Followers

Saturday, December 14, 2024

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് - 8/എം.കെ.ഹരികുമാർ


  •  
     
    മനുഷ്യർക്ക് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടമായ ഓർമ്മകളുമാണല്ലോ കൂട്ട് .ഓർമ്മ എരിതീയാണ്. അത് ഭൂതകാലം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. നാം  ജീവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ നാം ഭൂതകാലത്തെ നിർമ്മിക്കുകയാണ്. ഒരിക്കൽ ഒരു ജീവിതാനുഭവമുണ്ടായാൽ ,അത് തന്നെ ഭൂതകാലത്തെ നിർമ്മിക്കുകയാണ്.ഒരിക്കലല്ല , പലപ്പോഴായി. ഓർക്കുന്ന വേളകളിലെല്ലാം ഭൂതകാലം നിർമ്മിക്കപ്പെടുന്നു.അതുകൊണ്ട് വികാരജീവികളായ നമുക്ക് സങ്കടങ്ങൾ ഒഴിയാനൊക്കില്ല. ജീവിതം വികാരമാണ്. എന്തെന്നാൽ നമുക്ക് ശരീരമുണ്ട്, മനസ്സുണ്ട്. ശരീരവും വേദനയറിയിക്കും, മനസ്സും വേദനയറിയിക്കും. ശരീരത്തിനും മനസ്സിനും അസുഖം വരാം. അസുഖം വന്നാൽ രണ്ടിനും മരുന്നുണ്ട്. എത്രയൊക്കെ വിഷമിച്ചാലും മനുഷ്യർക്ക് സുഖവുമുണ്ട് .സുഖം വിധിച്ചിരിക്കുകയാണ്. വൈകാരികാനുഭവങ്ങൾ കിളിവാതിലുകളാണ്. പുറത്തുള്ള സുഖത്തിന്റെ അറിവ് അതിലൂടെയാണ് വരുന്നത്. സങ്കടമുള്ളവരെല്ലാം ആത്മഹത്യ ചെയ്യുന്നില്ലല്ലോ. എത്രയോ പ്രയാസങ്ങൾ നേരിട്ടാലും മനുഷ്യൻ അതിനെ മറികടന്ന് സുഖം തേടാനാണ് ശ്രമിക്കുന്നത് .ഒരു അട്ടയും വണ്ടും മറ്റു പല ജീവികളും അങ്ങനെ തന്നെയാണ്. തിരിച്ചടികളുണ്ടായാലും വീണിടത്ത് നിന്നു എഴുന്നേറ്റ് അവ വീണ്ടും സഞ്ചരിക്കും. സുഖം അകലെയുണ്ട് എന്ന വിശ്വാസം എത്ര സുഖമുള്ളതാണ്!. സുഖം  സങ്കല്പമാണെന്ന് കരുതേണ്ട;ജീവിതം തന്നെയാണത്. സൗന്ദര്യബോധവും സൗന്ദര്യാന്വേഷണവും ഇന്ദ്രിയാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സുഖമാണ് തരുന്നത് .ഐഹികജീവികൾക്കെല്ലാം ലൈംഗികത അനുവദിച്ചിരിക്കുന്നു. അത് സുഖമെന്ന അറിവാണ്, അനുഭൂതിയാണ്. ഈ ലോകത്ത് പ്രകൃതി എല്ലാറ്റിനും ഒരു സമതുലിതാവസ്ഥ നൽകിയിരിക്കുകയാണ്. ഗുരു എഴുതുന്നു:

    "എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു ചൊല്ലേണമോ ദുരിതമൊക്കെയകറ്റേണേ നീ 
    ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി -
    ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!"

    എല്ലാം അറിയുന്ന ഭഗവാനോട് ഓരോന്നും പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല .മനുഷ്യന്റെ ദുരിതങ്ങൾ അവൻ്റെ മനസ്സ് എങ്ങനെയാണോ വായിക്കുന്നത് അതാണ് ഭഗവാനിലേക്ക് ചെല്ലുന്നത്. കാരണം ,ഭഗവാൻ നമ്മുടേതാണല്ലോ. നാം സ്വന്തം കർമ്മങ്ങൾ കൊണ്ടാണ് ഭഗവാനെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് നമ്മുടെ ദോഷങ്ങൾ നമ്മുടെ ദൈവത്തിലും നാം ആരോപിക്കുന്നു. അവൻ സൃഷ്ടിച്ച ദൈവമാണത് .ആ ദൈവത്തെ തിന്മയെന്ന ചോര കൊടുത്ത് അവൻ ചീത്തയാക്കിയിട്ടുണ്ടെങ്കിൽ ,അവന്റെ കർമ്മങ്ങൾ ആ നിലയിൽ വഷളാവുകയേയുള്ളൂ .അതുകൊണ്ട് നമ്മുടെ ചിന്തകളും കർമ്മങ്ങളും യഥാർത്ഥമായ ശുദ്ധതയിൽ പുനക്രമീകരിക്കേണ്ടതുണ്ട് .അപ്പോഴാണ് ദൈവം എന്ന പരമമായ അനുഭവത്തെക്കുറിച്ച് ഒരു ബോധ കണമെങ്കിലും ലഭിക്കുകയുള്ളൂ. .ആ ദൈവത്തോട് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലെന്നാണ് ഗുരു പറയുന്നത്. പിണ്ഡത്തിന് ,അതുകൊണ്ടുതന്നെ പ്രാർത്ഥിക്കാൻ ഒന്നുമില്ല. അത് ദൈവത്തെയെന്നപോലെ തന്നെയും അറിയുന്നില്ല.

    അസ്തിത്വഭാരം 

    ഒരു പിണ്ഡമായിരിക്കാൻ കഴിഞ്ഞതിനും ഒരു ശിശുവായി  പിറക്കാൻ കഴിഞ്ഞതിനും അനന്തമായ നന്ദി വേണം .യാതൊന്നാണോ നമ്മളിലൂടെ ഊർജ്ജമായി പ്രവഹിച്ചത് ,ആ സിദ്ധി എങ്ങനെ നിശ്ചയിക്കപ്പെട്ടു? അതാണ് ഗുരു പറയുന്നത്,'ഭഗവാനിവനിന്നെടുത്തു ചൊല്ലേണമോ' എന്ന് .ദുരിതങ്ങൾ ഒഴിയണമെന്നാണ് പ്രാർത്ഥന. എന്നാൽ അത് ഭഗവാനോട് പറയേണ്ടതില്ല. ഭഗവാൻ എല്ലാം അറിയുന്നുണ്ടല്ലോ.

    ജീവിതസുഖം ഒരു പ്രലോഭനമാണ്. എല്ലാവർക്കും അത് വേണം. ഇന്ദ്രിയാതീതമായ സുഖമാണ് പരിവ്റാജകർക്ക് വേണ്ടത്. സാധാരണ മനുഷ്യർക്ക് ലൗകികജീവിതത്തിൽ ദുരിതങ്ങളില്ലാതെ കഴിഞ്ഞാൽ മതി. അവർക്ക് അനശ്വരത വേണ്ട ;നൈമിഷികത മതി .എല്ലാം ഈ നിമിഷത്തിൽ കിട്ടുകയാണെങ്കിൽ സന്തോഷിക്കും. കാത്തിരിക്കുന്നത് അവർക്ക് പീഡനമാണ്.എല്ലാ നല്ല അനുഭവങ്ങൾക്കും കാത്തിരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാൽ അത് സംഘർഷാത്മകവും അലട്ടൽ  ജനിപ്പിക്കുന്നതുമാണ്. ഒരു മനുഷ്യൻ ഇതെല്ലാം ഒറ്റയ്ക്ക് നേരിടണം. പല സ്ഥാപനങ്ങളും ധാരാളം സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടെങ്കിലും മനുഷ്യജീവിതം വളരെ ക്രൂരമായ വിധം ഒറ്റപ്പെട്ടതാണ്. ജീവിക്കുന്ന ഒരാൾക്ക് പോലും ആ ഒറ്റപ്പെടലിന്റെ ആഴം വ്യക്തമാകണമെന്നില്ല. ഒരു ശവമായി കിടക്കുകയാണെങ്കിൽ തന്നിലെ ഏകാന്തത എഴുത്തിന് പ്രയോജനപ്പെടുമെന്ന് ജർമ്മൻ  എഴുത്തുകാർ ഫ്രാൻസ് കാഫ്ക പറഞ്ഞത് ശ്രദ്ധിക്കണം .എഴുതുമ്പോൾ ഏകാന്തതയാണ് വേണ്ടത്. മറ്റുള്ളവരുടെ ശബ്ദമോ ഇടപെടലോ ഏകാന്തത നശിപ്പിക്കും. ശവത്തിന് യാതൊന്നും അറിയേണ്ടല്ലോ.ഗുരു പറയുന്നു ,'ഇല്ലാരുമിങ്ങടിയന്' എന്ന്. ആരും തന്നെ തുണയില്ല.എല്ലാ  വേദനകളും ഒറ്റയ്ക്ക് അനുഭവിക്കണം.പിണ്ഡമായിരുന്നത് ഒറ്റയ്ക്കാണ്. ഗർഭപാത്രത്തിൽ നേരിട്ട പ്രതിസന്ധികൾ മറന്നത് നന്നായി.

    അതൊക്കെ ഓർത്താൽ ജീവിതം തീർന്നു പോകും.'അന്നുള്ള വേദന മറന്നത് നന്ന്' എന്ന് ഗുരു തന്നെ  എഴുതിയിട്ടുണ്ടല്ലോ.' എല്ലാം മറക്കുന്നതാണ് ജീവിതത്തിനു മുന്നോട്ടുപോകാനുള്ള ശക്തി തരുന്നത്. ചുറ്റുമുള്ള അനേകകോടി പ്രാണികളുടെ കരച്ചിലും ജീവനു വേണ്ടിയുള്ള ഓട്ടവും അനാഥത്വവും ദൈന്യതയും ദുഃഖവും എത്ര  ഭയപ്പെടുത്തുന്നതാണ്!. ഓരോ ജീവിയും അതിൻ്റെ അലംഘനീയമായ അസ്തിത്വഭാരം ചുമക്കുകയാണ്, ഉപാധിയൊന്നുമില്ലാതെ. ആരും വന്ന് ആ ഭാരം ഏറ്റെടുക്കില്ല .ഒറ്റപ്പെടലിന്റെ സുഖം ആരായുന്നവരുമുണ്ട്.അവരാണോ കലാകാരന്മാർ? സ്വന്തം മനസ്സ് വേദനിപ്പിച്ച് അതിൽ നിന്ന് സൗന്ദര്യം സൃഷ്ടിക്കുന്നവർ. അവർ എല്ലാം സഹിക്കും. അവർക്ക് അതിൽ നിന്ന് അർത്ഥങ്ങൾ ലഭിക്കുന്നു.

    മുൻകൂർ മാപ്പ് 

    ഭഗവാൻ്റെ തുണ വേണമെന്ന് ഗുരു പറയുന്നത്, ഈ അതിഭയങ്കരമായ ദൈന്യത,ഒറ്റപ്പെടൽ താങ്ങാനാവാത്തതുകൊണ്ടാണ്.  മനുഷ്യൻ അവനെക്കുറിച്ചോർക്കുന്നതു കൊണ്ട് എപ്പോഴും ഇത് തെളിഞ്ഞു വരും. ലൂയി മക്നീസിന്റെ 'Prayer before Birth എന്ന കവിതയിലെ ഒരു ഭാഗം കൂടി ഇവിടെ ചേർക്കുകയാണ്:
    "I am not yet born; forgive me 
    For the sins that in me the world shall commit ,my words
    when they speak me,my thoughts when they think me."

    ഞാൻ ഇനിയും ജനിച്ചിട്ടില്ല .എന്നോട് മുൻകൂറായി ക്ഷമിക്കുക .ഈ ലോകം എന്നെക്കൊണ്ട് ചെയ്യിക്കാൻ പോകുന്ന പാപത്തിന്റെ പേരിൽ ,ഞാൻ പറഞ്ഞേക്കാവുന്ന അസഹനീയമായ കാര്യങ്ങളുടെ പേരിൽ, ഞാൻ ചെയ്തേക്കാവുന്ന ഭീകരമായ കാര്യങ്ങളുടെ പേരിൽ എന്നോട് ക്ഷമിക്കുക. മറ്റുള്ളവരുടെ പ്രേരണയാൽ എനിക്ക് ചെയ്യേണ്ടിവരുന്ന വഞ്ചനകളുടെ പേരിൽ .മറ്റുള്ളവർ എന്നെക്കൊണ്ട് ചെയ്യിക്കാൻ പോകുന്ന കൊലപാതകങ്ങളുടെ പേരിൽ .എന്റെ ജീവിതം തലതിരിഞ്ഞു പോയതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ അതിൻ്റെ പേരിൽ.ഒരു പിണ്ഡം ഇവിടെ പ്രാർത്ഥിക്കുന്നത് ജനിച്ചതിനു ശേഷമുള്ള അലങ്കോലത്തെ ഓർത്തുകൊണ്ടാണ്. മറ്റുള്ളവർ പാപം ചെയ്യിക്കുമെന്ന് അത് മനസ്സിലാക്കുന്നു.അങ്ങനെയാണെങ്കിൽ അതിന്റെ പാപം തന്റെ തലയിലായിരിക്കും പേറേണ്ടിവരുക. മറ്റുള്ളവർ തന്നെക്കൊണ്ട് അരുതാത്തത് പറയിക്കും ,ചെയ്യിക്കും.  എങ്ങനെ അതിനെയൊക്കെ പ്രതിരോധിക്കും.? താൻ ഒറ്റയ്ക്കായിരിക്കുമല്ലോ. താൻ നിരായുധനാവുക തന്നെ ചെയ്യും. എല്ലാ തെറ്റുകളും മറ്റുള്ളവർക്ക് വേണ്ടി ചെയ്ത് അതിൻ്റെ ഭാരം ചുമക്കുക എന്ന വിധിയിൽ നിന്ന് ഒഴിവാകാനാവില്ലെന്നറിയാം. അതുകൊണ്ട് മുൻകൂറായി ക്ഷമ ചോദിക്കുകയാണ്. ഒരു പിണ്ഡമായിരിക്കുന്നതാണ് അതിനേക്കാൾ ഭേദം. ജനിക്കുന്നത് പാപത്തിലേക്കും അരുതായ്കകളിലേക്കുമാണ്. 

    ഈ അവസ്ഥ മനസ്സിലാക്കികൊണ്ടാണ് ഗുരു ഭഗവാന്റെ ഇടപെടലിന് വേണ്ടി തീവ്രമായി അപേക്ഷിക്കുന്നത്.  സംസാരലോകത്ത് മര്യാദയോ ധർമ്മമോ കിട്ടുക പ്രയാസമാണ്. അതിനെ 'ദുരിതം' എന്ന വാക്ക് കൊണ്ടാണ് ഗുരു  വിശദീകരിക്കുന്നത് .താൻ എന്തിനുവേണ്ടി ജനിച്ചു, എങ്ങനെയെല്ലാം അതിനുവേണ്ടി ഒരുക്കപ്പെട്ടു എന്നറിയാതെ തന്നെ മനുഷ്യർ അപരാധങ്ങളിലേക്ക് തല താഴ്ത്തിവയ്ക്കുന്നു .ഈ ദുരവസ്ഥയിൽ രക്ഷിക്കാൻ ഭഗവാനല്ലാതെ മറ്റാരുമില്ല. ഒരു അദൃശ്യത നമ്മെ ചൂഴുകയാണ്. അവിടെയിരുന്ന് രണ്ട് കണ്ണുകൾ നമ്മെ വീക്ഷിക്കുകയാണ്. ആ കണ്ണുകളിൽ നിർവ്വേദമാണ് ഉണ്ടാവുക. എന്നാൽ പ്രാർത്ഥനയിലൂടെ സ്വയം ശുദ്ധീകരിക്കുന്ന പക്ഷം, അപ്രാപ്യമായ ആ നിർവ്വേദത്തിന്റെ പാരസ്പര്യത്തിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യനു ദൈവമാകാൻ യോഗമുണ്ട്; അവൻ അത് ആഗ്രഹിക്കുന്നില്ലെങ്കിലും.   ദൈവമാണെന്ന് ധരിക്കുന്ന മനുഷ്യരും  ജാതി ,മത വ്യത്യാസങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ്. അവർ ഉള്ളിൽ ദൈവത്തെക്കുറിച്ച് വിചാരിക്കുന്ന ആശയങ്ങളുണ്ടെന്ന് പറയുന്നു. അതേസമയം അതിനു വിരുദ്ധമായത് ചിന്തിക്കുന്നു. പ്രാർത്ഥനയിലും ബൗദ്ധികവ്യവഹാരങ്ങളിലും അവർ വലിയ ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു, വാദിക്കുന്നു , സമർത്ഥിക്കുന്നു. ആത്മീയമായ ആലോചനകളെപ്പറ്റി, ജീവിതചര്യകളെപ്പറ്റി നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു .എന്നാൽ വ്യക്തിജീവിതത്തിലെ ഓരോ തിരഞ്ഞെടുപ്പിലും അയിത്തവും വിവേചനവും കാണിക്കാൻ അവരുടെ ശരീരം സ്വയം സജ്ജീകരിക്കുകയാണ്. ഈ വൈരുദ്ധ്യം ,പക്ഷേ ഒരിടത്തും ചർച്ച ചെയ്യപ്പെടുകയില്ല. എല്ലാവർക്കും വലിയ ഗ്രന്ഥങ്ങളിലെ വാചകങ്ങളും ഉദ്ധരണികളുമാണ് ആവശ്യം. ചർച്ചകൾ അവസാനിക്കുകയില്ല. തലനാരിഴ കീറി എല്ലാം പരിശോധിക്കുന്നുണ്ട്. പക്ഷേ, അതൊന്നും ശരീരത്തിൽ കയറുന്നില്ല. മനുഷ്യശരീരത്തിലേക്ക് ഗുരുവിൻ്റെ പ്രാർത്ഥന എന്ന് കയറിച്ചെല്ലുമെന്നാണ് ഇനി നോക്കേണ്ടത് .നാം ധാരാളം വ്യാഖ്യാനിക്കുകയും തർക്കിക്കുകയും ചെയ്തു. ബുദ്ധിപരമായ വ്യായാമത്തിനുള്ളതല്ല ഗുരുതത്വങ്ങൾ, ആത്മീയചിന്തകൾ. അത് പ്രായോഗികമായ രമ്യതയിലും സഹവർത്തിത്വത്തിലുമാണ് വിജയം കാണേണ്ടത്. പരാജയപ്പെടാതിരിക്കാനാണ് ഗുരുതത്ത്വം പുലരേണ്ടത്. 

    "എല്ലാവരുമാത്മസഹോദരരെ
    ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം ? "
    കൊല്ലുന്നതുമെങ്ങനെ ജീവികളെ 
    ത്തെല്ലു കൃപയറ്റു ഭുജിക്കയതും "
    (ജീവകാരുണ്യപഞ്ചകം) 
    എന്ന് ഗുരു ചോദിക്കുന്നുണ്ട്. മനുഷ്യർക്ക് ഇതൊക്കെ ബാലികേറാമലയാവുകയാണ്. ഓരോ ജീവിക്കും ഒരു യുഗം പോലെ ജീവിക്കാനുള്ളതാണ് സമയം .എന്നാൽ നാം കൃപയില്ലാതെ കൊന്നൊടുക്കുന്നു. ഈ പാപത്തിൽനിന്ന് നമുക്ക് മോചനമില്ല .എത്ര സാത്വികനാകാൻ ശ്രമിച്ചാലും നമ്മെ പാപം വന്നു സ്പർശിക്കും.അതാണ് ജീവിതം. ജീവിതത്തിൽ ഒരു കെണിയുണ്ട്. ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കാതെ ,നോവിക്കാതെ നമുക്ക് ജീവിക്കാനാവില്ല. സ്വാർത്ഥത ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പുലിയെ പോലെ വാ പിളർന്നു നിൽക്കുകയാണ്. അത് എവിടെ കൊണ്ടുപോയി ഒളിപ്പിക്കും. ?ആരെയും ഉപദ്രവിക്കാതെ പരമസാത്വികതയിൽ ജീവിക്കാമെന്നത് മിഥ്യയാണ്. ആരെയെങ്കിലും നോവിക്കേണ്ടിവരും. നടന്നുപോകുമ്പോൾ ഉറുമ്പുകളെ കൊല്ലേണ്ടിവരും .

    കുഴഞ്ഞ ലോകത്ത് ഒരു ക്രമം 

    മനുഷ്യജീവിതത്തിലെ സദാമുഖരിതമായ തിന്മയുടെ വാക്കുകളിൽ നിന്ന് രക്ഷനേടാനാണ് ഗുരു ഭഗവാനോട് അപേക്ഷിക്കുന്നത്. എല്ലാ സത്യങ്ങളും ഭാവികാലങ്ങളും ഗുരു ഗ്രഹിച്ചു. അതുകൊണ്ട് ഭാവി എങ്ങനെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഗുരുവിനറിയാമായിരുന്നു.പിണ്ഡത്തിന് ഒരു നിയോഗമുണ്ടാകുന്നു. അത് ആരും ചോദിച്ചു വാങ്ങിയതല്ല .അപ്രതിരോധ്യമാണ് പിണ്ഡത്തിൻ്റെ രൂപീകരണം. അതുകൊണ്ട് പിണ്ഡത്തിന്റെ വാഴ്വിനു നന്ദി പറയേണ്ടതുണ്ട്. ഈ ലോകം ദുഃഖങ്ങളാൽ മനോഹരമായ ജീവിതാകാശങ്ങൾ നെയ്തെടുക്കുന്നു. ടാഗോർ 'ഗീതാഞ്ജലി'യിൽ പാടുന്നു:(കെ.ജയകുമാറിൻ്റെ പരിഭാഷ)
    "വിരഹത്തിന്റെ വേദനയത്രേ ലോകങ്ങളിൽ വ്യാപിക്കുന്നതും ആകാശങ്ങളിൽ അനന്തവൈചിത്ര്യമാർന്ന രൂപങ്ങൾ വിരചിക്കുന്നതും. ഈ വിരഹത്തിന്റെ വേദനയത്രേ, രാത്രിയിൽ നക്ഷത്രത്തിന്റെ നിശ്ശബ്ദകടാക്ഷമാവുന്നതും മഴക്കാല കാളിമയിൽ ദലമർമ്മരങ്ങളിൽ ഗാനമാകുന്നതും .സർവ്വവ്യാപിയായ ഈ വേദനയത്രേ സ്നേഹകാമങ്ങളായി തഴയ്ക്കുന്നതും. മനുഷ്യഗേഹങ്ങളിൽ യാതനകളും സന്തോഷങ്ങളുമായി മാറുന്നതും എൻ്റെ കവിഹൃദയത്തിലൂടെ  എപ്പോഴുമെപ്പോഴും ഗാനങ്ങളായി അലിഞ്ഞൊഴുകുന്നതും."

    ജീവിതവിഷാദത്തിന് ചമൽക്കാരം  വേണമെന്ന് കവി ആഗ്രഹിക്കുന്നു. അപ്പോൾ യാഥാർത്ഥ്യം കുറേക്കൂടി സുന്ദരമാകും .നമുക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ് .ആകെ കുഴഞ്ഞ ഒരു ലോകത്ത് ഒരു ക്രമമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. ജർമ്മൻ തത്ത്വജ്ഞാനി ഫ്രഡറിക് നിഷെ പറഞ്ഞു: "ഒരുവന്റെയുള്ളിൽ നൃത്തം ചെയ്യുന്ന ഒരു നക്ഷത്രത്തെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു അലങ്കോലമുണ്ടായിരിക്കണം."



No comments: