റിപ്പോർട്ട് :എൻ.രവി
തലയോലപ്പറമ്പ് :മറഞ്ഞിരിക്കുന്നതിന്റെ മറ മാറ്റി കാണിക്കുകയാണ് യഥാർത്ഥ സാഹിത്യരചനലൂടെ ഉദ്ദേശിക്കുന്നതെന്ന് വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം. കെ .ഹരികുമാർ അഭിപ്രായപ്പെട്ടു.
തലയോലപ്പറമ്പ് മുദ്ര ആർട്സ് സൊസൈറ്റിയുടെ വൈക്കം മുഹമ്മദ് ബഷീർ കഥാപുരസ്കാര സമർപ്പണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു സിനിമയ്ക്ക് കഥ പറയാൻ ഏതൊരാൾക്കും കഴിയും.കഥയില്ലാത്ത മനുഷ്യരില്ല. സ്വന്തം ജീവിതത്തിലെ അസുഖകരമായ സംഭവങ്ങളിൽ പോലും ഒരു കഥയുണ്ട്. എന്നാൽ കഥ പറയുന്നതും എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രചന ഒരാവിഷ്കാരമാണ്. അത് മറഞ്ഞിരിക്കുന്നതിൻ്റെ നേർക്കുള്ള നോട്ടമാണ് .മറ മാറ്റണം. മറഞ്ഞിരിക്കുന്നത് കാണാൻ പ്രയാസമാകയാൽ എഴുതുമ്പോൾ അത് പ്രത്യക്ഷമാകണം. എഴുതുക എന്നാൽ പുതിയതൊന്ന് കാണിച്ചു തരിക എന്നാണർത്ഥമാക്കേണ്ടത്. അതുകൊണ്ടാണ് എഴുതേണ്ടി വരുന്നത് -ഹരികുമാർ പറഞ്ഞു .
പലരും പൂർവകാല സാഹിത്യരചനകളെ ആവർത്തിക്കുന്നവരാണ്. അവർ കഥ എന്ന മാധ്യമത്തിൽ ഒന്നും തന്നെ സംഭാവന ചെയ്യുന്നില്ല. മൺമറഞ്ഞുപോയ എഴുത്തുകാരുടെ ശൈലിയും പ്രമേയവും ആവർത്തിക്കുന്നവരെയാണ് ഇന്ന് കൂടുതലും കാണുന്നത്. അവർ എഴുത്തിനെ ഗൗരവമായെടുക്കുന്നില്ല. എന്നാൽ ഇത്തരം രചനകൾ രാഷ്ട്രീയപക്ഷപാതിത്വത്തിൻ്റെ പേരിൽ നാടൊട്ടുക്ക് ചർച്ച ചെയ്യുന്നതായി നാം കാണുന്നു. സാഹിത്യരചനയുടെ സൗന്ദര്യപ്രശ്നങ്ങളോ ദാർശനികമായ ചിന്തകളോ ഇന്ന് ഒരിടത്തും ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയത്തിലെ പാർട്ടിക്കൂറും പാർട്ടി പക്ഷപാതിത്വവുമാണ് എഴുത്തുകാർ അമിതമായി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്. ആ പ്രകടനത്തിലൂടെ രാഷ്ട്രീയപക്ഷമുള്ളവരുടെ പ്രീതി സമ്പാദിക്കുകയാണ് ലക്ഷ്യം. സാഹിത്യമോ അതിന്റെ ആന്തരികമായ മൂല്യങ്ങളോ ചർച്ച ചെയ്യാനാവാത്ത വിധം നമ്മുടെ ബോധമണ്ഡലം രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ അതിപ്രസരത്തിൽ മുങ്ങിയിരിക്കുകയാണ്. ഒരു കഥയെഴുതപ്പെട്ടാൽ ,ലേഖനം എഴുതപ്പെട്ടാൽ അത് നിഷ്കൃഷ്ടമായി വിലയിരുത്തപ്പെടാനുള്ള ഒരു സാഹചര്യവുമില്ല .അതിൻ്റെ ആവശ്യമില്ലാത്തവിധം വായനയുടെ ആഴം കുറഞ്ഞിരിക്കുന്നു. ഇതാണ് ഇന്ന് നാം നേരിടുന്ന പ്രശ്നം – ഹരികുമാർ പറഞ്ഞു .
ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ ,യു ട്യൂബ് മാധ്യമങ്ങളുടെയും തത്സമയ , ഉപരിപ്ലവ നിലപാടുകൾ യാഥാർത്ഥ്യത്തെ അട്ടിമറിച്ചിരിക്കുകയാണ്. വായനക്കാരുടെ ,പ്രേക്ഷകരുടെ മനോനിലയെ മറ്റൊരു അയഥാർത്ഥ വഴിയിലൂടെ കടത്തിവിടുകയാണ്. യാഥാർത്ഥ്യം ഏതെന്ന് ശങ്കയുണ്ടാക്കുന്ന വിധമാണ് വാർത്തകളും പരസ്യങ്ങളും വന്നു നിറയുന്നത്. വാർത്താചാനലിൻ്റെ പരസ്യത്തിനു അതിന്റെ അവതാരകരുടെ ഫോട്ടോയാണ് കൊടുക്കുന്നത് .വാർത്തയുടെ പരസ്യമാണോ ,വാർത്താചാനലിന്റെ പരസ്യമാണോ ഇതെന്നു ചിന്തിക്കാൻ പോലും കഴിയാത്ത വിധം പ്രേക്ഷകൻ്റെ മനോനിലയെ വഴിമാറ്റുകയാണ്. നിയമസഭാമന്ദിരത്തിൽ ഒരു പ്രവാസിവനിത കയറിയതും ഒരു നിയമസഭാസാമാജികൻ സഞ്ചാരത്തിനിടയിൽ ഒരു ഹോട്ടലിൽ കയറി മുട്ടക്കറി കഴിച്ചതും അതിൻ്റെ വിലയെക്കുറിച്ച് തർക്കിച്ചതും പരാതി കൊടുത്തതും എല്ലാം പ്രൈം ടൈമിൽ ചർച്ച ചെയ്യുകയാണ്. എന്തിനാണ് ഈ ചർച്ചയെന്നു ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാണികളെ എത്തിച്ചിരിക്കുന്നു. അവർ മുട്ടക്കറിയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ച കണ്ടേ മതിയാകൂ. ഇതാണ് തങ്ങളുടെ ജീവിതത്തെ ബാധിച്ച യഥാർത്ഥ പ്രശ്നമെന്ന് അവർ ധരിച്ചു കൊള്ളണമെന്നാണ് ചാനലുകളുടെ നിലപാട്. കാണികളെ അവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മാറ്റിനിർത്തി, കൃത്രിമവും വ്യാജവുമായ ഒരു വസ്തുത അടിച്ചേൽപ്പിക്കുന്നു. ഇങ്ങനെ വ്യാജയാഥാർത്ഥ്യങ്ങളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. ഒരു കലാകാരനെയോ ഗായകനെയോ നടനെയോ ഈ രീതിയിൽ സ്ഥാപനങ്ങൾക്കും പരസ്യങ്ങൾക്കും ചാനലുകൾക്കും നിർമ്മിച്ചെടുക്കാൻ സാധിക്കും. ഇപ്പോൾ സാഹിത്യത്തിലും ഇതു കാണാം .അവർ പ്രതിഭയെയല്ല, വ്യക്തിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളാണ് അവതരിപ്പിക്കുന്നത്. ഒരു നടനെ തുടരെ കാണിച്ചുകൊണ്ട് നാട്യകലയെക്കുറിച്ചുള്ള ചിന്ത ഇല്ലാതാക്കുന്നു. നടനെ മാത്രം കണ്ടാൽ മതി ,നാട്യകലാവൈഭവമൊന്നും വേണ്ട. യാഥാർത്ഥ്യം വെറുമൊരു സങ്കല്പമാണിന്ന്. യാഥാർത്ഥ്യങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ അഭിരുചികളും തമസ്കരിക്കപ്പെട്ടു. ഇവിടെ ഞാൻ തിരഞ്ഞെടുത്ത കഥയ്ക്കാണ് ബഷീർ പുരസ്കാരം നൽകിയിട്ടുള്ളത്. സംഘാടകർ എന്നെ മാത്രമാണ് ആ ജോലി ഏൽപ്പിച്ചത്. അവർ അയച്ചു തന്ന പത്ത് കഥകളിൽ നിന്ന് ഞാൻ ഒരെണ്ണം തിരഞ്ഞെടുത്തു .ഇത് എന്റെ അഭിരുചിയുടെ പ്രശ്നമാണ്. ഒരു അഭിരുചിയുള്ളതുകൊണ്ടാണ് അതിനിണങ്ങുന്ന ഒരു കഥ തിരഞ്ഞെടുത്തത്. അഭിരുചിയില്ലാത്ത യാളാണെങ്കിൽ ഏതു കഥയും പുരസ്കാരത്തിന് യോഗ്യമാണ്. അഭിരുചികൾ ഇല്ലാതായ കാലമാണിത്. അതുകൊണ്ടാണ് യാതൊരു മേന്മയുമില്ലാത്ത കൃതികൾ പ്രസാധകരും രാഷ്ട്രീയസംഘടനകളും ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് -ഹരികുമാർ ചൂണ്ടിക്കാട്ടി .
എഴുത്തുകാരന്റെ ഭാഷ ആരെയെങ്കിലും സുഖിക്കാനുള്ളതല്ല. എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല ലക്ഷ്യം. എല്ലാവരെയും പ്രീണിപ്പിക്കാൻ വേണ്ടി എഴുതുന്നവർ ഉപരിപ്ളവമായ കാഴ്ചകളാണ് കാണുന്നത്. അവരുടെ ഭാഷയ്ക്ക് ആഴമുണ്ടാവില്ല. എഴുത്തുകാരന്റെ ഭാഷ മാംസത്തിൽ തുളച്ചുകയറുന്ന കത്തി പോലെയാണ്. അതിനു സൂക്ഷ്മതയും തീവ്രതയും നിശിതമായ മനോഭാവവും വേണം. അത് അനുരഞ്ജനപ്പെടരുത്. അത് സത്യത്തെ മണ്ണിനടിയിൽ നിന്ന് മാന്തിയെടുക്കാനുള്ളതാണ്. മണ്ണിനടിയിൽ അടക്കം ചെയ്ത ശവം മാന്തിയെടുക്കുന്ന നായയെപ്പോലെയാവണം ഭാഷ. അത് നിർദ്ദയമായ അതിൻ്റെ കർമ്മത്തിൽ മുഴുകേണ്ടതാണ്. ആഴമേറിയ ഇടങ്ങളിലേക്ക് ഭാഷ കടന്നുചെല്ലണം. മണ്ണിൻ്റെ അടിയിലേക്ക് കുഴിച്ചു ചെന്നാൽ വെള്ളം ഒഴുകുന്ന ഒരു ചാൽ കാണാം. അതുപോലെ സത്യത്തിന്റെ നീർച്ചാൽ കാണാൻ മനസ്സിന്റെ അടിയിലേക്ക് കുഴിക്കണം. അപ്പോഴാണ് നല്ല കഥയെഴുതാനാവുന്നത് -ഹരികുമാർ പറഞ്ഞു.
കെ.ആർ.സുശീലന്റെ ‘മുഖചിത്രങ്ങൾ ‘(അക്ഷരദീപം പബ്ളിക്കേഷൻസ്,ആലുവ,9496989165)
എന്ന
കവിതാസമാഹാരം എം.കെ.ഹരികുമാർ മോൻസ് ജോസഫ് എം.എൽ എക്ക് നൽകി പ്രകാശനം
ചെയ്തു .”വൈക്കത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ എഴുതിയ സുശീലനു
വൈക്കത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ഒരിടമുണ്ട്. സുശീലൻ ദാർശനിക
ചിന്തകളുള്ള കവിയാണ്. മൃത്യുവിനെയും പ്രേമത്തെയും സമന്വയിപ്പിക്കുന്ന ഈ
കവിയുടെ ചില വരികൾ അതിശയിപ്പിച്ചു .’ആദിബീജം’ എന്ന കവിതയിലെ ഈ വരികൾ
നോക്കുക:
“ഞാനൊരേകാന്ത പഥികൻ
സർവവുമെൻ്റേതെന്നു കരുതിയൊടുവിലതെല്ലാം
എന്റേതല്ലെന്നറിഞ്ഞൊരു പാവം
എന്റേതല്ലയീ നീലനഭസ്സും
എൻ്റേതല്ലയീ സൂര്യനും ചന്ദ്രനും
എൻ്റേതല്ലയീ ഭൂമിയും സ്വർഗവും
എൻ്റേതല്ലയീ വീടും കുടുംബവും
എൻ്റേതെന്നു ഭ്രമിച്ചവയൊക്കെയും
എൻ്റേതല്ലെന്നറിഞ്ഞൊരു പാവം! “
ജീവിതത്തിൻ്റെ ശാശ്വതസത്യം മിഥ്യയാണ്. ആ മിഥ്യയുടെ ദർശനത്തിലേക്കാണ് സുശീലൻ്റെ കവിത സഞ്ചരിക്കുന്നത് .എല്ലാ വ്യർത്ഥതകളും തന്നിലേക്ക് വരുന്നുവെന്ന് തിരിച്ചറിയുന്നത് ഒരു കവിയുടെ വിജയമാണ്. അവിടെയാണ് സുശീലൻ്റെ കവിതകൾ വായിക്കപ്പെടേണ്ടത്. ” -ഹരികുമാർ പറഞ്ഞു.
യു.വി.ജിതിൻ രചിച്ച ‘രക്തസാക്ഷിക്കുന്ന്’ എന്ന കഥയ്ക്കാണ് മുദ്രാ സൊസൈറ്റിയുടെ അവാർഡ് ലഭിച്ചത്. മോൻസ് ജോസഫ് എം.എൽ.എ അവാർഡ് സമ്മാനിച്ചു. മികച്ച അഞ്ചു കഥകൾ എഴുതിയവർക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുദ്ര പ്രസിഡൻറ് കെ .എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മുദ്ര ആൻഡ് ബഷീർ ഫൗണ്ടേഷൻ ചെയർമാൻ കെ.വി.പ്രദീപ്കുമാർ ,മുദ്ര ജോയിൻ്റ് സെക്രട്ടറി എ. കെ. മണി, സി.എച്ച് വാസുദേവൻ പിള്ള ,ബേബി ടി കുര്യൻ എന്നിവർ പങ്കെടുത്തു.