പാഴായിപ്പോയ യുവത്വം
മലയാളസാഹിത്യത്തില്‍ യുവത്വത്തെയും വാര്‍ദ്ധക്യത്തെയും എങ്ങനെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു? മീനു, തൊടുപുഴ.
നമ്മുടെ സാഹിത്യത്തില്‍ ചെറുപ്പക്കാരില്ല. പ്രായംകൊണ്ട് ചെറുപ്പമായവരെ ധാരാളമായിക്കാണാം. പക്ഷേ, അവരില്‍ പലരും പ്രായാധിക്യമുള്ളവരുടെ ചിന്തകളെ ലാളിച്ചുകഴിയുന്നവരാണ്. എന്തിനെയാണോ എതിര്‍കേണ്ടത്, അതുമായി അവര്‍ എളുപ്പം സന്ധിചേരുന്നു.
യഥാര്‍ത്ഥ ചെറുപ്പക്കാര്‍ ആദ്യം ഇടയുന്നത് അധികാരകേന്ദ്രങ്ങളോടാണ്. ഇവിടെ നാം കാണുന്നതെന്താണ്? കൗമാരം വിട്ട് പ്രഥമ കൃതിയുമായി വരുമ്പോഴേക്കും അവനെ തൂക്കിയെടുത്ത് എസ്റ്റാബ്ലിഷ്‌മെന്റുകള്‍ അവരുടെ എലിപ്പത്തായത്തിലേക്കിടും. അക്കാദമികള്‍, വന്‍ പ്രസാധകശാലകള്‍ എന്നിവയുടെ വാത്സല്യം നേടാനായി അവന്‍ പരക്കംപാഞ്ഞുതുടങ്ങും. 'വാചകമേള'കളിലും മറ്റും മുഖം കാണിക്കാനായാല്‍, അതു വലിയ നേട്ടമാണെന്ന് ഇവര്‍ കരുതുന്നു! ഇതിലൂടെ സംഭവിക്കുന്ന ആലോചനയുടെ ജീര്‍ണത, സ്വീകാര്യതയുടെ ദുര്‍മേദസ്സ് ഇവരെ അലോസരപ്പെടുത്തുന്നില്ല.
പിറന്നുവീഴുന്നതുതന്നെ സര്‍ക്കാര്‍ കമ്മറ്റികളിലേക്കാണ്. പ്രായാധിക്യമുള്ള ചിന്തകള്‍ പേറുന്ന, വയസുള്ളവരുടെ അനുസരണയുള്ള കുട്ടികളാണ് തങ്ങളെന്ന് വിശ്വസിച്ച് പറയാനുള്ള ചമ്മലില്ലായ്‌മ വലിയൊരു രോഗമാണ്.
ചെറുപ്പം, ഈ ഭാഷയില്‍ നിഷ്‌പ്രയോജനമായി അവശേഷിക്കുന്നു. ഇതുപോലെ യുവത്വം പാഴാക്കപ്പെട്ട മറ്റൊരിടം കാണാനില്ല.
ഒരര്‍ത്ഥത്തില്‍ പ്രായമാവുന്നതാണ്, നമ്മുടെ സാഹിത്യത്തില്‍, ഒരാള്‍ക്ക് നല്ലത്. ഷഷ്ടിപൂര്‍ത്തിയൊ സപ്‌തതിയോ തലയില്‍ വന്നുവീണാല്‍ എതിര്‍ക്കരുത്.
No comments:
Post a Comment