Followers

Wednesday, January 2, 2008

വ്യക്തിയുടെ തിരോധനം എഴുത്തില്‍ jan 2


വ്യക്തിയുടെ തിരോധനം എഴുത്തില്‍


എഴുത്തില്‍ ഒരാളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക്‌ സാംഗത്യം കുറഞ്ഞുവരികയാണിപ്പോള്‍.വ്യക്തിനിഷ്ടമായ അനുഭവങ്ങളോട്‌ സംവദിക്കാന്‍ പറ്റാത്ത സമുഹമാണുളളത്‌.ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ തന്നെ മറ്റൊരാള്‍ക്ക്‌ താത്‌പര്യമില്ലാതാവുന്നു.ഒരു ഡോക്ടര്‍ക്ക്‌ അറിയേണ്ടത്‌ രോഗിയുടെ രോഗവിവരം മാത്രം.സ്വകാര്യവിവരങ്ങള്‍ വേണ്ട.അതുപോലെയാണ്‌ പുറം ലോകവും.ഏതോ വലിയ പ്രതീക്ഷകളെ സാക്ഷാത്‌കരിക്കാനായി ഓടുന്നു എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട്‌ നിലവിലിരിക്കുന്ന സമൂഹം വ്യക്തിപരമായ ലോകങ്ങളെകുറിച്ചുള്ള എഴുത്തിനെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.



മറ്റൊന്ന്,വ്യക്തിഗതമായ ലോകമുള്ള എഴുത്തുകാരും കലാകാരന്മാരുമില്ലാതായി.സര്‍വകലാശാലകള്‍ പഠിപ്പിച്ചത്‌ ഏറ്റുചൊല്ലുന്നവരും സ്വന്തം ബാല്യത്തിന്റെയോ കൗമാരത്തിന്‍റ്റെയോ ഓര്‍മയുടെ ചതുപ്പു നിലങ്ങളില്‍ വീണുകിടക്കുന്നവരുമാണുള്ളത്‌.ഇവര്‍ക്ക്‌ സ്വകാര്യമായ അനുഭവശേഖരം എന്നൊന്നില്ല.ഇവര്‍ക്ക്‌ സാധാരണ ജീവിതത്തില്‍ എല്ലാവരും കാണുന്ന കാര്യങ്ങളോട്‌ പ്രതികരിക്കാനേ കഴിയുന്നുള്ളൂ.ഉള്ളിലേക്ക്‌ നോക്കുന്നവരും അവരെ മനസ്സിലാക്കുന്നവരും ഇല്ലാതായി. അതുകൊണ്ടാണ്‌ മലയാളത്തില്‍ ഒരു സംവിധായകനും സ്വന്തം ആഭ്യന്തരലോകത്തിന്റെ ഇതിവൃത്തം,ലൂയി ബുനുവലിനെപ്പോലെ സിനിമയാക്കാത്തത്‌.


നോവലിലും ഇതു സംഭവിക്കുന്നില്ല..നോവലിസ്റ്റ്‌ എന്ന വ്യക്തിയെ ഒരു കൃതിയിലും കാണാനില്ല.നോവലിസ്റ്റ്‌ വെറും റിപ്പോര്‍ട്ടര്‍ മാത്രമായിമാറുന്നു.റിപ്പോര്‍ട്ടിംഗിന്‌ ആസ്പദമായ വസ്തുതകളാണ്‌ അയാളുടെ ആകെയുളള മൂലധനം.ആ വസ്തുതകളോട്‌ വ്യക്തി എന്ന നിലയില്‍ പ്രതികരിക്കാനും അയാള്‍ക്ക്‌ കഴിയുന്നില്ല.ഏറ്റവും ഭയാനകമായി തോന്നുന്നത്‌,കവിയുടെ മരണമാണ്‌.


ഒരു കവിക്കും റിപ്പോര്‍ട്ടറുടെ ജോലിക്കപ്പുറം പോകാനാവുന്നില്ല.കെ.വി.ബേബിയുടെ'തിരസ്കാരം'എന്ന കവിത (മലയാളം വാരിക ,ഡിസംബര്‍ 14) നോക്കൂ.പലരുടെയും കാലടികള്‍ നോക്കി നടന്നയാള്‍ ഒടുവില്‍ കാലടിയില്‍ എത്തുന്നുവെന്ന്.ഇതിനേക്കാള്‍ വലിയ ആത്മീയനിരാകരണം എവിടെയാണുള്ളത്‌?ഈ കവിതയുടെ ഒടുവില്‍,കവി മറ്റൊരു തട്ടിപ്പുകൂടി നടത്തുന്നു.കാലടികള്‍ നോക്കിനടക്കുന്ന ശീലം ഉപേക്ഷിച്ചുവെന്ന്.ഉള്ളിലേക്ക്‌ നോക്കാനുള്ള വസനയുള്ളവനു മത്രമേ ഇത്‌ ഉപകരിക്കൂ.കാണുംവരെ പേരില്‍ വി.എം.ഗിരിജ(മതൃഭൂമി ആഴ്‌ചപ്പതിപ്പ്‌,ഡിസംബര്‍ 16)എഴുതിയ കവിതയിലും കവി എന്ന വ്യക്തിയില്ല.സമകാലസംഭവങ്ങളെ പ്രഭാതഭക്ഷണവേളയിലെന്ന പോലെ പറഞ്ഞവസാനിപ്പിക്കുകയാണ്‌ കവി.ഇതെല്ലാം സൂചിപ്പിക്കുന്നത്‌ വ്യക്തിയുടെ ഭീതിദമായ മരണമാണ്‌.സാഹിത്യത്തിന്‍റ്റെ ഉള്ളടക്കം ഈ മൃതിയാണ്‌.സൂക്ഷിച്ചു നോക്കിയാല്‍ സാര്‍വത്രികമായി വ്യക്തിയുടെ ഈ മരണം ഈ കാലഘട്ടത്തിലെ കൃതികളില്‍ പൊതുവേ കാണാം.


watch new blog bluemangohttp://bluewhale-bluemangobooksblogspotcom.blogspot.com/