Followers

Monday, July 21, 2025

എന്താണ് സാഹിത്യം ,കല - 10 എം.കെ.ഹരികുമാർ

 




മാറ്റിസ്: അനുതാപവും സംക്രമണവും 

കേവലം ഒരു വസ്തുവിന്റെ ചിത്രണമല്ല കല. ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുന്നതിൽ നിന്നു വിഭിന്നമാണത്. കലാരൂപം എന്ന തലത്തിലാണ് കലയെ വിചാരണ ചെയ്യുന്നതെങ്കിലും ഒരു രൂപത്തിലാണ് അതിൻ്റെ ദർശനം പൂർണ്ണമാകുന്നത് .ഒരു ഫ്രെയിമിൽ വസ്തു ഉൾപ്പെടുന്നതും ഉൾപ്പെടാതിരിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഒരു വസ്തുവിന്റെ സാന്നിധ്യം പലരീതിയിൽ സംഗതമാവാം .വസ്തുവിന്റെ അസ്തിത്വത്തെ താലോലിക്കുന്നതോ സൂചിപ്പിക്കുന്നതോ അർത്ഥമാക്കുന്നതോ ആവാം. ഒരു രൂപമാണത്; വസ്തുവല്ല. ഒരു ചിത്രത്തിലെ വസ്തു കേവലം വസ്തുവല്ല ,കലാവസ്തുവാണ്.കുറക്കൂടി കൃത്യമായി പറഞ്ഞാൽ  രൂപമാണത് .ഈ രൂപം പ്രകൃതിയിലുള്ളതല്ല. മനുഷ്യൻ്റെ അധീനിതയിലുള്ളതല്ല .അത് സൃഷ്ടിക്കപ്പെടുന്നതാണ്. ഇതിനു ശാരീരികമായ അധ്വാനം മാത്രം പോരാ; ഭാവനയും പോരാതെ വരും. ഭാവന ചെയ്യാൻ പരിമിതിയുണ്ട്. ഒരാളുടെ സ്വതന്ത്രചിന്തയും ധിഷണാപരമായ ശേഷിയും ചേരുന്നതാണ് ഭാവന. അതിനപ്പുറം പോകാനാവില്ല .ഒരാളുടെ ചിന്തയുടെ ചക്രവാളത്തിനകത്താണ് ഭാവനയുള്ളത്.സ്വതന്ത്രചിന്തകൊണ്ട് സകല സ്കൂളുകളിൽ നിന്നും പുറത്തായാൽ മാത്രമേ സ്വന്തം സ്കൂളിലേക്കും ശില്പശാലയിലേക്കും സഞ്ചരിക്കാനൊക്കൂ. ഒരു സ്കൂൾ കണ്ടുപിടിച്ചു തരുന്നതല്ല രൂപം .അത് കലാകാരന്റെ ഏകാന്തഭാവനയിൽ നിന്നുണ്ടാകുന്നതാണ്. കലാകാരന്റെ മുഴുവൻ വിദ്യാഭ്യാസവും അതിൽ പ്രവർത്തിക്കും. വ്യവസ്ഥാപിതമായ വിദ്യാഭ്യാസമല്ല ഉദ്ദേശിക്കുന്നത്.  സ്കൂൾ എന്നു വിവക്ഷിക്കുന്നത് സ്വതന്ത്രപാഠങ്ങളുടെ നിർമിതിയെയാണ്. 

ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസിൻ്റെ കലയിൽ പ്രതീകാത്മകമായി വിവിധ പ്രവണതകളെ സംയോജിപ്പിക്കുന്നതായി മനസിലാക്കാം. ആത്മപ്രധാനമായ സംഗീതം അതിൽ ഉപയോഗിച്ചിരിക്കുന്നു.സ്വന്തം ശൈലിയെ, മാറ്റിസ് ഈ രീതിയിൽ വികസിപ്പിച്ചു. ഫ്രാൻസിലെ ആർട്ട് നോവ്(Art Nouveau) പ്രസ്ഥാനത്തിൻ്റെ അലകൾ മാറ്റിസിൻ്റെ രചനകളിൽ കാണാം. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ പ്രത്യക്ഷപ്പെട്ട ഈ പ്രവണത കലയെ അനുകരണത്തിൽ നിന്നു മോചിപ്പിച്ച് അലംകൃതവും സ്വതന്ത്രവുമായ നവീനതയിലേക്ക് പറത്തിവിട്ടു. മാറ്റിസിൻ്റെ പോസ്റ്റ്  ഇംപ്രഷണിസ്റ്റിക് ശൈലിയുടെ ഘടന പരിശോധിച്ചാൽ ഇത് മനസ്സിലാകും .അമേരിക്കൻ കലാചരിത്രകാരനായ മെയർ ഷാപ്പിറോ (Meyer Schapiro) നിരീക്ഷിക്കുന്നതുപോലെ മാറ്റിസിൻ്റെ  ശൈലിയിൽ പോസ്റ്റ് ഇംപ്രഷണിസ്റ്റിക് ഘടകങ്ങൾ സ്വാധീനശക്തിയാകുന്നുണ്ട്. അനിശ്ചിതമായ, വ്യവസ്ഥയില്ലാത്ത, വെളിച്ചമില്ലാത്ത പരന്ന പ്രതലങ്ങൾ, പൊരുത്തപ്പെടാത്ത, വക്രീകരിക്കപ്പെട്ട പ്രാന്ത്യരേഖകൾ, ചിത്രത്തിൻ്റെ അരികിലുള്ള ചിതറിയ വസ്തുക്കൾ, കോണുകളെ തമ്മിൽ യോജിപ്പിക്കുന്ന നോട്ടകവാടം ,തനതായ നിറത്തിനു പകരം തെളിഞ്ഞ നിറമുള്ള വസ്തുക്കൾ തുടങ്ങിയവ മാറ്റിസിൻ്റെ   അന്തർദൃഷ്ടിയിൽ പതിഞ്ഞ പ്രതിഛായകളായി പുനർജനിക്കുകയാണ്. 

അവസാനിക്കാത്ത അതിശയങ്ങൾ 

നിറം,വസ്തു,പ്രകാശം തുടങ്ങിയവയുടെ പ്രത്യേകമായ ഉപയോഗത്തിലൂടെ കാൻവാസിൽ ഒരു രൂപം സൃഷ്ടിക്കുകയാണ് .ആ രൂപത്തിന്റെ ഘടകങ്ങളാണ് നിറവിന്യാസത്തിലൂടെ ആവൃതമാകുന്നത്. ഫ്രാൻസിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രചാരം നേടിയ Fauvism എന്ന രചനാരീതിയാണ് മാറ്റിസ് പൊതുവേ അവലംബിച്ചത്. റോബർട്ട് ദെബ്രേൻ ,ആൽബർട്ട് മാർക്വറ്റ്  തുടങ്ങിയവരോടൊപ്പം മാറ്റിസും ഈ പ്രസ്ഥാനത്തിനു വേണ്ടി നിലകൊണ്ടു.വർണവിന്യാസത്തിലെ വ്യക്തിഗതമായ സമ്പ്രദായമാണിത്. വിരുദ്ധവർണങ്ങളെ കാൻവാസിൽ സംയോജിപ്പിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം ,തീവ്രമായ അവതരണം ,വികാരമൂർച്ച, വൈയക്തികത ,പാരമ്പര്യത്തിൽ നിന്നകന്ന സമീപനം ,വർണങ്ങളുടെ ധാരാളിത്തം തുടങ്ങിയവയാണ് ഫോവിസത്തിൻ്റെ പ്രത്യേകത. 

"ശാന്തതയും ശുദ്ധിയും സമതുലിതാവസ്ഥയുമാണ് ഞാൻ കലയിൽ തേടുന്നത് " എന്നു മാറ്റിസ് പറഞ്ഞതിൽ ഈ ലക്ഷ്യമുണ്ട്. ഒരു ചിത്രം കാണിയുടെ മനസ്സിനെ അപകടപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്യരുത്. കാണുന്നവന്റെ മനസ്സിൽ അവാച്യമായ  അനുഭൂതിയുണ്ടാകണം. അത് അവനെ വിമോചിപ്പിക്കണം. കല നവീകരിക്കുക മാത്രമല്ല സ്വതന്ത്രമാക്കുകയും ചെയ്യുന്നു. കാണിയുടെ ഉള്ളിലുള്ള വികാരങ്ങളെ മുഖാമുഖം കൊണ്ടുവരുന്നതിനു പ്രകടനാത്മകമായ വരകളും ഭാവങ്ങളുമാണ് വേണ്ടത്.
ഇതാണ് മാറ്റിസിൻ്റെ കലാദർശനത്തെ മുന്നോട്ടു നയിക്കുന്നത്. മാറ്റിസ് പറഞ്ഞു :"പ്രകൃതിയെ നോക്കി വരയ്ക്കുന്നവരുണ്ട്, പ്രകൃതിയിൽ നിന്നു പ്രചോദനം നേടി ഭാവന ചെയ്യുന്നവരുമുണ്ട്. രണ്ടിനും ഒരേപോലെ പ്രാധാന്യമുണ്ട്. ഒരു വ്യക്തിക്ക് ഈ രണ്ടു മാർഗ്ഗവും വേണ്ടപ്പെട്ടതു തന്നെ .പ്രകൃതിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരുണ്ട്. അവിടെ നിന്നു കിട്ടുന്ന വൈകാരികാനുഭവങ്ങൾ അയാളിലെ  ചിത്രകാരനെ വളരാൻ സഹായിക്കും."
 
കലാകാരൻ സ്വയം തിരയുന്നത് അവനിലെ അവസാനിക്കാത്ത അതിശയങ്ങളാണ്. അതിനായി അവൻ വസ്തുക്കളെ തന്നിലേക്ക് കൊണ്ടുവരുന്നു.അത് തന്നിൽ എന്ത് നൃത്തമാണ് സൃഷ്ടിക്കുന്നതെന്നു ആരായുന്നു .മാറ്റിസിൻ്റെ The Joy of Life ,Dance 111 എന്നീ ചിത്രങ്ങൾ അപരിമേയമായ ജീവിതാനുഭവത്തിലേക്ക് നമ്മെ ആകർഷിക്കുകയാണ്. ജീവിതം എന്ന പ്രക്രിയ നിരാശയാണെന്ന തത്ത്വചിന്തയിൽ നിന്നു വ്യതിചലിച്ച് മറ്റു വസ്തുക്കളും ആശയങ്ങളുമായി സമ്മേളനം സാധ്യമാക്കുന്നു. പരസ്പരബന്ധം നമ്മെ ഉയിർപ്പിക്കുകയാണ് .നാം അപര്യാപ്തതകളെ മറികടന്ന് സഹവർത്തിത്വത്തിലൂടെ ആനന്ദം തേടുന്നു. ഇത് കലാകാരനെ അസ്തിത്വപരമായി ഉയർത്തുകയാണ്. ജീവിതത്തിൽ മറഞ്ഞിരിക്കുന്ന, പൊതുസമൂഹമോ,കലാപാരമ്പര്യമോ കണ്ടെത്താത്ത മൂല്യങ്ങൾ തിരയേണ്ടതുണ്ട് .

അറിവിൻ്റെ പുതിയ മൂല്യം 

"ഒരു സത്യം കണ്ടെത്തുന്നതോടെ അതിനു പുതിയൊരു മൂല്യം ഉണ്ടാവുകയും വേണം. അത് കലാകാരൻ്റെ സ്വന്തമായിരിക്കണം. അങ്ങനെ ആ രൂപത്തിന്റെ ആഴത്തിലുള്ള പ്രസക്തി തിരിച്ചറിയുന്നു " - മാറ്റിസ് പറഞ്ഞു. The Blue Window എന്ന ചിത്രം ഈ ലോകത്തിലെ ഒരത്ഭുതമാണ്.ഒരു നീലജാലകം ചിത്രകാരൻ സ്വപ്നം കാണുകയാണ് .പല ജാലകങ്ങളും കണ്ട ശേഷം അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒന്ന് സൃഷ്ടിക്കുകയാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ തന്നിൽ അനിർവചനീയമായി രൂപപ്പെട്ട ഒരു ജാലകത്തെ കാണിച്ചു തരികയാണ് ചിത്രകാരൻ .അദ്ദേഹത്തിൻ്റെ  സ്വകാര്യമായ അഭിദർശനമാണത്. അത് കാഴ്ചയുടെയും ആത്മീയമായ അറിവിൻ്റെയും ഒരു പുതിയ  മൂല്യമാണ്. മാറ്റിസ് എന്ന കലാകാരനിലൂടെ മാത്രമാണ് ഈ ജാലകം നമുക്ക് കാണാനാകുന്നത്. ലോകത്തുള്ള എല്ലാ  ജാലകങ്ങളും ,കാഴ്ചയുടെ ഈ വിതാനത്തിൽ ,ഇവിടെ റദ്ദാവുകയാണ്. ."ഒരു വസ്തുവിന്റെ ദീർഘിച്ച വിവരണമല്ല ചിത്രകാരൻ നോക്കുന്നത് .അത് പുസ്തകങ്ങളിൽ ലഭ്യമാണല്ലോ ." ഈ അഭിപ്രായം നാം ശ്രദ്ധിക്കണം. ഇത് ചിന്തിപ്പിക്കുന്നതാണ്. ചിത്രകല പഠിപ്പിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവർ ഈ വസ്തുത മനസ്സിലാക്കുന്നുണ്ടോ എന്നു സംശയമാണ് .ഒരു വസ്തുത വളരെ വിശദമായി, സ്ഥൂലമായി വിവരിക്കുന്ന രീതി കലയുടെ ഭാഗമല്ല. കല നമ്മെ ധ്യാനത്തിലേക്ക് ഏകാഗ്രമാക്കുകയാണ്. പ്രകൃതിയിലും മനുഷ്യൻ്റെ നിർമിതിയിലുമാണ് സ്ഥൂലതയുള്ളത്.

ഒരു വസ്തുവിന്റെ ഉന്നതമായ കാഴ്ച (higher perception)യാണ് കല .കല ഒരു സൃഷ്ടിയാണ്. അവിടെ പ്രകൃതിയുടെ തനിപ്പകർപ്പോ , മനുഷ്യനിർമ്മിതിയുടെ സ്ഥൂലതയോ  ആവശ്യമില്ല.ഒരു സർക്കസ് കൂടാരത്തിൻ്റെ ചിത്രം വരയ്ക്കുമ്പോൾ ഉള്ളിലെ മുഴുവൻ കാര്യങ്ങളും ഒരു ഫ്രെയിമിൽ ചേർക്കാനാവില്ല .ഏതാനും കാര്യങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുകയാണ് വേണ്ടത്. അതിന്റെ സൂചനകളാണ് പ്രധാനം. അതിലൂടെ കാണികൾക്ക് സർക്കസ് എന്ന കലയുടെ അസാധാരണമായ  ആനന്ദാനുഭവത്തിലേക്ക് പ്രവേശിക്കാനാവണം .

"കലാകാരൻ അവൻ്റെ ആന്തരിക ദർശനങ്ങളാണ് (interior visions)പകർത്തുന്നത്." ആന്തരികദർശനം പകർത്തുമ്പോഴും അതിന്‍റെ രൂപവും വർണ്ണസങ്കലനവും ചേർന്നു ഒരു സ്വഭാവം സൃഷ്ടിക്കുന്നുണ്ട്. രൂപമാണ് അതിനെ കലാപരമായി നിർണയിക്കുന്നത്. ഒരു പുതിയ വ്യാഖ്യാനത്തിലേക്കും മൂല്യത്തിലേക്കും എത്തിക്കുന്നത് ആ രൂപമാണ്. മാറ്റിസിൻ്റെ Landcape at Collioure എന്ന ചിത്രം കലയുടെ അന്തർദർശനവും രൂപവും എങ്ങനെ ഉന്നതമായി സമന്വയിക്കപ്പെടുന്നു എന്നു കാണിച്ചു തരുന്നു. "എൻ്റെ ചിന്തകളെ പ്രോജ്വലിപ്പിക്കുന്ന ഒരു ഭാവപ്രകടനമാണ് ഞാൻ പ്രകൃതിയിൽ തേടുന്നത്.ഇതിനാവശ്യമായതാണ് ഞാൻ പ്രകൃതിയിൽ നിന്നെടുക്കുന്നത്. " ഈ വാക്കുകളിൽ ചിത്രത്തിലേക്ക് നോക്കാനുള്ള സഹായകവസ്തുതകളുണ്ട്. ഒരു മെഡിറ്ററേനിയൻ ഭൂപ്രകൃതിദൃശ്യത്തെ ഒരു കലാകാരൻ എങ്ങനെ ആവിഷ്ക്കരിക്കുന്നു എന്നു വ്യക്തമാക്കുന്നു.ഫ്രാൻസിലെ കോളിയോ നഗരത്തിനു സമീപമാണ് ഈ ദൃശ്യത്തിനു വേണ്ടതായ പ്രകൃതിയെ മാറ്റിസ് കണ്ടെത്തിയത്. ഇത് പ്രകൃതിയോടുള്ള പ്രതികരണമാണ്; പ്രകൃതിയുടെ തനി  ചിത്രീകരണമല്ല. ബ്രഷ് സ്ട്രോക്കുകളുടെ സാധ്യതയും വർണ്ണങ്ങളുടെ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഒരു സുന്ദരരൂപമാക്കുന്നത്. പ്രകൃതിയിലെ നിറങ്ങളല്ല ഇവിടെ ഉപയോഗിക്കുന്നത്. അദ്ദേഹം തന്റെ ആത്മവർണ്ണത്തിനു അനുസൃതമായി ചില നിറങ്ങൾ  സൃഷ്ടിച്ചെടുക്കുകയാണ് .
"ഞാൻ ഒരു സ്ത്രീയുടെ ശരീരമാണ് വരയ്ക്കാൻ ഉദ്ദേശിക്കുന്നതെന്നു വിചാരിക്കുക. ആദ്യമായി ഞാൻ അവളുടെ രൂപം എൻ്റെ മനസ്സിൽ കാണുന്നു. പിന്നീട് അതിനെ ആകർഷകമാക്കുന്നു .പ്രസാദസുന്ദരമാക്കുന്നു. ഇതിലുപരി എന്തോ നൽകുന്നുണ്ട് .ഏറ്റവും കുറച്ച് വരകൾകൊണ്ട് ആ ശരീരത്തെ അർത്ഥസാന്ദ്രമാക്കേണ്ടതുണ്ട്. ആകർഷണം എന്ന ഗുണം മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. തുടക്കത്തിൽ ഇത് പ്രകടമായി തോന്നില്ല .എന്നാൽ ആ രൂപത്തിൽ നിന്നു പുതിയൊരു പ്രതിഛായ  ഉയർന്നുവരുന്നതാണ്."

പുതിയ രൂപം സൃഷ്ടിക്കുന്നു


പ്രകൃതിയിൽ കാണുന്ന ഒരു വസ്തു എന്താണെന്നു പ്രതിപാദിക്കേണ്ട ജോലി ചിത്രകാരനില്ല; അത് ഫോട്ടോഗ്രാഫർമാർക്കും ഭൗമനിരീക്ഷണ വിദഗ്ദ്ധർക്കും പത്രറിപ്പോർട്ടർമാർക്കും ആവശ്യമായ കാര്യങ്ങളാണ് .ചില ഭാഗങ്ങളിൽ മാറ്റിസ് പെയിൻറ് ചെയ്തിട്ടില്ല. ചിലയിടങ്ങളിലാകട്ടെ ട്യൂബിൽ നിന്നു നേരിട്ട് പെയിൻറ് ചെയ്തതുപോലെയുണ്ട്. ഒരു ഭൂപ്രകൃതിദൃശ്യം കലാകാരനിൽ സൃഷ്ടിക്കുന്ന വർണ്ണങ്ങളുടെ കാഴ്ചകളും ഇളക്കങ്ങളും പ്രലോഭനങ്ങളും വികാരങ്ങളുമാണ് ആവിഷ്ക്കരിക്കുന്നത്. കലാകാരൻ വസ്തുവിന്റെ രൂപത്തെ മാറ്റി മറ്റൊരു രൂപം തനിക്കുവേണ്ടി സൃഷ്ടിക്കുന്നു. ഇത് വ്യക്തിഗതമായ ഒരു നിരീക്ഷണമായി കാണാവുന്നതാണ്.

True artist cannot see colour which is not harmonious - മാറ്റിസിൻ്റെ വാക്കുകൾ .വർണങ്ങൾക്ക് നൃത്തം ചെയ്യാനറിയാം.എന്നാൽ ആ നൃത്തം എന്താണെന്നു കലാകാരൻ അറിഞ്ഞിരിക്കണം.ആ നൃത്തത്തിന്റെ ഭാഷയാണ് കലാകാരന്റെ കൈയിലുള്ളത്. ആ ഭാഷ മനസ്സിലാക്കുന്നതുകൊണ്ട് ഏതൊരു വസ്തുവും ഇപ്രകാരം നൃത്തമായിട്ടാണ് കലാകാരനിലേക്ക് സംക്രമിക്കുന്നത്. വസ്തുവിന്റെ നൃത്തം ഒരു മഹത്തായ അനുഭവമാണ്. അത് ഒരു രഹസ്യവിനിമയമാണ്. പൊതുവ്യവഹാരത്തെ മാത്രം ശ്രദ്ധിക്കുന്നവർക്ക് ഈ നൃത്തം വ്യക്തമാവണമെന്നില്ല.
An artist should express his feeling with the harmony or ideas or colour which he possesses naturally.ഇത് കലാകാരൻ സ്വാഭാവികമായി ഉൾക്കൊള്ളുന്നതാണ്. കലാകാരനിൽ വർണ്ണങ്ങളുടെ ഒരു ആവാസവ്യവസ്ഥയുണ്ട്. അതിലാണ് അയാൾ ജീവിക്കുന്നത്. അത് ഒരു ലോകമാണ്. അതിൽ ഒരു അപരലോകത്തെ പണിതുകൊണ്ടിരിക്കുകയാണ്. വർണ്ണങ്ങളുടെ നൃത്തം അതിൻ്റെ പൊരുത്തത്തിൽ നിന്നുണ്ടാകുന്നതാണ്.അത് പ്രാപഞ്ചികമായ ഒരു അവബോധമാണ്. ആ രമ്യത ,ആശയം ,അല്ലെങ്കിൽ നിറം കലാകാരന്റെ വികാരമായി അവതരിക്കപ്പെടുകയാണ്. Blue pot and Lemon എന്ന ചിത്രം ശ്രദ്ധിച്ചാൽ ഇതറിയാം. ഒരു ലയമാണ് അത് പകരുന്നത്. നീലപ്പാത്രവും നാരങ്ങയും ഒരേ വാസ്തവികതയായി പരസ്പരം ലയിക്കുന്നു. ഈ അവസ്ഥയാണ് ചിത്രം ഉറപ്പിക്കുന്നത്. 

"കലാകാരൻ ഭിത്തിയിലോ മേശയിലോ കാണുന്ന വസ്തുക്കളെ കോപ്പിയടിക്കുകയല്ല.അവൻ ഒരു വർണ്ണദർശനമാണ് പിന്തുടരുന്നത്. അത് നിറത്തെക്കുറിച്ചുള്ള ദർശനമാണ്. അതവൻ്റെ രമ്യതയെക്കുറിച്ചുള്ള വികാരമാണ്. ഇവിടെ ഒരാൾ അവനവനോട് സത്യസന്ധനാകേണ്ടതുണ്ട്- മാറ്റിസ് നിരീക്ഷിക്കുന്നു.പാത്രം ,നാരങ്ങ എന്നീ വസ്തുക്കൾ അടുത്തിരിക്കുന്നത് വരയ്ക്കാനല്ല മാറ്റിസ് ബ്രഷ് കൈയിലെടുക്കുന്നത്. വർണങ്ങളുടെ നൃത്തവും രൂപങ്ങളുടെ സംഗീതവും കലാകാരനെ പ്രലോഭിപ്പിക്കുന്നുണ്ട്. ആ നിറപ്പകർച്ചകളുടെ ലയവും ആനന്ദവും ക്യാൻവാസിൽ പകർത്തുമ്പോൾ അത് കലാകാരന്റെ വികാരങ്ങളുടെ നടനമായിത്തീരുന്നു.

ഒരാൾ വളരെ സ്വതന്ത്രനാവാൻ ശ്രമിക്കുന്നത് അയാളുടെ വീക്ഷണത്തിലൂടെയാണല്ലോ. ഈ വീക്ഷണം എങ്ങനെ ലഭിക്കും? അതിനു അയാൾ അന്തർജ്ഞാനത്തിൽ എല്ലാത്തിൽ നിന്നും വിടുതൽ നേടണം. അതിലൂടെ തന്നിലേക്കു തന്നെ എത്തിച്ചേരണം ;തന്നിൽ അന്തർലീനമായ ,തനിക്കുപോലും അപരിചിതമായ അത്യാനന്ദത്തിന്റെ, വിസ്മയത്തിന്റെ വിത്തുകൾ കണ്ടെത്തണം. ഓരോ ചിത്രവും ഇത്തരത്തിലുള്ള വെളിപാടുകളാണ്.
"ഒടവിൽ ഞാൻ എൻ്റെ കലയുടെ രഹസ്യം കണ്ടുപിടിച്ചു. യഥാർത്ഥ്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട സ്വപ്നാഖ്യാനമാണത്. അതിൽ പ്രകൃതിയെ മനസ്സിൽ കണ്ടുകൊണ്ടുള്ള ധ്യാനമുണ്ട്."
മാറ്റിസിൻ്റ ഈ വാക്കുകൾ കലാവിഷ്കാരം മറ്റൊരു  ആഖ്യാനമാണെന്നു സൂചിപ്പിക്കുന്നു. അത് നിരന്തരമായ അകം സഞ്ചാരമാണ്. സ്വയം പ്രകാശിപ്പിക്കുന്നതിൻ്റെ ആഖ്യാനമാണ്.   അതിൽ ദുർഗ്രഹമായ എന്തോ  അവശേഷിക്കുന്നു.'

മാനുഷികതയുടെ പാരമ്യം 

ഫ്രഞ്ച് തത്ത്വജ്ഞാനി ബർഗ്സൺ Creative Evolution എന്ന കൃതിയിൽ ചർച്ച ചെയ്യുന്ന അന്തർദർശനം മാറ്റിസിൻ്റെ ചിത്രങ്ങളിലെ സവിശേഷമായ ആന്തരികാനന്ദവുമായി താദാത്മ്യം പ്രാപിക്കുന്നത് കാണാം. മാറ്റിസിൻ്റെ ദർശനം കലയുടെ സ്വന്തമായ ആശയമാണ് .അത് കലയിൽ തന്നെ മാനുഷികമാണ്, അതിമാനുഷികമാണ്. മാനുഷികതയുടെ പാരമ്യമാണ്. രചനയിൽ തന്നെയാണ് കലയെ അന്വേഷിക്കേണ്ടത്; അത് രചനയിൽ തന്നെ ഒരാന്തരതത്ത്വമാകുകയാണ്.
"Painting is a means of expression asserted itself". സമയവും സ്ഥലവും തമ്മിൽ ,ഭൂതവും വർത്തമാനവും തമ്മിൽ ഒരു പാരസ്പര്യമുണ്ടാവുകയാണ്. ഇത് കലയിലെ അന്തർദർശനമായി രൂപാന്തരപ്പെടുകയാണ്. അനുതാപപൂർണ്ണമായ ഒരു സംവേദനം (sympathetic communication)വസ്തുക്കളിലൂടെ  പ്രസരിക്കുന്നു .കലാവസ്തുവായി മാറുന്നതോടെ കലാകാരന്റെ അനുതാപമാണ് തെളിയുന്നത്. കലാകാരനു ഓരോന്നിനോടും തോന്നുന്ന അനുതാപപൂർണമായ സംവേദനം മുഖ്യമാണ്. ഇത് നമ്മളിലേക്ക് പകരുകയാണ്. കാണികളെ അത് ഉണർത്തുന്നു.  വസ്തുക്കളോട് അനുവാചകനു അടുപ്പം തോന്നുന്നു. ചിത്രത്തിലെ വസ്തുവിനോട് കാണിക്ക് ഒരു ആത്മബന്ധം ഉണ്ടാവുകയാണ്. ഈ സൃഷ്ടി അപാരമായ ഒരനുഭവമാണ്. ഇത് ഓരോന്നിനെയും പരസ്പരം ബന്ധിപ്പിക്കുന്നു.
ഫ്രഞ്ച് ചിത്രകാരനായ ഡെലാക്രോ (Delacroix) പറഞ്ഞു: Exactitude is not truth.ഏതെങ്കിലും ഒരു ബിംബത്തെ കൃത്യമായി വരയ്ക്കുന്നത് കരവിരുത് മാത്രമാണ്. അതിൽ ഉന്നതമായ കലയുടെ ദർശനമില്ല ,സത്യമില്ല .ചുറ്റിനുമുള്ള ലോകത്തോട് കാണികളെ ബന്ധിപ്പിക്കുന്ന വിദ്യയാണ് മാറ്റിസിൻ്റെ അനുതാപപൂർണമായ സംവേദനം .നാം പുറമേ കാണുന്നതോ അനുഭവിക്കുന്നതോ അല്ല യഥാർത്ഥജീവിതമെന്നും അതിനടിയിൽ കാമ്യമായ, ത്രസിപ്പിക്കുന്ന മറ്റൊരു മേഖലയുണ്ടെന്നും തെളിയുകയാണ്. സൃഷ്ടിയെ പുതിയൊരു മാനത്തിൽ കാണണം. അതിൽ ഉൾപ്പെടുന്ന വസ്തുക്കൾ പരസ്പരം സംക്രമിക്കുകയാണ്. അതിൻ്റെ അവാച്യമായ ആനന്ദാനുഭവവും ബന്ധവും ഒരു പുതിയ സിംഫണിയാണ്. ചലനങ്ങളുടെ ഒരു പുതിയ ക്രമമാണ്. ജീവിതത്തിൽ പുറമേ കാണാത്തത് തേടിച്ചെന്ന്  സ്ഥിരീകരിക്കുകയാണ്.
"പാരമ്പര്യത്തിന്റെ സമഗ്രമായ അറിവിനകത്ത് ഞാൻ എൻ്റെ യുക്തിയും സ്വാതന്ത്ര്യവും ഉറപ്പിക്കാനാണ് ശ്രമിച്ചത്." കലാകാരന്റെ യുക്തി പ്രവർത്തിക്കുന്നത് സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പരിധിക്കകത്തല്ല;അത് ഉയർന്നു പറക്കുന്ന ഒരു പക്ഷിയെ പോലെയാണ്. അത് ഏകാന്തതയുടെ ആഹാരം കഴിച്ചു വേറിട്ട് പറന്നു ജ്ഞാനം സ്വരൂപിക്കുന്നു. ഇത് ബോധമണ്ഡലത്തിന്റെ വികാസമാണ്. അനുതാപപൂർണമായ സംവേദനവും സംക്രമണത്തിന്റെ പാരസ്പര്യവു (reciprocal interpenetration)മാണ് മാറ്റിസിൻ്റെ കലയെ ഉന്നതമായ ആത്മീയതലത്തിൽ പ്രവേശിപ്പിക്കുന്നത്. മനുഷ്യനെ അതീതമായ ഒരു പ്രതലത്തിലേക്ക് ആനയിക്കുകയാണ്, ഇവിടെ ,കല. ഈ അവബോധമുണ്ടാകുമ്പോഴാണ്  ഭൗമജീവിതത്തെ സമഗ്രമായി അറിയാനും അതിനു മുകളിലേക്ക് നോക്കാനും പ്രാപ്തമാവുന്നത്.

വസ്തുക്കൾ പരസ്പരബന്ധത്തിൽ 

കലയിൽ ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് വസ്തുക്കൾ തമ്മിലുള്ള ബന്ധം. പ്രകാശത്തെക്കുറിച്ചും ഇടത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട് ,നാം ജീവിച്ച പശ്ചാത്തലത്തിൽ നിന്നു വിഭിന്നമായി. ഒരു വസ്തുവിന്റെ ആന്തരികതയിലേക്ക് നമുക്കെങ്ങനെ  ഇറങ്ങിച്ചെല്ലാനാവും? അതിനാണ് നമ്മളിൽ അനുതാപം എന്ന വികാരം പ്രവർത്തിക്കേണ്ടത്. അത് നമ്മെ തടസ്സങ്ങളില്ലാതെ വസ്തുക്കളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്നു. വസ്തുവിനെക്കുറിച്ചുള്ള വ്യത്യസ്തമായ ബോധമാണ് സൃഷ്ടിക്കപ്പെടുന്നത്.

മാറ്റിസിൻ്റെ Woman Reading എന്ന ചിത്രം നോക്കുക . ഒരു സ്ത്രീ തന്റെ ചെറിയ മുറിയിലിരുന്നു എന്തോ  വായിക്കുകയാണ് .പിന്നിൽ നിന്നാണ് നാം ചിത്രം നോക്കി കാണുന്നത്. അതിലെ നിറങ്ങൾ അതിൻ്റെ ലയം ആഴത്തിൽ സംവേദനം ചെയ്യുന്നു."വസ്തുക്കളെ രണ്ടു രീതിയിൽ കാണാം. ഒരു നൃത്തത്തെ നിങ്ങൾക്കു നിശ്ചലതയിൽ ഭാവന ചെയ്യാം. ഈ നൃത്തം നിങ്ങളുടെ മനസ്സിലാണോ  ശരീരത്തിലാണോ? നിങ്ങൾ കാലുകൾ കൊണ്ട് നൃത്തം ചെയ്താണോ അത് മനസ്സിലാക്കുന്നത് ?വികാരം കൊള്ളാൻ നിശ്ചലത തടസ്സമല്ല ."
ചിത്രത്തിലെ സ്ത്രീയുടെ മുന്നിൽ വീതി കുറഞ്ഞ ,ഉയരമുള്ള ഒരു ചെറിയ മേശയുണ്ട്. അതിൽ ഒരു കൂജയും ഫോട്ടോയും മറ്റു സാധനങ്ങളുമുണ്ട്. ബർഗ്സൺ പരിചയപ്പെടുത്തിയ അന്തർദർശനം (Intuition)എന്ന ആശയം മാറ്റിസിൻ്റെ കലാരഹസ്യത്തിലേക്ക് സഞ്ചരിക്കുന്നവർക്ക് കൂടുതൽ ഉൾക്കാഴ്ച നൽകാതിരിക്കില്ല. അത് വ്യക്തമാക്കുന്ന ഒരു ചിത്രമാണിത്.  ഈ ചിത്രത്തിൽ വസ്തുക്കളോടുള്ള  അനുതാപമുണ്ട് .വസ്തുക്കൾ പരസ്പരം ഒരു ബന്ധത്തിലാണ്.ഇരുട്ടും  നിഴലും വെളിച്ചവും ഒരു പ്രത്യേക ചേരുവയിൽ റിഥം സൃഷ്ടിക്കുകയാണ്.

ഒരു ചിത്രം നമ്മളിൽ ആന്തരികമായ ഒരു ഉണർത്തലാകണം.വിശ്വാസികളല്ലെങ്കിൽ പോലും അവർക്ക് ആത്മീയമായ ഒരു ഉയർത്തൽ(spiritual  elevation)അനുഭവപ്പെടും. വായിക്കുന്ന സ്ത്രീയോട് കാണിക്ക് ഇഷ്ടം തോന്നും. ചിത്രത്തിലെ ഓരോ വസ്തുവും മറ്റൊന്നിനോട് ഒരു ബന്ധം പുലർത്തുന്നതായി അനുഭവപ്പെടുന്നു. അത് ഒരു നിമിഷവും ഒരിടവുമായി ഒന്നിച്ചുചേർന്നിരിക്കുന്നു. അതിൽ സഹാനുഭൂതി എന്ന വികാരം ജ്വലിക്കുകയാണ് .അതിൽ  വസ്തുക്കളുടെ പരസ്പര സംക്രമണത്തിന്റെ അലൗകികമാനമുണ്ട്. 


No comments: