Followers

Tuesday, December 31, 2024

നിലംപതിഞ്ഞവർ പേരിനൊപ്പം ജാതിനാമങ്ങൾ ചേർക്കേണ്ടി വരുമോ ? /എം.കെ.ഹരികുമാർ





നവോത്ഥാനം എന്ന വാക്ക് പോലും ഇന്നത്തെ മലയാള സാഹിത്യകാരന്മാർക്ക് അറിയില്ല. യാതൊരുവിധ നവോത്ഥാനത്തെയും അംഗീകരിക്കുകയില്ലെന്ന നിലപാടാണ് മലയാളത്തിലെ ഒരു വിഭാഗം  എഴുത്തുകാർക്കുള്ളത് .അവരുടെ കൃതികളിൽ അങ്ങനെയുള്ള സ്വരമാണ് മുഴങ്ങുന്നത് .നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ മോചിപ്പിക്കുന്നതിന് പ്രത്യക്ഷമായ സമരമാർഗങ്ങൾ - ഭൗതികമായും പ്രായോഗികയുമായും -അവലംബിച്ച ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. അവരുടെ പ്രവർത്തനം പരിവർത്തനോന്മുഖമായിരുന്നു. അവർ പഴയ പല സ്ഥാപനങ്ങളെയും വിചാരണ ചെയ്തു; പുതിയ ഉള്ളടക്കം നൽകി .അന്നത്തെ എഴുത്തുകാർ മനുഷ്യൻ എന്ന ഒരു പുതിയ വർഗ്ഗത്തെ കണ്ടെത്തി; അനുകമ്പയും ആദർശവും സത്യവുമുള്ള മനുഷ്യൻ. സർഗ്ഗാത്മകമായ കഴിവുകൾക്കപ്പുറം ഈ കാര്യത്തിൽ അവർക്ക് ഒന്നിക്കാനായി .അവർ പുതിയൊരു സമൂഹത്തെ സ്വപ്നം കണ്ടു. ഏതെങ്കിലും ഒരു ജാതിക്കും മതത്തിനും ഔദ്യോഗികമായ ആധിപത്യമില്ലാത്ത ഒരു സമൂഹത്തെ ശ്രീനാരായണഗുരു സ്വപ്നം കണ്ടതിന് സമാനമായി എഴുത്തുകാർ ഒരു മനുഷ്യജാതി എന്ന തത്ത്വത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചു. 

ചണ്ഡാലികയും ബുദ്ധസന്യാസിയും ഒരു 'ജാതി'യിൽപ്പെട്ടവരാണെന്നു സ്ഥാപിക്കാൻ വെള്ളം എന്ന രൂപകത്തെ കുമാരനാശാൻ ഉപയോഗിച്ചു. വെള്ളത്തിനു ജാതിയില്ലല്ലോ. ലോകം കൂടുതൽ മനുഷ്യനന്മയിലും സഹജീവിസ്നേഹത്തിലും അടിയുറച്ചു നിന്ന് എല്ലാവരെയും ഒരു ജാതിയായി കണ്ടുകൊണ്ട് സർഗാത്മകതയിലേക്കുയരുമെന്ന്  ചിന്തിച്ചവരാണ് നവോത്ഥാനവാദികൾ. അവർ കുറ്റിയറ്റു പോയിരിക്കുന്നു. അവർ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കുറെ നാൾ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു കഥയിൽ കെ. പി. രാമനുണ്ണി ശ്രീനാരായണഗുരുവിനെയും വാഗ്ഭടാനന്ദനെയും ആക്ഷേപിച്ചത് ഓർക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന് പൊതുവേ അറിയപ്പെടുന്ന രാമനുണ്ണിക്ക് ഈ കഥയെഴുതാൻ എങ്ങനെ ധൈര്യം വന്നു ?ഈ സമൂഹത്തിൽ ആദ്യം എതിർക്കപ്പെടേണ്ട വ്യക്തികളാണോ ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും?ഇത്തരമൊരു കഥയെഴുതിയാൽ ,തന്നെ പിന്തുണയ്ക്കുന്നവരുണ്ടാകുമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ അത് എത്രമാത്രം ആപത്ക്കരമായിരിക്കും?.

ഒരൊറ്റച്ചാട്ടം പോരാതെ വരും 

ഈ സമൂഹത്തിൻ്റെ സർവ്വതലസ്പർശിയായ പിന്നോക്കാവസ്ഥയ്ക്ക് ചികിത്സ നിശ്ചയിച്ച ഗുരുവിനെ ബൗദ്ധികമായി തരം താഴ്ത്താൻ ആഷാമേനോൻ ശ്രമിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു ലേഖനത്തിലൂടെയാണ്.അദ്ദേഹം 'ആത്മോപദേശശതകം' മുഴുവനായി വായിച്ചിട്ടില്ലെന്ന് ലജ്ജയില്ലാതെ സൂചിപ്പിച്ചുകൊണ്ട് അത് ചട്ടമ്പിസ്വാമികൾ പറഞ്ഞു കൊടുത്തതാണെന്ന വിഡ്ഢിത്തം എഴുതി വയ്ക്കാൻ തയ്യാറായത് മനസിനു തീരെ വലിപ്പമില്ലാത്തതു കൊണ്ടാണെന്ന് വ്യക്തമാണ്. ആഷാമേനോന് ഇങ്ങനെയൊക്കെ എഴുതുന്നതിലും ചിന്തിക്കുന്നതിലും യാതൊരു ചമ്മലുമില്ലെന്ന് വരുന്നത് അദ്ദേഹത്തിനു സമകാല സാഹിത്യത്തിൽ എഴുതാനുള്ള സാംസ്കാരികമഹിമയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
അദ്ദേഹം തന്നിൽ നിന്നു തന്നെ സ്വതന്ത്രനായിട്ടില്ല .തൻ്റെ പേരിൻ്റെയൊപ്പം മേനോൻ എന്ന് ചേർത്തഴുതി കൊണ്ടുനടക്കുന്നതിൽ ആഹ്ലാദിക്കുന്ന അദ്ദേഹം ജാതി ചിന്തയിൽ അഭിമാനിക്കുന്നയാളാണെന്ന് വ്യക്തമാവുകയാണ് .അപ്പോൾ എങ്ങനെയാണ് അദ്ദേഹം മിസ്റ്റിസിസം ,ആത്മീയത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതുന്ന ലേഖനങ്ങൾ ശുദ്ധമാകുന്നത് ?ഫ്യൂഡലിസത്തിൽ നിന്ന് ഒരൊറ്റച്ചാട്ടം കൊണ്ട് ഒരാൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന് ജോസഫ് മുണ്ടശ്ശേരി  'പ്രയാണം' എന്ന ചെറിയ പുസ്തകത്തിൽ സി.ജെ. തോമസിനെ  ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടതിനു വലിയ അർത്ഥങ്ങളുണ്ട്. ഇന്നും അത് പ്രസക്തമാണ്. പലരും പുരോഗമനം പറയുന്നു ,എന്നാൽ പ്രവൃത്തിയിൽ ഫ്യൂഡലായി തന്നെ തുടരുകയാണ്. നവോത്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന സാഹിത്യകാരന്മാരും വിമർശകരും കേരളത്തിൽ ധീരമായി മുന്നോട്ട് വന്നിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മലയാളസാഹിത്യത്തിൽ എഴുപതുകളിൽ അവതരിച്ച ആധുനികത എന്ന പ്രവണത ജാതി,മത ചിന്തകളെ കൗശലത്തോടെ മറച്ചുവച്ച് ഗൗരവമേറിയ സാമൂഹ്യപ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കുകയായിരുന്നു.
അവർ യഥാർത്ഥ ചരിത്രത്തെ തമസ്കരിച്ചു. ആധുനികതയുടെ ഭാഗമായ എഴുത്തുകാരിൽ ഭൂരിപക്ഷവും ഉയർന്ന സമുദായത്തിൽ പിറന്നവരാണെന്നത് ഒരു അപരാധമല്ല; എന്നാൽ അവർ ഒരേപോലെ കേരളത്തെ മറച്ചു പിടിക്കുന്നതിൽ ഒരുമിച്ചു എന്നു പറയുന്നത് ഒരു ദൗർഭാഗ്യമാണ് .ആനന്ദ് എത്രയോ ചരിത്രാവലോകനങ്ങളിൽ ഏർപ്പെട്ടു! . ആനന്ദിന്റെ 'അഭയാർത്ഥികൾ' തുടങ്ങിയ നോവലുകൾ ,ഗംഗയിലെ പാലം തുടങ്ങിയ കഥകൾ, മറ്റു ലേഖനങ്ങൾ എല്ലാം നോക്കുക. അതിലൊന്നും കേരളത്തിലെ നാണംകെട്ട, ഭീകരമായ, അധ:പതിച്ച, വൈക്കത്തെ ദളവാക്കുളത്തെ  പരാമർശിക്കുന്നില്ല. കേരളചരിത്രം ആനന്ദിനു നിഷിദ്ധമാണോ ?എന്തുകൊണ്ടാണ് അദ്ദേഹം 'ഗംഗയിലെ പാല'ത്തിന് പകരം വൈക്കത്തെ കുളം എന്ന കഥ എഴുതാതിരുന്നത് ?ഏതെങ്കിലും ഒരു ആധുനിക സാഹിത്യകാരനു ധൈര്യമുണ്ടോ 'ദളവാക്കുളം' എന്നൊരു കഥയെഴുതാൻ?

ളവാക്കുളത്തെ മറന്ന എഴുത്തുകാർ 

കേരളം അത്രയൊന്നും മികച്ചതായിരുന്നില്ല എന്നല്ലേ ദളവാക്കുളം നൽകുന്ന അർത്ഥം? വൈക്കത്തെ ക്ഷേത്രത്തിനുള്ളിൽ കയറാനല്ല ,സമീപത്തുള്ള വഴിയിലൂടെ നടക്കാൻ ശ്രമിച്ചതിന് ഇരുനൂറോളം താഴ്ന്ന ജാതിക്കാരെ, നിലംപതിഞ്ഞവരെ വെട്ടിക്കൊന്ന് കുളത്തിൽ കഴിച്ചുമൂടിയ കേരളഗർവ്വിൻ്റെ പേരാണ് ദളവാക്കുളം .ഇന്ന് ആ സ്ഥലം പ്രൈവറ്റ് ബസ്സ്റ്റാൻഡാണ്. ഈ ചരിത്രമൊക്കെ മറന്നവരാണ് ഇവിടത്തെ സമീപകാല കവികൾ. അവർ വൈക്കത്ത് വന്ന് കായലിൽ ഓളം തള്ളുന്നതും അഷ്ടമി നാളിൽ മിഥുനങ്ങൾ സ്വപ്നം കാണുന്നതും എഴുതി തൃപ്തിപ്പെടുന്നു. ആധുനികതയുടെ ഭാഗമായ സാഹിത്യകാരന്മാരും കവികളും നമ്മുടെ നാടിൻ്റെ അനീതി നിറഞ്ഞ ചരിത്രത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? 

മലയാളകവിതയിലെ ആധുനികത മലയാളിയുടെ യഥാർത്ഥ ഭാവുകത്വത്തെ ചതിക്കുകയാണ് ചെയ്തത്. എം.എൻ. പാലൂരിനെ പോലെയോ ,ആറ്റൂരിനെ പോലെയോ സ്വന്തം മാളത്തിൽ ഒതുങ്ങി ജീവിച്ച കവികളിൽ നിന്ന് കേരളചരിത്രത്തിലെ നിലംപതിഞ്ഞവരോട് മമത കാണിക്കുന്ന ഒരു കവിത പ്രതീക്ഷിക്കുന്നില്ല. എന്നാൽ പൊതുവേദിയിൽ വന്ന് വിവിധ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച അയ്യപ്പപ്പണിക്കർ ,കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർക്ക് ആ ചുമതല നിറവേറ്റാമായിരുന്നു .അയ്യപ്പപ്പണിക്കർ കണിക്കൊന്നയെ നോക്കി പൂക്കാതിരിക്കാനാവതില്ല എന്നെഴുതുമ്പോൾ അത് കേരളത്തിൻ്റെ  തമസ്കരണമാണ്. എന്തുകൊണ്ടാണ് വിഷുപ്പൂക്കളെ കേരളീയ മനസാക്ഷിയുമായി കവിക്ക് ബന്ധിപ്പിക്കാനാവാത്തത് ? വർഷത്തിലൊരിക്കൽ മുക്തി കിട്ടുന്ന ഒരു മരത്തെ, കവിക്ക് നിലംപതിഞ്ഞവരുടെ ജീവിതവുമായി ചേർത്തുവച്ചു നിരീക്ഷിക്കാവുന്നതായിരുന്നു .എങ്കിൽ അതിൽ നിന്ന് സൗന്ദര്യം ഉണ്ടാകുമായിരുന്നു .അയ്യപ്പപ്പണിക്കർ പതിതൻ്റെ രാഷ്ട്രീയത്തെ മൂടിവെച്ച് അമൂർത്തവും അരാഷ്ട്രീയവുമായ കല്പനകളിൽ സ്വയം മറയുകയായിരുന്നു. കടമ്മനിട്ട രാമകൃഷ്ണൻ ഒരു പൊതുപ്രവർത്തകനായിരുന്നു .എന്നിട്ടും അദ്ദേഹത്തിൻ്റെ കവിതകളിൽ മലയാളിയുടെ ആധുനികത കടന്നുവന്നില്ല .കുറത്തിയെക്കുറിച്ചൊക്കെ എഴുതിയത് ഒരു അനുഷ്ഠാനമെന്നതിൽ കവിഞ്ഞ് കവിയുടെ പക്ഷമായി കാണാനാവില്ല. അദ്ദേഹം കേരളത്തിലെ നിലം പതിഞ്ഞവരുടെ തിരിച്ചടികളെ അറിഞ്ഞിട്ടേയില്ല. അദ്ദേഹം അധികാരത്തിന്റെ ചെറിയ ചെറിയ ആനുകൂല്യങ്ങൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടിയോടൊപ്പം ചേരുകയും എംഎൽഎ ആവുകയും ചെയ്തു .അത് സ്വന്തം കവിതയോടുള്ള നീതിയോ നീതികേടോ ?അദ്ദേഹത്തിൻ്റെ വലിയ സ്വർണ്ണമാല, മുറുക്ക് ,ശരീരഭാഷ തുടങ്ങിയവ സമൂഹത്തിലെ അലസവും വരേണ്യവുമായ ഒരു വൈകാരിക സവിശേഷതയുടെ ഭാഗമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കും ?

കവിതയുടെ ആധുനികത എവിടെ ?

പൂച്ചയാണിന്നെൻ്റെ ദു:ഖമെന്ന് എഴുതി അദ്ദേഹം മലയാളിയുടെ അതിജീവനസമരങ്ങളെ മണ്ണിട്ടുമൂടുകയും അമൂർത്ത ദുഃഖത്തെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വമോ ,സമരാവേശമോ, വിമോചനത്വരയോ ഇല്ലാത്ത ഒരാളുടെ കവിതയായി അതിനെ കാണാവുന്നതാണ്. ഒരു വലിയ കവി ഏതൊരു വസ്തുവിലൂടെയും തന്നെയും  ലോകത്തെയും സമന്വയിപ്പിച്ച് അഭിദർശിക്കണം. കാരണം ,ആ കാവ്യവസ്തുവിനു പ്രമുക്തി കിട്ടുന്ന സമയമാണത്. കാവ്യവസ്തുവിനെ ലോകത്ത് കവി നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഡബ്ളിയു. ബി.യേറ്റ്സ് A terrible beauty is born എന്ന് എഴുതിയത്. സംഘർഷങ്ങളിൽ നിന്ന് കവി സൗന്ദര്യം സൃഷ്ടിക്കണം. അങ്ങനെയൊരു അവസരം വരുമ്പോൾ അതിൻ്റെ പരിപ്രേക്ഷ്യവും സാംസ്കാരിക പശ്ചാത്തലവും കവി  കണ്ടെത്തേണ്ടതാണ്. കടമ്മനിട്ട അങ്ങനെ ചെയ്യുന്നില്ല. അതേസമയം എം.ഗോവിന്ദൻ ,പുനലൂർ ബാലൻ ,കെടാമംഗലം പപ്പുക്കുട്ടി  തുടങ്ങിയവർ കടമ്മനിട്ടയെക്കാൾ രാഷ്ട്രീയബോധം പ്രകടിപ്പിച്ചു.പുനലൂർ ബാലനെയും പപ്പുക്കുട്ടിയെയും സമ്പൂർണ്ണമായി മറക്കാനാണ് ചില മുൻനിര പത്രാധിപന്മാരും വിമർശകരും കരാറെടുത്തത്.അവർക്ക് അത്  ആവശ്യമായിരുന്നു.

ഇവിടുത്തെ സമാന്തര സിനിമയ്ക്ക് ഫ്യൂഡൽ കാലത്തിൻ്റെ അവശിഷ്ടമായ തറവാട് തകർന്നതിലുള്ള ദുഃഖമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്. സമാന്തര സിനിമയ്ക്ക് അണുകുടുംബം എന്താണെന്ന് പോലും അറിയില്ല.സമാന്തര സിനിമയുടെ മന്ദഗതിയിലുള്ള സഞ്ചാരം തന്നെ അത് സാമൂഹ്യബോധത്തിൻ്റെ മുന്നേറ്റ യാത്രകൾക്ക് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് ധ്വനിപ്പിക്കുന്നു. കെ.ആർ.മോഹനൻ്റെയും മറ്റും  സിനിമകളിൽ തറവാടുകളാണല്ലോ പ്രശ്നം. ലോകം കേരളത്തിലെ ഒരു തറവാട്ടിൽ വച്ച് അവസാനിച്ചു എന്നാണ് വിലപിക്കുന്നത്. പി .എ. ബക്കറുടെ മണിമുഴക്കം, സംഘഗാനം, രവിയുടെ അസ്തി തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ, നിലം പതിഞ്ഞവരുടെ രാഷ്ട്രീയം കാണാം .എന്നാൽ ബക്കറിനെയും രവിയെയും മറ്റും നമ്മുടെ സാംസ്കാരിക ലോകം ഏതാണ്ട് പൂർണമായും ഉന്മൂലനം ചെയ്തു കഴിഞ്ഞു .ഈ ചോദ്യങ്ങളെയെല്ലാം ഭാവിയിൽ നേരിടേണ്ടി വരും. പാശ്ചാത്യ നാടുകളിലെ ആധുനികർ അത് ചെയ്തിട്ടുണ്ട്. സാർത്രിൻ്റെ what is Literature എന്ന പുസ്തകം വായിച്ചാൽ അത് മനസിലാകും. നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് പക്വതയോടെയും നീതിയോടെയും ചിന്തിക്കാനറിയാത്തവർ എഴുതേണ്ടതുണ്ടോ ?സിനിമയെടുക്കേണ്ടതുണ്ടോ ?

എം. മുകുന്ദന് ഇവിടുത്തെ അയിത്തോച്ചാടനസമരങ്ങളെക്കുറിച്ച് വല്ലതും അറിയാമോ? അദ്ദേഹം ഇപ്പോഴും എഴുതുന്നത് എംബസി ദിനങ്ങളെക്കുറിച്ചാണ്!. എന്തൊരു ദുരന്തമാണ് ഇവരുടെയൊക്കെ ആത്മകഥകൾ! .ചിന്തിക്കാതെ ജീവിച്ചത് ആഘോഷിക്കുകയാണോ ഇവർ ? സ്വന്തം ജീവിതത്തിന്റെ ഭീരുത്വം നിറഞ്ഞ ഇടവഴികളെ മഹാവീരഗാഥകളുടെ ഇടങ്ങളാക്കി അവതരിപ്പിക്കുന്നതിലെ അനൗചിത്യം വൈകാരികക്ഷമതയുള്ള ആർക്കും  മനസ്സിലാക്കാവുന്നതേയുള്ളൂ. തൊഴിലിടങ്ങളിലെ ഒഴിവുവേളകളിൽ  ചായകുടിച്ചതും സുഹൃത്തിൻ്റെ വീട്ടിൽ പോയി ഊണു കഴിച്ചതും പഴയ, തീരെ പഴയ ഫോട്ടോകൾ തേടിപ്പിടിച്ചു കൊണ്ടുവരുന്നതും അർത്ഥമാക്കുന്നത്, തങ്ങൾ എല്ലാ കാലത്തും ജീവിക്കാൻ സർവ്വഥാ യോഗ്യരായിരുന്നു എന്നാണോ ?എങ്കിൽ അത് " ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി " എന്ന് വയലാർ കഥയില്ലാതെ എഴുതിയതുപോലെ അല്ലേ? എന്തെങ്കിലും അർത്ഥമുണ്ടോ ഇതിനു ? നിങ്ങൾ സഞ്ചരിച്ച കാറും ,നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡഡ് വസ്ത്രങ്ങളും, നിങ്ങളുടെ ഹോട്ടൽ ഭക്ഷണവും ,എത്ര വില കൂടിയതാണെങ്കിലും, അതിനൊക്കെ ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ ?ചിന്തിച്ചു നോക്കൂ. ഇതൊക്കെ അർത്ഥശൂന്യമാണെന്ന് അറിഞ്ഞുകൊണ്ടാണ് രമണമഹർഷി  വസ്ത്രങ്ങൾ ഉപേക്ഷിച്ച്  കൗപീനത്തിലേക്ക് പിൻവാങ്ങിയത് .

ജാതിവാൽ എന്ന സമസ്യ

ഹിന്ദുമതത്തിലെ ഉയർന്ന സമുദായക്കാരായ ചില വ്യദ്യാസമ്പന്നർ  തങ്ങളുടെ ജാതിവാലുകൾ ഫേസ്ബുക്കിലും മറ്റും യഥാർത്ഥ നാമത്തോടൊപ്പം കൂട്ടിച്ചേർത്ത് പ്രദർശിപ്പിക്കുന്നത് നവോത്ഥാനത്തിന്റെ റിവേഴ്സ് ഗിയറായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നവോത്ഥാനത്തിന് തങ്ങൾ എതിരാണെന്ന് ,അവർ  പുനരുദ്ധരിച്ച ജാതിവാലിലൂടെ പ്രഖ്യാപിക്കുകയാണ്.ഒരു വരേണ്യൻ ഗതികെട്ട അവർണന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴാണ് ദൈവം സന്തോഷിക്കുന്നത്. മനുഷ്യന് ലഭിച്ച സ്വാതന്ത്ര്യം കൊണ്ട് അവൻ എന്ത് ചെയ്തു എന്ന് അറിയാൻ ദൈവം കാത്തിരിക്കുകയാണെന്ന് റഷ്യൻ ദൈവശാസ്ത്രജ്ഞനായ നികോളൈ ബെർദ്യേവ് (Nikolai Berdyaev) എഴുതിയത് എത്ര അർത്ഥവത്താണ്! 
"God demands newness from humanity ;God awaits the works of human freedom ". കാരണം ,സ്വാതന്ത്ര്യം ശൂന്യതയിൽ നിന്നു കണ്ടെത്തേണ്ടതാണ്. അത് ഒരാൾ തന്നതു കൊണ്ടു മാത്രമായില്ല .അത് ഉപയോഗിക്കാനറിയണം. ഉയർന്ന ഹിന്ദു വിഭാഗങ്ങൾ സ്വന്തം ജാതിനാമങ്ങൾ  ഉപയോഗിച്ച് സവിശേഷ ശ്രദ്ധ നേടാൻ ശ്രമിക്കുമ്പോൾ താഴ്ന്നവിഭാഗക്കാർക്കും അവരുടെ ജാതിനാമങ്ങൾ പേരിനൊപ്പം ചേർക്കാൻ ക്രൂരമായ പ്രചോദനമുണ്ടാവും. അത് ചരിത്രത്തിന്റെ ആസക്തിയാണ്. 

എല്ലാ നിലംപതിഞ്ഞ വിഭാഗങ്ങളും - കുടുംബൻ ,പള്ളൻ, പാണൻ, പറയൻ, സാംബവൻ, പുലയൻ, ചെമ്മാൻ, ആശാരി, വേടൻ, തീയ്യൻ ,ഈഴവൻ തുടങ്ങിയവർ  - അവരുടെ ജാതിനാമം സ്വന്തം പേരിനൊപ്പം ചേർത്ത് ഒരു പ്രതിരോധം സൃഷ്ടിക്കാൻ സാധ്യത ഏറെയാണ്. ജാതി ഉപേക്ഷിച്ച അവരെ ജാതിചിന്തയിലേക്ക് തള്ളിവിടുന്നതിനു കാരണം ഉയർന്ന വിഭാഗങ്ങളുടെ ജാതിപ്രേമമാകുന്നത് ആപത്താണ്. എല്ലാ ജാതിപ്പേരുകാരും ഒരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ എല്ലാവർക്കും തോന്നണം ജാതിപ്പേര് അർത്ഥശൂന്യമാണെന്ന് .ചരിത്രം ചിലപ്പോൾ ഇങ്ങനെയും പ്രതിരോധം  തീർക്കാവുന്നതാണ്. ചരിത്രത്തിനു ഒരു വിഭാഗത്തിനോടും പ്രത്യേക താല്പര്യമില്ല. അത് അനുഭവങ്ങളുടെ ബലാബലങ്ങൾ അനുസരിച്ചു ഒഴുകുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ വൃത്തിയും ശുദ്ധിയും പക്വതയുള്ള മനുഷ്യൻ ചരിത്രത്തിനു സാർത്ഥകമായ പുതിയൊരു ക്രമം നൽകുന്നു. To see the object as in itself it really is എന്ന് മാത്യു ആർനോൾഡ് പറഞ്ഞത് ശ്രദ്ധിക്കണം. വസ്തുവിനെ വസ്തുവിൽ തന്നെ കണ്ടെത്തുമ്പോൾ ഒരു നീതി സംഭവിക്കുന്നു.

മേൽജാതിയുടെ അധിനിവേശം 

മലയാളസാഹിത്യത്തെ മേൽജാതി മാനിയ പിടിപെട്ടിരിക്കുകയാണെന്നതിനു പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് സാഹിത്യസ്ഥാപനങ്ങളുടെ ഭരണരീതിയും അവർ നൽകുന്ന പുരസ്കാരങ്ങളും. പുരസ്കാരങ്ങൾ വാങ്ങാൻ വരേണ്യ വിഭാഗങ്ങളിലുള്ള എഴുത്തുകാർക്ക് മാത്രമാണ് അർഹത എന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. നിലംപതിഞ്ഞവരുടെ കൃതികൾ ഒരിടത്തും റിവ്യു ചെയ്യപ്പെടുന്നില്ല. കൈപ്പറ്റി എന്നു പോലും കൊടുക്കാൻ മാധ്യമങ്ങൾക്ക് മടിയാണ് .സാഹിത്യ അക്കാദമിയൊക്കെ സർക്കാർ സ്ഥാപനമാണെങ്കിലും അതിൻ്റെ സൗന്ദര്യശാസ്ത്രവും ജീവിതവീക്ഷണവും മേൽജാതിബോധത്തെ ചുറ്റിപ്പിണയുകയാണ്. സമസ്തകേരള സാഹിത്യപരിഷത്തിനെ നോക്കൂ .അതിന്റെ എല്ലാ പുരസ്കാരങ്ങളും വരേണ്യർക്കാണ് പോകുന്നത്. വരേണ്യർ മാത്രം എഴുതിയാൽ മതിയെന്ന നിയമമുണ്ടോ എന്നറിയില്ല. ഏതാണ്ട് ഒരു വരേണ്യ സമുദായ സംഘടന പോലെയാണ് പരിഷത്ത് പ്രവർത്തിക്കുന്നത്. അവിടേക്ക് ഒരു നിലംപതിഞ്ഞവന് എത്തിനോക്കാൻ പോലുമാവില്ല. പാവപ്പെട്ട ദളിത്, പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട എഴുത്തുകാർ സാഹിത്യരചനയിലേർപ്പെടേണ്ടതുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട കാലമാണിത് .കാരണം, അവർക്ക് എഴുത്തുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. ഒരു വി.ടി.ഭട്ടതിരിപ്പാടിനെ പോലെയോ ,കേശവദേവിനെപോലെയോ ഉയർന്ന സാമൂഹ്യബോധമുള്ള എഴുത്തുകാർ ഇനി ഉണ്ടായേക്കില്ല. ഇതിന് പരിഹാരമായി നിലംപതിഞ്ഞവർ വലിയ സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് സൃഷ്ടിക്കണം.  അതിനുള്ള സംഘടനാ ബോധം അവർക്കുണ്ടോ എന്നറിയില്ല. ഇനിയും സമയമുണ്ട്. വരേണ്യസ്ഥാപനങ്ങളിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ വേണ്ട. കുറച്ചൊക്കെ പ്രശസ്തി നേടിയ വയലാർ അവാർഡ് വരേണ്യ സമുദായങ്ങളിൽപ്പെട്ട എഴുത്തുകാർക്കുള്ളതാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെയാണ് മറ്റു പലതും. മറ്റുള്ളവർ എഴുതുന്നത് അവർ കാണുന്നതായി തോന്നിയിട്ടില്ല. കാലം ഒരു മാർഗം കാണാതിരിക്കില്ല. 


No comments: