Followers

Monday, December 31, 2007

ജലം എന്തിനൊഴുകുന്നു?dec 31

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.
അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.

ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്.
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്‍റ്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്‍റ്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്‍റ്റെ
ജീവനെന്ത്‌ കാര്യം?

Sunday, December 30, 2007

ഏതോ സുഗന്ധംdec30

ഏതോ സുഗന്ധം

എവിടെ നിന്നാണെന്ന്
അറിയില്ല ആ സുഗന്ധം
എന്നെ വന്ന് ചുറ്റി
എന്തോ പറഞ്ഞ്‌ പോയി.
അത്‌ കാറ്റോ മേഘമോ,
എന്തോ വ്യക്തമായില്ല
കാറ്റില്‍ വന്ന് പതിയിരുന്ന്
കൊല്ലുന്ന വിമൂകമായ
പ്രത്യക്ഷങ്ങളെ ഞാന്‍ അന്വേഷിച്ചില്ല.
ചിലപ്പോള്‍ മനസ്സ്‌ എന്ന പോലെ
നാവും ഒരു നായയെപ്പോലെ
അകത്തേക്ക്‌ വലിഞ്ഞ്‌
ചുരുണ്ടു കൂടി കിടന്നുറങ്ങും.
നായയ്‌ക്കും ഈ ഡിസംബറിന്‍റ്റെ
മഞ്ഞ്‌ കൊള്ളാന്‍ പാങ്ങുണ്ട്‌.
വിളറി പാഞ്ഞുപോയ
കാറ്റിലും ഒരു സൂചനയുണ്ടായിരുന്നു.
അരുതാത്ത ചിന്തകള്‍ക്ക്‌
മയക്ക്‌ മരുന്ന് കൊടുത്ത്‌ പുതിയ
ഒരു ലോകത്തെ
വെറുതെയാണെങ്കിലും കണ്ടെത്തുക.

പഴയകാലത്തിന്റെ ദ്രവിച്ച
പുകക്കുഴകുകള്‍ എത്രയോ വട്ടം
പുകയൂതി ക്ഷീണിതമാണ്‌..
ഇനി പുകയ്‌ക്ക്‌ പോലും
അതിലെ പായുമ്പോള്‍പേടി വരും.
പുക വല്ലാതെ കാല്‍പനികമാണ്‌.
ഒരു കുഞ്ഞ്‌ ചിത്രം വരയ്ക്കാന്‍
ഉത്സാഹിക്കുന്നതുപോലെ
കലമ്പിക്കൊണ്ട്‌
പുക പുറത്തു വന്നത്‌
ഏറെ കുസൃതി നിറഞ്ഞ
ഒരു ഓര്‍മ്മയായി ഇപ്പോഴും നില്‍ക്കുന്നു.

watch my new blog bluemango
http://bluewhale-bluemangobooksblogspotcom.blogspot.com/

Sunday, December 23, 2007

ഈ ഇലകളില്‍ സ്‌നേഹംdec23ഈ ഇലകളില്‍ സ്‌നേഹം


ഈ ഇലകള്‍ കൊണ്ട്‌
എനിക്ക്‌ കഞ്ഞികോരി
കുടിക്കാന്‍
അമ്മ കുമ്പിളുണ്ടാക്കി
തന്നിട്ടുണ്ട്‌.
അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന്
ഇപ്പോഴറിയുന്നു.
അന്ന് കഞ്ഞി കുടിക്കാത്ത
എന്നെ അതിലേക്ക്‌
ആകര്‍ഷിക്കാനായിരുന്നു
അമ്മ് കുമ്പിളുണ്ടാക്കിയത്‌.
ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്
കഞ്ഞി കുടിക്കു എന്ന് ആരും
പറയുന്നില്ല.
ആ കഞ്ഞിയില്‍ വെള്ളത്തിനും
വറ്റിനും പുറമേ
മറ്റൊന്നുകൂട്ടിയുണ്ടായിരുന്നു.
അമ്മയുടെ മനസ്സ്‌.
അത്‌ കിട്ടണമെങ്കില്‍
കൂത്താട്ടുകളത്ത്‌ തന്നെ പോകണം
ആശാന്‍റ്റെ കളരിയില്‍
പേടിച്ചിരിക്കുന്ന എനിക്ക്‌
വാട്ടിയ വാഴയിലയില്‍
അമ്മ കൊണ്ടുവന്ന്
തരാറുണ്ടായിരുന്ന
പൊതിച്ചോറിന്‍റ്റെ ഗന്ധം,
ഭീതിയും സ്‌നേഹവും നിറച്ച്‌
ഇപ്പോഴും എന്നെ ചലിപ്പിക്കുന്നു.
ആ ഗന്ധം ഇപ്പോള്‍
അപൂര്‍വ്വമാണ്‌.
ജീവിതത്തിന്റെ വരണ്ട ,
സ്നേഹരഹിതമായ
യാത്ര മടുക്കുമ്പോള്‍,
ഞാന്‍ ഒരു വാഴയില
കീറിയെടുത്ത്‌ വാട്ടി ചോറ്‌
വിളമ്പി അമ്മയുടെ
ആ പഴയ ഗന്ധം കിട്ടുമോയെന്ന്
നോക്കാറുണ്ട്‌.
വാഴയിലപോലും
എന്നെ മറന്നുവോ?
വാഴയിലയ്‌ക്ക്‌
എന്നെ മനസ്സിലാവുന്നില്ലെനുണ്ടോ?

മിത്രമേ,
ഇതു തൊണ്ണൂറ്റിയൊന്‍പതാമത്‌ പോസ്‌റ്റാണ്‌.
നൂറാം പോസ്‌റ്റ്‌ വിശേഷാല്‍ പതിപ്പാണ്‌.
ശ്രദ്ധിക്കുമല്ലോ.

Saturday, December 22, 2007

മേഘങ്ങളുടെ സൂചനകള്‍ dec 22മേഘങ്ങളുടെ സൂചനകള്‍

ഇന്നലെ കണ്ട
മേഘത്തെക്കുറിച്ച്‌
എഴുതിയ കവിത
ഇന്ന് അപ്രസക്തമായി.
ആ കവിതയില്‍ മേഘങ്ങള്‍
ഒരു നഗരമായി വരുന്നത്‌
എങ്ങനെയെന്നാണ്‌ എഴുതിയത്‌.
ഇന്നത്‌ തിരുത്തുകയാണ്‌.

ഞാന്‍ പറയാന്‍ ആശിച്ച
ഏതോ നിറങ്ങളെ
അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു
കഴിഞ്ഞിരുന്നു.
എന്റെ ആഗ്രഹങ്ങള്‍
മനസ്സിലാക്കിയ മേഘക്കൂട്ടം
വിരമിക്കുന്നതിനു മുമ്പ്‌
ആകാശത്തിന്റെ കോണില്‍
ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ
വേദനയോടെ
പ്രസവിച്ചിടുകതന്നെ ചെയ്തു.
ആ പ്രസവം എന്‍റ്റെ
നാഗരിക സ്വപ്നങ്ങളെ
പുനുരുജ്ജീവിപ്പിച്ചു.
ജീവിക്കാന്‍ തോന്നുക
എന്ന ഏറ്റവും മഹത്തായ
അഭിലാഷത്തിനായി എത്രയോ മനുഷ്യരുടെ
മുഖങ്ങളിലേക്ക്‌
ഞാന്‍ നോക്കിയിട്ടുണ്ട്‌!.
ഒരിക്കലും കാണാതിരുന്ന
ആ അഭിലാഷത്തെ
ഞാന്‍ അറിയാതെ
പൂര്‍ത്തീകരിച്ചത്‌
ഇന്നലെത്തെ മേഘങ്ങളായിരുന്നു.
ഇന്നലെ ആകാശാന്തര
സ്‌ഥലികളില്‍ മേഘങ്ങള്‍
അനുഭവിച്ച വേദന ഞാന്‍
എഴുതാതെ പോയി.
എന്തിന്‌ എഴുതണം?
എന്തെഴുതിയാലും അതൊന്നും
ആ വേദനയുടെ അംശം
പോലുമാകില്ല.
മേഘങ്ങള്‍ നിശ്ശബ്‌ദമായി
പറഞ്ഞത്‌ ഞാന്‍ ഇപ്പോള്‍
പറയുന്നില്ല.
കാരണം അവയുടെ
വേദനകള്‍ ഇപ്പോഴും എന്നിലുണ്ട്‌.മുഖചിത്രം: കടപ്പാട്‌- വി എം രാജേഷ്‌

Friday, December 21, 2007

രതിഗന്ധംdec 21


രതിഗന്ധം

ഈ ഡിസംബര്‍
മഞ്ഞിനൊപ്പം ഒരു കാറ്റ്‌
മണ്ണിരയെപ്പോലെ
എത്തുന്നു.
കാറ്റ്‌ പ്രണയമാണ്‌.
എന്തിനും ധൃതിവച്ച്‌
എങ്ങും പോകാനില്ലാതെ
വരുന്ന ആ മണ്ണിരയെ
ഞാന്‍ ആത്മാവിന്‍റ്റെ
അസംസംസ്‌കൃതവസ്‌തുക്കളുടെ
ശേഖരത്തിലൊളിപ്പിച്ചു.
മുയല്‍കുട്ടികള്‍ പുല്ലു തിന്നുന്ന
ചിത്രം എന്‍റ്റെ
മനസ്സിലേക്കിട്ടത്‌
ഈ കാറ്റാണ്‌.
അദൃശ്യതയുടെ ശുദ്ധമദ്ദളവുമായെത്തിയ
ആ കാറ്റ്‌ നിമിഷംതോറും
ഗന്ധം മാറ്റുകയും
പല തരം ഹിമകണങ്ങളെ
തൂവിയിടുകയും ചെയ്‌തു.

രാത്രിയില്‍ ഞാന്‍
ആ മണ്ണിരക്കൊപ്പം
സവാരി നടത്തി.
മണ്ണിര എന്നെയും കൊണ്ട്‌
ഏതോ ഭൂഗര്‍ഭ അറയില്‍
പുരാതന ഭീമാകാര
ജീവികള്‍ അന്ത്യവിശ്രമംകൊള്ളുന്ന
ഇടനാഴികളിലൊക്കെ പോയി.
ഞാന്‍ കുതിക്കുക
മാത്രം ചെയ്തു.
വേഗം എന്‍റ്റെ ഭാഷയായി
പുനര്‍ജനിച്ചു.
എനിക്ക്‌ തിരിച്ചു വരാനായി
പണിപ്പെടേണ്ടിവന്നു.
ഞാന്‍ പുലര്‍ച്ചെ തിരിച്ചെത്തിയെങ്കിലും,
ആകാശത്തിന്റെ
രോമകൂപങ്ങളില്‍ നിറഞ്ഞു നിന്ന
ജലകണങ്ങളില്‍ രതിഗന്ധം
തളം കെട്ടി നിന്ന്
എന്നെ മത്തു പിടിപ്പിച്ചു.
മുഖചിത്രം: കടപ്പാട്‌-വി എം രാജേഷ്‌

Thursday, December 20, 2007

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍dec20മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍

ഗാനവീഥിയിലെന്നും
എന്നതിനു പകരം
ഗാനമില്ലാത്ത
വീഥിയില്ലാത്ത പാട്ടുകാരനെന്ന്
എഴുതിനോക്കി.
ഗാനത്തിനു വീഥിയോട്‌
ഇനി ചേരാന്‍ താല്‍പര്യമില്ല.
വീഥിയാണെങ്കില്‍ എല്ലറ്റിനെയും
ഉപേക്ഷിച്ച മട്ടാണ്‌.
നിത്യ ഹരിതമെന്ന്
എഴുതിയെങ്കിലും വെട്ടി.
നിത്യതയ്‌ക്ക്‌
ഒരു ഹരിതമില്ലിപ്പോള്‍.
ഹരിതമാകട്ടെ നിത്യതയിലൊന്നും
വിശ്വസിക്കുന്നുമില്ല.
മുലപ്പാലെന്ന് പ്രയോഗിച്ചതും
തിരുത്തേണ്ടിവന്നു.
മുലയില്‍ പാലില്ലത്രേ .
പാലിന്‌ മുലയും വേണ്ട.
ഈശ്വരാരധനയും പാളി.
ഈശരന്‌ ഒരുത്തന്റെയും
ആരാധന വേണ്ട.
എല്ലാം മതിയായി.
ആരാധനയ്‌ക്കാകട്ടെ
ഈശ്വരന്‍ വേണ്ട.
പണമോ പൊങ്ങച്ച്മോ മതി.
വാക്കുകളുടെ ഏകാന്തതയാണ്‌
ഇന്നത്തെ ഏറ്റവും
വലിയ സമസ്യ.
വാക്കുകള്‍ അവയുടെ
സ്വയം പര്യാപ്തത തേടുന്നു.
ഒന്ന് ഒന്നിനോട്‌ ചേരാതെ.

Tuesday, December 18, 2007

പക്ഷികളുടെ ഇഷ്ടംdec 19


പക്ഷികളുടെ ഇഷ്ടം

ഒരുമിച്ച്‌ നടക്കുമ്പോള്‍
നിന്റെ മുഖം മാത്രം
ഞാന്‍ മനസ്സില്‍ കരുതാം.
ചില കവികല്‍ പ്രേമിക്കുമ്പോഴും
കാടു കയറും.
സമാധാനത്തോടെ സ്നേഹത്തെപ്പറ്റി
ചിന്തിക്കാന്‍
കഴിയുന്നില്ലെങ്കില്‍
എന്ത്‌ പ്രയോജനം?
അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌
ഞാന്‍ കാളകൂട വിഷം നിറച്ച
ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും
കൊണ്ടുവരുന്നില്ല.
എല്ലാം വ്യര്‍ത്ഥമാൂന്ന കാലത്തെ
മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌
മറ്റൊരു രാവണാത്മകമായ ലങ്കയെ
ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴും അവശേഷിക്കുന്ന
ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള
വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.
ആരും കേല്‍ക്കാനിടയില്ലാത്ത
ഈ ശബ്ദം
നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌


എത്ര വരള്‍ച്ചയുള്ള
വേനലിലും ഈ ഓര്‍മ്മ നല്ലൊരു
നീര്‍ത്തടാകമാണ്‌..
ഇപ്പോള്‍ എല്ലാ പക്ഷികളും വരുന്നത്‌
ഞാന്‍ കൗതുകത്തോടെയാണ്‌
കാണുന്നത്‌.
മുമ്പ്‌ കാണാത്തതെന്തോ
എല്ലാറ്റിലും ഞാനിപ്പോള്‍ കാണുന്നു.
പ്രാവുകളെയോ
കാക്കകളെയോ
വേര്‍തിരിക്കുന്നില്ല .
അവ ഇഷ്ടം പോലെ പാടട്ടെ.
എല്ലാ കൂജനങ്ങളുടെയും
അര്‍ത്ഥം നിന്റെ മനസ്സിനു
സമാധാനം തരുന്ന എന്തോ ആണെന്ന്
എനിക്ക്‌ മനസ്സിലായി.
എത്ര കാലം
പിരിഞ്ഞിരുന്നാലും
ഈ പക്ഷികള്‍
ആ വിടവ്‌ നികത്തുമായിരിക്കും.
അവ്‌ എന്തറിയുന്നു.
കടുത്ത മനസ്സികമായാ
ഇല്ലായ്മകളില്‍
അവ പാടിയാണൊ
എല്ലാം മറക്കുന്നത്‌.?

Monday, December 17, 2007

ഈ രാത്രിയില്‍18 dec


ഈ രാത്രിയില്‍

ചില പക്ഷികള്‍ പറന്നുവന്നു
നിന്റെ മുഖം മറയ്‌ക്കാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു.
എന്തോ, രാത്രി
ഒരു ഭീകരാനുഭവമായി
എനിക്ക്‌ തോന്നിയില്ല.
ഏറ്റ്വും ആസ്വാദ്യകരമായ
രാത്രിക്ക്‌ നിന്റെ
ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.
ഏത്‌ പകലിനെക്കാളും
സിഗന്ധിയായ നിന്റെ
ഓര്‍മ്മകള്‍ എന്നെയുംകൊണ്ട്‌
എതോ വഴിയിലൂടെ
സഞ്ചരിച്ചു.
തൃപ്തിവരാതെ.
ഉള്ളിലുള്ളത്‌ പറയുമ്പോളേതോ
സമുദ്രം വറ്റി കര വരുന്നതുപോലെ.
രാത്രി നിനക്കു വേണ്ടിയാണ്‌
എന്നിലൂടെ ദാഹിച്ചത്‌.
ഞാന്‍ ആ ദാഹത്തെയത്രയും
എടുത്ത്‌ എന്റെ മനസ്സിലിട്ടു


ഈ രാത്രിയില്‍ നിറയെ
നീയാണ്‌.
ആകാശത്ത്‌
ചാര്‍ത്തിവച്ചിരുന്ന
ചന്ദ്രന്റെ തുണ്ട്‌ നിയാണെന്നു
സങ്കല്‍പ്പിച്ച്‌ ഒരു പരമ്പരാഗത
കവിയാകന്‍ ഞാന്‍ ശ്രമിച്ചു.
യാത്രയ്‌ക്ക്‌ ഒരു സ്പന്ദനം
ഉണ്ടായിരുന്നു.
നീപറഞ്ഞ വാക്കുകളിലും,
നീ അയച്ചുതന്ന നോട്ടങ്ങളിലും
ഞാന്‍ കണ്ട
ആ ചാരനിറം മേഘങ്ങള്‍ക്ക്‌
കളിക്കാന്‍ കൊടുത്തു.
നിന്റെ മുഖം മനസ്സില്‍
ഉയരുമ്പോഴൊക്കെ
രാത്രി എങ്ങോ
തൂര്‍ന്നു വീണു.
കുപ്പിച്ചില്ലുകള്‍ പൊലെ ചിതറിയ
ഇരുട്ടിന്‍ തുണ്ടുകളെനോക്കാതെ
ഞാന്‍ മനസ്സിന്റെ ആകാശത്ത്‌
വരച്ചുവച്ച നിന്റെ
മുഖം പലവട്ടം നോക്കിമുഖചിത്ര: വിനോദ്‌ പഴയന്നൂര്‍

എന്റെ പക്ഷിയും അവളുംdec17


എന്റെ പക്ഷിയും അവളും

അതിവേഗത്തില്‍ പറക്കുന്ന
ഒരു പക്ഷി എനിക്കുണ്ട്‌.
ഞാന്‍ നോക്കും മുമ്പേ
അതു പറന്ന് ചെന്ന് മടങ്ങും.
പക്ഷിക്കൊപ്പം പറക്കാന്‍
ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം
പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു.
ആ പക്ഷിയുടെ കണ്ണുകള്‍
എന്നേക്കാള്‍ വേഗത്തില്‍
എന്തും കൊത്തിയെടുക്കും.

അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌
കൊത്തിവലിച്ചു.
ഞാന്‍ കാണുന്നതിനുമുമ്പ്‌
അതു കണ്ടു വന്നു.
പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍
ഇനിയും തീര്‍ന്നിട്ടില്ല.
ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല.
ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍
ധ്യാന നിരതമായ ആത്മാക്കളുടെ
ഗരമാണ്‌ ആ മുഖം.
കണ്ടിട്ടും കണ്ടിട്ടും തീരാത്ത
എന്തോ ഒന്ന് .
എന്റെ പക്ഷി ആ മുഖത്തിനും
ശരീരത്തിനും ചുറ്റും
എത്രയോ വട്ടം വലം വച്ചുവെന്നോ !
ഓരോ തവണ പോരുമ്പോഴും
അവളുടെ ചാരനിറവുംക്ഷേത്രഗോപുരങ്ങളും
ശില്‍പരൂപങ്ങളും
കൂടെ കൊണ്ടുവരും.
ഞാനിതെല്ലാം എവിടെ വയ്‌ക്കും?

Friday, December 14, 2007

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.
പൂക്കളെ എനിക്കു ഇഷ്ടമല്ല,
കാരണം അത്‌ എനിക്കെല്ലാ
അന്വേഷണവും പെട്ടെന്ന്
അവസാനിപ്പിച്ചുതരുന്നു.
പൂവായി മാറുന്നത്‌ കാണാന്‍
രാത്രിയില്‍ മുറ്റത്തോ
കുളക്കടവിലോ പോകാം.
പൂ വിരിഞ്ഞു കഴിഞ്ഞാല്‍
ഞാന്‍ നിരാശനാകും.
കൊഴിഞ്ഞ പൂക്കളെക്കുറിച്ചുള്ള
ചിന്ത ആവശ്യമില്ലാതെ കടന്നു വരും.
പൂക്കള്‍ക്ക്‌ കൊഴിയാനും പാടില്ലേ ?

പൂക്കള്‍ എന്നെ ത്രസിപ്പിക്കുന്നില്ല.
എല്ലം അതുപെട്ടെന്ന്
മടക്കികെട്ടി ഒരു കൂരക്ക്‌ കീഴില്‍
നമ്മെ തളച്ചിടുന്നതായി തോന്നും.
പൂക്കളാകട്ടെ മറ്റൊരു ഭാഷയാണ്‌.
കവികളും കലാകാരന്മാരും ചേര്‍ന്ന്
പൂക്കളുടെ സകല ഭാഷയും
ഡിസൈന്‍ ചെയ്തുകഴിഞ്ഞു.
ഇനിയെന്താണ്‌ ബാക്കിയുള്ളത്‌.?

എനിക്ക്‌ ഇലകളോടാണ്‌
താല്‍പര്യം.
ഇലകള്‍
ചില രഹസ്യങ്ങളുടെ
സൂചനകള്‍ നല്‍കി
എപ്പോഴും പ്രലോഭിപ്പിക്കുന്നു.
ഇലകള്‍ അന്തിമമായി
ഒരു തീര്‍പ്പ്‌ ആര്‍ക്കും
കൊടുത്തിട്ടില്ല.
ചിലപ്പോള്‍ നാണം
മറയ്‌ക്കാനും ഇലകളേ കാണൂ.
മുഖചിത്രം: വിനോദ്‌ പഴയന്നൂര്‍

Thursday, December 13, 2007

ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14ഈ പുല്ലുകള്‍ക്കും പ്രണയമോ?
മേടുകളില്‍ തിക്കി തിരക്കി
വളര്‍ന്ന പുല്ലുകള്‍
ഏതോ അമാനുഷ ലോകത്തെ
പ്രത്യക്ഷങ്ങളോ?
പ്രണയിക്കുന്നത്‌
അവര്‍ക്ക്‌ കാമനയല്ല;
ജീവിതരീതിയാണ്‌.
ചുംബിക്കുകയും ഇണകലര്‍ന്ന്
ആടുകയും അവരുടെ
സംസ്കാരമല്ല;
പ്രാഥമിക കര്‍മ്മങ്ങളാണ്‌.
അവയ്‌ക്ക്‌ പ്രണയിച്ചുകൊണ്ടേ
വളരനാവൂ.പൊട്ടിപ്പിളര്‍ന്ന്
പോകുമ്പോഴും പ്രണയത്തിന്റെ
ശിഖരങ്ങളിലൊന്ന്
അവയുടെ ഇടത്തേ
കൈയില്‍ ഭദ്രമായിരിക്കും.

Wednesday, December 12, 2007

ഇതു പ്രണയ ഗാനമല്ല.dec13


ഇതു പ്രണയ ഗാനമല്ല.

എനിക്ക്‌ നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി


എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌
പ്രവഹിപ്പിക്കുമായിരുന്നു.

എന്റെ ഫ്രേയിമില്‍ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത്‌ മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.

എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ലഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ്‌ വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായിൂരു സ്വപ്നം
ഒരുക്കുമായിരുന്നു

പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക്‌ വലിച്ചിട്ടേനെ.
എനിക്ക്‌ സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്‌
അവള്‍ക്ക്‌ മിനുസമുള്ള
ഏലസ്സ്‌ പണിത്‌
അരയില്‍ കെട്ടികൊടുക്കുമായിരുന്നുആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്‌
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്‌
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്‌,
മറക്കുന്നതുകൊണ്ട്‌
അവളോട്‌ പ്രേമത്തെക്കുറിച്ച്‌
പറയുന്ന കാര്യവും മറന്നു.

പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട്‌ ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട്‌ തന്നെ കലഹിച്ചു.

Saturday, November 24, 2007

ഇതാ ഗായത്രിയുടെ പെയിന്റിംഗുകള്‍.

Friday, November 23, 2007

കവി കവിത ചൊല്ലണമോ? 24 nov


കവി കവിത ചൊല്ലണമോ?
കവികള്‍ എന്തിനു ചൊല്ലാണം?
എവിടെയാണ്‌ അവരുടെ ഈണത്തിന്റെ വേരുകള്‍?
അവര്‍ കണ്ടെത്തുന്ന ഈണം
വല്ലാതെ കേഴുകയാണ്‌.
ആത്മവിനാശകരമായ ഏതൊന്നിനേയോ
മഹത്വവല്‍ക്കരിക്കുക മാത്രം
ആശാനും വല്ലത്തോളും
കവിത ചൊല്ലിയതു
നമ്മെ ബാധിക്കുന്നില്ലല്ലോ.
കവികള്‍ ഏതു ഈണമാണ്‌
ഉയര്‍ത്താന്‍ ശ്രമിക്കുന്നതു?
അവര്‍ ഭൂതകാലത്തോടുള്ള
നിര്‍ലജ്ജമായ വിധേയത്വത്തെ
ചരിത്രത്തിന്റെ മന്ദഗതിയിലും
ദുഃഖത്തിലും
പാടിപ്പുകഴ്‌ത്താനണ്‌ ശ്രമിക്കുന്നത്‌.
അവരുടെ ഈണം
ഉത്തേജക ഔഷധമല്ല.
പരാജയബോധത്തിന്റെ
പ്രതിബിംബമാണ്‌.
വിട്ടുപിരിയാന്‍ കഴിയാത്ത
ഭൗതിക ബന്ധങ്ങളെ അവര്‍
ദുര്‍ഗന്ധം വമിക്കുന്ന കുപ്പികളില്‍
ഉപ്പിലിട്ടു വയ്‌ക്കുന്നു.
ഓരോ കവിയും തനിക്കു വേണ്ടി
നിര്‍മ്മിക്കുന്ന നടുവാഴിത്ത ഈണത്തിന്റെ
പ്രാക്രുത ചേരുവകള്‍ക്കായി ഭാവിയിലെ
ഏതോകുട്ടം കാതുകൂര്‍പ്പിക്കുമെന്നു
വൃഥ വിശ്വസിക്കുന്നു.ആത്മീയമോ ഭൗതികമോ
ആയ ജീവിതത്തെ സ്‌പര്‍ശിക്കാത്ത്‌
ചൊല്ലലാണിത്‌.
പുതിയ കാലത്തിന്റെ ഈണമല്ലിത്‌.
കവികള്‍ ചൊല്ലി കവിതകള്‍ക്കു
ചുറ്റും മതിലുകള്‍ തീര്‍ക്കുന്നു.
ഒരു കവിയും തന്റെ
കവിതയുടെ ടോണ്‍നിശ്ചയിക്കരുത്‌.
അതിനുള്ള അവകാശം കവിക്കില്ല.
എഴുതാന്‍ മാത്രമേ അധികാരമുള്ളൂ.
അനുവാചകനാണ്‌ കവിതയെ
നിര്‍മ്മിക്കുന്നത്‌.
കവി പറഞ്ഞ വഴിയിലൂടെപോകുന്നത്‌
പാരതന്ത്ര്യമാണ്‌.
വായനയുടെ സ്വാതന്ത്ര്യമാണ്‌ വലുത്‌.
ഇവിടെ കവിയില്ല;കവിതയേയുള്ളൂ.
അതിന്റെ ഈണം
നിശ്ചയിക്കുന്നത്‌വായനക്കാരനാണ്‌.
ഒരു പക്ഷേ , കവിത
ഏറ്റ്വും മോശമായി
ആലപിക്കുന്നതു കവികളായിരിക്കും.
ചിത്രം- കടപ്പാട്‌: സി.എന്‍. കരുണാകരന്‍.

Thursday, November 22, 2007

ഈ സംഘം ചേരല്‍ നല്ലതല്ല.23 nov


ഈ സംഘം ചേരല്‍ നല്ലതല്ല.

കേരളത്തിലെ എഴുത്തുകാര്‍ സംഘംചേരുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? വി. ദീപ, പാല.
ഉത്തരം: നമ്മുടെ എഴുത്തുകാറുടെ സംഘംചേരല്‍ വലിയ വിയപത്തായിരിക്കുകയാണ്‌. രാഷ്‌ട്രീയം, മതം, പ്രദേശം, ഉദ്യോഗം എന്നീ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സംഘംചേരല്‍. ഏറ്റവും മോശപ്പെട്ട രചയിതാക്കള്‍ക്കും സംഘംചേരലിലൂടെ രക്ഷപ്പെടാനാകും. സംഘംചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ സംഘങ്ങളുമായി മാത്രമേ സൗഹൃദം കാണൂ. സംഘങ്ങളല്ലാത്തവരെപ്പറ്റി അരുതാത്തത്‌ പറയുകയാണ്‌ പ്രധാന ജോലി. എഴുത്ത്‌ എങ്ങനെ നന്നാക്കുമെന്ന് മാത്രം ചിന്തിക്കില്ല.
എല്ലാത്തോന്നലും കവിതയാകില്ല; ചിലര്‍ അങ്ങിനെ വിചാരിക്കുന്നുണ്ടെങ്കിലും.
തരംതാണ കവിതയൊ കഥയൊ ഒട്ടും സൃഷ്ടിപരമാകില്ല. കഥയെന്ന പേരില്‍ എന്തെങ്കിലും എഴുതിയാല്‍, അതില്‍ സൃഷ്ടിപരതയുണ്ടാകില്ല. പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകളേക്കാള്‍ എത്രയോ ഉയരത്തിലാണ്‌ കുട്ടികൃഷ്‌ണമാരാരുടെ ലേഖനങ്ങള്‍ നില്‍ക്കുന്നത്‌. ലളിതാംബിക അന്തര്‍ജനത്തിന്റെ നോവലുകളേക്കാള്‍ എത്രയോ സര്‍ഗാത്മകമാണ്‌ എം.പി. ശങ്കുണ്ണിനായരുടെ വിമര്‍ശനരചനകള്‍. ഇതിന്റെ അര്‍ത്ഥം നോവല്‍, കഥ, കവിത എന്നിങ്ങനെ കേവല സാഹിത്യരൂപങ്ങള്‍ ഉണ്ടായതുകൊണ്ട്‌ സര്‍ഗ്ഗാത്മകമാകണമെന്നില്ലെന്നാണ്‌.പാടാനായാലും വരയ്‌ക്കാനായാലും വേണ്ടത്‌ ജീവിതജ്ഞാനമാണ്‌. പരിശീലനം കിട്ടിയാല്‍ ജീവിതജ്ഞാനമുണ്ടകുകയില്ല. അതിനു വേറെ വഴിതേടണം.ജീവിതജ്ഞാനമില്ലാത്തവരുടെ ഗദ്യമോ, വാക്യങ്ങളോ വരയോ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാം. പാട്ടുകേട്ടാലും മനസ്സിലാകും. ഇതു മനസ്സിലാക്കാതെയാണ്‌, പലരും തങ്ങളുടെ രചനകള്‍ മഹത്താണെന്ന് തെറ്റിദ്ധരിച്ച്‌ പോരിനിറങ്ങുന്നത്‌.

Wednesday, November 21, 2007

പ്രണയിക്കുന്നതിനുമുമ്പ്‌22 nov


പ്രണയിക്കുന്നതിനുമുമ്പ്‌

രഘുവരന്‍ എന്റെ സീനിയറായി കോളേജില്‍ പഠിച്ചിരുന്നു. അന്നേ എഴുതുമായിരുന്നു. മലയാളം ലിപികള്‍ രഘുവരന്‍ കടലാസില്‍ എഴുതിയപ്പോഴാണ്‌ അതിന്റെ സൗന്ദര്യം കാണിച്ചുതന്നത്‌. ലിപിയോട്‌ വല്ലാത്ത ഒരാകര്‍ഷണം തോന്നിയതും അപ്പോഴായിരിന്നു.രഘുവരന്‌ കവിതചൊല്ലാന്‍ താത്‌പര്യമില്ലായിരുന്നു. ഇന്ന് ചില കവികള്‍ ചാനലുകളിലും വേദികളിലും വന്ന് എത്രയോ വിരസമായി ചൊല്ലുന്നു. സംഗീതമറിയാത്ത കവികള്‍ക്ക്‌ അവരുടെ കവിതകള്‍ക്ക്‌ വികൃതമായി ഈണം നല്‍കാനുള്ള അവകാശമില്ല.ഏറ്റവും മോശപ്പെട്ട പാട്ട്‌ ഈ നാട്ടിലെ കവികളുടേതാണ്‌.

കവികള്‍ക്ക്‌ അവരുടെ രചനകള്‍ ചൊല്ലിക്കേട്ടാല്‍ മതിയല്ലോ. അതിന്‍ ചൊല്ലാനറിയുന്നവരെ ഏല്‍പ്പിക്കുക. കവികള്‍ ദയവായി ചൊല്ലരുത്‌. അതുകൊണ്ട്‌ രഘുവരന്റെ മ നല്ല വരികളായിരുന്നു. അന്ന് രഘുവരന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: വെറുക്കാന്‍വേണ്ടി നാം പ്രേമിക്കുന്നു.

മനോഭാവം ഉചിതമായിരുന്നെന്ന് ഇപ്പോള്‍തോന്നുന്നു. രഘുവരന്‍ പ്രേമത്തെക്കുറിച്ചാണ്‌ എഴുതിയത്‌. പലതുംഎതാനും നാളുകള്‍ക്ക്‌ മുമ്പ്‌ രഘുവരനെ കൊച്ചിയില്‍ വച്ചുകണ്ടു. പഴയ പ്രസന്നഭാവം കണ്ടില്ല. പ്രണയഭാവവും മുഖത്തുനിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. പഴയ പ്രണയകവിതകള്‍ എന്തുചെയ്‌തെന്ന് ചോദിച്ചതും രഘുവരന്‍ അതിന്റെ കാര്യം ചോദിക്കരുതെന്ന മട്ടില്‍ സങ്കടപൂര്‍വ്വം കൈതട്ടിമാറ്റി നടന്നു.പിന്നീട്‌ രഘുവരന്റെയും എന്റെയും കൂടിയായ സ്നേഹിതനെ കണ്ടപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. രഘുവരന്‍ വിവാഹം കഴിച്ചിട്ടില്ല.

അയാള്‍ ഏതോ സ്ത്രീയെ പ്രേമിച്ചിരുന്നു. എന്നാല്‍ അവള്‍ ഭര്‍ത്താവ്‌ നഷ്ടപ്പെട്ടവളായിരുന്നത്രേ. ഭര്‍ത്താവ്‌ ഇല്ലെങ്കിലും രഘുവരന്‌ അനുകൂലമായ ചില സൂചനകള്‍, നവലിബറല്‍ ആംഗ്യങ്ങള്‍ നല്‍കിയിരുന്നു.പിന്നീട്‌ എല്ലാ വാക്കുകളും ലംഘിച്ച്‌ അവള്‍ മറ്റൊരാളോടൊപ്പം ഏതോ സംസ്ഥാനത്തേക്ക്‌ പോയി. രഘുവരന്‌ നഷ്ടപ്പെട്ടത്‌ പ്രണയമല്ല; ജീവിതംതന്നെയാണ്‌. അയാള്‍ ഇപ്പോഴും തന്റെ പാല്‍സൊസൈറ്റിയിലെ ജോലിക്കാരെ നോകിയും മെഡിക്കല്‍ കോളേജിലെ ജോലിചെയ്‌തും ജീവിക്കുന്നു.


മറക്കാറൊന്നുമായിട്ടില്ല. കാരണം, അയാള്‍ എന്നും ഓര്‍മ്മകള്‍ക്ക്‌ വെറും ഭക്ഷ്യവസ്തു മാത്രമായിരുന്നല്ലോ. അയാള്‍ ഓര്‍മ്മിച്ചുകൂട്ടികൊണ്ടേയിരിക്കുന്നു. പലനിറത്തിലും വികാരത്തിലുമുള്ള വാക്കുകള്‍.കഴിഞ്ഞദിവസം അയാള്‍ എന്നോട്‌ ഫോണില്‍ വിളിച്ചുപറഞ്ഞതെല്ലാം, തെറ്റുകള്‍ മാത്രം കാണാന്‍കഴിയുന്ന ഒരുവന്റെ ന്യായവാദങ്ങള്‍ മാത്രമായി തോന്നി; കുറേ വാസ്തവങ്ങള്‍ ഉണ്ടെങ്കിലും.

"പ്രണയിക്കുന്നതിനുമുമ്പ്‌ ലൈംഗികാനുഭം ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. ലൈംഗികാനുഭവം പ്രമത്തിന്റെ കനം എത്രയുണ്ടെന്ന് ശരിക്കും ബോദ്ധ്യപ്പെടുത്തും. പ്രേമിക്കുന്ന പെണ്ണിനെ ഭാവിയിലെ ലൈംഗികവസ്തു എന്ന നിലയില്‍ സ്ഥിരനിക്ഷേപമായി കാണരുത്‌. ഈ സന്ദര്‍ഭത്തില്‍ പെണ്ണ്‍ ഭാവിക്കുവേണ്ടിയല്ലെന്നോര്‍ക്കണം. പെണ്‍നിന്‌ ഭാവി നല്‍കുമ്പോള്‍, അവള്‍ മറക്കാനാണ്‌ ശീലിക്കുന്നത്‌. അവള്‍ക്ക്‌ പ്രണയമല്ല വേണ്ടത്‌; അവളുടെ മനസ്സിനെ ബുദ്ധിമുട്ടിക്കാത്ത അനുസരണയുള്ള കുട്ടിയെമതി. ഈ കുട്ടിയാകട്ടെ, അവളുടെ സങ്കല്‍പ്പജീവീയുമാണ്‌. പ്രണയം കൊണ്ടുനടക്കാന്‍ കൊള്ളാവുന്ന നല്ല നുണയാണ്‌."


Thursday, November 15, 2007

പാഴായിപ്പോയ യുവത്വം 16-Nov


പാഴായിപ്പോയ യുവത്വം

മലയാളസാഹിത്യത്തില്‍ യുവത്വത്തെയും വാര്‍ദ്ധക്യത്തെയും എങ്ങനെ വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്നു? മീനു, തൊടുപുഴ.

നമ്മുടെ സാഹിത്യത്തില്‍ ചെറുപ്പക്കാരില്ല. പ്രായംകൊണ്ട്‌ ചെറുപ്പമായവരെ ധാരാളമായിക്കാണാം. പക്ഷേ, അവരില്‍ പലരും പ്രായാധിക്യമുള്ളവരുടെ ചിന്തകളെ ലാളിച്ചുകഴിയുന്നവരാണ്‌. എന്തിനെയാണോ എതിര്‍കേണ്ടത്‌, അതുമായി അവര്‍ എളുപ്പം സന്ധിചേരുന്നു.

യഥാര്‍ത്ഥ ചെറുപ്പക്കാര്‍ ആദ്യം ഇടയുന്നത്‌ അധികാരകേന്ദ്രങ്ങളോടാണ്‌. ഇവിടെ നാം കാണുന്നതെന്താണ്‌? കൗമാരം വിട്ട്‌ പ്രഥമ കൃതിയുമായി വരുമ്പോഴേക്കും അവനെ തൂക്കിയെടുത്ത്‌ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ അവരുടെ എലിപ്പത്തായത്തിലേക്കിടും. അക്കാദമികള്‍, വന്‍ പ്രസാധകശാലകള്‍ എന്നിവയുടെ വാത്സല്യം നേടാനായി അവന്‍ പരക്കംപാഞ്ഞുതുടങ്ങും. 'വാചകമേള'കളിലും മറ്റും മുഖം കാണിക്കാനായാല്‍, അതു വലിയ നേട്ടമാണെന്ന് ഇവര്‍ കരുതുന്നു! ഇതിലൂടെ സംഭവിക്കുന്ന ആലോചനയുടെ ജീര്‍ണത, സ്വീകാര്യതയുടെ ദുര്‍മേദസ്സ്‌ ഇവരെ അലോസരപ്പെടുത്തുന്നില്ല.

പിറന്നുവീഴുന്നതുതന്നെ സര്‍ക്കാര്‍ കമ്മറ്റികളിലേക്കാണ്‌. പ്രായാധിക്യമുള്ള ചിന്തകള്‍ പേറുന്ന, വയസുള്ളവരുടെ അനുസരണയുള്ള കുട്ടികളാണ്‌ തങ്ങളെന്ന് വിശ്വസിച്ച്‌ പറയാനുള്ള ചമ്മലില്ലായ്‌മ വലിയൊരു രോഗമാണ്‌.

ചെറുപ്പം, ഈ ഭാഷയില്‍ നിഷ്‌പ്രയോജനമായി അവശേഷിക്കുന്നു. ഇതുപോലെ യുവത്വം പാഴാക്കപ്പെട്ട മറ്റൊരിടം കാണാനില്ല.

ഒരര്‍ത്ഥത്തില്‍ പ്രായമാവുന്നതാണ്‌, നമ്മുടെ സാഹിത്യത്തില്‍, ഒരാള്‍ക്ക്‌ നല്ലത്‌. ഷഷ്ടിപൂര്‍ത്തിയൊ സപ്‌തതിയോ തലയില്‍ വന്നുവീണാല്‍ എതിര്‍ക്കരുത്‌.

Tuesday, November 13, 2007

ചിന്തയെ ഗര്‍ഭംധരിക്കരുത്‌ 13-Nov-2007


ചിന്തയെ ഗര്‍ഭംധരിക്കരുത്‌
ആശയചരിത്രത്തില്‍ വിസ്മയിപ്പിക്കുന്ന കുരുക്കും ചോദ്യവുമാണ്‌ ഫ്രഡറിക്‌ നീത്‌ഷെ. പ്രമുഖ ജൂതപണ്‌ഡിതനും ചിന്തകനുമായിരുന്ന നീത്‌ഷെയുടെ ജൂതബന്ധം അന്വേഷിക്കുന്ന കൃതിയാണ്‌ 'നീത്‌ഷെ ആന്റ്‌ ജൂവിഷ്‌ കള്‍ച്ചര്‍'.ജേക്കബ്‌ ഗൊളമ്പ്‌ എഡിറ്റ്‌ ചെയ്ത ഈ കൃതിയില്‍ സ്റ്റീവന്‍ ഇ. അസ്ചീം, വീവര്‍ സന്താലീനോ, ഹൂബര്‍ട്ട്‌ കാന്‍സിക്‌, ജോസഫ്‌ സിമോന്‍, യിര്‍മി യാഹു യോവെല്‍ തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളാണുള്ളത്‌. നീത്‌ഷെയെ വിവിധ കോണുകളിലൂടെ, മുന്‍വിധികളില്ലാതെ എഴുതിയിട്ടുള്ള ഈ ലേഖനങ്ങളില്‍ തീക്ഷണമായ ആക്രമണവും നിരാകരണവും കാണാം. ഈ കൃതിയുലൂടെ നീത്‌ഷെ എന്താണെന്ന് വ്യക്തമാണ്‌. അത്‌ ഇങ്ങനെ സംഗ്രഹിക്കാം.

1) ഹെഗലിനെ എതിരിടുന്നതിന്‌ നീത്‌ഷെ സ്വന്തമായ ദാര്‍ശനിക പദ്ധതിതന്നെ കണ്ടുപിടിച്ചു. തീവ്രസാംസ്കാരിക വിപ്ലവകാരിയായ അദ്ദേഹം ആധുനികതയെ വ്യത്യസ്തമായ വഴിയിലേക്ക്‌ തിരിച്ചു വിടുകയാണ്‌ ചെയ്തത്‌.

2) സോക്രട്ടീസും ഹെഗലും ചെയ്തത്‌ സത്യത്തെയും സംസ്കാരത്തെയും നിര്‍മ്മിച്ചുകൊണ്ട്‌ ദൈവചിന്തയെ സങ്കല്‍പ്പിക്കുകയായിരുന്നു എന്ന് നീത്‌ഷെ കണ്ടെത്തി. അതുകൊണ്ടുതന്നെ ക്രിസ്തുമതവും ജൂതന്മാരും സംസ്കാരവും ജീര്‍ണ്ണമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

3) നീത്‌ഷെയുടെ പ്രഭാഷണ സ്വഭാവമുള്ള ഭാഷ വൈരുദ്ധ്യാത്മകവും വന്യവുമായിരുന്നു. വാദിക്കുന്നതിനേക്കാള്‍ പ്രകോപിപ്പിക്കുക എന്നത്‌ അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടു.

4) പരീക്ഷണാത്മകമായി തത്ത്വചിന്തയെ നിരീക്ഷിച്ച നീത്‌ഷെ ഓരോന്നിലും ആത്മീയതയെ ഗര്‍ഭംധരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

5) തത്ത്വചിന്തകര്‍ക്കിടയിലെ 'പുരുഷമാതാക്കളെ' നീത്‌ഷെ ഇഷ്ടപ്പെട്ടില്ല. ചിന്തിക്കുന്നത്‌ ശീലമാക്കുകയും ചിന്തയെ ഗര്‍ഭം ധരിക്കുകയും ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആത്മീയ ഗര്‍ഭധാരണം, ഗര്‍ഭവതിയെപ്പോലെ വിധേയയാകാന്‍ പ്രേരിപ്പിക്കും.

6) വെറുതെ ചിന്തിച്ചാല്‍ പോരാ; ചില കവികള്‍ വീമ്പുപറയുന്നതുപോലെ, 'മഹാസങ്കടങ്ങള്‍' തങ്ങളോടൊപ്പമാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോരാ. വിചാരങ്ങളില്‍ ചിന്തിക്കുന്നയാളുടെ സര്‍വ്വസ്വവും ഉണ്ടാകണം-രക്തം, ഹൃദയം, തീ, സന്തോഷം, ആസക്തി, ദുഃഖം, മനസ്സാക്ഷി, വിധി, ദുരന്തം.....

7) ജൂതന്മാരുടെ ജീവിതത്തെ ആത്മീയമായി അപനിര്‍മ്മിക്കുകയായിരുന്നു നീത്‌ഷെയുടെ ഉദ്ബോധനങ്ങളുടെ കാതല്‍.

8) ജന്മവാസനകളെ അടിച്ചമര്‍ത്തികൊണ്ടും മാനസികമായ ആത്മീയവത്‌കരണം കൊണ്ടും നേടുന്ന ആദ്ധ്യാത്മികമായ പരിത്യാഗജീവിതത്തെ നീത്‌ഷെ ഇഷ്ടപ്പെട്ടില്ല. ഇതിനു പകരമായി അദ്ദേഹം നിര്‍ദ്ദേശിച്ചത്‌ ഇന്ദ്രിയങ്ങളുടെ പൂര്‍ണ്ണമായ ഉപയോഗവും വൈകാരികതയുമാണ്‌.

9) സമകാലികലോകത്ത്‌ മതങ്ങളുടെ അപ്രമാദിത്വത്തിന്‌ യാതൊരു വിലയുമില്ലെന്ന് ചിന്തിച്ച നീത്‌ഷെ, കവി ഹീനെയോട്‌ കടപ്പെട്ടുകൊണ്ടാണ്‌ ദൈവം മരിച്ചു എന്ന ആശയം അവതരിപ്പിച്ചത്‌.

10) എന്നാല്‍ ഹീനെയുടെയും നീത്‌ഷെയുടെയും ദൈവ നിന്ദ വ്യത്യസ്തമാണ്‌. ഹീനെയ്ക്ക്‌ ഒരു ക്രിസ്തീയദൈവത്തില്‍ വിശ്വസിച്ചാല്‍ ആശ്വാസം തേടാമെന്ന ചിന്താഗതിയുണ്ട്‌. നീത്‌ഷെയാകട്ടെ, ദൈവത്തിനുവേണ്ടിയുള്ള ഒരിക്കലും സഫലമാകാത്ത ആഗ്രഹത്തില്‍ തന്റെ തത്ത്വചിന്തയെ തന്നെ അവസാനിപ്പിക്കുന്നു. ദൈവത്തെ ആവശ്യമില്ലാത്ത ലോകത്തേയാണ്‌ അദ്ദേഹം തേടിയത്‌.