Followers

Friday, October 5, 2018

ഞാനും നവാദ്വൈതവും/എം കെ ഹരികുമാർ

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ
. ഞാന്‍ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാന്‍ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാന്‍ രണ്ടാമത്തെ ഞാന്‍ നില്‍ക്കുന്നു. ഈ രണ്ടുപേരെയും ഞാന്‍ വെറുത്തിട്ടുണ്ട്. പിന്നെ ഞാനായി പലരും വന്നു. അവരെല്ലാം പോയി. ഇപ്പോഴുള്ള ഞാന്‍ എത്രയോ വട്ടം ഇല്ലാതാകുകയും പുതുതായി ജനിക്കുകയും ചെയ്തു.

ഓരോ നിമിഷവും ഞാന്‍ എന്ന വസ്തു സ്വയം നിരസിക്കുന്നുണ്ട്. ഇന്നലെകളെ ഒന്നുകൂടി സന്ദര്‍ശിച്ചാല്‍ അതോടെ ഞാന്‍ മാറി. പിന്നെ ഇന്നലെവരെ സ്വയം കരുതിവച്ച ഞാനല്ല ഉള്ളത്. ഒരു പുതിയ ഞാനുണ്ട് ഓരോ നിമിഷത്തിലും. എന്നാല്‍ അത് നിലനില്‍ക്കാനുള്ളതാണ്. മാറിക്കൊണ്ടിരിക്കണം. ഇന്ന് എന്താണോ ഞാന്‍, അതിനെ നിരസിച്ചുകൊണ്ട് മറ്റൊന്നാകാന്‍ ഞാന്‍ തീരുമാനിക്കേണ്ടതുണ്ട്. തീരുമാനിച്ചില്ലെങ്കിലും ഞാന്‍ മാറിയിരിക്കും. കാരണം ഇന്നലെകളില്‍ നാം ചിന്തിച്ചതോ, പ്രവര്‍ത്തിച്ചതോ പോലെ ഇന്ന് ചെയ്യാനൊക്കില്ല. പുതിയ ആശയമാണ് ഞാന്‍, ഇപ്പോഴും. എനിക്ക് ചുറ്റുപാടുനിന്നും കിട്ടുന്നതെല്ലാം എന്നെ പരിവര്‍ത്തിനത്തിനു സഹായിക്കുന്നു. മറ്റൊന്നിനോട് ചേരുമ്പോള്‍ ഞാന്‍ മാറും. ഒരാശയത്തിനു മാത്രമായി എങ്ങനെ നില്‍ക്കാനാകും. സ്വയം നിരാസം ഒരു വിരസതയുടെ ഫലമാണ്. ഒന്നില്‍ത്തന്നെ നോക്കിയിരിക്കാനാവില്ല. മനസ് എപ്പോഴും ഒരിടത്തുതന്നെ നില്‍ക്കുന്നില്ല. അങ്ങനെയാണെന്ന് വിശ്വസിക്കുന്നവര്‍ ദോഷൈകദൃക്കുകളും കുറ്റവാളികളുമാകുന്നു. മനസ് സദാ മാറുന്നതുകൊണ്ട് വെറുപ്പിനും ദ്വേഷത്തിനും സ്ഥാനമില്ല. സ്നേഹം ആര്‍ക്കും ദോഷമുണ്ടാക്കാത്തതാണ്. അതുകൊണ്ട് സ്നേഹം സ്ഥിരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കൊള്ളാം. എന്നാല്‍ സ്നേഹത്തിനും മാറണം. എപ്പോഴും സ്നേഹമില്ല. ചില നക്ഷത്രങ്ങള്‍ വല്ലപ്പോഴും മുഖാമുഖം വരുന്നതുപോലെയാണ് സ്നേഹം. അതു മനസില്‍ നിന്ന് മാറി മറ്റൊന്നാകാന്‍ സദാ മുറവിളി കൂട്ടുകയാണ്. മനസിലെ ഓരോ വാക്കും ആശയവും ചിന്തയും കൂട്ടിലിട്ട വെരുകിനെപ്പോലെയാണ്. പുറത്തുകടക്കാനുള്ള ഉല്‍ക്കടമായ അഭിനിവേശമാണ്. പുറത്തുകടക്കാന്‍ അനുവദിക്കുന്നതാണ് സ്വാതന്ത്ര്യം. അതിനെ വിവേകപൂര്‍വം നയിക്കുന്നതാണ് യുക്തി.

നവാദ്വൈതത്തിന്‍റെ പ്രവര്‍ത്തനമണ്ഡലം ഈ പുറത്തുകടക്കലാണ്. പുതിയ രൂപവും ഭാവവും ആര്‍ജിക്കുന്നത് ഒരു സ്ഥിരം കൂടാരം എന്ന നിലയിലാണ്. മറ്റൊന്നായി മാറുന്നതിന്, നിരാകരിക്കുന്നതിനുവേണ്ടിയാണ് പിടച്ചില്‍. നിരസിക്കുന്നതോടൊപ്പം നിര്‍മ്മിക്കുകയും ചെയ്യുകയാണ് നാം. ഇന്നലെകളില്‍ പറ്റിയ ധാരണപ്പിശകുകള്‍ ഇന്ന് തള്ളിക്കളയുകയും മറ്റൊന്ന് അവിടേക്ക് കടന്നുവരുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത ക്ഷണം അത് തള്ളപ്പെടുകയാണ്. ആ തള്ളിക്കളയല്‍ പുതിയൊരു നിര്‍മ്മാണമാണ്. ഒരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വശങ്ങളിലെ ദൃശ്യങ്ങള്‍ കാണാന്‍ ഉത്സുകരാവുന്ന നാം അടുത്ത ക്ഷണം മറ്റൊരു ദൃശ്യത്തിന്‍റെ മനോഹാരിതയിലേക്ക് വീഴുകയാണ്. തൊട്ടുമുമ്പ് ആകര്‍ഷിച്ച ദൃശ്യം എവിടെപ്പോയി? അതിനു മനസിനുള്ളില്‍ ഇടമില്ലാതായി. പുതുതായി വരുന്ന ദൃശ്യങ്ങള്‍ എല്ലാറ്റിനെയും വിഴുങ്ങി ദൂരേക്ക് എറിയുന്നു. നിരാസവും നിര്‍മ്മാണവുമുണ്ട്. ഒന്നിലും ഞാനില്ല.
എന്നാല്‍ എല്ലാറ്റിലും ഞാനുണ്ടായിരുന്നു. എനിക്കൊന്നിലും ഒതുങ്ങാന്‍ ആവില്ല. ഞാന്‍ എന്നെയും അജ്ഞാതനാക്കി കുതിക്കുകയാണ്. ഈ നിമിഷം എല്ലാറ്റിനെയും വിഴുങ്ങുമ്പോള്‍, അതിനെയും അടുത്ത നിമിഷം വിഴുങ്ങുകയാണ്. കാലത്തിനുള്ളില്‍ ഞാന്‍ പലതായിപ്പോകുന്നു. ഞാന്‍ എന്താണെന്നതിന് ഒരു വിലയുമില്ല. ഞാന്‍ എന്തെല്ലാമായിരുന്നു എന്നതിനു വിലയില്ല. ഞാന്‍ മറ്റൊന്നിനുവേണ്ടി ഉഴറുകയാണ്. ഇത് സത്യമാണ്. സ്ഥിരമായി നില്‍ക്കാത്ത സത്യമാണത്. ഈ സത്യത്തെ പിടിക്കാനാവില്ല. അത് മത്സ്യത്തെപ്പോലെ വഴുതിപ്പോകും. സത്യ എവിടെയോ ഉണ്ട്, അജ്ഞാതമായി. എന്നാല്‍ അത് രൂപമോ ഘടനയോ ഇല്ലാതെ ഒരു പ്രതീതി മാത്രമായിത്തീരുകയും ചെയ്യുന്നു. സത്യം ഇതിനിടയില്‍ എങ്ങനെയോ എന്നെ കാണാതെ ഒളിച്ചുകളിക്കുകയാണ്.

ഞാന്‍ ഒന്നില്‍ നിന്നല്ല വന്നത്; ഒന്നായിരിക്കുന്നുമില്ല. ഒന്നായിട്ട് ഇരിക്കുകയുമില്ല. ഒന്നാകാതെ, പലതായി പിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കും. അദൃശ്യമായ സത്യമായി എങ്ങനെ ഞാന്‍ ഇതുവരെ നിലനിന്നുവോ അതുപോലെതന്നെ അത് തുടരുകയും ചെയ്യും.

No comments: