ഇതൊരു അടഞ്ഞ ലോകമാണ്. അതുകൊണ്ടാണല്ലോ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും ഇനിയും പൊരുളെന്താണെന്നു വ്യക്തമാക്കി തരാത്തത് .സൂര്യനെ ആരാധിക്കുന്നവരുണ്ട് .എത്രയോ മഹനീയ പദമാണ് സൂര്യൻ !എല്ലാത്തിനെയും അത് നിലനിർത്തുന്നു, പരിപാലിക്കുന്നു. സൂര്യനില്ലെങ്കിൽ ജീവനില്ല. എന്നാൽ മനുഷ്യർക്ക് അത് ഇനിയും മനസ്സിലാവുകയോ അതനുസരിച്ച് സൂര്യനെ ആരാധിക്കുവാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല. ഈ കേരളത്തിൽ ഒരു നല്ല സൂര്യക്ഷേത്രം ഇല്ലല്ലോ.ലോകം അടഞ്ഞു തന്നെയിരിക്കുന്നു .ഇപ്പോഴും നാം ഗർഭപാത്രത്തിൽ കിടക്കുന്ന അവസ്ഥയിലാണ്. എന്താണ് ഗർഭപാത്രത്തിനു പുറത്ത്, ഈ ലോകത്തുള്ളതെന്ന് അറിയാത്ത നിസ്സഹായതയുണ്ട് .അവിടെ പ്രാർത്ഥന മാത്രമേ മാർഗമായുള്ളൂ. ജീവിക്കുന്ന മനുഷ്യരും അതേ അവസ്ഥ മറ്റൊരു രൂപത്തിൽ അനുഭവിക്കുന്നു.
നമ്മെ ചൂഴുന്ന ഇരുട്ട് അജ്ഞാനത്തിൻ്റേതാണ്. നമ്മെ ചൂഴുന്ന തടവറ ഇന്ദ്രിയങ്ങൾ സൃഷ്ടിച്ച പരിമിതിയുടേതാണ്. നമുക്ക് അതിനു പുറത്തുള്ളതിനെക്കുറിച്ച് അറിയില്ല. നാം നമ്മുടെ തന്നെ ഒരു യുക്തിഗണിതത്തിനകത്ത് നട്ടം തിരിയുകയാണ്. ഇതിനു പുറത്തുള്ള ലോകത്തെ, പൊരുളിനെ അറിയാനാണ് ജ്ഞാനികൾ പരിശ്രമിക്കുന്നത്.ഈ ചുടുകാടിനെ അതിജീവിക്കുന്ന, മേയുന്ന ശിവനെയോർത്ത് ആടണം. ആ ശിവൻ നമ്മുടെ ആഭ്യന്തര ശക്തിയാണ്. നമ്മുടെ ജ്ഞാനകേന്ദ്രിത ശക്തിയാണ്. അത് നേടുമ്പോഴാണ് മനുഷ്യാസ്തിത്വത്തിൻ്റെ രുചി അനുഭവിക്കുന്നത്. അല്ലെങ്കിൽ പൊങ്ങുതടി പോലെ ഒഴുകിക്കൊണ്ടിരിക്കും.ലോകത്തിന്റെ പൊരുൾ അറിഞ്ഞാൽ പിന്നെ ചുറ്റിത്തിരിയാൻ എന്താണുള്ളത് ? ലോകം നമ്മളിലേക്ക് ചുരുങ്ങുന്നതാണ് കാണുന്നത് .അതാണ് സംഘട്ടനങ്ങൾക്കും വെറുപ്പിനും കാരണമാകുന്നത്. ഒരാൾ താൻ വളർത്തിയ നായയെ ഉപേക്ഷിക്കാൻ എന്ന നാട്യത്തിൽ ബൈക്കിൽ കെട്ടിവലിച്ചു കൊണ്ട് ഓടിച്ചുപോയത് കുറെ നാൾ മുമ്പ് വാർത്തയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് അയാൾക്കു ലോകമെന്നത് ആ നായയിലേക്കു ചുരുങ്ങി എന്നാണ്. ലോകം നായ മാത്രമായി അവശേഷിക്കുന്നു. എന്നാൽ നായയിൽ ഈ ലോകത്തിൻ്റെ സ്വഭാവവും വിധിയും ആത്യന്തികമായ അവസ്ഥയും ദർശിക്കാൻ കഴിയും. അത് ജ്ഞാനികൾക്ക് സാധിക്കുന്ന കാര്യമാണ്.
സുന്ദരരൂപങ്ങൾ
മഹാനായ സാഹിത്യകാരൻ സൽമാൻ റുഷ്ദി എഴുതി: For God's sake, the dog is saying ,'open the universe a little more!' ഈ ലോകം അടഞ്ഞിരിക്കുന്നതിനെതിരായ ശബ്ദമാണ് നായയുടേത്. ലോകം എന്താണെന്നു പൂർണമായി വ്യക്തമാക്കാത്തതിലുള്ള പ്രതിഷേധമാണ് ആകാശത്തിലെ ചന്ദ്രനെ നോക്കിയുള്ള നായയുടെ കുര. അതുതന്നെയാണ് നമ്മളും ചെയ്യുന്നത്, മറ്റൊരു രൂപത്തിൽ. നമുക്ക് മുന്നിൽ അടച്ചിട്ടിരിക്കുന്ന കതകുകൾ ഏറെയാണ്. ഓരോ ഇന്ദ്രിയവും നിശ്ചിത അനുഭവമായിരിക്കെത്തന്നെ അടച്ചിട്ട കതകുമാണ്. അത് ബോധ്യമാകാത്ത പലരുമുണ്ട് .വെറുതെ കടലിനെ നോക്കിയാൽ ഉപരിതലത്തിലെ കടലാണ് കാണുക .കടലിൻ്റെ മറുകരയിൽ എന്താണുള്ളതെന്നു അറിയില്ല. കടലിന്റെ അടിത്തട്ട് അജ്ഞാതമാണ്. കടലിൻ്റെ ഒരു പരിമിതവൃത്തമാണ് കണ്ണുകൾക്കു ഉൾക്കൊള്ളാനാകുന്നത്. അത് കണ്ടിട്ട് കടലാണെന്നു പറയുന്നു.ഇതുതന്നെയല്ലേ ഓരോ ബന്ധത്തിലും, ഇടപെടലിലും സംഭവിക്കുന്നത്? ഭാഗികജ്ഞാനമേ കിട്ടുന്നുള്ളു .മറ്റൊരാളെ അറിയുന്നത് എത്ര പരിമിതമായാണ്!. ഒരു വ്യക്തി ഒരു കടലാണ് .ആ കടലിന്റെ വളരെ ചെറിയൊരംശം മാത്രമാണ് അയാളുടെ അടുത്ത സുഹൃത്ത് പോലും അറിയുന്നത്. വിട്ടുപോയ കണ്ണികൾ നിരവധിയാണ് .അത് പൂരിപ്പിക്കാനായി നാം ധ്യാനിക്കുന്നു, പഠിക്കുന്നു, പ്രാർത്ഥിക്കുന്നു ,സ്നേഹിക്കുന്നു ,അലയുന്നു.ഗുരു എഴുതുന്നു:
"പൂമണക്കും കുഴലാളകം
കോമള മേനി കണ്ടാടുപാമ്പേ "
സുഗന്ധമുള്ള പൂക്കൾ തലമുടിക്കെട്ടിൽ വച്ച് ആരിലാണോ പാർവതിദേവി വസിക്കുന്നത് ആ ശരീരത്തെ മനുഷ്യൻ മനസ്സിൽ കണ്ടു നൃത്തം ചെയ്യണം. ആനന്ദത്തിന്റെ ഉന്നതമായ ഒരു സൂക്ഷ്മഭാവത്തിലേക്ക് ഗുരു സഞ്ചരിക്കുകയാണ് .മനസ്സിനെ ഉയർത്തേണ്ടതുണ്ട് എന്ന ഉദ്ബോധനം കാണാം.മനസ്സ് ലൗകികബന്ധങ്ങളിൽപ്പെട്ട് കഴിയുകയാണ് .യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളിൽ മനസ്സ് സമയം പാഴാക്കുന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് മനസ്സ് അതെല്ലാം സത്യമാണെന്നു വിചാരിക്കുന്നു. ആ മനസാണ് നിർമ്മലമാകേണ്ടത്.അപ്പോൾ അതിനു ഏകാഗ്രത ലഭിക്കും .മനസ്സിൽ നിന്നു മാലിന്യം പോകുന്നതോടെ സുന്ദരമായ കാഴ്ചകൾ ലഭിക്കും .അപ്പോഴാണ് സാന്തോഷകരമായ ജീവിതസാക്ഷാത്കാരത്തിലേക്ക് നോക്കാൻ കഴിയുന്നത്. ശിവൻ്റെയുള്ളിൽ ദേവിയുണ്ട്. ജീവന്റെ പ്രസാദമാണത്. തിന്മകൾ അവസാനിക്കുന്നിടത്ത് സാത്വികരൂപം തെളിയുന്നു. ജാതിമതാന്ധതയിലും പരസ്പരദ്വേഷത്തിലും ആണ്ടുകിടക്കുമ്പോൾ സുന്ദരരൂപങ്ങൾ അകന്നു പോകും. മനസ്സിനു ഏകാഗ്രതയോ സുഖമോ ലഭിക്കുകയില്ല .എത്ര സമ്പാദിച്ചാലും രോഗവും മാനസികപ്രശ്നങ്ങളും അലട്ടുകയാണെങ്കിൽ എല്ലാം വ്യർത്ഥമായി തോന്നും. ലോകത്തിൽ സ്നേഹം നിലനിൽക്കുന്നില്ലെന്നു അപ്പോൾ തിരിച്ചറിയാം. പലരും ഉപചാരമായി സ്നേഹത്തെ കൊണ്ടുനടക്കുന്നു. സ്നേഹത്തിൻ്റെ അർത്ഥമെന്താണ്? എന്തെങ്കിലും തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് സ്നേഹമല്ല. സ്നേഹം നിസ്വാർത്ഥവും നിഷ്കളങ്കവുമായ ഒരൊഴുക്കാണ്. നാം ജീവിക്കാത്തതാണ് സ്നേഹത്തിലൂടെ നേടുന്നത്. ഒരു നായയ്ക്ക് വെള്ളം കൊടുക്കുമ്പോൾ അത് അനുകമ്പയാണ്. അവിടെ സ്നേഹമുണ്ട് .നായ എന്തെങ്കിലും തിരിച്ചുകൊടുക്കുമെന്ന ചിന്തയിലല്ല സ്നേഹിക്കുന്നത്. നമ്മൾ ആ നിസ്വാർത്ഥതയും നിഷ്കളങ്കതയും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടാവും. എന്നാൽ അതു കൊണ്ടു ജീവിക്കുന്നില്ല. അത് സാധ്യമാകണമെങ്കിൽ നിസ്വാർത്ഥമായ പ്രവൃത്തിയിൽ ഏർപ്പെടണം. അപ്പോൾ മനസ്സിൽ ഉദിച്ചുയരുന്ന രൂപമാണ് ഗുരുവിൻ്റെ ഭാഷയിൽ 'പൂമണക്കും കുഴലാളകം പൂക്കുമാ കോമളരൂപം' എന്നത്. അവിടെ സ്പർദ്ധയോ തിന്മയോ ഇല്ല .ദേവനും ദേവിയും നമ്മുടെയുള്ളിലാണ്.നമ്മുടെ തന്നെ ദ്വന്ദം. വേറെ എവിടെയാണ് അത് തിരയുക?
സ്വയം ശുദ്ധീകരിക്കാൻ
സ്പാനിഷ് മിസ്റ്റിക്കും മതനവീകരണ പ്രവർത്തകയുമായിരുന്ന സെയിൻ്റ് തെരേസ ഓഫ് ആവിള (saint Teresa of Avila,(1515-1582)യുടെ വാക്കുകൾ: സ്നേഹത്തിൻ്റെ ധാരാളം കാര്യങ്ങളിൽ ഉരുകിച്ചേരാൻ നിങ്ങൾ സ്വയം പരിശീലിപ്പിക്കുക. അത് നിങ്ങളുടെ ആത്മാവിനെ പ്രോജ്വലിപ്പിക്കും ,അലിയിക്കും." ഗുരു കുണ്ഡലിനിപ്പാട്ടിലൂടെ ഉപദേശിക്കുന്നത് വിശുദ്ധമായ ഒരു ആത്മാന്വേഷണമാണ് .അത് സ്വയം ശുദ്ധീകരിക്കാനുള്ളതാണ്. സെയിൻ്റ് തെരേസ ഓഫ് ആവിളയുടെ വാക്കുകളിൽ സ്നേഹം കൊടുക്കാനായി നാം അലയണമെന്നാണ് സാരം.
എത്രയെത്ര പ്രവൃത്തികളിൽ സ്നേഹം കാണിക്കാൻ കഴിയുന്നുണ്ട്? കൃത്രിമമായ അടുപ്പമല്ല ,സ്വാഭാവികമായ സ്നേഹം, സഹതാപം എത്രമാത്രം ദുർലഭമാണിന്ന്! പരമാവധി കാര്യങ്ങളിൽ നമ്മൾ ഇഴുകിച്ചേരാൻ സ്വയം സഹായിക്കണം.അത് അനുഭൂതിയാകണം ;സ്നേഹത്തിൻ്റെ നിലയ്ക്കാത്ത അനുഭൂതി. ആത്മാവ് നഷ്ടപ്പെട്ട ജീവിതമാണ് നാം കൊണ്ടുനടക്കുന്നതെന്നു കുറ്റപ്പെടുത്തിയാലും കുഴപ്പമില്ല .നമ്മളെല്ലാം അങ്ങനെയാണ്. സംശയവും അകലാനുള്ള ത്വരയുമാണ് മിക്കവരും സദാചാരമായി ഉയർത്തിപ്പിടിക്കുന്നത്. ഇക്കാരണം കൊണ്ട് സ്നേഹമെന്ന വികാരം എല്ലാ പരിശുദ്ധിയും നഷ്ടപ്പെട്ട് മനസ്സിൻ്റെ ഒരു കോണിൽ പൊടിപൊടിച്ചു കിടക്കുകയാണ്. ഗുരു കുണ്ഡലിനിപ്പാട്ടിലൂടെ മനസ്സിനെ മോചിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത് .ഇത് മനസ്സിനോടുള്ള നന്മനിറഞ്ഞ കൂടിച്ചേരലാണ്. സ്നേഹത്തിലും സ്വയം തിരിച്ചറിയാൻ സന്ദർഭമുണ്ടായാൽ അത് നമ്മുടെ ആത്മാവിനെ ,ജീവിതത്തെ പ്രോജ്വലിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.
"നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു
ളാദിയായുള്ളതെന്നാടു പാമ്പേ "
ഓരോ ശബ്ദത്തിലും ദേവനിരിക്കുന്നു. ഈ ലേഖകൻ്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്കി'(1984)ലെ ഒരു അദ്ധ്യായത്തിൻ്റെ പേര് 'അറിവിനളളിലെ ദേവൻ' എന്നാണെന്നു ഓർത്തുപോകുന്നു. പരമാർത്ഥം ഓരോ ശബ്ദത്തിലുമുണ്ട്. അതുകൊണ്ട് വാക്കുകൾ അർത്ഥത്തിനുള്ളതാണെന്ന ധാരണയോടെ ഉച്ചരിക്കുക. ശബ്ദം അനാഥമല്ല ,നിരർത്ഥമല്ല .അതിൽ ഈ പ്രപഞ്ചത്തിന്റെ പൊരുളാണുള്ളത്.
മനസിൽ ഒരു ആട്ടം
ശബ്ദം തെറ്റായ അർത്ഥത്തിനോ സൂചനയ്ക്കോ ഉപയോഗിക്കുമ്പോൾ ദേവൻ ഇല്ലാതാകും.ശബ്ദത്തിനുള്ളിൽ നിശ്ശബ്ദത എന്ന അർത്ഥമാണുള്ളത്. ദേവൻ നിശ്ശബ്ദതയിലാണ്.ഗുരു നമ്മെ പരിശീലിപ്പിക്കുകയാണ്,ആത്മാവിൽ ഉൽകൃഷ്ടവും ദൈവികവുമായ അനുഭവം നേടാൻ .അതിനായി എന്തെല്ലാം ചെയ്യണമെന്നു ഓരോ വരിയിലും അറിയിക്കുകയാണ്. മനസ്സാകുന്ന സർപ്പത്തിന്റെ ആയിരം ഫണവും ആട്ടത്തിൽ പങ്കെടുക്കണമെന്നു പറയുന്ന ഗുരു ശിവൻ്റെ നടനത്തിലേക്ക് നയിക്കുകയാണ് .പ്രപഞ്ചം ഒരാട്ടമാണ്.മനസിലും ഒരാട്ടം അറിയണം. ഒരു സന്തുലിതാവസ്ഥയിലാണ് അത് ചരിക്കുന്നത്. ജനിമൃതികൾ മുറതെറ്റാതെയുണ്ടാവുന്നു. മാറ്റങ്ങൾക്കൊപ്പം നഷ്ടവും സംഭവിക്കുന്നു .യാതൊരു രഹസ്യവുമില്ലെന്നു തോന്നിപ്പിക്കുമാറ് എല്ലാം കാണപ്പെടുന്നു .പരിധിവിട്ട് യാതൊന്നും തുറന്നുതരുന്നുമില്ല. അടഞ്ഞ ലോകത്തിൽ നാം ഇരുട്ടിൽ അലയുകയാണ്. നമ്മെ മൂടി നിൽക്കുന്ന ഈ നക്ഷത്രങ്ങളും ആകാശവും എന്തിൻ്റെ പരിധിയാണ്? നാം നമ്മുടെ ശരീരത്തിനു തന്നെ ഈ ആകാശവും നക്ഷത്രങ്ങളും അടങ്ങിയ ലോകത്തിൻ്റെ പരിധി അനുവദിച്ചിട്ടുണ്ട് .അവിടെ കാണുന്ന ആകാശം ഭൗതികമല്ല; ആത്മീയമാണ്. മനസ്സാകുന്ന ആകാശത്തിൽ നാം അതിരുകൾക്കകത്ത് ബന്ധിതരാണ്.
പൊരുളിനു വേണ്ടിയുള്ള പുറപ്പാട് അവസാനിക്കുന്നില്ല. എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ പിന്നെയൊന്നുമില്ല. അവിടെ നിശ്ചലമാകുകയാണ് കണ്ണുകൾ .മനസ്സ് പിന്നെ എവിടെയവസാനിക്കും? അതാണ് കുണ്ഡലിനിപ്പാട്ടിൽ ഗുരു ദർശിക്കുന്നത്. നാദത്തിലുള്ള ശിവപ്പൊരുളിനെ വണങ്ങുക. ഇത്രയും കാലം നാം ഉച്ചരിച്ച വാക്കുകളിൽ ശിവപ്പൊരുളുണ്ടായിരുന്നു .എന്നാൽ ആ പൊരുൾ അജ്ഞാതമായനുഭവപ്പെട്ടു. ഇപ്പോൾ അതിനു സമയമായിരിക്കുന്നു.ആ പൊരുൾ ശബ്ദങ്ങളിൽ ഒരാട്ടമായിരുന്നു .എത്രയോ കാലമായി മനുഷ്യൻ ശബ്ദിക്കുന്നു .അവനെ പൊരുൾ കൈവിടുന്നില്ല. പൊരുൾ കൂടെയുണ്ട് .വാക്കിലും പ്രവൃത്തിയിലും ഈ പൊരുളുണ്ട്. പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ .ശബ്ദത്തിന്റെ പൊരുളിനെ അശുദ്ധമാക്കാതിരിക്കാൻ വേണ്ടി മൗനത്തിൽ പ്രവേശിക്കാം. ഈ മൗനത്തിലും നമ്മുടെ ശുദ്ധതയുണ്ട്. ഒരു വൃക്ഷത്തിനു വെള്ളമൊഴിക്കുന്നത്, രോഗിയെ ശുശ്രൂഷിക്കുന്നത്, അന്നം വാങ്ങിക്കൊടുക്കുന്നത് അനുതാപവും സ്നേഹവുമാണ്. ആ പ്രവൃത്തിയിൽ ദൈവമുണ്ട്. ദൈവത്തെ വാക്കിലും പ്രവൃത്തിയിലും കാണാൻ ശ്രമിക്കുക.അതാണ് പുള്ളിപ്പുലിത്തോൽ പുതയ്ക്കുന്ന ശിവൻ .
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Sunday, March 2, 2025
കുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 5/എം.കെ.ഹരികുമാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment