സ്വാമി
വിവേകാനന്ദൻ (1863-1902) ഇന്ത്യൻ യുവത്വത്തിന്റെ കീർത്തിയും പ്രതീകവും
മിത്തും യാഥാർത്ഥ്യവുമായിരുന്നു. അദ്ദേഹം അമേരിക്കയിൽ ചെയ്ത പ്രസംഗം
വൃദ്ധന്മാരും യാഥാസ്ഥിതികരും കരുതിവച്ച മതിലുകൾ തകർക്കുകയും ചെയ്തു.
ഇന്ത്യയിലെ ഹിന്ദുമതം മതങ്ങളുടെ മതമാണെന്നും അത് വാക്കുകൊണ്ടോ പേനകൊണ്ടോ
ഉള്ള ഏതൊരു ആക്രമണത്തെയും എതിർക്കുമെന്നുമാണ് പ്രഖ്യാപിച്ചതു.
രാഷ്ട്രീയത്തിലും ചരിത്രത്തിലും കലുഷിതമായിത്തീർന്ന ഹിന്ദുമതത്തെ, വളരെ
ശുദ്ധമാക്കി, അതിന്റെ അന്തര്യാമിയായ പ്രകാശത്തിന്റെ ഉപനിഷത്ത് മാത്രം
എടുത്ത് സാക്ഷാത്കരിക്കുകയാണ് സ്വാമി ചെയ്തത്.
ഒരുപക്ഷേ സ്വാമിക്ക്
മാത്രം തിരഞ്ഞെടുക്കാവുന്ന വഴി. കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച
സ്വാമിയെ നമുക്കൊക്കെ അറിയാം. എന്നാൽ കൂടുതൽ പേർക്കും അറിയാത്ത ഒരു സ്വാമി
വിവേകാനന്ദനുണ്ട്. ദുഃഖിതനും രോഗിയും അശരണനും വൈകാരിക ആഘാതങ്ങളിൽ
ഉഴറിയവനുമായ ഒരു സ്വാമി. ആ സ്വാമിയെ അവതരിപ്പിച്ച ബംഗാളി എഴുത്തുകാരൻ ശങ്കർ
എന്ന മണിശങ്കർ മുഖർജിയുടെ പുസ്തകം 'അറിയപ്പെടാത്ത വിവേകാനന്ദൻ' എന്ന പേരിൽ
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ജയേന്ദ്രൻ സത്യത്തെ തേടുന്ന
പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. ലോകത്തിനു ആരാധ്യനായിത്തീർന്ന സ്വാമി
അതിനുവേണ്ടി ചെയ്ത കഠിനമായ ജോലികൾ ഇതിൽ വിവരിക്കുന്നുണ്ട്. സ്വന്തം
ശരീരത്തെയും സുഖത്തെയും അൽപം പോലും നോക്കാതെ സ്വാമി പായുകയായിരുന്നു.
വിവേകാനന്ദന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കാര്യങ്ങൾ ഇങ്ങനെ
ചുരുക്കിപ്പറയാം: 1) അദ്ദേഹം കുട്ടിക്കാലത്ത് കഠിനമായ ദാരിദ്ര്യം
അനുഭവിച്ചു.
2) ദാരിദ്യത്തിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് സമ്പന്നയായ
സ്ത്രീകൾ വിവേകാനന്ദനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് നിരസിച്ചു. 3)
ഈശ്വരചന്ദ്ര വിദ്യാസാഗർ തന്റെ മരുമകന്റെ നിർദേശം കേട്ട് വിവേകാനന്ദനെ
മെട്രോപോളിറ്റൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഹെഡ്മാസ്റ്റർ ജോലിയിൽ നിന്ന്
പിരിച്ചുവിട്ടു. 4) വീട്ടിലെ കീറിപ്പറിഞ്ഞ പായയിലാണ് വിവേകാനന്ദൻ
കിടന്നിരുന്നത്. 5) വിവേകാനന്ദന്റെ കുടുംബത്തിൽ ആത്മഹത്യകളുടെ ഒരു ചരിത്രം
തന്നെയുണ്ട്. 6) വിവേകാനന്ദന് ഏറ്റവും സ്നേഹമുണ്ടായിരുന്നത് സ്വന്തം
അമ്മയോടായിരുന്നു. 7) ദേശാടനകാലത്ത് ഒരുപിടി ചോറുകിട്ടാതെ മിക്ക
ദിവസങ്ങളിലും മരച്ചുവട്ടിൽ കിടന്നുറങ്ങുമായിരുന്നു. 8) മാംസം പാചകം
ചെയ്യുമായിരുന്നു. 9) ബോസ്റ്റണിൽ താമസിച്ചപ്പോൾ പണം തീർന്നു പട്ടിണി
കിടന്നു. 10) ഷിക്കാഗോയിൽ പ്രസംഗിക്കാൻ ചെന്നെങ്കിലും, ആ
പ്രസംഗദിവസത്തിനുമുൻപ് വിവേകാനന്ദൻ ആഹാരത്തിന് കഷ്ടപ്പെട്ടു;
പണമില്ലാത്തതുകൊണ്ട്. 11) ആ പ്രസംഗത്തിനുശേഷവും ആഹാരം കുറവായിരുന്നു. 12)
അദ്ദേഹത്തിനു എരിവ് ഇഷ്ടമായിരുന്നു. പതിവായി മുളകു തിന്നുമായിരുന്നു. 13)
കോയി മത്സ്യം വളരെ ഇഷ്ടമായിരുന്നു. 14) എവിടെപ്പോകുമ്പോഴും കുപ്പിയിൽ
ഗംഗാജലം കൊണ്ടുപോകുമായിരുന്നു. ഇത് ഇടയ്ക്ക് കുടിച്ചുകൊണ്ടിരിക്കും. 15)
വിവേകാനന്ദൻ ചെറുപ്പം മുതലേ ചായഭ്രാന്തനായിരുന്നു. 16) അദ്ദേഹം
നിത്യരോഗിയായിരുന്നു.
എപ്പോഴും കർമ്മോത്സുകനാകൂ എന്ന ആന്തരിക
മന്ത്രത്താൽ പ്രചോദിതനായി, അതിവേഗത്തിൽ ജോലികൾ ചെയ്തുതീർത്തിരുന്ന
വിവേകാനന്ദൻ അതെല്ലാം ചെയ്തത് സ്വന്തം ശരീരത്തെ പീഡിപ്പിച്ചിട്ടാണ്.
ഒരാൾക്ക് ചെയ്യാവുന്നതിന്റെ പത്തിരട്ടി കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിച്ച
അദ്ദേഹം സ്വന്തം വിഷാദശീലത്തെ മറികടക്കാനാണ് സന്യാസത്തിലേക്ക്
തിരിഞ്ഞത്. വിഷാദത്തിനു കാരണം രണ്ടാണ്. ഒന്ന്,കുടുംബത്തിലെ ദാരിദ്ര്യവും
ആത്മഹത്യകളും. രണ്ട്, ഭാരതത്തിന്റെ സനാതനദർശനത്തിന്റെ ഭാവിയെപ്പറ്റിയുള്ള
ആശങ്കയും പതിതരോടുള്ള സ്നേഹവും.
വിഷാദത്തെ ഉള്ളിൽ തീനാമ്പുപോലെ
കൊണ്ടുനടന്ന സഞ്ചാരകാലം എന്തോ തിരഞ്ഞ് പരവശനായതിന്റെ ലക്ഷണങ്ങൾ
പ്രകടിപ്പിക്കുന്നുണ്ട്. ഖേത്രി മഹാരാജാവിന്റെ അടുത്തുനിന്ന് അനുജന്
അയച്ച കത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഞാൻ ദൈവത്തെ കണ്ടില്ല. എത്ര
ശ്രമിച്ചിട്ടും ജ്ഞാനോദയമുണ്ടായില്ല. പക്ഷേ ഇത് എന്റെ ഹൃദയത്തിലെ സ്നേഹം
വർധമാനമാക്കി. എനിക്ക് എല്ലാവരോടും സ്നേഹം തോന്നുന്നു." വിവേകാനന്ദൻ
അമേരിക്കയിലേക്ക് പോയപ്പോഴും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന്
തിരിച്ചെത്തിയപ്പോഴും വീട്ടിലെ കാര്യങ്ങൾ വളരെ മോശമായിരുന്നു. ഇതറിഞ്ഞ്
ഖേത്രി രാജാവ് അമ്മയ്ക്ക് മാസംതോറും ആയിരം രൂപ അയച്ചുകൊടുത്തു തുടങ്ങി.
എന്നാൽ ഇക്കാര്യം വിവേകാനന്ദനെ അറിയിച്ചിരുന്നില്ല. തനിക്ക് വേണ്ടപോലെ
വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധവും അദ്ദേഹത്തെ
പിടികൂടിയിരുന്നു.
ഒരു ലൗകികന് തോന്നുന്ന സ്നേഹവികാരങ്ങൾ
സന്യാസിക്ക് നിഷിദ്ധമല്ലെന്ന് സ്വാമിയുടെ ജീവിതം തെളിയിക്കുന്നു. ഒരു
സന്യാസി മാനുഷിക സങ്കടങ്ങളിൽനിന്ന് അകന്ന് നിൽക്കണമെന്ന് സുഹൃത്ത്
പ്രേമദാസ് മിത്ര പറഞ്ഞതിനോട് അദ്ദേഹം പ്രതികരിച്ചതു രൂക്ഷമായാണ്.
"താങ്കളെന്താണ് അർത്ഥമാക്കുന്നത്? സന്യാസിയായതുകൊണ്ട് ഞാൻ
വികാരശൂന്യനായെന്നോ? ഒരു യഥാർത്ഥ സന്യാസിയുടെ ഹൃദയം ഒരു
സാധാരണക്കാരന്റേതിനേക്കാൾ ലോലവും വാത്സല്യപൂർണവുമാണ്. നമ്മളൊക്കെ
എന്തായാലും മനുഷ്യരല്ലേ? എന്റെ ഹൃദയം കല്ലാകണമെന്ന് പ്രതീക്ഷിക്കുന്ന ഒരു
തരത്തിലുള്ള സന്യാസവും ഞാൻ സ്വീകരിക്കുന്നില്ല." ഇത്രയും ഉറച്ച
തീരുമാനമുള്ള സന്യാസിമാർ കുറയും.
വിവേകാനന്ദൻ സന്യാസിയായത്
ഒരാശ്രമത്തിലേക്ക് ചുരുങ്ങുവാനല്ല. തനിക്ക് ലോകത്തോട് പറയാനുള്ളതു
പറയാനും ലോകത്തിനുവേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യാനുമാണ്.
1896
ഫെബ്രുവരി 19ന് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലെത്തിയ സ്വാമി വേലൂരിൽ മഠം
സ്ഥാപിക്കാനായി വേഗത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി. സെപ്റ്റംബറിൽ
കാശ്മീരിലെത്തിയെങ്കിലും അസുഖംമൂലം കിടപ്പിലായി. പണവും തീർന്നു. മഹാരാജാ
അജിത്സിങ്ങായിരുന്നു ആശ്രയം. കുറച്ചു പണം അയച്ചു കിട്ടിയെങ്കിലും
സ്വാമിയുടെ മനസ് ശാന്തമായിരുന്നില്ല. പിന്നീട് മഹാരാജാവിന് അയച്ച കത്തിൽ
സ്വാമി വളരെ രഹസ്യമായി ചില സങ്കടങ്ങൾ അറിയിക്കുന്നുണ്ട്: "മരണത്തിന്റെ
പടിവാതിൽക്കലാണ് ഞാൻ. എന്റെ മനസിനെ മഥിക്കുന്ന ഒരു കാര്യമുണ്ട്.
ലോകസേവനത്തിനുള്ള വ്യഗ്രതയിൽ ഞാനെന്റെ അമ്മയെ തഴഞ്ഞു. രണ്ടാമത്തെ സഹോദരൻ
പോയതിനുശേഷം അവർ ദുഃഖത്താൽ തളർന്നുപോയി. ഇപ്പോൾ അമ്മയ്ക്കുവേണ്ടി
എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. അമ്മയോടുകൂടി ജീവിക്കണം. ഇളയ അനുജനെ
കല്യാണം കഴിപ്പിക്കണം. വംശനാശം ഒഴിവാക്കണം. ഇത് എന്റെ അമ്മയുടെ അവസാന
നാളുകൾ സുന്ദരമാക്കും. അവരിപ്പോൾ ഒരു കുടിലിലാണ് താമസം. ഞാൻ എന്റെ
കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് അങ്ങയോട് വെളിപ്പെടുത്തി. അക്കാര്യം
മറ്റാരും അറിയരുത്. ഞാൻ ക്ഷീണിതനാണ്."
ഒരിക്കൽ അമേരിക്കയിൽ
നിന്ന് തിരിച്ചെത്തിയപ്പോൾ സ്വാമി പതിനായിരം രൂപ അമ്മയെ ഏൽപ്പിക്കാനായി
ബ്രഹ്മാനന്ദൻ എന്ന സുഹൃത്തിന്റെ കയ്യിൽ കൊടുത്തയച്ചു.
സ്വാമിജിക്ക്
ബിസിനസ് അറിയാമായിരുന്നു. പാചകക്കുറിപ്പുകൾ പുറമേ അച്ചടിച്ച
പായ്ക്കറ്റുകളിലാക്കി ഡാൽസൂപ്പ് ഇംഗ്ലണ്ടിലും അമേരിക്കയിലും
അവതരിപ്പിക്കണമെന്ന് സ്വാമി പറഞ്ഞതോർക്കുന്നു.
ഭക്ഷണം പാചകം
ചെയ്തുകൊണ്ടുതന്നെ സ്വാമി ഭഗവത്ഗീതയിലെ പതിനെട്ടാമധ്യായം വിശദമായി
ഉച്ചരിച്ചുകൊണ്ട് ചർച്ച ചെയ്യുമായിരുന്നു. ഒരിക്കൽ സന്യാസിനി നിവേദിതക്ക്
മാട്ടിറച്ചി പാചകം ചെയ്തുകൊടുത്തു. ലോകത്ത് വിപുലമായി സഞ്ചരിച്ചിട്ടുള്ള
സ്വാമിക്ക് ഭക്ഷണരീതികളെപ്പററി നല്ല അറിവുണ്ടായിരുന്നു. ലണ്ടനിൽവച്ച്
സഹോദരൻ മഹേന്ദ്രനോട് ഇങ്ങനെ പറഞ്ഞു: എല്ലാ ദിവസവും ഒരേ ഭക്ഷണംതന്നെ
കഴിച്ചാൽ വിരസമാകും. മുട്ട ഉടച്ചുവേവിച്ചതോ, ഓംലെറ്റോ ഇടയ്ക്കൊക്കെ
കഴിച്ചുനോക്കൂ. നിന്റെ രുചിമാറും. സ്വാമി മത്സ്യം കഴിക്കുമായിരുന്നു.
വേലക്കാരി ഉണ്ടാക്കിയ മത്സ്യം പാഴാക്കിയാൽ അത് അവരെ ചൊടിപ്പിക്കുമെന്ന്
സ്വാമി തമാശയായി പറഞ്ഞിട്ടുണ്ട്.
ലണ്ടനിലെ സെന്റ് ജോർജ്
റോഡിലെ വീട്ടിൽ സ്വാമി സ്വയം പാചകം ചെയ്ത കറിയെപ്പറ്റി ഇങ്ങനെ
കുറിക്കുന്നുണ്ട്: "എന്തൊരു ചേരുവകളാണ് അതിലുണ്ടായിരുന്നത്, കുങ്കുമം,
കർപ്പൂരവള്ളി, ജാതിപത്രം, കുരുമുളക്, കറപ്പ്, ഗ്രാമ്പൂ, ഏലം, പാൽപാട,
നാരങ്ങാനീര്, ഉള്ളി, മുന്തിരിങ്ങ, ബദാം, ചില്ലിമുളക് അരി!"
വിദേശത്തായിരിക്കുമ്പോൾ
സ്വാമിക്ക് നാട്ടിൽനിന്ന് ഭക്ഷ്യസാധനങ്ങൾ അനുയായികൾ
അയച്ചുകൊടുക്കുമായിരുന്നു: മഞ്ഞപ്പയർ, ചെറുപയർ, പച്ചമാങ്ങ ഉണക്കിയത്,
മാങ്ങ ജാം, ചട്നി, തുവരക്കൂട്ട് തുടങ്ങിയവ. സ്വാമി രോഗങ്ങളുടെ ഒരു
കൂടായിരുന്നു. ഒരിക്കൽ മായാവതിയിൽ താമസിക്കുമ്പോൾ അദ്ദേഹം ശിഷ്യൻ
വിരജാനന്ദനോട് പറഞ്ഞത് ഇതാണ്:
"എന്റെ അനുഭവത്തിൽനിന്ന്
പഠിച്ചോളൂ. ആരോഗ്യം നശിപ്പിക്കുംവിധം ശരീരം പീഡിപ്പിക്കരുത്. എന്റെ
ശരീരത്തെ ഞാൻ വളരെയധികം ദണ്ഡിപ്പിച്ചു. എന്നിട്ടെന്തുണ്ടായി? ജീവിതത്തിന്റെ
ഏറ്റവും നല്ല കാലത്തുതന്നെ ശരീരം താറുമാറായി."
സ്വാമി കൊളംബോയിൽ
താമസിക്കുമ്പോഴാണ് പ്രമേഹരോഗം പിടിപെട്ടത്. ഇൻസുലിനില്ലാത്ത
കാലമായിരുന്നു. ഭക്ഷണത്തിനു ക്രമമില്ലാത്തതും മാനസിക സമ്മർദ്ദം
അനുഭവിച്ചതും കഠിനമായ ജോലിയും മൂലം അദ്ദേഹത്തിന്റെ ശരീരത്തിൽ കുടിപാർത്ത
അസുഖങ്ങളുടെ നിര ഇവിടെ എഴുതുകയാണ്.
1) കഠിനമായ ചെന്നിക്കുത്ത്.
2) ടോൺസിലൈറ്റിസ്, 3) ഡിഫ്ത്തീരിയ, 4) വലിവ്, 5) ടൈഫോയ്ഡ്, 6) മലേറിയ,
7) തുടർച്ചയായ പനി, 8) കരൾരോഗം, 9) ദഹനക്കേട്, 10) കുടലിൽ വെള്ളം നിറയൽ,
11) ഡിസൻട്രി, 12) പിത്തകോശപിണ്ഡം, 13) സന്ധിവാതം, 14) കഴുത്തുവേദന, 15)
വൃക്കരോഗങ്ങൾ, 16) മഹോദരം, 17) നേത്രരോഗങ്ങൾ, 18) അകാലനര 19) ഞരമ്പ്
വലിവ് 20) ഭക്ഷണത്തിനുശേഷമുള്ള ശരീരതാപം, 21) ഉഷ്ണത്തോടുള്ള അസഹനീയത, 22)
അധികക്ഷീണം 23) കടൽചൊരുക്ക്, 24) സൂര്യതാപം, 25) പ്രമേഹം, 26)
ഹൃദയരോഗങ്ങൾ.
എന്നാൽ വിവേകാനന്ദൻ രോഗം കണ്ടാലുടനെ
ആശുപത്രിയിലേക്കോടിയിരുന്നില്ല. രോഗങ്ങളോട് അദ്ദേഹം ഏറ്റുമുട്ടി
വിജയിക്കാൻ നോക്കും. നേട്ടങ്ങൾ ഉണ്ടാക്കാൻവേണ്ടി യാതനയനുഭവിക്കുക എന്ന
ജന്മവാസനയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരീരവേദനയും
ശരീരസുഖവുമുണ്ടെന്ന് സ്വാമി പറയുമായിരുന്നു. ചികിത്സയിലൂടെ ലഭിക്കുന്ന
സുഖം ശരീരം ഉള്ളതുകൊണ്ടാണെന്ന അഭിപ്രായം ശ്രദ്ധേയമാണ്. ശരീരത്തിന്റെ
സൊാചനകൾ കേട്ടെങ്കിലും അതിനനുസരിച്ച് നീങ്ങാനുള്ള സാവകാശം സ്വാമിക്ക്
ഒരിക്കലും ലഭിച്ചില്ല.
വിവേകാനന്ദന് ഉറക്കമില്ലായിരുന്നു.
ന്യൂയോർക്കിൽ ചെന്നിട്ട് ഒരു രാത്രിപോലും ഉറങ്ങിയില്ലെന്ന് ഒരു
സുഹൃത്തിന് എഴുതിയത് ഇങ്ങനെയാണ്: കടലിനടിയിൽ പോയിട്ടെങ്കിലും അൽപം
ഉറക്കം കിട്ടിയെങ്കിൽ!
തന്റെ ജീവിതം ഇങ്ങനെയേ നീങ്ങൂ എന്ന്
സ്വാമിക്ക് അറിയാമായിരുന്നു. തന്റെ പ്രായം ഇരട്ടിക്കുകയാണ്. മുടി നരച്ചും
മുഖം ചുളിവുകൾ വീണും പ്രായത്തിന്റെ സൊാചനകൾ നേരത്തേ കിട്ടി. താടി
വളർത്താൻ ആലോചിച്ചു. ഈ ലോകത്ത് താൻ ജീവിതത്തിന്റെ സാരമാണ് തേടിയതെന്ന
ചിന്തയായിരുന്നു സ്വാമിയുടെ ഉള്ളിൽ. സാരം തേടിയവന് ക്ലേശമാണ് ലഭിക്കുക.
എല്ലായിടത്തും ആദരവ് കിട്ടിയ സ്വാമി ഉള്ളിൽ ഒരിടം കിട്ടാതെ സ്വയം
കലഹിച്ചു. തന്റേതെന്ന് പറയാൻ ഒന്നുമില്ലാത്ത ഒരവസ്ഥ വരാൻ പോകുന്നുവേന്ന്
ദീർഘദർശനം ചെയ്തു. "എനിക്കുവേണ്ടി ഒരു പെനിപോലും കൈവശമില്ല. എനിക്ക്
കിട്ടിയതൊക്കെയും ഞാൻ തിരിച്ചുനൽകി" അദ്ദേഹം എഴുതി.
ഈ നശ്വരമായ
ശരീരത്തിൽ അനശ്വരതയെക്കുറിച്ചുള്ള ഏകാന്ത ചിന്തകളുമായി
അടങ്ങിയിരിക്കാനാവില്ലെന്ന് മനസിലാക്കിയ സ്വാമി അതിനായി പലയിടത്തേക്കും
തിരക്കിട്ടു പോകുകയായിരുന്നു. സഞ്ചാരം ഒരു മനോവ്യാഥി പോലെ മാറാതെ നിന്നു.
മനസിനെ മറികടക്കാനും അതിനേക്കാൾ വലുതാവാനും ഈ ശരീരം വെമ്പുന്നതായി
അദ്ദേഹത്തിനു ബോധ്യപ്പെട്ടു. രോഗവും ദുഃഖവും വേദനയും സഹിച്ചുകൊണ്ട്, എല്ലാ
അസന്തുഷ്ടികളെയും മായ്ച്ചുകളയുന്ന സൗഖ്യത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം
നടത്തി. ലൗകികവേദനകളല്ല, ചുറ്റിനുമുള്ള ലോകത്തോട് തോന്നുന്ന ഐക്യവും
രമ്യതയുമാണ് അദ്ദേഹത്തെ പ്രലോഭിപ്പിച്ചതു. മരണത്തെ ഭയക്കേണ്ടതില്ല. എന്നാൽ
ഭീരുവാകരുത്. ധീരനായിരിക്കൂ എന്ന് ആരു പറയുന്നുവോ അവരുടെ കൂടെയാണ്
സ്വാമി. മനുഷ്യരാശിയെ രക്ഷിക്കാൻവേണ്ടി പുറപ്പെടുമ്പോൾ അപമാനങ്ങളോ
നഷ്ടങ്ങളോ നോക്കരുത്. ഒരു കർമ്മചാരിക്ക് കർമ്മം വിധിയാണ്. അതവന്
മാറാത്ത ദീനമാണ്; ആ ദീനത്തെയാണ് അവൻ ഉദാത്തമാക്കി ലോകത്തിനു നൽകുന്നത്.
No comments:
Post a Comment