സംയോഗത്തിൽ
ഏർപ്പെടുന്നവർ ആരായിരുന്നാലും അവർ കുട്ടിയുടെ മാതാപിതാക്കളാണ്.
സന്താനോല്പാദനം ,ഒരു ഫാക്ടറിയിൽ നിന്ന് ചെരിപ്പ് ഉണ്ടാക്കുന്ന
പോലെയല്ലല്ലോ. കൃത്യമായി മെറ്റീരിയൽ ഇട്ടുകൊടുത്താൽ ഒരേ വലിപ്പത്തിൽ
ചെരുപ്പുകൾ ഉണ്ടാക്കിയെടുക്കാം. യന്ത്രം അത് ചെയ്യും. യന്ത്രം ഒരു
ചെരിപ്പിന്റെയും രൂപഭാവങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. മുൻകൂട്ടി
നിശ്ചയിച്ച രൂപത്തിൽ അതിൻ്റെ ജാതകവും ഭാവിയും അടങ്ങിയിരിക്കുന്നു. അത്
നിമിഷം കൊണ്ട് നിർമ്മിക്കപ്പെടുകയാണ്. അന്തിമമായ ഫലത്തിനായുള്ള
കാത്തിരിപ്പ് അവിടെയില്ല. എല്ലാം ഒരു യന്ത്രസാക്ഷരതയിൽ ഭദ്രമാണ്. എന്നാൽ
ജീവൻ അങ്ങനെയല്ല. അത് പ്രപഞ്ചത്തിൽ എവിടെ നിന്നോ വരുന്നതാണ് .ഒരു ജീവനായി
ആരുടെ ഉദരത്തിൽ രൂപം കൊള്ളണമെന്ന് മുൻകൂട്ടി നിശ്ചയിക്കാനാവില്ലല്ലോ. ഏതൊരു
ശിശുവിന്റെയും സ്വന്തം തിരഞ്ഞെടുപ്പല്ല അത്. പിതാവ് എന്ന സ്ഥാനത്ത്
വരുന്ന ബീജത്തിനോ മാതാവ് എന്ന സ്ഥാനത്ത് വരുന്ന അണ്ഡത്തിനോ തങ്ങളുടെ
ശിശുവിനെപ്പറ്റി ഒന്നുമറിയില്ല .അതിന് ഉറപ്പോ ശാശ്വതത്വമോ ഇല്ല .അത്
പ്രാപഞ്ചികമായ ഒരു അവസരമാണ്. അണ്ഡവും ബീജവും ചേർന്നാലേ അത് സാധ്യമാകൂ. ആ
നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംയോജനം. പ്രപഞ്ചമാണ് അത്
കൂട്ടിയോജിപ്പിക്കുന്നത്. ജീവൻ്റെ അതിജീവനം അല്ലെങ്കിൽ തുടർച്ച
പ്രാപഞ്ചികമാണ്. അത് നമ്മുടേതെന്ന് എങ്ങനെ പറയാനാകും? അമേരിക്കൻ
ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൺ (Carl Sagan) പറഞ്ഞു ,നമ്മുടെ ശരീരം
നക്ഷത്രങ്ങളിലെ വസ്തുക്കളെ കൊണ്ടു ഉണ്ടാക്കിയതാണെന്ന് ."The cosmos is
within us.We are made of starstuff.we are a way for the universe to know
itself. "നമ്മളിൽ നക്ഷത്രങ്ങളിലെ വസ്തുക്കളുണ്ട്. നമ്മുടെ ശരീരം
അത്ഭുതകരമാണ്. നമ്മൾ പ്രാപഞ്ചികവസ്തുക്കളുടെ ഒരു കൂട്ടമാണ്.
"The
nitrogen in our DNA ,the calcium in our teeth,the iron in our blood,the
carbon in our apple pies were made in the interiors of collapsing
stars.we are made of starstuff. "
നമ്മുടെ ഡിഎൻഎ
യിലും പല്ലിലും രക്തത്തിലും ആപ്പിൾ പൈയിലുമെല്ലാം നക്ഷത്രങ്ങളിലെ
വസ്തുക്കൾ അടങ്ങിയിരിക്കുന്നു. അപ്പോൾ നമ്മൾ എങ്ങനെ
ഒറ്റപ്പെട്ട്,പുറംലോകവുമായി ബന്ധമില്ലാത്ത നശ്വര വസ്തുക്കളാകും ? നമ്മളിൽ
ഭൗതികമായ നശ്വരതയോടൊപ്പം ധാതുപരമായ അനുശ്വരതയുമുണ്ട്. നമ്മൾ ഈ
മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളുടേതാണ്.ഒരു ഭ്രൂണമായി ജീവിതം തുടരുമ്പോൾ
തന്നെ നമ്മെ പ്രാപഞ്ചികവസ്തുക്കൾ ആവേശിക്കുന്നു .
"രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായി നടുവിൽ കിടന്നേൻ,
മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ -
താതൻ വളർത്തിയവനാണിവനിന്നു ശംഭോ!"
രേതസ്സ്
,രക്തം എല്ലാം പ്രാപഞ്ചികമാണ് .നക്ഷത്രവസ്തുക്കളാൽ നിർമ്മിതമായ ഈ
ശരീരത്തിൽ നമ്മുടേതായ യാതൊന്നുമില്ല .ശബ്ദവും ഈ പ്രപഞ്ചത്തിന്റേതാണ്. അവിടെ
ഭ്രൂണത്തിനു പിതാവായി ആരാണുള്ളത് ? സംരക്ഷണം കൊടുക്കാൻ പുറത്തുനിന്നുള്ള
ഒരു അദൃശ്യ കൈ പ്രവർത്തിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. യാദൃശ്ചികമായ
അവസ്ഥകളിലൂടെ അതിജീവിക്കേണ്ടതാണവിടെ. ഈ പ്രപഞ്ചത്തിൽ നാം ഒരു ഘട്ടത്തിലും
വേർപെടുത്തപ്പെട്ടവരല്ല .ഏതോ വിദൂരമായ നക്ഷത്രവസ്തുക്കൾ
മനുഷ്യശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണോ ? നമ്മളെല്ലാം ഒന്നാണെന്ന
വസ്തുതയെ ഒന്നുകൂടി ഉറപ്പിക്കുന്ന സന്ദർഭമാണിത്. നമ്മളെല്ലാം
ഭ്രൂണാവസ്ഥയിലായിരുന്നിട്ടുണ്ട്. ഉറങ്ങിക്കിടന്ന ആ വേളയിൽ ഈ ലോകം
രക്ഷിച്ചു. ആശാൻ 'വീണപൂവി'ൽ എഴുതുന്നു '
"ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം ?" എല്ലാവരും ഒരേ പൂർവ്വകാലത്തിൻ്റെ ,പ്രപഞ്ചത്തിൻ്റെ അവകാശികളാണ്.
നക്ഷത്രസമൂഹങ്ങളിൽ നിന്ന്
ഈ
പ്രപഞ്ചത്തിലെ എല്ലാ മാനവരേയും നിർമ്മിച്ചിരിക്കുന്നത് പ്രാപഞ്ചിക
വസ്തുക്കൾ കൊണ്ടാണ്. ഒരാൾക്കും മറ്റൊന്ന് വേണ്ടിവരുന്നില്ല. ഈ സാഹോദര്യം
നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത് നിസ്സീമമായ നന്ദിയാണ് .എത്ര പ്രാവശ്യം
തൊഴുതാലും തീരാത്ത നന്ദി. ജീവിതകാലമത്രയും ,അപ്രതിരോധ്യമായ അവസ്ഥയിൽ
കഴിഞ്ഞതിന്റെ ഒരു നന്ദി ബാക്കി വച്ച് വേണം കുതറാനും ആളിപ്പടരാനും
കുത്തിനോവിക്കാനും ശ്രമിക്കേണ്ടത്.
സമ്മോഹനമായ
ഒരു പ്രതീതി യാഥാർത്ഥ്യമാണ് ഭ്രൂണാവസ്ഥ. അത് ഈ ലോകജീവിതത്തിൻ്റേതല്ല;
ശരീരത്തിനുള്ളിൽ തയ്യാറെടുക്കുന്ന സമയമാണത്. ഏതെല്ലാമോ
നക്ഷത്രസമൂഹങ്ങളിൽനിന്ന് ശക്തിയും ഭാവനയും സമാഹരിക്കുകയാണ്.
ചന്ദ്രനെക്കുറിച്ച് റഷ്യൻ ദാർശനികനായ ഗുർജിഫ് (Gurdjieff) പറഞ്ഞത്
ശ്രദ്ധേയമാണ്: "ഈ ഭൂമിയിൽ ജീവിക്കുന്ന എന്തും - മനുഷ്യർ ,മൃഗങ്ങൾ ,സസ്യങ്ങൾ
- എല്ലാം ചന്ദ്രനുള്ള ഭക്ഷണമാണ് .എല്ലാ പ്രവർത്തനങ്ങളും ,ആളുകളുടെയും
മൃഗങ്ങളുടെയും സസ്യങ്ങളുടെയും , ചന്ദ്രനെ ആശ്രയിച്ചാണുണ്ടാകുന്നത്.
ചന്ദ്രനാണ് അവയെ നിയന്ത്രിക്കുന്നത്. നമ്മുടെ ജീവിതത്തിൻ്റെ യാന്ത്രികമായ
തലം ചന്ദ്രനെ ആശ്രയിച്ചിരിക്കുന്നു. ചന്ദ്രൻ്റെ പരിധിയിലാണത്. ഉള്ളിൽ
അവബോധവും ഇച്ഛാശക്തിയും വികസിപ്പിക്കുകയാണെങ്കിൽ അത് ചന്ദ്രനിൽ നിന്നുള്ള
രക്ഷപ്പെടലായിരിക്കും."
ഗുർജിഫ് പറയുന്നത്
ചന്ദ്രബിംബത്തിന് ജീവനുണ്ടെന്നാണ്. ഭൂമിയുടെ തന്നെ സഹജീവി. ഭൂമിയിലെ ജൈവമായ
അവസ്ഥകളെ പിൻപറ്റിയാണത്രേ ചന്ദ്രൻ ജീവിക്കുന്നത് .ഈ ജൈവാവസ്ഥയാകട്ടെ
ചന്ദ്രന്റെ ആവശ്യാനുസരണമാണ് നിലനിൽക്കുന്നത്.ഗുർജിഫിൻ്റേത് സങ്കൽപ്പികമായ
ആശയമായി തോന്നാമെങ്കിലും ഭൂമിയിലെ ജീവിതവുമായി മറ്റു ഗ്രഹങ്ങൾക്കുള്ള ബന്ധം
വ്യക്തമാക്കുന്നതാണ്. ശാസ്ത്രീയമായി, നമ്മുടെ ശരീരത്തിലെ മൂലകങ്ങൾ മറ്റു
ഗ്രഹങ്ങളിലുള്ളത് തന്നെയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഈ ബാന്ധവമായിരിക്കാം
ഗർഭപാത്രത്തിൽ ഒരു ജീവന് സുരക്ഷിതമായി, പിറക്കാൻ സമയമാകുന്നതു വരെ കഴിയാൻ
സഹായിക്കുന്നത്. ഒരു സാർവലൗകികമായ ബന്ധത്തിൻ്റെ സൗഹൃദത്തിലാണ് നമ്മുടെ
പിറവിയുടെ രഹസ്യമിരിക്കുന്നത്. ഇനിയും നാം തേടിച്ചെല്ലാത്ത സൗഹൃദം. ഏതോ
ദിവ്യ സുഗന്ധം നമ്മെ കാത്ത് എവിടെയോ ഉണ്ട്. അനുഭവിച്ച സൗന്ദര്യത്തേക്കാൾ
മികച്ചത് അതായിരിക്കാം. അതാണ് നമ്മെ അദൃശ്യമായി ക്ഷണിക്കുന്നത്. ചില
സൗഹൃദങ്ങൾ നാം നേരത്തെ ആഗ്രഹിച്ചതാകണമെന്നില്ല .ഒരു മിനിറ്റ് നേരത്തേക്കോ
ഒരു മണിക്കൂർ നേരത്തേക്കോ ആ അടുപ്പം നമുക്കായി സൃഷ്ടിക്കപ്പെടുകയാണ്.
തിരക്കുകളിൽപ്പെട്ട നമുക്ക് അത് ആസ്വദിക്കാനാവുന്നില്ല. ചിലപ്പോൾ ,ഒരു
യാത്രയിലായിരിക്കാം, തൊട്ടടുത്ത് വന്ന് ഏതാനും വാക്കുകൾ കൈമാറിയ ശേഷം
,സൗഹൃദത്തിൻ്റെ ചെറിയ ഒരു പാട സൃഷ്ടിച്ച ശേഷം എന്നേക്കുമായി മറഞ്ഞു
പോകുന്നവരുണ്ട്.പിന്നീട് നമ്മൾ അവരെ കാണാറില്ല .
അന്തരാത്മാവിൽ തൊട്ട് പറന്നു പോയതെന്ത് ?
നൊടി
നേരത്തെ സൗഹൃദങ്ങൾ നാം എന്തുകൊണ്ട് വിലയ്ക്കെടുക്കുന്നില്ല.? അല്ലെങ്കിൽ
മനസ്സിന്റെ ആന്തരികമായ ചെപ്പിൽ സൂക്ഷിക്കുന്നില്ല? അതിൻ്റെ വില
അറിയാത്തതുകൊണ്ടാണോ ? ഓരോ വ്യക്തിയും ഓരോ ഗ്രഹമാണ്. എന്നാൽ അതിന് കൃത്യമായ
ഒരു ഭ്രമണപഥമല്ല ഉള്ളത്. അത് ഏത് ദിശയിലേക്കും സഞ്ചരിക്കും. ചിലപ്പോൾ
പിറകോട്ടും വശങ്ങളിലേക്കും. അതിന് നിയതമായ പാതയില്ല .എന്നാൽ ആകസ്മികമായ ചില
കണ്ടുമുട്ടലുകൾ ,കൂടിച്ചേരലുകൾ സംഭവിക്കുന്നു.ആലക്തികഭംഗിയോടെ
അന്തരാത്മാവിൽ തൊട്ട് പറന്നു പോകുന്ന സ്നേഹസൗഹൃദ ശലഭങ്ങൾ .അവയുടെ
ചിറകുകളിലെ ഇഴയടുപ്പങ്ങൾ, നെയ്ത്തുഭംഗികൾ, വർണവന്യാസങ്ങൾ ആരുടെ സൃഷ്ടിയാണ്?
സംവേദനത്തിന്റെ എല്ലാ ശക്തിയുമെടുത്ത് നാം നിരീക്ഷിക്കുകയാണെങ്കിൽ ഒന്നു
മനസ്സിലാകും, അതെല്ലാം നമുക്കായി മാത്രം നിശ്ചയിക്കപ്പെട്ടതായിരുന്നു. നാം
അതിൻ്റെ സൗന്ദര്യം വേണ്ട പോലെ ഉൾക്കൊള്ളാതെ നഷ്ടപ്പെടുത്തി .ഈ സത്യം
എന്നെങ്കിലും കൺമുന്നിൽ വരികയാണെങ്കിൽ നാം വിലപിക്കും,
നഷ്ടപ്പെടലിനെക്കുറിച്ചോർത്ത്. ഇതാണ് മാനവസത്ത .
ഇതിലേക്കാണ്
നാം വളരേണ്ടത്. 'പിണ്ഡനന്ദി' പറഞ്ഞു തരുന്ന നിസ്സീമമായ മാനവസൗന്ദര്യം
അതാണ്. നമുക്ക് വിനീതരാകാം; സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും സംഗീതം,
സാഹിത്യം ഉള്ളിലേക്ക് വലിച്ചെടുക്കാനുള്ള വിവേകപൂർവമായ നന്ദി
സമാഹരിക്കാം.എല്ലാ കൂട്ടിമുട്ടലുകൾക്കും ഒരു അർത്ഥമുണ്ട് .അവയെല്ലാം
പ്രപഞ്ചത്തിലെ ഏതോ അനുപാതങ്ങൾ നിലനിർത്താനാവശ്യമായ ചേരുവകളാണ്
.പ്രാപഞ്ചികമായ ചാരുതകൾ നമ്മളിലൂടെ പ്രവഹിക്കുകയാണ്, നമ്മൾ അറിയാതെ തന്നെ.
ഷുവാങ്സിയുടെ സ്വപ്നത്തിലെ ചിത്രശലഭം
ചൈനീസ്
തത്ത്വചിന്തകനായ ഷുവാങ്സി (Zhunangzi) വിചിത്രവും രസകരവുമായ ഒരു
അസ്തിത്വാനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: :ഞാനൊരു
ചിത്രശലഭമായിരിക്കുന്നതായി സ്വപ്നം കണ്ടു; ആകാശത്തിൽ
പാറിപ്പറക്കുകയായിരുന്നു ഞാൻ. ഉണർന്നപ്പോൾ അതിശയിച്ചു പോയി. ഒരു
ചിത്രശലഭമായി രൂപാന്തരപ്പെട്ടത് എൻ്റെ സ്വപ്നമായിരുന്നോ ?.ഒരു
മനുഷ്യനാണെന്ന സ്വപ്നം കാണുന്ന ചിത്രശലഭമാണോ ഞാൻ ?"
ഒരു
ശലഭത്തിൻ്റെ സ്വപ്നമാണ് താനെന്ന് ചിന്തിക്കുന്ന ഷുവാങ്സി അത്
സ്ഥിരീകരിക്കുന്നില്ല. തന്റെ സ്വപ്നത്തിൽ താനൊരു ചിത്രശലഭമായി
രൂപാന്തരപ്പെട്ടതായി സംശയിക്കുന്നു. ഏതാണ് ശരി? ഈ സന്ദിഗ്ദ്ധത ജീവിതത്തിൽ
നിലനിൽക്കുന്നു.ഭ്രൂണത്തിന്റെ ഒരു സ്വപ്നമാണോ ഈ ജീവിതം? എങ്കിൽ ആ സ്വപ്നം
എത്ര അഗാധവും വിചിത്രവും സുന്ദരവുമാണ്. സന്ദിഗ്ദ്ധതയ്ക്കുള്ളിൽ ജീവിതം
അർത്ഥത്തെക്കുറിച്ചുള്ള ചർച്ചയായി മാറുന്നു.'പിണ്ഡനന്ദി'യുടെ സൗന്ദര്യം ഈ
സന്ദിഗ്ദ്ധതയാണ്. ഭ്രൂണാവസ്ഥയിലായിരുന്നു നാം .അത് സുഷുപ്തിയുടെ
കാലമായിരുന്നു. അവിടെ സ്വപ്നത്തിലേക്ക് പോകാൻ ഒരു അതിർവരമ്പുമില്ല .സ്വപ്നം
തന്നെയായിരിക്കാൻ സാധ്യത ഏറെയാണ്. സ്വപ്നത്തിൽ ജീവിതം എങ്ങനെയും
രൂപപ്പെടുമല്ലോ. പ്രപഞ്ചത്തിൽ ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളുണ്ടെങ്കിൽ
അതിലേക്ക് ആ സ്വപ്നം ചേക്കേറുന്നത് അതീതമായ ചില നിയമങ്ങളെയും സാധ്യതകളെയും
ഉൾക്കൊള്ളുന്നതുകൊണ്ടാകാം. ഒരു ഭ്രൂണത്തിന് സ്വപ്നം കാണുവാൻ പ്രപഞ്ചം
അവസരമൊരുക്കുകയാണ്. എന്തെന്നാൽ ഭ്രൂണം സുരക്ഷിതമായിരിക്കുന്നു ;ജീവിതത്തെ
മറ്റൊന്നായി മാറ്റുന്നു.
ഭ്രൂണത്തിന് സ്വപ്നത്തിൽ
ഒഴിഞ്ഞയിടങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് അഭൗമമായ ഘടകങ്ങളായിരിക്കാം. ഈ
ഭൗമാതീതലോകവുമായി ഭ്രൂണം സംവദിക്കുന്നുണ്ടാവാം. കാരണം ,ആ വേളയിൽ
മനുഷ്യരുടെ ലോകത്തല്ലല്ലോ അത് നിലനിൽക്കുന്നത്. അതുകൊണ്ട് ഗുരു അവിടെ
ദൈവത്തെ പിതാവായി കാണുന്നത് ഒരു പുതിയ സൗന്ദര്യാനുഭവത്തിലേക്കുള്ള വാതിൽ
തുറക്കുകയാണ്.
No comments:
Post a Comment