കവിത വായിക്കുമ്പോൾ എന്നിലാണ് കവിതയുണ്ടാകുന്നത് ;ഞാനാണ് കവി.എന്നിലെ കവിത തേടുകയാണ് ഞാൻ .വായിക്കുമ്പോൾ ,എന്റെ നഷ്ടപ്പെട്ട പുരാതന സ്മൃതികൾ അപ്രതീക്ഷിത അതിഥികളായി വരുകയാണ്. പി.കെ.ഗോപിയുടെ മനുഷ്യേശ്വരം ,പച്ചിലകളുടെ സത്ത് എന്നീ സമാഹാരങ്ങൾ വായിക്കുകയായിരുന്നു.വായന ഒരു സ്നാനമാണ്. വായിക്കുമ്പോൾ കവി എന്ന കർത്താവിനെയല്ല, കവിതയുടെ ഉറവകൾ പുറപ്പെടുന്ന ഇടങ്ങളാണ് തേടുന്നത്. കർത്താവ് പിൻവാങ്ങി കഴിയുമ്പോൾ കവിത മറ്റൊരു രാഗമായി ആവേശിക്കും .
കവിതയ്ക്ക് എന്തിന് കർത്താവ്? കവിത എന്തിന് സ്വയം അനുകരിക്കണം? മറ്റു പല കവിതകളും പൂർവ്വകാലങ്ങളിൽ കർത്താവിൻ്റെ റോളിലാണ് സഞ്ചരിച്ചതെങ്കിൽ കവിതയ്ക്ക് ഇപ്പോൾ ആ ഭാരം കുടഞ്ഞു കളയാൻ നേരമായി. കർത്താവില്ലാത്ത കവിത സ്വയം വിമോചനത്തിന്റെ സാരമാണ്. അപ്പോൾ കവിതയ്ക്ക് സ്വയം സംസാരിക്കാനാവും. ഈ കവിതകൾ എന്നോട് കുറെ സംസാരിച്ചു. വാക്കുകൾ പലപ്പോഴും പക്ഷികളെ പോലെ പറന്ന് ഏതോ ആകാശങ്ങളിലേക്ക് പോവുകയും പിന്നീട് തിരിച്ചുവരികയും ചെയ്തു. കനലുകളിൽ ആർത്തിയോടെ ഉമ്മവച്ച ഈയാംപാറ്റകളെപ്പോലെ മനസ്സിന്റെ ചിന്തകൾ ചിലപ്പോൾ അപ്രത്യക്ഷമായി. വലിയ സന്ദേശങ്ങളുമായി സാവധാനം നീങ്ങുന്ന മേഘങ്ങൾ എന്നെ വശീകരിച്ചു. ഒരു പുരാതന നഗരിയിലേക്കായിരുന്നു യാത്ര.
വിവിധ കലാരൂപങ്ങൾ പതിവായി പ്രദർശിപ്പിക്കുന്ന ഒരു വേദി തെളിഞ്ഞു. വലിയ ചെരാതുകൾ, പന്തങ്ങൾ, കൽവിളക്കുകൾ, രാപ്പക്ഷികളുടെ പൊരുളറിയാത്ത കൂജനം . ആകാശത്തിൻ്റെ ഗഹനതയിൽ നിന്നു ഏതോ മന്ത്രത്തിന്റെ അർത്ഥം ഗ്രഹിക്കാനായി കാതോർത്തു നിൽക്കുന്ന നിശ്ചലവ്യക്ഷങ്ങൾ. ഓരോ ജലവും ഓരോ ജന്മം.ഒരു ഉത്സവവേദിയുടെ ആരവം കേൾക്കാറായി. ഏതോ വാദ്യോപകരണങ്ങൾ അലസമായി മീട്ടുന്നുണ്ട്. ആ ആരവങ്ങൾക്ക് ഒരർത്ഥമുണ്ടായിരുന്നു. അത് അനുഷ്ഠാനം പോലെയായിരുന്നു. അത് ശിക്ഷ നടപ്പാക്കലിൻ്റെയും വ്യർത്ഥമായ വിവരണങ്ങളുടെയും പശ്ചാത്തലസംഗീതം പോലെ അനുഭവപ്പെട്ടു.പശ്ചാത്തല സംഗീതം വേദിയിലെ അവതരണവുമായി ബന്ധമില്ലാതെ നീങ്ങുന്നത് പ്രേക്ഷകരുടെ ദുരന്തമാണ്. എന്നാൽ ദുരന്തങ്ങളുടെ പ്രദർശനവും ചടങ്ങും ആരുടെയും സമ്മതം ചോദിച്ചിട്ടല്ല സംഘടിപ്പിക്കുന്നത്.
ഒരു പുരാതന ശിക്ഷ നടപ്പാക്കൽ
അവിടെ ഒരാചാരം കണ്ടു.കുറെ ഭടന്മാർ തങ്ങൾക്ക് ലഭിച്ചിട്ടുള്ള പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അവിടെ കുറ്റവാളികളെ ഒരു ക്യൂവിൽ നിർത്തുകയാണ്. ഊഴം കൃത്യമായി പാലിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. അവർ തൊഴിലില്‍ ആത്മാർത്ഥതയുള്ളവരാണ്. ഉത്തരവുകൾ മറ്റൊരുവനെ കഴുവേറ്റാനാണെന്ന് അറിയാവുന്നതുകൊണ്ട് അത് നിറവേറ്റാൻ വേണ്ടി അവർ മറ്റൊരാളായി മാറുകയാണ് പതിവ്. അവരുടെ വേഷവും തലയിലെ തൊപ്പിയും അവരെപ്പോലെ തന്നെ വേഷപ്പകർച്ചയിലും ദൗത്യനിർവ്വഹണത്തിലും ജാഗ്രത പാലിക്കുന്നു.അവിടെ ക്രമമനുസരിച്ച് ഓരോരുത്തരെ വധിക്കുകയാണ്.
"കുരിശും കുന്തവും നിർമ്മിച്ച്
വാളും ശൂലവും കൂർപ്പിച്ച്
അയാളുടെ നേരെ
പാഞ്ഞടുത്തവർക്ക്
അവയവങ്ങൾ പകുത്ത് കൊടുത്ത് പ്രാണൻ്റെ പച്ചിലയിൽ
അന്തിയുറങ്ങിയ ദിവസമായിരുന്നു
അവിസ്മരണീയം ...
അനശ്വരം!"
(പച്ചിലകളുടെ സത്ത്)
ചെയ്ത തെറ്റ് എന്താണെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് അറിയില്ല .വധിക്കുന്നത് രാജാവിന്റെ പ്രത്യേക യോദ്ധാവാണ്. അയാൾ ക്ഷീണിക്കുമ്പോൾ മറ്റൊരാൾ അത് നിറവേറ്റുന്നു .വാളുകൊണ്ട് കഴുത്തിൽ വെട്ടിവീഴ്ത്തുകയാണ്. വധിക്കുന്ന ഭടനും താൻ എന്ത് കുറ്റത്തിന്റെ പേരിലാണ് അത് ചെയ്യുന്നതെന്ന് അറിയില്ല.
"സിരകൾ വലിച്ച് പറിച്ച്
കഴുത്ത് മുറിച്ചെറിഞ്ഞ്
കിരീടമെടുത്ത് മുതുകിൽ വച്ച്
അവൻ ഭാരവാഹിയായി
കഷ്ടപ്പെട്ടുകൊള്ളട്ടെ."
(ഭാരവാഹികൾ)
വധിക്കപ്പെടുന്നവർക്ക് ഈ വൈകിയ വേളയിൽ അതറിയാനും താല്പര്യമില്ല. നിർവ്വികാരതയുടെ രക്തമാണ് അവിടെ വീഴുന്നത്.ആ രക്തം അതിൻ്റെ തലകൾ സ്വയം സൃഷ്ടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്നു.തറയിൽ വീണ രക്തത്തിന് എന്ത് ഉത്തരവാദിത്വം? അത് ഒരു കലയായി മാറുകയാണ് ചെയ്യുന്നത്. ചോരയുടെ നിറം വളരെ മൗലികമാണ്. അത് തറയിൽ വീണ് പല വഴികളിലൂടെ നീങ്ങുമ്പോൾ ആർക്കും തന്നെ പ്രവചിക്കാനാവില്ല, കഴുത്ത് വെട്ടി മാറ്റപ്പെട്ടവൻ്റെ ചോര ഏത് വഴിക്കെല്ലാം സഞ്ചരിക്കാമെന്ന്. ഓരോ തുള്ളി ചോരയും തലയിൽ പൂവുമായി നീങ്ങുമെന്ന് പറയുന്ന കവിത എൻ്റെ മനസിലാണുള്ളത്.
രാജാവിൻ്റെ മുന്നിൽ ഭടന്മാർ ഓരോരുത്തരെയായി വധിക്കുന്നുണ്ട്. എന്നാൽ രാജാവ് പ്രഖ്യാപിച്ചു താൻ അന്ധനാണെന്ന്. അത് കേട്ടവർ കേട്ടില്ലെന്ന ഭാവത്തിൽ മുഖം തിരിച്ചു. അത് പലതവണ കേട്ടതാണെന്നും ആ തലതിരിച്ചിലിനു അർത്ഥമുണ്ട്. രാജാവ് ആ അന്ധതയിൽ അസ്വസ്ഥനായില്ല. എന്നാൽ അയാൾ ഒരു ആശ്വാസ വാക്ക് പോലെയാണ് അത് ഉച്ചരിച്ചത്. കുറേ കഴിഞ്ഞപ്പോൾ രാജാവ് പറയുന്നു ,തനിക്ക് എല്ലാം കാണാമെന്ന്! .
"ജപിച്ചിട്ടും പഠിച്ചിട്ടും
പാനപാത്രം രചിച്ചിട്ടും
പകിടകളിയിൽ ജയിച്ചിട്ടും തോറ്റിട്ടും
ഉരിഞ്ഞിട്ടും വരിഞ്ഞിട്ടും
വെല്ലുവിളിച്ചിട്ടും
വെന്നിക്കൊടി പാറിച്ചിട്ടും
ചതിച്ചിട്ടും കുതിച്ചിട്ടും
നടുക്കം മാറാതെ
ഉറങ്ങാനാവാത്തവൻ്റെ
വീരസ്വർഗവും
ഹീനനരകവും
ഞാൻ ഉപേക്ഷിക്കുന്നു ."
(ഖഡ്ഗങ്ങളുടെ ഭാഷ)
ശബ്ദങ്ങൾക്കുള്ളിലാണോ അതോ പുറത്താണോ മൗനം? ശബ്ദങ്ങൾ ഏറിയേറി ചെല്ലുന്നത് മൗനത്തിലേക്കാണോ ? അല്ലെങ്കിൽ ശബ്ദങ്ങൾ പിൻവലിയുമ്പോഴായിരിക്കും മൗനമുണ്ടാവുക. മൗനം തന്നെയുണ്ടോ?മൗനത്തിനു മുമ്പുള്ള അവസ്ഥയിൽ മൗനമുണ്ടോ ? സാൽവദോർ ദാലിയുടെ persistence of Memory ശബ്ദത്തിൻ്റെ നിശ്ചലതയാണ് .സമയമാപിനികൾ സ്വയം അഴിയുകയാണ്. അതുതന്നെ ശബ്ദമാണ് .അഴിയും തോറും പുതിയൊരു രൂപം പ്രാപിക്കേണ്ടത് പ്രകൃതിയുടെ സ്വഭാവമാണ്.
നിശ്ശബ്ദത ഒരു ഉരഗമായി ഇഴയുന്നു
കാലങ്ങൾക്കുള്ളിലിരുന്ന് ഗോപി പാടുന്നു:
"മൗനത്തിൻ്റെ കൊട്ടാരത്തിൽ പാർക്കാൻ
ഭാണ്ഡം മുറുക്കിയെത്തിയ ശബ്ദം
ഒറ്റരാത്രികൊണ്ട് സ്ഥലം വിട്ടു.
മുറ്റത്തെ പച്ചിലകളും പുഷ്പങ്ങളും
ഒന്നും പറയാൻ കൂട്ടാക്കിയില്ല.
നിലാവും നക്ഷത്രങ്ങളും
വെറുതെ നോക്കുക മാത്രം ചെയ്തു.
പ്രണയം പ്രണയമെന്ന്
നൂറുവട്ടം കലമ്പിയ
കാക്കക്കാമുകർ പോലും മിണ്ടാതിരുന്നു."
ഗോപിയുടെ നിശ്ശബ്ദതയൊരു ഉരഗമായി പൂർവ്വികരുടെ കുഴിമാടങ്ങളിലൂടെ ഇഴയുന്നു. ആ നിശ്ശബ്ദത തലയോട്ടികളെയും അസ്ഥികളെയും വലിഞ്ഞുമുറുക്കുന്നു. ശബ്ദത്തിനു ചിലത് കൂടെ കൊണ്ടുപോകാനുണ്ട്. അത് ഭൂതകാലമായിരിക്കാം. ഓരോ ശബ്ദവും അതിൻ്റെ ഭൂതകാലത്തിൽ കനം വയ്ക്കുന്നു. ശബ്ദത്തിനു വ്യക്തതയുണ്ടാവുന്നത് അപ്പോഴാണ്. ശബ്ദം നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെയുള്ള ഒരു ശബ്ദം മൗനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു. ഏകാധിപതിയുടെ വരവ് എല്ലാത്തിനെയും മൗനിയാക്കും. റഷ്യ ആക്രമിച്ചാലും ഇസ്രയേൽ ആക്രമിച്ചാലും മിണ്ടാതിരിക്കേണ്ടത് പ്രാണികളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ശരിയായ കവി ഇതറിയാതെ പോകുന്നില്ല. ഉക്രെയ്നിലെ പച്ചിലകളിൽ നിന്നും അഫ്ഗാനിസ്ഥാനിലെ മരങ്ങളിൽ നിന്നും അർത്ഥങ്ങളുടെ കറുപ്പുമായി വരുന്ന പക്ഷികൾ കറുത്ത ഹൃദയത്തിനു മുന്നിൽ എതോ ഭാഷയിൽ സംസാരിക്കുന്നു. അവയുടെ ഭാഷണമത്രയും നിശ്ശബ്ദമായിരിക്കാനുള്ള വെമ്പലാണ് .അതെങ്ങനെ ഒരു പൊതുചന്തയിൽ കൊണ്ടുപോകും? അത് കേൾക്കാൻ കവിക്കേ കഴിയൂ. ദാലിയുടെ വാക്കുകളിൽ ആ ശബ്ദത്തിൻ്റെ അലങ്കോലമുണ്ട്.
"You have to systematically create confusion,it sets creativity free .Everything that is contradictory creates life."
ശബ്ദത്തിൽ നിന്നു മൗനത്തിലേക്കു പോകുന്നത് രണ്ടു സന്ദർഭങ്ങളിലാണ്. ഒന്ന്,അധികാരികൾ ഉപദ്രവകാരികളാകുമ്പോൾ ,മറ്റൊന്ന് മനുഷ്യനു എല്ലാ വാക്കുകളും വ്യർത്ഥമായി തോന്നുമ്പോൾ . വാക്കുകൾ ഒന്നിനു പിന്നാലെ വരുമ്പോഴും അർത്ഥവ്യത്യാസം ഉണ്ടാകണമെന്നില്ല .എല്ലാ വാക്കുകളും ഒരേ തരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഭൂമിയുടെ മേൽ പൊന്തിക്കിടക്കും. ഭാഷകളുടെ വ്യത്യാസമില്ലാതെ വാക്കുകൾ അവയുടെ ശബ്ദങ്ങളുടെ ഐകമത്യത്തിൽ ഒന്നായിത്തീരുന്നു. എല്ലാ വാക്കുകൾക്കും ഒരേ അർത്ഥമാകുമ്പോൾ പിന്നെ എന്തിനു സംസാരിക്കണം?. വാക്കുകൾ മൗനത്തിൻ്റെ പക്ഷിക്കുഞ്ഞുങ്ങളായി കൂട്ടിനുള്ളിൽ തന്നെ കഴിയുകയാണ്.
ഗോപികവിയുടെ വാക്കുകൾ :
"പ്രണയത്തിന് നീയല്ലാതെ
മറ്റൊരു ശത്രുവുമില്ല
ഹൃദയത്തിന് നീയല്ലാതെ
മറ്റൊരു മിത്രവുമില്ല
അനുരാഗിയുടെ വിളക്കിനു മുമ്പിൽ
പതിനാറായിരത്തെട്ടു നിറങ്ങൾ
നൃത്തം ചെയ്യുന്നു
പ്രതികാരത്തിന്റെ ഇരുട്ടറയിൽ
പ്രപഞ്ചത്തിനു ഒറ്റ നിറം
ഉദിക്കാത്തതെല്ലാം ഒളിപ്പിച്ചുവെച്ച
രാത്രിയുടെ മരണനിറം
മഹാരോഗങ്ങൾക്കിടയിൽ
മുളച്ചുപൊന്തിയ മരുന്നറയുടെ
ജാരസന്തതികൾ കൊത്തിവലിച്ച
ശരീരമേ, ഉപേക്ഷിക്കുക
നിൻ്റെ തീൻമേശകൾ...''
പ്രണയത്തിനുള്ളിൽ വെറുപ്പ്.സ്നേഹിക്കുമ്പോൾ തൃപ്തി വരണമെങ്കിൽ വഞ്ചന വേണം. എല്ലാ സുന്ദരവസ്തുക്കൾക്കും പിറകിൽ അസുന്ദരമായ പലതുമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് നാടകകൃത്ത് ഷാൻ ഷെനെയുടെ വാക്കുകൾ കാതുകളിൽ വന്നലയ്ക്കുന്നു.
പ്രണയിക്കുന്നവൻ ഒരു പ്രതിബിംബമോ ?
ഷെനെ പറഞ്ഞു :"നമ്മൾ മറുവശത്തുള്ളവരെ പോലെ പെരുമാറുകയാണെങ്കിൽ, നമ്മളും മറ്റേ വശത്താണ്. ഈ ലോകത്തെ മാറ്റുന്നതിനു പകരം, നമുക്ക് ആർജിക്കാവുന്നത് നമ്മൾ നശിപ്പിക്കാൻ ആഗ്രഹിച്ച ഒരുവന്റെ പ്രതിബിംബമായി തീരുക എന്നതാണ്."പ്രണയിക്കുന്നവൻ മറുവശത്തുള്ളയാളുടെ പ്രതിബിംബമാവുകയാണോ ?പ്രണയിക്കുന്നവൻ അവൻ്റെ ശബ്ദത്തേക്കാൾ എതിരെയുള്ള വ്യക്തിയുടെ ശബ്ദത്തിനു കാതോർക്കുന്നു .അവനു മറ്റൊരാളാകാതെ ജീവിക്കാനാവില്ല. അവൻ മൂർച്ചയുള്ള വായ്ത്തലയ്ക്ക് താഴെ കഴുത്തുവച്ചുകൊടുക്കുന്നതിൽ രതിമൂർച്ഛ തേടുകയാണ്.
പ്രണയം മറവിയുടെയും നിന്ദയുടെയും വെറുപ്പിന്റെയും വായ്ത്തലകൾക്കിടയിലേക്ക് കഴുത്തു നീട്ടുകയാണ്. ഇത് അറിയുന്നയാൾക്ക് സ്വസ്ഥത നഷ്ടപ്പെടും .അയാൾ രാത്രിയിൽ ഇറങ്ങി നടക്കും . പുലരിയിൽ കുളിച്ച് ശുദ്ധനായി വരുന്ന സൂര്യനെ കാണാൻ. സൂര്യൻ പൂർവ്വകാലത്തെ ജപിച്ചുവരുത്താതെ പുതിയൊരു കാലത്തിൽ വരുകയാണ്. ഇന്നലെകളിലെ സൂര്യന്മാർ മരിച്ചതിന്റെ ഭാരം താങ്ങാതിരിക്കാൻ ഇന്നത്തെ സൂര്യൻ ശ്രദ്ധിക്കുന്നു. സൂര്യന്മാരുടെ ശ്മശാനം എവിടെയോ മറയ്ക്കപ്പെട്ടു. ഒരു പ്രതീതിയാഥാർത്ഥ്യമാണ് ഇന്നലത്തെ സൂര്യന്മാർ. ഏകാകിയായവൻ രാത്രിയുടെ കാട്ടുമരങ്ങൾക്കിടയിലൂടെ നടക്കുകയാണ്.നല്ല നിലാവുള്ളതുകൊണ്ട് ചെറിയ ഇലകളുള്ള ,ഉയരമുള്ള വൃക്ഷത്തിൽ വെളുത്ത പ്രാവുകൾ കൂട്ടത്തോടെ വന്നുചേരുന്നതും അതിൽ നിന്നും കുറെയെണ്ണം ആകാശത്തിന്റെ അവ്യക്തതകളിലേക്ക് ചിറകുവിരിച്ച് പറക്കുന്നതും കാണാനാകുന്നു.
പ്രാവിൻ്റെ വെൺമയും ആകാശത്തിന്റെ നിലാപ്രഭയും ചേർന്നൊരുക്കുന്ന വർണ്ണവിന്യാസം ഒരു കവിത രചിക്കുകയാണ്. കവിത അങ്ങനെയാണ് ;അത് അനുവാചകനെയോ രക്ഷകനെയോ തേടുന്നില്ല .കവിത ഉണ്ടാകുന്നത് വായനക്കാരെ ഗൗനിക്കാത്തപ്പോഴാണ്. കവി വെൺപ്രാവുകൾക്കൊപ്പം ഒരു അനാഥയാത്രയ്ക്ക് ഒരുമ്പെടുന്നു.പ്രാവുകളെ പോലെ നിഷ്കളങ്കരാവുക. ആകാശം നിങ്ങളുടെ കൈകളിലേക്ക് ഊർന്നിറങ്ങും. അവിടെയാണ് കവിയുടെ വാക്കുകൾ പ്രാവിൻ്റെ ആത്മഗതമായി പുറപ്പെടുന്നത് .
"ഞാനൊരു വെറും കാറ്റ്
സ്നേഹനിർഭരം ഭൂമി
ആദരാലളന്നളന്നാഴിയെ സമീപിക്കെ
ഏകാന്ത തപ:സ്ഥാനമാക്രമിച്ചഹങ്കാര -
വാക്ശരപ്രവാഹങ്ങളാത്മാവ് പിളർക്കുന്നു"
പ്രാവുകൾ പറക്കുന്നതിന്റെ ആഖ്യാനമാണിത്. പ്രാവുകൾ സ്നേഹത്തിൻ്റെ മൂർത്തിമദ്ഭാവമാണ്. എത്രത്തോളം ആത്മാവിൽ പരിതാപ പ്രണയമുണ്ടാകുന്നുവോ അത്രത്തോളം അത് നിലാവുള്ള രാത്രിയിൽ ആകാശത്തെ പ്രാർത്ഥനാനിർഭരമാക്കി പറക്കുന്നു.സന്ധ്യാംബരങ്ങൾ സ്വച്ഛന്ദമാവുകയാണ്.ആകാശസീമകളിൽ ചെമ്പരത്തിപ്പൂവിൻ്റെ ചാറ് .അതിൽ കവി തൻ്റെ ആത്മാവിന്റെ വർണം കാണുന്നു. മൗനത്തിനും മൃത്യുവിന്റെ രൂപമാണെന്ന് പറയുന്നു. അതാണ് ഉള്ളിലെ പ്രതിബിംബം.ഉള്ളിൽ ഉണരുന്ന ലോകം തന്നെയാണ് പുറത്തും കാണുന്നത്.പുറത്തു രൂപവും ഭാവവും വ്യക്തമായ മേൽവിലാസത്തിലാണുള്ളത് .അകമേഎല്ലാം നിഴലുകളാണ്. ജനിയും മൃതിയും അകത്തു നിഴലുകളായി ഉഴറുന്നു. വാക്കുകൾക്ക് അർത്ഥങ്ങളേക്കാൾ ആത്മാവാണ് മുഖ്യം. ആത്മാവാകട്ടെ സൃഷ്ടിക്കു മുമ്പുള്ള മൗനത്തെ അന്തർവഹിക്കുകയാണ്. വാക്കുകളുടെ ഗൃഹത്തിൽ നിന്നു പുറത്തു വരാൻ അന്യഗ്രഹം കവിയെ വിളിക്കുകയാണ്.
"സൃഷ്ടിചുംബനം ശിലാ
ഭാഷയെ താലോലിച്ചു
വിശ്വസങ്കടം പരകോടിയിൽ പ്രകാശിക്കേ
അസ്ഥിപഞ്ജരങ്ങളെ മാറോടു ചേർക്കാൻ വന്ന
മർത്ത്യത ശവഘോഷയാത്രയ്ക്ക് കൂട്ടാവുന്നു ."
മനുഷ്യർ കൂട്ടമായി നീങ്ങുന്നു. കൂട്ടമായി ശവങ്ങൾ പോകുന്നു. ജനിച്ച രൂപങ്ങളുടെ സംഘഗാനം. ജീവിച്ചവരുടെ സംഘഗാനം. മരിച്ചവരുടെ അവസാനത്തെ യാത്ര. എല്ലാം ഒരാളിലേക്ക് വരുകയാണ്. വാക്കുകൾ അവയുടെ കൂടുപേക്ഷിച്ച് ആത്മാവിന്റെ ഉറവിടം തേടുകയാണ്. മറ്റൊരു വാസസ്ഥാനത്തേക്ക് പോവുകയാണ് .വേദിക്കരികിൽ ആളുകൾ തലയില്ലാതെ കൂടിക്കിടക്കുന്നു.
അർത്ഥങ്ങളെ ഉപേക്ഷിക്കുന്ന വാക്കുകൾ
"അവൻ്റെ നിഴൽ പോലും
നീതിയുടെ മുഖത്തെ വികൃതമാക്കുന്നു. അവൻ വിരൽ ചൂണ്ടുന്നത് എവിടേക്കെന്നറിയാത്തതിനാൽ
ഇതാ,പടയാളികൾക്ക്
ഞാൻ സ്വയം വെളിപ്പെടുകയാണ്."(ഞാൻ കുരിശാകുന്നു)
യുക്തിയുടെ അരികുകൾ തേഞ്ഞു പോയിരിക്കുന്നു. കവിത ആദിമഹസ്സായി മാറുകയാണ് . സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്. യാഥാർത്ഥ്യങ്ങൾ ഒരു നിമിഷത്തിലാണുള്ളത്. സ്വപ്നമാകട്ടെ അസ്പൃശ്യമായി ദൂരെയും.റെനെ മഗ്രിറ്റ് പറഞ്ഞു :"നമ്മൾ പ്രത്യക്ഷത്തിൽ കാണുന്നതിൽ മറ്റെന്തോ ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. നമ്മൾ കാണുന്നതിൽ കാണാത്തതുമുണ്ട്. കാണപ്പെടാത്തത് അറിയാനുള്ള താൽപര്യം തീവ്രമായ ഒരു ആന്തരസംഘർഷത്തിലേക്ക് നയിക്കുന്നു. പ്രത്യക്ഷമായി കാണപ്പെടുന്നതിനും കാണപ്പെടുന്നതിൽ മറഞ്ഞിരിക്കുന്നതിനും ഇടയിൽ എന്നു പറയാം."
കവിത ഈ വിരുദ്ധ ധ്രുവങ്ങളെ വാക്കുകൾ കൊണ്ട് പൂരിപ്പിക്കാൻ ശ്രമിക്കുന്നു .വാക്കുകളാകട്ടെ അർത്ഥങ്ങളെ ഉപേക്ഷിച്ച് മറ്റൊരു വിമോചനയാത്രയ്ക്ക് വിധേയമാകുന്നു.കവിയുടെ തെറ്റിയ അനുമാനങ്ങളും സന്ദിഗ്ദ്ധതകളും യുക്തിരാഹിത്യവും, സന്മാർഗികവും ബുദ്ധിപരവുമായ അന്വേഷണങ്ങളുടെ നിഷ്ഫലതയുമാണ് കവിതയായിത്തീരുന്നത്. അതുകൊണ്ട് കവിത പ്രഹേളികയെ ഓർമ്മിപ്പിക്കുന്നു. പൂർത്തീകരിക്കാത്തതിലെല്ലാം കവിത അവശേഷിക്കുന്നു. അദൃശ്യതകളെ തേടുകയാണത്. ദൃശ്യതകളിൽ അസന്തുഷ്ടി അനുഭവിക്കുകയാണ് കവി. ഈ ലോകത്തിൽ തന്നെ വസിച്ചു കൊണ്ട് ,ഇവിടുത്തെ നിയമങ്ങളും ബന്ധങ്ങളും മറച്ചുവച്ചിരിക്കുന്ന ഒരു നാടകത്തെക്കുറിച്ച് വിളിച്ചു പറയാൻ കവി വിധിക്കപ്പെടുന്നു.ഈ അമ്പുകൾ എൻ്റെ നേർക്കാണ് വരുന്നതും തറയ്ക്കുന്നതും. ബോധപൂർവ്വമായ ഒരു വിശ്ളേഷണത്തിലൂടെയല്ല കവി ഇതറിയുന്നത്. കവിയുടെ അബോധത്തിലേക്ക് പലതരം അന്ധാളിപ്പുകൾ വന്നു നിറയുകയാണ് .കവിത അദൃശ്യതകളെ തേടുകയാണ് .
"ഓർമ്മയെ തൊട്ടുതലോടുക ,
ജീവൻ്റെ വേരുകൾക്കുള്ളിലെ നിക്ഷേപനോവുകൾ
ഭൂമിയിൽ വച്ചു പകുത്തുഭക്ഷിക്കുക..
കാറ്റിനെ തൊട്ടു വണങ്ങുക ,കാണാത്ത
സാഗരം പോറ്റിയ ഹംസനിശ്വാസങ്ങൾ
ആയുസ്സിനൊപ്പം പവിത്രമായ് മീട്ടുക
കാടിനെ നോക്കി തപം ചെയ്തിരിക്കുക.
കാട്ടാള ദംശങ്ങളേൽക്കാതെ കണ്ണുകൾ
കാലത്തിലേക്ക് തുറന്നു പിടിക്കുക.
ജാലകക്കാഴ്ച മറയ്ക്കാതിരിക്കുക,
ദൂരങ്ങൾ താണ്ടി വരുന്ന രാപ്പാടിയെ സ്നേഹനീഡം നൽകി സ്വീകരിച്ചോളുക." (ബുദ്ധന്റെ പുസ്തകം)
നമുക്ക് വസ്ത്രങ്ങൾ അഴിച്ചു വെച്ച് സ്നാനഘട്ടത്തിലിറങ്ങാം. പേരറിയിക്കാതെ സുഹൃത്തുക്കളെ നേടാം .അജ്ഞാത സുഹൃത്തിനൊപ്പം സവാരി പോകാം. മിണ്ടിപ്പറയാൻ നാടും പേരും എന്തിന് ?ജാതിയില്ലാതെ പ്രേമിക്കാം. തറവാടറിയാതെ ഭക്ഷണം പങ്കിടാം. പ്രേമത്തിന്റെ നാരായ വേരു തേടി യാത്ര ചെയ്യാം. ഇരിക്കുമ്പോഴും നടക്കുമ്പോഴും അപരിചിതരുടെ സ്നേഹം കിട്ടാൻ പ്രാർത്ഥിക്കാം. എല്ലാ യാത്രകളിലും അറിയപ്പെടാത്തവരാണ് നല്ലത്. എല്ലാ വഴികളും വിജനമാകാനുള്ളതാണ്. വഴിയിലേക്ക് വരുന്നവർ മറയാനുള്ളവരാണ്. അവർ അവിടെ കാൽപ്പാടുകൾ അവശേഷിപ്പിക്കാറില്ല. വഴിക്കെന്തിനു കാൽപ്പാടുകൾ? കാൽപ്പാടുകളെ ഓർക്കാതിരിക്കുമ്പോഴാണ് വഴി വഴിയാകുന്നത്.
വേദി
വെട്ടിയരിഞ്ഞിടത്തെല്ലാം
പുതിയതെന്തെങ്കിലും
പൊട്ടിമുളയ്ക്കാൻ
ശക്തിതരണേയെന്നു മാത്രം
വേരിനോടപേക്ഷിച്ചു.
(മായാത്ത മനുഷ്യമുദ്രകൾ)
എല്ലാവർക്കും വഴി പിരിയാനുണ്ട്. മനുഷ്യർ വഴി പിരിയുന്നിടത്ത് വഴി മാത്രം ബാക്കി. ആകാശത്തിൽ എത്രയോ ആയിരം പക്ഷികൾ പറന്നു. ഇപ്പോൾ ആ ആകാശം ശൂന്യമാണ്. ആ പക്ഷികൾ എവിടെപ്പോയി ? ഇനിയും പക്ഷികളെ താങ്ങാൻ , ഉദരത്തിൽ വഹിക്കാൻ ആകാശം ഒരുങ്ങിയിരിക്കുന്നു. എല്ലായിടവും വിവൃതമാണ് .ഒന്നും തന്നെ സൂക്ഷിക്കാനുമില്ല. എല്ലാം വിസ്മരിക്കപ്പെടാനുള്ളതാണ്.
എൻ്റെ ഏകാന്തത എൻ്റേത് മാത്രമല്ല
"മഴയിൽ നിന്നു സനാതന വാക്കിൻ്റെ നനവ് മാത്രമേ ഞാനെടുക്കാറുള്ളൂ.
പുഴയിൽ നിന്നിറ്റു കാരുണ്യവായ്പിൻ്റെ
തെളിമ മാത്രമേ ഞാൻ കുടിക്കാറുള്ളൂ.
വെയിലിൽ നിന്നൊരു വേരിൻ്റെ സൂര്യനെ അറിയുകെന്നതേ
ഞാനുണർത്താറുള്ളൂ.
നിഴൽ നിതാന്ത സുഹൃത്തെന്ന പോൽ വരും
മരണമെന്നതേ ഞാനുരയ്ക്കാറുള്ളൂ...
മറവിയെ മഹാലോകങ്ങളജ്ഞാന-
ഗുഹകളായ് കാത്ത കാലമായി കാണുന്നു
മകുടമോരോന്നുമോരോ മനസ്സിൻ്റെ
ശിരസ്സിലർപ്പിച്ച ഭാരമായ് തോന്നുന്നു
കലഹമോരോന്നുമാരോ മുറിക്കുന്ന ഹൃദയബന്ധപ്പിടച്ചിലായെണ്ണുന്നു ഇടിമുഴക്കങ്ങളൊക്കെയും വാഴ്വിൻ്റെ സഹനമൗനക്കിതപ്പു പോൽ തോന്നുന്നു."
മനസ്സിൽ പല കാലങ്ങളും ബോധങ്ങളും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു .പലതരം 'ഞാനു'ണ്ട്. ഞാൻ ഒരു ഏകപക്ഷവചനമല്ല. 'ഞാനി'ൽ അനേകർ ഉൾപ്പെട്ടിരിക്കുന്നു. എന്നിലെ 'ഞാനി'നെ ബാധിച്ചിരിക്കുന്ന ജീവിതങ്ങൾ ഏതെല്ലാമെന്ന് തിരഞ്ഞുകൊണ്ടിരിക്കുന്നതും സൃഷ്ടിയുടെ ഭാഗമാണ് .ഞാൻ ഒറ്റയ്ക്കല്ല. എന്റെ ഏകാന്തത എൻ്റെ മാത്രമല്ല; എന്നിലെ പല രൂപങ്ങളുടേതാണ്, പല മനുഷ്യരുടേതാണ്. ഞാൻ എന്നാൽ പലതാണ്. പല സ്വരങ്ങളാണ്. ഞാൻ പല കാലങ്ങളിൽ ജീവിച്ചിരുന്നു. പലതലങ്ങളിൽ ജീവിക്കുന്നു. ജീവിക്കുന്ന ഈ നിമിഷത്തിൽ ഇതിൽ നിന്ന് ഏതെങ്കിലും എന്നിലൂടെ പുറത്തുവരികയാണ്. അടുത്ത നിമിഷത്തിൽ അത് മറ്റൊന്നാണ് .ഞാൻ മിഥ്യയാണോ? എങ്കിൽ ആ മിഥ്യ ഇതാ നിങ്ങളോട് സംസാരിക്കുന്നു. സറിയലിസ്റ്റ് ചിത്രകാരി ക്രിസ്റ്റീന മൈക്കലാപൗലോ ((Christina Michalapoulou)പറഞ്ഞു: "എൻ്റെ അബോധത്തിൽ ഞാൻ പുരാരേഖകളുടെ ഒരു ശേഖരം നിർമ്മിച്ചെടുത്തു. എൻ്റെ ശ്വാസത്തിനടിയിലെവിടെയോ അത് ജീവിക്കുന്നുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പുറത്തേക്ക് ഒഴുകുകയാണ് .അത് പുതിയൊരു യാഥാർത്ഥ്യത്തെ, വർണ്ണബോധത്തെ സൃഷ്ടിച്ചു. തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളെയും ബന്ധങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കാതെ തനിക്ക് നിലനിൽക്കാൻ പ്രയാസമായി."."It was then that parting became a psychotherapeutic procedure ,my way to clearance and freedom" -മൈക്കലോപൗലോയുടെ വാക്കുകൾ.
കവിതയും ഒരു വേർപിരിയലാണ്. അവനവനിൽ നിന്നു പുറത്ത് എവിടേക്കു പോകും? ഒരു കുയിലിന്റെ പാട്ടിൽ ,ഒരു തവളയുടെ കരച്ചിലിൽ, ഒരു തപോവനത്തിൻ്റെ ഹൃദ്യതയിൽ , ഒരു താപസൻ്റെ ഹൃദയത്തിൽ, ശൂന്യമായ വഴിത്താരകളിൽ, വൃക്ഷത്തിന്റെ ഉച്ചിയിൽ നിന്നു ഇലകൾ പൊഴിഞ്ഞുവീഴുന്നിടങ്ങളിൽ, ദിവസങ്ങളായി ഇലകൾ വീണ് കനം വെച്ച വിജനമായ പാതകളിൽ, മണ്ണിലേക്ക് ശാന്തി തേടി വലിയുന്ന മണ്ണിരയിൽ,പ്രാചീനവും സ്വപ്നാത്മകവുമായ ആത്മായനങ്ങളിൽ ?കല ബുദ്ധിയല്ല, അത് ആത്മാവുമല്ല. കല മനസ്സല്ല,മനസ്സിൻ്റെ വേഗവുമല്ല. ബുദ്ധിയും മനസ്സും ഉപേക്ഷിക്കുന്നതാണത്.
മാർക് ഷഗ്ഗാലിൻ്റെ I and the Village എന്ന ചിത്രത്തിൽ കാണുന്നതുപോലെ ഭയാനകമായ നിമിഷങ്ങൾ അബോധത്തിൽ നിന്ന് വരികയാണ്. അബോധം എന്തിനു ഒളിച്ചുവയ്ക്കപ്പെടണം? മനുഷ്യൻ അബോധത്തിൻ്റെ ഒരു പാവയാണ്. അബോധത്തിൽ എന്താണ് സംഭവിക്കുന്നതെന്നു അറിയുന്നവനു നിശ്ശബ്ദതയിലേക്ക് ആഴ്ന്നു പോകാം. ഷഗ്ഗാൽ പറഞ്ഞു :"Art seems to me to be a state of soul more than anything else."
എല്ലാ അറിവുകളിൽ നിന്നും വിമുക്തമാവാൻ ശ്രമിക്കുന്ന ഒരു പ്രാചീന സെൻ ബുദ്ധിസ്റ്റിൻ്റെ വചനങ്ങൾ കവിതയാവാൻ നമ്മുടെ അരികിൽ വന്നു നിൽക്കുകയാണ്.പോൾ എല്വാദിൻ്റെ വാക്കുകൾ: "There is another world and it is in this one.വേറെന്ത് ലോകമാണ് നമുക്കുള്ളത്? മരണാനന്തര ലോകമല്ല, ഈ ലോകത്തിൽ തന്നെ അനേകം ലോകങ്ങളിൽ നാം പണിയെടുത്തുകൊണ്ടിരിക്കുന്നു.
"നിലയ്ക്ക് നിന്നില്ലെങ്കിൽ
കൊന്നു കൊലവിളിക്കുമെന്ന്
ഭീഷണിപ്പെടുത്തിയവരോട്
ഒന്നേ പറയാനുള്ളൂ:
നീ കൊന്നെറിഞ്ഞ
ഉടലാണിതെന്ന്
ഇനിയും മനസ്സിലായില്ലെങ്കിൽ
ഇതാ, വീണ്ടും കെട്ടിപ്പുണരുക!"
(മരിച്ചവരുടെ ഉടൽ)
നക്ഷത്രങ്ങളെപ്പോലെ നമ്മളും
എത്രയോ വട്ടം മരിച്ചു;വീണ്ടും ജീവിക്കുക തന്നെ ചെയ്യും. എല്ലാ മരണവും മരണമല്ല .മരണമെന്ന കേവല തത്ത്വത്തിനകത്ത് അനേകം മരണങ്ങളുണ്ട്. നക്ഷത്രങ്ങളെ പോലെ അന്തമില്ലാതെ നമ്മളും സഞ്ചരിക്കുകയാണ്. അകത്തു തന്നെ ഭ്രമണം. നമ്മെ അറിഞ്ഞവൻ കൊല്ലാൻ വരുന്നുണ്ടെന്നറിഞ്ഞു പേടിസ്വപ്നത്തിൻ്റെ രാത്രിപഥങ്ങളിൽ നഗ്നമായി തന്നെ ഓടണം. നക്ഷത്രങ്ങൾ പൊഴിച്ചിട്ട ജീവിതാമൃതം നുകരാൻ സമയമുണ്ടെങ്കിൽ നന്ന്.അല്ലെങ്കിൽ ഒരു പിഞ്ചുകുഞ്ഞിൻ്റെ മുഖമോർത്ത് വൃക്ഷച്ചുവട്ടിൽ മയങ്ങിക്കിടക്കാം. രാത്രിക്ക് നിലാവിൻ്റെ കൈകളുണ്ട്. നിലാവ് നമ്മെ ആദ്യപ്പിറവിയിലെന്നപോലെ തലോടും .അനന്യമായ ഒരു കാന്തിയിൽ ലോകം പുനർജനിക്കുകയാണ്. കുറ്റവാളികളും കാപാലികരും എവിടെയോ അന്തർധാനം ചെയ്യുകയാണ്. കലയുടെ അനുഭവം എന്തെങ്കിലും ബുദ്ധിപരമായി സ്ഥാപിക്കുകയല്ല, അങ്ങനെ സംഭവിച്ചാൽ അത് വിനാശകരമാണ്. ലോകം മനുഷ്യൻ്റെ കപടബുദ്ധിക്ക് വേണ്ടിയല്ല നിലകൊള്ളുന്നത് .കലയിൽ പരമമായ ശാന്തതയും ലയവുമാണ് ആത്യന്തിക ഫലം .ക്‌ളോദ് മൊനെയുടെ 'വാട്ടർ ലില്ലി' പരമ്പരയിൽ അതാണ് തെളിയുന്നത്. ഒരു പക്ഷി പാടുന്നതുപോലെ സ്വാഭാവികമായി വരയ്ക്കാൻ ഒക്കുമോ ? താൻ അതിനാണ് ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് പെയിൻറർ മൊനെ പറഞ്ഞിട്ടുണ്ട്. വാട്ടർ ലില്ലി ഒരു ആശയമല്ല ;ബുദ്ധിപരമായ ഒരു എടുത്തുചാട്ടമല്ല; പ്രത്യയശാസ്ത്ര ചർച്ചയോ രാഷ്ട്രീയനാടകമോ പടപ്പുറപ്പാടോ അല്ല.
അത് കേവലാനന്ദമാണ് ;ഉണ്മയിൽ വല്ലപ്പോഴുമൊക്കെ നാം അറിയാതെ ചെന്നുസ്പർശിക്കുന്ന ജീവത്തായ അനുഭവമാണ്.
"നക്ഷത്രങ്ങളെ തേടി
ആകാശങ്ങളിൽ പരതി നടന്ന്
നാഴികമണിയലിഞ്ഞു ചേർന്ന
കോശങ്ങളുടെ ഭാഷ കണ്ടെത്തി
പവിത്രമായ പ്രണയങ്ങളെ വാരിപ്പുണർന്നു "
(പ്രണയമനുഷ്യൻ)
മൊനെയുടെ ചിത്രങ്ങളിലെ ലില്ലിപ്പൂക്കൾ അത്ര വ്യക്തമല്ല .അത് ചെറിയ മുത്തു പോലെയുള്ള ചായപ്പടർപ്പുകളായി കാണപ്പെടുന്നു. ജലമാകട്ടെ, മതാത്മക ഗഹനതകളെയും സമസ്യകളെയും ആവാഹിക്കുകയാണ്. നിറങ്ങൾ അതീതത്തെ അഭിസംബോധന ചെയ്യുകയാണെന്ന് തോന്നും. എന്നാൽ നിറങ്ങൾ അതീതത്വം തന്നെമായി പരിണമിക്കുകയാണ്. ജലത്തെയും പൂക്കളെയും തന്റെ ആന്തരികാനുഭവങ്ങളുടെ ക്ഷണികതയുടെ അംശങ്ങളായി കാണുകയാണ് കലാകാരൻ .കവിയും അങ്ങനെയാണ്. വാക്കുകളുടെ അർത്ഥം കവിയെ നോവിക്കുന്നു; ഉറക്കം നഷ്ടപ്പെടുത്തുന്നു. വാക്കുകളെ അവയുടെ വ്യത്യസ്തമായ അർത്ഥങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കവിതയെഴുതാതെ മാർഗ്ഗമില്ല. കവിത വാക്കുകളല്ല ;വാക്കുകളെ തന്നെ അപ്രസക്തമാക്കുന്ന ആന്തരിക വെളിച്ചമാണ്.
'പച്ചിലപ്പക്ഷിയുടെ സങ്കീർത്തന'ത്തിൽ ഗോപി എഴുതുന്നു:
'ഒറ്റക്കുതിരപ്പുറത്ത്
ഞാനിങ്ങനെ ചുട്ടുപൊള്ളുന്ന വെയിലിൽ കുതിക്കവേ
അസ്തമയം വരെ പോയ കുതിരയെ കട്ടുകൊണ്ടാരോ
മറഞ്ഞുപോയെങ്ങനോ !
ചുറ്റിപ്പിടിച്ചു കിടക്കും
നിഴലിനെ
വെട്ടമില്ലാതാരു വേർപെടുത്താൻ വരും?
മിഥ്യകൾ കൊണ്ട് മെനഞ്ഞ രഥം കേറി
യുദ്ധം നയിക്കുന്നതേതു
രക്താസുരൻ ?
നിശ്ചയക്കൂറുള്ള
വാക്കിൻ്റെ ഉച്ചിയിൽ
നട്ട വിത്തെല്ലാം
മുളച്ചെന്നു ചൊല്ലുവാൻ
ഇത്തിരിച്ചൂട്ടു -
വെളിച്ചത്തിൽ വന്നത്
മറ്റാരുമല്ലെന്റെ
പച്ചിലപ്പക്ഷികൾ ."
മിഥ്യകൾക്കുള്ളിലേക്ക് പോയി യുദ്ധം ചെയ്യാൻ വായനക്കാരൻ ഉത്സുകനാവുന്നു. ഓടിക്കിതച്ചു വന്ന കുതിരയെ ആരാണ് അപഹരിച്ചത്? ആ കുതിര അസ്തമയം വരെ പോയി. സ്വപ്നങ്ങൾക്ക് എന്ത് ഭംഗിയാണ്! . ചിന്തകൾക്കിടയിലുള്ള ധ്യാനമാണ് ബുദ്ധൻ.ബുദ്ധനെ തേടിപ്പോയാൽ നമുക്ക് യാത്ര അവസാനിപ്പിക്കാനാവില്ല. ബുദ്ധൻ എന്ന വാക്കിനപ്പുറത്ത് മനുഷ്യൻ്റെ പ്രവൃത്തികളിൽ ബുദ്ധനുണ്ട്.ഒരു പക്ഷിയെ കാണുന്നതിൽ ബുദ്ധനുണ്ട്. ജലത്തിനു മുകളിൽ നടക്കുന്നതോ വായുവിൽ സഞ്ചരിക്കുന്നതോ അല്ല അത്ഭുതമെന്ന് വിയറ്റ്നാമിലെ ബുദ്ധ സന്യാസിയായിരുന്ന തീച്ച് നാത് ഹാൻ പറഞ്ഞു.
അകൽച്ചയില്ലാതാവുന്നിടത്ത് കവിത
നമ്മൾ വഴിയിൽ നടക്കുന്നതിലും അത്ഭുതമുണ്ട്. നിലാകാശം ഒരു അത്ഭുതമാണ്. വെളുത്ത മേഘങ്ങൾ, പച്ചയിലകൾ ,ഒരു കുട്ടിയുടെ കറുത്ത, ആകാംക്ഷയുള്ള കണ്ണുകൾ - എല്ലാം അത്ഭുതമാണ്. അത്ഭുതം കാണുകയാണെങ്കിൽ കവിത നമ്മുടെ അരികിൽ, കൈയെത്തും ദൂരത്ത് തന്നെയുണ്ട് എന്നറിയാം. അതുകൊണ്ടാണ് കവിക്ക് എല്ലാത്തിനോടും വിസ്മയകരമായ അടുപ്പം തോന്നുന്നത്. നമ്മളാകട്ടെ, അകൽച്ചയെ ആഘോഷിക്കുകയാണ്. ഒരാളിൽ നിന്ന് ,ചിന്തയിൽ നിന്ന്, ബന്ധത്തിൽ നിന്ന്, ഓർമ്മയിൽ നിന്ന്, അനുകമ്പയിൽ നിന്ന് എങ്ങനെ അകലാമെന്നാണ് നാം ആലോചിക്കുന്നത്. യഥാർത്ഥ കവിത ഒരുമിക്കലിന്റേതാണ് .അകൽച്ചയില്ലാതാവുന്നിടത്താണ് കവിത .ഒരു ക്രൂരമൃഗത്തോട് അകൽച്ചയില്ലാതാകുന്നിടത്താണ് കവിത .വേർപെടൽ അല്ലെങ്കിൽ വേർപെടുത്തൽ എന്ന മിഥ്യയിൽ നിന്ന് ഉയർന്നു പൊങ്ങാനാണ് വിദ്യാഭ്യാസം വേണ്ടത്. ഒരില പോലും നമ്മളോട് സംവദിക്കുകയാണ്. ബുദ്ധികൊണ്ട് നിർമ്മിക്കപ്പെട്ട നമുക്ക് ആ സംഭാഷണം മനസിലാവുകയില്ല.അതിൽ പ്രത്യേകമായ സാമ്പത്തികലാഭമോ നേട്ടമോ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ട് കാതുകൾ പ്രവർത്തിക്കുകയില്ല .എന്നാൽ ഒന്നും ആവശ്യമില്ലെന്ന് തോന്നുകയാണെങ്കിൽ ഇലകളുടെ സംഭാഷണം കേൾക്കാം. ഇലകൾ നമ്മെ ഒരു വസന്തത്തിലേക്ക് ക്ഷണിക്കുന്നു. ഇലകളിൽ ഓർമ്മയുടെ ഞരമ്പുകൾ. പ്രേമഭാജനത്തിന്റെ ഉടൽ. ഇലകൾ പൂക്കളെക്കാൾ സുന്ദരം. ഇലകൾ നമ്മുടെ ആത്മഘടകമാണ്. പുരാതനജീവിതങ്ങളെ അത് സചേതനമാക്കുന്നു,വീണ്ടും.ജീവിക്കാൻ കൊള്ളാവുന്നതാണ് ജീവിതമെന്ന് ഓർമ്മിക്കാൻ ഈ ഇലകളുമുണ്ട് .മരിച്ചവരെയെല്ലാം ഇലകൾ സാന്ത്വനിപ്പിക്കുന്നു. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി വീണ്ടും ഇലകൾ തളിർക്കുന്നു. അതൊരു ശൈശവാനുഭവം പോലെയാണ്. റിൽ കേ എഴുതി: "The earth is like a child that knows poems by heart. ആത്മാവിൽ ഒരു ഭാഷ പ്രവർത്തിക്കുന്നു. അത് അന്തർമുഖമാണ്. എന്നാൽ ആത്മാവിൻ്റെ മണ്ണിനടിയിലേക്ക് ചെല്ലുകയാണെങ്കിൽ ആ ഭാഷയുടെ വിനിമയത്തിൻ്റെ നീർച്ചാൽ കാണാം.
'ഒളിച്ചു പാർക്കുന്ന വീട്' എന്ന കവിതയിൽ എഴുതി:
"മഴയും കാറ്റും വെയിലും
പച്ചിലകളോടൊപ്പം
വിരുന്നു വന്നു .
മനം നിറയെ
മൗനം കോരിക്കുടിച്ച്
പഴമ്പാട്ടുകൾ മൂളി
പടിയിറങ്ങിപ്പോയി ."
No comments:
Post a Comment