Followers

Monday, April 7, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (march 24, 2025)

 



സിംബോർസ്ക :അപരാജിതരുടെ കവി 

'ചരിത്രം നമ്മെ അഭിനന്ദിക്കാനൊന്നും  പോകുന്നില്ല. പകരം അഴുക്ക് നിറഞ്ഞ മണ്ണ് നമ്മുടെ കണ്ണുകളിലേക്ക് വലിച്ചെറിയും. നമ്മുടെ മുന്നിൽ നീണ്ട പാതകളുണ്ടായിരിക്കാം. അത് എവിടെയും എത്തിക്കില്ല.കിണറുകളിൽ വിഷം കലർന്നിരിക്കുന്നു. ഭക്ഷണം ഉപയോഗശൂന്യം' - പോളിഷ് കവി വിസ്ളാവ് സിംബോർസ്കയുടെ വാക്കുകളാണിത് .എത്രയോ യുദ്ധങ്ങൾ കഴിഞ്ഞു. ഇപ്പോഴും യുദ്ധങ്ങൾ തുടരുകയാണ്. എല്ലാ യുദ്ധങ്ങളും അതിൻ്റെ ആവേശങ്ങളും വെറിയും കഴിയുമ്പോൾ ഒരിടത്ത് അവസാനിക്കും. അപ്പോൾ ലോകം നിശ്ചലമാകുകയാണ്; ശവശരീരങ്ങളാണ് സംസാരിക്കുക.ശരിക്കുള്ള സ്ലോമോഷൻ അവിടെയാണ്. 

ഏറ്റവും വലിയ നരനിന്ദയിൽ അഭിമാനിക്കുന്നവർ കണ്ടേക്കാം.  മനുഷ്യൻ നേടിയ വിദ്യാഭ്യാസം യുദ്ധത്തിൽ പൊലിഞ്ഞു പോകുന്നു. നാം എന്താണോ പഠിച്ചത്, അറിഞ്ഞത്, അതുകൊണ്ട് യാതൊരു ഉപയോഗവുമില്ലാതെ പലായനം ചെയ്യുന്ന ജനതയോടൊപ്പമാണ് ഒരു കവി നിൽക്കുന്നത് .'ദ് എൻഡ് ആൻഡ് ദ് ബിഗിനിംഗ് ' എന്ന കവിതയിൽ അവർ എഴുതി :
'ഒരു മതിൽ താങ്ങി നിർത്താൻ ആരെങ്കിലും ഒരു മോന്തായം കൊണ്ടുവരണം
ജനൽ മിനുക്കിയെടുക്കണം.
വാതിൽ വീണ്ടും തൂക്കിയിടണം.
അതിൻ്റെ ഫോട്ടോയെടുക്കാൻ ഭംഗിയുണ്ടാവില്ല .അതുകൊണ്ട് ക്യാമറകളേന്തുന്നവർ മറ്റൊരു യുദ്ധത്തിന്റെ 
പിന്നാലെ പോയിട്ടുണ്ടാവും.' 

ശിലായുഗം വിളിക്കുന്നു 

എല്ലാ യുദ്ധങ്ങളും ഒരേതരം മനുഷ്യരെ സൃഷ്ടിക്കുന്നു. പദവികളും വിഭാഗങ്ങളും ഇല്ലാതാവുന്നു. സമ്പന്നരും ദരിദ്ര്യമായി വിഭജിക്കപ്പെട്ടവർ അഭയാർത്ഥികളായി മാറ്റപ്പെടുന്നു. യുദ്ധം നമ്മെ പ്രാകൃതയുഗത്തിലെത്തിക്കുന്നു. എന്നാൽ ഒരു യുദ്ധത്തെയും തടയാൻ ഇന്നു ലോകത്ത് ഒരു സംവിധാനവുമില്ല. മനുഷ്യാവകാശവും അതിൻ്റെ ലംഘനവും ചർച്ചയാകണമെങ്കിൽ  ജനാധിപത്യം വേണം. ജനാധിപത്യം  ഇല്ലാത്തിടത്ത് മനുഷ്യനു ഒരു അവകാശവുമില്ല. അവൻ ഏതുനിമിഷവും പ്രാചീന ശിലായുഗത്തിലേക്ക് നിപതിക്കാം. സിംബോർസ്കയുടെ വാക്കുകൾ:
"ഞാൻ ഭാവി എന്ന വാക്കുച്ചരിക്കുമ്പോൾ 
ആദ്യത്തെ അക്ഷരം ഭൂതകാലത്തിലേതു തന്നെയാണ് .
ഞാൻ നിശബ്ദത എന്ന 
വാക്കുച്ചരിക്കുമ്പോൾ 
അത് നശിപ്പിക്കുകയാണ്.
ഞാൻ ശൂന്യത എന്ന 
വാക്കുച്ചരിക്കുമ്പോൾ 
അസ്തിത്വമില്ലാത്ത, യാതൊന്നിനും
സാധിക്കാത്ത എന്തോ ഒന്നു സൃഷ്ടിക്കുകയാണ് .'

ഭാവിയെക്കുറിച്ച് പറയാനൊന്നുമില്ല. ആയിരക്കണക്കിനു കുഞ്ഞുങ്ങൾ വധിക്കപ്പെടുകയോ അതിലേറെ കുഞ്ഞുങ്ങൾ പരുക്കുപറ്റി സജീവിതം നഷ്ടപ്പെടുത്തുകയോ ചെയ്ത ലോകത്ത് ഭാവി ഭൂതകാലത്തിൽ തന്നെ ഒളിരിക്കുകയാണ് .കുഞ്ഞുങ്ങൾ ഭാവി ഉപേക്ഷിച്ചു ഭൂതകാലത്തിലേക്ക് കാലുകൾ ആഴ്ത്തിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാൻ ലോകത്ത് സാംസ്കാരികനായകരോ നൃത്തസംഘമോ വാദ്യസംഘമോ ഇല്ല. ലോകത്തിലെ വാദ്യമേളക്കാർ, യുദ്ധത്തിൽ ഒരു വിഭാഗത്തെ ആക്രമിച്ചു നശിപ്പിക്കുന്നവരുടെ  കാലടികൾക്കാണ് താളം പിടിക്കുന്നത്. എല്ലാ താളങ്ങളും ഇങ്ങനെ ഉണ്ടാകുന്നതാണ് .അത് വിജയഭേരിയുടെ താളമായിരിക്കണം. പരാജിതരുടെ താളം ആർക്കാണ് വേണ്ടത് ?അവരെ ഭൂതകാലത്ത് ചെന്നു ആരാണ് തപ്പിയെടുക്കുന്നത്? ഭൂതകാലത്തിൻ്റെ കറുത്ത തുരങ്കത്തിനുള്ളിൽ ആ കുഞ്ഞുങ്ങൾ തങ്ങളുടെ സ്വപ്നങ്ങളുമായി വഴക്കടിക്കുകയാണ്. കവി നിശബ്ദത എന്ന വാക്ക് ഉച്ചരിക്കേണ്ട താമസമേയുള്ളൂ, അപ്പോൾ തന്നെ അത് ശബ്ദമായി മാറും .നിശബ്ദത ഭഞ്ജിക്കപ്പെട്ടു കൊണ്ടേയിരിക്കണം.നിശബ്ദത  സത്യത്തെ മറയ്ക്കാനുള്ളതാണെങ്കിൽ ആ നിശബ്ദത നുണയാണെന്നു റഷ്യൻ കവി യെവ്തുഷെൻകോ പറഞ്ഞതോർക്കണം. നിശബ്ദതഒരു കളവാകാതെ നോക്കേണ്ടതുണ്ട്. നമ്മുടെ ഏകാന്തത, നിശബ്ദത ,ഏകാഗ്രത ,ധ്യാനം തുടങ്ങിയവയെല്ലാം കളവാണ്. നാം ഏകാന്തതയിലായിരിക്കുമ്പോൾ, അതിനുള്ള സജീവമായ ഘടകങ്ങൾ പെറുക്കി കൂട്ടുമ്പോൾ നമുക്ക് ചുറ്റുമുള്ള കോടിക്കണക്കിനു ജീവികൾ ജീവനുവേണ്ടി പോരടിക്കുകയാണ്, ആരുടെയും സഹായം കിട്ടാതെ. ജീവികൾ ഇരകളാക്കപ്പെടുകയോ കാലാവസ്ഥാ വ്യതിയാനത്തിൽ കഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ജീവനുവേണ്ടി അവ കരയുന്നു. കോടിക്കണക്കിനു ജീവികളുടെ കരച്ചിൽ കേൾക്കാൻ പറ്റാത്ത വിധം ക്രൂരമായ കാതുകളാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് ഏകാന്തത എന്ന വെളുത്ത കോട്ട കെട്ടിപ്പൊക്കാൻ കഴിയുന്നത്. നാം അത് ആലോഷിക്കുന്നു. കലയിൽ അതിനു വേണ്ടി തത്ത്വശാസ്ത്രങ്ങൾ  ആവിഷ്കരിക്കുന്നു.

ഏകാഗ്രതയോ ?

നമ്മുടെ ഏകാഗ്രതയോ? അതും കടുത്ത ഒരു തീരുമാനമാണ്. ചുറ്റിനുമുള്ള സാധുജീവികളുടെ, സഹജീവികളുടെ ദയനീയമായ വിളി കേൾക്കാതിരിക്കാൻ കഴിയുന്നതിന്റെ അഹന്ത അതിലുണ്ട്. നാം പരിമിതികളിലാണ് നമ്മെത്തന്നെ ഉയർത്തി നിർത്തുന്നത്. നമ്മുടെ പരിമിതി സഹജീവികളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തതാണ് .നമ്മുടെ ധ്യാനമോ? അത് വ്യക്തിവാദപരമായ ഒരു ശൈലി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇന്നു അഴിമതിക്കാരുടെയും അല്പം പോലും സഹാനുഭൂതി ഇല്ലാത്തവരുടെയും വീടുകളിൽ ബുദ്ധൻ്റെ ചിത്രം  ഉന്നതമായ നിലയിൽ അലങ്കരിച്ചു വച്ചിരിക്കുന്നത് കാണാം .ഓഷോയും നഗരസംസ്കാരവും ചേർന്നു ബുദ്ധനെ ഒരു മെട്രോപോളിറ്റൻ പൊങ്ങച്ചചിഹ്നമാക്കി മാറ്റിയിരിക്കുന്നു. കാണാൻ ഭംഗിയുള്ള ഒരു താപസന്റെ ചിത്രമെന്ന നിലയിൽ ബുദ്ധൻ്റെ ധ്യാനംരൂപം ചുരുങ്ങിയിരിക്കുന്നു .ധ്യാനം യൂറോപ്യൻ വ്യക്തിവാദത്തിന്റെ ഒരു അലങ്കാരപ്പണിയായി പ്രതിനിധാനം ചെയ്യപ്പെടുകയാണ്. ജീവിതവുമായോ പ്രവൃത്തികളുമായോ ബന്ധമില്ലാത്ത ഒരു ചിത്രമായി ബുദ്ധൻ രൂപാന്തരപ്പെട്ടിരിക്കുന്നു .നമ്മുടെ ധ്യാനം സുഖലോലുപതയിലുള്ള ആത്മരതിയായിരിക്കുന്നു .എന്നാൽ ബുദ്ധൻ്റെ ധ്യാനം പടിപടിയായുള്ള  സ്വാത്വിക ആരോഹണമാണ്. സ്നേഹിച്ചും വന്ദിച്ചും ത്യജിച്ചുമാണ് അത് നേടേണ്ടത് .

സിംബോർസ്ക ഇങ്ങനെ എഴുതുന്നു:
'സന്തോഷവും സങ്കടവും 
രണ്ടു വ്യത്യസ്ത വികാരങ്ങളല്ല;
ഇത് രണ്ടും ഒരുമിക്കുമ്പോഴാണ് 
നമ്മെ സന്ദർശിക്കുന്നത്-
യാതൊന്നിനെക്കുറിച്ചും നിശ്ചയമില്ലാത്തപ്പോഴും എല്ലാത്തിനെക്കുറിച്ചും ആകാംക്ഷയുള്ളപ്പോഴും.'

അറിവുകൾ എങ്ങോട്ടാണ് നയിക്കേണ്ടത്? അത് പുതിയ ചോദ്യങ്ങളിലേക്കാണ് പടരേണ്ടത്. അല്ലെങ്കിൽ അത് മരിക്കുക തന്നെയാണ് .ജീവിതത്തെ ഭ്രാന്തിൽ നിന്നു രക്ഷിക്കുന്നത് പുതിയ ആകാശമാണ്. 'മോണോലോഗ് ഓഫ് എ ഡോഗ്' എന്ന കവിതയിൽ ഒരു നായയിലൂടെ മനുഷ്യാവസ്ഥയെ അന്വേഷിക്കുകയാണ്.

'എന്താണ് നിശബ്ദമായി സംഭവിക്കുന്നത്?
ആരോ ശൂന്യതയിൽ നിന്നു വീഴുന്നു.
എന്താണ് ഉച്ചത്തിൽ കേൾക്കുന്നത്?
ആരുടെയോ അപ്പം തട്ടിത്തെറിപ്പിച്ചിരിക്കുന്നു.
ആരോ ഒരാൾ മുടന്തുള്ള
ഒരു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.'

വിഷാദാത്മകത്വം എന്ത് ?

സിംബോർസ്ക കാലത്തിൻ്റെ ശബ്ദം കേൾക്കുന്നു .ഓരോ യുദ്ധത്തിലും ജീവിതം നഷ്ടപ്പെടുന്നവർക്ക് വേണ്ടി, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവർ വിലപിക്കുന്നു. ഇങ്ങനെയാണ് കവിത വിഷാദാത്മകമാകുന്നത്. വിഷാദാത്മകവിത എന്നാൽ കവിയുടെ വ്യക്തിപരമായ ദുഃഖമാണെന്നു ധരിക്കരുത്. അത് സഹാനുഭൂതിയിൽ നിന്നാണ് ജനിക്കുന്നത്. നമ്മെപ്പോലെയുള്ള മനുഷ്യരോട്, ചുറ്റിനുമുള്ള വസ്തുക്കളോടു തോന്നുന്ന സ്നേഹത്തിൽ നിന്നാണ് അതുണ്ടാകുന്നത്. കവിതയിലേക്ക് വരുന്നതോടെ വാക്കുകൾക്ക്
പരിണാമം സംഭവിക്കുന്നുവെന്നാണ് സിംബോർസ്ക പറയുന്നത്. 'ഓരോ വാക്കും അസാധാരണമാണ്. ഒരു കല്ലോ മേഘമോ അതിനു മുകളിലല്ല. ഒരു പകലോ രാത്രിയോ അതിനു പിന്നാലെയല്ല. എല്ലാത്തിനുമുപരി ,ഒരു അസ്തിത്വമോ, ആരുടെയെങ്കിലും അസ്തിത്വമോ അതിനു മുകളിലല്ല.'

കവിതയെ അതിൻ്റെ ജീവതത്ത്വപരമായ അംശങ്ങളിൽ കണ്ടെത്തുകയാണ് കവി. കവിത തേടുന്നത് എന്താണ് ?അത് വസ്തുസ്ഥിതി കഥനമല്ല. ഒരു വസ്തുതയുടെ തൽസ്ഥിതിയല്ല കവിത തേടുന്നത്. ഒരു കുട്ടി കരയുന്നതിനെക്കുറിച്ച് എഴുതുന്ന കവി ആ കരച്ചിൽ മാത്രമല്ല ശ്രദ്ധിക്കുന്നത് ;അതിനപ്പുറമുള്ള അർത്ഥമാണ്. കലയിൽ വിശദീകരിക്കാനാവാത്ത ഒരു തലമുണ്ടെന്ന സിംബോർക്സ്കയുടെ വാദം ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. ഒരു വസ്തുവിനെക്കുറിച്ചുള്ള  ഭാഷയാണ് കവിത. എന്നാൽ ഒരു വസ്തുതയ്ക്ക് ഒരേ ഒരു ഭാഷണം മാത്രമല്ല നിലനിൽക്കുന്നത്. കോണുകളിലൂടെ നോക്കാം .പല വസ്തുതകളുടെ മാനങ്ങൾ ഉണ്ടാകും. ഇതിൽ ഏറ്റവും വ്യത്യസ്തമായ, അർത്ഥവത്തായ നോട്ടത്തിനാണ്, മാനത്തിനാണ് മൂല്യം. അതാണ് കവിത.

സിംബോർസ്ക(1923-2012) പോളണ്ടിലെ കൊർണിലാണ് ജനിച്ചത്. 1945 ൽ അവർ ആദ്യ കവിത പ്രസിദ്ധീകരിച്ചു.ഫ്രഞ്ചു കവിതകളുടെ  പരിഭാഷകയായിരുന്ന അവർ വിവിധ സാഹിത്യപ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ കവിയായ അവർ മനുഷ്യാസ്തിത്വത്തിൻ്റെ പ്രശ്നങ്ങളെ ചരിത്രത്തിൻ്റെയും മാനവിക മൂല്യങ്ങളുടെയും പശ്ചാത്തലത്തിൽ പരിശോധിച്ചു.1996 നോബൽ സമ്മാനം ലഭിച്ചതോടെ അവരുടെ ഭാഷയുടെ ആഗോള പ്രതിനിധാനമായി ആ കവിതകൾ മാറി.ക്വസ്റ്റ്യനിംഗ് യുവേഴ്സെൽഫ്, പീപ്പിൾ ഓൺ എ ബ്രിഡ്ജ്, ദ് എൻഡ് ആൻഡ് ദ് ബിഗിനിങ് തുടങ്ങിയാണ് പ്രധാന കൃതികൾ .

തൻ്റെ നോട്ടത്തിന്റെ പ്രത്യേകതകൾ കൊണ്ട് ഭാഷയെ ഉജ്ജീവിപ്പിച്ച സിംബോർസ്ക മനുഷ്യനിർമ്മിതമായ അസംബന്ധങ്ങളോടു കലഹിച്ചു കൊണ്ടാണ് വിട പറഞ്ഞത് .ഒരു കാലഘട്ടത്തിലെ അസംബന്ധങ്ങൾക്ക് അതിൻ്റെ ജനയിതാക്കൾ സമാധാനം തരുന്നില്ല. എന്നാൽ അത് തലമുറകളെയാണ് ബാധിക്കുന്നത്. ചോദ്യങ്ങൾ മാത്രമുണ്ട് ,ഉത്തരങ്ങളില്ല. ഈ സത്യം അറിയണമെങ്കിൽ, മഹർഷി അരബിന്ദോ പറഞ്ഞതുപോലെ മാറിനിന്നു നോക്കണം: 'കാണണമെങ്കിൽ നാം ചിത്രത്തിൻ്റെ  മധ്യത്തിലായിരിക്കുന്നത് അവസാനിപ്പിക്കണം. സിംബോർസ്ക മനുഷ്യചരിത്രത്തിൻ്റെ നടുക്കു നിന്നു മാറി നിന്നാണ് അത് കാണാൻ ശ്രമിച്ചത്.


രജതരേഖകൾ 

1)അന്വേഷിച്ചു നടന്ന കവിത കൈയിൽ കിട്ടിയതുപോലെയാണ് അജേഷ് പി എഴുതിയ 'പൊൻബുദ്ധൻ'(സ്ത്രീശബ്ദം,മാർച്ച്‌ ):
'കടൽക്കരയിൽ 
ധ്യാനത്തിലുള്ള 
നിന്നെ 
ഞാനിപ്പോൾ 
എന്തു പേരു വിളിക്കണം ?
നമുക്കിടയിൽ ഇനിയും വെളിപ്പെടാത്ത ഒരടുപ്പത്തിൽ 
നീ കുലുങ്ങിച്ചിരിക്കുന്നു.
കടലിന്റെ നിറമുള്ള 
കണ്ണിലേക്ക് നോക്കുന്നു.'

നാം കണ്ട ബുദ്ധനേത് ,പ്രതിമയായി മാറിയ ബുദ്ധനേത് യഥാർത്ഥ ബുദ്ധനേത് തുടങ്ങിയ സമസ്യകളിലേക്ക് വാതിൽ തുറക്കുകയാണ് കവി .

2)ജോർജ് ജോസഫ് .കെ 'ഹവ്വ'
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 23) എന്ന പേരിൽ എഴുതിയിരിക്കുന്നത് ഒരു കഥയാണ്. അതിനെ കവിത എന്നു പേരിട്ടു വിളിക്കാൻ വേണ്ടി വരി മുറിച്ച് രൂപമുണ്ടാക്കിയിരിക്കുന്നു. ആർക്കും കവിത എഴുതാനുള്ള അവകാശം ഭരണഘടനപരമായി കിട്ടിയതുകൊണ്ട് ഇതുപോലുള്ള രചനകളിൽ ഏർപ്പെടാം.

3)ഒരു രാഷ്ട്രീയവുമില്ലെങ്കിലും തൊഴിലെടുത്തു ജീവിച്ചുപോകാം. എന്നാൽ രാഷ്ട്രീയമുണ്ടെന്ന ലേബലിൽ അരാഷ്ട്രീയമായി ചിന്തിക്കുന്ന ബുദ്ധിജീവികളുടെ  നിലപാടിനെ പേടിക്കണം.

4)സുകേതു എഴുതിയ 'പച്ചെഴുത്ത്'(സൈൻ ഡിസൈനേഴ്സ് ,കണ്ണൂർ)എന്ന കവിതാസമാഹാരത്തിൽ കുറച്ചു വാക്കുകളിൽ ഒത്തിരി കാര്യങ്ങൾ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത് .അഞ്ചു പേജിൽ പറയേണ്ടത് പതിനഞ്ചു പേജിൽ പറയുന്ന എഴുത്തുകാരുണ്ട്; പരാജയമാണത് .സുകേതു കവിതയെ ഒരു ചിപ്പിയിലെന്ന പോലെ സൂക്ഷിക്കുന്നു. മികവുറ്റ ഫലം തരുന്നു.

'ഒരു തരി കനലേ വേണ്ടൂ 
കാത്തോളാം 
കാത്തുസൂക്ഷിച്ചോളാം
അല്ലാതാർക്കുവേണം 
കാണുമ്പം മാത്രമുള്ള 
സ്വിച്ചിട്ടാൽ തെളിയുന്ന
ഗ്യാരണ്ടിക്കാർഡിലൊതുക്കിപ്പിടിച്ച
ആക്രിച്ചിരി.'

5)അമെരിക്കൻ കൊമേഡിയനായ ഗ്രൂഷോ മാർക്സ് പറഞ്ഞു: 'രാഷ്ട്രീയം കുഴപ്പങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ കലയാണ്. എല്ലായിടത്തും കുഴപ്പങ്ങൾ മാത്രം കാണുക, അതിന്റെ കാരണം തെറ്റായി കണ്ടുപിടിക്കുക, പരിഹാരമാർഗ്ഗമായി  അബദ്ധങ്ങൾ ചെയ്യുക.'

6)അമെരിക്കൻ കവി മായാ ആഞ്ജലുവിൻ്റെ വീക്ഷണത്തിൽ പ്രേമത്തിനു ഒരു കടമ്പയും പ്രശ്നമല്ല :'പ്രേമം ഏത് ഹർഡിൽസും ചാടിക്കടക്കും, വേലികൾ  ചാടി മുന്നോട്ടു കുതിക്കും, ഭിത്തികൾ തുളച്ചുകയറും പ്രതീക്ഷയോടെ ലക്ഷ്യം കാണാൻ.'

7)സാഹിത്യകാരനായ ജി.എൻ.പണിക്കർ 1971ൽ ദസ്തയെവ്സ്കിയെക്കുറിച്ച് ഒരു പുസ്തകമെഴുതി. അദ്ദേഹത്തിൻ്റെ ജീവിതവും കൃതികളും അവലോകനം ചെയ്യുന്ന ഈ കൃതി മലയാളത്തിൽ ദസ്തയെവ്സ്കിയുടെ സാഹിത്യം ചർച്ച ചെയ്യുന്നതിനുള്ള മുന്നൊരുക്കം നടത്തി എന്നതാണ് വാസ്തവം. പണിക്കർ എഴുതുന്നു: 'പാവപ്പെട്ടവർ' ആണ് ദസ്തയെവ്സ്കിയുടെ പ്രഥമ നോവൽ എങ്കിലും ആദ്യമായി അദ്ദേഹത്തിൻ്റെ പേരിൽ അച്ചടിച്ചു പുറത്തുവന്നത് ഒരു വിവർത്തനമാണ് - ബൽസാക്കിൻ്റെ  'ഏഴേനി ഗ്രാന്ദേ' എന്ന നോവലിൻ്റെ പരിഭാഷ.' 

ഈ കൃതി പ്രസിദ്ധീകരിച്ചതോടെ മറ്റു എഴുത്തുകാരുടെ വലിയ ആദരം ലഭിച്ചു. ഇത് അദ്ദേഹത്തിൻ്റെ മനോനിലയിൽ മാറ്റമുണ്ടാക്കി. അദ്ദേഹം സ്വയം പ്രശംസിച്ചുകൊണ്ട് സുഹൃത്തുക്കൾക്ക് കത്തുകൾ എഴുതാൻ തുടങ്ങി. 'ഈ മനോഭാവം അദ്ദേഹത്തിനു ഒരു വിഡ്ഢിയുടെ പരിവേഷമാണ് നേടിക്കൊടുത്തത്. സാഹിത്യത്തിൻ്റെ മുഖത്ത് പഴുത്തു കഴിഞ്ഞ ഒരു മുഖക്കുരു പോലെ താങ്കൾ വിടർന്നുവരുന്നു എന്ന പരിഹാസശ്ലോകം ദസ്തയെവ്സ്കിയെക്കുറിച്ച് അപ്പോഴത്തെ പീറ്റേഴ്സ്ബർഗിലെ  സാഹിത്യകാരന്മാർ പാടി നടക്കുക പോലും ചെയ്തുവത്രേ .'

8)ലോകത്തിലെ സൗന്ദര്യത്തിനു രണ്ട് അരികുകളുണ്ടെന്നു വിർജിനിയ വുൾഫ് അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന്, ചിരിയുടേത് ; മറ്റേത് തീവ്രദു:ഖത്തിൻ്റേത്.'

No comments: