Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 6/എം.കെ.ഹരികുമാർ




ജീവിതത്തിന്റെ രഹസ്യം അങ്ങ് ഭ്രൂണാവസ്ഥയിൽ തന്നെയുണ്ട്. സ്വയം അറിയാത്ത ഒരു കാലമായി അത് ഇപ്പോഴും പിന്നിലുണ്ട്. ഓർമ്മകൾ തീവണ്ടിയുടെ ബോഗി വേർപെട്ടുപോകുന്നതുപോലെ ബന്ധം വേർപെടുത്തി ഭൂതകാലത്തിലേക്ക് മറയുന്നു. എത്ര ഓർമ്മിച്ചാലും  നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ആ സുഷുപ്തിയുടെ കാലഘട്ടത്തിലേക്ക് കടക്കാനൊക്കില്ല .അത് നമ്മെ സംബന്ധിക്കുന്ന ഓർമ്മകളല്ലായിരിക്കാം. നമ്മുടെ ആയുസ്സിന്റെ ഒരു ഖണ്ഡം അവിടെ അവശേഷിക്കുന്നു. ഭ്രൂണം ഒരു ആയിത്തീരലാണ്. അതിനു ഈ ലോകത്തെ അറിയാനും സ്വീകരിക്കാനുമുള്ള ഉപകരണങ്ങൾ വേണമായിരുന്നു .അത് സ്വരൂപിക്കാൻ ഒരു കാലം ആവശ്യമാണ്. പിറവിക്ക് ഈ സാധ്യതയേയുള്ളൂ .ഒരു മുട്ടയ്ക്കുള്ളിൽ കുഞ്ഞുണ്ട്. എന്നാൽ  മുട്ട പൊട്ടിച്ചാൽ കാണാനാവുകയില്ല. കുഞ്ഞ് അതിൽ വളരണം .ഒരു മുട്ടയിൽ ഒരു ജീവൻ അന്തർഭവിച്ചിരിക്കുന്നു, ദുരൂഹമായി.  ഒരു സ്വഭാവവും പെരുമാറ്റവും മരണവും ചേർന്ന കുഞ്ഞ് അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുട്ടയ്ക്ക് ജീവനെ ഉൾക്കൊള്ളാനാവശ്യമായ കാലം പ്രകൃതി നൽകുകയാണ്. ഗർഭത്തിലിരിക്കുന്ന കുഞ്ഞിനും  മുട്ടയ്ക്കുള്ളിലെ കുഞ്ഞിനും ഓർമ്മകളുണ്ടെങ്കിൽ തന്നെ അത് സ്വപ്നത്തിലെ അനുഭവം പോലെയാണ്. സ്വപ്നത്തിലെ സംഭവങ്ങൾ പിന്നീട് ഓർക്കാതിരിക്കുന്നത്  സംഭവിക്കാറുണ്ടല്ലോ .ഓർമ്മകൾ അരുത് എന്നാണ് ഭ്രൂണം പറയുന്നത് .

"അന്നുള്ള വേദന മറന്നതു നന്നുണർന്നാ
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു -
തന്നിട്ടുതന്നെയിതുമിന്നറിയുന്നു ശംഭോ! "
അന്നത്തെ വേദന, ഭ്രൂണാവസ്ഥയിൽ അനുഭവിച്ച വേദന ഇപ്പോൾ ഓർമ്മ വരികയാണെങ്കിൽ ദുസ്സഹമായിരിക്കും. ഒരുപക്ഷേ, അത് ഒരു ഷോക്കായിരിക്കും. ദൈവത്തിൻ്റെ പദ്ധതിയാണിത് .ജീവിതത്തിൻ്റെ നിസ്സഹായതയും പരാശ്രയത്വവും അറിയാതെ അഹങ്കാരത്തിന്റെ മിഥ്യയിൽ ജീവിക്കുന്നത് വിധിയാണ്.നമുക്കാർക്കും സ്വയം ആരാണെന്നു അറിയില്ലല്ലോ. പലരും വിചാരിക്കുന്നത് താൻ ഒരു ജാതിയിൽ, മതത്തിൽ പിറന്നുവെന്നാണ്. ചിലർ സമ്പന്നരാണെങ്കിൽ ആ തലത്തിൽ സ്വയം സങ്കൽപ്പിക്കും. സ്വയം  ആരാണ് എന്നു ചോദിച്ചാൽ കുഴയും .നമുക്ക് ഒരു പേരുണ്ടോ ?ഒരു പേരിട്ടു വിളിക്കുന്നു എന്നേയുള്ളൂ. നമ്മുടെയുള്ളിലെ 'ഞാൻ' ആരാണ്? അതിനു ഒരു തുടക്കമുണ്ടോ? അത് അവസാനിക്കുന്നത് മരണത്തിലാണോ ? എങ്കിൽ മരണത്തിനു ശേഷം ആ 'ഞാൻ' ഇല്ലാതാവുന്നതിന്റെ യുക്തി എന്താണ്? ശരീരം ക്ഷയിക്കുന്നത് മനസ്സിലാക്കാം.  രോഗങ്ങൾ ഉണ്ടാകുന്നതു തിരിച്ചറിയാം. എന്നാൽ ശരീരം നശിക്കുന്നതുകൊണ്ട് ഞാൻ നശിക്കണമെന്നുണ്ടോ? ശരീരത്തിൽ മാത്രം 'ഞാൻ' നിലനിൽക്കുകയാണെങ്കിൽ അത് എവിടെ നിന്നു വരുന്നു? ഞാൻ ജീവൻ തന്നെയാണോ? 

ഞാൻ ചിന്തിക്കുന്നു 

'ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു'(I am thinking ,therefore I exist) എന്നു ഫ്രഞ്ച് തത്ത്വചിന്തകനായ ദെക്കാർത്ത് (Descartes) പറഞ്ഞത്, ശരീരമല്ല ഞാൻ എന്നു അർത്ഥമാക്കാനാണ് .ഒരു ശരീരം മാത്രമായി ഞാൻ നിലനിൽക്കുന്നില്ല. മൃതദേഹം  നിലനിൽക്കുന്നില്ല ,എന്തെന്നാൽ അത് ചിന്തിക്കുന്നില്ലല്ലോ.

എന്നാൽ 'ഞാൻ' എന്നു   തോന്നുമ്പോഴൊക്കെ ജീവിക്കുന്നു. ഇതല്ലേ ശരിക്കും ചെസ്സ് കളി ? നാം  'ഞാൻ' എന്ന കരു നീക്കുന്നു. പ്രപഞ്ചം മറ്റൊരു കരു നീക്കുന്നു. ആ കളിയിൽ നമുക്ക് തോൽക്കാനാണ് വിധി .നമ്മൾ 'ഞാൻ' എന്നതിനെ അവിശുദ്ധ വികാരങ്ങളുടെ പടനായകനാക്കി ഉയർത്തിക്കൊണ്ടുവരുന്നു .അവിടെ നാം സ്വയം തെറ്റിദ്ധരിക്കുന്നു,തെറ്റുകൾ ആരോപിക്കുന്നു ,മിഥ്യകൾ യഥാർത്ഥമാണെന്നു സ്ഥാപിക്കുന്നു, കലഹിക്കുന്നു ,വേർപിരിയുന്നു.

വികാരങ്ങൾ നൽകുന്ന സന്ദേശങ്ങൾക്കനുസരിച്ച് ഞാൻ മാറുന്നു. എന്നിലെ 'ഞാൻ' ഒരു അവ്യക്തതയാണ്. വലിയ പണ്ഡിതനായാലും പാമരനായാലും ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് നോക്കിയാൽ മനസ്സിലാക്കുന്നതിൽ  ചെറിയ വ്യതിയാനമേയുള്ളൂ .പണ്ഡിതനു സൗരയൂഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വിജ്ഞാനം കാണുമായിരിക്കും. ആ വിജ്ഞാനം പലർക്കും അറിവുള്ളതാണ്. ആ അറിവുകൾക്കപ്പുറത്ത് അയാളും ഒരു നിരക്ഷരനാണ്. അയാൾക്കും ഗാലക്സികളിൽ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല.

സ്വയമറിയാതെയുള്ള ആട്ടം

സ്വയമറിയാതെയുള്ള ആട്ടമാണ് ജീവിതം .അതിൽ യുക്തിയോ അടിസ്ഥാനമോ ഇല്ല. മനസ്സ് തൻ്റെ നിയന്ത്രണത്തിലല്ല .എല്ലാം ഭ്രാന്തൻ സ്വപ്നങ്ങൾ.ഗുരു പറയുന്നത് ,ഭ്രൂണാവസ്ഥയിലുണ്ടായിരുന്ന വേദന പിന്നീട് ഓർമ്മിക്കാനിടവന്നാൽ അത് തീയിൽ വീഴുന്നതിനു സമമായിരിക്കുമെന്നാണ് .ഇന്ദ്രിയങ്ങളൊന്നുമില്ലാതെ, ഇരുട്ടിൽ കഴിഞ്ഞ ആ കാലത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വശാസ്ത്രവും വിലപ്പോയില്ലല്ലോ. മനുഷ്യൻ എന്ന ജീവിയുടെ ഒരു കഴിവും അവിടെ കാണാനായില്ല. തികച്ചും നിസ്വനായി, സഹായം അഭ്യർത്ഥിക്കുന്ന മട്ടിൽ ,സകല നിയമങ്ങൾക്കും കീഴടങ്ങി കഴിഞ്ഞ ഒരു കാലഘട്ടത്തെക്കുറിച്ചോർത്താൽ മനുഷ്യനു അഹങ്കാരത്തിൽ തലയുയർത്താനൊക്കുമോ ?സകല പ്രകൃതിശക്തികളോടും ഭക്തിയും ആദരവും തോന്നും. ഒരാളെ സ്നേഹിക്കുമ്പോൾ നമുക്കുണ്ടാകുന്ന വിനയവും മര്യാദയും അതിനു തെളിവാണ് .ഫ്രഞ്ച് കവി പോൾ എല്വാദി (Paul Eluard)ന്റെ 'A Woman in Love' എന്ന ചെറിയ കവിതയിൽ
"she has the colour of my eyes,
She dissolves in to my shadow
Like a stone against the sky" എന്നു എഴുതിയിരിക്കുന്നു .

അവൾക്ക് കണ്ണുകളുടെ നിറമാണ്. എൻ്റെ നിഴലിലേക്ക് അവൾ അലിഞ്ഞു ചേരുകയാണ് ,ആകാശത്തിലേക്ക് എറിഞ്ഞുവിടപ്പെട്ട കല്ല് എന്ന പോലെ. ഇത് മനുഷ്യന്റെ മഹത്വത്തിന്റെ സൂചനയാണ്. മറ്റൊരാളെ സ്നേഹിക്കുന്നതുപോലെ മഹത്തരമായത് എന്താണ് ഈ ഭൂമിയിലുള്ളത് ?ഏത് പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും ഐന്ദ്രിയമായ അനുഭവങ്ങളും പരിശുദ്ധമായ സ്നേഹത്തിന്റെ മുന്നിൽ വളരെ ചെറുതാണ്. അത് അവാച്യമായ ആന്തരാനുഭൂതിയാണ്.

ഭ്രൂണമായിരുന്നപ്പോൾ നമുക്ക് ലോകമില്ലായിരുന്നു. കാരണം, നാം ചിന്തിച്ചിരുന്നില്ലല്ലോ. ഭ്രൂണത്തിനു അഞ്ചു വാതിലുകൾ നൽകിയത് ആരാണ് ?സ്വാഭാവികമായി ഉണ്ടായി എന്നു ശരീരശാസ്ത്രവാദികൾ പറഞ്ഞേക്കാം. എന്നാൽ അതിലൊരു രഹസ്യം അടങ്ങിയിരിക്കുന്നു .ഈ ലോകത്തിലേക്കുള്ള ചവിട്ടുപടികളാണ് ആ അഞ്ചു വാതിലുകളായ ഇന്ദ്രിയങ്ങൾ. അതിലൂടെയാണ് പിറന്ന ശേഷം നാം ലോകത്തെ നേരായും തെറ്റായും അറിയുന്നത് .ഇന്ദ്രിയങ്ങൾ സത്യം കാണിച്ചു കൊള്ളാമെന്ന് ഒരു ഉറപ്പും നൽകുന്നില്ല. ഇന്ദ്രിയങ്ങളെ ഉപയോഗിക്കേണ്ടത് ,അതിലൂടെ സാരം ഗ്രഹിക്കേണ്ടത് നമ്മുടെ ആഗ്രഹത്തിൻ്റെ ഭാഗമാണ് .ജർമ്മൻ തത്ത്വജ്ഞാനി ഫ്രിഡ്റിച്ച് നിഷേ(Friedrich Nietzsche) പറയുന്ന Will - മനസ് - ഇതാണ്. നാം ഉന്നതമായതിനുവേണ്ടി ആഗ്രഹിക്കണം .അത് നമ്മളിൽ തന്നെ അജ്ഞാതമായ നിലയിൽ അവശേഷിച്ചതാണ്; ഗർഭപാത്രത്തിൽ നഷ്ടപ്പെട്ടതാണത്. അതിനെ ഉണർത്താനാണ് ശ്രമിക്കേണ്ടത്. കലാകാരനിൽ ഏറ്റവും രൂക്ഷമായ പോരാട്ടം ഈ മേഖല കണ്ടെത്തുന്നതിനാണ്. നിഷേ എഴുതുന്നു: "സൗന്ദര്യം ,കലാകാരന്റെ കാര്യത്തിൽ എല്ലാ ബാഹ്യമാനദണ്ഡങ്ങൾക്കും അപ്പുറത്താണ്. എന്തെന്നാൽ സൗന്ദര്യത്തിൽ, വിപരീതങ്ങളെല്ലാം മെരുക്കപ്പെടുന്നു. ശക്തിയുടെ ഏറ്റവും ഉന്നതമായ സൂചകം, അതായത് ,വിപരീതങ്ങളുടെ മേലുള്ള ശക്തി ,അതാണ് പ്രധാനം."

ഓരോ പിറവിയിലും ആവർത്തിക്കുന്നു 

കലാകാരന്റെ ആഗ്രഹശക്തി സൗന്ദര്യത്തെ അപാരമായി വശീകരിക്കുന്നു .അവിടെ യാതൊന്നിനെയും ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യേണ്ടതില്ല. എല്ലാം ആ ശക്തിക്ക് മുൻപിൽ അനുസരണയോടെ നിൽക്കുകയാണ്. ഒരു സുഗമപാതയാണ് അവിടെ തെളിയുന്നത് .അദൃശ്യമായ ആ പാതയിൽ, ആഗ്രഹിക്കുന്ന മനസ്സ്, സർഗാത്മകമായ മനസ്സ് പുതിയ ഉയരങ്ങൾ താണ്ടുന്നു.മനുഷ്യനു ഒരു ഉന്നതമായ ജീവിതകല (Highest art of living) അവകാശപ്പെട്ടതാണ്. അതിനായി പ്രയത്നിക്കണം. അത് നശിപ്പിക്കുന്നവർ, ഭ്രൂണകാലത്ത് അബോധമായി നേരിട്ട  പാരമ്പര്യത്തെക്കുറിച്ച് അറിയുന്നില്ല. ഒരു കലാപത്തിലോ കോപത്തിലോ തിന്മയിലോ ഒടുങ്ങാനുള്ളതല്ല ജീവിതം.ജീവിതം സാർത്ഥകമായ ചില ലക്ഷ്യങ്ങളിൽ എത്തുന്നതിനുള്ള അന്വേഷണമാണ്. അതുകൊണ്ടാണ് ഭ്രൂണാവസ്ഥയിൽ ആരും അറിയാതെ, നാടും വീടും പേരും ഇല്ലാതെ ,എല്ലാ പ്രാപഞ്ചികമായ വൈകാരിക ക്ഷമതയ്ക്കും മുമ്പ് അന്ധതയിൽ കഴിഞ്ഞത്.ഒരു അർത്ഥം കണ്ടെത്താൻ നാം വിധിക്കപ്പെടുകയാണ്. ഭ്രൂണം  ജീവിതമായിരുന്നില്ല ;എന്നാൽ അതിലായിരുന്നു ജീവിതത്തിന്റെ പ്രാചീനത. അത് എന്തിനു ഏറ്റെടുത്തു? നമ്മുടെ ഇച്ഛയാലല്ലാതെ നാം ആ  രൂപത്തിൽ വന്നു .അതുകൊണ്ട് നമുക്കുമേൽ ചൊരിഞ്ഞ ആ  വാതിലുകൾ പുതിയ കാഴ്ചകളെ , ഉന്നതമായ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള അവസരം നൽകുകയാണ്.അത് ഒരു വാഗ്ദാനം പാലിക്കലാണ്.അത് ജനിയിലൂടെ ആവർത്തിക്കപ്പെടുകയാണ്. സൂര്യോദയങ്ങൾ പോലെ ഇന്ദ്രിയകവാടങ്ങൾ ഓരോ പിറവിയിലും ആവർത്തിക്കുന്നു .ഇന്ദ്രിയങ്ങൾ കൊണ്ട് എന്ത് ചെയ്യണമെന്നു അറിയില്ല എന്ന ദുഃഖസത്യം നിലനിൽക്കുകയാണ്. എങ്ങനെ ചിന്തിക്കണമെന്നു ഭൂരിപക്ഷത്തിനും അറിയില്ല. പുതിയ ഒരു മാനം നൽകുന്ന ചിന്തയുണ്ടാകുന്നുണ്ടോ ? ഉണ്ടാകുന്നില്ലെങ്കിൽ അതിനർത്ഥം പിറവിയിൽ ലഭിച്ച സൂര്യകവാടങ്ങൾ വേണ്ടപോലെ ഉപയോഗിച്ചില്ല എന്നാണ്.

സ്നേഹത്തിൻ്റെ അനന്തമായ ഒഴുക്ക്

ഇറ്റാലിയൻ കവി ദാന്തെ എഴുതി: I ,too,was created by eternal love. എന്താണ് ഈ അനശ്വരമായ പ്രേമം? അത് ദൈവികമായ ഈ സ്നേഹമാണ്. അളവറ്റ, അനന്തമായ കൃപയുടെ ധാരാളിത്തമായ സ്നേഹം. അതാണ് അഞ്ച് ഇന്ദ്രിയങ്ങളും  ക്രമബുദ്ധിയുമായി നമ്മെ ഉയർത്തിക്കൊണ്ടു വന്നത്. ആ സ്നേഹം എങ്ങനെ ലഭിച്ചു? മാസങ്ങളോളം ഗർഭസ്ഥ ശിശുവായിരിക്കാനും ,അതിനുശേഷം ലോകത്തെ മനസ്സിലാക്കാനുള്ള സിദ്ധികളുമായി ജനിക്കാനും വേണ്ടി നാം ആർക്കെങ്കിലും സ്നേഹം കൊടുത്തോ ?ആരെയും അറിഞ്ഞിരുന്നില്ലല്ലോ .ഗർഭപാത്രത്തിൽ വച്ച് ആരെയും അറിഞ്ഞില്ല. അതു കൊണ്ടു പിന്നീടും അറിയേണ്ട എന്നു തീരുമാനിക്കരുത്. നമ്മൾ ഒന്നും ചെയ്യാതെ തന്നെ നമുക്ക് ഇതെല്ലാം കിട്ടിയിരിക്കുകയാണ് .എത്ര വിലയിട്ടാലും മതിവരാത്ത സിദ്ധികൾ ഒരു ശരീരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു .സകല കലകളും ശാസ്ത്രങ്ങളും അതിലൂടെയാണ് ആവിർഭവിക്കുന്നത്. ഈ eternal love ,ഗുരു പറയുന്ന 'പൊറിവാതിലൊരഞ്ചുമിട്ടു തന്നിട്ട്' മനുഷ്യരാശിക്ക് ഇനിയും ആഴത്തിൽ മനസ്സിലാക്കാനായിട്ടില്ല. വ്യക്തിനിരപേക്ഷമായ ,നിർവേദമായ ഇന്ദ്രിയങ്ങളുടെ പൊരുളെന്താണ് ?ഏത് വ്യക്തിയിലാണോ ഇന്ദ്രിയങ്ങളിരിക്കുന്നത് അയാളുമായി അവയ്ക്ക് പ്രത്യേക ബന്ധമില്ല .നമ്മെ ഒരു സത്യം ചൂണ്ടിക്കാണിച്ചു തരാൻ ഇന്ദ്രിയങ്ങൾ പ്രതിജ്ഞാബദ്ധമല്ലാത്തതു കൊണ്ട് തിരഞ്ഞെടുപ്പ് നമ്മുടേതാണ്.

No comments: