Followers

Wednesday, January 1, 2025

എം.കെ. ഹരികുമാറിന്റെ നോവലുകൾ: സർഗാത്മകതയുടെ ആത്യന്തികതലങ്ങൾ / ഇരവി

 




എം.കെ.ഹരികുമാറിൻ്റെ ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിലെ സർഗാത്മകവും അതീന്ദ്രിയവുമായ തലങ്ങളെ തൊട്ടുകൊണ്ട് ഒരു വായന .



എം.കെ.ഹരികുമാറിൻ്റെ നോവലുകൾ പുതിയ ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത്; പുതിയ ഭാഷയ്ക്കുവേണ്ടി ആവേശം കൊള്ളുന്ന സർഗ്ഗതപസ്സാണിത്. ആ ഭാഷതന്നെ ആ ക്രാഫ്റ്റ്‌. ആ ക്രാഫ്റ്റ്‌ തന്നെ ആ പാറ്റേൺ. അതുതന്നെ ഭാഷാവൈചിത്ര്യത്തിന്റെ കഥാവിസ്മയം. ആ ഭാഷാഭിലാഷത്തിലാണ്‌ വാക്കുകളുടെ തുമ്പികൾ വന്ന്‌ പിടിച്ചുതൂങ്ങുന്നത്‌.

മാധ്യമചട്ടക്കൂടുകളിൽ നിന്നു മോചിതമാകാതെ മൗലികകൃതികൾക്ക്‌ നിർഭയമായി പറന്നുയരാനാവില്ല.
എം.കെ. ഹരികുമാർ ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്‌ എന്നീ നോവൽത്രയത്തിലൂടെ രചനാവൈവിധ്യത്തിന്റെ ഒരു സഹിത്യകലാവിപ്ലവം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു.ഇത് ആഘോഷിക്കപ്പെട്ടോ? എവിടെപ്പോയി പുരസ്കാര കലാമന്നന്മാർ?. ആഢ്യന്മാർ കള്ളുഷാപ്പിൽ നിന്നിറങ്ങുന്നതുപോലെ ഹരികുമാറിന്റെ മുന്നിലൂടെ തലയിൽ മുണ്ടിട്ട്‌ നമ്മുടെ സാഹിത്യത്തെ മുരടിപ്പിക്കുന്ന ദയനീയകാഴ്ച!

മാസ്മരികമായ ജലഛായ

'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ അറച്ച നോവൽ 'ജലഛാ'യയിലൂടെ മുന്നോട്ടു ചലനം കൊള്ളുന്നതു കാണാം. സർഗ്ഗതാന്ത്രികമേന്മയും മൗലികതയും പ്രപഞ്ചജൈവവ്യാപ്തിയെ സംഭൃതമാക്കുന്ന കലാവിദ്യയും ഈ കൃതികളിൽ നാം അതിശയത്തോടെ കാണും. ജലഛായ മനുഷ്യന്റെ കഥയല്ല. ജൈവലോകവിശാലതയുടെ കഥയാണ്‌. ഈ ജനുസിൽപ്പെട്ട ഒരു കൃതി ഇവിടെ വേറെ ഇല്ല. രാമായണത്തിൽ കുറച്ചൊക്കെ ജന്തുലോകത്തെ മനുഷ്യന്‌ ഭിന്നമല്ലാത്തവിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌. ഹരികുമാറിന്റെ ഈ അപൂർവ്വ കലാവിദ്യ ശ്രദ്ധിക്കപ്പെട്ടതായോ വായനാലോകത്തിന്റെ ജനപദങ്ങൾ കീഴടക്കിയതായോ അറിവില്ല.
ആർജ്ജിത വിവരങ്ങൾ കുത്തിനിറച്ച്‌ നോവൽ എഴുതുന്ന ഒരു സമ്പ്രദായം ഇവിടെ ഫാഷനായിരിക്കുന്നു. ചിന്തകൾ കടഞ്ഞെടുക്കേണ്ടത്‌ ആശയങ്ങളുടെ ചന്ദ്രബിംബങ്ങളെയാണ്‌. ഇവിടുത്തെ നോവലുകളിൽ ചിന്തകളുണ്ടേ? ടോൾസ്റ്റോയിയെപ്പോലെ, ദസ്തയ്‌വ്സകിയെപ്പോലെ, ഗോർക്കിയെപ്പോലെ, ഷേക്സ്പിയറെപ്പോലെ? എന്നാൽ ചിന്താസമ്പന്നവും ആശയവൈപുല്യവും എം.കെ. ഹരികുമാറിന്റെ കലാസ്വരൂപത്തിന്റെ ഉൾക്കരുത്താണ്‌.
മൗലിക സ്വഭാവത്തോടെയുള്ള ഒരു ഇതരലോകം ജലഛായയിൽ ഹരികുമാർ സൃഷ്ടിക്കുന്നു. പ്രകൃതി സൃഷ്ടിച്ച ജീവിതത്തിന്‌ തൊട്ടടുത്ത്‌ ഹരികുമാർ ഒരു ഇരട്ടയെ സൃഷ്ടിക്കുന്നു. ഇതാണ്‌ ഈ നോവലിന്റെ വ്യക്തിത്വതനിമ. പ്രകൃതിയോടും മുൻ നോവലുകളോടുമുള്ള വെല്ലുവിളി. ഈ കൃത്രിമജീവിതം അകൃത്രിമമാക്കുന്നത്‌ അത്‌ ജയിച്ചുനോക്കുമ്പോൾ കിട്ടുന്ന യഥാർത്ഥജീവിതത്തിന്റെ ഉപ്പുരസമാണ്‌. കുറേ ബൃഹത്തായ മേച്ചിൽപ്പുറങ്ങളിലാണീ ജീവിതം വിളയുന്നതും.
ചരിത്രജീർണ്ണതകളും സാമൂഹിക നിഷ്ഠൂരതകളും സദാചാര മാലിന്യങ്ങളും സാംസ്കാരികത്തകർച്ചകളും ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ശാസ്ത്രീയസംഗീതം നേർത്ത്‌ നേർത്ത്‌ ലളിതഗാനമാകുന്നതുപോലെ. ചരിത്രത്തെ അസ്വസ്ഥമാക്കുന്ന സാമൂഹിക നീതിശാസ്ത്രങ്ങൾക്കെതിരെയുള്ള രോഷം സംയമനസീമകളിലൊതുക്കി, ആളിക്കത്തിക്കാതെ നിസംഗമായി നിൽക്കുന്നത്‌ ഈ കഥപറച്ചിലിനെ ഉദാത്തഗംഭീരമാക്കുന്നു. ചാതുർവർണ്യത്തിന്‌ അധീനമാകുന്ന ദൈന്യതകളുടെ സാമൂഹിക നിസ്സഹായതകളെ ഈ നോവൽ ഒന്ന്‌ തൊട്ടുനോക്കുന്നത്‌ അതിന്റെ വന്യസ്മൃതികളുണർത്തി ഹിസ്റ്റീരിക്കാകാനല്ല. മറിച്ച്‌, നോവലിന്റെ ശിൽപഘടനയ്ക്ക്‌ യോജിച്ച സ്വരൂപസൃഷ്ടിക്ക്‌ ഇഴചേർക്കാനാണ്‌. കഥാകൃത്ത്‌ താൻ നിർമ്മിക്കുന്ന കലാശിൽപത്തെക്കുറിച്ചേ വേവലാതിപ്പെടുന്നുള്ളൂ. ധർമ്മരോഷവും സാമൂഹിക പരിഷ്കരണവും അദ്ദേഹത്തിന്റെ വിഷയമല്ല എന്ന തോന്നലാണീ നിസ്സംഗരചന ഉണ്ടാക്കുന്നത്‌.

ഉറുമ്പുകളുടെ ജീവിതം പ്രതിപാദിക്കുന്നു 


'ഉറുമ്പുകളുടെ ലോകം' എന്ന അദ്ധ്യായം പ്രദാനം ചെയ്യുന്ന ഉറുമ്പുകളുടെ ഇതിഹാസം അനുഭൂതിദായകമാണ്‌. അത്യാകർഷകമായ സൂക്ഷ്മതല വിവരങ്ങളുടെ ഇഴപാകലാണ്‌. ഉറുമ്പുകൾക്ക്‌ കഥാകൃത്ത്‌ നിർമ്മിക്കുന്ന ഒരു വിചിത്രജീവിതമുണ്ട്‌. നിഗൂഢപ്രകൃതിയുടെ അറിവിനും അർത്ഥങ്ങൾക്കുമപ്പുറമാണ്‌ ഇതിന്റെ അസ്തിത്വം. മുലകളെ അലങ്കരിക്കുന്ന ഫ്യൂഡലിസവൈകല്യങ്ങളെ പരിഹാസ വിധേയമാക്കുന്നതുപോലും സൗന്ദര്യോപാസകനായ ഒരു കവിയായി മാറിനിന്നുകൊണ്ടാണ്‌. ഇവിടെ ആക്ഷേപഹാസ്യഭാഷയെ നിഷ്കരണം ചവിട്ടിപ്പുറത്താക്കുന്നു.ദൃശ്യകലകളുടെ സാധ്യതകൾക്കാണിവിടെ ഊന്നൽ. “കുരുമുളക്‌ മരണങ്ങളി”ൽ കീഴാളപീഡനം പ്രകടനപരതയോടെ ഉയർത്തിക്കാട്ടാനൊന്നും നോക്കാത്തത്‌ നോവലിന്റെ കാവ്യഭംഗിയോടും താളാത്മകതയോടുമുള്ള കരുതൽ കൊണ്ടാണ്‌. വേണമെങ്കിൽ വായനക്കാരൻ ആ കറുത്ത മുത്ത്‌ ഒന്നു കടിച്ച്‌ എരിവറിഞ്ഞോട്ടെ എന്ന നിസ്സംഗത. കുരുമുളക്‌ എന്ന പ്രതീകത്തിലേക്ക്‌ ആ പ്രതിഷേധം വന്നിരിക്കുന്നത്‌ സ്തുത്യർഹമാണ്‌.
ബൈബിളും ഖുറാനും ഗീതയുമൊക്കെ മഹത്ഗ്രന്ഥങ്ങളായത്‌ അവ ചിന്തകളുടെ ഭണ്ഡാകാരങ്ങളായതുകൊണ്ടാണ്‌. അറിഞ്ഞോ അറിയാതെയോ ഐതിഹാസിക ചിന്തകളുടെ ഉപാസകനാവുകയാണ്‌ ഹരികുമാർ. ഈ ചിന്തകൾ നമ്മുടെ ആനുകാലിക സൃഷ്ടികളിൽ തീരെ ഇല്ലാത്തത്താണ്‌. കഥപറയാൻ വേണ്ടി കഥ എഴുതുന്നവർക്കും കഥാരചന ലാഘവമായി എടുക്കുന്നവർക്കും അതിനു കഴിയില്ല. ഹരികുമാറിന്റെ കൃതികൾക്ക്‌ പിന്നിൽ കഠിനമായ ഹോംവർക്കുണ്ടെന്നത്‌ വ്യക്തം. അർത്ഥഗർഭവും ഉൾക്കരുത്തുള്ളതുമായൊരു ഭാഷയുണ്ടാക്കുന്നതിനും യത്നിച്ചിരിക്കും. പഠിക്കുന്നതും ഗവേഷണം ചെയ്യുന്നതും അസംസ്കൃത വസ്തു മാത്രമായിരിക്കണം. അല്ലാതെ, അതിന്റെ ഫോട്ടോപതിപ്പാവരുത്. ഈ നോവൽ എഴുതാൻവേണ്ടി ഹരികുമാർ അനുഷ്ഠിച്ച തപസ്‌ മലയാള നോവൽ സാഹിത്യത്തിനൊരു അപരിചിതമുഖം നൽകാൻ ഉപകരിച്ചിരിക്കുന്നു. ഒ.വി. വിജയനിൽ നിന്ന്‌ നമ്മുടെ നോവൽ സാഹിത്യം മുളപൊട്ടുന്നത്‌ 'ജലഛായ'യിൽ കാണാം.

അപരജീവിതത്തിന്റെ 'വാൻഗോഗിന്‌'

പ്രകൃതിയിലെ കല കണ്ടെത്തുന്നത്‌ അതിന്റെ മുമ്പിൽ നിന്ന്‌ അതിനെ സ്വപ്നം കാണുമ്പോഴാണ്‌ എന്ന വാൻഗോഗിന്റെ ഉദ്ധരണി കൊടുത്തുകൊണ്ടാണ്‌ ഹരികുമാർ വാൻഗോഗിന്റെ കഥ പറയാൻ തുടങ്ങുന്നത്‌. ഈ ഉദ്ധരണിയിൽ എല്ലാമുണ്ട്‌.ബോധപൂർവ്വമാണ്‌ കഥാകൃത്ത്‌ ഈ ഉദ്ധരണി കൊടുത്തിരിക്കുന്നത്‌. അദ്ദേഹത്തിന്റെ ക്രാഫ്റ്റ്‌ മനസ്സിലാക്കാൻ വായനക്കാരനൊരു ക്ലൂ കൂടിയാണിത്‌. വാൻഗോഗിന്റെ ജീവചരിത്രത്തിൽ നിന്നും വാൻഗോഗിനെ സ്വപ്നം കണ്ട്‌ പകർത്തുകയാണദ്ദേഹം ചെയ്തത്‌. അങ്ങനെയാണിത്‌ സർഗ്ഗാത്മകജീവചരിത്രനോവലായത്‌. ഇവിടെയും സ്വയം രൂപകൽപന ചെയ്തെടുത്ത കലാവിദ്യതന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. 'ജലഛായ'യിൽ പരീക്ഷണം നടത്തി വാർത്തെടുത്ത കലാവിദ്യ.
19-‍ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ചു ചിത്രകാരനായ വിൻസന്റ്‌ വാൻഗോഗിനെ കേന്ദ്രീകരിച്ച്‌ കഥ എഴുതാൻ ഹരികുമാറിനെ പ്രേരിപ്പിച്ച സംഗതി എന്താണ്‌? ഒരു ചരിത്രപുരുഷനെ മെറ്റീരിയലാക്കുമ്പോൾ അയാളിലെ ഏതെങ്കിലും ഘടകം കഥാകൃത്തിനെ പ്രചോദിപ്പിച്ചിരിക്കണമല്ലോ. ആലോചിച്ചാൽ ഇത് മനസ്സിലാകും. ജീവിതവും, ജീവിച്ചിരുന്നപ്പോഴുള്ള കീർത്തിയും അത്ര നിറപ്പകിട്ടാർന്നതല്ലെങ്കിലും ചിത്രകാരന്മാർക്കിടയിലെ അപൂർവ്വതയായിരുന്നു വാൻഗോഗ്‌. ഒരു തപ്തബാഷ്പം! ഒരു കഥാകൃത്തിനെ ആകർഷിക്കാൻ വേണ്ടുവോളം കണ്ണീര്‌ കെട്ടിക്കിടന്ന ഒരു മനസ്സാണ്‌ വാൻഗോഗിൻ്റേത് . അതിന് സാന്ത്വനമേകാൻ ഒരു തൂവൽസ്പർശം പോലെയാണ് ഈ  നോവൽ കഥാകൃത്ത്‌ വാൻഗോഗിന്‌ സമർപ്പിക്കുന്നത്‌,വെറുതേ ഒരു സംതൃപ്തിക്കുവേണ്ടി.‘വാൻഗോഗിന്‌’ എന്നാണല്ലോ നോവലിന്റെ പേര്‌.

മരണാനന്തരം പ്രശസ്തിയുടെ ഉത്തുംഗശൃംഗങ്ങൾ പിടിച്ചടക്കിയ ഒരു കലാകാരന്‌ ജീവിച്ചിരുന്നപ്പോൾ അവഗണനയുടെ കയ്പുനീർ കുടിക്കേണ്ടിവന്ന ജീവിതസന്ധിതന്നെ കഥാമർമ്മം. ആ നിരാസദുഃഖവും അതിന്റെ പാർശ്വഫലങ്ങളുമാണ്‌ തികച്ചും നിശ്ശബ്ദതയുടെ ഒരന്തരീക്ഷം സൃഷ്ടിച്ച്‌ കയ്യൊതുക്കത്തോടെ ഹരികുമാർ വരച്ചുവച്ചത്. കലാകാരൻ തന്നെയായ ഒരെഴുത്തുകാരൻ സമാനഹൃദയനായ ഒരുവന്റെ ദുഃഖത്തിൽ താദാത്മ്യം പ്രാപിക്കാനാവുന്നതുപോലെ മറ്റൊരാൾക്കാവില്ലെന്നും ഈ നോവൽ തെളിയിക്കുന്നു.
ഈ മാതിരി വ്യക്തിത്വങ്ങളോട്‌ കുറ്റകരമായ അനാസ്ഥ കാട്ടുന്നവരാണ്‌ നമ്മുടെ സമൂഹം. അത്‌ അന്നും ഇന്നും എന്നും അങ്ങനെതന്നെ. ഇക്കാരണത്താൽ രചന നിർത്തിയവരുണ്ട്‌; ആത്മഹത്യ ചെയ്തവരുണ്ട്‌…. കലാകാരൻ ഏതോ ഭാഗ്യകടാക്ഷത്താൽ ഒരു പിടിവള്ളി കിട്ടി കയറിയപ്പോയാൽ അവന്റെ ആസനം താങ്ങാൻ പിന്നാലെ സമൂഹമുണ്ടാകും. കലാകാരന്റെ സ്വീകാര്യത ആഘോഷതലത്തിൽ എത്തുമ്പോൾ അവനെ സമൂഹം ബലംപ്രയോഗിച്ചു സ്വന്തമാക്കും; ബോധംകെട്ട ആരാധനയാണ്‌ പിന്നെ. അവൻ ആര്‌, എന്ത്‌ എന്നൊക്കെ അറിയാമായിരുന്നിട്ടും തമസ്കരിക്കപ്പെടുകയാണ്. ഇതിന്റെ ഇരയായിരുന്ന വാൻഗോഗ്‌ ഇതുപോലുള്ള മറ്റനേകം കലാകാരന്മാരെ പ്രതിനിധീകരിക്കുന്നു എന്നതാണ്‌ ഇപ്പോഴും ഈ കഥയുടെ പ്രസക്തി.

അസാധാരണ നോവൽ 

അവനവനോട്‌ ചോദ്യം ചോദിച്ച്‌ ഉത്തരം തേടുകയാണ്‌ ഹരികുമാറിന്റെ വാൻഗോഗ്‌ ചെയ്യുന്നത്‌. വരച്ചുകൊണ്ടാണ്‌ ചോദ്യോത്തരങ്ങളിലെ അവ്യക്തത്തകൾക്ക്‌ തീർപ്പുണ്ടാക്കുന്നത്‌. കഥാപാത്രത്തിന്റെ മനസ്സിനെ സൂക്ഷ്മമായി ഇവിടെ വരച്ചിടുന്നു. കലാകാരന്മാർ എന്താണെന്നതിന്‌ ബാഹ്യസംഭവങ്ങൾ നിസ്സാരമാണെന്നു പറയാറുണ്ട്‌. മനസ്സിന്റെ അബോധതലങ്ങളുടെ ഒരു വ്യക്തിപഠനം ഇവിടെയുണ്ട്‌. കഥാപാത്രമനസ്സിന്റെ ഇരുട്ടറകളിലേയ്ക്കിറങ്ങിച്ചെല്ലാനുള്ള ബുദ്ധിവ്യായാമം എഴുത്തുകാരന്റെ സ്വഭാവത്തിന്റെ ഉത്തമഘടകമാണ്‌. പൂർവ്വസൂരികൾ വെട്ടിവച്ച വഴിയേ നടന്നുകൊണ്ട്‌ എഴുതുന്നവൻ കഥ എഴുത്തുകാരനല്ല, ആധാരമെഴുത്തുകാരനാണ്‌.
വാൻഗോഗിന്റെ പ്രണയമനസ്സിന്റെ ഉൾത്തേങ്ങൽ നോവലിൽ ശക്തിയായി മിടിക്കുന്നുണ്ട്‌. പ്രണയം വരയ്ക്ക്‌ പ്രചോദനമാണദ്ദേഹത്തിന്‌. വരയും  പ്രണയംപോലെ മറ്റൊന്നിനും വേണ്ടിയായിരുന്നില്ല. കാമുകൻ കാമുകിയോടു പറയുന്നു: “നീ എന്റെ യജമാനത്തിയും ആരാധനാപാത്രവുമായിരിക്കും. നിന്റെ ഓരോ ചലനവും ഞാൻ വരയ്ക്കും.” വരയും പ്രണയവും ആ കലാകാരന്‌ ഒന്നാണെന്ന്‌ വരുന്നതിലെ ഭാവതീവ്രത!
വരയ്ക്കാനിരുത്തിയ കാമുകി മോഡലല്ല, ചിത്രത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളെ നിർജ്ജീവമായ വരകളല്ലാതാക്കുന്നത് ഈ സ്വഭാവമാണ്‌.
വാൻഗോഗിന്റെ വിശ്വവിഖ്യാത പെയിന്റിംഗുകൾ ഈ നോവലിൽ ഭംഗ്യന്തരേണ ഇണക്കിച്ചേർത്തിട്ടുണ്ട്‌. … 'പെയെഴ്സ്‌ ഓഫ്‌ ഷൂസ്‌' എന്ന വാൻഗോഗ്‌ ചിത്രത്തിന്റെ വ്യാഖ്യാനം നോക്കൂ:
വാൻ തന്നെ കണ്ടെത്തുന്ന ആ ഷൂസിൽ ഒരു മഹാഭാരതകഥതന്നെ ഒളിച്ചിരിക്കുന്നു. വാൻഗോഗ്‌ പറയുന്നു: (അതോ ഹരികുമാർ പറയിപ്പിക്കുന്നതോ) പുറപ്പാടിന്റെ സകല ചലനത്തെയും റദ്ദ്‌ ചെയ്ത്‌ നിശ്ചലതയ്ക്കുള്ളിൽ പ്രക്ഷുബ്ധമായ ഒരാകാശം സൃഷ്ടിക്കുന്നതിന്‌ ഇതിനേക്കാൾ നല്ല കാഴ്ച വേറേ കാണില്ല എന്ന്‌.
തലയോട്ടി വിലയില്ലാത്തതാണെന്ന പഴയ തത്വശാസ്ത്രത്തിനൊരു തിരിച്ചടിയാണ്‌ 'ഉരുളക്കിഴങ്ങ്‌ കുട്ട' എന്ന ചിത്രം. ഈ അചേതനവസ്തു ആശയസമ്പുഷ്ടതകൊണ്ട്‌ സജീവമാകുന്നു. ആശയലോകത്ത്‌ അതിന്‌ ജീവനുണ്ട്‌, ജീവിതസന്ദേശമുണ്ട്‌. നോവലിന്റെ പൊതുസ്വഭാവത്തിന്‌ മാറ്റുകൂട്ടുന്ന ആശയമാണിവിടെ തെളിയുന്നത്. “മുപ്പതോ നാൽപതോ പേരുടെ തലയോട്ടി ഒരു കുട്ടയിൽ വന്ന്‌ കൂട്ടുകൂടിയാൽ അവിടെ അഭൗമമായ ഒരു ഭാഷ ഉരുത്തിരിയും.” നോവലിന്റെ മിസ്റ്റിക് ബ്യൂട്ടിതന്നെയാണ്‌ ഈ പെയിന്റിംഗിന്റെ പ്രമേയവും. കഥയുടെ പൊതുധാരയ്ക്കിണങ്ങുന്ന ഘടകങ്ങൾ കണ്ടെത്താനുള്ള കഴിവ്‌ ഒരു നോവലിസ്റ്റിന്റെ അന്യാദൃശ്യഘടകമാണ്‌. ഹരികുമാറിൽ ഇത്‌ വേണ്ടുവോളമുണ്ട്‌.

കഥാകൃത്ത്‌ പറയുന്നു: “വരയ്ക്കുമ്പോൾ വാൻഗോഗിന്റെ പവിത്രമായ നോട്ടം കലയുടെ വഴിയേ പോകുന്നവന്റെ പവിത്രതതന്നെ.” പവിത്രനാവാതെ ഒരുവന്‌ കലാസൃഷ്ടി ചെയ്യാനാവില്ല. ഏതൊരു കലാകാരന്റെയും അസംസ്കതവസ്തു നന്മതന്നെ. തിന്മയുടെ രൂപങ്ങൾ വാർക്കാനും നന്മതന്നെ വേണം.
കലാസ്വാദകരെപ്പറ്റി പറയുന്നു: കാണികൾ സ്വതന്ത്രരല്ല. കുറേ മാധ്യമങ്ങളും കച്ചവടക്കാരുമാണ്‌ എല്ലാം തീരുമാനിക്കുന്നത്‌.
എക്കാലത്തും ഇത്‌ ശരിയല്ലേ? സ്വതന്ത്രരല്ലാത്ത കാണികൾ ആ പാരതന്ത്ര്യം അറിഞ്ഞുകൊണ്ട്‌ ശിരസാവഹിക്കുന്നു. മാധ്യമങ്ങളെ സോപ്പിടാനും അവരുടെ ഇഷ്ടസന്തതികളെ വാഴ്ത്തി പ്രീതി സമ്പാദിക്കാനും സ്വന്തം പേര്‌ അച്ചടിച്ചുകാണാനും.
തന്റെ കലാസപര്യയെപ്പറ്റി വാൻഗോഗ്‌ പറയുന്നു: ഞാൻ ദൈവത്തിന്റെ വിരലിൽ തൊടാൻ ശ്രമിച്ചു. പോരെ? മറ്റെന്താണ്‌ നിഷ്കപടവും ഉദാത്തവും മൗലികവുമായ രചനയെക്കുറിച്ചു പറയാൻ? ഹൂർണിക എന്ന അഭിസാരികയെ ഈ നോവലിന്റെ ഭാഗമാക്കി നോവലിനൊരപൂർവ്വ മുഖം നൽകുന്നു. ലൈംഗികത നിഷേധിക്കപ്പെട്ടവരാണ്‌ അവളെ തേടി ചെല്ലുന്നത്‌. വാൻഗോഗിനുമാത്രം അവളുമായി ഒരു വിശുദ്ധബന്ധമുണ്ട്‌. അത്‌ വരയുടെ പ്രചോദനമായി മാറുന്നു. ആർക്കും പിടിതരാത്ത, ജീവിതത്തിന്റെ പുറംപോക്കുകളിലെ മാലിന്യത്തിൽ മരതകം വിളയിക്കുന്ന ഭാഗം. അവഗണിക്കപ്പെട്ടവരുടെ സങ്കലനത്തിൽ നിന്നുൽഭൂതമാകുന്ന കവിത.രണ്ട്‌ അഭിസാരികമാരും പോൾ വാൻഗോഗിൻ എന്ന സുഹൃത്തുമാണിതിലെ പ്രധാന ഉപകഥാപാത്രങ്ങൾ. ഈ മൂന്നു കഥാപാത്രങ്ങളും പൊതുവേ കാണപ്പെടുന്ന സ്വഭാവഗുണത്തിൽപ്പെട്ടവരല്ല. വിചിത്രസ്വഭാവക്കാരാണ്‌. നോവലിലെ അസാധാരണത്വത്തിന്‌ ഇവർക്ക്‌ നോവലുമായുള്ള ചേരുവ മാറ്റുകൂട്ടുന്നു. കേന്ദ്രകഥാപാത്രത്തിന്റെ ബന്ധുമിത്രാദികൾക്കൊന്നും വിശാല ഇടങ്ങൾ നൽകാൻ കഥാകൃത്ത്‌ തയ്യാറല്ല. അത്‌ സാധാരണ കഥകളിൽ അങ്ങനെയൊക്കെയുള്ളതുകൊണ്ടാവും.കഥ ഭാവതീപ്തവും മൂർച്ചയേറിയതും, സംവേദനക്ഷമതയോടെ തറഞ്ഞുകയറുകയും ചെയ്യുന്നത്‌ അതുകൊണ്ടാണ്‌.
ആരുമില്ലാത്ത വഴിയിൽവച്ച്‌ വാൻഗോഗും ഗോഗിനും തമ്മിൽ പരസ്പരം കണ്ടെത്തി എന്നാണ്‌ അവരുടെ ദൃഢസൗഹൃദത്തെപ്പറ്റി പറയുന്നത്‌. രണ്ടുപേരുടെയും ഏകാന്തത്തയെക്കുറിച്ചെഴുതാവുന്ന പേജുകൾ ഒഴിവാക്കി ആരോരുമില്ലാത്ത വഴിയിൽ എന്ന സൂചിമുനത്തുമ്പിലൊതുക്കിയ നിയന്ത്രിത തൂലികയ്ക്ക്‌ അഭിവാദ്യം. ഗോഗിന്റെ ഡയറി വാൻഗോഗിന്റെ സെൽഫിനെ ചിത്രണം ചെയ്യുന്നു. മഞ്ഞനിറത്തിലൂടെ പ്രതീകവൽക്കരിക്കപ്പെടുന്ന ഷണ്ഡത്വത്തിന്റെ ആത്മനൊമ്പരം മഹാപ്രണയമായി രൂപാന്തരപ്പെടുന്ന സ്വഭാവത്തിന്റെ മനഃശാസ്ത്രതലം വാൻഗോഗിലുണ്ട്‌. വേശ്യ വിശുദ്ധസ്നേഹത്തിനായുള്ള ദാഹം തീർക്കാൻ ഒരുവന്റെ ബലഹീനതയ്ക്കുള്ളിൽ കഴിയുന്നത്‌ ജീവിതത്തിന്റെ കാണാക്കയങ്ങളിലെ വിസ്മയങ്ങളാണ്‌.

വാൻഗോഗിൻ്റെ ചെവി മുറിച്ചത് ആര് ?

വിവാദമായ വാൻഗോഗിന്റെ ചെവി മുറിക്കൽ തികഞ്ഞ സ്വാഭാവികതയോടെയും ഗവേഷണ ബുദ്ധിയിലൂടെയും യാഥാർത്ഥ്യബോധം ജനിപ്പിച്ചുകൊണ്ട്‌ വിശദമാക്കുന്നുണ്ട്‌. അത് വാൻഗോഗ്‌ സ്വയം ചെയ്തതാണെന്ന അവകാശവാദം കഥാകൃത്ത്‌ നിഷേധിക്കുന്നു. ആരെയും നോവിക്കാൻ ഇഷ്ടമില്ലാത്ത വാൻഗോഗ്‌ സ്വയം നോവിക്കുമോ? ചങ്ങാതി പോൾ ഗോഗിൻ ഇത്‌ ചെയ്യാനുള്ള സാഹചര്യങ്ങൾ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്‌. ഭ്രാന്തനിമിഷങ്ങളിലെ നാടകീയതയിൽ സ്നേഹിതന്റെ കൈകൊണ്ട്‌ വീണുപോയതാണാ ചെവി!

ഭാഷ ആശയങ്ങളുടെ ഒരു പുറംചട്ടയല്ല ഹരികുമാറിന്‌. കർണ്ണനെപ്പോലെ ആശയങ്ങളുടെ സഹജമായ മെയ്ച്ചട്ടയാണ്‌. പ്രമേയത്തിൽനിന്നും കഥനത്തിൽനിന്നും ഭാഷയ്ക്കൊരു ഭിന്നവ്യക്തിത്വമില്ല. ആ ഭാഷയാണ്‌ ആ കഥ.
ഇതാ ഒരു ഭാഗം:
“വാൻഗോഗ്‌ പുറംലോകത്തെ നിരാകരിക്കുകയല്ല ചെയ്തത്‌. തനിക്ക്‌ വഴങ്ങാത്ത യുക്തിയും ഗർവ്വും പുലർത്തിയ ലോകത്തെ തന്റേതായ രീതിയിൽ മിതപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയുമാണ്‌ ചെയ്തത്‌. പുറത്തേയ്ക്കു പോകാൻ തന്നെപ്പോലുള്ള മനസ്സുകളെയാണാ ചിത്രകാരന്‌ വേണ്ടിയിരുന്നത്‌. അത്‌ ലഭിക്കില്ല എന്നു ബോധ്യമായതോടെ അദ്ദേഹത്തിന്റെ ഉള്ളിലേക്കുതന്നെ ആ ലോകത്തെ അന്വേഷിച്ചുപോയി…”
ഇത്‌ വാൻഗോഗിന്റെ സത്തയാണ്‌. ഈ സത്തയെ ആവിഷ്കരിച്ച ഭാഷതന്നെ അതിന്റെ ആശയവും. ഇതുപറയാൻ വേറൊരു ഭാഷയില്ല.
ഉന്നതവും അഗാധവുമായ ചിന്തയിൽ വെന്തുനീറിയാലേ ഇത്തരം ആശയങ്ങൾ ജന്മംകൊള്ളൂ. ഗാന്ധിജി സ്വയം പരീക്ഷണവസ്തുവായത്‌ സത്യം കണ്ടെത്താനാണ്‌. ഹരികുമാറിന്റെ നോവൽ പരീക്ഷണങ്ങളുടെ ലക്ഷ്യവും സത്യംതന്നെ. ഇവിടെ കഥാകൃത്ത്‌ വാൻഗോഗിന്റെ സത്യമാണന്വേഷിച്ചത്. അത്‌ സൂക്ഷ്മവും ഋജുവുമായി പരിസമാപ്തിയിലെത്തുകയും ചെയ്തു.

അർത്ഥനിർമ്മിതിയുടെ 'ശ്രീനാരായണായ'

ശ്രീനാരായണഗുരുവിന്റെ ജീവിതം എന്നും എഴുത്തുകാർക്ക്‌ പ്രചോദനമായിരുന്നിട്ടുണ്ട്‌. അത്‌ നിരവധി കൃതികൾക്ക്‌ ജന്മം നൽകാൻ ഇടവരുത്തുകയും ചെയ്തു. ഗുരുതത്വങ്ങൾ കടഞ്ഞെടുത്തൊരു പുതുരൂപം, ഒരു പുതുഭാവുകത്വം നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. നാരായണഗുരുവിന്റെ തത്വസംഹിതകൾക്കൊരു പ്രചാരണം എന്നതിലുപരി അവ ഒന്നുമായിരുന്നില്ല. ആ ദൈവവിചാരങ്ങളും സാമൂഹ്യപരിഷ്കരണാശയങ്ങളും പ്രചരിപ്പിക്കേണ്ടതുതന്നെ. എന്നിരിക്കിലും കലാസൃഷ്ടികളുടെ ഉന്നങ്ങൾ വേറെയാണല്ലോ.
കൂട്ടത്തിൽ മികച്ചുനിന്നത്‌ പ്രശസ്ത നോവലിസ്റ്റ്‌ കെ. സുരേന്ദ്രൻ , ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഗുരു' എന്ന നോവലാണ്‌. തീർച്ചയായും, പരിചയസമ്പന്നനും പ്രതിഭാധനനുമായ അദ്ദേഹം ലക്ഷണയുക്തവും കുറ്റമറ്റതും സംഭവങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ളതുമായ ഒരു രചനതന്നെയാണ പൂർത്തിയാക്കിയത്‌. നിർമ്മമമായ ഒരു മാനസികതലത്തിൽ നിന്നുകൊണ്ട്‌ സംഭവങ്ങളെ രൂപനിർണ്ണയം ചെയ്ത്‌ നോവലിനുവേണ്ടി നോവലെഴുതിയതുകൊണ്ടാണ്‌ മികച്ചതായത്‌. ശ്രീനാരായണഗുരുവിന്റെ കഥകൾ അവിടെ അവസാനിപ്പിക്കുന്നതു നന്നായിരിക്കും. ഇതിനപ്പുറമായി ഇനി എന്തെഴുതാൻ എന്ന്‌ വിചാരിച്ചിരുന്നു.


പക്ഷേ, ആ തോന്നലിനെ മാറ്റിമറിച്ചുകൊണ്ട്‌ ഹരികുമാർ വ്യത്യസ്തനായ ഒരു ഗുരുവിനെ കലാചാതുരിയോടെ നിർമ്മിച്ചെടുത്തിരിക്കുന്നു. നാരായണഗുരുവിന്റെ ആത്മസത്തയിൽ വെള്ളം ചേർക്കാതെ ഭിന്നമായൊരാംഗിളിലൂടെ നോക്കിക്കാണാൻ പരിശ്രമിച്ചിരുന്നു. ഇല്ലാത്ത നാരായണഗുരുവിനെ ഇവിടെ സൃഷ്ടിച്ചിട്ടൊന്നുമില്ല. ഇത്‌ കെ. സുരേന്ദ്രന്റെ, കഥയുടെ കല അറിയാവുന്ന നോവലിസ്റ്റിന്റെ കൃതിയുമായി മത്സരിക്കുമെന്ന്‌ ഞാൻ പറയില്ല. എന്തിന്‌ മത്സരിക്കണം? അതിലും നല്ലതല്ലേ മറ്റൊന്നായി മാറിനിന്ന്‌ പ്രകാശം പരത്തുന്നത്‌? ചന്ദ്രൻ വേറെ, സൂര്യൻ വേറെ. ഇവയെ തമ്മിൽ താരതമ്യം ചെയ്യാറില്ല…
ചരിത്രത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത്‌ ചരിത്ര നോവലെഴുതരുത്‌. അത്‌ ചരിത്രത്തിൽ നിന്ന്‌ സൃഷ്ടിച്ചെടുത്തത്താവണം. ഇവിടെയും കഥാകൃത്ത്‌ നാരായണഗുരുവിനെ ആഴത്തിൽ പഠിച്ച്‌ മനനം ചെയ്തുചെയ്ത്‌ സ്വപ്നമാക്കി, ആ സ്വപ്നശിൽപത്തെ അനുവാചകന്‌ സമ്മാനിക്കുകയാണ്‌. സാധാരണ ചരിത്ര അഥവാ പഠന നോവലുകളിൽ അസംസ്കൃതവസ്തുക്കൾ ഭാവനയുമായി വിലയം പ്രാപിക്കാതെ ദഹനക്കേടായി കിടക്കാറുണ്ട്‌. ഒട്ടും മോശമല്ലാത്ത ഗവേഷണകൃതികളൊക്കെ ഇവിടെ ഉണ്ടായിട്ടുണ്ട്‌. അതിലൊക്കെ ഈ ദഹനക്കേടു കാണാം. കഥയേക്കാളും ചരിത്രം പറയാൻ വെപ്രാളം കാണിച്ചാൽ അങ്ങനെ വരും.
മാമൂലധിഷ്ഠിതമായ കഥകളിൽ മുന്നിട്ടുനിൽക്കുന്നത്‌ കഥയുടെ ബാഹ്യപ്രകൃതിയാണ്‌. കഥാപാത്രങ്ങൾ, ബാഹ്യജീവിതത്തിലെ സംഭവങ്ങൾ, കൊടുക്കൽ വാങ്ങലുകൾ, ജീവിതനാടകങ്ങൾ, സന്തോഷങ്ങൾ, നൈരാശ്യങ്ങൾ…. ഈ നോവലിന്‌ ഒരു ബാഹ്യപ്രകൃതിയില്ല. കുറേക്കൂടെ വ്യക്തമാക്കിയാൽ കേന്ദ്രകഥാപാത്രത്തിന്‌ കുടുംബപശ്ചാത്തലമില്ല, ചുറ്റിപ്പറ്റുന്ന മിത്രങ്ങളില്ല, സ്ഥാപനങ്ങളില്ല. ഡോ. പൽപുവും കുമാരനാശാനും സഹോദരൻ അയ്യപ്പനും തൈക്കാട്‌ അയ്യാസ്വാമിയും ചട്ടമ്പിസ്വാമിയുമില്ല. ഇവരൊന്നുമില്ലാതെ നാരായണഗുരുവിനെക്കുറിച്ചൊരു കഥ സങ്കൽപിക്കുക അസാധാരണവും അതിസാഹസികവുമാണ്‌. അതൊക്കെ വലിച്ചുവാരി പുറത്തിട്ടിരുന്നെങ്കിൽ എത്ര എളുപ്പം ഒരു കഥ പടയ്ക്കാമായിരുന്നു. കണ്ടും കേട്ടും പഴകിയ ആ ജീവിതവിവരണങ്ങളും ആഡംബരങ്ങളും കൊടുത്ത്‌ വായനക്കാരനെ മടുപ്പിക്കരുതെന്ന വിചാരം അഭിനന്ദനീയം. 

ഇത് ഗുരുവിൻ്റെ ആത്മാവിൻ്റെ പെയിൻ്റിംഗ് 

ഈ നോവൽ നാരായണഗുരുവിന്റെ സെൽഫിന്റെ പോർട്രേയലാണ്‌. സെൽഫിന്റെ പെയിന്റിംഗാണ്‌. അങ്ങനെയൊരു കൃതി മുൻപുണ്ടായിട്ടുണ്ടോ? ഇല്ലെന്നതാണീ കൃതിയുടെ രചനാവിപ്ലവം, അപൂർവ്വ സൗകുമാര്യം. മൗലികം മൗലികം എന്നൊക്കെ മുട്ടിനുമുട്ടിന്‌ പറഞ്ഞു നടക്കുന്നവരെ ഇത്‌ ചിന്തിപ്പിക്കും.
ഈ കഥയിലെ നായകൻ ശ്രീനാരായണഗുരുവല്ല. ദൈവമാണ്‌! സാമ്പ്രദായിക നോവലുകളിലൊക്കെ കഥയെ മുന്നോട്ടു നയിക്കുന്നത്‌ ചില അന്വേഷണങ്ങളും ഗുപ്തമായി വച്ചിട്ടുള്ള സംഗതികൾ അറിയാനുള്ള ഉൽക്കണ്ഠയും കഥാപാത്രങ്ങളുടെ പ്രശ്നങ്ങളും പീഡനങ്ങളും ഇവയൊക്കെ എങ്ങനെ പരിസമാപ്തമാകും എന്നറിയാനുള്ള ആവേശവുമൊക്കെയാണ്‌. അങ്ങനെ കഥയെ വലിച്ചുനീട്ടി വായനക്കാരനെ പുറകേ കൊണ്ടുനടക്കുന്നത്‌ ഈ നോവലിസ്റ്റിന്റെ രീതിയല്ല. ഇവിടെ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചറിയാൻ തീവ്രാഭിലാഷമുള്ള ഏതൊരു വായനക്കാരനും ആ മഹാസത്യം കണ്ടെത്താനുള്ള അന്വേഷണത്വരയും അദമ്യാഭിലാഷവും വർധിച്ചു വരും. ദൈവത്തെ കണ്ടുപിടിക്കാനോ ആത്മബോധത്തിൽ നിന്ന്‌ രൂപനിർണ്ണയം ചെയ്യാനോ ഉള്ള ശ്രമമാണ്‌ ഹരികുമാറിന്റെ നാരായണഗുരു നടത്തുന്നത്‌. അദ്ദേഹം പറയുന്നുണ്ടല്ലോ; “നാം യാത്രയിലാണ്‌; ഒരിക്കലും അവസാനിക്കാത്ത യാത്ര…. ഇത്‌ അനന്തതയിലേയ്ക്കല്ല എന്നിലേയ്ക്കുതന്നെയാണ്‌.”

ശ്രീനാരായണഗുരു ദൈവത്തെ അറിയാൻ തന്നിലേയ്ക്ക്‌ ഒരുപാട്‌ നടന്നതിന്റെ കഥയാണ്‌ ഹരികുമാർ പറയുന്നത്‌. അതറിയാൻതന്നെ വായനക്കാരനും ഈ നോവലിൽ നാരായണഗുരുവിന്റെ പിറകേ നടക്കും, മറ്റൊരു കഥാപാത്രമായി. ഈ നോവൽ ഒരു ചർച്ചയാണെങ്കിൽ അതിലെ സജീവ പങ്കാളിയാണ്‌ വായനക്കാരൻ.
ഒരു സത്രത്തിന്റെ മതിലിലിരിക്കുന്ന ചില മനുഷ്യരെ കാഴ്ചപ്പെടുത്തുന്നുണ്ട്  കൃതിയിലൊരിടത്ത്‌. മതിലിൽ ഇരുന്നവർ പൊടുന്നനെ ഇല്ലാതായി. അവർ എങ്ങോട്ടുപോയെന്നറിയില്ല. ഗുരുവിന്റെ ആന്തരികോർജ്ജം നിവർത്തുന്ന തിരശീലയിൽ അവർ വന്നുമാഞ്ഞു. ഗുരുവിന്റെ മനപ്പരിവർത്തനത്തെ, ആത്മസാക്ഷാൽക്കാരത്തെ  നാടകീയമായി ആവിഷ്കരിക്കുകയാണിവിടെ. അതായത്‌ ഭൗതികലോകം മാഞ്ഞുമാഞ്ഞുവരുന്നത്‌, അഹം മായാവി മുക്തമാകുന്നത്‌.
വെള്ളമൊഴുകുന്നതിന്റെ മഹത്ചിത്രീകരണം ആദ്യ അദ്ധ്യായത്തെ ശ്രേഷ്ഠമാക്കുന്നു. ജീവിതയാത്രയെ പ്രതീകവൽക്കരിക്കുന്നു. കെട്ടുകൾ പൊട്ടിച്ചുകൊണ്ടൊഴുകുന്ന ജീവിതത്തിന്റെ ശാന്തിയും സംശുദ്ധിയും നിർമ്മമത്വവും നിർവ്വാണംപോലും ഇതിൽ കാണാം. സ്വാതന്ത്ര്യത്തിന്റെ വിശാലവിഹായസിൽ ആ ജീവിതം മയങ്ങുന്നതും..”അത്‌ (വെള്ളം) എവിടെച്ചെല്ലുന്നവോ ആ ഇടം സ്വന്തമാണ്‌”. കഥാകൃത്ത്‌ ഗുരുവിന്റെ ചിന്തയെ ഇവിടെ ഭാഷാന്തരം ചെയ്യുന്നു. സ്ഥിരമായി ഒരു ‘സ്വന്ത’മില്ലാത്തതിന്റെ അയവ്‌ ഇവിടെ അനുഭവവേദ്യമാകുന്നു. ഇതിൽക്കവിഞ്ഞ ഒരു സമ്മർദ്ദരഹിത, ഭൗതികേതര അസ്തിത്വം എന്താണ്‌? വെട്ടിപ്പിടിക്കാനുള്ള ആന്തലിന്റെ സമ്മർദ്ദവും അനന്തരഫലവും ഭയങ്കരമല്ലേ? ഇതിൽനിന്ന്‌ തത്വശാസ്ത്രമെടുത്തു മാറ്റിയാൽ സാധാരണക്കാരനൊരു പ്രശാന്തജീവിതം കാണിച്ചുകൊടുക്കുന്നതറിയാനാവും.എല്ലാവരും ശാന്തിയാണ്‌ തേടുന്നതെങ്കിലും അതിനായി തിരഞ്ഞെടുക്കുന്ന വഴികൾ ശരിയല്ലല്ലോ.
സാധാരണ കഥകളിൽ നാം പോകുന്നത്‌ കഥാപാത്രങ്ങൾക്കു പിന്നാലെയാണ്‌. ഇതിലോ? ഈ നാം നമ്മുടെ പിന്നാലെയാണ്‌ പോകുന്നത്‌. കഥയുടെ അസംസ്കൃതവസ്തു എടുത്ത്‌ കഥാകൃത്ത്‌ ആ വിധത്തിലൊരു ജാലവിദ്യ കാട്ടുന്നു. ഒരുപക്ഷേ ,അനേകം കോടി വർഷങ്ങൾക്കുശേഷം പരിണാമപ്പരിണതിയിൽ ഉരുത്തിരിയാവുന്ന മനുഷ്യനെ ഗുരു ഇപ്പോഴേ സങ്കൽപിച്ചുകഴിഞ്ഞു. ദൈവത്തെയും മനുഷ്യനെയും പുനഃസൃഷ്ടിക്കുന്നുണ്ടിവിടെ. ഗുരുതത്വങ്ങളിൽ നിന്ന്‌ കഥാകൃത്തിന്റെ ലക്ഷ്യങ്ങൾക്കിണങ്ങുന്ന ആംഗിളുകളെടുത്ത്‌ അർത്ഥനിർമ്മിതി നടത്തുകയാണിവിടെ. ഇതും സർഗ്ഗസൃഷ്ടിതന്നെ. യഥാർത്ഥത്തിൽ ഉള്ളതിന്റെ ആഴങ്ങളറിഞ്ഞ്‌ സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകി സ്വന്തമായ ഭാഷാപാറ്റേണിൽ പ്രദർശിപ്പിക്കുന്നു. വ്യാഖ്യാനിച്ചും വിവരിച്ചും പഠിപ്പിച്ചുതരുന്നുണ്ട്‌. ഈ നോവലിൽ ഒരു അദ്ധ്യാപകനുണ്ട്‌, അത്‌ കഥാകൃത്താണ്‌. രാമായണത്തിൽ വാത്മീകിയും കഥാപാത്രമാണല്ലോ.
മനുഷ്യന്റെ നിസ്സഹായാവസ്ഥ ഈ നോവലിനെ ത്രസിപ്പിക്കുന്നുണ്ട്‌. ആ നിസ്സാഹായത മാറാനുള്ള മാർഗ്ഗവും സൂചിപ്പിക്കുന്നുണ്ട്‌. അവനവനെ അറിയുക എന്നതാണത്‌. അവനവനെ അറിയാത്തവരുണ്ടെങ്കിൽ (അവരാണല്ലോ അധികവും) അതാണവരുടെ ദുരന്തം.

ശലഭങ്ങളുടെ അദ്ധ്യായം

ശലഭങ്ങളെക്കുറിച്ചുള്ള ഇതിഹാസമാണ്‌ ഒരദ്ധ്യായം. ഈ അദ്ധ്യായം മലയാള സാഹിത്യത്തിലെ തന്നെ അപൂർവ്വസുന്ദരമായൊരുനുഭവമാണ്‌. ആത്മദലങ്ങളിൽ ദേവാമൃതവർഷിണിയായി പവിത്രവികാരസംക്രമണദീപ്തമാകുന്നു. വിശ്വസാഹിത്യത്തോളമുയരുന്നു. ഒരു മഹാന്റെ (സന്യാസിവര്യന്റെ) വ്യക്തിചിത്രം തയ്യാറാക്കുമ്പോൾ അവിടെ ഭാവനയുടെ അതിരറ്റ മിസ്റ്റിക്‌ സ്വപ്നം വരയ്ക്കുന്നത്‌ ഉദാത്തമാണ്‌.
ഒരിടത്ത്‌ പറയുന്നു: “ഗുരുവിന്റെ നിരാസക്തി കനമുള്ളതും വിവേകപൂർണ്ണവും സകല സങ്കടപർവ്വങ്ങളും കാണുന്നതുമാണ്‌.” ഏതൊരു ഗുരുഭക്തനും തോന്നാവുന്ന ഗുരുവിന്റെ ആ ഗാർഹികജീവിത പരിത്യാഗത്തോടുള്ള പരിഭവത്തിന്‌ കഥാകൃത്ത്‌ മറുപടി പറയുകയാണെന്ന്‌ തോന്നുന്നു. ഗാർഹസ്ത്യജീവിത പരിത്യാഗത്തിന്‌ ഏറെയേറെ നിഷ്കളങ്കവും യുക്തിപൂർവ്വവുമായ ന്യായീകരണം തന്നെ ഇത്‌. സന്യാസ, ഗാർഹസ്ത്യ, ജീവിതനിരാസം തന്നെയെങ്കിലും ദാമ്പത്യത്തിലേർപ്പെട്ടിട്ട്‌ പൊടുന്നനെ വിട്ടുപോയ അസ്വരസ്യത്തെ ഒരു കൊച്ചുവാചകം കൊണ്ട്‌ അലിച്ചുകളയാൻ കഴിഞ്ഞിരിക്കുന്നു.

അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചു പറയുന്നത്‌ ശ്രദ്ധേയമാണ്‌. സവർണ്ണനിൽ നിന്ന്‌ അവർണ്ണന്‌ ആത്മീയാനുഭവത്തിലേയ്ക്കുള്ള മോചനമാണെന്ന്‌. സ്വന്തം ശിവനെയാണ്‌ പ്രതിഷ്ഠിച്ചതെന്ന പ്രഖ്യാപനത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനം.
“പകൽ സൂര്യരഥങ്ങൾ ദൂരേയ്ക്ക്‌, പ്രതീതിയും പൂക്കളും” എന്ന ശീർഷകം ക്ലാസിക്കാണ്‌. കാവ്യാത്മകവും, അത്യന്താധുനികതയുടെ പുത്തനുണർവേകുന്നതുമാണ്‌. ആദ്യ അദ്ധ്യായത്തിൽ മരുത്വാമലയെ മനസ്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മലയുടെ ആത്മോപദേശത്തിന്റെ വെളിച്ചം ഇവിടെ പടരുന്നു ;ഗുരുവിന്റെ അന്തരംഗങ്ങളിലെ ആദ്ധ്യാത്മികചർച്ചകളും.
ആദ്യ അദ്ധ്യായം നാരായണഗുരുവിന്റെ ഉള്ളു മെനഞ്ഞെടുക്കുന്നു. ഗുരുവിനെ അവതരിപ്പിച്ചതു, പരിചയപ്പെടുത്തിയത്‌ അപൂർവ്വമായ ആദ്ധ്യാത്മിക ചൈതന്യം വീണു കിടക്കുന്ന വഴിയിലൂടെ വായനക്കാരനെ നടത്തിക്കൊണ്ടുതന്നെ.
പഴം തിന്നാൻ വകയില്ലാത്ത കുട്ടി പഴത്തിലേയ്ക്ക്‌ നോക്കി ഇരിക്കുമ്പോൾ പഴം അവനുവേണ്ടി സ്വയം മാറുന്നതിന്റെ ചിത്രീകരണം മനോഹരമാണ്‌. പഴം പഴത്തിന്റെ ഗുണങ്ങൾ ഉപേക്ഷിച്ച്‌ അവന്റെ രസനയെ മോഹമുക്തമാക്കുന്നു. ഇങ്ങനെ ഭോഗങ്ങളിൽ നിന്ന്‌ മുക്തിനേടുന്നത്‌ എത്രയോ തപസ്സുകൾക്ക്‌ തുല്യമാണെന്നും പറയുന്നു. പഴങ്ങളും ബാലനും ചേർന്നുണ്ടാക്കുന്ന സങ്കൽപചിത്രം ജോർ.
“നിന്റെ ഭാവനയ്ക്കൊത്തു മാത്രമേ എനിക്ക്‌ വളരാനാകൂ”- ദൈവം ആ രഹസ്യം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇവിടെ ചിരകാലമായി നാം അന്വേഷിക്കുന്ന ദൈവത്തെ കണ്ടെത്തിയിരിക്കുന്നു. ഹൃദ്യമായ വരികളിൽ നാടകീയമായി വിശ്വാസയോഗ്യമായി സാധാരണക്കാരന്‌ എത്തുംപിടിയും കിട്ടാത്ത ദൈവത്തെ ഗുരുദേവന്റെ ചിന്താധാരയിൽ നിന്ന്‌ അടർത്തി എടുത്ത്‌  ഹരികുമാർ ആഖ്യാനവിരുതോടെ അവതരിപ്പിക്കുന്നു. നമുക്കൊരു എത്തും പിടിയും കിട്ടാത്ത ദൈവത്തെ അന്വേഷിച്ച്‌ നാം എന്തിനലയണം? സ്വന്തമായി ഒരു വിശ്വാസപ്രമാണം ഉണ്ടാക്കിവയ്ക്കുന്നതല്ലേ നന്ന്‌?
ദൈവം നമ്മുടെ ആവലാതികൾ ചൊവിക്കൊള്ളാത്തതും ദുഃഖവിമുക്തരാക്കാത്തതും എന്തുകൊണ്ട്‌? അതൊക്ക ചെയ്യേണ്ടത്‌ നമ്മൾതന്നെയായതുകൊണ്ടാണ്‌. നാം നമ്മെ അവഗണിച്ചുകൊണ്ട്‌ നിത്യദുഃഖവിമോചനത്തിന്‌ അപേക്ഷയുമായി മറ്റെങ്ങോ പോകുന്നതിന്റെ പരിഹാസ്യത ഗുരുവചനങ്ങളെ സാക്ഷിനിർത്തി അധ്യാപനം ചെയ്യുന്നു.

ഈ നോവലിന്റെ രൂപനിർണ്ണയം നടത്തുന്ന വാക്കുകൾ കഥാകൃത്തിന്റെ ആശയങ്ങളുടെ ബൃഹത്‌ ഭാവമണ്ഡലം പേറാൻ തികച്ചും കരുത്തുള്ളതാണ്‌.  ഭാവത്തിനിണങ്ങുന്ന പ്രൗഢിപോലെ പലപ്പോഴും ലളിതവും ഋജുവുമാവുകയും ചെയ്യുന്നുണ്ട്‌. ദാർശനികദീപ്തമായ പ്രയോഗങ്ങൾ തത്വചിന്താപരമായ ഈ കൃതിക്കിണങ്ങും. കഥാകൃത്ത്‌ ഒരിടത്ത്‌ പറയുന്നു:
“താമരയുടെ ഇതളുകൾ ഏതോ സത്യത്തിന്‌ കാവൽ നിൽക്കുന്നു.” ആത്യന്തിക സത്യത്തെ,  ദൈവത്തെക്കുറിച്ചുള്ള ഏറ്റവും നല്ല കവിതയായി ഇത്‌ തോന്നി. “എല്ലാ നേട്ടങ്ങളുമുണ്ടാക്കിയിട്ട്‌ അതിന്‌ കാവലിരിക്കുക എന്ന വിധിയാണ്‌ മനുഷ്യന്‌. ജീവിതം ഗവേഷണം ചെയ്തു കണ്ടെത്തിയ ഇത്തരം നിസ്സാഹായതകൾ ഈ നോവലിൽ ഉടനീളം കാണാം. “ദൈവികതയുടെ അസംസ്കൃത വസ്തുക്കളാണ്‌ പ്രാണികൾ” എന്നൊക്കെ വെറുമൊരെഴുത്തുകാരന്‌ പറയാനാവില്ല.
ശ്രീനാരായണഗുരു പറഞ്ഞതും പറഞ്ഞതിലെ ധ്വനികളും പറയാത്തതിലെ മൗനങ്ങളും എടുത്ത്‌ അർത്ഥസമ്പുഷ്ഠമാക്കി നിർമ്മിക്കുന്ന സ്വകീയ പാറ്റേൺ ഈ കൃതിയെ ഹരികുമാറിന്റെ സ്വന്തമാക്കുന്നു. നോവൽ അവസാനിക്കുന്നത്‌ നോക്കൂ:
“ഒരു പീഡ എറുമ്പിനും വരുത്തരുത്‌”
ഗുരുവിന്റെ ആത്മസത്ത നോവലവസാനിക്കുമ്പോൾ ഇങ്ങനെ പ്രകാശിച്ചുനിൽക്കുന്നു.
ഈ മൂന്നു നോവലുകളും മലയാള നോവൽസാഹിത്യത്തിന്‌ ആശയപരമായ ഔന്നത്യവും ദാർശനികമായ നായകത്വവും പ്രദാനം ചെയ്യുന്നു. വായന ഗൗരവമായി എടുക്കുന്നവർക്കും പുതിയ പ്രവണതകൾ പഠിക്കാനാഗ്രഹിക്കുന്നവർക്കും വായനയിൽ ഭിന്നരുചി കാംക്ഷിക്കുന്നവർക്കും ഈ നോവലുകൾ മുതൽക്കൂട്ടാണ്‌. മലയാളത്തിന്‌ മറ്റൊരു മൗലികഭാഷ!


ജലഛായ
ശ്രീനാരായണായ 
വാൻഗോഗിന് 

(നോവലുകൾ )

പ്രസാധനം: സുജിലി പബ്ളിക്കേഷൻസ് 
ചാത്തന്നൂർ 
കൊല്ലം 
+919496644666


ഇരവി
സായ്ഹൃദയ്‌
ഉളിയനാട്‌, എൻ.സി.സി. റോഡ്‌
പേരൂർക്കട പി.ഒ.
തിരുവനന്തപുരം
ഫോൺ: 9447704604



മൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ






രമണ മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു: "ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക് ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ് .ചിലരുടെ ശേഖരത്തിൽ നിന്ന് സമീപകാലത്ത് മാത്രം പുറത്തുവന്ന ഗുരുവിൻ്റെ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കാണാനിടയായി.ഗുരു ഉടുത്തിരിക്കുന്നത് ഒരു സാധാരണ വെള്ള മുണ്ടാണ്. യാത്ര ചെയ്ത് ഉലഞ്ഞതിൻ്റെ പാടുകൾ അതിൽ കാണാം. ആ ഫോട്ടോയിൽ യഥാർത്ഥ ഗുരുവിനെ കാണാം. .ഒരു ഫോട്ടോ ചില പ്രമുഖരായ വ്യക്തികളോടൊപ്പമാണ്. അവർ പാൻ്റ്സും കോട്ടും ധരിച്ചതുകൊണ്ട് ഡോക്ടർമാരോ നിയമജ്ഞരോ ആകാനാണ് സാധ്യത. അതോടൊപ്പം സാധാരണക്കാരുമുണ്ട്. മറ്റൊരു ഫോട്ടോയിൽ ഗുരു ഒരു പഴയ ചുമരിനോട് ചേർന്ന് കസേരയിൽ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് കണ്ടത്.

രണ്ടിലും ഗുരുവിന്റെ പ്രായാധിക്യവും  ജ്ഞാനത്താൽ തീക്ഷ്ണമായ കണ്ണുകളും ആത്മീയമായ പരിവ്റാകത്വവും പരിത്യാഗം മനോഭാവവും തെളിഞ്ഞു കാണാം.ഗുരുവിനെ പിൻപറ്റി വന്ന ഒരു സന്യാസിയെന്ന നിലയിൽ അവ്യയാനന്ദ സ്വാമിക്കും ഇതേക്കുറിച്ച് പലതും പറയാനുണ്ടാകും എന്നറിയാം. സ്വാമിയുടെ 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം' എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു.

പാരിജാതത്തിൻ്റെ സന്ധ്യകൾ 

സ്വാമി ഇടവേളകളിൽ നിശ്ശബ്ദതയിലേക്ക് ആണ്ടു പോകാറുണ്ട് .ചിലപ്പോൾ ധ്യാനാത്മകമായ നിശബ്ദതയാകാം. പ്രാർത്ഥനയുടെ അനുരണനങ്ങൾ ഉള്ളിലേക്ക് തന്നെ ചൂഴ്ന്നിറങ്ങുന്നുണ്ടാവാം. പ്രപഞ്ചത്തിന് അനേകം സ്പന്ദനങ്ങളുണ്ട് .അതിൽ എവിടെയോ നമ്മളുമുണ്ട് .സ്വാമിയുടെ നിശ്ശബ്ദതകളിൽ പൊതുവേ  ആരെയും വിളിക്കുകയോ ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. അത് മൗനത്തിനും വാക്കുകളുടെ സംഗീതത്തിനുമിടയിലുള്ള രൂപാന്തരപ്പെടലാണ്. ആ നിശ്ശബ്ദതയിലേക്ക് പ്രവേശനമില്ല .ഞാൻ ചിലപ്പോൾ വിളിക്കാറുണ്ട് .അപ്പോൾ സംഭാഷണങ്ങൾക്ക് ഊർജ്ജം ഉണ്ടാവാറില്ല. ഒരു വിമുഖത അനുഭവപ്പെടും .എഴുതാനോ വായിക്കാനോ തോന്നാത്ത ഒരവസ്ഥയാണത്രേ അത്. ചിലപ്പോൾ ഈ അവസ്ഥ വർഷങ്ങൾ നീണ്ടു പോയേക്കാം.

പഴഞ്ഞി ഗുരുപ്രഭാവാശ്രമത്തിൽ സ്വാമി ചുമതലകൾ നിർവഹിച്ചിരുന്ന കാലത്ത് ഞാൻ വല്ലപ്പോഴും പോകാറുണ്ടായിരുന്നു. അവിടെ നിറഞ്ഞു കായ്ക്കുന്ന പ്ലാവുണ്ടായിരുന്നു. ഞാൻ ചെല്ലുമ്പോഴൊക്കെ സ്വാമി എനിക്ക് രുചികരമായ ചക്കപ്പുഴുക്ക് നൽകി  സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ഊണു കഴിഞ്ഞാൽ ഞങ്ങൾ ക്ഷേത്രത്തിനോട് ചേർന്നുള്ള കൊച്ചു വീട്ടിലാണ് വിശ്രമിക്കുക. അവിടെയാണല്ലോ സ്വാമിയുടെ താമസം. അവിടെ സ്വാമിയുടെ മുറിക്കകത്ത് പുസ്തകങ്ങൾ അടക്കി വച്ചിരുന്നു. അതിലേക്ക് നമ്മൾ നോക്കുന്നത് കണ്ടാൽ സ്വാമി വാചാലനാകാൻ തുടങ്ങും .ശാശ്വതികാനന്ദ സ്വാമി, നിത്യചൈതന്യയതി ,സുകുമാർ അഴീക്കോട് ,സി. രാധാകൃഷ്ണൻ ... സ്വാമി വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും .

ലളിതമായാണ് സംസാരിക്കുക. സംസാരത്തിനിടയിൽ ആസ്വദിക്കുന്ന മട്ടിൽ ചിരിക്കുകയും ചെയ്യും. ആ കൊച്ചു വീടിൻ്റെ മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു .അത് വിശുദ്ധവും സുവർണ്ണവുമായ ഒരു ജീവിതത്തിന്റെ പ്രചീനമായ സാന്നിധ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്. പാരിജാതത്തിൻ്റെ ഇലകൾ മുട്ടിയുരുമ്മുന്ന ശബ്ദത്തിൽ ഗുരുഭാവമോ? അവിടെയാണ് അവ്യയാനന്ദ സ്വാമി സാഹിതീയമായ പ്രസാദസൗഖ്യം അനുഭവിച്ചത്. സന്ധ്യകളിൽ ആ മരത്തിന്റെ കൊമ്പുകളിൽ പറ്റിക്കൂടുന്ന ചെറിയ പക്ഷികൾക്കൊപ്പം രാത്രിയുടെ സംഗീതവും കേൾക്കുന്നുണ്ടാവും. സ്വാമി അതിനെ പദാത്മകമായ അഭിവാഞ്ചകളായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കും.ജീവിതത്തിൽ പദവിയോ ധനമോ മറ്റു ലാഭങ്ങളോ വേണ്ടെന്ന് വെച്ചവർക്ക് പാരിജാതത്തിന്റെ സാന്ത്വനം പ്രധാനമാണ് .ഒരു മരച്ചുട്ടിൽ ഇരുന്നാൽ മതി; ചിലപ്പോൾ ബോധത്തിനടിയിൽ നിന്ന് രഹസ്യങ്ങളുടെ കുമിളകൾ മുകളിലോട്ട് വരാൻ തുടങ്ങും.

ആത്മീയതയിൽ സൗഹൃദം

റോസ് നിറത്തിലുള്ള വേഷം ധരിച്ച ശാശ്വതികാനന്ദ സ്വാമിയാണ് എന്നോട് ശിവഗിരിയിൽ പ്രഭാഷണം ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അത് രണ്ടായിരാമാണ്ടിലാണെന്നു തോന്നുന്നു. ഒരു ദിവസം രാവിലെ അഞ്ചുമണിക്ക് എനിക്ക് ഒരു കോൾ വന്നു.ഞാൻ തൃപ്പൂണിത്തുറയിലാണ് അന്ന് താമസിച്ചിരുന്നത്. ഫോണെടുത്തപ്പോൾ കേട്ടത് ശാശ്വതികാനന്ദ സ്വാമിയുടെ ശബ്ദമാണ്. സ്വാമി എന്നെ ക്ഷണിച്ചു. എന്നാൽ ആ സംഭാഷണം കഴിഞ്ഞ ഉടനെ ശാശ്വതികാനന്ദ സ്വാമി ഫോൺ അവ്യയാനന്ദ സ്വാമിക്ക് കൈമാറി.

ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. സൂക്ഷ്മാനന്ദ സ്വാമിയുടെ ഒരു പുസ്തകത്തെക്കുറിച്ച് ഞാൻ 'കർപ്പൂരം' മാസികയിലെഴുതിയ ഒരു ലേഖനത്തിന്റെ പേര് 'ബദാം മരത്തിൻ്റെ ആത്മീയത' എന്നായിരുന്നു. അത് വായിച്ചിട്ടാണ് സ്വാമി വന്നത്. കേരളകൗമുദി കൊച്ചി ഓഫീസിൽ വന്നപ്പോൾ സ്വാമി, എന്തുകൊണ്ടാണ് ഞാൻ ആ ടൈറ്റിൽ തിരഞ്ഞെടുത്തത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു .എനിക്ക് പറ്റിയ കക്ഷിയാണ് ഈ സ്വാമി എന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. 

പിന്നീട് ഞങ്ങൾ തമ്മിൽ നിരന്തരമായ സ്നേഹഭാഷണം തുടർന്നു. സ്വാമി എൻ്റെ രചനകളോടും പുസ്തകങ്ങളാടും ഒപ്പം സഞ്ചരിച്ചു. എൻ്റെ പംക്തികൾ വായിച്ച് പ്രതികരിച്ചു. ഇതൊക്കെ എനിക്ക് പ്രചോദനമാണ് .എനിക്ക് ആത്മീയമായ ഒരു സുഹൃത്താണ് സ്വാമി ; ആദരവോടെയാണ് ഞാൻ ആ സൗഹൃദത്തെ കാണുന്നത്.

സ്വാമിക്ക് എഴുത്തും വായനയുമില്ലാത്ത ഘട്ടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ഞാൻ ലേഖനങ്ങൾ എഴുതാൻ ആവശ്യപ്പെടാറുണ്ട്. പലപ്പോഴും നിരാശപ്പെടുത്തുന്ന മറുപടിയാണ് ഉണ്ടാവുക .നിശ്ശബ്ദതയെ പ്രേമിച്ച സന്യാസിയാണ് അവ്യയാനന്ദ സ്വാമി.സ്വാമി സപ്തതിയിലെത്തുമ്പോൾ അത് ജീവിതത്തിലെ കാഴ്ചകൾക്കെല്ലാം മനോഹാരിത നൽകുന്നു. പോൾ ബ്രണ്ടൻ ഇങ്ങനെ പറഞ്ഞു :"The deep silence has a melody of its own,a sweetness unknown amid the harsh discords of the world's sounds."ഈ ലോകത്തിലെ അസുഖകരമായ അപസ്വരങ്ങൾക്കിടയിൽ അറിയപ്പെടാത്ത ഒരു മാധുര്യമാണ്, തനിമയാർന്ന ഒരു രാഗഭാവമുള്ള അഗാധനിശ്ശബ്ദത." 

ആരോടും ഒന്നും പറയാതെ ജീവിച്ചവരുണ്ടായിരുന്നു, ചരിത്രത്തിൽ.  മഹാനായ ജർമ്മൻ ചിന്തകൻ ഫ്രെഡറിക് നിഷെ പത്തു വർഷക്കാലം ആരോടും സംസാരിക്കാതെ ഒഴിഞ്ഞുമാറി ജീവിച്ചു. ഇക്കാലത്ത് രോഗം വന്നപ്പോൾ ഡോക്ടർമാരെ കാണാനും അദ്ദേഹത്തിനു മടിയായിരുന്നു. മനുഷ്യനെ അദ്ദേഹം വെറുക്കുകയാണ് ചെയ്തത്.ഇവിടെ അവ്യയാനന്ദ സ്വാമി മനുഷ്യനെ വെറുക്കുന്നില്ല. പകരം  പ്രാർത്ഥനയിലും ഏകാന്തമനനത്തിലും മുഴുകുകയാണ് .

പ്രഭാതങ്ങളോട് പ്രേമം

ഏതാനും മാസങ്ങൾക്കു മുൻപ് ഞാൻ സ്വാമിയുടെ ആത്മകഥയെക്കുറിച്ച് ഒരു  റിവ്യൂ എഴുതിയിരുന്നു, ഇംപ്രസിയോ ഡോട് കോമിൽ. സ്വാമിക്ക് അത് വളരെ ഇഷ്ടപ്പെട്ടതായി പറഞ്ഞു.എന്തുകൊണ്ടെന്ന് അറിയില്ല, അധികം താമസിക്കാതെ സ്വാമി ലേഖനങ്ങൾ വീണ്ടും എഴുതാൻ തുടങ്ങി. മനസ്സിനെ മൂടിയിരുന്ന കറുത്ത പുറംതോടുകൾ പൊട്ടി സൂര്യന്റെ യഥാർത്ഥ കിരണങ്ങൾ പ്രവേശിച്ചു .പ്രഭാതങ്ങളെക്കുറിച്ച് എഴുതിയ വരികൾ മനഃപാഠമാക്കുന്ന സ്വാമി ഒരു പുലർകാലപ്രേമിയാണ്. ദിവസത്തിൻ്റെ ശുഭപ്രതീക്ഷയാണ് ഉദയ സൂര്യൻ. ആ സൂര്യനിൽ വിശ്വസിക്കുക. എല്ലാ സൗന്ദര്യവും അവിടെയാണ്. ആ ഒഴുക്കിൽ സ്വാമി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം.'

ദൈവപ്രസാദത്തെ വിട്ട് സ്വാമി എഴുതുകയോ ഗ്രന്ഥനാമങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല . 'മൗനനിലയത്തിൽ മൊഴിയഴകിന്റെ ദേവത' എന്ന ലേഖനത്തിൽ (ശിവഗിരി നമ്മുടെ പുണ്യതീർത്ഥം) സ്വാമി ഇങ്ങനെ എഴുതുന്നു: " മുനിമാരുടെ തലയിലെഴുന്നള്ളി മൂളുന്നത് നീയാണ്. അറിവിൻ്റെ നിശ്ശബ്മധുരമായ മുഴക്കമാണത്. അത് വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും ചിറകൊച്ചയാണ്. പനിയുണ്ടിടും കൃമി - ഈർപ്പം തിന്നു ജീവിക്കുന്ന കൃമി -തുടങ്ങി എല്ലാം നിൻ്റെ ഇനമാണ്. സർവ്വത്തിലും മൗനനില പൂണ്ടിരുന്നു മുഴങ്ങുന്ന മൊഴി നീയാണ്. മഹേശ്വരനും മുനിമാർ തൊട്ട് കൃമിവരെയുള്ള എല്ലാം ഏകമായ നീയാണ് എന്ന അറിവ് എനിക്ക് തന്ന് നീ നിലകൊണ്ടാലും. ഇടയിലിരുന്ന് കാണുന്ന ജനനത്തിനും മരണത്തിനും മധ്യേ പൊടി(മണ്ണ്)കൊണ്ട് നിർമ്മിതമായ ഈ ഉടലിനു തടവില്ല. അതിൻ്റെ നാശം തടുത്തു നിർത്താൻ ആവില്ല എന്ന്. അതുകൊണ്ട് നിൻ്റെ നാശമില്ലാത്ത ,നിത്യമായ, നിരാമയമായ ഉടലെനിക്ക് തരിക. അറിവിന് നാശമില്ല. അതാണ്  ജീവിതത്തെ രചിക്കുന്നതും പരിണമിപ്പിക്കുന്നതും മാറ്റത്തിൻ്റെ അനശ്വരതയിലേക്ക് അതിനെ നയിച്ചുകൊണ്ടിരിക്കുന്നതും .അതിനു ഉടൽ ഉണ്ടോ ?ഉണ്ടെങ്കിലെങ്ങനെ ?ഗുരുദേവൻ അതൊന്നും പറയുന്നില്ല. "

ഗുരുവിൻ്റെ ചിന്തകളെ ഇത്രയും ഹൃദ്യമായി ,ലളിതമായി വ്യാഖ്യാനിക്കാനുള്ള കഴിവ് ശ്രദ്ധേയമാണ്. ഏതൊരു സാധാരണ വായനക്കാരനും ഇത് പ്രചോദനവും മാർഗദർശനവുമാണ്. സ്വാമി സ്വയം വ്യാഖ്യാനിച്ചു ബോധ്യപ്പെടുന്നതാണ് എഴുതുന്നത് .ആ സത്യസന്ധത പ്രധാനമാണ് .ഗുരുവിൻ്റെ വാക്കുകളുടെയിടയിലെ മൗനങ്ങളെ നല്ലപോലെ മനനം ചെയ്യുകയാണിവിടെ .ഇത് അവ്യയാനന്ദ സ്വാമിയുടെ രചനകളുടെ ഒരു പ്രതിനിധാനമായി കാണാവുന്നതാണ് .ആനുകാലികങ്ങൾ വായിക്കുന്ന, എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് സ്വാമി. സ്വാമിക്ക് സാഹിത്യത്തിൽ കാഴ്ചപ്പാടുണ്ട്. ഏത് ചവറും സ്വാമി വായിക്കുകയില്ല. ഉൽകൃഷ്ടമായ  ആശയങ്ങളുള്ളവരെ ശ്രദ്ധിക്കുകയും  നിരീക്ഷിക്കുകക്കുകയും ചെയ്യും.

ഇന്ന് ശിവഗിരിയിൽ പുസ്തകങ്ങളെ പ്രേമിക്കുന്ന ,ആശയങ്ങളിൽ  ജീവിക്കുന്ന സന്യാസിമാരുണ്ട്. സച്ചിദാനന്ദ സ്വാമിയുടെ പ്രൗഢമായ ലേഖനങ്ങൾ ,വിശേഷിച്ച് 'ഗുരുസ്തവവായന'യും മറ്റും, മഹത്തരമാണ് .സ്വാമിക്ക് എപ്പോഴും എഴുതാൻ കഴിയും. ഒരു വിചാര ജീവിയുടെ ലക്ഷണമാണിത്.ശുഭാംഗാനന്ദ സ്വാമിയുടെ പ്രസംഗങ്ങൾ കേൾക്കാതിരിക്കാതാവില്ല. എറണാകുളത്ത് സഹോദരൻ സൗധത്തിൽ ,അവ്യയാനന്ദ സ്വാമിയുടെ ദൈവദശകം വ്യാഖ്യാനത്തിൻ്റെ പുതിയ പതിപ്പ് പ്രകാശിപ്പിക്കുന്ന ചടങ്ങിലാണ് ഞാൻ ഒടുവിൽ സ്വാമിയോടൊപ്പം പ്രസംഗിച്ചത്. അന്ന് സ്വാമിയുടെ പ്രസംഗം പതിവുപോലെ ഉഗ്രമായി.ആശയങ്ങൾ അടുക്കോടെ ഒഴുകി വന്നു. ഗുരുവിൻ്റെ തത്ത്വങ്ങളിലധിഷ്ഠിതമായ ദൈവികതയും മതേതരത്വവും എല്ലാ പ്രസംഗങ്ങളിലും തുടിച്ചു നിൽക്കും. സൂക്ഷ്മാനന്ദ സ്വാമിയുടെ പുതിയ പുസ്തകം What We are All About പുറത്തിറങ്ങിയിട്ട് അധികകാലമായില്ല. ഈ സന്യാസസംഘമാണ് അവ്യയാനന്ദ സ്വാമിക്ക് കൂട്ടായിട്ടുള്ളത്. സ്വാമിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ഇപ്പോൾ ശിവഗിരിയുടെ താഴ്വരയിൽ ഭദ്രമാണ്.

സ്വാമി ഇനിയും എഴുതണം .ആത്മീയമായ സാഹോദര്യത്തെക്കുറിച്ചും മതങ്ങൾക്കപ്പുറത്തുള്ള ദൈവികതയെക്കുറിച്ചും സ്വാമിക്ക് എഴുതാനുണ്ടെന്നറിയാം. നമ്മുടെ നാട് ഇപ്പോഴും അപരിഷ്കൃതമായ ആത്മീയാചാരങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ ഒരു ആഗോള ഏകാത്മക സമന്വയത്തിൻ്റെ പ്രസക്തി എത്രയോ വലുതാണ്.

പിതൃപുരുഷബീജാങ്കുരങ്ങളുടെ യാത്രയ്ക്ക് നന്ദി /എം.കെ.ഹരികുമാർ

 





  • എല്ലാ മഹാന്മാരായ ചിന്തകന്മാരും മതപ്രബോധകന്മാരും മനുഷ്യൻ്റെ
    നടപ്പാതയ്ക്ക് മുന്നിൽ ഒരു പുതിയ സ്വപ്നം കണ്ടു .സമ്പൂർണമായ ഒരു മനുഷ്യഭാവത്തിനായി അവർ സ്വയം പരിതപിച്ചു. വിമർശനങ്ങൾക്ക് കണക്കില്ല. എല്ലാ വിമർശനങ്ങളും  തന്നിലേക്ക് തന്നെയാണ് തിരിച്ചുവരുന്നതെന്ന് അറിയാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാവില്ല.എന്നാൽ സ്വന്തം തെറ്റുകളെ ആത്മാർത്ഥമായി വിലയിരുത്തുന്ന നിമിഷം എന്നാണ് വരുക ?ശുദ്ധമായ ഒരാത്മവിമലീകരണം ഉണ്ടാവുമോ ?മതങ്ങളുടെയോ പൗരോഹിത്യത്തിൻ്റെയോ പശ്ചാത്തലത്തിൽ ഒരു ആത്മതാപവിചാരണ എന്നുണ്ടാകും? . ചെയ്ത ദ്രോഹങ്ങളുടെ ആഴവും പരപ്പും തിരിച്ചറിഞ്ഞ് ആത്മശുദ്ധത നേടാനാകുമോ ?ഷേക്സ്പിയറിൻ്റെ നാടകത്തിൽ പറയുന്നു: The fault ,dear Brutus,is not in our stars,but in ourselves .നക്ഷത്രങ്ങളെ പഴിക്കേണ്ട.  തെറ്റുകളുടെ ഉത്തരവാദിത്തം നമ്മളിൽ തന്നെയാണ്. തെറ്റുകളുടെ പ്രഭവകേന്ദ്രം തന്നെ നമ്മളായിരിക്കെ ആരോടു പരാതി പറയും ?.വലിയ സേവനവും ത്യാഗവും ചെയ്യുന്നവരിൽ പോലും അഹന്തയും ദുരഭിമാനവും ഹിംസാവാസനയും നിലനിൽക്കുകയാണ്. തീർത്തും നിസ്വനായ ഒരു പരിവ്റാജകനെ  സങ്കൽപ്പിക്കേണ്ടതുണ്ട്. സ്വന്തം ആത്മാവിൽ അഗ്നിയുമായി ശാശ്വതമായ സത്യത്തെ തേടി നടന്ന ഗുരു ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് നാം യാതൊരു പ്രാണികൾക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികൾ ചെയ്തു സന്മാർഗികളായി ശുദ്ധോപചാരങ്ങളോടുകൂടി ശുദ്ധദൈവങ്ങളെ ഭജിച്ചു പ്രസാദിപ്പിക്കണം. അപ്പോൾ ഇവരുടെ അനുഗ്രഹംകൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹിക ഭോഗങ്ങൾ സകലവും ന്യായമായി അനുഭവിച്ച് തൃപ്തി വന്ന്  ഭോഗങ്ങളിൽ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു."

    നല്ല മനുഷ്യനായാൽ സ്വന്തം പാപശ്രംഖലയിൽ നിന്ന് മോചിതനാകാമെന്നാണ് ഗുരു ഉപദേശിക്കുന്നത് .നാം ശുദ്ധരായാലേ  ശുദ്ധദൈവങ്ങളെ ലഭിക്കൂ എന്നു ഗുരു എഴുതിയിരിക്കുന്നു.നമ്മുടെ പ്രാർത്ഥനയിൽ നല്ല ചിന്തയും മൂല്യവും ഉണ്ടാകണമെങ്കിൽ പ്രവൃത്തിയിലും അത് പ്രതിഫലിച്ചിരിക്കണം .സ്വന്തമെന്നു കരുതുന്നതെല്ലാം അഴിഞ്ഞു പോകാനുള്ളതാണ്. സ്വന്തത്തെക്കുറിച്ചുള്ള മിഥ്യാധാരണകളിൽ നിന്നു ഇടയ്ക്കെങ്കിലും വിമോചനം ആവശ്യമാണ്. അപ്പോൾ എന്താണ് യഥാർത്ഥ 'ഞാൻ' എന്നു ചിന്തിക്കാൻ കഴിയും .എല്ലാ പൊങ്ങച്ചങ്ങളും  അവകാശവാദങ്ങളും മിഥ്യയാണെന്നു മനസ്സിലാക്കാൻ അവസരമുണ്ടാകണമെങ്കിൽ അനാവശ്യമായത് ഉപേക്ഷിക്കാൻ സ്വയം പരിശീലിക്കണം. നമുക്ക് ആവശ്യമില്ലാത്തത് സ്വന്തമാക്കാനുള്ള വെമ്പൽ എവിടെയും പ്രകടമായിരിക്കയാണ്. 

    ഒരു ക്രൂര മൃഗമാവരുത്

    "നാശോന്മുഖമായ ഒരു സാഹചര്യമാണിത്. ഭോഗങ്ങളിൽ വൈരാഗ്യമുണ്ടാകുമ്പോൾ ബ്രഹ്മജ്ഞാനികളാകുന്നു" എന്നു ഗുരു പറയുന്നത് ശ്രദ്ധിച്ചു നോക്കിയാൽ അത് സത്യത്തെ തേടുന്ന മനസ്സിന്റെ ഒരു വഴിയാണെന്ന് ബോധ്യപ്പെടും." ബ്രഹ്മജ്ഞാനമെന്നാൽ  സത്യജ്ഞാനമാണ്. കളവിൽ നിന്നു  നമ്മെ തന്നെ മോചിപ്പിക്കണം. എന്തുകൊണ്ടാണ് കളവ് ആവശ്യമായി വരുന്നത്?. കളവ് കൈവശമുണ്ടെങ്കിൽ ഭൗതികജീവിതത്തിൽ രഹസ്യമായി വിജയിക്കാം എന്ന ചിന്തയാണിത് .എല്ലാ വ്യാജത്വത്തെയും  മനുഷ്യൻ കൂട്ടുപിടിക്കുന്നത് ജീവിതാസക്തി മൂലമാണ്. ജീവിതാസക്തി എന്നാൽ ക്രൂരമായ ഒരു നായാട്ടാണ്. മുന്നിൽ വരുന്നതിനെ യെല്ലാം തിന്നു മുന്നേറുന്ന ക്രൂരമൃഗങ്ങളുടെ സ്വഭാവം അതിൽ  അന്തർഭവിച്ചിരിക്കുന്നു. സ്വതന്ത്രനാവുക എന്ന മോഹം അവിടെയില്ല. ക്രൂരവും നാശോന്മുഖവുമായ ചിന്തകൾ കൊണ്ട് സ്വാതന്ത്ര്യത്തെ ഭയചകിതമാക്കുകയാണവിടെ. സ്വതന്ത്രനാകുന്നതിനു പകരം എല്ലാറ്റിന്റെയും പ്രലോഭനങ്ങൾക്ക് അടിമപ്പെടുന്നു .അങ്ങനെ സത്യം മറന്നു പോകുന്നു.ഗുരു പറയുന്നത്, ഇത് തിരുത്തി സത്യത്തെ തെളിച്ചെടുക്കണമെന്നാണ്. അതിനു ദ്രോഹചിന്തകൾ ഉപേക്ഷിക്കണം.

    ഇന്നത്തെ മനുഷ്യരുടെ കാതുകളിൽ ഇത് പ്രവേശിക്കുമോ? ദ്രോഹിക്കാൻ എത്ര ഉത്സാഹമാണ്. രണ്ടുപേർക്കു യാത്ര ചെയ്യാവുന്ന സർക്കാർ ബസിൽ പോലും സമാധാനത്തോടെ, അമിത അഹന്തയില്ലാതെ ഇരുന്ന് യാത്ര ചെയ്യാൻ പോലും കഴിയാത്തവരാണ് അധികവും. സ്വന്തം ആവശ്യം നിറവേറിയാലും അതിൽ സംതൃപ്തി നേടാൻ കഴിയുന്നില്ല. അന്യനെ എങ്ങനെ വെറുക്കാമെന്നാണ് ആലോചിക്കുന്നത് .എന്തൊരു ഗതികേടാണ്!. ഇങ്ങനെയുള്ളവർക്ക് ശുദ്ധദൈവത്തെ ശുദ്ധമനസ്സോടെ സമീപിക്കാനാവില്ല. അവർ ദൈവങ്ങളെ തങ്ങളുടെ ദുരാഗ്രഹങ്ങൾകൊണ്ട് ചീത്തയാക്കി കൊണ്ടിരിക്കും.അങ്ങനെ അവർ തന്നെ ബന്ധിതരും സത്യത്തോട് വിമുഖതയുള്ളവരുമായിരിക്കും. ജ്ഞാനം കൊണ്ട് മാത്രമേ സ്വാതന്ത്യം ലഭിക്കൂ.അതാണ് ഗുരു ഭോഗത്തിൽ വൈരാഗ്യമുണ്ടാവണമെന്ന് പറഞ്ഞത്. 

    അമിത സുഖാസക്തി വേണ്ട 

    ഭോഗം എന്നാൽ ലൈംഗികസുഖം എന്നു പരിമിതപ്പെടുത്തേണ്ട. ഭോഗം  അമിതമായ ആഗ്രഹങ്ങളോടുള്ള ആസക്തിയാണ്. സുഖം തേടാനുള്ള അത്യുൽസാഹമാണ്. അത് നമ്മെ മറ്റുള്ളവരിൽ നിന്നകറ്റും. സ്വന്തം സുഖം  മാത്രമല്ല ലോകം. മറ്റുള്ളവരുടെയും  സുഖം പ്രധാനമാണ്. നമ്മുടെ സുഖാസക്തി ലഘൂകരിച്ചിട്ട് നോക്കിയാൽ മറ്റുള്ളവരുടെ ജീവിതക്ളേശം ബോധ്യമാകും. അതും  ജ്ഞാനമാണ്. ജീവിതത്തെക്കുറിച്ചുള്ള അറിവ് അപ്പോൾ വർദ്ധിക്കും. അത് നമ്മെ കൂടുതൽ സത്യം കാണാൻ പ്രേരിപ്പിക്കും. അങ്ങനെ നമ്മൾ സ്വതന്ത്രരാകും. അപ്പോഴാണ് ബ്രഹ്മജ്ഞാനത്തിലേക്ക് പ്രവേശിക്കാനാവുന്നത്.

    ബ്രഹ്മം നമ്മുടെ ഓരോ നിമിഷത്തിലും, സ്പന്ദനത്തിലും ,കാഴ്ചയിലും അനുഭവത്തിലുമുണ്ട് .പക്ഷേ, ഒരു നിഴൽ കൊണ്ട് മറച്ചിരിക്കുകയാണ്. ആ നിഴലിനെ മാറ്റണമെങ്കിൽ നമ്മുടെയുള്ളിൽ ശുദ്ധദൈവങ്ങൾ കണ്ണു തുറക്കണം. അശുദ്ധ വാസനകളാൽ നാം ദൈവങ്ങളുടെ കണ്ണ് കെട്ടിയിരിക്കുന്നത് കൊണ്ട് അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല. നമ്മളിലെ ഉന്നതമായ നവമാനവചേതന താഴെ വീണു കിടക്കുമ്പോൾ തെറ്റുകളിലേക്ക് തന്നെ സഞ്ചരിക്കാതെ നിർത്തിയില്ലല്ലോ. "കയ്യിലിരിക്കുന്ന കൽപ്പക വൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ചു വിഷം കൊണ്ടു മരിക്കുന്നു" എന്ന്  ഗുരു പറയുന്നത് ശ്രദ്ധിക്കണം. നമ്മൾ നമ്മളിലുള്ള ശുദ്ധാത്മകതയെ കളഞ്ഞതിന്റെ ഫലമായി കയ്പേറിയ അനുഭവങ്ങളെ തന്നെ പിൻപറ്റേണ്ടി വരുന്നു. അതിൻ്റെ അറിവിലാണ്  ഷേക്സ്പിയറിൻ്റെ നാടകത്തിൽ ഇങ്ങനെ കാണുന്നത്:
    "Hell is empty and all the devil's are here"." നരകത്തിൽ ആരുമില്ല. അവിടെയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പിശാചുക്കൾ ഇവിടെത്തന്നെയുണ്ട്. എത്രയോ ഉദാത്തമായി ജീവിക്കാൻ, ചിന്തിക്കാൻ അവസരം കിട്ടിയിട്ടും  അതെല്ലാം തല്ലിക്കൊഴിച്ച പിശാച് തന്നെയല്ലേ മനുഷ്യൻ ?മനുഷ്യനു മനുഷ്യത്വമില്ല. ഒരു പശുവിനു പശു ത്വവും പൂച്ചയ്ക്ക് പൂച്ചത്വവുമുണ്ട്.  പശു ഇറച്ചി കഴിക്കില്ല ;എന്തെന്നാൽ അതിന്റെ സ്വഭാവത്തിൽ പശുത്വമാണുള്ളത്. അതിൻ്റെ സ്വഭാവത്തിൽ നിന്ന് അത് വ്യതിചലിക്കുകയില്ല .എന്നാൽ മനുഷ്യനോ?. അവനു സ്വഭാവം തന്നെയില്ല. അവൻ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. അവനു ഒരു നിശ്ചിത പ്രകൃതിയോ പ്രകൃതമോ ഇല്ല .അവൻ എങ്ങനെയും പ്രവർത്തിക്കും. എല്ലാ ജീവികളിൽ നിന്നും വ്യത്യസ്തനായ മനുഷ്യനു  മനുഷ്യത്വം എന്ന ഗുണമില്ല. ഇതാണ് അവന്റെ ദുരന്തം .

    മനുഷ്യൻ മനുഷ്യത്വത്തെ ചിന്തയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതിൻ്റെ ബലത്തിൽ അവൻ മനുഷ്യത്വമുള്ളവനാണെന്നു തെറ്റിദ്ധരിക്കുന്നു ."പുത്രന് തള്ളയുടെ സ്തനത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അത് ഒരിക്കലും വരുന്നതല്ല" - ഗുരു പറയുന്നു.മനുഷ്യത്വത്തെക്കുറിച്ച് സൂചന നൽകുകയാണ്. അമ്മയുടെ പാൽ കുടിക്കാനേ നമുക്ക് അവകാശമുള്ളു. അമ്മയെ കൊന്നു മാംസം ഭക്ഷിക്കാൻ അനുവാദമില്ല .ഈ മനുഷ്യത്വമാണ് നാം മനസ്സിലാക്കേണ്ടത് .എന്നാൽ മനുഷ്യർ ചെയ്യുന്നതെന്താണ് ?

    സ്നേഹത്തിനു മുന്നിൽ അവർ തലകുനിക്കും

    ആരോടും ബന്ധമോ സ്നേഹമോ ഇല്ലാത്ത ഏകാന്തജീവികളായി അവർ മാറിയിരിക്കുന്നു. സാർവത്രികമായ തിന്മയുടെ ആധിക്യത്തിൽ നിന്ന് രക്ഷനേടാനാണ് മനസ്സിൽ സ്നേഹമുണ്ടാകണമെന്നു മഹാഗുരുക്കന്മാർ ഉദ്ബോധിപ്പിച്ചത്. സ്നേഹം പ്രകൃതിയിലും ജീവികളിലുമുണ്ട്. ജീവികൾ തമ്മിൽ പോലും അത് പ്രകടമാണ്.ഒരു കാക്കയ്ക്ക് ,പൂച്ചയ്ക്ക് സ്നേഹം മനസിലാകും. സ്നേഹമുള്ളിടത്ത് അവർ തലകുനിക്കുന്നു. സ്നേഹം തങ്ങളെ സാർത്ഥകമായി  ബന്ധിപ്പിക്കുന്നതായി ആ ജീവികൾ ഉൾക്കൊള്ളുന്നു .എന്നാൽ മനുഷ്യർക്ക് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കേണ്ടി വരുന്നു. സ്നേഹം മഹത്താണെന്ന് കവികൾ എഴുതേണ്ടി വരുന്നു .കവികൾ എഴുതിയത് വായിക്കാതെ തന്നെ നമുക്ക് സ്നേഹം എന്താണെന്ന് തോന്നേണ്ടതല്ലേ?

    There are a thousand ways to kneel and kiss the  ground; there are a thousand ways to go home again എന്നു ജലാലുദ്ദീൻ റൂമി എഴുതുന്നു. ഈ മണ്ണിൽ മുട്ടുകുത്തി ചുംബിക്കാൻ നമുക്ക് വഴികളുണ്ട്. വീട്ടിലേക്ക് തിരികെ ചെല്ലാൻ ഒരായിരം വഴികളുണ്ട് .എന്താണിതിൻ്റെ  അർത്ഥം? ഈ ലോകത്തിൻ്റെ അനേകമനേകം ഗുരുസാന്നിധ്യങ്ങൾക്ക് ചെവിയോർക്കുകയേ വേണ്ടൂ നമുക്ക് മുട്ടുകുത്താനാവും .പ്രപഞ്ചം നമ്മെ സൃഷ്ടിക്കാൻ എത്ര നൂറ്റാണ്ടുകളെടുത്തു? എത്രയോ  പൂർവ്വപിതാക്കന്മാരിലൂടെ കൈമാറി വന്ന ബീജാങ്കുരങ്ങളാണ് നമ്മളിലേക്ക് എത്തിയത്? ഏതെല്ലാം കാലഘട്ടങ്ങളിലെ പ്രകൃതിക്ഷോഭത്തിലും യുദ്ധത്തിലും നാശത്തിലും നമ്മുടെ പൂർവികർ ഇല്ലാതായി പോകേണ്ടതായിരുന്നു, നമ്മെ ജനിപ്പിക്കുന്നതിനു ആധാരമായ പിതൃപുരുഷബീജാങ്കുരങ്ങളെ അതിജീവിക്കാൻ അനുവദിക്കാത്ത വിധം .

    പ്രകൃതി നല്കിയ അർഹത 

    എത്രയോ അതിജീവനത്തിന്റെ കഥകളാണ് നമ്മൾ ജനിപ്പിച്ച ബീജത്തിന്റെ യാത്രയ്ക്ക് പറയാനുള്ളത് !.നമ്മൾ ജനിച്ചത് പിതാവിന്റെ ബീജവും മാതാവിൻ്റെ അണ്ഡവുമാണല്ലോ കൊണ്ടാണല്ലോ. എന്നാൽ അത് അങ്ങനെ തന്നെ ഭദ്രമായി നിലനിന്നതിനു പ്രകൃതിയിൽ നൂറു നൂറു കാരണങ്ങളുണ്ട്. നാം എങ്ങനെ അതിജീവിക്കപ്പെട്ടു? കോടിക്കണക്കിനു വർഷങ്ങളുടെ അതിജീവനത്തിന്റെ കഥയാണത്. അവിടെ നമ്മുടെ സ്വന്തം പരിശുദ്ധിയും അർഹതയും തിരിച്ചറിയണം.പ്രകൃതി നൽകിയ ആ അർഹതയ്ക്ക് നാം എന്ത് പ്രതിഫലമായി കൊടുത്തു എന്നു ചിന്തിക്കണം .പ്രപഞ്ചത്തിന്റെ സാരസ്വതമായ സത്യത്തിൻ്റെയും സ്നേഹത്തിന്റെയും നൂലുകളിൽ നാം എന്നെങ്കിലും കോർത്തെടുക്കപ്പെട്ടുവോ ? അതിനായി നാം പരിശ്രമിച്ചോ? നമ്മെ പ്രതീക്ഷിച്ചയോടെ നോക്കിയ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും നാം എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ ? എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോയത്? നാം ക്രൂരവും അന്ധവുമായ ഒരു നായാട്ടിൽ പങ്കെടുക്കുകയായിരുന്നു.നമ്മുടെ സഹജീവികളുടെയും പ്രകൃതിയുടെ തന്നെയും മാംസളമായ  അനുഭവങ്ങളെ ആർത്തിയോടെ ഭക്ഷിച്ചു തീർക്കുകയെന്ന ഭ്രാന്തായിരുന്നു അത് .അവിടെയാണ് ഗുരു പറയുന്നത്, ഭോഗങ്ങളിൽ വൈരാഗ്യമുണ്ടാവണമെന്ന്. ആ വൈരാഗ്യം വളരെ അർത്ഥസാന്ദ്രമാണ്. അത് നമ്മെ ചിന്തിപ്പിക്കും. നമ്മുടെ  അതിജീവനത്തിന്റെയും അതിനു പകരമായി കൊടുക്കേണ്ട നന്ദിയുടെയും പ്രാർത്ഥനയുടെയും  തലമാണത്. അതാണ് ഗുരു 'പിണ്ഡനന്ദി'യിൽ വിവരിക്കുന്നത് .നമുക്ക് തലകുനിക്കാൻ ആയിരം വഴികളുണ്ട്. നമ്മുടെ തന്നെ വീടുകളിലേക്ക്, മാതൃഗേഹലേക്ക്, സത്യത്തിലേക്ക് തിരിച്ചെത്താൻ അനേകം വഴികൾ ഇനിയും അവശേഷിക്കുന്നു. അശുദ്ധ ദൈവങ്ങളല്ല ,ശുദ്ധദൈവങ്ങളാണ് വേണ്ടത്.

Tuesday, December 31, 2024

എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം

 

 a

എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി സമ്മാനിക്കുന്നു. 'ശ്രീനാരായണായ' എന്ന നോവലിനാണ് പുരസ്കാരം .ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട കൃതികളിൽ ഏറ്റവും സർഗാത്മകമായ നോവലാണ് ശ്രീനാരായണായ എന്നു സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു



 

a
shubhamgananda swami , m k harikumar, avyayananda swami at siagiri mutt



കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -4 / എം.കെ.ഹരികുമാർ

 




ഗുരുവിൻ്റെ ദൈവസങ്കല്പം മനസ്സിലാക്കിയാലേ 'കുണ്ഡലിനിപ്പാട്ടി'ലെ പ്രാർത്ഥന ഏതുദിശയിലേക്കാണെന്നു വ്യക്തമാവുകയുള്ളൂ. ഗുരുവിൻ്റെ ദൈവം ഒരു പ്രത്യക്ഷമൂർത്തിയല്ല,ഒരു നാമധാരിയല്ല, വിഗ്രഹമല്ല.അത് സൗന്ദര്യാത്മകമാണ്. സൗന്ദര്യാത്മകമായത് എന്നാൽ  വൈകാരികവും മാനസികവുമായ അഭിരുചികളെ, ഐന്ദ്രിയാനുഭവങ്ങളെ തൃപ്തിപ്പെടുത്തുന്നത് എന്നാണ് അർത്ഥം. ഒരു പൂവ് കണ്ടു നാം സന്തോഷിക്കുന്നുണ്ടെങ്കിൽ അത് സൗന്ദര്യാത്മകമാണ് .അതിൻ്റെയർത്ഥം അത് എല്ലാവർക്കും സന്തോഷം നൽകും എന്നല്ല. അതിൽ  സന്തോഷിക്കാനുള്ളത് കൃത്യമായി നിക്ഷേപിച്ചിരിക്കുന്നു എന്നർത്ഥമില്ല .നാം അതു കാണുന്നതുകൊണ്ട് സന്തോഷമുണ്ട്. അത് കാണാത്തിടത്തോളം  സന്തോഷമില്ല .കാണുന്നതുകൊണ്ട് സന്തോഷമുണ്ടാകുന്നത് നമ്മുടെ അവസ്ഥയാണ്. നമുക്ക് മാത്രമുള്ള അവസ്ഥയാണ്. നാം കാണേണ്ടതുപോലെ കാണുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത് .ആ സിദ്ധി കടം കൊള്ളുന്നതല്ല .അറിവിനും മാനസികാവസ്ഥയ്ക്കും അനുസരിച്ചുണ്ടാകുന്നതാണ്.ഇതാകട്ടെ എല്ലാകാലത്തും ഒരുപോലെയല്ല. പതിനാറു വയസ്സിൽ നാം എന്തിനെയാണോ ഇഷ്ടപ്പെട്ടത് അത് അമ്പതാം വയസ്സിൽ അങ്ങനെ തന്നെ തുടരണമെന്നില്ല. നമ്മുടെ ബോധനിലവാരം അനുസരിച്ച് മാറുകയാണ്. ബോധനിലവാരം മാറാൻ വിധിക്കപ്പെട്ടവരാണ് നാം. നമുക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. 

ഭാവിയിൽ എന്തു സംഭവിക്കുമെന്നു അറിയില്ല. നമ്മെക്കുറിച്ച് നമുക്ക് വലിയ വിവരമില്ല .അതുകൊണ്ടാണ് ഗുരു 
"നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്കിൽ നീ"

ദൈവം ഭാവിയാണ് 

ഇതിൽ 'നീ ഭാവിയാണ്' എന്ന സന്ദേശം വ്യക്തമായി നൽകിയിരിക്കുന്നു. ദൈവം ഭാവിയാണ്. ഭാവിയിൽ എന്താണുള്ളതെന്നു നമുക്ക് അറിയില്ലല്ലോ. അത് ഇരുളടഞ്ഞ ലോകമാണ്. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അവിടേക്ക് പ്രവേശനമില്ല.ഇന്ദ്രിയങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങൾ ഈ ഭൂമിയിലുണ്ട് .അവിടെ കയറാൻ ശാസ്ത്രം വളർന്നിട്ടില്ല. അത് അപ്രകാശിതമായ ഇടമാണ്. അത് നമ്മുടെ മേഖലയല്ല .അത് ദൈവത്തിൻ്റേതാണെന്നു പറയാം. ദൈവം എന്നാൽ ഒരു പേരിട്ടു വിളിക്കണമെന്നില്ല. വിളിച്ചാലും കുഴപ്പമില്ല .അത് അപ്രകാശിതമായ ഒരു ലോകമാണ് .ആ ഭാഗം ദൈവത്തിൻ്റേതാണ്. എന്നു പറഞ്ഞാൽ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്തത് എന്നാണർത്ഥം. ആ ഭാഗത്തെ നമുക്ക് എങ്ങനെ ഗുണകരമാക്കാമെന്നു ചിന്തിക്കുന്നത് നല്ലതാണ് .

ഈ ദൈവവുമായുള്ള നമ്മുടെ ബന്ധം പ്രതിപ്രവർത്തനം പോലെയാണ് .നാം എങ്ങനെ ചിന്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ ദൈവം രൂപപ്പെടുന്നത്. നാം ചോര പുരണ്ട കൈകൾ കൊണ്ട് പ്രാർത്ഥിച്ചാൽ ദൈവം അതിനു ചേരുന്ന വിധത്തിൽ പ്രവർത്തിക്കും .പ്രാർത്ഥന ഏതു പ്രകാരമാണോ അപ്രകാരമായിരിക്കും പ്രതികരണം. നാം ക്രൂരതയും പാപവുമാണ് പ്രാർത്ഥിക്കുമ്പോൾ മനസിൽ സൂക്ഷിക്കുന്നതെങ്കിൽ നമ്മുടെ ദൈവത്തിനു അത് ഇഷ്ടപ്പെടാനേ കഴിയൂ. കാരണം ,നാം അതാണ് ദൈവത്തിനു കൊടുക്കുന്നത്. നമ്മുടെ ദൈവം ചീത്തയായിപ്പോകും. എന്നാൽ നാം വളരെ വിശുദ്ധവും നന്മയുള്ളതും സ്നേഹമുള്ളതും  പരോപകാരപ്രദവുമായ കാര്യങ്ങൾ ആലോചിക്കുകയാണെങ്കിൽ നമ്മുടെ ദൈവം അതിനോട് പ്രതികരിക്കും.ഇത് സൗന്ദര്യാത്മക ദൈവം എന്ന ആശയത്തെ വിശദീകരിക്കും. നമുക്ക് ആന്തരികമായ അഭിവൃദ്ധിയും പ്രതീക്ഷയുമുണ്ടെങ്കിൽ നമ്മുടെ ദൈവത്തിനു അതിന്റെ ഭാഗത്തേക്ക് വരാനാവും.

ഗുരുവിൻ്റെ ഈ സൗന്ദര്യാത്മക ദൈവത്തെ അറിയണമെങ്കിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം. നമ്മുടെ ചിന്തയിൽ മാലിന്യം കടന്നു വരാതെ ശ്രദ്ധിക്കണം. അപ്പോൾ ശുദ്ധമായ ദൈവം ഉണ്ടാകുന്നതാണ്. ഈ ദൈവത്തോടു പ്രാർത്ഥിക്കുകയും ദൈവത്തെ അനുഭവിക്കുകയുമാണ് ചെയ്യുന്നത് .നമ്മിൽ നിന്നു വേർപെട്ട ഒരു ദൈവമല്ല അത്. നമ്മിൽ തന്നെയുള്ള ,സദ്ചിന്തകൾ കൊണ്ട് ആകർഷിക്കുന്ന ദൈവമാണത്. ഇതാണ് സൗന്ദര്യാത്മകദൈവം.

നല്ലൊരു ദൈവത്തെ കിട്ടാൻ 

"പുള്ളിപ്പുലിത്തോൽപുതയ്ക്കും പൂമേനിയെ- 
ന്നുള്ളിൽക്കളിക്കുമെന്നാടു പാമ്പേ "
എന്നു ഗുരു എഴുതുന്നു.

കാരണം ,ഈ പ്രാർത്ഥന നമ്മുടെ മനസിലെ തിന്മയെ മാറ്റാൻ ആഹ്വാനം ചെയ്യുകയാണ്. ആസ്ട്രേലിയൻ തത്ത്വചിന്തകനായ ജെൽ മാക്കി(J.L. Mackie,1917-1981)Evil and Omnipotence എന്ന ലേഖനത്തിൽ പറഞ്ഞു: "ദൈവം യുക്തിപരമായ ആവശ്യങ്ങളാൽ ബന്ധിതമാണ്.  എന്നാൽ പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു, അപൂർണ്ണതയുടെ ദാർശനികമായ തിന്മ എന്ന നിലയിൽ .ദൈവം, അതുകൊണ്ട് ,സർവ്വശക്തനല്ല. എന്തെന്നാൽ യുക്തികൊണ്ട് അസാധ്യമായ കാര്യങ്ങൾ ദൈവത്തിനു ചെയ്യാനാകില്ല .ദൈവം സ്വയം സൃഷ്ടിച്ച കാര്യകാരണ നിയമങ്ങൾക്കകത്താണുള്ളത്. പ്രകൃതിദുരന്തങ്ങളെ സമയത്തിനു പിറകോട്ടു ചെന്നു നിർത്തലാക്കാനും സാധിക്കുന്നില്ല. ദൈവം ചിലത് സൃഷ്ടിച്ചിരിക്കുന്നു. അത് ദൈവത്തിനു നിയന്ത്രിക്കാനാവാത്തതാണ്. അതുകൊണ്ട് ദൈവം സർവശക്തനല്ല." ഇത് ചൂണ്ടിക്കാണിക്കുന്നത് ദൈവം നമ്മുടെ ചിന്തയിൽ അപൂർണ്ണമായിരിക്കുന്നതിനെയാണ്. ദൈവമാണ് പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കുന്നതെന്നു പറയാറുണ്ട്. നാം ദൈവത്തെ നമ്മുടെ യുക്തിയിൽ തളച്ചിട്ടിരിക്കുന്നു. ഈ യുക്തിക്കു പുറത്ത് ,നമ്മുടെ സരളവും നിർമ്മലവുമായ ഒരു തലത്തിലാണ് ദൈവത്തെ ഉൾക്കൊള്ളേണ്ടതെന്നാണ് ഗുരു പറയുന്നത് .നല്ലൊരു ദൈവത്തെ കിട്ടാൻ വേണ്ടി നാം കഠിനാദ്ധ്വാനം ചെയ്യണം .ഇതാണ് സൗന്ദര്യാത്മക ദൈവത്തിൻ്റെ കാതൽ.

"പേയും പിണവും പിറക്കും ചുടുകാടു
മേയും പരംപൊരുളാടു പാമ്പേ "

പിശാചും പ്രേതവുമുള്ള ചുടുകാട്ടിൽ ശിവൻ അലയുന്നു. അതറിഞ്ഞുവേണം ആടാനെന്നു ഗുരു പ്രാർത്ഥിക്കുന്നു. സർവ്വതും നശിക്കുന്ന ലോകമാണിത്. ആ ലോകത്ത് എങ്ങനെ സ്വന്തം ദൈവത്തെ കണ്ടെത്തി ,ജീവിതത്തെ പൊരുളിനു അഭിമുഖമാക്കാമെന്നാണ് ആലോചിക്കേണ്ടത്. നശിപ്പിക്കാനും പാഴ് വാക്കുകൾ പറയാനും നമുക്ക് നേരമില്ല .നാം വളരെ പരിമിതമായ ഒരു ജീവിതമുള്ളവരാണ്. ആ സമയം സത്യത്തെ അറിയാനായി സ്വന്തം മനസ്സിലേക്ക് നോക്കുക. പ്രേതവും പിശാചും നമ്മുടെയുള്ളിലാണ് .നാം എത്രയോ വലിയ അന്ധവിശ്വാസികളാണ്!. ഗുരുവിൻ്റെ ഉദ്ബോധനങ്ങൾ വന്നിട്ട് പതിറ്റാണ്ടുകൾ എത്ര കഴിഞ്ഞു. ഇപ്പോഴും നാം കൂടോത്രത്തിലും ഇരുണ്ട പൂജകളിലും വിശ്വസിക്കുന്നു. മനുഷ്യൻ ഈ കറുത്ത ചിന്തകളുടെ ഇരയായി  തുടരുകയാണ് .പ്രേതവും പിശാചും നാം സൃഷ്ടിക്കുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാനാണ് .നമുക്ക് നമ്മിൽ നിന്നു നേരിട്ടു സുഖമുണ്ടാക്കാൻ കഴിയില്ലെന്നിരിക്കെ പ്രേതത്തെയും പിശാചിനെയും മറ്റുള്ളവരെ നശിപ്പിക്കാൻ വിടുകയാണ്. നാം നമ്മുടെ തന്നെ നരകം നിർമ്മിക്കുന്നത് ഇങ്ങനെയാണ് .

മനുഷ്യനിലെ പിശാചും പ്രേതവും കത്തിയമരുന്ന ചുടുകാട് 

ഒരു തുടക്കത്തിനു അതിൻ്റെ തുടർ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നാം മറ്റുള്ളവരെ ഉപദ്രവിക്കാൻ പിശാചിനെ കണ്ടെത്തുമ്പോൾ നമുക്ക് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കേണ്ടി വരും. മനസ്സിൽ മറ്റൊന്നിനും ഇടമില്ലാത്ത വിധം കറുത്ത ചിന്തകൾ കടന്നു വരുകയാണ്! ഇത് നമ്മുടെ ബോധത്തിന്റെ താളം തെറ്റിക്കും .ആരെയും സ്നേഹിക്കാനോ സഹായിക്കാനോ കഴിയാതെ വരും. ഇതൊരു ദുരന്തമാണ്. നമ്മുടെ തന്നെ നാശമാണത്. അവിടെ വിശുദ്ധമായ ദൈവത്തിനു എങ്ങനെയാണ് പ്രത്യക്ഷപ്പെടാനാവുന്നത്.?ദൈവത്തിനു വിശുദ്ധ ഭാവമേ ഉണ്ടാകാൻ പാടുള്ളൂ. അല്ലാത്തതെല്ലാം നമ്മുടെ തന്നെ അപകടകരമായ ഭാവനയുടെ സൃഷ്ടിയാണ് .ദൈവം ചിന്തയുടെ സന്താനമാണെന്നു ഗുരു  'സുബ്രഹ്മണ്യകീർത്തന'ത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.

"ചന്തച്ചെന്തീമിഴിച്ചെങ്കതിർനിരചൊരിയി-
ച്ചന്ധകാരനകറ്റിച്ചിന്താസന്താനമേ " എന്നു ഗുരു എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ ചിന്തകൾ കൊണ്ടാണ് ദുരിതം മാറേണ്ടത് .അതിനു പിശാചും പ്രേതവും നമ്മുടെയുള്ളിൽ തന്നെ കത്തിയമരണം. അതാണ് ശിവൻ്റെ ചുടുകാട് .അത് വെറും ശ്മശാനമല്ല. അത് ശവങ്ങൾ എരിഞ്ഞുണ്ടായതാണെന്നു പറയുമ്പോഴും അവിടെ എരിഞ്ഞത് നമ്മുടെ മനസിലെ അന്ധതയുടെ കാടാണ്.

ചിന്തയിൽ നിന്നു പിറന്ന അസുഖകരവും അപകടകരവുമായ ആലോചനകൾക്ക് അന്ത്യം സംഭവിക്കേണ്ടതുണ്ട് .നമ്മുടെ തന്നെ അനാവശ്യമായ ആഗ്രഹങ്ങളുടെയും ആർത്തികളുടെയും തിന്മകളുടെയും ചാരമാണവിടെയുള്ളത് .അതാണ് ചുടുകാട്. അവിടെ നമ്മൾ കൂടുതൽ മിഴിവോടെ ,ശുദ്ധിയോടെ ജീവിതത്തിൻ്റെ അർത്ഥത്തെ അന്വേഷിച്ചു തുടങ്ങും. ഒരർത്ഥം കണ്ടെത്താനാണ് പലരും ജീവിക്കുന്നത്.  മരണം ഉള്ളതുകൊണ്ടാണ് അർത്ഥമുണ്ടാകുന്നത്. ഒരിടത്ത്  അവസാനിക്കുന്നു എന്ന ചിന്ത ഒരു വീണ്ടുവിചാരവും സമയത്തിന്റെ ഉചിതമായി വിനിയോഗവും പ്രതികരണക്ഷമതയും ആവശ്യപ്പെടുന്നു. അന്ത്യം ഉള്ളതുകൊണ്ട് അന്ത്യത്തിനു മുമ്പുള്ള ജീവിതം അർത്ഥപൂർണമാക്കാൻ ശ്രമിക്കണം. അവസാനമുള്ളതുകൊണ്ട് അതിനു മുമ്പുള്ള പ്രവർത്തനം അർത്ഥരഹിതമാവുകയില്ല. ഒരു വാഹനം വാങ്ങിയാൽ അതിൻ്റെ ഉപയോഗത്തിനു ഒരു കാലാവധിയുണ്ട്. എത്ര കിലോമീറ്റർ ഓടാൻ കഴിയുമെന്നു ഓരോ കാറിന്റെ മേലും വിധിയുണ്ട്. അത് കഴിഞ്ഞാൽ ആ കാർ പൊളിച്ച് വിൽക്കുന്നു , അല്ലെങ്കിൽ പുനരുപയോഗത്തിനായി രൂപമാറ്റം വരുത്തുന്നു .കാർ ഒരുകാലത്ത് ഇങ്ങനെ ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടി വരുമെന്നും അതിന്റെ അന്ത്യം സുനിശ്ചിതമാണെന്നും അറിയാവുന്നതുകൊണ്ട് ആരെങ്കിലും കാറിൽ സവാരി ചെയ്യാതിരിക്കുമോ?. കാറിനു അനശ്വരതയില്ല. അതുകൊണ്ട് കാറിലെ യാത്ര അർത്ഥരഹിതമാണെന്നു പറയാനൊക്കില്ല. നമ്മൾ ആവേശത്തോടെ കാറിൽ യാത്ര ചെയ്യുന്നു.

ഇനി കാറിൻ്റെ കാര്യമെടുക്കാം. നശ്വരമാണ് തൻ്റെ ജീവിതമെന്നു കാർ  അറിയുകയാണെന്നു വിചാരിക്കുക.കാർ സവാരി പോകേണ്ടെന്നു തീരുമാനിക്കുകയില്ല. എന്തെന്നാൽ കാർ ഓടാൻ വേണ്ടി സൃഷ്ടിച്ചതാണ്. അത് ഓടാതിരുന്നാൽ വേഗം നശിക്കുമെന്നല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല .കുറെനാൾ ഓടുകയാണെങ്കിൽ 'ജീവനുള്ള' ആ കാറിനു ഐന്ദ്രിയമായ സുഖം കിട്ടും. ഹ്രസ്വമായ ഈ ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവം ചെയ്യാതെ ഐന്ദ്രിയസുഖം കിട്ടിയാൽ അത് നല്ലതാണ്. ഇതുതന്നെയാണ് മനുഷ്യനിലും സംഭവിക്കുന്നത്. മനുഷ്യനു കിട്ടുന്ന ഐന്ദ്രിയസുഖത്തെ  അപരൻ്റെ ക്ഷേമത്തിനായി വഴിതിരിച്ചുവിടണമെന്നാണ് ഗുരു ഉപദേശിക്കുന്നത് .മറ്റുള്ളവർക്ക് ക്ഷേമം ഉണ്ടാകുമ്പോൾ നമുക്കും അതിൽ പങ്കുണ്ടാകുകയാണ് .അത് സന്തോഷമാണ് ,കലർപ്പില്ലാത്ത സന്തോഷം .

അവിടെ ചുടലക്കാടിനെ  അതിജീവിച്ചവരായി നാം മാറുന്നു. നമ്മുടെ ഇരുണ്ട മനോനില അസ്തമിച്ചു കഴിഞ്ഞശേഷമാണല്ലോ നാം അന്യരുടെ സുഖത്തെക്കുറിച്ച്  ഓർക്കുന്നത് .ഒരു കാർ അന്യർക്ക് സുഖം പകരുന്നു. അതിനു  ജീവനുണ്ടെങ്കിൽ അത് അങ്ങനെയാവും ചിന്തിക്കുക. അതുപോലെ ജീവിതത്തിനു ഒരന്ത്യമുള്ളതുകൊണ്ട് നാം മറ്റുള്ളവർക്ക് സുഖം നൽകി അർത്ഥമുണ്ടാക്കുന്നു. തൊഴിലുകൾ മറ്റുള്ളവർക്കാണ് ഉപകരിക്കുന്നത്. ഒരു ആശാരി കട്ടിൽ പണിയുന്നത് അയാൾക്ക് കിടക്കാൻ വേണ്ടിയല്ല; അയാൾക്ക് നാം പകരമായ് കൊടുക്കുന്നതു പണമാണ്. നമുക്ക് ആനന്ദം ലഭിക്കുന്നു. ആശാരി നമുക്ക് ആനന്ദം തന്നു .ആശാരി തന്റെ സുഖത്തിനുവേണ്ടി ചെയ്യുന്നത് മറ്റുള്ളവർക്ക് സുഖമായി മാറുന്നു. അതുപോലെ ഓരോരുത്തരും തൊഴിൽ ചെയ്യണം. ചുടലക്കാട്ടിൽ അലയുന്ന ശിവൻ ഇരുണ്ടചിന്തകളെ ജയിച്ച മഹാശയനാണെന്നോർക്കണം. അവിടത്തെ പ്രേതവും പിശാചും ശിവനെ ബാധിക്കുന്നില്ല. ശിവൻ്റെ ചുടലക്കാട്ടിൽ അവയ്ക്ക് ഒന്നും ചെയ്യാനൊക്കില്ല .അതുപോലെ നമ്മുടെ കത്തിത്തീർന്ന പകയുടെയും വിദ്വേഷത്തിന്റെയും ചുടലക്കാട്ടിൽ അതിൻ്റെയൊന്നും അറിവില്ലാതെ, അതിനൊന്നും വില കൊടുക്കാതെ സ്വയം ശുദ്ധീകരിക്കണമെന്നാണ് ഗുരുവിൻ്റെ പ്രാർത്ഥന.

vangoginu , novel, m k harikumar

 


മറ്റൊരു രാഗം /എം.കെ.ഹരികുമാർ

 a




മറ്റൊരു രാഗം  /എം.കെ.ഹരികുമാർ

 

സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത  എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ ആഴമുള്ള നിമിഷങ്ങൾ ഉൾക്കൊള്ളുക എളുപ്പമല്ല. അത് വായനയിലൂടെയാണ് അദ്ദേഹം   കണ്ടെത്തിയത്. മറ്റുള്ളവരുടെ കൃതികൾ വായിക്കാത്ത എഴുത്തുകാരെ കണ്ടിട്ടുണ്ട്. ചിലർ മലയാളം എഴുത്തുകാരുടെ കൃതികൾ വായിക്കില്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നുവെന്നു വെറുതെ പറയും. മലയാളസാഹിത്യത്തോടു ,അതിൻ്റെ ഭൂതകാലത്തോടു വലിയ താല്പര്യം കാണിക്കാതെ സ്വയം ഒരു അസംബന്ധ ലോകത്തിൽ കഴിയുന്നവരുണ്ട്. എന്നാൽ എംടി ഈ നിരയിലല്ല നിൽക്കുന്നത് .അദ്ദേഹം തൻ്റെ കാലഘട്ടത്തിനു മുമ്പുള്ള  എഴുത്തുകാരെയും നന്നായി വായിച്ചു. അത് വ്യക്തിപരമായ ഒരു ആനന്ദമായിരുന്നു .ഇന്നത്തെ പല യുവകഥാകൃത്തുക്കൾക്കും തങ്ങളുടെ തൊട്ടുമുമ്പുള്ള കഥാകാരന്മാരുടെ രചനകളെക്കുറിച്ച് വിവരമില്ല.

പഠിക്കുന്ന കാലത്തെ വായനയെക്കുറിച്ച് എം.ടി പറയുന്നത് ശ്രദ്ധിക്കുക :'എനിക്ക് അന്നു വായിക്കാൻ താല്പര്യം കവിതയായിരുന്നു .എല്ലാവരോടും വലിയ ആരാധനയായിരുന്നു.പതിനെട്ടു വയസ്സായപ്പോഴേക്കും, എന്റെ വീട്ടിൽ പൊറ്റെക്കാട്ടിന്റെ കഥകൾക്കായി കാത്തിരിക്കുന്നവരുണ്ടായിരുന്നു. പൊറ്റെക്കാട്ട്, തകഴി ,ബഷീർ ,ഉറൂബ്, കേശവദേവ്, കാരൂർ, ലളിതാംബിക അന്തർജനം തുടങ്ങിയവരെ കഥാസമാഹാരങ്ങളിലുടെ ഞാൻ അക്കാലത്ത് പരിചയപ്പെട്ടിട്ടുണ്ട്. എല്ലാവരുമായിട്ടും മാനസികമായ ഒരു ബന്ധമുണ്ടായി. മറുവശത്ത് ജിയുടെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ അക്കാലത്ത് വായിച്ചു. വൈലോപ്പിള്ളിയുടെ കവിതകൾ വായിച്ച് അദ്ദേഹത്തിന്റെ രചനകളിൽ എനിക്ക് എന്തോ അവകാശമുള്ളതുപോലെ തോന്നിയിട്ടുണ്ട്.' ഇതാണ് എംടിയുടെ ഒരിക്കലും നശിക്കാത്ത സാഹിത്യപ്രേമം. അദ്ദേഹം  അക്ഷരങ്ങളെയും ഭാഷയും കഥാപാത്രങ്ങളെയും സ്നേഹിച്ചു. സാഹിത്യകാരന്റെ പ്രശസ്തിയോ പദവിയോ ഒന്നുമല്ല അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. സാഹിത്യരചനകളിൽ നിരുപാധികമായി അഭിരമിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 'സാഹിത്യത്തിനോടുള്ള പരമമായ ആരാധനയാണ്'എം. ടി യെ  സൃഷ്ടിച്ചത്. അദ്ദേഹം സ്വയം കണ്ടെത്തിയ വഴിയാണത്. മഹാപ്രതിഭകൾ നിറഞ്ഞുനിന്ന  മലയാളസാഹിത്യത്തിൽ തന്റെ അർപ്പണബുദ്ധികൊണ്ട്, ഗ്രഹണശക്തി കൊണ്ട് ,നിസീമമായ വായനകൊണ്ട് സ്വന്തം ഇടം അദ്ദേഹം കണ്ടുപിടിച്ചു.

വായനയിൽ പാശ്ചാത്യമെന്നോ, പൗരസ്ത്യമെന്നോ വേർതിരിവില്ലായിരുന്നു. പാശ്ചാത്യകൃതികൾ നിരന്തരമായി വായിച്ചുകൊണ്ട് ലോകസാഹിത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എം.ടി. അപ്ഡേറ്റ് ചെയ്യുമായിരുന്നു. പൊറ്റെക്കാടിൻ്റെയും തകഴിയുടെയും വഴിയേ പോകാതെ എം. ടി തന്റെ യൗവനകാലത്തിൻ്റെ മുറിവുകളിൽ നിന്നു ജീവിതാനുഭവങ്ങളും കവിതയും സൃഷ്ടിച്ചു.

കുടിയൊഴിക്കൽ എത്ര തവണ വായിച്ചു ?

'ഒരു പുസ്തകം കിട്ടുന്ന പോലെ വലിയൊരു കാര്യമില്ല' എന്നു എം.ടി.പറഞ്ഞതോർക്കുകയാണ്. ചിന്തിച്ചുകൊണ്ട് മുന്നേറിയ യൗവനമായിരുന്നു അത്. ഏറ്റവും ഇഷ്ടപ്പെട്ട കവിതയേതെന്ന ചോദ്യത്തിനു എം.ടി എന്നോടു പറഞ്ഞത് വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്നാണ്. 'കുടിയൊഴിക്കൽ' എത്ര തവണ വായിച്ചുവെന്നു തനിക്കറിയില്ലായില്ലെന്നാണ് അദ്ദേഹം പറഞ്ഞത് .എംടിയുടെ അടിത്തറയാണിത് .ജീവിതം നമ്മുടെ കൈപ്പിടിയിലാണെന്നു തോന്നുമെങ്കിലും അതങ്ങനെയല്ല. എപ്പോഴും വഴുതിപ്പോകും. മനുഷ്യമനസ്സ് പ്രവചനാതീതമായ ഒരവസ്ഥയാണ്. മറ്റുള്ളവർക്ക് നമ്മുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല എന്നത് എപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ് .എന്നാൽ നമുക്കു പോലും നമ്മുടെ തന്നെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല. മനസ്സ് പലതരം വണ്ടുകളെപ്പോലെ പല ദിശകളിലേക്ക് നീങ്ങുകയാണ്. അതിൻ്റെ പിന്നാലെ പോയി മനുഷ്യരെ അറിയുന്നവർക്കാണ് ആഴമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവുന്നത്.

ഒരു മനുഷ്യൻ്റെ ദുഃഖത്തെ, സുരക്ഷിതത്വരാഹിത്യത്തെ പുറമേ നിന്നു നോക്കുകയല്ല , അത് തന്നിലേക്ക് ആവാഹിച്ച് ,ആന്തരികമായ യാത്രകളിലൂടെ സത്യം കണ്ടെത്തുകയാണ് എംടിയുടെ രീതി. കഥാപാത്രത്തിന്റെയുള്ളിൽ എന്ത് സംഭവിക്കുവെന്നു ആരായണം. അതാണ് നാം 'രണ്ടാമൂഴ'ത്തിൽ കണ്ടത്. ഭീമനെ കൂടുതൽ യഥാർത്ഥമായി കാണുകയാണ്. മഹാഭാരതകഥയിലെ അമാനുഷുമായ ശക്തിപ്രവാഹത്തിന്റെയും കടങ്കഥകളിൽ മാത്രം കാണുന്ന മാന്ത്രികതയുടെയും ചട്ടക്കൂടിൽ നിന്നു ഭീമനെ അടർത്തിയെടുക്കുകയാണ്. ഇത് സൃഷ്ടിപരമായ ആവശ്യമാണ്. താൻ സൃഷ്ടിക്കുന്ന ഒരു കഥാപാത്രം തന്റേതായിരിക്കണമെന്ന നിർബന്ധമാണിത്. പരിചയമുള്ള ഒരാളെ കഥാപാത്രമാക്കുമ്പോഴും വലിയ എഴുത്തുകാർ ഈ മാർഗ്ഗമാണ് അവലംബിക്കുന്നത്.

ഒറ്റപ്പെട്ട യുവാവ്

വിഷാദത്തെയും ഒറ്റപ്പെടലിനെയും എം. ടി ഒരിക്കലും സ്ഥൂലമായി ആവിഷ്കരിച്ചില്ല. അതെല്ലാം തൻ്റെ പശ്ചാത്തലമാക്കി പുതിയതായി  കാണുകയാണ് ചെയ്തത് .'ദുഃഖത്തിന്റെ താഴ്വരകൾ' എന്ന കഥയിൽ എം.ടിയുടെ വിഖ്യാതമായ ആ ഒറ്റപ്പെട്ട യുവാവ് തൻ്റെ സ്നേഹിതയുടെ ഓർമ്മകൾക്ക് പിന്നാലെ വ്രണിതഹൃദയനായി നടന്നുവരുന്നത് കാണാം. എഴുതുന്നതിലെല്ലാം ആത്മാംശമുള്ളതുകൊണ്ട് ഈ യുവാവ് എം.ടി തന്നെയാണോ എന്നു സംശയിച്ചു പോകും .

എംടിയുടെ ശൈലി ദേവിൻ്റെയോ  ബഷീറിൻ്റെയോ തകഴിയുടേയോ ശൈലിയിൽ നിന്നു വ്യത്യസ്തമാകാൻ കാരണം അദ്ദേഹം ജീവിതത്തോടു പുലർത്തിയ സൗന്ദര്യബോധമുള്ള സമീപനമാണ് .എം.ടി ഒരു സൗന്ദര്യവാദിയാണ് .'മഞ്ഞ്' എന്ന നോവൽ മനുഷ്യമഹത്വമാണ് പ്രതിപാദിക്കുന്നത്. മനുഷ്യനു കാത്തിരിക്കാനറിയാം ,സ്നേഹമുണ്ടെങ്കിൽ. അത് ഒരു വലിയ മൂല്യമാണ്. എം.ടി എന്തെഴുതുമ്പോഴും അതിൻ്റെ സൗന്ദര്യം പ്രധാനമായിരിക്കും. 'രമണീയം ഒരു കാലം' എന്ന ലേഖന സമാഹാരം ഇത് ബോധ്യമാക്കിത്തരും . കഥകളിൽ മറ്റു വിഷയങ്ങളെല്ലാം പിന്നിലേക്ക് മറയും. എംടി ഒരു റിയലിസ്റ്റ് എഴുത്തുകാരനല്ല .എന്നാൽ യഥാർത്ഥമായ സാഹചര്യങ്ങളാണ് അദ്ദേഹം അവലംബിച്ചത്. യുക്തിവിചാരത്തെ ഒരു കഥയിലും, അദ്ദേഹം കൈവിട്ടില്ല. ആധുനികതയുടെ ഭാഗമായ ഫാന്റസിയിലോ ,അതിഭൗതികതയിലോ വിശ്വസിച്ചില്ല. തൻ്റെ ചിന്താമണ്ഡലത്തിൽ അനുവദനീയമായ സംസ്കാരമാണ് എം.ടി തേടിയത്. അതിനെ അപരിചിതമാക്കുകയല്ല , ഭാവനകൊണ്ട് സുന്ദരമാക്കുകയാണ്. യാഥാർത്ഥ്യത്തിനു സുകുമാരകലയുടെ ലാവണ്യം ലഭിക്കുകയാണ്.'രണ്ടാമൂഴ'ത്തിൽ  ഭീമനെ സാധാരണ വികാരദൗർബ്ബല്യങ്ങളോടെ കാണുന്നു. എന്നാൽ അയാളുടെ ചേഷ്ടകളിൽ, എം.ടിയുടേതു മാത്രമായ സുകുമാരകല സന്നിവേശിപ്പിച്ചിരിക്കുന്നു .ഭീമൻ സ്വന്തം ചിതറലിനെ അഭിമുഖീകരിക്കുന്നു. താൻ വലിയ വംശത്തിന്റെ ഭാഗമാണെങ്കിലും എത്ര നിസ്വനാണെന്നു ചിന്തിക്കുന്ന ഒരു ഭീമനെ ആദ്യമായിട്ടാണ് നാം കണ്ടത്.

മനസിൽ ഒരു താളം

സിനിമയിൽ എം.ടി ഒരു പ്രത്യേക ഭൂവിഭാഗം സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ  വള്ളുവനാടൻ ടച്ചുള്ള സംഭാഷണങ്ങൾ എത്ര ഹൃദ്യമാണ്!. അത് തിരശ്ശീലയിൽ പ്രത്യക്ഷമാകുമ്പോൾ ഏതൊരു ദേശത്തുള്ളവനും സ്വീകാര്യമാകുന്ന ഉത്കൃഷ്ടത ലഭിക്കുന്നുണ്ട്. വള്ളുവനാടൻ സംഭാഷണത്തിലെ താളം മലയാളക്കരയാകെ പരന്നു. അത് പല സിനിമകളെയും സ്വാധീനിച്ചു. എങ്ങനെയാണ് ഇത്ര എഡിറ്റ് ചെയ്ത സംഭാഷണങ്ങളുണ്ടാകുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്: 'ഞാൻ ഡയലോഗുകൾ പലതവണ മനസ്സിൽ പറഞ്ഞു നോക്കും. സ്വീകാര്യമായ ഒരു താളത്തിൽ അത് എഴുതുകയാണ് ചെയ്യുന്നത്.' എം.ടി മനസ്സിൽ കൊണ്ടുനടക്കുന്ന താളമാണത്. കലാകാരന്റെ മനസ്സിനൊരു താളമുണ്ട്. അതാണ് ശൈലിയായി മാറുന്നത്.  അത് യാന്ത്രികമല്ല. അത് മറ്റൊരു രാഗമാണ്. ഭൗതികലോകത്തിൻ്റെ ഒടുങ്ങാത്ത അസ്വസ്ഥതകളെയും അനീതികളെയും അപര്യാപ്തതകളെയും മാറ്റി നിർത്തിയിട്ട്, മനസ്സിൽ തനിയെ രൂപപ്പെടുന്ന ഒരു താളമാണത്. ഈ താളം ജീവിതത്തിന്റെ അതിജീവനതാളമാണ്. കവിതയുടെ ആന്തരികതാളമാണത്. അതാണ് എം. ടി കാത്തു സൂക്ഷിച്ചത്.

പത്രവാർത്തകളോടോ ,നൈമിഷികമായ പ്രശ്നങ്ങളോടോ  പ്രതികരിച്ചുകൊണ്ട് എം.ടി എഴുതിയിട്ടില്ല. ആ സർഗാത്മക മനസ് അങ്ങനെയല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നത്. തന്നെ ആഴത്തിൽ പിടിച്ചുലയ്ക്കുന്ന  തിന്മകളെ അദ്ദേഹം അടിത്തട്ടിൽ നിന്നു മാന്തിയെടുത്ത് പുറത്തു കൊണ്ടു വന്നിട്ടുണ്ട്. 'അക്കൽദാമയിൽ വിരിഞ്ഞ പൂക്കൾ' എന്ന കഥയിൽ സമൂഹത്തിൻ്റെ കപടമുഖത്തെ വലിച്ചു കീറുകയാണ്. 'സദയം' എന്ന സിനിമയിലും ഇതു കാണാം.ഷെർലക് എന്ന കഥയിൽ എം.ടി ഒരു പൂച്ചയുടെ ജീവിതമാണ് പരിശോധിച്ചത്.അത് നാഗരിക ജീവിതത്തിന്റെ അടിക്കുറിപ്പായി മാറുകയാണ് .

ഈ പ്രതിച്ഛായകൾ

കേരളീയജീവിതത്തിൻ്റെ സ്വരഭേദങ്ങളുടെ വിഭിന്ന  പ്രതിച്ഛായകളാണ് എംടിയുടെ മിക്കവാറും തിരക്കഥകൾ .ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ,ആരണ്യകം ,അമൃതംഗമയ,അനുബന്ധം ,ഉയരങ്ങളിൽ ,മിഥ്യ തുടങ്ങിയ സിനിമകൾ ഓർക്കുക. അത് എം.ടി കണ്ടറിഞ്ഞ ,വിശകലനം ചെയ്ത് കണ്ടെത്തിയ പ്രതിച്ഛായകളാണ്.

അറുപതുകളിലും എഴുപതുകളിലും സാമൂഹ്യസ്ഥാപനങ്ങളും സാംസ്കാരിക അടിയൊഴുക്കുകളും വ്യക്തിയെ അടിത്തട്ടിലേക്ക് തള്ളുന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. അതിൻ്റെ പലതരം ചിത്രങ്ങൾ എം.ടി കൃതികളിലുണ്ട്. അദ്ദേഹം അതിനോടു കലഹിക്കുന്നത് കാണാം .അസുരവിത്ത് ,നാലുകെട്ട് ,കാലം തുടങ്ങിയ കൃതികളിൽ ഈ പ്രശ്നങ്ങളുണ്ട്.

എം. ടി ഒരു കാലഘട്ടം സൃഷ്ടിച്ചു എന്നു പറയുന്നതായിരിക്കും ശരി. അദ്ദേഹത്തിനു അനുകർത്താക്കളുണ്ടായി. അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് ധാരാളം ലേഖനങ്ങളും പഠനങ്ങളും ഉണ്ടായി;പുസ്തകങ്ങൾ എഴുതപ്പെട്ടു. അദ്ദേഹം ഒരു ഗവേഷണ വിഷയമായി .വലിയ സാഹിത്യകാരന്മാരുടെ കാലത്ത് പ്രവർത്തിച്ച എം.ടി. സ്വന്തം സ്ഥാനം കൈവരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ ഭാഷ സാഹിത്യരംഗത്ത് പ്രത്യേകമായ സ്ഥാനം നേടി. അത് പല എഴുത്തുകാരെയും പ്രലോഭിപ്പിച്ചു

വിദ്യാസമ്പന്നരുടെ അന്ധതമസ്സുകൾ /എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ




മതങ്ങൾ തമ്മിൽ തർക്കിക്കേണ്ട; ആരും ജയിക്കാൻ പോകുന്നില്ല. കാരണം ,തർക്കിക്കുന്നവൻ സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ട് തർക്കിക്കുന്നതിനേക്കാൾ നല്ലത് വായിക്കുകയും പഠിക്കുകയും  ചെയ്യുന്നതാണ്. വായിച്ചവർ എഴുതുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാവും.സ്വന്തം പരിമിതികളെക്കുറിച്ച് നന്നായി പഠിക്കുക. ആ പരിമിതികളെ മറന്ന് പ്രാപഞ്ചികമായ ഉയരങ്ങളിൽ എങ്ങനെ എത്താമെന്ന് ആലോചിക്കുക .ഈ ആലോചനയ്ക്ക് ഒരു പ്രാപഞ്ചിക മാനമുണ്ട്. അതാണ് ആലുവയിലെ സർവമതസമ്മേളനത്തിലൂടെ നൂറ് വർഷങ്ങൾക്കു മുമ്പ്(1924) ഗുരു ആവിഷ്ക്കരിച്ചത്. കേരളത്തിലെ ബൗദ്ധികമേഖലയെ ബാധിച്ച അന്ധതമസ്സിനു ഒരു ചികിത്സയായിരുന്നു അത്. പുതിയൊരു സംവാദത്തിൻ്റെ വാതിൽപ്പുറങ്ങൾ കാണാറായി. പരിമിതവൃത്തത്തിൽ കഴിഞ്ഞവരെ ബോധോദയത്തിലേക്ക് നയിക്കുകയായിരുന്നു. വീക്ഷണപരമായ അന്ധതയാണ് ചോദ്യം ചെയ്യപ്പെട്ടത്. വിദ്യാസമ്പന്നരുടെ ആത്മീയമായ അഹങ്കാരം ,ശാഠ്യം ,ഭാഗിക വീക്ഷണം ,അന്ധത ,മന്ദത ,ദുര തുടങ്ങിയവയാണ് ആ സമ്മേളനത്തിലൂടെ ഇടിഞ്ഞു വീണത്. ഇവിടെ രാജാക്കന്മാർ പോലും ജാതി വെറിയാണ് നടപ്പാക്കിയത്. അതു കൊണ്ടാണല്ലോ വൈക്കം സത്യാഗ്രഹം വേണ്ടി വന്നത്. 

നാഥൻ്റെ റോൾ കളി 

ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ പ്രവേശന കവാടത്തിൽ ഗുരുവിൻ്റെ  നിർദ്ദേശപ്രകാരം എഴുതിവെച്ചത്  'വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനുമാണ്' എന്നാണ്‌.ഈ വാക്യം ഒരു വിപ്ളവമാണ്. വെറുതെ തർക്കിക്കാൻ വന്ന് തോൽക്കരുതെന്നാണ് അതിൻ്റെയർത്ഥം. ഇന്ന് ഏതെങ്കിലും വിദ്യാസമ്പന്നനോട് സംസാരിക്കാൻ പറ്റുമോ ?അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കയല്ലേ .ഗുരുവിൻ്റെ വാക്യം  കാലങ്ങളെയും കടന്ന് പായുന്ന കുതിരയാണ്.ആരാണ് അതിനെ പിടിച്ചുകെട്ടാൻ വരുക? ആരും വരില്ല .ഇന്ന് പല പണ്ഡിതന്മാരും പ്രമുഖരും സർവ്വമതമൈത്രി, ജാതിരഹിത ജീവിതം എന്നെല്ലാം  പറയുന്നുണ്ടെങ്കിലും അതെല്ലാം വാക്കുകളിൽ മാത്രമാണ് ജീവിക്കുന്നത്. താഴ്ന്നജാതിൽപ്പെട്ടവരെ  ദ്രോഹിക്കാനാണ് ഇക്കൂട്ടർ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലംപതിഞ്ഞവൻ പരാതി പറയാൻ പാടില്ല. പറഞ്ഞാൽ അവൻ ഒരു ലഹള തുടങ്ങി വയ്ക്കുകയാണത്രേ!. 

ഏതാനും നാൾ മുമ്പ് യാത്രികനും സാഹിത്യകാരനുമായ പി.ആർ.നാഥൻ 'എൻ്റെ ഉത്തരവാദിത്വം'(ഹംസധ്വനി, മാർച്ച്) എന്ന ലേഖനത്തിൽ എഴുതിയത് പരാജയത്തെ നേരിടുന്ന വ്യക്തി ഒന്നിനെക്കുറിച്ചും പരാതി പറയാൻ പാടില്ലെന്നാണ്. മറ്റുള്ളവർ ബോധപൂർവ്വം കരുക്കൾ നീക്കി ഒരാളെ പലയിടങ്ങളിൽ നിന്ന് താഴെ ഇറക്കുന്നത് ബോധ്യപ്പെട്ടാലും മിണ്ടാൻ പാടില്ലത്രേ. അനീതിയെന്ന് ഉറപ്പുള്ള കാര്യങ്ങളെക്കുറിച്ച് മിണ്ടരുതെന്നാണ് അദ്ദേഹത്തിൻ്റെ ഉപദേശം. അഫ്ഗാനിസ്ഥാൻ ആക്രമിക്കാൻ വന്നാലും അതിനെക്കുറിച്ച് പരാതി പറയാൻ പാടില്ല .അഫ്ഗാനിസ്ഥാൻ ആക്രമിച്ചത് നമ്മുടെ കുഴപ്പം കൊണ്ടാണെന്ന് കരുതിക്കൊള്ളണമെന്ന് ! അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്: "നമുക്ക് പരാജയങ്ങൾ സംഭവിക്കുന്നു .വിചാരിച്ച പലതും നടക്കുന്നില്ല. മറ്റുള്ളവർ നമ്മെ വെറുക്കുന്നു. അതിനുള്ള കാരണങ്ങൾ നാം കണ്ടുപിടിക്കുന്നു. എന്നേക്കാൾ മോശക്കാരായവർ ജീവിതത്തിൽ വിജയിക്കുന്നുണ്ടല്ലോ.? എൻ്റെ ജാതിയാണ് എൻ്റെ ശത്രു. ഇവിടം വർഗീയത കൊടികുത്തി വാഴുന്നു.  സകലർക്കും എന്നോട് അസൂയയാണ്. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്? നമ്മിൽ പലരും വാസ്തവ ത്തെ അന്വേഷിച്ചു പോകാറില്ല. പരാജയത്തിന്റെ ഉത്തരവാദി നാം തന്നെയാണ്. നമുക്കെല്ലാം അതിൽ ഒരു റോൾ അഭിനയിക്കേണ്ടിയിരിക്കുന്നു. എനിക്ക് എഴുത്തുകാരന്റെയും പ്രഭാഷകൻ്റെയും   റോൾ അഭിനയിക്കണം. വീട്ടിലെത്തിയാൽ ഭർത്താവാകണം. എൻ്റെ റോൾ ഭംഗിയായി നിർവഹിക്കുന്നതിനു പകരം ഞാൻ ശ്രദ്ധിക്കുന്നത് ചുറ്റുമുള്ളവർ അവരുടെ ഭാഗം ഭംഗിയായി അഭിനയിക്കുന്നുണ്ടോ എന്നാണ് .സ്വന്തം സംഭാഷണം വ്യക്തമായി വേണ്ടുന്ന സമയത്ത് പറയുന്നതിന് പകരം ഞാൻ മറ്റുള്ളവരുടെ സംഭാഷണം ശ്രദ്ധിക്കുന്നു. അവർക്ക് തെറ്റ് പറ്റുമ്പോൾ അവരെ പരിഹസിക്കുന്നു.  ഈ കഥ ഇങ്ങനെയല്ലല്ലോ എഴുതേണ്ടത് എന്നാലോചിക്കുന്നു. അതിൽ അവരുടെ ധർമ്മം ശരിയാംവണ്ണം നിർവഹിക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്നു. ഇവിടെ മറന്നു പോകുന്നത് സ്വന്തം കർത്തവ്യങ്ങളാണ്. "

പി.ആർ. നാഥൻ ഒരു എഴുത്തുകാരനെന്ന നിലയിൽ പരാജയപ്പെടാൻ കാരണമെന്താണെന്ന് ഇതിൽ നിന്ന് മനസിലാക്കാം. വീട്ടിൽ റോൾ അഭിനയിക്കുകയാണെന്ന് ! അവനവനോടെങ്കിലും ആത്മാർത്ഥത കാണിക്കുക. ആരെ ബോധ്യപ്പെടുത്താനാണ് ഈ റോളുകളി. ?നാഥൻ്റെ വാക്കുകൾ സത്യഭാമമാർക്ക് പ്രോത്സാഹനവും അർഹതപ്പെട്ട രാമകൃഷ്ണൻമാർക്കൊരു ചവിട്ടുമാണ്.  സ്വന്തം കർത്തവ്യം ചെയ്ത് പിന്മാറിക്കൊള്ളണമെന്ന് . വിമർശിക്കാൻ വരരുതെന്നാണ് നാഥൻ്റെ താക്കീത്. നാഥനെയൊക്കെ ആര് വിമർശിക്കുന്നു.? ഒരു നല്ല കൃതി എഴുതിയിട്ടുണ്ടോ നിങ്ങൾ ? നിലം പതിഞ്ഞവരെ ഏമാൻമാർക്ക് ചവിട്ടിക്കൊണ്ടിരിക്കാമല്ലോ എന്ന ചിന്തയിൽ നിന്നാണ് നാഥൻ്റെ വാക്കുകൾ. മറ്റുള്ളവരുടെ പരിഹാസത്തെയും അനീതികളെയും വിമർശിക്കാൻ പാടില്ല .നാഥൻ്റെ മനസിലിരുപ്പ് വ്യക്തമാണ്. നാഥൻ സ്റ്റാറ്റസ്സ്കോ നിലനിർത്താൻ ആഗ്രഹിക്കുന്നു. ഇപ്പോൾ സാമൂഹികമായ അധികാരങ്ങളും പദവികളും കൈയ്യടക്കി വച്ചിരിക്കുന്നവരെ വിമർശിക്കരുത്; പകരം അവർ തരുന്നത് വാങ്ങി തൃപ്തിപ്പെട്ട് അനുസരണയോടെ കർത്തവ്യം ചെയ്ത് പിന്മാറിക്കൊള്ളണം .

നാഥനെ പോലുള്ളവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാ അനീതികളും ചോദ്യം ചെയ്യപ്പെടാതെ തന്നെ നിലനിന്നുകൊള്ളണം എന്നാണ്.  അഭിനേതാവ് സ്വന്തം സംഭാഷണം നന്നായി പറഞ്ഞ് വീട്ടിൽ വന്നു കിടന്നുറങ്ങിയാൽ മതി. ഇത്രയും ജീർണമായ, ജുഗുപ്സാവഹമായ 'സാരോപദേശം' കേട്ടിട്ടേയില്ല. കൗരവസഭയിൽ പാഞ്ചാലിയുടെ വസ്ത്രം വലിച്ചു പറിച്ചപ്പോൾ അവരോട് അരുത് എന്ന് പറയാൻ ഒരു പണ്ഡിതനെയും കണ്ടില്ല .ഒരു നാഥനും അവിടെയില്ലായിരുന്നു. ഭീഷ്മരുടെ നാവ് പൊന്തിയില്ല .ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രം വലിച്ചു പറിക്കുന്നത് തുടരട്ടെ, അയാൾ കർത്തവ്യം ചെയ്യുകയാണല്ലോ.  അയാളെ ചോദ്യം ചെയ്യരുത്! കാരണം ,അതിൻ്റെ കാരണക്കാർ നമ്മളാണല്ലോ ! ചോദ്യം ചെയ്യുന്നവനാണ് തെറ്റ് ചെയ്യുന്നത്.ആ സഭയിൽ യുയുത്സുവാണ് വസ്ത്രം പിടിച്ചു പറിക്കരുതെന്ന് പറഞ്ഞത്.യുയുത്സുവിനു ധർമ്മമുണ്ട്. അവന് അനീതി കണ്ടാൽ എതിർക്കണം. ആ എതിർപ്പിലാണ് അവൻ ജീവിക്കുന്നത്.ഈ ഭൂമിയെ തൊട്ട് അത് സ്പന്ദിക്കുന്നുണ്ടെന്ന് അവൻ തിരിച്ചറിയുന്നത് ഇങ്ങനെ അനീതിക്കെതിരെ ശബ്ദമുയർത്തുന്നതുകൊണ്ടാണ്. ജാതി ഒരുവൻ്റെ ശത്രുവാണെന്ന് തോന്നിയെങ്കിൽ അത് അവൻ്റെ കുറ്റമല്ല; സമൂഹത്തിലെ ഒരു പ്രബല വിഭാഗം അവനെ ജാതിയുടെ പേരിൽ, നിറത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് തുടരുകയാണല്ലോ. അപ്പോൾ മേൽപ്പറഞ്ഞ മാന്യൻ പറയും ,താഴ്ന്ന ജാതിക്കാരനല്ലേ അതുകൊണ്ട് എതിർക്കേണ്ട ,കർത്തവ്യം ചെയ്ത് വീട്ടിൽ പോവുക .ഇതിൻ്റെ തുടർച്ചയാണ് സത്യഭാമയിലുടെ കേട്ടത്. ഇത്തരം ഭാമമാർ അദൃശ്യരായി  എവിടെയും ജീവിക്കുന്നു, ആർക്കും പിടികൊടുക്കാതെ .

മനുഷ്യമനസിലെ അഴുക്ക് നീക്കാൻ 

ഗുരു സർവമത സമ്മേളനം സംഘടിപ്പിച്ചത് മനുഷ്യമനസ്സിലെ ഈ അഴുക്ക് നീക്കാനാണ്. എത്ര നീക്കിയാലും പിന്നെയും വെറുപ്പിൻ്റെ ആഫ്രിക്കൻ പായൽ മാത്രം ബാക്കിയാവുമെന്ന് അറിയാം .എത്ര പഠിപ്പിച്ചാലും പഠിക്കില്ല എന്നറിയാം. എത്ര വിദ്യാഭ്യാസം നേടിയാലും ചിലരുടെ ഉള്ള് തെളിയില്ല. ഒളിയമ്പ് എയ്യുന്നതാണല്ലോ ശീലം.  പക്ഷേ, വേറെ എന്താണ് വഴി? ഈ ഉദ്ബോധനങ്ങൾ തന്നെ. എത്ര വായിച്ചാലും ചിലർ മനസ്സിൽ സൂക്ഷിക്കുന്നു. ആരു പറഞ്ഞാലും അത് ഉപേക്ഷിക്കില്ല. മനുഷ്യൻ ഒരു ദൈവമാകേണ്ടവനായിരുന്നു. എന്നാൽ അവൻ ദുഷ്ടബുദ്ധികൊണ്ട്, വകതിരിവില്ലാത്തതുകൊണ്ട്, അമിതമായ അഹങ്കാരം കൊണ്ട്  എല്ലാം നശിപ്പിച്ചു. അവൻ എങ്ങുമെത്തിയില്ല. മറ്റൊരുവനെ ജാതിയുടെ പേരിൽ വെറുക്കുന്നത് വരെയേ അവന് വളരാൻ കഴിഞ്ഞിട്ടുള്ളൂ.ഇതാണ് നിത്യമായ അന്ധകാരം. 

ചിലർ പ്രഭാഷണങ്ങളിലൂടെ ഗുരുവിനെ പൊക്കിയടിക്കും. എന്നാൽ അവരുടെ മനസ്സിൽ വൃത്തികെട്ട വിവേചന ബുദ്ധി പ്രവർത്തിക്കുകയാണ്, രാക്ഷസനെ പോലെ. സർവ്വമതസമ്മേളനത്തിൽ സ്വാഗതപ്രസംഗം ചെയ്തത് പ്രഗത്ഭനായ സത്യവ്രത സ്വാമിയാണ് . ജാതിയുടെ സകല അടയാളങ്ങളും ദൂരേക്ക് വലിച്ചെറിഞ്ഞ ആ മനീഷി  ഇങ്ങനെ പറഞ്ഞു: "ഓരോ മതത്തിന്റെയും പേരും പറഞ്ഞു നടക്കുന്നവരിൽ വലിയ ഭൂരിഭാഗവും അവരുടെ വലിയച്ഛൻ്റെ മതത്തിൻ്റെ പേര് പറയുകയല്ലാതെ തങ്ങളുടെ മതത്തിന്റെ പേര് പറയുകയല്ല ചെയ്യുന്നത്. ആത്മജ്ഞാനവർദ്ധനയ്ക്ക് അധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്മാർ അവരുടെ ബുദ്ധിയെയും ശക്തിയെയും ധനത്തെയും സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അധ്വാനത്തിൽ വിനിയോഗിച്ചതിന്റെ അനിഷ്ടഫലമാണ് നാം ഈ കാണുന്നത്. "

സ്വന്തം മതം കണ്ടെത്തണമെന്നാണ് സ്വാമി ആഹ്വാനം ചെയ്യുന്നത്. അവനവൻ ആത്മരക്ഷാർത്ഥം സത്യം തേടണമെന്ന് .അതിലൂടെ ആനന്ദത്തെക്കുറിച്ച് അറിവ് ലഭിക്കും. പൊരുൾ മറ്റൊരാൾ പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിലെ കഥാപാത്രം ഇത്  തിരിച്ചറിയുന്നുണ്ട്. അവൻ ഗുരുക്കന്മാ രിൽ നിന്ന് കേട്ടതൊന്നും ഉൾക്കൊണ്ടില്ല. അവന്റെ അനുഭവത്തിൽനിന്ന് നേരിട്ട് ഗ്രഹിക്കാൻ വേണ്ടി അലഞ്ഞു. അവസാനം പ്രകൃതിയിൽ നിന്നാണ് ആ വലിയ സത്യം ഗ്രഹിച്ചത്. ഈ പ്രപഞ്ചം വലുതിനെയും ചെറുതിനെയും ദൃശ്യമായതിനെയും അദൃശ്യമായതിനെയും ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും എല്ലാം കൂട്ടിക്കുഴച്ചിരിക്കുകയാണെന്നും അന്തിമമായി യാതൊന്നും മറ്റൊന്നിൽ നിന്ന് ഭിന്നമല്ലെന്നും അവൻ ഉൾക്കൊള്ളുകയാണ്. ഈ സത്യം ഏത് പുസ്തകത്തിനു തരാൻ  കഴിയും?

പ്രത്യയശാസ്ത്രവൽക്കരണം 

ലോകം ആഗ്രഹിക്കുന്നത് ശാന്തിയാണ്. പലരും അത് സമ്മതിക്കുകയില്ല. കാരണം, സംഘട്ടനവും ചോരയും കണ്ണീരുമാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. മനുഷ്യമനസ് ഹിംസയിലേക്ക് തിരിഞ്ഞിരിക്കയാണ്. ഒന്നിന് മറ്റൊന്നിനെ എതിർക്കാതെ ജീവിക്കാനാവില്ല .എന്നാൽ ഗുരു ജീവിച്ചത്, പ്രവർത്തിച്ചത് എല്ലാവരുടെയും ഭിന്നതകളെ ഒഴിവാക്കി ഒരിടത്തേക്ക് കൂട്ടിയോജിപ്പിക്കുന്നതിനാണ്. ഇത് മനസിലാക്കാത്തവരുണ്ട്. ബി.രാജീവൻ ഒരു ലേഖനത്തിൽ എഴുതിയിരിക്കുകയാണ് ശ്രീനാരായണ ഗുരു മുതലാളിത്തത്തിനു അനുകൂലമായ നിലയിൽ ചിന്തിച്ചു എന്ന് .എന്താണ് മുതലാളിത്തം ? രാജീവന് എന്തിനെയും പ്രത്യയശാസ്ത്രവൽക്കരിച്ച് പ്രാകൃതമായ ചില വിഭജനങ്ങളിലേക്ക് എത്തിക്കാനാണ് ആഗ്രഹം. കാലഹരണപ്പെട്ട ഈ വിഭജനങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുക. ഗുരുവിൻ്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്.  അതിനായി ഗുരു കഷ്ടപ്പെട്ടു. ശാരീരികമായി അത്യധ്വാനം ചെയ്തു. നിരന്തരം സഞ്ചരിച്ചും ഉദ്ബോധിപ്പിച്ചും  എഴുതിയും പ്രസംഗിച്ചും ഗുരു ഈ കേരളത്തെ ഒരു കർമ്മചൈതന്യ വിഹാരമാക്കി.അതിനാണ് സന്യാസി സംഘം പോലും രൂപീകരിച്ചത്.  സന്യാസിസംഘത്തിൻ്റെ ലക്ഷ്യം  കുമാരനാശാൻ വിശദീകരിക്കുന്നുണ്ട്: "വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും  അനുമാനിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തിൽ ഇപ്പോൾ കിടക്കുന്ന പാവനമായ അഭിപ്രായം തൻ്റെ ശിഷ്യന്മാരായ സന്യാസികളും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേക സംഘം സ്ഥാപിച്ചതുമൂലം ജാതിഭേദം കൂടാതെ പൊതുവിൽ നാടിനും ജനങ്ങൾക്കും ഒരുപോലെ ആധ്യാത്മികമായ ശ്രേയസ്സും സദാചാര സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും ഉള്ള അഭിവൃത്തി ഉണ്ടാകുന്നതിന് വേണ്ടി യത്നിപ്പാൻ വേണ്ട ഏർപ്പാടുകൾ  ചെയ്യണമെന്നുള്ളതായിരുന്നു."

സന്യാസികൾ നാടിനു അഭിവൃദ്ധിയുണ്ടാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഇതാണ് ഗുരുവിൻ്റെ സന്യാസസങ്കല്പം.ആ സങ്കല്പത്തിൽ നിന്നുണ്ടാകുന്നതാണ് സർവമതമൈത്രിയും സഹോദര്യവും ഏകാത്മകതയും .
മതങ്ങളെ ഉപജീവിച്ചു കബളിപ്പിക്കൽ സംഘങ്ങൾ വളർന്നു വന്നതിനെക്കുറിച്ച് സത്യവ്രതസ്വാമികൾ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്: " മതസ്ഥാപകൻമാരായ മഹാത്മാക്കളുടെ അധ്യാത്മസിദ്ധാന്തങ്ങൾ സമ്മതങ്ങളായിത്തീർന്നുവെന്ന് കണ്ടപ്പോൾ ആ സിദ്ധാന്തങ്ങളെ ജനങ്ങൾക്കുപദേശിക്കുവാനുള്ള പാവനമായ ജോലി കൈയേറ്റ പുരോഹിതന്മാർ, ആ ജോലി അത്യന്തം ആദായകരമായ ഒരു ഉത്തമം കുശലം വിദ്യയെന്ന് അനായാസേന മനസിലാക്കി. ഇങ്ങനെയുള്ള ഏർപ്പാടുകൾ എല്ലാം ഉണ്ടാക്കിയാൽ ആ ജോലി അധികം ആദായകരമാക്കിത്തീർക്കാമോ അങ്ങനെയുള്ള ഏർപ്പാടുകളെല്ലാം അവർ ഉണ്ടാക്കിത്തീർത്തു. മതങ്ങളോടനുബന്ധിച്ചു ഉണ്ടായിട്ടുള്ള മിക്ക തന്ത്രമന്ത്രവാദികളുടെയും വിശ്വാസാചാരങ്ങളുടെയും എല്ലാം ആഗമം ഇങ്ങനെയാകുന്നു."

മതത്തിൻ്റെ നടത്തിപ്പിൽ പലതും ലാഭേച്ഛയോടെ കടന്നുകയറി പ്രവർത്തിക്കുന്നതുമൂലം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുടക്കമില്ലാതെ സമൂഹത്തിൽ നിലനിൽക്കുന്നു. തങ്ങൾ ജനിച്ച സമുദായത്തെയോ മതത്തെയോ പൂർവ്വകല്പിതമായി കാണുന്നുത് അതുകൊണ്ടാണ്. ജനിക്കുന്നതിന് മുമ്പ് തന്നെ മതം തിരഞ്ഞെടുക്കാൻ കഴിയില്ലല്ലോ. മതം മനുഷ്യന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടിയാണെന്ന് പലർക്കും ഉറപ്പില്ല.  എല്ലാ മതത്തിങ്ങളിമുള്ള സാരം ഒരു ബിന്ദുവിൽ തന്നെ വന്നു ചേരുകയാണ്. ഗുരു 'ആത്മോപദേശശതക'ത്തിൽ എഴുതി:
" പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ പലവിധം യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം."

പല മതവിശ്വാസികൾ അവരവരുടെ മതത്തെപ്പറ്റി പറയുന്നത് ഒരു വമ്പ് പറച്ചിലാകരുത്. ആനയെ അന്ധന്മാർ വിവരിക്കുന്നത് പോലെയാവരുത് .അപ്പോൾ സമ്പൂർണ്ണമായ കാഴ്ചയുടെ അനുഭവമുണ്ടാകില്ല. മതത്തിൽ ഏകമായ പ്രാപഞ്ചിക സാരം തേടുക . സമഗ്രമായി അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. അവിടെ ദൈവത്തിൻ്റെ ഹൃദയം എന്ന പോലെ മനുഷ്യന്റെ ഹൃദയവും കാണാനാകും.

അഭിമുഖം /എം.കെ.ഹരികുമാർ / സ്റ്റാഫ് റിപ്പോർട്ടർ (ORUMA)

 

എ.അയ്യപ്പൻ :ജീവിതത്തിൻ്റെ അനന്യതയെക്കുറിച്ച് ഒരു പക്ഷി പാടുന്നു /എം.കെ.ഹരികുമാർ

 






കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും ആഗ്രഹങ്ങളെയും സത്യമാക്കി വിലയിരുത്തിക്കൊണ്ടിരിക്കും. അസത്യം പറയാൻ ധാരാളം പേർ ക്യൂ നിൽക്കുമ്പോൾ കവി അതിനെതിരെയാണ് പൊരുതേണ്ടത്. കവി അയാളുടെ വ്യക്തി ജീവിതത്തിന്റെ ഇരയല്ല ;അയാളിലൂടെ മറ്റുള്ളവർ സംസാരിക്കണം. അയാൾ സ്വയം ഒരു വീണ്ടെടുപ്പാണ്. ചിലപ്പോൾ അയാൾ വ്യക്തിയല്ല, നഗ്നവും ഭീകരവുമായ ഒരനുഭവമാണ് .അയാൾക്കു പോലും നിയന്ത്രിക്കാനാവാത്തതും നിർവ്വചിക്കാനാവാത്തതും. ജീവിതം തന്നിലുടെ പടരുകയാണ് ,അതിൻ്റെ തനി സ്വാതന്ത്യങ്ങളിൽ; അതാണ് അയാളെ അപാരമായ ലഘുത്വത്തിലേക്ക് നയിക്കുന്നത്.അതിനെ മറ്റുള്ളവർ വിശ്വസിക്കണമെന്നില്ല. അവിശ്വസനീയമായതെല്ലാം അയാൾ സ്വയം എറിഞ്ഞുടച്ചതിൻ്റെ  ഫലമായുണ്ടായതാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയല്ല ,കഴിയുന്നിടത്തോളം അവനവനോട് സ്വയം വെളിപ്പെടുത്താനാണ് കവി എഴുതുന്നത് .എ.അയ്യപ്പൻ തന്നെ ഉപേക്ഷിച്ച് തൻ്റെ കവിതയെ അന്വേഷിച്ചു നടന്ന കവിയാകുന്നത് ഇവിടെയാണ്. 

നിലവിലുള്ള ഒരു പ്രസ്ഥാനത്തിനും തന്റെ കവിതയെ ഒതുക്കാനാവില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് അയ്യപ്പനു വ്യവസ്ഥാപിത ജീവിതം തന്നെ അസാധ്യമായത്. ഒരു തൊഴിലിലോ സംഘടനയിലോ ചേർന്നു നിൽക്കാൻ പറ്റാത്ത വിധം ദുസ്സഹമായ ഒരു അസ്തിത്വപ്രതിസന്ധിയായി കവിത അയ്യപ്പനിൽ രൂപാന്തരപ്പെട്ടു. കവിതയാകട്ടെ ജീവിതത്തിൽ നിന്നു വേർപെടുത്താനാവാതെ തുടരുകയും ചെയ്തു. 

കവിതയുടെ പരിപ്രേക്ഷ്യങ്ങളെ ഉപേക്ഷിക്കുമ്പോൾ 

'അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ' എന്ന കവിതയിൽ അയ്യപ്പൻ ഇങ്ങനെ എഴുതുന്നു: "
മധുരത്തെക്കുറിച്ചോർക്കുമ്പോൾ
നാവിലൂറുന്ന ഉമിനീരു പോലുമിറക്കരുത് .
ഒരു നിശാശലഭം 
എൻ്റെ ശിരസ്സിനുമുകളിൽ 
പറക്കുന്നു
വാക്കറ്റ പക്ഷി പാടുന്നേയില്ല
കാലിൽത്തടഞ്ഞ തുരുമ്പിച്ച തോക്കിനു
പരിചിതമായ കൈകളുടെ ഗന്ധം
പാതയിൽ രുധിരവർണ്ണത്തിന്റെ പൂക്കൾ 
പൊഴിഞ്ഞുകൊണ്ടിരിക്കുന്നു."

ഈ വരികളുടെ അർത്ഥം പറയുന്നത് സദാചാരവിരുദ്ധമാണ് .കാരണം ,ഒരു കവിത വെറുതെ അർത്ഥമല്ല ഉത്പാദിപ്പിച്ചു വയ്ക്കുന്നത് .അത് മനസിനു പോലും അപരിചിതമായ ഒരു ലോകത്തെ മാനുഷികമാക്കുകയാണ്.  വിവിധ മനസ്സുകൾ കൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് ഈ വരികൾ പ്രതിപാദിക്കുന്നത്. പല ജീവിതങ്ങൾ ഇവിടെ തളം കെട്ടി നിൽക്കുകയാണ്. തൻ്റെ ദു:ഖത്തിനു കവി വ്യാപ്തി നല്കുകയാണ്. തനിക്കു ദുഃഖിക്കാൻ തൻ്റെ ജീവിതം മതിയാകില്ലെന്ന് പ്രഖ്യാപിക്കാൻ ഇതുപോലുള്ള വരികളുടെ സാക്ഷ്യം  വേണം .മധുരം എല്ലാവരുടെയും മധുരമല്ല; അതിന് ആ പേരുണ്ടെന്നേയുള്ളു. അത് വിശ്വസിച്ചു ഉപഭോഗം ചെയ്യാനുള്ളതുമല്ല. മധുരം മധുരമായി വെറുതെ നിൽക്കുകയാണ്. അത് അടയാളമാണ്. എന്നാൽ അതിൽ ധാരാളം പതനങ്ങളും വഞ്ചനകളും അടങ്ങിയിരിക്കുന്നു .മധുരം നുണയുമ്പോൾ കയ്പായി മാറാം. കയ്പാണെന്ന് വ്യാഖ്യാനിക്കാം. അങ്ങനെ വിലപ്പെട്ടതെന്ന് കരുതുന്നതോ ആഹ്ലാദകരമെന്ന് വാഴ്ത്തപ്പെട്ടതോ നമ്മെ എപ്പോഴാണ് ക്രൂരമായി ചതിക്കുകയെന്നറിയില്ല .ലോകം സ്ഥിരമായി ,വ്യവസ്ഥാപിതമായി നിർത്തുന്നതിനെയാണ് കവി അട്ടിമറിക്കുന്നത്. കവിതകൾ സൃഷ്ടിച്ച പരിപ്രേക്ഷ്യങ്ങളിൽ നിന്നു പോലും വ്യതിചലിച്ചു കൊണ്ടു വേണം ഒരു യഥാർത്ഥ കവിക്ക് എഴുതാൻ. കാരണം ,യാഥാർത്ഥ്യം എവിടെയാണ് ? വസ്തു ഇല്ലല്ലോ ;വ്യാഖ്യാനങ്ങളും വർണനകളും വിലയിരുത്തലുകളും മാത്രമാണുള്ളത്. ഒരു പൂവ് ,ഒരു കടൽ ,ഒരു നക്ഷത്രം എല്ലാം മനുഷ്യ മനസിൽ ഭാവനകളും സാഹിത്യ പരിപ്രേക്ഷ്യങ്ങളുമായി വിഘടിക്കപ്പെടുകയാണ്. യാതൊന്നിൻ്റെയും അനന്യത എവിടെയുമില്ല. പ്രപഞ്ചം വീക്ഷണങ്ങളും വിചിന്തനങ്ങളുമായി വേർപിരിയുകയാണ്. അവിടെയാണ് യഥാർത്ഥമായ യാഥാർത്ഥ്യത്തെ തേടേണ്ടി വരുന്നത് .ഒരിടത്തും കാവ്യപരമായി പൊതിഞ്ഞു വയ്ക്കപ്പെടാത്ത ഒരു വസ്തുവുമില്ല. 

ശലഭം പുതുതായി പറക്കുകയാണ് 

ലോകം പണിതുവെച്ച മനോഹര രുചികൾ തനിക്ക് വേണ്ടിയുള്ളതല്ലെന്നു കവി സൂചിപ്പിക്കുകയാണ്. തൊട്ടടുത്ത വരി മറ്റൊരു അടയാളത്തെക്കുറിച്ചാണ്. അത് നിശാശലഭമാണ്. സുന്ദരവും ക്ഷണികവുമായ ആ ശലഭത്തിന്റെ പറക്കൽ ഒരു ദുർഗ്രഹതയാണ് .അത് കവിയുടെ ശിരസ്സിനു മുകളിൽ എന്തോ പരതുകയാണ് .വാസ്തവത്തിൽ അത് അയ്യപ്പൻ എന്ന കവിയാകണമെന്നില്ല. മഹാസൗന്ദര്യവുമായി അവതരിച്ച ശലഭം എന്താവും അശരണനും നിരാശനുമായ ഒരു കവിയിൽ നിന്നു പ്രതീക്ഷിക്കുന്നത്? ഒരു കാര്യം വ്യക്തമാണ്: ശലഭത്തെക്കുറിച്ച് കവികൾ എഴുതി ഉറപ്പിച്ചെടുത്തതൊന്നും ഇനിമേൽ യഥാർത്ഥ്യമല്ല എന്ന ആശയമാണ് അത് സംവേദനം ചെയ്യുന്നത്.അത് ഒരു ശലഭമായിരിക്കുന്നതിന്റെ നിശ്ചിതവും ആശയങ്ങളാൽ നിക്ഷിപ്തവുമായ  ഭാവുകത്വത്തെ വഹിക്കാൻ ഇഷ്ടപ്പെടുന്നില്ല .ശലഭം പുതുതായി പറക്കുകയാണ്. പൂർവ്വകാലങ്ങളിൽ പറന്ന ശലഭങ്ങളിൽ നിന്ന് വേറിട്ടു പറക്കാൻ ആ ശലഭത്തിനു ആഗ്രഹിക്കാമല്ലോ .അവിടെയാണ് കവിതയുള്ളത്. അങ്ങനെയുള്ള ഉദ്യമത്തിൽ അതിനു ഒരു കവിയുടെ ശിരസ്സ് പ്രിയങ്കരമാവും. കാരണം ,അർത്ഥത്തിന്റെ നിലവാരപ്പെടൽ ,ഉറപ്പിക്കൽ പ്രക്രിയകളിൽ നിന്ന് അകന്ന് ദുർഗ്രഹമായ ഒരു സ്ഥലരാശിയിലൂടെ അത് സ്വതന്ത്രമായി പറക്കുകയാണ്, ഏതോ അനന്യതകളിലേക്ക്.അത് പുതിയ ഒരു വൃത്തം ചമയ്ക്കുകയാണ് .ഇതല്ലേ സൗന്ദര്യം? ജീവിതത്തെ അറിയാനായി പുതിയൊരു മിത്ത് സൃഷ്ടിക്കുകയാണിവിടെ .എന്നിട്ടും അത് അസംബന്ധമോ അർത്ഥശൂന്യമോ ആയി  അവശേഷിക്കുന്നു.

വാക്കറ്റ പക്ഷി പാടുന്നേയില്ല എന്ന് പറഞ്ഞതിൽ നിന്നു നമുക്ക് അനുമാനിക്കാവുന്നത് നമ്മൾ ഓരോരുത്തരും ഓരോ തരം പക്ഷിയാണെന്നാണ്. എവിടേക്കോ  പറക്കുന്നു .ചിറകടിച്ച് കരഞ്ഞു പറക്കുന്ന നമ്മൾ ചിലപ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നു. അല്ലെങ്കിൽ പറന്നു ദൂരേക്ക് പോകുന്നു. മിക്കപ്പോഴും നമ്മൾ പറന്നു തളർന്ന പക്ഷികളാണ് .നമുക്ക് ദൂരേക്ക് പോകാനാവില്ല .അതിനാൽ നാം പാട്ടു നിർത്തിയവരാണ്. കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയത് പ്രകാരം മൗനമായിരുന്നു നമ്മുടെ ഭക്ഷണം. സഹനങ്ങളിൽ നാം പഠിച്ചത് നിശ്ശബ്ദതയുടെ ഭാഷയാണ്. 

എല്ലാ സാഹചര്യങ്ങളും എതിരാകുമ്പോൾ നമുക്ക് നിശ്ശബ്ദതയിൽ അഭയം തേടാം. നിശ്ശബ്ദത ആരുടെയും അധീനതയിലുള്ള ഭൂമിയല്ല .അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാ പരിത്യക്തരും വിമുഖരും പരാധീനരും അവിടേക്ക് പോയി മറയുന്നു. പറക്കാൻ കഴിയുന്ന പക്ഷികൾ പെട്ടെന്ന് നിശ്ശബ്ദരായിരിക്കുന്നു.അവർ കണ്ട കാഴ്ചകളാകാം അതിനു കാരണമായത്. പക്ഷികൾക്ക് വാക്കുകൾ നഷ്ടപ്പെടാറുണ്ടെന്ന്  അയ്യപ്പൻ പറയുന്നതിൽ ഒരു സൂക്ഷ്മ നിരീക്ഷണമുണ്ട്. മനുഷ്യനും പറക്കാൻ കഴിയും, അവൻ്റെ മനസ്സിനുള്ളിലൂടെ.

ഐറിഷ് കവി സീമസ് ഹീനെ (Seamus Heaney) ഇങ്ങനെ അഭിപ്രായപ്പെടുന്നു :"I think that self forgetfulness ,self entrancement ,is part of the action of writing ,certainly of writing verse .To dwell silently on something within yourself ,to forget that you are there watching yourself in action that is the achievement and that is the desire."
ആത്മവിസ്മൃതി ,ആത്മപ്രവേശനം എന്നിവ കവിതയെഴുത്തിൽ ഒഴിവാക്കാനാവില്ല. നിശ്ശബ്ദമായി  നിങ്ങളുടെയുള്ളിലുള്ള ഏതോ കേന്ദ്രത്തിലേക്ക് പോയി നിങ്ങളെത്തന്നെ വിസ്മരിക്കുന്നതാണ് ഏറ്റവും വലിയ നേട്ടം .കവിയുടെ രചനാപ്രക്രിയ ഇതാവശ്യപ്പെടുന്നു.അയ്യപ്പൻ തന്നിലേക്ക് തന്നെ സഞ്ചരിക്കുന്നത് ,ഏറ്റവും അനന്യമായ അറിവുകൾക്ക് വേണ്ടിയാണ് .

അവ്യക്തത സൗന്ദര്യമാണ് 

പിന്നീട് തുരുമ്പിച്ച തോക്കിന്റെ കഥ പറയുന്നു. ആ തോക്ക് വെടിയുതിർത്ത കാര്യമല്ല കവിയെ വേട്ടയാടുന്നത്; അത് പരിചിതമായ ആരുടെയോ സ്പർശത്തെ ഓർമ്മിപ്പിക്കുന്നു. ആ  കൈകളുടെ ഗന്ധം തോക്കിലുണ്ട്. ആരായിരിക്കും ആ  തോക്ക് ഉപയോഗിച്ചിരിക്കുക?. എന്നാൽ അതിൽ തന്നെ മറ്റൊരു വസ്തുതയുമുണ്ട് .ആ തോക്ക് സമീപത്തെങ്ങും ഉപയോഗിച്ചിട്ടില്ല.
അതുകൊണ്ടാണ് അത് തുരുമ്പിച്ചു താഴെ വീണു കിടന്നത്.യാദൃശ്ചികമായി, അത് പഥികൻ്റെ കാലിൽ തടഞ്ഞതാണ്. ആരെയോ വെടിവെച്ചു കൊന്നശേഷം തോക്ക് ഉപേക്ഷിച്ച് കൊലയാളി കടന്നു കളഞ്ഞതാകാം. കൈകളുടെ ബന്ധം പഥികനു പരിചയമുള്ളതാണ് എന്ന പ്രസ്താവന ഏറ്റവും ഉദ്വേഗമുണ്ടാക്കുന്നതാണ്. 

ഇന്നലെ നമ്മുടെ സുഹൃത്തായിരുന്നവൻ ആരെയോ കൊന്നിരിക്കുന്നു .അവൻ ഒളിച്ചു പോയിരിക്കുകയാണ്. കവിയുടെ സുഹൃത്തുക്കൾ സൗഹൃദങ്ങൾ ഉപേക്ഷിച്ചു കൊല്ലാൻ കെല്പുള്ളവരായി വളർന്നിരിക്കുന്നു. കൊന്നും മറഞ്ഞും ജീവിക്കുന്നവർക്കിടയിൽ തൻ്റെ പ്രസക്തി എന്താണെന്ന് ,അവനവനെ പോലും കൊണ്ടുനടക്കാൻ ശേഷിയില്ലാത്തവനു ചിന്തിക്കാവുന്നതാണ് .പിന്നെ എഴുതുന്നത് ,പാതയിലെ രുധിര വർണ്ണപ്പൂക്കളെക്കുറിച്ചാണ്. രക്ത നിറമുള്ള പൂക്കൾ പാതയിൽ രക്തസാക്ഷികളെ പോലെ ചിതറിക്കിടക്കുന്നു. ഈ കവിതയിലെ ബിംബങ്ങളെല്ലാം പരസ്പരം വിഘടിച്ചും അകന്നും കഴിയുകയാണ്. പലതരം ബിംബങ്ങൾ ഏതോ ആന്തരിക പൊരുത്തത്താൽ കവിതയിലേക്ക് വന്ന് താളമുണ്ടാക്കുന്നു .
മധുരം, നിശാശലഭം, പക്ഷി, തോക്ക്, രക്തശോഭമാർന്ന പൂക്കൾ ഇവയെല്ലാം കവിയിൽ പല കാലങ്ങളും പല മനുഷ്യരുമായി പിരിയുന്നു.

അർത്ഥം നഷ്ടപ്പെട്ട വാക്കുകളെ പോലെ അവ പുതിയൊരു പിറവിക്കായി പ്രതീക്ഷിക്കുകയാണ്. യുക്തിയും ക്രമവും ഇല്ലാതായ ഈ ലോകത്ത് തനിക്ക് ഓരോന്നും പുതിയ ഭയമാണ് തരുന്നത്. എല്ലാത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു .അവ്യക്തമായ ഒരു ഭാഷയായി കവിത പരിണമിക്കുകയാണ്.ഇത് കവിതയെ അനുഭവിക്കുന്നതിനു തടസ്സമല്ല .ഈ അവ്യക്തത സൗന്ദര്യമാണ്. ഇത്  വാസ്തവത്തിൽ കവിതയുടേതല്ല;  ജീവിതത്തിൻ്റേതാണ് .ജീവിതം നൽകുമെന്ന് കരുതിയിരുന്ന യുക്തിയും ക്രമവും ഇല്ലാതായിരിക്കുന്നു ;പകരം ലഭിക്കുന്നതാകട്ടെ ഭ്രാന്തും വൈരുദ്ധ്യവും പലായനവുമാണ്. ഭയമാണ് ആകെയുള്ള ബോധം. 

"നിലാവിനെ തിന്നു തീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന് 
കശാപ്പുകാരന്റെ അശരീരി."

ഈ വരികളിലുള്ളത് ആ ഭയമാണ്. അതാകട്ടെ യുക്തിരഹിതവുമാണ്. കവിക്ക് മാത്രം മനസ്സിലാകുന്ന ഭയമാണത്. തന്നെ വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന ഈ ഭയം മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതിൻ്റെ തെളിവ് എന്ന് കവി തിരിച്ചറിയുന്നു. അത് 'മൊഴിയിൽ തെളിവ് പാടില്ല 'എന്ന കവിതയിൽ ഇങ്ങനെ വ്യക്തമാക്കുന്നു :

"തൊണ്ടയില്ലാത്ത ഒരു 
കരച്ചിലായിരുന്നു രാത്രി 
അവനിനിപ്പാടുകയില്ല 
പെങ്ങളുടെ മടിയിലുറങ്ങുകയില്ല 
ഒറ്റച്ചവിട്ടിനാണ് 
അവൻ്റെ ഓടക്കുഴൽ തകർത്തത് ."

പേടിസ്വപ്നത്തിലെന്ന പോലെ  ജീവിതം സ്നേഹശൂന്യമാവുകയും പരിചിതമായതെല്ലാം  അപരിചിതമാവുകയും ചെയ്യുന്നു. ഉപരിതലത്തിലെ കാഴ്ചകൾ കണ്ട് അതിനോട് സൗമ്യമായി പ്രതികരിച്ചു കടന്നുപോയ കവിയല്ല എ .അയ്യപ്പൻ .അദ്ദേഹം കോൺക്രീറ്റ് ചെയ്ത് മൂടിവച്ച് നഗ്നസത്യങ്ങൾ പുറത്തെടുക്കാൻ രാത്രിയും പകലും  അധ്വാനിച്ചവനാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ അതിന്റെ സ്ഥാനവും സമയവും നോക്കി ,ഈ ലോകജീവിതത്തിൽ അതിനുള്ള സ്ഥാനമെന്താണെന്നു പ്രവചിക്കാൻ കഴിഞ്ഞ അപൂർവ രചയിതാക്കളിൽ ഒരാളാണ് അയ്യപ്പൻ. അദ്ദേഹം കവിതയെ സമൂലം മാറ്റിമറിച്ചു .കവിതയുടെ എല്ലാ വരേണ്യതയും നശിപ്പിക്കുകയും അതിനു ഏറ്റവും പതിതനായ മനുഷ്യൻ്റെ ,അലഞ്ഞ ജീവിയുടെ അന്തരംഗത്തിൻ്റെ സ്വരം നൽകുകയും  ചെയ്തു. അതേസമയം ,അയ്യപ്പൻ്റെ കവിതയിൽ വികാരങ്ങൾ കുത്തിയൊഴുകുന്നില്ല. ഭാഷയുടെ ഉന്നതമായ സംസ്കാരം ഓരോ വരിയിലുമുണ്ട് .വാക്കുകളെ പൊട്ടിക്കരയാൻ അനുവദിക്കാതെ, അദ്ദേഹം പ്രബുദ്ധമായ ഒരു വിതാനം നൽകുന്നു .വാക്കുകളെ ബുദ്ധൻ്റെ ബോധിവൃക്ഷച്ചുവട്ടിലേക്കാണ് അയ്യപ്പൻ ആട്ടിത്തെളിച്ചത്. വാക്കുകളുടെ ആട്ടിടയനാണ് കവി. ഓരോ വാക്കും ലക്ഷ്യത്തിലെത്തണം. ഒന്നും വഴിമാറിപ്പോകരുത്. 

കവിതയുടെ അസംസ്കൃത വസ്തുക്കൾ 

'ജയിൽ മുറ്റത്തെ പൂക്കൾ' എന്ന് ഒരു കവിതാസമാഹാരത്തിനു പേരിടുന്നത് എത്രയോ ആഴത്തിലുള്ള ഒരു ചിന്തയുണർത്തുന്നു. ജയിലിനുള്ളിൽ ഏകാന്തതയും വേർപെടലും ദുഃഖവുമാണുള്ളത്. എന്നാൽ ആ പൂക്കൾ ചിരിക്കുകയാണ്; പ്രകൃതിയനുവദിച്ച സമയം പരമാവധി ലഹരിയിൽ ആവാഹിക്കാൻ അവ പാടുപെടുന്നു.പ്രതീക്ഷയുടെ കണ്ണുകൾ പൂക്കൾക്ക് ഉപേക്ഷിക്കാനാവില്ല.  സൗന്ദര്യത്തെ ഇങ്ങനെയാണ് പിന്തുടരേണ്ടത് .

"റോസിനു ഒരുമ്മ കൊടുത്തു. അഴികളിലൂടെ നോക്കിയാൽ നിലാവത്ത് ചിരിക്കും
വെളുത്ത മൊസാൻ്റ .
................
മോചിതനാകേണ്ട നാൾ വന്നു.
എൻ്റെ പേർ വിളിക്കപ്പെട്ടു .
ചെടികൾ കാറ്റത്താടി 
എല്ലാ പൂക്കളും എന്നെ നോക്കി
ഹായ് 
എൻ്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി"

ആധുനികകവിതയുടെ വ്യർത്ഥചിന്തയോ അന്യതാബോധമോ ഒന്നും കവി അതേപടി ഇവിടെ ആവിഷ്കരിക്കുന്നില്ല. അയ്യപ്പൻ തന്റെ സാഹസികവും ക്രമം തെറ്റിയതുമായ യാത്രകളിലൂടെ കവിതയുടെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുകയാണ് .അദ്ദേഹം സ്വന്തം വ്യസനത്തിന്റെയും തകർച്ചയുടെയും നിസ്സഹായതയുടെയും വഴികളിലൂടെ നടന്ന് തൻ്റേതായ സൗന്ദര്യം സൃഷ്ടിക്കുകയാണ്. ഓരോ വസ്തുവിലും കവി തൻ്റെ ആത്മാവിനോട് ഏതോ ഭാഷയിൽ സംവദിക്കുന്ന പല ജീവികളെ കണ്ടുമുട്ടുന്നു. 

ഒരാൾ കവിതയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടതുണ്ടോ, കവിതയെ അത്രയ്ക്കങ്ങു ആശ്രയിക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഏത് യാഥാസ്ഥിതിക സമൂഹത്തിലും ഉയരാവുന്നതാണ്. മല്ലാർമെ ,ബോദ്ലേർ തുടങ്ങിയ കവികളെപ്പോലെ കവിതയുടെ അന്ത:ക്ഷോഭങ്ങൾ സ്വശരീരത്തിലേക്കും അസ്തിത്വത്തിലേക്കും  ഇറക്കിക്കൊണ്ടുവരുന്നത് ആപത്തല്ലേ എന്നു പ്രായോഗികമതികളായ അധ്യാപകർക്കൊക്കെ ചോദിക്കാവുന്നതാണ്. അതിനുള്ള കാരണങ്ങൾ ആലോചനയ്ക്ക് വിഷയമാണ്. മനുഷ്യൻ ഇതൊന്നുമില്ലാതെ ജീവിച്ചാൽ തനിയെ അർത്ഥം കൈവരുമോ? മനുഷ്യാസ്തിത്വം നിത്യമായ ദുർഗ്രഹതയിലാണുള്ളത് .ഓരോ നിമിഷവും അത് അനാവരണം ചെയ്യേണ്ടിയിരിക്കുന്നു .വളരെ നാളുകൾക്ക് മുൻപ് സംഭവിച്ചതും വ്യക്തതയുള്ളതുമായ കാര്യങ്ങൾ പോലും കുറേക്കാലം കഴിയുമ്പോൾ അവ്യക്തവും അസാധാരണവുമായ വിധം ദുർഗ്രഹമായിത്തീരുന്നു. മനസ്സിലേക്ക് വീണ ഒരു കനലാണത്; അറിയത്തക്കതല്ലാത്ത അസ്തിത്വത്തെയും കാലത്തെയും അത് എരിക്കുന്നു.

കവി ചിതലിനെ പോലെയാണ് ചിലപ്പോൾ .അയാൾ ഭൂതകാലത്തെ ഒരു കടലാസു തുണ്ടു പോലെ മുറിച്ചു മുറിച്ച് ഭക്ഷിക്കുകയാണ്. അതിൽ മതി വരാത്തപ്പോൾ അയാൾ തനിക്ക് പറ്റിയ വസ്തുക്കൾ അന്വേഷിച്ചു നീങ്ങുന്നു .എന്നാൽ ഒരു വ്യത്യാസമുണ്ട് ;കവി ഒറ്റയ്ക്കാണ് യാത്ര. അയാളുടെ ഉള്ളിലാണ് മറ്റു സഹയാത്രികരുള്ളത് .അയാൾ ദ്രവിക്കാൻ തയ്യാറായി അവശേഷിക്കുന്നതെല്ലാം പരിശോധിക്കുന്നു.സകല സംസ്കാരങ്ങളോടും ചിതലിന് എന്താണ് ചെയ്യാനുള്ളതെന്ന് ഓർക്കാതെ ,അതിനു സമാനമായി കവി പ്രവർത്തിക്കുന്നു. എല്ലാറ്റിലും  തന്നെക്കുറിച്ചുള്ള ഏതോ വിവരങ്ങൾ അടക്കം ചെയ്തിരിക്കുന്നു എന്ന അറിവാണ് കവിയെ പ്രചോദിപ്പിക്കുന്നത്.

അയാൾ വ്യക്തി എന്ന നിലയിൽ ഏകാന്തനായിരിക്കുമ്പോഴും, നൂറുകണക്കിനു ഭൂതകാല സ്മൃതികളും കാലങ്ങളും പ്രകൃതിയും അയാളിലേക്ക് കിതച്ചെത്തി പലതായി ചിതറുന്നു.  ഓരോന്നിന്റെയും സ്ഥാനവും അർത്ഥവും അയാളെ അസ്വസ്ഥനാക്കുന്നു.ജീവിച്ചിരിക്കണമെങ്കിൽ ഇതിനൊക്കെ ഒരു നീതികരണം വേണം .ചിലപ്പോൾ യുക്തി തന്നെ പൊട്ടിപ്പോകുന്നു. ബിംബങ്ങൾ മാത്രമായി പലതും ഉപേക്ഷിക്കപ്പെടുകയാണ് മനസ്സിന്റെ അനാഥമായ മണ്ണിൽ .ജീവിച്ചിരിക്കാൻ വേണ്ടി എഴുതേണ്ടി വരുന്നു .എഴുതുന്നതിലൂടെ  ജീവിതത്തിലെ അവിശ്വാസങ്ങളും മിഥ്യകളും മറ്റൊരു മാനത്തിലേക്ക് വളരുന്നു .എഴുത്തുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന കാര്യം അവനവനെക്കുറിച്ചുള്ള മിഥ്യകളെ കുറേക്കൂടി അഗാധമായി സമീപിക്കാമെന്നതാണ് .

എന്തല്ല ഞാൻ ?

എന്താണ് ഞാൻ എന്നു ചോദിക്കുന്നതിന് പകരമായി എന്തല്ല ഞാൻ എന്നു പറയുന്നത് എളുപ്പമാണെന്നു അയ്യപ്പൻ്റെ കവിതകൾ കാണിച്ചുതരുന്നത് ഇങ്ങനെയാണ് :

"വേരുകൾ പൊട്ടി 
മരമായ്
ശാഖികൾ വീശി
തളിരിടും 
പൂമരമല്ല 
എൻ്റെ പ്രേമം 
എൻ്റെ പ്രേമത്തിനു 
നെല്ലിമരത്തിന്റെ ചിഹ്നം 
നെല്ലിപ്പഴത്തിൻ്റെ രുചിഭേദങ്ങൾ;
പെട്ടെന്നു നിശ്ചലമാകുന്ന കാട്ടാറ്
വീണ്ടും ഒറ്റക്കുതിപ്പിലൊഴുകുന്ന പോലെ 
കയ്പിൽ നിന്നും 
മധുരത്തിന്റെ മോക്ഷഗാനം 
ജന്മനാ ചിരിച്ച കുഞ്ഞുറങ്ങുമ്പോൾ
കരതലാമലകം 
കയ്പിലേയുപേക്ഷിച്ച 
പരാജിത കാമുകന്റെ ഗൃഹത്യാഗം."
(പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)

പ്രേമവും നെല്ലി മരവും തമ്മിൽ ഒരു ബന്ധം കവി കാണുകയാണ് .ഇത് തന്റെ മാത്രം പ്രേമമല്ല ,തന്നെപ്പോലെ പ്രേമിച്ചവരുടെ എല്ലാ പ്രേമമാണെന്ന് കവിക്കറിയാം. ആദ്യം കയ്പാണ്, പിന്നെ മധുരവും.മോക്ഷം എപ്പോഴും ഒറ്റയ്ക്കാണ്. ഒരാളെ കൂടെ കൊണ്ടുവരാൻ ഒരു ദൈവവും അനുവദിക്കില്ല. ഏകവ്യക്തിയുടെ കാര്യകാരണങ്ങൾക്കൊടുവിലാണ് മോക്ഷത്തിന്റെ സാധ്യതയുള്ളത്. കയ്പ് മാത്രമായ ജീവിതം പിന്നീട് മധുരിക്കുന്നത് ,ഒരു മിസ്റ്റിക് ഭാവം മനസ്സിലുള്ളതുകൊണ്ടാണ് .ഒന്നും തന്നെ നേടാനുമില്ല, നഷ്ടപ്പെടാനുമില്ല എന്നറിയുന്നത് ശാന്തത നൽകും.

അയ്യപ്പൻ തൻ്റെ അത്യപാരമായ ദർശനേന്ദ്രിയം കൊണ്ട് ഭൗതികജീവിതത്തിന്റെ അരികുകൾ ഭേദിച്ച് മഹാരഹസ്യങ്ങൾ ചൂഴ്ന്നെടുക്കുകയാണ്. വിചിത്രമായ കാഴ്ചകൾ അദ്ദേഹത്തെ തേടിയെത്തുന്നു. ഉള്ളിൽ ഈ കവി മറ്റൊരു മനുഷ്യനായിരുന്നു. വേറൊരു ആത്മകഥയുള്ള കവി .അഭിമുഖീകരിക്കേണ്ടി വന്ന ഓരോ വസ്തുവിലേക്കും നോക്കി  കവി അപരിചിതമായ കാഴ്ചകൾ ദർശിക്കുന്നു. നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ദർശനം.

"ദൈവമെനിക്ക്
ഉൽപതിഷ്ണുവിൻ്റെ 
കാലിൽ കൊത്തുന്ന
സർപ്പം;
കലമാനിനെ കടിച്ചുകൊണ്ടോടുന്ന
കടുവയാകുന്നു കാലം."

ഈ കാഴ്ച ഉള്ളിലെ അപരൻ്റെ ഇളക്കങ്ങളാണ്. ഒരു പമ്പരമാക്കി തന്നെ തെരുവിലേക്കിറക്കി വിട്ടത് ദൈവമല്ലേ? ?എങ്കിലും കവി  പൂർണമായി സ്വതന്ത്രനാകാൻ ശ്രമിക്കുന്നു .അവനു സത്യം വിളിച്ചു പറയാതിരിക്കാനാവില്ല. അയ്യപ്പൻ വായിച്ചതോ പഠിച്ചതോ ഒന്നുമല്ല അദ്ദേഹത്തിൻ്റെ കവിത. അത് വേറൊരു ഗ്രഹം പോലെ വ്യത്യസ്തമാണ്. ലോകം സറിയലിസ്റ്റ് ബിംബങ്ങളായും അർത്ഥരഹിത സ്വപ്നങ്ങളായും ഈ കവിയിൽ പുതുതായി പിറക്കുന്നു. ജ്ഞാനമാണ് കവിതയായി മാറുന്നത്. 

"പാറകൊണ്ടൊരു ദൈവമുണ്ടാക്കൂ 
ചോരകൊണ്ടൊരു ഭൂപടമുണ്ടാക്കൂ 
വേദനകളെ ഭൂപാളമാക്കൂ."
എന്ന് എഴുതുന്നത് മറ്റൊരു  സുവിശേഷമാണ് ,വേറൊരു ഭാഷയിലാണ് അത്  സംവദിക്കുന്നത്.

മലയാളകവിതയിൽ വാക്കുകൾ കൊണ്ട് അപരിചിത അർത്ഥങ്ങളും സംവേദനങ്ങളുമാണ് അയ്യപ്പൻ തേടിയത്. അദ്ദേഹം ബോധപൂർവ്വം ഒരു പരീക്ഷണവും കൊണ്ടു വന്നില്ല.എന്നാൽ അർത്ഥങ്ങളുടെ വ്യാകരണം കണ്ടെത്താൻ കവി ഒരു അന്യനാകുന്നു ,അനിവാര്യത പോലെ .

ടി.എസ്. എലിയറ്റ് ഇങ്ങനെ പറഞ്ഞത് ഓർമ്മിക്കണം:I don't think one was constantly trying to reject things ,but just trying to find out what was right for oneself .I don't think good poetry can be produced in a kind of political attempt to overthrow some existing form.എലിയറ്റ് പറയുന്നത് ഒരു കവി തൻ്റെ ആവശ്യമെന്ന നിലയിലാണ് പുതിയ രൂപം തേടുന്നത്. അത് ഒഴിവാക്കാനാവില്ല. ചില വ്യവസ്ഥകളെ എതിർക്കണം എന്ന പൂർവ്വ നിശ്ചിത പദ്ധതിയല്ല അത്. കവിതയുടെ ആവശ്യത്തിനു ഒരു പുതിയ നിഷേധവും രുപവും ഭാവനയും ഭാഷയും ഉണ്ടാകുകയാണ്. അയ്യപ്പൻ്റെ വഴിയും ഇതായിരുന്നു.