Followers

Wednesday, December 25, 2024

ഉത്തര- ഉത്തരാധുനികത - 14 /എം.കെ.ഹരികുമാർ


ഭാവുകത്വത്തിൻ്റെ  അദൃശ്യത 


ഇന്നത്തെ അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും  വൈകാരികക്ഷമതയ്ക്കോ ആദർശത്തിനോ പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും പ്രത്യക്ഷമോ ലഭ്യമോ ആണ്. ഒന്നും ഒളിച്ചുവയ്ക്കപ്പെടുന്നില്ല. ഒന്നിനും പ്രത്യേകമായ പദവിയില്ല. ഒന്നു മറ്റൊന്നിന്റെ മേലെയാണെന്ന് വാദിക്കാൻ അക്കാദമിക് രംഗത്തുള്ളവർക്ക് ന്യായങ്ങളുണ്ടെങ്കിലും അത് മനുഷ്യരുടെ വ്യവഹാരജീവിതത്തിൽ പ്രധാനമല്ല. അക്കാദമിക്ക്, പ്രോലിറ്റേറിയറ്റ് ,പരമ്പരാഗതം, ആധുനികം എന്നിങ്ങനെയുള്ള വേർതിരിവുകളോടെ യാതൊന്നും ഒരിടത്തും അവതരിപ്പിക്കപ്പെടുന്നില്ല. ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്നത് അത് മാത്രമാണ്. മറ്റൊരു മാനദണ്ഡമില്ല. ഒരു ഉൽപ്പന്നം അതിനെ  മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. അത് ഒരു തത്ത്വമോ നിർദ്ദേശമോ വികാരകേന്ദ്രീകരണമോ അല്ല .ഒരു വൈകാരികലോകത്തെ നിർവ്വചിക്കുന്നതിന് പകരം അത് സ്വന്തം പ്രത്യക്ഷതയിൽ നിറയുകയാണ്. അതുകൊണ്ട് വൈകാരികക്ഷമത ഇന്ന്  ഒരു കേന്ദ്രമോ ധ്രുവമോ അല്ല .

കഴിഞ്ഞ നൂറ്റാണ്ടിൽ സൃഷ്ടിയുടെ പ്രത്യേകത അതിൻ്റെ ഭാവുകത്വമായിരുന്നു. ഒരു വിഷയത്തോടുള്ള, വസ്തുവിനോടുള്ള പ്രതികരണമാണത്. ഒരു സാഹിത്യസൃഷ്ടി ആസ്വദിക്കണമെങ്കിൽ അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു സവിശേഷ വൈകാരികാനുഭവം  ആവശ്യമായിരുന്നു. ഒരു കലാസൃഷ്ടിക്ക് പിന്നിലെ വൈകാരികത അതിൻ്റെ സ്രഷ്ടാവിന്റേതാണ്. അത് സാമാന്യജനത്തിന്റേതല്ല. കവിക്ക് നിഗൂഢവും വൈയക്തികവുമായ തലങ്ങളുണ്ട് .കവി വികാരത്തിലൂടെ സൂക്ഷ്മദർശനം നടത്തുകയാണ്. ഭൂരിപക്ഷത്തിന് അത് അനുഭവപ്പെടണമെന്നില്ല. തനിക്ക് മാത്രം വികാരം കൊള്ളാൻ കഴിയുന്ന ചിലതുള്ളതുകൊണ്ടാണ് ചങ്ങമ്പുഴ ഇങ്ങനെ എഴുതിയത്:

"താരകളേ, കാണ്മിതോ,നിങ്ങൾ താഴെയുള്ളൊരീ പ്രേത കുടീരം ?
ഹന്ത,യിന്നതിൻ ചിത്തരഹസ്യ
മെന്തറിഞ്ഞു ,ഹാ,ദുരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി -
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ മഞ്ഞണിഞ്ഞു, മദാലസയായി 
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ 
മന്ദമന്ദം പൊടിപ്പതായിക്കേൾക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളിൽ."

ഈ ഭാഷയിലെ വൈകാരികത ചങ്ങമ്പുഴയുടേതാണ്. അദ്ദേഹത്തിനു മാത്രം അനുഭവിക്കാനായതാണ്. എന്നാൽ ആ ഭാവുകത്വം സ്വാധീനശക്തിയുള്ളതായിരുന്നു. അനുവാചകർക്ക് അത് പുതുമയുള്ളതായി തോന്നി. അവർ ഇങ്ങനെ നക്ഷത്രത്തെയും അസ്ഥിമാടത്തെയും ബന്ധിപ്പിച്ച് ചിന്തിച്ചിരുന്നില്ല. അവർക്ക് അങ്ങനെ വികാരം കൊള്ളാൻ അറിയില്ലായിരുന്നു. ഇത് അനുവാചകരെ കൂട്ടിയോജിപ്പിച്ച വികാരമായിരുന്നു. ചങ്ങമ്പുഴയുടെ വരികൾ മറ്റൊന്നിന്റെ പ്രതിനിധാനമാവുകയായിരുന്നു. സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ഒരു സ്വപ്നാത്മകമായ ജീവിതാനുഭവത്തെ ഈ പരുക്കൻ ലോകത്ത് കണ്ടെത്തുന്നതിന്റെ സൗന്ദര്യാത്മകതയായിരുന്നു അത്. അനുവാചകരെ സ്വാധീനിച്ചതോടെ അതൊരു ഭാവുകത്വമായി ഉറച്ചു.

പകർപ്പുകൾ ,അനുകരണങ്ങൾ 

ആ ഭാവുകത്വം നേടിയവരാണ് ചങ്ങമ്പുഴ കവിത ആസ്വദിച്ചത് .ദാരിദ്ര്യവും അലച്ചിലും  നിറഞ്ഞ ഒരു ലോകത്ത് പരാതി പറയാനും സ്വന്തം അവസ്ഥയിൽ നിന്ന് മോചനം നേടാനും നക്ഷത്രങ്ങളിലേക്ക് നോക്കിയാൽ മതിയെന്ന് ചങ്ങമ്പുഴ പഠിപ്പിച്ചു.ഈ വൈകാരിക മൂർച്ചയിൽ ആ കാലം മാത്രമല്ല ,പിന്നീട് വന്ന കവികളും ആസ്വാദകരും ആവേശം കൊണ്ടു .ആ സങ്കല്പം ഒരാത്മീയമായ രക്ഷാമാർഗമായിരുന്നു.അതൊരു ഭാവുകത്വജാലകമാണ്. അത് മനുഷ്യരുടെ ആകെ വീക്ഷണജാലകമാവുകയാണ്.അത് കവിതയുടെ മാത്രമല്ല ,കവിത എഴുതാൻ ആഗ്രഹിക്കുന്നവരുടെയും സങ്കേതമാകുന്നു. അവരെല്ലാം ധിഷണയുടെയും സർഗാത്മകതയുടെയും ഒരു ഇന്ദ്രിയമായി ഈ ഭാവുകത്വത്തെ കാണുകയാണ്. ഇത് ചിന്തയുടെയും വായനയുടെയും ഒരു ധ്രുവമായിരുന്നു, കഴിഞ്ഞ നൂറ്റാണ്ടിൽ.ഈ വീക്ഷണത്തിൽ ചിന്തിച്ച,ഭാവന ചെയ്ത ചിത്രയോ കവികളുണ്ട് !.ഇത് ഇരുപതാം നൂറ്റാണ്ടിലെ ഒരു ഭാവുകത്വമായിരുന്നെങ്കിൽ ഈ നൂറ്റാണ്ടിൽ അങ്ങനെയൊന്നില്ല. ഇപ്പോൾ ഭാവുകത്വരാഹിത്യമാണുള്ളത്. ഒരു കവി ഒറ്റയ്ക്ക് വൈകാരികവും ബുദ്ധിപരവുമായ വിച്ഛേദം സൃഷ്ടിച്ചുകൊണ്ട്, തനിക്കു മാത്രം സംവേദനം ചെയ്യാനാവുന്ന തരത്തിൽ എഴുതാനാവില്ല. കാരണം,എല്ലാം സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ് ,വ്യതിരക്തമായതില്ല. എല്ലാം ഒന്നിന്റെ തന്നെ പുന:സംവിധാനമോ പുന:ക്രമീകരിക്കപ്പെട്ട വാർപ്പോ ആണ്. പകർപ്പായാലും അനുകരണമായാലും അതൊന്നും ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. ആർക്കും തന്നെ ഉള്ളിൽ മുറിവേൽപ്പിക്കുന്ന ഭാവുകത്വപ്രശ്നങ്ങളില്ല. ഭാവുകത്വത്തിൻ്റെ അടിസ്ഥാനത്തിൽ ജീവിതത്തെ കാണുന്ന ശീലം ഇപ്പോഴില്ല. ഒരു കവിത ഒരു ഉൽപ്പന്നം പോലെ അതിനെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്;ഭാവുകത്വത്തെയല്ല.അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പ്രതിനിധീകരിക്കുന്നത് കവിത എന്ന കേവലത്വത്തെയല്ല ,ഒരു പ്രത്യേക അഭിരുചിയെയാണ്. കവിത എന്ന ആന്തരികാനുഭവത്തെ എങ്ങനെ ഉൾക്കൊള്ളണം, എങ്ങനെ വികസിപ്പിക്കണം, എത്രമാത്രം ആവിഷ്കരിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതിയാണത്.തനിക്ക് എന്താണ് കവിത എന്ന വിളംബരമാണത്. അത് മറ്റു കവികളുടെ പക്ഷമല്ല.

'കുരുക്ഷേത്രം' അയ്യപ്പപ്പണിക്കരുടെ ഭാവുകത്വപരമായ സവിശേഷതയാണ്. 'കുരുക്ഷേത്രം' പുറത്തുവന്ന കാലത്ത് അതിനെ കേന്ദ്രീകരിച്ച് ധാരാളം ചർച്ചകൾ നടന്നു .അനേകം കവികൾ അത് ചൊല്ലി നടന്നു. പലരെയും അത് സ്വാധീനിച്ചു .പല വിമർശകരും ആ കവിതയെ ഒരു വിശേഷപ്പെട്ട വൈകാരികപ്രതികരണമായി കണ്ടു. ഇത് കവികളുടെയും ചർച്ചാവിഷയമായിരുന്നു .'കുരുക്ഷേത്ര'ത്തെ ഒരു ഭാവുകത്വത്തിന്റെ പ്രഖ്യാപനമായി സാഹിത്യലോകം കണ്ടു എന്നാണ് ഇതിനർത്ഥം .ആ കവിതയിലൂടെ നോക്കിയാൽ കാണുന്ന ലോകമാണ് കൂടുതൽ യഥാർത്ഥമെന്ന് ചിന്തിച്ചവരുണ്ട്. ചിലർ കവിതയുടെ ഇനിയുള്ള വഴി  'കുരുക്ഷേത്രം' നിശ്ചയിക്കുമെന്ന് പറഞ്ഞു .

പ്രചോദനം ആവശ്യമില്ലാത്തവർ 

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് കവിതയുടെ ഭാവുകത്വം ഒരു ധ്രുവീകരണമുണ്ടാക്കുന്നു എന്നാണ്. ഈ ഡിജിറ്റൽ സ്വതന്ത്രലോകത്ത് ജീവിക്കുന്ന നമ്മൾക്ക് ഭാവുകത്വത്തിന്റെ പ്രതിനിധാനമായി വരുന്ന കവിതകളില്ല .ജീവിതത്തോടുള്ള തത്ത്വചിന്താപരമായ സമീപനവും വ്യർത്ഥതാബോധവും നിഴലിക്കുന്ന അയ്യപ്പപ്പണിക്കരുടെ ഭാവുകത്വം ഇപ്പോഴില്ല .അത് ഒരു ഗൃഹാതുരത്വമായി കഴിഞ്ഞിരിക്കുന്നു. അയ്യപ്പപ്പണിക്കർക്ക് പ്രസക്തിയില്ലെന്നല്ല ഇത് സൂചിപ്പിക്കുന്നത് ;ഈ കാലത്തിന് അത് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്.

നമ്മുടെ കാലം കവിതയെ ഒരു ഉൽപ്പന്നമായി കണ്ടു ഉപഭോഗം ചെയ്യുകയാണ്. വായിച്ചു കഴിഞ്ഞാൽ അത് വിസ്മരിക്കപ്പെടുന്നു. എണ്ണമറ്റ രചനകൾ ഉണ്ടാകുന്നത് അതുകൊണ്ടാണ്. സൃഷ്ടിപരമായ വേദനയോ പ്രതിസന്ധിയോ ആർക്കും തന്നെയില്ല. എല്ലാവരും എണ്ണയിട്ട് യന്ത്രം കണക്ക് രചനയ്ക്കായി  പ്രവർത്തിക്കുകയാണ് .മനസ് ഒരു സാങ്കല്പികമേഖലയായി. ഒരാൾ അനുഭവിക്കുന്നതല്ല ഇപ്പോൾ എഴുതുന്നത് ;അനുഭവിക്കുന്നതിനെക്കുറിച്ചുള്ള സങ്കല്പമാണ്.എത്ര വേണമെങ്കിലും കവിതകളോ കഥകളോ ഇങ്ങനെ എഴുതാം. ഒരു വാരികയിൽ വന്ന കഥയെ ആരെങ്കിലും വിമർശിച്ചാൽ അതിൻ്റെ ക്ഷീണം തീർക്കാൻ ആ വാരികയിൽ തന്നെ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ മറ്റൊരു കഥ പ്രസിദ്ധീകരിക്കുകയാണ്. എന്തെന്നാൽ, എത്ര കഥ വേണമെങ്കിലും എഴുതാനുള്ള മെറ്റീരിയൽ കഥാകൃത്തിന്റെ കൈയിലുണ്ട്.

അയാളെ ബാധിക്കുന്ന പ്രശ്നമൊന്നുമല്ല എഴുതുന്നത്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട് ,ഞാൻ അനുഭവിച്ചതാണ് എഴുതിയതെന്ന്. ഇപ്പോൾ എഴുത്തുകാർക്ക് നേരിട്ട് അനുഭവങ്ങളില്ല .മിക്കവാറും സുരക്ഷിതമായ ഇടങ്ങളിലാണ് ജോലി; അല്ലാത്തവർക്ക് കൈയിൽ കിട്ടിയ അനുഭവം എന്ന ഉരുപ്പടിയെ  വ്യാഖ്യാനിക്കാനറിയില്ല .അതിൽ നിന്ന്  കഥയെഴുതാനുള്ള പ്രചോദനം നേടാനാവുന്നില്ല.ശരിയായ പ്രചോദനം, മറ്റു പല പ്രലോഭനങ്ങളിൽപ്പെട്ട്, നഷ്ടപ്പെടുകയാണ് .അതിനെ വീണ്ടെടുക്കാൻ വായിച്ചിട്ടും പ്രയോജനമില്ല.വായിച്ചു എന്നു നടിക്കുന്നവർ യാന്ത്രികമായ രചനകളാണ് തരുന്നത്. ഒന്നും മനസ്സിലേക്ക് പ്രവേശിക്കാനാവാത്തവർക്ക് എന്തെങ്കിലും നമ്മെ സ്പർശിക്കുന്ന തരത്തിൽ എഴുതാനൊക്കുമോ?


ഒറിജിനൽ വേണ്ട ,ഡ്യൂപ്ളിക്കേറ്റു മതി 

സഹൃദയത്വം നഷ്ടപ്പെട്ടു കഴിഞ്ഞു.പാരഡിയോ മിമിക്രിയോ ആണ് ഇന്ന് ആസ്വദിക്കപ്പെടുന്നത്. യഥാർത്ഥമായതിനു മൂല്യം വേണ്ട; പാരഡിക്ക് മൂല്യമുണ്ട് എന്നതാണ് ഇപ്പോഴത്തെ ആചാരം .ആരെയെങ്കിലും  അനുകരിക്കാതെ ജീവിക്കാനൊക്കില്ല. പിതാവിനെ തല്ലുന്നവനു ,പിതാവിനെ അനുകരിച്ചാൽ പ്രശംസ കിട്ടും. അനുകരിക്കുന്നതോടെ കലയിലേക്ക് ഉയർത്തപ്പെടുകയാണ്.ഒറിജിനലുള്ളപ്പോൾ ഡ്യൂപ്ലിക്കേറ്റിന് വില കൂടുന്ന സാഹചര്യമാണ് സഹൃദയത്വം നഷ്ടപ്പെട്ടു എന്ന് പറയാൻ കാരണം.

ഒരു സാഹിത്യകൃതിയും ഇന്ന് ആസ്വദിക്കപ്പെടുന്നില്ല.സാഹിത്യകൃതികൾ ഇന്ന് മാനവരാശിക്ക് ഒരു വൈകാരിക ലോകത്തിൻ്റെ പുതുമ സമ്മാനിക്കുന്നില്ല. സ്വന്തം നിലയിൽ അനുഭവിക്കാത്ത കാര്യങ്ങൾ, യാതൊരു പ്രചോദനത്തിന്റെയും സമ്മർദ്ദത്താലല്ലാതെ ബാഹ്യപ്രേരണയിൽ (പ്രശസ്തി,പണം, പദവി)ഉന്മത്തരായി എഴുതുന്നതാണ് ഭൂരിപക്ഷം സാഹിത്യരചനകളും. ഇത് വായിക്കപ്പെടണമെന്ന് അത് എഴുതുന്നയാൾ പോലും ആഗ്രഹിക്കുന്നില്ല .അയാൾക്ക് പുസ്തകത്തിൻ്റെ കൂടുതൽ കോപ്പി വിറ്റാൽ മതി ,പുരസ്കാരങ്ങൾ കിട്ടിയാൽ മതി .ഒരു വായനക്കാരനെ കണ്ടെത്താൻ അയാൾ ശ്രമിക്കുക പോലുമില്ല. കണ്ടെത്തിയാൽ തന്നെ വായനക്കാരനെ ഉപചാരവാക്കുകൾ പറഞ്ഞ് ഒഴിവാക്കും. കാരണം, വായനക്കാരൻ ഒരു സ്ഥാപനമോ, പണാധിപത്യത്തിൻ്റെ ഹുങ്കോ ആയിരിക്കില്ലല്ലോ .നോവലിസ്റ്റ് വ്യവസായിയാവാൻ ശ്രമിക്കുമ്പോൾ വായനക്കാരൻ വെറും റീട്ടെയ്ൽ കടയിൽ സാധനങ്ങൾ വാങ്ങാൻ  വരുന്നവൻ മാത്രം.രചനകളെക്കുറിച്ച് വിമർശകരോ ,ആസ്വാദകരോ  ലേഖനങ്ങൾ എഴുതിയാൽ അത് എഴുത്തുകാരൻ വായിക്കുമെന്ന്  കരുതനാവില്ല .കാരണം ,അത് വായിച്ചതുകൊണ്ട് എഴുത്തുകാരന് യാതൊരു പ്രയോജനവുമില്ല .ഇത് ഭീകരമായ ഒരു സാഹചര്യമാണ്.

ബാർത്തിൻ്റെ സങ്കല്പം തകർന്നു

അഭിരുചി ,സഹൃദയത്വം, വൈകാരികക്ഷമത എന്നിവ നശിച്ച ഒരു കാലത്ത് നാം ആരെയാണ് പ്രതീക്ഷിക്കേണ്ടത്? എന്തിനാണ് എഴുതുന്നത്? ആർക്കുവേണ്ടി എഴുതുന്നു എന്ന് ഫ്രഞ്ച് സാഹിത്യകാരൻ സാർത്ര് ചോദിച്ചതുപോലെയല്ല ഇത്. അതിനേക്കാൾ സങ്കീർണ്ണമായ പ്രശ്നമാണ് .ക്ലാസിക് സാഹിത്യവിമർശകർ ഒരിക്കലും വായനക്കാരനെ ഗൗനിച്ചിട്ടില്ലെന്ന് ഫ്രഞ്ച് സാഹിത്യസൈദ്ധാന്തികനായ റൊളാങ് ബാർത്ത് (Roland Barth)പറയുന്നുണ്ട്(The death of the Author).അതിന് കാരണമായി അദ്ദേഹം പറയുന്നത് അന്നത്തെ വിമർശകൻ സാഹിത്യത്തിൽ എഴുത്തുകാരനെ മാത്രമാണ് പരിഗണിച്ചിരുന്നതെന്നാണ്. ഇത് തെറ്റാണെന്ന് വാദിച്ചുകൊണ്ട് ബാർത്ത് പറയുന്നത് ഇതാണ്:
"We know that to give writing it's future ,it is necessary to overthrow the myth: the birth of the reader must be at the cost of the death of the Author." എഴുത്തുകാരൻ മരിച്ചാലേ വായനക്കാരൻ ജനിക്കുകയുള്ളൂ എന്ന്.എഴുത്തുകാരനെ മറന്നുകൊണ്ട് പുസ്തകം വായിക്കണം. വായനക്കാരൻ ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചു കൊണ്ടാണ് ബാർത്ത് എഴുതുന്നത്. ഈ സങ്കല്പമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ഉത്തര- ഉത്തരാധുനിക കാലത്ത് എന്ത് എഴുതിയാലും, അത് ആരെയും വൈകാരികമായി ബാധിക്കില്ല. വായനക്കാർ കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയോടെയിരിക്കുകയാണ്. അവർക്ക് ഇനി വികാരം കൊള്ളാൻ ഒന്നും തന്നെയില്ല. തീവ്രമായി, അഗാധമായി സാഹിത്യചിന്തകളിലും അനുഭവങ്ങളിലും മുഴുകുന്ന ഒരാൾക്ക് വേണമെങ്കിൽ സ്വയം വികാരം കൊള്ളാം; മറ്റാരെയും പ്രതീക്ഷിക്കേണ്ട. ജഡസമാനമായ ഒരവസ്ഥയാണുള്ളത് .മൂല്യനിർണയം എന്ന മാന്ത്രികവടി ഉയർത്തുന്നില്ല. സത്യസന്ധമായി ജീവിതത്തോട് പ്രതികരിക്കുന്നവർ വേണ്ടേ? അതും ഉണ്ടാകുന്നില്ല .ബാർത്ത് പറഞ്ഞ ശിക്ഷണം നേടിയ വായനക്കാരൻ മരിച്ചു.കാരണം ,അഭിരുചിയില്ല;  ഭാവുകത്വമില്ല. വികാരങ്ങളുടെ അറിയപ്പെടാത്ത സ്പർശങ്ങൾ എവിടെയുമില്ല .പുതിയൊരു ഭാഷയില്ല; പറയാൻ പുതിയ കാര്യങ്ങളില്ല. ചങ്ങമ്പുഴയുടെ ഭാഷ അന്ന് കോരിത്തരിപ്പിച്ചെങ്കിൽ ഇപ്പോഴത് ആവർത്തനവിരസവും ജീർണവുമായി .മഞ്ഞണിഞ്ഞ, മഞ്ജുചന്ദ്രിക ,മന്ദം മന്ദം എന്നൊക്കെ എഴുതിയാൽ ഇപ്പോൾ അത് കളിയാക്കപ്പെടും. സകലരും ധാരാളിത്തത്തോടെ ചങ്ങമ്പുഴയുടെ ഭാഷ ഉപയോഗിച്ച് അതിൻ്റെ ഭംഗിയും വൈകാരികവിനിമയശേഷിയും നശിപ്പിച്ചു. ചങ്ങമ്പുഴ തൻ്റെ കാലത്തുണ്ടാക്കിയ വൈകാരിക പ്രതികരണങ്ങൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു .ആ ഭാവുകത്വം മരിച്ചു എന്നാണ് ഇതിന്റെ അർത്ഥം. ഇത് ചങ്ങമ്പുഴയുടെ മാത്രം കാര്യമല്ല. അതിനുശേഷം പുതിയ പ്രവണതകളുടെയെല്ലാം വൈകാരികമായ പരിശുദ്ധി ഇപ്പോൾ ഇല്ലാതായിരിക്കുന്നു.വസ്തുക്കളുടെ  ഡിജിറ്റൽ ഓവർഫ്ലോ എല്ലാ വികാരങ്ങളെയും സ്റ്റീരിയോ ടൈപ്പുകളാക്കിയിരിക്കയാണ്. സ്വയം കളിയാക്കി കൊണ്ടുള്ള അവതരണങ്ങൾക്ക്, വികാരപ്രകടനങ്ങൾക്ക് ഇപ്പോൾ വിലയില്ല .സാഹിത്യകലാരചയിതാക്കളേക്കാൾ മാധ്യമങ്ങളാണ് വികാരങ്ങളെ വ്യാജമായ പരിവേഷത്തോടെ വിൽക്കാൻ ശ്രമിക്കുന്നത്. മാധ്യമങ്ങൾ അപകടമരണങ്ങളും ദുരിതങ്ങളും ബോധപൂർവ്വം വികാരവിസ്ഫോടനമാക്കാൻ ശ്രമിക്കുന്നു. പത്രങ്ങളിലൂടെയും ചാനലുകളുടെയും ഇത് സ്ഥിരമായി ആവർത്തിക്കപ്പെടുന്നത് കൊണ്ട് അതിന് ഇപ്പോൾ പഴയ ആകർഷണമില്ല .

മോണാലിസയ്ക്ക് ഡാവിഞ്ചി അറിയാത്ത പാറ്റേൺ 

ഒരു ഉത്തര- ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ ഒറിജിനൽ ആവശ്യമേയില്ല .പൂർവ്വകാലത്തെ ഏത് കലാവസ്തുവും അനുകരിക്കാനുള്ളതാണ്. ഒരു സൃഷ്ടിയുടെ വിഭിന്നമായ അനേകം ഡിജിറ്റൽ പ്രിൻ്റുകൾ തയ്യാറാക്കാമെന്നിരിക്കെ, ഡാവിഞ്ചി പോലും അത്ഭുതപ്പെടുന്ന കാഴ്ചയാവും സംഭവിക്കുക .മോണാലിസിയുടെ എത്രയെത്ര വിഭിന്നതകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .വാൻഗോഗിൻ്റെ 'നക്ഷത്രാങ്കിതമായ രാത്രി'(Starry Night) പല നിറങ്ങളും പാറ്റേണുകളും കൂട്ടിച്ചേർത്ത് പുന:സൃഷ്ടിക്കുകയാണ്. ഏറ്റവും വിചിത്രമായ കാര്യം ,ഈ ഡ്യൂപ്ലിക്കേറ്റ് ഡിജിറ്റൽ പ്രിന്റുകൾക്കും ആവശ്യക്കാർ ഉണ്ടെന്നതാണ്. അതും ആസ്വദിക്കപ്പെടുന്നു. 'മോണാലിസ'യ്ക്ക് ഡാവിഞ്ചി വരയ്ക്കാത്ത അമ്പതോ അറുപതോ വ്യത്യസ്ത പാറ്റേണുകൾ സൃഷ്ടിക്കാൻ  സാധ്യമാണെന്ന് ഡിജിറ്റൽ ആർട്ടിസ്റ്റുകൾ തെളിയിച്ചിരിക്കുന്നു. ഡിജിറ്റൽ ക്രിയേറ്റേഴ്സ് എന്ന ഒരു പുതിയ വിഭാഗം തന്നെ ഉണ്ടായിരിക്കുന്നു .എന്തും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ മറ്റൊന്നായി, പുതുതായി മാറുന്നു. സോക്രട്ടീസിൻ്റെ  യൗവനകാലം സൃഷ്ടിക്കാൻ ഡിജിറ്റൽ ക്രിയേറ്റർക്ക് വളരെ എളുപ്പമാണ്. ഒരു ഡിജിറ്റൽ കലാവസ്തുവാണ് നമ്മൾ. നമ്മൾ അവിടെയാണ് നിലനിൽക്കുന്നത്. നമ്മുടെ ഭാവി അവിടെയാണ്. 

ഒരു ഡിജിറ്റൽ കലാവസ്തുവിനു മേന്മ കുറവാണെന്ന് പറയേണ്ടതില്ല. അത് ഒരു കലാകാരൻ കഷ്ടപ്പെട്ട് വരയ്ക്കുന്നതല്ല. അത് സാങ്കേതിക വിദ്യയിലൂടെ ജനിക്കുന്നതാണ്. അതിനും ഉപയോഗമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  ഉപയോഗിച്ച് പുതിയ പെയിൻ്റിംഗ്  നിർമ്മിച്ചെടുക്കാം. ആരും ബ്രഷ് എടുക്കുന്നില്ല, നിറം വാങ്ങി ഉപയോഗിക്കുന്നില്ല. സമയം ചെലവഴിക്കുന്നില്ല. ഒരു കലാകാരൻ്റെ അനുകരണം എന്നു പറയാവുന്ന ബുദ്ധിയാണത്. 

കലാകാരന് പകരം ഡിജിറ്റൽ 'ബുദ്ധി' നിലവിൽ വന്നിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ഒരു ഭാവുകത്വം എങ്ങനെയാണ് നിലനിൽക്കുന്നത്? ഡിജിറ്റൽ കല ആസ്വദിക്കാം; മറക്കുകയും ചെയ്യാം .ഡിജിറ്റൽ കലയ്ക്ക് ഒരു സൃഷ്ടികർത്താവില്ല. അത് ഉപഭോക്താവിന്  ആവശ്യത്തിനനുസരിച്ച് നിർമ്മിക്കാവുന്നതാണ്. അത് ബിസിനസ് മാത്രമാണ്. കലയും ബിസിനസും ചേരുകയാണ്. അവിടെ കലാകാരൻ ഇല്ലാതാവുന്നു. ഇതുപോലെയാണ് മറ്റു കലകളും. സാങ്കേതിക മികവോടെ നിർമ്മിക്കുന്ന സിനിമകളിൽ ദൃശ്യങ്ങളുടെ വേഗതയും രൂപപരിണാമങ്ങളും സംഗീതവും ശബ്ദവുമെല്ലാം സ്റ്റുഡിയോയിൽ സൃഷ്ടിക്കുന്നതാണ് .ഡിജിറ്റൽ കലാവിദഗ്‌ദ്ധൻ്റെ സഹായത്തോടെ ഒരു സ്റ്റുഡിയോയിൽ കടൽദൃശ്യങ്ങൾ ചിത്രീകരിക്കാം. കപ്പൽ കാണിക്കാം . യുദ്ധരംഗങ്ങൾ സൃഷ്ടിക്കാം .  അവിടെ ചലച്ചിത്രകാരൻ എന്ന ഒരാളില്ല. അടൂർ ഗോപാലകൃഷ്ണൻ 'സ്വയംവരം' സംവിധാനം ചെയ്യുന്നതുപോലെയുള്ള ഒരു കലാപ്രവർത്തനം അവിടെയില്ല. ഈ വ്യത്യാസം പ്രേക്ഷകൻ ശ്രദ്ധിക്കാത്ത കാലമാണിത്. അവൻ ഈ ഭാവുകത്വരഹിത യാന്ത്രികതയിൽ തൃപ്തി നേടിയിരിക്കുന്നു .


ഉത്തര- ഉത്തരാധുനികത- 13 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത -12 /എം.കെ.ഹരികുമാർ

 




  • നഗരം എല്ലാ വസ്തുക്കളെയും 
    പുനർനിർവ്വചിക്കുന്നു 



    ഉത്തരാധുനികത(Post Modernism)ചില അർത്ഥങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. മതം ,ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വലിയ ആഖ്യാനങ്ങളെ തങ്ങളുടേതായ രീതിയിൽ പൊളിച്ചെഴുതാനും പുനരാഖ്യാനം ചെയ്യാനുമാണ് ഉത്തരാധുനികർ ശ്രമിച്ചത്.  പരമ്പരാഗതമായി നാം ആശ്രയിക്കുന്ന ചില ഉരകല്ലുകളുണ്ട് ,സാമൂഹിക, സാംസ്കാരിക രംഗത്ത്.അത് പ്രബലമായിരുന്നു. മതത്തിൽ അനുശാസിക്കുന്നത്,ധർമ്മവ്യവസ്ഥകളിൽ പറഞ്ഞിട്ടുള്ളത് ഇന്നത്തെ മനുഷ്യരെയും സ്വാധീനിക്കുന്നു അല്ലെങ്കിൽ നിയന്ത്രിക്കുന്നു എന്ന ചിന്തയുടെ ഭാഗമാണത്.പുസ്തകങ്ങളാൽ നാം ചുറ്റപ്പെട്ടിരിക്കുകയാണല്ലോ. പുസ്തകത്തിൽ പറഞ്ഞതിനു പുറത്തേക്ക് പോകാൻ നിവൃത്തിയില്ല. നമുക്ക് സ്വപ്നം കാണണമെങ്കിൽ , അത് പുരാണങ്ങളിലോ സ്മൃതികളിലോ രേഖപ്പെടുത്തിയത് പോലെയാകണം. നമ്മുടെ ജീവിതത്തിൻ്റെ സ്വഭാവവും  ലക്ഷ്യവും മുൻപേ തന്നെ നിശ്ചയിക്കപ്പെട്ടതാണ്. അതിൻ്റെ ആശയങ്ങളും പൂർവ്വനിശ്ചിതമാണ്. അതുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അയാൾക്ക് പരമ്പരാഗതമായി ലഭിച്ച ആശയത്തിൻ്റെ തുണ്ടുകൾ ഉപയോഗിച്ചാൽ മതി; ആചാരങ്ങൾ തുടർന്നാൽ മതി .അയാൾ ഒരു കാവൽഭടനെ പോലെയാണ്. പലതും കാത്തുസൂക്ഷിക്കുന്ന ജോലിയാണ് അയാൾക്ക് .ആ ജോലി കഴിഞ്ഞാൽ അയാൾ നിഷ്ക്രമിക്കുകയാണ്. മറ്റൊരാൾ അവിടേക്ക് കടന്നുവരും. ഈ ചാക്രികമായ സഞ്ചാരത്തെ ഉത്തരാധുനികർ എതിർത്തു .അവർ സംശയത്തോടെ അതിനെ നേരിട്ടു. പലതും സ്വാനുഭവങ്ങളിലൂടെ വെളിപ്പെടേണ്ടതാണെന്നു അവർ താത്വികമായി പറഞ്ഞു. സ്വന്തം മാർഗ്ഗം പ്രധാനമാണ് .മറ്റൊരാളുടെ വഴിയേ പോകുന്നവരെല്ലാം പരമ്പരാഗതവാദികളാണ്. 

    സഞ്ചാരിയുടെ കാഴ്ചകൾ 

    സ്വന്തം വഴിവെട്ടുന്നവർ കലാപമാണ് തുടങ്ങിവയ്ക്കുന്നത്. തനിക്ക് പോകേണ്ടത് എങ്ങോട്ടാണെന്നു അറിയാം, അതിനു പുതിയൊരു വഴി വേണം. ആ വഴിയിൽ താൻ ആരുടെയും ഉപദേശം കേൾക്കുകയില്ല. തന്റെ ലക്ഷ്യത്തിനായി താൻ സഞ്ചരിക്കുകയാണ്. ഇതായിരുന്നു ഉത്തരാധുനികർ സ്വീകരിച്ച പാത . അവർ അതിനായി വികസിപ്പിച്ചതാണ് ആത്മപരിശോധന (self reference). ഒരാൾ ചുവരിൽ വരയ്ക്കുന്ന ചിത്രം എന്നു പറഞ്ഞാൽ നമുക്ക് ഊഹിക്കാനാവും .എന്നാൽ ചുമരിൽ അയാൾ വരച്ചു കൊണ്ടിരിക്കുന്നതിൻ്റെ ചിത്രം അയാൾ തന്നെ വരച്ചാലോ?അത് self reference ആണ്. സാഹിത്യത്തിൽ 'ഞാൻ' എന്ന വ്യക്തിഗതമായ പരാമർശത്തോടെ ആരംഭിക്കുന്ന കൃതികളിലെല്ലാം ഈ റഫറൻസുണ്ട്. താൻ ഈ ലോകത്തെ കാണുന്നത് എങ്ങനെയെന്നു അന്വേഷിക്കുകയാണ് .അതിൽ സത്യസന്ധതയുടെ ഒരു തലമുണ്ടെന്നു വായനക്കാർക്ക് തോന്നാം. ചിലപ്പോൾ 'ഞാൻ' എന്ന് പറയുന്നത് തന്നെ വ്യാജമായിരിക്കാം. അത് ഒരു കളിയാക്കലാണ്. സ്വന്തം ജീവിതത്തിലെ സത്യസന്ധതപോലും വിൽക്കാൻ വയ്ക്കുകയാണ്. സത്യത്തോടു കൂറില്ലെങ്കിൽ ,സത്യത്തോട് വിശ്വാസമില്ലെങ്കിൽ പിന്നെന്തിന്  സത്യത്തിന്റെ പ്രതിപുരുഷനാകണം? അതുകൊണ്ട് പരമമായ സത്യത്തിനു പകരം വ്യാജസത്യവും കടന്നു വരുന്നു.ഉത്തരാധുനികതയുടെ ഈ കലാപമല്ല ഉത്തര-ഉത്തരാധുനികതയിലുള്ളത്. ഉത്തര- ഉത്തരാധുനികതയിൽ ഈ കലാപമെല്ലാം റദ്ദ് ചെയ്യപ്പെട്ടിരിക്കയാണ്. അവിടെ യാതൊന്നിനും ആധികാരികതയില്ലെന്നു സ്ഥാപിക്കപ്പെടുകയാണ്. വ്യക്തിക്ക് സ്വത്വമില്ല എന്നു വ്യക്തമാക്കപ്പെടുകയാണ്. ഒരാൾ എല്ലാകാലത്തും ഒരേ മാനസികാവസ്ഥ, ഒരേ അടയാളം ,ഒരേ വംശീയ സ്വഭാവം ,ഒരേ ജോലി, ഒരേ സാംസ്കാരിക പരിപ്രേക്ഷ്യം ചുമക്കുന്നില്ല.വ്യക്തി അവൻ്റെ സാഹചര്യമോ സമ്മർദ്ദമോ ഇഷ്ടമോ അനുസരിച്ച് ഓരോ നിമിഷത്തിലും ഉണ്ടായിത്തീരുന്നവനാണ്. അവനു നിയതമായ ഒരു സ്വഭാവമോ ലക്ഷ്യമോ  ഇല്ല. അവൻ ഏത് വഴിക്കും സഞ്ചരിക്കാം. സഞ്ചാരത്തിൽ അവൻ കാണുന്നതാണ് കല.അവൻ പ്രേമിക്കുന്നു ,എന്നാൽ പ്രേമം നഷ്ടപ്പെട്ടുവെന്നു തോന്നിയാൽ കാമുകിയെ വെട്ടിക്കൊല്ലും. അവൻ ജനിച്ചുവീണ ഗ്രാമത്തിൽ തന്നെ കഴിയുന്നവനല്ല.പത്തൊൻപതാം  നൂറ്റാണ്ടിലെ ഫ്യൂഡൽ ഗ്രാമം പോലെയല്ല അത്; അവൻ ലോകത്തെ ഒന്നായി കാണുകയാണ് ,ഭൗതികമായ താത്പര്യങ്ങളുടെ പേരിൽ .സ്വന്തം നാടു വിട്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഓസ്ട്രേലിയയിലേക്കോ കുടിയേറുക മാത്രമല്ല, അവിടെ സ്ഥിരമായി താമസിക്കുകയാണ്. അവൻ ജനിച്ചു വളർന്ന കാലത്തെ യജമാനന്മാരോ  നേതാക്കളോ ആരും തന്നെ അവനെ പിന്നീട് നിയന്ത്രിക്കുന്നില്ല. അവൻ വന്യമായി സ്വപ്നം കാണുകയാണ്. അവൻ സഞ്ചാരിയാണ് .തൊഴിലിൽപോലും അവൻ സ്ഥിരമായി നിൽക്കുന്നില്ല. തൊഴിൽ ഒരു ചവിട്ടുപടിയാണ്. തൊഴിലാണ് മനുഷ്യനെ നിർവ്വചിക്കുന്നതെന്ന പഴയ സിദ്ധാന്തമൊക്കെ അപ്രസക്തമായി. മനുഷ്യൻ തൊഴിൽ കണ്ടുപിടിക്കുകയാണ് .തൊഴിലാളി എന്ന സങ്കല്പത്തിനു ഉൾക്കൊള്ളാനാവാത്ത വിധം  സാങ്കേതിക വിദഗ്ദ്ധൻ എന്ന മാനം രൂപപ്പെട്ടിരിക്കുന്നു.

    തൊഴിലാളിയേക്കാൾ ബൃഹത്തായ തൊഴിൽ പ്രതിഛായ 

    ഓപ്പൺ എ.ഐ യുടെ പുതിയ കണ്ടുപിടിത്തങ്ങൾ ജീവിതത്തെ കുറെക്കൂടി ദൈവികമാക്കുന്നു. ഏത്  വിഭവവും നൊടിയിടയിൽ തരാൻ നിങ്ങളുടെ ഫേസ്ബുക്ക് പേജിൻ്റെ മുകളിൽ ഓപ്പൺ എ ഐ റെഡിയാണ്.ഓപ്പൺ എ ഐ യുടെ പുതിയ പതിപ്പുകൾ വികസിപ്പിക്കുന്നവർ തൊഴിലാളികളല്ല; അവർ തൊഴിൽ കണ്ടുപിടിക്കുകയും അതോടൊപ്പം ജോലി ചെയ്യുകയുമാണ്. തൊഴിലിൻ്റെ സമയപരിമിതിയും ഇപ്പോഴില്ല. രാവിലെ പത്തു മുതൽ അഞ്ചു വരെ എന്ന തൊഴിൽ സങ്കൽപമല്ല ഇപ്പോഴുള്ളത്. തൊഴിലിനു അവസാനമില്ല .ടെലിവിഷൻ ചാനലുകൾ ,സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ,ഇൻറർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ അടച്ചിടുന്നില്ല. അവ എപ്പോഴും പ്രവർത്തിക്കുകയാണ്. തൊഴിലാളിയേക്കാൾ വലിയ  ലോകമാണ് തൊഴിലിനുള്ളത്. തൊഴിലാളിയുടെ ജീവിതത്തേക്കാൾ ബൃഹത്തായ തൊഴിൽ പ്രതിഛായയാണുള്ളത്.അഞ്ചു വർഷം നീണ്ടു നിൽക്കുന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന ഒരു നടനു താൻ അഭിനയിച്ച രംഗങ്ങൾ പിന്നീട് കാണാൻ അവസരമില്ല .അത് കാണാൻ പോയാൽ അവൻ്റെ തൊഴിൽ മുടങ്ങും .അവനു അത് കാണേണ്ട ആവശ്യം തന്നെയില്ല. 

    വ്യക്തികളിൽ പല സംസ്കാരങ്ങൾ 

    ഒരു ആൻഡ്രോയിഡ് സിസ്റ്റമായ ഇൻസ്റ്റഗ്രാം ദശലക്ഷക്കണക്കിനു വീഡിയോകളും ഫോട്ടോകളുമാണ് ഒരു നിമിഷത്തിൽ സ്വീകരിക്കുന്നത്. അത്  പ്രവർത്തിപ്പിക്കാൻ ഇരുപത്തിനാലു മണിക്കൂർ തൊഴിലാളി സേവനം വേണ്ട. അത് ഓട്ടോമാറ്റിക്കായി വിവരങ്ങൾ സ്വീകരിക്കുന്നു, ആപ്പിന്റെ സഹായത്തോടെ. നിങ്ങളുടെ പ്രൊഫൈൽ പേജ് മുമ്പ് കാണുകയോ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വിഷയങ്ങളുമായി താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടുള്ളവർക്ക് നിങ്ങളുടെ പോസ്റ്റുകൾ എത്തിച്ചുകൊടുക്കാൻ ഇൻസ്റ്റഗ്രാമിനു തൊഴിലാളിയെ വേണ്ട. എ.ഐ സേവനങ്ങളിലും പ്രത്യക്ഷ തൊഴിലാളിയെ വേണ്ട. ഇത് പുതിയൊരു പരിപ്രേക്ഷ്യമാണ്. അതു കൊണ്ട് വ്യക്തിയെ പഴയ രീതിയിൽ ഒരു സമ്പൂർണ്ണ ഉദ്ദേശലക്ഷ്യ പാക്കേജായി കരുതേണ്ടതില്ല.

    വ്യക്തികൾ ഒരു സംസ്കാരത്തെയല്ല , പല സംസ്കാരങ്ങളെ കൊണ്ടു നടക്കുകയാണ്. ഉത്തരാധുനികത വിവിധ ദേശങ്ങളിലെ സംസ്കാരങ്ങളെയും ശബ്ദങ്ങളെയും പരിഗണിക്കാൻ ഉപയോഗിച്ച ബഹുസ്വരത എന്ന ആശയമല്ലിത് .ഇത് ഒരാളിൽ തന്നെയുള്ള വിവിധ തരം ഉപകരണങ്ങളുടെ സാന്നിധ്യമാണ് ഉദ്ദേശിക്കുന്നത്. ഒരാളിൽ പല കാലങ്ങളും സംസ്കാരങ്ങളും ജീവിച്ചിരിക്കുന്നു;ആവശ്യത്തിനു അനുസരിച്ച് ഓരോന്നു പുറത്തുവരുന്നു എന്നേയുള്ളൂ .ഒരാളിൽ ക്ലാസിസവും നവാധുനികതയുമുണ്ട്. ഒരാളിൽ പുരാതനരംഗകലയും നവീന കലയുമുണ്ട് .എല്ലാത്തിനും ഇടം കൊടുക്കുകയാണ് ആധുനിക വ്യക്തി ചെയ്യുന്നത്. ഒരു വലിയ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിൽ ഓലമേഞ്ഞ കുടിലുകൾ കെട്ടിവച്ച് അതിൽ അറുപതുകളിലെ സിനിമാപോസ്റ്റർ ഒട്ടിച്ച്, പഴക്കുലയും തൂക്കി ചായ വിൽക്കുന്നത് കാലങ്ങളുടെ സംഗമമാണ് ,സംസ്കാരങ്ങളുടെ സംഗമമാണ്. ഇവിടെ രണ്ടു കാലങ്ങളെ യോജിപ്പിക്കാനുള്ള ഇടമാണ് വേണ്ടത്.
    ഇതിനെയാണ് ഫ്രഞ്ച് കലാസൈദ്ധാന്തികൻ നിക്കോളാസ് ബോറിയ Alter modernism എന്നു വിളിച്ചത്."A Movement connected to the creolisation of cultures and the fight for autonomy ,but also the possibility of producing singularities in a more and more standardised world" - ബോറിയ എഴുതി.

    കലാകാരൻ ,ഇതേപോലെയാണ് ഇന്നു പെരുമാറുന്നത്. അവനു നാട്ടതിർത്തികളോ ദേശാതിർത്തികളോ നോക്കിയിരിക്കാനാവില്ല .അവൻ കാലത്തിൽ സ്വതന്ത്രമായി പറക്കുന്നു. അവനു ഏത് ദേശത്തെയും സാംസ്കാരിക രൂപങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. ഇപ്പോഴും നമ്മുടെ സങ്കല്പം മാറിയിട്ടില്ലെന്ന് ഓർക്കണം. തനി കേരളീയ കവിതകളും നാടകങ്ങളും നോക്കിയിരിക്കുകയാണല്ലോ നമ്മൾ. കേരളീയ പശ്ചാത്തലത്തിൽ എഴുതിയില്ലെങ്കിൽ നല്ല നോവലാവുകയില്ല എന്നു വിധിക്കരുത്. എല്ലാം നമ്മുടെ പശ്ചാത്തലമാണ്. നാളെ ബഹിരാകാശ സഞ്ചാരികൾക്കിടയിലെ പ്രണയത്തെപ്പറ്റി നോവലുകളുണ്ടാവാം.  അപ്പോൾ പറയുമോ ,ഈ ഭൂമിയുടെ പ്രശ്നങ്ങൾ എഴുതാത്തതുകൊണ്ട് നോവൽ നന്നായില്ല എന്ന്?

    മുൻപേ നിശ്ചയിക്കപ്പെട്ട മൂല്യമില്ല 

    നമുക്ക് ഏത് സംസ്കാരത്തിലെയും കാലത്തിലെയും ചിഹ്നങ്ങളും സംഭവങ്ങളും ഉദാഹരിക്കാം. നമ്മൾ മൊബൈൽ ഫോൺ തുറന്നു വായിക്കുന്നത് ,സന്ദേശം അയയ്ക്കുന്നത്, ആസ്വദിക്കുന്നത്, കാണുന്നത് സ്വന്തം നാട്ടിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണോ? നാം ഈ ഉത്തര- ഉത്തരാധുനിക കാലത്തിൽ   മുന്നറിയിപ്പൊന്നുമില്ലാതെ തന്നെ ആഗോള വിനിമയത്തിലേക്ക് എടുത്തറിയപ്പെട്ടിരിക്കുകയാണ്. ഫേസ്ബുക്ക് മെസഞ്ചറിൽ നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരിയുടെ ബ്ലോഗ് ലിങ്കിൽ സമകാലിക പ്രശ്നങ്ങളും ദർശനിക വിഷയങ്ങളും ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമുള്ള ആ വ്യക്തികളുമായി നമുക്ക് ആ ചാറ്റ് റൂമിൽ ആശയങ്ങൾ പങ്കുവയ്ക്കാം. നമ്മുടെ മുന്നിൽ മിഥ്യകളല്ല ,യാഥാർത്ഥ്യങ്ങളാണുള്ളത്.ബോറിയ എഴുതുന്നു: "Art likewise ,is no longer seeking to represent utopias ;rather ,it is attempting to construct concrete spaces."

    കലയുടെ പഴയ കാലത്തെ പ്രദർശന മൂല്യം സ്ഥിരമായിരിക്കുന്നതാണ് .ഒരു രൂപം എന്നാണോ സൃഷ്ടിക്കപ്പെട്ടത് അതിൻ്റെ പ്രദർശനമൂല്യം ആ കാലത്തെ മാത്രം പ്രതിനിധീകരിക്കുകയാണ്. ഇറ്റാലിയൻ പെയിൻ്റർ റാഫേലിൻ്റെ ഒരു ഛായാചിത്രം പതിനാറാം നൂറ്റാണ്ടിലെ കല എന്ന നിലയിലാണ്  മനസ്സിലാക്കുന്നത്.ആ ചിത്രത്തിനുള്ള ഇടം വളരെ നിശ്ചിതമാണ്. ആ ചിത്രത്തിനു നമ്മുടെ കാലത്ത് പ്രവേശനം നേടാനാവില്ല .അത് പഴയകാലത്തിൽ ബന്ധിതമാണ്‌ . എന്നാൽ ഇന്നു കലാകാരൻ തൻ്റെ കാലത്തിനകത്ത് കൃത്യമായി ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ സാർവകാലികതയ്ക്കും  സാർവലൗകികതയ്ക്കും വേണ്ടി പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയാണ്. ബോറിയയുടെ അഭിപ്രായത്തിൽ ,ഒരു കലാസൃഷ്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പദവി ഒരു exchange circuit  ലേക്ക് ഉയർത്തപ്പെടുമ്പോഴാണ്.ഇത് സാമൂഹികമായ തലത്തിലേക്ക് മാറ്റപ്പെടുന്ന പ്രക്രിയയാണ്. അതോടുകൂടി ആ കലാസൃഷ്ടിക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഉപയോഗമില്ല; മറിച്ച് വിനിമയമൂല്യമാണുള്ളത്. ഒരു കലാസൃഷ്ടിക്ക് വളരെ മുന്നേ തന്നെ നിശ്ചയിക്കപ്പെട്ട ഉപയോഗമില്ല എന്നു പറഞ്ഞാൽ അതിനു സാമൂഹ്യ സാംഗത്യമില്ല എന്നല്ല അർത്ഥം. കലാസൃഷ്ടിക്ക് അനന്തമായ സാദ്ധ്യതകളാണുള്ളത്. അത് ഏത് സാഹചര്യത്തിൽ ,എവിടെ പ്രതിഷ്ഠിക്കുന്നു എന്നത് പ്രധാനമാണ്.

    കഥകളി ചിട്ടയായി പഠിച്ചു ചെയ്യേണ്ട ഒരു കലാരൂപമാണ്. കഥകളി നടൻ്റെ അഭിനയസാമർത്ഥ്യം പ്രശംസിക്കപ്പെടുന്നത് സ്വാഭാവികമാണ്. കഥകളി ആസ്വദിക്കാനറിയുന്നവരാണ് ഒരു കാലത്ത് കളി കാണാൻ രാത്രി ഉറക്കമൊഴിച്ച് അരങ്ങിനു താഴെ കാത്തിരുന്നത്. എന്നാൽ ഒരു കഥകളി കലാകാരനെ വേഷം കെട്ടിച്ച് സംഗീതവും വാദ്യവുമായി നഗരത്തിലെ ഒരു ഐടി പാർക്കിന് മുന്നിൽ നിർത്തുകയാണെങ്കിലോ, ഉദ്ഘാടന ദിവസം? അത് സമ്മിശ്രമായ വികാരങ്ങളായിരിക്കും സൃഷ്ടിക്കുക . അവിടെ ഒരു മുഴുനീള കഥകളി ഉണ്ടാവില്ലല്ലോ. കഥകളി എന്ന കലാരൂപത്തിന്റെ പ്രതിപാദ്യത്തെ സൂചിപ്പിക്കാനും ധ്വനിപ്പിക്കാനും കഴിയും. ഇതുതന്നെ നഗരങ്ങളിലെ ഒഴുകുന്ന ജനത്തിനു പുതുമയാണ്. അവർ ആ കലാകാരനെ നോക്കാതെ പോവില്ല. അവർ നഗരത്തിൽ ആ വേഷം പ്രതീക്ഷിക്കുന്നില്ലല്ലോ. ആ  വൈരുദ്ധ്യമാണ് ഇന്നത്തെ നഗര കേന്ദ്രീകൃതമായ കലാവസ്തുക്കളെ ആകർഷകമാക്കുന്നത്. കെട്ടിടങ്ങളും അതിനോടു ചേർന്ന കലാവസ്തുക്കളും  ഇൻസ്റ്റലേഷനായി കാണുകയാണ് നല്ലത്. 

    ഐടി പാർക്കിനു മുന്നിൽ കഥകളി 

    ഐടി പാർക്കും കഥകളിയും തമ്മിൽ ഒരു ബന്ധവുമില്ല .എന്നാൽ അവിടെ കൂടുന്നവർക്കെല്ലാം കഥകളിയുടെ വാദ്യസംഗീതവും കലാനുഭവവും അത് വാഗ്ദാനം ചെയ്യുന്നു .അവരെ പ്രലോഭിപ്പിക്കുകയാണ് ,ഏതോ പുരാതന കളിയിടത്തിലേക്ക് . നഗരത്തിലെ പ്രേക്ഷകനു അത് പരിചിതമല്ല. അവൻ കൗതുകത്തോടെയാവും അതിനെ വീക്ഷിക്കുക. കഥകളി കലാകാരനു അവിടെ പ്രത്യേക സാംഗ്യത്യമോ അർത്ഥമോ ഇല്ല. അതേസമയം ആ സംഘത്തിൻ്റെ സാന്നിധ്യം ആ അന്തരീക്ഷത്തെയും കലാപരമാക്കുന്നു. യഥാർത്ഥ്യത്തെ നേർപ്പിച്ചെടുക്കുന്നു. ഇവിടെ അർത്ഥം അന്വേഷിക്കുന്നത് വ്യർത്ഥമാണ്. ഒരു പൂർണ്ണ കഥകളിയുടെ രസാത്മകത അവിടെയില്ല. അതുകൊണ്ടുതന്നെ കഥകളിയിൽ നിന്നു 'കഥ' എടുത്തു മാറ്റപ്പെടുകയാണ്.

    അർത്ഥത്തെ നശിപ്പിക്കുകയാണ് ഈ കാലം ലക്ഷ്യം വയ്ക്കുന്നത്. അർത്ഥരാഹിത്യത്തിൻ്റെ വിഭിന്നമായ ആവിർഭാവങ്ങളുണ്ട്. ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ചിന്തിച്ച ജെഫ്രി ടി നീലോൺ (Jeffrey T Nealon)പറയുന്നത് ഈ കാലത്തിലെ  വസ്തുക്കൾക്കും അനുഭവങ്ങൾക്കും അവസാനമില്ലെന്നാണ് (Never ending end of everything).അന്തിമമായി വസ്തുവിന്റെ ഉപയോഗവും മൂല്യവും പലയിടങ്ങളിൽ പലതാണ് .ഒരു വസ്തുവിന്റെ മൂല്യം അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിൻ്റെ  മുൻകൂട്ടിയുള്ള സങ്കല്പം നോക്കേണ്ടതില്ല. ഒരു ക്രിക്കറ്റ് ബോളിന്റെ ഉപയോഗം നമുക്കറിയാം.  നഗരത്തിലെ ഒരു പുതുതലമുറ റസ്റ്റോറന്റിലെ ടേബിളിൽ ഒരു ക്രിക്കറ്റ് ബോൾ ഭംഗിയായി അലങ്കരിച്ചു വച്ചിരിക്കുകയാണെങ്കിലോ? അതിനു അപ്പോൾ വേറൊരു മൂല്യമാണ് ഉണ്ടാവുക. അത് ഒരു കാഴ്ചവസ്തുവായി പ്രാധാന്യം നേടുന്നു .വസ്തുവിന്റെ നിർമ്മാണ സമയത്തുള്ള മൂല്യമല്ല അതിനു പിന്നീട് ലഭിക്കുന്നത്.നഗരം എല്ലാ വസ്തുക്കളെയും പുനർനിർവ്വചിക്കുകയാണ് .കുട്ടികളുടെ  പാവകൾ എവിടെവയ്ക്കുന്നുവോ അതിനനുസരിച്ച് അവയുടെ മൂല്യം മാറുന്നു.സ്വീകരണമുറിയിലെ പാവ ഒരു സുഹൃത്തായി മാറുകയാണ് .കാറിൻ്റെ പിറകിലെ സീറ്റിനടുത്ത് പിറകിലോട്ട് തിരിച്ചുവച്ചിരിക്കുന്ന പാവ കുട്ടികളുടെ കളിപ്പാട്ടമല്ലാതാവുന്നു. അത് മുതിർന്നവരെയും ആകർഷിക്കുന്നു.

    സാംസ്കാരിക ചിഹ്നം എന്ന നിലയിലാണ് ഇന്നു വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ ,ഡിസൈനുകൾ, കലാരൂപങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നത്. വിവിധ കാലങ്ങളിലെ ചിഹ്നങ്ങൾ ഉപയോഗിച്ച് ഒരു രസതന്ത്രം സൃഷ്ടിക്കുന്നിടത്താണ് ഇന്നത്തെ കലാകാരൻ ശ്രദ്ധിക്കേണ്ടത്.  അതിർത്തികൾ ഭേദിക്കാനുള്ളതാണ്. ഒരു കലാരൂപത്തിന്റെയും അതിരുകളിൽ ഒതുങ്ങുകയല്ല വേണ്ടത്. വിവിധങ്ങളായ ദൃശ്യങ്ങളെ, വസ്തുക്കളെ എങ്ങനെ ഉചിതമായി സമ്മേളിപ്പിച്ച് നമ്മുടേതായ സൗന്ദര്യം, ദൃശ്യമാനം സൃഷ്ടിക്കാമെന്നാണ് ഇന്നത്തെ എഴുത്തുകാർ ആലോചിക്കേണ്ടത്.

    അമേരിക്കൻ എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്സ് (George Saunders) എഴുതിയ (Lincoln in the Bardo)എന്ന നോവൽ ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ് .ഈ നോവലിലെ ശ്രദ്ധേയമായ ആഖ്യാനം ബാർദോയെക്കുറിച്ചുള്ളതാണ്. മരണത്തിനും പുനർജന്മത്തിനും ഇടയിലുള്ള ഒരു സാങ്കല്പിക ഇടമാണത്. ഒരു കൂട്ടം ബുദ്ധമതവിശ്വാസികൾ അങ്ങനെ കരുതുന്നുണ്ട് .ബുദ്ധന്റെ സമാധിക്കുശേഷമാണ് ഇങ്ങനെയൊരു ആശയം ഉയർന്നുവന്നതെന്നു കരുതുന്നു. ഒരാളുടെ മരണത്തിനു ശേഷം അയാൾ ബാർദോയിൽ തങ്ങുകയാണ്. അതിനുശേഷമാണത്രേ  പുനർജന്മത്തിലേക്ക് പോകുന്നത്. സോണ്ടേഴ്സിൻ്റെ നോവലിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ മകൻ വില്യമിൻ്റെ മരണമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. വില്യമിനെ ബാർദോയിൽ കണ്ടുമുട്ടുകയാണ്.ബുദ്ധമതത്തെയും ബാർദോയെയും ലിങ്കണുമായി ബന്ധിപ്പിക്കുന്ന ഈ നോവൽ മരണത്തിനു പുതിയ സൗന്ദര്യം നൽകുകയാണ്. ചരിത്രത്തെ കലയാക്കുകയാണ്.


ഉത്തര- ഉത്തരാധുനികത - 11 /എം.കെ.ഹരികുമാർ





ഉത്തരസത്യം,
ഭീകരസത്യം, 
ഭ്രമാത്മകസത്യം


സൂര്യൻ കിഴക്കുദിക്കുന്നു എന്ന് പറഞ്ഞാൽ സത്യമാണ്. ഇത് കവികളോ സാഹിത്യകാരന്മാരോ ശാസ്ത്രജ്ഞന്മാരോ വീണ്ടും പറഞ്ഞുറപ്പിക്കേണ്ടതില്ല. എല്ലാവർക്കും അറിയാവുന്ന കുറെ സത്യങ്ങളുണ്ട് .അതൊക്കെ ശാശ്വതമായി കണക്കാക്കപ്പെടുന്നു. അതിനു മാറ്റമില്ല. അതിനെ  മനുഷ്യർക്ക് മാറ്റിമറിക്കാനാവില്ല .ഈ സത്യങ്ങൾ മരിക്കാതിരിക്കുന്നത് കൊണ്ട് മനുഷ്യർക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ കലാകാരന്മാർ ഇതിനെയും ചോദ്യം ചെയ്യും .ഈ സത്യങ്ങളിൽ അവർ ഭാവന കലർത്തും. കറുത്ത സൂര്യൻ എന്ന് ഭാവന ചെയ്യാൻ സ്വാതന്ത്യമുണ്ടല്ലോ. 

ഈ ഉത്തര -ഉത്തരാധുനിക ഡിജിറ്റൽ കാലം, സത്യത്തിൽ വിശ്വസിക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്ന പ്രവൃത്തികളിലും ചിന്തകളിലുമാണ് ഇടപെടുന്നത്. മനുഷ്യനു അവന്റെ കിറുക്കു പിടിച്ച മനസ്സുകൊണ്ട് ഭാവനയിൽ ഒരു വ്യാജജീവിതം ജീവിക്കാൻ അത് സഹായം ചെയ്യുന്നുണ്ട്. ഒന്നിലധികം സത്യങ്ങൾ എന്ന ആശയം  കഴിഞ്ഞനൂറ്റാണ്ടിൽ കലാകാരന്മാർ ഉയർത്തിക്കൊണ്ടുവന്നതാണ്. ഒരു വസ്തുവിനെ പലരീതിയിൽ നോക്കാം. വൈകാരികമായി നോക്കാം. മനസ്സിൽ പതിക്കുന്ന ബിംബങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. ഇംപ്രഷണിസ്റ്റിക് ചിത്രങ്ങൾ ഈ ധാരണയിൽ നിന്നുണ്ടാകുന്നതാണ്. വസ്തുവിൻ്റെ പ്രകൃതിയല്ല ,അത് അനുവാചകനിലുണ്ടാക്കുന്ന ആന്തരിക ചിത്രമാണ് സത്യമെന്ന് അവർ വാദിച്ചു.റെന്വെ, മാറ്റിസ് തുടങ്ങിയ ഫ്രഞ്ച് ചിത്രകാരന്മാരുടെ രചനകൾ അത് സൂചിപ്പിക്കുന്നുണ്ട് .

ഓരോരുത്തർക്കും അവരവരുടെ സത്യമുണ്ടെന്ന് ആധുനികതയുടെ കാലത്ത് തന്നെ ചിന്തിച്ചിരുന്നു. ഒരു വിഷയത്തെ, വസ്തുവിനെ പല കോണുകളിൽ നിന്ന് നോക്കാമല്ലോ. അറിവ് സത്യമാകുന്നത് അങ്ങനെയാണ്. ഒരാൾ നമ്മളിലേൽപ്പിക്കുന്ന വൈകാരിക ക്ഷമതയുടെ ആകെത്തുകയാണ് അയാളെക്കുറിച്ചുള്ള അറിവ്. അത് താൽക്കാലികമായി സത്യമാണ്. പുതിയൊരു ധാരണ രൂപപ്പെടുന്നത് വരെ .എന്നാൽ ഉത്തര- ഉത്തരാധുനിക കാലത്ത് സത്യം എന്ന ശാശ്വതത്വമില്ല. അല്ലെങ്കിൽ ശാശ്വതം എന്ന സങ്കൽപ്പത്തിന് നിരക്കാത്ത പല സത്യങ്ങളും നിർമ്മിക്കപ്പെടുന്നു, സ്ഥാപിക്കപ്പെടുന്നു, പ്രചരിപ്പിക്കപ്പെടുന്നു.

കൂടുതൽ പേർ എവിടെയാണോ അവിടെ 

മനുഷ്യൻ തന്നെ അതിന്റെ നിർമ്മാതാവും വാഹകനും ഉപകരണവുമാകുന്നു. സത്യത്തിനു വേണ്ടി മരിക്കാൻ ആരും തയ്യാറല്ല. തങ്ങൾക്ക് അനുകൂലമായ സത്യമില്ലെങ്കിൽ മറ്റൊന്ന് നിർമ്മിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതാണ് Post Truth (ഉത്തരസത്യം) കാലത്തിൻ്റെ പ്രത്യേകത. ശരിയായ വസ്തുത ഏതാണ്? ഏറ്റവും കൂടുതൽ പേർ ശക്തിയോടെ പ്രചരിപ്പിക്കുന്നതാണ് സത്യമെന്ന് സ്ഥാപിക്കപ്പെടുന്നു. സത്യത്തിന് പ്രകൃതിയിൽ ഒരു ആധികാരികതയുമില്ല. അത് മനുഷ്യരുടെ രാഷ്ട്രീയത്തിനും മതത്തിനും വേണ്ടിയുള്ളതാണ് .സത്യത്തെ വ്യക്തികൾ അവരുടെ സൗകര്യത്തിനനുസരിച്ച് നിർമ്മിച്ചെടുക്കുന്നു. പരസ്യങ്ങൾ, ടിവി ചർച്ചകൾ, രാഷ്ട്രീയ ആശയ പ്രചാരണങ്ങൾ തുടങ്ങിയവയെല്ലാം ഇന്ന് ഉത്തരസത്യത്തിന്റെ ഇടങ്ങളായി മാറിയിരിക്കുന്നു .സമൂഹമാധ്യമങ്ങളിലും ഇത് പ്രകടമാണ് .ഒരു വസ്തുതയുടെ മൂല്യമോ അതിന്റെ പ്രത്യാഘാതമോ വിലയിരുത്തുന്നവർ വിരളമായിരിക്കും. കൂടുതൽ പേർ എന്തിനെ പിന്തുണയ്ക്കുന്നുവോ അതിനു പിന്നിൽ അണിനിരക്കുന്നതാണ് ഉത്തമമെന്ന് കരുതുന്നവരുണ്ട്. ഫേസ്ബുക്കിൽ അതാണ് തെളിയുന്നത്. പണം കൊടുത്ത് ഏജൻസിയെ വച്ച് പോസ്റ്റുകൾക്ക് ലൈക്കും ഷെയറും വാങ്ങുന്നവർ ഉണ്ടാകാം. മെരിറ്റിൻ്റെ  അടിസ്ഥാനത്തിൽ ഒരാൾ പോസ്റ്റിട്ടാൽ  അത് ലൈക് ചെയ്യാൻ ഭൂരിപക്ഷവും മടിക്കുന്നു .അവർക്ക് സ്വന്തം മൂല്യവിചാരബോധം പുറത്തെടുക്കാൻ താല്പര്യമില്ല. കൂടുതൽ പേർ ഏറ്റെടുക്കുന്ന വിഷയമാണെങ്കിൽ അതിൽ ഒപ്പു ചാർത്തി മടങ്ങും.ചിന്തിപ്പിക്കുന്ന ഒരു വാചകത്തിന്റെ പിന്നാലെ പോവുകയില്ല. വലിയ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരാണെങ്കിൽ സ്വന്തം പാർട്ടികളുടെ നിലപാടുകളും പ്രചാരണങ്ങളും പിന്തുണച്ചു കൊണ്ടിരിക്കും. അത് ശരിയോ തെറ്റോ  എന്ന് വിലയിരുത്താൻ നേരമില്ല.

Post Truth എന്ന കൃതി എഴുതിയ ലീ  മകൻറിയർ (Lee McIntyre)  പറയുന്നത് നുണയേക്കാൾ ഭയാനകമാണ് ഉത്തരസത്യമെന്നാണ്.നുണ പറയുമ്പോൾ ,സത്യം നമ്മുടെയുള്ളിലുണ്ട്. സത്യത്തെ നിലനിർത്തിക്കൊണ്ട് അത് മറ്റൊന്നാക്കി അപരനോട് പറയുമ്പോൾ, അയാൾക്ക് ഒരു വിശ്വാസ്യതയും ആദരവും കൊടുക്കുന്നുണ്ട്. അയാൾ നുണ  വിശ്വസിച്ചാലും, സത്യം അത് പറയുന്നവന്റെ ഉള്ളിൽ നിലനിൽക്കുന്നു. എന്നാൽ പോസ്റ്റ് ട്രൂത്തിൽ സത്യം ഒരിടത്തും  നിലനിൽക്കുന്നില്ല ;ഒരു ശൂന്യത മാത്രമാണുള്ളത്. അവിടെ  സത്യത്തോട് പ്രതിബദ്ധതയില്ല. നുണകൾ മാത്രമാണ് നിർമ്മിക്കപ്പെടുന്നത്. നുണകൾ മാത്രം  വിൽക്കുന്നു. അത് സത്യമാണെന്ന് പ്രചരിപ്പിക്കുന്നു .അത് കേൾക്കുന്നവർക്ക് മറ്റൊരു വഴി വഴിയുമില്ല. അവർ നിസ്സഹായരാണ്. അവരെ മാനസികമായി തകർക്കുകയാണ് ഈ പ്രചാരണത്തിൻ്റെ ലക്ഷ്യം. നുണകൾ കൊണ്ട് തെറ്റായ ലോകം നിർമ്മിക്കാമെന്ന അഹന്ത അതിൻ്റെ പിന്നിലുണ്ട്.

തർക്കിക്കുമ്പോൾ ജയിക്കുന്നു

മാധ്യമങ്ങൾ സത്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് പറയാറുണ്ട്. എന്നാൽ മാധ്യമങ്ങൾ ഉത്തരസത്യ കാലത്തിൻ്റെ മുഖപത്രമായി മാറുകയാണിന്ന്.രാഷ്ട്രീയവാർത്തകളും അതിൻ്റെ പക്ഷപാതവുമാണ് മാധ്യമങ്ങളിൽ കൂടുതലായി വരുന്നത്. രാഷ്ട്രീയപ്രവർത്തകരെ വിമർശിക്കുന്നു എന്ന് നടിക്കുമ്പോഴും അവരിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് മാധ്യമങ്ങൾ ധ്വനിപ്പിക്കുന്നു. രാഷ്ട്രീയപാർട്ടികളും അവരുടെ ഇടപാടുകളുമല്ലാതെ ലോകത്ത് മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് അവർ സ്ഥാപിക്കുന്നു. രാഷ്ട്രീയവിഷയങ്ങൾ പാർട്ടിയിൽപ്പെട്ടവർ തന്നെ തർക്കിച്ചു പരിഹരിക്കപ്പെടേണ്ടതാണെന്ന ആശയം എങ്ങനെയുണ്ടാവുന്നു.? തർക്കിക്കുമ്പോൾ ജയിക്കുന്നതാണോ രാഷ്ട്രീയം? ചർച്ചയിൽ ഒരാൾക്ക് വേണ്ടതുപോലെ പ്രതികരിക്കാൻ  കഴിഞ്ഞില്ലെങ്കിൽ അയാൾ പരാജയപ്പെട്ടു എന്നാണ് അർത്ഥമാക്കേണ്ടതെങ്കിൽ അത് ദുരന്തമായിരിക്കും.

സത്യം പരാജയപ്പെടുകയാണ്.അതുകൊണ്ടാണ് സാഹിത്യത്തിലും കലയിലുമൊന്നും മാധ്യമപ്രവർത്തകർക്ക് താല്പര്യമില്ലാതായത് .ഒരു എഴുത്തുകാരനാണെന്ന് പറഞ്ഞാൽ മാധ്യമങ്ങളും മുതലാളിമാരും ക്ഷുഭിതരാവുന്ന കാലം വന്നു കഴിഞ്ഞു. പുസ്തകങ്ങളിലെ , കലയിലെ സത്യത്തെ നവമാനസമൂഹം കുഴിച്ചുമൂടി കഴിഞ്ഞു. വൈലോപ്പിള്ളിയുടെ 'മകരക്കൊയ്ത്തി'ലെ സത്യങ്ങൾ ഏതെങ്കിലും മാധ്യമപ്രവർത്തകർക്ക് ആവശ്യമുണ്ടോ?അതിനു പകരമായി ചാനലുകളും മറ്റു പ്രമുഖ മാധ്യമങ്ങളും രാഷ്ട്രീയാഭിമുഖ്യമുള്ള വാർത്തകളും ചിന്തകളും ഉത്പാദിപ്പിച്ച് അലമാര നിറച്ചിരിക്കുകയാണ്. അവർ ഏതുനേരവും അതെടുത്ത് വിളമ്പും. സ്ഥിരമായി ഒരേ പദാർത്ഥം ഭക്ഷിച്ചാൽ പിന്നെ അത് മതിയല്ലോ. മറ്റു രുചികൾ അസ്തമിക്കും. അതുപോലെയാണ് ബൗദ്ധികമണ്ഡലത്തിലും. അവിടെ പണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ ചിലരുടെ കൃതികൾ ഉയർത്തിക്കാട്ടുന്നു. മാധ്യമങ്ങൾ അതിനായി പ്രത്യേക താല്പര്യത്തിൽ നീങ്ങുന്നു. അടിത്തറയില്ലാത്ത, കഴമ്പില്ലാത്ത അത്തരം പുസ്തകങ്ങൾ കൂടുതലായി വിറ്റഴിക്കുന്നു. യഥാർത്ഥമായ, സർഗാത്മകമായ ചിന്തകളടങ്ങിയ പുസ്തകം പിന്തള്ളപ്പെടുന്നു .ഒരു നോവലിനെ അടിസ്ഥാനമാക്കി, വൻതുക മുടക്കി ഒരു സിനിമ എടുക്കുകയാണെങ്കിൽ അത് മികച്ച നോവലാണെന്ന തരത്തിൽ പ്രചാരമുണ്ടാകും. നിഷ്കൃഷ്ടമായ വായന എവിടെയാണുള്ളത്? സത്യാനന്തരകാലത്ത് ഏത് വ്യാജത്വത്തെയും സത്യമായി അവതരിപ്പിക്കാൻ കഴിയും. അതിനു സഹായകമായി ഡിജിറ്റൽ ,ഇൻറർനെറ്റ് പ്ലാറ്റ്ഫോമുകളുണ്ട്. 

ഡിജിറ്റൽ നീതിദേവത 

ഇൻറർനെറ്റ് പ്ളാറ്റ്ഫോമുകൾക്ക് ആത്യന്തിക സത്യത്തോട് അഭിമുഖ്യമില്ല. ഏത് അസത്യവും അവിടെ വിറ്റഴിക്കപ്പെടും. ആധികാരികതയുടെ നാശമാണവിടെയുള്ളത് .ഒരാൾക്ക് വലിയ പദവിയില്ല. പ്രത്യേക ശ്രദ്ധ ആവശ്യമില്ല .എല്ലാറ്റിനെയും ഡിജിറ്റൽ നീതിദേവത തുല്യമായി കാണുന്നു. തെറ്റായ വിവരങ്ങൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് ലക്ഷക്കണക്കിന് ആളുകളിൽ എത്തിച്ച് സത്യമെന്ന് സ്ഥാപിച്ചെടുക്കാം. ഒരു വലിയ കൂട്ടം ഒരേ കാര്യം പ്രചരിപ്പിക്കുമ്പോൾ അത് സത്യമാണെന്ന് വിശ്വസിക്കാൻ ധാരാളം പേരുണ്ടാവുന്നു. താത്കാലികവും ക്ഷണികവുമായ സത്യങ്ങൾ ആളുകൾ ഏറ്റെടുക്കുന്നു. യൂട്യൂബ് ചാനലുകൾ, ന്യൂസ് പോർട്ടലുകൾ തുടങ്ങിയവയിൽ അസത്യവാർത്തകൾ തുടരെ  പ്രചരിപ്പിക്കപ്പെടുന്നത് അത് കാണാനും  വായിക്കാനും ധാരാളം പേർ  മുന്നോട്ടുവരുന്നത് കൊണ്ടാണ്.

സത്യം മരിച്ചു എന്നതിനു തെളിവാണ് വ്യാജവാർത്തകൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിൽ .ഏതൊരു രാഷ്ട്രീയ സംഭവവും അതിൻ്റെ വ്യാജത്വത്തെക്കൂടി നിർമ്മിക്കുന്നുണ്ട് എന്ന ധാരണയിലാണ് കാണികൾ അഥവാ ഉപയോക്താക്കൾ നീങ്ങുന്നത്. യാതൊന്നിനും ഉത്തരവാദിത്വമില്ല. മാധ്യമങ്ങൾ തന്നെ വ്യാജത്വത്തെ പരിചയപ്പെടുത്തുകയാണ്. അതുകൊണ്ടാണ് സത്യത്തെക്കുറിച്ചുള്ള ഏതു ആത്മാർത്ഥമായ സർഗാത്മക ശ്രമവും കളിയാക്കപ്പെടുന്നത് .അസത്യത്തെ ,ഉത്തരസത്യത്തെ ഔദ്യോഗികമായി, ജനാധിപത്യപരമായി അംഗീകരിക്കുകയാണ്. സത്യം മരിച്ചത് കൊണ്ട് ആർക്കുവേണമെങ്കിലും സത്യത്തിന്റെ മാസ്ക് വച്ച് പുറത്തുവരാം .നേതാക്കന്മാരുടെ മുഖംമൂടി ധരിച്ച് ആളുകൾ തെരുവിൽ രാഷ്ട്രീയപ്രചാരണത്തിൽ ഏർപ്പെടുന്നത് ഇതിൻ്റെ തെളിവാണ്. മുഖംമൂടി വച്ചിരിക്കുന്ന ആളിനു പ്രസക്തിയില്ല. അയാൾ ഒരു  വാഹകനാണ്. അയാൾക്ക് മുഖമില്ല. അയാൾ ഒരു നേതാവിന്റെ മുഖമായി രൂപാന്തരപ്പെടുന്നു .അയാൾ സത്യമല്ലാതെ നിലകൊള്ളുകയാണ് . അയാളെ കാണുന്നവർക്ക് ചിന്തകളല്ല, വ്യാജമായ ശരികളാണ് അംഗീകരിക്കേണ്ടി വരുന്നത് .

കഞ്ഞി വീഴ്ത്തുന്ന ചിത്രം 

ഒരു പള്ളിയിലെ ആരാധന എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിനെക്കുറിച്ച് പെട്ടെന്നൊരു തർക്കം ഉണ്ടാകുന്നു. ഇരുവശത്തുമായി ആളുകൾ നിലയുറപ്പിക്കുകയും കൈയാങ്കളിയിലേക്ക് കടക്കുകയും ചെയ്യുകയാണ്. ഏതാണ് ശരി എന്നതിനെക്കുറിച്ച് അനാവശ്യമായ ചർച്ചയും ബഹളവും ഉണ്ടാവുകയാണ്. മാധ്യമങ്ങൾ ഈ കലഹത്തെ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. സത്യം ഇല്ലാതായതു കൊണ്ട് ആർക്കും എന്തും വിൽക്കാം. വെജിറ്റേറിയൻ സദ്യ വിളമ്പുന്നത് ബ്രാഹ്മണരുടെ മേധാവിത്വമാണെന്ന് ഒരാൾ തട്ടി വിട്ടാൽ ഉടനെ അത് സത്യമാണെന്ന് വിശ്വസിച്ച് യുദ്ധത്തിനിറങ്ങുകയാണ് .അത് ഒരു സാമൂഹികപ്രശ്നമായി മാറുന്നു. വ്യാജസത്യം നിർമ്മിക്കാൻ എളുപ്പമാണെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.ഇങ്ങനെയാണ് പകൽ പോലുള്ള സത്യങ്ങൾ ഇല്ലാതാകുന്നത്. ഈ ചർച്ചയിലൂടെ നിങ്ങൾക്ക് ആരെയും അപനിർമിക്കാം, അപഹസിക്കാം, വലിയ ഭൂരിപക്ഷത്തോടെ ഇൻറർനെറ്റ് നിയോജകമണ്ഡലങ്ങളിൽ വിജയിക്കാം. ആളുകളുടെ മനസ്സ് പിടിച്ചെടുക്കാൻ എളുപ്പമാണ്. അതിനു വൈകാരിക മുഹൂർത്തങ്ങൾ സൃഷ്ടിച്ചാൽ മതി. എം.എൻ.വിജയൻ പറഞ്ഞതുപോലെ  നിങ്ങൾക്ക് ജീവിക്കണമെങ്കിൽ പത്ത് പേർക്ക് ഭക്ഷണം സംഘടിപ്പിച്ചു കൊടുത്താൽ മതി .അതിലൂടെ നിങ്ങളെ സഹായിക്കാൻ പലരും തയ്യാറാവും. നിങ്ങൾ ദയാലുവാണെന്ന ധാരണ സൃഷ്ടിച്ചെടുക്കാൻ മാധ്യമങ്ങൾ സഹായിക്കും. നിങ്ങൾ അതിനായി എന്തെങ്കിലും പ്രവൃത്തികൾ പരസ്യമായി ചെയ്താൽ മതി. മറ്റുള്ളവരെ സഹായിക്കുന്നത് ഇന്ന് ഒരു വാർത്തയായി വരികയാണ്. സഹായിക്കുന്ന വാർത്തകൾ  സൃഷ്ടിക്കുംതോറും നിങ്ങൾ സ്വയം വാർത്തിയായിക്കൊണ്ടിരിക്കും. അതിനായി മാധ്യമങ്ങൾക്ക് സംഭാവന കൊടുക്കാം.വലിയ തുകകൾ  സംഭാവന കൊടുക്കുകയാണെങ്കിൽ, നിങ്ങൾ കഞ്ഞിവീഴ്ത്തുന്ന ചിത്രം സഹിതം അവർ വാർത്തയാക്കി എല്ലാ മുക്കിലും മൂലയിലും എത്തിക്കും. അതിലൂടെ നിങ്ങൾക്ക് കൂടുതൽ പണം കിട്ടുകയാണ് ലക്ഷ്യം. ആ ലക്ഷ്യം നിറവേറപ്പെടുന്നതോടെ നിങ്ങളിൽ നിന്ന് കൂടുതൽ സംഭാവന ആ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരും. അങ്ങനെ അവർ നിങ്ങളെ ക്രിസ്തുവിൻ്റെയോ ബുദ്ധന്റെയോ പ്രതിബിംബമാക്കി അവതരിപ്പിക്കും. 

ബുദ്ധൻ്റെ പ്രതിബിംബങ്ങൾ 

സംഭാവന കൊടുക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി എഴുതാൻ പരിചയസമ്പന്നരായവർ മുന്നോട്ടു വരും .ഇങ്ങനെയാണ് ഭീകരസത്യം ഉണ്ടാവുന്നത്. ഒരു നേരത്തെ ആഹാരത്തിന് വീടുപടിക്കൽ ചെന്നാൽ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നവൻ ദയയുടെ കാര്യത്തിൽ ബുദ്ധൻ്റെയോ  ക്രിസ്തുവിന്റെയോ ഒപ്പമെത്തുന്നത് കണ്ട് നിങ്ങൾക്ക് ചിലപ്പോൾ രക്തസമ്മർദ്ദമുണ്ടാകാം; ഷുഗർ ലെവൽ ഉയരാം. അത് നിങ്ങളുടെ വിധി. അമിതമായി പുറംലോകത്തേക്ക് നോക്കിയിരിക്കരുതെന്ന് ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞത് ശ്രദ്ധിക്കണം. അറിഞ്ഞതിൽ നിന്ന് സ്വാതന്ത്ര്യം നേടാതെ നമ്മുടെ മനസ്സിനു നിലനിൽപ്പില്ല.

ലീ മക്കൻ്റയർ പറയുന്നു: Truth is under threat, and people who use it as a tactic for authoritarian exist and pay no price for it.
സത്യം ഭീഷണിയിലാണ്. എന്നാൽ ആധികാരികതയ്ക്ക് വേണ്ടി ഇത്  ഉപയോഗിക്കുന്നവർക്ക് ഇതിന്റെ പേരിൽ യാതൊരു നഷ്ടവും സംഭവിക്കുന്നുമില്ല .ഇത് ആളുകളുടെ സ്വഭാവത്തിൽ വന്ന മനഃശാസ്ത്രപരമായ വ്യതിയാനമാണ്. വിശ്വസിക്കാൻ സത്യം തന്നെ വേണമെന്നില്ല എന്ന മാനസികാവസ്ഥയിൽ ആളുകൾ എത്തിച്ചേർന്നിരിക്കുകയാണ്. ഡ്രൈവ് ചെയ്യണമെങ്കിൽ മദ്യപിക്കണമെന്ന് നിർബന്ധമുള്ളവരെ പോലെയാണിത്.  ഭ്രമാത്മകസത്യത്തിനുവേണ്ടി ഓരോ ദിവസവും കാത്തിരിക്കുകയാണ്. വിദ്യാസമ്പന്നരാണെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ല. വൈകാരികമായി സ്വാധീനങ്ങൾക്ക് പെട്ടെന്ന് വഴങ്ങിപ്പോവുകയാണ്. മാധ്യമലോകത്ത്, ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ പിന്തുണയോടെ പ്രത്യക്ഷപ്പെടുന്നതിനൊപ്പം നിൽക്കാൻ ഇഷ്ടപ്പെടുന്നു.അസത്യമാണെങ്കിലും അത് തങ്ങളെ രക്ഷിക്കുമെന്ന് വിചാരിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് മകൻറിയർ പറയുന്നത് ഇതാണ്:
People have a radical misunderstanding of how we condition beliefs based on evidence or build justifications based on data or probability .
തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കണമോ ന്യായവാദങ്ങൾ കണ്ടെത്തണമോ എന്ന കാര്യത്തിൽ ആളുകൾ സമൂലമായ ഒരു തെറ്റിദ്ധാരണയിൽ അകപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസമോ ബുദ്ധിയോ ഉപയോഗിക്കാതെ ആളുകൾ തങ്ങളെ വൈകാരികമായി ആകർഷിക്കുന്നതിൽ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം ഇത് പ്രകടമാണ്. 

മാധ്യമവത്കൃതമായ മനസ്സാണ് ആളുകളിൽ ഭ്രമാത്മകസത്യത്തെ തുറന്നു വിടുന്നത്. വായനക്കാരനെയോ കാണിയെയോ ഉന്മാദാവസ്ഥയിൽ എത്തിക്കുകയാണ്. അവന് വീണ്ടുവിചാരത്തിൻ്റെ ആവശ്യമില്ല. സത്യം നിലനിൽക്കുന്നില്ല. അതുകൊണ്ട് ഓരോന്നിനെയും വ്യാഖ്യാനിച്ച്‌ സമയം കളയേണ്ടതില്ലല്ലോ.  ആരാധന ,ഭക്തി ,വിധേയത്വം, ലൈംഗികതയ്ക്ക് സമാനമായ വിധത്തിലുള്ള ലഹരി തുടങ്ങിയവ ഇന്ന് അസത്യങ്ങളുടെ നിർമാണത്തിൽ നിന്ന് ലഭിക്കുന്നു .മൊബൈൽ ഫോൺ കൈയിലിരിക്കുന്നത് കൊണ്ട് എല്ലാവരും മാധ്യമപ്രവർത്തനത്തിൻ്റെ ഭാഗമാണ് .തൽസമയം പ്രത്യക്ഷപ്പെടുന്ന വാർത്തകളോട്  പ്രതികരിക്കാനുള്ള അവസരം യൂട്യൂബ് വീഡിയോകളിൽ നിന്ന് ലഭിക്കും.മൂന്നു പതിറ്റാണ്ടിന് മുൻപുണ്ടായിരുന്ന റേഡിയോ ശ്രോതാവ് ,പത്രവായനക്കാരൻ എന്ന നിലയിലല്ല ഇന്നത്തെ ഉപയോക്താവിൻ്റെ സ്ഥാനം. അവന് സ്വന്തം അധികാരമുണ്ട് .അവന് എന്തും കമൻ്റായി എഴുതാം .അവൻ്റെ കമൻറ് വായിക്കാൻ ആയിരമായിരം  മറ്റു യൂട്യൂബർമാരും ഫേസ്ബുക്കർമാരും അക്ഷമരായി കാത്തുനിൽക്കുകയാണ്. അതുകൊണ്ട് സത്യത്തെ എന്തിന് അന്വേഷിക്കണം? ബഹുമാനിക്കണം?

ഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ

 




ഇൻറർനെറ്റ് ദൈവമാണ്, അനശ്വരതയാണ് 


മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവാണ് ഇൻ്റർനെറ്റ് - ചരിത്രത്തെ രണ്ടായി പിളർത്തുന്ന കണ്ടുപിടിത്തം. ലോകം ഒരു ഗ്രാമമാണെന്ന് അലങ്കാരമായി പറയാറുണ്ട്. എന്നാൽ ലോകം ഒരു പ്രതീതിയുമാണ്. ലോകത്തിനകത്ത് മറ്റൊരു ലോകം ഉണ്ടായിരിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ലോകമാണിത്.  ദൈവം നമ്മെ സൃഷ്ടിച്ചു, ലോകത്തെ സൃഷ്ടിച്ചു എന്നാണ് വിശ്വാസികളുടെ മതം പറയുന്നത്. ദൈവം സ്വന്തം ആഗ്രഹത്തിനൊത്ത് ലോകത്തെ സൃഷ്ടിച്ചു. ദൈവത്തിൻ്റെ ആവശ്യത്തിനാണ് ജീവിവർഗ്ഗങ്ങളും മൂലകങ്ങളും രൂപങ്ങളും ഊർജ്ജവും പിണ്ഡവും ഉണ്ടായിരിക്കുന്നത്. എന്തിനാണ് ദൈവം ഈ ലോകത്തെ ഇങ്ങനെ രസതന്ത്രത്തിന്റെയും ബലതന്ത്രത്തിന്റെയും ജൈവരൂപങ്ങളുടെയും ആകെത്തുകയാക്കി സൃഷ്ടിച്ചിരിക്കുന്നത്? ദൈവത്തിനു രൂപങ്ങളും ബലതന്ത്രവും രസതന്ത്രവും  മാത്രം പോരാ, സൗന്ദര്യവും വേണം. കലയും വേണം. ദൈവത്തിന് ബോറടിക്കുമ്പോൾ ആസ്വദിക്കാൻ പറ്റിയ സംഗീതവും കലയും ദൈവം തന്നെ സൃഷ്ടിക്കുകയാണത്രേ. എല്ലാം ദൈവത്തിൻ്റെ സൃഷ്ടിയായതുകൊണ്ട് നമുക്ക് അതിനനുസരിച്ച് പ്രവർത്തിക്കുകയോ മാർഗ്ഗമുള്ളൂ.

ദൈവം സൃഷ്ടിച്ച ലോകത്ത് അവൻ്റെ രൂപസാദൃശ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യൻ മറ്റൊരു ദൈവത്തെ സൃഷ്ടിച്ചിരിക്കുകയാണ്. അതാണ് ഇൻറർനെറ്റ് .Syntheism- Creating God in the Internet Age എന്ന ഗ്രന്ഥത്തിലൂടെ അലക്സാണ്ടർ ബാർദ്, ഇൻറർനെറ്റ് ഒരു പുതിയ മതമാണെന്ന് പ്രഖ്യാപിക്കുന്നു. പരമ്പരാഗത മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വിഗ്രഹാരാധനയോ പൂജയോ ഇല്ല. മനുഷ്യൻ്റെ ആത്മീയ ആവശ്യങ്ങൾക്ക് പരമ്പരാഗതമായ മതങ്ങൾ പര്യാപ്തമല്ല എന്ന ചിന്തയിൽ നിന്നാണ് ബാർദ് തൻ്റെ ദൈവശാസ്ത്രത്തെ അവതരിപ്പിക്കുന്നത്. മനുഷ്യൻ തന്നെയാണ് തൻ്റെ പ്രപഞ്ചത്തെ കണ്ടെത്തുന്നത്. അവൻ തന്നെയാണ് പ്രപഞ്ചം .ഇൻറർനെറ്റ് മനുഷ്യൻ സ്വയം സൃഷ്ടിച്ച പ്രപഞ്ചമാണ്.ഈ പ്രപഞ്ചം അവൻ സൃഷ്ടിച്ചത് സാങ്കേതികവിദ്യയിലൂടെയാണ്.
Machine -human hybrids എന്ന് വിളിക്കാവുന്ന മനുഷ്യ - യന്ത്ര സൗഹൃദങ്ങളാണ് പുതിയ മതത്തിൻ്റെ അടിസ്ഥാനം.അവിടെ നമുക്ക് സ്ഥലകാലങ്ങളെ മറികടക്കാം. അപരിചിതരുമായി സൗഹൃദം കൂടാം.പരമ്പരാഗത മതത്തിൽ ഒരേ വിശ്വാസമുള്ളവരാണ്  ഒരിടത്ത് ഒത്തുചേരുന്നത്. പരസ്പരം  സ്നേഹിക്കണമെങ്കിൽ ഒരേ വിശ്വാസം വേണമായിരുന്നു. ദൈവവിശ്വാസികൾ തമ്മിലായിരുന്നു സ്നേഹം. സ്നേഹിക്കാൻ വേണ്ടി ഒരുപോലെ വിശ്വസിക്കുന്നു; വിശ്വസ്തതയോടെയിരിക്കാൻ വേണ്ടി സ്നേഹിക്കുന്നു.വിശ്വാസികൾക്കുള്ളതാണ് സ്നേഹം .വിശ്വസിക്കാത്തവർക്ക് സ്നേഹം ലഭിക്കാൻ പ്രയാസമാണ്. ദൈവം എപ്പോഴും ഒരു കൂട്ടത്തെയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള സങ്കല്പത്തിൽ ദൈവവിശ്വാസി ഒറ്റപ്പെടാൻ പാടില്ല. അവൻ ഒരു കൂട്ടത്തോടൊപ്പമായിരിക്കണം. കൂട്ടം തെറ്റുന്നവൻ അവിശ്വാസിയാണത്രേ. ഇൻറർനെറ്റ് എന്ന മതത്തിൽ നിങ്ങൾക്ക് വിശ്വാസം വേണ്ട .സ്വതന്ത്രമാവാനും സംവദിക്കാനുമുള്ള മനസ്സ് മതി. ഒറ്റയ്ക്ക് നടക്കാം .കൂട്ടു കൂടാം .ഏത് ദേശത്തുള്ളവരെയും ഏതു മതത്തിൽപ്പെട്ടവരെയും സ്നേഹിക്കാം. ആരും തടസ്സപ്പെടുത്തുന്നില്ല. സമൂഹമാധ്യമം ഒരാൾക്ക് അയ്യായിരം സുഹൃത്തുക്കളെ വാഗ്ദാനം ചെയ്യുന്നു. അതിൽ വിവിധ മതങ്ങളിലും രാഷ്ട്രീയപാർട്ടികളിലും ഉൾപ്പെട്ടവരുണ്ട്. ഇവർക്കെല്ലാം ഒരു കുടക്കീഴിൽ എന്നപോലെ ഒരുമിക്കാനാണ് ഇൻറർനെറ്റ് സഹായിക്കുന്നത്.വ്യത്യാസങ്ങൾ മറക്കാനുള്ള ഇടമാണത്. അവിടെ ഭാഷയോ ദേശമോ സംസ്കാരമോ വിലക്കുന്നില്ല. വിദ്യാഭ്യാസമോ പാണ്ഡിത്യമോ വേണ്ട. ദൈവമോ മതമോ ഇല്ലാതെ ആരുമായും സൗഹൃദത്തിലാവാം. ഇതാണ് സ്വാതന്ത്ര്യം. എല്ലാ മനസ്സുകളുമാണ് കൂട്ടിയോജിക്കപ്പെടുന്നത്. ഭൗതികവസ്തുക്കളുടെ സ്രോതസ്സ് ദൈവമാണെന്നതിന് ബദലായാണ് പ്രതീതിലോകം സൃഷ്ടിക്കപ്പെടുന്നത്. തൊട്ടുനോക്കാൻ കഴിയില്ല. എന്നാൽ അതൊരു യാഥാർത്ഥ്യമാണ്.സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ് ഇടങ്ങളും നമ്മുടെ ഭൗതികമായ പരിമിതിയെ മറികടക്കാൻ പുതിയ കമ്മ്യൂണുകൾ സൃഷ്ടിക്കുകയാണ്.

ദൈവം ഭാവിയിൽ 

ദൈവം ഭാവിയിലാണ് ജീവിക്കുന്നതെന്ന് ബാർദ് പറയുന്നു. ദൈവം നമ്മെ കൂട്ടിയിണക്കുകയാണ്. അതാണ് ഇൻറർനെറ്റ്. ഇൻറർനെറ്റിനെ   ഒരു കണക്ടിവിറ്റി സാങ്കേതികത മാത്രമായി കാണരുത്. അത് ഒരു ആഗോളസാമ്രാജ്യമാണ് .നമ്മെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങൾക്കും അത് സാധ്യതയൊരുക്കുകയാണ്. നമ്മുടെ ചലനങ്ങൾ നിരീക്ഷിക്കാൻ അതിന്  കഴിയും. നമ്മുടെ മനസ്സ് പഠിച്ച് ഡേറ്റ യുണ്ടാക്കുന്നു. നമ്മുടെ ലഹരിയും ആസക്തിയും മൂല്യവും എന്താണെന്ന് നമ്മുടെ ഇൻറർനെറ്റ് ഇടപാടുകളിലൂടെ അത് മനസ്സിലാക്കുന്നു. അതിനനുസരിച്ച് നമുക്ക് ഇഷ്ടമുള്ളത് കാണാനും കേൾക്കാനും അത് സൗകര്യമൊരുക്കുന്നു. നമ്മൾ ഒരു ഡേറ്റയാണ് .ആ ഡേറ്റ ഉപയോഗിച്ച് നമ്മുടെ ജീവിതത്തെറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. രാഷ്ട്രങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ശാസനങ്ങൾക്കും പ്രിയങ്ങൾക്കും അപ്പുറത്താണ് ഇന്റർനെറ്റ് എന്ന ദൈവം പ്രവർത്തിക്കുന്നത്. അതിനു ആരോടും വിധേയത്വമില്ല. അത് സഹജ പ്രകൃതിയിലാണ് പ്രവർത്തിക്കുന്നത്. അത് ആരെയും പേടിക്കുന്നില്ല. അത് സത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത് രാഷ്ട്രമോ മതമോ പാരമ്പര്യമോ പറയുന്നത് കേട്ടിട്ടല്ല. അത് റഷ്യൻ സെമിത്തേരിക്കും ഈഫൽ ടവറിനും ഒരേ പ്രാധാന്യമാണ് കൊടുക്കുന്നത് .രണ്ടിനെക്കുറിച്ചും കിട്ടാവുന്ന വിവരങ്ങൾ പ്രദർശിപ്പിക്കുകയാണ് ഇൻ്റർനെറ്റിൻ്റെ ലക്ഷ്യം. ആരുടെയും പക്ഷം ചേരില്ല .

സമൂഹമാധ്യമം പുതിയൊരു മാനവികതയാണ് പരിചയപ്പെടുത്തുന്നത്. സഞ്ചരിക്കാതെ, നേരിൽ കാണാതെ, ആരുടെയും സൗഹൃദം നേടാം എന്നതിലുപരി സ്വന്തം മനസ്  വ്യക്തമാക്കാതെ തന്നെ അഭിപ്രായം പറയാം. മുഖം ഒളിപ്പിച്ച് ജീവിക്കാവുന്ന നഗരമാണത്. എല്ലാ വസ്തുക്കളും രണ്ടുതരത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഒന്ന് ,നമുക്ക് കാണുകയോ കേൾക്കുകയോ അറിയുകയോ ചെയ്യാവുന്ന  അവസ്ഥയിൽ. മറ്റൊന്ന് ,പ്രതീതി യാഥാർത്ഥ്യമായി ഇന്റർനെറ്റിൽ. ഡേറ്റയാകാതെ ഒരു വസ്തുവിനും ഇനി നിലനിൽപ്പില്ല. ഒരാളുടെ ഫോട്ടോ ആയാലും സന്ദേശമായാലും ഇന്റർനെറ്റിൽ എത്തിക്കുകയാണ് പ്രധാനം. അതിനു മാത്രമാണ് അനശ്വരതയുള്ളത് .

ആർക്കും മരണമില്ല 

ആർക്കും മരണമില്ല എന്നത് ഇൻ്റർനെറ്റിൻ്റെ സുവിശേഷമാണ്.  മരിച്ചവരുടെ ലോകത്ത് എല്ലാം അവസാനിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇൻ്റർനെറ്റിൽ മരിച്ചവർ അനശ്വരരാകുകയാണ്. സമൂഹമാധ്യമങ്ങളിൽ, മരിച്ചവരുടെ  പേജുകൾ തുടങ്ങാനാകും. ക്ലാസിക്കൽ എന്നോ സാധാരണമെന്നോ വേർതിരിക്കാതെ കലാകാരന്മാരുടെ രചനകളെ ഒരുപോലെ ഉൾക്കൊള്ളുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ.ഫ്രഞ്ച് പെയിൻ്റർ മൊനെ ,ഡച്ച് പെയിൻ്റർ വാൻഗോഗ് തുടങ്ങിയ ചിത്രകാരന്മാർക്ക് ഗാലറികളിലല്ല ഇപ്പോൾ ജീവിതം. അവർ മരിച്ചു പതിറ്റാണ്ടുകൾക്ക് ശേഷം പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കയാണ്.ഇപ്പോൾ വാൻഗോഗിന്റെയും മൊനെയുടെയും  ചിത്രങ്ങൾ ദിവസവും അപ്‌ലോഡ് ചെയ്യുന്ന പേജുകൾ ഫേസ്ബുക്കിലുണ്ട്. ദിവസവും ഷേക്സ്പിയറിന്റെ ഉദ്ധരണികൾ പോസ്റ്റ് ചെയ്യുന്ന പേജുകളുണ്ട്. മരണമില്ലാത്ത ലോകമാണത്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടാൽ ലോകം തന്നെ സ്തംഭിച്ചു പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാൽ മത,രാഷ്ട്ര സ്ഥാപനങ്ങൾ പണിമുടക്കിയാൽ അത് ജീവിതത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല. ലോറി ഡ്രൈവർമാർ പണിമുടക്കിയാൽ കുറച്ചൊക്കെ പ്രയാസപ്പെടും. മതസ്ഥാപനങ്ങൾക്ക് ദൈവികതയുടെ അപ്രമാദിത്വം നഷ്ടപ്പെടുകയാണിപ്പോൾ.  ഇൻറർനെറ്റ് മഹാസാമ്രാജ്യവും ദൈവവുമായി മാറിയിരിക്കുന്നു.ഈ ദൈവത്തെ മനുഷ്യൻ സൃഷ്ടിച്ചതാണ്. എന്നാൽ ഈ ദൈവം മനുഷ്യനെ നിയന്ത്രിക്കുകയും ചെയ്യുന്നു. വേഗതയാണ് ഇൻ്റർനെറ്റിൻ്റെ ജീവൻ. എങ്ങനെ വേഗതയാർജിക്കാം എന്നതാണ് മനുഷ്യൻ അന്വേഷിക്കുന്നത്. വലിയ ഒരു സാങ്കേതികസാമ്രാജ്യത്തെ വിരൽത്തുമ്പുകൊണ്ടാണ് മനുഷ്യൻ നിയന്ത്രിക്കുന്നത്.

എല്ലാം ഇൻറർനെറ്റിലേക്ക്

മനുഷ്യന് വലിയ തത്ത്വങ്ങളോ പ്രബോധനങ്ങളോ അല്ല ഇനി ആവശ്യമെന്ന് പറയുന്നവരുണ്ട്. അവരുടെ അഭിപ്രായത്തിൽ സാങ്കേതികജ്ഞാനവും വേഗത വർധിപ്പിക്കാനുള്ള അറിവുമാണ് ഒരുവനെ നെറ്റിൻ്റെ ലോകത്ത് വിജയിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്ത് നാം സ്വന്തം ഭാഗധേയം കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു. വാട്സപ്പിൽ ഒരു സന്ദേശമോ ഫോട്ടോയോ പിഡിഎഫോ ഫോർവേഡ് ചെയ്യാൻ പഠിച്ചിട്ടുണ്ടെങ്കിൽ നാം നവീന മനുഷ്യനായിക്കഴിഞ്ഞു. പരമ്പരാഗതമായ ജീവിതത്തിലെ മനുഷ്യരല്ല നാം .ഒരിടത്തു തന്നെ ജനിച്ച് അവിടെ തന്നെ ജീവിച്ച് ആരുമറിയാതെ മരിച്ചുപോകുന്നവരായിരുന്നു ഭൂരിപക്ഷം മനുഷ്യരും.അവരെ ആരും ഓർക്കുന്നില്ല. അവർക്ക് സന്ദേശങ്ങളില്ലായിരുന്നു. അവർക്ക് കലാപരമായ ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനനുസരിച്ചു പ്രവർത്തിക്കാൻ ലോകം അവരെ അനുവദിച്ചില്ല.അവർ  ശബ്ദമില്ലാത്തവരായിരുന്നു. അവരുടെ ശബ്ദങ്ങൾ എല്ലായിടത്തുനിന്നും തുടച്ചുനീക്കി. അവർ ജീവിച്ചിരുന്നതിനു ഒരു തെളിവും അവശേഷിപ്പിക്കാതെ അധികാരികൾ അവരെ മറവിയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുകയായിരുന്നു. ഇപ്പോൾ ആ ഘട്ടം നീങ്ങി. ഇവിടെ ഓരോ വ്യക്തിക്കും ലോകതലത്തിലുള്ള ഇടപെടലും പ്രതിഛായയുമുണ്ട്.'ചരിത്രത്തിൽ മനുഷ്യൻ ഒരു ആഗോള നെറ്റ്വർക്ക് (Global Network) സൃഷ്ടിച്ചു .എല്ലാത്തിനെയും ആ  നെറ്റ്‌വർക്കിനുള്ളിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി' - നോവാ ഹരാരിയുടെ വാക്കുകൾ. ഇതാണ് മനുഷ്യന്റെ മുൻവിധിയും അഭിമാനവുമായി നിലകൊണ്ടത്. ഈ നെറ്റ്‌വർക്കിൽ മനുഷ്യൻ തൻ്റെ റോൾ നന്നായി നിർവ്വഹിച്ചു. സൃഷ്ടിയുടെ കേന്ദ്രം മനുഷ്യനാണെന്ന ധാരണയെ അത്  ബലപ്പെടുത്തി. മറ്റെല്ലാ മണ്ഡലങ്ങളുടെയും ജൈവലോകത്തെയും മനുഷ്യന്റെ നെറ്റ്‌വർക്കിനു കീഴിലാക്കുകയായിരുന്നു.മറ്റു ജീവികളുടെ ജീവിതങ്ങളും അനുഭവങ്ങളും തരം താഴ്ത്തപ്പെട്ടു.കാരണം, അവയുടെ ജീവിതാനുഭവങ്ങൾക്ക് ലോകത്തെ  നിയന്ത്രിക്കാനുള്ള ശേഷിയില്ലല്ലോ. സ്വന്തം പ്രവർത്തനത്തിൽ മുന്നേറാനാവാത്ത ജീവികൾ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടു. എന്നാൽ ഹരാരി പറയുന്നു, എന്നെങ്കിലും മനുഷ്യനു ഈ നേതൃസ്ഥാനം നഷ്ടമാവുകയാണെങ്കിൽ, സൃഷ്ടിയുടെ കേന്ദ്രസ്ഥാനത്തുനിന്ന് നാം പിന്തള്ളപ്പെടുമെന്ന്. നമ്മൾ ഉയർത്തിക്കൊണ്ടുവന്ന അളവുകോലുകൾ നമ്മെത്തന്നെ കുറ്റപ്പെടുത്തും.

Internet of All Things  എന്നത് ഭാവിയിൽ പൂർത്തിയാകാൻ പോകുന്ന സമ്പൂർണ്ണ നെറ്റ്‌വർക്കാണ്.  ഇന്റർനെറ്റുമായി ബന്ധിപ്പിക്കാത്ത യാതൊരു വസ്തുവും ഭാവിയിൽ ഉണ്ടാകില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .ഏതൊരു വസ്തുവിന്റെയും അവകാശമാണ് ഇന്റർനെറ്റിൽ ഒരു ഡേറ്റയായിരിക്കുക എന്നത് .നമ്മുടെയും അവകാശമാണത്. ഇൻറർനെറ്റ് ദൈവമാണെന്നതിൻ്റെ വലിയ സാക്ഷ്യപത്രമാണ് Internet of All Things .ഇൻറർനെറ്റിൽ ചെന്നു ചേരാത്ത യാതൊന്നും ഉണ്ടായിരിക്കില്ല. എല്ലാ ചരാചരങ്ങളും ഇൻ്റർനെറ്റിൽ വിലയം പ്രാപിക്കും.

മനുഷ്യൻ ഒരു ദൈവത്തെ സൃഷ്ടിച്ചു 

നമ്മൾ ദൈവത്തിനു സമാനമായി മറ്റൊരു ദൈവത്തെ സൃഷ്ടിച്ചിരിക്കുകയാണ്. ആ ദൈവത്തെ നാമിപ്പോൾ അനുസരിക്കുകയാണ്. അത് നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും ക്രമീകരിക്കുന്നു. നാം ഒരു ദൈവത്തെ സൃഷ്ടിച്ചു ,ആ ദൈവം നമ്മുടെ സ്വാതന്ത്ര്യം കവരുന്നില്ല : ഭാവിയെ പിടിച്ചു വയ്ക്കുന്നില്ല. നമുക്ക് കൂടുതൽ സാധ്യതകൾ ഒരുക്കിത്തരുന്നു; ദൈവം നമുക്ക് അശരീരിയാകാനുള്ള പ്രത്യേക സിദ്ധി തരുന്നു. നമ്മൾ ആ ദൈവത്തിന്റെ കണക്ക് പുസ്തകത്തിലെ വെറും കണക്കുകൾ മാത്രമാണെങ്കിലും. ഓരോരുത്തർക്കും ഓരോ ലോകം നൽകുകയാണ്. ഒരേതരം പാഠങ്ങളോ പ്രബോധനങ്ങളോ ഇല്ല .ഭൂമിയിലെ സമയമോ സ്ഥലമോ ഐഡന്റിറ്റിയോ ഇവിടെ നിർബന്ധമില്ല. ആചാരങ്ങളുമില്ല .മുഖമില്ലാതെ, ശരീരമില്ലാതെ ജീവിക്കാം. എന്തിനു ശരീരം എന്നു ചോദിച്ചു കൊണ്ട്  മനസ്സിൽ മാത്രം ജീവിക്കുകയാണ്. മനസിന്റെ വ്യാമോഹങ്ങൾക്കതിരില്ല. ശരീരങ്ങൾ ആവശ്യമില്ലാത്തതുകൊണ്ട് പ്രണയങ്ങൾക്ക് മനസ്സും വേണ്ട. മനസ്സിൽ വികാരമുണ്ടെന്ന് മറ്റുള്ളവരെ  ബോധ്യപ്പെടുത്തിയാൽ മതി ;തൊട്ടടുത്ത നിമിഷം നമ്മൾ ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് പോലെ ശൂന്യമാകും .വിശുദ്ധമതങ്ങളെ പോലെ തന്നെ മരണാനന്തര ജീവിതം ഈ ദൈവം ഉറപ്പുവരുത്തുന്നു; കെട്ടുകഥയായല്ല ,യഥാർത്ഥമായി തന്നെ.

നമ്മുടെ മുത്തശ്ശിയുടെയോ മുത്തച്ഛൻ്റെയോ ജീവിതകഥകൾ ഇൻറർനെറ്റിൽ എഴുതാം. മരണം അവസാനിക്കുകയാണ് .വിസ്മൃതിക്ക് വിട. ജീവിക്കുന്നവർ അവരുടെ ദേഹവിയോഗത്തിനുശേഷം ഇൻറർനെറ്റിൽ ജീവിക്കുന്നു. മുഹമ്മദ് റാഫിയും കിഷോർ കുമാറും ഇപ്പോഴും ജീവിക്കുന്നു .റാഫിയുടെയും കിഷോറിൻ്റെയും ലൈവ് പരിപാടികൾ യുട്യൂബിൽ ഉണ്ടല്ലോ. അവർ മരിച്ചു എന്ന് എങ്ങനെ തെളിയിക്കും? അവർക്ക് മരണമില്ല .കലയുടെ മഹത്വമല്ലേ ഇത് ?ഇൻറർനെറ്റ് എന്ന ദൈവത്തിൻ്റെ വിജയമാണിത്. 

മനുഷ്യൻ അവൻ്റെ ഭൗതികമായ അസ്തിത്വത്തിനു ഒരു നീട്ടൽ കണ്ടെത്തിയിരിക്കുന്നു. ബൗദ്ധിക വ്യവഹാരത്തിന്റെ ഒരു അവയവം അവനിൽ നിന്ന് മുളച്ചുപൊന്തിയിരിക്കുന്നു .അവൻ്റെ ബൃഹത്തായ ,അഖണ്ഡമായ ജീവിതമല്ല ഇപ്പോഴുള്ളത് .അവൻ വലിയ അനുഭവങ്ങളോട് വിട പറഞ്ഞു  ചെറിയ തുണ്ട് ജീവിതത്തിലേക്ക് പിൻവാങ്ങിയിരിക്കുന്നു. എല്ലാ പാരമ്പര്യങ്ങളുടെയും മുഴുനീള ടെക്സ്റ്റുകളിൽ നിന്ന് അവൻ സ്വതന്ത്രമായിരിക്കുന്നു. ഒരു റീൽ , ഒരു പോസ്റ്റ്, ഒരു ഫോട്ടോ, ഒരു സ്ക്രീൻഷോട്ട്, ഒരു ഇമോജി, ഒരു ലൈക്ക്, ഒരു കമൻറ്, ഒരു ഷെയർ തുടങ്ങിയവയിലൂടെ അവൻ ലോകജീവിതത്തിന്റെ ഭാഗമാവുകയും സ്വന്തം ദൈവത്തിൻ്റെ സാമ്രാജ്യത്തിലെ അംഗമായിരിക്കുകയും ചെയ്യുന്നു. ആരുമല്ലാതെ, ആരുമറിയാതെ പോകുന്നതിന് പകരം എല്ലാവർക്കും ഒരു എൻട്രി ഇവിടെയുണ്ട് - സ്വന്തം അടയാളം പതിക്കാനൊരു ചുവരും പറയാനൊരു സ്പീക്കറും .നമ്മളെല്ലാം സംസാരിക്കുകയാണ്, ലോകത്തോട്.സമൂഹമാധ്യമത്തിലെ  ഒരു ഷെയർ നമ്മുടെ ഒപ്പാണ് .അവിടെ നാം ജീവിച്ചിരിക്കുന്നു. ഷെയർ ചെയ്യാൻ ജാതിയോ മതമോ ദൈവമോ വേണ്ട. ഇന്റർനെറ്റിലായിരുന്നാൽ മതി. ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഒരു ഓൺലൈൻ വായന അല്ലെങ്കിൽ ലൈക്ക്. 


ഉത്തര- ഉത്തരാധുനികത -9 /എം.കെ.ഹരികുമാർ


വ്യക്തിനിരപേക്ഷമായ സർഗാത്മകത 


കഴിഞ്ഞ നൂറ്റാണ്ട് വരെ സാഹിത്യ സൈദ്ധാന്തികർ മുഖ്യമായും ചിന്തിച്ചത്  സർഗാത്മകതയുടെ ഒറിജിനാലിറ്റിയെപ്പറ്റിയാണ്. ഒരാൾ സൃഷ്ടി നടത്തുന്നു, മറ്റുള്ളവർ ആസ്വദിക്കുന്നു. സൃഷ്ടികർത്താവ് പുതിയതായി ചിലത് സൃഷ്ടിക്കുന്നു. അതിന് ഒരു പുതിയ ഉള്ളടക്കമുണ്ടാകുന്നു. രചയിതാവ് അവസാന വാക്കാണ്. രചന സൃഷ്ടികർത്താവിന്റെ ഉടമസ്ഥതയിലാണുള്ളത്; എന്നു  പറഞ്ഞാൽ ബൗദ്ധികമായ അവകാശം. ഒരു സൃഷ്ടിയുടെ പകർപ്പ് എടുത്താലും രചയിതാവിന്റെ പേര് നിലനിൽക്കും. ഡാവിഞ്ചിയുടെ 'മൊണാലിസ'ക്ക് എത്രയോ ലക്ഷം കോടി പ്രിൻ്റുകളുണ്ടായി!. എന്നാൽ ഡാവിഞ്ചിയാണ് അതിൻ്റെ കർത്താവ്. അതിൽ സൈബർ സാങ്കേതിവിധിയിലൂടെ മാറ്റം വരുത്തിയാലും രചയിതാവിന്റെ കർത്തൃത്വപദവി നഷ്ടപ്പെടുത്താനാവില്ല.

നൂറ്റാണ്ടുകൾക്ക് മുൻപ് കർത്തൃത്വപദവിക്ക് വില കൊടുക്കാത്തവരുണ്ടായിരുന്നു.  മനീഷികളുടെ ചിന്തകൾ കേട്ടെഴുതി  തയ്യാറാക്കുന്ന നോട്ടുകൾ പോലെ സാഹിത്യം പ്രചരിപ്പിക്കപ്പെട്ടു .ബുദ്ധൻ്റെ യും ക്രിസ്തുവിന്റെയും വചനങ്ങൾ കേട്ടെഴുതുകയായിരുന്നല്ലോ.  ഉപനിഷത്ത് മന്ത്രങ്ങൾക്ക് കർത്താവ് എന്ന നിലയിൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ല. അന്ന് കർത്താവ് എന്ന സ്ഥാനം ഒരു പ്രലോഭനമല്ലായിരുന്നു. ഇപ്പോൾ കർത്താവ് എന്ന സ്ഥാനം രചയിതാവിനു വലിയ പ്രതിഛായ നൽകുന്നുണ്ട് .

കർത്തൃത്വം എന്ന ചിന്ത കാലഹരണപ്പെട്ടു 

ഒരു പക്ഷേ ,രചനയേക്കാൾ പ്രാധാന്യം. രചയിതാവ് സൃഷ്ടിക്കുന്നതാണല്ലോ. അങ്ങനെ രചയിതാവിൻ്റെ ചിന്തകൾക്കും പണിപ്പുരരഹസ്യങ്ങൾക്കും ആഖ്യാനങ്ങൾ ചമയ്ക്കാൻ ധാരാളം പേർ രംഗത്ത് വന്നു. ജീവചരിത്രം, ഗവേഷണം, പഠനം തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കർത്തൃത്വം ഇല്ലാതാവുകയാണ്. പരമ്പരാഗതമായ രീതിയിൽ നോവലും കവിതയും എഴുതുന്നവരുണ്ട്. ചിത്രരചനയിലേർപ്പെടുന്നവരുണ്ട്.  അതെല്ലാം ഒരു അനുഷ്ഠാനമാണിന്ന്. ഇരുപതാം നൂറ്റാണ്ടിലെ നോവൽ പരിപ്രേക്ഷ്യങ്ങളിൽ നിന്ന് (ഗാർസിയ മാർകേസ് ,ഉമ്പർട്ടോ എക്കോ ,മിലാൻ കുന്ദേര ,അലൻ റോബ്ബേഗ്രിയേ  തുടങ്ങിയവരുടെ നോവൽ പ്രപഞ്ചമാതൃകകൾ ഓർക്കുക)അല്പം പോലും മുന്നോട്ടുപോകാൻ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ജോർജ് സോണ്ടേഴ്സ്, യാൻ മാർട്ടൽ, റോബർട്ട് എം.പിർസിഗ് തുടങ്ങിയവർ ചില മാറ്റത്തിന് ശ്രമിച്ചത് വിസ്മരിക്കുന്നില്ല .

എന്നിരുന്നാലും ഭൂരിപക്ഷം കൃതികളും പഴയതിൻ്റെ ആവർത്തനമാണ്. പുതിയ ഒരു ലക്ഷ്യമില്ലാതായിട്ടുണ്ട്.ഇവിടെ ആവർത്തിച്ചുള്ള ഉപയോഗമല്ലാതെ ഭാഷയ്ക്ക് ഒരു നേട്ടവുമില്ല. ഈ നൂറ്റാണ്ട് ,യഥാർത്ഥത്തിൽ ,ഉത്തര- ഉത്തരാധുനികമായ പരിപ്രേക്ഷ്യത്തിൽ കർത്തൃത്വത്തെ നിരാകരിക്കുകയാണ്. ആര് എഴുതി ,ആര് വരച്ചു ,ആര് ഡിസൈൻ ചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇതൊരു ചർച്ച ആവശ്യപ്പെടുന്നില്ല. നവീന സാങ്കേതികവിദ്യയിലൂടെ പുതിയ കർത്താവ് ഉണ്ടാവുകയാണ്.വ്യക്തിപരമായ ചിന്താപ്രശ്നങ്ങളോ, ആത്മീയമായ ആകുലതകളോ ഇന്ന് ഒരു ചർച്ച ആവശ്യപ്പെടുന്നില്ല. സൃഷ്ടികളിൽ നിന്ന്  അതിന് കാരണമായ വ്യക്തിത്വപ്രശ്നങ്ങൾ ഒഴിഞ്ഞു പോവുകയാണ്. വ്യക്തിനിരപേക്ഷമായ സർഗാത്മകതയാണ് ഇപ്പോഴുള്ളത്. മനുഷ്യവ്യക്തിക്ക് പകരം നവസാങ്കേതികവിദ്യ പുതിയ സർഗാത്മകതയുടെ ഉറവിടമായിരിക്കുന്നു.ഡ്രോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നത് ഈ നൂറ്റാണ്ടിൻ്റെ ഉത്തര- ഉത്തരാധുനിക കണ്ടുപിടിത്തമാണ് .പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ ഫോട്ടോഗ്രാഫർ എന്ന വ്യക്തിയുടെ കലാപരമായ അവബോധമായിരുന്നു ഫോട്ടോകളുടെ പിന്നിൽ നാം അന്വേഷിച്ചിരുന്നത്.
ഡ്രോൺ ഫോട്ടോകൾ ആ അന്വേഷണങ്ങളെ അസ്ഥിരപ്പെടുത്തിയിരിക്കുന്നു. ഡ്രോൺ മനുഷ്യനു അസാധ്യമായ ഫോട്ടോകളാണ് എടുക്കുന്നത്. ഡ്രോണുകളിലൂടെ നാം ദൃശ്യപരമായ പ്രബുദ്ധത നേടുകയാണ് .നാം ഇതുവരെ കാണാത്ത ഒരു ലോകത്തെ, ഭൂപ്രകൃതിയെ, കൃഷിയിടങ്ങളെ, നഗരങ്ങളെ ഡ്രോണുകൾ കാണിച്ചുതരുന്നു. എത്ര മനോഹരമായ വീക്ഷണകോണുകൾ ഉണ്ടായിരിക്കുന്നു. മനുഷ്യവ്യക്തി ഹെലികോപ്റ്ററിൽ സഞ്ചരിച്ച് എടുക്കുന്നതിനേക്കാൾ ദൃശ്യസാധ്യത ഡ്രോണുകളുടെ ചിത്രങ്ങൾക്കുണ്ട്.കാരണം ,ഡ്രോണുകൾ ആകാശത്തിൽ താരതമ്യേന സ്വതന്ത്രമാണ്. ഒരു പുതിയ മനുഷ്യാതീതമായ സർഗാത്മകത രചിക്കപ്പെടുകയാണ് .ഇങ്ങനെ മനുഷ്യനെ വിട്ട് മനുഷ്യൻ്റേതായ വേറൊരു ലോകം സൃഷ്ടിക്കപ്പെടുകയാണ് .എത്ര മനോഹരമായ ഫോട്ടോകൾ ഉണ്ടാകുന്നു!ഡ്രോണുകളെടുത്ത ഫോട്ടോകളെക്കുറിച്ച് ഒരു ലേഖനം എഴുതുമ്പോൾ സർഗാത്മകമായ ഘടകങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.എന്നാൽ അവിടെ വ്യക്തിയില്ല. സർഗാത്മകതയുടെ പല അടരുകളും വീക്ഷണങ്ങളും ആ ചർച്ചയിൽ ഉയർന്നുവരുന്നുണ്ട്.വ്യക്തിനിരപേക്ഷമായ ഒരു സർഗാത്മകതത്ത്വചിന്ത രൂപപ്പെടുകയാണ് .മനുഷ്യവ്യക്തി തന്നെയാണ് ആ സ്വർഗ്ഗാത്മകതയെയും വ്യാഖ്യാനിക്കേണ്ടത്.

വ്യക്തികേന്ദ്രീകൃതമായ കല ഇല്ലാതാവുന്നു 

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്  ഉപയോഗിച്ച് വരയ്ക്കുന്ന പെയിൻറിംഗുകൾ ചിത്രകലയെയും അതിൻ്റെ തത്ത്വചിന്തയെയും അട്ടിമറിച്ചിരിക്കുകയാണ് .ഒരാൾ തൻ്റെ ഇഷ്ടങ്ങൾ പറഞ്ഞുകൊടുത്താൽ എഐ സോഫ്റ്റ്‌വെയറുകൾ മതിയായ പെയിന്റിങ്ങുകൾ വരച്ചു തരും. എങ്ങനെയാണ് നിറങ്ങൾ സംയോജിപ്പിക്കുന്നതെന്ന് മനുഷ്യർക്ക് ആലോചിക്കാനുണ്ട്. എന്നാൽ എ ഐ സാങ്കേതികവിദ്യക്ക് അതെല്ലാം അനായാസം ചെയ്യാനാവുന്നു.ഇത്തരം ചിത്രങ്ങൾ കർത്താവില്ലാത്തവയാണ്. ഉടമ ഇല്ലാതെയും ചിത്രങ്ങൾക്ക് ജീവിക്കാം. ഉത്തര- ഉത്തരാധുനിക കാലത്ത് കലയിൽ രചയിതാവ് ഇല്ലാതാവുകയാണ്. രചയിതാവിന്റെ കാര്യത്തിൽ കലാപവും ഓർമ്മകളും സർഗ്ഗപരമായ എതിരിടലുമുണ്ട്. അയാൾ പാരമ്പര്യത്തോട് യുദ്ധം ചെയ്യുകയാണ്. റിയലിസത്തിൻ്റെ ക്ളിപ്തവും ആർദ്രവുമായ തലങ്ങളിൽ മനംമടുത്താണ് പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ചിത്രകാരന്മാർ ഇംപ്രഷണിസത്തിലേക്കും പോസ്റ്റ് ഇംപ്രഷണിസത്തിലേക്കും കടന്നത്. ഒരു കലാകാരൻ തൻ്റെ ശരീരത്തിൻ്റെയും മനസ്സിന്റെയും ചലനങ്ങളിലൂടെ മനസ്സിലാക്കുന്നതും അറിവാണ്. നിറങ്ങൾ ചിത്രകാരന്മാർ കണ്ടെത്തുകയാണ് .പ്രകൃതിയിലെ നിറങ്ങളല്ല ,ഭാവനയിലെ നിറങ്ങളാണ് ഉപയോഗിക്കുന്നത്. ആന്തരിക യാഥാർത്ഥ്യമാണല്ലോ കലയിൽ അവതരിപ്പിക്കാനുള്ളത് .മനുഷ്യവ്യക്തിയിലെ അന്തർസംഘർഷങ്ങൾ സ്ഫോടനാത്മകമാകുമ്പോഴും ചിലർ വരയ്ക്കുന്നു. അതുല്യവും അപാരവുമായ നിറസംയോജനങ്ങളിലൂടെ പീറ്റർ  ബ്രൂഗൽ സെക്കൻഡ് (Pieter Brugel second)വരച്ച ചിത്രങ്ങൾ മനുഷ്യരാശിയുടെ നിറബോധത്തിൽ ഒരു പുതിയ പുലരി സൃഷ്ടിക്കുകയാണ് ചെയ്തത് .Peasant Wedding Dance തുടങ്ങിയ ചിത്രങ്ങൾ ഓർക്കുകയാണ്.  യാഥാർത്ഥ്യങ്ങൾക്ക് കൂടുതൽ സൗന്ദര്യവും നിറങ്ങൾക്ക് കൂടുതൽ മികവും നൽകുകയാണ് അദ്ദേഹം ചെയ്തത് .മഹത്തായ കലയുടെ പാരമ്പര്യത്തിലെ ഒരു ഇടവേള ,ഒരു കണ്ണിയാണ് ബ്രൂഗൽ പ്രതിനിധാനം ചെയ്യുന്നത് .ബ്രൂഗൽ ഇവിടെ ഒരു സൃഷ്ടികർത്താവാണ്. ബ്രൂഗൽ മാത്രം ഉത്തരവാദപ്പെട്ട പ്രമേയവും അതിൻ്റെ ആഖ്യാനവുമാണ് ആ ചിത്രം.

അതേസമയം, നവീനകാലത്ത് ഈ ആന്തരലോകം തിരോഭവിക്കുന്നു. വ്യക്തികേന്ദ്രീകൃതമായ കല അസ്തമിക്കുന്നു. പകരം കൃത്രിമബുദ്ധിയുടെ സാധ്യതകളിലൂടെ സൃഷ്ടിപരമായ വേദനയോ കലാപമോ  ഇല്ലാതെ പലതരം ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നു. കർത്തൃത്വമില്ലാത്ത ചിത്രങ്ങൾക്ക് വിമർശനമോ ഭാഷയെ വേണ്ടായിരിക്കും. ചിത്രങ്ങളെക്കുറിച്ച്, ഫോട്ടോകളെക്കുറിച്ച് പഠിച്ച് എഴുതാൻ ഒരു മനുഷ്യവ്യക്തിയുടെ സാന്നിധ്യം ആവശ്യമില്ലെന്നായിരിക്കും അതിനുള്ള ഉത്തരം. കലയുടെ ആധികാരികത, മൗലികത തുടങ്ങിയ ആശയങ്ങൾ തുടച്ചുമാറ്റപ്പെടുകയാണ്. ഇന്ന്  സംഗീതസംവിധാനം ചെയ്യാൻ സ്വന്തമായി ട്യൂൺ സൃഷ്ടിക്കേണ്ടതില്ല. ട്യൂണുകൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതിനും  സഹായിക്കും .നിങ്ങൾ  ഒരിക്കൽപോലും സംഗീതം ചെയ്യാത്തയാളാണെങ്കിൽപ്പോലും ഒരു പാട്ടുണ്ടാക്കാനാകുമെന്ന് എ.ഐ തെളിയിക്കുന്നു. 

യാതൊന്നിനും സൃഷ്ടികർത്താവ് വേണ്ട. എല്ലാം നിർമ്മിത വസ്തുക്കളായി നിങ്ങളുടെ മുന്നിൽ തന്നെയുണ്ട് .കലയിൽ കർത്താവ് ഇല്ലാതാകുന്നത് ഒരു സംസ്കാരമാകുമ്പോൾ മനുഷ്യരെയും അത് പല രീതിയിൽ ബാധിക്കാം. വ്യക്തികൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ കർത്തൃത്വം ഏറ്റെടുക്കാൻ തോന്നുകയില്ല. സ്വന്തം കർമ്മങ്ങൾ വിസ്മരിക്കാനുള്ളതാണ്.ഒന്നിനും ഓർമ്മയുടെ ആനുകൂല്യമില്ലല്ലോ. 

പാട്ടും അഭിനയവും കർത്തൃത്വമില്ലാതെ 

ഇന്ന് പാട്ടുപാടുന്നതും അഭിനയിക്കുന്നതും വാസ്തവത്തിൽ ഒരു കർത്തൃത്വത്തെ സൃഷ്ടിക്കുന്നില്ല. പാട്ടുകാരൻ പല സന്ദർഭങ്ങളിലായി പാടുന്ന ശകലങ്ങളിൽ നിന്ന് ആവശ്യമായത് ചേർത്ത് വച്ച് നിർമ്മിച്ചെടുക്കുകയാണ്. ഒറ്റത്തവണ പാടി റെക്കോർഡ് ചെയ്യുന്ന പാട്ട് ഇപ്പോഴില്ല .ഒരു ഗായകൻ ഒരു പാട്ട് പല രീതിയിൽ പാടിക്കൊടുക്കുന്നു. ചില ഭാഗങ്ങൾ നാലോ അഞ്ചോ തരത്തിൽ പാടുന്നു. സംഗീത സംവിധായകൻ തൻ്റെ ഇഷ്ടത്തിന് അതിൽ നിന്ന് ഒരു പാട്ട് സൃഷ്ടിച്ച്  വേർതിരിച്ചെടുക്കുന്നു. ഇവിടെ പാട്ടിനു ഒരു കർത്തൃത്വമില്ല. ഇങ്ങനെ ഒരു പുതിയ പാട്ട് ഉണ്ടാക്കാൻ സാധിക്കും. ഒരു അന്തിമ ഉൽപ്പന്നമായി പുറത്തുവരുന്ന പാട്ട് യഥാർത്ഥത്തിൽ ഒരാൾ ഒറ്റയ്ക്ക് ഒരു സമയത്ത് പാടിയതാകില്ല. ഇതുതന്നെയാണ് അഭിനയത്തിലും കാണാൻ കഴിയുന്നത്. ഒരാളുടെ അഭിനയം പല ക്യാമറകൾ കൊണ്ട് ഒപ്പിയെടുക്കുന്നു. പിന്നിട് അതിൻ്റെ ക്രമം നിശ്ചയിക്കുന്നത് എഡിറ്റിംഗ് റൂമിലാണ്. ഒരേ രംഗത്തിന്റെ തന്നെ പലതരം വിഭിന്നമായ ആവിഷ്കാരങ്ങൾ കാണാൻ സാധിക്കും. പല ടേക്കുകളിൽ എടുത്ത ദൃശ്യങ്ങളിൽ നിന്ന് ഒരു ക്രമം ഉണ്ടാക്കിയെടുക്കുമ്പോൾ അത്  യഥാർത്ഥത്തിൽ ഒരു നടൻ ഒരു സമയത്ത് അഭിനയിച്ചതായിരിക്കില്ല. അവിടെ അഭിനയകലയുടെ കർത്തൃത്വം സാങ്കേതികമായാണ് നിലനിൽക്കുന്നത്. ആ പ്രത്യേക ക്രമം അഭിനേതാവിനെ പോലും വിസ്മയിപ്പിക്കും .സ്വന്തം കർമ്മങ്ങളെ വിസ്മരിക്കാനുള്ള അവസരമാണിത്.ഒന്നിനും ഓർമ്മയുടെ ആനുകൂല്യമില്ല. 

എത്രവേഗമാണ് നാം ക്രൂരന്മാരാകുന്നത് !.പിഞ്ചു കുട്ടികൾക്കും ജീവികൾക്കും ഒരു രക്ഷയുമില്ലല്ലോ. എല്ലാ പവിത്രതകളും നഷ്ടമാകുന്നത് ഇതിൻ്റെ ഭാഗമായിരിക്കണം. കടലിൽ വലിയ രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുന്നത് മനുഷ്യൻ്റെ ക്രൂരതയുടെയും ദുരയുടെയും ഫലമായി വിലയിരുത്താവുന്നതാണ്. യാതൊരു പാപബോധവുമില്ലാത്ത പുതിയ മനുഷ്യൻ പിറവിയെടുത്തിരിക്കുന്നു. മത്സ്യങ്ങളെയും ജീവികളെയും ജീവനോടെ തിളച്ച എണ്ണയിലിട്ട് വേവിക്കുന്നതും അതിൻ്റെ വീഡിയോ എടുത്ത് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും  പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നതും അതല്ലേ സൂചിപ്പിക്കുന്നത്?

യന്ത്രങ്ങൾ ചിന്തിക്കുന്നു 

Author എന്ന ആശയം ആധുനിക ടെലിവിഷൻ, ഇൻറർനെറ്റ് പ്ളാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷമാവുകയാണ്. ടെലിവിഷൻ പരിപാടികളിൽ ഒരാൾ എഴുതുന്ന സ്ക്രിപ്റ്റില്ല .ചില കഥകളെ ആസ്പദമാക്കി നിർമ്മിക്കുന്ന  ടെലിഫിലിമുകൾക്ക് സ്ക്രിപ്റ്റ് എഴുതുന്ന സമ്പ്രദായം മുമ്പുണ്ടായിരുന്നു .ഇപ്പോൾ അതും അസ്തമിച്ചു. പലർ ചേർന്ന് സ്ക്രിപ്റ്റ് തയ്യാറാക്കുന്നു. ഇതിനു പുറമേ സ്ക്രിപ്റ്റ് വിഭാഗത്തിന് ഒരു മേൽനോട്ടക്കാരനുമുണ്ടാവും. കാണാൻ വരുന്നവരുടെ മതവും വിപണിയിലെ വസ്തുക്കളോടുള്ള പ്രിയവും കണക്കിലെടുത്താണ് സ്ക്രിപ്റ്റ് തയ്യാറാക്കുന്നത് .ഇക്കാര്യത്തിൽ ഒരാളുടെ സ്വകാര്യസൃഷ്ടി എന്ന സങ്കല്പം നിലവിലില്ല. ടെലിവിഷൻ പരിപാടികളുടെ കടലാസ് പണികൾ കൂട്ടായ പരിശ്രമമാണ്. ടെലിവിഷന്  കലയുമായി ബന്ധമില്ല. കലയെക്കുറിച്ചുള്ള സങ്കല്പത്തെ വിപണിയിൽ എങ്ങനെ വിജയകരമാക്കാമെന്നാണ് ചാനൽ മേഖലയിലുള്ളവർ ആലോചിക്കുന്നത്.ഇൻ്റർനെറ്റ് ഇടങ്ങളിൽ വ്യക്തിഗതമായ പോസ്റ്റുകൾ മാത്രമേയുള്ളൂ. യൂട്യൂബിൽ വ്യക്തികൾ വർത്തമാനം പറയുകയാണ്.സ്ക്രിപ്റ്റില്ല ,എഡിറ്ററുമില്ല.ഇതെല്ലാം വ്യക്തമാക്കുന്നത് സമകാലിക ലോകത്ത് പ്രത്യക്ഷപ്പെടുന്ന കലാവസ്തുക്കൾക്ക് ഒരു പിതൃത്വം അവകാശപ്പെടാനാവില്ല എന്നാണ്. പിതൃത്വം ഒരു തടസ്സമാകുമെന്നാണ് വിലയിരുത്തൽ. ഒരാൾ എഴുതുന്നത് അയാളുടെ മാത്രം ധാരണകളുടെ ഉൽപന്നമാണ്. എന്നാൽ മൂന്നോ നാലോ പേർ ചേർന്ന് നിർമ്മിക്കുമ്പോൾ അതിന് ജനകീയത, പ്രചാരം തുടങ്ങിയ ഗുണങ്ങൾ കിട്ടുമെന്ന് പലരും വിശ്വസിക്കുന്നു. പ്രായോഗികമായ ഒരു നിലപാടാണിത്. ഒരു വ്യക്തിയുടെ കർത്തൃത്വം ആവശ്യമില്ലാത്തവിധം ലോകം മാറിയിരിക്കുന്നു .വ്യക്തികൾക്ക് പോലും കർത്തൃത്വം ഇല്ലാതാകുന്ന തരത്തിൽ മന:ശാസ്ത്ര ഘടനയിലേക്കും ഈ കർത്തൃത്വരാഹിത്യം എത്തിച്ചേർന്നിരിക്കുന്നു. വ്യക്തികേന്ദ്രീകൃതമായ ഭാവുകത്വത്തിന്റെയും രചനകളുടെയും അന്ത്യകാലത്താണ് നാം ജീവിക്കുന്നത്. യന്ത്രങ്ങൾ മനുഷ്യർക്ക് വേണ്ടി ചിന്തിക്കുന്നു .മനുഷ്യരുടെ ഭാവതലങ്ങളും ആത്മനൊമ്പരങ്ങളും തിരോഭവിക്കുന്ന ഒരു കാലമാണ് വരാൻ പോകുന്നത്. മനുഷ്യൻ അവന്റെ ശൂന്യതയിൽ അഭയം തേടുന്നു. ഓർമ്മകളും ചിന്തകളും ആശയങ്ങളുമില്ലാത്ത ഒരു മനുഷ്യൻ അവിടെയുണ്ട്. 

മനുഷ്യശൂന്യതയ്ക്ക് ബദലായി  സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ ആപ്പുകൾ ചിന്തിക്കുന്നു .ലോക വ്യവസായി ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ മനുഷ്യൻ്റെ  തലച്ചോറിൽ ന്യൂറോൺ ചിപ്പുകൾ ഘടിപ്പിക്കുന്നതിന്റെ പ്രാഥമിക പരീക്ഷണം വിജയിച്ച ശേഷമാണ് ഈ ലേഖനം എഴുതുന്നത് .മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ച ചിപ്പ് തലച്ചോറിൽ നിന്ന് ചിന്തകൾ പിടിച്ചെടുക്കുകയാണ്. മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പിനു കഴിയുമെന്നാണ് അവകാശവാദം. മനുഷ്യൻ ചിന്തിച്ചാൽ മതി മൊബൈൽ ഫോൺ അതിനനുസരിച്ച് പ്രവർത്തിക്കും. തലച്ചോറും മൊബൈൽ ഫോണും തമ്മിൽ ബന്ധം സ്ഥാപിക്കുകയാണ്. ഇവിടെ യന്ത്രങ്ങൾ മനുഷ്യൻ്റെ കർത്തൃത്വത്തെ അപഹരിക്കുകയാണ്. പകരം സാങ്കേതിക സംസ്കൃതി ഉണ്ടാവുകയും ചെയ്യുന്നു.

ഒരാൾ ചിന്തിക്കുന്നത് പോലെയല്ലല്ലോ ലോകം നീങ്ങുന്നത്. അത് പലതാണ്. അതിനു അന്തമില്ല. ഫോട്ടോകൾ , ഇമോജികൾ തുടങ്ങിയവ നമുക്ക് വേണ്ടിയാണ്. നമ്മൾ ചിരിക്കണമെന്നില്ല, ചിരിയുടെ ഇമോജി അയച്ചാൽ മതിയാകും, സന്തോഷം അറിയിക്കാം. നമ്മൾ പ്രേമിക്കണമെന്നില്ല, പ്രേമത്തിന്റെ ഇമോജി അയച്ചാൽ മതി; പ്രേമം ഉണ്ടായിക്കൊള്ളും.നമ്മൾ യഥാർത്ഥത്തിൽ ജീവിക്കാത്തതും ജീവിച്ചു എന്ന് സ്ഥാപിക്കുന്നതും ഇങ്ങനെയാണ്. അതിലൂടെ നമ്മെ പ്രതിരോധിക്കാനും കഴിയുന്ന അതീത ജീവിതമാണിത്. നമ്മൾ ചിരിക്കാതെ ചിരിച്ചത് അപരനെ അറിയിച്ചു കഴിഞ്ഞാലും അവൻ്റെ ഫോണിൽ നമ്മുടെ ചിരി അവസാനിക്കില്ലല്ലോ. ആ ഇമോജി നമ്മെ എവിടെവരെയും കൊണ്ടുപോകും.


ഉത്തര- ഉത്തരാധുനികത - 8 /എം.കെ.ഹരികുമാർ




പെർഫോമാറ്റിസം


അമെരിക്കൻ ,ജർമ്മൻ സാഹിത്യ സൈദ്ധാന്തികനായ റയോൾ ഇഷെൽമാൻ(Raoul Eshelman)Performatism ,the End of Postmodernism എന്ന പുസ്തകത്തിൽ നവീനമായ സാഹിത്യ, സിനിമ, കലാപ്രവർത്തനത്തിൽ ഒരു ആവിഷ്ക്കാരലാവണ്യാത്മകത (Performativity)സംഭവിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. ഉത്തരാധുനികതയുടെ ജീവിത വിമുഖതയും കപട ചരിത്ര നിർമ്മിതിയും തുറന്നു കാണിച്ച ശേഷമാണ് ഇഷെൽമാൻ അതിൻ്റെ മരണം പ്രഖ്യാപിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ നിന്ന് വിഭിന്നമായി രൂപപ്പെട്ട ഒരവബോധമാണിത്. ഇവിടെ ഭാവുകത്വ(Sensibility)ത്തിനു വലിയ പ്രാധാന്യമില്ല. ഒരു വസ്തുവിനോടുള്ള മാനസികാവസ്ഥയാണ്, പ്രതികരണമാണ് ഭാവുകത്വം. പെർഫോമാറ്റിസ്റ്റ് സാഹിത്യരചനയിൽ ഇതുപോലുള്ള സവിശേഷ മാനസികാവസ്ഥ ആവശ്യമില്ല. എന്തെന്നാൽ ഇത്തരം കൃതികൾ അതിൻ്റെ വായനക്കാരെ വിശ്വസിപ്പിക്കാൻ വ്യത്യസ്തമായ മാർഗങ്ങളാണ് അവലംബിക്കുന്നത്. പെർഫോമാറ്റിസം ആവിഷ്ക്കാരലാവണ്യമാണ്. മനുഷ്യൻ്റെ ഒറ്റപ്പെടലിനു പകരം അവൻ തന്നെ മനസിലെ ശൂന്യമായ ഇടങ്ങൾ സാർത്ഥകമായ ആഭിമുഖ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

പ്രത്യേക മാനസികാവസ്ഥയുള്ളവരെയല്ല; എല്ലാവരെയും സ്പർശിക്കുന്ന തരത്തിലാണ് അതിലെ വൈകാരിക ലോകം അവതരിപ്പിക്കപ്പെടുന്നത്. പെർഫോമാറ്റിസ്റ്റ് കഥാപാത്രങ്ങൾ  നമ്മുടെ മനോഭാവത്തെ മാറ്റുകയാണ്. നമ്മെ അവർ കുറേക്കൂടി അതീതവും അവിശ്വസനീയവുമായ ഒരു ലോകത്തിൻ്റെ അവകാശികളാക്കുന്നു. നിരാശയിലേക്കോ ശൂന്യതയിലേക്കോ നയിക്കുന്നില്ല.കഥാപാത്രങ്ങളുടെ മാനസികവ്യാപാരം ലഘൂകരിക്കപ്പെട്ടതാണെങ്കിലും അവർ സ്വന്തം പരിമിതികളെ മറികടക്കാൻ ഇടം കണ്ടെത്തുന്നവരാണ്.

അന്യവൽക്കരണത്തിൽ നിന്ന് അനുതാപത്തിലേക്ക് 

ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അസ്തിത്വവാദപരമായ അന്യൻ (Existential outsider)എന്ന ആശയം പല എഴുത്തുകാരുടെയും കൃതികളിൽ നിറയുന്നത്.സകലതിൽ നിന്നും ഒറ്റപ്പെടുന്ന നായകന്മാരെ ആൽബേർ കമ്യു ,ഷാങ് പോൾ സാർത്ര് തുടങ്ങിയവർ സൃഷ്ടിച്ചത് ഓർക്കുമല്ലോ .ഒരു വ്യക്തി സ്വയം അന്യവൽക്കരിക്കപ്പെടുന്നു. അയാളുടെ ലോകം മറ്റെല്ലാവരിൽ നിന്നും, സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടതാണ്. അയാൾക്ക് ഒന്നിനോടും ആശയവിനിമയം നടത്താനാവുന്നില്ല.ഇഷെൽമാൻ പറയുന്നു, ഈ വേർപെടൽ, ഒറ്റപ്പെടൽ ഒഴിവാക്കാനാവില്ലെന്ന്.എല്ലാവരും തന്നെ ഇന്ന്  അന്യവൽക്കരിക്കപ്പെട്ടവരാണത്രേ . ലോകം വ്യക്തിക്ക് അപ്പുറത്താണ് നിലകൊള്ളുന്നത്. എന്നാൽ പെർഫോമാറ്റിസ്റ്റ് സാഹിത്യത്തിൽ വ്യക്തി തനിക്കു ചുറ്റിനുമുള്ള എന്തിനോടെങ്കിലും വ്യവഹാരത്തിന് ശ്രമിക്കുകയാണ് .അവൻ്റെ ഒറ്റപ്പെടലിനെ അനുതാപം കൊണ്ട് മറികടക്കുന്നു .അവൻ ഒരു ലക്ഷ്യം സൃഷ്ടിച്ചെടുക്കുന്നു .എന്താണ് പെർഫോമാറ്റിസം എന്ന ചോദ്യത്തോട് ഇഷെൽമാൻ പ്രതികരിച്ചത് ഇങ്ങനെയാണ് :"അതീതത്തെ സൗന്ദര്യാത്മകമായി അനുഭവിക്കാനുള്ള സാധ്യതയാണത് .ഇതിൽ മാജിക്കൽ റിയലിസമോ ഫാൻ്റസിയോ ഇല്ല. ഇത്തരം സങ്കേതങ്ങൾ കൃതികളിൽ അവതരിപ്പിക്കുന്നു എന്നത് നേരാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു  ഇരട്ട ഫ്രെയിമാ(Double Frame)ണ് രൂപപ്പെടുന്നത്. ഒരു രചനയിൽ രണ്ട് ഫ്രെയിമുകൾ ഉണ്ടാകുന്നു. കൃതിയുടെ ആകെ യുക്തിയെ പ്രതിനിധീകരിക്കുന്ന ബാഹ്യഫ്രെയി(Outer Frame)മും കൃതിക്കുള്ളിലെ രംഗങ്ങളായി ആഭ്യന്തര ഫ്രെയിമും.
American Beauty എന്ന സിനിമയാണ് നല്ല ഉദാഹരണം. ബാഹ്യഫ്രെയിമിൽ, മൺമറഞ്ഞ നായകൻ ലെസ്റ്റർ ബേൺഹാം(Lester Burnham)തൻ്റെ പട്ടണത്തിൻ്റെ മുകളിലൂടെ പറക്കുന്നു. എന്നിട്ട് പറയുന്നു, തൻ്റെ തുച്ഛമായ ജീവിതം മനോഹരമാണെന്ന്. അവൻ തുടർന്നു പറയുന്നു, നമ്മൾ മരിക്കുമ്പോൾ അവൻ്റെ ചിന്തകൾ എന്താണെന്ന് മനസ്സിലാക്കാനാവുമെന്ന്. ജീവിതസൗന്ദര്യത്തെക്കുറിച്ചുള്ള അയാളുടെ അവിശ്വസനീയമായ പ്രസ്താവന പല രംഗങ്ങളിൽ ദൃഢീകരിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, പ്ലാസ്റ്റിക് ബാഗ് കാറ്റിൽ നൃത്തം  ചെയ്യുന്ന രംഗമാണ്.ഈ 
സന്ദർഭത്തിൽ കാണികളായ നമുക്ക് വേറെന്താണ് വഴി? ഇത് വിശ്വസിക്കുക തന്നെ.ഈ സിനിമയ്ക്ക് സ്വയം സമ്പൂർണമായ ഒരു യുക്തിയുണ്ട്. നമുക്ക് ഒന്നുകിൽ സ്വീകരിക്കാം, അല്ലെങ്കിൽ പൂർണമായി തള്ളിക്കളയാം. നമ്മൾ കണ്ടു പരിചയിച്ച മാജിക്കൽ റിയലിസവും  ഫാന്റസിയും കലയിൽ ഇങ്ങനെയല്ല പ്രവർത്തിക്കുന്നത് .അവിടെ ഇരട്ട ഫ്രെയിമില്ല; ഒരൊറ്റ ഫ്രെയിം മാത്രമാണുള്ളത്.ഫാൻ്റസിയിലും മാജിക്കൽ റിയലിസത്തിലും പല തരത്തിൽ അവിശ്വസനീയമായ വസ്തുതകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ അതെല്ലാം വെറും ഭാവനയാണെന്ന് നമുക്കറിയാം.നമ്മളത് അറിഞ്ഞുകൊണ്ടാണ് വായിക്കുന്നത്. നമ്മൾ അതിൽ വിശ്വസിക്കുന്നില്ല."

സൗന്ദര്യബോധം നിർണായകം 

എന്നാൽ പെർഫോമാറ്റിസ്റ്റ് രചനകൾ വ്യത്യസ്തമാണ്. സൗന്ദര്യബോധമുള്ള വായനക്കാരാണ് നമ്മൾ. അതുകൊണ്ട് ഒരു പെർഫോമാറ്റിസ്റ്റ് കൃതിയെ വിശ്വസിക്കാൻ നാം വിധിക്കപ്പെടുന്നു. യുക്തിയില്ലാത്ത വിവരണങ്ങൾ നമ്മുടെ അതീതത്വമായി മാറുന്നു.
"Our attitude of belief is an aesthetic and not a practical experience" - ഇഷെൽമാൻ എഴുതുന്നു.

വിശ്വാസം സൗന്ദര്യബോധത്തിന്റെ ഭാഗമാണിവിടെ. അത് പ്രായോഗികമായ അനുഭവമല്ല. സൗന്ദര്യാത്മകമായ അനുഭവം  നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് .സാഹിത്യകൃതിയുടെ ഘടനയിൽ തന്നെ തത്ത്വചിന്താപരമായ ഒരു ഘടകം പ്രവർത്തിക്കുന്നുണ്ട്. യാഥാർത്ഥ്യം, തൽക്കാലത്തേക്കെങ്കിലും നിർമ്മിക്കപ്പെടുന്നു .അത് യാഥാർത്ഥ്യത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചുള്ള വിശ്വാസമായി പരിണമിക്കുന്നു.നമ്മളുടെ ഓരോ വിശ്വാസവും കാലാന്തരത്തിൽ മാറ്റപ്പെടാം. പുതിയ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.

കനേഡിയൻ എഴുത്തുകാരൻ യാൻ  മാർട്ടലി(Yan Martel)ൻ്റെ The Life of Pi എന്ന നോവൽ പെർഫോമാറ്റിസ്റ്റ് രചനയാണെന്ന് ഇഷെൽമാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒൻപത്  മാസക്കാലം ഒരാൾ കടലിൽ ഒരു കടുവയോടൊപ്പം ബോട്ടിൽ  കഴിയേണ്ടി വരുന്ന അവസ്ഥ ആലോചിക്കുക .നോവലിലെ പ്രധാന കഥാപാത്രമായ പി പട്ടേൽ തൻ്റെ  ഇന്ത്യയിലെ കുട്ടിക്കാലം ഓർക്കുകയാണ്.പി വളർന്നത് മൃഗങ്ങളോടൊപ്പമാണ്. എന്തെന്നാൽ അവൻ്റെ അച്ഛന് സ്വന്തമായി ഒരു മൃഗശാലയുണ്ടായിരുന്നു, പോണ്ടിച്ചേരിയിൽ. സ്കൂളിൽ ജന്തുശാസ്ത്രവും മതവും പഠിച്ചതുകൊണ്ട് ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള ചിന്തയെ അവന് കുറേക്കൂടി സ്വകീയമായ നിലയിൽ അന്വേഷിക്കാൻ വഴി തുറന്നു കിട്ടി.

രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പിയുടെ കുടുംബം കാനഡയിലേക്ക് കുടിയേറാൻ തീരുമാനിച്ചു. തങ്ങളുടെ മൃഗങ്ങളെയെല്ലാം കയറ്റി കാനഡയിലേക്ക് തിരിച്ച കപ്പൽ മുങ്ങുകയാണ്.മൃഗങ്ങൾ മിക്കതും വെള്ളത്തിൽ മുങ്ങിത്താഴുന്നു. അവശേഷിച്ചത് ഏതാനും എണ്ണം മാത്രം .അവ പരസ്പരം ആക്രമിക്കുകയാണ്. പിയും ഒരു കടവയും മാത്രമാണ് ലൈഫ് ബോട്ടിൽ ബാക്കിയായത്. തുടക്കത്തിൽ, കടുവ തന്നെ ആക്രമിക്കുമോ എന്ന് ഭയന്ന് പി അതിനോട് അകലം പാലിച്ചു. എന്നാൽ എങ്ങോട്ട് ഓടിപ്പോകാനാണ്? കടുവയോട് ഇണങ്ങുകയല്ലാതെ വേറെ വഴിയില്ല. കടുവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ കടലിൽ ഒറ്റപ്പെടും എന്നോർത്തപ്പോൾ അവൻ്റെ ഭയം ഇരട്ടിച്ചു. 227 ദിവസമാണ് പി കടലിൽ കഴിഞ്ഞത്.യാത്രയുടെ ഒടുവിൽ മെക്സിക്കോയിലെ ഒരു ബീച്ചിൽ ലൈഫ്ബോട്ട് അടുത്തപ്പോൾ റിച്ചാർഡ് പാർക്ക് എന്ന ആ കടുവ അവിടെ കാണപ്പെട്ട കാട്ടിലേക്ക് നടന്നു പോവുകയാണ് ചെയ്തത്. അതുവരെ തന്റെ കൂടെ യാത്ര ചെയ്ത പിയെ ഒന്നു നോക്കുക പോലും അവൻ  ചെയ്തില്ല.

ഏതാണ് സത്യം ?

കടലിൽ നിന്ന് രക്ഷപ്പെട്ടെത്തിയ പിയെ തേടി കപ്പൽച്ചേതത്തെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെത്തി. അവർ പി പറഞ്ഞ, കടുവയോടൊത്തുള്ള യാത്രയും അതിജീവനവും വിശ്വസിക്കുന്നില്ല. അവർ അത് വിശ്വസിക്കാതെ വന്നപ്പോൾ പി അവരോട് വേറൊരു 'കഥ' പറഞ്ഞു. കപ്പൽ മുങ്ങിയപ്പോൾ അവശേഷിച്ച മൃഗങ്ങളോടൊപ്പമല്ല, ഒരു നാവികനോടും പാചകക്കാരനോടൊപ്പം  ഒരു ലൈഫ്ബോട്ടിൽ താൻ രക്ഷപ്പെട്ടെത്തുകയായിരുന്നു എന്ന്. തൻ്റെ മാതാവും കൂടെയുണ്ടായിരുന്നു. നാവികൻ്റെ കാലിന് പരുക്കുണ്ടായിരുന്നു. ബോട്ടിലെ പാചകക്കാരൻ ആ കാല് മുറിച്ചെടുത്ത് കടലിൽ ഇരപിടിക്കാൻ തുടങ്ങി. ഇതിൽ വിഷമിച്ച് കഴിഞ്ഞ പി വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ ഒരു കടലാമയെ പിടിച്ചെടുത്തു. ഇതിൽ കുപിതനായ പാചകക്കാരൻ പിയെ മർദ്ദിച്ചു. ഇത് കണ്ട മാതാവ് പാചകക്കാരനെ അടിച്ചു. തുടർന്ന്  അവർ തമ്മിൽ കപ്പലിൽ സംഘടനമുണ്ടായി. പാചകക്കാരൻ പിയുടെ അമ്മയെ വകവരുത്തി. അതിനെ തുടർന്ന് പി പാചകക്കാരനെയും കൊന്നു. ഇതിൽ ഏത് കഥ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് പി ഉദ്യോഗസ്ഥരെ അറിയിക്കുന്നു.ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായി. അവർക്ക് പിയുടെ കടുവയോടൊത്തുള്ള യാത്രയാണ് അപ്പോൾ വിശ്വാസയോഗ്യമായി തോന്നിയത്. 

ഏതാണ് സത്യമെന്ന ചോദ്യമാണ് നോവലിസ്റ്റ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്. യാഥാർത്ഥ്യങ്ങൾക്ക് ആപേക്ഷികമായ വശമുണ്ട്. അതിൽ വിശ്വസിക്കുന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്.കടുവയോടൊത്തുള്ള യാത്രയും പാചകക്കാരനോടൊപ്പുള്ള യാത്രയും ഒരാൾ തന്നെയാണ് പറയുന്നത്. അപ്പോൾ യഥാർത്ഥമായ വസ്തുത എവിടെയാണ്? ജീവിതത്തിന്റെ സ്വഭാവമാണിത്.ഇഷെൽമാൻ പെർഫോമാറ്റിസ്റ്റ് യുക്തി എന്ന നിലയിൽ ചൂണ്ടിക്കാണിക്കുന്നത് നോവലിലെ ഇരട്ട ഫ്രെയിമിൻ്റെ സൗന്ദര്യമാനമാണ്. വായനക്കാരായ  നമ്മുടെ മുന്നിലുള്ള വഴി എന്താണ്?കപ്പൽച്ചേതത്തെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെ പോലെയാണ് നമ്മൾ .ഏത് വിശ്വസിക്കും? ഏതു വേണമെങ്കിലും വിശ്വസിക്കാം. ഇവിടെ നമ്മുടെ മുന്നിലുള്ള തിരഞ്ഞെടുപ്പ് ആശയിച്ചിരിക്കുന്നത്  വിശ്വാസിയോഗ്യതെയെയാണ്.

കടലിൽ കടുവയോടൊത്ത് സഞ്ചരിക്കുന്ന പിയുടെ ജീവിതം വായനക്കാർ വിശ്വസിക്കുകയാണ്. അവർക്ക് അത് മനസ്സിലാക്കാനാവും. മറ്റൊന്നും ചോദിക്കാനില്ല. കടലിൽ ഒരു കടുവ എന്തുകൊണ്ടാണ് മനുഷ്യനെ ആക്രമിക്കാതിരുന്നത്? അവനും അടിയന്തരഘട്ടങ്ങളിൽ സ്നേഹത്തിനു വേണ്ടി നിലകൊള്ളുന്നു. അവൻ തൻ്റെ ക്രുദ്ധഭാവങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ,അല്ലെങ്കിൽ ആർക്കും കാണാനാകാത്ത വിധം അദൃശ്യമായ സ്നേഹത്തെ പരിപാലിക്കുകയാണ്. അവൻ കരയിലെത്തി കാട്ടിലേക്ക് മടങ്ങുമ്പോൾ ആ സ്നേഹത്തെ അവിടെ ഉപേക്ഷിക്കുകയാണ്.

നോവലിസ്റ്റ് തൻ്റെ ആവിഷ്ക്കാരനൈപുണ്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു. വായനക്കാരൻ സൗന്ദര്യാത്മക ജീവിയായത് കൊണ്ട് നോവലിലെ സാഹസികജീവിതം അവന് സത്യമായി അനുഭവപ്പെടുന്നു. മനസിലെ ഒഴിഞ്ഞ ഇടം സ്നേഹത്തിൻ്റെ ,സഹവർത്തിത്വത്തിൻ്റെ ഭാഗമായ വളർച്ചയ്ക്ക് ഉപയോഗിക്കപ്പെടുന്നു.

ഉത്തര- ഉത്തരാധുനികത - 7 /എം.കെ.ഹരികുമാർ




ഓട്ടോ മോഡേണിറ്റി 


ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വാട്സപ്പ് പോലെയുള്ള വ്യക്തിഗത ആശയവിനിമയ ഉപകരണങ്ങളിലും നമ്മൾ എന്തെങ്കിലും എഴുതുന്നത്  ഓട്ടോ മോഡേണിറ്റിയുടെ ഭാഗമാണ്. ഒരു സന്ദേശമോ ചിത്രമോ പോസ്റ്റ് ചെയ്യുമ്പോൾ അത് ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിലൂടെ സ്വയം പ്രവർത്തിക്കുകയാണ്.ഒരു സെക്കൻഡ് കൊണ്ട് ലക്ഷ്യം കാണുന്ന പോസ്റ്റ് ഒളിപ്പിച്ചുവെക്കുന്നത് ഈ എൻജിനീയറിംഗാണ്. ഈ  എഞ്ചിനീയറിംഗിനെക്കുറിച്ച് ഉപയോക്താവ്  ബോധവാനാകണമെന്നില്ല. അവൻ്റെ മുന്നിൽ വൃത്തിയുള്ള സ്ക്രീൻ ടെംപ്ലേറ്റുകളും റിങ്ടോണുകളും ബാക്കപ്പ് ഫയലുകളും മാത്രമേയുള്ളൂ. ഉപയോക്താവ് തന്നെ എൻജിനീയറിങ്ങിന്റെ ഭാഗമാണ് .എന്തെന്നാൽ ഉപയോക്താവ് വിരൽത്തുമ്പ് ചലിപ്പിക്കുമ്പോഴാണ് അത് പ്രവർത്തിക്കുന്നത്.

ഒരാൾ ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അത് ഓട്ടോമോഡേണിറ്റിയായിത്തീരുന്നു.ഇതിനും അപ്പുറത്ത് അയാളുടെ സന്ദേശങ്ങൾ പലയിടങ്ങളിലും ഷെയർ ചെയ്യപ്പെടുന്നു,അഭിപ്രായങ്ങൾ സ്വരൂപിക്കുന്നു .ഇതെല്ലാം  സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന്റെയും ഡേറ്റ  വിനിമയത്തിന്റെയും മറ്റൊരു അന്തർലോകത്തിൻ്റെ ഫലമാണ്. ഇത് അദൃശ്യതയിൽ യഥേഷ്ടം തുടരുകയാണ് .

നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് എന്താണെന്ന് കണ്ടുപിടിച്ചു ഗൂഗിൾ നമുക്ക് വേണ്ട വിഭവങ്ങൾ കൺമുന്നിലേക്ക് കൊണ്ടുവരുന്നതിൽ ഈ ഓട്ടോമോഡേണിറ്റിയുണ്ട്. നമ്മുടെ  താല്പര്യങ്ങൾ ശ്രദ്ധിക്കുകയും അതനുസരിച്ച് നമ്മുടെ തിരഞ്ഞെടുപ്പുകളെ സഹായിക്കുകയും ചെയ്യുന്ന ഈ യന്ത്രസംവിധാനം നമ്മെ സ്വയമറിയാതെ തന്നെ പുതിയൊരു സ്വയം നിയന്ത്രിത ആധുനികതയിലേക്ക് നയിക്കുകയാണ്. നാളിതുവരെയുള്ള ചരിത്രത്തിൽ, മനുഷ്യൻ്റെ വ്യാവഹാരിക ജീവിതത്തിലെ സമ്പൂർണ്ണ പൊളിച്ചെഴുത്താണ് ഉത്തര- ഉത്തരാധുനികതയിൽ സംഭവിച്ചിരിക്കുന്നത്. മനുഷ്യർ പൂർണമായി മനസ്സിലാക്കാതെ തന്നെ അവർ മാറ്റപ്പെട്ടിരിക്കുന്നു. അവരുടെ മന:ശാസ്ത്രഘടനയിൽ പൊളിച്ചെഴുത്ത്  സംഭവിച്ചിരിക്കുന്നു. മൂല്യങ്ങളും മുൻഗണനാക്രമങ്ങളും മാറിപ്പോയിരിക്കുന്നു.

മനുഷ്യനും യന്ത്രവും ഒന്നായി 

Auto -Modernity after post modernism:Autonomy and Automation in Culture ,Technology and Education എന്ന പ്രബന്ധത്തിൽ ചിന്തകനും സൈദ്ധാന്തികനുമായ റോബർട്ടു സാമുവൽസ് (Robert Samuels) ഇങ്ങനെയാണ് എഴുതുന്നത്:
"To be precise,we can no longer base our analysis of culture, identity and technology on the tradional conflicts between the public and the private ,the subject and the object,and the human and the machine."

ഇതുവരെ മനുഷ്യരാശി, പ്രത്യേകിച്ചും  കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പുലർത്തിയിരുന്ന സമീപനങ്ങൾ അമ്പേ പരാജയപ്പെട്ടു എന്നാണ് ഇവിടെ നിരീക്ഷിക്കുന്നത്. പൊതുമണ്ഡലത്തിൻ്റെയും സ്വകാര്യതയുടെയും തലങ്ങളിൽ നമ്മൾ മനസ്സിലാക്കാൻ ശ്രമിച്ച സംസ്കാരം, സ്വത്വം ,സാങ്കേതികത തുടങ്ങിയവയെല്ലാം പുതിയകാലത്ത് പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. വ്യക്തിയും വസ്തുവും അല്ലെങ്കിൽ മനുഷ്യനും യന്ത്രവും തുടങ്ങിയ വൈരുദ്ധങ്ങളിൽ ഊന്നിയാണ് നമ്മൾ ആത്മീയതയെ പോലും അറിയാൻ ശ്രമിച്ചിട്ടുള്ളത്. ഇനി അത്തരം വിഭജനങ്ങളും മാനദണ്ഡങ്ങളും മതിയാവാതെ വരുമെന്ന് സാമുവൽസ് മുന്നറിയിപ്പു നൽകുന്നു .ഈ കാലം ഓട്ടോ മോഡേണിറ്റിയുടേതാണ് .നമ്മൾ തന്നെ പുതിയ ആധുനികതയാവുകയാണ്. ആധുനികതയുടെ പ്രക്രിയകൾ സ്വയം നിർവ്വചിക്കപ്പെടുകയാണ്. ആരും ഒന്നും ചെയ്യാതെ തന്നെ ആധുനികത സംഭവിക്കാം. സാങ്കേതികവും മാനവികവുമായ തലങ്ങളിൽ സ്വയം രൂപപ്പെടുന്ന ആധുനികതയാണിത്.വ്യക്തിസ്വാതന്ത്ര്യവും യാന്ത്രികതയും ഇതുവരെ വൈരുദ്ധ്യങ്ങളായി കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഡിജിറ്റൽ അതിയാന്ത്രികത (Automation)യിലൂടെ പുതിയൊരു സ്വയം നിയന്ത്രിത സംവിധാനം ഉണ്ടായിരിക്കുന്നു. അവിടെ വ്യക്തിസ്വാതന്ത്ര്യവും യാന്ത്രികതയും  ഒന്നായി ചേർന്നിരിക്കുന്നു. 

പരമ്പരാഗതമായ പൊതുമണ്ഡലമോ സാമൂഹികമായ മധ്യസ്ഥതയോ ഇപ്പോഴില്ല. എല്ലാം വ്യക്തികൾ സ്വകാര്യമായി തീർപ്പാക്കുന്നു ,ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ .ഇതുവരെ പരസ്പരവിരുദ്ധമെന്ന് കരുതിയിരുന്നത് ഒന്നായി മാറിയത്, പരമ്പരാഗതമായ വ്യക്തിനിഷ്ഠത, വസ്തുനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള പഠനങ്ങളെ  ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.ഇന്നത്തെ വിദ്യാഭ്യാസത്തിൽ ഈ ഓട്ടോമേഷൻ വളരെ പ്രകടമാണ് .ക്ലാസ് റൂമിൽ ഡിജിറ്റൽ പാഠങ്ങളുണ്ട്. വിവിധതരം പ്ലാറ്റ്ഫോമുകൾ ഒരേസമയം ഉപയോഗിക്കാം. ഗൂഗിളിൽ പരതാം. മൊബൈൽ ഫോണിൽ സ്പെല്ലിംഗ് ചെക്ക് ചെയ്യാം. ചാറ്റ് ചെയ്യാം.  വാക്കുകളുടെ അർത്ഥം നോക്കാം. ഇതെല്ലാം അതിയാന്ത്രികതയുടെ  ആവിർഭാവമായി കാണാം.വ്യക്തിയും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായിരിക്കുകയാണ്. മൊബൈൽഫോണിൽ യാന്ത്രികബുദ്ധിയുടെ സാങ്കേതികതയുണ്ട്. എന്നാൽ അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഈ കാലഘട്ടം അതിയാന്ത്രികതയെ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. ഉപയോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഏത് വിഷയത്തെക്കുറിച്ചും എഴുതി നല്കുന്ന ചാറ്റ്ബോട്ടുകൾ വ്യക്തിയും യന്ത്രവും ഒന്നിക്കുന്ന നിമിഷങ്ങളാണ് പകരുന്നത്. 

ഓട്ടോ മോഡേൺ ഉപകരണങ്ങളായി സാമുവൽസ് ചൂണ്ടിക്കാണിക്കുന്നത് കമ്പ്യൂട്ടർ, വേർഡ് പ്രോസസർ , മൊബൈൽഫോൺ, ഐപോഡ്, ബ്ലോഗ്, ടിവിയുടെ റിമോട്ട് ,കമ്പ്യൂട്ടർ ഗെയിം തുടങ്ങിയവയാണ്. ഇതെല്ലാം പ്രവർത്തിപ്പിക്കാൻ വേണ്ടി അലയേണ്ട. നമ്മൾ അനുവദിച്ചാൽ മതി ,സ്വയം പ്രവർത്തിച്ചു കൊള്ളും. ഒരു ബ്ലോഗിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെങ്കിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി .ഏറ്റവും ഉയർന്ന തരത്തിലുള്ള യാന്ത്രിക പ്രവർത്തനമാണ് ഈ ഡിജിറ്റൽ ഉപകരണങ്ങളിലുള്ളത്. എന്നാൽ ഇത്  വ്യക്തികളുടെ ജീവിതാനുഭവത്തിൽ ഇഴുകിച്ചേർന്നിരിക്കുകയാണ്.

വ്യക്തി ഒരു മൊബൈൽ ഫോൺ തന്നെ 

വസ്തുവും വ്യക്തിയും ഒന്നായ അനുഭവമാണിത്. ഒരു ലാപ്ടോപ്പുമായി ഓഫീസിൽ പോകുന്ന ഒരാൾക്ക് വീടും ഓഫീസും ഒരുപോലെയാണ് .അയാൾക്ക് സ്ഥലം ഒരു പ്രശ്നമല്ല .അയാൾ എവിടെയിരിക്കുന്നുവോ അതാണ് ഓഫീസ്. ഇമെയിൽ ഉപയോഗിക്കുന്നവർക്ക് പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട് ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ  നിന്ന് രക്ഷപ്പെടാം. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സന്ദേശം അയയ്ക്കുന്നത് മറ്റാരും അറിയുന്നില്ല. ഇത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടർ ഒരു വ്യക്തിയുടെ സ്വകാര്യസംസ്കാരമായി രൂപാന്തരപ്പെടുകയാണ്.പൊതുമണ്ഡലത്തിൽ നിന്നുകൊണ്ട് ഒരാൾക്ക് ലാപ്ടോപ്പിലൂടെ സ്വകാര്യമായ വിനിമയങ്ങളിൽ ഏർപ്പെടാം. അതോടെ അയാൾക്ക് രണ്ട് ജീവിതങ്ങൾ കിട്ടുന്നു. സിവിൾ സമൂഹത്തിലെ ഒരംഗം എന്ന നിലയിലും സ്വകാര്യ വ്യക്തി എന്ന നിലയിലും അയാൾക്ക് നിലനിൽക്കാം. അയാൾ ലാപ്ടോപ്പിലൂടെ തുടരുന്ന ആശയവിനിമയങ്ങൾ സ്വകാര്യതയുടെ അടയാളങ്ങളായി മാറുന്നു. ഒരു സ്വകാര്യ പ്രവൃത്തിയിടമായി ലാപ്ടോപ്പിനെ കാണണം. വ്യക്തികൾ സമൂഹത്തിനും സ്ഥലത്തിനും സ്വത്വത്തിനും അടിമയാണെന്ന ഉത്തരാധുനികതയുടെ കാഴ്ചപ്പാടുകൾ ഉത്തര- ഉത്തരാധുനികതയുടെ ഓട്ടോ മോഡേണിറ്റി തിരുത്തുകയാണ്.

ഒരാൾ സാംസ്കാരികമായി വ്യത്യസ്തനാവുകയോ, പ്രത്യേക  മുദ്രവഹിക്കുകയോ ചെയ്യുന്നതാണ് അയാളുടെ ബന്ധങ്ങളുടെ അടിസ്ഥാനമെന്ന ധാരണയും അട്ടിമറിക്കപ്പെടുകയാണ്.നവമാധ്യമങ്ങളുടെ വരവ് ഇതിനെ അപ്രസക്തമാക്കി.  സൈബർ ലോകം ഒരു പ്രത്യേക കാലത്തെയോ സ്ഥലത്തെയോ സംസ്കാരത്തെയോ ലക്ഷ്യമാക്കുന്നില്ല. അത് എല്ലായിടത്തും എപ്പോഴും ഒരുപോലെയാണ്.അതിന് വ്യക്തിപരമായ പരിഗണനകളോ മുൻകൂട്ടിയുള്ള ബന്ധങ്ങളോ ഇല്ല. ഏതൊരു വ്യക്തിക്കും യഥേഷ്ടം ഏത് ആശയത്തെയും സംസ്കാരത്തെയും പരിശോധിക്കാനാവും. ഇന്നത്തെ വ്യക്തികളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത് അവർ തങ്ങളുടെ മൊബൈൽഫോൺ തന്നെയാണെന്നാണ്. ഫോണിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരിടമോ വ്യക്തിത്വമോ അവർക്കില്ല.കൊല്ലുമ്പോഴും മരിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. കൂട്ടക്കൊല നടത്തുന്നതിൻ്റെ ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക്ക് ലൈവിൽ കൊടുക്കുന്നവനെ കണ്ടു. അയാളെ ഫോൺ അതിയാന്ത്രികതയിൽ എത്തിച്ചിരിക്കയാണ്. 

എല്ലാ രഹസ്യങ്ങളും പരസ്യമാണ് 

പരസ്യം,രഹസ്യം തുടങ്ങിയ വിഭജനങ്ങൾ ഇല്ലാതാക്കിയത് ഓട്ടോ മോഡേണിറ്റിയാണ്. ആർക്കും എന്തും പരിശോധിക്കാവുന്ന വിധം ഇൻറർനെറ്റ്  എല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നു. യു ട്യൂബ് നോക്കി പ്രസവിച്ച വിദ്യാർത്ഥിയെ ഓർക്കുകയാണ്. ബഹുസ്വരതയിലും ഐഡൻ്റിറ്റിയിലും സാമ്രാജ്യത്വാനന്തര പ്രാദേശികതയിലും ഊന്നിയ ഉത്തരാധുനികതയ്ക്ക് ഈ പുതിയ ലോകത്തെ സമീപിക്കാനാവില്ല.എന്നാൽ ഇപ്പോൾ നമുക്ക് വേൾഡ് വൈഡ് വെബ് (www),ഗൂഗിളൈസേഷൻ എന്നിവയുണ്ട്. ലോകത്തുള്ളതെന്തും ഡേറ്റയായും വിവരമായും ഇൻ്റർനെറ്റിലെത്തുകയാണ്. ഒരു അറിവ് ഇൻറർനെറ്റിൽ തിരച്ചിലിനു സജ്ജമാകുന്നതോടെയാണ് അതിൻ്റെ  യാത്രയാരംഭിക്കുന്നത്. ലോകം ഒരു വലയിൽ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എല്ലാം ആ വലയിൽ ഒരുപോലെയാണ്. രാജാവിനും മോഷ്ടാവിനും ഒരേ സ്ഥാനം നൽകുന്ന വലയാണത്. കാരണം, അവിടെ വ്യക്തികൾക്കല്ല പ്രാധാന്യം അറിവുകൾക്കാണ്.കള്ളനെക്കുറിച്ചും കൊലപാതകിയെക്കുറിച്ചുമുള്ള വിവരങ്ങൾ ഒരു ഭരണാധികാരിയെക്കുറിച്ചുള്ള വിവരങ്ങൾ പോലെ പ്രധാനപ്പെട്ടതാണെന്ന് ഗൂഗിൾ പറയുന്നു. എല്ലാം തിരച്ചിലിനുള്ളതാണ്. വ്യക്തികളുടെ മികവ് അവരുടെ സ്വകാര്യതയായി തന്നെ നിലനിൽക്കുന്നു .വേൾഡ് വൈഡ് വെബ്ബിൽ അതിനു പ്രത്യേക പ്രാധാന്യമില്ല. ഗൂഗിൾ, വസ്തുക്കളുടെ മൂല്യത്തിന് വിലയിടുന്നില്ല. വിവരങ്ങൾക്കാണ് പ്രാധാന്യം.അതിൻ്റെ ഉപയോഗത്തെക്കുറിച്ച് ഒരു ഉപദേശവും തരുന്നില്ല .പല ഉറവിടങ്ങളിലുള്ള (സൈറ്റുകളിലുള്ളത്)വിവരങ്ങൾ നമ്മുടെ ആവശ്യാനുസരണം അത് നിരത്തുന്നു. അത്  ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് ഉപയോക്താവിൻ്റെ  താത്പര്യമാണ് .എല്ലാത്തരം ഉപയോക്താക്കൾക്കും തുല്യപ്രാധാന്യമാണുള്ളത്. ചന്ദ്രനിൽ പോകുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ഒരു ഉപയോക്താവിനും ,ബോംബ് ഉണ്ടാക്കാൻ പഠിക്കുന്നവനും ഗൂഗിൾ ഒരേ സ്ഥാനമാണ് കൊടുക്കുന്നത്.

സെക്സ് വ്യക്തിയുടെ ഇഷ്ടം 

ഗൂഗിളിൽ തിരയാൻ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.  ഒരാൾ ബോംബ് ഉണ്ടാക്കുന്നത് പഠിക്കാൻ ഗൂഗിളിൽ പരതുന്നത് മറ്റാരും കാണുന്നില്ല .അയാളുടെ സ്വാതന്ത്ര്യമായാണ് അത്  വ്യാഖ്യാനിക്കപ്പെടുന്നത്. വേൾഡ് വൈഡ് വെബ് ലോകത്തെ തന്നെ വിപുലീകരിക്കുകയാണ്. ലോകത്തിലെ എല്ലാ വിഭാഗീയതകളെയും മറികടക്കുന്ന ലോകമാണത്.ഇവിടെയാണ് സമൂഹത്തിൻ്റെ നിർമിതി എന്ന നിലയിലുളള യഥാർത്ഥ്യങ്ങൾ  അണിനിരക്കുന്നത്. ലൈംഗികത ഒരു സാമൂഹികനിർമ്മിതിയാണെന്ന പഴയ ചിന്തയെ ഉത്തര- ഉത്തരാധുനികത തകർക്കുകയാണ്. ലൈംഗികത ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക് ഏത് തരം സെക്സ് വേണം, ഏത് ലിംഗത്തിൽ ജീവിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ആ സ്വാതന്ത്ര്യം ഇല്ലായിരുന്നു. യാഥാർത്ഥ്യത്തെ വ്യക്തികൾ അവരുടെ സ്വാതന്ത്ര്യം കൊണ്ട് നിർമ്മിക്കുകയാണ്.

വ്യക്തികൾ ഫോൺ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകൾ അവരുടെ യാഥാർഥ്യമാണ്. അതുപോലെയാണ് അവരുടെ സെക്സും. ട്രാൻസ്ജെൻഡറുകളും വിവിധ തരം ലൈംഗിക ഗ്രൂപ്പുകളും പുതിയ അതിയാന്ത്രികതയുടെ സംഭാവനയാണ്. നൂതനമായ  വൈദ്യശാസ്ത്രശസ്ത്രക്രിയകൾ പുതിയ പൗരത്വം ജനിപ്പിക്കുകയാണ് .ആൺ ,പെൺ എന്നിങ്ങനെയുള്ള ഐഡൻ്റിറ്റികൾ താത്കാലികമാണെന്ന് ഇത് കാണിച്ചുതരുന്നു. വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തെ നിർമ്മിക്കുകയാണ്. ഒരു എക്സ്പെർട്ടിനെയും ആവശ്യമില്ല എന്ന നിലയിലേക്ക് ഇത് ലോകത്തെ എത്തിച്ചിരിക്കുകയാണ്. സാമുവൽസ് എഴുതുന്നു:
"Instead of relying on experts or modern sorting systems like library card catalogues ,automated search engines appear to put the power of cultural filtering in to the hands of the autonomous user.

ഓട്ടോ മോഡേണിറ്റി മനുഷ്യരെത്തന്നെ ആധുനികവൽക്കരിക്കുകയാണ്. സംസ്കാരത്തെ ഇനി പ്രത്യേക ജീവിതരീതിയായി വീക്ഷിക്കാനാവില്ല. കലയുടെയോ പ്രത്യേക ആചാരങ്ങളുടെയോ വ്യവഹാരമാണ് സംസ്കാരം എന്ന് പറയുന്നത് തെറ്റാണ്. സംസ്കാരം നമ്മെ ആധുനികവൽക്കരിക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്. സംസ്കാരം ഡിജിറ്റൽ അതിയാന്ത്രികതയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്.

വിവിധ തരം ഓൺലൈൻ പ്ളാറ്റ്ഫോമുകളിലൂടെയാണ് ലോകത്ത് ഭൂരിപക്ഷവും കലയെയും സംസ്കാരത്തെയും അനുഭവിക്കുന്നത് .ഒരു പ്രദേശത്തിൻ്റെ മാത്രമായ സംസ്കാരം എന്ന നിലയിലല്ല ,ഒരു ആഗോള ഉത്പന്നമായാണ് എന്തിനെയും ആളുകൾ സ്വീകരിക്കുന്നത്. തീയേറ്ററുകളിലെന്ന പോലെ സിനിമകൾ ഇപ്പോൾ ഓൺലൈനിലും  കാണുന്നു .കൊഞ്ചു വളർത്തുന്നതും കൊഞ്ചിനെ പിടിക്കുന്നതും വീഡിയോയിൽ ചിത്രീകരിക്കുന്നു. ആ വീഡിയോ ലോകത്തെവിടെയിരുന്നും വീക്ഷിക്കാമല്ലോ .അപ്പോൾ അത് ഒരാഗോള കാഴ്ചയാണ്. ഇത് സാധ്യമാക്കിയത് യാന്ത്രികതയുടെ കണ്ടുപിടിത്തമാണ്. എന്നാൽ ഇത് ഷൂട്ട് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും എളുപ്പത്തിൽ സാധ്യമാണ്. മനുഷ്യൻ്റെ സ്വകാര്യമായ ജോലി ഇന്ന് ആഗോളവിഭവമായി മാറിയിരിക്കുന്നു.  ഇതിനു സന്ദർഭമൊരുക്കിയത് പുതിയ ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങളാണ്. ഉളളിൽ ആധുനികതയെ നിർമ്മിച്ചുവച്ചിരിക്കുന്ന ഉപകരണങ്ങളാണ് ഓട്ടോ മോഡേണിറ്റി യാഥാർത്ഥ്യമാക്കുന്നത്.

ഉത്തര- ഉത്തരാധുനികത - 6 /എം.കെ.ഹരികുമാർ

 



ഡ്രോമോക്രസി
പിക്നോലെപ്സി 


ഉത്തര- ഉത്തരാധുനികതയിൽ വേഗത (Speed)ഒരു നവീനാശയമായി  ഉയർന്നുവരികയാണ്. വേഗതയെക്കുറിച്ചുള്ള സങ്കല്പങ്ങൾ, ചിന്തകൾ നേരത്തെയും ഉണ്ടായിരുന്നു. വാഹനങ്ങളുടെ വേഗതയും വേഗനിയന്ത്രണവും എല്ലാവർക്കും അറിവുള്ളതാണ്.എന്നാൽ നവീനകാലത്തിലെ വേഗത സ്ഥലത്തെയും കാലത്തെയും പുനർനിർവ്വചിക്കുകയാണ്. നിങ്ങൾ സഞ്ചരിക്കാതെ തന്നെ വേഗത നേടാവുന്നതാണ്. ഇന്റർനെറ്റും സാറ്റലൈറ്റും നവ ആശയവിനിമയ സാങ്കേതികവിദ്യകളും നമ്മുടെ സ്ഥലത്തിന്റെയും സമയത്തിന്റെയും സങ്കല്പങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്. ഒരു വിരൽത്തുമ്പ് അമർത്തുന്നതിലൂടെ ഒരു നിമിഷം കൊണ്ട് ആയിരം പേർക്ക്, വിവിധ രാജ്യങ്ങളിലുള്ളവർക്ക് സന്ദേശം അയയ്ക്കാവുന്ന വാട്സപ്പ്, ഇമെയിൽ സംവിധാനങ്ങലാണല്ലോ ഇപ്പോഴുള്ളത്. നമ്മൾ എവിടെയിരിക്കുന്നു, ഏത് സമയത്താണ് ജീവിക്കുന്നത് എന്നീ കാര്യങ്ങളെ അത് അപ്രസക്തമാക്കുകയാണ്. 

ഒരു നിമിഷം കൊണ്ട് ഏതു ദൂരത്തെയും ഇന്ന് കീഴടക്കാം.  ഇന്ത്യയിലെ ഒരു ഗ്രാമത്തിലിരുന്നുകൊണ്ട് അയയ്‌ക്കുന്ന വാട്സപ്പ് ,ഇമെയിൽ സന്ദേശങ്ങൾ ദൂരത്തെ ഇല്ലാതാക്കുകയാണ്. ദൂരം എന്ന വ്യാപ്തിയെ സമയത്തിനുള്ളിലേക്ക് അപ്രത്യക്ഷമാക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് അമേരിക്കയിലെ ഒരു ഓഫീസിലേക്കുള്ള സന്ദേശം എത്തുന്നത് ഒരു നിമിഷത്തിനുള്ളിലാണ് .അപ്പോൾ കപ്പൽ വഴിയോ ,വിമാനം വഴിയോ അവിടെ എത്തിച്ചേരാനെടുക്കുന്ന ദൂരം ഇല്ലാതാവുകയാണ്. ഈ ദൂരത്തിന്റെ അപ്രത്യക്ഷമാകൽ ,സമയത്തിന്റെ അപ്രത്യക്ഷമാകൽ കൂടിയാണ് .സ്ഥലവും സമയവും എവിടെപ്പോയി അപ്രത്യക്ഷമായി? ഇപ്പോൾ സ്പീഡ് മനുഷ്യബന്ധങ്ങളെയും ബാധിക്കുന്ന ഒരു മാനം നേടിയിരിക്കുകയാണ്. വേഗതയുടെ അവബോധത്തിനകത്താണ് മനുഷ്യൻ്റെ  ബന്ധങ്ങളുടെ ആഴം പരിശോധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങൾ വേഗത്തെയാണ് അനുഭവിപ്പിക്കുന്നത് .മൊബൈൽ ഫോൺ വേഗത്തെ ആവിഷ്കരിക്കുകയാണ്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്ന ആളുകൾ വേഗതയിൽ വിശ്വസിക്കുന്നു. എത്രയും വേഗം പ്രതികരണങ്ങൾ കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ് ആളുകൾ. മിസ്ഡ് കോളുകൾ വേഗത്തെ അളക്കാനുള്ളതാണ് .എന്നാൽ പ്രതികരണങ്ങൾക്ക് വേഗതയില്ലെങ്കിൽ അത് സ്നേഹരാഹിത്യമായി കണക്കാക്കും. വേഗത ഒരാളുടെ സ്വഭാവവും ഗുണവും മൂല്യവുമായി കണക്കാക്കപ്പെടുകയാണ്.  വാഹനങ്ങൾ, യാത്രകൾ, ചടങ്ങുകൾ എല്ലാം വേഗത്തിൽ അധിഷ്ഠിതമാണിന്ന്. ആധുനിക പ്രിന്റിങ് ടെക്നോളജി എത്രയും കുറച്ച് സമയം കൊണ്ട് ഒരു പുസ്തകം അച്ചടിക്കാമെന്നാണ് തെളിയിക്കുന്നത്. എല്ലായിടത്തും മന്ദത ഒരു തിന്മയായി വിലയിരുത്തപ്പെടുകയാണ് . രോഗത്തിന് അതിവേഗം മുക്തി നൽകുന്നതാണ് ആശുപത്രികളുടെ മികവായി കണക്കാക്കപ്പെടുന്നത്.എവിടെ യാത്ര പോകുമ്പോഴും അത് സമയത്തിനും ദൂരത്തിനും എതിരെയുള്ള ഒരു യുദ്ധം കൂടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ യുദ്ധം വേഗത്തെ പൂർണമായും ആശ്രയിക്കുന്നത്. ശത്രുവിന്റെ മിസൈലിനെ നേരിടാനുള്ള മിസൈൽ സംവിധാനം വേഗതയിലാണ് നിലയുറപ്പിക്കുന്നത്. ആധുനിക മനുഷ്യൻ്റെ വേഗത്തിൻ്റെ  ജീവിതവും ജീവിതത്തിൻ്റെ വേഗവും കെട്ടുപിണഞ്ഞു കിടക്കുകയാണ് .

വേഗതയില്ലാത്ത ജീവിതം ജീവിതമല്ല 

ഫ്രഞ്ച് സൈദ്ധാന്തികനും ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറും സൗന്ദര്യശാസ്ത്ര ചിന്തകനുമായ പോൾ വിറിലിയോ(Paul  Virileo,1932-2018) ഡ്രോമോളജി(Dromology) എന്ന ഒരു പദം തന്നെ അവതരിപ്പിച്ചു.ഡ്രോമോളജി എന്നാൽ വേഗത്തിൻ്റെ ശാസ്ത്രം .ഇത് ഓട്ടപ്പന്തയത്തിൻ്റെയും വേഗത്തിന്റെയും കാലമാണിതെന്ന് അദ്ദേഹം വാദിക്കുന്നു .നമ്മുടെ ജീവിതം ഇപ്പോൾ യുദ്ധസമാനമായ വേഗതയിലാണുള്ളത്. ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. വേഗത്തിന്റെ യുക്തിയാണ് ഇന്നത്തെ നമ്മുടെ ധാർമികതയായി മാറുന്നത്.  War and Cinema,The Art of The Motor ,The Aesthetics of Disappearance തുടങ്ങിയ കൃതികളിലൂടെ ആധുനിക കാലഘട്ടത്തിലെ വേഗതയുടെയും സാങ്കേതിക ജീവിതത്തിൻ്റെയും  സൗന്ദര്യശാസ്ത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതിൽ ആധുനിക വേഗത്തിൻ്റെ പരിണതിയെ കണ്ടെത്തുന്നതിൻ്റെ വിചിന്തനങ്ങളുണ്ട്. അദ്ദേഹം പറയുന്നു ,ഇത് ഡെമോക്രസി(Democracy)യുടെ കാലമല്ല, ഡ്രോമോക്രസി(Dromocracy)യുടെ (ഓട്ടപ്പന്തയത്തിൻ്റെ)കാലമാണെന്ന്. ഇനിയൊരിക്കലും മനുഷ്യർക്ക് വേഗത കുറഞ്ഞ ഒരു വ്യവസ്ഥയിലേക്ക് മടങ്ങാനാവില്ല എന്നാണ് വിറിലിയോ  പറയുന്നത്.കാറുകളുടെ വേഗതയെക്കാൾ ട്രെയിനുകൾ വേഗതയാർജിച്ചിരിക്കുന്നു. വേഗത കുറഞ്ഞ ട്രെയിനുകൾ ഇനി ആകർഷിക്കപ്പെടില്ല. അതിവേഗത്തിലുള്ള സാങ്കേതികവ്യവസ്ഥ ഈ കാലഘട്ടത്തിലെ ജീവിത വീക്ഷണത്തെയും സ്ഥലകാലബോധത്തെയും മാറ്റിമറിച്ചിരിക്കുകയാണ്.വിറിലിയോയുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ആധുനികജീവിതത്തെ കൂടുതൽ അപഗ്രഥിക്കാനാവും. മനസ്സുകളെ സ്പീഡ് ബാധിച്ചിരിക്കുന്നു .മനസ്സിൻ്റെ ഒരു മുൻഗണനയാണത്.  ഇന്റർനെറ്റിലെ ഇടം (ജി.ബി അഥവാ Space)നമ്മുടെ യഥാർത്ഥ സ്ഥലമല്ല. അത് സ്ഥലത്തിൻ്റെ പ്രതീതിയാണ്. നമുക്ക് എഴുതാം ,പാടാം, പ്രതികരിക്കാം, വഴക്കിടാം, ചീത്ത വിളിക്കാം -എല്ലാം പ്രതീതിയാണ്. ഒന്നും യഥാർത്ഥ സമയത്തല്ല സംഭവിക്കുന്നത് .ട്രെയിനിൽ യാത്ര ചെയ്യുന്ന ,കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ യഥാർത്ഥ സമയ(Real Time)മല്ല അത് ;ആ യഥാർത്ഥ സമയത്തിനകത്ത് അളക്കാനാവാത്ത അനേകം ഇടങ്ങൾ പ്രതീതിയായി പ്രത്യക്ഷപ്പെടുകയാണ്. അതാണ് ജീവിതമായിത്തീരുന്നതെന്ന് നാം കരുതുന്നു .കാരണം, നമ്മൾ സജീവമായി ചിന്തിക്കുകയും ഇടപെടുകയും വിശ്വസിക്കുകയും ചെയ്യുന്നത് ഇപ്പോൾ അവിടെയാണല്ലോ. നേരിട്ട് കാണുമ്പോൾ ഒന്നും തന്നെ പറയാനില്ലാത്തവർ ഒരു പ്രതീതി (virtual)വ്യവസ്ഥയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.അവർ ചിലപ്പോഴൊക്കെ സത്യസന്ധമായി പെരുമാറുന്നു. അതേ അളവിൽ ആൾമാറാട്ടം നടത്തുന്നു. ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിച്ചു വികാരങ്ങൾ ഉള്ളതായി അഭിനയിക്കുന്നു. യഥാർത്ഥമായ സ്ഥലവും സമയവും അപ്രത്യക്ഷമാവുകയാണ്. ഇതിനെ വിറിലിയോ ഭൗതികാവസ്ഥയുടെ അപ്രത്യക്ഷമാകൽ(Disappearance of Materiality)എന്നു വിളിക്കുന്നു. 

സമാധാനത്തിലും യുദ്ധം 

മനുഷ്യർക്ക് ജീവിക്കാൻ പ്രതീതി ധാരാളമാണ്. പലതും ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് സുഖം. ഇല്ലാത്തതും ഉണ്ടെന്ന് കരുതുമ്പോൾ കുറച്ചുകാലത്തേക്കെങ്കിലും രസമുണ്ടാവും.ശരീരം തന്നെ അപ്രത്യക്ഷമാവുകയാണ്. ശരീരത്തിന് എന്താണ് പ്രസക്തി, ഇൻറർനെറ്റിലും  സമൂഹമാധ്യമങ്ങളിലും?. ശരീരങ്ങൾ ഉണ്ടെന്ന് സങ്കൽപിക്കപ്പെട്ടാൽ മതിയല്ലോ .അശരീരിയാവുന്നതാണ് ഈ കാലത്തിൻ്റെ പ്രതീതിയാഥാർത്ഥ്യത്തെ ആഴമുള്ളതാക്കുന്നത്. 

ജനാധിപത്യമല്ല ,ഓട്ടപ്പന്തയക്കാരാണ് ഇന്നത്തെ ലോകത്തെ ക്രമീകരിക്കുന്നത് എന്ന് വിറിലിയോ പറയുന്നത് മനുഷ്യന്റെ മനോഭാവത്തിൽ പ്രകടമായ മാറ്റത്തെ ഉദാഹരിച്ചുകൊണ്ടാണ്. പ്രണയിക്കുന്നതിനും കാണുന്നതിനും ചിന്തിക്കുന്നതിനും വേഗത ആവശ്യമാണത്രേ. പ്രേമിക്കുന്നത് അതിവേഗതയിലാണെങ്കിൽ വേർപിരിയുമ്പോഴും ആ വേഗത അനിവാര്യമാകുന്നു.വേഗത്തിൻ്റെ വിരാട് രൂപമാണ് നാം എവിടെയും കാണുന്നത്.ഉപഭോക്തൃ ഉല്പന്നങ്ങൾ പോലും പല പേരുകളിൽ , രൂപങ്ങളിൽ പുതുതായി പുറത്തിറക്കുന്നു .ഫാഷൻ ലോകത്തും വേഗത്തിനാണ് പ്രിയം .അതുകൊണ്ടാണ് വിറിലിയോ പറയുന്നത്, സമാധാനമായിരിക്കുന്നതും യുദ്ധമാണെന്ന്. കമ്പ്യൂട്ടറുകളാണ്  നമ്മുടെ ജീവിതത്തിലെ സത്യങ്ങളും രഹസ്യങ്ങളും കണ്ടുപിടിക്കുന്നത്. നമ്മൾ ആഹ്ളാദത്തോടെ , സമാധാനത്തോടെ ജീവിക്കുന്നു എന്ന് പറയുമ്പോഴും ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിൽ നമ്മളാണ് ഇരകളാക്കപ്പെടുന്നത്. നമുക്കില്ലാത്ത  വേഗം നമ്മളിലേക്ക് കുടഞ്ഞിടുന്നത് പുതിയ സാങ്കേതികവിദ്യയാണ്. വിവരസാങ്കേതിവിദ്യയുടെ വേഗത  സമയത്തിന്റെ ഒരു പുതിയ രാഷ്ട്രീയമാണ്.

കമ്പ്യൂട്ടർ സ്ക്രീൻ ഡേറ്റ സ്വീകരിക്കാൻ മാത്രമുള്ളതല്ല;ആഗോളവൽക്കരണത്തിന്റെയും വർദ്ധിച്ച അതിൻ്റെ പ്രതീതിവൽക്കരണത്തിൻ്റെയും തലങ്ങളെ അത് ഉൾക്കൊള്ളുകയാണ്. എല്ലായിടത്തും സ്പേസ് അപ്രത്യക്ഷമാവുന്നു;ശരീരമോ വസ്തുക്കളോ അതിനു അപവാദമല്ല. ഇപ്പോൾ വേഗതയെ അളക്കാനാവുന്നില്ല. നമ്മൾ ഒരു പ്രതീതിലോകത്ത് എത്ര സ്പീഡിൽ നീങ്ങുന്നുവെന്ന് നമുക്കറിയില്ല. ഇൻറർനെറ്റൽ നമ്മൾ നേടുന്ന വേഗത്തിൻ്റെ കാര്യമാണ് പറയുന്നത്. അധികാരം അസ്പൃശ്യമായാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.  മുൻകാലങ്ങളിൽ അധികാരം ഉപയോഗിച്ചവർ ആരൊക്കെയാണെന്ന് അറിയാമായിരുന്നു .ഇപ്പോൾ അത് അദൃശ്യമായിരിക്കുന്നു. ആരെല്ലാം നമ്മുടെ സിസിടിവി ദൃശ്യങ്ങൾ കാണുന്നു ,നമ്മുടെ ടെലിഫോൺ സംഭാഷണങ്ങൾ കേൾക്കുന്നു, ആരെല്ലാം നമ്മുടെ ഈമെയിലുകൾ നിരീക്ഷിക്കുന്നു, നമ്മുടെ സൗന്ദര്യബോധത്തെ അപഗ്രഥിക്കുന്നു, ആരെല്ലാം നമ്മുടെ വാട്സപ്പ് ഇമേജുകൾ ശേഖരിക്കുന്നു എന്നീ കാര്യങ്ങൾ ഒന്നും നമുക്കറിയില്ല. നമ്മുടെ ഫോൺ നമ്മെ എവിടെയെല്ലാം ഒറ്റിക്കൊടുക്കുന്നു എന്ന് നമുക്കറിയില്ലല്ലോ. ഇതാണ് വിറിലിയോ പറയുന്ന അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം (Aesthetics of Disappearance).അധികാരത്തെ ഇന്ന് സ്പർശിക്കാനാവില്ല. ഒരു ഫോൺ നിങ്ങളുടെ കൈയിലുണ്ടെങ്കിൽ നിങ്ങൾ നിശ്ചിതമായ ഒരു ടവർ ലൊക്കേഷന്റെ പരിധിയിലാണ്. അതിന്റെയർത്ഥം നിങ്ങൾക്ക് മേൽ മറ്റാർക്കെങ്കിലും അധികാരം ഉണ്ടെന്നാണ് .നിങ്ങൾ പിടിക്കപ്പെട്ടിരിക്കുന്നു എന്നാണർത്ഥം .നിങ്ങൾ ഒരു സാങ്കല്പിക കുറ്റവാളിയാണ്. അതുകൊണ്ട് നിങ്ങളെ എപ്പോഴും മുൻകൂട്ടി നിരീക്ഷിക്കേണ്ടതുണ്ട്.നിങ്ങളുടെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന പോലെ കണ്ടാൽ മതി ,കൈയിലുള്ള മൊബൈൽ ഫോണിനെ. നിങ്ങൾ കുറ്റവാളിയാണ് ,അല്ലെങ്കിൽ കുറ്റവാളിയാകാൻ തീരുമാനിച്ചയാളാണ് എന്ന നിഗമനത്തിലാണ് നിങ്ങൾക്കു ചുറ്റുമുള്ള അധികാരമനസ്സ് പ്രവർത്തിക്കുന്നത്.അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. നിങ്ങൾ ഒരു പ്രജയായിരിക്കെ തന്നെ ഒരു തടവുപുള്ളിയുമാണ് .നിങ്ങളുടെ ജീവിതം യഥാർത്ഥമാണെങ്കിൽ നിങ്ങളുടെ ഭാഗധേയം പ്രതീതിയിലുള്ള  തടവറയിലാണ്. അധികാരം എത്രമാത്രം അദൃശ്യമാകുന്നുവോ അത്രമാത്രം അത് പ്രതീതിയായി നിലനിൽക്കുകയാണ് .അധികാരം നിങ്ങൾക്ക് കാണാനാവില്ലെങ്കിലും അത് നിങ്ങളുടെ സമീപത്ത് തന്നെ പ്രതീതിയായി നിൽക്കുകയാണ് .എന്നാൽ അത് നിലനിൽക്കുന്നില്ല എന്ന് സ്ഥാപിക്കാനാവില്ല. 

മസ്തിഷ്കത്തിനു ഉൾക്കൊള്ളാനാവാത്ത സ്പീഡ് 

അധികാരത്തിന്റെ വ്യവസ്ഥയ്ക്ക് സ്വയം അറിയാതെ അടിമപ്പെട്ടു ജീവിക്കുന്ന നമ്മൾ സ്വതന്ത്രരാണെന്ന് പറയുന്നതാണ് വ്യാജത്വം. ഈ വ്യാജത്വം നമുക്ക് എപ്പോഴുമുണ്ട്. നമ്മൾ വ്യാജത്വത്തെ സത്യമായി സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കയാണ്.അതേ സമയം നമ്മൾ സ്വയം നഷ്ടപ്പെടുകയാണ്. ചില പൊയ് വിശ്വാസങ്ങൾ നമുക്ക് അനിവാര്യമായിത്തീർന്നിരിക്കുന്നു. നവസാങ്കേതികത്വവും അമിതവേഗതയും, സിനിമ, ടെലിവിഷൻ, ദൃശ്യസംവിധാനങ്ങളും  നമ്മെ ഈ പൊയ്‌വിശ്വാസത്തിലേക്ക് നയിക്കുന്നുണ്ട്.വിറിലിയോ ഇതിൻ്റെ ദുരന്തമായി ഉയർത്തിക്കാട്ടുന്നത് പിക്നോലെപ്സി(Picnolepsy) എന്ന അവസ്ഥയാണ്.സമയത്തിൽ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണിത്; അല്ലെങ്കിൽ നമ്മുടെ ബോധത്തിന്റെ തുടർച്ചയിൽ നിന്ന് താൽക്കാലികമായോ ചെറിയ ഇടവേളകളിലോ കുറച്ചുനേരത്തേക്ക് വേർപെടുന്ന അവസ്ഥ .ഇന്നത്തെ ജീവിതത്തെ പിക്നോലെപ്സി എന്ന രോഗതുല്യമായ അവസ്ഥ പിടികൂടിയിരിക്കുന്നു. സ്വാഭാവികമായ ചിത്രീകരണം ഒരു സിനിമയിലോ ,വീഡിയോയിലോ ഇല്ല. 
എല്ലാം പല ക്യാമറകൾ ഉപയോഗിച്ച്, പല കാലങ്ങളിൽ ചിത്രീകരിച്ചവയാണ്. ഒരു ഗാനരംഗം പോലും സ്വാഭാവികതയുടെ അനുഭവം നൽകുന്നില്ല. മനുഷ്യമസ്തിഷ്കത്തിനു  പിന്തുടരാകാനാത്ത വിധം വിടവുകൾ നിറഞ്ഞതാണ് ചിത്രീകരണം. പല കാലങ്ങളിൽ ഷൂട്ട് ചെയ്തത് സംയോജിപ്പിച്ചതാണ്. ഒരു യഥാർത്ഥ ദൃശ്യം പോലും അതിലില്ല .നടന്മാർ യഥാർത്ഥത്തിൽ അഭിനയിച്ചതല്ല നാം കാണുന്നത്. ഒരു കലാപ്രവൃത്തി തന്നെ പല കോണുകളിലൂടെ ,ക്യാമറകളിലൂടെ ഒപ്പിയെടുക്കുന്നു. അതിൽ നിന്ന് ഏതെങ്കിലുമൊക്കെ ചേർത്ത് ഒട്ടിക്കുന്നു .നമ്മൾ സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾ ഒരു നടൻ യഥാർത്ഥത്തിൽ അഭിനയിച്ചതല്ല. അയാളുടെ പല കോണുകളിലൂടെയുള്ള ദൃശ്യങ്ങളാണത്. പ്രേക്ഷകൻ്റെ മുന്നിലേക്ക് വരുന്ന ദൃശ്യങ്ങൾക്ക് തുടർച്ചയോ യുക്തിയോ ഉണ്ടാകില്ല. അവൻ സ്വന്തം തലച്ചോറ് കൊണ്ട് അത് കണ്ടുപിടിക്കേണ്ടി വരും. ഇതാണ് ദുരിതം .സമീപകാലത്ത് പുറത്തുവന്ന കെ.ജി.എഫ് ,ആർ. ആർ.ആർ തുടങ്ങിയ നവസാങ്കേതിക മുന്നേറ്റം നടത്തിയ സിനിമകളിൽ ഇതു വളരെ പ്രകടമാണ്. പ്രേക്ഷകന്റെ ചിന്തിക്കാനുള്ള ശേഷിയെയും കാണാനുള്ള കഴിവിനെയും വെല്ലുവിളിക്കുന്ന പല സന്ദർഭങ്ങളും ഈ ചിത്രങ്ങളിൽ കാണാം. ഒരാളെ പ്രഹരിക്കുന്ന രംഗമാണെന്ന് വിചാരിക്കുക. പ്രഹരിക്കുന്നത് പ്രേക്ഷകന് കാണാനാവില്ല. ഒരാൾ കൈ ഉയർത്തുന്നത് കാണാം ,പിന്നെ കാണുന്നത് എതിരാളി തെറിച്ചു വീഴുന്നതാണ്. ഇതിനിടയിൽ സാങ്കേതികമായ ചില ദൃശ്യവൽക്കരണങ്ങളാണുളളത്. അത് വ്യക്തമല്ല. ഈ ഭാഗത്ത് പ്രേക്ഷകന്റെ, ബോധം മരിക്കുന്നു. ഇതിനെ വിറിലിയോ പിക്നോലെപ്സിയുടെ കാരണമായി കാണുന്നു .ഇത്തരം അനേകം മരണങ്ങൾ നേരിട്ടുകൊണ്ടാണ് ഒരാൾ ചിത്രം കണ്ടു പൂർത്തിയാക്കുന്നത്. കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരുന്നാലും പ്രേക്ഷകനു എല്ലാം കാണാനൊക്കില്ല. ചിത്രീകരിക്കാത്തത് ചിത്രീകരിച്ചു എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തണമെങ്കിൽ അവൻ്റെ ബോധത്തെ കൊല്ലേണ്ടതുണ്ട്. ഇതിൻ്റെ അതിപ്രസരത്തിൽപ്പെട്ട് പ്രേക്ഷകന് ബോധക്ഷയമുണ്ടാകുന്നു. അവൻ തിയേറ്റർ വിടുന്നത് ഈ തുടർ മരണങ്ങൾ ഏൽപ്പിച്ച ആഘാതവുമായാണ്. അവൻ്റെ ഞരമ്പുകളെ ഇത് ചൂടുപിടിപ്പിക്കുന്നു.
അവൻ്റെ യാഥാർത്ഥ്യബോധത്തെയും സ്ഥലകാലബോധത്തെയും മറന്നിട്ടു മാത്രമേ ഇത്തരം അവിശ്വസനീയമായ ഡിജിറ്റൽ എഡിറ്റിങ്ങിനെ കാണാനൊക്കൂ .എന്നാൽ ഗത്യന്തരമില്ലാതെ അവൻ അതെല്ലാം വിശ്വസിച്ചതായി സ്വയം അംഗീകരിക്കുന്നു. മറ്റുള്ളവരെയും അത് ബോധ്യപ്പെടുത്തുന്നു .

ഒഴിഞ്ഞ ഒരിടവും ബാക്കിയില്ല 

സിനിമയിൽ ,ഷൂട്ട് ചെയ്യാതെ വിശ്വസിപ്പിക്കുന്ന രംഗങ്ങൾക്ക് അസാധാരണ ഘനശബ്ദമാണ് അകമ്പടിയാവുന്നത്.  സ്ക്രീനിൽ കണ്ണിനു ഉൾക്കൊള്ളാനാവാത്ത കാഴ്ചയുണ്ടാകുകയാണ്, അമിതവേഗതയാണ് കാരണം. ഗാന,സംഘടനരംഗങ്ങളിൽ ആരുടെയും ശരീരം പോലും കാണാനാവുന്നില്ല. ശരീരത്തിന്റെ ചലനങ്ങൾ അതിവേഗത്തിൽ സംഭവിക്കുകയാണ്;
ഉഗ്രശബ്ദങ്ങളും ഒപ്പം വരുന്നു.ഇത് പ്രേക്ഷകന്റെ ബോധത്തിൽ വീഴ്ത്തുന്ന വിള്ളൽ മരണത്തിൻ്റെ അനുഭവമാണ്. ഇത് ഉൾക്കൊള്ളാനാവാത്ത പ്രേക്ഷകന്റെ മനോഘടന മാറുകയാണ്.
അവൻ ജീവിതത്തിൽ ഇതിൻ്റെ തുടർ പ്രശ്നങ്ങൾ കൊണ്ടുനടക്കുകയാണ്.  ഒന്നിനും യുക്തിയോ, കാഴ്ചയോ ആവശ്യമില്ലാത്ത വിധം അമിതവേഗതയെ അത്യന്താപേക്ഷിതമായ യാഥാർഥ്യമായി അവൻ ശരിവയ്ക്കുന്നു. ഇത്തരം അതിവേഗതയാണ് ശരി എന്ന നിലയിലേക്ക് അവനെ എത്തിക്കുന്നു.
വേഗതയില്ലാത്ത സിനിമകൾ കാണരുതെന്ന് അവൻ ശഠിക്കുന്നു. കെ.ജി.എഫും ലിയോയും തകർത്തിട്ടിരിക്കുന്ന പ്രേക്ഷക മനസിലേക്ക് അറുപതുകളിലെയോ എഴുപതുകളിലെയോ സിനിമകൾക്ക് പ്രവേശിക്കാനാവില്ല .ആ സിനിമകളിലെ യാഥാർത്ഥ്യം, സാവകാശം തേടുന്ന ദൃശ്യങ്ങൾ ഇന്നത്തെ പ്രേക്ഷകൻ അവിശ്വസിക്കുകയുള്ളൂ. വേഗതയില്ലാത്ത ആ പഴയ സിനിമകളുടെ യാഥാർത്ഥ്യം കൃത്രിമമായി കാണാൻ അവർ ശീലിച്ചിരിക്കുന്നു.

ഇത് പിക്നോലെപ്സിയുടെ ഒരു പ്രതികൂല ഫലമാണ്. നവസാങ്കേതികത സൃഷ്ടിച്ച പുതിയ എപ്പിലെപ്സിയാണിത്. സാങ്കേതികമായ ഈ അതിവേഗത നമ്മെ ഒരിടത്തും നിലയുറപ്പിക്കാനാവാത്ത നിസ്സഹായതയിലേക്കാണ്  എത്തിക്കുന്നത്. വിറിലിയോ എഴുതുന്നു: " എല്ലായിടത്തും കണ്ണുകളാണ് .ഒഴിഞ്ഞ ഒരിടവും ബാക്കിയില്ല. എല്ലാം ദൃശ്യമായിരിക്കെ , നാം എന്ത് സ്വപ്നം കാണും. ? അന്ധനായിരിക്കുന്നതായിരിക്കും നാം സ്വപ്നം കാണുക."

വളരെ പ്രസക്തമായ ഒരാശയമാണിത്. എല്ലായിടവും ക്യാമറയും ചാരക്കണ്ണുകളും വല വിരിച്ചിരിക്കുകയാണ്. ഒരാളുടെ സ്വകാര്യജീവിതം പോലും ഇന്ന് അസാധ്യമായിരിക്കുന്നു. സ്വകാര്യ ജീവിതത്തെ തുറന്നുകാണിക്കാൻ നമ്മുടെ തന്നെ മാധ്യമങ്ങളുണ്ടല്ലോ,സമൂഹമാധ്യമങ്ങളും മൊബൈൽ ഫോണും ഗൂഗിൾ സെർച്ചും മറ്റും. എവിടെയാണ് ഒഴിഞ്ഞ ഇടമുള്ളത് ?എല്ലാം എല്ലാവർക്കും പരിചിതമാണ്. വലിയ അവാർഡുകളും പദവികളും ഇന്ന് ആരെയും ഭയപ്പെടുത്തുന്നില്ല. കാരണം, അതെല്ലാം നേടിയ ധാരാളം പേരുണ്ടല്ലോ .ഒരു ശൂന്യതയും മരവിപ്പും നമ്മെ കാത്തു അടുത്തുണ്ട്. നാം അതിനെ എങ്ങനെ മറികടക്കും. ?