അക്ഷരജാലകം പ്രതിവാര പംക്തി ഇരുപത്തിയഞ്ചു വർഷം പിന്നിട്ടതിൽ എം.കെ .ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി അസ്പർശാനന്ദ പൊന്നാട അണിയിച്ച് ആദരിക്കുന്നു |
റിപ്പോർട്ട്: എൻ.രവി
ആലുവ :ശ്രീനാരായണഗുരുവിനെ ഒരു കവിയായി താഴ്ത്താൻ അനുവദിക്കുകയില്ലെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
ആലുവ അദ്വൈതാശ്രമത്തിൽ 1924 ൽ ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് ചേർന്ന സാഹിത്യസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ശ്രീനാരായണഗുരുവിനെ ഒരു കവിയുടെ തലത്തിലേക്ക് താഴ്ത്താനാവില്ല. കവികൾ വൈകാരിക പ്രതിസന്ധിയുള്ളവരാണ്. ചില കവികൾ അതിൻ്റെ പേരിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. കവികൾ ജീവിതത്തെ നോക്കി ചിലപ്പോഴെങ്കിലും അസംബന്ധം എന്നു വിളിക്കുന്നവരാണ്. ഗുരുവിനെ ഒരു കവിയായി തരം താഴ്ത്തിയാൽ വികാരജീവികളായ കവികളുമായി താരതമ്യപഠനത്തിനു ചിലർ തയ്യാറാകും. യു.ജി.സി ഉള്ളതുകൊണ്ട് ധനസഹായത്തിനു പ്രയാസമില്ല . ചങ്ങമ്പുഴയുടെ കവിതകളുമായി ഗുരുവിൻ്റെ കവിതകളെ താരതമ്യം ചെയ്ത് ഗവേഷണത്തിലേർപ്പെടുന്നത് ഒരു ദുരന്തമായിരിക്കും. ഇത് അനുവദിക്കില്ല .ചങ്ങമ്പുഴ ഒരു കവിതയ്ക്ക് പേരിട്ടിരിക്കുന്നത് ‘പാടുന്ന പിശാച്’ എന്നാണ്. ഒരു പ്രൊഫസർ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു വെബ് മാഗസിനിൽ എഴുതിയത് ഗുരുവിനെ ഡോ.എം.ലീലാവതി തൻ്റെ കവിതാചരിത്രത്തിൽ അശാൻ്റെ ഗുരുവായി മാത്രം അവതരിപ്പിച്ചത് ശരിയായില്ലെന്നാണ്. ഗുരുവിനെ കവിയാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രൊഫസർമാരോടും വിമർശകരോടും ഒരു കാര്യമേ പറയാനുള്ളു. ഗുരുവിനെ കവിയായി താഴ്ത്താനുള്ള പരിശ്രമങ്ങൾ ഉപേക്ഷിക്കണം. അല്ലെങ്കിൽ നിങ്ങൾ ശക്തമായ എതിർപ്പുകൾ, വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വരും -ഹരികുമാർ പറഞ്ഞു.
എം.കെ.ഹരികുമാർ ദീപം തെളിക്കന്നു.പ്രൊഫ. കെ.ജി.പൗലോസ് ,സുനിൽ പി. ഇളയിടം ,എം കെ .സാനു ,ബാലചന്ദ്രൻ മങ്ങാട് ,ധർമ്മചൈതന്യ സ്വാമി തുടങ്ങിയവർ സമീപം
ഗുരുവിനെ ഒരു ഫിലോസഫർ പോയറ്റ് എന്ന് വേണമെങ്കിൽ വിളിക്കാം .ജലാലുദ്ദീൻ റൂമി ,ഖലിൽ ജിബ്രാൻ ,വാൾട്ട് വിറ്റ്മാൻ എന്നിവരുടെ നിരയിൽ കാണാവുന്നതാണ്. പക്ഷേ ,ഗുരുവിൻ്റെ രചനകൾ അവരുടെ കവിതകൾക്കും മുകളിലാണ്.ഗുരുവിൻ്റേത് സുഭാഷിതവും ജ്ഞാനവും ചേർന്ന രചനകളാണ്. അത് അതിവൈകാരികമല്ല. കുമാരനാശാൻ്റെ മിക്ക കൃതികളും ഒരു കഥയുടെ ആഖ്യാനമോ സ്ഥൂലമായ ആവിഷ്കാരമോ ആണ്. കവിത എന്ന നിലയിൽ അതിനു മൂല്യമുണ്ട്.
‘വീണപൂവ്’ ഒരു പൂവിൻ്റെ പതനത്തിൻ്റെ ചിത്രീകരണമാണ്. ‘ചിന്താവിഷ്ടയായ സീത’ രാമായണകഥയുടെ മറ്റൊരു ആഖ്യാനമാണ്. ‘ചണ്ഡാലഭിക്ഷുകി’ ജാതി എന്ന പ്രശ്നത്തെ കഥയിലൂടെ ആഖ്യാനം ചെയ്ത കവിതയാണ്.’ദുരവസ്ഥ’ ഒരു സാമൂഹികാവസ്ഥയുടെ ആഖ്യാനമാണ്. ‘കരുണ’യായട്ടെ ഉപഗുപ്തൻ്റെയും വാസവദത്തയുടെയും ജീവിതങ്ങളെ കാണിച്ചുതരുന്നു. ഉപഗുപ്തൻ്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ല .ഒരു സ്ത്രീ തൻ്റെ ജീവിതത്തിൽ പരിവർത്തനത്തിനു ശ്രമിക്കുമ്പോൾ അത് കാണാൻ ഉപഗുപ്തൻ തയ്യാറാവുന്നില്ല. അദ്ദേഹം പറയുന്നത് സമയമായില്ലെന്നാണ്. പിന്നീട് വാസവദത്തയുടെ ജീവിതം കഷ്ടത്തിലാവുന്നു .അവളുടെ കൈകാലുകൾ ഭേദിച്ച്, ഈച്ചയാർക്കുന്ന അവസ്ഥയിൽ ആ ഉപഗുപ്തൻ സന്ദർശിക്കാൻ വരുന്നു. ഒരു സ്ത്രീയെ അതുപോലൊരു അവസ്ഥയിൽ പോയി കാണാൻ പാടില്ലായിരുന്നു ;പ്രത്യേകിച്ച് ആ ഉപഗുപ്തൻ .ഉപഗുപ്തനു അനുകമ്പയില്ല. എന്നാൽ ഗുരുവിൻ്റെ രചനകൾ ഈ രീതിയിലുള്ളതല്ല. ദൈവശാസ്ത്രവും ആത്മതത്ത്വങ്ങളുമാണ് ഗുരു എഴുതിയത് .അതിനെ സാധാരണ കവിതയായി കാണാനാവില്ല -ഹരികുമാർ ചൂണ്ടിക്കാട്ടി.
ഇപ്പോഴും കേരളീയ പൊതുമണ്ഡലം ഗുരുവിനോടും ഗുരുവിന്റെ ചിന്തകളോടും അയിത്തം തുടരുന്നതായി ഹരികുമാർ പറഞ്ഞു. മലയാളസിനിമ എട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗുരുവിൻ്റെ ഒരു ഫോട്ടോ പോലും കാണിക്കുന്നില്ല. സ്വന്തം തറവാട് വിറ്റ് ഗുരുവിനെക്കുറിച്ച് സിനിമയെടുക്കുന്നവരുടെ കാര്യമല്ല പറയുന്നത്. മുഖ്യധാരാ സിനിമയിൽ ഗുരുവിനു അയിത്തമുണ്ട്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിൽ ഗുരുവിൻ്റെ ഒരു ഫോട്ടോ കാണിച്ച സംവിധായകൻ കെ .എസ് . സേതുമാധവൻ എതിർപ്പുകൾ മൂലം പിന്നിട് അത്തരം ഉദ്യമങ്ങളിൽ നിന്നു പിൻവാങ്ങിയതായി അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു വിവാഹിതരായ ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട് .എന്നാൽ അത്തരമൊരു വിവാഹം ഒരു സിനിമയിലും കാണാനില്ല. സാംസ്കാരിക രംഗത്ത് നിലനിൽക്കുന്ന ഗൂഢമായ വിവേചനമാണിത്. വിദ്യാസമ്പന്നരായ സംവിധായകരും തിരക്കഥാകൃത്തുകളും നിർമ്മാതാക്കളും ഈ പ്രശ്നത്തിൽ ഇടപെടണം.’ദൈവദശകം’ അന്ധവിശ്വാസമാണെന്നും അത് സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും ഒരു കവി പ്രസംഗിച്ചിട്ട് അധികനാളായിട്ടില്ല .എന്തുകൊണ്ടാണ് കവികൾക്ക് ഗുരുവിൻ്റെ ദൈവശാസ്ത്രം മനസിലാകാതെ പോകുന്നത് ? കവികൾക്കു പോലും സഹൃദയത്വമില്ലാത്ത കാലമാണിത്. ഗുരുവിൻ്റെ ദൈവം കേവലം ബിംബാരാധനയിൽ അധിഷ്ഠിതമല്ല. ക്ഷേത്രവും ബിംബാരാധനയുമൊക്കെ ദൈവത്തിലേക്കുള്ള വഴികളായി കണ്ടാൽ മതി. ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയും നിരന്തരമായ ശുദ്ധീകരണവും ആവശ്യപ്പെടുന്ന ഒരു ദൈവശാസ്ത്രമാണ് ഗുരു അവതരിപ്പിച്ചത്. ദൈവത്തെ നാം തിരയേണ്ടതുണ്ട്. ഒരാൾ ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചാൽ എല്ലാമായി എന്ന് കരുതരുത് .പ്രവൃത്തിയിൽ ശുദ്ധിയുണ്ടാകണം. ഇക്കാര്യം ഗുരു സഹോദരൻ അയ്യപ്പനോട് പറഞ്ഞിട്ടുണ്ട്.പ്രവൃത്തിയിൽ ശുദ്ധി വേണമെന്ന് പറയുന്നതിൽ ഒരു ദൈവശാസ്ത്രമുണ്ട് .
‘നീ തന്നെ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും’ എന്നു പറഞ്ഞതിൽ നിന്ന് സൃഷ്ടിയായ നമ്മളും ദൈവമാണെന്ന് അർത്ഥമാക്കാം. നാം സ്രഷ്ടാവാണ്. ജീവനും ചിന്തയ്ക്കും കലയ്ക്കും സാഹിത്യത്തിനും ജന്മം കൊടുക്കുന്ന നമ്മൾ സ്രഷ്ടാവിന്റെ റോളിലാണ് നിൽക്കുന്നത്. ആശയങ്ങൾ സൃഷ്ടിക്കുന്നവൻ സ്രഷ്ടാവാണ്. സൃഷ്ടിയും സ്രഷ്ടാവും ദൈവമാണ്. അതുകൊണ്ട് നമ്മളും നമ്മുടെ സൃഷ്ടികളും ദൈവികമാണ്. സൃഷ്ടിയുടെ സാമഗ്രിയും ദൈവമാണ്. എന്തൊക്കെയാണ് ആ സാമഗ്രികൾ? ജീവിതോപകാരപ്രദമായ എല്ലാ വസ്തുക്കളും ദൈവികമാണ്. അതിനെയെല്ലാം പവിത്രമായി കാണണമെന്നാണ് അർത്ഥം. ദൈവത്തെ ആരാധിച്ച ശേഷം പാപം ചെയ്താൽ നമ്മുടെ ദൈവവും കുറ്റവാളിയാകും. അങ്ങനെയാണല്ലോ കരാർ .ദൈവം നമ്മുടെ തെറ്റുകൾക്ക് പിന്തുണ നല്കുന്ന അവസ്ഥ ഉണ്ടാകരുത്. ദൈവത്തെ അപകീർത്തിപ്പെടുത്തരുതെന്നർത്ഥം .അതുകൊണ്ട് ഓരോ നിമിഷവും നാം ജാഗ്രത പാലിക്കണം. ഇതിനാണ് സർവതലങ്ങളിലും ,വാക്കിലും, പ്രവൃത്തിയിലും, ചിന്തയിലും ശുദ്ധി വേണമെന്ന് ഗുരു പറഞ്ഞത്. ഈ ദൈവശാസ്ത്രം നമുക്കൊപ്പം വളരുകയാണ്. ഇത് മനസ്സിലാക്കാത്ത കവികൾ ഇതിനെ അന്ധവിശ്വാസമെന്ന് വിളിക്കുന്ന ദുരവസ്ഥയാണുള്ളത്. മനുഷ്യർക്ക് ദൈവത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയാണ് ഗുരു ചെയ്തത് -ഹരികുമാർ പറഞ്ഞു .
ദൈവത്തെ അപ്രത്യക്ഷതയിലാണ് നാം തിരയേണ്ടത്. അത് അറിയത്തക്ക തല്ലാത്ത ലോകമാണ് .ഇനിയും നമുക്ക് മുൻപിൽ അനാവരണം ചെയ്യാത്ത ലോകമാണത്- the world to be discovered .അത് ഗുരു തന്റെ കൃതികളിൽ വിവരിച്ചിട്ടുണ്ട് .സംസാര സാഗരത്തിലേക്ക് വരുന്ന ആവിക്കപ്പലിലെ നാവികനാണ് ദൈവം .ആ ആവിക്കപ്പൽ ദൈവത്തിൻ്റെ പാദമാണ്. ആ പാദത്തിലാണ് നമുക്ക് ശരണം. ഇതല്ലേ നിത്യപ്രാർത്ഥന? ഒരു വശത്ത് ഗുരു കലാപത്തിലാണ് .അത് പുതിയ ഒരു ക്രമം ഉണ്ടാക്കാനുള്ള കലാപമാണ്. അതിൻ്റെ മറുവശമാണ് ദൈവികത .ഒരു മതവും വേണ്ടെന്ന് പറഞ്ഞിട്ടില്ല. ഗുരു ഉദാരമതിയാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞതിലൂടെ നിങ്ങൾക്ക് ഏതു മതത്തിലും തുടരാമെന്നാണ് ഉപദേശം. മതദൈവങ്ങളെ ഗുരു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചത് മതവിരോധമല്ല തന്റെ മതം എന്ന് വ്യക്തമാക്കുന്നു .പക്ഷേ, പ്രവൃത്തികൾ ശുദ്ധമായിരിക്കണം. മതവിശ്വാസിയായിരുന്നുകൊണ്ട് ദ്രോഹം ചെയ്താൽ അതിനെ നിന്ദിക്കണം. മതപരിവർത്തനത്തിന് പ്രസക്തിയില്ല. കാരണം, എല്ലാ മതങ്ങളുടെയും സാരമൊന്നാണല്ലോ -ഹരികുമാർ പറഞ്ഞു.
ഗുരുവിന്റെ അദ്വൈതം കേവല ബ്രഹ്മതത്ത്വമല്ല .അത് ശങ്കരാചാര്യരുടെ അദ്വൈതത്തിൽ നിന്നു വ്യത്യസ്തമാവുന്നത് പ്രായോഗികമായ തലത്തിലാണ്. ജീവിതോപകാരപ്രദമായ, മനുഷ്യോപകാരപ്രദമായ അദ്വൈതമാണ് ഗുരു വിഭാവന ചെയ്തത്.അദ്വൈതത്തിനു ഒരു പ്രയോജനമൂല്യമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്ന പ്രായോഗിക സമീപനം വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും ഉണ്ടാകണം. സാമ്പത്തികമായ അന്തരമുള്ളപ്പോൾ രണ്ടുപേർ തമ്മിൽ സൗഹൃദം പോലും ഉണ്ടാകാൻ പ്രയാസമാണ്. ഉദ്യോഗത്തിൻ്റെ ഗ്രേഡ് അനുസരിച്ചാണ് കുടുംബങ്ങൾ തമ്മിൽ വൈവാഹിക ബന്ധമുണ്ടാകുന്നത്. അതുകൊണ്ട് തുല്യത നടപ്പാകുന്നില്ല. ഭാഗവതത്തിൽ പറയുന്നുണ്ട് ,അഭിന്നേന ചക്ഷുഷ – ഭിന്നതയില്ലാത നോക്കുക. ഗുരുവിൻ്റെ അദ്വൈതം സാമൂഹികജീവിതത്തിലെ അന്തരങ്ങളെ ഭിന്നതയില്ലാതെ നോക്കി തുല്യത സൃഷ്ടിക്കാനാണ് ശ്രമിച്ചത് -ഹരികുമാർ വിശദീകരിച്ചു.
‘അക്ഷരജാലകം’ എന്ന പ്രതിവാരപംക്തി എഴുതി ഇരുപത്തിയഞ്ചു വർഷം പിന്നിട്ട എം.കെ. ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സ്വാമി അസ്പർശാനന്ദ ഹരികുമാറിനെ പൊന്നാടയണിയിച്ചു. സ്വാമി ധർമ്മചൈതന്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘അക്ഷരജാലകം’ എന്ന സാഹിത്യപംക്തി തുടങ്ങിയിട്ട് ഫെബ്രുവരിയിൽ ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു .1998 ഫെബ്രുവരിയിൽ കേരളകൗമുദി എഡിറ്റോറിയൽ പേജിലാണ് പംക്തി തുടങ്ങിയത്. പിന്നീട് 2005 മുതൽ കലാകൗമുദിയിൽ തുടർന്നു.2013 മുതൽ പ്രസാധകൻ മാസിക ,മലയാളസമീക്ഷ ഓൺലൈൻ ,കഥ മാസിക എന്നിവിടങ്ങളിൽ തുടർന്നു. 2017 മുതൽ അത് മെട്രോവാർത്ത പത്രത്തിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുകയാണ്. ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കിയ മറ്റൊരു സാഹിത്യപംക്തി വേറെയില്ല. സാഹിത്യം,സമൂഹം,തത്ത്വചിന്ത ,ചരിത്രം,സൗന്ദര്യശാസ്ത്രം,ആത്മീയത തുടങ്ങി മിക്കവാറും എല്ലാ വ്യവഹാര മേഖലകളെയും ആഴത്തിൽ വിലയിരുത്തുന്നു ഈ പംക്തി. അതോടൊപ്പം ഒരു നിയോഗമെന്ന നിലയിൽ വിമർശിക്കാനും ഹരികുമാർ തയ്യാറാവുന്നു .എല്ലാ നവപ്രവണതകളെയും ഉൾക്കൊണ്ടും നവീനമായി ചിന്തിച്ചുമാണ് വായനക്കാരെ സ്വാധീനിച്ച ഈ പംക്തി നിലനിൽക്കുന്നത്’.
എം.കെ.ഹരികുമാർ ദീപം തെളിക്കന്നു.പ്രൊഫ. കെ.ജി.പൗലോസ് ,സുനിൽ പി. ഇളയിടം ,എം കെ .സാനു ,ബാലചന്ദ്രൻ മങ്ങാട് ,ധർമ്മചൈതന്യ സ്വാമി തുടങ്ങിയവർ സമീപം |
പ്രൊഫ. കെ.ജി. പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനം എം.കെ സാനു ഉദ്ഘാടനം ചെയ്തു. സുനിൽ പി. ഇളയിടം ,മങ്ങാട് ബാലചന്ദ്രൻ ,അരുവി അരുവിപ്പുറം ,നിർമ്മൽകുമാർ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment