സൂര്യോദയം ഒരു മലയാള ഭാവനയാണ്.
എന്നും രാവിലെ സൂര്യൻ
മലയാളത്തിലാണ് സംസാരിക്കുന്നത്.
ഞാൻ എന്നും കുടിച്ച വെള്ളത്തിനു
ഒരു ഭാഷയേ അറിയൂ:
അത് മലയാളമാണ്.
എന്റെ വെള്ളം നാവിലൂടെ തൊണ്ടയിലേക്ക്
അലിയിപ്പിച്ച രുചി
മലയാളമാണ്.
എല്ലാ ജലാശയങ്ങളിലും
എന്റെ ഭാഷയുടെ ഛന്ദസ്സ്.
എല്ലാ ഛന്ദസ്സുകളിലും
എന്റെ ഭാഷയുടെ കവിത.
എല്ലാ നവജാത ശിശുക്കളുടെയും
കരച്ചിൽ
മലയാളഭാഷയിലെ
ഒരു പ്രാചീന സ്തോത്രമാണ്.
എല്ലാ കുട്ടികളുടെയും കളിപ്പാട്ടങ്ങൾക്ക് മലയാളമറിയാം.
കുട്ടിയായിരുന്നപ്പോൾ
തൊട്ടിൽ കാതിലോതി തന്ന
മലയാളം പാട്ട്
വീണ്ടെടുക്കാനായി
ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
മന:സാക്ഷിയാണ് എന്റെ ഭാഷ.
രാത്രിസ്വപ്നമാണത്.
ഏകാന്തയാത്രകളിലെ പ്രതീക്ഷയാണത്.
പാലമരത്തിൽ അത് യക്ഷിയാണ്,
ആകാശത്തിൽ അനന്തനീലിമയും.
ചെമ്പരത്തിയിൽ ചുവപ്പായും
പാരിജാതത്തിൽ ഗന്ധമായും
അതെന്നെ ആശ്ലേഷിക്കുന്നു.