Followers

Friday, May 9, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (may 6, 2025)




മെഡിക്കൽ ഉത്തര- ഉത്തരാധുനികത 


ഈ ഡിജിറ്റൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഉത്തര- ഉത്തരാധുനികമാണെന്നു പറഞ്ഞപ്പോൾ ചിലർക്ക് വിശ്വാസം വന്നില്ല. അവർ അപ്പോഴും സംശയിക്കുന്നുണ്ടായിരുന്നു, നമ്മുടെ സമൂഹം ഉത്തര-ഉത്തരാധുനികമായോ എന്ന്. എന്നാൽ ഇരുപത്തിനാലു മണിക്കൂറും മൊബൈൽ ഫോണും ഇൻറർനെറ്റും ടിവിയും ഉപയോഗിക്കുന്ന നാം കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ സാർവത്രികമായ ഒരു കുതിച്ചുചാട്ടത്തിനു വിധേയമാവുകയായിരുന്നു.
ഒരു സമൂലമായ പരിവർത്തനം സംഭവിച്ചിരിക്കുന്നു. ഒരു പുതിയ വീക്ഷണം നമുക്ക് ലഭിച്ചിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഉപകരണങ്ങൾ ഭൂരിപക്ഷവും കാലഹരണപ്പെട്ടു. പകരം പുതിയത് വന്നു. നമ്മുടെ സ്ഥല ,കാല സങ്കല്പം മാറി.ഒരു കത്തയച്ച്  മറുപടിക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ടതില്ല. സെക്കൻഡിനുള്ളിൽ ലോകത്ത് എവിടെയും സന്ദേശം എത്തിക്കാം ,എത്രപേർക്ക് വേണമെങ്കിലും. സ്ഥലവും കാലവും നിമിഷത്തിനുള്ളിലേക്കു  ചുരുങ്ങിയിരിക്കുന്നു .ഒരിടത്ത് തന്നെ ജോലി ചെയ്തിരുന്ന നമ്മൾ സഞ്ചാരികളായി മാറി. ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും ഉണ്ടെങ്കിൽ ഏതു സ്ഥലവും തൊഴിലിടമായി രൂപാന്തരപ്പെടും .ഈ മാറ്റത്തെയാണ് ഉത്തര- ഉത്തരാധുനികത എന്നു വിളിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തിന്റെയോ വിഭാഗത്തിന്റെയോ സംസ്കാരമല്ല, ലോകസംസ്കാരമാണ് നമ്മുടെ മുന്നിലുള്ളത് .നാം ഒരേസമയം പല കാലങ്ങളിലെ സാംസ്കാരിക സവിശേഷതകൾ അനുഭവിക്കുന്നു. ചവിട്ടുനാടകവും അറുപതുകളിലെ സിനിമയും പാട്ടുകളും നാം ആസ്വദിക്കുന്നത് പുത്തൻ സൈബർ, എഐ സാഹചര്യത്തിൽ തന്നെയാണ്. നാം ഒരു സാംസ്കാരിക സങ്കരയിനമാണ്. നമ്മെ ഒരു സംസ്കാരത്തിൻ്റെ മാത്രം വക്താക്കളാക്കാൻ കഴിയില്ല .കാരണം നാം ജീവിക്കുന്നത് പല കാലങ്ങളിലെ  സംസ്കാരചിഹ്നങ്ങളുമായാണ്. ഈ മാറ്റം എല്ലാ മേഖലകളെയും  സ്വാധീനിച്ചിട്ടുണ്ട്. ഇതെല്ലാം നവീന കാലത്തെ മനുഷ്യനെ മാറ്റിത്തീർത്തിരിക്കുന്നു.

സംസ്കാരം വിലയ്ക്കു വാങ്ങാം 

ആരോഗ്യരംഗത്തും ഉത്തര- ഉത്തരാധുനികമായ സാഹചര്യമാണുള്ളത്. സംസ്കാരം എന്ന വാക്കിൻ്റെ അർത്ഥം തന്നെ മാറി. മുൻകാലങ്ങളിൽ ,സംസ്കാരം ഒരു ജനതയുടെ ജീവിതരീതിയായിരുന്നു .ഇന്ന് സംസ്കാരം ഒരു ഉപഭോഗ വസ്തുവാണ്, പ്രകൃതി വസ്തുവാണ്. സംസ്കാരം ഒരു വലിയ സമ്പദ് വ്യവസ്ഥയാണ് .ഇവിടെ യഥേഷ്ടം ആർക്കും എന്തും വാങ്ങാം, വിൽക്കാം .വില കൊടുത്താൽ ഉന്നതമായ സുഖസൗകര്യങ്ങൾ വാങ്ങാം .അതിനു ജാതിയോ മതമോ തടസ്സമല്ല .വിലകൂടിയ ഭക്ഷണം കഴിക്കാൻ കൈയിൽ പണമുണ്ടായാൽ മതി. കൂടുതൽ സാധനങ്ങൾ വാങ്ങുന്നവൻ ഇന്നത്തെ സമൂഹത്തിൽ ഒരു സാംസ്കാരിക ജീവി എന്ന നിലയിൽ ഉയർന്ന പദവി നേടുകയാണ്. അവനെ സാധനസാമഗ്രികളുടെ നിർമാതാക്കൾക്ക് ആവശ്യമുണ്ട്.സംസ്കാരം വില കൊടുത്താൽ കിട്ടും. അത് അനുഭവമാണ് .അത് നേടുന്നവനാണത്രേ ഇന്നത്തെ ബുദ്ധിജീവി .അതുകൊണ്ട് പണം സംസ്കാരത്തിന്റെ ചിഹ്നമായിട്ട് മാറുകയാണ് .എന്തും വാങ്ങാൻ കഴിയുന്നതിനാൽ അവൻ വിപണിയിലെ പ്രധാന വ്യക്തിയാണ്. അവൻ സംസ്കാരം വാങ്ങി ഉപയോഗിക്കുന്നു. ,വലിച്ചെറിയുന്നു.   ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന ഫോണും കാറും മറ്റും വാങ്ങുന്നവൻ അത് വലിച്ചെറിയാനും മറ്റൊന്നു വാങ്ങാനും അവസരം കാത്തിരിക്കുകയാണ്. എപ്പോഴും പുതിയ അനുഭവമാണ് വേണ്ടത്. അതുകൊണ്ടാണ് ബഹിരാകാശത്തു പോകാൻ ആളുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. 

കൂടുതൽ വാങ്ങാൻ തയ്യാറാകുന്നവനാണ് യഥാർത്ഥ ഉപഭോക്താവ് എന്നതാണ് പുതിയ നിയമം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് അവൻ്റെ ത്രിൽ .  അപ്പോഴാണ് അവൻ വിപണിയിലെ പുതിയ ഉത്പന്നത്തിൻ്റെ ഉപഭോക്താവാകുന്നത്. ഈ ഉപഭോക്തൃ ജ്വരം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ പിടികൂടിയിട്ടുണ്ട്. മൊബൈൽ ഫോൺ വാങ്ങി കൊടുക്കാത്തതിൻ്റെ പേരിൽ  ആത്മഹത്യ ചെയ്ത എത്രയോ  കുട്ടികളുണ്ട്!.വീടുകളിൽ വിലകൂടിയ ഉൽപ്പന്നങ്ങളും വസ്തുക്കളുമാണ് ശാന്തതയുടെ തോത് നിശ്ചയിക്കുന്നത്. ഇതിനു തടസ്സമുണ്ടാവുന്നത് കലഹത്തിലേക്ക് നീങ്ങാം.

രോഗി ഉപഭോക്താവ് 

ഉത്തര- ഉത്തരാധുനിക മെഡിക്കൽ രംഗം സങ്കൽപ്പിക്കാവുന്നതിനുമപ്പുറമാണ്. രോഗി ഒരു സംഭവമാണിന്ന്. രോഗിക്കു വിശിഷ്ടവ്യക്തിയുടെ പദവി കിട്ടിയിരിക്കുന്നു. അയാൾ ആശുപത്രിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തന്നെ സേവകർ ഓടിയെത്തി സഹായിക്കാൻ തുടങ്ങും.  ആശുപത്രിയിലെ വിലയേറിയ അതിഥി എന്ന പദവി രോഗിക്ക് ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവൻ്റെ നേരിയ സംശയങ്ങൾക്ക് പോലും സമുന്നതമായ ചികിത്സയും ശ്രദ്ധയും കിട്ടുന്നു. ഒരു സംശയവും  പാഴായിപ്പോകുന്നില്ല. എല്ലാം പരിശോധിക്കപ്പെടും. അവനു വേണ്ടി ആശുപത്രികൾ ഓരോ അവയവത്തിന്റെയും കാര്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ സ്പെഷ്യലിസ്റ്റുകളെ നിയമിച്ചിരിക്കുകയാണ്. അവനു വേണ്ടി വൈ ഫൈ ,ടിവി, കഫെറ്റീരിയ, ഭക്ഷണശാല ,വിശ്രമിക്കാനുള്ള സൗകര്യം, ആധുനികവത്ക്കരിച്ച ശുചിമുറികൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കയാണ്. 
സ്വർണക്കടയിൽ പോലും ഒരു ഉപഭോക്താവിനു ഈ മാന്യതയും ശ്രേഷ്ഠതയും ലഭിക്കുന്നില്ല. രോഗി നവസാങ്കേതികതയുടെ ഒരു ഉപഭോക്താവാണ് .

ഒരു രോഗി ഇന്നു ഡോക്ടർ പറയുന്നത് കേട്ട് കിട്ടിയ മരുന്നുമായി മടങ്ങിപ്പോകുന്നവനല്ല. അവനു സ്വയം പരിശോധിക്കാം;രോഗംനിർണയത്തെക്കുറിച്ച് ഉറപ്പുവരുത്താം. അവൻ ചികിത്സയിൽ ഇടപെടുകയാണ് ചെയ്യുന്നത്. കഴിക്കേണ്ട മരുന്നുകളെക്കുറിച്ച് അവൻ ഗൂഗിളിൽ പരതി നോക്കും. ലാബ് ടെസ്റ്റ് ചെയ്ത് രോഗത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ നോക്കാവുന്നതാണ്. ഡോക്ടർ പറഞ്ഞില്ലെങ്കിലും ലാബ് ടെസ്റ്റ് നടത്താം. ലാബുകൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. അവർ രോഗികളെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയാണ്. രോഗത്തെക്കുറിച്ച് സംശയം തോന്നുന്നവർക്ക് ലാബിൽ പോയി ടെസ്റ്റ് ചെയ്തു നിർണയം നടത്താം .ശരീരത്തെക്കുറിച്ചും  രോഗത്തെക്കുറിച്ചുമുള്ള എല്ലാ മുൻധാരണകളെയും തിരുത്തുന്നതാണ് പുതിയ സ്പെഷലൈസേഷനുകളും ശസ്ത്രക്രിയകളും. ഓരോ ഡോക്ടർക്കും ശരീരത്തെ പൂർണമായി ചികിത്സിക്കേണ്ടതില്ല; ഓരോ അവയവം നോക്കിയാൽ മതി.

മെഡിക്കൽ ഉത്തര- ഉത്തരാധുനികത മനുഷ്യവർഗ്ഗത്തെ ഉന്നതമായ ഒരു ഉൽപ്പതിഷ്ണുത്വത്തിൽ  കൊണ്ടെത്തിച്ചിരിക്കുകയാണ് .ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു ഒരാൾക്ക് രോഗിയായിരിക്കാൻ സാധിക്കുന്നു. അവയവങ്ങൾ മാറ്റിവയ്ക്കുന്നത് ഏറ്റവും വലിയ വിപ്ലവമാണ് .കിഡ്നി ,കരൾ തുടങ്ങിയവ മാറ്റിവയ്ക്കുന്നതോടെ ജാതി,മത വേർതിരിവുകളും അയിത്തവും അവസാനിക്കുന്നു. ജാതി,മതാധിഷ്ഠിതമായ കിഡ്നി വേണമെന്നു പറഞ്ഞാൽ കിട്ടണമെന്നില്ല .മജ്ജ മാറ്റിവയ്ക്കാൻ ജാതിമത താല്പര്യങ്ങൾ നോക്കിയാൽ പറ്റില്ല .

അമെരിക്കയിലുള്ള ഒരു സ്ത്രീക്ക് മജ്ജ മാറ്റിവയ്ക്കാൻ വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിൽ രക്ത പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചത് ഓർക്കുകയാണ്. ഒരേ രക്തഗ്രൂപ്പിൽ ഉള്ളവരിൽ നിന്നു യോജിച്ച ആളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിൻ്റയർത്ഥം എന്താണ് ? നാം ഡിജിറ്റൽ ,അവയവ മാറ്റ ശസ്ത്രക്രിയയുടെ ഏറ്റവും നവീനമായ യുഗത്തിലേക്ക് പ്രവേശിച്ചു എന്നാണ്.

സ്വത്വത്തിൽ തൂങ്ങി കിടക്കേണ്ടതില്ല 

ഐഡന്റിറ്റി എന്ന സങ്കല്പം കാലഹരണപ്പെട്ടു. മനുഷ്യൻ ഒരു സ്വത്വത്തിൽ തൂങ്ങിക്കിടക്കേണ്ടതില്ല. ജീവിതത്തിൽ അങ്ങനെയൊരു സ്ഥിരം സ്വത്വം ഇല്ല. നല്ലത് കണ്ടും കേട്ടും മുന്നോട്ടുപോകുന്ന മനുഷ്യൻ പലതും ആർജ്ജിക്കുകയാണ്. അനിഷ്ടകരമായ പാരമ്പര്യത്തെ അവൻ ഉപേക്ഷിക്കുന്നു. സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും  അനുഭവിക്കുന്നത് ഒരു മനുഷ്യൻ്റെ അവകാശമായി കാണാൻ നവമാനവൻ ശീലിച്ചിരിക്കുന്നു .

രോഗം ഒരാളെ അസ്തിത്വപരമായ ഒരു അതീതത്തിലേക്ക് നയിക്കുകയാണ്. രോഗിയാകുന്നതോടെ അയാൾ നവീന സാങ്കേതിവിദ്യയിലേക്കും ചികിത്സയുടെ പശ്ചാത്തലത്തിലേക്കും ഡിജിറ്റൽ ലോകത്തേക്കും ആനയിക്കപ്പെടുകയാണ് .മറ്റൊരാളുടെ അവയവവുമായി ജീവിക്കുന്ന മനുഷ്യൻ നവാധുനികമായ സ്വതന്ത്രലോകത്തിൻ്റെ നക്ഷത്രമാണ്.  അവൻ മനുഷ്യവർഗ്ഗത്തിന്റെ നേട്ടത്തെ അനുഭവിക്കുകയാണ് .അവൻ ശാസ്ത്രത്തിൻ്റെ സാക്ഷിയാണ്. അവൻ അതീതനായ വ്യക്തിയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി അവനു വ്യക്തമായി മനസ്സിലാവും. ശത്രുത ,ക്രൂരത തുടങ്ങിയ പദങ്ങൾ എത്ര നിസ്സാരവും ശുഷ്കവുമാണെന്നു  അവനു മാത്രമാണ് അറിയാവുന്നത്. അവൻ സ്നേഹത്തിൻ്റെ അർത്ഥം ഗ്രഹിച്ചവനാണ് .

രോഗം വന്നില്ലെങ്കിലും ,ഏതൊരു സാധാരണക്കാരനും മെഡിക്കൽ നവീനതയും പരിരക്ഷയും ലഭിക്കും. മെഡിക്കൽ ഇൻഷുറൻസ്, പുതിയ ലാബ് ടെസ്റ്റുകൾ ,ഡോക്ടർമാരുമായി  മുഖാമുഖം ,ആശുപത്രിയിലെ വിഐപി പരിഗണന ,സ്റ്റാഫിൻ്റെ സ്നേഹപൂർണ്ണമായ പെരുമാറ്റം തുടങ്ങിയവ അവനു വേണ്ടി അവതരിക്കുന്നു. അവനു രോഗമുണ്ടെന്നു സംശയം തോന്നുന്നത് ഈ നവീനക്രമത്തിൻ്റെ സൃഷ്ടിയാണ്. 

രോഗമുണ്ടോ എന്ന സംശയം 

അവൻ രോഗമുണ്ടോയെന്നു സംശയിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. പുതിയ രോഗങ്ങളുടെ കണ്ടുപിടിത്തവും ചികിത്സയും രോഗത്തെക്കുറിച്ചും  മരണത്തെക്കുറിച്ചുമുള്ള എണ്ണമറ്റ പ്രഭാഷണങ്ങളും യൂട്യൂബ് വീഡിയോകളും ഇൻറർനെറ്റ് വിവരങ്ങളും അവനെ സംശയരോഗിയാക്കുന്നു .വെള്ളം കുടിക്കുക ,ശ്വാസമെടുക്കുക, വിസർജിക്കുക, ഉറങ്ങുക തുടങ്ങിയ സാധാരണ കാര്യങ്ങൾ പോലും ഇന്നു സങ്കീർണമായിരിക്കുന്നു.ഇവയോരോന്നും സംശയത്തോടെയും ഭയത്തോടെയും അനുഷ്ഠിക്കേണ്ട കർമ്മമായിരിക്കുന്നു. ശ്വാസമെടുക്കുന്നത്, വെള്ളം കുടിക്കുന്നത് തെറ്റായ രീതിയിലാണെന്നു ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നത് കേട്ടാൽ സംശയമുണരുകയായി. പിന്നീട് ഇതിൻ്റെ പേരിൽ ഉത്ക്കണ്ഠയുണ്ടാകും. ഉറക്കം നഷ്ടപ്പെടാനും സാധ്യതയുണ്ട്.  അതുകൊണ്ട് ഡോക്ടറെ കാണാതിരിക്കാനാവില്ല.ഡോക്ടറാകട്ടെ ഈ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കും. ടെസ്റ്റുകൾ ചെയ്യുന്നത് രോഗിയുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ് . രോഗത്തെപ്പറ്റി സംശയമുള്ളവർ ആശുപത്രിയിലേക്ക് പ്രവഹിക്കുന്നത് ഒരു വലിയ കാര്യമല്ല; അത് സാധാരണമാണ് .രോഗമുണ്ടോ എന്നറിയാൻ വേറെ എവിടെപ്പോകും?

ഒരാൾ എപ്പോഴും രോഗിയായിരിക്കുന്നു എന്നതാണ് ഈ കാലത്തിൻ്റെ മറ്റൊരു സവിശേഷത .രോഗലക്ഷണങ്ങൾ ഉള്ളതുപോലെ തോന്നും .ഓരോ രോഗത്തിന്റെയും ലക്ഷണങ്ങൾ ഗൂഗിളിൽ പരതിയാൽ കിട്ടും. അതിൻ്റെ  അടിസ്ഥാനത്തിൽ നോക്കുന്നവർക്ക് രോഗത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് .രോഗി ഇന്നു ഒഴുക്കിനൊത്ത് നീന്തുന്നവനല്ല .അവൻ സമൂഹത്തിലെ ഏറ്റവും വലിയ സ്റ്റാറ്റസ് അനുഭവിക്കുന്നവനാണ്. ഒരു ദിവസമാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടക്കുന്നതെങ്കിലും പത്തു ലക്ഷം രൂപ വിലയുള്ള കിടക്കയിൽ ഇറങ്ങാം.ഇത് സ്വകാര്യ ജീവിതത്തിൽ സാധ്യമല്ലല്ലോ. 

ഇന്നു രോഗിയുടേത് ഒരു നവസാങ്കേതിക സംസ്കാരമാണ് . ഉന്നതമായ ഒരു ജീവിതരീതി അതാവശ്യപ്പെടുന്നു ഇൻഷുറൻസിന്റെ പിൻബലമുള്ളതുകൊണ്ട് അവൻ ഏറ്റവും വലിയ സാംസ്കാരിക ജീവിയായി മാറുകയാണ്. അവനു  ലോകനിലവാരമുള്ള പരിചരണം ലഭിക്കുന്നു. അവന്റെ ആന്തരികാവയവങ്ങൾക്കും വിസർജ്യത്തിനും നവസാങ്കേതിവിദ്യയുടെ സൂക്ഷ്മദർശനം അകമ്പടി സേവിക്കുന്നു .അവൻ്റെ ചലനങ്ങൾ സസൂഷ്മം നിരീക്ഷിക്കാൻ ഉയർന്ന  ശമ്പളം പറ്റുന്നവരുണ്ട്. അവൻ്റെ  മാനവികമായ അലട്ടലുകളെ തുടച്ചുനീക്കാൻ ഉന്നത ബിരുദം നേടിയവർ ക്യൂവിലാണ് .അവൻ രോഗി എന്ന സ്റ്റാറ്റസിൽ തുടരുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ജീവിതകാലമത്രയും മരുന്നുകൾ കഴിക്കേണ്ടി വന്നേക്കാം .അത് രോഗിയുടെ ആവാസവ്യവസ്ഥ അനിവാര്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 

രജതരേഖകൾ 

1)രണ്ടു ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ കൃതിയുടെ ഉടമയാണ് താനെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പരസ്യം കാണാറുണ്ട്‌ .വാസ്തവത്തിൽ സാഹിത്യത്തെ ഗൗരവമായി കാണുന്നവരുടെ മുന്നിൽ ഇത്തരം പരസ്യങ്ങൾ അപഹാസ്യമാണ്. ശരിയായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ വായിലേക്ക് മണ്ണു കുത്തി തിരുകുന്നതു പോലെയാണിത്. സമ്പത്തും ശേഷിയുമുള്ള ഒരു പുസ്തക പ്രസാധകനു നോവലിൻ്റെ ഒന്നോ രണ്ടോ ലക്ഷം കോപ്പി വിറ്റഴിക്കാനാണോ പ്രയാസം? ഇന്നു സിനിമ പോലും സോഷ്യൽ മീഡിയ കാമ്പെയ്നിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് വലിയ വിജയമുണ്ടാക്കുന്നുണ്ട് .

മാർക്കറ്റിംഗ് ഉണ്ടെങ്കിൽ ഏതു ചീത്ത നോവലും അനേകം കോപ്പി അച്ചടിച്ചു വിൽക്കാനാവും. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടരെ കൊടുത്താൽ മതി. സമീപകാലത്ത് ധാരാളം കോപ്പി വിറ്റഴഞ്ഞു എന്നു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച നോവലുകൾ നല്ല വായനക്കാർക്ക് പൂർണമായി വായിച്ചു തീർക്കാൻ പോലും കഴിഞ്ഞില്ല എന്ന പരമാർത്ഥമുണ്ട്. ഒ.വി. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം ,വി.കെ.എന്നിൻ്റെ പിതാമഹൻ തുടങ്ങിയ നോവലുകൾ ലക്ഷത്തിലേറെ കോപ്പി വിറ്റു എന്നു പറഞ്ഞ് ആരെങ്കിലും പരസ്യം ചെയ്യുമോ? അങ്ങനെ ചെയ്താൽ ആ നോവലിൻ്റെ കലാപരമായ സ്റ്റാറ്റസ് നഷ്ടപ്പെടും. അല്ലെങ്കിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന കൃതിയാണോ നല്ലത്? അങ്ങനെയാണെങ്കിൽ ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ'  എന്ന നോവൽ ആദ്യം അച്ചടിച്ചപ്പോൾ 2000 കോപ്പി പോലും വിറ്റില്ല.എന്നാൽ ഇപ്പോൾ അത് ലോകത്തിലെ ഏറ്റവും പ്രധാന പത്ത് നോവലുകളിലൊന്നാണ്. നല്ല നോവൽ വായിക്കുന്നവർക്ക് അത് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. നോവൽ ആസ്വദിക്കാൻ കഴിവില്ലാത്തവർ ഇത്തരം പരസ്യങ്ങൾ വിഴുങ്ങുമായിരിക്കും.

2)ദലിത് ചിന്തകനായ കെ.കെ. കൊച്ചിനെക്കുറിച്ച് ഡോ.ടി. എസ് ശ്യാംകുമാർ എഴുതിയ ലേഖനം (ദലിതൻ എന്ന സാമൂഹ്യവിമർശം, പച്ചക്കുതിര ,ഏപ്രിൽ)ദലിത് പോരാട്ടത്തിൻ്റെ ആശയപരമായ പ്രശ്നക്കൾ ചർച്ച ചെയ്യുന്നുണ്ട്. കെ.കെ. കൊച്ച് മരിച്ചപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്നറിഞ്ഞതെന്നു തോന്നുന്നു.

3)എസ്.കലേഷിന്റെ 'ഓരാ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മെയ് 4-10 ) അതിപ്രകടനപരത കൊണ്ട് നനഞ്ഞുപോയ കവിതയാണ്. അതിഭാവുകത്വം കവിതയുടെ നട്ടെല്ലാണെന്നു ധരിച്ച കവികളൊക്കെ ഇങ്ങനെ എഴുതും. തന്നെ ബാധിക്കാത്ത വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ അതിനു അതിവൈകാരികത അത്യാവശ്യമാണല്ലോ. തന്നെ ബാധിച്ചു എന്നു വായനക്കാരോട് കള്ളം പറയുകയാണല്ലോ. 

'പായും ലോറിയിൽ 
ഒരു കരച്ചിൽ കേട്ടു 
ഉലഞ്ഞപ്പോൾ വിതുമ്പിയതാണേ ,
ഇറച്ചിത്തുണ്ടണ്ടാകാൻ
വിളയാടും പന്നി 
തലയാട്ടി 
അടുക്കിവച്ചാലും 
ഉതിരും വിലാപം -
ഉറക്കമില്ലാത്തവർ 
വീതിച്ചെടുക്കും 
നേരമായിരുന്നു.'

ഇതാണ് അമിത വികാരപ്രകടനം .കലേഷ് വികാരം കോരിച്ചൊരിയുകയാണ് .
ഒരു പക്ഷിയെക്കുറിച്ചുള്ള സ്വപ്നത്തെ കപടമായി അവതരിപ്പിക്കുകയാണ്. ഈ കവിതയിലെ കണ്ണീർ വ്യാജമാണ്.

4)ഗായകൻ വേടന്റെ അറസ്റ്റും തുടർന്നുള്ള വിവാദവും അസുഖകരമാണെങ്കിലും അത് ആ ഗായകനു ഫലത്തിൽ ഗുണമാണ് ഉണ്ടാക്കിയിരിക്കുന്നത് .അദ്ദേഹത്തെ അറിയാത്തവരും ഈ കേസിലൂടെ പരിചയപ്പെട്ടു.ആ പാട്ടുകൾ കൂടുതൽ പേർ കേൾക്കാനും സഹായിച്ചിട്ടുണ്ട്.  കലാകാരന്മാരുടെ പേരിൽ ഇങ്ങനെ കേസെടുക്കുമ്പോഴാണ് അവർ ജീവിച്ചിരിക്കുന്നു എന്നു സമൂഹം അറിയുന്നത്. ഇതാണ് ഇന്നത്തെ ഒരു  പ്രതിസന്ധി.ഭരണകൂടത്തിനു രണ്ടു തരം കലാകാരന്മാരാണുള്ളത്:ഭരണകൂടത്തിനെ പിന്താങ്ങുന്നവരും അകന്നു കഴിയുന്നവരും. അകന്നു കഴിയുന്നവരെ വെറുതെ ശത്രുക്കളായി കാണുന്നു.

5)മലയാളകഥ തകർച്ചയുടെ ഗർത്തത്തിലാണിപ്പോൾ. മികച്ചതെന്നു പറയാവുന്ന ഒരു കഥ ചൂണ്ടിക്കാണിക്കാനില്ല .എന്തിനു നല്ലൊരു കഥ എഴുതണമെന്നു കഥാകൃത്തുക്കൾ ചിന്തിക്കുന്നുണ്ടോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു . നല്ലൊരു കഥ എഴുതിയാൽ എന്ത് കിട്ടും എന്നു വിചാരിച്ചുപോയാൽ ഉത്തരം മുട്ടും. അതുകൊണ്ട് എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചാൽ മതി. പത്രാധിപർ വിഷയം കൊടുത്തു എഴുതിപ്പിക്കാറുമുണ്ട്. വി.പി. ശിവകുമാറിന്റെ 'ഭാരതമാതാവ്' ,കെ. പി. നിർമൽകുമാറിന്റെ' കൃഷ്ണഗന്ധകജ്വാലകൾ', യു.പി.ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ',കാക്കനാടൻ്റെ 'മഴയുടെ ജ്വാലകൾ' തുടങ്ങിയ കഥകൾ ഓർക്കുകയാണ്. ഇതുപോലെ നമ്മെ ഉലയ്ക്കുന്ന ഒരു കഥ ഇപ്പോൾ ഉണ്ടാകുന്നില്ല. വായിച്ചാലുടനെ മനസ്സിൽ നിന്നു ഒഴിഞ്ഞുപോകുന്ന കഥകൾ ഇപ്പോൾ ധാരാളമുണ്ടാകുന്നു.

6)എഴുതാൻ അനുവദിച്ചില്ലെങ്കിൽ മരിക്കുമെന്നു സ്വയം കുമ്പസാരിക്കുന്നവനാണ് എഴുതേണ്ടതെന്നു കവി റെയ്നർ മരിയ റിൽക്കെ അഭിപ്രായപ്പെട്ടു.

7)റോമൻ കത്തോലിക്ക പുരോഹിതനും ചിന്തകനുമായിരുന്ന ഇവാൻ ഇല്ലിച്ച് പറഞ്ഞു: 'സ്കൂൾ ഒരു പരസ്യ ഏജൻസിയാണ്, അത് നിങ്ങളെ വിശ്വസിപ്പിക്കുന്നത് ഈ സമൂഹം ഇങ്ങനെ തുടരണമെന്നാണ്.' ഒരു പഠിതാവും പാഠങ്ങൾ വിട്ടുപോകില്ലെന്നും ഒരധ്യാപകനും പഠിച്ചതിനപ്പുറം പറയില്ലെന്നുമാണ് ഇല്ലിച്ച് സൂചിപ്പിക്കുന്നത് .അതുകൊണ്ട് ഒന്നിനും ഒരു മാറ്റവുമുണ്ടാകില്ല. മാറ്റമുണ്ടാകാതിരിക്കുന്നതിനു കാവൽ നിൽക്കുന്നവരാണ് പഠിതാക്കൾ.



ദൈവചിന്തയിൽ മനുഷ്യൻ ഇല്ലാതായി /എം.കെ.ഹരികുമാർ

 




സണ്ണി തായങ്കരിയുടെ 'കുലപതികൾ' എന്ന നോവലിൻ്റെ വായന 


ബൈബിളിൽ ഉല്പത്തി പുസ്തകത്തിലെ പിതാക്കന്മാരെ മുൻനിർത്തി സണ്ണി തായങ്കരി എഴുതിയ 'കുലപതികൾ' രചനാപരമായ സൂക്ഷ്മതയും ആശയപരമായ സമകാലിക പ്രസക്തിയും നിറഞ്ഞ നോവലാണ്. സാഹിത്യകാരന്മാർക്ക് ബൈബിൾ എന്നും പ്രചോദനമായിരുന്നിട്ടുണ്ട്.  മനുഷ്യമനസിന്റെ വിചിത്രമായ ആന്തരികത്വരകൾ അനേകം മടക്കുകളായി അടുക്കിവച്ചിരിക്കുന്ന ഖനിയാണ് ബൈബിൾ . ഇസ്രായേലിന്റെ ചരിത്രത്തിൻ്റെ അടിസ്ഥാനമായ പൂർവപിതാക്കന്മാരുടെ കാലത്തെ സംഭവങ്ങളാണ് നോവലിൽ അവതരിപ്പിക്കുന്നത്. വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കുന്നതിൽ പ്രത്യേകമായൊരു സിദ്ധി സണ്ണിക്കുണ്ട്. 
മൂല്യങ്ങൾ തലകീഴായി മറിഞ്ഞ  കാലത്ത് എങ്ങനെ സത്യത്തിൻ്റെ നേരിയ നാമ്പ് തളിരിട്ടു എന്നു വിശദമാക്കാൻ വേണ്ടി നോവലിസ്റ്റ് അധ്വാനിക്കുകയാണ് .മനുഷ്യൻ അത്ഭുതസിദ്ധിയുള്ളവനാണ്. പക്ഷേ അവൻ ഏതു പ്രകാശത്തെയും കെടുത്താൻ ശേഷിയുള്ളവനുമാണ്. അതിനു വേണ്ടി സ്വയം നശിക്കാനും തയ്യാറാണ്‌ .

ക്രിസ്തുവിനെ അന്വേഷിക്കുന്ന നോവലാണ് 'കുലപതികൾ '.ക്രിസ്തുവിൻ്റെ വരവറിയിക്കുന്ന, ക്രിസ്തുവിനെ അനിവാര്യമാക്കുന്ന ജീവിതവിധി എന്താണെന്നു സൂചന തരുന്ന കഥാഖ്യാനമാണ് .മനുഷ്യവംശത്തിൽ പിറന്ന ക്രിസ്തുവിൽ ദൈവത്തിൻ്റെ  ചിന്തകളും ശരികളും ആലേഖനം ചെയ്തിരിക്കുന്നു. ക്രിസ്തുശരീരം ദൈവത്തിൻ്റെ പരീക്ഷണശാലയാണ്. മനുഷ്യൻ്റെ മജ്ജയിൽ യേശുവിനെ കുരിശിലേറ്റിയിരിക്കുന്നു എന്നു  കസൻദ്സാക്കീസ് Christ Recrucified എന്ന കൃതിയിൽ എഴുതുന്നുണ്ട്. ആ കുരിശാരോഹണത്തിൽ നിന്നു മനുഷ്യനു അകന്നു നിൽക്കാനാവില്ല. എന്തെന്നാൽ ക്രിസ്തുവിനെ  കുരിശിലേറ്റിയതോടെ മനുഷ്യൻ എന്നന്നേക്കുമായി കുരിശിലേറ്റപ്പെട്ടിരിക്കുന്നു. ഉയിർക്കുന്നത് ക്രിസ്തു മാത്രമായിരിക്കും ,മനുഷ്യനല്ല .കാരണം മനുഷ്യനു ഇനിയും തന്റെ തെറ്റ് തിരുത്താനോ അത് മനസ്സിലാക്കാനോ സാവകാശം ലഭിച്ചിട്ടില്ല.

ദസ്തയെവ്സ്കിയുടെ നോവലിൽ  ദൈവത്തെ വിചാരണ ചെയ്യുന്നത് കാണാം. ആരാണ് വിചാരണ ചെയ്യുന്നത് ? ക്രൂരനായ മനുഷ്യൻ.ദസ്തയെവ്സ്കി മനുഷ്യൻ്റെ നീചമായ റോൾ തൻ്റെ ബോധത്തിലൂടെ തിരിച്ചറിയുന്നു. അതിനു വേണ്ടി അദ്ദേഹം സ്വയം പിശാചായി മാറുന്നു . ക്രൂരനും പാപിയും ദാക്ഷിണ്യമില്ലാത്തവനുമായ ഒരുവനു മാത്രമേ സ്വന്തം തെറ്റുകൾ  മനസ്സിലാക്കാനാവാതെ ദൈവത്തെ വിചാരണ ചെയ്യാനാവൂ.

മനുഷ്യനും ദൈവവും തമ്മിലുള്ള സംഘട്ടനം സത്യവും പാപവും തമ്മിലുള്ള സംഘട്ടനമാണ് .ഈ സംഘട്ടനത്തിൽനിന്നു സത്യത്തെ എങ്ങനെ വേർതിരിച്ചെടുക്കും ?അദ്ദേഹം ദൈവത്തെ സംശയിക്കുകയാണ്. ഒരു മനുഷ്യനു അതിനു മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ മനുഷ്യനു ദൈവത്തെ അന്വേഷിച്ചുകൊണ്ടല്ലാതെ ജീവിക്കാൻ സാധിക്കില്ല .ഒരു സ്വതന്ത്രചിന്താഗതിയിൽ മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല,ദൈവമില്ല ,മനുഷ്യൻ സൃഷ്ടിച്ച ദൈവമേയുള്ളൂ എന്നെല്ലാം പറയാം .പക്ഷേ അപ്പോഴും അവൻ തന്നിൽ അടിഞ്ഞുകൂടിയ ദൈവം എന്ന ആശയത്തെയാണ് നിരാകരിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് അവനിൽ ദൈവം ഉണ്ടായിരുന്നില്ല എന്നു പറയാനാവില്ല. നാം എന്തിനെയാണോ നിഷേധിക്കുന്നത് അത് നമ്മളിൽ ഉണ്ടെന്നർത്ഥം .അത് നിലീനമായിരിക്കുന്നതുകൊണ്ടാണ് നാം അതിനെ തേടുകയും തള്ളിപ്പറയുകയും ചെയ്യുന്നത്. അപ്പോഴും അത് ഒരാഭിമുഖ്യമായി വരുന്നു .വസ്തുതയോ വസ്തുവോ നിലനിൽക്കുന്നില്ല എന്നു സ്ഥാപിക്കാം. എന്നാൽ അതിനെ നാം അഭിമുഖീകരിക്കുന്നില്ലെന്നു പറയാനാവില്ല .അത് ഒരു ചിന്താസന്താനമായി നമ്മിൽ തന്നെ തുടരും. അപ്പോൾ അത് നിലനിൽക്കുന്നു എന്നാണ് അറിയേണ്ടത്. ആത്യന്തികമായി ദൈവം നമ്മുടെ മനസ്സിലാണുള്ളത്.  മനസ്സ് ഇല്ലാതാകുമ്പോൾ ദൈവവും ഇല്ലാതാകുന്നു. അതുകൊണ്ട് ദൈവവുമായുള്ള മുഖാമുഖം നമ്മെക്കുറിച്ചുള്ള സ്വന്തം ധാരണകളെ പരിശോധിക്കാനുള്ള അവസരമാണ്.നശ്വരനായ മനുഷ്യനു , നശ്വരമായ മനസ്സുമായി ജീവിക്കുന്ന മനുഷ്യനു അനശ്വരതയിലാണ് വിശ്വാസം. ഈ വിശ്വാസമില്ലാതെ അവനു നശ്വരമായ മനസ്സിനെയോ ജീവിതത്തെയോ നേരിടാനാവില്ല . അനശ്വരതയോടുള്ള ദാഹത്തെ ഇല്ലാതാക്കിയാൽ അത് മാനവരാശിയുടെ നാശത്തിനു കാരണമായിത്തീരും.

സണ്ണി തായങ്കരി സർഗാത്മകമായി ബൈബിളിനെ സമീപിക്കുകയാണ്. തൻ്റെയുള്ളിലെ അശരണമായ  ജീവിതകാമനകളുടെ സമ്മർദ്ദത്തിൽപ്പെട്ട് എഴുത്തുകാരൻ വിശ്വാസത്തിന്റെയും സത്യത്തിൻ്റെയും അർത്ഥം തേടുകയാണ്.  അദ്ദേഹത്തിൻ്റെ ധിഷണ പഴയ നിയമത്തിലെ അബ്രഹാമിനെയും ഇസഹാക്ക് ,യാക്കോബ്, ഏസാബ്,  ജോസഫ് എന്നിവരെയും ജീവിതപങ്കാളികളായ സാറാ,ഹാഗാർ ,റെബേക്ക ,റാഹേൽ ,ലയ തുടങ്ങിയവരെയും  അടർത്തിയെടുത്ത് അവർക്ക് കേവല മനുഷ്യമനസ് നൽകി സമകാലികമായ അർത്ഥസൃഷ്ടിയിലേക്ക്  പ്രവേശിക്കുകയാണ്.

തികഞ്ഞ നിർമമതയോടെ ,സ്വന്തം വഴിയിൽ ,പൊരുളുകളെ വകഞ്ഞു മാറ്റി ജീവിതത്തിന്റെ അർത്ഥം തേടുന്ന കൃതിയാണിത്. അസ്തിത്വപരമായ ശൂന്യതയ്ക്കു ബദലായി എഴുത്തുകാരൻ പഴയനിയമത്തെ  വ്യാഖ്യാനിക്കുന്നു. ഉല്പത്തി പുസ്തകത്തിലെ കഥാപാത്രങ്ങളിൽ നമ്മുടെ കാലത്തെ മനുഷ്യരെ അന്വേഷിക്കുകയാണ്. ഇതിനിടയിൽ കാലം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.ബൈബിളിലെ കഥാപാത്രങ്ങൾ ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു എന്നാണ് വിശ്വാസം. അതിൻ്റെ ചുവടുപിടിച്ച് നോവലിസ്റ്റ്  കഥാപാത്രങ്ങളുടെ മാനുഷികമായ സംഘർഷങ്ങൾക്ക് ഭാഷ നൽകുകയാണ് ചെയ്യുന്നത് .

ബൈബിളിലെ സന്ദർഭങ്ങൾക്ക് നോവലിസ്റ്റ് തൻ്റെ സർഗശേഷികൊണ്ട് അർത്ഥപരമായ സമകാലികത കണ്ടെത്തുന്നു; മനുഷ്യത്വത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നു. ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കുമേൽ കാലത്തിൻ്റെ അദൃശ്യമായ കണ്ണുകളുണ്ട് .ആ കണ്ണുകളെ നമുക്ക് കാണാനാവില്ല. എന്നാൽ ആ കണ്ണുകൾ നമ്മെ കാണുന്നു .ആ കണ്ണുകൾ ഒരു വ്യക്തിയുടേതാവണമെന്നില്ല .കാഴ്ച മാത്രമുണ്ടായാൽ മതി. നമ്മൾ അവശേഷിപ്പിച്ച ക്രൂരതയുടെ കാഴ്ച ആർക്കും മായ്ക്കാനാവില്ല. അത് കാലത്തിന്റെ ഏടുകളിൽ ഭദ്രമാണ്. ഉല്പത്തി പുസ്തകത്തിൽ സോദോമിനും ഗോമോറയ്ക്കുമെതിരെയുള്ള കർത്താവിൻ്റെ ക്ഷോഭം ഉദാഹരിക്കുന്നുണ്ട്. കർത്താവ് പറയുന്നത് അവരുടെ പാപം ഗുരുതരമായതുകൊണ്ട് അതിനെക്കുറിച്ചറിയാൻ അവിടം വരെ പോകുന്നു എന്നാണ് .സോദോമിലേക്കു വന്ന രണ്ടു ദൂതന്മാരെ ലോത്ത് നഗരകവാടത്തിൽ സ്വീകരിക്കുന്നു. അവർ ലോത്തിൻ്റെ വീട്ടിലേക്ക് വന്നു .അന്നു രാത്രിയിൽ അവർ അവിടെ തങ്ങുകയാണെന്നറിഞ്ഞ് സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ വന്നു വീട് വളയുകയാണ്. അവർ എന്താണ് പറയുന്നതെന്നോർക്കണം. വീട്ടിൽ വന്നവരുമൊത്ത് സുഖഭോഗങ്ങളിലേർപ്പെടാൻ അവരെ വിട്ടു കൊടുക്കണമെന്ന് .ലോത്ത്  വീടിനു പുറത്തിറങ്ങി കതകടച്ച് അവരോട് പറഞ്ഞു, തൻ്റെ രണ്ടു പെൺകുട്ടികൾ ഇവിടെയുണ്ട് ,അവരെ വിട്ടുതരേണ്ടി വന്നാലും ഈ അതിഥികളെ ഒന്നും ചെയ്യരുതെന്ന് . ഇതറിഞ്ഞ് കുപിതരായ അതിഥികൾ  അവിടെ കൂടിയവരെ അന്ധരാക്കി  ചിതറിച്ചു .ആ ദൂതന്മാർ ലോത്തിനെയും കുടുംബത്തെയും അവിടെ നിന്നു രക്ഷിച്ചു. ആ നഗരം കർത്താവ് നശിപ്പിക്കാൻ പോവുകയാണല്ലോ.



കർത്താവ് ആകാശത്തിൽ നിന്നു സോദോമിലും ഗൊമോറയിലും അഗ്നിയും ഗന്ധകവും വർഷിച്ചു. ആ പട്ടണങ്ങളെയും താഴ്വരകളെയും അവയിലെ നിവാസികളെയും സസ്യലതാതികളെയും അവിടുന്നു നാമാവശേഷമാക്കി .ഈ കഥയിൽ തന്നെ പ്രാചീന മനുഷ്യൻ പ്രവൃത്തിയിൽ എത്രമാത്രം അധ:പ്പതിച്ചിരുന്നുവെന്ന് വ്യക്തമാകുന്നു. കർത്താവ് ഓരോ തെറ്റിലും ഇടപെട്ട് പ്രവർത്തിക്കുകയാണ്. എന്നാൽ മനുഷ്യനു എന്തെങ്കിലും മാറ്റമുണ്ടോ? കർത്താവിനു പോലും മനുഷ്യനെ സ്വാധീനിക്കാനാവുന്നില്ല. നോവലിൽ  യാക്കോബിന്റെ സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷപ്പെടുന്നു. അവനെ സംരക്ഷിക്കുമെന്നു ദൈവം ഉറപ്പു കൊടുക്കുന്നു. അതിനോടുള്ള പ്രതികരണം എന്നപോലെ അവൻ പ്രതിജ്ഞ ചെയ്തു: "എനിക്കു വാഗ്ദാനം തന്ന ദൈവമായ കർത്താവ് എന്നോടുകൂടെ ഉണ്ടായിരിക്കുകയും ഈ യാത്രയിൽ എന്നെ സംരക്ഷിക്കുകയും ഉണ്ണാനും ഉടുക്കാനും തരികയും പിതാവിൻ്റെ ഭവനത്തിൽ സമാധാനത്തോടെ തിരിച്ചെത്തിക്കുകയും ചെയ്താൽ കർത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തിനിർത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിൻ്റെ ഭവനമായിരിക്കും.അവിടുന്ന് എനിക്ക് തരുന്നതിന്റെയെല്ലാം പത്തിലൊന്ന്  ഞാൻ അവിടുത്തേക്ക് കാഴ്ചയായി സമർപ്പിക്കും."

യാക്കോബിന്റെ ഈ ചിന്ത ദൈവം അവനിൽ എത്രമാത്രം ദുർബ്ബലമായി എന്നു വ്യക്തമാക്കുന്നുണ്ട്. ദൈവം അവനെ സഹായിച്ചാൽ തിരികെ സഹായിക്കാമെന്ന് ! അവനു ദൈവം കൊടുക്കുന്നതിൻ്റെ പത്തിലൊന്ന്  തിരികെ കൊടുക്കുമെന്ന് !യാക്കോബിൽ നോവലിസ്റ്റ് ഇന്നത്തെ മനുഷ്യരെ കാണുകയാണ്. അവർ ആത്മാവിൽ എത്ര ദരിദ്രരാണ്. അവർ ദൈവചിന്തയെ എത്ര മലിനമാക്കിയിരിക്കുന്നു. ദൈവം വേണമെങ്കിൽ തന്നിൽ വിശ്വസിക്കട്ടെ എന്നു ചിന്തിക്കുന്നവരുണ്ട്. അവർ ദൈവത്തെ ആഹ്വാനം ചെയ്യുകയാണ്, തങ്ങളെ സംരക്ഷിക്കാൻ. സംരക്ഷിച്ചില്ലെങ്കിൽ അവർ ദൈവത്തെ തള്ളിപ്പറയും. ഇതാണ് ഇന്നത്തെ വിശ്വാസത്തിൻ്റെ അപമാനവീകരിക്കപ്പെട്ട ചിന്ത. മനുഷ്യൻ അവന്റെ ചിന്തയിൽ നിന്നു അകന്നു പോയിരിക്കുന്നു. അവനു സ്വന്തം പ്രതിച്ഛായയിലോ വർത്തമാനത്തിലോ വിശ്വാസമില്ല. ഉല്പത്തിക്കഥയിലെ കഥാപാത്രങ്ങളിലൂടെ ആധുനിക മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് നോവലിലുള്ളത്. വളരെ ആഴത്തിലുള്ള ഒരു ബൈബിൾ വായനയാണിത് .നാളിതുവരെയുള്ള മനുഷ്യൻ്റെ ഭൗതികപുരോഗതിക്ക് തുല്യമായ ആത്മീയ വളർച്ച ഉണ്ടായിട്ടില്ലെന്ന സൂചനയാണ് 'കുലപതികൾ' നൽകുന്നത്.കാലത്തിൻ്റെ ദൈർഘ്യത്തിൽ എല്ലാ തിന്മകളും പഴയതുപോലെതന്നെ തുടരുകയാണ്. ഒന്നും ഇല്ലാതാകുന്നില്ല. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾ ബുദ്ധിപരമായ വളർച്ചയുടെ അടയാളങ്ങളാണ്. എന്നാൽ  മനുഷ്യൻ്റെ ആന്തരികാവസ്ഥ പഴയതുപോലെ തന്നെയാണ്.അഹന്തയും ക്രൂരതയും അവനെ വിട്ടൊഴിയുന്നില്ല. 

ഇസ്രായേലിന്റെ കുലപതികളുടെ അവസാനത്തെ കണ്ണിയായ ജോസഫിന്റെ അന്ത്യനിമിഷങ്ങളെ വികാരതീവ്രമാക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട് .അത് കദനമാണ് പങ്കു വയ്ക്കുന്നത്. മനുഷ്യൻ മരിച്ചു ,ദൈവം മരിച്ചതുപോലെ. മനുഷ്യചിന്തയിൽ ദൈവം മരിച്ചു എന്നാണ് ഫ്രഞ്ച് തത്ത്വജ്ഞാനി നീഷെ 'ദൈവം മരിച്ചു' എന്ന പറഞ്ഞതിൻ്റെ അർത്ഥം. നീഷെയുടെ വാക്കുകൾ: God is dead.God remains dead.And we have killed him.How shall we comfort ourselves ,the murderers of all murderers?

മനുഷ്യനു ദൈവത്തെ നഷ്ടപ്പെട്ടതിന്റെ വെപ്രാളവും ഭ്രാന്തമാണ് പിടിപെട്ടിരിക്കുന്നത്. എന്നാൽ 'കുലപതികൾ' വായിച്ചപ്പോൾ ദൈവചിന്തയിൽ മനുഷ്യൻ മരിച്ചു എന്ന പറയാൻ തോന്നി .ദൈവത്തിനു വലിയ പ്രതീക്ഷയുണ്ടായിരുന്നു, മനുഷ്യനെ സൃഷ്ടിക്കാൻ .താൻ ചിന്തിക്കുന്നത് മനുഷ്യന്റെ ഭാഷയിലും ബുദ്ധിയിലുമായിരിക്കുമെന്നു ദൈവം കണക്കുകൂട്ടിയിരിക്കണം. സുന്ദരമായ ഒരു സങ്കല്പമാണത്. മനുഷ്യൻ ഏറ്റവും നന്നായി പ്രാർത്ഥിക്കുമ്പോൾ ശുശ്രൂഷിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ അവിടെ ദൈവം സ്പർശത്തിലോ നോട്ടത്തിലോ രംഗപ്രവേശം ചെയ്യുന്നു.  ദൈവത്തിൻ്റെ ചിരി പരക്കുന്നു.ഒരു ശലഭത്തിന്റെ നൈമിഷികതയിൽ ദൈവം അതാസ്വദിക്കുന്നു. എന്നാൽ മനുഷ്യനു ഈ സിദ്ധികൾ നഷ്ടപ്പെടുമ്പോൾ ദൈവചിന്തയിൽ നിന്നു അകന്നുപോകുന്നു. ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട പ്രാണികളെ അവയുടെ ആവാസവ്യവസ്ഥയിൽ  കടന്നു കയറി ജീവനോടെ പാചകം ചെയ്ത് ഭക്ഷിക്കുന്ന മനുഷ്യനോട് ആശയവിനിമയം ചെയ്യാൻ  ദൈവത്തിനാവില്ല .ദൈവത്തിൻ്റെ ഭാഷ ഇവിടെ വിനിമയം ചെയ്യപ്പെടുന്നില്ല. മനുഷ്യചിന്തയുടെ ജാലകങ്ങൾ അടഞ്ഞുകിടക്കുന്നു. മനുഷ്യബോധത്തെ ഒരു തരത്തിലും ഉണർത്താൻ ദൈവത്തിനാവുന്നില്ല.

സണ്ണി തായങ്കരി



ദൈവം ഏകാന്തനാവുകയാണ്, സൃഷ്ടിയുടെ വേളകൾക്ക് ശേഷം. സൃഷ്ടി ഒരു പ്രപഞ്ചനിയമമാകയാൽ ദൈവത്തിനു അത് റദ്ദ് ചെയ്യാനാവില്ല. സൃഷ്ടിയുടെ പ്രാപഞ്ചികതയിലെ സ്വയം പ്രവർത്തനമാണത്. ദൈവചിന്തയിൽ മനുഷ്യൻ മരിച്ചു. ദൈവത്തിനു  മ മനുഷ്യചിന്തയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. മനുഷ്യൻ അവനു മാത്രം മനസിലാകുന്ന യുക്തി വികസിപ്പിക്കുന്നു.  മാത്രം അതുകൊണ്ട് മൃത്യുവിനു പുതിയ മാനം നൽകിയിരിക്കുകയാണ് നോവലിസ്റ്റ്. മൃത്യു ഒരു തിരിച്ചു പോക്കാണ്. ജനിച്ചതിനു ശേഷം മനുഷ്യൻ തീവ്രമായി അന്വേഷിച്ചത് എങ്ങോട്ടാണ് മടക്കം എന്നാണ്. ഓരോ നിമിഷവും, തീക്ഷ്ണമായ ഈ ആഗ്രഹത്തെ അവൻ മറച്ചുപിടിക്കുകയാണ് .മറ്റുള്ളവരെ ദ്രോഹിക്കാതെയും ചതിക്കാതെയും ജീവിക്കാൻ സാധ്യമല്ലാത്തതുകൊണ്ട് ഈ ആഗ്രഹം മറഞ്ഞിരിക്കുന്നതാണ് അഭികാമ്യം. ദൈവത്തിനു മറഞ്ഞിരിക്കുന്നതാണല്ലോ ആകെയുള്ള സാധ്യത. ദൈവം പ്രത്യക്ഷതയല്ല ,അപ്രത്യക്ഷതയുടെ അർത്ഥമാണ്. നാം കാണാത്തപ്പോൾ നമ്മെ കാണുന്ന കണ്ണ് നമ്മുടേതല്ല.എന്നാൽ അങ്ങനെയൊരു കാഴ്ചയുണ്ട് .അതാണ് ദൈവത്തിൻ്റെ അപ്രത്യക്ഷതയായി മാറുന്നത്. നോവലിൻ്റെ അവസാനം ജോസഫ് ഒരു  സ്വപ്നം കാണുന്നുണ്ട്. അത് അകന്നു പോയ ഒരു കണ്ണി കൂടിച്ചേരുന്ന പോലെ തോന്നും. പുതിയ ഫറവോയുടെ സേവകർ എത്തിയതറിഞ്ഞ് ജോസഫ് ഇങ്ങനെ പ്രതികരിച്ചു: 'അവർ പുറത്തു നിൽക്കട്ടെ. ഒരു മരണവാർത്ത മാത്രമേ ഇനി എന്നിൽ നിന്ന് അവർക്ക് കിട്ടാനുള്ളൂ.'ജോസഫിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിതാവിനെപ്പോലെ തനിക്ക് ദൈവദർശനം ലഭിച്ചിരുന്നെങ്കിലെന്നു ജോസഫ് ആഗ്രഹിക്കുന്നു. പിതാക്കന്മാരുടെ ദൈവം ഒരു യാഥാർത്ഥ്യമായിരുന്നു .അവർക്ക് ദൈവം കൽപ്പിച്ചു നൽകിയ ദേശത്തേക്ക് പോകാനാണ് അദ്ദേഹം  ഇഷ്ടപ്പെടുന്നത്. ആ ദേശത്തേക്ക് പുറപ്പെടുമ്പോൾ ,തന്നെ അനുഗമിക്കുന്നവരുടെ കൈകൾ ശൂന്യമായിരിക്കരുതെന്നും തൻ്റെ ഭൗതിക അവശിഷ്ടങ്ങൾ കരുതണമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.ഇസ്രയേൽ വംശത്തിൻ്റെ പിതാവ് നാടുവിടുകയാണ്. അപ്പോൾ പുതിയ ഫറവോ ഈജിപ്റ്റിനെ അടിമ സംസ്കാരത്തിലേക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു. ലോകം പ്രതീക്ഷയല്ല ,നിരാശയാണ് പരത്തുന്നതെന്ന ദർശനമാണ് നോവൽ അനുഭവിപ്പിക്കുന്നത് .

ഉല്പത്തി പുസ്തകത്തിലെ വിവരണത്തിൽ യാഥാർത്ഥ്യത്തിൻ്റെ മാന്ത്രികതയുണ്ട്. ജോസഫിന്റെ സ്വപ്നത്തെക്കുറിച്ച് ബൈബിളിൽ സൂചിപ്പിക്കുന്ന ഭാഗം ശ്രദ്ധിക്കുക.കറ്റ കെട്ടിക്കൊണ്ടിരുന്നപ്പോൾ കറ്റ എഴുന്നേറ്റു നിന്നുവെന്നും മറ്റുള്ളവരുടെ കറ്റകളെല്ലാം ചുറ്റും വന്നു ജോസഫിന്റെ കറ്റയെ താണു വണങ്ങിയെന്നും  വായിക്കാം. സഹോദരന്മാർ ഈ സ്വപ്നത്തിന്റെ പേരിൽ അവനെ ശകാരിക്കുകയാണ്. ജോസഫ് തങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുമെന്നാണ് പറയുന്നതെന്നു  അവർ വ്യാഖ്യാനിച്ചു. ജോസഫിന്റെ മറ്റൊരു സ്വപ്നം ഇതാണ് :"സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി. അവൻ ഇത് പിതാവിനെയും സഹോദരന്മാരെയും  അറിയിച്ചപ്പോൾ പിതാവ് അവനെ ശകാരിച്ചു കൊണ്ട് പറഞ്ഞു: എന്താണ് നിന്റെ സ്വപ്നത്തിൻ്റെ അർത്ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണു വണണമെന്നാണോ?" ഈ സ്വപ്നവും അതിനോടുള്ള പ്രതികരണവും മാന്ത്രിക യാഥാർത്ഥ്യമാണ് .വിചിത്രമായ സ്വപ്നങ്ങൾക്ക് അവർ കണ്ടെത്തുന്ന അർത്ഥവും മാന്ത്രികമാണ്. ഈ  മാന്ത്രികതയെ ഇഴപിരിച്ചെടുത്താണ് സണ്ണി നോവലെഴുതിയിരിക്കുന്നത്.  ആഴമുള്ള അനുഭവങ്ങളും കൊളുത്തി വലിക്കുന്ന ഭാഷയും ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളുമാണ് 'കുലപതികളെ' നമ്മുടെ ഭാഷയിലെ ഒരു എണ്ണം പറഞ്ഞ നോവലാക്കുന്നത്. ഈ നോവൽ കലയുടെ പേരിൽ വായിക്കപ്പെടേണ്ടത് തന്നെയാണ്. മാനവജീവിതത്തിന്റെ ഭാവിയിൽ വിശ്വസിക്കുന്നവരെ 'കുലപതികൾ' അർത്ഥവത്തായ പല വഴികളിലേക്ക് തിരിച്ചുവിടാതിരിക്കില്ല.


റഷ്യൻ ദൈവശാസ്ത്രജ്ഞനായ നിക്കോളാസ് ബെർദ്യെവ് മതപരമായ അരാജകത്വത്തെപ്പറ്റി എഴുതുന്നുണ്ട്. 
മനുഷ്യൻ മറ്റൊരു മനുഷ്യൻ്റെമേൽ  അധികാരം പ്രയോഗിക്കുന്നത് പാപവും തിന്മയും കൊണ്ടാണ്. എന്നാൽ മനുഷ്യനു മറ്റൊരു മനുഷ്യൻ്റെമേൽ  അധികാരമില്ലാതിരിക്കുമ്പോൾ സമ്പൂർണതയാണ് സംഭവിക്കുന്നത്. ഇതാണ് അരാജകത്വം .ദൈവരാജ്യത്ത് സ്വാതന്ത്ര്യമാണുള്ളത്. അവിടെ അധികാരമില്ല. ഇതാണ് സണ്ണി വിനിമയം ചെയ്യാൻ ശ്രമിക്കുന്നത്.