Followers

Wednesday, March 12, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ(march 10, 2025)

 




നരേന്ദ്രഭൂഷൺ വർണം ,ധർമ്മം എന്നിവയെക്കുറിച്ച് 


രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ എപ്പോഴും മുഴങ്ങിനിൽക്കുന്ന പദമാണ് ധർമ്മം. നീതിന്യായവ്യവസ്ഥയ്ക്കുമപ്പുറം ഒരു വ്യക്തി സ്വയം പാലിക്കുന്ന മറ്റൊരു മൂല്യവ്യവസ്ഥയാണിത്. ധാർമ്മികമായി ശരിയാകാതെ ജീവിതം ശരിയാവുകയില്ലെന്നു പറയുന്ന ജ്ഞാനികളുണ്ട്. ഏത് വിധത്തിലും അതിജീവിക്കുന്നത് ധർമ്മഭ്രംശമാണെന്നു വിലയിരുത്തുന്നവരുണ്ട്. അല്ലെങ്കിൽ അതിജീവനത്തിനു വേണ്ടി ധർമ്മത്തെ ഉപേക്ഷിക്കാമെന്നു ചിന്തിക്കുന്നവരുണ്ട്.ഈ ചർച്ചകൾക്ക് അവസാനമില്ല. 'മഹാഭാരത'ത്തിൽ ധർമ്മം ഒരു കഥാപാത്രത്തെ പോലെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ക്രൂരകൃത്യം ചെയ്യുന്നവരും ധർമ്മത്തെപ്പറ്റി പറയുന്നത് കേൾക്കാം. ഭീഷ്മരെയും അർജുനനെയും കർണനെയും ധർമ്മം പഠിപ്പിക്കേണ്ട സാഹചര്യം വരുന്നുണ്ട്. ഓരോ വിഭാഗവും അവരവരുടെ ധർമ്മത്തെപ്പറ്റി പറയുന്നു.ഭാരതത്തിലെ  അടിസ്ഥാനലിഖിതങ്ങളിൽ ധർമ്മം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെന്നു അറിയുന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് വാദകോലാഹലങ്ങൾ കൊണ്ട് കലുഷിമായ ഈ  അന്തരീക്ഷത്തിൽ. ധർമ്മം ജാതി,മത ചിന്തകൾക്കപ്പുറത്ത് ഒരു മനുഷ്യൻ്റെ ശുദ്ധവും യുക്തവുമായ നീതിബോധത്തെയും സഹാനുഭൂതിയെയുമാണ് ഉൾക്കൊള്ളുന്നത്. 

വേദപണ്ഡിതനായ നരേന്ദ്രഭൂഷൻ്റെ 'ധർമ്മപാഠങ്ങൾ' എന്ന പുസ്തകത്തിൽ ധർമ്മത്തിന്റെ വൈദികമായ അർത്ഥതലങ്ങൾ ചോദ്യോത്തര രൂപത്തിൽ വിവരിക്കുന്നുണ്ട്.അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വേദങ്ങളിലെ മന്ത്രങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള സത്യസന്ധമായ വിലയിരുത്തലുകളുമുണ്ട്. സൂക്തങ്ങളെയാണ് അദ്ദേഹം ഉദാഹരിക്കുന്നത്. സൂക്തം എന്നാൽ നല്ലവരുടെ നല്ല വാക്ക് എന്നാണർത്ഥം. ആചാര്യ നരേന്ദ്രഭൂഷൺ വൈദിക മണ്ഡലത്തിൽ നിന്നു ലഭിച്ച ആചാര്യ പദവി ഉപേക്ഷിച്ചയാളാണ്. ചതുർവേദ സംഹിത എന്ന ബൃഹത്ഗ്രന്ഥത്തിൻ്റെ സംശോധനം, 10 ഉപനിഷത്തുകളുടെ വ്യാഖ്യാനം, നാലു ദർശനങ്ങൾക്ക് വ്യാഖ്യാനം, സാമവേദം, യജുർവേദം, ഋഗ്വേദം ,അഥർവവേദം എന്നിവയിൽ ഓരോന്നിൽ നിന്നും 101 മന്ത്രങ്ങളുടെ വ്യാഖ്യാനം എന്നിവ അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട സംഭാവനകളാണ്.

ദൈവം എല്ലാവരുടേതും 

വൈദിക സമ്പ്രദായത്തിൽ ഗുരുകുലം സ്ഥാപിച്ച നരേന്ദ്രഭൂഷൺ ജീവിച്ചിരിക്കെ 50 കൃതികൾ പ്രസിദ്ധീകരിച്ചു. ചിലർ അപ്രസക്തമായ പുസ്തകങ്ങള ഉദ്ധരിച്ച് ജാതിയെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും  തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് വേദങ്ങളിൽ പറഞ്ഞിരിക്കുന്നതെന്നു അറിയാൻ ശ്രമിക്കാത്തവരുണ്ട്. ജാതിചിന്ത കലശലായുള്ളവർ തങ്ങളുടെ അതിരുവിട്ട താല്പര്യങ്ങൾക്ക് വേണ്ടി അബദ്ധങ്ങൾ പ്രമാണങ്ങളെന്ന വ്യാജേന അവതരിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നരേന്ദ്രഭൂഷൺ തൻ്റെ പതിറ്റാണ്ടുകൾ നീണ്ട പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായി ഭാരതത്തിൻ്റെ യഥാർത്ഥമായ ജ്ഞാനത്തെ അടുത്തറിഞ്ഞ വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ ഇവിടെ ശ്രദ്ധ നേടുന്നത്. 

വേദങ്ങൾ സൃഷ്ടിച്ചത് മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നു ഈശാവാസ്യ ഉപനിഷത്തിൻ്റെ വ്യാഖ്യാനത്തിൽ അദ്ദേഹം അറിയിക്കുന്നുണ്ട്. വേദങ്ങളെല്ലാം മനുഷ്യർക്കു വേണ്ടിയുള്ളതാണ്. അത് ഒരു പ്രത്യേക വിഭാഗത്തിൻ്റേതല്ല .അതുപോലെ  ദൈവത്തെക്കുറിച്ചുള്ള വേദസങ്കല്പം ദൈവം എല്ലാവരുടെയും പിതാവ് എന്ന താണ്. ദൈവം ഒരു വിഭാഗത്തിന്റെ മാത്രമല്ല .യജൂർവേദത്തിൻ്റെ ഇരുപത്തിയാറാം അദ്ധ്യായത്തിലെ രണ്ടാമത്തെ മന്ത്രത്തിൽ പറയുന്നത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ് വേദങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നാണ്.
സ്മൃതികളിൽ പ്രധാനമായുള്ള മനുസ്മൃതിയിൽ പിൽക്കാലത്ത് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതായി നരേന്ദ്രഭൂഷൺ എഴുതുന്നുണ്ട് .അത് ഒഴിവാക്കി പഠിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ മതം. 

ധർമ്മം എന്നാൽ എന്ത് എന്ന  ചോദ്യത്തിനു നരേന്ദ്രഭൂഷൺ നല്കുന്ന ഉത്തരം ഇതാണ്: നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ് ധർമ്മം. ധർമ്മം ആചരിക്കുന്നതുകൊണ്ട് മാത്രമേ സത്യമായ സുഖം ലഭിക്കുകയുള്ളൂ. വ്യാസൻ്റെ വീക്ഷണത്തിലുള്ള ധർമ്മം  ഇതാണ്:'ധരിക്കുന്നതാണ് ധർമ്മം. പദാർത്ഥങ്ങളെയെല്ലാം ധരിക്കുന്നത് ധർമ്മമാണ്. എല്ലാവരുടെയും ഉന്നതിക്ക് കാരണമാകുന്നത്, സ്നേഹം കൊണ്ട് അന്യോന്യം സഹകരിപ്പാൻ കഴിയുന്നത് അതിനെയത്രേ ധർമ്മമെന്നു പറയേണ്ടത്. സമൂഹത്തിനു ഹാനിയുണ്ടാക്കിയതും മനുഷ്യരെ അന്യോന്യം ഭിന്നിപ്പിച്ചതുമായ ആചാരങ്ങൾ ,അനുഷ്ഠാനങ്ങൾ, ജാതിവ്യത്യാസങ്ങൾ ഇവയൊന്നും ധർമ്മമല്ല." വൈശേഷിക ദർശനശാസ്ത്രത്തിൽ കണാദ മഹർഷി പറയുന്നു ,ധർമ്മം ലൗകികമായ ഉന്നതിയും അവസാനിക്കാത്ത ആനന്ദവും ലഭിക്കുന്ന പ്രവൃത്തിയാണെന്ന് .ധർമ്മത്തിന് 10 ലക്ഷണങ്ങളാണുള്ളത്: ദൃഢനിശ്ചയം, ക്ഷമ, ഏകാഗ്രത, അന്യരുടെ ധനം അപഹരിക്കാതിരിക്കുക ,ശാരീരികവും മാനസികവുമായ ശുചിത്വം, ഇന്ദ്രിയനിയന്ത്രണം, ബുദ്ധിയെ നിലനിർത്തുക, വിദ്യ നേടുക ,സത്യം പറയുക, കോപിക്കാതിരിക്കുക എന്നിവയാണത്.

ബ്രാഹ്മണനു ഗുണമാണ് മൂല്യം 

ആരാണ് ബ്രാഹ്മണൻ എന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൺ ഇങ്ങനെ ഉത്തരം നൽകുന്നു: 'പഠിച്ച സത്യം പ്രചരിപ്പിക്കുക, ധർമ്മം ഉപദേശിക്കുക, പരോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക. സത്യം ,ദാനം ,ക്ഷമ, തപസ്സ്   തുടങ്ങിയ ഗുണങ്ങളില്ലെങ്കിൽ അയാൾ  ബ്രാഹ്മണനല്ല. ബ്രാഹ്മണനു കുലമല്ല, ഗുണമാണ് പ്രധാനം. അതേസമയം ഏതു കുലത്തിൽ പിറന്നവരാണെങ്കിലും വയറ്റു പിഴപ്പിനു വേണ്ടി അലയുന്നവരെയാണ് ശൂദ്രരായി കാണുന്നത്. ശൂദ്രർ: ശുചാദ്രവതി ഇതി ശൂദ്ര:- ദു:ഖത്തിൽ ദ്രവിക്കുന്നവനാണ് ശൂദ്രൻ .

ചാതുർവർണ്യത്തെക്കുറിച്ചുള്ള അന്ധത നീക്കുന്ന പ്രസ്താവന ഇതാണ് : 'ഗുണം ,കർമ്മം ,സ്വഭാവം എന്നിവയനുസരിച്ച് തിരഞ്ഞെടുക്കുന്നതിന്റെ പേരാണ് വർണം. ഒരുവൻ വരിക്കുന്നതാണ് അവൻ്റെ വർണം. വരിക്കുന്നതിനാൽ വർണം .ബ്രാഹ്മണർ ,ക്ഷത്രിയര്‍, വൈശ്യർ ,ശൂദ്രർ എന്നിങ്ങനെ നാലുവർണം. വർണവ്യവസ്ഥ ജാതി വ്യവസ്ഥയല്ല. വർണവ്യവസ്ഥയെ അധർമികളായ സ്വാർത്ഥികൾ ജാതിവ്യവസ്ഥയാക്കിയതാണ്. പ്രയത്നിച്ചു ഗുണങ്ങൾ തേടുന്നവനെയാണ് വേദത്തിൽ ബ്രാഹ്മണൻ എന്നു വിശേഷിപ്പിക്കുന്നത്.ഹരിജനങ്ങളിലും ഗിരിവർഗ്ഗക്കാരിലും ഗുണകർമ്മമനുസരിച്ച് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർ  ഉണ്ടെന്നാണ് നരേന്ദ്രഭൂഷൺ എഴുതുന്നത്. മനുഷ്യരിൽ ഗുണങ്ങളുടെ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളുണ്ടെന്നു യജുർവേദത്തിൽ പറഞ്ഞിരിക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ശൂദ്രനായി ജനിച്ചയാളിനു ബ്രാഹ്മണനാകാമോ എന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൺ ഇങ്ങനെ ഉത്തരം നൽകുന്നു: "ശൂദ്രകുലത്തിൽ ജനിച്ചയാൾ വിദ്വാനും ധർമ്മാത്മാവും സദാചാരിയും ത്യാഗിയും  തപസ്വിയുമായി അധ്യാപകൻ, ഉപദേഷ്ടാവ് മുതലായ ജോലികൾ സ്വീകരിച്ചാൽ അയാൾ ബ്രാഹ്മണനാണ്.  എന്നാൽ ബ്രാഹ്മണകുലത്തിൽ  ജനിച്ചവൻ അധർമ്മിയും ദുരാചാരിയും സ്വാർത്ഥിയുമായാൽ അയാൾ ശൂദ്രനിലും താഴെ മ്ലേച്ഛനാണ് .'

വർണവും ജാതിയും ഒന്നല്ല 

ഇന്നത്തെ ജനാധിപത്യയുഗത്തിൽ ,സമത്വത്തിന്റെ കാലഘട്ടത്തിൽ ചാതുർവർണ്യ വിഭജനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയും കാണാനാവില്ല. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും സഹകരിക്കുന്നത്. ഭരണഘടനയാണ് സംരക്ഷണം നൽകുന്നത്. ഉയർന്ന തൊഴിലുള്ളവർ തീരെ താഴെയുള്ള വിഭാഗങ്ങളോട് വിവാഹബന്ധം സ്ഥാപിക്കുകയില്ല.സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ദുഷിച്ചഫലങ്ങൾ ഇപ്പോഴും  നിലനിൽക്കുന്നു എന്നാണ് ഇതു  കാണിക്കുന്നത് .ജാതിയെക്കുറിച്ചുള്ള മിഥ്യകൾ വിളിച്ചറിയിക്കുന്ന പ്രസ്താവനയാണ് നരേന്ദ്രഭൂഷൻ്റേത്. അദ്ദേഹം ഗൗതമ മഹർഷിയുടെ ന്യായദർശനത്തെ ഉദ്ധരിച്ച് ഇങ്ങനെ എഴുതുന്നു: "വർണവും ജാതിയും ഒന്നല്ല. മനുഷ്യരിൽ ഒരു ജാതിയും രണ്ടു ഉപജാതികളും മാത്രമേയുള്ളൂ. മനുഷ്യൻ എന്ന ജാതി ;ആണ് ,പെണ്ണ് എന്നീ ഉപജാതികൾ .കാഴ്ചയിൽ തിരിച്ചറിയാവുന്നതായിരിക്കണം ജാതി .മനുഷ്യജാതിയെ കണ്ടാലറിയാം .ആൺ പെൺ ഭേദവും ആകൃതി കൊണ്ടറിയാം. ആകൃതിയാണ് ജാതിയുടെ ചിഹ്നം എന്നു ഗൗതമ മഹർഷി പറയുന്നു. ഈ ജാതി മാറ്റാൻ ആർക്കും കഴിയുകയില്ല. കുതിര കഴുതയാവുകയില്ല .മനുഷ്യൻ കരടിയാവുകയില്ല .ജന്മംകൊണ്ടാണ് ജാതി തിരിച്ചറിയുന്നത്. നായ, പൂച്ച, പശു, പക്ഷി, പാറ്റ, എലി എന്നിവയെല്ലാം ജന്മം കൊണ്ട് അതതിന്റെ ജാതിയിൽപ്പെടുന്നു. അതിനു മാറ്റം ഉണ്ടാവുകയില്ല.' ഇതാണ് ആധികാരികമായ ഭാരതീയ കാഴ്ചപ്പാട്. ഇതിൽ മായം ചേർക്കുന്നവരുണ്ടാകാം. അധികാരവും സമ്പത്തും നിലനിർത്താൻ ശക്തന്മാർ ഏത് ഉപായവും സ്വീകരിക്കും. അതുകൊണ്ട് അത് ഒരു നിയമമോ ആചാരമോ ആവുകയില്ല .

ഇതിനെല്ലാമപ്പുറത്ത് വ്യാസൻ ഭൃഗുവിന്‍റെയും ധർമ്മപുത്രരുടെയും ഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'സത്യം ,ദാനം, ക്ഷമ,സൽസ്വഭാവം മുതലായ ലക്ഷണങ്ങൾ ബ്രാഹ്മണകുലത്തിൽ പിറന്നവനു ഇല്ലെങ്കിൽ അയാൾ ബ്രാഹ്മണനല്ല. ശൂദ്രകുലത്തിൽ പിറന്നവനു ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവൻ ശൂദ്രനുമല്ല. ജാതി ,ധർമ്മം, സനാതന ധർമ്മം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തത മാറ്റാൻ ഈ പ്രസ്താവന ധാരാളമാണ്.

തീർത്ഥം ഉള്ളിൽ 

'ഒരു ജാതി ഒരു മതം ഒരു ദൈവ'മാണ് തൻ്റെ സനാതനധർമ്മമെന്നു ശ്രീനാരായണഗുരു പറയുന്നതിൽ ഇത് അടങ്ങിയിട്ടുണ്ട് .മനുഷ്യത്വവും ആത്മീയ സഹവർത്തിത്വവും ദൈവികമായ ആയിത്തീരലുമാണ് മഹത്വമെന്നാണ് ഗുരു അർത്ഥമാക്കുന്നത്. ഗുണത്തെ അടിസ്ഥാനമാക്കി വർണം നിശ്ചയിക്കാമെന്ന വേദ കാഴ്ചപ്പാടിനോടു ഗുരു വിയോജിക്കുന്നുണ്ട്: 'ഗുണകർമ്മങ്ങളിൽ സ്ഥായിയായി ഒന്നും ഇല്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ വർണം എങ്ങനെ നിശ്ചയിക്കാമെന്നാണ്' ഗുരു ചോദിക്കുന്നത് .ഗുരുവിൻ്റെ ജാതി നിഷേധത്തിൽ ജാതീയമായി നിർണയിച്ചിട്ടുള്ള തൊഴിലുകളിൽ നിന്നു വിമോചനം നേടാനുള്ള ആഹ്വാനവും അടങ്ങിയിരിക്കുന്നു. തലമുറകളായി ഒരേ തൊഴിൽ തന്നെ ചെയ്യുന്നവർക്ക് ഈ ലോകത്തെക്കുറിച്ച് യാതൊന്നും  അറിയാത്ത സാഹചര്യമുണ്ടെന്നു ഗുരു പറഞ്ഞിട്ടുണ്ട് .

ഭൂതം ,പ്രേതം, പിശാച് ,രക്ഷസ്സ് എന്നെല്ലാം പറയുന്നത് എന്താണെന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൻ്റെ മറുപടി ഇതാണ്:'ഭൂതം എന്നു വച്ചാൽ  കഴിഞ്ഞുപോയത്. ഇനി വരാത്തത് എന്നർത്ഥം .പ്രേതം ശവശരീരമാണ്. പിശാച് ശുദ്ധിയില്ലാത്തവരുടെയും ശവം ഭക്ഷിക്കുന്നവരുടെയും പര്യായമാണ് .രക്ഷസ് മായാജാലം കൊണ്ടെന്നപോലെ നാമാരും കാണാതെ വന്നു നമ്മെ ആക്രമിക്കുന്ന കൃമികൾ, കീടങ്ങൾ രോഗാണുക്കൾ മുതലായവയുടെ പേരാണ്.'

തീർത്ഥം എന്ന ആശയത്തെക്കുറിച്ച് അബദ്ധം നിറഞ്ഞ ചിന്തകളാണ് പലരും പ്രചരിപ്പിക്കുന്നത്.ജലത്തിൽ മുങ്ങുക എന്നത് പ്രതീകാത്മകമാണ്. നരേന്ദ്രഭൂഷൻ 'മഹാഭാരത'ത്തിൽ തീർത്ഥത്തെക്കുറിച്ച് പറഞ്ഞത് വിശദീകരിക്കുന്നുണ്ട്:'സത്യതീർത്ഥം, ക്ഷമാതീർത്ഥം, ഇന്ദ്രിയനിഗ്രഹതീർത്ഥം , ബ്രഹ്മചര്യതീർത്ഥം, അഹിംസാതീർത്ഥം ,സർവ്വഭൂതദയാതീർത്ഥം ,ആർജ്ജവതീർത്ഥം, ഉത്തമപുരുഷതീർത്ഥം എന്നിവയാണത്. ജലത്തിൽ കുളിക്കുമ്പോഴല്ല ശുദ്ധി നേടുന്നത്. പ്രവൃത്തിയിലാണ് തീർത്ഥം .സത്യവും ക്ഷമയും തീർത്ഥമാണ് .സത്യം പറയുന്നതും ക്ഷമ ശീലിക്കുന്നതും തീർത്ഥമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് തീർത്ഥമാണ്. ബ്രഹ്മചര്യം എന്നാൽ വലുതും മഹത്തായതും എന്നർത്ഥം.  മഹത്തായ രീതിയിൽ പ്രവർത്തിക്കുന്നതാണ് തീർത്ഥം. അഹിംസ പാലിക്കുന്നത് തീർത്ഥമാണ്. ചുരുക്കത്തിൽ ഉത്തമമനുഷ്യനാകുന്നതാണ് തീർത്ഥം. തീർത്ഥമെന്നാൽ വിശുദ്ധസ്നാനമാണ് .ജലം ശുദ്ധികരിക്കാനുള്ളതാണ്.  ആന്തരികമായ ശുദ്ധീകരണമാണ് തീർത്ഥം. സദ്പ്രവൃത്തിയുടെ ജലാശയത്തിൽ മുങ്ങി ശുദ്ധി നേടുക എന്നതാണ് ഇതിൻ്റെ പൊരുൾ . ആ ജലാശയമാകട്ടെ ഉള്ളിലാണ്. 

രജതരേഖകൾ 

1)നമ്മുടെ എഴുത്തുകാർ മറ്റുള്ളവരെക്കുറിച്ച് ഒന്നും എഴുതാറില്ല.  ആത്മവിശ്വാസക്കുറവുള്ളതുകൊണ്ട് പദവികൾ എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കും. എന്നാൽ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായ സൽമാൻ റുഷ്ദി മറ്റു എഴുത്തുകാരുടെ രചനകൾ വായിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്യാറുണ്ട്. സമകാലിക ലോകത്ത് റുഷ്ദിയെപ്പോലെ മറ്റു എഴുത്തുകാരുടെ കൃതികളെക്കുറിച്ച് എഴുതിയവർ വിരളമായിരിക്കും. ആർതർ മില്ലർ ,എഡ്വേർഡ് സെയ്ദ് ,ജെ എം. കൂറ്റ്സെ തുടങ്ങിയവരെക്കുറിച്ച് റുഷ്ദി എഴുതിയ ലേഖനങ്ങളും യാത്രാവിവരണങ്ങളുമടങ്ങിയ പുസ്തകമാണ് 'സ്റ്റെപ്പ് എക്രോസ് ദിസ് ലൈൻ'. റുഷ്ദി ഒരു ആഗോള സാഹിത്യകാരനാണെന്നു വിളിച്ചു പറയുന്ന പുസ്തകമാണിത്. 

2)ജിജോ തച്ചൻ എഴുതിയ കവിതകളുടെ സമാഹാരമാണ് 'മരണവീട്ടിലെ കവർച്ച'(വീസീ തോമസ് എഡിഷൻ).സമകാലിക കവിതയുടെ തീക്ഷ്ണമായ പരിസരമാണ് ജിജോയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. 'രാത്രികളെ കാമിച്ച് നഷ്ടമാക്കിയ പുലരികൾ', 'പ്രണയവും കാമവും കൈകൾ കോർത്ത്' എന്നിങ്ങനെ വെട്ടിത്തുറന്നു എഴുതുന്ന ശൈലിയാണ് ഈ കവിയുടേത്.'പുണ്യവും പാപവും' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

'നമ്മളീ ചെയ്യുന്നത് കൊടും പാപം
അതിനാൽ നമുക്കീയുറകൾ ധരിക്കാം.
ഇതിനുള്ളിൽ പാപത്തിനു നിർദ്ദയം സഞ്ചരിക്കാം.
അകത്തും പുറത്തും ആരോരുമറിയാതെ
പൊറുത്തു കൊള്ളും ദൈവം 
അവൻ കനിയല്ലാതെ 
ഉറ നിരോധിച്ചിട്ടില്ലല്ലോ.
പിന്നെ, നിയമത്തിന്റെ വാൾ -
അത് ഉറയിൽക്കിടന്നു തന്നെ തുരുമ്പെടുത്തോളും .
അകത്തു ചെല്ലാത്തതും പുറത്തുവരാത്തതുമായ പാപം 
നമ്മുടെ പുണ്യം തന്നെ.'

ഇങ്ങനെ നിശിതമായി വിമർശിക്കാനും വിലയിരുത്താനും കവിക്കു കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.

3)പ്രശസ്ത സംഗീതസംവിധായകൻ എൽ.പി.ആർ വർമ്മയെക്കുറിച്ച് മകൾ ശോഭാവർമ്മ എഴുതിയ 'സ്വർണത്തിളക്കമുള്ള സംഗീതം'(പ്രഭാതരശ്മി, മാർച്ച്) എന്ന ലേഖനത്തിൽ 'അച്ഛനെക്കുറിച്ച്  ആലോചിക്കുമ്പോൾ സൂര്യതേജസ്സോടെ വേദിയിലിരുന്നു താളമിട്ടു പാട്ടുപാടുന്ന ആ രൂപമാണ് മനസ്സിൽ വരുന്നതെന്നു' കുറിക്കുന്നുണ്ട്. മലയാള സിനിമാസംഗീതശാഖയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എൽ.പി.ആർ വർമ്മ. അദ്ദേഹത്തിൻ്റെ  'അജ്ഞാതസഖി ആത്മസഖി' എന്ന ഒറ്റ ഗാനം മതി ആ പ്രതിഭയുടെ ആഴം  മനസ്സിലാക്കാൻ.

4)പ്രമുഖ പത്രാധിപരായ അമ്പാട്ട് സുകുമാരൻ നായർ തന്റെ ഓർമ്മകൾ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു. 'മംഗളത്തിന്റെ കഥ എന്റെയും'(സെൻ ബുക്സ് )എന്നാണ് പുസ്തകത്തിൻ്റെ പേര് .ഒരുകാലത്ത് ആളുകളെ വായനയിലേക്ക് ആകർഷിക്കുന്നതിൻ്റെ പതിനെട്ടടവും വശത്താക്കിയ പത്രാധിപരായിരുന്നു അദ്ദേഹം.എപ്പോഴും സൗമ്യമായി പെരുമാറുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്തതാണ് അമ്പാട്ടു സുകുമാരൻ നായരുടെ മഹത്വം .അമ്പാട്ട് മനുഷ്യനന്മയുടെ അടയാളമാണ്. അദ്ദേഹത്തിൽ കാപട്യമില്ല, ഭാഷയിലും .

5)എഴുതാൻ ഒന്നുമില്ലാത്തപ്പോൾ, ഒരു കഥ എന്ന പേരിൽ പതിനഞ്ചും ഇരുപതും പേജുകൾ എഴുതുന്നവരെ കണ്ടിട്ടുണ്ട് .കൃത്രിമമായി എഴുതരുത്. മഹാനായ നാടകകൃത്ത് എഡ്വേർഡ്  ആൽബി പറഞ്ഞു:'എഴുതാൻ ഒന്നുമില്ലെങ്കിൽ നിശ്ശബ്ദത പാലിക്കുക. നിശ്ശബ്ദതയ്ക്ക് ചില സമയങ്ങളിൽ മഹത്തായ സൗന്ദര്യമുണ്ട്.'

6)പ്രേമത്തിനുവേണ്ടി മരിക്കുന്നതിനേക്കാൾ വലിയ ഒരു പദവി വേറെയില്ലെന്നു കൊളമ്പിയൻ നോവലിസ്റ്റ് ഗാർസിയ മാർകേസ് 'ലൗ ഇൻ ദ് ടൈം ഓഫ് കോളറ' എന്ന കൃതിയിൽ പറയുന്നുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ്  കേരളത്തിൽ വിശുദ്ധപ്രേമമുണ്ടായിരുന്നു .പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെടുകയാണെങ്കിൽ , ഇഷ്ടപ്പെട്ടവളെ പ്രേമിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടുന്നവരുണ്ടായിരുന്നു. സത്യമാണിത്. അവർ താടി വളർത്തുമായിരുന്നു. വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുണ്ടായിരുന്നു. അവർ തങ്ങളുടെ നഷ്ടപ്രണയത്തെ തേടി സിനിമാതിയേറ്ററിൽ പോയി പ്രണയരംഗങ്ങൾ കാണുമായിരുന്നു. പൊയ്പോയ ആ പ്രേമവസന്തത്തിനു സലാം.

7)ഓർമ്മകളെക്കുറിച്ച് നടക്കുമുണ്ടാക്കുന്ന ഒരു പ്രസ്താവന ചെയ്തത് ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്താണ്. 'കഴിഞ്ഞ കാലങ്ങളിലെ നിമിഷങ്ങൾ നിശ്ചലമായിരിക്കുകയല്ല; അത് ഓർമ്മയിൽ നിലനിൽക്കുകയും ഭാവിയിലേക്ക് സഞ്ചരിക്കുകയുമാണ്.'
നാം വളരുന്തോറും ആ ഓർമ്മകളും നമ്മോടൊപ്പം വളരുന്നു, വീണ്ടും വീണ്ടും പുതുക്കിക്കൊണ്ട്.

No comments: