Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -7/എം.കെ.ഹരികുമാർ




ഗർഭംകൊണ്ട മാതാവിനാണ് അതിൻ്റെ  ഭാരവും വേദനയും ഹർഷവും അറിയാനാവുന്നത്. ഗർഭവതിയായിരിക്കുന്നത്  പ്രാപഞ്ചികമായ ആനന്ദമാണ് ;അതിൽ ഇരട്ട ആനന്ദമുണ്ട്. ഉള്ളിൽ മറ്റൊരു ജീവനെ പേറുകയാണ്. ആ ജീവനുമായുള്ള പാരസ്പര്യം ,സവേദനങ്ങൾ പ്രബലമാണ്. ഒരു ജീവനിൽ തന്നെ മറ്റൊരു ജീവനും സഞ്ചരിക്കുന്നു.ഒരു ശരീരത്തിൽ രണ്ട് ട്രാക്കുകൾ പ്രവർത്തിക്കുന്നു. എന്തൊരു വിചിത്രമായ ദർശനമാണിത്. ഒരു കുഞ്ഞ് പിറക്കാൻ മറ്റൊരു ശരീരം തന്നെ വേണം. അതിന് നിശ്ചിതമായ കാലാവധി വേണം. ലോകത്ത് വന്നാൽ വേണ്ടിവരുന്നതായ സകല മുറകളും ആയുധങ്ങളും സഞ്ചമാക്കുന്നതിനാണ് ഈ കാലാവധി .ദൈവത്തിൻ്റെ കാലാവധിയാണിത്. ദൈവം നമുക്കാവശ്യമായ സാമഗ്രികൾ ഭ്രൂണത്തിൽ നിറയ്ക്കുകയാണ്. ഓരോ അവയവവും ഭ്രൂണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക പ്രാർത്ഥനയുണ്ടാകണം. പ്രാർത്ഥന അതിൽ നിലീനമാണ്. കാരണം ,അത് സദുദ്ദേശത്തോടെയാണല്ലോ സ്ഥാപിക്കുന്നത്. ഓരോ അവയവവും നിഷ്കളങ്കമാണ്. അതിന്റെ പ്രവർത്തനം തീവ്രവാദപരമോ കലാപകലുഷിതമോ അല്ല. അവയെ  അങ്ങനെയൊക്കെയാക്കുന്നത് നമ്മുടെ മനസ്സാണ്. നമുക്ക് വേണ്ടിയല്ല ദൈവം നമ്മുടെ അവയവങ്ങൾ ഭ്രൂണത്തിനുളളിൽ നിക്ഷേപിക്കുന്നത്; ദൈവത്തിനു വേണ്ടി തന്നെയാണ്. എന്തെന്നാൽ ,ദൈവം ഈ ലോകത്തോട് ,നമ്മളോട് സംസാരിക്കുന്നത് ഈ മാധ്യമങ്ങളിലൂടെയാണ്.

അനൈഹികമായ പദ്ധതി 

ശിശുവായിരിക്കുന്നതിന് മുമ്പ് ഭ്രൂണം ഉറക്കത്തിലാണ്. എന്തെല്ലാമാവും ആ ഉറക്കത്തിൽ സംഭവിക്കുന്നത്? കാല്പനികമായി പറഞ്ഞാൽ അതൊരു സ്വപ്നകാലമാണ്.സ്വപ്നം കൊണ്ട് നിർമ്മിക്കപ്പെട്ട ഉടലിനകത്ത് സ്വപ്നം തന്നെയായിത്തീരുന്ന അവസ്ഥ. ടാഗോർ 'ഗീതാഞ്ജലി'യിൽ എഴുതി: (കെ.ജയകുമാറിൻ്റെ പരിഭാഷയിൽ നിന്ന്).

"ഒരു ശിശുവിന്റെ കൺപോളകളിൽ 
തത്തിക്കളിക്കുന്ന നിദ്രയില്ലേ ,അതെവിടെ നിന്നാണ് വരുന്നതെന്നന്നറിയാമോ? മിന്നാമിനുങ്ങുകൾ അരണ്ടവെളിച്ചം പരത്തുന്ന മാലാഖമാരുടെ നാട്ടിലെ വനികാനിഴലുകൾക്കിടയിലെ രണ്ടു മായികാമുകളങ്ങളിലാണ് അത് നിവിസിക്കുന്നതത്രേ. അവിടെ നിന്നാണ് ശിശുവിൻ്റെ കൺപോളകളെ ചുംബിക്കാനണയുന്നതത്രേ .ഉറങ്ങുന്ന ശിശുവിൻ്റെ ചുണ്ടുകളിൽ മിന്നിമിന്നിത്തെളിയുന്ന പുഞ്ചിരിയില്ലേ, അതെവിടെയാണ് പിറന്നതെന്നറിയാമോ? ചന്ദ്രലേഖയുടെ ഒരു നേർത്ത കിരണം വിലോലമായ ഒരു ശരത്കാലമേഘത്തിന്റെ വിളുമ്പിൽ സ്പർശിച്ചത്രേ. അപ്പോൾ, ഒരു നീഹാരാർദ്രവിഭാതത്തിന്റെ സ്വപ്നത്തിലാണ് ആ പുഞ്ചിരി ആദ്യം പിറന്നതത്രേ .ശിശുവിൻ്റെ കൈകാലുകളിൽ വിരിയുന്ന ആ നറും മൃദുലതയില്ലേ ,അതിത്രകാലവും എവിടെയാണൊളിഞ്ഞിരുന്നതെന്നറിയാമോ? സ്നേഹത്തിൻ്റെ നിശ്ശബ്ദമായ തരളനിഗൂഢതയായി ,അമ്മയൊരു   പെൺകിടാവായിരുന്നപ്പോൾ മുതൽ അത് ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നതാണത്രേ. ശിശുവിൻ്റെ കൈകാലുകളിൽ വിരിയുന്ന നറും മൃദുലത."

ശിശുവിന്റെ കൺപോളയിലെ ഉറക്കം മാലാഖമാരുടെ നാട്ടിൽ നിന്ന് വരുന്നതാണെന്ന് ടാഗോർ പറയുന്നതിൽ നിന്ന് എന്ത് മനസ്സിലാക്കണം? അത് അനൈഹികമായ ഒരു പദ്ധതിയാണ്. ശിശുവിൻ്റെ ചുണ്ടിലെ പുഞ്ചിരിയോ? അത് ചന്ദ്രകിരണത്തിന്റെ പ്രഭാവമാണ്. അവിടെയും അപാരത നിഴലിക്കുകയാണ്. അത് നമ്മുടേതല്ല. നമുക്ക് ആ നിഷ്കളങ്കവും വിലോലവുമായ ഭാവത്തിൽ ഒരു പങ്കുമില്ല.നമ്മുടെ ലോകത്തിലെ തിന്മകളിൽ സ്പർശിക്കാത്ത പുഞ്ചിരിയാണത്.ഗുരു എഴുതുന്നു: 
"എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി 
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
നൊന്തിങ്ങു പെറ്റു ,നരിപോലെ കിടന്നു കൂവു -
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭു!" 

മാതാവ് തൻ്റെ ഗർഭപാത്രത്തിൽ ഒരു ചുമടായി കൊണ്ടുനടന്നത് എത്ര മാസമാണ്. അത്രയും കാലം മാതാവ് വേറൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല: പ്രാർത്ഥന മാത്രം.തൻ്റെ കുഞ്ഞിനു ഒന്നും സംഭവിക്കരുതേയെന്ന് മനസ്സ് നൊന്ത് അപേക്ഷിച്ചിട്ടുണ്ടാവും. ആ അപേക്ഷ കേൾക്കാൻ ആരുണ്ട്? ദൈവമായി നാം മനസ്സിലാക്കുന്ന പ്രപഞ്ചവ്യവസ്ഥയുണ്ട് .മാതാവ് ആ കാലമത്രയും വേദനിക്കുകയായിരുന്നു. ശാരീരികമായും മാനുഷികമായും.പ്രസവിക്കുമ്പോൾ വേദനയാണ്.ഒരു ശിശു ലോകം കാണുന്നത് അങ്ങനെ തന്നെ വേണം. ഈ ലോകത്തിൻ്റെ ചൂടിലേക്കും  അവ്യവസ്ഥകളിലേക്കും മിഥ്യകളിലേക്കും നിരുപാധികം പ്രവേശിക്കുമ്പോൾ അത് സുഗമമാകില്ലല്ലോ.മാതാവിൻ്റെ വേദനയ്ക്കൊപ്പം ശിശുവും കരയണം. ശിശുവിന്റെ പുത്തൻ ലോകമാണ് .പ്രപഞ്ചത്തിന്റെ എല്ലാ രഹസ്യങ്ങളും പത്തിവിടർത്തിയാടുന്നു.  എല്ലാ ദൈവങ്ങളും ചെകുത്താന്മാരും നേർക്കുനേർ വരുന്ന ഈ ഇരുണ്ട ലോകത്ത് ആദ്യമായി കാൽ വെക്കുന്നത് മസ്തിഷ്കത്തെ തന്നെ മാറ്റും.വേദനിക്കുന്ന സന്ദർഭമാണത്. മാതാവ് കരയുന്നു ,ശിശു കരയുന്നു. ആര് രക്ഷിക്കും? ഇനിയുള്ള കാലം അത് വഴി നടത്തും. നേർവഴി കാണിക്കാനാരുണ്ട് ? ഭാഷയോ തിന്മയോ അറിയാത്ത ഒരു ശിശു എങ്ങനെ ഈ ലോകത്തിലെ കിരാത നീതിയോട് ഏറ്റുമുട്ടും ?ഇതെല്ലാം അറിഞ്ഞാൽ ശിശു വന്ന വഴിയേ പോകാൻ ആഗ്രഹിച്ചു പോകും. എന്നാൽ പോകാനാവില്ലല്ലോ.ഈ പിറവി അനശ്വരമാണ്. എങ്ങോട്ടും രക്ഷപ്പെടാനാവില്ലല്ലോ.

ദൈവം മനുഷ്യനിൽ കാണാനാഗ്രഹിച്ചത് 

പ്രതിരോധമില്ലാത്ത യാത്രയാണ് മുന്നിൽ. പുറപ്പെട്ട സ്ഥലത്തേക്ക് മടങ്ങാനാവില്ല. അത് ദൈവം ചിന്തിച്ചിട്ട് പോലുമില്ല .എന്തിനാണ് മാതാവ് വെപ്രാളപ്പെടുന്നതെന്ന് കുഞ്ഞു ചോദിക്കുകയാണ്. ദൈവത്തിൻ്റെ ഒരു മാതൃക സൃഷ്ടിച്ചതായിരിക്കുമോ? മനുഷ്യൻ ദൈവത്തെ കാണുന്നത് തൻ്റെ രൂപത്തിലാണല്ലോ. അതുകൊണ്ട് ദൈവം മനുഷ്യന്റെ രൂപത്തിൽ സ്വയം കാണാൻ ആഗ്രഹിക്കുന്നു എന്ന് ചിന്തിച്ചാലും തെറ്റില്ല.

ടാഗോർ എഴുതുന്നു: "നിറഞ്ഞു തുളുമ്പുന്ന ജീവിതത്തിന്റെ ഈ പാനപാത്രത്തിൽ എന്ത് വിശിഷ്ടപാനീയമാണ് എൻ്റെ ദൈവമേ, അങ്ങേയ്ക്ക് വേണ്ടത്? എന്റെ കവീ, സ്വന്തം രചനകളെ എൻ്റെ കണ്ണുകളിലൂടെ കാണുകയും, അങ്ങയുടെ തന്നെ അനശ്വരസംഗീതം എൻ്റെ കർണങ്ങളിലൂടെ കേൾക്കുകയും ചെയ്യുകയെന്നതാണോ അങ്ങയുടെ ആഹ്ലാദം. അങ്ങയുടെ ലോകം എന്റെ ചിത്തത്തിൽ വാക്കുകൾ നെയ്യുകയും അങ്ങയുടെ സന്തുഷ്ടി അവയ്ക്ക് ഈണം പകരുകയും ചെയ്യുന്നു. അങ്ങയെത്തന്നെ ഈ പ്രേമത്തിലൂടെ എനിക്ക് നൽകുകയും ,എന്നിലൂടെ അങ്ങയുടെ തന്നെ മധുരിമ അറിയുകയും ചെയ്യുന്നുവല്ലോ."

ദൈവം ഒരു ശിശുവിൻ്റെ രൂപത്തിലായിരിക്കുമോ സ്വയം കാണാനാഗ്രഹിക്കുന്നത്? എങ്കിൽ ആ നിഷ്കളങ്കതയും നൈർമല്യവും അപ്രതിരോധ്യതയും ദൈവം എങ്ങനെ സ്വീകരിക്കും? ദൈവം പകരം എന്താണ് നൽകുക? ജീവിതത്തിൻ്റെ നിത്യസങ്കടകരമായ പാനപാത്രമാണല്ലോ നമ്മുടേത്? അതിൽ നിന്ന് എന്താണ് ദൈവത്തിന് വേണ്ടത്? ഒരു ശിശുവായി ,ജീവനായി, മനുഷ്യരൂപമായി വളർന്ന നമ്മൾ ദൈവം നൽകിയ ഈ പാനപാത്രം ഇനിയെന്ത് ചെയ്യും? വല്ലാത്തൊരു ചോദ്യമാണിത്.

അതിൽ നിന്ന് ദൈവത്തിന് എന്ത് കൊടുക്കും ?ദൈവം സ്വന്തം രചനകളെ കാണുന്നത് നമ്മുടെ കണ്ണുകളിലൂടെയാണെങ്കിൽ അതെത്ര മഹത്തരമാണ്!. ഞാൻ നോക്കുന്നത് ദൈവത്തിൻ്റെ നോട്ടമാണ്. എന്നിലൂടെ   ദൈവം ലോകത്തെ കാണുകയാണ്. എങ്കിൽ ആ നോട്ടം ഈ പ്രപഞ്ചത്തിൻ്റെ ഏറ്റവും മനോഹരമായ സ്വപ്നവും സാക്ഷാത്കാരവുമാകണം. അതിനായി നാം പ്രയത്നിക്കണം .നാം ദൈവത്തിൻ്റെ സാമഗ്രിയാണ്.ഗുരു എഴുതി:

"നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ ,സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും ."

ഗുരുവിന്റെ സങ്കല്പത്തിൽ ദൈവം സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവുമാണ് .സൃഷ്ടിയുടെ സാമഗ്രിയും ദൈവം തന്നെ. ഇതൊരു ശാസ്ത്രമാണ്. സൃഷ്ടിയും സാമഗ്രിയും ഒരാൾ തന്നെയാവുകയാണ് .നമ്മളും സൃഷ്ടിയാകയാൽ നാം തന്നെ ദൈവമാണ്. നമുക്ക് ചിലതെല്ലാം സൃഷ്ടിക്കാനാവും .നാം എത്രയോ കലകൾ സൃഷ്ടിച്ചു. എത്രയോ മഹത്തായ ചിത്രങ്ങൾ, കവിതകൾ, നാടകങ്ങൾ ,വാസ്തുശില്പങ്ങൾ, സംഗീതശില്പങ്ങൾ മനുഷ്യൻ സൃഷ്ടിച്ചു. അതു മാത്രമല്ല, ഓരോ മനുഷ്യനിലും  ഈ കലയുണ്ട്. അവൻ പല മാർഗങ്ങളിലൂടെ ഇത് പ്രകടമാക്കുകയാണ്. ഒരു സംരചന എന്ന് പറയുന്നത് ഏത് പ്രവൃത്തിയിലുമുണ്ട് .ഒരു കുട്ടിയെ കളിപ്പിക്കുന്നതിൽ പോലും കലയുണ്ട്. ഒരു വയൽ കൃഷിക്കായി സജ്ജീകരിക്കുന്നതിൽ കലയുണ്ട്. ഒരു കളിമൺപാത്രം രൂപകല്പന ചെയ്യുന്നത് കലയാണ്. ഒരാൾ നടക്കുന്നതിൽ കലയുണ്ട്. എല്ലായിടത്തും സൃഷ്ടിയുണ്ട്. നാം സൃഷ്ടി തന്നെയാണ്. നാം ഒരു ശിശുവായി  സൃഷ്ടിക്കപ്പെട്ടതാണ്. നാം മക്കളെ സൃഷ്ടിക്കുന്നു. അങ്ങനെ സ്രഷ്ടാവാകുന്നു. സൃഷ്ടിയുടെ സാമഗ്രികൾ എന്തെല്ലാമാണ്? പഞ്ചഭൂതങ്ങൾ എല്ലാം സാമഗ്രിയാണ്. ശരീരവും മനസ്സുമെല്ലാം അതിൽ ഉൾപ്പെടുന്നു. ശരീരം ദൈവത്തിൻ്റേതാണ്. മനസ്സും ദൈവത്തിൻ്റേതാണ്. കാരണം ,അത് സൃഷ്ടിയുടെ സാമഗ്രിയാണല്ലോ. ഇവിടെ നാം ദൈവമായിരിക്കുകയാണ്. എന്നാൽ ദൈവമായവൻ ദൈവത്തെപ്പോലെ ചിന്തിക്കണം, പ്രവർത്തിക്കണം. ദൈവമായ ശേഷം കുശുമ്പ് പറയരുത്; ദ്രോഹിക്കരുത്.ഈ ഭൂമുഖത്തുള്ള സകല ജീവികൾക്കും പേടിസ്വപ്നമായി മാറരുത് .നാം നമ്മെ തന്നെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും വേണം.

അനശ്വരമായ പ്രേമം

ദൈവത്തിന്റെ സംഗീതം നമ്മുടെ കാതുകളിലൂടെ കേൾക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് ടാഗോർ പറയുന്നതിൻ്റെ പൊരുൾ ഇതാണ്. ദൈവം നമുക്ക് ദൈവത്തെ തന്നെ നൽകിയിരിക്കുകയാണ്. ഇതാണ് അനശ്വരമായ പ്രേമം .ദൈവത്തിനു ജീവിതത്തിൻ്റെ മനോഹാരിതയും ഹൃദ്യതയും അറിയാനാണ് നമ്മെ സൃഷ്ടിച്ചത്. അതുകൊണ്ട് നാം ആ പാതയിൽ നിന്ന് വ്യതിചലിക്കരുത്. മഹത്തായ ആ ദാനത്തെ  ചീത്തയാക്കരുത്, നശിപ്പിക്കരുത് . കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ദാനവും അനുകമ്പയും ഔദാര്യവും പ്രേമവും സ്വീകരിച്ച ശേഷം അവയെയെല്ലാം തള്ളി പറയരുത്. ദൈവത്തിൻ്റെ മഹത്വത്തെ അറിയുന്നത് സ്വന്തം പ്രവൃത്തികളിലൂടെയാകണം.

ടാഗോർ എഴുതുന്നു :"പരിത്യാഗത്തിലല്ല എൻ്റെ വിമുക്തി. ആനന്ദത്തിന്റെ ഒരായിരം ബന്ധനങ്ങളിലൂടെ ഞാൻ സ്വാതന്ത്ര്യത്തിന്റെ ആലിംഗനമറിയുന്നു.
അനേകം വർണങ്ങളുടെയും സുഗന്ധങ്ങളുടെയും മധു പകർന്നു തന്ന് ഈ മൺപാത്രം എപ്പോഴുമെപ്പോഴും നിറഞ്ഞുതുളുമ്പുകയാണല്ലോ. അങ്ങയുടെ മന്ദിരത്തിന്റെ അൾത്താരയിൽ എന്റെ ലോകം അങ്ങയുടെ ദീപനാളത്തിൽ നിന്ന് കൊളുത്തിയ ഒരായിരം വിളക്കുകൾ വയ്ക്കും. ഇല്ല ,ഞാനെന്റെ ഇന്ദ്രിയവാതിലുകൾ അടയ്ക്കുകയില്ല. കാഴ്ചയുടെയും കേൾവിയുടെയും സ്പർശത്തിന്റെയും പ്രഹർഷങ്ങൾ. അങ്ങയുടെ ആനന്ദമാണല്ലോ സംവഹിക്കുന്നത്." 

ഇന്ദ്രിയങ്ങൾ ലഭിച്ചത് നമുക്ക് കിട്ടിയ ഭാഗ്യങ്ങളിലൊന്നാണ്. അതിലൂടെ ദൈവത്തെ അറിയാനാണ് ശ്രമിക്കുന്നതെന്ന് ടാഗോർ എഴുതുന്നു. ഈ ആനന്ദം ബന്ധനമാണ് .എന്നാൽ അതിലാണ് സൗഖ്യം. ഒരു ഭ്രൂണത്തിന്റെ യാത്രയിൽ എത്തിച്ചേരേണ്ടത് ഈ സൗഖ്യത്തിലാണ് .ഗുരു അത് ഇങ്ങനെ  സൂചിപ്പിക്കുന്നു:
"ആഴമേറും നിൻ മഹസ്സാ- 
മാഴിയിൽ ഞങ്ങളാകവേ 
ആഴണം വാഴണം നിത്യം 
വാഴണം വാഴണം സുഖം."





  • No comments: