a
വ്യാസനെ കൃഷ്ണചൈതന്യ വായിക്കുന്നു
മലയാളസാഹിത്യം
കണ്ട ,ഇന്ത്യൻ സാഹിത്യം കണ്ട വലിയ സംസ്കൃത സാഹിത്യപണ്ഡിതനും
സാഹിത്യചരിത്രകാരനുമാണ് കൃഷ്ണചൈതന്യ (1918-1994).അദ്ദേഹം കലാഭിരജ്ഞതയുടെ
ഉന്നതിയിലാണ് ജീവിച്ചത് .പടിഞ്ഞാറുള്ളതും കിഴക്കുള്ളതുമായ കലയെയും
ആശയങ്ങളെയും പരിശോധിച്ച് ഭാരതസംസ്കാരത്തിൻ്റെ വൈചാരിക ജീവിതത്തിന്റെ
അടിത്തട്ടു നിർണയിച്ച കൃഷ്ണചൈതന്യയെ ഇന്നു മാധ്യമങ്ങൾ ഓർക്കാതിരിക്കുന്നതോ ,
അദ്ദേഹത്തിൻ്റെ കൃതികൾ എല്ലാം ഔട്ട് ഓഫ് പ്രിൻ്റ് ആയിട്ടും ഒന്നുപോലും
അച്ചടിക്കാതിരിക്കുന്നതോ അത്ഭുതപ്പെടുത്തുന്നില്ല .
എല്ലാ
മേഖലയിലും ഇപ്പോൾ വളരെ വേഗത്തിലുള്ള നടത്തിപ്പാണ് മുന്നേറുന്നത് .ഭക്ഷണം
അതിവേഗം പാചകം ചെയ്യുന്നതിനാണ് മുൻഗണന. വാർത്ത അതിവേഗം
എത്തിക്കുന്നവർക്കാണ് വില. പ്രേമത്തിൽ പോലും വേഗത്തിനാണ് മൂല്യം.
വേഗതയില്ലാത്തവരെ തിരസ്ക്കരിക്കുകയാണ്. അതുകൊണ്ട് കൃഷ്ണചൈതന്യയുടെ
ആഴത്തിലുള്ള അറിവുകൾ തേടിച്ചെല്ലാൻ പലർക്കും സമയം കിട്ടുകയില്ല.
എളുപ്പത്തിൽ കിട്ടുന്നത് ധാരാളമുണ്ടല്ലോ.ആരൊക്കെ വിസ്മരിച്ചാലും
കൃഷ്ണചൈതന്യയുടെ പ്രസക്തി ഇല്ലാതാവുകയില്ല. അദ്ദേഹത്തിൻ്റെ 'സംസ്കൃതസാഹിത്യ
തത്ത്വചിന്ത' എന്ന പുസ്തകം രണ്ടു വാല്യങ്ങളിലാണ് പതിറ്റാണ്ടുകൾക്കു മുൻപ്
പ്രസിദ്ധീകരിച്ചത്. സംസ്കൃത സാഹിത്യചരിത്രം, യവനസാഹിത്യചരിത്രം,
റോമാസാഹിത്യ ചരിത്രം, യഹൂദസാഹിത്യചരിത്രം, പിൽക്കാല ലത്തീൻ സാഹിത്യചരിത്രം,
ഈജിപ്ഷ്യൻ സാഹിത്യചരിത്രം, മെസപ്പെട്ടോമിയൻ സാഹിത്യചരിത്രം,അറബി
സാഹിത്യചരിത്രം, എന്നിവയാണ് അദ്ദേഹത്തിൻ്റെ സാഹിത്യചരിത്രഗ്രന്ഥങ്ങൾ.
വിജ്ഞാനത്തിന്റെ മൗലിക തത്ത്വത്രയം ,ശാസ്ത്രത്തിൻ്റെ വിശ്വാവലോകനം എന്നീ
കൃതികൾ കൃഷ്ണചൈതന്യയുടെ വിജ്ഞാനദാഹം വെളിപ്പെടുത്തുകയാണ്. ഇതിനു പുറമെയാണ്
ഇന്ത്യൻ ചിത്രകലയെക്കുറിച്ചും ലോകസാഹിത്യത്തെക്കുറിച്ചും ഇംഗ്ലീഷിൽ
അദ്ദേഹം എഴുതിയ പുസ്തകങ്ങൾ: Sanskrit Poetics,Ravivarma,The Mahsbharatha
-A Literary Study,The Betrayal of Krishna,The Biology of Freedom,The
Psychology of Freedom,The physics and Chemistry of Freedom,A History of
World Literature vol 1,2,3,4, Portfolio of Indian Paintings,A History of
Indian Painting.
കൃഷ്ണചൈതന്യ
വ്യാസനയെക്കുറിച്ചു വിപുലമായ ഒരു ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്
'സംസ്കൃതത്തിലെ സാഹിത്യതത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ. അദ്ദേഹം
ചൂണ്ടിക്കാട്ടുന്നത് കലയിൽ പ്രധാനമായി രണ്ടുതലമുണ്ടെന്നാണ്.എഡ്വേർഡ് ഹോണിങ്
(Edward Honing)Dark Conceit-The Making of Allegory എന്ന പുസ്തകത്തിൽ
പ്രവാചകത്വത്തെയും ക്രാന്തദർശനത്തെയും വേറിട്ട് വിലയിരുത്തുന്നതിനെ
ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാസനിൽ ഈ രണ്ടു ഗുണങ്ങളും
സമ്മേളിക്കുന്നതായി കണ്ടെത്തുന്നത്. 'തീർത്ഥയാത്രയുടെ കഥ'(The Pilgrim's
Progress ,John Bunyan)എഴുതിയ ബന്യൻ പ്രവാചകധർമ്മത്തെയും ഫ്രാൻസ്
കാഫ്ക(Franz Kafka) ക്രാന്തദർശനത്തെയും പ്രതിനിധീകരിക്കുന്നതായി
കണ്ടെത്തുന്നു.എന്നാൽ വ്യാസനിൽ ഈ രണ്ടു ഗുണങ്ങളും സമർത്ഥമായി
സമന്വയിപ്പിക്കപ്പെടുകയാണ്. വ്യാസൻ ഉപനിഷത്തും വേദവും ഉപയോഗിച്ച് തന്റെ
പ്രമേയത്തിനു ആധികാരികത ഉറപ്പാക്കുന്നു. അതേസമയം അതിനെ വ്യക്തിപരമായി
വ്യാഖ്യാനിച്ചു വിപ്ലവകരമായ ചിന്തകൾ കൂട്ടിച്ചേർക്കുന്നു. അങ്ങനെ വ്യാസന്റെ
വിശ്വദർശനം സംഭവിക്കുന്നു .ഈ ജീവിതത്തിനു അർത്ഥമുണ്ടോ എന്ന ചിന്തയിൽ
നിന്നാണ് ആ അന്വേഷണം ആരംഭിക്കുന്നത്. ജീവിതത്തിനു എങ്ങനെ അർത്ഥമുണ്ടാകും?
ജീവിതത്തിനു അർത്ഥമില്ലെങ്കിൽ കലയ്ക്ക് അർത്ഥമുണ്ടാകുമോ?
ജീവിതം ഉണ്മയുടെ അപഭ്രംശമല്ല
കൃഷ്ണചൈതന്യ
എഴുതുന്നു: "അതീതാസ്തിത്വവും അന്തർഭവത്വവും, പുരുഷനും പ്രകൃതിയും,
കേവലമായ ഉണ്മയും ചരിത്രപരമായ ഉണ്മയും തമ്മിൽ വളരുന്ന ഒരു വിടവ് പല
ചിന്താസരണികളിലും നിഴലിക്കാൻ തുടങ്ങിയിരുന്നു.ആചാരജടിലമായ മതത്തിൽ നിന്നു
ദൂരെ വിജനപ്രശാന്തമായ വിപിനങ്ങളിൽ ധ്യാനനിരതരായിരുന്ന മഹാചിന്തകന്മാർ
സൃഷ്ടിച്ച ഉപനിഷത്തുകൾ ഇഹത്തിന്റെ ഉണ്മയെ നിരാകരിക്കുന്നില്ല. പക്ഷേ,
നിത്യവും സ്ഥിതിഭേദമില്ലാത്തതുമായ പരബ്രഹ്മത്തോടു തട്ടിച്ചുനോക്കുമ്പോൾ ഈ
ലോകത്തിൻ്റെ യാഥാർത്ഥ്യം താണതരത്തിലുള്ളതാണെന്ന ഒരു ശങ്ക
നിഴലിക്കുന്നുണ്ട്. ബുദ്ധനു ശേഷമുണ്ടായിട്ടുള്ള ചില കൃതികളിൽ - ഉദാഹരണമായി
മൈത്രായണി ഉപനിഷത്തെടുക്കാം - ആദ്യകാലത്തിലെ സമതുലനം മുഴുവനും
നഷ്ടമാകുന്നു. സകല പ്രതിഭാസങ്ങളുടെയും ക്ഷണപ്രഭാചഞ്ചലത്വം ചിന്തയെ ശ്വാസം
മുട്ടിക്കുന്നു.
സാംഖ്യചിന്താഗതിയിൽ പുരുഷൻ പ്രകൃതിയിൽനിന്നു
പാടെ അകന്നു നിൽക്കുന്നു .പക്ഷേ സ്വയം സമർത്ഥനത്തിനു മനുഷ്യൻ
സമ്മുഖീകരിക്കേണ്ട നിരവധി വെല്ലുവിളികളുടെയും കഷ്ടാനിഷ്ടങ്ങളുടെയും കളരിയായ
ഈ ലോകത്തെ സംഭവാത്മകവും ചരിത്രജനകവുമായ ഉണ്മയെ ,മരീചികയായോ അസ്തിത്വത്തിൽ
നിന്നൊരു അപഭ്രംശമായോ ഗണിക്കാൻ കവിയായ വ്യാസനു കഴിഞ്ഞില്ല. ഗുരുതരമായ
വേറൊരു ആശയക്കുഴപ്പവും പടർന്നുപിടിച്ചതായി വ്യാസൻ കണ്ടു. ജനനത്തോടെ പ്രജ്ഞ
പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ മരണത്തോടെ അത് തിരോധാനം ചെയ്യുന്നുമുണ്ട്.
മരണം വ്യക്തിത്വത്തിന്റെ നിരവശേഷ നാശമായും കാണപ്പെടുന്നു. ഈ വൈഷമ്യത്തിൽ
ദാർശനികചിന്ത ഈ നിഗമനത്തിലേക്കാണ് ചാഞ്ഞത് - പ്രജ്ഞയുടേതിനേക്കാൾ ഉയർന്ന
തലമാണ് പ്രജ്ഞാരാഹിത്യത്തിൻ്റേത് (സുഷുപ്തിയുടേത് );ബ്രഹ്മത്തിൽ
വ്യക്തിത്വം, പുരുഷധർമ്മം, ആരോപിച്ചുകൂടാ. കണ്ണും മൂക്കുമുള്ള
മനുഷ്യരൂപാരോപമല്ലാത്ത ഒരു ഗഹനപുരുഷസങ്കല്പം സാധ്യമാണെന്നത് ഈ ദാർശനികർ
കണ്ടില്ല."
രണ്ടു കാര്യങ്ങളാണ് ഇതിൽ പറയുന്നത്
.ഒന്ന് ,സാഹിത്യത്തിലെ രണ്ടു ധാരകളായ പ്രവാചകധർമ്മവും ക്രാന്തദർശനവും.
രണ്ട്, ഈ രണ്ടു ധാരങ്ങളും വ്യാസനിൽ ചേരുക മാത്രമല്ല ,അതിനെ വ്യക്തിഗതവും
വിപ്ലവകരമായ ഒരു ആഖ്യാനത്തിലേക്ക് വളർത്തുകയും ചെയ്യുന്നു.
ധ്യാനത്തിലൂടെയും മനനത്തിലൂടെയും നേടുന്ന അതീതമായ അറിവ് സമകാല
ജീവിതത്തിൻ്റെ പുറമേയുള്ള യുക്തിയോട് ചേരാതെ നിൽക്കുന്നത്
തത്ത്വചിന്താപരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മതവിശ്വാസത്തിൽ
നിന്നു അകലെ മാറി ഏകാന്തധ്യാനത്തിലൂടെയാണ് മഹർഷിമാർ ഉപനിഷത്കൃതികൾ രചിച്ചത്
.പക്ഷേ അവർ സാധാരണ ജീവിതത്തെ നിരാകരിക്കുന്നില്ല. ഓരോരുത്തരുടെയും
ജീവിതത്തിനു ഉണ്മയുണ്ട് .എന്തെന്നാൽ ,നാം ജീവിക്കുകയാണ് .നമുക്ക്
ലഭിച്ചിട്ടുള്ള ഐന്ദ്രിയവും ബുദ്ധിപരവുമായ സിദ്ധികൾ ഉപയോഗിച്ച് നാം
ജീവിക്കുന്നു .ആ തലത്തിൽ അത് നിലനിൽക്കുന്നു. അതിനെ നിരാകരിച്ചു കൊണ്ട്
ആർക്കും ഒന്നും കണ്ടെത്താനാവില്ല. ജീവിച്ചുകൊണ്ടാണ് ഏതൊരു ആശയവും
ആരായുന്നത് . എങ്കിലും നാം ക്ഷണികതയിലും നശ്വരതയിലുമാണ് ജീവിക്കുന്നത്.
നമുക്ക് ഓരോ നിമിഷവും ജീവിതമുണ്ടെന്നു പറയുമ്പോഴും അത് നഷ്ടപ്പെടുകയാണ്.
ജീവിതം കൈപ്പിടിയിലാക്കാനാവില്ല. ജീവിതത്തെ ഒരു ചെറിയ പാത്രത്തിലെന്നപോലെ
സൂക്ഷിക്കാനാവില്ല. അപ്രതിരോധ്യമായ ഒരവസ്ഥയാണിത്. എത്രയൊക്കെ
സന്തോഷിച്ചാലും സമ്പാദിച്ചാലും ജീവിതം ആപേക്ഷികമാണ്, നഷ്ടപ്പെടുന്നതാണ്
.വാസ്തവത്തിൽ ഒരു നിമിഷത്തിലും ജീവിതം നമുക്ക് സ്വന്തമല്ല ;നമ്മുടെ
നഷ്ടപ്പെടലാണത്. അനിശ്ചിതമായ ഈ നഷ്ടപ്പെടലാണ് ഈ ചിന്താമണ്ഡലത്തെ
അസ്വസ്ഥമാക്കുന്നത്. പുരുഷനും പ്രകൃതിയും തമ്മിൽ അകന്നാണ് ജീവിക്കുന്നത്
.പുരുഷൻ പ്രകൃതിയെ അറിയുന്നുണ്ടോ? ഈ വൈരുദ്ധ്യത്തെ മറികടക്കുന്നതാണ്
വ്യാസന്റെ കലയെന്നു കൃഷ്ണചൈതന്യ അഭിപ്രായപ്പെടുന്നു .അതുകൊണ്ടാണ്സ്വന്തം
അസ്തിത്വം സ്ഥാപിക്കാൻ നിരന്തരം വെല്ലുവിളികളിലേർപ്പെടേണ്ട മനുഷ്യനു ഈ
ലോകത്തെ മിഥ്യയായി കാണാനാവില്ലെന്നു പറയുന്നത്.
അനിഷ്ടങ്ങളുടെയും
അപ്രീതികളുടെയും ഈ ലോകത്ത് ജീവിക്കുക എന്ന ഉണ്മയുണ്ട് .അതിനെ
'സംഭവാത്മകവും ചരിത്രജനകവും' എന്നു കൃഷ്ണചൈതന്യ വിളിക്കുന്നു. അതിനെ
മരീചികയായി കാണാൻ വ്യാസൻ തയ്യാറായില്ല. അദ്ദേഹത്തിൻ്റെ ചിന്തയിൽ
അതീന്ദ്രിയവും ധ്യാനാത്മകമായ സിദ്ധികൾ ഈ ലോകത്തിൻ്റെ ഉണ്മയുമായി
ചേർന്നിരിക്കുകയാണ്.
അതീന്ദ്രിയമായ അറിവുകൾ അസ്തിത്വത്തിൽ
നിന്നുള്ള അപഭ്രംശമല്ല .കലാകാരന്റെ ചിന്തകൾ അതീതമാണെന്നു തോന്നുന്ന
ഘട്ടത്തിലും അത് ഈ മണ്ണിൽ വേരുകളാഴ്ത്തിയിരിക്കുകയാണ്. വ്യാസൻ പരിഹരിച്ച
ആദ്യത്തെ ആശയക്കുഴപ്പമാണിത്. രണ്ട് വിഭിന്ന ധ്രുവങ്ങളെ വ്യാസൻ
ഇണക്കിച്ചേർക്കുന്നു .അതിലൂടെ അർത്ഥം സൃഷ്ടിക്കുന്നു .കലാകാരന്റെ സഞ്ചാരം ഈ
ലോകത്തിൻ്റെ അപര്യാപ്തതകൾ പരിഹരിക്കാനാണ്. ജീവിതത്തിനു
അർത്ഥമുണ്ടാകണമെങ്കിൽ ജീവിതാനന്തരമായ കാലത്തിനും അർത്ഥമുണ്ടാകണം. ജീവിതം
നശ്വരമായിരിക്കുമ്പോഴും അത് അതീതത്തെ ഉൾക്കൊള്ളുന്നു. മരണം ഒരർത്ഥമാണ്.
മൃതിയുടെ സൗന്ദര്യമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത് .വ്യാസൻ
ജീവിതത്തിനു ശാശ്വതത്വമാണ് സംഭാവന ചെയ്തത്. എന്തുകൊണ്ടെന്നാൽ അദ്ദേഹം
മരണത്തെ അർത്ഥവത്താക്കി തീർത്തു. അദ്ദേഹം കർമ്മവൈശിഷ്ടത്തിനു പ്രാധാന്യം
കൊടുക്കുന്നു.
ഗഹനപുരുഷസങ്കല്പം
മനുഷ്യൻ
ഉണ്ടായിരുന്നു എന്നതിനു അർത്ഥം ഉണ്ടാകണമെങ്കിൽ മരണാനന്തര ജീവിതത്തിൻ്റെ
അർത്ഥവും കൂടി വേണം. നാം മരണാനന്തര ജീവിതം കൂടി കൊണ്ടു നടക്കുന്നു. വ്യാസൻ ഈ
പ്രതിസന്ധി പരിഹരിക്കാൻ ഒരു ഗഹനപുരുഷസങ്കല്പം കണ്ടെത്തുകയായിരുന്നു. അതാണ്
'ഉണ്മയുടെ ആധാരമായി ഒരു പുരുഷോത്തമനെ സങ്കല്പിക്കുന്നത്. ഇത്
കൃഷ്ണചൈതന്യയുടെ വ്യാഖ്യാനമാണ് .അദ്ദേഹം കലയിലെ മൂല്യത്തെ
ജീവിതതത്ത്വവിചാരമായി ഉയർത്തിക്കൊണ്ടുവരുന്നു. കലയിൽ ഇത് ഭാവനയാണ്.
മനുഷ്യൻ ഭാവന ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു .എല്ലാ പ്രതിസന്ധികളെയും
പരാജയങ്ങളെയും മറികടക്കുന്നത് ഭാവനയിലൂടെയാണ്. ദീർഘകാലം തടവറയിൽ
കിടക്കുമ്പോൾ അത് സഹിക്കാവുന്ന തരത്തിലാക്കാൻ മനുഷ്യൻ പരിശ്രമിക്കുന്നു.
അവനു അതിൽ വിജയിക്കാതെ തരമില്ല .അവൻ ഭാവനകൊണ്ട് ലോകങ്ങൾ ഉണ്ടാക്കുന്നു.
ഭരണാധികാരിക്കോ
സൈന്യത്തിനോ ഒരാൾ മനസ്സിൽ ഭാവന ചെയ്യുന്നതിനെ കണ്ടുപിടിക്കാനോ
ശിക്ഷിക്കാനോ സാധ്യമല്ല. ഭാവനയിൽ ഒരാൾ സ്വന്തം അസ്തിത്വത്തെ
നിർമ്മിക്കുന്നു. ബാഹ്യലോകം ക്രൂരമാണെന്നറിഞ്ഞുകൊണ്ടുതന്നെ അതിനെ
ലഘൂകരിക്കാൻ നോക്കുകയാണ്. അങ്ങനെ ഈ ലോകത്തെ അറിയിക്കാതെ മനുഷ്യനു
ജീവിക്കാനാകുന്നു .നോർത്രോപ് ഫ്രൈ(Northrop Frye)പറഞ്ഞു :
"The
world of literature is a world where there is no reality except that of
the human imagination." സാഹിത്യസൃഷ്ടിയിൽ യാഥാർത്ഥ്യം തന്നെ
നിലനിൽക്കുന്നില്ലെന്നാണ് ഫ്രൈ പറയുന്നത്. പിന്നെന്താണുള്ളത്? മനുഷ്യൻ്റെ
ഭാവനയുടെ ലോകമാണത്. വളരെ പ്രാഥമികവും മൗലികവുമായ ഒരു കാര്യമാണ് ഇതെങ്കിലും
പലർക്കും ഇതിൻ്റെ ഗൗരവം മനസ്സിലായില്ല. സാഹിത്യം ചരിത്രത്തെ ആഖ്യാനം
ചെയ്യാനുള്ളതല്ല; ഭാവനയുടെ ആഖ്യാനമാണത് .ഭാവനയില്ലാത്തവനു ഭാഷ
സൃഷ്ടിക്കാനാവില്ല. ഭാഷ ഭാവന ചെയ്യപ്പെടുകയാണ്.പലരും ഉപയോഗിച്ച ഭാഷയുടെ
ഏകതാനമായ സ്വരസവിശേഷതയിൽ എഴുതിയിട്ട് കാര്യമില്ല. പുതിയ അനുഭവം അതിൽ
വന്നുചേരുകയാണ്. ഭാഷ സൃഷ്ടിക്കുന്നവനാണ് സാഹിത്യകലയിൽ സ്വതന്ത്രനാവുന്നത്.
വ്യാസൻ ഈ സ്വാതന്ത്ര്യത്തെ ദർശിച്ചു.അത് ഭാഷയിലൂടെ മാത്രമല്ല
സാക്ഷാത്കരിച്ചത്. ആശയങ്ങളിലൂടെയും ദർശനങ്ങളിലൂടെയുമാണ്.
ജനനത്തോടെ
പ്രജ്ഞ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ മരണത്തോടെ അത് തിരോധാനം
ചെയ്യുന്നുണ്ടെന്നുള്ള ചിന്തയാണ് വിചാരജീവിതത്തെ ശൂന്യതയിലേക്ക്
മറിച്ചിടുന്നത് .വ്യാസൻ തൻ്റെ ബുദ്ധിപരവും സർഗ്ഗാത്മകവുമായ ശക്തികൊണ്ട്
മരണത്തിനു ജീവിതാനന്തരമായ മാനം നൽകുകയാണ്. വ്യാസൻ മരണത്തെ
പുതിയൊരാഖ്യാനമാക്കുകയാണ്. തൻ്റെ സൃഷ്ടിപരമായ പാരവശ്യത്തിനു സമാധാനം
കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹം മരണത്തെ കലാലോകത്ത് ഒരു
ആഖ്യാനതത്ത്വമായി വളർത്തുന്നത്. പ്രജ്ഞാരാഹിത്യം അല്ലെങ്കിൽ സുഷുപ്തി
വ്യാസന്റെ കലയുടെ മാന്ത്രികമായി യാഥാർഥ്യമാണ്. ബ്രഹ്മത്തേക്കാൾ വലിയ
ആശയമായി വ്യാസൻ ഇതിനെ സങ്കൽപ്പിച്ചു എന്നാണ് കൃഷ്ണചൈതന്യ വിവരിക്കുന്നത്.
വ്യാസനെ ലോകസാഹിത്യത്തിന്റെ പിതാവിന്റെ സ്ഥാനത്തേക്ക് സങ്കല്പിക്കാവുന്ന
സന്ദർഭമാണിത്.
"ഇതര ദാർശനികരുടെ അവ്യയ
ബ്രഹ്മത്തേക്കാൾ ഉയർന്നതാണ് പുരുഷോത്തമൻ. കാരണം അതീതമായ ബ്രഹ്മവും
അന്തർഭവമായ ജഗതാത്മനും പുരുഷോത്തമന്റെ അവസ്ഥാഭേദങ്ങളുടെ
മൂർത്തരൂപസങ്കല്പങ്ങൾ മാത്രമാണ്. ഒന്നു മറ്റൊന്നിനേക്കാൾ ഉയർന്നതാണെന്നു
പറയാനാവില്ല." സകല ദാർശനികരുടെയും വേലിക്കെട്ടുകൾ തകർത്ത് വ്യാസൻ
ഭൗതികരൂപപ്രപഞ്ചത്തിലെ വിചാരജീവിതത്തിനും ആത്മീയ പ്രതിസന്ധിക്കും പരിഹാരം
കാണുകയാണ്. ബ്രഹ്മം എന്ന അമൂർത്ത സങ്കൽപത്തെ കണ്ടു വഴിമുടങ്ങിയതായി
കരുതേണ്ട. വേറൊരു പാത സാധ്യമാണെന്നു വ്യാസൻ തെളിയിക്കുന്നു.
മനുഷ്യരുടെയുള്ളിലെ ദൈവചിന്തയും എല്ലാത്തിനും അപ്പുറത്തുള്ള ബ്രഹ്മവും ഈ
പുരുഷോത്തമന്റെ അവസ്ഥാഭേദങ്ങൾ മാത്രമാണത്രേ. അതിനർത്ഥം പുരുഷോത്തമൻ
സ്ഥായിയായി നിലനിൽക്കുന്നു എന്നാണല്ലോ. ബ്രഹ്മം സ്ഥിരമായതാണ്. എന്നാൽ
മനുഷ്യമനസ്സിലെ ദൈവം ചലനാത്മകമാണ്. അത് മനുഷ്യഭാവനക്കൊത്ത് മാറുന്നു.
ചിലപ്പോൾ ഉദാത്തമാകുന്നു, ചിലപ്പോൾ അപചയത്തെ നേരിടുന്നു. ഇതു രണ്ടിനെയും
സംയോജിപ്പിക്കുകയാണ് പുരുഷോത്തമൻ. ബ്രഹ്മതത്ത്വത്തെ
മനുഷ്യജീവിതസന്ദർഭങ്ങളുടെ കഥ പറയുമ്പോൾ ഒരാഖ്യാനമാക്കി വികസിപ്പിക്കാൻ
പ്രയാസമാണ്. അത് വിനിമയയോഗ്യമാവാനും തടസ്സമുണ്ട്. അതുകൊണ്ട് വ്യാസൻ ആ കുറവ്
പരിഹരിച്ചുകൊണ്ടാണ് പുരുഷോത്തമനെ സ്ഥാപിക്കുന്നത്.
പരിവർത്തന ക്രിയാത്മകതയാണ് ദൈവം
പുരുഷോത്തമന്റെ
വിരാട് ലോകത്താണ് ബ്രഹ്മവും അന്തർഭവവുമായ ദൈവചിന്തയുള്ളത്. ഇതിലൂടെ
വലിയൊരു ആശങ്ക നീങ്ങുകയാണ്. ഈ ലോകം അവ്യയമായ ഉണ്മയിൽ നിന്നുള്ള
അപഭ്രംശമാണെന്ന സങ്കല്പം ഇല്ലാതാകുന്നു.എസ്. രാധാകൃഷ്ണന്റെ ഭഗവത്ഗീതാ
വ്യാഖ്യാനത്തിലെ ഒരു ഭാഗം അദ്ദേഹം ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: "പിണ്ഡത്തിൽ
നിന്നു വ്യതിരിക്തമല്ല ചൈതന്യം. പുരുഷൻ പ്രകൃതിയിൽ നിന്നു അകൽച്ച
പാലിക്കുന്നുമില്ല. എല്ലാ ജീവജാലങ്ങളുടെയും ജീവൻ്റെ ആധാരമാണ് ദൈവം."
ദൈവത്തെ നമ്മുടെ ഭൗതികവ്യവസ്ഥിതിയുടെ പരിണാമപ്രക്രിയയുടെ നിയന്താവായി
സങ്കല്പിച്ചാൽ ഇത് വ്യക്തമാകും.ദുരൂഹത നിറഞ്ഞ ജനിമൃതികളെ സുവ്യക്തമായ ഒരു
പാഠമാക്കി മാറ്റാൻ ദൈവത്തിൻ്റെ അസ്തിത്വത്തിനു കഴിയും. ഒരു കർമ്മത്തിന്റെയോ
ജീവിതത്തിന്റെയോ പര്യവസാനമായല്ല പരിവർത്തനപ്രക്രിയയെ കാണേണ്ടതെന്നു
കൃഷ്ണചൈതന്യ എഴുതുന്നുണ്ട്. ഭൗതികവാദിയായ മനുഷ്യൻ മരണത്തെയും നാശത്തെയും
ആത്യന്തികമായ പരിവർത്തനമായി കാണുന്നുണ്ടെങ്കിലും അത് പിശകാണ്. പരിവർത്തനം
എന്നത് നാശമല്ല; ദ്രവിച്ചു പോകലല്ല. അത് നിരന്തരമായ കർമ്മപരതയാണ്. ഒരു
ചെടിയിൽ നിന്ന് അനേകം ചെടികൾ ഉണ്ടാകുന്നു .ക്രിയാത്മകത്വമാണ് പരിവർത്തനം.
ഒരു മരച്ചീനി തണ്ടിൽ നിന്നു പത്തോ പതിനഞ്ചോ മരച്ചീനികൾ നട്ടുവളർത്താമെന്നത്
ക്രിയാത്മകതയാണ്. അതിൽ ഓരോന്നിൽ നിന്നും വീണ്ടും വളർത്താമല്ലോ. ഈ
ക്രിയാത്മകത്വമാണ് പരിവർത്തനം. ഒരു മരച്ചീനി വളർന്ന് അത് പിഴുതു
മാറ്റുന്നതല്ല പരിവർത്തനം ;അത് വീണ്ടും അതുപോലെയുള്ള മരച്ചീനിയെ
ഉല്പാദിപ്പിക്കുന്നതാണ് പരിവർത്തനം. ഒരു ലക്ഷ്യത്തിലേക്കാണ് ആ ചെടി
സഞ്ചരിക്കുന്നത് .അത് അന്തർഭവമായ ദൈവികതയായി മനസ്സിലാക്കാം. ഈ നിരന്തരമായ
ക്രിയാത്മകത്വത്തെ ഉണ്മയുടെ അപഭ്രംശമായി കാണുന്നതാണ് തെറ്റ്. ഇതിനോടൊപ്പം
അണിചേരുമ്പോഴാണ് ജീവിതത്തിനു അർത്ഥമുണ്ടാകുന്നത്. നാം നടുന്ന ഓരോ വിത്തും
തണ്ടും നമ്മെ ദൈവികമായ ഒരു പരിണാമ,പരിവർത്തന ക്രിയാത്മകത്വത്തിനു
പങ്കാളിയാക്കുന്നു. മഹാഭാരതത്തിലെ കാവ്യപരമായ ഉൾക്കാഴ്ചകളും കാവ്യപരമായ
ഭാവനയും അപഗ്രഥിക്കുന്ന കൃഷ്ണചൈതന്യ കലയുടെ ആദ്യന്തം പുതുമയുള്ള ഒരു
മേഖലയാണ് തുറന്നിടുന്നത് .എന്തുകൊണ്ട് വ്യാസൻ ഒരു ഉത്തമപുരുഷനെ സൃഷ്ടിച്ചു
എന്ന ചോദ്യത്തിനുള്ള ഉത്തരം അങ്ങേയറ്റം സർഗാത്മകമാണ്.
മഹാഭാരതകഥയിൽ
നിറഞ്ഞുനിൽക്കുന്നത് ആസക്തിയും ഹിംസയുമാണ്. എപ്പോഴും ഏറ്റുമുട്ടലാണ്.
ഏറ്റുമുട്ടാൻ തയ്യാറെടുത്താണ്, ഓരോ നിമിഷവും, ഇരുപക്ഷത്തുമുള്ളവർ
നീങ്ങുന്നത്. ഒരേ കുലത്തിൽപ്പെട്ട ഇരുകൂട്ടർ തമ്മിൽ ഒരിക്കലും
അവസാനിക്കാത്ത പകയാണ് മഹാഭാരതകഥയെ ജ്വലിപ്പിച്ചു നിർത്തുന്നത് .യുദ്ധം
ഒഴിവായിപ്പോയിരുന്നെങ്കിൽ മഹാഭാരതത്തിനു ആകർഷകത്വം കുറയുമായിരുന്നു. ധർമ്മം
എന്ന ചലനാത്മകവും വ്യാഖ്യാനാതീതവുമായ ഒരു തത്ത്വമാണ് മാറ്റുരച്ചു
നോക്കപ്പെടുന്നത്. ധർമ്മം നീതിബോധത്തിൻ്റെയും മഹത്വത്തിന്റെയും സമന്വയമാണ്.
വിരുദ്ധശക്തികളാണ് മഹാഭാരതത്തെ നയിക്കുന്നതെങ്കിലും ഇവർക്കിടയിൽ കൃഷ്ണനെ
സൃഷ്ടിച്ചതാണ് വ്യാസൻ്റെ കാവ്യകലയുടെ കേന്ദ്രബിന്ദുവായിത്തീരുന്നത്.
ധർമ്മത്തിൻ്റെ പത്മവ്യൂഹം
കൃഷ്ണചൈതന്യ
എഴുതുന്നു: "ഇവർക്ക് രണ്ടിനുമിയിലാണ് വ്യാസൻ തൻ്റെ ഉൽകൃഷ്ടവും
കേന്ദ്രസ്ഥാനവുമായ പാത്രത്തെ, കൃഷ്ണനെ, സ്ഥാപിക്കുന്നത്. അനന്യസാധാരണമായ
ധൈര്യത്തോടെ അദ്ദേഹം കൃഷ്ണനെ പുരുഷോത്തമൻ്റെ അവതാരമാക്കുന്നു .കർമ്മപരതയുടെ
പാഠമാണ് കൃഷ്ണൻ പഠിപ്പിക്കുന്നതും." ഒരു ഗൂഢാർത്ഥകഥയാണ് മഹാഭാരതത്തിലൂടെ
അനാവരണം ചെയ്യുന്നത്. ഗൂഢാർത്ഥകഥനത്തിൽ കഥാപാത്രങ്ങൾ ഉപകരണങ്ങളാണ്.
കഥാപാത്രങ്ങളുടെ സംഘട്ടനത്തിലൂടെ ധർമ്മവും നീതിയും നിർവഹണവുമാണ്
തെളിയുന്നത് .ഈ ധർമ്മമാകട്ടെ മാനവരാശിയെ എന്നും പ്രചോദിപ്പിക്കുകയാണ്.
അസ്ത്രങ്ങൾ പരസ്പരം എഴുതിവിടുന്നതിനിടയിൽ, ചതിക്കുകയും കൊല്ലുകയും
ചെയ്യുന്നതിനിടയിൽ, പകവീട്ടുന്നതിനിടയിൽ ഈ ധർമ്മത്തെ വ്യാസൻ കടത്തിക്കൊണ്ടു
പോവുകയാണ് .മനുഷ്യർക്ക് ധർമ്മം വേണമെന്ന ദൃഢനിശ്ചയമാണ് വ്യാസനെ
നയിക്കുന്നത്. എന്നാൽ ധർമ്മം എന്ന സമസ്യയെ അഴിച്ചെടുക്കുകയും വേണം .
ധാർമ്മികതയുടെ ഒരു പത്മവ്യൂഹമുണ്ട്. അതിനുള്ളിൽ കയറി തെറ്റും ശരിയും
വ്യാഖ്യാനിച്ച് ശുദ്ധതയോടെ പുറത്തുവരണം. പുരുഷോത്തമൻ അതിനു നമ്മെ
സഹായിക്കുകയാണ്. വിരക്തിയും സന്യാസവും ത്യാഗവും വ്യാസൻ്റെ കൃതിയിൽ
ശുദ്ധീകരിക്കപ്പെടുകയാണെന്നു കൃഷ്ണചൈതന്യ എഴുതുന്നുണ്ട്.
അനുരഞ്ജനത്തിനുള്ള പാതയാണ്, അല്ലെങ്കിൽ വാഹനമാണ് കൃഷ്ണൻ. കൃഷ്ണനിലൂടെ ഒരു വിശ്വദർശനമാണ് വ്യാസൻ പറയുന്നത്.
ക്രൂരതയും
സന്യാസവും നേർക്കുനേർ വരുന്നു.രണ്ടിനെയും സമന്വയിപ്പിക്കുന്നു. വ്യാസൻ
കണ്ടുപിടിച്ച ഉത്തമപുരുഷനാണ് കൃഷ്ണൻ.ആ ഉത്തമപുരുഷൻ ലൗകികതയുടെയും
കർമ്മപരതയുടെയും വൈരുദ്ധ്യത്തെ ഇല്ലാതാക്കി അർജുനനു സത്യത്തിന്റെ
പ്രബുദ്ധത നൽകുകയാണ്.
ഈ ദശാസന്ധി മായയല്ല
കൃഷ്ണൻ
നൽകുന്ന ഉപദേശം ഈ ലോകം മിഥ്യയാണെന്നല്ല, ഉന്മയാണെന്നാണ്
."മനുഷ്യചരിത്രത്തിൽ ആദ്ധ്യാത്മികോപദേശത്തിനു യുദ്ധക്കളം രംഗമായെടുത്ത
ഏകവ്യക്തിയായ കൃഷ്ണൻ - അഥവാ കൃഷ്ണനിലൂടെ വ്യാസൻ - ആ അസാധാരണവരണംകൊണ്ട്
വെളിവാക്കിയത് ഈ സത്യമാണ്: കർമ്മപരജീവിതത്തിലെ ദശാസന്ധി മായയല്ല,
പേക്കിനാവല്ല ,ഉണ്മയാണ്. അതിഗഹനമായ അർത്ഥത്തിൽ ധാർമികമായ, അതായത് അവ്യയമായ
അതീതാസ്തിത്വത്തിന്റെയും സംഭവാത്മകമായ ഭൗമാസ്തിത്വത്തിന്റെയും
അന്തരത്തിനറുതിവരുന്ന തലത്തിലെ, ദൃഢനിശ്ചയങ്ങളും വരണങ്ങളും മൂലമേ ആ
ദശാസന്ധി തരണം ചെയ്യാനാവുകയുള്ളൂ." ജീവിതത്തിനു അർത്ഥമുണ്ടാകുകയാണ് .വേദവും
ഉപനിഷത്തും നല്കുന്ന ആത്യന്തികസത്യവുമായി ഈ ലോകത്തെ ബന്ധിപ്പിക്കാൻ
കൃഷ്ണനു മാത്രമാണ് കഴിയുന്നത്. കൃഷ്ണൻ നൂതനമായ ഒരു അവബോധമായി കാവ്യത്തിൽ
നിൽക്കുകയാണ്. ദൈവികമായ ചിന്തകളും ലൗകികചിന്തകളും ഇവിടെ ഒന്നായി മാറുന്നു.
ഇതാണ് കൃഷ്ണചൈതന്യ നേരത്തെ സൂചിപ്പിച്ച വിപ്ലവകരമായ, വ്യക്തിഗതമായ ആഖ്യാനം.
എന്തിനാണ് പടവെട്ടേണ്ടത് എന്ന ചോദ്യത്തിനാണ് കൃഷ്ണൻ ഉത്തരം നല്കുന്നത്
.അത് കേവലം വ്യക്തിപരമായ അഭിലാഷങ്ങളുടെ പൂർത്തീകരണമല്ല. രാജ്യം കിട്ടുമെന്ന
ആശയുടെ സമ്മർദ്ദമല്ല. ജയിക്കുകയോ മരിക്കുകയോ ചെയ്തേക്കാം. എന്നാൽ
അപ്പോഴെല്ലാം കാതലായ ഒരു സത്യം ശേഷിക്കുന്നു. അത് ധർമ്മത്തിന്റെ
നിലനിൽപ്പാണ്. ധർമ്മം ഉണ്ടെങ്കിലേ ലോകത്തിനു പ്രസക്തിയുള്ളൂ .അധർമ്മത്തെ
തടയുക എന്ന സ്വധർമ്മം നിർവഹിക്കുകയാണ് വേണ്ടത്. അതിലൂടെ ലോകത്തിനു ഒരു വലിയ
ഉള്ളടക്കം ലഭിക്കുകയാണ്. വ്യാസന്റെ കല മണ്ണിനെയും വിണ്ണിനെയും
സംയോജിപ്പിക്കുകയാണ്. അമൂർത്തമായ ബ്രഹ്മത്തെ വിട്ട് കൃഷ്ണനെന്ന
ഉത്തമപുരുഷനെ സൃഷ്ടിച്ച് ആ സമന്വയം സമഗ്രമാക്കി. അർജുനനു പോരാട്ടവീര്യവും
പ്രശാന്തമായ മാനസികനിലയും എങ്ങനെ കൈവരുന്നു? അതാണ് കൃഷ്ണന്റെ ഇടപെടൽകൊണ്ട്
കാവ്യത്തിനുണ്ടാകുന്ന മേന്മ.ആ പോരാട്ടം കേവല മനുഷ്യവ്യക്തിയിൽ നിന്നുയർന്നു
വലിയൊരു മാനവലക്ഷ്യം നേടിയെടുക്കുന്നു. അധർമ്മം ക്ഷയിക്കണമെങ്കിൽ
വ്യക്തികൾ അവരുടെ ക്ഷുദ്രമായ അഭിലാഷങ്ങൾ ഉപേക്ഷിക്കണം.അർജുനൻ അത്
ഉപേക്ഷിക്കാൻ തയ്യാറാവുന്നു. അർജുനൻ യുദ്ധത്തിൻ്റെ, യുദ്ധവീര്യത്തിന്റെ
പ്രതിനിധാനമായിത്തീരുന്നു, അർജുനൻ എന്ന വ്യക്തിക്കപ്പുറം.
കൃഷ്ണചൈതന്യയുടെ
വാക്കുകൾ: "വ്യാസൻ കർമ്മം അകർമ്മത്തേക്കാൾ ശ്രേഷ്ഠമാണെന്ന തത്ത്വത്തെ
ആസ്വാദകധർമ്മത്തിന്റെ അവകാശങ്ങളുമായി അനുരഞ്ജിപ്പിക്കുന്നു. ദാർശനികൻ
കവിതയെഴുതാൻ മുതിർന്നതിൻ്റെ ഉദാഹരണമല്ല വ്യാസൻ ,കവിപ്രതിഭ പ്രകൃതിയെയും
മനുഷ്യനെയും ചരിത്രപരമായ ഉണ്മയെയും മനുജഭാഗധേയത്തെയുംപറ്റി അവഗാഢമായി
ധ്യാനിച്ചതിന്റെ ദൃഷ്ടാന്തമാണ്."
മലയാളത്തിൽ
സമീപകാലത്ത് എഴുതപ്പെട്ട മഹാഭാരതപഠനങ്ങൾ യാതൊരു സാംഗത്യവുമില്ലാതെ പാഴ്
ശ്രമങ്ങളായി അവശേഷിക്കുകയാണെന്നു മനസ്സിലാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇത്തരം പഠനങ്ങളിൽ കച്ചവടസിനിമയിലെ നായകനെ പോലെയാണ് കൃഷ്ണനെ കാണുന്നത്
.അതിനു പിന്നിൽ ദാർശനികമായ അന്വേഷണമില്ല .യാതൊരു കലാചിന്തയും
അവതരിപ്പിക്കാൻ ഇത്തരം എഴുത്തുകാർക്കു കഴിയാറില്ല. അവർ കൃഷ്ണനെ കാണാതെ
മഹാഭാരതം വായിക്കുകയാണ് ചെയ്തത്.
No comments:
Post a Comment