പി.ഭാസ്കരൻ ജന്മശതാബ്ദിയിൽ
'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന കാവ്യത്തെ മുൻനിറുത്തി ഒരു ദാർശനികവിചാരം
ഒരു
കവി തൻ്റെ വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്നതിൻ്റെ സമാധാനവും ആനന്ദവുമാണ്
പി. ഭാസ്ക്കരൻ്റെ 'ഒറ്റക്കമ്പിയുള്ള തംബുരു.' ജീവിതത്തിൻ്റെ ഒരു ഘട്ടം
കഴിയുമ്പോൾ വെളിപാടിനു ഭാഗ്യമുള്ളവർക്ക്, സത്യങ്ങൾ കാണാൻ
വിധിക്കപ്പെട്ടവർക്ക്, ഈ ദർശനം ലഭിക്കുന്നു. ഒരു തിരിച്ചുപോക്ക്
അനിവാര്യമായി തീരുകയാണ്. സകലകലമ്പലുകളും അസ്തമിച്ച ശേഷവും ഇനിയെന്ത് എന്ന്
അന്വേഷിക്കുന്നവർക്ക് പോകാൻ ഒരിടമുണ്ടാവണമെന്നില്ല .ഉള്ളിൽ മരിക്കാത്ത
മനുഷ്യനുണ്ടെങ്കിൽ മാത്രമേ ഈ തിരിച്ചുപോക്ക് സാധ്യമാവുകയുള്ളൂ.
രാഷ്ട്രീയത്തിന്റെയും സിനിമയുടെയും സംസ്കാരത്തിന്റെയും വിവിധ തുറകളിൽ
പ്രവർത്തിച്ചതിന്റെ ചവർപ്പ് അദ്ദേഹം ഇവിടെ ഉപേക്ഷിക്കുന്നു. കയ്പേറിയ
അനുഭവങ്ങളുടെ മിഥ്യ അദ്ദേഹം ഉൾക്കൊള്ളുകയാണ്. മനുഷ്യനാകാൻ മോഹിച്ച്
ഭൗതികജീവിതത്തിൻ്റെ അവസരങ്ങളുടെ ഇരയായി മാറേണ്ടിവന്ന ഒരാത്മാവിൻ്റെ
ഏറ്റുപറച്ചിലും കുമ്പസാരവുമാണ് 'ഒറ്റക്കമ്പിയുള്ള തംബുരു'. ഇത്രയും
ആത്മാർത്ഥമായ ഒരു ഏറ്റുപറച്ചിൽ, പ്രണമിക്കൽ മലയാളകവിതയിൽ ഉണ്ടെന്നു
തോന്നുന്നില്ല.
കവി ആദ്യവരിയിൽ തന്നെ സൂചന
നൽകുന്നുണ്ട്. 'ചിറകുകളൊടിഞ്ഞു തകർന്നു വീഴുന്നു ഞാൻ' എന്ന് .ഈ ഭൂമിയുടെ
തനിപ്പച്ചപ്പിലേക്ക്, തനിസത്യത്തിലേക്ക്, തണുപ്പിലേക്ക്, ആദിമമായ
ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുകയാണ്. മുൻപുണ്ടായിരുന്ന
ആഗ്രഹങ്ങളെല്ലാം പതിരായിരുന്നുവെന്നു മനസ്സിലാക്കുന്ന വ്യർത്ഥതയുടെ
ബിന്ദുവാണിത്. കാൽപനികവികൾ പറയുമായിരുന്ന വാഗ്ദത്തഭൂമിയുടെ നഷ്ടമല്ല ഇത്
.വാഗ്ദത്തഭൂമി രാഷ്ട്രീയ ഭൂമിയായിരുന്നു .ഒരു പുതിയ മനുഷ്യന്റെ ഉദയം
ലഭിക്കുമെന്ന പ്രത്യാശയിൽ കവികൾ രാഷ്ട്രീയ മനുഷ്യനെ അംഗീകരിച്ച്
എഴുതിക്കൊണ്ടിരുന്നു. എന്നാൽ കൺമുന്നിൽ ആ രാഷ്ട്രീയമനുഷ്യൻ കളിമൺ പ്രതിമ
പോലെ ഉടഞ്ഞു താഴെ വീണു. അതവരെ വേദനിപ്പിച്ചു. ചിലരെ കടുത്ത
നിരാശയിലാഴ്ത്തി. അതിൻ്റെ പേരിൽ എഴുത്ത് തന്നെ അവസാനിപ്പിച്ചവരുണ്ട്. അവർ
പരാജയപ്പെട്ടത് അവരുടെ തൂലികയോടൊപ്പമാണ്. തൂലിക പരാജയപ്പെടാൻ പിന്നെങ്ങനെ
എഴുതും? ഏതൊരാളുടെയും ശക്തി തന്റെ തൂലികയിലുള്ള വിശ്വാസമാണ്. സമ്പത്തോ
യശസ്സോ നേടിത്തരുമെന്ന വിശ്വാസമല്ല. താൻ എഴുതുന്നതിൽ സത്യമുണ്ടെന്ന
വിശ്വാസം .അത് നഷ്ടപ്പെട്ടാൽ പിന്നെ എഴുതാനൊക്കില്ല .താനൊരു മെഴുകു
പ്രതിമയെയാണ് ജീവനുള്ള മനുഷ്യനായി കണ്ട് വർണിച്ചുകൊണ്ടിരുന്നതെന്നു
തിരിച്ചറിയുന്ന ഒരു നിമിഷത്തിൽ അയാൾ പൊട്ടിത്തകർന്നു പോകുന്നു. ഇവിടെ പി.
ഭാസ്ക്കരൻ ആ രീതിയിലുള്ള തകർച്ചയല്ല നേരിട്ടത്. തൻ്റെ ജീവിതാരോഹണങ്ങളും
പദാരോഹണങ്ങളും തനിക്ക് ഒരു നേട്ടമുണ്ടാക്കിത്തന്നില്ലെന്ന വിഷാദമല്ല,
തന്നിലെ മനുഷ്യനെ നഷ്ടപ്പെടാനിടയാക്കി എന്ന വ്യഥയാണ് ഇവിടെ കാണുന്നത്.
അറിവിൽ നിന്നു മുറിവ്
തൻ്റെ
പഴയ മണ്ണിലേക്ക് തിരിച്ചെത്തുന്നതിൽ വലിയ ആശ്വാസം തോന്നുകയാണെന്നു കവി
അറിയിക്കുന്നുണ്ട് .തന്നിലേക്ക് വന്ന അറിവുകൾ ഒരു സംഘാതമായതിന്റെ
വ്യഥയുമുണ്ട്.
"വിപുലതരവിജ്ഞാനഘോരവനചരൻ വിശിഖനിരമേൽക്കുമേൽ മെയ്യിതി,ലെ യ്യവേ
അറിവുക,ളഗാധമാം ,രക്താഭിഷിക്തമാം
മുറിവുകളിയറ്റിയൊരെൻ ജീവനാളിയെ "
അറിവുതേടിപ്പോയ
തനിക്ക് അതിൻ്റെ പേരിൽ മുറിവേറ്റു എന്നാണ് കവി മനസ്സിലാക്കുന്നത്. ആ
മുറിവുകളിൽ നിന്നു ചോര വാർന്നൊഴുകുകയാണ്. ഇനി ഒരു നിമിഷം പോലും ആ വനത്തിൽ
നിൽക്കാനാവില്ല .അവിടെ സ്നേഹത്തിനും വിശ്വാസത്തിനും ക്ഷതമേറ്റു. എല്ലാം
നിഴലുകളായി രൂപാന്തരപ്പെട്ടു. ശരപഞ്ചരപഞ്ചാഗ്നിയിലായിരുന്നു കവി.
അവിടെനിന്ന് ഒരു വിധത്തിൽ രക്ഷപ്പെട്ടെത്തുകയാണ് കവി .ഈ തിരിച്ചുവരവിനും
ശക്തി വേണം. ചുറ്റുമുള്ള ലോകം തകരുമ്പോഴും ആത്മാവിനെ നഷ്ടപ്പെടുത്താൻ വയ്യ ;
അതുകൊണ്ട് കവിത തൻ്റെ മാതാവിലേക്ക് തിരിച്ചെത്തുകയാണ്. ആ മാതാവ് ഭൂമിയാണ്,
തൊടിയാണ് , വളർത്തുമൃഗങ്ങളാണ്, അമ്മയാണ് ,സസ്യജാലമാണ് , സ്നേഹിതരാണ്,
സ്നേഹമാണ്.
സ്ഥലകാലങ്ങൾ വിഭ്രാന്തികളായെങ്കിലും
,സഹജമായ മനുഷ്യസ്വഭാവങ്ങളുടെ നാരായവേരുകൾ ഇരുട്ടിൻ്റെ ചളിയിൽ
പുതഞ്ഞുപോയെങ്കിലും താൻ ഇതാ തിരിച്ചെത്തുകയാണ്, ചളിയിൽ താഴ്ന്നു നിൽക്കുന്ന
താമരത്തണ്ടിൽ നിന്നു വളർന്നു വെള്ളത്തിനു മുകളിൽ നിൽക്കുന്ന പൂക്കൾ
അമ്മയുടെ കാൽപാദങ്ങളിൽ അർച്ചന ചെയ്യാൻ കൊതിക്കുന്നതുപോലെ. കവിയുടെ
കുറ്റസമ്മതം ഇങ്ങനെയാണ്:
"ഇവനെയിവനാക്കിയ കാരുണ്യമൂർത്തിതൻ
സവിധമതുപേക്ഷിച്ചു പോന്നവനെങ്കിലും "
എന്നിട്ടോ, ഒരിടത്തും ശാന്തി ലഭിച്ചില്ല .
ഇരവുപകലുകൾ
ഓടുകയായിരുന്നു., ജീവിതം തേടി .അത് യഥാർത്ഥജീവിതമായിരുന്നോ? അത് എന്താണ്
തനിക്ക് നൽകിയത്? ചീറിപ്പറക്കലുകൾ ,വെട്ടിപ്പിടിക്കലുകൾ, ചുഴികളുടെ
മൃത്യുക്കെണികൾ - ഇതെല്ലാമാണ് ഓർമ്മയിൽ വന്നത്. ഈ പാച്ചിലിനിടയിൽ വലിയ ഒരു
നഷ്ടം ഉള്ളിൽ സംഭവിച്ചു. അത് തന്റെ മനുഷികതയെ നിലനിർത്താനായില്ല
എന്നുള്ളതാണ്. അപ്പോഴൊക്കെ ഓർത്തത് അമ്മയെയാണ്. സുരക്ഷിതമായ
,അലട്ടിലില്ലാത്ത ഒരു ഭൂതകാലത്തിലേക്ക് മടങ്ങുവാനുള്ള ആഗ്രഹമാണത്. ആ
ഓർമ്മകൾ തഴച്ചുവളരാൻ തുടങ്ങുമ്പോൾ താൻ എന്തെങ്കിലും എഴുതുക പതിവാണെന്നു കവി
പറയുന്നു. '
ആ യാത്രയിൽ കവി യാന്ത്രികമായി പലതും
ചെയ്തെങ്കിലും ഒന്നിലും തൃപ്തിയില്ലായിരുന്നു .എന്തൊക്കെയോ നഷ്ടപ്പെട്ടു
എന്ന തോന്നുൽ ദൃഢമായിരുന്നു.തന്റെ ജീവിതം ഒരു മരുഭൂമിയിലാണെന്നും എല്ലാ
പച്ചപ്പും അപ്രത്യക്ഷമായെന്നും അദ്ദേഹം ഓർക്കുന്നു .ശീതളവനങ്ങൾ, കർക്കടക
കാറ്റിൽ ഉലയുന്ന തെങ്ങിൻ നിരകൾ, ഉടമണി കിലുക്കി ഉറഞ്ഞ് കലിയിളകിയാടുന്ന
കവുങ്ങിൻ തൊടികൾ, മേട വെയിലിൽ ചെമ്പട്ടു കുട നിവർത്തുന്ന മുരുക്കും വാകയും,
നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ വേനൽ കൊന്നകൾ ,നീലപ്പഴങ്ങൾ
കരുതിവയ്ക്കുന്ന ഞാവലും പേരയും, മലർത്തരി നീട്ടുന്ന അത്തിയും ഇത്തിയും
,വികൃതികാട്ടുന്ന പച്ചക്കദളി, വേലിയിൽ നാണിക്കുന്ന പവിഴമണിമല്ലി
,പാരിജാതങ്ങൾ, പാതിരാഗന്ധി ,കൈതച്ചെടികൾ,കുമ്പളപ്പന്തൽ,മണിത്താലി
ചാർത്തുന്ന പുന്നാഗം,നെല്ലി ,ആമ്പൽ... ഇതെല്ലാം ഓർക്കുമ്പോൾ മരുഭൂമിയിൽ
ജീവിക്കുന്നവനു എന്ത് ആഹ്ലാദമാണ് ഉണ്ടാക്കുന്നത്!.ഒരു മടങ്ങിപോക്കിനു
എപ്പോഴും നിർബന്ധിക്കുന്ന പൂർവ്വകാല സ്മൃതികളായി ഇതെല്ലാം ബോധത്തിലുണ്ട്.
മാനുഷികത വികസിക്കുകയാണ് .അത് മനുഷ്യനിലാണ് വികസിക്കുന്നത്; മറ്റൊരിടത്ത്
അത് അന്വേഷിക്കേണ്ടതില്ല .എല്ലാത്തിൽ നിന്നും ഓടിയൊളിച്ച് ,യാതൊന്നിനോടും
വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അടുക്കാതെ ഏകാന്തവത്മീകത്തിൽ സ്വാർത്ഥതയോടെ
കഴിയുന്നവർ ഏറുന്ന ഈ കാലത്ത് 'ഒറ്റക്കമ്പിയുള്ള തംബുരു' പ്രസക്തമാവുകയാണ്.
ഇത് ഓരോർമ്മപ്പെടുത്തലാണ് .അല്പം സ്നേഹം സഹജീവികൾക്ക് കൊടുക്കാം .സ്നേഹം
ഒരു പ്രാപഞ്ചിക കോഡാണ്. എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന, ആർക്കും
മനസ്സിലാകുന്ന ഒരു ചരടുണ്ടെങ്കിൽ അത് സ്നേഹമാണ്. മനുഷ്യരേക്കാൾ സ്നേഹം
മനസ്സിലാക്കാൻ ജീവികൾക്കും സസ്യങ്ങൾക്കും കഴിവുണ്ട്. പരിപാലിക്കുകയും
സ്നേഹിക്കുകയും ചെയ്താൽ ജീവികൾ പൊതുവേ നമ്മോട് തിരിച്ചും സ്നേഹമുള്ളവരായി
മാറും.ഈ പ്രപഞ്ചത്തിൽ മനുഷ്യരെ തമ്മിലും, ഇതര ജീവികളെ തമ്മിലും
കൂട്ടിയിണക്കുന്നത് സ്നേഹമാണ്. മറ്റൊന്ന് ഇതുവരെ കണ്ടു
പിടിക്കപ്പെട്ടിട്ടില്ല .സ്നേഹത്തിന്റെ ശക്തിയിലാണ് മറ്റു വസ്തുക്കൾ
സ്നേഹത്തിൻ്റെ ഉപഹാരമായി നിലകൊള്ളുന്നത് .
ഒരിക്കലെങ്കിലും സ്നേഹം പ്രകടിപ്പിച്ചിട്ടുള്ളവർക്ക് അതൊരു അടയാളമായിരിക്കും.
ഒരു വെളിപാട്
ടോൾസ്റ്റോയിയുടെ
'ഡയറി ഓഫ് എ ലൂനാറ്റിക്' എന്ന കഥ 1884 ലാണ്
പ്രസിദ്ധീകരിച്ചത്.ടോൾസ്റ്റോയിയുടെ ആത്മകഥയുടെ സത്ത ഇതിലുണ്ട്.
ടോൾസ്റ്റോയ് എന്ന വ്യക്തിയുടെ സംഘർഷങ്ങളും സത്യാന്വേഷണപരമായ
എത്തിച്ചേരലുകളുമാണ് ഇതിലുള്ളത്. ഇതിലെ പ്രധാന കഥാപാത്രം ധനികനാണ്.എന്നാൽ
അയാളെ ഒരു ഘട്ടത്തിൽ ചില പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങി. അത്
സ്വകാര്യപ്രശ്നങ്ങളാണ്. അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിവൃത്തിയില്ല.
കാരണം അതിൽ ലാഭത്തിന്റെ കണക്കില്ല. അയാൾക്ക് മാത്രം പരിഹരിക്കാവുന്നതാണ് ആ
പ്രശ്നങ്ങൾ .അല്ലാത്തിടത്തോളം കാലം അയാൾ ഭ്രാന്തനാണ്. മറ്റുള്ളവർക്ക്
ബോധ്യപ്പെടാത്ത ഏതൊരു പ്രശ്നവും ഒരാൾ തലയിലേറ്റിയാൽ അത് ഭ്രാന്താണെന്നു
വിലയിരുത്തപ്പെടും .പ്രധാനമായും അയാളെ മരണഭയം,ഉത്ക്കണ്ഠ, ആശങ്ക തുടങ്ങിയവ
വേട്ടയാടുകയാണ്. എസ്റ്റേറ്റ് വാങ്ങാൻ പോകുമ്പോഴും, മുറിയെടുത്ത്
താമസിക്കുമ്പോഴും മരണഭയമാണ് അയാളെ വരിഞ്ഞുമുറുക്കുന്നത് .അയാൾ ദൈവത്തെ
വിളിച്ചുനോക്കി. പ്രയോജനമുണ്ടായില്ല .തന്റെ ഈ വിചിത്രമായ രോഗം മറ്റുള്ളവർ
അറിയാതിരിക്കാൻ അയാൾ പാടുപെട്ടു. എന്നാൽ ഒരു ദിവസം മനസ്സിലേക്ക് ഒരു
വേദവാക്യം ഇടിമിന്നൽ പോലെ കടന്നു വന്നു .ചൂഷണം ചെയ്യുന്നതിനു എതിരായിരുന്നു
ആ സന്ദേശം. കർഷകരും നമ്മെപ്പോലെ മനുഷ്യരാണ്. അവരും പിതാവിന്റെ
സന്തതികളാണ് എന്ന ആശയമായിരുന്നു അത്. അതുവരെ ചൂഷണം ചെയ്യാൻ ഒരു
മടിയുമുണ്ടായിരുന്നില്ല. ഈ ജ്ഞാനം അയാളെ മാറ്റി മറിച്ചു. അയാൾക്ക് ആഹ്ലാദം
മറച്ചുവയ്ക്കാനായില്ല. അയാളെ ബാധിച്ച ഭ്രാന്തിൽ നിന്നു രക്ഷനേടാൻ
സഹായിച്ചത് ഇതായിരുന്നു .അതുവരെ മനസ്സിൻ്റെ വഴിയിൽ കെട്ടിനിന്ന തടസ്സങ്ങൾ
മാറിക്കിട്ടി. അയാൾക്ക് സന്തോഷം തോന്നി. പള്ളിയിലെ പ്രാർത്ഥനയ്ക്ക്
പോയപ്പോൾ ,നേരത്തേയുണ്ടായ വെളിപാടിന്റെ ബലത്തിൽ മതിലിനു പുറത്തുനിന്ന
യാചകരോട് ആഭിമുഖ്യം തോന്നി. അവരെ അയാൾ സ്നേഹിച്ചു .അവർ ദൈവത്തിൻ്റെ
മക്കളാണെന്ന ബോധോദയം അവരുടെ അടുത്തെത്തിച്ചു. അവർക്ക് 35 റൂബിൾ
വീതിച്ചുകൊടുത്തു. അങ്ങനെയാണ് അയാൾ മാസങ്ങളോളം അനുഭവിച്ച ദുരിതത്തിൽ നിന്നു
,ഭ്രാന്തിൽ നിന്നു മോചനം നേടിയത് .
ഇതെങ്ങനെയാണ്
സംഭവിക്കുന്നത്? മനുഷ്യർക്ക് ജീവിക്കാൻ സ്നേഹം വേണം. പണമോ മറ്റു
സൗകര്യങ്ങളോ നമ്മെ സുരക്ഷിതരാക്കുന്നുണ്ടാവും . പക്ഷേ ചിലർക്ക് അത്
മതിയാകാതെ വരും. അവർ തങ്ങളുടെ മനസ്സിൽ നഷ്ടപ്പെടുന്നതെന്താണെന്നു
ആരാഞ്ഞുകൊണ്ടിരിക്കും. അവർ sensitivity ഉള്ളവരായിരിക്കും. വ്യക്തിപരമായ
തൊഴിലിന്റെയും രക്ഷപ്പെടാനുള്ള മോഹത്തിന്റെയും ഫലമായി ഒരാളിൽ
കട്ടപിടിച്ചു കരുവാളിച്ചു കിടന്ന മറകൾ തട്ടിത്തകര്ക്കാന് ആഗ്രഹിക്കും.
എത്രയോ മനുഷ്യർക്ക് അതിനു സാധിച്ചിരിക്കുന്നു. ചിലർ ജീവിതത്തിൽ
ത്രസിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന നേരിന്റെ പേരിൽ മോഹിപ്പിക്കുന്ന
വസ്തുക്കൾക്ക് വേണ്ടി നാടുവിട്ടുപോകുന്നു. അവർ സ്വാതന്ത്ര്യത്തെ
ഇഷ്ടപ്പെടുന്നു. സന്യാസമഠങ്ങളിൽ എത്തിച്ചേരുന്നവർ, പ്രാർത്ഥനാലയങ്ങളിൽ
തള്ളുന്നവർ ഇഷ്ടമുള്ള ജോലികൾ ചെയ്ത് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നവർ എത്രയോ
പേരുണ്ട്.
ചിലർ സ്വത്തു മുഴുവൻ ദാനം ചെയ്ത്
ആശ്രമങ്ങളിലേക്ക് പിൻവാങ്ങുന്നു. അവരുടെയുള്ളിൽ കത്തിക്കൊണ്ടിരുന്ന ഒരു
ദീപനാളമുണ്ടായിരുന്നു ,അത് സത്യത്തിന്റേതായിരുന്നു. അതിനായി അവർ
ശേഷിക്കുന്ന ജീവിതം തിരഞ്ഞെടുക്കുകയാണ്. നമ്മുടെ ജീവിതത്തിന്റെ ദീർഘിച്ച
കാലയളവിൽ നമുക്ക് തന്നെ തിരഞ്ഞെടുക്കാൻ കഴിയാതെ പോയ പലതുമുണ്ട്. നാം
വിലമതിച്ച പലതുമുണ്ടായിരുന്നു. ചിലപ്പോൾ അത് നമ്മുടെ ഭാഗമാണെന്നു വെറുതെ
വിചാരിച്ചു. അതിനുവേണ്ടി നാം നിലകൊള്ളുമെന്നു ചിന്തിച്ചു .എന്നാൽ നാം
പ്രായോഗികവും നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നതുമായ മറ്റൊരു ബൈപ്പാസിലൂടെ
സഞ്ചരിച്ചുകൊണ്ടിരുന്നു .കുറെ കഴിയുമ്പോൾ ആ യാത്ര ഏകാന്തമായിരുന്നെന്നും
എങ്ങോട്ടും തിരിച്ചുപോകാനാകില്ല എന്നും മനസ്സിലാക്കും .നാം ആ പ്രിയപ്പെട്ട
വസ്തുക്കൾക്ക് വേണ്ടി ഒന്നും ചെയ്തില്ല .'അക്ഷരജാലക'ത്തിൽ ഒരു
'ടോൾസ്റ്റോയിയൻ വെളിപാട്' എന്ന ലേഖനത്തിൽ ഞാൻ ഇങ്ങനെ എഴുതി: "ദയ
ജീവിതത്തിന്റെ രഹസ്യമാണ്. മണ്ണിനടിയിൽ ആരുമറിയാതെ ഒഴുകുന്ന നീർച്ചാലാണത്.
അവിടെയെത്തുകയാണ് ലക്ഷ്യം." ആ ദയയെക്കുറിച്ചോർക്കാതെ ആത്മാവിൽ ഗതികെട്ട്
അലഞ്ഞതിന്റെ പ്രായച്ഛിത്തമാണ് ഈ കവിതയിൽ നിറയുന്നത്.
"ജനനീധരണീതലം വിട്ടിട്ടൊരുന്മാദ
ലഹരിയിലണഞ്ഞുപോൽ ദൂരദേശങ്ങളിൽ."
എന്നു
എഴുതിയിരിക്കുന്നു .ഒരിക്കൽ വീടു വിട്ടുപോയ താൻ ഇതാ നിസ്വനായി, ആത്മാവിൽ
നിറയെ കടബാധ്യതകളുമായി തിരിച്ചെത്തിയിരിക്കുന്നു .താൻ കണ്ടത് ഒരു
മരീചികയായിരുന്നു.അത് കണ്ടപ്പോൾ പഴയതെല്ലാം മറന്നു. അത് പ്രതീക്ഷയുടെ
ലഹരിയായിരുന്നു.അത് മായാലഹരിയായിരുന്നു. ജീവിതം കൈവിട്ടുപോയി; പക്ഷേ അത്
അറിയുന്നത് വളരെ വൈകിയാണ്. നഗരവനങ്ങളിൽ ഏതൊക്കെയോ സ്വപ്നങ്ങൾക്ക് പിറകെ
നടന്ന കവിയെ പലതും പ്രലോഭിപ്പിച്ചു. മായാമോഹങ്ങളാണ് സ്വാഗതം ചെയ്തത്.
മാനസികയാത്രകൾ
അവ
കവിയുടെ തലയിൽ തങ്കക്കിനാവുകളുടെ തളികകളിൽ കൈത്തിരി നീട്ടിക്കൊടുത്തു. അത്
ഒരു പാനചഷകമാമായിരുന്നു. ജീവിതം ഒരു ചതിയാണെന്നു പിന്നീടാറിഞ്ഞത്.
"നവനഗരപംക്തികൾ ,നാടുകൾ , വീഥികൾ,
വഴികൾ പിരിയുന്ന കവലകൾ, സത്രങ്ങൾ,
അപരിചിതരെങ്കിലുമാത്മബന്ധത്തിന്റെ മുഖപടമണിഞ്ഞു സഹയാത്ര ചെയ്യുവോർ"
കവി
പഴയതെല്ലാം ഒന്നൊന്നായി പരിശോധിക്കുകയാണ്. അതുവരെ കരുതിവെച്ചിരുന്ന
പൊരുളുകൾ ഒന്നൊന്നായി നഷ്ടപ്പെടുകയാണ്. ഇപ്പോൾ നഗരത്തിലെ പൊരുളുകൾ നൽകിയ
ആത്മവിശ്വാസമില്ല. കെട്ടുകാഴ്ചകൾ മനസ്സിലെ ഏകാഗ്രതയും ഓർമ്മകളും തകർത്തു.
ഭൂതകാലം നഷ്ടപ്പെടുത്താൻ അതിടയാക്കി. മതിഭ്രമങ്ങളാണ് ആ കാലം തന്നത്. അത്
ജീവിതത്തിൻ്റെ ഗതിമാറ്റി. ഇവിടെ പി.ഭാസ്കരൻ എന്ന കവി തൻ്റെ മാനസികയാത്രകളെ
ഓർത്തെടുക്കുകയാണ് .അത് എങ്ങനെയെല്ലാം സഞ്ചരിച്ച് സ്വയം
നഷ്ടപ്പെടുത്തിയെന്നാണ് വിവരിക്കുന്നത് .പൊയ് വിശ്വാസങ്ങളും പുത്തൻ
രാഷ്ട്രീയാവേശമുദ്രാവാക്യങ്ങളും കാതിൽ വന്നലച്ചു പറന്നു പോയി. പതിതജനകോടികൾ
മറ്റുള്ളവർക്ക് കോണിയാണ് ,ചാടിക്കയറി പോകാൻ. എല്ലാ പ്രതീക്ഷകളും
തകരുകയാണ്. വിശ്വസിച്ചതെല്ലാം ചതിക്കുകയാണ്. കവിയുടെ യൗവനകാലത്ത് കണ്ടതും
അനുഭവിച്ചതുമെല്ലാം ചതിക്കുകയായിരുന്നു. ഒരു നവസമൂഹ ക്രമം വരുമെന്നു
പ്രചരിപ്പിക്കപ്പെട്ടു. അതിൻ്റെ പിന്നാലെ യുവത്വം ഓടിക്കിതച്ചു. പക്ഷേ ആ
ഓട്ടം എങ്ങുമെത്തിയില്ല.
സ്വാർത്ഥതകൊണ്ട്
ഭരിക്കപ്പെട്ടവർ എവിടെയോ എത്തിയതായി ഭാവിച്ചു. വിശ്വസിച്ചു പിന്നാലെ
വന്നവരൊക്കെ ചതിക്കപ്പെട്ടു. അവർക്ക് വഴിതെറ്റിപ്പോയി. ഇതെല്ലാം മനസ്സിൽ
ഉണങ്ങാത്ത മുറിവുകളാണ് തന്നതെന്നു കവി ഓർക്കുന്നു. വാസ്തവത്തിൽ ഒരു
സമ്പൂർണമായ വിശ്വാസത്തകർച്ചയിലൂടെയാണ് കവി കടന്നുപോയത്. യൗവനം ഒരു
വർണബലൂണായിരുന്നു. അത് നൈമിഷികമായ സുഖങ്ങൾ മാത്രമാണ് തന്നത് ;ഒരിടത്തേക്കും
ദിശ ചൂണ്ടിക്കാണിച്ചു തന്നില്ല .ചില പ്രതീക്ഷകളുടെ പിന്നാലെ പോയി എന്നതു
മാത്രമാണ് സംഭവിച്ചത്. യൗവനം അവസാനിക്കാനുള്ളതാണ്. മിഥ്യകളിൽ
അഭിരമിച്ചതിന്റെ അടയാളങ്ങളായി മനസ്സിൽ സ്വപ്നങ്ങളുടെ ചിതകൾ ദൃശ്യമാവുകയാണ്.
വാർദ്ധക്യത്തിലേക്ക് കടക്കുമ്പോഴാണ് യഥാർത്ഥ അറിവുകൾ വന്ന്
ആക്രമിക്കുന്നത്. കൈവിട്ടുപോയ ജീവിതത്തെ അത് ചൂണ്ടിക്കാണിച്ചു തരുന്നു.
രാഷ്ട്രീയ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയാണ് ഈ കവി. ആ വിമർശനമെങ്കിലും
ഭദ്രമായി ഉണ്ടാവട്ടെ. അതിലൂടെ ചെയ്ത തെറ്റിനെയോർത്ത് വേദനിക്കുകയാണ് .
കാടും കിളികളും വഴി തെളിച്ചു
ജീവിതത്തിൻ്റെ
ചുഴിയിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അമ്മയെക്കുറിച്ചോർത്തു. അത്
അതിശക്തിയായി കരകയറാൻ സഹായിച്ചു .ഇത് സ്വന്തം മാതാവ് എന്നപോലെ
സമസ്തപ്രകൃതിയുടെയും ഭൂതകാലത്തിന്റെയും സ്നേഹവികാരത്തിന്റെയും
കൂടാരത്തിലേക്കുള്ള മടക്കവും വിളിയുമാണ്. എല്ലാം അവസാനിപ്പിച്ച് അമ്മയുടെ
തൊടിയിലേക്ക് പലായനം ചെയ്ത കവി വിശ്രാന്തി അനുഭവിക്കുകയാണ്. സ്നേഹം നടിച്ച
ദുഷ്ടശക്തികളോട് വിടപറഞ്ഞ കാലത്തിനു നന്ദി .ഗതികെട്ട് നിന്നപ്പോൾ കാടും
കിളികളുമാണ് കവിക്ക് വഴിതെളിക്കുന്നത് .കാട് നമ്മുടെ പൂർവികരാണ്,
സഹോദരങ്ങളാണ്. ഭാഗവതത്തിൽ, ഉപനയനം ചെയ്യാതെ കാട്ടിലേക്ക് പോയ മകൻ ശുകനെ
വ്യാസൻ വിളിച്ചപ്പോൾ വൃക്ഷങ്ങളാണ് വിളി കേട്ടത്. ഇത് സർവ ആത്മാവുകളുടെയും
പാരസ്പര്യവും ബന്ധവും കാണിക്കുകയാണ്. ഭാസ്കരൻ്റെ കവിതയിൽ കിളികൾ ഇങ്ങനെ
ആഹ്വാനം ചെയ്തു:
"ഇങ്ങോട്ടുപോരൂ നീ,യിങ്ങാണ് ജീവിതം
പൊൻകതിരേന്തുന്ന കേദാരശേഖരം
ഇങ്ങാണു സൽക്കലാകോകിലകാകളി
മണ്ണു വിണ്ണാക്കുന്ന നന്ദനപ്പൂവനം."
പിന്നീട്
ഒന്നും ആലോചിച്ചില്ല .ഒരു മടക്കയാത്ര ആരംഭിച്ചു; തന്റെ തൊടിയിലെത്തി. അത്
രണ്ടാം യുവത്വമായിരുന്നെന്നു കവി അറിയുന്നു. നഷ്ടപ്പെട്ട യുവത്വത്തിൻ്റെ
പാഴായിപ്പോയ സ്വപ്നങ്ങൾക്ക് മാപ്പ്.
"കണ്ടേൻ പഴയ സതീർത്ഥ്യരെ, ത്തോഴരെ ,
പണ്ടത്തെയാക്കളിച്ചങ്ങാതിമാർകളെ."
സ്നേഹം
തിരിച്ചു കിട്ടിയ പ്രതീതി. നഗരവനങ്ങളിൽ സ്നേഹമില്ലായിരുന്നു.
ആദർശപ്പെരുമഴയും വെല്ലുവിളികളും ആഹ്വാനങ്ങളും പൊയ്മുഖങ്ങളുമായിരുന്നു
.ഇവിടെയിതാ യാതൊരു ഉപാധികളുമില്ലാതെ ശുദ്ധമായ സ്നേഹത്തിന്റെ വെയിൽ
നിറഞ്ഞൊഴുകുന്നു.
കവി പഴയ തംബുരുവിൽ ചില
വർണ്ണങ്ങൾ പാടി നോക്കി .നഷ്ടപ്പെട്ടുവെന്നു കരുതിയ ആത്മസംഗീതമാണത് .അപ്പോൾ
ചുറ്റിനുമുള്ള സസ്യലതാദികൾ പുഞ്ചിരിക്കുകയായിരുന്നു.
"തംബുരുക്കമ്പിതൻ മന്ദ്രനിരന്തരദ്ധ്വാ
നവും
സുന്ദരദിവ്യലയപരിവേഷവും
എന്നെ മറ്റേതോ മനുഷ്യനായ് മാറ്റി. "
എന്നു
കവി തുറന്നു സമ്മതിക്കുന്നുണ്ട്. കവിയുടെ വ്യഗ്രതകളുടെ പഴയകാലത്തിലെ ആ
മനുഷ്യൻ ഇപ്പോഴില്ല .ഇപ്പോൾ ആത്മസാഹോദര്യത്തെ അറിയുന്ന മനുഷ്യനാണ് കവി
.അദേഹം ഇപ്പോൾ ഇന്ദ്രിയങ്ങളുള്ള സ്നേഹമാണ് ജീവിക്കാനായി
തിരഞ്ഞെടുക്കുന്നത്. കവി എല്ലാറ്റിനോടും നിഷ്കളങ്കമായി, നിഷ്കപടമായി
സംവേദനം ചെയ്യുന്നു. അതുതന്നെ എത്ര സുന്ദരമാണ്. കവിയുടെ തംബുരുവിലെ
സംഗീതം ഒരു അതീത അർത്ഥതലമാവുകയാണ്. ആ തംബുരുവിലെ കമ്പിയിൽ എല്ലാ
ജീവിതഞരമ്പുകളുമുണ്ട്. ഗ്രാമവൃക്ഷം, വയൽ ,ചെറുവീഥികൾ എല്ലാം ഈ
ഒറ്റക്കമ്പിയിൽ ലയിച്ചിരിക്കുന്നു. അതിൻ്റെ ഏകശ്രുതി 'അമ്മേ' എന്ന
ഗദ്ഗദമാണ് .ആ സംഗീതം നിലനിൽപ്പിന്റെ അത്യന്തം ഗൂഢമായ അർത്ഥങ്ങൾ
നിർമ്മിക്കുകയാണ്. അത് സത്യം ശിവം സുന്ദരം എന്ന ഏകാത്മകതയിലേക്ക്
നയിക്കുകയാണ്. ഓർമ്മകൾ ലയിച്ചു പ്രാർത്ഥനയായിത്തീരുന്നു. എല്ലാ പൊരുളുകളും
ലയിച്ച് ഒരു പൊരുളാവുന്നു.
'ഒറ്റക്കമ്പിയുള്ള
തംബുരു' മലയാളകവിതയുടെ ചരിത്രത്തിൽ തന്നെ തിളങ്ങിയ ആത്മകഥയാണ്. ഇത് കവിയുടെ
ആത്മചരിത്രമാണ്. നേരിൽ തൊട്ടുകൊണ്ടുള്ള വർത്തമാനമാണ്. എല്ലാ കളവുകളും
താനിതാ കണ്ടുപിടിച്ചിരിക്കുന്നുവെന്നും ഇനി മേലിൽ തന്നെയാർക്കും
കബളിപ്പിക്കാനാകില്ലെന്നും കവി വ്യക്തമാക്കുന്നു. താനിപ്പോൾ ശരിക്കും
ബോധവാനാണ് .തന്നിൽ രമ്യത തിരിച്ചു വന്നിരിക്കുന്നു .യഥാർത്ഥ ജീവിതത്തിന്റെ
അനുഭൂതി അറിയുകയാണ്.എൻ.വി. കൃഷ്ണവാരിയർ പറഞ്ഞതുപോലെ, ഉഗ്രമായ
ജ്വരമൂർച്ചയിൽപ്പെട്ട രോഗി വിദഗ്ധനായ ഒരു ഭിഷഗ്വരൻ്റെ ശുശ്രൂഷയിൽ
എത്തിച്ചേരുമ്പോൾ അനുഭവിക്കുന്ന ആശ്വാസം അദ്ദേഹത്തിനു ഉളവായി ."
ഇതൊരു
വെളിപാടായി കാണണമെന്നു അദ്ദേഹം തുടർന്നെഴുതുന്നുണ്ട്. സംഘർഷാത്മകമായ
കാലത്ത് എങ്ങനെയാണ് വൈരാഗിയും സമചിത്തനുമായിരിക്കുന്നതെന്ന് Reasons not to
worry എന്ന പുസ്തകത്തിൽ 'ഗാർഡിയൻ ഓസ്ട്രേലിയ'യിൽ കോളമിസ്റ്റായിരുന്ന
ബ്രിജിദ് ഡിലാനെ (Brigid Delaney) എഴുതുന്നുണ്ട്. ആധുനികയുഗത്തിന്റെ
ഭ്രമപ്പകർച്ചയിൽ ഒരു വൈരാഗിയുണ്ട്. അതാണ് പി. ഭാസ്ക്കരൻ്റെ
'ഒറ്റക്കമ്പിയുള്ള തംബുരു'വിലൂടെ പുറത്തു വരുന്നത്.
ഉള്ളിൽ ഒരു വൈരാഗി
കലുഷിതമായ
അന്തരീക്ഷത്തിൽ മനസ്സിനു അധികം തുടരാനാവില്ല .മനസ്സ് തിരിച്ചടിക്കും. ഒരു
രമ്യതയ്ക്കായി അത് എല്ലാ വാതിലുകളിലും മുട്ടും. മനസ്സിനുള്ളിലെ വിമുഖമായ
തലങ്ങൾ കരുത്താർജിച്ച് സ്വാസ്ഥ്യത്തിലേക്ക് മടങ്ങും .സ്വന്തം
തത്ത്വങ്ങളുമായി വീടുവിട്ട് കവി ശാന്തി തേടി തിരിച്ചുവരുന്നത് ഈ സ്റ്റോയിക്
(stoic)ഘടകം പ്രവർത്തിക്കുന്നതു കൊണ്ടാണ് .സ്റ്റോയിക് അഥവാ വൈരാഗി
ലൗകികജീവിയായ മനുഷ്യനിൽ ജീവിച്ചിരിക്കുന്നുണ്ട്. ഒരു സ്റ്റോയിക്
പ്രാഥമികമായി ചെയ്യുന്നത് മനസിനെ അലട്ടുന്ന കാര്യങ്ങളിൽ നിന്നു രക്ഷ നേടുക
എന്നതാണ്.സ്വന്തം ചിന്തയെ പിന്തുടരാൻ കഴിഞ്ഞാലേ ഇത് സാധിക്കുകയുള്ളു.
നമ്മുടെ ചിന്തകൾ കടന്നൽക്കൂടു പോലെയാകുമ്പോൾ നമുക്ക് ഒരു
കേന്ദ്രമില്ലാതാകുന്നു. അതിൽ നിന്നു രക്ഷപ്പെടാൻ ഒരു സ്റ്റോയിക്കിനു കഴിയും
.അവനു ധാർമികബോധമുണ്ടായാൽ മതി. അവൻ താൻ ആരാണെന്നു കണ്ടുപിടിക്കുന്നു.
പുരാതന സ്മൃതികളിലേക്ക് അവൻ യാത്ര ചെയ്യുന്നു .അവനെ പ്രലോഭിപ്പിക്കുന്നത്
ആത്യന്തികമായ ആത്മാവിൻ്റെ സംഗീതമാണ്.
സെൻ
ബുദ്ധിസ്റ്റുകളെ പോലെ സ്റ്റോയിക്,മനസിൻ്റെ വിനിയോഗത്തിൽ ജീവിതത്തിൻ്റെ
അന്യാദൃശമായ മൂല്യത്തെ അംഗീകരിക്കുകയും അതിനായി യത്നിക്കുകയും ചെയ്യുന്നു.
ആധുനികജീവിതത്തിൽ പലപ്പോഴും ഇതു നഷ്ടപ്പെടുന്നു. ജീവിതം വെറുതെ
നൊമ്പരപ്പെടാനുള്ളതല്ല . വിചാരിച്ചാൽ, കുഴഞ്ഞുമറിഞ്ഞ ജീവിതത്തിൽ ശാന്തമായ
ഒരിടം ലഭിക്കും .ലോകം ഇരുമ്പുകയാണ്. അത് നിലയ്ക്കാത്ത വ്യഗ്രതയുടെ ആട്ടമാണ്
.ലോകം ബുദ്ധനെപ്പോലെ ധ്യാനിക്കുകയല്ല; എന്നാൽ ലോകം ധ്യാനബുദ്ധന്മാരെ ഓരോ
കാഴ്ചയിലും വസ്തുവിലും വിചാരത്തിലും സൃഷ്ടിച്ചുവച്ചിട്ടുണ്ട്.
അതാരായുന്നവനാണ് മന:ശാന്തി ലഭിക്കുന്നത് .നടക്കുന്നതിൽ ബുദ്ധനുണ്ട്.
കാണുന്നതിൽ ബുദ്ധനുണ്ട്. ഇരിക്കുമ്പോൾ ബുദ്ധനുണ്ട്. വൃക്ഷങ്ങളിൽ
ബുദ്ധനുണ്ട്. നമ്മളെപ്പോലും അറിയിക്കാതെ അനുഭവത്തെ പിന്തുടരണം.നമ്മൾ ഈ
നിമിഷത്തിൽ സന്നിഹിതമായിരിക്കണം; അത്രയും മതി .ഈ നിമിഷത്തിന്റെ
ഭാരക്കുറവാണ് പ്രധാനം. ഓരോ നിമിഷത്തിലും നിറയുകയാണ് വേണ്ടത്. പഴയത് അലട്ടാൻ
പാടില്ല. ഭാസ്കരൻ എന്ന കവിക്ക് ഇവിടെ മറ്റാരുടെയെങ്കിലും അംഗീകാരം
വേണമെന്നില്ല .തനിക്ക് നഷ്ടപ്പെട്ടതും അപ്രാപ്യവുമായ തൻ്റെ തന്നെ
ആത്മഘടകങ്ങളെ വാരിയെടുത്ത് സംയോജിപ്പിക്കുകയാണ് കവി.
വിയറ്റ്നാമീസ്
സെൻ ബുദ്ധിസ്റ്റ് തീച് നാത് ഹാൻ പറഞ്ഞു :To be beautiful means to be
yourself .You need to accept yourself .നമ്മെ നമുക്കെങ്കിലും
സ്വീകരിക്കാനാവണം.പൊള്ളയായ ജീവിതം നയിച്ചതുകൊണ്ട് നമുക്ക് തിരുത്താൻ
സാധിക്കില്ല എന്നു കരുതരുത്. നമ്മെ ഓരോ വസ്തുവും പ്രതീക്ഷിക്കുന്നു, ഒരു
ബാന്ധവത്തിനു. അദൃശ്യതകളിലെ ബാന്ധവമാണത്. ത്രസിക്കുന്ന ചലനങ്ങളുടെയടിയിൽ
ഒരു ഏകാകി സത്യത്തെ തേടുകയാണ്. നാം സ്നേഹിച്ചില്ലെങ്കിൽ, നാം
സ്നേഹിക്കുമെന്നു പ്രതീക്ഷിച്ച വസ്തുക്കൾ ആത്മഹത്യ ചെയ്യും. അതാണ്
പ്രകൃതിയുമായി ബന്ധം സ്ഥാപിക്കുമ്പോൾ സംഭവിക്കുന്നത്.
ഏകാകി ശാന്തി തേടുന്നു
"മർത്ത്യൻ്റെ ഭൂവിലെയീ നിലനിൽപ്പിനും
പുത്തനാമർത്ഥവും വ്യാപ്തിയും ശുദ്ധിയും
ഉണ്ടാക്കുവാനായ് മനസ്വികൾ നിത്യവും
ഉന്മയെത്തേടുന്ന മുഗ്ദ്ധതപോവനം ."
കവിയെ
വിളിക്കുകയാണ് ,കിളികൾ. സത്യമോ മിഥ്യയോ, നല്ലതോ ചീത്തയോ എന്ന ചിന്തയിൽ
നമുക്ക് സമയം നഷ്ടപ്പെടുത്താനാവില്ല .ലോകം ഈ തർക്കം
ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും. ഏതു പ്രശ്നത്തിനും പല
മാനങ്ങളുണ്ടായിരിക്കും. പലവാദങ്ങളും പക്ഷങ്ങളും ഉണ്ടായിരിക്കും. ലോകം ഒരു
നിലപാടിലേക്ക് ഒന്നിച്ച് എത്തിച്ചേരുകയില്ല. മനുഷ്യർ വിഭിന്ന
രായിരിക്കുന്നതുകൊണ്ട് വൈരുദ്ധ്യത്തിന്റെ ഭാരം അവരെ വിട്ടു പോകില്ല .എന്നാൽ
വസ്തുക്കൾക്കടിയിലെ ഏകാകി സ്വന്തം ശാന്തി അന്വേഷിക്കുന്നു.
"നിസ്തുല നിത്യപ്രശാന്തിയിൽ ചേർന്നു ലയിക്കണം
മൃത്യുവെത്തും വരെ പാടിനടക്കണം."
സ്വയം
നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ ലോകത്തെ വേർതിരിച്ചെടുക്കുകയാണ്
ഭാസ്കരനിലെ സ്റ്റോയിക് ചെയ്യുന്നത്. ഈ മുഖം കവിക്ക് ആദ്യമുണ്ടായിരുന്നില്ല.
എന്നാൽ ജീവിതാനുഭവങ്ങൾക്കടിയിൽ നിന്നു തന്നിലെ ധ്യാനമനസ്സിനെ കവി തേച്ചു
മിനുക്കിയെടുക്കുകയാണ്. ഇതാണ് ആത്മീയമായ സഞ്ചാരിയുടെ പാത. അവിടെ അയാൾക്ക്
ആരെയും ഒന്നും ബോധിപ്പിക്കാനില്ല .അയാൾ സ്വന്തം ആന്തരനന്മയിലാണ് അഭയം
തേടുന്നത്.
"വാനിന്റെയുരുളിയിൽ നാളത്തെയുഷസ്സന്ധ്യ
വാരുറ്റ വിഷുക്കണിയൊരുക്കിച്ചിരിക്കുമ്പോൾ
ഉറങ്ങാതിരിക്കുമെൻ കൊച്ചുതംബുരുമീട്ടി -
യുദയഗീതം പാടിപ്പാരിനെയുണർത്തും ഞാൻ ."
എന്നാൽ
ഒരു സ്റ്റോയിക് ഏകാന്തജീവിതത്തെയല്ല ആദർശവത്ക്കരിക്കുന്നത്; ഒരു
കൂട്ടത്തിൽ ജീവിക്കുന്നത് സുഖമാണ്. ആത്മവിനിമയങ്ങൾ ഒരാനന്ദമാണ്.
മൃണ്മയമായതിൽ നിന്നു പുല്ലുകൾ മുളയ്ക്കുന്നു .പുല്ലുകളെ വെറും പുല്ലായി
കാണരുത്. പുല്ലാണ് നമ്മുടെ അന്നം .
"ചിമ്മുന്ന കണ്ണുമായ് വാനിലെരിയുന്ന
ചിമ്മിണിപ്പാട്ട വിളക്കിന്റെ ദീപ്തിയിൽ
എൻവഴി തെറ്റാതെയേന്തി നടന്നു ഞാൻ
ജന്മഗൃഹത്തിൻ പടിപ്പുര കാണുവാൻ."
പി.ഭാസ്കരൻ
എന്ന കവിയിലെ സ്റ്റോയിക്ക് സ്വയം തിരിച്ചറിഞ്ഞത് മലയാള കാവ്യഭാവനയിൽ
അജ്ഞാതമായിരുന്ന ആത്മഘടകങ്ങളുടെ കൂടിച്ചേരലിനു വഴി തുറന്നു.
No comments:
Post a Comment