Followers

Sunday, March 2, 2025

അക്ഷരജാലകം എം.കെ.ഹരികുമാർ(feb 24, 2025)

 



സി.ജെ.തോമസിൻ്റെ കുറുക്കുവഴികൾ ,തകർച്ച എന്നീ ലേഖനങ്ങൾ 


ഒരു ആദർശമനുഷ്യൻ എന്ന സ്വപ്നം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണോ? അമ്പതുകളിലും അറുപതുകളിലും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും അത് ഒരു വലിയ പ്രതീക്ഷയായിരുന്നു. അധികാരമോ സമ്പത്തോ അല്ല ആദർശത്തെ സൃഷ്ടിക്കുന്നത്. ഒരു ജീവിതരീതിയാണ്. അതിൽ ഗാന്ധിസമുണ്ട്, ബുദ്ധിസമുണ്ട് ,ഗുരുദർശനമുണ്ട്. മനുഷ്യൻ ഒരു മരിക്കാത്ത പദമാണ്; അങ്ങനെയാകണം. ആ ലക്ഷ്യത്തെ മുന്നിൽ കണ്ടു പ്രവർത്തിച്ച ധാരാളം പേരുണ്ട്. അവരുടെ വംശം ഏതാണ്ട് കുറ്റിയറ്റ നിലയിലാണ് .മനുഷ്യത്വം എന്ന സ്വപ്നം പുസ്തകത്തിലെ ഒരു കടലാസിലൊതുങ്ങുമോ? ടെക്നോളജിയുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകളുടെയും ഇടയിൽ മനുഷ്യൻ എന്ന പദം വേറൊരുതലത്തിൽ പരിണമിച്ചിരിക്കുന്നു. പലരുടെയും മനസ്സിൽ മനുഷ്യനെക്കുറിച്ചുള്ള ആദർശാത്മകസ്വപ്നങ്ങൾ തിരോഭവിക്കുകയാണ്. പകരം  ലാഭവും നഷ്ടവുമൊക്കെയാണ് ആധിപത്യം പുലർത്തുന്നത്. സി.ജെ. തോമസിന്റെ 'തകർച്ചകളുടെ കാലം'(1951)എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്ക് ജനാധിപത്യം എന്ന ആശയം തന്നെ ദഹിക്കാതെ വന്നേക്കാം. അതുകൊണ്ടായിരിക്കണമല്ലോ ചിലർ ജനകീയ ജനാധിപത്യമെന്നും മറ്റും പുനരുക്തിപ്രയോഗം നടത്തുന്നത്. അപ്പോൾ അവിടെ കുഴപ്പമില്ല. സംസ്കാരം, സന്മാർഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്ത് വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ നിവൃത്തിയില്ല. അത്ഭുതദർശനങ്ങളും അമെരിക്കൻ അർദ്ധനഗ്നകളും മറ്റുമാണ് ഇവയുടെ കുത്തുക ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ നിലവിലുള്ളതിനെ ഓരോന്നോരോന്നായി എടുത്തു പറഞ്ഞിട്ട് കാര്യമില്ല. അവ ഓരോന്നായി തകരുകയാണ്.'

ജീവിതം ഒരു നുണയോ ?

സി.ജെ ഒരു പ്രവാചകനെ പോലെ പറയുകയാണ് .അദ്ദേഹം ഇന്നത്തെ അതിഭയാനകമായ മനുഷ്യത്വരാഹിത്യവും സാംസ്കാരികമായ അധ:പതനവും കലാരംഗത്തെ മൂല്യത്തകർച്ചയും മുൻകൂട്ടി കണ്ടിരുന്നുവെന്നല്ലേ ഇതു  സൂചിപ്പിക്കുന്നത്. ഒരു സംഘടിതവിശ്വാസത്തിനും ആദർശം വേണ്ട; സന്മാർഗം ഒരു സ്വപ്നം പോലെ അകന്നു പോവുകയാണ്. ജീവിതം ഒരു നുണയായി പരിണമിച്ചിരിക്കുന്നു. ഒരു കഥയിൽ പോലും ഇന്നു മനുഷ്യൻ്റെ ജീവിതത്തിലെ നേർക്കാഴ്ചകൾ കാണാനില്ല. കാട്ടിൽ പോയി പുലിയെ കറിവെച്ച് കഴിക്കുന്നതിനെക്കുറിച്ചുള്ള കഥകളാണ് എഴുതപ്പെടുന്നത്. കലയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വ്യാമോഹങ്ങൾ അസ്തമിച്ചുവെന്നു സി.ജെ പറഞ്ഞത് ഇന്നു കൂടുതൽ തെളിമയോടെ കാണാവുന്ന സത്യമാണ്. കലയുടെ പ്രയോക്താക്കൾ ഉള്ളടക്കം തന്നെ നഷ്ടപ്പെടുത്തി അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പായുകയാണ്. ഒരുകാലത്ത് ആധുനികരെന്നു അവകാശപ്പെട്ടു കൊണ്ട്, എല്ലാറ്റിനെയും തള്ളിപ്പറഞ്ഞ്  ആശയക്കുഴപ്പമുണ്ടാക്കിയവരുണ്ട്. അവർ ഇന്നു പാർട്ടികളിൽനിന്നും വ്യവസ്ഥാപിത സമൂഹത്തിൽനിന്നും 'അംഗീകാരം' നേടാൻ വേണ്ടി ഏതറ്റം വരെയും പോവുകയാണ് .അംഗീകാരങ്ങൾക്ക്  പുല്ലുവില എന്നു പെരുമ്പറ മുഴക്കിയവർ ഇപ്പോൾ ബാലസാഹിത്യ അവാർഡുകൾ പോലും തട്ടിയെടുക്കുകയാണ്.  അംഗീകാരങ്ങളിൽ പുളകം കൊള്ളുന്നു, കിനാവ് കാണുന്നു. ഒരു വിമതസാഹിത്യകാരൻ എന്ന സങ്കല്പം ഉയർത്തിക്കൊണ്ടുവന്ന്, ഒരു റിബൽ പരിവേഷം കൽപ്പിച്ചു കൂട്ടി സമ്പാദിച്ചവർ പിന്നീട് അതെല്ലാം ഉപേക്ഷിച്ച് കക്ഷിരാഷ്ട്രീയത്തിലേക്കും വ്യക്തിപരമായ അംഗീകാരങ്ങളിലേക്കും പദവികളിലേക്കും സ്വാർത്ഥതയോടെ കൂറുമാറുകയാണ്. ഇതാണ് നമ്മുടെ സാംസ്കാരികലോകം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ നേരിട്ട വലിയ വെല്ലുവിളി .എന്നാൽ താനൊരു വിമതനാണെന്നും പ്രക്ഷോഭകാരിയാണെന്നും വിളിച്ചു പറയാതിരിക്കുകയും ഓരോ രചനയിലൂടെയും എതിർപ്പും പ്രക്ഷോഭവും സ്പഷ്ടമാക്കുകയും ചെയ്ത യു.പി ജയരാജ്, ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർ ഒരുതരത്തിലും അംഗീകാരത്തിൻ്റെ പിന്നാലെ പോയിരുന്നില്ല. അവർ തങ്ങളുടെ കഥകളിലാണ് വിശ്വസിച്ചത്. കാക്കനാടൻ ഉന്നതമായ  പ്രകാശഗോപുരമായിരുന്നു. കാക്കനാടൻ തൻ്റെ പ്രക്ഷോഭം നിലനിർത്തുകയാണ് ചെയ്തത്. അദ്ദേഹം പദവികൾക്കു പിന്നാലെ ഓടിയലഞ്ഞില്ല .നാമമാത്രമായ പദവികളിലൂടെ കിട്ടുന്ന പ്രശസ്തിയെ അദ്ദേഹം അവിശ്വസിക്കുകയാണ് ചെയ്തത് .

പൊള്ളയായ പോരാട്ടങ്ങൾ 

എന്താണോ എഴുതുന്നത് അതിൽ എഴുതുന്നയാൾ ഉണ്ടാവണം. അതാണ് ജയരാജും ഉണ്ണികൃഷ്ണൻ തിരുവാതിയോടും കാക്കനാടനും പാലിച്ചത്.അവർ ഇപ്പോഴും  എഴുതിയതിൻ്റെ മൂല്യത്തിൽ ജീവിക്കുന്നു. മലയാളകഥയുടെ യഥാർത്ഥ വായനക്കാർ ഇവരിലേക്ക് തന്നെ തിരിച്ചു വരാതിരിക്കില്ല. സാംസ്കാരത്തിൻ്റെ 'വക്താക്കളുടെ' ഈ തകർച്ചയാണ് ഏറെ വിഷാദമുണ്ടാക്കുന്നത്. സി.ജെയുടെ 'തകർച്ചകളുടെ കാലം' എന്ന ലേഖനം അതാണ് ദീർഘദർശനം ചെയ്തത് .കലാരംഗത്തുള്ളവരുടെ ആദർശപ്രസംഗങ്ങളും വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളും പൊള്ളയാണെന്നു അദ്ദേഹം തുറന്നെഴുതുന്നു. "ചിന്ത തലച്ചോറെന്ന വസ്തുവിന്റെ ഒരു ഭാഗമാണ്.തലച്ചോറ് ഉണ്ണുന്ന ചോറിൻ്റെ ഫലമാണ്. ഉണ്ണുന്ന ചോറ് സമുദായം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഉത്തരം എളുപ്പത്തിൽ കിട്ടി .നമ്മുടെ ആശയങ്ങളും ആദർശങ്ങളുമെല്ലാം സമുദായം ഉണ്ടാക്കിത്തീർത്തതാണ്. (തെറ്റിയാലെന്താ പാട് ,താനല്ലല്ലോ തീരുമാനിച്ചത്,സമുദായമല്ലേ?)ഇങ്ങനെ ചിന്തയുടെ ഉത്തരവാദിത്വം പോലും സമുദായത്തിന്റെ പുറത്ത് കെട്ടിവച്ച് കൈയിൽ കിട്ടിയ വിശ്വാസത്തെയും മുറുകെപ്പിടിച്ച് അവർ ഇരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അന്വേഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു .സനാതനസത്യം കണ്ടെത്തിയിരിക്കുന്നു .അത് ചോദ്യം ചെയ്യപ്പെട്ടാലും അവർക്ക് കുലുക്കമില്ല.' ഇക്കൂട്ടർ തങ്ങളുടെ രഹസ്യമായ താൽപര്യങ്ങളുടെ നേട്ടത്തിനായി യാതൊരു യുക്തിവിചാരത്തിലേക്കും പോകാതെ ഒരു മരവെപ്പിൽ അമരുകയാണ് .ഇവർ വായനക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഇവരെ വിശ്വസിച്ച് വായിച്ചവരൊക്കെ വഴി തെറ്റിപ്പോയി. വായനക്കാരൻ്റെ തലയിൽ ദുരന്തം കയറ്റിവെച്ച ഇവർ സ്വന്തം കാര്യങ്ങൾ നേടുമ്പോൾ വായനക്കാർ വിസ്മരിക്കപ്പെടുന്നു. ഇവർക്ക് തിരിഞ്ഞുനോക്കാൻ ഒന്നുമില്ല. യാതൊരു പ്രിയപ്പെട്ട ഓർമ്മകളും അവർക്കില്ല .പ്രിയപ്പെട്ട ഒരിടമോ ബന്ധമോ അവർക്കില്ല. നിലവിലുള്ള സമുദായത്തിന്റെ വാശികളോടു ,ദുരാഗ്രഹങ്ങളോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഈ പൂർവ്വകാല വിമതർ ചെയ്യുന്നത് .അവർക്ക് ഉപേക്ഷിക്കാനുള്ളത് അവരുടെ പൊയ്ക്കലൻ വിമതത്വം മാത്രമാണ്. സി.ജെ.തുടർന്നെഴുതുന്നു:'ഇതുതന്നെയാണ് ഇന്നത്തെ കുഴപ്പം; കുഴപ്പമുണ്ട്  എന്ന വാസ്തവം മനസ്സിലാക്കാൻ തന്നെയുള്ള കഴിവില്ലായ്മ .ഓരോ വിശ്വാസവും രൂപീകരിക്കാൻ ചെലവാക്കിയ ചിന്തയുടെ അനേകമിരട്ടി പ്രചരിപ്പിക്കാൻ വേണ്ടി ചിലവാക്കപ്പെടുന്നു. അവയ്ക്ക്  അംഗീകാരം കിട്ടി. ശ്രദ്ധ തത്ത്വത്തിൽ നിന്നു പ്രസരണത്തിലേക്ക് തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്ന് വിറ്റവനും വാങ്ങിയവനും അറിഞ്ഞുകൂടാ. പക്ഷേ, അത് കുറെ മനുഷ്യമനസ്സുകളിൽ ഉറഞ്ഞുപിടിച്ചുകഴിഞ്ഞു .ആരെങ്കിലും അതിലെ ചളി കുത്തിയിളക്കിയാൽ, അയാൾ കൺഫ്യൂഷൻ പരത്തുകയാണ്.' ഇതുതന്നെയാണ് ഇപ്പോഴും കാണാനാകുന്നത്. വ്യവസ്ഥിതിയെ ചോദ്യം ചെയ്തവർ ആയുധം താഴെ വച്ച് കീഴടങ്ങിയെന്നു എഴുതിയാൽ അതിനെതിരെ അവർ വാളെടുക്കും .കൺഫ്യൂഷൻ പരത്തുകയാണെന്നു ആരോപിക്കും.

വിമർശനമില്ലെന്നു സ്ഥാപിക്കൽ 

അതുകൊണ്ടാണ് ഇതെല്ലാം കണ്ടിട്ടും നമ്മുടെ യുവജന സാംസ്കാരിക വേദികളും സാഹിത്യവേദികളും നിശ്ശബ്ദരായിരിക്കുന്നത്. അവരിൽ  ഒരാൾ പോലും മിണ്ടുന്നില്ല. നിശ്ശബ്ദത ഒരു രോഗം പോലെ പടരുകയാണ്. അതുകൊണ്ടാണ് യാതൊരു വിമർശനവും സാഹിത്യത്തിൽ ഉയരുന്നില്ലെന്നു സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇ.പി. രാജഗോപാലൻ്റെ നേതൃത്വത്തിൽ സാഹിത്യോത്സവത്തിൽ സംവാദം സംഘടിപ്പിക്കുന്നത്.ഇവിടെ വിമർശനമില്ലെന്നു സ്ഥാപിക്കേണ്ടത് പലരുടെയും ആവശ്യമാണ്. അതിനു ചൂട്ടുപിടിക്കുകയാണ് ഇ.പി.രാജഗോപാലിൻ്റെ ദൗത്യം.

ഒരു യുവാവിനു പോലും ആദർശം എന്ന സങ്കല്പമില്ല. പ്രായോഗിക വിജയം മാത്രമാണ് ലക്ഷ്യം. വ്യക്തിപരമായി ഒരു തത്ത്വചിന്തയോ സംസ്കാരമോ വേണമെന്നില്ല. എന്നാൽ ഓരോ പ്രവർത്തിക്കും കനത്ത പ്രതിഫലം വേണം. വിജയിപ്പിക്കാൻ വേണ്ടി എന്തു മാർഗ്ഗവും സ്വീകരിക്കുന്നവരെ സി.ജെ 'കുറുക്കുവഴികൾ' എന്ന ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ലക്ഷ്യത്തിൻ്റെ കാര്യം ഓർക്കുമ്പോൾ മാർഗം വഴിതെറ്റിപ്പോകും. 'ലക്ഷ്യം സ്വീകരിക്കുന്നതുതന്നെ വളരെ ആലോചിച്ചതിനുശേഷം വേണം' എന്നു  സി.ജെ മുന്നറിയിപ്പു നല്കുന്നുണ്ട്.  എന്തിനാണ് ഒരു ലക്ഷ്യം എന്നാലോചിക്കണം. ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെങ്കിൽ അത് നല്ലതാണോയെന്നു ചിന്തിക്കണം. ലക്ഷ്യം നേടാൻ ഉത്സുകരാകുന്നവർക്ക് പല പരീക്ഷകളെ നേരിടേണ്ടി വരും. അതാണ് കുറുക്കുവഴികൾ തിരഞ്ഞെടുക്കാൻ കാരണം. സ്വതന്ത്രമായി ചിന്തിക്കുന്നവർ ഇല്ലാതാവുന്നത് ഇങ്ങനെയാണ്. ബുദ്ധിപരമായ അടിമത്തവും  സാംസ്കാരികമായ വ്യക്തിത്വ രാഹിത്യവും ഇത്രത്തോളം ഭീകരമായി കാണപ്പെട്ട ഒരു കാലം കേരളപ്പിറവിക്ക് ശേഷം ഉണ്ടായിട്ടില്ല. സാഹിത്യരംഗത്ത് നവാഗതർ പോലും സാംസ്കാരിക സദാചാരത്തെ ഉപേക്ഷിച്ചു ഭൗതികമായ നേട്ടത്തിനായി വ്യക്തിബന്ധങ്ങൾ ഉപയോഗിക്കുന്നു.
സി.ജെയുടെ വാക്കുകൾ :'ഒന്നാമത്, നേരെയുള്ള വഴിയേക്കാൾ നീളം കുറഞ്ഞ കുറുക്കുവഴി ഇല്ല. രണ്ടാമത്  നിങ്ങളെത്തുന്ന ലക്ഷ്യം തെറ്റാണെങ്കിൽ തിരിഞ്ഞു നടക്കാൻ പ്രപഞ്ചം നിങ്ങളെ അനുവദിക്കുകയില്ല .അങ്ങെത്തിക്കഴിഞ്ഞ് എല്ലാം സാധിച്ചുകൊള്ളാം എന്ന് നിങ്ങൾ വിചാരിക്കുന്നു. അങ്ങനെയെങ്കിൽ കൂലിയും കൈക്കൂലിയും കൊടുത്ത് മതത്തിൽ ആളുകളെ ചേർക്കുന്നതിനെപ്പറ്റി നിങ്ങൾ എന്തു പറയുന്നു?"

സ്വന്തം രചനയിൽ വിശ്വാസമില്ലാത്തവർ 

സ്വന്തം രചനയുടെ, ടെക്സ്റ്റിന്റെ, കഥയുടെ, കവിതയുടെ ബലത്തിൽ ജീവിക്കാമെന്ന വിശ്വാസം പല എഴുത്തുകാർക്കും നഷ്ടപ്പെട്ടു .അവർ ഒരു വാണിജ്യതന്ത്രത്തെയാണ് പയറ്റുന്നത്. അടുത്തിടെ ഒരു നോവലിസ്റ്റ് തൻ്റെ നോവലിന്റെ പരസ്യത്തിനു ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് പ്രശംസാവാചകം വീഡിയോയിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിരുന്നു. സാഹിത്യവിമർശനം രാഷ്ട്രീയ പ്രവർത്തകർ ഏറ്റെടുത്തതല്ല ;എഴുത്തുകാർക്ക് സ്വന്തം രചനയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്. മലയാളത്തിലെ മികച്ച കവിത ഏതാണെന്ന് പറയാൻ ഡോ.എം.ലീലാവതിക്കു കഴിയും .എന്നാൽ ആ ജോലി ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് ചെയ്യിപ്പിച്ച് വീഡിയോയിലാക്കി പ്രചരിപ്പിക്കുന്നത് സി.ജെ പറയുന്നത് പോലുള്ള ഒരു തകർച്ചയാണ്; അല്ലെങ്കിൽ കുറുക്കുഴിയാണ്. സി.ജെ  31 വയസ്സുള്ളപ്പോൾ എഴുതിയ ലേഖനമാണ് 'കുറുക്കുവഴികൾ'.1949 ൽ 'മംഗളോദയ'ത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ ലേഖനം ഇപ്പോൾ കൂടുതൽ പ്രസക്തി നേടുകയാണ്. സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം നീന്തുന്നവർ ഇക്കാലത്താണല്ലോ തിരശ്ശീല മാറ്റി  മുന്നിലേക്കു വന്നത്. 

സദാചാരത്തിൽനിന്നും വിശ്വാസത്തിൽനിന്നും സ്നേഹത്തിൽനിന്നും വല്ലാതെ നിപതിച്ച ഒരു കാലമാണല്ലോ ഇത്. ഇവിടെ ആദർശങ്ങൾക്കും നേരുകൾക്കും വിലയില്ല.ഇവിടെ സ്ഥാപനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് .സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റിനാണ് വില. ഒരാൾ എന്തെഴുതി എന്നു മനസ്സിലാക്കുന്നില്ല. പകരം, അയാളെ ഏത് സ്ഥാപനമാണ് അംഗീകരിക്കുന്നത് എന്നാണ് നോക്കുന്നത് .ഇതാണ് സ്ഥാപനവൽക്കരണം .സാഹിത്യത്തിൽ തത്ത്വചിന്താപരമായ ,സൗന്ദര്യാത്മകമായ വിചാരങ്ങളെ എങ്ങനെയാണ് ഒരു വ്യവസ്ഥാപിതസ്ഥാപനത്തിനു 'അംഗീകരിക്കാൻ' കഴിയുന്നത്? ആ അംഗീകാരത്തിനു വെളിയിലല്ലേ അതിൻ്റെ യഥാർത്ഥ അസ്തിത്വം ? എഴുതിയത് വായിച്ചു നോക്കി ഒരാൾ എവിടെ നിൽക്കുന്നുവെന്നു മനസ്സിലാക്കാനുള്ള സിദ്ധി പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു.

രജതരേഖകൾ 

1)മഹാപ്രതിഭയായ പ്രൊഫ.ജി ബാലകൃഷ്ണൻ നായർ 'വസിഷ്ഠസുധ -യോഗവാസിഷ്ഠസാരം' എന്ന കൃതി  പരിഭാഷപ്പെടുത്തിയത് മലയാളത്തിനു നിത്യമായ സംഭാവനയാണ്. ഇത്രയും ഉന്നതമായ ഒരു പരിഭാഷ മറ്റാർക്കെങ്കിലും സാധ്യമാണോ എന്നറിയില്ല .മുപ്പത്തിനായിരം പദ്യങ്ങളുള്ള ഈ കൃതി വാത്മീകി രചിച്ചുവെന്നു പറയുന്നത് ശരിയല്ലെന്നു സുകുമാർ അഴീക്കോട് വസിഷ്ഠമുനിയുടെ 'ശൈലിയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ പറയുന്നുണ്ട്.ശ്രീരാമനു വസിഷ്ഠമുനി നല്കുന്ന താത്ത്വിക ഉപദേശമാണ് ഈ കൃതി ഉൾക്കൊള്ളുന്നത്. 

2)കൽപ്പറ്റ നാരായണൻ കവിതയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കയാണ്. യഥാർത്ഥ കവിതയ്ക്ക് പകരം പ്രസ്താവനകളും തോന്നലുകളുമാണ് അദ്ദേഹം വളരെക്കാലമായി എഴുതിക്കൊണ്ടിരിക്കുന്നത്. 'സുരക്ഷാവലയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 23)എന്ന കവിതയിലെ ഈ വരികൾ നോക്കുക: " അഞ്ചാളെ പച്ചയ്ക്ക് 
വെട്ടി നുറുക്കിയ ആളാണ് .
കയ്യിൽ കിട്ടിയാൽ
ഏതാണ്ടതൊക്കെ അയാളോടും ചെയ്യാനുള്ള വെമ്പലിലാണ് ജനക്കൂട്ടം .
അതങ്ങ് കയ്യിൽ വച്ചാൽ മതി .
കുറ്റം കയ്യിലെടുക്കുമ്പോലെ
നിയമം കയ്യിലെടുക്കാൻ നോക്കണ്ട .
അതിലൊരാളെപ്പോലും അയാളെയൊന്നു 
തൊട്ടുനോക്കാൻ പൊലീസ് അനുവദിക്കില്ല. 
(തൊട്ടുനോക്കലിനൊക്കെ 
പൊലീസ് നിഘണ്ടുവിൽ 
മാരകമായ അർത്ഥമാണുള്ളതെന്നറിയാമല്ലോ)'

ഇത് കവിതയാണോ ?എങ്കിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ പറയുന്നതൊക്കെ കവിതയാണ്. കൽപ്പറ്റ കവിതയെ കൊല്ലുകയാണ്. അതിനു മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പൊങ്ങച്ചത്തിൻ്റെ ലേബലിൽ പിന്തുണ കൊടുക്കുകയാണ് .ഇതിൻ്റെ പേരിൽ ഇനി കല്പറ്റയ്ക്ക് അവാർഡ് കിട്ടിയാലും അത്ഭുതമില്ല.കവിത വായിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴും ഇവിടെയുണ്ട്. അവരുടെ ബുദ്ധിയെ പരീക്ഷിക്കരുതെന്നു കൽപ്പറ്റയോടു  അഭ്യർത്ഥിക്കുന്നു .മറ്റൊരു കാര്യം കയ്യിൽ എന്നു തെറ്റായി പ്രയോഗിച്ചതാണ്. കൈയിൽ എന്നതാണ് ശരി.

3)മേതിൽ രാധാകൃഷ്ണൻ്റെ ഒരു വീഡിയോ ഇന്റർവ്യൂ കാണാനിടയായി.  മൊബൈൽഫോൺ കണ്ടുപിടിച്ചത് ലോകത്തെ മാറ്റിമറിച്ചുവെന്നും സർഗാത്മക കലാകാരന്മാർക്ക് ഇങ്ങനെയൊരു മാറ്റത്തിൻ്റെ പിതൃത്വം അവകാശപ്പെടാനാവില്ലെന്നും അഭിപ്രായപ്പെടുന്നതു കണ്ടു. എന്തൊരു അസംബന്ധമാണിത്. മേതിൽ എക്കാലവും കലയ്ക്കും  സാഹിത്യത്തിനും എതിരെയാണ് പ്രവർത്തിച്ചത് .എത്ര വലിയ ഉപരിപ്ളവ ചിന്തയാണ് മേതിൽ  അവതരിപ്പിക്കുന്നത്!. ലോകത്തെ മൊബൈൽഫോൺ മാറ്റുന്നത് വേഗത, സാങ്കേതികത എന്നീ തലങ്ങളിലാണ്. എന്നാൽ സാഹിത്യവും കലയും ലോകത്തെ മാറ്റുന്നത് യാഥാർത്ഥ്യം, ബോധം ,മൂല്യം, അറിവ്, ജ്ഞാനം എന്നീ തലങ്ങളിലാണ് .മഹാഭാരതം ഒരു മൂല്യമാണ്. അതാകട്ടെ ഒരു ചർച്ചയിലോ വായനയിലോ അവസാനിക്കുന്നില്ല. ഫോൺ ഒരു തുടർ മൂല്യമല്ല; ഒരു സാങ്കേതിക സൗകര്യമാണ്. പുതിയതൊന്നു കണ്ടു പിടിക്കുമ്പോൾ നിലവിലുള്ളത് അപ്രസക്തമാകും .ടൈപ്പ് റൈറ്റർ ലോകത്തെ മാറ്റി; എന്നാൽ കമ്പ്യൂട്ടർ വന്നപ്പോൾ ടൈപ്പ് റൈറ്റർ അപ്രസക്തമായി. ഷേക്സ്പിയറുടെ 'ഹാംലറ്റ്' ഒരിക്കലും അപ്രസക്തമാകുന്നില്ല. 
ഈ വശത്തെക്കുറിച്ച് മേതിലിനു വലിയ ധാരണയില്ലെന്നു തോന്നുന്നു.

4)ഡോ. കെ.ബി.ശെൽവമണി  ചിന്താശൂന്യതകൊണ്ട് അലങ്കരിച്ച ലേഖനമാണ് 'വിതുമ്പിപ്പോയ ചില്ലക്ഷരങ്ങൾ സ്വരങ്ങളിൽ കൂടൊരുക്കുമ്പോൾ (പ്രസാധകൻ ,ഫെബ്രുവരി).ലേഖകന്റെ വാദം ഇങ്ങനെ സംഗ്രഹിക്കാം: കാക്കനാടൻ്റെ 'ഉഷ്ണമേഖല' ഒരു ക്ലാസിക് നോവലാണ്. എന്നാൽ ഇതിനെ വിമർശകർ വല്ലാതെ അവഗണിച്ചു. ആരും ഒന്നും എഴുതിയില്ല .കെ.പി.അപ്പൻ 'ഉഷ്ണമേഖല'യെക്കുറിച്ച് എഴുതിയില്ല .കാക്കനാടനെ ആരും ഇപ്പോൾ ഓർക്കുന്നില്ല.

ഈ വാദങ്ങളിൽ കഴമ്പില്ലെന്നു അറിയിക്കട്ടെ. ഉഷ്ണമേഖലയെക്കുറിച്ച് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .കെ. പി. അപ്പൻ എഴുതുന്നത് അദ്ദേഹത്തിൻ്റെ കലാസങ്കല്പത്തിനു അനുസരിച്ചാണ്. നാട്ടുകാർ പറയുന്നത് കേട്ടല്ല. കാക്കനാടനെ ഓർക്കാൻ കൊല്ലത്ത് ഒരു സ്മാരകം ഉയരേണ്ടതാണ് .കൊല്ലത്തുകാർ വിചാരിക്കണം ;പാലക്കാട്  ഒ.വി.വിജയൻ്റെ സ്മാരകം ഉണ്ടായതു പോലെ.എന്നാൽ 'ഉഷ്ണമേഖല' ശ്രദ്ധിക്കപ്പെട്ട നോവലാണ്.ഈ കൃതിയെക്കുറിച്ച് ഡോ.കെ.എം. തരകനും ഗോപി കൊടുങ്ങല്ലൂരും റേഡിയോയിൽ ചർച്ച നടത്തിയത് ഓർക്കുകയാണ്.

5)സിബിൻ ഹരിദാസ് എഴുതിയ 'നാനോ കഥകൾ'(ഹരിതം ബുക്സ്) സൂക്ഷ്മതയിൽ സ്ഥൂലപ്രപഞ്ചം തേടുകയാണ് .ഇന്ന് നാനോ കഥകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഈ കഥാകൃത്ത്.ഒരു കഥ ഇങ്ങനെയാണ്:

'ഇന്നലെ ഞാനും അയാളും പറഞ്ഞത് മനുഷ്യനെക്കുറിച്ചായിരുന്നു .ഇന്ന് ഞാനും അയാളും പറയുന്നത് അയാളുടെയും എൻ്റെയും മനുഷ്യരെക്കുറിച്ചാണ്.'

6)ഫ്രഞ്ച് സാഹിത്യകാരൻ എമിലി സോളോയാണ് ഭൂതകാലത്തെക്കുറിച്ച് സത്യമായ ഒരു കാര്യം പറഞ്ഞത്: 'എൻ്റെ മിഥ്യകളുടെ ശവപ്പറമ്പായിരുന്നു ഭൂതകാലം.'

7)മറ്റാരെയെങ്കിലും ബോധിപ്പിക്കാൻ വേണ്ടി സേവനം ചെയ്യുന്നവരുണ്ടാകാം. ചിലർ സഹായം ചെയ്തിട്ട് അത് വീഡിയോയിലും ഫോട്ടോയിലും ചിത്രീകരിച്ച് പരസ്യപ്പെടുത്താറുണ്ട്.  ഇതൊക്കെ ഓരോ വീക്ഷണമാണ്. ചിലർ സഹായം ചെയ്യും ;അത് രഹസ്യമാക്കി വയ്ക്കും.'ദ ഗുഡ് എർത്ത്' എന്ന നോവൽ എഴുതിയ പേൾ എസ് ബക്കിൻ്റെ വാക്കുകൾ: 'സേവനം ചെയ്യുന്നത് മനോഹരമാകണമെങ്കിൽ അത് സന്തോഷത്തോടെ ,നിറഞ്ഞ ഹൃദയത്തോടെ, സ്വതന്ത്രമനസ്സോടെയാകണം.' ഭാഗവതത്തിൽ പറയുന്നുണ്ട് ,ഒരാളെ സഹായിക്കേണ്ടത്, സംഭാവന ചെയ്യേണ്ടത് അവനെ ബഹുമാനിച്ചുകൊണ്ടു വേണമെന്ന്. കാരണം അവനിലും ദൈവത്തിൻ്റെ ചൈതന്യമാണുള്ളത്.


അനുധാവനം /എം.കെ.ഹരികുമാർ (feb 2025)

 



എഴുത്തുകാരൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനൊപ്പമോ?

ഏതാനും ദിവസം മുമ്പാണ് ,ഒരു സാഹിത്യകാരൻ തൻ്റെ നിലപാട് ധീരമായി പ്രഖ്യാപിച്ചു .ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ തൻ്റെ മനസ്സിൽ തളം കെട്ടി നിന്ന ,ഇനിയും ഉച്ചത്തിൽ മുഴങ്ങി കേട്ടില്ലെന്നു തോന്നിയ ഒരു ഗൂഢചിന്തയാണ് അദ്ദേഹം അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടത് . എഴുത്തുകാരൻ സർക്കാരിനും പ്രതിപക്ഷത്തിനും ഒപ്പമാകണം നീങ്ങേണ്ടതെന്ന നല്ലൊരു ആയുർവേദ തൈലമാണ് അദ്ദേഹം സമ്മാനിച്ചത് .ഒരു സർക്കാർ സാഹിത്യകാരനെന്ന ഖ്യാതി മറ്റാരും തട്ടിയെടുക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ട് അദ്ദേഹം അത് പറഞ്ഞെന്നേയുള്ളൂ. അതോടൊപ്പം, ഇനി ആരെങ്കിലും പ്രതിപക്ഷത്തിനൊപ്പം നിന്നു ഭാവിയിലെ ലക്ഷ്യങ്ങൾ ഉറപ്പാക്കുന്നുണ്ടെങ്കിൽ അവരെയും അദ്ദേഹം നിഷ്പ്രഭരാക്കി. മെയ് വഴക്കത്തിൽ നമ്പർ വൺ ആകണമല്ലോ.താൻ ഒരേ സമയം സർക്കാരിനും പ്രതിപക്ഷത്തിനും ഒപ്പമാണെന്ന പ്രസ്താവന കുറെ ചെറുപ്പക്കാരെയെങ്കിലും വശീകരിക്കാതിരിക്കില്ല .പെറ്റു വീഴുന്നയുടൻ അവാർഡ് കിട്ടിയില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ലല്ലോ.ബഷീറിൻ്റെയോ വിജയൻ്റെയോ ശങ്കരക്കുറുപ്പിൻ്റെയോ പേരിലുള്ള അവാർഡുകൾ തട്ടിപ്പറിച്ചെടുക്കുന്നതിൽ ആർക്കാണ് ത്രിൽ ഇല്ലാത്തത്? എഴുത്തുകാരൻ അവാർഡ് വാങ്ങുന്നതിനോട് വിയോജിക്കുന്നില്ല. പുസ്തകത്തിനു മാധ്യമശ്രദ്ധ കിട്ടാൻ വേറെ വഴിയില്ലല്ലോ.എന്നാൽ എഴുതി തുടങ്ങുന്ന ഉടനെ അവാർഡ് മേടിക്കുന്നത് ആ എഴുത്തുകാരനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അയാൾ ചെലവില്ലാതെ പ്രശസ്തനാകുന്നതോടെ  കൂടുതലൊന്നും ചിന്തിക്കുകയോ പഠിക്കുകയോ വേണ്ട എന്ന നിലപാടിൽ എത്തും. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.എഴുതിയെഴുതി, കുറഞ്ഞത് ഒരു ദശാബ്ദക്കാലത്തെ അനുഭവങ്ങളും ചിന്തകളും രൂപപ്പെടുന്ന  സമയത്താണ് ഒരു പുരസ്കാരം ലഭിക്കേണ്ടത്. ഇവിടെ മുതിർന്ന സാഹിത്യകാരൻ്റെ പൂഴിക്കടകൻ എന്നു വിശേഷിപ്പിക്കാവുന്ന 'സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം' എന്ന തുറന്നു പറച്ചിൽ എല്ലാ സാഹിത്യചർച്ചകളും പ്രത്യയശാസ്ത്രവിചിന്തനങ്ങളും അവസാനിപ്പിച്ചതിൻ്റെ തെളിവാണ്.

ഇന്നു ഗൗരവമായി ചിന്തിക്കേണ്ടതില്ല. ചിന്തിക്കുന്നത് അശ്ളീലമാണ്.ഒന്നിനോടും  വിയോഗിക്കേണ്ടതില്ല, പ്രതിഷേധിക്കേണ്ടതില്ല. എല്ലാ അനീതിയോടും വൃത്തികേറിനോടും സന്തോഷത്തോടെ സന്ധി ചെയ്യുമ്പോൾ കിട്ടുന്ന സുരക്ഷിതത്വമാണ് എഴുത്തുകാരുടെ ഭാവി മൂലധനം. അധികാരികളെ പ്രീണിപ്പിക്കൽ എന്ന വരേണ്യ അരാജക നിലപാടാണിത്.  ഒരു കാര്യം പറയട്ടെ; എഴുത്തുകാരൻ മുന്നോട്ടുവന്നു താൻ അധികാരി വർഗ്ഗത്തോടൊപ്പമാണെന്നു പറയേണ്ടതില്ല. അത് വായനക്കാർക്കറിയാം; മറ്റു എഴുത്തുകാർക്കുമറിയാം. എഴുത്തുകാരുടെ കൃതികളാണ് സംസാരിക്കേണ്ടത് .സാർത്രിൻ്റെ ദ് വാൾ ,ഒ.വി.വിജയന്റെ അരിമ്പാറ, കാക്കനാടൻ്റെ ആൽവാർ തിരുനഗറിലെ പന്നികൾ, സക്കറിയയുടെ നസ്രാണിയുവാവും ഗൗളിശാസ്ത്രവും തുടങ്ങിയ കഥകൾ വായിക്കുമ്പോഴറിയാം ഈ എഴുത്തുകാർ സർക്കാർ സാഹിത്യകാരന്മാരാകാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല എന്ന്. സർക്കാർ പറയുന്നതെല്ലാം ശരിവയ്ക്കാൻ മുന്നോട്ടു ചാടിവരുന്ന സാഹിത്യകാരനെ സർക്കാർ പോലും ഇഷ്ടപ്പെടുകയില്ല. ഒരു നല്ല ഭരണകൂടം അതിൻ്റെ വിമർശകരെയാണ് ശ്രദ്ധിക്കുന്നത്.

മന:ശാസ്ത്രം മരിച്ചു

ആലപ്പുഴയിൽ വർഷങ്ങൾക്കു മുമ്പ്, കേരള സാഹിത്യ അക്കാദമിയുടെ ഒരു ക്യാമ്പിലാണ് ഞാൻ ആദ്യമായി മന:ശാസ്ത്രം മരിച്ചു എന്നു പറഞ്ഞത്. അന്നു പെരുമ്പടവം ശ്രീധരൻ ,അക്ബർ കക്കട്ടിൽ ,ബാലചന്ദ്രൻ വടക്കേടത്ത് തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. മനുഷ്യമനസ്സ് മനഃശാസ്ത്രത്തിന്റെ പരമ്പരാഗതമായ കള്ളികളിൽ ഒതുങ്ങില്ലെന്നും അതിനു പുതിയ സമീപനങ്ങൾ ആവശ്യമാണെന്നും ആ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. പിന്നീട്ടു വർഷങ്ങൾക്കു ശേഷമാണ് അമേരിക്കൻ തത്ത്വചിന്തകനായ കെൻ വിൽബർ (Ken Wilber)എഴുതിയ ചില ലേഖനങ്ങൾ വായിച്ചത് .അത്ഭുതമെന്നു പറയട്ടെ, അതിൽ death of psychology എന്ന ആശയം ചർച്ച ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ ഈഗോയും ബാഹ്യലോകവുമായുള്ള ബന്ധത്തിൽ ഊന്നിയാണ് പാശ്ചാത്യ മന:ശാസ്ത്രം വികാസം പ്രാപിച്ചിട്ടുള്ളത് .ഇത് പര്യാപ്തമല്ല എന്നാണ് വിൽബർ വാദിച്ചത്. ഈ ഉത്തര-ഉത്തരാധുനിക(Post Postmodernism) കാലത്ത് മന:ശാസ്ത്രം ഫലിക്കുന്നില്ല എന്നു പറയട്ടെ. ഇത് ഡിജിറ്റൽ യൂണിവേഴ്സൽ അദൃശ്യവ്യക്തികളുടെ കാലമാണ്. ഇന്നു   നമ്മളോട് സന്ദേശങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും  സമൂഹമാധ്യമങ്ങളിലൂടെയും ഇടപെടുന്നവരെ നമുക്കറിയില്ല. ആരാണ് നമ്മളോട് സംവദിക്കുന്നത്? പലർക്കും മുഖമില്ല .ജീവിക്കാൻ മുഖം വേണ്ട .ഒരു ടെലിഫോൺ നമ്പർ കണ്ടേക്കാം. അല്ലെങ്കിൽ ഈമെയിൽ ഐഡി കണ്ടേക്കാം. സൈബർ ലോകത്ത് നമുക്ക് വ്യക്തിത്വങ്ങളെ വേണ്ട; യാന്ത്രികമായ വ്യക്തി സങ്കല്പങ്ങൾ മതി. നമ്മൾ തന്നെ ഒരു റോബോട്ടായി മാറി കഴിഞ്ഞിരിക്കുന്നു. ഇമെയിലിലൂടെ നമ്മടെ അസാന്നിദ്ധ്യത്തിലും സന്ദേശങ്ങൾ അയയ്ക്കാമല്ലോ. നൂറ് പേർക്ക് സന്ദേശം അയക്കാൻ ആരെയും വ്യക്തിപരമായി കാണേണ്ട. എല്ലാം ഡിജിറ്റൽ സാന്നിധ്യമായി നിലനിൽക്കുന്നു .ഇവിടെ വ്യക്തിയുടെ മന:ശാസ്ത്രം പ്രവർത്തിക്കുന്നില്ല. ഇവിടെ മാംസമോ രൂപമോ പേരോ പ്രധാനമല്ല. അശരീരിയായി  ജീവിക്കുന്നതിലാണ് ആധുനിക ഡിജിറ്റൽ യൂണിവേഴ്സൽ വ്യക്തി സന്തോഷിക്കുന്നത്.
ഈ ഉത്തര- ഉത്തരാധുനിക  ജീവിതപശ്ചാത്തലത്തിൽ, ഭ്രാന്തുപിടിച്ച വേഗതയിൽ, സ്വന്തം അതിജീവനത്തിനും സ്വപ്നത്തിനും മാത്രം വിലയുള്ള കാലത്ത് മന:ശാസ്ത്രത്തിന്റെ മന്ത്രങ്ങൾ ഏശുന്നില്ല. മന:ശാസ്ത്രം മരിച്ചു. മനുഷ്യമനസ് ഇപ്പോൾ പെരുമാറുന്നത് മറ്റൊരു വിതാനത്തിലാണ്.  മനുഷ്യമനസ്സ് പരിണമിച്ചിരിക്കുന്നു. സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ ഷാരോൺ കൊലക്കേസ് ഓർക്കുമല്ലോ .ഗ്രീഷ്മ തന്റെ കാമുകനായ ഷാരോണിനെ തന്ത്രപരമായി കഷായത്തിലും പാനീയത്തിലും വിഷം കൊടുത്തു കൊല്ലുകയായിരുന്നു. അവൻ്റ ഭാഗത്ത് ഒരു പ്രകോപനവുമില്ലായിരുന്നു.എന്നിട്ടും കൊല്ലുകയാണ്. കോടതി ഗ്രീഷ്മയെ തൂക്കി കൊല്ലാൻ വിധിച്ചിരിക്കയാണ്. എങ്ങനെയാണ് ഈ കൊലപാതകം സംഭവിക്കുന്നത്? പ്രണയത്തിലായിരിക്കുന്ന ഒരാളെ എങ്ങനെയാണ് കൊല്ലുന്നത്? നമ്മൾ ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത് ഒരാളുടെ പ്രേമം നിരസിക്കുമ്പോഴാണ് മറ്റേയാൾ അക്രമിയാകാറുള്ളതെന്നാണ്. സ്നേഹിക്കാത്തതുകൊണ്ടാണ് പകയുണ്ടാകുന്നത് .എന്നാൽ സ്നേഹിക്കാൻ തയ്യാറായി നിൽക്കുന്ന ശാന്തനായ ഒരാളെ എങ്ങനെയാണ് കൊല്ലാൻ തോന്നുന്നത്? അയാളെ കൊല്ലണമെന്ന ആഗ്രഹം മനസ്സിൽ ഒളിപ്പിച്ചശേഷം അയാളുമായി വളരെ ഇൻ്റിമേറ്റായി ഇടപെടുന്നു!.പ്രേമത്തിൽ തന്നെ പ്രേമത്തിന്റെ അഭിനയവും സംഭവിക്കുന്നു. പ്രേമത്തിനെതിരെയുള്ള ഗൂഢാലോചന പ്രേമിക്കുന്നവരുടെ മനസ്സിൽ തന്നെ സംഭവിക്കുകയാണ്. പ്രേമിക്കുമ്പോൾ കൊല്ലണമെന്നും ചിന്തിക്കുന്നു. കൊല്ലാൻ തീരുമാനിച്ച ഒരുവനുമായി ശാരീരിക ബന്ധം പുലർത്തുകയാണ്!. പ്രേമം, രതി,ജീവിതം തുടങ്ങിയ പ്രശ്നങ്ങൾക്ക് പുതിയ നിർവചനം വേണം.

ശുദ്ധമായ പ്രേമമോ ബന്ധമോ എവിടെയുമില്ല. സ്നേഹിച്ചുകൊണ്ടു തന്നെ വെറുക്കുകയാണ്. വെറുത്തു കൊണ്ടുതന്നെ സ്നേഹം നടിച്ച് രതിയിൽ ഏർപ്പെടാം. വിഷം കൊടുത്തതിൻ്റെ ഫലമായി കാമുകൻ മരണശയ്യയിൽ കിടക്കുമ്പോഴും സ്നേഹത്തിന്റെ ഭാഷണങ്ങൾ തുടരുകയാണ്. ജീവിതമല്ല ഇത്; ഒരു അധികജീവിതം കണ്ടുപിടിച്ച് അത് തന്നിലേക്കു തുന്നിച്ചേർക്കുകയാണ്.  മനശാസ്ത്രം മരിച്ചതിൻ്റെ ഫലമാണിത്. 

ഇത് നവ ഡിജിറ്റൽ മനുഷ്യൻ്റെ പുതിയ മനസ്സാണ്. അവനു പോലും ഇഷ്ടപ്പെടാത്ത അവൻ്റെ മനസ്സാണ്. ലോകത്തിലുള്ള എല്ലാ രുചികളും തന്നിലൂടെ കടന്നു പോകണമെന്നു ശഠിക്കുന്നവന്റെ പേടിപ്പെടുത്തുന്ന, വിനാശകരമായ മനസ്സാണിത്. ഗ്രീഷ്മ -ശാരോൺ പ്രേമം ഒരു  കഥയായി മലയാളത്തിൽ പത്തു വർഷം മുമ്പെങ്കില്ല  എഴുതപ്പെടേണ്ടതായിരുന്നു.കാരണം, മനുഷ്യമനസ് അങ്ങനെയാണ്. അതിനു മാറ്റം സംഭവിച്ചിരിക്കുന്നു. മനശാസ്ത്രം മരിച്ചത് നമ്മുടെ എഴുത്തുകാർ  അറിഞ്ഞിട്ടില്ലല്ലോ .ചിലർ ഇപ്പോഴും പുലിയെ കാട്ടിൽ വേട്ടയാടി കറിവച്ച് കഴിക്കുകയാണല്ലോ. അല്ലെങ്കിൽ ഇല്ലാത്ത പാതാളകരണ്ടിക്കു വേണ്ടി  കിണറ്റിലേക്ക് എടുത്തു ചാടുകയാണ്. 

ശിവദാസിൻ്റെ കവിത ദിക്കുതെറ്റി അലയുന്നു

കെ.കെ.ശിവദാസ് എഴുതിയ 'പ്രതിരൂപങ്ങൾ' (പ്രസാധകൻ, ഡിസംബർ)ദിക്ക് തെറ്റി അലയുന്ന ഒരു പായ് വഞ്ചിപോലെ അനുഭവപ്പെട്ടു. കവിതയിൽ ഒരാൾ പച്ചക്കറി വാങ്ങാൻ പോകുന്നതായി പറയുന്നുണ്ട്. അയാൾ  ഗീവർഗീസ് പുണ്യാളന്റെ രൂപം കാണുന്നു .പച്ചക്കറി വാങ്ങാൻ പോയ ആൾ നേരത്തെ ഒരു പാമ്പിനെ കൊന്നവനാണത്രേ. എന്നാൽ താമസിയാതെ അയാൾ വ്യാളിയെ സ്നേഹിക്കുകയാണ് .അതോടെ അയാളുടെ മനസ്സ് തണുത്തു. പിന്നീട്  പച്ചക്കറിയുമായി സമാധാനത്തോടെ വീട്ടിൽ മടങ്ങിയെത്തിയെന്ന്!. കവിതയുടെ അനുഭവം എന്ന നിലയിൽ കാണാവുന്ന യാതൊന്നും ഇതിലില്ല. ചില തോന്നലുകൾ അവതരിപ്പിച്ചു. ഇതുപോലെയുള്ള തോന്നലുകൾ സർവ്വസാധാരണമല്ലേ? മനുഷ്യർ ഭ്രാന്തുപിടിച്ച് ജീവിതവും കൊണ്ട് ഓടുന്ന ഈ കാലത്ത് വെറുതെ യുജിസി കവിതകൾ എഴുതി ബോറടിപ്പിക്കരുത്. 

അനുഭൂതിയില്ലാത്തവർ എഴുതിയില്ലെങ്കിൽ എന്താണ് കുഴപ്പം ?  എന്തിനാണ് എഴുതുന്നതെന്നു സ്വയം ചോദിച്ചാൽ പലതിനും ഉത്തരം കിട്ടും. എഴുതുമ്പോൾ സൃഷ്ടിക്കപ്പെടേണ്ടത് കലയാണ്. എങ്ങനെയാണ് ഒരാൾ താനൊരു കവിയാണെന്നു തിരിച്ചറിയുന്നത്? "ജീവിതത്തിന്റെ നദി കുറുകെ കടക്കാൻ നിങ്ങൾക്ക് വേണ്ട പാലം പണിയാൻ മറ്റൊരാൾക്കും കഴിയില്ല ;ഒരേയൊരു വഴിയേ ഉള്ളൂ: നിങ്ങൾ നിങ്ങളിലേക്ക് തന്നെ സഞ്ചരിക്കുക" - ഫ്രെഡറിക് നിഷെ പറഞ്ഞതാണിത്. ഉള്ളിലേക്ക് നീളുന്ന ആ സഞ്ചാരത്തിൽ എഴുതാനുള്ള കാരണം നിങ്ങൾക്ക് തന്നെ വെളിപ്പെടുകയാണെങ്കിൽ, ആത്മാവിന്റെ അടിയിലേക്ക് അത്  വേരുകളാഴ്ത്തിയിട്ടുണ്ടെങ്കിൽ ,അത് എഴുതാതിരിക്കുന്നത് മരിക്കുന്നതിനു തുല്യമാണെന്നു അറിയുകയാണെങ്കിൽ മാത്രം എഴുതുക എന്നു റിൽക്കേ  പറയുന്നുണ്ട്. ശിവദാസിൻ്റെ കവിതയിലെ വരികൾ ഇങ്ങനെയാണ്:
"കാലം വല്ലാതെ മാറിയിരിക്കുന്നു
അതിനൊത്ത് മനുഷ്യരുടെ ചിന്തയും ശീലവും
മാറേണ്ടതാണെന്നുള്ള തിരിച്ചറിവിൽനിന്നു
കുന്തവും പോരാളിയും പ്രാണവേദനയിൽ
നാവു തുറിച്ച വ്യാളിയും സന്ദർഭോചിതമല്ലാതായി 
മൊബൈലിൽ അകലെയുള്ള ഭാര്യയോടോ അമ്മയോടോ കയർക്കുന്ന
ബംഗാളിയോടെനിക്കു കനിവ് തോന്നി. "

ഇത് ഒരു തിയറ്ററിൽ നിന്നു സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന എല്ലാവർക്കും തോന്നാവുന്നതാണ്. എത്ര 'നല്ല'കാലമാണ് ഇന്നത്തെ മലയാളിയുടേത്. ഒരു സെക്കൻഡ് ഷോ കഴിഞ്ഞിറങ്ങുന്നവർ 300 പേരാണെങ്കിൽ 300 കവിതകളാണ് പിറക്കുന്നത്!

റിൽക്കേ പറഞ്ഞു ,പ്രേമകവിത എഴുതരുത്

പ്രേമകവിത എഴുതരുതെന്നു റിൽക്കേ പറഞ്ഞതിനു ചില കാരണങ്ങളുണ്ട്.ഒരു യുവകവിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അത് ഇപ്രകാരമാണ്:" പ്രേമകവിതകൾ ഒഴിവാക്കണം. ഇത്തരം വിഷയങ്ങൾ സർവ്വസാധാരണമാണ് .പാരമ്പര്യത്തിൽ ഇതുപോലെയുള്ള ധാരാളം കവനങ്ങൾ ഉണ്ടായിരിക്കെ അവയിൽനിന്നും ' വ്യത്യസ്തമായി ,നിങ്ങളുടെ പൂർണ്ണമായ ശക്തി വിനിയോഗിക്കാൻ പാകത്തിലുള്ള അവസരം അവിടെ കുറവായിരിക്കും. അതുകൊണ്ട് ഇത്തരം പൊതുവിഷയങ്ങളിൽ നിന്നു സ്വയം മോചിപ്പിക്കുക."

നമ്മുടെ സാധാരണജീവിതം എന്താണ്, എങ്ങനെയാണ് എന്നു സാവധാനം പരിശോധിക്കുകയാണ് വേണ്ടത്. അന്യമായ പ്രചോദനങ്ങളിലേക്ക് പോകരുത് .നമുക്ക് എത്രമാത്രം പരമാവധി സ്വയം ആവിഷ്കരിക്കാമെന്നാണ് നോക്കേണ്ടത് .ചിന്തകളും വിശ്വാസങ്ങളും സങ്കടങ്ങളും ആവിഷ്കരിക്കുമ്പോൾ സൗന്ദര്യത്തിന്റെ ഒരു തലമുണ്ടാകണം. ഏത് വസ്തുവായാലും അതിനെ നിങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്, സ്വയം പ്രകാശിപ്പിക്കാൻ(to express yourself). അല്പം പോലും കവിത മനസിൽ ഇല്ലാതിരിക്കെ പ്രണയകവിത എഴുതി സ്വയം നശിക്കരുത്.
റിൽക്കെ എഴുതുന്നു: നമ്മുടെ ചുറ്റുപാടുകൾ ദരിദ്രമായിരിക്കാം. എന്നാൽ അത് നിങ്ങളുടെ പരിമിതിയാണ് കാണിക്കുന്നത്. ഏതൊരു സാഹചര്യത്തിൻ്റെയും മൂല്യം ആരായാൻ നിങ്ങളിൽ ഒരു കവിയുണ്ടായിരിക്കണം .അല്ലെങ്കിൽ അത് ദരിദ്രമായി തോന്നും .
"For to the creator there is no poverty and no poor indifferent place."

വർഗീസ് അങ്കമാലിയുടെ കഥ പഴയതരം വിവരണം 

വർഗീസ് അങ്കമാലിയുടെ 'ഊരുവേട്ട'(എഴുത്ത് ,ജനുവരി) എന്ന കഥ കലാപരമായി പ്രത്യേകിച്ചൊരു സംഭാവനയും ചെയ്യുന്നില്ല. ഉത്സവത്തിന്റെ ഭാഗമായുള്ള തൂക്കുചാടിൽ തൂങ്ങിയ മകനെ രക്ഷിച്ചുകൊണ്ട് പോകുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിലുള്ളത്. "ഏതോ ശക്തിയുടെ പ്രേരണയാലെന്നപോലെ ദുർഗയുടെ കരം പിടിച്ചു സമനില തെറ്റിയ പോലെ അവർ വേച്ചു വേച്ചു നടന്നു. കുങ്കുമത്തട്ടിൽ നിന്നു ഒരുപിടി വാരി നെറുകയിലും ശിരസ്സിലുമണിഞ്ഞു. അഴിഞ്ഞ മുടി കൂട്ടിക്കെട്ടി. രുധിരഗന്ധം പരത്തുന്ന   ഇരയുടെ മുന്നിലെത്തി അവർ ശക്തി വീണ്ടെടുത്തു. അമ്മ ദേവിയായി, ശക്തിയായി, സംഹാരമൂർത്തിയായി  ചോരയിൽ ചവിട്ടിനിന്നു ചാട് ബന്ധിച്ചിരുന്ന കയർ അഴിച്ചു. അത് ഒരു ഞരക്കത്തോടെ താണുവന്നു."

നരബലി കൊടുക്കുന്ന ഒരിടത്തു നിന്നാണത്രേ മകനെ അമ്മ രക്ഷിച്ചത്. ഇപ്പോൾ എവിടെയാണ് നരബലി ? പുരാതനകാലത്ത് ഉണ്ടായിരിക്കാം. പക്ഷേ ,ആ പശ്ചാത്തലമൊന്നും കഥയിലില്ല. കഥാകൃത്തിനോടു പറയാനുള്ളത് ഇതാണ് :ഇത്തരം കഥകളിൽ കുറെ സംഭവങ്ങൾ വിവരിക്കുന്നതല്ലാതെ സവിശേഷമായ ഒരു നോട്ടമോ ആഴമാ  അനുഭവിപ്പിക്കുന്നില്ല .കഥയ്ക്കു മനുഷ്യാവസ്ഥയെ 'സൂക്ഷ്മമായി സ്പർശിക്കാനാവുന്നില്ല .വളരെ പഴയ ഒരു വിവരണ രീതിയാണിത്. അസ്തിത്വത്തിൻ്റെ  അനുഭവമണ്ഡലത്തിന്റെ ഒരു കണം പോലും അനാവരണം ചെയ്യുന്നില്ല. സ്മാർട്ട് ഫോണുകളുടെ കാലത്ത് കീപാടുള്ള ഫോൺ എങ്ങനെയാണ് സ്വീകാര്യമാവുന്നത് ? വർഗീസ് അങ്കമാലി എന്ന കഥാകൃത്ത് ജീവിക്കുന്നത് ഏതുകാലത്താണ്? മകൻ പിതാവിനെ കുത്തിക്കൊല്ലുന്ന , സ്വന്തം കുഞ്ഞിനെ അമ്മ ഭിത്തിയിലടിച്ചു കൊല്ലുന്ന  കാലമാണിത് .ഇവിടെ മനുഷ്യമനസ്സുകളിൽ എന്താണ് സംഭവിക്കുന്നത്? ഇത് ഒരു കഥാകൃത്ത് പരിശോധിക്കണം. കഥാകൃത്തിൻ്റെ  ചുമതലയാണ്.യാതൊന്നിലും ഇടപെടാതെ സുരക്ഷിതമേഖല തേടുന്ന കഥാകൃത്തുക്കൾ പരാജയപ്പെടും. ആധുനികതക്കു ശേഷം വന്ന പല കഥാകൃത്തുക്കളും പരാജയപ്പെട്ടത് രണ്ടു കാരണം കൊണ്ടാണ് .ഒന്ന് , സമകാലികജീവിതത്തെ അപഗ്രഥിക്കാൻ അറിയില്ലായിരുന്നു.  രണ്ട്, കഥ എന്ന മാധ്യമത്തിൽ ആധുനികമായ അവബോധമില്ലായിരുന്നു. 

ലയ ചന്ദ്രലേഖയുടെ നിരാനന്ദകരമായ
ആരായാൽ 

കഥ പറച്ചിലിൽ താരതമ്യേന മെച്ചപ്പെട്ട  ആധുനികമായ അവബോധം നേടിയതിൻ്റെ ഫലമാണ് ലയ ചന്ദ്രലേഖയുടെ 'വീട്ടിലേക്കുള്ള വഴി'(പച്ചമലയാളം, ജനുവരി) യിൽ തെളിയുന്നത്. കഥയുടെ ഘടന തൻ്റേതാക്കി മാറ്റുന്നത് കാണാം.  സ്ഥലവും സമയവും രേഖപ്പെടുത്തി കഥ പറഞ്ഞത് ശ്രദ്ധിക്കണം. കവിതയും സ്വപ്നവും ഇടകലരുകയാണ്. മനസ്സിൽ കവിതയില്ലാത്തവർ എഴുതണോ എന്നു ചിന്തിക്കേണ്ടതാണ് .ഇവിടെ കഥാകാരി ചിരപരിചിതമായ വഴി ഉപേക്ഷിക്കുന്നു. അപരിചിതനായ ഒരാൾ വന്നു കഥയിലെ നായികയുടെ ചിത്രം വരയ്ക്കുന്നതാണ് പ്രമേയം. എന്നാൽ ഇത് എഴുതിയിരിക്കുന്നത് പുതുമയോടെയാണ്. മറ്റൊരാൾ പറയാത്ത രീതി അവലംബിച്ചിരിക്കുന്നു. ഇതാണ് സൃഷ്ടിപരമായ ആവശ്യം. "പെടുമ്പോഴെല്ലാം ,വഴികൾ അടയുമ്പോഴെല്ലാം എനിക്കിങ്ങനെ ചിരിവരും. ഒരർത്ഥത്തിൽ പരിചയമുള്ള വഴികൾ എല്ലാം അടഞ്ഞു പോകുന്നതാണ് എനിക്കിഷ്ടമെന്നു തോന്നുന്നു. എന്നിട്ടു വേണം എനിക്ക് പുതിയ വഴിയിലൂടെ പോകാൻ. ആ വഴിയപരിചിതമാകുമ്പോൾ അടുത്തത്."

ഇത് നല്ലൊരു വീക്ഷണമാണ്. ജീവിതം ആസ്വദിക്കാനുള്ളതെന്നു വിചാരിക്കുന്നവരുണ്ട് .എന്നാൽ ജീവിതം മുഷിയാനുള്ളതുമാണ് .കയ്പ് കുടിച്ചു ചീർത്ത മനസ്സാണ് മനുഷ്യരുടേത്. എന്തുകൊണ്ട് കയ്പ്? അത് കയ്പാണെന്നു തിരിച്ചറിയാനും  അതിനെക്കുറിച്ച് ചിന്തിക്കാനും മനുഷ്യനു കഴിയും .അവനെപ്പോലെ നഷ്ടബോധം ആർക്കാണുള്ളത്? ഒന്നും സ്വന്തമാക്കാനാവില്ലെങ്കിലും നഷ്ടപ്പെടുന്നതിനെക്കുറിച്ച് വേവലാതിയാണ്. കാഫ്ക പറഞ്ഞു, പെണ്ണ് കൈപ്പിടിയിലാണെങ്കിലും സ്വന്തമല്ലെന്ന്. ജീവിതത്തിലെ അനുഭവങ്ങളുടെ യാഥാർത്ഥ്യം എന്താണെന്നു അറിയുന്നവർക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. കഥാകാരി എഴുതുന്നു: "എനിക്ക് യാതൊന്നും അറിയണമെന്നു തോന്നിയില്ല. ഇതൊക്കെ അറിഞ്ഞിട്ടെന്തിനു? എന്തായാലും എല്ലാം മറക്കാനുള്ളതാണ്. അയാളെയും ;ഇന്നത്തെ കൂടിക്കാഴ്ചയും."

എം.ആർ ചന്ദ്രശേഖരനെക്കുറിച്ച് റഷീദ് പാനൂർ 

അന്തരിച്ച വിമർശകൻ എം.ആർ. ചന്ദ്രശേഖരനെക്കുറിച്ച് ഡോ.റഷീദ് പാനൂർ എഴുതിയ ലേഖനം 'സ്റ്റാലിനിസ്റ്റ് ഭീകരതയോടു വിടപറഞ്ഞ എം. ആർ. സി.'(എഴുത്ത് ,ജനുവരി) ചരിത്രത്തെ സ്പർശിക്കുന്നു. തുടക്കത്തിൽ കമ്മ്യൂണിസ്റ്റായിരുന്ന അദ്ദേഹം പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിമതനായി എന്നു റഷീദ് എഴുതുന്നുണ്ട്. എന്നാൽ എം.ആർ. ചന്ദ്രശേഖരന്റെ കാഴ്ചപ്പാടുകൾ  ആധുനിക മനസ്സുകൾക്കു യോജിച്ചു പോകാവുന്നതായിരുന്നില്ല.'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൻ്റെ സന്ദേശം എന്താണെന്നു അദ്ദേഹം ചോദിച്ചത് വിചിത്രമായി തോന്നി. ഇത്രയൊക്കെ വായിച്ചിട്ടും അതിനൊത്ത സൗന്ദര്യാനുഭവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആധുനിക മനസില്ലായിരുന്നു. ഒരു നോവൽ സന്ദേശത്തിനു വേണ്ടിയല്ല എഴുതുന്നത്. സന്ദേശം മാത്രം മതിയെങ്കിൽ അതിനു വേറെ പുസ്തകമായിരുന്നു വായിക്കേണ്ടത്. ഒരു നോവൽ വായിക്കുന്നത് സന്ദേശം കിട്ടാനല്ല, ജീവിതസൗന്ദര്യാനുഭവത്തിനു വേണ്ടിയാണ്. നോവൽ ചരിത്രരേഖയല്ല; ചരിത്രം പഠിക്കാൻ നോവൽ വേണ്ട. ഇതൊക്കെ തെറ്റായ ധാരണയുടെ ഫലമാണ് .റോബർട്ട് എം പിർസിഗ് (Robert M. Pirsig) എഴുതിയ Zen and the Art of Motorcycle Maintenance -An Inquiry in to Value' എന്ന ആത്മകഥാപരമായ നോവൽ വായനക്കാർക്ക് നല്കുന്നത് പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ഉൾക്കാഴ്ച നിറഞ്ഞ അറിവാണ് .മനുഷ്യാനുഭവത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠതയും വ്യക്തിനിഷ്ഠതയും മതിയായ വിഭജനങ്ങളല്ലെന്നു നോവൽ ചൂണ്ടിക്കാണിക്കുന്നു. ബുദ്ധമതത്തിൻ്റെ  സ്വതന്ത്ര ആത്മീയതത്ത്വമായ സെന്നും  മോട്ടോർസൈക്കിളും തമ്മിൽ ബന്ധിപ്പിച്ച് എഴുതണമെങ്കിൽ വ്യത്യസ്തമായ അഭിരുചി വേണം. യാതൊന്നിനും ഒരു മൂല്യവുമില്ലെന്നും ഇപ്പോൾ ജീവിക്കുകയും അതിനെ അറിയുകയുമാണ് ജീവിതത്തിന്റെ ലാളിത്യമെന്നും സെൻ തിരിച്ചറിയുന്നു. നോവലിലെ ഒരു വാക്യം ഇങ്ങനെ: "അവബോധത്തിൻ്റെ അനന്തമായ ഭൂപ്രദേശത്തു നിന്നു നമ്മൾ ഒരുപിടി പൊടിമണ്ണ് വാരിയെടുക്കുന്നു.എന്നിട്ട് അതിനെ ലോകമെന്നു വിളിക്കുന്നു ."

പരിക്ഷീണിതനായി പതിവെന്ത വൃക്ഷച്ചുവട്ടിൽ ഭീമസേനൻ 

രണ്ടാമൂഴത്തിൽ എംടി ഭീമൻ എന്ന കഥാപാത്രത്തെ കൂടുതൽ മാനുഷികമാക്കി കാണിച്ചു. സീരിയലുകളിലൂടെയും സിനിമകളിലൂടെയും പുരാണകൃതികളിലൂടെയും കാണുന്ന ഭീമനല്ല ഇത്.മനുഷ്യവ്യക്തിയായതുകൊണ്ടു സ്വയം ആരാണെന്നു തിരക്കുന്ന ഒരു ഭീമനെയാണ് എം.ടി വരച്ചിട്ടത്.  മഹാഭാരതത്തിലെ വിട്ടുപോയ കണ്ണികൾ ചിന്തയിലൂടെ, ഭാവനയിലൂടെ വികസിപ്പിച്ചു. ഭീമൻ്റെ മകൻ ഘടോൽക്കചൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് എല്ലാവരും ദുഃഖിച്ചിരിക്കുമ്പോൾ അവിടേക്കു വരുന്ന കൃഷ്ണൻ പറയുന്നത് ഘടോൽക്കചൻ മരിച്ചത് നന്നായി എന്നാണ്. ഇത് ഘടോൽക്കചൻ്റെ  അച്ഛനായ ഭീമനെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാമെന്നു എംടി  ചിന്തിക്കുന്നതിൽ അർത്ഥമുണ്ട്. അതുപോലെ മറ്റൊരു രംഗമാണ് യുദ്ധം കഴിഞ്ഞ് ആരു രാജാവാകണമെന്നു തീരുമാനിക്കുന്നത്. ധർമ്മപുത്രർ ഭീമനോടു പറയുന്നു രാജാവാകണമെന്ന്. എന്നാൽ അതിനെക്കുറിച്ച് പിന്നീടുണ്ടായ ചർച്ചകൾ മഹാഭാരതത്തിലില്ല. അടുത്ത അധ്യായത്തിൽ ധർമ്മപുത്രർ രാജാവാകുന്നതാണ് കാണുന്നത്. ഇതിനിടയിൽ എന്ത് സംഭവിച്ചു എന്നു തിരയേണ്ടതല്ലേ? അതുകൊണ്ട് എംടിയുടെ 'രണ്ടാമൂഴം' ഒരു എഴുത്തുകാരന്റെ സ്വതന്ത്രവും മൗലികവുമായ അന്വേഷണബുദ്ധിയിൽ നിന്നുണ്ടായ കൃതിയാണ്. 

എം.ടിയോടു താരതമ്യം ചെയ്യുന്നില്ലെങ്കിലും ഈ വിഷയത്തിൽ സണ്ണി തായങ്കരി എന്ന കഥാകൃത്ത് ചെയ്ത സംഭാവന മറക്കരുത്. അദ്ദേഹം എഴുതിയ 'കാടിറക്കം'(ഗാബോയുടെ കഥാപാത്രങ്ങൾ)എന്ന കഥ ആസ്വാദ്യകരവും ചിന്തോദ്ദീപകവുമാണ്. 'കാടിറക്കം' ഭാഷയിലും വിചാരത്തിലും ശക്തമാണ്. കഥാകൃത്തിന്റെ സ്വതന്ത്രമായ മനനം ഈ രചനയെ അസാധാരണമാക്കുന്നു.ഇത്  എഴുതാൻ കഥാകൃത്തു നല്ലപോലെ അദ്ധ്വാനിച്ചിട്ടുണ്ട്. ഭീമനോട് ധർമ്മപുത്രർ രാജാവാകാൻ പറയുന്ന രംഗത്തുനിന്നാണ് കഥയുടെ തുടക്കം.ഭീമൻ അത് ആഗ്രഹിക്കുകയും ചെയ്തു .അപ്പോഴാണ് അപ്രതീക്ഷിതമായി ദ്രൗപതി വരുന്നത്. അവൾ പറയുന്നത് ഭീമൻ രാജാവാകരുതെന്നാണ്.ഭീമൻ കാട്ടാളസ്ത്രീയായ ഹിഡിംബിയുടെ  ഭർത്താവുമാണല്ലോ. അതുകൊണ്ട് ഭീമൻ രാജാവായാൽ ദ്രൗപതിക്കു രണ്ടാം സ്ഥാനമേ ലഭിക്കുകയുള്ളൂ എന്ന ന്യായമാണ് അവൾ നിരത്തുന്നത്. ഇത് ഭീമനെ തകർക്കുന്നു .അയാൾ ഹസ്തിനപുരി  ഉപേക്ഷിച്ചു കാട്ടിലേക്ക് യാത്രയാകുന്നു. കാട് നശിച്ചു പോയിരിക്കുന്നു. യുദ്ധത്തിൻ്റെ ബാക്കിപത്രമായി തല പോയ കുറെ വൃക്ഷങ്ങളും അവശിഷ്ടങ്ങളും മാത്രം.അപ്പോൾ ഹിഡിംബി വന്നു ഭീമനോടു ഒരു മകൻ കൂടി ബാക്കിയുണ്ടെന്നു പറയുന്നു. എന്നാൽ അപ്പോഴേക്കും കാടിൻ്റെ മക്കൾ ഭീമനെ രാജാവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പടപ്പുടപ്പാടു  നടത്തുകയാണ് ,ഹസ്തിനപുരിയിലേക്ക്.അവരെ തടയാനാകാതെ നിരാശനും ദു:ഖിതനുമായി അംഗഭംഗം സംഭവിച്ച ഉഡുംബര വൃക്ഷത്തിന്റെ ചുവട്ടിലിരിക്കുകയാണ് ഭീമൻ . അർത്ഥവത്തായ ,വൈകാരികമായ സന്ദർഭമാണ് കഥാകൃത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെയും ആലോചിക്കാവുന്നതാണ്. ദ്രൗപതിയുടെ സ്വഭാവം പരിശോധിക്കുമ്പോൾ അവൾ ഏതു നിമിഷത്തിൽ ആരോടു കൂടുതൽ സ്നേഹം പ്രകടിപ്പിക്കുമെന്നു പറയാനാവില്ല .കഥാകൃത്തിന്റെ ഭാഷയെക്കുറിച്ച് പറയേണ്ടതുണ്ട്.  അദ്ദേഹം തീക്ഷ്ണമായ വാക്കുകളുടെ ശരങ്ങളാണ് ഉതിർക്കുന്നത്.
" കാട്ടുപള്ളികൾ തൂങ്ങിയാടുന്ന മരതകക്കാടുകൾ അപ്രത്യക്ഷമായിരിക്കുന്നു. പക്ഷികളുടെ കളകൂജനങ്ങൾ കേൾക്കാനില്ല. മൃഗങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ ഗർഭപാത്രങ്ങൾ പറിച്ചു മാറ്റപ്പെട്ട ഊഷരഭൂമിപോലെ. മരച്ചില്ലകളാലും മാലിന്യങ്ങളാലും മൂടപ്പെട്ട നീർച്ചോലകളുടെ ഗദ്ഗദം വിവസ്ത്രയാക്കപ്പെട്ട ഭൂമിക്കുമേൽ തപിച്ചു കിടക്കുന്നു."

ഭീമന്റെ ആഗ്രഹനഷ്ടം ഒരൊറ്റവാക്യം കൊണ്ട് കഥാകൃത്ത് ആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്: "ജടപിടിച്ച ശിരസിൽനിന്നു അധികാരലഹരിയുടെ ഭ്രമാത്മകതയെ വായുദേവൻ പക്ഷങ്ങളിൽ ഒളിപ്പിച്ചു.  ശിരസ്സിനു മുകളിൽ ഉയർന്നു നിന്ന സങ്കല്പകിരീടം ഒരൊറ്റ നിമിഷം കൊണ്ട് നിലംപതിച്ചു. "മഹാഭാരതത്തിലെ ദുരൂഹമൗനങ്ങളുടെ പൊരുൾ തേടിയുള്ള യാത്രയ്ക്കിടയിൽ നമുക്ക് ലഭിച്ച കഥകളിൽ പ്രധാനപ്പെട്ട ഒന്നാണ് സണ്ണി തായങ്കരിയുടെ 'കാടിറക്കം'.

ബിജു റോക്കി, രജനി മാധവിക്കുട്ടി

ബിജു റോക്കിയുടെ 'ജീവനും കൊണ്ട് ഓടുകയാണ്'(എഴുത്ത്,ഡിസംബർ) എന്ന കവിത സമകാലിക ലോകത്തിലേക്ക് തുന്നിച്ചേർക്കുന്ന വാക്കുകളായി തോന്നി. 

"ആലീസ് ജീവനും കൊണ്ടു ഓടുകയാണ്
പണിയെടുക്കുന്ന തുണിക്കട 
പലചരക്കുകട ചിട്ടികമ്പനി...
ആലീസിന്റെ വണ്ടിക്ക് 
സ്റ്റോപ്പുകളേറെയുണ്ട്."

ഇന്നത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് തുറുകണ്ണുമായി നിൽക്കുകയാണ് കവി .ഉത്തര- ഉത്തരാധുനികതയിൽ ഒരു നോട്ടമാണ് കവിത.അത് പക്ഷേ നിർവ്വികാരമല്ല; ആഴമേറിയ കുത്തിനോവിക്കലാണത്. എന്നാൽ അത് അതിഭാവുകത്വമല്ല. 2024 ൽ ഒരു പാവപ്പെട്ട സ്ത്രീ ജീവിക്കാൻ വേണ്ടി മറ്റുള്ളവരുടെ ധർമ്മം തലയിലേന്തി കിതയ്ക്കുന്നു. ഒടുവിൽ അവൾ പ്രയത്നിച്ചതിൻ്റെ ഫലവുമില്ല. എന്തൊരു വ്യർത്ഥതതയാണിത്!

"ദേവത മാന്ത്രികവടി നീട്ടിയില്ല ആലീസിന്റെ വണ്ടി
അവളുടെ ചോരകുടിച്ചു ഓടുന്നു.

പറമ്പിലെ മത്തങ്ങ രഥമായില്ല 
ആലീസും വണ്ടിയും 
ഇണക്കിക്കെട്ടി ഓടുന്നു .

ചായ്പ്പിലെ എലികൾ കുതിരകളായില്ല
ആലീസിൻ്റെ വണ്ടി അവൾ തന്നെ വലിക്കുന്നു."

നിസ്സഹായതയുടെയും നിരാലംബതയുടെയും മൂർധന്യതയിലാണ് ഇന്നത്തെ പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവിതം. അതുകാണാൻ ബിജു റോക്കി എന്ന കവിക്കു കഴിഞ്ഞിരിക്കുന്നു. ബിജു തന്നിലെ ബിംബങ്ങളെല്ലാം ഈ സത്യത്തിനായി സമാഹരിക്കുന്നു. കവിതയുടെ നിശൂന്യതയ്ക്കുമേൽ ബിജു തൻ്റെ കാഴ്ചകളുടെ നോവുകൾ ഒരു പുതുവസ്ത്രമായി അണിയിക്കുന്നു.സമീപകാലത്ത്  ഇത്രയും തീക്ഷ്ണമായ ഒരു കവിത വായിച്ചിട്ടില്ല .ഇത് ജീവിച്ചവൻ്റെ കവിതയാണ്. കവിതയിൽ ജീവിക്കാത്ത പ്രൊഫസർമാരുടെ കപടതത്ത്വശാസ്ത്രമല്ല.

രജനി മാധവിക്കുട്ടിയുടെ 'മോർച്ചറിയിലെ സ്ത്രീ'(ഗ്രന്ഥാലോകം, ജനുവരി)യും ഇതേ വിഷയമാണ് മറ്റൊരു രീതിയിൽ എഴുതിയിരിക്കുന്നത്.

"വഴിവക്കിലൊരു 
ജഡം
രൂപം കൊണ്ട് സ്ത്രീയാണ്
പക്ഷേ
ആരെന്ന് 
ആർക്കുമറിയില്ല."

ആദ്യവരികളിൽ തന്നെ കവി തന്റെ വിഷയത്തിന്റെ ചൂട് വായനക്കാരിലേക്ക് പകരുന്നു. മരിച്ച സ്ത്രീക്ക് ബന്ധുക്കളാരുമില്ല. ബന്ധുക്കളുണ്ടായാലും അവൾക്ക് പ്രയോജനമില്ല. ജീവിച്ചിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നല്ലോ. ആരും അറിയാതെ അവൾ വഴിയിൽ കിടന്നുവെന്നു സൂചിപ്പിച്ച കവി ഇങ്ങനെ കുറിക്കുന്നു:

"അനാഥജഡം
മറവ് ചെയ്യുന്നതിനു
മുൻപ് 
ആചാരം പാലിക്കാൻ  
മോർച്ചറിയിലേക്ക് 
മാറ്റിയപ്പോൾ
ഒരുപാടു പേർ 
ഓടിക്കൂടി 
ഞങ്ങളറിയുമെന്നു 
പറഞ്ഞു
പക്ഷേ, 
അവൾക്കാരെയും 
അറിയില്ലായിരുന്നു.
വഴിപോക്കരെ 
ശ്രദ്ധിച്ചിരുന്നില്ലല്ലോ."

ഒരു കാര്യം പറയാതെ വയ്യ;മലയാളകവിത എഴുപതുകളിൽനിന്നു വ്യത്യസ്തമായി കൂടുതൽ തീവ്രത നേടിയിരിക്കുന്നു .ഭാഷയും മാറുകയാണ്.യാഥാർത്ഥ്യത്തിനുള്ളിലേക്ക് കഠാര പോലെ കുത്തിക്കയറുന്ന ഭാഷയാണ് പുതിയ കവിതയുടെ ശക്തി. യാതൊന്നിനെയും പേടിക്കാതെ എഴുതുന്ന കവി ഇന്നത്തെ സമൂഹം പൊതിഞ്ഞുപിടിക്കുന്ന കള്ളത്തരത്തിൻ്റെ സൗന്ദര്യശാസ്ത്രങ്ങളെ ദൂരെയെറിയുന്നു. മനസ്സിനെ എത്രമാത്രം നഗ്നമാക്കാമെന്ന ആലോചനയാണിത്. ചുറ്റും കാണുന്ന  എടുപ്പുകളെല്ലാം കള്ളത്തരത്തിൻ്റേതാണ്. അതിന്റെ ഓഹരി പറ്റി ജീവിക്കുന്നതിനേക്കാൾ എത്രയോ സുന്ദരമാണ് ഇത്തരം കവിതകൾ വായിക്കുന്നത്. 

സാഹിത്യോത്സവങ്ങളിൽ  ഇതുപോലുള്ള കവിതകൾ കാണുകയില്ല .സാഹിത്യോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾ കൃത്രിമമാണ് .വിലപ്പെട്ട ഒരു അഭിപ്രായവും ഇത്തരം ഉത്സവങ്ങളിൽനിന്നു പുറത്തുവരുന്നില്ല. പലതരം സാഹിത്യോത്സവങ്ങൾ പേരിൽ മാത്രമാണ് വേറിടുന്നത്; ഉള്ളടക്കത്തിൽ എല്ലാം ക്ലീഷേ.

മുണ്ടശ്ശേരി പറയുന്നു :കേശവദേവിനെതിരെ ഗൂഢാലോചന 

എന്താണ് സാഹിത്യമെന്ന ചോദ്യത്തോട് മുണ്ടശ്ശേരി പ്രതികരിച്ചത് ശ്രദ്ധിക്കണം. അദ്ദേഹത്തിൻ്റെ 'സാഹിത്യപുരോഗതി'(കരിന്തിരി, പച്ചമലയാളം ക്ലാസിക്സ്) എന്ന ലേഖനത്തിലാണ് ഈ വിവരമുള്ളത്:
"മേൽ വിവരിച്ച സ്വാതന്ത്ര്യമില്ലേ, ജീവിതത്തിന്റെ തന്നെ വേറൊരു പേരായ സ്വാതന്ത്ര്യം, അതിലേക്കുള്ള മനുഷ്യസമുദായത്തിന്റെ ബോധപൂർവ്വമായ ഉല്പതനത്തിന്റെ ചുവടുകളാണ് സാഹിത്യകൃതികൾ. ഓരോ കൃതിയിലും മനുഷ്യൻ അവനെത്തന്നെ കാണുന്നു - അതോ, അതേവരെ വളർന്നടിഞ്ഞ തലമുറകളിൽ നിന്നെല്ലാം അവൻ ആർജിച്ച സമസ്ത ശക്തിയോടും ത ന്നെ .അധികമധികം സ്വാതന്ത്ര്യമനുഭവപ്പെടുത്തുവാൻ പ്രയോജനപ്പെടുന്നു .ഏതേതു സംസ്കാരമൂല്യങ്ങൾ അവനിൽ സംഭരിക്കപ്പെട്ടിട്ടുണ്ടോ ,അവയെല്ലാം ഉൾച്ചേർന്നൊരു 'അവനെ'യാണ് അവൻ ആ കൃതിയിൽ കാണുന്നതെന്നു ചുരുക്കം.മി.കേശവദേവിന്റെ 'ഓടയിൽനിന്നെ'ന്ന കൃതി ഒരു പാഠ്യപുസ്തകമാക്കുന്നത് നന്നെന്നഭിപ്രായമുണ്ടായപ്പോൾ, ആ പേരിൻ്റെ ആഭിജാത്യക്കുറവിന്മേൽ കടന്നുപിടിച്ചാണ് ഒരു മാന്യൻ ആക്ഷേപിച്ചത്.മറ്റൊരു മാന്യൻ ആ  കൃതിയുടെ കലാസൗഭഗം വകവച്ചിട്ടും അത് പാഠ്യപുസ്തകമാക്കാൻ കൊള്ളുകയില്ലെന്നഭിപ്രായപ്പെട്ടു. ഈ അവധീരണം പുരോഗമനസാഹിത്യത്തിലെ കലാശില്പത്തിന്റെ നേർക്കോ ,അതോ, അതിലുൾച്ചേർന്നിട്ടുള്ള സ്വാതന്ത്ര്യമീമാംസയുടെ നേർക്കോ?"

കേശവദേവിനും കേശവദേവിൻ്റെ കലയ്ക്കുമെതിരെ മലയാളസാഹിത്യത്തിൽ ഗൂഢാലോചനയുണ്ടായി. ദേവ് നിലംപതിഞ്ഞവരുടെ ശബ്ദത്തിനു കാതോർത്തത് പലർക്കും നീരസമുണ്ടാക്കി. ദേവിന്റെ പുസ്തകം പാഠ്യവിഷയമാക്കുന്നതിനെ അവർ എതിർത്തു.ദേവ് വരേണ്യവിഭാഗത്തോടൊപ്പം നീങ്ങാത്തതിലുള്ള അതൃപ്തിയാണ് അവരെ ദേവിൻ്റെ ശത്രുവാക്കിയത്.  ഇതെല്ലാം മുണ്ടശ്ശേരിയാണ് വെളിപ്പെടുത്തിയതെന്ന് ഓർക്കണം. മുണ്ടശ്ശേരി സ്വതന്ത്രനും പക്വമതിയും തത്ത്വചിന്തകനുമായിരുന്നു .അദ്ദേഹം നിലംപതിഞ്ഞവരോടും അവരുടെയുള്ളിലെ കരച്ചിലിനോടും അനുതാപം കാണിച്ചിട്ടുണ്ട്.

കേദാർനാഥ് എഴുതുമ്പോൾ

ഹിന്ദി കവി കേദാർനാഥ് എഴുതിയ ഏതാനും കവിതകൾ നടരാജൻ ബോണക്കാട് പരിഭാഷപ്പെടുത്തിയത് മലയാളത്തിന്റെ ഭാവനയെ വിപുലീകരിക്കുകയാണ്. 'ഒപ്പ് 'എന്ന കവിതയിലെ ഈ വരികൾ നോക്കൂ:

"ദിവസം ആരംഭിച്ചു കഴിഞ്ഞു.
അതിൻ്റെ ഒച്ചകൾ തുടങ്ങും മുമ്പേ,
കാണാനാകാത്ത,
കാൽപ്പാടുകളേൽക്കാത്ത,
നാടിനു കുറുകെയുള്ള പാതകളിൽ
ഞാനെൻ്റെ പേര് പതിക്കുന്നു."
ഇതാണ് കവിതയുടെ വഴി .കവിത ഒരു കണ്ടെത്തലാണ്. ഒന്നുമില്ലാത്തിടത്ത് കവിത വാക്കുകൾ ഉയർത്തിയെടുക്കുന്നു. കവിതയിലെ വാക്കുകൾ ഉള്ളതുകൊണ്ട് വസ്തുക്കൾക്ക് ചിറകുകൾ വയ്ക്കുന്നു.

"ഞാൻ ഋതുക്കളിൽ പ്രവേശിക്കുന്നു
എന്നിട്ട് 
തകർന്ന 
ദുഃഖിതരായ 
ഓക്കർ മരങ്ങളുടെ 
തൊലിയിൽ നിന്ന് 
വീടിൻ്റെ ജീവനനൂലുകളെയും ആസക്തിയെയും 
വേർപെടുത്തുന്നു.
എന്നിട്ട് ദിശ അറിയാത്ത 
ഓരോ പക്ഷിയുടെയും ചിറകിന്മേൽ ,
അവ പറന്നകലും മുമ്പ് 
അവയെ കുരുക്കുന്നു,
എന്നിട്ട് 
ദിവസവേതനക്കാരുടെ 
ജീവിതത്തിലെവിടെയോ 
ഒരിടത്ത് 
ഞാനെന്റെ പേര് പതിക്കുന്നു."

വസ്തുവിൻ്റെ ജീവതത്ത്വപരമായ അർത്ഥങ്ങൾ വെളിച്ചത്തേക്ക് കൊണ്ടുവരികയാണ് കവി. കവിത പൂർവ്വനിശ്ചിതമായ ഒരനുഭവമല്ല .അത് രഹസ്യത്തിൻ്റെ പരാവർത്തനമാണ്. 

യഥാർത്ഥത്തിൽ സൗന്ദര്യം എന്താണ്?

സൗന്ദര്യം സ്ഥിരമായി  നിലനിൽക്കുന്നില്ല. അതിനു മാറ്റം സംഭവിക്കുന്നു. അതുകൊണ്ടാണ്  തിമോത്തി മോർട്ടൻ പറഞ്ഞത്, സൗന്ദര്യം മരണമാണെന്ന്.  പ്രത്യക്ഷത്തിൽ കാണുന്ന 'സുന്ദര' വസ്തുക്കളോടുള്ള സ്നേഹം ക്ഷണികമാണെന്നു സോക്രട്ടീസ്  പറഞ്ഞു .അതിനു ആഴം കുറവാണ്. വസ്തുക്കളുടെ സൗന്ദര്യത്തിനു അത് കാണുന്ന നമ്മളുമായി ഒരു ബന്ധവുമില്ല .മനോഹരമായി പൂത്തുലഞ്ഞു നിൽക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ നിന്നാലും ഇടിവെട്ട് ഏറ്റേക്കാം. പ്രകൃതിയുടെ സൗന്ദര്യം നമ്മുടേതല്ല .നമുക്കാണ് അതിനെ വേണ്ടത്. സൗന്ദര്യം എന്ന ആശയം സന്തോഷത്തിലേക്ക് നയിക്കുമെന്നത് സത്യമാണ് .മനസ്സിൽ  സന്തോഷം തോന്നുന്നത് സൗന്ദര്യം എന്ന അനുഭൂതിയിൽ എത്തുമ്പോഴാണ്. മനുഷ്യൻ്റെ ജീവിതത്തിനു അർത്ഥമുണ്ടാവുന്നത്  ആത്മസൗന്ദര്യത്തിൻ്റെ ദർശനം ലഭിക്കുമ്പോൾ മാത്രമാണ് .വസ്ത്രമോ, സ്വർണമോ നമ്മെ ആകർഷിക്കാത്ത വിധത്തിൽ ഉള്ളിൽ തന്നെ സൗന്ദര്യം അനുഭവിക്കണം .എന്നാൽ എത്രയോ പാറക്കെട്ടുകൾ വെട്ടിപ്പൊളിച്ചാലും മനുഷ്യനു ഈ സൗന്ദര്യം അനുഭവിക്കാനാകുന്നില്ല എന്നതല്ലേ വാസ്തവം? ദൈവത്തെ കാണിച്ചുതരാം എന്നു പറഞ്ഞ് വിളിക്കുന്ന ബുദ്ധിമാന്മാർക്ക് പോലും ഈ ആനന്ദമുണ്ടോ എന്നു സംശയമാണ്. ആത്മാവിൽ ,തന്നിൽ തന്നെ സന്തോഷം കണ്ടെത്തുന്നതാണ് ജീവിതത്തെ മൂല്യവത്താക്കുന്നതെന്നു പറയാറുണ്ട്. എന്നാൽ ഈ സന്തോഷം ഇല്ലാത്തവർ ചെയ്യുന്ന അനീതിയോ? അനീതിയോട് എതിരിടുക എന്നു വാഗ്ഭടാനന്ദൻ പറഞ്ഞു .ഇപ്പോൾ ഭൂരിപക്ഷം എഴുത്തുകാരും അനീതിയോട് ഐക്യപ്പെടാൻ ക്യൂ നിൽക്കുകയാണ്.

സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ  കന്യാസ്ത്രീക്ക് എന്തു പറ്റി ?

സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ 'കടൽ ഒരു കന്യാസ്ത്രീ'(കലാപൂർണ്ണ, ജനുവരി) എന്ന കവിതയിൽ ഞാൻ കന്യാസ്ത്രീയെയാണ് അന്വേഷിച്ചത്.കടൽ കന്യാസ്ത്രീയെ പോലെയാണ് എന്നെഴുതിയാൽ പോരാ. അത് അനുഭൂതിയാകണം .കവിയുടെ ഓരോ വാക്കും അനുഭവമാകണം. അത് ഭാവന ചെയ്യാനാകണം.എന്നാൽ അത് ഇവിടെ പ്രതീക്ഷിക്കുന്നില്ല.
"വേലിയേറ്റത്തിനു മുൻപ് 
കടൽ ഒരു കന്യാസ്ത്രീ" എന്നാണ് തുടക്കം .പക്ഷേ അത് കൂടുതൽ വിവരിക്കുന്നില്ല .തുടർന്നുള്ള വരികളിൽ കടൽ ഉൾവലിഞ്ഞിരിക്കുകയാണ്.

"തേയില മണം അടക്കം ചെയ്ത
ഒഴുക്കുകളുടെ 
പടിഞ്ഞാറൻ 
സംഗമസ്ഥാനം 

മുകളിൽ പ്രാർത്ഥനകൾ ചേർത്ത് നിർമ്മിച്ച നീലാകാശം

സ്വപ്നങ്ങളിൽ ചെറുമത്സ്യങ്ങളെ വിഴുങ്ങുന്ന 
സ്രാവുകളുടെ ആർത്തി 
അടക്കം ചെയ്ത 
അടിത്തട്ടുകൾ 

കടൽ 
ഒരു 
കന്യാസ്ത്രീ."

വെറുമൊരു പ്രസ്താവന കൊണ്ട് ഒരു കടലും കന്യാസ്ത്രീയാവാൻ പോകുന്നില്ല. നീ കല്ലായിത്തീരട്ടെ എന്നു മഹർഷിമാർ ശപിച്ചാൽ ഉടനെ ശാപമേറ്റയാൾ കല്ലായിത്തീരുമെന്നു പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. എന്നാൽ കവി പ്രഖ്യാപിച്ചാൽ കടൽ കന്യാസ്ത്രീയാവില്ല. പൊയിൽക്കാവിൻ്റെ കടലിൽ തേയില മണം അടക്കം ചെയ്തിരിക്കുകയാണ്. അതിനും വ്യക്തതയില്ല. പ്രാർത്ഥനകൾ ചേർത്തു നിർമ്മിച്ച ആകാശമാണ് ആകെ ആശ്വാസം. പക്ഷേ അത് കടലല്ലല്ലോ. ചെറുമീനുകളെ സ്രാവുകൾ തിന്നാൽ കന്യാസ്ത്രീയാവുമോ?വല്ലാതെ നിരാശപ്പെടുത്തിയ കവിതയാണിത്. കവിയുടെ മനസ്സിലുള്ളത് കടലാസിൽ വന്നിട്ടില്ല .

കടൽത്തീരത്ത് നിന്നുകൊണ്ട് മാത്യു അർനോൾഡ് ആ ശബ്ദത്തിലെ വ്യസനം ഇങ്ങനെ ഗ്രഹിച്ചു:

"But now I only hear 
It's melancholy ,long ,withdrawing roar."

കടലിന്റെ മുരളിച്ചയിൽ വിഷാദമാണുള്ളത്. അത് അകന്നു പോകുന്ന പോലെ തോന്നും. അത് മാത്രമാണ് താൻ കേൾക്കുന്നതെന്നു കവി പറയുന്നു .കടൽ ഇതുവരെയുള്ള ജീവിതങ്ങളുടെ പരാജയത്തിൻ്റെ ശബ്ദമാണ് കേൾപ്പിക്കുന്നത്.

കെ.ആർ.ടോണി സിദ്ധാന്തത്തിനൊപ്പിച്ച്
കവിത നിർമ്മിക്കുന്നു 

'ജിജി' എന്ന കവിത ഫേസ്ബുക്കിലാണ് വായിച്ചത്. എല്ലാം ജിജിയാണെന്നു പറഞ്ഞ് ആയിരം പേജ് എഴുതാമല്ലോ. കവി ഒരു ട്രിക്ക് പ്രയോഗിച്ചിരിക്കുകയാണ്.കവിതയിൽ ട്രിക്ക് പ്രയോഗിക്കരുത്. നമ്മൾ തന്നെ നമ്മുടെ മാധ്യമത്തെ നശിപ്പിക്കരുത്. മലയാളഭാഷയിൽ നേടിയ അറിവ് കവിതയ്ക്കു വേണ്ടി ഉപയോഗിക്കുക .

"ജിജിയെവിടെ ജിജിയെവിടെ ?
ആനയുടെ കൊമ്പിൽ ജിജി
കടുവയുടെ കരളിൽ ജിജി
മാനിൻ്റെ മിഴിയിൽ ജിജി 
മ്ളാവിൻ്റെ വാലിൽ ജിജി. "

എന്താണ് ജിജിയെന്നു കവി തന്നെ വിശദീകരിക്കണം. ആന ,കടുവ, മാൻ ,മ്ളാവ് എന്നീ മൃഗങ്ങൾക്കു പൊതുവായതെന്തോ അതാണ് ജിജി .  ചിലപ്പോൾ അത് കാലമാകാം. അല്ലെങ്കിൽ പൊരുളാകാം. എന്തിനാണ് ജിജി എന്ന പേര് ഉപയോഗിച്ചത്? ട്രിക്ക് കാണിക്കുന്നത് കവിതയുടെ പ്രാഥമികമായ അനുഭൂതി നശിപ്പിക്കും.  വാക്കുകൾ കൊണ്ട് പ്ലേ ചെയ്യരുത്. കടമ്മനിട്ട വർഷങ്ങൾക്കു മുൻപ് പുതിയ കവിതകളെക്കുറിച്ച് പറഞ്ഞത് വെറും verbal play എന്നാണ്. ടോണി അത് അന്വർത്ഥമാക്കിയിരിക്കുന്നു.

വാക്കുകൾകൊണ്ട് കാട്ടിക്കൂട്ടുന്നതല്ല കവിത. വാക്കുകൾക്കുള്ളിലേക്ക് സഞ്ചരിക്കുന്നതാവണം കവിത. കവിത കവിതയെ അനുകരിക്കരുത്.  വാക്കുകൾ അവസാനിക്കുന്നിടത്താണ് കവിത .വാക്കിൻ്റെ അർത്ഥമല്ല കവിത; അർത്ഥത്തിനു അതീതമായതാണ്.പാബ്ളോ നെരൂദ എഴുതിയത് നോക്കൂ:

"I love you as certain dark things
are to be loved ,
in secret ,between the shadow 
and the soul "

പ്രതിരൂപത്തിനും ചിന്തകൾക്കുമിടയിൽ അവ്യക്തമായ ചിലതുണ്ടെന്നാണ് കവി പറയുന്നത്. ഒരാൾ അയാൾ മാത്രമല്ല, അയാളെക്കുറിച്ചുള്ള ധാരണകളുമാണ്. രണ്ടിനുമിടയിലാണ് അയാളെ  തിരയുന്നത്. അത് ഇരുണ്ട കാര്യങ്ങളാണ് ;രഹസ്യാത്മകമാണ്. എന്നാൽ കവി അല്ലെങ്കിൽ സ്നേഹിതൻ ആ വസ്തുക്കളെയെല്ലാം സ്നേഹിക്കുന്നു. എന്തെന്നാൽ അതുകൂടി ഉൾപ്പെടുന്നതാണ് താൻ സ്നേഹിക്കുന്ന വ്യക്തി. ഒരു വ്യക്തിയെ അയാളുടെ എല്ലാ അവ്യക്തതകളോടും കൂടി സ്വീകരിക്കണം.ആ ഇരുണ്ട വസ്തുക്കളെയെന്നപോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു. എത്ര വലിയ ആശയമാണ്, അനുഭവമാണ് നെരൂദ എഴുതിയിരിക്കുന്നത്. വാക്കുകൾക്കപ്പുറത്താണ് കവിത. ഞാൻ നിന്നെ സ്നേഹിക്കുന്നത് എൻ്റെ പൂർണമായ ഇഷ്ടത്തോടെയാണെന്നും അതിൽ നിന്റെ പൂർണമായ ജീവിതവും അടങ്ങിയിരിക്കുന്നു എന്നുമാണ് വിവക്ഷ .

എന്നാൽ ടോണിയുടെ കവിതയിൽ സിദ്ധാന്തത്തിൻ്റെ പ്രയോഗമാണുള്ളത്; അനുഭൂതിയില്ല.അദ്ദേഹം കവിതയെ ഒരു സിദ്ധാന്തമായി കാണാൻ ശ്രമിക്കുന്നു. കവിതയെക്കുറിച്ച് എന്താണോ ആശയപരമായി താൻ മനസ്സിലാക്കിയിട്ടുള്ളത് അതിൻ്റെ പ്രയോഗമായി ടോണി കവിതയെ കാണുന്നു .അതുകൊണ്ടുതന്നെ ടോണിക്ക് കവിതയുടെ നൈസർഗികമായ ഉറവിടങ്ങൾ നഷ്ടപ്പെടുന്നു

കുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 5/എം.കെ.ഹരികുമാർ

 ഇതൊരു അടഞ്ഞ ലോകമാണ്. അതുകൊണ്ടാണല്ലോ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും ഇനിയും പൊരുളെന്താണെന്നു വ്യക്തമാക്കി തരാത്തത് .സൂര്യനെ ആരാധിക്കുന്നവരുണ്ട് .എത്രയോ മഹനീയ പദമാണ് സൂര്യൻ !എല്ലാത്തിനെയും അത് നിലനിർത്തുന്നു, പരിപാലിക്കുന്നു. സൂര്യനില്ലെങ്കിൽ ജീവനില്ല. എന്നാൽ മനുഷ്യർക്ക് അത് ഇനിയും മനസ്സിലാവുകയോ അതനുസരിച്ച് സൂര്യനെ ആരാധിക്കുവാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല. ഈ കേരളത്തിൽ ഒരു നല്ല സൂര്യക്ഷേത്രം ഇല്ലല്ലോ.ലോകം അടഞ്ഞു തന്നെയിരിക്കുന്നു .ഇപ്പോഴും നാം ഗർഭപാത്രത്തിൽ കിടക്കുന്ന അവസ്ഥയിലാണ്. എന്താണ് ഗർഭപാത്രത്തിനു പുറത്ത്, ഈ ലോകത്തുള്ളതെന്ന് അറിയാത്ത നിസ്സഹായതയുണ്ട് .അവിടെ പ്രാർത്ഥന മാത്രമേ മാർഗമായുള്ളൂ. ജീവിക്കുന്ന മനുഷ്യരും അതേ അവസ്ഥ മറ്റൊരു രൂപത്തിൽ അനുഭവിക്കുന്നു.

നമ്മെ ചൂഴുന്ന ഇരുട്ട് അജ്ഞാനത്തിൻ്റേതാണ്. നമ്മെ ചൂഴുന്ന തടവറ ഇന്ദ്രിയങ്ങൾ സൃഷ്ടിച്ച പരിമിതിയുടേതാണ്. നമുക്ക് അതിനു പുറത്തുള്ളതിനെക്കുറിച്ച് അറിയില്ല. നാം നമ്മുടെ തന്നെ ഒരു യുക്തിഗണിതത്തിനകത്ത് നട്ടം തിരിയുകയാണ്. ഇതിനു പുറത്തുള്ള ലോകത്തെ, പൊരുളിനെ അറിയാനാണ് ജ്ഞാനികൾ പരിശ്രമിക്കുന്നത്.ഈ ചുടുകാടിനെ അതിജീവിക്കുന്ന, മേയുന്ന ശിവനെയോർത്ത് ആടണം. ആ ശിവൻ നമ്മുടെ ആഭ്യന്തര ശക്തിയാണ്. നമ്മുടെ ജ്ഞാനകേന്ദ്രിത ശക്തിയാണ്. അത് നേടുമ്പോഴാണ് മനുഷ്യാസ്തിത്വത്തിൻ്റെ രുചി അനുഭവിക്കുന്നത്. അല്ലെങ്കിൽ പൊങ്ങുതടി പോലെ ഒഴുകിക്കൊണ്ടിരിക്കും.ലോകത്തിന്റെ പൊരുൾ അറിഞ്ഞാൽ പിന്നെ ചുറ്റിത്തിരിയാൻ എന്താണുള്ളത് ? ലോകം നമ്മളിലേക്ക് ചുരുങ്ങുന്നതാണ് കാണുന്നത് .അതാണ് സംഘട്ടനങ്ങൾക്കും വെറുപ്പിനും കാരണമാകുന്നത്. ഒരാൾ താൻ വളർത്തിയ നായയെ ഉപേക്ഷിക്കാൻ എന്ന നാട്യത്തിൽ ബൈക്കിൽ കെട്ടിവലിച്ചു കൊണ്ട് ഓടിച്ചുപോയത് കുറെ നാൾ മുമ്പ് വാർത്തയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് അയാൾക്കു ലോകമെന്നത് ആ നായയിലേക്കു ചുരുങ്ങി എന്നാണ്. ലോകം നായ മാത്രമായി അവശേഷിക്കുന്നു. എന്നാൽ നായയിൽ ഈ ലോകത്തിൻ്റെ സ്വഭാവവും വിധിയും ആത്യന്തികമായ അവസ്ഥയും ദർശിക്കാൻ കഴിയും. അത് ജ്ഞാനികൾക്ക് സാധിക്കുന്ന കാര്യമാണ്.

സുന്ദരരൂപങ്ങൾ

മഹാനായ സാഹിത്യകാരൻ സൽമാൻ റുഷ്ദി എഴുതി: For God's sake, the dog is saying ,'open the universe a little more!' ഈ ലോകം അടഞ്ഞിരിക്കുന്നതിനെതിരായ  ശബ്ദമാണ് നായയുടേത്. ലോകം എന്താണെന്നു പൂർണമായി വ്യക്തമാക്കാത്തതിലുള്ള പ്രതിഷേധമാണ് ആകാശത്തിലെ ചന്ദ്രനെ നോക്കിയുള്ള നായയുടെ കുര. അതുതന്നെയാണ് നമ്മളും ചെയ്യുന്നത്, മറ്റൊരു രൂപത്തിൽ. നമുക്ക് മുന്നിൽ അടച്ചിട്ടിരിക്കുന്ന കതകുകൾ ഏറെയാണ്. ഓരോ ഇന്ദ്രിയവും  നിശ്ചിത അനുഭവമായിരിക്കെത്തന്നെ അടച്ചിട്ട കതകുമാണ്. അത് ബോധ്യമാകാത്ത പലരുമുണ്ട് .വെറുതെ കടലിനെ നോക്കിയാൽ ഉപരിതലത്തിലെ കടലാണ് കാണുക .കടലിൻ്റെ മറുകരയിൽ എന്താണുള്ളതെന്നു അറിയില്ല. കടലിന്റെ അടിത്തട്ട് അജ്ഞാതമാണ്. കടലിൻ്റെ ഒരു പരിമിതവൃത്തമാണ് കണ്ണുകൾക്കു ഉൾക്കൊള്ളാനാകുന്നത്. അത് കണ്ടിട്ട് കടലാണെന്നു പറയുന്നു.ഇതുതന്നെയല്ലേ ഓരോ ബന്ധത്തിലും, ഇടപെടലിലും സംഭവിക്കുന്നത്? ഭാഗികജ്ഞാനമേ കിട്ടുന്നുള്ളു .മറ്റൊരാളെ അറിയുന്നത് എത്ര പരിമിതമായാണ്!. ഒരു വ്യക്തി ഒരു കടലാണ് .ആ കടലിന്റെ വളരെ ചെറിയൊരംശം മാത്രമാണ് അയാളുടെ അടുത്ത സുഹൃത്ത് പോലും അറിയുന്നത്. വിട്ടുപോയ കണ്ണികൾ നിരവധിയാണ് .അത് പൂരിപ്പിക്കാനായി നാം ധ്യാനിക്കുന്നു, പഠിക്കുന്നു, പ്രാർത്ഥിക്കുന്നു ,സ്നേഹിക്കുന്നു ,അലയുന്നു.ഗുരു എഴുതുന്നു:

"പൂമണക്കും കുഴലാളകം
കോമള മേനി കണ്ടാടുപാമ്പേ "

സുഗന്ധമുള്ള പൂക്കൾ തലമുടിക്കെട്ടിൽ വച്ച് ആരിലാണോ പാർവതിദേവി വസിക്കുന്നത് ആ ശരീരത്തെ മനുഷ്യൻ മനസ്സിൽ കണ്ടു നൃത്തം ചെയ്യണം. ആനന്ദത്തിന്റെ ഉന്നതമായ ഒരു സൂക്ഷ്മഭാവത്തിലേക്ക് ഗുരു സഞ്ചരിക്കുകയാണ് .മനസ്സിനെ ഉയർത്തേണ്ടതുണ്ട് എന്ന ഉദ്ബോധനം കാണാം.മനസ്സ് ലൗകികബന്ധങ്ങളിൽപ്പെട്ട് കഴിയുകയാണ് .യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളിൽ മനസ്സ് സമയം പാഴാക്കുന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് മനസ്സ് അതെല്ലാം സത്യമാണെന്നു വിചാരിക്കുന്നു. ആ മനസാണ് നിർമ്മലമാകേണ്ടത്.അപ്പോൾ അതിനു ഏകാഗ്രത ലഭിക്കും .മനസ്സിൽ നിന്നു മാലിന്യം പോകുന്നതോടെ സുന്ദരമായ കാഴ്ചകൾ ലഭിക്കും .അപ്പോഴാണ് സാന്തോഷകരമായ ജീവിതസാക്ഷാത്കാരത്തിലേക്ക് നോക്കാൻ കഴിയുന്നത്. ശിവൻ്റെയുള്ളിൽ ദേവിയുണ്ട്. ജീവന്റെ പ്രസാദമാണത്. തിന്മകൾ അവസാനിക്കുന്നിടത്ത് സാത്വികരൂപം തെളിയുന്നു. ജാതിമതാന്ധതയിലും പരസ്പരദ്വേഷത്തിലും ആണ്ടുകിടക്കുമ്പോൾ സുന്ദരരൂപങ്ങൾ  അകന്നു പോകും. മനസ്സിനു ഏകാഗ്രതയോ സുഖമോ ലഭിക്കുകയില്ല .എത്ര സമ്പാദിച്ചാലും രോഗവും മാനസികപ്രശ്നങ്ങളും അലട്ടുകയാണെങ്കിൽ എല്ലാം വ്യർത്ഥമായി തോന്നും. ലോകത്തിൽ സ്നേഹം നിലനിൽക്കുന്നില്ലെന്നു അപ്പോൾ തിരിച്ചറിയാം. പലരും ഉപചാരമായി സ്നേഹത്തെ കൊണ്ടുനടക്കുന്നു. സ്നേഹത്തിൻ്റെ അർത്ഥമെന്താണ്? എന്തെങ്കിലും തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് സ്നേഹമല്ല. സ്നേഹം നിസ്വാർത്ഥവും നിഷ്കളങ്കവുമായ ഒരൊഴുക്കാണ്. നാം ജീവിക്കാത്തതാണ് സ്നേഹത്തിലൂടെ നേടുന്നത്. ഒരു നായയ്ക്ക് വെള്ളം കൊടുക്കുമ്പോൾ അത് അനുകമ്പയാണ്. അവിടെ സ്നേഹമുണ്ട് .നായ എന്തെങ്കിലും തിരിച്ചുകൊടുക്കുമെന്ന ചിന്തയിലല്ല  സ്നേഹിക്കുന്നത്. നമ്മൾ ആ നിസ്വാർത്ഥതയും നിഷ്കളങ്കതയും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടാവും. എന്നാൽ അതു കൊണ്ടു ജീവിക്കുന്നില്ല. അത് സാധ്യമാകണമെങ്കിൽ നിസ്വാർത്ഥമായ  പ്രവൃത്തിയിൽ ഏർപ്പെടണം. അപ്പോൾ മനസ്സിൽ ഉദിച്ചുയരുന്ന രൂപമാണ് ഗുരുവിൻ്റെ ഭാഷയിൽ 'പൂമണക്കും കുഴലാളകം പൂക്കുമാ കോമളരൂപം' എന്നത്. അവിടെ സ്പർദ്ധയോ തിന്മയോ ഇല്ല .ദേവനും ദേവിയും നമ്മുടെയുള്ളിലാണ്.നമ്മുടെ തന്നെ ദ്വന്ദം. വേറെ എവിടെയാണ് അത് തിരയുക?

സ്വയം ശുദ്ധീകരിക്കാൻ


സ്പാനിഷ് മിസ്റ്റിക്കും മതനവീകരണ പ്രവർത്തകയുമായിരുന്ന സെയിൻ്റ്  തെരേസ ഓഫ് ആവിള (saint Teresa of Avila,(1515-1582)യുടെ വാക്കുകൾ: സ്നേഹത്തിൻ്റെ ധാരാളം കാര്യങ്ങളിൽ ഉരുകിച്ചേരാൻ നിങ്ങൾ സ്വയം പരിശീലിപ്പിക്കുക. അത് നിങ്ങളുടെ ആത്മാവിനെ പ്രോജ്വലിപ്പിക്കും ,അലിയിക്കും." ഗുരു കുണ്ഡലിനിപ്പാട്ടിലൂടെ ഉപദേശിക്കുന്നത് വിശുദ്ധമായ ഒരു ആത്മാന്വേഷണമാണ് .അത് സ്വയം ശുദ്ധീകരിക്കാനുള്ളതാണ്. സെയിൻ്റ് തെരേസ ഓഫ് ആവിളയുടെ വാക്കുകളിൽ സ്നേഹം കൊടുക്കാനായി നാം അലയണമെന്നാണ് സാരം.

എത്രയെത്ര പ്രവൃത്തികളിൽ സ്നേഹം കാണിക്കാൻ കഴിയുന്നുണ്ട്? കൃത്രിമമായ അടുപ്പമല്ല ,സ്വാഭാവികമായ സ്നേഹം, സഹതാപം എത്രമാത്രം ദുർലഭമാണിന്ന്! പരമാവധി കാര്യങ്ങളിൽ നമ്മൾ ഇഴുകിച്ചേരാൻ സ്വയം സഹായിക്കണം.അത് അനുഭൂതിയാകണം ;സ്നേഹത്തിൻ്റെ നിലയ്ക്കാത്ത അനുഭൂതി. ആത്മാവ് നഷ്ടപ്പെട്ട ജീവിതമാണ് നാം കൊണ്ടുനടക്കുന്നതെന്നു  കുറ്റപ്പെടുത്തിയാലും കുഴപ്പമില്ല .നമ്മളെല്ലാം  അങ്ങനെയാണ്. സംശയവും അകലാനുള്ള ത്വരയുമാണ് മിക്കവരും സദാചാരമായി ഉയർത്തിപ്പിടിക്കുന്നത്. ഇക്കാരണം കൊണ്ട് സ്നേഹമെന്ന വികാരം എല്ലാ പരിശുദ്ധിയും നഷ്ടപ്പെട്ട് മനസ്സിൻ്റെ ഒരു കോണിൽ പൊടിപൊടിച്ചു കിടക്കുകയാണ്. ഗുരു കുണ്ഡലിനിപ്പാട്ടിലൂടെ മനസ്സിനെ മോചിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത് .ഇത് മനസ്സിനോടുള്ള  നന്മനിറഞ്ഞ കൂടിച്ചേരലാണ്. സ്നേഹത്തിലും സ്വയം തിരിച്ചറിയാൻ സന്ദർഭമുണ്ടായാൽ അത് നമ്മുടെ ആത്മാവിനെ ,ജീവിതത്തെ പ്രോജ്വലിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.

"നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു
ളാദിയായുള്ളതെന്നാടു പാമ്പേ "

ഓരോ ശബ്ദത്തിലും ദേവനിരിക്കുന്നു. ഈ ലേഖകൻ്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്കി'(1984)ലെ ഒരു അദ്ധ്യായത്തിൻ്റെ പേര് 'അറിവിനളളിലെ ദേവൻ' എന്നാണെന്നു ഓർത്തുപോകുന്നു.  പരമാർത്ഥം ഓരോ ശബ്ദത്തിലുമുണ്ട്. അതുകൊണ്ട് വാക്കുകൾ അർത്ഥത്തിനുള്ളതാണെന്ന ധാരണയോടെ ഉച്ചരിക്കുക. ശബ്ദം അനാഥമല്ല ,നിരർത്ഥമല്ല .അതിൽ ഈ പ്രപഞ്ചത്തിന്റെ പൊരുളാണുള്ളത്.

മനസിൽ ഒരു ആട്ടം

ശബ്ദം തെറ്റായ അർത്ഥത്തിനോ സൂചനയ്ക്കോ ഉപയോഗിക്കുമ്പോൾ ദേവൻ ഇല്ലാതാകും.ശബ്ദത്തിനുള്ളിൽ നിശ്ശബ്ദത എന്ന അർത്ഥമാണുള്ളത്. ദേവൻ നിശ്ശബ്ദതയിലാണ്.ഗുരു നമ്മെ പരിശീലിപ്പിക്കുകയാണ്,ആത്മാവിൽ ഉൽകൃഷ്ടവും ദൈവികവുമായ അനുഭവം നേടാൻ .അതിനായി എന്തെല്ലാം ചെയ്യണമെന്നു ഓരോ വരിയിലും അറിയിക്കുകയാണ്. മനസ്സാകുന്ന സർപ്പത്തിന്റെ ആയിരം ഫണവും ആട്ടത്തിൽ പങ്കെടുക്കണമെന്നു പറയുന്ന ഗുരു  ശിവൻ്റെ നടനത്തിലേക്ക് നയിക്കുകയാണ്‌ .പ്രപഞ്ചം ഒരാട്ടമാണ്.മനസിലും ഒരാട്ടം അറിയണം. ഒരു സന്തുലിതാവസ്ഥയിലാണ് അത് ചരിക്കുന്നത്. ജനിമൃതികൾ മുറതെറ്റാതെയുണ്ടാവുന്നു.  മാറ്റങ്ങൾക്കൊപ്പം നഷ്ടവും സംഭവിക്കുന്നു .യാതൊരു രഹസ്യവുമില്ലെന്നു തോന്നിപ്പിക്കുമാറ്  എല്ലാം കാണപ്പെടുന്നു .പരിധിവിട്ട് യാതൊന്നും തുറന്നുതരുന്നുമില്ല. അടഞ്ഞ ലോകത്തിൽ നാം ഇരുട്ടിൽ അലയുകയാണ്. നമ്മെ മൂടി നിൽക്കുന്ന ഈ നക്ഷത്രങ്ങളും ആകാശവും എന്തിൻ്റെ പരിധിയാണ്? നാം നമ്മുടെ ശരീരത്തിനു തന്നെ ഈ ആകാശവും നക്ഷത്രങ്ങളും അടങ്ങിയ ലോകത്തിൻ്റെ പരിധി അനുവദിച്ചിട്ടുണ്ട് .അവിടെ കാണുന്ന ആകാശം ഭൗതികമല്ല; ആത്മീയമാണ്. മനസ്സാകുന്ന ആകാശത്തിൽ നാം അതിരുകൾക്കകത്ത് ബന്ധിതരാണ്.

പൊരുളിനു വേണ്ടിയുള്ള പുറപ്പാട് അവസാനിക്കുന്നില്ല. എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ  പിന്നെയൊന്നുമില്ല. അവിടെ  നിശ്ചലമാകുകയാണ് കണ്ണുകൾ .മനസ്സ് പിന്നെ എവിടെയവസാനിക്കും? അതാണ് കുണ്ഡലിനിപ്പാട്ടിൽ ഗുരു ദർശിക്കുന്നത്. നാദത്തിലുള്ള ശിവപ്പൊരുളിനെ വണങ്ങുക. ഇത്രയും കാലം നാം ഉച്ചരിച്ച വാക്കുകളിൽ ശിവപ്പൊരുളുണ്ടായിരുന്നു .എന്നാൽ ആ പൊരുൾ അജ്ഞാതമായനുഭവപ്പെട്ടു. ഇപ്പോൾ അതിനു സമയമായിരിക്കുന്നു.ആ പൊരുൾ ശബ്ദങ്ങളിൽ ഒരാട്ടമായിരുന്നു .എത്രയോ കാലമായി മനുഷ്യൻ ശബ്ദിക്കുന്നു .അവനെ പൊരുൾ കൈവിടുന്നില്ല. പൊരുൾ കൂടെയുണ്ട് .വാക്കിലും പ്രവൃത്തിയിലും ഈ പൊരുളുണ്ട്. പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ .ശബ്ദത്തിന്റെ പൊരുളിനെ അശുദ്ധമാക്കാതിരിക്കാൻ വേണ്ടി മൗനത്തിൽ പ്രവേശിക്കാം. ഈ മൗനത്തിലും നമ്മുടെ ശുദ്ധതയുണ്ട്. ഒരു വൃക്ഷത്തിനു വെള്ളമൊഴിക്കുന്നത്, രോഗിയെ ശുശ്രൂഷിക്കുന്നത്, അന്നം വാങ്ങിക്കൊടുക്കുന്നത് അനുതാപവും സ്നേഹവുമാണ്. ആ പ്രവൃത്തിയിൽ ദൈവമുണ്ട്. ദൈവത്തെ വാക്കിലും പ്രവൃത്തിയിലും കാണാൻ ശ്രമിക്കുക.അതാണ് പുള്ളിപ്പുലിത്തോൽ പുതയ്ക്കുന്ന ശിവൻ .