബോധമുണ്ടായി. തനിക്ക് ഒന്നും ചെയ്യാനില്ലല്ലോ എന്ന വ്യഥ ബാക്കിയാവുന്നു.

"ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ -
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു !
ആ മഹാൻ്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടർന്നു വീണു. "

എന്തിനാണ് അയാൾ കരഞ്ഞത് ?ഉള്ളു പൊള്ളിച്ച കരച്ചിലാണത്.ആ കരച്ചിലിൽ എല്ലാമുണ്ട്. അത് ഒഴിവാക്കാനാവാത്ത പാപകർമ്മത്തിന്റെ മുന്നിൽ മനുഷ്യൻ ചെയ്യുന്ന പ്രായശ്ചിത്തമാണ്.

No comments: