സാഹിത്യകാരൻ ഒരു ഉത്തരവാദിത്വമുള്ള ജീവിയാണെന്ന കാഴ്ചപ്പാടാണ് ,കഴിഞ്ഞു നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഷാങ് പോൾ സാർത്ര് അവതരിപ്പിക്കുന്നത്. ഒരു പുതിയ രൂപം ,പ്രമേയം എന്നിവയുടെ ആവിഷ്കാരത്തിലൂടെ പുതുമ കൊണ്ടുവരുന്നതിനപ്പുറം താൻ എന്താണ് ,എവിടെയാണ് എന്ന് എപ്പോഴെങ്കിലും എഴുത്തുകാരൻ ആലോചിക്കുന്നത് നല്ലതാണ്. ഈ ലോകത്ത് ഒരു അധികാരമുഷ്ക് നിലനിൽക്കുന്നുണ്ട്. എപ്പോഴും കുറെ പേർ അടിമകളാണ്. കുറെ പേർ അവരുടെ ഇഷ്ടം പോലെ അധികാരം ഉപയോഗിക്കുന്നു. അടിച്ചമർത്തപ്പെടാൻ ധാരാളം പേരുണ്ട്. അവർക്ക് സംസാരിക്കാൻ യോഗമില്ല .ഇപ്പോൾ സോഷ്യൽ മീഡിയ വന്നതുകൊണ്ട് സംസാരിക്കാൻ സൗകര്യമുണ്ട് .സ്വന്തം പേര് മറച്ചുവെച്ചുകൊണ്ടായാലും സംസാരിക്കാം .എന്നാൽ അപ്പോഴും ഒരു പ്രതിഷേധമോ ഉത്തരവാദിത്വമോ നിറവേറ്റപ്പെടുന്നില്ല .ഒരു വലിയ സംഘത്തിൻ്റെ ,നേതാവിന്റെ, പ്രസ്ഥാനത്തിൻ്റെ ,അധികാരരൂപത്തിന്റെ നിലപാടുകളെ ,ചിന്തകളെ ഏറ്റുപാടുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ അനേകം പേർ മുന്നോട്ടുവരുന്നതാണ് നാം കാണുന്നത്. വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ചിന്തയുടെ പ്രകാശനത്തിനും വിനോദത്തിനും വേണ്ടി രൂപകല്പന ചെയ്ത സമൂഹമാധ്യമമാകട്ടെ ഇന്നു സംഘം ചേർന്നുള്ള ആക്രമണത്തിനും അധിക്ഷേപത്തിനും വേണ്ടി ഉപയോഗിക്കുകയാണ് .
സ്വാതന്ത്ര്യം എന്താണെന്നു ചിന്തിക്കാനാവാത്ത വിധം തകർന്നു കഴിഞ്ഞു .സ്വതന്ത്രനായ ഒരുവൻ അസ്വതന്ത്രനാകാൻ വേണ്ടി ടിക്കറ്റെടുത്ത് ക്യൂ നിൽക്കുകയാണ് . സോഷ്യൽ മീഡിയയിൽ നിങ്ങൾ സ്വതന്ത്രമായ ഒരഭിപ്രായം എഴുതിയാൽ അതിനെ അവഗണിക്കാനാവും എല്ലാവരും ശ്രമിക്കുക. എന്നാൽ നിങ്ങൾ ഒരു അധികാരരൂപത്തെയോ സംഘത്തെയോ പിന്തുണയ്ക്കുന്ന വിധം എഴുതിയാൽ ആയിരക്കണക്കിനാളുകൾ വന്നു ലൈക്കിടും .ആശയങ്ങളോ സ്വാതന്ത്ര്യമോ ഇല്ലാത്ത ഒരിടമായി ഈ രംഗം മാറിയിരിക്കുകയാണ്.
സ്വാതന്ത്യം എന്ന ആശയം
സാർത്ര് മനുഷ്യാസ്തിത്വത്തെ സ്വതന്ത്രമായാണ് കണ്ടത്. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്ന വാക്യം അദ്ദേഹത്തിൻ്റേതാണ്. എന്തുകൊണ്ടാണ് അവൻ സ്വതന്ത്രനാകുന്നത് ? പ്രസവിച്ചു പുറത്തുവന്ന ഉടനെ കരഞ്ഞതുകൊണ്ടല്ല, സ്വന്തം കാലിൽ നടക്കാനും ചിരിക്കാനും കഴിഞ്ഞതുകൊണ്ടല്ല ,നിയമം ലംഘിക്കാൻ സൗകര്യമുള്ളതുകൊണ്ടു മല്ല; അവൻ സ്വാതന്ത്ര്യം എന്ന ആശയമായതുകൊണ്ടാണ്. അവൻ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് പിറന്നത്. നമ്മൾ ഓരോരുത്തരും എങ്ങനെയായിരിക്കുമെന്നു ആർക്കുമറിയില്ലായിരുന്നു. മാതാപിതാക്കൾക്ക് അവരുടെ മക്കൾ എങ്ങനെയായിത്തീരുമെന്നു പറയാനാവില്ല .കുട്ടികളുടെ മുഖം, സ്വഭാവം തുടങ്ങിയവ എന്തായിരിക്കുമെന്നു മുൻകൂട്ടി പറയാൻ കഴിവുള്ള മാതാപിതാക്കൾ ഭൂമിയിലുണ്ടായിട്ടില്ല .
പിറന്നു വീണപ്പോഴാണ് മാതാവ് കുട്ടിയെ കാണുന്നത് .അത് തൻ്റെ കുട്ടിയാണെന്നതിനു ബാഹ്യ അടയാളങ്ങളൊന്നും ആരുടെയും പക്കലില്ല. ആ കുട്ടി സാവധാനം വളരുകയാണ് .വളർച്ചയുടെ ഘട്ടത്തിൽ ഒരുതരത്തിലുള്ള സ്വഭാവവും അടിച്ചേൽപ്പിക്കാനാവില്ല. എത്ര നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്താലും മക്കൾക്ക് അത് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. മാതാപിതാക്കളുടെ ഉപദേശം കിട്ടിയ ലക്ഷക്കണക്കിനു കുട്ടികൾ വഴിപിഴച്ചു പോയിട്ടുണ്ട്. മാതാപിതാക്കൾ ഒരു സ്വാധീനശക്തിയല്ല .കുട്ടി സ്വയം വളരുകയാണ് .അവൻ്റെ /അവളുടെ ജീവിതത്തെക്കുറിച്ച് ദൈവം നേരത്തെ ഒന്നും പറഞ്ഞിട്ടില്ല .അവർ ദൈവത്തെ കാണാൻ പിന്നീട് പലവട്ടം ശ്രമിക്കുന്നുണ്ട്. സകല പാഠപുസ്തകങ്ങളിലും ആരാധനാലയങ്ങളിലും ദൈവത്തെ അന്വേഷിച്ചു യാത്ര ചെയ്യുന്നു. ഒരിടത്തും ദൈവം അവർക്ക് മുഖം കൊടുക്കുന്നില്ല. അവന്റെ ഭാവനയ്ക്കൊത്ത് ചില അനുഭൂതികളുണ്ടാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല .അവൻ സ്വയം ചില തീരുമാനങ്ങളെടുക്കാൻ തയ്യാറാകണം. വിധി സ്വയം നിശ്ചയിക്കണം. നാം തീരുമാനിക്കണം ,ജീവിക്കണോ വേണ്ടയോ എന്ന്. എങ്കിൽ എന്തിനാണ് ജീവിക്കുന്നതെന്നു ആരായണം . എന്തെങ്കിലും ലക്ഷ്യമുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെ സാക്ഷാത്ക്കരിക്കും? എല്ലാ തീരുമാനങ്ങളും അവന്റേതു മാത്രമാണ്. അതിൻ്റെ ഫലങ്ങൾ അവൻ ഒറ്റയ്ക്ക് അനുഭവിക്കണം .ഏത് തിരഞ്ഞെടുക്കുമ്പോഴും അതിൻ്റ ഫലത്തെക്കുറിച്ച് ഒരു അനിശ്ചിതത്വമുണ്ട് .ഏതാണ് ശരി, തെറ്റ് എന്ന സന്ദേഹം ശരീരത്തിലേക്ക് തുളച്ചു കയറും .
ശൂന്യതയിൽ നിന്നു വലിച്ചെടുക്കുന്നത്
അവൻ സ്വതന്ത്രനായതുകൊണ്ട് ഒരു കാര്യം ഉറപ്പിക്കാതെ മാർഗ്ഗമില്ല. എന്നാൽ അത് വിപരീതഫലമുണ്ടാക്കുകയാണെങ്കിൽ അവൻ്റെ സ്വാതന്ത്ര്യം പ്രതിസന്ധിയിലാകും. അവൻ വല്ലാത്ത ഒരു ധർമ്മസങ്കടത്തിലാവും.ജീവിതം നിറയെ ഈ പ്രതിസന്ധിയുണ്ട്. ഏതാണ് ശരിയായി ചുവട് എന്ന ചിന്തയ്ക്ക് തീ പിടിക്കുന്നു. അതിൽ നിന്നുള്ള ഫലങ്ങൾ അവനെ ആശങ്കയിലാഴ്ത്തുകയാണ്. സാർത്രിൻ്റെ Nausea എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം : "എന്റെ ചിന്ത ഞാൻ തന്നെയാണ്; അതുകൊണ്ടാണ് എനിക്കിത് അവസാനിപ്പിക്കാൻ കഴിയാത്തത്. ഞാൻ നിലനിൽക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ ചിന്തിക്കുന്നു. ചിന്തയിൽ നിന്നു ഒഴിഞ്ഞു നിൽക്കാൻ എനിക്കാവില്ല. ഈ നിമിഷത്തിൽ ,ഭയാനകമാണിത്, ഞാൻ നിലനിൽക്കുന്നുണ്ടെങ്കിൽ , നിലനിൽപ്പിനെ ഞാൻ ഭയപ്പെടുന്നതുകൊണ്ടാണ്. ഞാൻ ആഗ്രഹിക്കുന്ന ശൂന്യതയിൽ നിന്നു എന്നെത്തന്നെ വലിച്ചെടുക്കുന്ന ഒരാളാണ് ഞാൻ ."
നോവലിലെ മറ്റൊരു സംഭാഷണം ഇതാണ്: "ഭയാനകമായ ഒരു ഏകാന്തതയിൽ ഞാൻ എന്നെത്തന്നെ അനുഭവിക്കുകയാണ്. അതുകൊണ്ട് ആത്മഹത്യയെപ്പറ്റി ചിന്തിച്ചു. എന്നാൽ അതിൽ നിന്നു എന്നെ പിന്തിരിപ്പിച്ചത് ആരും, അക്ഷരാർത്ഥത്തിൽ ആരും, എൻ്റെ മരണത്തിൻ്റെ പേരിൽ വേദനിക്കാൻ പോകുന്നില്ല എന്ന അറിവാണ്. ഞാൻ എൻ്റെ മരണത്തിൽ ,ജീവിതത്തെ അപേക്ഷിച്ച് കുറേക്കൂടി ഒറ്റപ്പെടാനാണ് സാധ്യത." ചിന്തയുടെ ഉത്തരവാദിത്തമുള്ളതു കൊണ്ട് അത് ഭയാനകമായ ഒരു സമസ്യയായി മാറുന്നു. ഒരുവൻ അവനെത്തന്നെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിവരും .അവൻ സമൂഹത്തിന്റെ ഗതാനുഗതികത്വത്തിൽ നീങ്ങുകയാണെങ്കിൽ അവൻ്റെ സ്വാതന്ത്ര്യം എവിടെപ്പോയി? സ്വയം നഷ്ടപ്പെടാൻ സഹായിക്കുമായിരുന്ന അവൻ്റെ സ്വാതന്ത്ര്യം ഗതാനുഗതികത്വത്തിൽ അമരുകയാണെങ്കിൽ ജീവിതം തന്നെ മറ്റൊരാളുടേതാകും.
മരണം പോലും 'ആ വഴിക്ക്' പോകുമെന്നു സാർത്ര് എഴുതുന്നുണ്ട്.എല്ലാവരെയും പോലെയാണ് അവനും മരിക്കുന്നത്. അവൻ്റെ ശരീരം മരണാനന്തരം മാംസവും എല്ലുമായി വേർതിരിക്കപ്പെടും. പിന്നീട് അവൻ മറ്റാരോ പറഞ്ഞുവെച്ചിരിക്കുന്ന അനന്തതയിലേക്ക് സഞ്ചരിക്കും. മരണാനന്തരം അനന്തതയിലേക്കു സഞ്ചരിക്കുമെന്ന എന്ന ആശയം അവന്റേതല്ല ;അത് അവനിൽ അടിച്ചേൽപ്പിച്ചതാണ്. അവൻ്റെ സ്വാതന്ത്ര്യം അവിടെയില്ല. അവിടെ അവനു ഒന്നും തിരഞ്ഞെടുക്കാനാവില്ല. അവൻ 'ആ വഴിക്ക്' നിർബാധം പോവുകയാണ്. ഈ സന്ദർഭത്തിൽ മറ്റൊരു കാതലായ പ്രശ്നമാണ് സാർത്ര് ഉയർത്തിക്കൊണ്ടുവരുന്നത് .എഴുത്തുകാരൻ സമൂഹത്തിന്റെ ഗതാനുഗതികത്വത്തിൽ ,ഔദ്യോഗിക സുരക്ഷിതത്വത്തിൽ കഴിഞ്ഞാൽ മതിയോ? എഴുത്തുകാരൻ വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കണം. അത് പലർ പറഞ്ഞു പഴകിയതാകരുത് .ഉപയോഗത്തിലൂടെ അർത്ഥത്തിൻ്റെ സൂക്ഷ്മത നഷ്ടപ്പെട്ട ഭാഷയുടെ വിവരണരീതിയാണ് നമുക്കുള്ളത്. പുതിയ തലമുറ അത് അതേപടി അനുകരിക്കുന്നു. അനുകരിക്കുന്നവർക്ക് അവാർഡുമായി അധികാരികൾ ക്യൂ നിൽക്കുന്നു. ഉന്നതമായ സാഹിത്യവിമർശനത്തിൻ്റെ ബോധത്തിൽ നിന്നു അനേകം പ്രകാശവർഷങ്ങൾ അകലെയാണ് അക്കാദമികൾ പ്രവർത്തിക്കുന്നത്. അങ്ങനെ ചീഞ്ഞളിഞ്ഞ ഭാഷയും ആവിഷ്കാരരീതിയും മാന്യതയിലേക്ക് ഉയരുന്നു. അത് പിന്നീട് ഗവേഷണം ചെയ്യപ്പെടുന്നു. അങ്ങനെ ജീർണത കലാശാലകളെയും വിദ്യാർഥികളെയും അധ്യാപകരെയും വിഴുങ്ങുന്നു. സാഹിത്യാസ്വാദനത്തിൽ ജനാധിപത്യമുണ്ടെന്നു വിചാരിക്കുന്ന ചിന്താശൂന്യർ ധാരാളമുണ്ട്. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലുള്ള പല മഹാന്മാർക്കും ഇക്കാര്യത്തിൽ വിവരമില്ല. കൂടുതൽ പേർ വായിച്ച ഒരു കൃതി നല്ലതാണെന്നു കണ്ണുമടച്ച് തട്ടിവിടുന്നവർ എങ്ങനെയാണ് സാമൂഹികമായ ജീർണതയുണ്ടാകുന്നതെന്നു അറിയാത്തവരാണ്.
'സൗന്ദര്യലഹരി' വോട്ടിനിട്ട് അംഗീകരിക്കേണ്ട
ഒരു അഭിരുചി നല്ലതാണെന്നു തീരുമാനിക്കുന്നത് പതിനായിരം പേരുടെ ഒരു സംഘമാണോ? ഒരിക്കലുമല്ല. പതിനായിരം പേർ ഒരുമിച്ചിരുന്നു വിധിയെഴുതുന്നതല്ല അഭിരുചി .സാഹിത്യത്തിലുള്ള അഭിരുചി വ്യക്തിയുടേതാണ്. സമാന അഭിരുചിയുള്ളവർ കണ്ടേക്കാം. അപ്പോഴും വ്യക്തിപരമാണ്. നിലവിലുള്ള അഴുകിയ അഭിരുചിയെ പങ്കിടുന്ന ലക്ഷങ്ങൾ കണ്ടേക്കാം. അവർ ഉത്തരവാദിത്വമില്ലാത്തവരാണ്. അവർക്ക് നേരമ്പോക്കും ആഴം കുറഞ്ഞ ചിന്തയും മതിയായിരിക്കും. ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' വായിച്ച് അത് തീരെ മോശമാണെന്നു കേരളത്തിലെ ഓരോ ജില്ലാ പഞ്ചായത്തും വോട്ടിനിട്ടു തീരുമാനിച്ചാൽ അതിനെ വിഡ്ഢിത്തം എന്നാണ് വിളിക്കേണ്ടത് .'സൗന്ദര്യലഹരി' ജില്ലാ പഞ്ചായത്തുകളുടെ ജനാധിപത്യപ്രക്രിയയിലൂടെ നിലനിൽക്കേണ്ട ഒരു കൃതിയല്ല .'സൗന്ദര്യലഹരി'യിലെ നിലീനമായ ചിന്തയും ദർശനവും അറിയുന്നവരുണ്ട്. അവരാണ് അത് ആസ്വദിക്കുന്നത്, വിശകലനം ചെയ്യുന്നത് .ഭൂരിപക്ഷം പേരും എതിരായി വോട്ട് ചെയ്തത് കൊണ്ട് സൗന്ദര്യലഹരിയുടെ പ്രസക്തി ഇല്ലാതാവുന്നില്ല .കേരളത്തിലെ എല്ലാ റേഷൻ കടകളിലൂടെയും 'സൗന്ദര്യലഹരി' വോട്ടിനിട്ട് മികച്ചതാണോ നല്ലതാണോ എന്നു തീരുമാനിക്കുന്നുണ്ടെങ്കിൽ അവർ ഏറ്റവും ജീർണിച്ച ചിന്തയുടെയും അഭിരുചിയുടെയും അസംബന്ധത്തിന്റെയും വക്താക്കളാണ്. ബുദ്ധിപരമായ പ്രവർത്തനത്തിൽ എപ്പോഴും ഒരു വ്യക്തിഗതമായ സംസ്കാരമുണ്ട്.
ഗതാനുഗതികത്വത്തെ നിരാകരിക്കണം
സാർത്ര് പറയുന്നത് സമൂഹത്തിലെ ഗതാനുഗതികത്വം എന്ന പൊതുവഴിയെ ,യഥാർത്ഥ്യത്തെ എഴുത്തുകാരൻ നിരാകരിക്കണമെന്നാണ്. അവൻ ഒരു ക്ലീഷേയുടെ പ്രചാരകനാവരുത് .അവൻ നിലവിലുള്ള ഒരു മാതൃകയെ അന്ധമായി പിന്തുടരാൻ പാടില്ല. അവൻ പുതിയ പ്രമേയവും ഉള്ളടക്കവും കണ്ടെത്തണം .പലരും ഉപയോഗിച്ച് ആത്മാവ് നഷടപ്പെട്ട ഭാഷയല്ല എഴുത്തുകാരൻ തിരഞ്ഞെടുക്കേണ്ടത് .അവൻ സ്വന്തം ബുദ്ധിയിൽ നിന്നാണ് അത് തേടേണ്ടത് .പുതിയ യാഥാർത്ഥ്യം കണ്ടെത്താൻ ഒരു നവീന എഴുത്തുകാരൻ വിധിക്കപ്പെട്ടിരിക്കുന്നു. എല്ലാവർക്കും അറിയാവുന്ന വിഷയങ്ങൾ എഴുതരുത് എന്നു പറയുന്നതിനു കാരണം ഇതാണ്. പുതിയ രൂപവും പ്രധാനമാണ്. മറ്റു രൂപങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ഒരാൾ പുതിയൊരു രൂപം കണ്ടെത്തുന്നത് .അത് ചിന്തയുടെ നവമായ ആവിർഭാവമാണ്. താൻ നിലനിൽക്കുന്നു എന്നു സവിശേഷമായി സ്ഥാപിക്കാൻ എഴുത്തുകാരൻ പുതിയ ഭാഷയും രൂപവും കണ്ടെത്തണം. മറ്റുള്ളവരുടെ വിലകെട്ട ഭാഷയിൽ തന്റേതായ നവീനമായ യാഥാർത്ഥ്യത്തെ അവതരിപ്പിക്കാനാവില്ല .
ചിത്രകാരൻ വരയ്ക്കുമ്പോൾ മാർക്കറ്റിൽ കിട്ടുന്ന ക്യാൻവാസും പെയിൻറും ബ്രഷുമാണ് ഉപയോഗിക്കുന്നത് .നിലവിലുള്ളതിൽ നിന്നു ഇത് മാത്രമേ എടുക്കാനാവൂ. വരയ്ക്കുന്നത് മാർക്കറ്റിൽ നിന്നു കിട്ടിയ വിഷയമാകരുത് .ഒരു നായയെ വരയ്ക്കുകയാണെങ്കിൽ അത് തെരുവിൽ ചെന്നാൽ ആർക്കും കണ്ടെത്താവുന്ന നായ ആയിരിക്കരുത് .പുതിയ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന നായ ആയിരിക്കണം. പരിചിതമായ വസ്തുക്കൾ കൊണ്ട് അപരിചിതമായ യാഥാർത്ഥ്യമാണ് കലാകാരൻ സൃഷ്ടിക്കുന്നത്. കെ.സി.എസ് പണിക്കരുടെ നായ ഉദാഹരണം .ആ നായ മനുഷ്യത്വത്തിന്റെ സകല മേഖലകളുടെയും സാരമായിത്തീരുകയാണ്. ആ നായയിൽ മനുഷ്യൻ ജീവിക്കുകയാണ്, പീഡിതനായി ,അലഞ്ഞവനായി, അന്വേഷിച്ചവനായി .ചന്തയിലെ നായയല്ല കെ.സി.എസിൻ്റേത്. അദ്ദേഹം ഒരു നായയെ സൃഷ്ടിച്ചു. എന്നാൽ നായയാകട്ടെ തീരെ അപരിചിതമല്ല .കെ.സി.എസിൻ്റെ നായ നമ്മളിൽ ഉണ്ടായിരുന്നു, അത് നമ്മളിലേക്കു വരുകയാണ് .അത് ഒരു വികാരമൂർച്ചയായി നമ്മെ ചൂഴുന്നു.
സാർത്രിൻ്റെ വീക്ഷണത്തിൽ അയാഥാർത്ഥ്യമായതാണ് സാഹിത്യകാരൻ ആരായേണ്ടത്. പ്രത്യക്ഷത്തിൽ യഥാർത്ഥമല്ലെന്നു തോന്നണം. അയഥാർത്ഥ വസ്തുക്കളിൽ നിന്നു കല സൃഷ്ടിക്കേണ്ടതുണ്ട്. എന്തിനാണ് അയാഥാർത്ഥ്യത്തെ പിന്തുടരുന്നത്? അത് കലാകാരന്റെ യാഥാർത്ഥ്യമാണ്. അദ്ദേഹം എഴുതി: "Art should provoke,it should challenge us to question our perspectives and our understanding of the world.' കല നമ്മെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും വേണം. എന്തിൻ്റെ പേരിൽ ? നമുക്ക് ഈ ലോകത്തെക്കുറിച്ചുള്ള ധാരണയും വീക്ഷണവും ശരിയായിരിക്കണമെന്നില്ല. അത് രാഷ്ട്രീയപാർട്ടികളോ സ്കൂളുകളോ യാഥാസ്ഥിതിക എഴുത്തുകാരോ സംഭാവന ചെയ്തതാകാം .നമുക്ക് അതിനുള്ളിൽ നിന്നു പുറത്തുവരാൻ കഴിയണമെന്നില്ല .കാരണം ,അതിനോട് നിരന്തരമായി ഇടപഴകി അതിൻ്റെ ഭാഗമായിട്ടുണ്ടാകും. അതിൻ്റെ ബലഹീനതകൾ നാം കാണുകയില്ല. ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവരെ നാം എതിർക്കുകയും ചെയ്യും.
ഒന്നിനെയും വിമർശിക്കാത്തവർ
ഒരു യഥാർത്ഥ എഴുത്തുകാരൻ ഈ നിരന്തരമായ മടുപ്പിനെ, ക്ളീഷെയെ ,മരവിപ്പിനെ ,സ്തംഭനത്തെ മറികടക്കാനാണ് ആഗ്രഹിക്കുന്നത് .അവൻ അതിനായി തൻ്റെ സിദ്ധി പൂർണമായി സജ്ജീകരിക്കുന്നു. ഈ ലോകത്തെക്കുറിച്ചുള്ള ധാരണ മാറ്റിമറിക്കാൻ കഴിവുള്ളവരെയാണ് എഴുത്തുകാരായി കാണാനാവുകയുള്ളൂ. ഒരു ശരാശരി നോവൽ എഴുതി പെട്ടെന്നു തന്നെ അഭിരുചിയുടെ കാര്യത്തിൽ അനുരഞ്ജനപ്പെട്ടവരുടെ പ്രീതി നേടി അവാർഡ് നേടുന്നതിനെ യഥാർത്ഥമായ സർഗാത്മക പ്രവർത്തനമായി കാണാനാവില്ല. ജനങ്ങൾ അംഗീകരിച്ചാൽ ഒരു കൃതി വിജയിച്ചു എന്നർത്ഥമില്ല .ജനങ്ങൾ ഗതാനുഗതികത്വത്തിലാണ് നിൽക്കുന്നത് .അവർ പലപ്പോഴും കാലഹരണപ്പെട്ട ആശയങ്ങളാണ് തലയിൽ വച്ച് ആരാധിക്കുന്നത്. അവർക്ക് യാതൊന്നിനെയും ചോദ്യം ചെയ്യേണ്ട .
'സതി' നടപ്പിലാക്കിയിരുന്ന കാലത്ത് ആ ദുരാചാരത്തെ പ്രകീർത്തിക്കുന്ന കൃതികളാണ് എഴുതുക. അതാണ് അന്നത്തെ സ്വയം സംരക്ഷകരായ എഴുത്തുകാരുടെ ജോലി .അവർ സതി നടപ്പിലാക്കുന്ന തമ്പുരാക്കന്മാരെ വാഴ്ത്തിക്കൊണ്ടിരിക്കും .സതി നടപ്പിലാക്കാൻ വരുന്ന തമ്പുരാന്റെ ഫോട്ടോയാവും മാധ്യമങ്ങൾ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുക .ഒരു സ്ത്രീയെ ബലമായി പിടിച്ചു ഭർത്താവിനെ ചിതയിലേക്ക് കയറ്റി വെയ്ക്കുമ്പോൾ അനുരഞ്ജനപ്പെട്ട എഴുത്തുകാർ സന്തോഷിക്കും. അവരത് യഥാർത്ഥമായി പകർത്തും. ചിതയിൽ തീ പടരുന്നത് അവർ സവിസ്തരം പ്രതിപാദിക്കും.അവർ യാഥാർത്ഥ്യത്തെ പകർത്തിയതിൻ്റെ പേരിൽ അവാർഡ് വാങ്ങും. സതി ദ്രവിച്ച ഒരാചാരമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് എഴുതുന്നവരാണ് യഥാർത്ഥ സാഹിത്യകാരന്മാർ .അവർ കാലത്തിനപ്പുറത്തേക്ക് ചിന്തിക്കുന്നു. അവർ സമൂഹത്തെ നയിക്കുകയാണ്, രക്ഷിക്കുകയാണ്. അവർ സൃഷ്ടിക്കുന്നത് അയാഥാർത്ഥ്യമാണ്. എന്നാൽ അതിൽ സത്യമുണ്ട്. സതിയെ പിന്താങ്ങുന്ന എഴുത്തുകാരും എതിർക്കുന്ന എഴുത്തുകാരും തമ്മിലുള്ള സംഘർഷം തന്നെയാണ് ജനപ്രിയ എഴുത്തുകാരും യഥാർത്ഥ എഴുത്തുകാരും തമ്മിലുള്ളത്. അതുകൊണ്ടാണ് സാർത്ര് പറഞ്ഞത്
Art is not a refuge ,it is a conquest
എന്ന് .കല ഒരു വ്യക്തിക്കോ സമൂഹത്തിനോ ഒളിച്ചിരിക്കാനുള്ള ,അഭയം തേടാനുള്ള ഇടമല്ല; അത് ഒരു കീഴടങ്ങലാണ്. പഴയ ക്രമങ്ങൾ ദൂരെ വലിച്ചെറിയാനുള്ള ഇടമാണത്. വിപ്ളവകരമായി ചിന്തിക്കാത്തവർക്ക് കാലത്തെ മനസ്സിലാക്കാനാവില്ല .അവർ ആട്ടിൻപറ്റത്തെ പോലെ നയിക്കപ്പെടുന്നവരാണ്. ബഹുഭൂരിപക്ഷം എഴുത്തുകാരും ആട്ടിൻപറ്റത്തിന്റെ ഗണത്തിലാണ്. അവർ കൂട്ടത്തോടെ എങ്ങോട്ടോ പോകുന്നു .അവരുടെ പോക്കിൽ പുല്ലുപോലും കിളിർക്കില്ല ;അവർ പുല്ലു തിന്നുകൊണ്ടാണല്ലോ പോകുന്നത് .അവർക്ക് ലക്ഷ്യമില്ല. അവർ കൂട്ടത്തോടെ പോകുന്നതിലാണ് സന്തോഷിക്കുന്നത്. യാതൊന്നിനെയും അലോസരപ്പെടുത്താതിരിക്കുന്നതിലാണ് അവർ ശ്രദ്ധിക്കുന്നത്. നിലനിൽക്കുന്ന യാതൊരു സ്ഥാപനത്തെയോ ചിന്തയെയോ അവർ വിഷമിപ്പിക്കുകയില്ല. അവർ സകലതിനെയും പിന്തുണയ്ക്കുന്നവരാണ്. അവർ എല്ലാ ക്രൂരതയെയും ന്യായീകരിക്കും. അവർ പൊതുവേ മൗനികളായിരിക്കും. അവർ ഇത്തിൾകണ്ണിയെപ്പോലെ എല്ലാ ഗോപുരങ്ങളിലും കയറിപ്പറ്റും. ജീവിതകാലമത്രയും അവർ സ്വന്തമായി ചിന്തിക്കുകയോ എന്തിനെയെങ്കിലും വിമർശിക്കുകയോ ചെയ്യില്ല. പുതുതായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവർ നിഘണ്ടു പരിശോധിക്കാനും മറ്റുള്ളവരുടെ കൃതികൾ എഡിറ്റ് ചെയ്യാനും സംസ്കാരസ്ഥാപനങ്ങളിൽ കണക്കപ്പിള്ളയെപ്പോലെ അടയിരിക്കാനും മുന്നിട്ടിറങ്ങും .
സ്ഥാനമാനങ്ങൾ നേടി ചൂഷകരോടൊപ്പം
"ലക്ഷക്കണക്കിനാളുകൾ പട്ടിണി കിടക്കുന്ന ഒരു ലോകത്ത് എഴുത്തുകാരൻ അവരുടെ പക്ഷത്ത് നിൽക്കണം. അത് ധാർമികത പോലെ സാർവലൗകികമാണ്.ഇതിൽ പരാജയപ്പെട്ടാൽ അവൻ പ്രത്യേക അവകാശങ്ങളുള്ള വിഭാഗത്തിന്റെ കൂടെയാണ് നിൽക്കുന്നതെന്നു വിലയിരുത്താം .അവൻ ചൂഷകരുടെ ഉപകരണമായിരിക്കും."ഇതാണ് സാർത്രിൻ്റെ വിശദീകരണം. സാർത്രിൻ്റെ സാഹിത്യവീക്ഷണത്തിൽ ഉൾച്ചേർന്ന രാഷ്ട്രീയം ഇവിടെ അനാവൃതമാകുകയാണ്. എഴുത്തുകാരൻ ഉത്തരവാദിത്വമുള്ളവനാണെന്ന ആശയത്തെ ദീപ്തമാക്കുന്ന സന്ദർഭമാണിത് .അവൻ വെറുതെ പ്രസ്താവന പുറപ്പെടുവിച്ചാൽ പോരാ; അത് എഴുത്തൽ പ്രകടിപ്പിക്കണം. അവൻ ഒഴുക്കിനൊത്ത് നീന്തി നേടുന്ന ഫലകങ്ങൾ ആക്രിക്കച്ചവടക്കാരുടെ കൈകളിലാണ് എത്തിച്ചേരുക. അവന്റെ സ്ഥാനമാനങ്ങളെ അതേപോലെ ചൂഷകരായ ഒരു വിഭാഗമായിരിക്കും പിന്തുണയ്ക്കുക. അവൻ അർത്ഥമില്ലാത്ത ജീവിയാണെന്നു അവനോടൊപ്പം ചായ കുടിക്കുന്ന ,പ്രസംഗിക്കുന്ന ഒത്തുതീർപ്പുകാർക്കെല്ലാം നല്ല ബോധ്യമുണ്ടായിരിക്കും.
പാബ്ളോ ഇബിയേറ്റ എന്ന ഒരു തടവുകാരനെ കേന്ദ്രീകരിച്ചാണ് സാർത്ര് The Wall എന്ന കഥ എഴുതിയിരിക്കുന്നത്. മരിക്കുമെന്നുറപ്പായപ്പോൾ ഒരു തടവുകാരൻ തൻ്റെ മാനസികനില ശരിയാക്കാൻ വേണ്ടി ഒരു മിഥ്യയിൽ അഭിരമിക്കുന്നു. മരണം ഉറപ്പാണെന്നതു തന്നെയാണ് ആ മിഥ്യ. ആ മരണം എല്ലാവർക്കും , ഇന്നല്ലെങ്കിൽ നാളെ , ബാധകമാണെന്നു അയാൾ ചിന്തിക്കുന്നു. അപ്പോൾ മരണ അനായാസമായിത്തീരും .'അവൻ്റെ സ്ഥാനത്ത് മരിക്കാൻ ഞാൻ തീരുമാനിച്ചു' എന്നു ഒരു കഥാപാത്രം പറയുന്നത് മരണത്തെ നിസ്സാരവത്ക്കരിക്കുകയാണ്. മരണത്തെ അന്യവത്ക്കരിക്കുന്നതിലൂടെ അതിനെ നേരിടാനാവും എന്ന സാധ്യത.സ്വന്തം വിധിയെ ,സ്വന്തം തിരഞ്ഞെടുപ്പിലൂടെ നേർപ്പിക്കുകയാണ് തടവുകാരൻ .
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Monday, July 21, 2025
സാർത്ര്: എഴുത്തുകാരൻ ഒത്തുതീർപ്പുകൾക്ക് ദൂരെ /എന്താണ് സാഹിത്യം ,കല ?-12/ എം.കെ.ഹരികുമാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment