Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -4/എം.കെ.ഹരികുമാർ

 





മനുഷ്യൻ്റെ ഈ ദയനീയമായ അവസ്ഥ ദൈവം സൃഷ്ടിച്ചതല്ലെന്ന് പറഞ്ഞ, പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവി ജോൺ ഡൺ ഇങ്ങനെ കൂട്ടിച്ചേർത്തു: അനശ്വരനായ ദൈവം നമ്മളിലേക്ക് അനശ്വരതയുടെ ഒരു കിരണം കടത്തിവിട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പാപം ചെയ്തുകൊണ്ടാണ് ആ  അനശ്വരതയെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്. തെറ്റായ പ്രബോധനങ്ങൾ കേട്ട് നമ്മൾ ദരിദ്രരായിരിക്കുകയാണ്. വ്യാജമായ അറിവുകൾക്ക് പിന്നാലെ നടന്ന് നമ്മൾ ആസക്തരായിരിക്കുന്നു."ഇത് അപ്രതിരോധ്യമാണ്. മനുഷ്യരുടെ വിധിയാണിത്. ഗർഭസ്ഥശിശുവായിരിക്കുമ്പോൾ ഈ വേർതിരിവുകളൊന്നുമില്ല.നിഷ്കളങ്കത ഭ്രൂണത്തിന്റെ രൂപം ആർജ്ജിച്ചിരിക്കുകയാണ്. പ്രപഞ്ചശക്തിയാണ് ഭ്രൂണത്തെ സംരക്ഷിക്കുന്നത്. ഭ്രൂണം സ്വയം രക്ഷിക്കുകയല്ലല്ലോ. ഭ്രൂണം ചെയ്ത പ്രവൃത്തികളുടെ ഫലമായി തിരിച്ചു കിട്ടുന്നതല്ല അതിൻ്റെ സുരക്ഷിതത്വം.Law of Attraction (നമ്മൾ എന്താണോ തീവ്രമായി ആഗ്രഹിക്കുന്നത് ,അത് നമ്മളിലേക്ക് തന്നെ ആകർഷിക്കപ്പെടും) ഭ്രൂണത്തിന് ബാധകമല്ലല്ലോ. ഭ്രൂണം ഒന്നും ആഗ്രഹിക്കുന്നില്ല .വ്യാജപ്രസ്താവനയ്ക്ക് പിന്നാലെ അത് ചെവിയോർത്ത് നടക്കുന്നില്ല .നല്ലത് ,ചീത്ത തുടങ്ങിയ തർക്കങ്ങൾ മാനുഷികമായിരിക്കെ ഭ്രൂണത്തിന്റെ ജീവിതം ആദിമമാണ് .ജീവിതത്തിന് മുമ്പുള്ള ഒരു ഘട്ടമാണിത്.ദുരിതത്തെയോർത്ത് ദുരിതമനുഭവിക്കുന്ന നമുക്ക് ദുരിതത്തിന്റെ കർത്തൃത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. നമുക്ക് പവിത്രമായ ജീവിതം അസാധ്യമാണ്. എന്നാൽ ഭ്രൂണത്തിന് സ്വന്തം കർമ്മങ്ങളിൽ ഏർപ്പെടാതെയിരിക്കാം . ജീവിക്കുന്നത് അറിയുന്നുമില്ല.


"നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വച്ചു
കാലൻ്റെ കൈയിലണയാതെ വളർത്തി നീയേ ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിറച്ചു കരയുന്നിതുകേൾക്ക ശംഭോ!"

ആദ്യത്തെ ഏതാനും മാസങ്ങൾ ഭ്രൂണം തന്നെ ഒരു 'ശൈശവ'ദശയിലാണ്. ഭ്രൂണത്തിനും ബാല്യ,കൗമാര,യൗവ്വന, വാർദ്ധക്യകാലമുണ്ടെന്ന് സമ്മതിക്കണം. തുടക്കത്തിൽ  ഭ്രൂണത്തിന് ഒരു ഏകദേശരൂപമേയുള്ളു. ദേശമോ കാലമോ ഇല്ല. മതമോ ജാതിയോ ഇല്ല. പ്രപഞ്ചത്തിലെ ഒരു യഥാർത്ഥ അതിഥിയാണത്. പ്രപഞ്ചത്തിൽ ജീവൻ്റെ യാത്രയിൽ കണ്ണിചേർക്കപ്പെടുകയാണ്. ഏതോ ഒരു വ്യവസ്ഥ പ്രവർത്തിച്ചു തുടങ്ങുകയാണ് .ആരു സംഘടിപ്പിച്ചു ഈ വ്യവസ്ഥ ?

മഹാപ്രപഞ്ചത്തിൻ്റെ ഒരു ഗണം 

ഭ്രൂണത്തിനു തുടർ ജീവിതം  കിട്ടിയാലല്ലേ മനുഷ്യനു എന്താണ് ദൈവം കരുതിവച്ചിരിക്കുന്നതെന്ന് അറിയാനാവൂ. എല്ലാ തകർച്ചകളെയും വിദ്യാഭ്യാസവ്യവസ്ഥയാക്കി മാറ്റുകയാണല്ലോ നമ്മുടെ വിധി. എന്നാൽ ഭ്രൂണത്തിന് ഇതൊന്നുമറിയില്ല. അത് മാനവരാശിയുടെ പ്രതിനിധിയോ ആശ യാഭിലാഷങ്ങൾ നിറവേറ്റാനുള്ള ഉപാധിയോ അല്ല .ഭ്രൂണത്തിൻ്റെ വളർച്ച പൂർത്തിയാകുന്നത് വരെ, അതിന് ഭാവിയിൽ പ്രവർത്തിക്കാനാവശ്യമായ കരുക്കൾ നൽകിക്കൊണ്ടിരിക്കുകയാണ്.

അനിയന്ത്രിതമായ വിഭവങ്ങൾ തലച്ചോറിൽ വച്ച് തരുന്നു. അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. മനുഷ്യന് എന്തൊരു സിദ്ധിയാണ്! . മഹാപ്രപഞ്ചത്തിന്റെ ഒരു കണമാണ് മനുഷ്യൻ എന്ന് മനസ്സിലാക്കുക.  എന്തിനാണ് ഒരു ഭ്രൂണത്തിന് നിശ്ചിതമായ മാസങ്ങൾ നൽകപ്പെട്ടിരിക്കുന്നത്? തീർച്ചയായും, നിഗൂഢമായ ഒരു വ്യവഹാരമാണിത്. അദൃശ്യവും അജ്ഞേയവുമായ ചില ഒത്തുചേരലുകൾ അവിടെയുണ്ട്. അത് ഒരു വളർച്ചയാണ്. അന്ത്യത്തിലേക്കുള്ള ആരംഭമാണ്. ഭ്രൂണം നിശ്ചിത മാസങ്ങൾക്കുള്ളിൽ ഒരു ജീവിതക്രമം പൂർത്തിയാക്കുകയാണ്. ഈ സമയത്തിന്റെ പരിപാലനം ആരുടെയോ കൈകളിലാണ്? ഭ്രൂണത്തിന്റെ നിസ്സഹായത നമ്മെ സ്നേഹത്തിലേക്കാണ് നയിക്കുന്നത്. ഭ്രൂണം വളർന്ന് ശിശുവായി പുറത്തുവരുമ്പോൾ നമ്മൾ എല്ലാ പാപങ്ങളെയും കുറ്റങ്ങളെയും ഉപേക്ഷിച്ച് നല്ലവരാകുന്നു.

കുട്ടിയെ ഓമനിക്കുന്നത് നിഷ്കളങ്കമായാണ് .ശിശുക്കളെ നോക്കുമ്പോഴാണ് പരമോന്നതമായ ആ ഭാവം പുറത്തുവരുന്നത്. വെറുപ്പ് വിട്ടകന്ന മനസ്സാണപ്പോൾ .നമുക്ക് പുതിയൊരു ഉണർവും ആകാശവും തരാൻ ശിശുക്കൾ വേണം. നാം അവരിലാണ് നമ്മെ കാണുന്നത്.എന്നാൽ എത്രയും ഓമനിച്ചു വളർത്തുന്ന ശിശുക്കൾ പിന്നീട് തെറ്റുകളിലേക്ക് ആകർഷിക്കപ്പെടുന്നത് സാധാരണമാണ്. അപ്പോൾ നമ്മുടെ പക്കൽ അവർക്ക് കൊടുക്കാൻ നിഷ്കളങ്കതയില്ലാതാകുന്നു. എന്തെന്നാൽ അവരുടെ തെറ്റുകൾ നമ്മുടെ നന്മകളെ വറ്റിച്ചു കളയുന്നു. മറ്റുള്ളവരുടെ പതനവും നമ്മുടെ  ജീവിതത്തെ ബാധിക്കുന്നു. ഒരു കൂട്ടത്തിൽ ഒരാൾ ചെയ്യുന്ന തെറ്റ് എല്ലാവരെയും ബാധിക്കുന്നു. ഒരാളിലൂടെ അത് പുറത്തുവരുന്നു എന്നേയുള്ളൂ .അതുകൊണ്ട് മറ്റുള്ളവരെല്ലാം കുറ്റവിമുക്തർ എന്ന് വിചാരിക്കേണ്ട. ഒരു കുറ്റകൃത്യം ഒരടയാളമാണ് .സമൂഹം ആന്തരികമായി ചീത്തയാകുന്നതിൻ്റെ സൂചനയാണിത്. 

ആത്മസാഹോദര്യം 

ആ കുറ്റകൃത്യത്തിന്റെ ബീജരേണുക്കൾ സമൂഹത്തിലെ അംഗങ്ങളിൽ എവിടെയോ സന്നിഹിതമായിട്ടുണ്ട്. ഭ്രൂണത്തിൻ്റെ നിസഹായമായ അവസ്ഥയിലൂടെയുള്ള അതിജീവനത്തിന് നാം കൊടുക്കുന്ന പ്രാർത്ഥനയും ആദരവും ചെറുതല്ല. പുറത്തു നിന്നുകൊണ്ടാണ് നാം അത് ചെയ്യുന്നത്. ഉള്ളിൽ കയറി ശുശ്രൂഷിക്കാൻ കഴിയില്ലല്ലോ. ഒരാശുപത്രിയിലാണെങ്കിൽ അടുത്ത് ചെന്ന് വിശേഷങ്ങൾ ചോദിച്ചറിയാം.ഭ്രൂണത്തെ നമ്മൾ നേരിട്ടറിയുന്നില്ല. ഭ്രൂണം നമ്മെയും അറിയുന്നില്ല. അതുകൊണ്ട് ആ അതിജീവനത്തിന് ആരുടെയോ ദയാദാക്ഷിണ്യമുണ്ട്. ഈ അറിവാണ് ഗുരുവിനെ അഹിംസയിലേക്കും  അനുകമ്പയിലേക്കും നയിച്ചത്.ഗുരു  എഴുതി:
"എല്ലാവരുമാത്മ സഹോദരരെ -
ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം? കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയതും ?"

ഈ വാക്കുകളുടെ അടിത്തട്ടിൽ അലയടിക്കുന്നത് 'പിണ്ഡനന്ദി'യിൽ ഗുരു പവിത്രമായി ആവിഷ്ക്കരിക്കുന്ന ജൈവനന്ദിയാണ്. ജീവനോട് കൃപയുള്ളവരാകുന്നതിന്റെ ആവശ്യമാണ് 'പിണ്ഡനന്ദി'യിൽ വിവരിക്കുന്നത്.കൊല്ലുന്നതോടെ നാം ഭ്രൂണത്തിന്റെ മഹത്വത്തെ നഷ്ടപ്പെടുത്തുന്നു. എല്ലാവരും ആത്മസാഹോദര്യത്തിന്റെ സുവിശേഷം ഹൃദിസ്ഥമാക്കണമെന്ന് ഉപദേശിക്കുന്നു. നാം ഒരേ തരത്തിൽ ഭ്രൂണാവസ്ഥയിലൂടെ കടന്നു വന്നവരാണ്. നമ്മുടെ ഉത്ഭവത്തിലെ അവസ്ഥ സമാനമായിരുന്നു. നമ്മുടെ ആയിത്തീരൽ സമാനമായിരുന്നു. നമ്മൾ മാസങ്ങളോളം യാതൊന്നും അറിയാതെ ,ഒരു മഹാവ്യവസ്ഥയുടെ മാതൃക പോലെ ഒരു ഉദരത്തിലെ ഇരുട്ടിൽ കഴിഞ്ഞവരാണ്. നമ്മെ കാത്ത് ഒരു ഭാവി അവിടെയുണ്ടായിരുന്നു. നമ്മൾ എല്ലാം ഒരേ തരക്കാരാണ്. ഒരേ ശരീരമല്ലെങ്കിലും ഒരേ വർഗ്ഗത്തിൽപ്പെട്ട ജീവികളുടെ ഉദരങ്ങളിലാണ് എല്ലാവരും ഉദയം കൊണ്ടത്. ടെസ്റ്റ് ട്യൂബ് ശിശുവാണെങ്കിൽപ്പോലും ഭ്രൂണാവസ്ഥ ആവശ്യമാണ്. അപ്പോഴും നമുക്ക് ആത്മസാഹോദര്യത്തിനു അർഹതയുണ്ട്.

ആത്മസാഹോദര്യം നമ്മുടെ അവിഭാജ്യമായ യാഥാർത്ഥ്യവും തത്ത്വചിന്തയുമാണ് .ആത്മസഹോദരൻ എങ്ങനെ പരസ്പരം കൊല്ലും? കൊല്ലണമെങ്കിൽ ആ സാഹോദര്യത്തിൻ്റെ സത്തയെ അറിയാതിരിക്കണം. നമ്മെ അന്ധത ബാധിക്കണം.

"ആസുരം ലോകമൊന്നുണ്ട് 
കൂരിരുട്ടാലതാവൃതം
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നു മൃതരായതിൽ ."

ഈശാവാസ്യോപനിഷത്തിന്റെ പരിഭാഷയിൽ ഗുരു എഴുതുന്നത് ഈ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ വിപുലമായ അർത്ഥങ്ങളുണ്ടാകും. ഭ്രൂണദയ ഇല്ലാത്തവർ മനുഷ്യത്വമില്ലാതെ ക്രൂരന്മാരായി മാറുന്നു. അവർ പരസ്പരം കൊല്ലുന്നു. അവർക്ക് ആത്മസാഹോദര്യമില്ല. അവർ ശത്രുക്കളെ പോലെ പെരുമാറുന്നു. എല്ലാ ജീവികളിലും  സ്നേഹചൈതന്യം എന്ന ഒരു ചരടുണ്ട്. അത് നമ്മെ ബന്ധിക്കാനുള്ളതാണ്. അതിനെ അറിയാത്തവർ സ്നേഹമെന്ന വികാരം ഇല്ലാത്തവരായി വളരുന്നു. 

നിഷ്കളങ്കതയുടെ ,നിശ്ശബ്ദതയുടെ ശലഭങ്ങൾ 

അവരാണ് കൂരിരുട്ടിലേക്ക് പോകുന്നത്.
അവർ മൃതരെ പോലെയാണ്. തിരിച്ചുവരാനാവാതെയിരിക്കുന്നു. ദൈവം മാസങ്ങളോളം ഭ്രൂണത്തെ രക്ഷിച്ചതോർത്താൽ സഹോദര്യം ബോധ്യപ്പെടും.അപ്പോൾ കൊല ഇല്ലാതാവും. നന്ദിയുടെ സൂചകമാണ് ആ അറിവ് .നന്ദി ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലുമുണ്ടാവണം. ഒന്നും തന്നെ നമ്മുടെ പരിധിയിൽ അവസാനിക്കുന്നില്ല.

"കൊല്ലായ്കിലവൻ ഗുണമുള്ള പൂമാ-
നല്ലായ്കിൽ മൃഗത്തൊട് തുല്യനവൻ
കൊല്ലുന്നവനില്ല ശരണ്യതമ-
റ്റെല്ലാവക നന്മയുമാർന്നിടിലും "

വലിയ പാണ്ഡിത്യം നേടിയത് കൊണ്ട് മാത്രമായില്ല; കൊല്ലുന്നവനാകരുത്.
കൊല്ലത്തവനാണ് സഹൃദയൻ.അവനിൽ ഗുരു ഔന്നത്യവും നന്മയും ദർശിക്കുന്നു. നാളത്തെ ലോകത്തെ നയിക്കേണ്ടത് അവനാണ് .എത്ര ജാഗ്രത പുലർത്തിയാലും നമ്മെ ബാധിക്കേണ്ട പാപങ്ങൾ ബാധിക്കുമെന്നാണ് ഈ പരീക്ഷണം കാണിക്കുന്നത്. ഗർഭാശയത്തിൽ അനുഭവിച്ച അപാരവും അതീതവുമായ സുരക്ഷ വിസ്മരിച്ച് അറിവ് നേടിയ മനുഷ്യൻ പാപകർമ്മങ്ങളിൽ മുഴുകുന്നു. അറിവ് നേടുകയല്ല, അറിവ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.ഗർഭാശയത്തിൽ വച്ച് നമ്മെ തൊട്ടു തലോടി കടന്നുപോയ നിഷ്കളങ്കതയുടെ ,നിശബ്ദതയുടെ ശലഭങ്ങൾ പിന്നീട് തിരിച്ചുവരുന്നില്ല. യഥാർത്ഥ അറിവ് നിഷ്കളങ്കതയാണ്.

ഓഷോ പറയുന്നത് ശ്രദ്ധിക്കാം: "വിശുദ്ധഗ്രന്ഥങ്ങൾ നശിപ്പിച്ചു കളയുകയാണ് വേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ നിഷ്കളങ്കത എന്താണെന്ന് അറിയാൻ കഴിയുകയില്ല. നിങ്ങളുടെ അജ്ഞതയുടെ സൗന്ദര്യം അറിയാനുമാവില്ല.നിഷ്കളങ്കമായ അജ്ഞത നിങ്ങളുടെ അറിവിനെ ഉണർത്തുന്നു.വിവരങ്ങളിൽ നിന്നല്ല അറിവ് ഉണ്ടാകുന്നത്. അറിവ്  അറിയുക എന്ന് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. അറിവുള്ളവൻ ജ്ഞാനമുണ്ടെന്ന് നടിക്കുകയാണ്." ഈ നിഷ്കളങ്കമായ അജ്ഞതയാണ് ഭ്രൂണത്തിനുള്ളത്. അവിടെ നിന്നാണ് യഥാർത്ഥ ജ്ഞാനത്തിലേക്ക് ഉണരേണ്ടത്. പലതരം അറിവുകൾ യഥാർത്ഥവും ജ്ഞാനകേന്ദ്രീകൃതവുമായ അറിവിലേക്ക് പോകാൻ തടസ്സം സൃഷ്ടിക്കുന്നു .യഥാർത്ഥജ്ഞാനം സ്വയം ആർജിക്കുന്നതാണ്.മനുഷ്യർക്ക് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അറിവുകൾ കൂടുമ്പോൾ, എങ്ങനെ വിദഗ്ധമായി മറ്റുള്ളതിനെ കൊല്ലാം എന്നാണ് ചിന്തിക്കുന്നത്. അറിവ് ഹിംസയും നിന്ദയുമാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ വിദ്യാഭ്യാസം പരാജയപ്പെട്ടു എന്നാണർത്ഥം. നന്ദിക്കു പകരം നിന്ദയുണ്ടാകുന്നതാണ് ഏറ്റവും വിനാശകരമായിട്ടുള്ളത്.

No comments: