Followers

Monday, August 25, 2025

ജീവിതാസക്തിയുടെ വേദാന്തം /എം.കെ.ഹരികുമാർ

 

അക്ഷരജാലകം 





വ്യവസ്ഥാപിതമായ ഭാഷയിൽ, ശൈലിയിൽ, ഉള്ളടക്കത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് പരിവർത്തനോന്മുഖചിന്തയുള്ളവർ എഴുതുന്നു. അവർ ഭൂതകാലത്തിലെ  രൂപങ്ങളെ അതേപടി പിന്തുടരാത്തത്  ഒരു അനുസരണക്കേടായി കാണേണ്ടതില്ല. ഒരാൾ അയാളോടു സത്യസന്ധത കാണിക്കുകയാണ്. ചിലർക്ക് നിലനിൽക്കുന്ന വ്യവസ്ഥയുടെ പരിധിക്കുള്ളിൽ നിന്ന് ചിന്തിക്കാനാവില്ല. അവരുടെ മനോവിചാരങ്ങൾ മതിലുകൾ ഭേദിച്ച് പായുന്നുണ്ടാവും .അവരുടെ മനസ്സിൻ്റെ വേഗം അപാരമായിരിക്കും. അവർ ഒരു യാഥാസ്ഥിതിക വ്യവസ്ഥയെക്കാൾ പ്രിയപ്പെട്ടതായി കാണുന്നത് മനസ്സിൻ്റെ  സ്വപ്നങ്ങളും സ്വതന്ത്രമായ സഞ്ചാരങ്ങളുമായിരിക്കും. ഒരു രാത്രിയെക്കുറിച്ച് എഴുതുമ്പോൾ എന്തിനാണ് ധാരാളം പേർ പലകാലങ്ങളിൽ ഉപയോഗിച്ച അലങ്കാരങ്ങളും ഭാഷാശൈലികളും കടമെടുക്കുന്നത് ? രാത്രിയെ വൈകാരികമായ പ്രശ്നത്തിന്റെ നൂലാമാലയിൽ നിന്ന് പുറത്ത് കടക്കാനുള്ള ഒരു പ്രത്യാശയായി കാണുന്നവരുണ്ടാകും.

ഓരോ എഴുത്തുകാരനും അല്ലെങ്കിൽ എഴുത്തുകാരിയും അവരുടെ വഴിയിൽ സ്വന്തം ഭാഷയുടെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ വിധിക്കപ്പെട്ടവരാണ്. അവർ സ്വതന്ത്രമായി ജീവിക്കുന്നതിൽ അഭിരമിക്കുന്നു .കഴിഞ്ഞ നൂറ്റാണ്ടിൽ, ഫ്രാൻസിൽ നോവോ റോമൻ(നവനോവൽ) എന്ന സാഹിത്യ നവോത്ഥാനപ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത അലൻ റോബ്ബേ ഗ്രിയേ  ഇങ്ങനെ പറഞ്ഞു:'എഴുത്തുകാരൻ തൻ്റെ ആശയങ്ങളുടെ ആത്യന്തികമായ അർത്ഥത്തിൽ സ്വയം എത്തിച്ചേരേണ്ടതുണ്ട് .സ്വയം തിരഞ്ഞെടുത്ത ദിശയിലാണ് അയാൾ പുരോഗമിക്കേണ്ടത്.'ഇതാണ് സർഗാത്മകത .നാം ചരിത്രത്തിൽ മറ്റാരുടെയെങ്കിലും ഒരു പകർപ്പാവുകയല്ലല്ലോ ശരിയായ എഴുത്തിൻ്റെ ലക്ഷ്യം?വേറിട്ടതാകാനാണ് ഒരു സമരം വേണ്ടിവരുന്നത്. പഴയ ക്രമം മാറ്റി പുതിയ ക്രമം സൃഷ്ടിക്കുന്നത് പരമ്പരാഗത വിപ്ലവങ്ങളുടെ സ്വഭാവമാണ്. എന്നാൽ പുതിയ ക്രമം സൃഷ്ടിക്കുന്നതോടെ അതും യാന്ത്രികമായിത്തീരുന്നു.

വിപ്ളവങ്ങൾക്കു ശേഷം 

റഷ്യൻ വിപ്ലവത്തിൻ്റെ ഫലമായി നല്ലൊരു കമ്മ്യൂണിസ്റ്റ് ഭരണം നിലവിൽ വന്നു .വിഭാഗീയതയും അടിച്ചമർത്തലും വെറുപ്പും അവസാനിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ സ്റ്റാലിൻ ഭരണം തുടങ്ങിയതോടെ, പതിറ്റാണ്ടുകളായി പല രാജ്യങ്ങളും ചൂഷണം ചെയ്ത റഷ്യയെ അതിവേഗം  ഉയർത്തിയെടുക്കാൻ വേണ്ടി കർക്കശമായ ഭരണ സംവിധാനം ഉപയോഗിച്ച് അഭിപ്രായസ്വാതന്ത്യത്തെ അടിച്ചമർത്തി.നാടകകൃത്തുക്കൾക്ക് നാടകമെഴുതി തങ്ങളുടെ പ്രതിഷേധം അറിയിക്കേണ്ടി വന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അമ്പതുകളുടെ ഒടുവിൽ സി.ജെ.തോമസ് 'വിഷവൃക്ഷം' എന്ന നാടകമെഴുതി പ്രതിഷേധിച്ചത് ഓർക്കണം .ഇതിന്റെയർത്ഥം ഇതാണ്: ഒരു വ്യവസ്ഥിതി മാറി മറ്റൊരു വ്യവസ്ഥിതി വരുന്നു. അതിനു വേണ്ടി ധാരാളം പേർ ജീവൻ വെടിയുന്നു .പലരും എഴുതി ഒരു ചരിത്രമുണ്ടാക്കുന്നു. ധാരാളം സാഹിത്യകൃതികളും ലേഖനങ്ങളും എഴുതപ്പെടുന്നു. ഒരു കാലുഷ്യം ഉണ്ടാവുകയാണ്. പുതിയ ആശയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. അന്തരീക്ഷത്തിൽ നാമെല്ലാം അഭിമാനുഷരായി മാറുന്നു. നമുക്ക് നമ്മെക്കുറിച്ച് തന്നെ അത്ഭുതകരമായ വ്യാമോഹങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ് .നാം എന്നെന്നേക്കുമായി എല്ലാം മാറ്റിയെഴുതി ഒരു പുതിയ ലോകക്രമം ഉണ്ടാക്കി എന്നെല്ലാം വിചാരിക്കും .പക്ഷേ പിന്നീട് ഫലത്തിൽ ഇതെല്ലാം തിരിച്ചടിക്കുകയാണ്. ഒരു പുതിയ ഉദ്യോഗസ്ഥവൃന്ദം വരുകയാണ് .അവർ അധികാരത്തെ ഒരിടത്ത് കേന്ദ്രീകരിക്കുന്നു .പൗരന്മാർ പുറത്താവുകയും നിയമങ്ങളും മാറിയ വ്യവസ്ഥയും മാത്രം ഉയർന്നു വരികയും ചെയ്യുന്നു. സംശയത്തിൻ്റെ പേരിൽ പലരെയും ഒഴിപ്പിക്കുകയോ വധിക്കുകയോ ചെയ്യുന്നു. അതാണല്ലോ സോവിയറ്റ് യൂണിയനിൽ കണ്ടത്.

അവിടെയാണ് റൊബ്ബേ ഗ്രിയേയുടെ വാക്യത്തിൻ്റെ ശക്തി കാണേണ്ടത്. 
അദ്ദേഹം പരമ്പരാഗത വിപ്ലവത്തിലുള്ളതു പോലെ ഒരു ജയബിന്ദു കാണുന്നില്ല .ഒരിടത്ത് വിപ്ലവം അവസാനിക്കുന്നുവെന്ന് കരുതുന്നില്ല. ഒരു പുതിയ ആശയം സ്ഥാപിക്കപ്പെടുകയോ തുടരുകയോ അല്ല ;എഴുത്തുകാരൻ അവൻ്റെ സ്വന്തം ആശയപരമായ ഔന്നത്യത്തിലെത്തുകയാണ് .അത് മറ്റൊരാൾക്ക് അനുവർത്തിക്കാനാവണമെന്നില്ല. എഴുത്തുകാരൻ സ്വന്തം ദിശ കണ്ടുപിടിക്കുകയാണ് .അതിൽ നിരന്തരം യാത്ര ചെയ്യുകയാണ്. അത് എവിടെയെത്തുമെന്ന് പറയാനാവില്ല. എവിടെയെങ്കിലും എത്തണമെന്ന്  നിർബന്ധമൊന്നുമില്ല. അയാൾ തൻ്റെ ആശയങ്ങളുടെ ആത്യന്തികമായ പ്രകിയകളെ എവിടേക്കോ കൊണ്ടുപോവുകയാണ്.

മലയാളകഥയിൽ, യു.പി. ജയരാജിന്റെ 'നിങ്ങളുടെ ലോകങ്ങളിൽ ഹാ ജീവിതം','മൃതചേതനയുടെ സ്മൃതിയിൽ','സ്വാർത്ഥനായ ഒരഹങ്കാരിയുടെ ജീവിതത്തിൽ നിന്ന്' എന്നീ കഥകൾ പരമ്പരാഗത കഥപറച്ചിൽ രീതിയിൽ നിന്ന് മാറി മറ്റൊരു വഴിയിലാണ് സഞ്ചരിക്കുന്നത്.  ആത്മനിഷ്ഠവും വ്യക്തിപരവുമായ ആലോചനകൾ എന്ന നിലയിലാണ് 'കഥകൾ പുരോഗമിക്കുന്നത് .മനുഷ്യർക്ക് ശരീരം മാത്രമല്ല മനസ്സുമുണ്ടെന്ന അറിവ് ഈ കഥകൾ കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കുന്നു. ഈ കഥകൾ വായിച്ചിട്ടുള്ളവർക്ക് ലയ ചന്ദ്രലേഖ എഴുതിയ 'ബ്രേക്ക് അപ്പ്'(പച്ചമലയാളം, ഓഗസ്റ്റ് )ഒരു നൂതന തരംഗമായി അനുഭവപ്പെടും.

ജയരാജിൻ്റെ കഥ 

ജയരാജിന്റെ 'നിങ്ങളുടെ ലോകങ്ങളിൽ ഹാ ജീവിതം 'എന്ന കഥ അതിന്റെ ടൈറ്റിൽ പോലെ തന്നെ അവനവനിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നതാണ്. കഥയിൽ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം: ' നിങ്ങളുടെ വീട്ടിൽ ചിന്തകളും വികാരങ്ങളും ഓർമ്മകൾ പോലും മലിനമായി തീർന്നിരിക്കുന്നു. നിങ്ങളുടെ എന്തും വ്യാപാരവൽക്കരിക്കുന്ന സ്വാർത്ഥത നിറഞ്ഞ വാക്കുകളും എല്ലാറ്റിനെയും വിഷമയമാക്കുന്ന കുത്സിതമായ പ്രവർത്തനങ്ങളും നിങ്ങളുടെ സ്ത്രീകളുടെ നിർലജ്ജമായ നോട്ടങ്ങളും ഉരുണ്ടു നിറഞ്ഞ മുലകളും നിങ്ങളുടെ കുട്ടികൾ ഉരുട്ടിക്കളിക്കുന്ന  ബേബി ഫുഡിൻ്റെ ടിന്നുകളും കൊഞ്ചിപ്പാടുന്ന നഴ്സറി റൈമും ഇവയൊക്കെയും മനംപുരട്ടലുണ്ടാക്കുന്നു.'

താൻ ഉൾപ്പെട്ട വ്യവസ്ഥയിൽ ഒരാൾ അനുഭവിക്കുന്ന സ്വാഭാവികമായ ദീനമാണിത്. അയാൾ അത് തിരിച്ചറിയുകയാണ് .തനിക്ക് കുറേക്കൂടി വിശാലമായ ലോകവും അതിൻ്റെ വിമർശനവുമുണ്ട് എന്ന് അയാൾ പ്രഖ്യാപിക്കുകയാണ്. ഈ കഥയിൽ തന്നെ തുടർന്ന് എഴുതുന്നത്  യൗവനത്തോടുള്ള വിമർശനമാണ്: 'നിങ്ങളുടെ യൗവനത്തെപ്പറ്റിയുള്ള വായാടിത്തങ്ങളാണ് എന്നിൽ  ഓക്കാനത്തിനു തുല്യമായത് സൃഷ്ടിക്കുന്നത് എന്ന് ദയവായി ധരിച്ചാലും .എന്തായിരുന്നു നിങ്ങൾക്ക് യൗവനം? ഇരുട്ട് പുതച്ച പാതകളിൽ മുന്നോട്ടു ചുവടുവയ്ക്കാനറച്ചു കൊണ്ട് പതുങ്ങി നിന്നവൻ്റെ ജാള്യതയായിരുന്നുവോ യൗവ്വനം ?നിശ്ശബ്ദത ഒരു മഹാമൗനമായി വളർന്ന് നിങ്ങളുടെ ലോകത്തെ ഗ്രസിച്ചപ്പോൾ ഒന്ന് അലറി വിളിക്കാൻ പോലുമാവാതെ തൊണ്ടയിൽ കുരുങ്ങി നിന്ന ഗദ്ഗദം പോലത്തെ രോഷമായിരുന്നുവോ യൗവ്വനം?'

ലയ ചന്ദ്രലേഖയുടെ കഥയിൽ രണ്ടുപേർ തമ്മിലുള്ള ബന്ധത്തിന്റെ ഒരു എപ്പിസോഡ് മാത്രമാണ് പറയുന്നത് .രണ്ടുപേർ പ്രേമിച്ചു, എന്നാൽ രണ്ടു വ്യക്തികളായിരിക്കുന്നതിന്റെ സ്വകാര്യതയിൽ അവർ പിരിയുകയാണ്. ഇത് നേർരേഖയിൽ പറയുകയല്ല കഥാകാരി .അവർ അതിനെ ശില്പപരമാക്കുന്നു. മനോഹരമായ ഒരു പാത്രത്തിൽ വച്ച പൂക്കൾക്ക് ഭംഗി കൂടും. രണ്ടു പേർ വേർപിരിയുന്നത് ആഴമുള്ള മുറിവായിരിക്കെത്തന്നെ മറക്കാനുള്ളതുമാണ്.ഒരു പൂവിൻ്റെ ഞരമ്പുകൾ പോലെ മനസ്സിലെ ചിന്താധാരകൾ ഒരു കേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്നു. മനുഷ്യർക്കിടയിൽ ഒരു കടലാണുള്ളത്. എന്നാൽ ആ കഥാപാത്രം വലിയൊരു രമ്യതയെക്കുറിച്ചും സൂചിപ്പിക്കുന്നു. ഒരു കാറ്റിനാൽ ,ഒരേയൊരു കാറ്റിനാൽ ഞാനും നീയും നമ്മളും ബന്ധിക്കപ്പെട്ടിരിക്കയല്ലേ. എനിക്ക് നിന്നിൽ നിന്നോ നിനക്ക് എന്നിൽ നിന്നോ ഒരിക്കലും വിടുതൽ ഇല്ല.  എന്തെന്നാൽ എൻ്റെയും നിന്റെയും പ്രാണൻ ഒന്നാകുന്നു .അതൊരൊറ്റ ശ്വാസമാണ്.'

നാം സ്നേഹത്തിൻ്റെ  തത്ത്വത്തിലാണുള്ളത് അകലെയാണെന്നു തോന്നുമെങ്കിലും ഏതോ ചരടു കൊണ്ടു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.നാം കണികകളാണ്. എവിടെനിന്നോ ഉടലെടുത്തവർ. ജീവിതാസക്തി നമ്മെ ഉണർവ്വിലേക്ക് ,വേദാന്തത്തിലേക്ക് ഉയർത്തുകയാണ് .കഥയിലെ  വാക്യങ്ങൾ: 'ഇവിടെ ജീവിച്ചിരിക്കുന്നവരും ജീവിച്ചു കടന്നുപോയവരുമായ എത്രയെത്ര ജീവനുകളുടെ ഉഛ്വനിശ്വാസങ്ങളുടെ മിശ്രണമാണ് ഈ വിധം എന്റെ കൈക്കുമ്പിളിൽ തൊട്ടു കടന്നു പോകുന്നത് ? എൻ്റെ സ്നേഹിതർ... എനിക്കിനിയും അജ്ഞാതരായവർ, എൻ്റെ പിറവിക്കും മുന്നേ മൺമറമറഞ്ഞവർ, ഭൂഖണ്ഡത്തിന്റെ മറ്റേതോ ഒരറ്റത്ത് അന്യോന്യമറിയാതെ പുലരുന്നവർ ,പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ ,ചിതലുകൾ...'

പുതിയ ഫീൽ 

സ്നേഹത്തിൻ്റെ വഴിയിൽ അനേകം ദലമർമ്മരങ്ങളുണ്ട്. ഓരോന്നും ഓരോ ലോകമാണ്. മനുഷ്യമനസ്സിലേക്ക് നിരുപാധികമായി സഞ്ചരിക്കുന്ന ഒരാളുടെ വിഭിന്നമായ വെളിപാടുകളാണ് ഈ കഥയിലുള്ളത്.(കഥ മാഗ്സ്റ്ററിലും വായിക്കാം) .അസാധാരണമായ രചനയാണിത്.മലയാളകഥയുടെ  ഗതാനുഗതികത്വത്തിൽ നിന്നുള്ള മോചനമാണ്. പുതിയ ഫീൽ തരുകയാണ്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും മനസ് കൊടുക്കുക എന്ന് സെൻ ബുദ്ധിസ്റ്റ് ആചാര്യനായ തീച്ച് നാത് ഹാൻ പറഞ്ഞത് ഓർക്കുക. ഓരോ വരിയിലും ജീവിക്കുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നാം ഒരു കാലെടുത്ത് വയ്ക്കുമ്പോൾ അത് മനസ്സ് അറിയുകയാണെങ്കിൽ അപ്പോഴാണ് ജീവിക്കുന്നത്. ചിന്തയും അങ്ങനെ തന്നെ. ഏതാണ് മനസ്സിലെ ചിന്തയെന്ന് തിരിച്ചറിഞ്ഞ് അതിനെ പരിചരിക്കുക .അപ്പോൾ ആത്മബോധത്തിന്റെ പുതിയൊരു  ചുവര് ലഭിക്കും.

ഒരു പ്രമേയമുള്ളതുകൊണ്ട് നല്ല കഥയെഴുതാനാവില്ല. അതിനെ എങ്ങനെ സംവിധാനം ചെയ്യണമെന്നു പഠിക്കണം. ഇവിടെ ലയ ചന്ദ്രലേഖ അതിൽ വിജയിച്ചിരിക്കുന്നു.രണ്ടുപേർ തമ്മിലുള്ള താൽക്കാലിക ബന്ധത്തെ മയിലിൻ്റെ നൃത്തം പോലെ മനോഹരമായി സന്നിവേശിപ്പിക്കുകയാണ് കഥാകൃത്ത്. മനസ്സിൻ്റെ ഓരോ പീലിയും ആനന്ദത്തിൽ ഏർപ്പെടുകയാണ്. വിഷാദം ദ്രവിച്ചു പോവുകയാണ്. ജീവിതത്തിൽ മറയ്ക്കപ്പെട്ട ആനന്ദം ഏതു ഘട്ടത്തിലും പുറത്തെടുക്കുകയാണ് പ്രധാനം.ഇവിടെ കലാസൃഷ്ടിയെ വിലയിരുത്താനുതകുന്ന തരത്തിലുള്ള ഒരു വാദം ഉന്നയിക്കുന്നുണ്ട്. ഈ കഥയിൽ സ്ത്രീ കഥാപാത്രം കാണുന്ന പല സ്വപ്നങ്ങളിൽ ഒന്നാണത്. സ്വപ്നങ്ങളിലൂടെ മനസ്സ് ആവിഷ്കരിക്കുകയാണ്.നിബിഡമായ വനത്തിൽ ഒറ്റയ്ക്ക് പൂത്ത് നിൽക്കുന്ന  ഒരു കുഞ്ഞു വയലറ്റ് പൂവിനെ  സ്വപ്നം കണ്ടത് വിശദമാക്കുന്ന ഭാഗത്ത് ആത്മബോധം മാത്രമല്ല കലാനുഭവവുമാണ് തെളിയുന്നത്.ഓരോ മനുഷ്യനും ഓരോ കലാവസ്തുവാണ് .അത് പൂ പോലെയാണ് .അത് വിരിയുന്നത് മറ്റൊരെയെങ്കിലും കാണിക്കാനല്ല.  കഥാകാരി എഴുതുന്നു: 'ആ പൂവിനെ ആരും കാണുന്നില്ല. അതിൻ്റെ  ഭംഗിയെപ്പറ്റി, മനോഹരമായ കടും നിറത്തെപ്പറ്റി, ഇതളുകളുടെ മൃദുത്വത്തെപ്പറ്റി മറ്റാരും അറിഞ്ഞിരിക്കാൻ ഇടയില്ല. ഒരു ചിത്രശലഭവും തേനുണ്ണാനായി അതിൻ്റെ പക്കലേക്ക് ആവേശത്തോടെ ചിറകനക്കുന്നില്ല. ഒരൊറ്റ വണ്ടിനോ തേനീച്ചക്കോപോലും ഇവിടെ ഇത്തരമൊരു പുഷ്പമുണ്ടെന്നു അറിവേയില്ല. ലോകത്താർക്കും ഇങ്ങനെയൊരു മനോഹരമായ പൂവിനെപ്പറ്റിയോ അതിൻ്റെ ഹൃദയഹാരിയായ സുഗന്ധത്തെപ്പറ്റിയോ അറിഞ്ഞുകൂടാ.'

അതിജീവിക്കുന്നിടത്ത് ആനന്ദം 

ഓരോ വ്യക്തിക്കും സ്വന്തം മനോഹാരിതയുണ്ട്. അത് വർണ്ണാഭമാണ്, സുഗന്ധപൂർണമാണ്. അത് ആരെയും ബോധ്യപ്പെടുത്താൻ വേണ്ടിയല്ല നിലനിൽക്കുന്നത്. ഒരു പൂവ് വനത്തിൽ ഒറ്റയ്ക്ക് വിരിയുന്നു. നാം കണ്ടില്ലെങ്കിലും അതിനൊരു കുഴപ്പവുമില്ല. അത് സ്വന്തം പിറവിയിൽ സന്തുഷ്ടയാണ്. ഓരോ ജീവനും അതിജീവിക്കുന്നിടത്താണ് ആനന്ദം; മറ്റൊന്നിനെ തോൽപ്പിക്കുന്നതിലോ നശിപ്പിക്കുന്നതിലോ അല്ല. ഈ ലോകത്തിലെ മാത്സര്യവും കോപവും വിഭാഗീയതയും നമ്മെ തോൽപ്പിക്കാനാണ് ഉണ്ടായിട്ടുള്ളത്. അത് നമ്മെ പിന്നോട്ട് പിടിച്ചു വലിക്കുന്നു .അത് മുന്നോട്ടുവന്ന് പുരസ്കാരം നൽകിയില്ലെങ്കിലും സ്വന്തം കർമ്മവ്യഗ്രതയിൽ മുഴുകുന്നതാണ് പ്രകൃതിബോധം. പ്രേമവും അതുപോലെയാണ് .അത് യാതൊന്നും അപഹരിക്കുന്നില്ല ;അപഹരിക്കരുത്. അത് മന്ദമാരുതനാണ്. തഴുകി കടന്നു പോവുകയാണ് .ഒരു അവകാശവാദവുമില്ല. എല്ലാം ഓർക്കുകയും മറക്കുകയും ചെയ്യുന്ന പോലെ പ്രകൃതി സന്നിഹിതമാവുകയാണ്.

കഥയിലെ രൂപപരമായ പരീക്ഷണം കഥാകൃത്തിൻ്റെ വ്യക്തിപരമായ സാധ്യതയാണ് .സ്വന്തം തോടു പൊട്ടിച്ച് പുറത്തു വരുന്ന ജീവിയെപ്പോലെയാണ് അപ്പോൾ കഥാകത്ത്.

രജതരേഖകൾ

1)ഗണേഷ് പന്നിയത്ത് എഴുതിയ 'വിധി' (കലാപൂർണ്ണ, ആഗസ്റ്റ് ) അർത്ഥവത്തായ, കാലികപ്രസക്തിയുള്ള കഥയാണ്. തൻ്റെ കുഞ്ഞിനെ വിട്ടുകിട്ടാനും അവനെ പാലൂട്ടാനും ഒരു സ്ത്രീ നീതിപാലകർക്കു മുമ്പിൽ, കോടതിയിൽ യാചിക്കുകയാണ് .പക്ഷേ അവർ ചിരിക്കുകയാണ്. കുഞ്ഞിനെ നൽകിയില്ലെന്നു മാത്രമല്ല ,അവളുടെ മുലകൾ അരിഞ്ഞെടുക്കുകയും ചെയ്തു. നീതി തേടി അലയുന്ന, ഹതാശയായ ഒരുവളുടെ വളരെ  യഥാർത്ഥമായ ചിത്രമാണ് അവതരിപ്പിക്കുന്നത് .നീതി ദുർഗ്രഹമാണ് ;ചിലപ്പോൾ അകാരണമായാണ് നീതിപാലകർ ക്രൂരത പ്രവർത്തിക്കുന്നത്. ഒരു കുറ്റവും ചെയ്യാത്തവനെ ആളുമാറി പിടിച്ചു മർദ്ദിച്ചവശനാക്കുന്ന  സംഭവങ്ങളുണ്ടാകുകയാണ്. കഥാകൃത്ത് ,മനുഷ്യന്റെ എക്കാലത്തെയും ആശങ്കയെ മനോഹരമായി അവതരിപ്പിച്ചു.

2)ജീവിതത്തിലെ അദൃശ്യമായ നൃത്തത്തെക്കുറിച്ച് എഴുതിയ രണ്ടു കവിതകൾ ശ്രദ്ധേയമായി. പി.ടി. പ്രമീഷിന്റെ 'ധാരണയില്ലാത്ത വിധം', പൗർണമി വിനോദിന്റെ 'നർത്തകി'(കലാപൂർണ്ണ, ആഗസ്റ്റ്) എന്നീ കവിതകൾ യാദൃശ്ചികമായി ഒരേ വിഷയത്തിൻ്റെ രണ്ട് അടരുകൾ കാണിച്ചതന്നു. ജീവിതാവേശം, ജീവിതവേഗം ,ജീവിതസൗന്ദര്യം, അജ്ഞാതലയം തുടങ്ങിയവയാണ് കവിയുടെ നർത്തകിയായി മാറുന്നത്.
ആ നർത്തകി ചിലപ്പോൾ നമ്മെ ആവേശിക്കുന്നു. വേറൊരവസരത്തിൽ അത് നൃത്തം മതിയാക്കി മടങ്ങുന്നു. പൗർണമി എഴുതുന്നു:

'നിങ്ങളെ തനിച്ചാക്കി 
ഒരുനാൾ പറയാതെ 
സൂര്യനൊപ്പം വെറുതെ 
ഇറങ്ങിപ്പോവുകയും ചെയ്യും'.

പ്രമീഷന്റെ കവിതയിലെ വരികൾ : 'നൃത്തത്തിനിടയിൽ പൊടുന്നനെ
ആ നർത്തകി മരിച്ചുവീഴുമെന്ന്,
താളം പിടിച്ചിരിക്കും കാണികൾ
ഒട്ടുമേ കരുതിയിട്ടുണ്ടാവില്ല. ചിലങ്കയുടെ താളവും പാട്ടും -
താങ്ങിയെടുത്തവരെ കൊണ്ടുപോകുമ്പോഴും അകമ്പടിയാവുന്നു.'

3)ഗ്രന്ഥകാരനും ദാർശനിക  ഉപന്യാസ കാരനും അഭിഭാഷകനുമായ പാവുമ്പ സഹദേവൻ വൃക്ഷങ്ങളെ സ്നേഹിച്ചുകൊണ്ട് കുറിപ്പുകൾ എഴുതാറുണ്ട്. 'വിപ്ലവത്തിന്റെ ഫാൻ്റസി കുറുപ്പുകൾ' എന്ന പേരിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയത് തകർന്നുപോയ വിപ്ലവങ്ങളുടെ പിന്നാമ്പുറം അന്വേഷിക്കുകയാണ്.  വിപ്ലവങ്ങൾ പരാജയപ്പെടാനുള്ളതാണ്. അത് ചാരമായിക്കഴിയുമ്പോൾ യാതൊന്നുമറിയാത്ത വേറൊരു തലമുറ ആ വഴിയേ വരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ: 'യഥാർത്ഥത്തിൽ വിപ്ലവങ്ങൾ മനുഷ്യമനസ്സിൽ വിടരുന്ന കാല്പനിക പുഷ്പങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് വിപ്ലവങ്ങൾ പലപ്പോഴും ഭൂമിയിലെ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കുന്നത്. സ്വപ്നങ്ങളെല്ലാം മിഥ്യകളാണെന്നറിയുമ്പോൾ, വിപ്ലവകാരികൾ ഫാന്റസിയുടെ മറ്റൊരു മിഥ്യാലോകം സൃഷ്ടിച്ചു സ്വർഗ്ഗാരോഹണത്തിന് പാഴ്ശ്രമം നടത്താറുണ്ട്. വിപ്ലവത്തിന്റെ മഹാപ്രസ്ഥാനത്തിൽ പരാജയപ്പെട്ട് ഭൂമിയിലേക്ക് നിലംപതിക്കുന്നവർ അനുഭവിക്കുന്ന ഒക്ടോബർ വിപ്ളവത്തിൻ്റെ മാസ്മരികമായ  സുഗന്ധങ്ങൾ അവരെ വീണ്ടും വിപ്ളവത്തിൻ്റെ വാഗ്ദത്തഭൂമികൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.' 'വാഗ്ദത്ത ഭൂമി' ക്ളീഷേയാണെങ്കിലും പരിവർത്തനത്തിനു വേണ്ടിയുള്ള വിളി അവസാനിക്കുന്നില്ല. 

4)ഗുരു,പതാക, മരണം ദുർബ്ബലം തുടങ്ങിയ നോവലുകളെഴുതിയ കെ.  സുരേന്ദ്രനെക്കുറിച്ച് ഡോ.എം.എ. കരീം എഴുതിയ പുസ്തകമാണ് 'ആഖ്യാനശൈലിയുടെ ഹൃദയതാളം'(പ്രഭാത്) .സുരേന്ദ്രനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഇത് തുടക്കമാകട്ടെ.

5)ശ്രീവരാഹം ബാലകൃഷ്ണന്റെ കഥകളുടെ സമാഹാരം 'കഥകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു (പരിധി).പുസ്തകത്തിനു പേരിടാൻ പോലും വയ്യാതായി എന്നു തോന്നുന്നു. തീരെ അമച്വറായ ഒരാൾക്ക് മാത്രമേ ഇങ്ങനെയൊരു പേരിടാനാവൂ. 

6)സമകാലിക ജീവിതത്തിലെ സംഭവങ്ങൾ അവതരിപ്പിച്ച് അതിൻ്റെ മാനസിക സംഘർഷങ്ങൾ ഒപ്പിയെടുക്കുകയാണ് കെ.ആർ.സുരേന്ദ്രൻ അശാന്തം, താണ്ഡവം(പ്രഭാത്)എന്നീ ചെറിയ നോവലുകളിലൂടെ .കലയെയും ആവിഷ്കാരത്തെയും ഗൗരവത്തോടെ ഉൾക്കൊള്ളുന്നതിലാണ് നോവലിസ്റ്റിൻ്റെ വിജയം .ഈ നോവലിസ്റ്റ് അതിനു വേണ്ടി പരിശ്രമിക്കുന്നുണ്ട്. 

7)പ്രമുഖ നോവലിസ്റ്റ് പാവ്ലോ കൊയ്‌ലോ 'ദ് ആർച്ചർ' എന്ന നോവലിൽ സമയത്തെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു  വിശദമാക്കുന്നുണ്ട് :'നിങ്ങളുടെ വിരസമായ നിമിഷങ്ങളെ , എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നതെന്നു  കണ്ടെത്താൻ ഉപയോഗിക്കുക. നല്ല ഉണർവ്വുള്ള നിമിഷങ്ങളെ മനസിൻ്റെ ആന്തരികമായ ശാന്തിയെ അറിയാൻ ഉപയോഗിക്കുക.' 

8)അമേരിക്കൻ നോവലിസ്റ്റ് ചക്ക് പൊളനക്ക് പറഞ്ഞു :നിങ്ങൾ പ്രേമിക്കുന്നയാളും നിങ്ങളെ പ്രേമിക്കുന്നയാളും ഒരിക്കലും ഒരു വ്യക്തിയായിരിക്കില്ല.


No comments: