Followers

Showing posts with label trichur. Show all posts
Showing posts with label trichur. Show all posts

Tuesday, May 17, 2011

Thursday, April 14, 2011

ചിന്തയുടെ ജാലകം തുറന്ന്‌

എം. സി. രാജനാരായണൻ


എം. കെ. ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന കോളത്തെ വിലയിരുത്തുകയാണ്‌ പ്രമുഖ ചലച്ചിത്ര നിരൂപകനായ എം. സി. രാജനാരായണൻ



പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട്‌ ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത്‌ ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ ഗ്രാഫ്‌ ഉയരുമ്പോഴും ആഴവും പറപ്പും കുറയാതെ അകക്കാമ്പിൽ ചിന്തയ്ക്കുള്ള വകയൊരുക്കിക്കൊണ്ട്‌ എഴുതിക്കൊണ്ടിരിക്കുന്ന പംക്തി എന്നതാണ്‌ കലാകൗമുദിയിലെ എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലക'ത്തിന്റെ സവിശേഷത. പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്തെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന 'അക്ഷരജാലകം' മലയാള പത്ര/സാഹിത്യരംഗത്തെ ഏറ്റവും പ്രചാരമുള്ള കോളമാണെന്നത്‌ കേവലയാഥാർത്ഥ്യം മാത്രമാകുന്നു. നിരൂപണരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ടാണ്‌ ഹരികുമാർ സാഹിത്യരംഗത്ത്‌ സ്വന്തം ഇടം നേടുന്നത്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ (1984) മനുഷ്യാംബരാന്തങ്ങൾ (1989) കഥ ആധുനികതയ്ക്കു ശേഷം (2000) തുടങ്ങിയ ആദ്യകാല സൃഷ്ടികൾ കൊണ്ടുതന്നെ എം.കെ.ഹരികുമാർ എന്ന സാഹിത്യനിരൂപകൻ സ്വന്തം തട്ടകം കണ്ടെത്തിയിരുന്നു. മറ്റ്‌ നിരൂപകരിൽ നിന്ന്‌ വ്യത്യസ്തമായി ചിന്തയുടെ ജ്വലിക്കുന്ന അക്ഷരങ്ങൾ അണിനിരത്തിക്കൊണ്ടാണ്‌ അദ്ദേഹം രചന നിർവ്വഹിക്കുന്നത്‌.



മനനത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ടും. സാഹിത്യനിരൂപണ പംക്തിയായ 'അക്ഷരജാലക'ത്തിന്‌ വൈജാത്യങ്ങൾക്കൊപ്പംതന്നെചില സജാത്യങ്ങളും എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലവുമായി കാണാവുന്നത്‌ സ്വാഭാവികം. വ്യക്തിഗതമായ അനുഭവങ്ങളല്ല പിൽക്കാല സംഭവങ്ങളെയും അവതരിപ്പിക്കുന്ന എം.കൃഷ്ണൻനായരുടെ ശൈലിയിൽ നിന്ന്‌ ഏറെ ഭിന്നമാണ്‌ എം.കെ.ഹരികുമാറിന്റെ രചനാരീതി. ചില കാര്യങ്ങളിൽ ബോധപൂർവ്വമല്ലാത്ത ചില അടുപ്പങ്ങൾ കാണാമെങ്കിലും രൂപഭാവങ്ങളിലും അന്തഃസ്സത്തയിലും ഏറെ ഭിന്നമാണ്‌ 'അക്ഷരജാലകം' ഉപാലംഭംശക്തമായിത്തന്നെ ചൊരിയുന്ന കാര്യത്തിൽ ഇരുവരും. ഒരു ചേരിയിലാകുന്നത്‌. 'കറേജ്‌ ഓഫ്‌ കൺവിക്ഷൻ' കൊണ്ടു മാത്രമാണെന്നു കാണാവുന്നതാണ്‌. സാഹിത്യരംഗത്തെ മലീനസമമാക്കുന്നവരോട്‌, ശുഷ്ക്കമാക്കുന്നവരോട്‌, അശ്രദ്ധയോടെ സൃഷ്ടി നടത്തി സാഹിത്യേതര കാര്യങ്ങളിൽ കണ്ണുവെക്കുന്നവരോടും ദയാദാക്ഷിണ്യമില്ലാതെ വാക്കുകൾ കൊണ്ട്‌ ചാട്ടവാറടി നൽകുന്നതിൽ ഇരുവർക്കും അവരുടേതായ രീതിനീതികളുമുണ്ട്‌. അതിൽ അനുകരണത്തിന്റേതെന്നല്ല, അനുസരണത്തിന്റെ കൂടി അംശം കടന്നു കൂടുന്നുമില്ല. പിന്നെ ഏതാണ്ട്‌ പൊതുസ്വഭാവമുഖം സാഹിത്യപംക്തികളാകുമ്പോൾ (ആനുകാലിക രചകളെ ആശ്രയിച്ച്‌) ചില സജാത്യങ്ങൾ ഒഴിച്ചുകൂടാനാവാത്തതിൽ അതിശയിക്കാനുമില്ല. എങ്കിലും ഭിന്നമായ പാതയിലൂടെ മുന്നേറുവാൻ എം.കെ.ഹരികുമാറിന്‌ കഴിയുന്നു എന്നത്‌ പ്രശംസാവഹമാണ്‌. ആനുകാലികങ്ങളിലെ സൃഷ്ടികളുടെ വിശകലനവും വിമർശനവുമാകുമ്പോൾ ഇത്തരം പൊതുസ്വഭാവമുള്ള പംക്തികൾക്ക്‌ ചില തലങ്ങളിൽ സമാനതവരുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ രചയിതാവിന്റെ വ്യക്തിപ്രഭാവവും വീക്ഷണവുമനുസരിച്ച്‌ അന്തഃസ്സത്തയിൽ വ്യതിയാനം കൈവരുന്നതായി നിരീക്ഷിക്കാം. സാഹിത്യവാരഫലത്തിലെന്നപോലെ തന്നെ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൃഷ്ടികളുടെ നിരൂപണത്തിനോടൊപ്പം ചലനംസൃഷ്ടിച്ച ഗ്രന്ഥങ്ങൾ, രചനയിതാക്കൾ, സംഭവങ്ങൾ, പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള നിരീക്ഷണവും അക്ഷരജാലകത്തിൽ മിഴിതുറക്കുന്നു. പരന്നവായനയും അത്‌ സ്വാംശീകരിച്ചുകൊണ്ടുള്ള വാരാവാരമുള്ള എഴുത്തും എഴുത്തുകാരനൊപ്പം വായനക്കാരനെയും ചിന്താനിരതനാക്കുന്നു. ആനുകാലികങ്ങളിലൂടെയുള്ള പ്രയാണത്തിൽ അനുവാചകൻ ഭാഗഭാഗാക്കുകയും ചെയ്യുന്നു. വ്യക്തിപ്രഭാവത്തിന്റെ ബഹിർസ്ഫുരണവും വ്യത്യസ്തയുടെ കയ്യൊപ്പുമാണ്‌ ഇത്തരം ഒരു പംക്തിക്ക്‌ അനന്യത നൽകുന്നത്‌. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഗുണമേന്മയുള്ളതും ഇല്ലാത്തതുമായ രചനകൾ വായിച്ചും കതിരും പതിരും വേർതിരിച്ച്‌ അർഹമായവയ്ക്ക്‌ വേണ്ട പരിഗണന നൽകിയും അനർഹമായവർക്ക്‌ ശാസന കൊടുത്തും എഴുതുന്നത്‌ കഠിനയത്നം തന്നെയാണ്‌. കാരണം ഒരു ആഴ്ച അവസാനിക്കുന്നിടത്ത്‌ മറ്റൊന്ന്‌ തുടങ്ങുകയും അങ്ങിനെ ദിവസങ്ങളുടെ പ്രയാണത്തിനനുസരിച്ച്‌ തൂലിക ചലിക്കേണ്ടതായിവരുകയും ചെയ്യുന്നു. വി.കെ.എൻ പറയുന്നതുപോലെ നേരത്തോട്‌ നേര്‌ കൂടുന്നതുപോലെയാണ്‌ ആഴ്ചയോട്‌ ആഴ്ചകൂടുന്നത്‌! ആനുകാലികങ്ങളിലൂടെ വെളിച്ചം കാണുന്ന കഥാ കവിതാ, ലേഖനങ്ങൾക്ക്‌ പൊതുവെ നിലവാരത്തകർച്ചയുണ്ടെന്ന്‌ സ്ഥിരമായി പറയുകയാണ്‌ അക്ഷരജാലകത്തിലൂടെ എം.കെ.ഹരികുമാർ. വൃഥാ വ്യായാമങ്ങളായി മാറുന്ന രചനകളെ ശക്തമായി വിമർശിക്കുന്നതിനും അദ്ദേഹം ശങ്കിക്കുന്നില്ല. അതുപോലെ ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ്‌ പ്രധാനമെന്ന്‌ പഴമൊഴിക്ക്‌ പ്രസക്തിയേകുന്ന വിധത്തിലുള്ള സമീപനവും പംക്തി വെളിപ്പെടുത്തുന്നു. അതാകട്ടെ വളരെ വിരളമായി മാത്രം കണ്ടുവരുന്ന കാര്യവുമാണ്‌. ആരു പറയുന്നു എന്നു നോക്കിയാണ്‌ ,എന്തു പറയുന്നു എന്നത്‌ ശ്രദ്ധിച്ചുകൊണ്ടല്ല പലരും പ്രതികരിക്കുന്നതും പ്രതിവചിക്കുന്നതും! എഴുത്തിൽ കലർപ്പ്‌ കലരുന്നത്‌ അങ്ങിനെയാണ്‌. എന്നാൽ ഇതിനെല്ലാം അപവാദമായി ആത്മാർത്ഥതയുടെ കൈമുതലും ശക്തിയും 'അക്ഷരജാലക'ത്തിന്‌ പകരുന്നത്‌ അണയാത്ത പ്രകാശം തന്നെ. പ്രസിദ്ധരായ പല രചയിതാക്കളെയും അതിനിശിതമായിത്തന്നെ വിമർശിക്കുന്ന പംക്തിക്കാരൻ, പുതിയ, നവാഗതരായ എഴുത്തുകാരെ അംഗീകരിക്കുന്നതിൽ ലുബ്ധ്‌ പ്രകടിപ്പിക്കുന്നില്ല. തകഴിയെപ്പോലൊരു അതികായനായ എഴുത്തുകാരനെ ഇനി കാണാനാകുമെന്ന്‌ തോന്നുന്നില്ല. സത്യസന്ധമായ ജീവിതം അദ്ദേഹത്തിന്‌, പ്രാണവായുപോലെ പ്രിയങ്കരമായിരുന്നു. ഹരികുമാർ എഴുതുന്നു. കഥാസാഹിത്യത്തിലെ രാജശിൽപിയായിരുന്ന ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി സമ്മാനങ്ങൾ തേടിയെത്തിയ മലയാളത്തിന്റെ മഹോന്നതനായ കഥാകാരനെക്കുറിച്ച്‌ ഏറ്റവും ഹ്രസ്വമായി എന്നാൽ ഏറ്റവും മിഴുവുറ്റ രീതിയിൽ എഴുതാൻ എം.കെ.ഹരികുമാറിനു കഴിയുന്നു. കലാകൗമുദി വാരികയുടെ നാലുപറങ്ങളിലായി (70-74) എല്ലാ ആഴ്ചയും പ്രത്യക്ഷപ്പെടുന്ന 'അക്ഷരജാലക'മെന്ന കലാസാഹിത്യവിമർശന പംക്തിക്ക്‌ വായനക്കാർക്കിടയിൽ വലിയ സമ്മതിയാണുള്ളത്‌ എന്നുകാണാം. പുതിയ അഭിപ്രായങ്ങൾക്കും അറിവുകൾക്കും നിർവ്വചനങ്ങൾക്കുമായി അനുവാചകർ കാത്തിരിക്കുക എന്നത്‌ അപൂർവ്വമായ സംഭവം തന്നെയാണ്‌. ജാതിമത സാമുദായിക രാഷ്ട്രീയ വേലിക്കെട്ടുകളെ മറികടന്നു കൊണ്ട്‌ മനസ്സ്‌ മനസ്സിനോടും ചിന്ത ചിന്തയോടും ചേരുന്ന അപൂർവ്വ പ്രതിഭാസമാണ്‌ ഈ പംക്തിയിലൂടെ വെളിപ്പെടുന്നത്‌. കോളത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തിയുടെയും രചയിതാവിന്റെയും ഫോട്ടോകൾക്കൊപ്പം പുസ്തകത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോകളും ചേർത്തുകാണാറുണ്ട്‌. അത്‌ കോളത്തിന്‌ ആകർഷണീയത നൽകുന്നഘടകമായി മാറുന്നു. സാധാരണകോളങ്ങളിൽ നിന്ന്‌ ഭിന്നമായി ലേഖനസ്വഭാവവും വിമർശന മൂല്യവും നിരന്തരം കാത്തുസൂക്ഷിക്കുന്ന അവതരണമാണ്‌ 'അക്ഷരജാലക'ത്തിന്‌ സ്വന്തമായുള്ളത്‌. പരിചയംകൊണ്ടും അശ്രാന്തപരിശ്രമം കൊണ്ടും ഉരുത്തിരിഞ്ഞുവന്ന ശൈലി സ്വച്ഛന്ദമായൊരു ഒഴുക്കും വായനാസുഖവും പംക്തിക്ക്‌ പ്രദാനം ചെയ്യുന്നു. തിരയടങ്ങാത്ത സമുദ്രംപോലെ ,ചിന്തയടങ്ങാത്ത മനസ്സിൽ നിന്ന്‌ ഒഴുകിയെത്തുന്ന വാക്കുകൾക്ക്‌ കരുത്തുണ്ട്‌. പെയ്തൊഴിയാത്ത മേഘാവൃതമായ ആകാശംപോലെ ആശയങ്ങൾ കൂടുകെട്ടിയ മനോ മണ്ഡലങ്ങളിൽ നിന്ന്‌ പെയ്തിറങ്ങുന്ന ഹർഷബിന്ദുക്കൾപോലെ വാക്കുകൾ അനുവാചന മനസ്സിൽ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാകുന്നത്‌ രചനാ ശൈലിയുടെ സവിശേഷതകൊണ്ടു കൂടിയാണ്‌. പണ്ട്‌ അക്ഷര ശൃവ്യമാധ്യമങ്ങൾ മാത്രമായിരുന്നു വാർത്താവിനിമയ രംഗത്ത്‌ ആധിപത്യം പുലർത്തിയിരുന്നതെങ്കിൽ ഇന്ന്‌ ഇവർക്കു മുന്നിൽ ദൃശ്യമാധ്യമം സജീവസാന്നിധ്യമായിരിക്കുന്നു. ഒരുപക്ഷേ പത്രവായന ഒരു സ്വഭാവമായി തുടരുമ്പോഴും ദൃശ്യമാധ്യമങ്ങളിൽ നിന്ന്‌ അറിയുന്ന നേർക്കാഴ്ചയുടെ വാർത്താവിശേഷങ്ങൾ ഇന്ന്‌ പൊതുസമൂഹത്തെ കൂടുതലായി സ്വാധീനിക്കുന്നു എന്നത്‌ കേവല യാഥാർത്ഥ്യം മാത്രമാണ്‌ "ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം" ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള, രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഹരികുമാർ എഴുതുന്നു. "ലോകം ഒരിക്കലും പഴയതല്ല. ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌." ദൃശ്യമാധ്യമങ്ങൾ കൊടിക്കൂറ പാറിക്കുന്ന കാലത്ത്‌ പത്രത്തിന്റെ ഭൂമികയെപ്പറ്റി വസ്തുനിഷ്ഠമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഹരികുമാർ വിജയിക്കുന്നു. മാധ്യമങ്ങൾ പരസ്പരം മത്സരിക്കുന്ന കാലത്ത്‌ സ്വയം നവീകരണശേഷി പ്രകടമാക്കുന്നവർക്കേ അതിജീവനത്തിന്റെ പാതയിലൂടെ പ്രയാണം ചെയ്യാനാകൂ എന്ന്‌ സ്പഷ്ടമാണ്‌. അതിലേക്കു തന്നെയാണ്‌ ചിന്തോദ്ദേ‍ീപകമായ രീതിയിൽ ഹരികുമാർ വിരൽ ചൂണ്ടുന്നത്‌. പംക്തിയിൽ ആവർത്തിച്ച്‌ പ്രത്യക്ഷപ്പെടുന്ന സബ്ബ്‌ ഹെഡ്ഡിംഗുകളാണ്‌ പക്ഷിയുടെ നോട്ടം, കാഴ്ചയുടെ കടൽ എന്നിവ. നിർവ്വചനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ ഉപശാഖകളായി ഇവ പംക്തിയിൽ നിലകൊള്ളുന്നു. കൂടാതെ ജീവിതത്തിന്റെ ഭിന്നമേഖലകളെക്കുറിച്ചും സമീപനങ്ങളെപ്പറ്റിയും ചിന്തകരും താത്വികാചാര്യന്മാരും പറഞ്ഞത്‌ പംക്തിയിൽ എടുത്തുപറയുകയും ചെയ്യാറുണ്ട്‌. ഏകാന്തത്തയെക്കുറിച്ച്‌ ലോഡ്‌റോറിൻസ്ലർ പറഞ്ഞതിൽ ചിലത്‌ എക്കാലത്തിനും പ്രസക്തമായവതന്നെ. ഉദാ: "എന്തുകൊണ്ടാണ്‌ ഏകാന്തത്ത തോന്നുന്നത്‌ എന്ന്‌ അന്വേഷിക്കുവാൻ തുടങ്ങുന്നതോടെ അത്‌ സാവധാനം നമ്മെ സന്തോഷത്തിൽ കൊണ്ടെത്തിക്കും." ഏകാന്തത്തയെക്കുറിച്ചുള്ള 11 അഭിപ്രായങ്ങളാണ്‌ പംക്തി ക്രോഡീകരിച്ചിരിക്കുന്നത്‌. വർഷങ്ങൾക്കുമുമ്പ്‌ 'സൺഡേ' മാസികയിൽ പ്രതീഷ്‌ നന്ദി വാർദ്ധക്യത്തെക്കുറിച്ചും ഏകാന്തത്തയെപ്പറ്റിയും എഴുതിയ ലേഖനങ്ങൾ ഓർമ്മയിലെത്തുന്നു. അക്കാലത്ത്‌ ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു. പ്രതീഷ്‌ നന്ദിയുടെ ലേഖനങ്ങൾ. നമ്മുടെ സഹയാത്രികനും സന്തത്ത സഹചാരിയുമായാണ്‌ ഏകാന്തതയെ നന്ദി വിശേഷിപ്പിച്ചതു. പൂർവ്വ വായനയുടെ അപൂർവ്വസ്മൃതികൾ മനസ്സിലുണർത്തുവാൻ പര്യാപ്തമാണ്‌ പംക്തിയിലെ ഉദ്ധരിണികൾ. കനേഡിയൻ നോവലിസ്റ്റും കവിയുമായ മാർഗരറ്റ്‌ അറ്റ്‌വുഡിനെക്കുറിച്ച്‌ എഴുതിക്കൊണ്ട്‌ അവരുടെ ചില ചിന്തകൾ അക്കമിട്ട്‌ കുറിക്കുന്നുണ്ട്‌ ഹരികുമാർ. നോവലിസ്റ്റിന്റെ ചിന്താസരണിയിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌ അവ. "നോവലുകൾ നല്ല ജീവിതം നയിക്കുവാനുള്ള ഗൈഡുകളല്ല. ചിലർ അങ്ങിനെ കരുതുന്നുണ്ടെങ്കിലും" സാഹിത്യത്തിലേയും കലയിലേയും അസാന്മാർഗ്ഗികതയെക്കുറിച്ച്‌ ചർച്ചകൾ സജീവമാകുന്ന കാലമാണല്ലോ ഇത്‌. സാഹിത്യത്തിൽ സേൻസർഷിപ്പ്പോലും വേണമെന്ന്‌ പറയുമ്പോൾ ചില സാഹിത്യകാര(രി)ന്മാർക്ക്‌ മടിയില്ലാതായിട്ടുണ്ട്‌. അവർക്ക്‌ മാർഗരറ്റ്‌ അറ്റ്‌വുഡിനെ ചിന്തകൾ നേർവഴി നൽകും. സിനിമയിലെ സേൻസർഷിപ്പ്‌ എടുത്ത്‌ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടക്കുന്ന കാലത്ത്‌ സാഹിത്യത്തിൽ സെൻസർഷിപ്പ് വേണമെന്ന്‌ ചിലർ ആവശ്യപ്പെടുന്നു എന്നതാണ്‌ ഏറെ വിചിത്രം. എന്തുവായിക്കണം എന്നത്‌ വായനക്കാരന്റെ സ്വാതന്ത്ര്യമാണ്‌. ഓരോ വായനക്കാരനും സ്വന്തം താൽപ്പര്യനും അഭിരുചിക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്തുകൊള്ളും. കലയിൽ സാന്മാർഗ്ഗികതയും അസാന്മാർഗ്ഗികതയും കേവലം ആപേക്ഷികവുമാണ്‌. വായനക്കാരന്റെ സ്വതന്ത്ര ചിന്തയെ മാനിക്കുന്ന ശ്രേഷ്ഠമായ പംക്തിയാണ്‌ അക്ഷരജാലകം. കാഴ്ചയുടെ കടലിൽ ഇന്റർനെറ്റിനെക്കുറിച്ച്‌ ഇതിനെകാണാം "പുതിയ ഏകാന്തത്തയാണ്‌ ഇന്റർനെറ്റ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. സ്നേഹരഹിതമായ, തീവ്രമായ ഏകാന്തതയുടെ, വ്യക്തിരാഹിത്യത്തിന്റെ ഉപനിഷത്താണ്‌ ഇന്റർനെറ്റ്. " ഇത്തരം മൗലികമായ അഭിപ്രായങ്ങൾ പംക്തിയ്ക്ക്‌ അനന്യത നൽകുന്നു. മറ്റൊരു ലക്കത്തിലെ പക്ഷിയുടെ നോട്ടം പറയുന്നത്‌ കേരളത്തെക്കുറിച്ചാണ്‌ ."കേരളം കുറ്റകൃത്യങ്ങളുടെയും ഭ്രാന്തുപിടിച്ച ആസക്തികളുടേയും ഇടമായിക്കൊണ്ടിരിക്കുകയാണ്‌.മാധ്യമങ്ങളിലൂടെ കാണാൻ കഴിയാത്ത മറ്റൊരു കേരളം അടിയിലുണ്ട്‌. ഇതൊന്നും കാണാതെ ഇപ്പോഴും തമ്പുരാക്കന്മാരുടെ കഥ പറയുകയാണ്‌ സംവിധായകർ". വിവേകാനന്ദ സ്വാമികൾ ഭ്രാന്തലയമെന്ന്‌ വിശേഷിപ്പിച്ചു കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും പോയകാലത്തിൽ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ലെന്ന്‌ നമ്മെ ഓർമ്മിപ്പിക്കുകയാണ്‌ ലേഖകൻ. യഥാർത്ഥത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നില്ലെങ്കിലും മനസ്സിലെ വേലിക്കെട്ടുകളും മതിലുകളും ശക്തമായി തുടരുന്നതിന്റെ കാഴ്ചകൾ തന്നെയാണ്‌ ഇന്നത്തെ കേരളം നൽകുന്നത്‌. മതപരവും ജാതിപരവുമായ സ്പർദ്ധയുടെ അടിയൊഴുക്കുകൾ ശക്തമാക്കുകയും ചെയ്യുന്നു. ഒരു ചെറിയ തീപ്പൊരി വലിയ സ്ഫോടനത്തിന്‌ കളമൊരുക്കുന്ന നില. വയലാർ എഴുതിയതുപോലെ മനസ്സിൽ ആയുധപ്പുരകൾ സൃഷ്ടിക്കുന്നവരായി മാറുകയാണ്‌ മനുഷ്യർ. ഗബ്രിയേൽ ജോസിപോവിസിയെ അറിയാൻ സഹായിക്കുന്നു. ഹോമർ, ഷേക്സ്പിയർ തുടങ്ങിയവർക്ക്‌ കല ഒരേ സമയം സൂക്‍ഷമതയും അഗാധതയുമായിരുന്നു എന്നു അദ്ദേഹം പറയുന്നു ."ജോൺ ബെറിമാൻ പറഞ്ഞത്‌ ഉദ്ധരിക്കട്ടെ. കഴിവതും ചുരുക്കി എഴുതുക. കാര്യ ഗൗരവം ഉൾക്കൊണ്ട്‌." ഇക്കാലത്തെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും പംക്തികളുടെയും പ്രധാന ന്യൂനതയും ക്ളിഷ്ടതയും സ്വതന്ത്രചിന്തയുടെ ധൈര്യപൂർവ്വമുള്ള അഭിപ്രായപ്രകടനത്തിന്റെ അഭാവം തന്നെയാണ്‌. അക്കാര്യത്തിൽ 'അക്ഷരജാലകം' വേറിട്ടു നിൽക്കുന്നു. ഏതുകാര്യത്തിലും സ്വതന്ത്രനിലപാടുള്ള ലേഖകൻ തന്റെ അഭിപ്രായങ്ങൾ സധൈര്യം രേഖപ്പെടുത്തുന്നതായി കാണാം. കലാ സാംസ്കാരിക സാഹിത്യ കാര്യങ്ങളിൽ മാത്രമല്ല മറിച്ച്‌ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന്‌ എഴുതുന്നതായി കാണാം. അതാകട്ടെ വായനക്കാരനെ ചിന്തയുടെ പുതിയ സരണിയിലേക്ക്‌ നയിക്കുകയും നവീനകാഴ്ചകളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. ചിന്തയെ, കാഴ്ചപ്പാടിനെ നവീകരിക്കുന്ന ലേഖനങ്ങളും രചനകളുമാണ്‌ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌. വായനക്കാരുടെ നിത്യജീവിതത്തെ സ്പർശിക്കുന്ന കാര്യങ്ങളും വസ്തുതകളും പംക്തിയിൽ വിഷയമായി മാറുന്നു. ഭാഷണമെന്നപോലെ ഭക്ഷണവും അതുകൊണ്ടാണ്‌ സ്ഥാനം നേടുന്നത്‌. പംക്തിക്കാരന്‌ ഇഷ്ടപ്പെട്ട ഹോട്ടലുകളും ഭക്ഷണപദാർത്ഥങ്ങളും വിരളമായി പരാമർശിക്കപ്പെടുന്നത്‌ വായനക്ക്‌ വൈവിധ്യമേകുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും നഷ്ടകഷ്ടതകളും വായനക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പംക്തിക്കാരൻ എടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌. തന്നിലേക്ക്‌ ചുരുങ്ങാതെ തന്നിൽ നിന്ന്‌ വളരുന്ന, വികാസം പ്രാപിക്കുന്ന അവതരണ രീതിയാണ്‌ പംക്തിയുടെ പ്രത്യേകതയാകുന്നത്‌. ദൃശ്യമാധ്യമമായ ടെലിവിഷൻ സർവ്വാധിപത്യം നേടിയ കാലഘട്ടമാണിത്‌. അതുകൊണ്ടുതന്നെ 'റിയാലിറ്റി ഷോ'കൾ കൊടികുത്തിവാഴുകയും ചെയ്യുന്നു. ഗാനവും നൃത്തവും അഭിനയവുമെല്ലാമായി അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി (?) ഷോകളുടെ സംപ്രേക്ഷണ കാര്യത്തിൽ ചാലനലുകൾ മത്സരത്തിന്റെ പരിധികൾ കടന്ന്‌ യുദ്ധത്തിന്റെ സീമകളിലെത്തി നിൽക്കുകയാണ്‌. ഹരികുമാർ എഴുതുന്നു "സ്റ്റേജിൽ പാട്ടുപാടുന്നതു നോക്കി മാർക്കിടുന്നതുതന്നെ അസംബന്ധമാണ്‌. കാരണം സ്റ്റേജിൽ പാടി പൂർണ്ണതയിലെത്തിക്കേണ്ട സാഹചര്യം ഇന്നില്ല." മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെല്ലാം ടെലിവിഷനിൽ നിറഞ്ഞുനിൽക്കുന്നത്‌ റിയാലിറ്റി ഷോകൾ തന്നെ! ചിന്തിക്കുന്ന മനസ്സുകൾക്കു പകരം വർണ്ണാഭമായ ദൃശ്യവിസ്മയം കണ്ട്‌ അന്തിച്ചിരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുവാനാണ്‌ ചാനലുകൾ പരസ്പരം മത്സരിക്കുന്നത്‌. അക്ഷര ദൃശ്യലോകത്തെ ചതിക്കുഴികളെക്കുറിച്ച്‌ ഹരികുമാറിന്റെ താക്കീതുകൾ കാലിക പ്രസക്തമാണ്‌.

Thursday, October 29, 2009

മഹത്തായ അന്തർധാരകൾ















aathmayangalude khasak/ m k harikumar


മഹത്തായ അന്തർധാരകൾ -5

ദുഃഖഭ്രമങ്ങളുടെ ക്രമത്തകർച്ചയിൽ വീണ്ടുമൊരു ജന്മം വേണ്ടിവരുമെന്ന്‌ മനസ്സുകൾ മോഹിക്കാതിരിക്കുക. ഏതു വ്യസനങ്ങളുടെ സന്ധ്യകളിലാണ്‌ ആനന്ദത്തിന്റെ ഋതു മനുഷ്യനെ ആശ്വസിപ്പിക്കുന്നത്‌? നിശ്ച്ചയങ്ങളുടെ വ്രണിതമായ മൂകതയിൽ വിജയൻ ലോകത്തിന്റെ സംവത്സരങ്ങളോടും കൗശലങ്ങളോടും ആദ്ധ്യാത്മികമായി സംവേദിച്ചു. നീണ്ട കാത്തിരിപ്പുകളുടെ യൗവ്വനങ്ങൾ താണ്ടി ആത്മാവ്‌ തളരുന്നു. പ്രപഞ്ചത്തിന്റെ ആജ്ഞേയമായ ഈ കർമ്മ ബന്ധങ്ങളിൽ ലൗകികത എവിടെയാണ്‌? ഒടുവിൽ വിജയന്റെ മൗനം സാകല്യമായൊരു ലോകനാഗരികതയുടെ ഇന്ധനമന്വേഷിച്ചു . അജ്ഞത മാർദ്ദവമുള്ളൊരു കനിയാണെന്നും മനുഷ്യൻ സ്പർശിക്കുന്നതോടെ അതിന്റെ ഇലഞെട്ടുകൾ ചുവടെ അടരുന്നുവെന്നും ഓസ്‌കാർ വൈൽഡ്‌ ഓർമ്മിപ്പിച്ചിട്ടുണ്ട്‌. നോവലിസ്‌റ്റ്‌ അറിയത്തക്കതല്ലാത്ത ബന്ധങ്ങളുടെ ഐഹികപൊരുത്തം തേടാനുള്ള വ്യഗ്രതയിൽ അജ്ഞതയുടെ കനി തന്നെയാണ്‌ പറിച്ചുകളയുന്നത്‌. അതിലൂടെ ലോകാവസ്ഥയുടെ ആദി സരളത ഒപ്പിയെടുക്കുകയും ചെയ്‌തു.

വ്യസനങ്ങളുടെ ആലോചനാ സന്ധികളിലൂടെ , ലോകത്തിന്റെ അദൃശ്യസ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകൾ തേടുകയാണ്‌ കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂടെ എത്തിനോക്കുന്നു. സ്വകാര്യതയുടെ വിശുദ്ധമായ ശിശുവും പേറി അവർ വിദൂരമായ മോഹക്കാഴ്‌ച്ചകളിലേക്ക്‌` നടന്നുചെല്ലുന്നു.പുരാതന മെസോപ്പൊട്ടാമിയൻ സംസ്ക്കാരത്തിന്റെ ഓർമ്മകളിൽ മനസ്സ്‌ നടുമ്പോൾ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്‌. ദൈവങ്ങളുടെ അമ്പലങ്ങൾ ,ധാന്യപ്പുരകൾ, ശിൽപശാലകൾ, അക്ഷരഗൃഹങ്ങൾ, കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ ,ദൈവത്തിനിഷ്‌ട വിശുദ്ധദാനമായിത്തീർന്ന പുൽത്തോട്ടം ,ആയുധപ്പുരകൾ, പരിശുദ്ധവേദനയുടെ വിരലുകൾ, ദൈവകാമനയുടെ ചിറകുകൾ, വരദാനസന്ദേശത്തിന്റെ മുഖപദ്‌മങ്ങൾ, സാന്ത്വനത്തിന്റെ പാദാരവിന്ദങ്ങൾ- എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവര്‍ത്തമാനങ്ങളുടെ വാത്സല്യം പേറി പ്രയാണം ചെയ്യുന്നു. ഓരോ വേളയിലും പ്രപഞ്ചത്തിന്റെ മഹത്തായ ജൈവശേഖരങ്ങളുടെ ഉൾപ്രേരണകൾ ലോകത്തിന്റെ ഹൃദയത്തിലേക്ക്‌ ഗമിക്കുന്നു. ഖസാക്കിന്റെ രചനാസാഹചര്യങ്ങളിൽ വന്നു നിറയുന്ന ഭൗതിക ചോദനകളും രൂപങ്ങളും ഈ വിധം പ്രപഞ്ചത്തിന്റെ ആന്തരവസ്തുവിവരങ്ങളിലേക്ക്‌ ചെന്നെത്തുകയാണ്‌ ചെയ്യുന്നത്‌. കഥാപാത്രങ്ങളെല്ലാം കഥയുടെ ഹൃദയബിന്ദുവിൽ നിന്ന്‌ പ്രാർത്ഥനയുടെ സാരള്യത സൃഷ്‌ടിച്ചുകൊണ്ട്‌ വിദൂരമായ പ്രകാശനക്ഷത്രങ്ങളിലേക്ക്‌ പ്രസരിക്കുന്നു, സന്ദേശം അതിന്റെ ഐഹിക മാന്ത്രികതയിൽ ജീവിതം തൂവലിന്റെ ദിവ്യഭൂമിയായി മാറുന്നു. ആലോചനാപരമായ സംയമനങ്ങൾ കഥാപാത്രത്തിന്റെ സ്വഭാവത്തിലോ , പരിതഃസ്ഥിതിയിലോ പ്രകടമാകുന്നില്ല . നോവലിസ്‌റ്റിനെ കാണണമെങ്കിൽ പ്രപഞ്ചത്തിന്റെ ആന്തരസന്ദർഭങ്ങളിലേക്ക്‌ ചുഴിഞ്ഞു നോക്കണം. കലാകാരന്റെ യാത്ര ഭൗതികരൂപങ്ങളുടെ ലയവ്യന്യാസങ്ങളിൽ നിന്ന്‌ ആന്തരമുഹൂർത്തങ്ങളുടെ തണൽമരങ്ങളിലേക്കാണ്‌. എന്നാൽ അതോടൊപ്പം ജീവിതത്തിന്റെ ബാഹ്യമായ ക്ഷേത്രഗണിതങ്ങളിൽ സ്വച്ഛമായ അന്തർധാരകളുടെ രതിച്ചിത്രങ്ങൾ വരച്ചിടാനും മടിക്കുന്നില്ല.

ധനവാഞ്ചയും- നിന്ദയും, ദയയും ,സൗഹൃദവും, സാമർത്ഥ്യ വും, ഒരു ബിന്ദുവിൽ സമ്മേളിക്കുന്നുവെന്ന്‌ കരുതു. എങ്കിൽ അവിടെ നിശ്ച്ചയമായും സ്നേഹത്തിന്റെ അടിയൊഴുക്കുണ്ട്‌. ഫോസ്റ്ററുടെ ഈ വാക്യം ഓർമ്മയിലെത്തുകയാണ്‌. പ്രപഞ്ചത്തിന്റെ മുഖാവരണങ്ങളുടെ ഉള്ളിലെ നിത്യമായ ഗമനങ്ങളും ശാന്തസംവാദങ്ങളുമാണ്‌ അവിടെ അന്തർഭവിച്ചിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ നിത്യമായ അന്തർധാരകളിലെത്തിച്ചേരാനുള്ള മനസ്സിന്റെ അനുരാഗമാണ്‌ ഖസാക്കിന്റെ പ്രകൃതിനിഷ്ഠയിലും മനുഷ്യരുടെ സ്വഭാവങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌. പ്രപഞ്ചത്തിന്റെ ബാഹ്യാവസ്ഥകളിൽ ജീവിതത്തിന്റെ മൗനം നിറഞ്ഞ ചാഞ്ചാട്ടവും , ആന്തരികരംഗങ്ങളിൽ രഹസ്യമായ പ്രവാഹധാരകളും നിർമ്മിച്ചുവെക്കുന്നു. ആമോസ്‌ പ്രപഞ്ചത്തെക്കുറിച്ച്‌ സംസാരിക്കുമ്പോഴും അന്തർധാരകൾ സ്പഷ്‌ടമാക്കുന്നുണ്ട്‌.മനുഷ്യൻ യഹോവയുടെ ഐശ്വരമായ വചനങ്ങൾക്കായി കാതോർക്കുന്നു. ഇസ്രേലിന്റെ പാപങ്ങൾ കഴുകിക്കളയുവാനായി യഹോവ വന്നെത്തുന്നു. യുദ്ധങ്ങളിൽ ശത്രുക്കളെ ജയിക്കാൻ അവന്റെ കൈകൾ വർഷിക്കുന്നു. എന്നാൽ എവിടെ യഹോവ? അവൻ ഇസ്രേലിന്റെ മിത്രമല്ല. രക്ഷകനുമല്ല. ദേശത്തിന്റെ അംഗരക്ഷകരുടെ പ്രഭുവാകാതെ , അവൻ സ്വർഗ്ഗത്തിലേയും ഭൂമിയിലേയും ദൈവമായിരിക്കുന്നു. ദൈവവും ദേശങ്ങളും രക്ഷകരും സൈന്യങ്ങളും വിന്യസിച്ച്‌ മനുഷ്യന്റെ ക്ഷണികമായ തൃഷ്‌ണകൾ വീണ്ടെടുക്കുമ്പോൾ പ്രപഞ്ചത്തിന്റെ ശാശ്വതമായ അന്തർധാരയുടെ ലൗകികസ്വരം കേൾക്കുന്നു. ജീവിക്കുന്നവന്റെ നിത്യമായ യവനികകളിലൂടെ അവൻ പ്രപഞ്ചത്തോട്‌ ഉരസുന്നു. സ്പർശനങ്ങളുടെ ആദിബീജം വീണ്‌ മനുഷ്യന്റെ ബോധം ക്രിയകളുടെ സ്ഫുലിംഗങ്ങളിലേക്ക്‌ പോകുകകയാണ്‌.

വിജയന്റെ നോവലിലും ആമോസിന്റെ ലോകത്തിലെ പ്രപഞ്ചസ്പർശനങ്ങളുടെ അന്തർധാരകൾ കണ്ടെത്താം. നൈസാമലി കൂമൻകാവിൽ നിന്ന്‌ അന്തർദ്ധാനം ചെയ്‌തപ്പോൾ അയാളുടെ സഹപ്രവർത്തകർ താന്താങ്ങളുടെ തൊഴിലുകളിലേക്ക്‌ അലക്ഷ്യമായി നിഷ്‌ക്രമിച്ചുവെന്ന്‌ വിജയൻ എഴുതുന്നു. വീണ്ടും അയാൾ അത്തരിന്റെ ജീവിതത്തിൽ പറ്റിക്കൂടി. വീണ്ടും പിണങ്ങി പുതിയ വ്യതിരിക്തതകൾക്ക്‌ വശംവദനാകുന്നു. അങ്ങനെ വിന്യാസത്തിന്‍‌റെ ക്രൂശിതമായ സ്മൃതികൾ അവശേഷിപ്പിച്ചുകൊണ്ട്‌ ഇഴ പിരിഞ്ഞു നിൽക്കുന്ന ലോകത്തെ അവതരിപ്പിക്കുന്നതിലൂടെ ഭഗ്നമായ അന്തർദ്ധാരകളുടെ സ്വച്ഛമായ തണലും വിഷാദവും കൊയ്‌തെടുക്കുന്നു.

ജന്മങ്ങളുടെ നൈരന്തര്യവും മോഹങ്ങളുടെ കവചവും ശരീരത്തിന്റെ പൂക്കളും പൊഴിഞ്ഞുകിടക്കുന്ന ഭൂമി പ്രപഞ്ചത്തിന്റെ അന്തർദ്ധാരകളെ വഹിക്കുകയാണ്‌, ഖസാക്ക്‌ എന്ന ഗ്രാമത്തിനും അവിടത്തെ സാധാരണ മനുഷ്യർക്കും പ്രകൃതിനിഷ്‌ഠകൾക്കും ചേരുന്ന ലൗകിക ചിലങ്ക ഭൂമിയുടേതാണ്‌. ഖസാക്കിലൂടെ വിജയൻ , ആമോസിനെപ്പോലെ കൂടുതൽ കൂടുതൽ വ്യക്തമായ നിത്യയാഥാർത്ഥ്യത്തിലേക്കും ഉൾപ്രവാഹങ്ങളിലേക്കും നടന്നടുക്കുകയാണ്‌. ഖസാക്കിലെ പ്രകൃതി അന്തർദ്ധാരകളുടെ നിറം മുഴുവൻ ആവാഹിക്കുന്നു. പക തണുക്കുന്നു. ക്രോധം മായാതെ വീണ്ടുമുണരുന്നു സ്നേഹം വാത്സല്യമായി അനുരാഗമായി, മോഹഭംഗമായി പരിണമിക്കുന്നു. അങ്ങനെ വ്യത്യസ്ത വഴികളുടെ മർമ്മരങ്ങളിൽ ശയിച്ചുകൊണ്ട്‌ വസ്തുക്കളുടെ ഭ്രമണം പൂർത്തിയാവുന്നു,
മൈമൂനയുടെ അന്വേഷണം ആർദ്രവും, ഭഗ്നവുമാവുന്നത്‌ കാണാം. കാമത്തിന്റെ മസൃണമായ മുഖം ചുവക്കുകയാണ്‌. പ്രപഞ്ചത്തിന്റെ പാദചലനങ്ങൾ
ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഏതോ വഴിയിലാണ്‌` കാമം. പുലരിയുടെ ഉദ്വ്വേഗം വഴിവെട്ടുമ്പോൾ സ്മരണകളുടെ പൂമ്പൊടി ശേഖരിക്കാം. മോഹങ്ങളുടെ നഖങ്ങൾ നീണ്ടുവരുന്നതു ശ്രദ്ധിക്കാം. മോഹത്തിന്റെ നന്മ മുറ്റിയ പുഞ്ചിരി ക്രമാധികം വിളറിയിട്ടുണ്ട്‌. സൂക്ഷിച്ചുനോക്കുക. ആസക്തിയുടെ മിഥുനങ്ങൾ ലോകത്തിന്റെ അനാഥത്വത്തിൽ , ദൈവത്തിന്റെ സൃഷ്‌ടിയിൽ പകലുകളുടെ അനുസ്യൂത യാത്രകളിൽ വിശ്വാസം പരസ്പരം മാറിയണിയുന്നു. തൊങ്ങലുകൾ നഷ്‌ടപ്പെട്ടപക്ഷി ഇന്നും വന്ന്‌ ആലിന്റെ ചില്ലയിലിരുന്നു. വാക്കുകളുടെ ഇളംനീല തടാകത്തിൽ നഷ്‌ടപ്പെട്ടുപോയ പ്രാക്തനമായ മോഹകവചങ്ങളെ തേടി മനസ്സ്‌ തീരത്തിരിക്കുന്നു. എന്നാൽ അതോടൊപ്പം സ്വച്ഛഭംഗങ്ങളുടെ നിരയും കാണാം. ജൈവധാരണകളുടെ അനേകം നടുക്കങ്ങൾക്ക്‌ നടുവിൽ എന്നെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണമെന്ന്‌ തോമസ്‌ കൊപിസിനെപ്പോലെ ആത്മാവിന്റെ ദിവ്യശരീരം പ്രാർത്ഥിക്കുകയാണ്‌.
ഖസാക്കിന്റെ പരിശുദ്ധമായ ശരീരത്തിൽ പാദസ്പർശങ്ങളുടെ അണിവ്‌ കേൾക്കുന്നുണ്ട്‌. മൊല്ലാക്കയുടെ മൗനത്തിൽ കാലത്തിന്റെ വ്രണം പ്രത്യക്ഷപ്പെട്ടു. ചെതലിയുടെ പുറകിൽ പാദസ്പർശമേൽക്കാത്ത പെരുവഴികൾ. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളിൽ കുംഭമുടഞ്ഞ ദുഃഖകന്യകകൾ. ഷെയ്‌ഖിന്റെ തുഷാര സ്മൃതികൾക്കു ചുറ്റും കാവൽ നിൽക്കുന്ന രാത്രിയുടെ സംഗീതം മൊല്ലാക്ക ശ്രദ്ധിച്ചു. ചെതലിയുടെ നെറുകയിൽ നിന്ന്‌ പ്രപഞ്ചത്തിന്റെ രക്തം താഴോട്ടൊഴുകി. ദിവ്യമായ അന്തർദ്ധാരയുടെ തനുവിൽ കഴിയുക. ,ആയിരിക്കുക, അതുമാത്രമാണ്‌ പൂർണ്ണതയുടെ ബിന്ദുവെന്ന്‌ വിജയൻ ധ്വനിപ്പിക്കുന്നു.

ദ്വേഷം സ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ്‌ അജ്ഞാതമായ മേഖലകളിലൂടെ ,ഉൾപ്പിരിവുകളുടെ ഉഷ്‌ണജലപ്രവാഹങ്ങളിലൂടെ കുതിരപ്പുറത്ത്‌ യാത്രയാവുന്നു. ഒരിക്കലും അവസാനിക്കാത്ത സംസാരത്തിന്റെ നിശ്ശബ്‌ദമായ ഭൂമി. ഉൾഭ്രമങ്ങളുടെ വയമ്പു രുചിച്ച്‌ കാലം വീണ്ടും സന്ധ്യകളിലൂടെ നടന്നു നടന്നു പോവുന്നു. മോഹവലയ ങ്ങളിൽ നിന്ന്` അനൈഹികമായ തുരുത്തുകൾ അന്വേഷിച്ച്‌ വ്യസനത്തിന്റെ പക്ഷി ചിറകടിച്ച്‌ പറക്കുന്നുണ്ട്‌. നൈസാമലിയുടെ പ്രവാസം പുതിയൊരു ഉൾപ്പിരിവിന്റെ വിഷാദസന്ധിയിലെത്തി ഗതി മാറുന്നു. പ്ലേറ്റോ അറിയിക്കുന്നുണ്ട്‌, മനുഷ്യ നിയോഗത്തിന്റെ സമാപ്തി ഐന്ദ്രിയലോകത്തിന്റെ ഇരുൾ വേളകളിൽ നിന്ന്‌ ദിവ്യരൂപങ്ങളുടെ വെൺമയിലേക്ക്‌ പറന്നുച്ചെല്ലുമ്പോഴാണെന്ന്‌. വിജയനും ലൗകികതയുടെ ഇലപ്പുറങ്ങളിൽ ദിവ്യരൂപങ്ങളുടെ വ്യോമതലങ്ങളിലേക്ക്‌ മനസ്സ്‌ മാറ്റുന്നുണ്ട്‌.

"ദൂരെ കാളികാവെന്ന സ്ഥലത്ത്‌ ,കുറുന്തോട്ടിയും നന്നാറിയും വളർന്നുപിടിച്ചൊരു കുന്നിൻപുറത്ത്‌ ,പാടെ നശിച്ചുപോയൊരു പത്തായപ്പുരയുടെ അവശിഷ്‌ടങ്ങളുണ്ടായിരുന്നു. ചുവരുകളുടെ മുരടുകൾ ,അവയ്ക്കകത്ത്‌ വൈക്കോലു മേഞ്ഞ ഒരൊറ്റപ്പുര. അവിടെ അവളുടെ മുത്തിയമ്മയും അമ്മാവനും പാർത്തു പോന്നു. മുത്തിയമ്മയ്ക്ക്‌ കണ്ണുകാണാൻ വയ്യ. അമ്മാവനും കുഷ്‌ഠമാണ്‌. ചുമരുകളുടെ അവശിഷ്‌ടങ്ങൾ ആ കുടിലിനു ചുറ്റും അതിരിട്ടു. ആ അതിർ കടന്ന്‌ ആരും അകത്ത്‌ ചവിട്ടിയിട്ടില്ല. കാറില്ലാത്ത സന്ധ്യകളിൽ അസ്തമയത്തിന്റെ ചൂടുൾക്കൊള്ളാൻ , വിരലുകൾ തേഞ്ഞ കൈപ്പടങ്ങളുമായി അമ്മാവൻ കുടിലിനു മുമ്പിലെ പാറക്കെട്ടുകളിൽ ഇരുന്നു.

ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്‌. കാലം സരളമായ പാഠം പഠിക്കുകയാണ്‌. കാലത്തിന്റെ കാലിലെ വ്രണം നൊന്തോ? തുരുത്തുകളിലൂടെയുള്ള യാത്ര വിജയൻ ഓർക്കുകയാണ്‌. ആബിദയുടെ മഥനങ്ങൾ , അവളുടെ അത്തയുടെ ഏകാകികത, ഇരുട്ടിന്റെ കണ്ണുമിഴിച്ചാൽ കാണാവുന്ന ദുഃഖം, എല്ലാം രവി ഉൾക്കൊണ്ടു. വിലങ്ങുകളുടെ ദശാസന്ധികളിൽ താൻ ഏതോ അന്തർദ്ധാരയുടെ ഉഷ്‌ണജലം പേറുന്നുണ്ടെന്ന്‌ അയാളറിഞ്ഞു. വിദൂരമായ വിരഹക്കാഴ്‌ച്ചകളുടെ ഭൂതം ആബിദയുടെ സ്മൃതിയിലലിയുന്നു. അവളുടെ ഭൂതകാലത്തിന്‌ സംസാരിക്കാനറിയാം. തന്റെ സന്നിഗ്‌ദ്ധമായ തനുവിൽ ഉറങ്ങികിടക്കുന്ന വിഫലതയുടെ എല്ലാ അക്ഷരങ്ങളും പുറത്തു ചാടുന്നു. നാമമാത്രമായ പരിചയങ്ങളുടെ ഭ്രമണങ്ങളിൽ നിന്ന്‌ രവി ഒന്നു പിൻതിരിഞ്ഞു. എന്തെല്ലാമോ ഓർമ്മകൾ ചീവീടുകളായി വന്ന്‌ നിലവിളിച്ചു. ഏകാന്തതയുടെ രാത്രിപ്പക്ഷികൾ അറിവിന്റെ സംശയങ്ങളായി നിന്നു. ചുമരുകളും, അവശിഷ്‌ടങ്ങളും മങ്ങിയ നിഴൽ പതിച്ച , തണൽ വീണ ഓർമ്മകളും ദുരിതങ്ങളുടെ ശൈത്യം പുറത്തെടുത്തു. സ്നേഹവിശ്വാസത്തിന്റെ ആഗ്നേയ ശസ്ത്രങ്ങൾ , മന്ദഹാസത്തിന്റെ അലൗകികമായ വിങ്ങലുകൾ , അഴിഞ്ഞലിയുന്ന മൗനപരിസരം - പരിത്യക്തമായ ജൈവബന്ധങ്ങളുടെ നിലാവിൽ മനസ്സ്‌ എന്തോ ചിലത്‌ അറിയുന്നു.

സ്വന്തം വഴികളിൽ ഉപേക്ഷിക്കപ്പെട്ട ആത്മാവിന്റെ രഹസ്യവും പ്രശാന്തവുമായ യാത്രകൾ വ്യാമിശ്രമായ പ്രാപഞ്ചികാവസ്ഥയുടെ ധമനികളായിരിക്കുന്നു.ആബിദയുടെ ചിത്രം നിലാവിന്റെ നൃത്തം പോലെ വാൽസല്യവും സാന്ത്വനവും നിറഞ്ഞതാണ്‌. വെറും പരിചയങ്ങളിൽ നിന്ന്‌ അതിരൂഢമായ ആത്മ ബന്ധങ്ങളിലേക്കും പ്രണയങ്ങളിൽ നിന്ന്‌ അസ്പഷ്‌ടമായ വിരഹങ്ങളിലേക്കും കാലം മാറിവീഴുമ്പോൾ , അവ ശാശ്വതമായ ദുഃഖങ്ങളും, അകലെയുള്ള സന്നിഗ്‌ദ്ധതകളും കൊണ്ട്‌ നിറഞ്ഞ്‌ , പ്രപഞ്ചത്തിന്റെ അന്തർധാരകളുടെ പ്രസാദപൂർണ്ണമായ ആത്മ സംയോജനങ്ങളായിത്തീരുകയാണ്‌. വരുമ്പോഴും പോകുമ്പോഴും മനുഷ്യൻ ഒന്നും പറയുന്നില്ലല്ലോ. നിത്യമായ സംശയങ്ങളുടെ കൊളുത്തിൽ നിന്ന്‌ സത്യത്തിന്റെ ശരീരം മുക്തമാകാത്തതെന്താണ്‌? ചോദ്യങ്ങൾ മുനയൊടിഞ്ഞ്‌ സംസാരത്തിന്റെ മുറ്റത്ത്‌ കമിഴ്‌ന്ന്‌ കിടക്കുന്നു. മൗനം കൊണ്ട്‌ തൊട്ടാൽ പ്രതികരിക്കുന്നത്‌ കുട്ടികളുടെ മുഖങ്ങൾ മാത്രമാണെന്ന്‌ പറഞ്ഞ ഫ്രാൻസിസ്‌ തോംപ്‌സണിലാണ്‌ ഇത്‌ ചെന്നെത്തുന്നത്‌. നിസ്സംഗതയും ഉച്ചാരണവും ഒന്നായിത്തീരുകയാണല്ലോ. ഭൗമബന്ധങ്ങളുടെ സരളമായ പാഠങ്ങളിലൂടെ മനുഷ്യന്റെ ദൗത്യം വിനയത്തിന്റെ ശിഖയിലെത്തുന്നു. നേരമ്പോക്കുകളുടെ ക്രോധം ശിരസ്സിലിട്ടുകൊണ്ട്‌ വഴിയിലിറങ്ങി ശകാരിക്കുക. സത്യത്തിന്റെ ചില്ല സൂര്യനഭിമുഖമായി ഉയർത്തിപിടിച്ചുകൊണ്ട്‌ ഉറക്കെ നിലവിളിക്കുക. ഇരുട്ടിന്റെ മിന്നാമിനുങ്ങുകളെ വകഞ്ഞുമാറ്റി രാത്രിയുടെ നെൽപ്പാടങ്ങളിലൂടെ ഇരങ്ങിനടക്കുക. അപ്പോഴും ദിവ്യരൂപങ്ങളുടെ കൃഷ്ണമണികളും മഞ്ഞുത്തു‍ള്ളികളും പറ്റിച്ചേർന്നിരിക്കുന്ന മനസ്സും പുലരിയുടെ ശരീരത്തിൽ സൂക്ഷിക്കുന്നുണ്ടാവും.നീ എവിടെ പോകുന്നുവെന്ന്‌ നിങ്ങൾ ആരും എന്നോട്‌ ചോദിക്കുന്നില്ല.
എങ്കിലും അത്‌ നിങ്ങളോട്‌ സംസാരിക്കുന്നതുകൊണ്ട്‌ നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നുവെന്ന്‌ യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (യോഹന്നാൻ 16;6)പ്രപഞ്ചത്തിന്റെ അന്തര്‍ദ്ധാരയായി വർത്തിച്ചുകൊണ്ട്‌ ചോദിക്കാതെ പോകുന്ന ചോദ്യം ലൗകികമായ വിഷാദജ്വരങ്ങളുടേയും ജൈവബന്ധങ്ങളുടേയും മൗനമാണ്‌. പ്രപഞ്ചത്തിന്റെ അന്തർപ്രവാഹങ്ങളുടെ ഗതികളിൽ അലയുമ്പോൾ മൗനം പ്രവർത്തനവും പ്രവർത്തനം മൗനവുമാകുന്നതു കൊണ്ടാ‍ണിങ്ങനെ സംഭവിക്കുന്നത്‌. ആന്തരമായ ഇഷ്‌ടബന്ധങ്ങളുടെ ചുമരുകളിൽ ജൈവസ്പർശങ്ങൾ ശിൽപ്പത്തിന്റെ ഏകാന്തതയിലേക്ക്‌ , ദുഃഖത്തിന്റെ വസന്തർത്തുവായി മനസ്സ്‌ ലയിച്ചു ചേരുന്നു. രവി ഓർത്തു ഏകാകിതയുടെ നിശ്ശബ്‌ദചോദനകളുമായി ഞാനിതാ വരുന്നു. അജ്ഞേയമായ പൊരുളുകളുടെയിടയിൽ ,പ്രാർത്ഥനയുടെ അനാഥമായ നാഴികളുടെയിടയിൽ വേദനയുടെ വത്സലയായൊരു പക്ഷിയായി, ശാന്തതയുടെ മാതാവിനെ കാണുവാനും സത്യഭാഷണം നടത്തുവാനും ഞാനിതാ വരുന്നു.