ഭഗവദ്ഗീതയുടെ പുനരുപയോഗം
എം.കെ.ഹരികുമാർ
ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്തിനാണ് ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്. ഈ നോവലിന് മുമ്പോ ശേഷമോ മലയാള നോവലിന് ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല. ഇന്നും 'ഖസാക്കിന്റെ ഇതിഹാസം' മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്.
നോവലിന് സ്ഥൂലമായ പ്രതലങ്ങൾ മതിയെന്ന് വിചാരിക്കുന്നവരുണ്ട്. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ സഞ്ചാരത്തിലൂടെ വായനക്കാരൻ എത്തിച്ചേരുന്നത് വായനക്കാരൻ ശൂന്യതയിലാണെന്നുമാത്രം. തനിക്കറിയാവുന്നതെല്ലാം നോവലിസ്റ്റ് പറയുന്നു എന്ന് വായനക്കാരന് തോന്നും. അയാൾ വായനക്കായി ഉപയോഗിച്ച സമയത്തെ പഴിക്കരുതല്ലോ എന്നോർത്ത്, മറ്റൊന്നും പറയുന്നില്ലെന്നുമാത്രം. 'ഖസാക്കിന്റെ ഇതിഹാസം' സ്ഥൂലമായ പ്രതലത്തിലല്ല, ഒരാളെ അയാളുടെ അകംലോകങ്ങളിലേക്ക്, ജ്ഞാനരഹസ്യാത്മക ദ്വീപുകളിലേക്ക് നയിക്കുന്ന കൃതിയാണ്. ഇതിന് സമാനമായ ഒരു നോവലും നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. ടി.ആറിന്റെ 'കൊരുന്ന്യേടത്ത് കോമുട്ടി', കോവിലന്റെ 'തോറ്റങ്ങൾ', വൈക്കം ചന്ദ്രശേഖരൻ നായരുടെ 'സ്മൃതികാവ്യം', കൽപറ്റ ബാലകൃഷ്ണന്റെ 'അകംപൊരുൾ പുറംപൊരുൾ', ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും'. മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം', കാക്കനാടന്റെ 'അജ്ഞതയുടെ താഴ്‌വര', ബഷീറിന്റെ 'ബാല്യകാലസഖി', തകഴിയുടെ 'ഏണിപ്പടികൾ' എന്നീ നോവലുകളാണ് മലയാള നോവലിന്റെ ആഖ്യാനകലയ്ക്ക് എന്തെങ്കിലുമൊക്കെ സംഭാവന നൽകിയിട്ടുള്ളത്. എന്നാൽ ഈ നോവലുകളെല്ലാം കലയുടെ കാര്യത്തിൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് പിന്നിലാണ്. മലയാള ഭാഷയുടെ പുതിയ സാധ്യതയാണ് വിജയൻ തുറന്നത്. മലയാളംകൊണ്ട് ഇതുവരെ ആവിഷ്കരിക്കാൻ കഴിയാതിരുന്ന ചില യാഥാർത്ഥ്യങ്ങളെ വിജയൻ പുറത്തു വിട്ടു. അതുപോലെ, വെളിപാടുപോലെ തനിക്കു ലഭിച്ച സൂചനകളെയുംചിന്തകളെയും പകരാൻ പറ്റിയ നവമായൊരു മലയാളത്തെയും അദ്ദേഹം കണ്ടെടുത്തു. ഇതു രണ്ടും സമ്മേളിക്കുന്നത് അപൂർവ്വമാണ് .പുതിയ യാഥാർത്ഥ്യം, പുതിയ ഭാഷ ,ഇതാണ് 'ഖസാക്കിലൂടെ' പുറത്തുവന്നത്. മലയാള നോവലിൽ ഇത്തരം അന്വേഷണങ്ങൾ പൊതുവെ ഇല്ലല്ലോ.
എന്തുകൊണ്ട് ഭാഷ?
മലയാള നോവൽ സാഹിത്യത്തിലെ ഏറ്റവും മഹത്തായ വാക്യം വിജയന്റേതാണെന്ന് ഞാൻ വിചാരിക്കുന്നു. ഇതാണ് ആ വാചകം. "കാവിക്കച്ച ചുറ്റി ചവിട്ടുവഴിത്താരയിലൂടെ കുന്നുകയറി വള്ളമിറങ്ങി ബസ്സുനിരത്തിലേക്ക് നടന്നപ്പോൾ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത് രൂപംകൊള്ളുകയായിരുന്നു." ഖസാക്കിലെ ഈ വാക്യം വ്യത്യസ്തമായ ചിന്തയെയും പദസംസ്കാരത്തെയുമാണ് പ്രസരിപ്പിക്കുന്നത്. മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത് രൂപംകൊള്ളുന്നു എന്നുപറഞ്ഞാൽ, അത് ഒരാളുടെ ഉള്ളിലെ ഇമേജറിയാണ്. രവിയുടെ മനസ്സിന്റെ, സ്വഭാവത്തിന്റെ തന്മാത്രകൾ പോലും ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തോടും പ്രകൃതിയോടുമുള്ള ബന്ധം അയാൾ ഉള്ളിലാണ് അനുഭവിക്കുന്നത്. അതുവരെ അവിടെ ഇല്ലാതിരുന്ന പാറകളും ചെടികളുമാണ്, ഇങ്ങനെ പെട്ടെന്ന് ഉയിര്‍ത്തുവന്നതെന്ന ധ്വനി ഈ വാക്യത്തിലുണ്ട്. യഥാർത്ഥിൽ ആ പാറകളും ചെടികളും അവിടെയുണ്ടായിരുന്നു. എന്നാൽ രവിക്ക് അത് പുതുതായി രൂപം കൊള്ളുന്നതാണ്. ഈ രൂപാന്തരം മലയാളഭാഷയിൽ പുതിയ നിറം കൂട്ടിച്ചേർക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്.'കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞ് തന്നെ സ്പർശിച്ചെന്ന് തോന്നി' എന്നെഴുതുമ്പോഴും മലയാളത്തിന് വിസ്തൃതി ലഭിക്കുകയാണ്. മനനം ചെയ്തുകൊണ്ടുള്ള ഈ എഴുത്താണ്, 20-നൂറ്റാണ്ടിലെ നമ്മുടെ ഗദ്യത്തിന് ഉൾക്കനം നൽകിയത്. മനനമില്ലാതെ അദ്ദേഹം ഒന്നുമെഴുതിയിട്ടില്ല. മനനമില്ലാതെ, യുക്തിയിലൂടെ മാത്രം സഞ്ചരിച്ചും എഴുതാം; ആനന്ദ് എഴുതുന്നതുപോലെ. എന്നാൽ വിജയന്റെ ഭാഷയുടെ മാനം ഉണ്ടാകില്ല. ഭാരതീയമായ ദർശനങ്ങളെ തന്നിൽനിന്ന് വേർപെടുത്താൻ കഴിയാതെ വിജയൻ നിലകൊണ്ടു. ശ്രീകൃഷ്ണന്റെ അദ്വൈതവുമായിട്ടായിരുന്നു കലഹവും ഒത്തുതീർപ്പും.
കൃഷ്ണചരിതമെഴുതുന്നവരുടെ കൃഷ്ണദർശനമല്ലിത്. ഭാരതീയ പശ്ചാത്തലത്തിൽ, ചിന്താപരിസരത്ത് നിന്ന് മാറ്റിനിർത്തിക്കൊണ്ട്, അനുഭവപരമായ പഥങ്ങളിലൂടെ വിജയൻ എത്തുന്നത്, സ്വന്തം ഭാരതീയതയുടെ കണ്ടെത്തലിലാണ്. ഉള്ളിൽ നിന്ന് വീണ്ടെടുക്കുന്ന ഭാരതീയത.ഉപനിഷത്തോ, വേദമോ വായിച്ച്, അതിനോട് ഇടഞ്ഞശേഷം, സ്വന്തം ശരീരത്തിനുള്ളിൽ നിന്ന് ഔപനിഷദികമെന്ന് വിശേഷിപ്പിക്കാവുന്ന, ആത്യന്തികമായ രമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരതകളെ കണ്ടെത്തി തരുന്നു.മലയാള അക്കാദമിക് നിരൂപണത്തിന് ഇപ്പോഴുള്ളത് ദർശനദാരിദ്രമാണ്. സവർണ, അവർണ ദ്വന്ദ്വങ്ങളിലും അധിനിവേശ, സാമ്രാജ്യത്വ ഹാങ്ങോവറുകളിലും കുടുങ്ങിക്കിടന്ന്, അവർ വൈയക്തികവും, സാർവലൗകികവുമായ പരമസൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ കാണാതെ പോകുന്നു. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നതോ, സമരത്തിൽ പങ്കെടുക്കുന്നതോ മാത്രമാണ് യഥാർത്ഥ രാഷ്ട്രീയം എന്ന് അവർ വിചാരിക്കുന്നു. എന്നാൽ റോഡരുകിൽ നിൽക്കുന്ന അരയാലിനും രാഷ്ട്രീയമുണ്ട്. ഓരോ വാക്യത്തിനും രാഷ്ട്രീയമുണ്ട്. അത് മറ്റു പ്ലാനറ്റുകളുമായുള്ള ബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. വിജയന്റെ രാഷ്ട്രീയം, തന്റെ അപാര വിനിമയങ്ങളുടെ നേർരേഖകളിലൂടെ, ചുറ്റുമുള്ള ലോകത്തിന്റെ എണ്ണമറ്റ സംഭാഷണങ്ങളിൽ ശ്രദ്ധാലുവായി എന്നതാണ്. വലിയൊരു പ്രവർത്തനം അതിലുണ്ട്.
വിജയന്റെ ഇന്ത്യയെ കണ്ടെത്തൽ എന്താണെന്നറിയാതെ, ചിലർ അദ്ദേഹത്തിലും ചാർത്തി, ആ പഴയ തുരുമ്പിച്ച പിച്ചളമാല - സവർണപക്ഷപാതി. ഇത്രയും ദയനീയമായ വിമർശനം വിജയൻ നേരിട്ടിട്ടുണ്ടാവില്ല. വസ്തുതകളുടെ ആഴത്തിലേക്ക് പോകാൻ പ്രയാസമുള്ളവർക്കെല്ലാം ഈ ചതിപറ്റും.ദുഃഖത്തിന്റെ ഹൃദ്യത, സ്നിഗ്ധതയുടെ വാൾമുന തുടങ്ങിയ പ്രയോഗങ്ങളിൽ വലിയൊരു ആന്തരിക ജീവിതമാണുള്ളത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിനുശേഷം വന്ന കൃതികളിലൊന്നും ഇതിനെ മറികടക്കുന്ന ഭാഷ കണ്ടിട്ടില്ല. ഖസാക്കിലെ ദൈവപ്പുരയിലെ ദേവതയെപ്പറ്റി രവി ചിന്തിക്കുന്നത്. ഭാരതീയതയുടെ ഉള്ളിലെ ചാർവാകനെപ്പോലുള്ളവരുടെ യുക്തിവാദത്തെയും കൂട്ടുപിടിക്കുന്നതാണ്. ഇതെല്ലാം ആശയ സംഘട്ടനത്തിന്റെ കലാപരമായ അവതരണമാണ്. ആ ഭാഗം ഇതാണ്. "അവളും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിഞ്ഞിട്ട് ,സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയന്നാണ് പൂശാരിയുടെ നൈവേദ്യമുണ്ടുകൊണ്ട് അവളാ പുരയിൽ കുടി പാർത്തത്. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളിൽ നിന്ന് ഓടിയകന്ന താനും ഈ ഗ്രാമത്തിലെ ദൈവപ്പുരയിൽ അഭയം തേടുകയായിരുന്നു. അതിന്റെ ഗർഭത്തിൽ അവളുടെ കൂടെ ചുരുണ്ടുറങ്ങാൻ അയാൾ കൊതിച്ചു. ആ സായൂജ്യത്തിലാകട്ടെ, അയാൾ അവളുമായി ദുഃഖം പങ്കിടുകയായി. അതോടെ അത് നിരർത്ഥകമല്ലെന്ന് അയാളറിഞ്ഞു." ഈ ഏകാന്തതയുടെ അന്തർനാടകത്തിൽ വലിയൊരു പ്രാചീനചരിത്ര സംവാദമാണ് വിജയൻ സംഘടിപ്പിക്കുന്നത്. നോവലിന്റെ ബോധധാരയായി ഈ ആഖ്യാനത്തെ നിലനിർത്തുന്നതോടൊപ്പം, കൂടുതൽ അഗാധത നൽകുകയാണ് ഇതിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്.ദൈവപ്പുരയിലെ ദേവത അഭയാർത്ഥിയാണെന്നും അവളെപ്പോലെയാണ് താനും എന്ന് ചിന്തിക്കുന്നതും ഇന്ത്യൻ ആത്മീയതയെക്കുറിച്ചുള്ള നവ ഭാഷ്യമാണ്.
സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ദേവത ഭയക്കുന്നു. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളെയാണ് താൻ ഭയക്കുന്നതെന്ന് രവിയും പറയുന്നു. മാനവിക ജീവിതത്തിനുള്ളിലെ വൈകാരിക തരംഗങ്ങളെ അതിസൂക്ഷ്മമായി നിലനിർത്തുമ്പോഴേ ഇത്തരം ഭയങ്ങളെ തിരിച്ചറിയാൻ കഴിയൂ. ഇങ്ങനെ സ്ഥാവര, ദൈവശാസ്ത്ര, ജൈവലോകത്തെയാകെ സംയോജിപ്പിച്ചുകൊണ്ട് ആധുനികതയുടെ കാലത്തെ ഒരു നോവലിസ്റ്റും എഴുതിയിട്ടില്ല. ഈ എഴുത്തുമായി താരതമ്യം ചെയ്യുമ്പോൾ സേതുവിന്റെ 'പാണ്ഡവപുര'മൊക്കെ എത്ര നിർജീവമാണ്. സാറാജോസഫിന്റെ നോവലുകളിലാകട്ടെ യാതൊരു ആന്തരിക സംഘർഷങ്ങളുമില്ല. വിജയനാകട്ടെ, ഓരോ വരിയും സംഘർഷത്തിൽ നിന്നാണ് തപ്പിയെടുക്കുന്നത്. അതിലുപരി, വാക്യങ്ങളെ മനുഷ്യവികാരങ്ങളുടെ അറിയപ്പെടാത്ത സ്ഥലികളിലേക്ക് കൊണ്ടുപോകുന്നു.
ചില ഉദാഹരണങ്ങൾ കുറിക്കട്ടെ.1. പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്ന യാത്രകളുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേക്ക് പോവുകയാണ് ,യാത്ര.2. കർമബന്ധത്തിന്റെ നൊടി നേരത്തെ പരിചയം.3. യുഗാന്തരസ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവസ്ഥാനങ്ങളിൽ നിന്ന് കലക്കുവെള്ളങ്ങൾ താഴോട്ടൊഴുകി, വാർദ്ധക്യത്തിന്റെ ഒഴുക്ക് ചേറ് തന്നിൽ നിക്ഷേപിച്ചുകൊണ്ട്....4. മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു.5. വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ദൂരെ ദൂരെ ഈരച്ചൂട്ടുകൾ മിന്നിമിന്നിക്കടന്നുപോയി. കനൽത്തുമ്പിന്റെ ചലനത്തിലൂടെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട് ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു.6. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം.7. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം.8. ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു.9. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം.10. പള്ളിത്തണുപ്പിന്റെ ആലിലയിൽ അയാൾ കിടന്നു. ആലിലയെ മൂടിക്കൊണ്ട്, കനത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്ഞുയരുകയായിരുന്നു.
ഈ ഭാഷയെ നമ്മൾ കാണേണ്ടത്, 1939-ൽ ബോർഹസ് എഴുതിയ 'Pierre Menard-author of the Quixote' എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ്. എഴുത്തുകാരൻ എന്ന കർതൃത്വം ഇല്ലാതായി എന്ന് റോളാങ്ങ് ബാർത്ത് സിദ്ധാന്തപരമായി വികസിപ്പിച്ചതു, ബോർഹസിന്റെ കൃതിയെ അടിസ്ഥാനമാക്കിയായിരുന്നല്ലോ. സ്ഥിരം പ്രമേയങ്ങളുടെയും ഭാഷാ പ്രയോഗങ്ങളുടെയും കെണിയിൽ അകപ്പെട്ട സാഹിത്യം ഏറെക്കുറെ മരിച്ചു എന്ന് ബാർത്ത് പറഞ്ഞതോർക്കുന്നു. Literature of exhaustion എന്ന ലേഖനം ബാർത്ത് എഴുതുന്നത് The Atlantic-ൽ 1967-ലാണ്. ഇപ്പോൾ നാം എഴുതിക്കൊണ്ടിരിക്കുന്നത് 19-ാം നൂറ്റാണ്ടിലെ സാഹിത്യഭാവന തന്നെയാണെന്ന് വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ജീവിതത്തെ പുതിയ രീതിയിൽ കാണാൻ സഹായിക്കുന്ന ഒരു വാക്യംപോലും ഉണ്ടാകുന്നില്ലല്ലോ. ദൈവത്തിന്റെ മരണം എന്ന ആശയം 20-ാം നൂറ്റാണ്ടിനു ലഭിച്ചതു ഈ സാർവത്രികമായ ആശയ നാശത്തിന്റെ പശ്ചാത്തലത്തിലാണ്. ഇപ്പോഴിതാ ഗ്രന്ഥകാരനും മരിച്ചിരിക്കുന്നു എന്ന് ബാർത്ത് പറഞ്ഞു. ഗ്രന്ഥകാരന്റെ ഈ മരണമാണ്, സെർവാന്തസിന്റെ ഡോൺ ക്വിക്സോട്ടിനെ ആധാരമാക്കി ബോർഹസ് എഴുതിയ കഥയിലുള്ളത്. ക്വിക്സോട്ട് എഴുതിയത് സെർവാന്തസ് ആണെന്ന് പഴയ സങ്കൽപമാണെന്നും അത് താൻ മറ്റൊരു രീതിയിൽ എഴുതുകയാണെന്നുമായിരുന്നു ബോർഹസിന്റെ വാദം. പഴയ യാഥാർത്ഥ്യങ്ങളെ തന്നെ പുനരുപയോഗിച്ചുകൊണ്ട്, പുതിയ ഭാവന ഉണ്ടാക്കാൻ കഴിയണം.അതിനു പരിഹാസവും ദർശനവും എല്ലാം കൂടിക്കലരണം. അന്തിമമായ പരിഹാരങ്ങൾക്കായി ഉഴറുന്ന മാനവ സമൂഹത്തിനു മുമ്പിൽ തേഞ്ഞു പഴകിയ ഉപകരണങ്ങൾ വിലപ്പോകില്ല.
ബോധധാരയുടെ പാരമ്പര്യവഴികളെ പുനരുപയോഗിച്ച്, തന്റേതായ ആക്ഷേപഹാസ്യാത്മകമായ ഫാന്റസി വിജയൻ വികസിപ്പിച്ചു. 'പള്ളിത്തണുപ്പിന്റെ ആലില' എന്ന പ്രയോഗത്തിൽ ശ്രീകൃഷ്ണനെ തിരയാൻ വായനക്കാരൻ നിർബന്ധിക്കപ്പെടുന്നത്, ഇതുകൊണ്ടാണ്. ഈ ആലില ഇന്ത്യൻ മിഥോളജിയുടെ പ്രതീകമാണല്ലോ. അതിനെയാണ് പള്ളിത്തണുപ്പിൽ ഈ എഴുത്തുകാരൻ കൊണ്ടുവെക്കുന്നത്. ഇതിലൂടെ വിജയന്റെ വാക്യങ്ങൾക്ക് പല കാലങ്ങളുടെയും പല സംസ്കാരങ്ങളുടെയും സ്വരങ്ങൾ ലഭിക്കുകയാണ്. ഭഗവദ്ഗീതയെ പുനരുപയോഗിച്ച നോവലാണ് 'ഖസാക്കിന്റെ ഇതിഹാസം'. പുരാണ കഥകളെ ചെറിയ മാറ്റങ്ങൾ വരുത്തി നോവലോ കവിതയോ നിർമ്മിക്കുന്നതുപോലെയല്ല ഇത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ പ്രത്യക്ഷത്തിൽ ഇന്ത്യൻ പുരാണമില്ല. എന്നാൽ ഇന്ത്യൻ പരിത്യക്തതയെയും ലൈംഗികവിരക്തിയെയും രവിയിലൂടെ വിജയൻ പരിഹസിക്കുകയാണ്. ഈ പരിഹാസമാകട്ടെ, രവി എന്ന മനുഷ്യന്റെ ആകെത്തുകയല്ല. അയാൾ പ്രത്യേകമായ ഒരു അന്തസത്തയോ തത്വശാസ്ത്രമോ പേറുന്നില്ല. ഇതാണ് കാതലായ സംഗതി. അയാൾ അയാളെത്തന്നെ തേടുകയാണ് ചെയ്യുന്നത്. പലരും തട്ടിവിടുന്നതുപോലെയുള്ള 'സ്വത്വം' അയാൾക്കില്ല. തന്നെത്തന്നെ അന്വേഷിക്കുന്നതിലൂടെ അയാൾ ഒന്നിന്റെയും ലേബലൊട്ടിച്ച ഉൽപന്നമോ പ്രചാരകനോ അല്ലാതാവുന്നു. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, നമ്മൾ ഒന്നും കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നില്ല. രവിയും അതാണ് ചെയ്യുന്നത്. പക്ഷേ, അയാൾ ഇത് ചെയ്യുന്നത്, ഈ തത്വം പാലിക്കാൻ വേണ്ടിയല്ല.
രവിയുടെ പുസ്തകശേഖരത്തിലുള്ള ഭഗവദ്ഗീതയും മുട്ടത്തുവർക്കിയും ഇതു വ്യക്തമാക്കുന്നു. അയാൾക്ക് ഭഗവദ്ഗീതയോടും താൽപര്യമില്ല. ദേവതയെയും സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയക്കുന്നവളായി കാണുന്നതിലൂടെ അയാൾ ദൈവശാസ്ത്രത്തെയും പൊളിക്കുന്നു. മതരഹിതനായ, ദൈവരഹിതനായ സന്യാസിയാണ് രവിയെന്ന് വേണമെങ്കിൽ പറയാം. ഭഗവദ്ഗീതയെ ഇതുപോലെ പുനരുൽപാദിപ്പിച്ച മറ്റൊരു കൃതി ഇന്ത്യൻ സാഹിത്യത്തിലില്ല.തന്റെ ഗതകാലത്തിന്റെ ആശയങ്ങളുടെയെല്ലാം മഹാവൃക്ഷത്തിനു താഴെ നിൽക്കുമ്പോഴുള്ള ജാള്യതയും സങ്കോചവും വിജയനുണ്ട്. അതുകൊണ്ട് സാഹിത്യപരമായ ഉൽപാദനരാഹിത്യത്തെ, അദ്ദേഹം ഗീതയെ പുനരുപയോഗിച്ചുകൊണ്ട് മറികടക്കുകയാണ്. ഓരോ നിമിഷവും ഭഗവദ്ഗീതയുമായി കലഹിക്കുകയാണ് വിജയൻ. ഇതാണ് എഴുത്തുകാരന്റെ സ്വാതന്ത്ര്യം. നോവൽ അവസാനിക്കുന്നിടത്ത്, "മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി" എന്നെഴുതിയിട്ടുണ്ട്. ഈ പെരുവിരലും കൃഷ്ണനെ ഓർമ്മിപ്പിക്കുന്നില്ലേ? ഗീതാ സാരവുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങുന്ന ആഖ്യാനഘടന ഖസാക്കിലുണ്ട്. രവിയാകട്ടെ ബോധപൂർവം ഈ ഘടനയുടെ ഭാഗമാവുന്നില്ല. വിജയന്റെ തന്നെ വാക്കുകൾ ഇതിനു തെളിവു നൽകുന്നുണ്ട്.
തന്റെ വലതുകൈയ്ക്ക് വാതം ബാധിച്ചതിനെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളത് ഇതാണ്."പഞ്ചഭൂതങ്ങൾ ചുറ്റഴിയുന്നതുപോലെ. അങ്ങനെ ചിതറുന്ന സൂക്ഷ്മാംശങ്ങളുടെ വലിയൊരു നെബ്യുലയ്ക്കു നടുവിൽ ഒരു സൗരരൂപത്തെപ്പോലെ സ്ഥലം പിടിച്ചുകൊണ്ട് പ്രാണൻ ആ അഴിവിനെ നോക്കിക്കാണുന്നു." (ഇതിഹാസത്തിന്റെ ഇതിഹാസം). "പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കൂടിക്കൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിക്കും. " (ഖസാക്കിന്റെ ഇതിഹാസം) വേദനയുടെ യോഗസിദ്ധിയിൽ സന്ദേഹങ്ങൾ പരിണമിച്ച് അറിവായിത്തീരുന്നു. പിതൃമന്ത്രം ജപിച്ച് അവസാനം രവി തന്റെ യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര പുറപ്പെടുന്നു. ഭാഗവത സപ്താഹം കഴിഞ്ഞ് തക്ഷകനെ നേരിടാൻ, എന്റെ ഈ ഉഴുതുപൂട്ടാത്ത പാഴ്‌നിലത്തിൽ അപൂർവ്വസസ്യങ്ങൾ വിളയിക്കുന്നത് ആരാണ്? അവൻ, ആ ആദിസ്പർശി! ഇങ്ങനെ ഭഗവദ്ഗീതയുടെ ആശയങ്ങളെ പുനർനിർമ്മിക്കുന്ന എത്രയോ വാക്യങ്ങൾ വേണമെങ്കിലും വിജയന്റെ എഴുത്തിൽ നിന്ന് കണ്ടെത്താം. എന്നാൽ ഈ പുനർനിർമ്മാണം വെറും പറ്റിയെഴുത്തല്ല. അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്ക് കുറുകെയുള്ള സഞ്ചാരമാണിത്.എന്നാൽ ഇതിനിടയിൽ ഗീതയോട് കലഹിക്കുകയും ചെയ്യുന്നു. ഗീത വ്യക്തിപരമായ അനുഭവമെന്ന നിലയിലാണ് ഇവിടെ പ്രത്യേക ഘടനയായിത്തീരുന്നത്. "ജീവന്റെ മുക്തി ചിലന്തിയുടെ യുഗത്തിലാവട്ടെ, മനുഷ്യന്റെ യുഗത്തിലാവട്ടെ, ദുഃഖസമസ്യയായി അവശേഷിക്കുന്നു." എന്നുള്ളത്, ഗീതാ സാരത്തെത്തന്നെ പൊളിച്ചെഴുതുന്ന വാക്യമാണ്. അതേസമയം, "പാമ്പിന്റെ പത്തിവിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാൽപടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്".- എന്നീ വാക്യങ്ങളിൽ ഗീതാ സാരമുണ്ട്. ലൗകികാതീതമായ അവബോധവും പ്രസാദവും കാണാം.തന്റെ പ്രാചീനതയെ അതേപടി പുനരാവിഷ്കരിക്കുന്നത്, എഴുത്തുകാരന് ഖ്യാതി നൽകില്ല .എന്നാൽ വിജയനെപ്പോലെ സർഗ്ഗാത്മകമായി പുനരന്വേഷിക്കുകയും തന്നെത്തന്നെ അന്വേഷണ വിഷയമായി പ്രഖ്യാപിച്ച് തർക്കത്തിലിടപെടുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
കസന്‍ത്‌സാക്കിസ് , ദ് ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന കൃതിയിൽ ചെയ്തതിനേക്കാൾ കലാപരമായാണ്, തന്റെ പൂർവകാല സംജ്ഞകളെ വിജയൻ നോവലിലൂടെ അവതരിപ്പിച്ചതു. നബോക്കോവിന്റെ ലോലിത, ഒർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ് റെഡ്', എന്നീ കൃതികളേക്കാൾ വ്യക്തിപരമായ കലാനുഭവം 'ഖസാക്കിന്റെ ഇതിഹാസ'മാണ് നൽകുന്നത്. എന്നാൽ നോവലിന്റെ ക്രാഫ്‌റ്റിനെ കാഫ്കയെപ്പോലെ അട്ടിമറിക്കാനൊന്നും വിജയന് കഴിഞ്ഞിട്ടില്ല. ഫിലിപ്പ് റോത്ത്, അല്ലൻ റോബ്ബേഗ്രിയേ, വില്യം ഫോക്നർ തുടങ്ങിയവരുടെ ക്രാഫ്റ്റ് വിജയൻ നേടിയിട്ടില്ലായിരിക്കാം. എന്നാൽ ലോകത്തിലെ ഏത് നൂതന നോവലിലുള്ളതുപോലെ, മിത്തിനെയും കൽപിത കഥയെയും യാഥാർത്ഥ്യത്തെയും ചരിത്രത്തെയും ദൈവശാസ്ത്രത്തെയും രാഷ്ട്രത്തെയും കൂട്ടികലര്‍ത്തി, നവകാലത്തിലെ മനുഷ്യന്റെ ശിഥിലമായ അകംലോകങ്ങളെ പ്രശ്നവത്കരിക്കുകയും തുറന്നുകാണിക്കുകയും ചെയ്യുന്നത് 'ഖസാക്കിന്റെ ഇതിഹാസ'ത്തിലും കാണാം. എം.കൃഷ്ണൻനായർ നിരീക്ഷിച്ചതുപോലെ ഇത് വെറുമൊരു 'എക്സിസ്റ്റെൻഷ്യൽ നോവൽ' അല്ല; ഇന്ത്യൻ നോവലാണ്.ഭാരതീയതയെ തന്നെ റീസൈക്കിൾ ചെയ്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തെ അനുകരണമെന്ന് ആക്ഷേപിച്ച ജി.എൻ.പണിക്കരും മറ്റും ഇനിയെങ്കിലും ഒരു സത്യം പുറത്തുവിടേണ്ടതുണ്ട്. ആരുടെയെങ്കിലും പ്രേരണയിലാണെങ്കിൽ എന്തുകൊണ്ട് അതിൽ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന്. ഖസാക്ക് പ്രസിദ്ധീകരിച്ച് 25 വർഷം കഴിഞ്ഞാണ് അതിന് ഇംഗ്ലീഷ് തർജമയുണ്ടായത്. ഇതിനും നോവലിസ്റ്റിനെ പഴിക്കണോ? ഫിലിപ്പ് റോത്ത് പറഞ്ഞതുപോലെ, കഥയെഴുതിക്കൊണ്ട് ആത്മകഥയും ആത്മകഥയിലൂടെ കഥയുമാണ് വിജയനും പൂർത്തിയാക്കിയത്
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
No comments:
Post a Comment